പ്രരോദനം

(Prarodanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രരോദനം

രചന:എൻ. കുമാരനാശാൻ (1919)
തന്റെ ഗുരുവായിരുന്ന ശ്രീ. ഏ. ആർ. രാജരാജവർമ്മയുടെ മരണത്തെത്തുടർന്ന് ആശാൻ രചിച്ച വിലാപകാവ്യം.

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ



സമർപ്പണം തിരുത്തുക

സ്മരാമി രാജരാജസ്യ
തൈർഗുണൈർമഹത:കവേ:
ചേതസാ ഭൃശദു:ഖേന
സ്വർഗ്ഗപ്രതിനവാതിഥേ
ഇദം സുധായേത വചോദ്യ യസ്യ മേ
സ്രുതാശ്രുതിക്താക്ഷരമാത്മസംശ്രയത്
ഇതി സ്വയം തല്പദ ഏവ ചാർപ്പിതാം
കൃതാർത്ഥയിഷ്യാമി കൃതിം നവാമിമാം
സൗഹാർദ്ദാദിതരേതരവ്യതികര‌-
സ്സമ്പദ്യതേ ദേഹിനാം
യൽ കേനാപി ച സന്നികർഷയതി യം
സാ തസ്യ സംബന്ധിതാ,
മിത്രം വാ കൃപണം ജനോയമഥവാ
ശിഷ്യോ ഭവദ്ഗൗരവാ-
ദ്ദത്തേ ത്വദ്വിരഹപ്രവർത്തിനമിമം
തേ ദേവ, ബാഷ്പാജ്ഞലിം



==പ്രരോദനം==

<poem>

-1-
മൂടും കാർമുകിലാലകാലതിമിരം
വ്യാപിച്ചു മായുന്നിതാ
കാടും കായലുമിക്കടൽത്തിരകളും
സഹ്യാദ്രികൂടങ്ങളും;
ചൂടേറ്റുള്ളമെരിഞ്ഞെഴുന്ന പുക ചൂഴ്-
ന്നിമ്മട്ടു വൻ‌വൃഷ്ടിയാൽ
പാടേ കേരള ഭൂമി കേണു ഭുവനം
കണ്ണീരിൽ മുക്കുന്നിതേ.

-2-
നീരാളും ഘനവേണിവായ്പുരസിജ-
ക്കുന്നോടടിഞ്ഞ്ശ്രുവിൻ-
ധാരാപോതമിടഞ്ഞു നാവിസരസീ-
കൂലം കവിഞ്ഞോലവേ;
കേരോദഞ്ചിതപാണിയിദ്ധര, കരി-
ങ്കല്ലും ദ്രവിച്ചീടുമാ-
റോരോന്നിച്ചരമാർണ്ണവാനിലരവം
ക്കൂട്ടിപ്പുലമ്പുന്നിതേ

-3-
സ്പഷ്ടം പാവനഗാത്രിയിജ്ജനനിയാൾ‌-
ക്കിന്നോർക്കിലേതോ മഹാ-
ദിഷ്ടക്കേടു പിണഞ്ഞിരിക്കണമതേ-
കില്ലേതുമില്ലായതിൽ;
ക്ലിഷ്ടശ്രേയീവൾ മുമ്പിലായ് വെറുനില-
ത്തയ്യോ കിടക്കുന്നിതാ!
കഷ്ടം! "കൈരളി" കണ്ണു പൂട്ടി വിളറി-
ക്കാൽനീട്ടി നിശ്ചേഷ്ടയായ്.

-4-
ഹാ! വേഗം സ്ഫുടമാക്കിടുന്നു കഥ, നീ-
താങ്ങുന്നതും പുത്രിയെ-
ബ്‌ഭൂവേ, കയ്യുയർത്തി വിണ്ണിലുടനേ-
ലക്‌ഷ്യം കുറിക്കുന്നതും;
പൂവേലും പല പൊയ്കയും പുഴകളും
തോട്ടങ്ങളും പൂണ്ടെഴും
"മാവേലിക്കര"യെത്തിരിഞ്ഞു നെടുവീർ-
പ്പിട്ടിട്ടു നോക്കുന്നതും.

-5-
വ്യോമത്തിൻ മലിനത്വമേറ്റിയവിടെ-
പ്പൊങ്ങുന്നതെന്തോ മഹാ-
ഭീമത്വം കലരുന്ന കാലഫണിതൻ
ജിഹ്വാഞ്ചലം‌പോലവേ,
ശ്രീമദ്ഭാസുര”ശാരദാലയ”മഹാ-
ദീപം കലാശിച്ചെഴും
ധൂമത്തിൻ നികരുംബമല്ലി? - വസുധേ,
കേണിടു കേണിടു നീ!

-6-
ആഹന്ത! പ്രിയപുത്ര യാത്രയിതു ക-
ണ്ടിക്കൈരളിത്തയ്യലാൾ
ദേഹധ്വംസമെഴാത്ത തൻ ഹൃദയസം-
വേഗം സഹിച്ചില്ലഹോ;
സ്നേഹത്തിൻ ഗരിമാവുകൊണ്ടധികമാ-
മശ്ശോകഭാരത്തിനാൽ
മോഹത്തിന്റെയഗാധമാം തലമണ-
ഞ്ഞിട്ടുണ്ടു തച്ചേതന.

-7-
“വത്സാ! മല്പ്രിയരാജരാജ! വിരവോ‌-
ടെന്തിന്നു വിണ്ണേറുവാ-
നുത്സാഹിച്ചതു? ചൊൽക, നീ കനിവൊടെ-
ന്തോർക്കാഞ്ഞതീ ഞങ്ങളെ?
സത്സാഹിത്യവിധിജ്ഞയാം പ്രിയസുതേ!
മാഴ്കായ്ക, -അല്ലെങ്കിലി-
ക്കുത്സാർഹാമരഭാവയാമിവളെയും,
മൂർച്ഛേ തുണച്ചീടുക.”

-8-
ഈവണ്ണം പലതോതി,യാധിശിഖിയാ-
ലുൾക്കാമ്പു കത്തി,ഗ്ഗള-
വ്യാവല്ഗത്സ്വരയായ് സ്വയം ധര കര-
ഞ്ഞീടുന്നു നിസ്സംശയം;
ദേവപ്രജ്ഞയണുക്ഷയത്തിലുലകിൻ-
വൈകല്യമോരും, മഹാ-
ഭാവങ്ങൾകുളവാം വിപത്തുകൾ പരം
പ്രക്ഷേഭഹേതുക്കൾതാൻ.

-9-
സത്യം, സ്യന്ദനചക്രമെഗ്ഘനപഥം
മർദ്ദിച്ചു തീപാറുമാ-
റത്യന്തം ജവമോറ്റമർത്യരിവിടെ-
ക്കൂടുന്നു ഗാഢാർത്തരായ്;
പ്രത്യക്ഷം സ്തനിതക്ഷണപ്രഭകളാ-
ലിന്നായതീ വേഴ്ചയാൽ
നിത്യം മണ്ണൊടു വിണ്ണിനുള്ള ഭഗിനീ-
സൗഹാർദ്ദവും സ്പഷ്ടമായ്.

-10-

പാരം പങ്കിലമായി വീർത്തു ജഡമാം
ഭൂവിന്മുഖം ഖിന്നയായ്
ചാരത്താഞ്ഞു മുകർന്നിടുന്നു നിഭൃതം
ദ്യോവിദ്ദിഗന്തങ്ങളിൽ;
ദൂരത്തിപ്പൊഴുമേറ്റവും മുകളിലാ-
യങ്ങങ്ങു കേൾക്കുന്നൊരി-
സ്സാരംഗധ്വനിയാലുടൻ കരകയും
ചെയ്യുന്നിതയ്യോയിവൾ!

-11-
നക്തം നിർഭരമാം തമസ്സിൽ വിലസും
ഖദ്യോതജാലങ്ങൾപോൽ
വ്യക്തസ്ഫൂർത്തികലർന്നുയർന്ന പുകയിൽ
പാറും സ്ഫുലിംഗങ്ങളാൽ;
ഉക്തവ്യഗ്രതയോടുമൂർദ്ധ്വമുഖരാ-
മദ്ദേവർ തിങ്ങി ദ്രുതം
രിക്തത്വം വെടിയുന്നു താഴെ നരർ കേ-
ണീടും ശ്മശാനാഭ്രവും.

-12-
അന്നെട്ടിച്ചരിവിങ്കൽ നഗഫണധ-
മ്മില്ലങ്ങൾ ചിന്നീടുവോർ,
ചെന്നെല്ലിങ്കതിരൊത്ത കേരമലരിൻ-
മാല്യങ്ങൾ പൂണ്ടുള്ളവർ;
ഇന്നെണ്ണാം നവതാളപത്രഹരിത-
ച്ഛത്രങ്ങളേന്തി ദ്രുതം
വന്നെത്തുന്നിതു ദേവിമാർ സഹജമാം
സാമ്യം‌പെടും മൂന്നുപേർ.

-13-
വന്നാരാൽ നിജവൈനതേയഹയമാം
തേർവിട്ടിറങ്ങി ദ്രുതം
ചെന്നാഹന്ത! ചിതാന്തികത്തിലുടനേ
ധൈര്യം കലാശിക്കയാൽ;
നിന്നാപാണ്ഡുരപുണ്ഡരീകമുകുളശ്രീ-
ഹസ്തശംഖത്തിനാ-
ലൊന്നാമത്തവളാനതാസ്യകമലം
ഛാദിച്ചു രോദിക്കയായ്.

-14-
ശിഷ്ടന്മാർ പല പൂർവ്വവല്ലഭരെ നീ
സേവിച്ചു വിദ്വൽ പ്രിയേ!
പുഷ്ടശ്രീഗുണഭൂമി ‘മൂലനൃവരൻ’
വാഴുന്നുമുണ്ടെങ്കിലും;
നഷ്ടപ്പെട്ടൊരു ബന്ധുരത്ന,മിതുപോൽ
സുരീന്ദ്രരില്ലൂഴിയിൽ
കഷ്ടം, ഹാ! പ്രിയവഞ്ചിലക്ഷ്മി, മിഴിനീർ
വാർക്കാൻ മടിക്കേണ്ട നീ.

-15-
പല്ലക്കേറി മനോജ്ഞമംഗളവിള-
ക്കേന്തിശ്മശാനത്തിൽ വ-
ന്നല്ലൽപ്പാടൊടിറങ്ങി നോക്കി നടുവേ-
നിന്നന്യ കേഴുന്നഹോ!
ഫുല്ലശ്രീ ഹരികേതു പാറിയ രഥം-
വിട്ടെത്തി ദൂരത്തുപോയ്
തെല്ലന്തർഗ്ഗതമാർന്നുനിന്നു വിലപി-
ച്ചീടുന്നു മൂന്നാമവൾ.

-16-
അത്യാരൂഢവിപത്തിതെ,ങ്ങനെയിവർ-
ക്കുൽത്താപമാറും? സ്വതേ
വ്യത്യാസംകലരാത്തൊരിബ്ഭ്ഗിനിമാർ
പണ്ടേ പിരിഞ്ഞാകിലും;
നിത്യാപത്യമിവർക്കു “കൈരളി”യൊരാൾ;
കഷ്ടം! തദീയാത്മജൻ
പ്രത്യാശാസ്പദതന്തു,ബന്ധനമിതി-
ന്നിന്നറ്റു തെട്ടെന്നതും!

