കോമപ്പൻ

(Komappan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോമപ്പൻ

രചന:കുണ്ടൂർ നാരായണമേനോൻ
[ 1 ]
കോമപ്പൻ

ഊണും കഴിഞ്ഞിരവിലൊന്നു മുറുക്കി മിന്നൽ-
നാണിച്ചിടുന്ന മടവാരൊടുമൊത്തു മച്ചിൽ
വാണീടുമപ്പൊഴവളുള്ളിൽ നിന്നപ്പ,തിന്ന-
താണെന്നറിഞ്ഞവളൊടിങ്ങനെ ഞാൻ പറഞ്ഞു.        1

നാൾതോറുമിങ്ങനെ പറഞ്ഞതുതന്നെ വീണ്ടു-
മോതുന്നൊരിപ്പണിയിനിക്കഴിയില്ലിനിയ്ക്ക്
നീതാനുറങ്ങുവതിനുള്ളിലൊരറ്റമെത്തീ-
ടാതുള്ളതൊന്നുമിനി ഞാനുരചെയ്കയില്ല.        2

തെറ്റില്ലിനിക്കു പറയുന്നതു നല്ലതായാൽ
പറ്റില്ലുറക്കമൊരുനാളിലുമെന്നിവണ്ണം
കുറ്റം‌പറഞ്ഞു വെറുതേ കളയേണ്ട നേരം
കറ്റക്കരിംകുഴലി തെറ്റിവനേറ്റു പോരെ ?        3

കേട്ടാലുമാവെടിമരുന്നു വരുന്നതിൻമു-
മ്പൊട്ടല്ല പോരിൽ വിരുതാർന്നിടുവാൻ ഞെരുക്കം
കട്ടിത്തമേറുമുട്ടൽ പോര മുറയ്ക്കു കച്ച-
കെട്ടും പയറ്റുമെവനും പതിവായിരുന്നൂ.        4

മന്നിങ്കൽ മറ്റെവിടെയും തിരിയാത്തമട്ടാ-
ണന്നാളിലീവക പയറ്റു കടത്തനാട്ട്
ഒന്നൂറതാമരിയവീടൊടെതിർത്ത പാലാ-
ട്ടെന്നുള്ള നല്ല തറവാടവിടത്തിലല്ലോ.        5

മുമ്പോതിയോരവിടെ നല്ല കറുപ്പു മറ്റോർ
തേൻപെയ്തിടുന്നമൊഴി, നായരുമായിരുന്നു;
മുമ്പേതിനും കരുതിനിയ്ക്കതിനിയ്ക്കിവണ്ണ-
മമ്പോ! തിരക്കുമവർതമ്മിൽ മുഴുത്തിരുന്നു.        6

കോമപ്പനെന്നൊരുവനന്നുളവായി പാലാ-
ട്ടാ മൂപരോടമരിടുന്നവർ തോറ്റു മണ്ടും
നാമിപ്പൊഴൂക്കുടയ തോക്കുകൾകൊണ്ടെടുക്കും
ശീമപ്പയറ്റുമുറയന്നറിവില്ലയല്ലോ.        7

[ 2 ]

പണ്ടുള്ള നല്ല പതിനെട്ടടവും തിരിഞ്ഞു
കൊണ്ടുള്ള കൂട്ടരിലവന്റെ കിടയ്ക്കൊരാളെ
കണ്ടില്ലയെന്നവിടെയുള്ളവരോർക്കിലൊന്നു
രണ്ടല്ല കോമനെയറിഞ്ഞവരൊക്കെയോതും.        8
 
കാളയ്ക്കു കാണുമൊരുതോളു, കരിമ്പനയ്ക്കു
കാളും കുറുമ്പുകളയുന്നുടൽ, മാർവിരിഞ്ഞ്
നീളത്തിലുക്കുടയ കൈകളുമായ് പടയ്ക്കു
കേളിപ്പെടും‌പടി വിളഞ്ഞു വിളങ്ങി കോമൻ.        9

വണ്ടാറണിക്കുഴലിമാരൊരു കണ്ണു നോക്കി-
കണ്ടാൽ മയങ്ങുമഴകുണ്ടവനെന്നുമല്ല,
തിണ്ടാടിനേർക്കുമെതിരാളികളെത്രകൂടി-
ക്കൊണ്ടാലുമാമിടുമിടുക്കനു പുല്ലുപോലെ.        10

അങ്ങോർക്കെതിർത്ത തറവാട്ടിലൊരേഴുപേരു-
ണ്ടിങ്ങോർക്കിലീയൊരുവനേ പടയാളിയുള്ളു
മങ്ങാതെയുള്ളുശിരിയന്നൊരവന്നുചേർന്ന
ചങ്ങാതി ചാപ്പനരികിൽ പിരിയാതെയുണ്ടാം.        11

നാട്ടിൽക്കിടന്നു കഴിയേണ്ടുമൊരേതു നായർ-
വീട്ടിങ്കലും മുറപിടിച്ചടിയന്തിരങ്ങൾ
പാട്ടിൽക്കഴിപ്പതിനു മേൽപ്പടിയുള്ള രണ്ടു-
വീട്ടിങ്കലും പറയണം പതിവാണിതത്രേ.        12

എന്നാലുമീയൊരെതിർ വീട്ടുടയോർകൾ തമ്മിൽ
വന്നാലൊരേടവുമിണങ്ങുകയില്ലതാനും
ഒന്നാണിടയ്ക്കിവരിടഞ്ഞു കലമ്പൽകൂട്ടി-
യെന്നാൽ കുഴങ്ങുമതിനാൽ കരുതിപ്പിടിക്കും.        13

വേഴ്ചപ്പടിക്കൊരുവനെത്തുകിൽ മറ്റുകൂട്ടർ
കാഴ്ചയ്ക്കുപോലുമണകില്ലൊഴിവായിരിക്കും
ഈച്ചട്ടമോർത്തൊരിടമുള്ളൊരു താലികെട്ടി-
നായ്ച്ചെന്നു കോമനിണയാകിയ ചാപ്പനോടും.        14

തിണ്ണന്നു കോമനു മുറയ്ക്കൊരു നാടുവാഴി-
യ്ക്കെണ്ണംകുറിക്കുമൊരു കട്ടിൽ കൊടുത്തിരുന്നു
പെണ്ണുങ്ങൾ മോടിയൊടു പണ്ടമണിഞ്ഞു വേണ്ടും-
വണ്ണം തിരക്കൊടുമിടയ്ക്കിടെ വന്നിരുന്നു.        15