-17-
നിന്നാമട്ടവരൊട്ടുടൻ കടലിനെ-
ക്കാർകൊണ്ടലിൻശ്രേണിപോ-
ലിന്നാകായലിനെ സ്ഫുടം പുഴകൾപോൽ
കണ്ടാർത്തയാം ഭൂമിയെ;
ചെന്നാലോലദൃംഗംബു വാർത്തു തഴുകി-
ത്തേങ്ങിക്കരഞ്ഞോർ, കലർ-
ന്നൊന്നായരിവർ;-കൂറ്റുകാരെ-
യൊരുമിപ്പിപ്പു കുടുംബാധികൾ.

-18-
ഉത്താളദ്രുമരാജി ചൂഴുമിരുളി-
ക്കാറ്റിൽ ചലിക്കുന്നതി-
ന്നൊത്തോരോ ഘനപാളി നീങ്ങി-
യിടതൂർന്നീടും നഭോവീഥിയിൽ;
ഹൃത്താരിൽ ഭയമേകുമാറുരു കരും-
ഭൂതങ്ങൾ തിങ്ങുന്നുതാൻ
ചത്തോരിബ്‌ബുധവാസരത്തിനുടലൊ-
ത്താ പാണ്ഡുവാം രാവിതിൽ.

-19-
നേരാണിങ്ങിതു “പർപ്പ”വംശപരദൈ-
വങ്ങൾക്കു മുമ്പേ പരം
ഘോരാഡംബരമോടകമ്പടിനട-
ന്നെത്തുന്ന പട്ടാളമാം;
ധാരാലദ്യുതിയാർന്നു കാണ്മു, വഴിയേ
ഖദ്യോതവൃന്ദങ്ങളിൽ
ധാരാവൃഷ്ടിയിൽതിൽ കെടാത്തൊരെഴുനെ-
ള്ളത്തിൻ വിളക്കെങ്ങുമേ.

-20-
കൂവിടുന്നു കുറുക്കനും നിലവിളി
ച്ചീടുന്നു ഭേകങ്ങളും
ചീവീടും കരയുന്നു കൂമനുമിതാ
കേഴുന്നിതൂഴങ്ങളിൽ;
ആവിശ്ശോകമൊടിന്നിവറ്റകളിലാ-
വേശിച്ചു തദ്ദേവർതാൻ
വാവിട്ടാർത്തു പുലമ്പുകല്ലി? നിശതാൻ
രോദിക്കുമാരുഗ്രമായ്.

-21-
മൂന്നാളിമ്മഹനീയമാം നൃപകുല-
ത്തിങ്കൽ കലാജാതരായ്
പോന്നാർ “ബാ‍ഹട” “കാളിദാസ” “പണി-
പുത്ര”ന്മാർ മഹാന്മാരിവർ;
ഇന്നാ ശാഖ വിടിർന്ന പൂക്കളിവ മൂ-
ന്നും പോയ് മഹാശൂന്യമാ-
യൊന്നായമ്മലർവാടിയും പൃഥിവിയും
നിഷ്ക്രാന്തസദ്ഗന്ധയായ്!

-22-
എന്നല്ലീയൊടുവിൽ സ്ഫുടിച്ച മലരിൻ-
ലോകോത്തരാമോദമി-
ങ്ങന്നന്നേറുവതോർത്തതമ്മുടിയിലേ-
ന്തും തൽകുലശ്രീയുമേ
ഇന്നപ്പൂവു കരിഞ്ഞകണ്ടഹഹ! തൻ-
പുണ്യം പരിക്ഷീണമാ-
യെന്നഞ്ചുന്നിത; മർത്ത്യരിൽ പതനഭീ-
യില്ലാതെയിലാരുമേ.

-23-
‘ജീവേശ’ ‘പ്രിയതാത’ ഇങ്ങനെയഹോ!
സൗധസ്ഥരാം രാജ്ഞിമാ-
രാവേഗത്തൊടിതാ തുടർന്നു മുറയി-
ട്ടീടുന്നു; തൽക്രന്ദനം
ജീവല്പ്രേത “മഹാബലിക്ഷമ”വിഡം-
ബിക്കുന്നു ദൂരത്തുനി-
ന്നാവർത്തിപ്പൊരതിന്റെ മാറ്റൊലികളാൽ
കേഴുന്നു ദിഗ്ദേവിമാർ!

-24-
സ്നേഹാർദ്രാശയ! വൈദുഷീജിതജഗ-
ത്തായീറ്റുമങ്ങെയ്ക്കെഴും
മാഹാത്മ്യങ്ങളിൽ വിസ്മയിച്ചു കരയുന്നൂ
ഹന്ത! മാദൃക്കുകൾ,
ദേഹാലംബനമാം ഭവല്പ്രണയിലോകം
പിന്നെയെന്താം!-തടി-
ത്താഹാ! ചുട്ടു മഹാദ്രുമം; ലത നിലം-
പറ്റീ, പ്രരോഹാകുല.

-25-
സ്പഷ്ടം ഭൂമി മറയ്ക്കില്ലിന്ദു തെളിയും
വീണ്ടും മുഹൂർത്തത്തില-
പ്പുഷ്ടശ്രീരവി മൂടിയാലുമുയരും
പക്ഷം കഴിഞ്ഞാൽ മതി;
ദുഷ്ടക്കാലമഹാഗ്രഹത്തിനിരയാ-,
യീ ‘രാജാരാജേ’ന്ദു! ഹാ!
കഷ്ടം ‘രോഹിണി’യക്കലേശനെയിനി-
ക്കാണില്ല കേണാലുമേ.


-26-
ജീവച്ഛേദനമാകുമാധിപിടിപെ-
ട്ടാലും മനസ്വിവ്രജം
വൈവശ്യംകലരാതെ കൃത്യമതിയാൽ
വാഴാം കുറഞ്ഞോരുനാൾ
പൂവറ്റാലുമുടൻ കരിഞ്ഞിടുവതി-
ല്ലോരില്ല തീക്ഷ്ണക്ഷതം;
ഭാവത്തിൻ പരകോടിയിൽ സ്വയമഭാ-
വത്തിൻ സ്വഭാവം വരാം.

-27-
ആരാലെന്തു നിവൃത്തി?-ജീവിതരസം
കാംക്ഷിച്ചു മേന്മേലഹോ!
തീരാത്തോരതിതൃഷ്ണയാൽ രസന നീ-
ട്ടാൻ കഷ്ട!മിദ്ദേഹികൾ;
തോരാതുള്ളൊരു കണ്ണുനീരിലവരെ-
ച്ചുട്ടിട്ടു തല്ലാനയ-
സ്ക്കാരാഢ്യൻ പറ്റുപശ്യതോഹരനവാ-
ര്യക്രൗര്യനെന്നും വിധി!

-28-
അന്തശ്ചന്ദ്രശാരദ്ഘനാഭ തടവി-
പ്പൊങ്ങി പ്രദീപാംശുവാൽ
പ്രാന്തസ്ഫൂർത്തി കലർന്ന മാളികയില-
ശ്ശയ്യാതലത്തിൽ ക്ഷണം;
സ്വന്തം ദീപ്തി നശിച്ചഹോ രജതപാത്രം-
പോൽ തണുത്തേറ്റവും
ശാന്തം ഹന്ത! ശയിച്ചിരുന്നു ശിവനേ!-
യബ്ഭാനുവിൻമണ്ഡലം

-29-
കായും ഹൃത്തൊടടുത്തു കേണരുളുവോർ
നേരെ ചിരിച്ചും, തിരി-
ഞ്ഞായുർജ്യോതിഷതത്ത്വവിദ്യകളെ
നോക്കിക്കൊഞ്ഞ്ണംകാട്ടിയും,
ഭീയും ദീനതയും മഹാവിരതിയും
നോട്ടങ്ങളാൽ ചേർത്തുമാ-
ശ്രീയുക്താവയവങ്ങൾ തോറുമൊരുപോൽ
കൂത്താടിയാർത്തൂ മൃതി!

-30-
ലോകത്തെജ്ജഡമാക്കി നിർഭരനിശീ-
ഥത്തിന്റെ സന്താനമാം
മൂകത്വത്തെ മുതിർന്നു തൻ മുലകുടി-
പ്പിക്കും മഹത്ത്വത്തൊടും,
ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ-
ധ്വാനങ്ങളേൽക്കാതെയും
ഭൂകമ്പക്കിലനങ്ങിടാതെയുമിതാ!
പൊങ്ങുന്നു നിശ്ശബ്ദത.

-31-
അമ്പേ! പിന്നതിശൂന്യമാമൊരു മര-
ത്തോട്ടത്തിലുൽക്രാന്തനാം
വമ്പേരാർന്ന സുധാമുഖാഹിപതി നിർ-
മ്മോചിച്ച ചട്ടയ്ക്കിതാ!
മുൻപേ പോയ ‘മയൂരദൂത’കവി തൻ-
ശേഷിച്ച ഭസ്മങ്ങളി-
ന്നമ്പേലും കുശലങ്ങൾ ചൊൽ‌വൂ, നിപുണ-
ശ്രോത്രങ്ങൾ കേൾക്കുമ്പടി!

-32-
“വന്നാലും വിധിയാൽ സ്വയം ത്വരിതമാ-
യെത്തും പ്രിയാകാരമേ-
യിന്നാളല്ലി, പിരിഞ്ഞു ഹന്ത, ചരമാ-
ശ്ലേഷം കഴിഞ്ഞിങ്ങു നാം!
ഒന്നാണിങ്ങെഴുമുഗ്രനാമനലഭൂ-
തത്തിൻ കരം തട്ടിയാൽ
വന്നാളും പരിണാമഭിന്നത പറ-
ഞ്ഞാലും ഭയം തോന്നുമേ!

-33-
മുക്കാലും പുകയായി ഞങ്ങൾ ചെളിയാ-
യൊട്ടൊട്ടുപുൽക്കൂട്ടമാ-
യുൽക്കാചഞ്ചലമായ ജീവിതമതി-
ങ്ങോരോന്നു മാറുംവഴി,
ഇക്കാണും നറുതുമ്പയും മൃദുലമാ-
മിപ്പർപ്പടപ്പുല്ലുമാ
നിൽക്കാതുള്ളൊരവസ്ഥ കണ്ടു ചെറുപൂ-
ങ്കൊത്താൽ ചിരിക്കുന്നതാം.

-34-
വഞ്ചീശിത്രി പരേത ‘ലക്ഷ്മി’യുടെ പൂ-
മൈചേർന്നു രോമോദ്ഗമം
തഞ്ചീടും തിരുമേനിതന്നവയവ-
ക്ഷോദങ്ങളാം ഞങ്ങളെ,
മിഞ്ചീ പാവകനീവിധം; മനുജർതൻ
ഭാഗ്യങ്ങളെങ്ങോർക്കിലു-
ള്ളഞ്ചീടും ചിതയെങ്ങു? ഞങ്ങൾ വിരവിൽ-
ക്കണ്ടിങ്ങു രണ്ടും സ്വയം.

-35-
കഷ്ടം! സ്ഥാനവലിപ്പമോ പ്രഭുതയോ
സജ്ജാതിയോ വംശമോ
ദൃഷ്ടശ്രീ തനുധാടിയോ ചെറുതുമി-
ങ്ങോരില്ല ഘോരാനലൻ
സ്പഷ്ടം മാനുഷഗർവ്വമൊക്കെയിവിടെ-
പ്പക്കസ്തമിക്കുന്നിതി-
ങ്ങിഷ്ടന്മാർ പിരിയുന്നു! ഹാ! -ഇവിടമാ-
ണദ്ധ്യാത്മവിദ്യാലയം!

-36-
ചോരച്ചെങ്കനൽ ചേർന്ന കൊള്ളിനിരപോൽ
പൂക്കും മുരുക്കും പരം
ചാർത്തീയെരിതീയൊടൊത്ത കുസുമം
വായ്ക്കുന്ന മുൾക്കള്ളിയും
ചാരം‌പൂണ്ടു ചവുണ്ട പൂവൊടിവിടം
ചൂഴ്ന്നോരെരുക്കും സ്വയം
സാരജ്ഞർക്കു ന്രേതിഹാസചരമ-
സ്ക്കന്ധം പ്രസംഗിക്കയാം.

-37-
പോകട്ടേയതു ഭൂതപിണ്ഡമനലൻ
ഭജ്ഞിക്കിലും ഭാവിയാം-
ലോകത്തിൽ ക്ഷതിയില്ല പുണ്യചരിത-
ന്മാർക്കെന്നു കേൾക്കുന്നിതേ;
ശോകം വേണ്ടയി, നമ്മളാ മഹിതർതൻ-
ശിഷ്ടാംശമല്ലോ, വരാ-
മാകല്പം പുകളിന്നമുക്കുമിനി നാം
തങ്ങും സ്ഥലങ്ങൾക്കുമേ

-38-
ഓരോന്നിങ്ങനെയോതുമപ്പൊടികളെ-
ത്തർജ്ജിച്ചു മേൽ കുട്ടവ-
ച്ചാരോപിച്ചു വപുസ്സതങ്ങു മിഴിനീ-
രോലുന്ന തജ്ഞാതികൾ,
സാരോദഗ്രനവ”പ്രസാദസര”മൊ-
ന്നർപ്പിച്ചു തന്നാൽ സ്തുതൻ
സ്ഫാരോച്ഛ്വാസമൊടാശ്രയാശനുമഹോ!
പൊങ്ങീ ബുഭുക്ഷാകുലൻ.

-39-
വൃതസ്തോത്രഗണം രചിച്ചു ദിവിഷദ്-
ശ്രോത്രോത്സവം ചേർത്തു നൽ-
ഭവ്യശ്രീകലരും നവീനമുനിയാ-
മിക്ഷത്രിയശ്രോതിയൻ
സുവ്യക്തം തനതംഗമിന്നു ബലിയായ്
നൽകുന്നിതിമ്മട്ടെഴും
ഹവ്യം ഭൂമിയിലില്ലഹോ! ഹുതവഹ-
സ്വാമിൻ! പ്രസാദിക്ക നീ!

-40-
വൃതദ്വേഷി വിരഞ്ഞു വജ്രകരനാ-
യെത്തീ വിയത്തിൽ സ്വയം
മിത്രസ്നേഹമൊടിങ്ങിതാ വരുണനും
വന്നൂ മരുത്തുക്കളും,
അത്രത്യാഗ്നിശിഖാളിപോൽ മുകളിൽ വ-
ന്നെത്തുന്നു രുദ്രാളിയും
ചിത്രം! മേഘഗണം ക്ഷണം മഴയിതാ
നിർത്തുന്നു ദൈവാജ്ഞയാൽ.

-41-
കൃത്യജ്ഞൻ ഹതകൈരളിക്കു നവമാം
ജീവൻ കൊടുത്തെങ്ങുമ-
ന്നിത്യഖ്യാതിയിയന്നൊരിസ്സുകൃതിതൻ
ദിവ്യാംഗസംഗത്തിനാൽ
അത്യർത്ഥാം പരിശുഷ്ക്കമാം ചിതയിലെ-
ഗ്ഗന്ധേന്ധനങ്ങൾക്കു മേൽ
പ്രത്യഗ്രാരുണമായ് മുളച്ച തളിരോ
പൊന്തുന്നു ചെന്തീയതോ?

-42-
ഹാ! ഗർത്തോപരി തീർത്ത പട്ടടയിലെ-
സ്സംസ്ക്കാരപൂതം, മഹാ-
ഭാഗന്തൻ ഗുണധോരണീമധുര,മി-
പ്രേതം സ്വദിച്ചീടുവാൻ
ഭൂഗർഭസ്ഥിതമായ ഭൂതനിവഹം
പൊക്കുന്നു നാക്കൊക്കെയ-
ന്നാഗശ്രേണികണക്കെ നീളുമനല-
ജ്വാലാവലേഹങ്ങളാൽ.

-43-
രോചിസ്സേറി വപുസ്സു പൊൽത്തകിടുപോൽ
പാളി പ്രധൂമാംശുകം
മോചിച്ചിമ്മഹനീയദാഹവിധിയിൽ
സംതൃപ്തനായ സത്വരം
വീചിക്ഷോഭമിയന്ന തീക്കടലുപോൽ
വ്യക്തസ്ഫുലിംഗാകുലൻ
ശോചിഷ്ക്കേശനിതാ സ്ഫുടം ജട വിതുർ-
ത്താടുന്നു രുദ്രാകൃതി

-44-
ഹാ! കാലാഭിഭവം വെടിഞ്ഞനുപദം
പൊങ്ങുന്ന ദാക്ഷിണ്യമേ!
ലോകാരാധിതരീതിയാർന്ന ലളിത-
ശ്രീ തേടുമൗദാര്യമേ!
പാകാർദ്രാവിരതാശ്രിതാശ്രിതപ്രണയമേ!
നിർഗേഹരായ നിങ്ങളി-
ന്നേകാലംബനമായൊരാലയമിതാ
കത്തുന്നു കേണീടുവിൻ!

-45-
ഊഹാഭ്യാസനിശാതചാരുധിഷണേ!
യുന്മേഷസമ്മൃഷ്ടസം-
മോഹാന്ധ്യപ്രതിഭേ! മുഹൂർദ്ധൃതകലാ-
പ്രസ്താരയാം ധാരണേ!
ആഹാ വെന്തെരിയുന്നു! നിങ്ങളഭയം
കൈക്കൊണ്ടു ചേർക്കാന്നൊരാ
സ്നേഹാർദ്രം, സരളദ്രുമം; നിലവിളി-
ച്ചാരാൽ പറന്നീടുവിൻ!

-46-
മങ്ങാത്തോരു മനോഗുണങ്ങളഖിലം
കാലൂന്നി മെത്തും മണം
പൊങ്ങാറായതിനാൽ സ്വയം പുകയിലും
സൗരഭ്യമേറും‌പടി
ഇങ്ങാശിച്ചു വസിച്ചെരിഞ്ഞു പിരിയും
ദേഹാണുപുഞ്ജങ്ങളേ-
യെങ്ങാഹാ!യിനി നിങ്ങൾ പോവതുയരും
കാറ്റിൽ കരഞ്ഞീവിധം.

-47-
പൊങ്ങിപ്പൊങ്ങിയകാലധൂമനിരപൊൽ
പര്യന്തമെങ്ങും നിറ-
ഞ്ഞിങ്ങിക്കാണുവതെന്തുവാൻ? - സുദൃഢമി-
ന്നോരോരു ഭാവങ്ങളാൽ;
തിങ്ങിക്കൈരളിതന്മനോഗുഹവെടി-
ഞ്ഞാശാഗണം താനഹോ!
മുങ്ങിത്തീയിലുമിത്തദാത്മജഗുണം
തപ്പും മഴപ്പാറ്റകൾ.

-48-
നാനാവ്യക്തി വഹിച്ചു കൈരളികരൾ-
ത്തട്ടാർന്നൊരാശോൽക്കരം.
താനാണിശ്ശലഭങ്ങളെന്നു ദൃഢമാ-
യുൾച്ചിന്തുമിച്ചിന്തയിൽ,
സൂനാകാരമടിഞ്ഞിവറ്റ ചിറക-
റ്റാഞ്ഞും കരിഞ്ഞും പെടും
ദീനാവസ്ഥകൾ കണ്ടെനിക്കു ഹൃദയം
പൊട്ടുന്നു ഞെട്ടുന്നു ഞാൻ.

-49-
മോഹത്താൽ തുനിയുന്നു നിങ്ങൾ, മൃദവാ-
മിമ്മേനിയെങ്ങു? ഗ്രനീ
ദാഹവ്യാപൃതനെങ്ങു വഹ്നീ? - അഥവാ,
സത്യം പതംഗങ്ങളേ!
ദേഹം നശ്വരമാർക്കു, മിങ്ങതൊരുവൻ
കാത്താലിരിക്കാ,സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
റാവൃത്തി ചത്തീടുവിൻ

-50-
ഹാ! വണ്ടിൻ‌നികരങ്ങളും ത്സടിതിയി-
ദ്ദിവ്യൻ കവീന്ദ്രന്റെ മേൽ
ഭാവവ്യക്തികൾ കാട്ടിയിന്നനുമരി-
ച്ചാശ്വാസമേലാനിതാ
ദേവന്മാർ ചിലരാവസിച്ചിടുകയാൽ
കാറ്റത്ത്റ്റടിഞ്ഞാഞ്ഞിടും
ഞാവൽകായ് നിരപോലെ പോന്നു ചിതമേൽ
കേഴാതെ വീഴുന്നിതേ.



-51-
സത്യം ദേവകൾതാൻ സുഖത്തിലനുമോ-
ദിക്കുന്നു സത്തുക്കളോ-
ടത്യന്തം, സ്വയമപ്രകാരമനുശോ-
ചിക്കുന്നു ദു:ഖത്തിലും
നിത്യ സ്പർദ്ധിമനുഷ്യവർഗ്ഗമിവിടെ-
ക്കഷ്ടം ഗുണദ്വേഷിയായ്
പ്രത്യക്ഷത്തിലധ:പതിച്ചു സുരരേ!
ഹാ! നിങ്ങൾ താങ്ങീടുവിൻ.

-52-
പ്രാമാണ്യം സ്വയമാർന്ന പാണ്ഡിതി, പരി-
ഷ്കാരത്തിൽ നിത്യാ‍ദരം
സാ‍മാന്യാധികമായ ശക്തി കവിതാ-
സാമ്രാജ്യസംരക്ഷയിൽ
ശ്രീമാ‍ഹാത്മ്യമിവണ്ണമാർന്ന വിബുധ-
ജ്യോതിഷ്പതേ! നിൻ യശോ-
ഭൂമാവിൽ ചിൽ കൗശികവ്രജമഹോ!
പുച്ഛം നടിച്ചൂ ചിരം.

-53-
പണ്ടേയുണ്ടു മനുഷ്യനിഗ്‌ഗുണപുരോ-
ഭാഗിത്വ, മദ്ദുർഗ്‌ഗുണം
കണ്ടേറുന്ന വിവേകശക്തിയതിനെ-
ക്കൊന്നില്ലയിന്നേവരെ;
മിണ്ടേണ്ടാ കഥ-ഹന്ത! യിന്നതു വെറും
മൂർഖത്വമോ മോഹമോ?
വണ്ടേ! നീ തുലയുന്നു; വീണയി വിള-
ക്കും നീ കെടുക്കുന്നുതേ.