[ 3 ]

ആ വന്നുചേർന്ന മറിമാന്മിഴിമാർകൾ തോറ്റു-
പോവുന്ന, നല്ല ചില തോഴികളോടുകൂടെ,
പൂവമ്പനുള്ള പുതുകൈത്തൊഴിലെന്നു തോന്നീ-
ടാവൂമ്പടിക്കൊരുവളന്നവിടെയ്ക്കു ചെന്നു.       16

അപ്പെണ്ണു കോമനുടെ കണ്മണി കട്ടുകൊണ്ടാ-
ണപ്പന്തൽ കേറിയതാരുമറിഞ്ഞതില്ല
മൂപ്പർക്കു പിമ്പുറടങ്ങിയൊതുങ്ങിനിൽക്കും
ചാപ്പൻ ചതിപ്പണികൾ കണ്ടുപിടിച്ചുതാനും.       17

കൊമന്റെ കണ്ണവളെയൊന്നെതിരേല്ക്കുവാന-
ക്കേമത്തിമുമ്പിലൊരു കണ്മുനനീട്ടയച്ചു
ഈമട്ടകത്തവൾ കടന്നെതിർ കട്ടിലിന്മേൽ
പൂമെത്ത പൂക്കു പുതുപുഞ്ചിരി പൂണ്ടിരുന്നാൾ.        18

ഈവാഴ്ച കണ്ടളവുമാറ്റലർമങ്കയാളിൽ
കൈവീഴ്ച കൺവഴി കരൾക്കു പിണഞ്ഞതിങ്കൽ
തീവെച്ചപോലുയിർ ചൂടും നെടുവീർപ്പിനാൽ ക-
ണ്ണീർ വാച്ചു കോമനതുമുള്ളിലൊതുക്കി താനും.        19

പാലാഴിമാതിനെതിരായൊരുവൾക്കുമുള്ളിൽ
പാലാട്ടെ നായരിവനെന്നതറിഞ്ഞ നേരം
ചേലാകുമോ നിനവിന്റെതന്നു കുറച്ചു തോന്നി
പോലായതായവൾ ചൊടിച്ചുണകൊണ്ടടക്കി        20

ഏറെപ്പറഞ്ഞിടുവതെന്തിനു താലികെട്ടു-
നേരം കഴിഞ്ഞു പിരിയേണ്ടവർ വേർപിരിഞ്ഞു
താരമ്പനീയിരുവരിൽ കരൾ മാറ്റിവെച്ചു
വേറിട്ടുപോയുടൽ മറഞ്ഞിതു രണ്ടുപേർക്കും.        21

പോകും വഴിക്കൊരു ചതിച്ചിരിയോടു ചാപ്പൻ
'വൈകുന്നു നേരമിനിയെന്തു നനപ്പ'തെന്നാൻ
'നീ കണ്ടതെന്തു പറഞ്ഞിടു'ക്കെന്നു കോമൻ
'ആകേണ്ടതായി വഴി നോക്കണ'മെന്നു ചാപ്പൻ.        22

ആയുണ്ണിയമ്മയൊരു മാറ്റലർവീട്ടുകാരി-
യായുള്ളതൊക്കെയറിവുള്ള കരിമ്പുവില്ലൻ
ഈയുള്ളവന്നഴലിതെന്തിനു ചേർപ്പതെന്നു
കായുന്നൊരുളൊടു തുറന്നുപറഞ്ഞു കോമൻ.        23

[ 4 ]

ആ മോടി കൂടൂമവളിൽക്കൊതി കൈവിടാ നീ-
ങ്ങാമോ ഞെരുക്കമിവനിന്നു കൂടുക്കൂ പറ്റി
നാമോർക്കിലെന്തിവിടെ വേണ്ടകൊഴിച്ചു മാറി-
പ്പോമോ പിണക്കമിതുവിട്ടലരമ്പനാവോ?        24

പോരുളള പൂമകനിവൻതലമണ്ടതന്നിൽ
പോരുമ്പൊഴൊന്നെഴുതിവിട്ടതു തട്ടിനീക്കാൻ
പോരുന്നതാരു ? വരുമിങ്ങു വരേണ്ടതല്ലൽ
പോരും പുറപ്പെടുകയെന്നു പറഞ്ഞു പിന്നെ.        25

പോവുന്നതല്ലഴലൂവിത്തലരമ്പനെങ്ങു
പാവുന്നതും പഴുതെ, യെന്നതറിഞ്ഞിടാതെ
ആവുന്നമട്ടഴലൊതുക്കി നടുന്നു കോമൻ
മേവുന്ന വീട്ടിലവരങ്ങനെ ചെന്നിരുന്നു.        26

തെല്ലും നമുക്കു ശരിയല്ലിതു വേണ്ടയെന്നായ്
ചൊല്ലുന്ന ചാപ്പനൊടെതിർക്കുകയില്ല കോമൻ
ചെല്ലും കടന്നു കരൾ പിന്നെയുമൊട്ടു കാറു-
മല്ലും തൊഴും കുഴലിയിൽ കൊതിയേറിയേറി.        27

കോളല്ല കൊല്ലുമലരമ്പനെതിർക്കുവാൻ ഞാ-
നാളല്ലയെന്നു പറവാൻ മടിയാകയാലെ
കേളല്ലലേറിയവനങ്ങു കഴിച്ചു നാലു-
നാളില്ലണിക്കുഴലി ! നീണ്ടെഴുമാണ്ടുപോലെ.        28

ചേണാർന്നൊരായവളെ വല്ല വഴിക്കുമൊന്നു
കാണാതെകണ്ടുകഴിയല്ലഴലാർന്നിവണ്ണം
വാണാലൊരറ്റമിതിനെങ്ങലരമ്പനോടു
താണാലുമെന്തു കുറവെന്നു നിനച്ചുപിന്നെ.        29

കൂടെപ്പിറന്നെഴുമുണിച്ചിരിയമ്മയോടു
കൂടെക്കുളിക്കുവതിനായവൾ പോയിടുമ്പോൾ
കൂടേറിടും കിളികളുള്ള മരം മറഞ്ഞു
കേടന്നിയേയവിടെ നിന്നുതുടങ്ങി പിന്നെ.        30