-54-
ശങ്കാപേതമുദിക്കുമർത്ഥരുചിയെ-
ങ്ങെങ്ങാ വെറും ശബ്ദമാ-
മാങ്കോലക്കുരുവിന്റെയെണ്ണയിലെഴു-
ന്നജ്ജാലകൗതൂഹലം?
ഹുങ്കാരത്തിലൊതുങ്ങുമോ പരഗുണോൽ-
കർഷങ്ങൾ? ഉണ്ടൂഴിയിൽ
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ!
പുംസ്കോകിലങ്ങൾക്കുമേ.

-55-
വേണ്ടാ ചിന്തയിനിക്കലാനിലയ, വി-
ണ്ണേറും ഭവൽജ്യോൽ‌‌‌സ്നയെ-
ത്തീണ്ടാ ഭൗമതമസ്സുമിന്നസീതമാം
പക്ഷാന്തരംതാനുമേ
ഉണ്ടാകാം പരിഭൂതിഭീതി സുകൃത-
ശ്ലോകർക്കു; വെൺചാമ്പലു-
ള്ളാണ്ടാറുന്ന തദസ്ഥിലേശനിരയും
കത്തമതോർത്താധിയാൽ.

-56-
ശോകം‌പൂണ്ടുഴറിച്ചിരം വികൃതിഭേ-
ദാകൃഷ്ടമാം സാഹിതീ-
ലോകത്തിന്റെ ദുഷിച്ചുപോയ രുചിയെ
പ്രത്യാനയിപ്പാൻ ഭവാൻ,
പാകത്തിൽ കവിരാജരാജ! ഫലമാം-
വണ്ണം ചികിത്സിച്ചു;-ഭീ-
സ്തോകം വേണ്ടയിനിബ്‌ഭവാന്റെ ഗുളിക-
ച്ചെപ്പേന്തുമേ ശിഷ്യരും

-57-
ക്ഷീണിക്കാത്ത മനീഷയും മഷിയുണ-
ങ്ങീടാത്ത പൊൻപേനയും
വാണിക്കായ് തനിയേയുഴിഞ്ഞു വരമായ്
നേടീ ഭവാൻ സിദ്ധികൾ:
കാണിച്ചു വിവിദാദ്ഭുതങ്ങൾ വിധിദൃ-
ഷ്ടാന്തങ്ങളായ്, വൈരിമാർ
നാണിച്ചു, സ്വയമംബ കൈരളി തെളി-
ഞ്ഞൂക്ഷിച്ചു മോക്ഷത്തെയും.

-58:-
എന്നാലിപ്പണിതീര്ന്ന ഗോപുരമുണ-
ങ്ങീട്ടില്ലുറപ്പാർന്നതി-
ല്ലെന്നയഗ്ഗളനാളമെത്തിയ ഭവൽ-
പ്രാണങ്ങൾ കേണാകിലാം
എന്നായാധിയിവർക്കു; ഹാ! വിധി വിനോ-
ദിക്കുന്നു; നട്ടുച്ചയായ്
നിന്നാ ഭാസ്ക്കരനസ്തമിച്ച; മുഴുകീ
കണ്ണീരിലർണ്ണോജിനി.

-59-
കേണാലും മനമേ, കിളർന്നെരിയുവോ-
രിത്തീയിലക്കൈരളീ-
പ്രാണാലംബനമാം കനിഷ്ഠതനയൻ
കത്തുന്നു തത്താദൃശൻ!
വീണാഹാ! കര്യുന്നിതാർദ്രമുഖിയി-
ബ്‌ഭൂദേവി, വാഗ്ദേവിതൻ
വീണാമുക്തകരാർപ്പിതാസ്യകമലം
കണ്ണീർ തുളുമ്പാറുമായ്.

-60-
കാണുംമട്ടിലിടയ്ക്കിടയ്ക്കു തെളിവോ-
രിത്താരചക്രോൽക്കരം
പൂണും തേരുകളേറി മേഘമൊഴിയും
വിണ്ണിന്റെ ഖണ്ഡങ്ങളിൽ
താണുമ്പൊങ്ങിയുമങ്ങടുത്തുമകല-
ത്തായും തിരക്കായിതേ
ചേണുട്ടീടിന വിദ്യയാൽ സ്ഥിരപദം
പ്രാപിച്ച വൈമാനികർ.

-61-
വാനത്തബ്ബഹുദൂരെ വന്മഹിമയാൽ
പണ്ടേ മഹാത്യുന്നുത-
സ്ഥാനം ചേർന്നവരിങ്ങെഴും വ്യസനമോർ-
ത്തിന്നാർത്തിതേടുന്നിതേ!
നൂനം ഭൂമിയൊടുണ്ടവർക്കു വലുതാം
സ്നേഹം, തമസ്സറ്റെഴും
ജ്ഞാനത്താൽ നിജ ദേശകാലകൃതമാം
ദൂരങ്ങളോരില്ലവർ.

-62-
എന്നല്ലിത്തിരുമേനിതാനുമിവരൊ-
ത്തന്യൂനമാഹാത്മ്യമാർ-
ന്നെന്നേക്കും സ്വയമപ്പദത്തിൽ വിലസും
ജ്യോതിസ്സിലൊന്നാമിനി
എന്നദ്ദിവ്യരറിഞ്ഞു ഭൂമി വെടിയു-
ന്നോരീ മഹാനെ ദ്രുതം
വന്നേറ്റം ബഹുമാനപൂര്വ്വമെതിരേ
റ്റീടുന്നുവെന്നും‌വരാം.

-63-
ഓജസ്സാർന്ന മുഖങ്ങൾ ചൂഴെയുരുകും
തൂവെള്ളിപോൽ ശുഭ്രമാം
തേജസ്സിൻ പരിവേഷമാർന്നു തെളിവിൽ
കാണുന്നിതാ വ്യക്തികൾ;
രാജച്ചന്ദ്രികയൊത്ത രമ്യവസനം
പൂണ്ടോരഹോ! സ്ഫാടിക-
ഭ്രാജന്മൂർത്തികൾ വാണിതന്റെ പരിഷൽ-
സാമാജികന്മാരിവർ.

-64-
ത്വിട്ടാളും മിഴിശബ്ദരാശിതിവാൻ
വിട്ടും വിരഞ്ഞാദിനൂൽ
കിട്ടാൻ പണ്ടു കടുന്തുടിധ്വനികളിൽ
കർണ്ണം കൊടുത്തും സ്വയം
എട്ടായ് തീർത്ത സരങ്ങൾ കുച്ഛസഹിതം
കൂട്ടിപ്പഴക്കത്തിലും
പൊട്ടാതക്കിയ സൂത്രഹാരമെഴുമീ
ശ്രീമാനതിൽ പാണിനി.

-65-
'ഭാഷാ' വ്യാകരണം നിജാഭിധയിലായ്
തീർത്തന്നിജോപജ്ഞമാം.
ഭാഷാശാസ്ത്രമതിൽ "ലഘൂ"കരണവും
ചെയ്തൊരു ദേഹത്തിനായ്
തോഷാശ്രുക്കൾ പൊഴിഞ്ഞു രണ്ടു കരവും
പൊക്കീട്ടു മുല്പെട്ടിതാ
ശേഷാരാധിതപാദനമ്മുനി കനി-
ഞ്ഞാശിസ്സു തൂവുന്നിതേ.

-66-
തന്നെത്താൻ നിജചിന്തയിൽ ബലികഴി-
ച്ചാർജ്ജിച്ച നിക്ഷേപമി-
ങ്ങന്യന്മാർ പകരുന്നകണ്ടു, കൃതിയായ്-
ത്തീരുന്നു വിദ്വാൻ സ്വയം,
പിന്നെത്തല്പരിപോഷണശ്രമഫലം
പാർത്താലവൻ പൂണ്ടിടും
ധന്യത്വം പറയേണ്ടതില്ലയി ഭവാൻ
മോദിച്ചു സത്യം മുനേ!

-67-
കാണാമമ്മഹനീയരിൽ പലരെയും
പിന്നിട്ടു പിന്നെപ്പരം
ചേണാർന്നോരു കവീന്ദ്രപട്ടബിരുദം
പൂണ്ടുജ്ജ്വലന്മൗലിയായ്
വീണാപുസ്തകഹസ്തരാം പരിജന-
ത്തോടൊത്തു ഗൈർവാണിതൻ
പ്രാണാധായകനാം മഹാദ്യുതിയെഴു-
ന്നെള്ളുന്നു മെല്ലെന്നിതാ.

-68-
അംഗാരത്തിലെരിഞ്ഞു ശുദ്ധിതടവും
പൊന്നൊത്തു സത്വാഗ്നിയിൽ
ശൃംഗാരക്കറ പോയ്തെളിഞ്ഞൊരു മഹാ-
സൗന്ദര്യസാരാകൃതി;
അംഗാശ്ലേഷവിധിക്കു മിത്രമണിയെ-
ക്കുണ്ടാഞ്ഞു നീട്ടുന്നിതാ
തുംഗാഭിഖ്യയെഴും കരാംകുരമഹോ!
ശുക്രങ്കണക്കാക്കവി.

-69-
നൊന്താളുന്നഴലൊത്തു നിർമ്മലമുഖാ-
ദർശത്തിൽ മൂർച്ഛിച്ചെഴും
ചിന്താരൂഢകൃതജ്ഞതാബഹുമതി-
സ്നേഹാനുമോദങ്ങളാൽ
സന്താപാശ്രുകണങ്ങളൊത്തു തുടരും
സന്തോഷബാഷ്പം ചൊരി-
ഞ്ഞെന്താമിക്കുശലോക്തിയിൽ കവിവരൻ
ബന്ധിക്കുമന്തർഗ്ഗതം?

-70-
ആ മന്ത്രിച്ചഴലാർന്ന ഭൂമിയെ വെടി-
ഞ്ഞെത്തും ഭവാ‍ന്നാദ്യമായ്
ശ്രീമൻ, ബാഷ്പസമാവിലാക്ഷരമുര-
ച്ചീടുന്നു ഞാൻ സ്വാഗതം
ഹാ! മർത്യൻ സുരഭാവമാർന്നിടുകിലും
ഭൂസ്നേഹി; നിർഹേതുക-
പ്രേമം തന്നെ ജയിപ്പൂ, ലോകമതുതാ-
നാനന്ദദു:ഖാത്മകം.

-71-
ഏകാന്തം സുഖമിങ്ങു, നിത്യമഴലാം
താഴെത്തമോഭൂമിയിൽ,
പോകാ സക്തി തമ:പ്രകാശശബള-
ശ്രീയൊത്ത മദ്ധ്യോർവ്വിയിൽ,
ഛേകാത്മാചലഭോഗഭൂവിൽ നിമിഷ-
ന്തോറും രസോന്മേഷിയാം,
ശ്രീകാളും രസകാമധേനു രസയാ-
മോർക്കിൽ കവിക്കെന്നുമേ.

-72-
ഹേമക്ഷ്മാധരകൂടകല്പകമലർ-
ക്കാവിന്റെ ഭാഗങ്ങളിൽ
പ്രേമത്തിൽ സുരയൗവതങ്ങളനിശം
പാടുന്ന മദ്വാണികൾ
സാമഞ്ജസ്യമെഴും ഭവൽഫണിതിയിൽ
സഹ്യാദ്രിസാനുക്കളിൽ
ഭൂമൻ, ഭൗമ’കുമാര’രോതുവതെനി-
ക്കേകുന്നു രോമോദ്ഗമം.

-73-
ഭംഗംവിട്ടു രസപ്രവാഹമമര-
പ്രാമാണികർക്കപ്സരോ-
രംഗത്തിൽ തിരതല്ലിയെന്നുമരുളും
മദ്രൂപകങ്ങൾക്കു മേൽ
അംഗസ്വന്ത’കലാവിലാസ’വശയാ-
യാടുന്ന വാഗ്ദേവിത-
ന്നംഗക്ഷേപകതൂഹലങ്ങളുമെനി-
ക്കാനന്ദമേകുന്നുതാൻ.

-74:-
രാസ്യശ്രീഗതിയാൽ സ്വയം ‘രഘു’വിനെ-
പ്പോ’ലാംഗ്ലസാമ്രാജ്യ’മാം
പ്രാജ്യത്വംകലരുന്ന വാഗ്‌ലഹരിയാൽ
വിശ്വം ജയിച്ചു ഭവാൻ;
പൂജ്യഖ്യാതിയെഴും സുധാസദൃശിയ-
ഗ്ഗൈർവാണിതാനും തണു-
ത്താജ്യമ്പോലെയുറച്ചുപോയ നിലവി-
ട്ടിപ്പോൾ ദ്രവിച്ചു കവേ!

-75-
ഖേദവ്യാകുല, കേരളാവനി കര-
ഞ്ഞീടുന്നതും, തീവ്രനിർ-
വ്വേദവ്യാഹതചിത്ത കൈരളി വിര-
ഞ്ഞിമ്മട്ടു മൂർച്ഛിച്ചതും,
ഹാ! ദർശിച്ചു ഭവദ്ഗുണങ്ങളനുമാ-
നിക്കാം സഖേ! ഭൂവിൽ നിർ-
വ്വാദം വിശ്വഭരം രസത്തിൽ നിലനിർ-
ത്തീടുന്നു വാഗ്വേദികൾ


-76-
താരിൻ സൗരഭധാടി തെന്നലതുപോൽ
സ്വച്ഛന്ദവഗ്വീചിയാൽ
പാരിൻ പ്രാജ്യഗുണം പരത്തിയതിനെ-
ബ്‌ഭോഗാർഹമാക്കും മഹാൻ
നേരിൽ പ്രാണനിളയുക്കു, പിന്നെ മറയാൽ
താരാട്ടി ബാല്യം മുതൽ
ഭൂരിച്ഛാന്ദസർ പോറ്റിയോരു വസുധ-
യ്ക്കോർക്കിൽ കഥിക്കേണമോ?

-77-
അംഗച്ഛേദനതുല്യമാണു ഭവതി-
ക്കേതാദൃശ്യന്മാർ നിജോ-
ത്സംഗം വിട്ടു പിരിഞ്ഞുപോവതു, വിധി-
ക്കിമ്മട്ടു കീഴ്പ്പെട്ടിനി,
തുംഗപ്രാഭവമാർന്നിടും ത്രിപഥഗാ-
സംഗത്തിനാൽ സ്തുത്യമാം
‘വംഗ’ദ്യോവിലുദിച്ചുയർന്ന ‘രവി’യെ
സ്നേഹിക്ക വിശ്വംഭരേ!

-78-
ഈവണ്ണം തുടരുനതിന്നിടയില-
ശ്ശാകുന്തളോദ്യദ്യശോ-
ധാവള്യംകലരും കവീന്ദ്രനുടനേ
കമ്പിട്ടു മുമ്പാക്കവേ,
ഭാവസ്വച്ഛതയാർന്നു ചാരുകവിതാ-
മന്ദസ്മിതം‌പോൽ മന-
സ്സാവർജ്ജിപ്പൊരു ധാമമെത്തി നിലകൊ-
ള്ളുന്നൂ നിരാഡംബരം.

-79-
“ശ്രീമൻ, ഭൂപരിവർത്തനങ്ങളിലിട-
യ്ക്കെങ്ങോ മറഞ്ഞേറെനാ-
ളീമട്ടിൽ പടുദന്തലേഖനി നയി-
ച്ചിപ്പോൾ ‘ഗണേശോ’ദ്ധൃതം
ആ മന്നാടകചക്രമ്പിൽ നിജവാ-
ക്കൂടേ തിരിക്കും ഭവാ-
നാമർജ്ജിച്ചിതു കാലസിന്ധുവിലഹോ
സംസാരപാരിപ്ലവം!“

-80-
ഖ്യാതിപ്പെട്ട പുരാണരൂപകകവി-
പ്രൗഢൻ കനിഞ്ഞീ വച-
സ്സോതി സ്വസ്തി പറഞ്ഞുമാറുമുടന-
ങ്ങോരോ കലാവല്ലഭർ
ഹാ! തിക്കുന്നു, സമാനുകമ്പരവരിൽ
പൗരസ്ത്യപാശ്ചാത്യരാം
ജ്യോതിർവിത്തുകൾ മുഖ്യരാണുപചിത-
ജ്യോതിഷ്പ്രസാദോജ്വലർ.

-81-
നാലഞ്ചാളുകൾ പിന്നെയർച്യപദരാ-
വേദാന്തിമാരപ്പുറ-
ത്താലങ്കാരികരാഗമജ്ഞർ പലര-
ന്നൈരുക്തികന്മാർ ചിലർ
നീലശ്രീലശരന്നഭസ്സിലുയരും-
ഗംഗാതരംഗത്തിലെ-
പ്പാലഞ്ചും പുതു ബുദ്ബുദപ്രഭയൊടും
പൊങ്ങുന്നിതങ്ങങ്ങവർ

-82-
താണാ ദിക്കിനു തെല്ലുദൂരെയുടനെ
കാർകൊണ്ടലിൻ കോടിയിൽ
കാണാമാഭ കടൽക്കരയ്ക്കൊരു കരും-
വാർകൈത പൂക്കുന്നപോൽ,
ഏണാങ്കന്റെയപൂർണ്ണബിംബമവിടെ-
പ്പൊങ്ങുന്നതോ? വാണിതൻ
ചേണാർന്നീടിന ഹംസമാ വഴി പറ-
ന്നെത്തുന്ന സന്നാഹമോ!

-83-
അല്ലിൽ ദ്യോവിൽ മഹാണ്ഡകോടികൾ ചലി-
ച്ചങ്ങങ്ങു പൊങ്ങും രവം
തല്ലിക്കൂടിയ വാദ്യമൊത്തനുരണി-
ച്ചാ വീണ കേണീടവേ,
കില്ലില്ലിങ്ങു കനിഞ്ഞു ദേവിയെഴുനെ-
ള്ളീടുന്നിതിപ്പുത്രനെ-
ച്ചൊല്ലിത്താപമൊടും സുരർഷിനിവഹ-
വ്യാഗീത, വാഗീശ്വരി.

-84-
അക്കാർവിട്ടു തെളിഞ്ഞ ഹംസപതിമേൽ
തങ്ങി ക്ഷണം ഭൂമിയിൽ
തൃക്കാരുണ്യകടാക്ഷദീധിതി നറും
പാൽ‌പോൽ പരത്തി സ്വയം;
ചിൽക്കാമ്പാമവൾ കേരളോർവ്വിയെയഹോ!
കാണുന്നു ദു:ഖാബ്ധിയിൽ,
തൽക്കായത്തിലടിഞ്ഞ കൈരളിയെയും
നോക്കുന്നിതമ്പാർന്നുടൻ.

-85-
ഉന്നിദ്രാഭകലർന്നു കാറ്റിലിളകും
കാറൊത്തു കാലോളവും
പിന്നിൽ പാറിയ കൂന്തൽമേൽ വിലസിയും
തൂമഞ്ജുപൂ’മഞ്ജരി’
ചിന്നിപ്പൂവുടയാട ‘സാഹ്യ’മിയലും
പൊൻ‌നാടയാൽ മിന്നിയും
മന്നിൽ പെട്ടു കിടക്കുമമ്മകളെ നിർ-
വർണ്ണിച്ചു വർണ്ണാത്മിക.

-86-
സ്ഥൂലദ്രാവിഡമട്ടുവിട്ടു നിയമ-
സ്വച്ഛാംഗിയായോമന-
ക്കോലം ‘സംസ്കൃത’മോടിയാൽ വികൃതമാ-
ക്കീടാതെ ചേതോഹരി.
ഫാൽത്തിങ്കലഴിഞ്ഞ് സൂക്ഷമ’തിലകം’
പൂരിച്ചു സദ്”ഭൂഷണം”
ലോലശ്രീയൊടു പണ്ടു മൂർച്ഛയിതിലും
ശോഭിച്ചിടുന്നുണ്ടിവൾ.

-87-
മിണ്ടാതിന്നിലയിൽ ശയിക്കിലുമഹോ
മാധുര്യമേലും മുഖ-
ത്തണ്ടാരിൻ മൃദുസംവിധാനഗതിയാ-
ലോതുന്നിതേതാണ്ടിവൾ
“വേണ്ടാ ജീവിതമിന്നിയെന്നുടലിലും
വൈരൂപ്യമേകീടുവോ-
രുണ്ടാം മേലിലനേക,രസ്തമിതനാ-
യെൻ സൂര്യ”നെന്നൊക്കവേ.

-88-
ആകാശത്തിലുടൻ പ്രഭൂതരുജപു-
ണ്ടെത്തുന്നിതഞ്ചാറു ന-
ല്ലാകാരപ്രഭ ഹംസപക്ഷരുചിയാം
മേക്കട്ടിതൻ താഴെയും
ഹാ! കാരുണ്യമിയന്നു കുണ്ടിതഖിലം
കേഴുന്നു വാഗ്ദേവിതാൻ;
ശോകാവസ്ഥ പരസ്പരം പകരുമി-
ങ്ങാർദ്രാ‍ശയർക്കാർക്കുമേ.

-89-
തേനഞ്ചീടിന ‘ഗാഥ’യാലൊരു മഹാൻ
താരാട്ടി മുമ്പമ്പിയ;-
ന്നാനന്ദാശ്രുവിൽ മുക്കി മറ്റൊരു മഹാ-
ധന്യൻ ‘കിളിക്കൊഞ്ചലാൽ’;
ദീനത്വം കലരാതെയന്യസരസൻ
‘തുള്ളിച്ചു’തൻപാട്ടിനാൽ’;
നൂനം കൈരളിയമ്മയും ശിശുവുമായ്-
നിന്നാളവർക്കന്നഹോ.

-90-
അക്കാണും പ്രഭപൂണ്ടടുത്ത് വിലസും
സാരസ്വതന്മാരിലീ-
മുൽക്കാര്യങ്ങൾ നിനച്ചു കേഴുവവരാ-
ണിച്ചൊന്ന മൂന്നാളുകൾ;
ഉൾക്കാമ്പാടിയവർക്കു പിൻപിലെഴുമ-
മ്മറ്റുള്ളപേർ ദേവിതൻ
തൃക്കാൽ കൂപ്പുകയാം സമാധി വരുവാൻ
തോരാത്ത കണ്ണീരൊടും.