അത്താർ തൊഴുന്നൊരുടലാൾ പതിവായ നേര-
ത്തെത്തായ്‌കയാലവൾ കുളിച്ചു കളിച്ചു നീരിൽ
പൊൽത്താർപെറും മണമണിഞ്ഞൊരു കാറ്റുമേറ്റു
പൊയ്‌ത്താൻകുളിപ്പതിനൊരിക്കലിറങ്ങി കോമൻ.        31

[ 5 ]

കോമൻ കുളത്തിലഴലാർന്നീലരമ്പനായ
കേമൻ കയർത്തു വിടുമമ്പുകൾ കൊണ്ടു വാടി
താർമങ്കയൊത്തൊരവൾ തന്നെയുമോർത്തെഴുമ്പോ-
ഴാ മങ്കയെത്തിയവിടെക്കടവിൽ കുളിപ്പാൻ.        32

ചേട്ടത്തമൊട്ടെഴുമുണിച്ചിരിയമ്മയെന്റെ
കൂട്ടത്തിലിന്നിവിടെ വന്നതു ചീത്തയായി
വട്ടത്തിലാക്കുമിവനെത്തടവില്ലയെന്നോർ-
ത്തൊട്ടത്തിലാർന്നിതുടനപ്പൊഴുതുണ്ണിയമ്മ.        33

ചേലായിതെന്തൊരു കുറുമ്പിവിടത്തിലായോ
പാലാട്ടുകാർക്കു കുളിയാങ്ങളമാരൊടോതി
മേലാൽ വരാതെയിതു നിർത്തണമെന്നടക്കാൻ-
മേലാതെ മാലൊടുമുണിച്ചിരിയും നിനച്ചു.        34

എന്തോ മറന്നതിനു പോവുകയെന്നമട്ടിൽ
പന്തോടിടഞ്ഞ മുലയാളവൾ പോയി പിന്നെ
വെന്തോരകത്തളിരിലെന്തിനി വേണ്ടതെന്നാ
മാൻതോറ്റ കണ്ണടയൊരുണ്ണിയുമോർത്തുനിന്നു.        35

ചുറ്റില്ലയോ ചൊടിയരാങ്ങളമാർക്കൊരയ്‌മ്പു
ചെറ്റില്ല കൊല്ലുമവനെപ്പലരൊത്തുകൂടി
തെറ്റില്ല തെല്ലിവനൊടോതുകിലിന്നു നാണം
പറ്റില്ലയെന്നവളുടൻ കടവിൽ കടന്നു.        36

താനേറീടും കൊതിയൊടെപ്പൊഴുമോർക്കുമുണ്ണി
താനേ തെളിഞ്ഞരികിലേയ്‌ക്കു വരുന്നനേരം
മാനേലുമോമൽമിഴിയാളെയടുത്തുടൻ കാ-
ണ്‌മാനേറെ വെമ്പലൊടു കോമനുമങ്ങണഞ്ഞു.        37

പൂവമ്പഴത്തിനെതിർമെയ്യഴുമുണ്ണിയോടു
പോയ്‌വമ്പുകൂടിയൊരു കോമനടുത്തിടുമ്പോൾ
പൂവമ്പനും പെരുകുമുങ്കൊടടുത്തു പുത്തൻ
പൂവമ്പെടുത്തു പുതുവില്ലിലുടൻ തൊടുത്തു.        38

മറ്റാരുമില്ലിവിടെയിങ്ങനെ വന്നുതൊട്ടു
തെറ്റാകുമെന്നിടയിളക്കമൊടുണ്ണിയമ്മ
തെറ്റാതെ ചെല്ലുമലരമ്പുകളേറ്റു വാടി
ചെറ്റാടലോടുമവിടെത്തലതാഴ്‌ത്തി നിന്നു.        39

[ 6 ]

കോമങ്കലെത്തിടുമൊരുള്ളൊടു കോൾമയിർക്കൊ-
ണ്ടാമങ്ക മണ്ണിലൊരു കാൽവിരലാൽ വരച്ച
പൂമങ്കയൊത്താരവേളാമലരമ്പനാം കെ-
ങ്കേമൻ കയർത്തതിൽ വിയർത്തു വിറച്ചുനിന്നു.        40

പറ്റില്ല പറ്റലർ പുലർത്തിയ പെണ്ണിനുൾത്താർ
പറ്റില്ലിവങ്കലവളിൽക്കരൾ ചെന്നതയ്യോ!
മാറ്റിത്തമെന്ന നനവുള്ളതു കോമനൊട്ടു
മാറ്റിത്തെളിഞ്ഞിതുടനാ നില കണ്ടനേരം.        41

നില്ലെന്നു പേടി, മലമ്പനടുത്തുചെല്ലു-
ചെല്ലെന്നു, നാണമതു വയ്യ വരട്ടെയെന്ന്
ചൊല്ലെന്നുടൻ കൊതിയും, ഒന്നുമുറയ്ക്കുവാനാ-
ളല്ലെന്നു പിന്നെയവനൊന്നു പരുങ്ങിനിന്നു.        42

രണ്ടാൾക്കുമുണ്ടണയുവാൻ കൊതിയെന്നു കണ്ടു
രണ്ടാളുമുൾത്തളിരുകൊണ്ടവർ തമ്മിൽ വേട്ടു
കണ്ടാലുമെങ്കിലുമണഞ്ഞിടുവാൻ മടിച്ച
രണ്ടാളുമമ്പ! മലരമ്പനുനേരവൻ‌താൻ.        43

കണ്ണിൻ‌വഴിക്കു കരൾ കോമനുടൻ കൊടുത്താ-
പ്പെണ്ണിന്നു തന്റെ കരളാംമലർ കാഴ്ച്ചവെച്ച്
ഉണ്ണിക്കുടൽക്കുടയ നന്മകളൊക്കെയുള്ളാ-
ലെണ്ണിക്കുറിച്ചവിടെനിന്നു തെളിഞ്ഞു കോമൻ.        44

കൊന്നീടുമിയ്യിവനെയാങ്ങളമാരുറിഞ്ഞു-
വന്നീടിലെന്നു വലുതായൊരു പേടികൊണ്ടും
നിന്നീടുമാ നിലയതിൻ‌തകരാറു കണ്ടും
പിന്നീടിവണ്ണമുടനുണ്ണി കടന്നുരച്ചു.        45