-91-
പ്രവ്യഗ്രാശയരായ് പകച്ചഴൽ വഹി-
ച്ചിമ്മട്ടു നിന്നീടുമ-
ദ്ദിവ്യസ്ത്രീപുരുഷർക്കുശേഷമുടനേ
രോമാഞ്ചമേകും പടി;
ഭവ്യപ്രദ്യുതിപൂണ്ടു ഭാരതിയെഴും
സ്ഥാനത്തിൽനിന്നപ്പൊഴീ-
സുവ്യക്താക്ഷരവാണീ മാറ്റൊലിയൊറ്റും
കേൾക്കുന്നു ദിക്കാകവേ;

-92-
“വത്സേ! കൈരളി,യാശ്വസിക്ക,വിധിസ-
ങ്കല്പത്തെ മാനിക്ക, നിൻ-
ഹൃത്സേതുക്കൾ തകർത്ത മോഹനദിവി-
ട്ടേറീടുകെൻ പൈതലേ,
സത്സേവ്യേ! സഖീ! കേരളാവനി! കുഴ
ഞ്ഞീടായ്ക് ദു:ഖങ്ങളിൽ;
ചിത്സേകച്യുതമോഹനായ ഭഗവൽ-
പാദന്റെ മാതാവു നീ.

-93-
ലോകം നിത്യചലം, വൃഥാ മൃതിഭയം
തോന്നുന്നു മാറ്റങ്ങളിൽ
പാകത്തിൽ പൊരുളൊന്നുതന്നെ;പലതാ-
മദ്ദേശകാലങ്ങളാൽ;
ഏകവ്യാകുലവിശ്വചക്രപടലം
ധർമ്മാക്ഷദണ്ഡത്തിൽനി-
ന്നാകല്പം ചുഴലുന്നു, തദ്ഗതി തടു-
പ്പാനില്ല കൈയാർക്കുമേ!“

-94
വീഴുന്നു സുരബാഷ്പവൃഷ്ടിയുടനേ-
യൽക്രാന്തനാത്മാഭയാൽ
ചൂഴും തേരിലുയർന്നിടുന്നു വഴിമേൽ
ഹംസാരവത്തോടുമേ,
കേഴും വ്യക്തികൾ വാണിമാതൊടുമിതാ
മായുന്നിതങ്ങങ്ങുതാൻ.
താഴുന്നൂ ദശമീഹിമാംശു കടലിൽ
പൊങ്ങും തരംഗത്തിലും.

-95-
ഹാ! കണ്മൂടിയിരുണ്ടു ദിക്കഖിലവും
വ്യാപിച്ചു മേന്മേൽ മഹാ-
കാകശ്രേണികൾപോലെ വന്നുരുതമ-
സ്കാണ്ഡങ്ങൾ തിങ്ങുന്നിതേ
ലോകവ്യക്തചരിത്രകൃത്തു വിധിയീ-
നാളായ താളിൽ സ്വയം
ശോകവ്യഞ്ജകമായടച്ചു മഷിതേ-
ച്ചീടുന്നു കില്ലില്ലതിൽ.

-96-
വാണീസംഗമവും സുരാഗമനവും
മറ്റും വൃഥാ വാസനാ-
ശ്രേണീനിർമ്മിതമാണു; കാണ്മതു ദിവാ-
സ്വപ്നങ്ങളാണൊക്കെ ഞാൻ
താണീലിന്നു വിയോഗവേദന, മറി-
ച്ചെന്നന്താരാത്മാ ഭൃശം
കേണീടുന്നിതുണർന്നഹോ! ജനനിയെ-
ത്തേടും കിടാവെന്നപോൽ

-97-
പോയീ കൈരളിതൻ പ്രശസ്തതനയൻ!
പോയീ മഹാപണ്ഡിതൻ!
പോയീ ശിഷ്യസുഹൃല്പ്രിയൻ ഭസിതമഅ-
യമ്മേനി! പേരായ് മഹാൻ;
മായീഭൂതമഹോ ജഗത്സ്ഥിതി!യിതാ-
മാദൃക്ഷരിൽ ശോകമി-
സ്ഥായീഭാവമിയന്നു; ബാഷ്പനിരയും
നിൽക്കാത്ത നീർച്ചാട്ടമായ്.

-98-
ആഹാ! നിഷ്ഠുരരാത്രി! യമ്മഹിതനെ-
ത്തിന്നന്നു സിദ്ധിച്ചൊര-
ദ്ദേഹായാമമൊടുന്നുരണ്ടു പുരുഷാ-
യുസ്സെന്തു നീളാഞ്ഞു നീ?
സ്നേഹാർത്തർക്കു സുഖം വളർത്തുമതു നീ
ചെയ്തില്ല; വേൺറ്റാ, സ്വയം
മോഹാന്ധത്വമിയന്നു ഞങ്ങൾ, പകലും
രാവാണു ഞങ്ങൾക്കിനി.

-99-
പറ്റീ പേരിതു "കാലയുക്ത്യ"ഭിധമാ-
മാണ്ടേ! അനർത്ഥങ്ങളെ-
പ്പെറ്റീടാനിടചേർന്നൊരുഅ"മ്മിഥുന"മേ!
യോഗം മഹാകേമമായ്!
തെറ്റീട്ടില്ല നിനക്കു "പഞ്ചത"യുമ-
ന്നാളേ! യഹോ! നിങ്ങളെ-
പ്പറ്റീട്ടഞ്ചണമിങ്ങു ഞങ്ങൾ മൃതിയെ-
പ്പക്ഷേ ജയിച്ചലുമേ.

-100-
ഐരോപ്യാഹവവഹ്നി ഭൂമിയെ ദഹി-
പ്പിക്കുന്നു, കച്ചോടമാം
പേരാളും ധനരക്തനഅഡി നിലവായ്,
ത്തെറ്റീ ഗ്രഹാനുഗ്രഹം,
ഓരോ വ്യാധികളായിതാ യമനുമാർ-
ന്നെത്തുന്നു, ഞങ്ങൾക്കെഴും
ഘോരാന്തർജ്വരപീഡ കാൺകതുകളെ-
ത്തുച്ഛീകരിച്ചു വിധേ!

-101-
ഇല്ലേറെപ്പരമാർത്ഥസൂരികൾ, കവി-
സ്ഥാനാർഹരില്ലത്രപേർ;
ചൊല്ലേറും ശുഭശീലനിഷ്ഠരവരിൽ-
പ്പിന്നെച്ചുരുക്കം ചിലർ;
ഉല്ലേഖിച്ച ഗുണങ്ങൾതന്നെ തികവോ-
രില്ലാരു മുണ്ടെങ്കില-
ങ്ങല്ലേ? ഹാ! തിരുമേനി,-ആരിവിടെയീ
നഷ്ടത്തെ വീട്ടാനിനി?

-102-
ചാരുത്വം തികയും സുമങ്ങളെയുടൻ
വീഴ്ത്തുന്നു പൂവല്ലികൾ;
ചോരും മാധുരിയാർന്ന പക്വനിരയെ-
ത്തള്ളുന്നു വൃക്ഷങ്ങളും;
പാരും കൈവെടിയുന്നു പുത്രരെയഹോ!
പാകാപ്തിയിൽ-ദോഷമായ്-
ത്തീരുന്നോ ഗുണമിങ്ങിവറ്റ കഠിന-
ത്യാഗം പഠിപ്പിക്കയോ?

-103
കേണീടിൻ പ്രിയരേ!യുഴന്നു ഗതികെ-
ട്ടുള്ളോർ സമസ്തസ്വമായ്-
പേണീടും ചുടുകണ്ണുനീരിനു തുലോം
ധന്യത്വമേകീടുവിൻ!
പ്രാണീഭൂതമഹാനിനി പ്രതിനിവൃ-
ത്തിക്കില്ല, ശോകാപഗാ-
വേണീവായ്പിൽ വിവേകവഞ്ചി ശകലം
പോകില്ല മുമ്പോട്ടുമേ.

-104-
സ്യാനന്ദൂരപുരത്തവാന്തരവഴി-
ക്കോണൊന്നി,ലാഡംബര-
ന്യൂനശ്രീ തടവി, സ്സദാ പലകലാ-
നിഷ്ണാതർ തേടുന്നതായ്
ആനന്ദാലയമായ് ലസിച്ച ഗുരുവിൽ-
വെണ്മാടമേ! എന്തിന-
സ്ഥാനത്തിശ്ശവഗോപുരാകൃതിയിൽ നീ
നിൽക്കുന്നു? നോക്കാൻ പണി!

-105-
കൂറാളും തിരുമേനി കൃത്യപരനായ്
പിൻ പൂമുഖം പൂകവേ
മാറാതമ്മലർ‌വായു വീശുവൊരു നൻ-
മല്ലീനികുഞ്ജങ്ങളേ!
വേറാശയ്ക്കിടമില്ല, നിങ്ങൾ ചൊരിയും
വെൺപൂക്കളെത്തദ്ബലി-
ച്ചോരായോർത്തു ചുഴന്നു കാക്കകളിനി-
ക്കൊത്തീടുമോർത്തീടുവിൽ!

-106-
ജാലംപോലെ ഭവാന്റെ ലീലകൾ വിഭോ!
പോയീ, പ്രിയാനന്ദന-
സ്യാലന്മാർക്കു നിജാലയം 'ബലിപുരം'
താനായിനിസ്സര്‌വ്വഥാ;
ആലംബിച്ചവയെക്കുമാരരവിടെ-
ത്തച്ചിത്രവൈദഗ്ധിതൻ-
കാലദ്ധ്വം സനജാഡകൊണ്ടു വെറുതേ-
യുൽക്കണ്ഠ കൂട്ടാം ചിലർ.

-107-
ഓമൽത്താർമണമാർന്നൊരായരമന-
പ്പുവാപിയിൽ പ്രീതിയാൽ
ശ്രീമൻ! രോഹിതരൂപനങ്ങു നടുവിൽ
പോയ് നീന്തി നീരാടിപോൽ;
ഹാ! മത്തൻ യമധീവരൻ വലയെറി-
ഞ്ഞേല്പ്പിച്ചുപോൽ; ഈശ്വരാ!
ഭീമത്വം കലരുന്ന വൈതരണിയീ-
വാർത്തയ്ക്കു ലാക്കാം കുളം!

-108-
ഹാ! രോഗം കഫദോഷമല്ലി, സുഖമാം
നാലഞ്ചുനാൾക്കുള്ളിലെ-
ന്നോരോന്നാശയൊടോർത്തു ഞങ്ങൾ; വിധിയോ
ചിന്തിച്ചു വേറേവിധം;
ഘോരോദന്തമിതാ തറച്ചിതു ചെവി-
ക്കാഹന്ത! നേരായിതുൾ-
ത്താരോർക്കാ-ബത, രാഹുതന്നെ രവിയിൽ
കല്പാന്തകാലാഹിയായ്!

-109-
മങ്ങാതിപ്പൊഴുമുള്ളിലമ്മുഖവുമ-
സ്സല്ലാപവും മൈത്രിയാൽ
വിങ്ങാറുള്ള വിലോകനങ്ങളുമഹോ!
നൽകുന്നിതമ്മാതിരി;
എങ്ങാവോ തിരുമേനിയിന്നു? വരുമോ
വീണ്ടും? കവീന്ദ്രോക്തിപോ-
ലിങ്ങാഗന്ഋഉകവൈകൃതം സ്ഥിതിയഹോ!
ദേഹിക്കു നിത്യം മൃതി.

-110-
കാലത്തൂണുകഴിഞ്ഞു കൗതുകമൊടും
ചെമ്മേ മുറുക്കു സ്വയം
ലോലശ്രീതിലകാഭ തൂവി, വിതറി-
പ്പൂങ്കർണ്ണഭൂഷാരുചി
പാലഞ്ചും സ്മിതമോടൊരംശുകമുടു-
ത്തെത്തുന്നൊരമ്പാർന്നതി-
ക്കോലം പോയിതു ചിത്തമേ, യയവിറ-
ക്കിക്കൊൾകയക്കാഴ്ച നീ!

-111-
ചട്ടറ്റീടിന ശോഭചേർന്ന പനിനീർ-
പ്പൂച്ചെണ്ടു പൊന്നൂലിനാൽ
കെട്ടപ്പെട്ടതുപോലിണങ്ങിയ തല-
പ്പാവാർന്നു കാമ്യാകൃതി
ചട്ടയ്ക്കാഭകലർത്തി മേല്വിലസുമ-
ച്ചിത്രാംഗവസ്ത്രാഢ്യനായ്
തിട്ടം ഹാ! രഥമേറിയും സ്മൃതിപഥ-
ത്തിൽത്താൻ ചരിക്കാമിനി

-112-
ശ്രീതാവുന്നൊരു വഞ്ചിവല്ലഭമഹാ
ഹൗണീകലാശാലയാം
മാതാവിൻ സ്തനമുണ്ടറിഞ്ഞിതു ഭവാൻ
പാശ്ചാത്യവിദ്യാരസം
നേതാവും സ്വയമായിതങ്ങൊടുവില-
ന്നാ വീരസൂ ധന്യയാ-
യോതാമിന്നവൾ കൈരളിക്കു കിടയായ്
വാടുന്നു വിദ്വന്മണേ!

-113-
ലീലാനിർജ്ജിതവിദ്യരായ് പുകഴ്പര-
ത്തീടുന്നൊരേതൽ കലാ-
ശാലാപണ്ഡിതലോകവും പ്രിയതയാൽ
വിദ്യാർത്ഥിസന്ദോഹവും
ആലാപങ്ങളിലിന്നു താവകഗുണം
വർണ്ണിച്ചു കണ്ണീർക്കണം
ലോലാഭം പുതുമുത്തുപോലരിയ കൈ-
ലേസാൽ തുടയ്ക്കുന്നിതേ!

-114-
ഗാഢസ്നേഹമൊടങ്ങു കൿഷ്യയിലണ-
ഞ്ഞാ ശിഷ്യതാരാവലി-
ക്കൂഢശ്രീ ഹിമരശ്മിയായ് സുധചൊരി-
ഞ്ഞാരാൽ വിളങ്ങുന്നതും,
പീഠംവിട്ടു നിവർന്നെണീറ്റു നൊടിയിൽ-
ച്ചാഞ്ഞാഞ്ഞുദാരാഭയിൽ
പാഠവ്യാഖ്യ കുറിക്കുമപ്പലക ലാ-
ക്കാക്കി ത്വരിക്കുന്നതും.

-115-
ഒറ്റക്കാൽ, പിറകൂന്നിയൂർമ്മികകളാൽ
മിന്നും വലംകൈയതിൽ
ചെറ്റമ്മൃത്തികയേന്തി വാക്യമെഴുതി-
ക്കാണിച്ചു നിൽക്കുന്നതും,
അറ്റം തെല്ലു ചുരുട്ടിയായിടതുകൈ
പിൻ‌ചേർത്തു വിശ്രാന്തനായ്
കറ്റക്കാർശിഖ പിൻപൊതുക്കി മറുകൈ-
ത്താർ വീശി ലാത്തുന്നതും.

-116-
കോപസ്ഫൂർത്തിയറിഞ്ഞിടാതരുണമാ-
മോമൽ കടക്കണ്ണുതൻ
ക്ഷേപത്താൽ തിരുമേനി ശിഷ്യരെയിട-
യ്ക്കോരോന്നു വീക്ഷിപ്പതും
സ്വാപഭ്രാന്തികണക്കു മാഞ്ഞിതഖിലം!
ഹാ! രംഗമേ ശൂന്യമായ്
ദീപം പോയ വെറും വിളക്കു തടയാ-
യെപ്പോഴുമിപ്പീഠവും!

-117-
ഈ വിദ്യാലയവേഴ്ചയാനധികവും
ത്വദ്ഗ്രന്ഥരത്നങ്ങൾ ത-
ന്നാവിർഭാവനിമിത്തമെന്നതു നിന-
ച്ചമ്പാർന്നു കുമ്പിട്ടിടാൻ
ഹേ! വിദ്വൻ! ഭവദീയഭക്തജനത-
യ്ക്കാരാദ്ധ്യമാമോർമ്മതൻ
കോവിൽ ഗർഭഗൃഹങ്ങളായി നെടുനാൾ
നിൽക്കട്ടെ തൽ കൿഷ്യകൾ!

-118-
നീലപ്പുൽത്തറകൾക്കു മേൽ പല നിഴൽ-
ക്കൂടാരമുണ്ടാക്കിയും
കാലത്തിൽക്കനിയേകിയും കിളികൾ തൻ-
ഗാനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമിതിൻ
മുമ്പേറെ വമ്പാർന്നെഴും
സ്ഥൂലാമ്രാധിപ! കേഴുകീ വിരഹമോർ-
ത്തെന്നും മഴക്കാറ്റിൽ നീ!

-119-
പ്രാദുർഭാവമിയന്നു തന്നിതു കവേ!
യങ്ങയ്ക്കു ഗൈർവാണിയീ
വൈദുഷ്യപ്രഥ ഭാരതാവനിയിലും;
പാശ്ചാത്യലോകത്തിലും;
സ്വാദുറ്റോർത്തവിടുന്നു സംസ്കൃതകലാ-
ശാലോന്നതിവ്യഗ്രനായ്
ഹാ! ദുര്യോഗ,-മിതാ പ്രയത്നതരു പൂ-
ക്കാറായി; പോയീ ഭവാൻ!

-120-
ഹന്ത! ദ്യോവിലിയുർന്നിതങ്ങൊരു മഹാ-
നിന്നീ’യനതാലയ’-
ത്തന്തർദ്ധാനമിയന്നിത’ക്കവി’ ‘ബുധൻ’
പോയ്, പോയി ‘വാചാസ്പതി’
സ്വന്തക്ഷീണത രാജധാനി! പരിഗോ-
പിച്ചിന്നു പോറ്റാം നിന-
ക്കന്ത, സ്സീ’ഗ്രഹചാര’ദോഷമധികം
മാലോകരാലോചിയ.

-121-
മദ്രാഭിഖ്യമഹാപുരത്തിലുയരും
മാർത്താണ്ഡരമ്യാഭയായ്
മുദ്രാതീതമഹത്ത്വമാർന്നു വിലസും
ശ്രീ ‘വിശ്വവിദ്യാസഭേ!‘
ത്വദ്രാജദ് ബിരുദങ്ങൾ നേടിയയി! നിൻ-
സേനാഗ്രഭൂവാർന്നൊരാ
ഭദ്രാത്മാ നിജകൃത്യയാത്രയിലിതാ
മുങ്ങീ മഹാംഭോധിയിൽ.

-122-
ഭ്രാജിക്കും ഭവദീയരാജ്യപരിധി-
ക്കുള്ളിൽ സ്വതേജസ്സിനാൽ
രാജിക്കും പല ശബ്ദലോകമൊടു തൻ-
ഭാഷാപ്രകാണ്ഡത്തെയും
യോജിപ്പിച്ചഭിവൃദ്ധി ചേർക്കുവതിനായ്
വാഗസ്ത്രമേന്തി ശ്രമി-
ച്ചീ ജിഷ്ണുദ്യുതി കൈരളിക്കുമരുളീ
ക്ഷേമം നിനക്കും സഭേ!

-123-
ഈടേറുന്നൊരു നഷ്ടമിങ്ങനെ പിണ-
ഞ്ഞാഹന്ത! ശോകാന്ധമായ്
പാടേയൂർദ്ധ്വഗവാക്ഷദൃഷ്ടികൾ മിഴി-
ച്ചിന്നാ സഭാസൗധമേ!
കേടേശാതുരു ശാന്തവാക്കുകൾ കടൽ-
ക്കാറ്റോതിനിന്നീടിലും
ചൂടേലും നെടുവീർപ്പുകൊണ്ടു നഗരി-
ക്കേകുന്നു താപത്തെ നീ!

-124-
ഹാ! കഷ്ടം പ്രതിഭാപ്രകാശഭരമാർ-
ന്നർക്കോജ്ജ്വലൻ മർത്യനും
ലോകത്തിമ്മൃതി തുല്യമിന്നുമൊളി ക-
ണ്ടിടാത്ത കീടത്തിനും;
ഈ കർമ്മക്ഷമവിദ്യയൊന്നുമിനിയും
നൽകീല സാഹായ്യമീ
ശോകത്തിന്നു,-വൃഥാ കപാലഫലകം
കായിച്ചു നീണാൾ നരൻ!

-125-
എന്തായീ ശ്രമ? മെത്രനാളുഴറി നീ
ശാരീരവിജ്ഞാനമേ!
എന്താശിപ്പതു’രാസ’‘ബൗതിക’മഹാ-
തന്ത്രങ്ങളേ! നിങ്ങളും?
ചിന്താമർജ്ജരനായ നിങ്ങടെ പിതാ-
വാം മർത്യനെത്തീടുമീ-
യന്താവസ്ഥയഹോ! ദയാർഹ, മിതഹോ!
നിങ്ങൾക്കു ലജ്ജാവഹം.


-126-
പാരിൽ സൃഷ്ടിദിനം തുടങ്ങി മരണം
പേടിച്ചു ചൂടേറുമുൾ-
ത്താരിൻ ജ്വാലകളല്ലി, നിങ്ങൾ പറവിൻ
തീവ്രാർക്കതാപങ്ങളേ?
പൂരിക്കും നെടുവീർപ്പുതൻ നിചയമ-
ല്ലേ നിങ്ങൾ വായുക്കളേ?
ഭൂരിപ്രാക്തനബാഷ്പമല്ലി, മുകിലിൻ-
വർഷങ്ങളേ! നിങ്ങളും?

-127-
ചത്താൽ ജീവിതവാർത്ത പോയി, പടു-
കാറ്റേറ്റോ ഘൃതം വറ്റിയോ
കത്താതായ വിളക്കിനൊത്തതു കഴി-
ഞ്ഞെന്നാലിരുട്ടണുപോൽ;
ഉത്താപത്തൊടു, ഭോഗവാസനകളാൽ,
നിർദ്ദേഹനാം ദേഹി, കൈ-
യെത്താതായ പഴം കൊതിച്ച ശിശു-
വായ് കേഴുന്നുപോലേറെനാൾ;

-128-
കർമ്മത്തിൻ വശരായുയർന്നു സുഖമായ്
സ്വാരാജ്യമോ ദു:ഖമായ്
നിർമ്മാർജ്ജിച്ചതിഘോരമാം നരകമോ
പുകന്നുപോൽ ദേഹികൾ;
ശർമ്മമ്പോലെയശർമ്മവും മറുതടം
കാണാത്ത നിത്യബ്ധിപോൽ;
ധർമ്മവ്യായതചക്രചാരിപുരുഷൻ
വീണ്ടും വരുന്നുണ്ടുപോൽ;

-129-
ഓരോന്നിങ്ങനെയൂഹമോ നിഗമമോ
ലാക്കാക്കിയോതാം ചിലർ-
ക്കാരോരുന്നിതു തത്ത്വ?മെങ്ങനെയൊരാൾ
കാണുന്നിതങ്ങേപ്പുറം?
നേരോ പ്രേതകഥപ്രസക്തി? പൊളിയോ?
മസ്തിഷ്കവൈകല്യമോ?
വേരോടിങ്ങു കരിഞ്ഞുപോയ തരുവിൻ
ഛായയ്ക്കു നിൽക്കാവതോ?