നേരും മറച്ചു ചിലതൊന്നൊടുരച്ചു തഞ്ച-
മീറുന്നുണിച്ചിരി തിരിച്ചു ചതിച്ചുകൊൾവാൻ
ചേരുംചൊടിച്ചുടനെയാങ്ങളമാർകളേഴു-
പേരും പിടിച്ചു പൊടികാച്ചണമെന്നുവെച്ച്.        46

തേടിത്തരത്തിൽ വരുമാങ്ങളമാരുമിത്തെ-
മ്മാടിത്തരത്തിനുടെ കൂലി കിടയ്‌ക്കുമെന്നാൽ
ഓടിത്തിരിക്കുകവർ നിങ്ങടെ വീട്ടിലുള്ളോ-
രോടിത്തിരിക്കു കനിവുള്ളവരല്ലയല്ലോ.        47

[ 7 ]

പേയായിതിത്ര പകയുള്ളവരോടടുത്തു‌-
പോയാലതെത്ര തകരാറ്റിയാവതല്ലേ ?
പോയാലുമിത്തിരിയുമിങ്ങു മടിച്ചുനിന്നു-
പോയലിനിത്തിരിയുമാങ്ങളമാരു കൊല്ലും.        48

എന്നോതി നാണ, മഴ, ലുൾക്കൊതി, പേടി, മുമ്പാ-
യൊന്നോതിരക്കുമിവയൊക്കെയുമുള്ളിലാർന്ന്
നിന്നോരിളം‌കുയിൽമൊഴിയ്‌ക്കകതാർകൊടുത്തി-
ട്ടന്നോതിനാനവളൊടൊന്നു ചിരിച്ചു കോമൻ:        49

'തേടിക്കയർത്തു പടയിൽപ്പലർ കൂടിവന്നാൽ
കൂടക്കരുത്തുടയ കയ്യിതു കൂസുകില്ല
മോടിക്കുവേണ്ടിയരവാളിതെടുത്തതല്ല
പേടിക്കവേണ്ട പിടമാൻമിഴി, തെല്ലുപോലും.        50

കയ്യുള്ള നാളിലതിലിങ്ങൊരു വാളിരിക്കെ
മെയ്യുള്ള മാറ്റലരിലാരുമെതിർത്തടുത്താൽ
ഇയ്യുള്ളവന്നൊരുകുലുക്കവുമില്ലയെന്നു
നിയ്യുള്ളിലോർക്കുകലരമ്പനെഴുന്നവമ്പേ !        51

കയ്യുംകണക്കുമണയാതെ കനത്ത മാരി
പെയ്യുംകണക്കുടലുവിട്ട വരിമ്പുവില്ലൻ
എയ്യുംകണയ്‌ക്കു മറുകയ്യറിവില്ലൊരാൾക്കും
നയ്യുങ്കണയ്‌ക്കുമവനോടിവനേറ്റു തോറ്റു.        52

പുല്ലാണിനിക്കു പടയാളികൾ, നിൻകടക്കൺ-
തല്ലാണു തേൻമൊഴി, തടുത്തിടുവാൻ ഞെരുക്കം !
തെല്ലാകയാൽ തെളിവിയന്നു തുണയ്‌ക്കണം നീ-
യല്ലായ്‌കിലാങ്ങളകൾതൻ‌പണി പെങ്ങൾ ചെയ്യും.'        53

എന്നോതി നില്‌ക്കുമൊരു കോമനൊടായ് പതുക്കെ
ക്കുന്നോടിടഞ്ഞ മൂലയാളവളൊന്നുരച്ചു;
'നന്നോ നമുക്കിതിതിനാലെ വരും തരക്കേ-
ടൊന്നോ നിനയ്‌ക്കിലതു ഞാൻ പറയേണ്ടതുണ്ടോ ?        54

തീരാതെയുള്ളാരു പിണക്കമെഴുന്ന വീട്ടു-
കാരായ നാമൊരലരമ്പനെയോർത്തവണ്ണം
ചേരാവതോ പറകിതാങ്ങളമാരറിഞ്ഞാൽ
പോരായി നിങ്ങളൊരുകൂട്ടരൊടുങ്ങുവോളം.        55

[ 8 ]

മാലിന്നു വേർപിരികിലും മതി,യെങ്കിലും ച-
ത്താലിന്നിയേറുമഴലോർത്തിതുരപ്പതാണേ
ചേലിന്നിതെന്നിനിയുമങ്ങു നിനച്ചുറച്ചിറച്ചെ-
ന്നാലിന്നുതൊട്ടു മലമങ്ക കനിഞ്ഞിതെന്നിൽ.'        56

ചേരുന്നിതാം മറുപടിയ്ക്കു തുനിഞ്ഞു കോമൻ
ചേരുന്നനേരമവൾ പുഞ്ചിരി പൂണ്ടു, നാണം
ചോരുന്ന തൻ‌തല തിരിച്ചുടനേ നടുങ്ങി-
ച്ചെരുന്നോരല്ലലൊടു കോമനൊടോതി പിന്നെ:        57

'വേട്ടന്നുതന്നെയിവളെക്കനിവേതുമെന്യേ
മൊട്ടച്ചിയാക്കുവതിനാങ്ങളമാരൊരുങ്ങി
ചേട്ടത്തമേറിയൊരുണിച്ചിരി ചൊന്നതെല്ലാം
കേട്ടെത്തി, നോക്കിടുക നാമിനിയെന്തു വേണ്ടു.        58

രണ്ടാകിലും വരുമിനിയ്ക്കഴലങ്ങു ചത്തു-
കൊണ്ടാലുമാങ്ങളകൾ ചാകിലുമല്ലലല്ലേ ?
വേണ്ടാതെ പോരിനണവോരിവരെച്ചതിപ്പാ-
നുണ്ടാം തരം വരിക നീരിലിറങ്ങിനിൽക്ക.'        59

എന്നോതിയ മുടിയഴിച്ചതുകൊണ്ടു പിന്നിൽ
നിന്നോരു കോമനെ മുറയ്ക്കു മറച്ചടക്കി
കുന്നോടിടഞ്ഞ മുലയാളവൾ മീൻകടിച്ചി-
ട്ടെന്നോർക്കുമാറുടലുമലച്ചടവായി നിന്നു.        60

'എങ്ങോതുകിന്നിവിടെ വന്നൊരു നായരെ,' ന്നൊ-
ട്ടങ്ങോട്ടടുത്തൊരു കുറുപ്പുരിയാടിയപ്പോൾ
'ഇങ്ങോട്ടടുത്തു വരുമെന്നുടെ മട്ടു കണ്ടി-
ട്ടങ്ങോരു മാറിയുട,' നെന്നു പറഞ്ഞിതുണ്ണി.        61

'ചൊല്ലെങ്ങു പോയിതവ'നെന്നു കുറുപ്പു, 'തീർച്ച-
യില്ലെന്റെ പിന്നിലിവനങ്ങിനെ പോയ്മറഞ്ഞു
മെല്ലെത്തിരിച്ചു പറയാമവനിന്നകന്നി-
ട്ടില്ലേറെ' യെന്നുമതിനുണ്ണി പറഞ്ഞു പിന്നെ.        62

പോയീ കുറുപ്പുമതുകേട്ടവനെപ്പിടിപ്പാ-
നായിട്ടു മറ്റവരൊടൊത്തു കിഴക്കു നോക്കി
'ആയീതൊടായ്കരുതിതെ,ങ്ങനെയാണിവണ്ണ-
മായീടീലെ,'ന്നുടെനെയുണ്ണിയുമൊന്നകന്നു.        63

[ 9 ]

കാണിച്ചൊരിപ്പണി കണക്കിനു പറ്റിയിന്നി-
ക്കാണിയ്ക്കുമിങ്ങരുതമാന്തമുടൻ നടക്കു
കാണിയ്ക്കൊലാ വെറുമയിങ്ങിനെയിന്നിയെന്നും
കാണിച്ചു കണ്‌മുനയയച്ചു പറഞ്ഞു മെല്ലെ:        64

'ഊണും കഴിഞ്ഞിരവിലാങ്ങളമാരു പോയി-
ക്കാണുമ്പോൾ വാതിലു തുറന്നെഴുമെന്റെ മച്ചിൽ
കാണും വിളക്കവിടെയപ്പൊഴണഞ്ഞിടാഞ്ഞാ-
ലാണുള്ളിനല്ലലിനി'യെന്നുമുരച്ചിതുണ്ണി.        65

ചാവാതെകണ്ടുമഴലന്നു പൊറുക്കവയ്യാ-
താവാതെകണ്ടുമൊരുമട്ടു കഴിച്ചുകൂട്ടാൻ
ആ വാതിലുണ്ടു തുണയെന്നു പറഞ്ഞകത്താർ
പോവാതെകണ്ടുടലുകൊണ്ടു നടന്നു കോമൻ,        66

രാവായനേരമടലിൽപ്പല കയ്യു കണ്ട
കൈവാളൊടും പരിശ കയ്യിലെടുത്തിറങ്ങി
പൂവാണ്ട വില്ലനരുളാലുടനുണ്ണി ചൊന്നോ-
രാ വാതിൽ കാണുമൊരിടത്തിലൊളിച്ചിരുന്നു.        67

അത്താഴമുണ്ടരിയൊരാങ്ങളമാരു പോയ
തോർത്താടൽ വിട്ടു കതകൊട്ടു തുറന്നൊരുണ്ണി
ഉൾത്താരിലെപ്പൊഴുമിരിപ്പൊരു കോമനെത്തൻ
പൊൽത്താരൊടൊത്ത പുതുമെയ്യൊടണഞ്ഞു കണ്ടു.        68

മറ്റുള്ളതപ്പടി മറന്നലരമ്പനറ്റ-
മറ്റുള്ള പൂങ്കണ പൊഴിപ്പതുതന്നെയോർത്ത്
മുറ്റുന്നലത്തൊടവർ കാട്ടിയതൊക്കെയെന്നാൽ
പറ്റുന്നതല്ല പറവാനറിയാം നിനക്കും.        69

മോടിപ്പകിട്ടുടയൊരായവൾ കോമനോടു
കൂടിപ്പരുങ്ങൽ കലരാതുടനന്നു രാവിൽ
തേടിപ്പടയ്ക്കണയുമാമലരമ്പനായ് പോ-
രാടിപ്പതുക്കെയവനുള്ള മിടുക്കടക്കി.        70

നേരം പുലർന്നിടുവതിന്നു പെരുത്തടുത്ത-
നേരംപെരും തെളിവിയന്നു തളർന്നൊടുക്കം,
ആരമ്പിൽമുമ്പിത്തിലിനിയ്ക്കതറിഞ്ഞുകൂട
താരമ്പനാർകളി കഴിഞ്ഞു കിടന്നുറങ്ങി.        71

[ 10 ]

വല്ലാതെ കാക്ക കരയുന്നതു കെട്ടുണർന്നി-
ട്ടല്ലാ പിണഞ്ഞു ചതിയെന്നു പറഞ്ഞു കോമൻ
നല്ലാരണിയ്‌ക്കണിയലായെഴുമുണ്ണിയമ്മ
നില്ലാതെ നല്ല വഴി കണ്ടു ചിരിച്ചുരച്ചു :        72

'ഉണ്ടാക്കിടാം പണി,യുടുത്തിടുവാൻ മുഷിഞ്ഞ
മുണ്ടാക്കിടേണമുടലിൽ ചളി ചേർത്തിടേണം
കണ്ടാൽക്കണക്കിലൊരു പാണനിതെന്നു തോന്നി-
ക്കൊണ്ടാൽക്കുഴക്കു വരികില്ല വഴിയ്‌ക്കു തെല്ലും.        73

വന്നീടുമാങ്ങളകൾ കാണുകിലൊട്ടകന്നു
നിന്നീടുകൊന്നു തൊഴുതേയ്‌ക്കുക കൂട്ടൊരെന്നാൽ
പോന്നീടുമെന്നു'മുര ചെയ്‌തൊരു പാണനാക്കി-
പ്പിന്നീടു കോമനെയുമന്നു പറഞ്ഞയച്ചു.        74

വണ്ടാരണിക്കുഴലി പെട്ടിയിൽവെച്ചു പൂട്ടി-
ക്കൊണ്ടാളുടൻ പരിശ വാളിവയന്നു പിന്നെ
തീണ്ടാരിയായിടുകയാലൊരു മുണ്ടെടുപ്പാൻ
തണ്ടാർതൊഴുംമിഴിയുണച്ചിരി വേണ്ടിവന്നു.        75

കേമത്തിയാകുമവൾ മുണ്ടു കൊടുത്തു പിന്നെ-
ക്കോമന്റെ വാൾപരിശയെന്നിവ കണ്ടെടുത്തു
ഈമട്ടു പറ്റിടുകയില്ലിവിടത്തിലെന്നോർ-
ത്താ മങ്കയാളതുടനാങ്ങളമാർക്കു നൽകി.        76