-130-
അല്ലെങ്കിൽ പുതിഭയ്ക്കു ദൂരഗതമാ-
മക്കാര്യമൂഹത്തിനാ-
ലില്ലെന്നെങ്ങനെ നിർണ്ണയിക്കു?മിരുളിൽ-
ത്തങ്ങുന്നുവല്ലോ പൊരുൾ!
കില്ലെന്തിന്നതുമല്ലനന്തനിയമം
വിശ്വം; വരാമേതുമേ,
തെല്ലെന്നാകിലുമർത്ഥമെന്നി നിലനി-
ൽക്കില്ലോർക്കിൽ വിശ്വാസവും.

-131-
ചൊല്ലാം തീയുടെ തീക്ഷ്ണദന്തമണയാ-
തത്യന്തസൂക്ഷ്മാംഗമായ്
തെല്ലാശാസ്പദതത്ത്വമങ്ങു ‘തടി’യിൽ
ശേഷിക്കുമെക്കാലവും;
അല്ലാഞ്ഞാൽ നരവാഴ്ചയല്ല; ഭുവനം-
താനും വൃഥാരംഭമാം;
ഇല്ലാതാം വില കണ്ണുനീരിനു;മതി-
ന്നാർക്കാനുമോർക്കവതോ?

-132-
ആ പക്ഷം ശരിയെങ്കിലിന്നയീ! “മൃതേ!“
ഹാ! നിന്റെ ഘോരങ്ങളാ-
മാ പല്ലിന്നിരകൾക്കു മൂർച്ചയിനിയും
പോരെന്നു തോന്നാമുടൻ;
ആപത്തിൻ പരകാഷ്ഠയായ പുലിയാ-
യീ ഞങ്ങളഞ്ചുന്നൊരാ
നീ പച്ചത്തൃണരാശി തിന്നരിയ പാ-
ലേകുന്ന ഗോവെന്നുമാം.

-133-
നേരാമായതു ഹാ! ശുഭേ! ഭയദമാം
വന്തോക്കുതൻ വായിലാ-
വീരാഖ്യയ്ക്കു കൊതിക്കുമെത്രതരുണൻ
ക്കാശ്വാസമേകുന്നു നീ!
ആരായുന്നിതു രാഗപുഷ്പസൃതിമേൽ
മുള്ളേറ്റ നോവാറ്റുവാൻ
താരാർമേനികൾതന്നെ ശീതതരമാം
നിന്നംഗസംഗം മൃതേ!

-134-
ത്രാണിക്കൊത്തു പകൽ പരിശ്രമമിയ-
ന്നോർക്കമ്പിയെന്നന്തിയാൽ
പേണിക്കണ്ണു തലോടിയെന്നുമണവോ-
രാ ഭദ്രയാം നിദ്രപോൽ
പ്രാണിക്കിന്നെടുജീവിതപ്പെരുവഴി-
ക്ലേശം കഴിച്ചെത്രയും
ക്ഷീണിക്കും ഹൃദയത്തെ മൂടിയൊടുവിൽ-
ച്ചേർക്കുന്നു സൗഖ്യം മൃതി

-135-
ജ്ഞാനം താൻ ക്ഷണവൃത്തി; ബുദ്ധിയിമവെ-
ട്ടെമ്പോളിടയ്ക്കാത്തമ:-
സ്ഥാനം കാണുവതില്ലയാതവലയ-
ത്തോടൊത്ത വേഗത്തിനാൽ
നൂനം ഹാ! ക്ഷമൃത്യുവിങ്ങനുദിനം
നിദ്രാഖ്യമായ് ദീർഘമാ-
മൂനം വിട്ടതു നീണ്ടനന്തരമിതാം
വിശ്രാന്തി ജന്തുക്കളിൽ.

-136-
ഈവണ്ണം ശരി! സൃഷ്ടിയും പ്രളയവും
കല്പിച്ചൊടുക്കം മഹാ-
കൈവല്യം വരുമെന്നു കാത്തിടുകയാ-
മോരാ പുരാവിത്തുകൾ;
ജീവന്നിങ്ങു ബഹുക്രിയാജടിലമാ-
മീ ദീർഘയാത്രാകഥ-
യ്ക്കാവശ്യം മൃതിയാം ‘വിരാമ’തിലകം
സ്വാർത്ഥപ്രതീതിക്കുമേ.

-137-
കില്ലില്ലിമ്മൃതി ജീവിതത്തിനുമഹോ!
സൗഭഗ്യമേറ്റുന്നതാ-
ണല്ലില്ലെങ്കിലതീവ ഘോരതരമാ-
മോർക്കുമ്പോഴാർക്കും പകൽ
അല്ലിത്താർമണമാർന്നഹസ്സു നടമാ-
ടീടട്ടെ, രമ്യാഭമായ്
മല്ലിശ്രീപെടുമാമ്പൽ നീണ്ട മുടിയിൽ
ചൂടിശ്ശയിക്കും നിശ.

-138-
പാരം പ്രാകൃതപക്ഷിവർഗ്ഗമഖിലം
വാഴ്ത്താം ദിനത്തിൻ ഗുണം,
സ്വൈരം, രാത്രി, ഭവൽ പ്രശസ്തി മധുരം
പാടുന്നു രാപ്പാടികൾ;
ദൂരത്തുള്ള വികല്പമോർക്കുകിലടു-
ത്തോർക്കില്ല, രണ്ടും സ്വയം
സാർജ്ഞൻ പടു കോകിലോത്തമനുപ-
ശ്ലോകിപ്പു നിർഭേദമായ്.

-139-
മങ്ങാതോർക്കിൽ മൃതേ! പ്രവൃത്തിപരമാ-
ണിജ്ജീവിതം, മാറ്റിനാൽ
പൊങ്ങാനും മതി വിശ്രമപ്രവണമാം
പൗരസ്ത്യചിത്തത്തിൽ നീ
തങ്ങാമൊന്നയി! നിന്നിൽ മെച്ചമിനിയും
നിൻ കൂരിരുട്ടഞ്ചിയാ-
മിങ്ങാദ്ധ്യാത്മിക ദീപമാദിമുനിമാ-
രാവിഷ്ക്കരിച്ചുള്ളതും.

-140-
പോരും ഹാ!ധിഷണേ മഹാപുരുഷനെ-
ത്തേടിബ്ഭൃശോന്മത്തയായ്-
ത്തീരുന്നെന്തിനു? “ശല്യ”വേദിനി, ശവം
ശോധിപ്പതെന്തിന്നു നീ?
തീരും നിൻ വ്യഥ കണ്ണുനീർ പൊഴിക,യി-
ങ്ങിശ്രാന്തപാന്ഥൻ സുഖം-
ചേരുമ്മട്ടിലുറങ്ങിടട്ടെ, സഭയം
കുമ്പിട്ടു മാറട്ടെ ഞാൻ.

-141-
ഓന്നോതാം തിരുമേനിയിങ്ങു മൃതിയെ-
ത്താൻ തന്നെ കർണ്ണാന്തികം
വന്നോതാതറികില്ലൊരാൾ അകലെനി-
ന്നുച്ചത്തിലോതില്ലവൾ,
ഇന്നോ ഞങ്ങളെ നോക്കിയമ്പിൽ വിവരം
ചൊല്ലാമുറക്കെബ്‌ഭവാ-
നെന്നോർത്തിങ്ങതിരുട്ടിൽ മൂകകഥയായ്
പോമെന്നു വെമ്പുന്നു ഞാൻ.

-142-
എല്ലാം പോകുക, കീഴടങ്ങുക വിധി-
ക്കിന്നിച്ചിതയ്ക്കപ്പുറ-
ത്തില്ലാതാകൂക ജീവിതം;-മതി വിഭോ!
ത്വന്നാമപുണ്യാക്ഷരം;
ചൊല്ലാമായതു ഞങ്ങൾ നട്ടു മിഴിനീർ
തൂവിപ്പുലർത്തും, പടർ-
ന്നെല്ലാവർക്കുംകതേകിടും മലർമണം
കാലാഗ്നി ചെല്ലില്ലതിൽ.

-143-
ഹാ! കഷ്ടം ഗതിമുട്ടിനിന്നിവിടെയെ-
ന്തെല്ലാം പുലമ്പുന്നു ഞാൻ,
ശോകവ്യാകുലമായ ബുദ്ധി പതറി-
ച്ചെല്ലാമമാർഗ്ഗങ്ങളിൽ;
നീ കണ്ണഞ്ചിടുമാറു സൂര്യ! വിലസു-
ന്നുണ്ടാകുമെങ്ങാനുമീ-
ലോകത്തിന്നിരുളാണു ദേവ, വിരയാം
മിന്നമിനുങ്ങിങ്ങതിൽ.

-144-
നക്ഷത്രങ്ങളെ നോക്കിയിപ്പഴു പറ-
ന്നീടുന്നു മേല്പോട്ടതിൻ-
പക്ഷം ദുർബലമാണതോർത്തു ഭയവും
തോന്നുന്നു മേന്മേൽ വിഭോ!
രക്ഷയ്ക്കായതിനിന്നു നിൻ‌കരുണയ-
ല്ലാതില്ല രാപ്പക്ഷിതൻ-
ദിക്ഷയ്ക്കാക്കൊല, നിൻപ്രകാശകണിക-
യ്ക്കാപത്തു ചേർത്തീടൊലാ.

-145-
വാനത്തിൽ തടവില്ല, ധർമ്മരഥമി-
ങ്ങോടിച്ചു ദാരാഭനായ്
നൂനം ഭാസ്ക്കരനെത്തുമന്ധതമസം
നിൽക്കില്ലെയെക്കാലവും,
ഊനമിട്ട ഭയങ്ങൾതന്റെ നിഴലും
പോം ഹന്ത! മിന്നാമിനു-
ങ്ങാനന്ദാലയമാം മഹസ്സിൽ മറയും
നക്ഷത്രജാലത്തൊടും.

-146-
ദേഹാംശങ്ങളിലീയിരുട്ടുമൊളിയും
നാനാപ്രഭേദത്തൊടാ-
ന്നാർഹാ! ശാശ്വതധർമ്മശക്തി! ഭുവന-
പ്പന്താട്ടമാടുന്നു നീ
സ്നേഹാരാധകനെത്തലോടിയമൃതം
നൽകുന്നു നീ, പിന്നെ നിർ-
മ്മോഹാസംഗമഖണ്ഡവിശ്രമസുഖം
തേടുന്നു താനേയവൻ.

-147-
ആകാശങ്ങളെയണ്ഡരാശികളൊടും
ഭക്ഷിക്കുമാകാശമാ,-
യീ കാണുന്ന സഹസ്രരശ്മിയെയിരു-
ട്ടാക്കും പ്രഭാസാരമായ്,
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും
ദു:ഖീകരിക്കുന്നതാ-
മേകാന്താദ്വയശാന്തിഭൂവിനു നമ-
സ്ക്കാരം, നമസ്ക്കാരമേ!

"https://ml.wikisource.org/w/index.php?title=പ്രരോദനം&oldid=147086" എന്ന താളിൽനിന്ന് ശേഖരിച്ചത്