'കോട്ടയ്ക്കലുള്ളവനുമിങ്ങു നമുക്കുമപ്പാ-
ലാട്ടയ്ക്കുമുള്ളവയിലൊന്നിതു തീർച്ചതന്നെ
ചേട്ടയ്ക്കിതെങ്ങനെ കിടച്ചിതു കോമനോ ഇ-
ങ്ങോട്ടയ്ക്കു കേറിവരികെന്നു വരുന്നതല്ല.        77

കോട്ടെയ്‌ക്കൽ വാഴുമൊരു കുഞ്ഞനതാം മരയ്‌ക്കാ-
രേഠെയ്‌ക്കു ചുറ്റുമിനിയെന്തിനു നാമിരിപ്പൂ
കേട്ടേയ്ക്കുമേ ചിലരി'തെന്നുമുരച്ചുടൻ മേ-
ല‌്പോട്ടേയ്ക്കു നോക്കിയവർ കൈവിരൽ മൂക്കിൽ‌വെച്ചു.        78

വിട്ടേയ്ക്കവയ്യിവളെ വെട്ടിനുറുക്കിനോക്കി-
ങ്ങിട്ടേയ്‌ക്കണാം കനിവുകാട്ടരുതെന്നൊരുത്തൻ;
മൊട്ടെയ്‌ക്കു നമ്മുടെ ചൊടിപ്പറിയിക്കുവാന-
ങ്ങോട്ടെയ്‌ക്കു പോണമിനിയെന്നിതിൽ മറ്റൊരുത്തൻ.        79

[ 11 ]

മാടോടിടഞ്ഞ മുലയാളുടെ മട്ടു പാർത്തുൾ-
ച്ചൂടോടിവർണ്ണമവരോതിയിരുന്നിടുമ്പോൾ
വീടോടടുത്തു മരുവും ചതിയൻ വെളിച്ച-
പ്പാടോടിയെത്തിയിതു കേട്ടു കടന്നുരച്ചു:        80

'വല്ലാത്തതായൊരു നടപ്പിതുകൊണ്ടൊരറ്റ-
മില്ലാത്തമാൽവരുമവൾക്കു വരുംപിറപ്പിൽ
കൊല്ലാതെ വിട്ടിടുകിലോ പല നോൽമ്പിനാല-
തില്ലാതെയാക്കുവതിനിങ്ങു നമുക്കു നോക്കാം.        81

ചൊല്ലാർന്നൊരമ്പലമതിന്നരികത്തൊരാളും
ചെല്ലാത്ത മട്ടിലൊരു വീട്ടിലിരുത്തിടാം ഞാൻ
എല്ലായ്‌പൊഴും മലമകൾക്കുടയോരു കാലീ-
നല്ലാർ നിനച്ചു പല നോൽമ്പുകൾ നോറ്റിടട്ടെ.'        82

ഊടോട്ടു കിട്ടിയതിനാൽ ചതിയൻ വെളിച്ച-
പ്പാടൊട്ടു തഞ്ചമൊടുമിങ്ങനെ ചൊല്ലിയപ്പോൾ
കേടൊട്ടുമേ കരുതിടാതതു നല്ലതെന്നയ്-
മ്പോടോർത്തുകൊണ്ടതവരങ്ങിനെ തീർച്ചയാക്കി.        83

ഉൾപ്പിച്ചിയന്നവരുമുണ്ണിയെ നേരെയാക്കാ-
നേല്‌പിച്ചു കള്ളനെ,യവൻ കരളും കുളുർത്ത്
പാർപ്പിച്ചു ചൊന്നപടി, പിന്നെ നടന്നതെല്ലാം
കേൾപ്പിച്ചു, കേഴമിഴി കേട്ടു മിഴിച്ചുപോയി.        84

അപ്പോൾപ്പിണഞ്ഞ ചതിയാൽ നെടുവീർപ്പയന്നൊ-
ട്ടപ്പോർമുലക്കുടമുലഞ്ഞു വലഞ്ഞൊരുണ്ണി
ഇപ്പോഴയച്ചീടുക കോമനൊരാളെയെന്നാ-
യുൾപ്പാരു കൂടുമവനോടഴലോടുരച്ചു.        85

ഒന്നോതിനാനവനു, 'മെന്തൊരു പിച്ചു കോമൻ
നിന്നോടു ചേരുവതിനാരുമയ്‌ക്കയില്ല
എന്നോടുകൂടെ മരുവീടുകതന്നെ നല്ല'
തെന്നോതുമായവനൊടുണ്ണിയുറച്ചുരച്ചു;        86

'ചത്താലുമെൻകണവനാകിയ കോമനല്ലാ-
തുൾത്താരു മറ്റൊരുവനേകുകയില്ലെടോ ഞാൻ
എത്താൽ മടിയ്‌ക്കുകയുമില്ലവനാളു ചെന്നാൽ
പോയ്‌ത്താനിതാങ്ങളകളോടറിയിച്ചീടേണം.'        87

[ 12 ]

എന്നോതുമായവളിലുൾക്കൊതി പറ്റുകില്ല-
യെന്നോർത്തകത്തിനുടെ വാതിലടച്ചുപൂട്ടി
'നിന്നോടിണക്കി മുതൽ വേണ്ടതു ഞാൻ മരയ്‌ക്കാർ-
തന്നോടു വാങ്ങീടുവ'നെന്നു പറഞ്ഞുപോയി.        88

'വിറ്റീടുമെന്നെയിവനിന്നും ചതിച്ചു, മാലു
മാറ്റീടുവാനിവിടെയിപ്പോയൊരുത്തനില്ല
പറ്റീടുമോ പണിയിതെ'ന്നവൾ കോമനിൽപ്പോയ്
പറ്റീടുമുള്ളോടു നിനച്ചു കുറച്ചുനിന്നു.        89

മാലാർന്നു നിൽക്കുമവളജ്ജനലുടെ കണ്ടു-
പോലാവളപ്പിലൊരു വേല നിരീപ്പതപ്പോൾ
ആ ലാക്കുവെച്ചവനെയുണ്ണിയുടൻ വിളിച്ചാ-
പ്പാലാട്ടുകോമനൊരെഴുത്തു കൊടുത്തയച്ചു.        90

രാവായനേരമവൾ മേവുകത്തിനുള്ളോ-
രാവാതിലിന്നുടയ പൂട്ടൊരുവൻ തുറന്നു
കൈവാളെടുത്തരികിൽ വെച്ചവൾ വേണ്ടിവന്നാൽ
ചാവാനുറച്ചു കരൾ കോമനിലാക്കി വാണു.        91

നില്ലെന്നു കൂടെ വരുവോരെ വളപ്പിൽ നിർത്തി
മെല്ലെന്നു വാതിലു തുറന്നുടനേ മരയ്‌ക്കാർ
കില്ലെന്നിയേ കണയുമായണയുന്നൊരപ്പൂ-
വില്ലന്നുനല്ലടിമയായ് മുറിയിൽക്കടന്നു.        92

മാലാമലർക്കണകളാലുളവായതാറ്റാൻ
മേലാതെ മാപ്പിളയുണ്ണിയൊടൊട്ടടുത്തു
'പാലാട്ടു കോമനുടെ പെണ്ണിവളെന്നു പുത്തൻ-
പാലായടഞ്ഞമൊഴിയാളുമുരച്ചണീറ്റു.        93

'പാരിൽപ്പെരുത്തു പുകഴാർന്നൊരു കോമനെന്റെ
പേരിൽപ്പെടുന്ന കനിവേതുമറിഞ്ഞിടാതെ
ആരിപ്പൊഴിങ്ങണവതിങ്ങിനെ കോമനോടു
കേറിപ്പടിക്കുകിലവൻ‌തല കൊയ്‌തെടുക്കും.        94

നിൽക്കായ്‌ക പോര പുറകോട്ടിനി മാപ്പിളേ! നീ
വെയ്‌ക്കായ്‌ക കാലൊരടിപോലുമടുത്തിടേണ്ട
ഇക്കാണുമെന്നുടയ വാളിനു തീനു നൽകാൻ
നോക്കായ്‌ക'യെന്നുമവൾ വാളുമുലച്ചുരച്ചു.        95

വെട്ടും പറഞ്ഞപടിയിന്നിവളെന്നുതോന്നും-
മട്ടുള്ളൊരാമൊഴികൾ കേട്ടുടനേ മരയ്‌ക്കാർ-

[ 13 ]

തട്ടുന്നൊരല്ലലൊടകന്നു കുറച്ചു, കോമൻ
പൊട്ടുന്ന പുഞ്ചിരിയൊടപ്പൊഴാണഞ്ഞുരച്ചു.        96

'നന്നുണ്ണി നിന്നുടയരുപ്പിടി കണ്ടു പേടി-
യ്‌ക്കുന്നുണ്ടു പോരിനു മിടക്കെഴുമീ മരയ്‌ക്കാർ
ഇന്നുള്ള പേരിവിനൊടേൽക്കുകിലൊട്ടു മങ്ങു-
മെന്നുണ്ടുപേടിയിവനല്ലണികുന്തലാളെ!        97

എന്നാലുമെന്നിലൊരു പേടിപെടാതെയിങ്ങു
വന്നാൻപെരുത്തു വഷളത്തവുമോർത്തവൻതാൻ
കൊന്നാലൊഴിഞ്ഞനിയതിൻപകപോകയില്ല,
തന്നാലുമെന്നുടയവാളിതിനിയ്ക്കുതന്നെ.'        98

എന്നോതി വാളുടനെ വാങ്ങിയവൻ മരയ്ക്കാർ-
തന്നോടിറങ്ങിടുകൊരുങ്ങിടുകെന്നു ചൊല്ലി
തന്നോടുകൂടെ വരുവോരെ വിലക്കി, നേർത്തു-
വന്നോരു മാപ്പിളകൾ മൂപ്പനൊടാർത്തെതിർത്തു.        99

പാരിൽപ്പുകൾപ്പൊലിമപൊങ്ങിയ മാപ്പിളയ്ക്കു
പോരിൽപ്പെടുന്നൊരു മിടുക്കു മുറയ്ക്കു കാണ്മാൻ
നേരിട്ടിടുന്ന കൊതിയാലൊരു തെല്ലുനേരം
നേരിട്ടുനിന്നു കളിയായമർ ചെയ്തു കോമൻ,        100

ഊക്കൊട്ടൊതുക്കിയമർ ചെയ്തളവാമരയ്ക്കാർ-
ക്കുൾക്കൊണ്ടു തള്ളലൊരുതെല്ലതു കണ്ടനേരം
ചൊൽക്കൊണ്ട കോമനുടെ കണ്ണിണയോടുകൂടെ-
യക്കൊണ്ടൽനേർനിറമെഴുന്നൊരു വാൾ ചുവന്നു.        101

കണ്ണിൽക്കവിഞ്ഞിടുമടുപ്പമെഴുന്നു കോമ-
നുണ്ണിക്കെഴും ചൊടിയിലിന്നതുപോലെയായാൽ
എന്നിൽക്കളിയ്ക്കുമിവനുള്ളിനിയെന്നുചോര-
തന്നിൽക്കുളിപ്പതിനു വാളുടനേ തുടങ്ങി.        102

ഈമട്ടിലായൊരരനാഴികയാമരയ്ക്കാർ
കോമന്റെ വാൾക്കു ചുടുചോരകൊടുത്തുപിന്നെ
കാർമങ്ങിടുംകുഴലിയായെഴുമുണ്ണി കാണ്‌കെ-
ക്കേമത്തമറ്റു തലയറ്റു നിലത്തുവീണു.        103

മോടിയ്ക്കു ചേരുമുടലിന്നുകുറച്ചു കോറൽ-
കുടിക്കരുത്തുടയ കോമനു പറ്റിയില്ല;

[ 14 ]

പേടിച്ചു മാപ്പിളകളോടുകിലും വെളിച്ച-
പ്പാടിൻ ചതിത്തലയറുത്തിതു പോയപോക്കിൽ.        104

'പറ്റീലിനിക്കൊരുപരിക്കു പയറ്റിലൊന്നും
തെറ്റീല ചോരയിതു കാണുവതെന്റെയല്ല
തോറ്റോടുകില്ലിവനൊരയ്‌മ്പതുപേർ മരയ്‌ക്കാ-
രേറ്റീടിലെ'ന്നടവിലുണ്ണിയെ നോക്കി കോമന്ന്        105

'ഇന്നിപ്പുറപ്പെടുക'യെന്നു പറഞ്ഞു വാളു-
തന്നിൽപ്പെരുക്കുമൊരു ചോര തുടച്ചുകൊണ്ട്
നിന്നിടുമപ്പൊഴുതിലാർത്തുവിളിച്ചുകൂക്കി-
വന്നിടുമാളുകളെയപ്പടയാളി കണ്ടു.        106

'വാളേ തെളിഞ്ഞിടുക നിൻപണി തീർന്നതില്ല
നാളേയ്ക്കു നീട്ടിടുക നിന്റെയുറക്കമെല്ലാം
ആളേറെയുണ്ടിത പടയ്ക്കു വരുന്നു, തെൻചൊ-
ല്ലാളേ! നിനക്കിനിയുമിന്നൊരു കാഴ്ച കാണാം.'        107

എന്നോതിയാളുകളെ വേണ്ടപടിക്കു നിർത്തി
മുന്നോട്ടു തെല്ലിട നടന്നു കുലുക്കമെന്യേ
നിന്നോരു കോമനുടെ നേർക്കകലത്തുനിന്നു-
വനോരു കൂട്ടരുമടുത്തതു കൂസിടാതെ.        108

വന്നൊടടുത്തളവിലാങ്ങളമാരിതെന്നു
കുന്നൊത്തിടുന്ന മുലയാളവൾ കണ്ടറിഞ്ഞു
വന്നോരു മാലൊടവളപ്പൊഴുതൊട്ടടുത്തു
ചൊന്നാതിനാളാലിവോടായവരോടിവണ്ണം!        109

'പോരും പിണക്കമിതിനിക്കുളവായ ചീത്ത-
പ്പേരും പെരുക്കുമൊരു പേടിയുമൊക്കെ നീക്കി
ചേരുന്ന കോമനൊടു പോരിനു പോവതൊട്ടും
ചേരുന്നതല്ലവനിലുള്ളു തെളിഞ്ഞിടേണം.'        110

എന്നും പറഞ്ഞവൾ കിഴിഞ്ഞവിടെക്കഴിഞ്ഞ-
തൊന്നും വിടാതെ വഴിപോലറിയിച്ചു പിന്നെ
കൊന്നുള്ള മാപ്പിളയെ നോക്കുകയെന്നുമോതി-
ത്തന്നുള്ളിലൊട്ടിടയിളക്കമിയന്നു നിന്നു.        111

തങ്ങൾക്കു പറ്റിയൊരു തെറ്റതിനാലെഴും മാൽ
പെങ്ങൾക്കു മാറ്റിയൊരു കോമനെ നോക്കിയപ്പോൾ
'ഞങ്ങൾക്കി നന്‌മയിതു ചെയ്തതിനെന്തു കോമ!
നിങ്ങൾക്കു ചെയ്‌വതിനി'യെന്നവരൊക്കെ യോതി.        112

[ 15 ]

'പണ്ടേപെടുന്നൊരു പിണക്കമിതൊക്കെ നീക്കി-
ക്കൊണ്ടേറീടും തെളിവിയിന്നിനി നമ്മൾ തമ്മിൽ
രണ്ടെന്നുതന്നെ കരുതാത്തൊരുമട്ടടുപ്പ
മുണ്ടെന്നുതാൻ വരണം' എന്നു പറഞ്ഞു കോമൻ.        113

'ഇപ്പെണ്ണിലേറെ വഷളത്തമണച്ചുവെന്നോർ-
ത്തിപ്പെട്ട മാപ്പിളയിലേറിയൊരീറയോടെ
ഇപ്പാടിവന്റെ തറവാടുടനേ കുളംകോ-
രിപ്പാനൊരുങ്ങലൊടിറങ്ങിയതാണു ഞങ്ങൾ.        114

ഇങ്ങായവാറു വലുതായിടുമൊച്ച കേട്ടി-
തെങ്ങാരു ചെയ്ത തകരാറതറിഞ്ഞുകൊൾവാൻ
മങ്ങാതെയീവഴിതിരിഞ്ഞു തിരിഞ്ഞു വന്നേൻ
ചങ്ങാതി ചെയ്ത തുണകൊണ്ടു തെളിഞ്ഞു ഞങ്ങൾ.        115

തീർച്ചയ്ക്കിതൊന്നു പറയാം പുതുതായിടുന്നീ
വേഴ്ചയ്ക്കു മേലിലയവേതുമണഞ്ഞിടായ്‌വാൻ
ചാർച്ചയ്ക്കു ഞങ്ങളുടെ പെങ്ങളെ വേൾക്കുകെന്നായ്'
ചേർച്ചയ്ക്കുമൊത്തപടി മൂത്ത കുറുപ്പു ചൊന്നാൻ.        116

ഇപ്പേർ പുകഴ്ന്ന തറവാടികളന്നുതൊട്ടു
കെല്പേറിടുംപടിയിണങ്ങിയമട്ടിലായി
ഉൾപ്പിച്ചു തീർത്തിതൊരുമാതിരി നല്ല ഭാഷ-
യ്ക്കൊപ്പിച്ചു വേളയിരുകൂറുമിണങ്ങി നാട്ടിൽ.        117

ചൊല്ലാർന്ന നല്ല മലയാളമതിങ്കലെന്തെ-
ന്നില്ലാതകുറൊടവിടത്തെ വിടാത്ത മട്ടിൽ
നല്ലരണിഞ്ഞൊരു നിനക്കറിവാനതോതി-
യല്ലാതെ മറ്റതിനു നന്മ ചുരുങ്ങുമല്ലോ.        118

കാളുന്നിതുൾത്തെളിവു തേൻമൊഴിയിത്രനാളേ-
യ്ക്കാളും നിനക്കു മിഴി തെല്ലമടച്ചിടാതെ
മൂളുന്നിതിന്നിനിയുമിങ്ങനെയാകിലെല്ലാ-
നാളും നിനക്കു തെളിവാൻ വഴി നോക്കിടാം ഞാൻ.        119

നെന്മേനിവാകമലർമേനി വെടിഞ്ഞു വാഴ്ത്തും
നന്മേനി കണ്ടു മലർവില്ലനെ വെന്ന വമ്പൻ
തന്മേനി നേർപകുതിതന്നെഴുമുരകത്തു-
ള്ളമേ! നിനക്കുടയ കാലിണ കൈതൊഴുന്നേൻ.        120

"https://ml.wikisource.org/w/index.php?title=കോമപ്പൻ&oldid=70084" എന്ന താളിൽനിന്ന് ശേഖരിച്ചത്