അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ലക്ഷ്മണസാന്ത്വനം
വത്സ! സൌമിത്രേ! കുമാര! നീ കേൾക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകൾ
നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും
നിന്നാലസാദ്ധ്യമായില്ലൊരു കർമ്മവും
നിർണ്ണയമെങ്കിലുമൊന്നിതു കേൾക്ക നീ
ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷ ധാന്യധനാദിയും
സത്യമെന്നാകിലേതത്പ്രയാസം തവ
യുക്തമതല്ലായ്കിലെന്തതിനാൽ ഫലം?
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോർക്ക നീ
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം
ചക്ഷു:ശ്രവണഗളസ്ഥമാം ദർദുരം
ഭക്ഷണത്തിന്നപേക്ഷിയ്ക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങൾ തേടുന്നു
പുത്രമിത്രാർത്ഥ കളത്രാദി സംഗമ-
മെത്രയുമല്പകാലസ്ഥിതമോർക്കനീ
പാന്ഥർ പെരുവഴിയമ്പലം തന്നിലേ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങല്ൾ പോലെയു-
മെത്രയും ചഞ്ചലമാലയ സംഗമം
ലക്ഷ്മിയുമസ്ഥിരയല്ലേ മനുഷ്യർക്കു
നീൽക്കുമോ യൌവനവും പുനരധ്രുവം?
സ്വപ്നസമാനം കളത്ര സുഖം നൃണാം
മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ!
രാഗാദിസങ്കൽപ്പമായുള്ള സംസാര-
മാകെ നിരൂപിക്കിൽ സ്വപ്ന തുല്യം സഖേ!
ഓർക്ക ഗന്ധർവനഗരസമമതിൽ
മൂർഖന്മാർ നിത്യമനുവർത്തിച്ചീടുന്നു
ആദിത്യ ദേവനുദിച്ചിതു വേഗേന
യാദ:പതിയിൽ മറഞ്ഞിതു സത്വരം.
നിദ്രയും വന്നിതുദയശൈലോപരി
വിദ്രുതം വന്നിതു പിന്നെയും ഭാസ്കരൻ
ഇത്ഥം മതിഭ്രമമുള്ളോരു ജന്തുക്കൾ
ചിത്തേ വിചാരിപ്പതില്ല കാലാന്തരം
ആയുസ്സു പോകുന്നതേതുമറിവീല
മായാസമുദ്രത്തിൽ മുങ്ങിക്കിടക്കയാൽ
വാർദ്ധക്യമോടു ജരാനരയും പൂണ്ടു
ചീർത്ത മോഹേന മരിക്കുന്നതിതു ചിലർ
നേത്രേന്ദ്രിയം കൊണ്ടു കണ്ടിരിക്കെ പുന-
രോർത്തറിയുന്നീല മായ തൻ വൈഭവം
ഇപ്പോളിതു പകൽ, പിൽപ്പാടു രാത്രിയും
പിൽപ്പാടു പിന്നെപ്പകലുമുണ്ടായ് വരും
ഇപ്രകാരം നിരൂപിച്ചു മൂഢാത്മാക്കൾ
ചിത്പുരുഷൻ ഗതിയേതുമറിയാതെ
കാലസ്വരൂപനാമീശ്വരൻ തന്നുടെ
ലീലാവിശേഷങ്ങളൊന്നുമോരായ്കയാൽ
ആമകുംഭാബുസമാനമായുസ്സുടൻ
പോമതേതും ധരിയ്ക്കുന്നിതില്ലാരുമേ
രോഗങ്ങളായുള്ള ശത്രുക്കളും വന്നു
ദേഹം നശിപ്പിക്കുമേവനും നിർണ്ണയം
വ്യാഘ്രിയെപ്പോലെ നരയുമടുത്തു വ-
ന്നാക്രമിച്ചീടും ശരീരത്തെ നിർണ്ണയം
മൃത്യുവും കൂടൊരു നേരം പിരിയാതെ
ഛിദ്രവും പാർത്തുപാർത്തുള്ളിലിരിയ്ക്കുന്നു
ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു
മോഹം കലർന്നു ജന്തുക്കൾ നിരൂപിക്കും
ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ-
ന്നമ്രേഡിതം കലർന്നീടും ദശാന്തരേ
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം
ത്വങ്മാംസരക്താസ്ഥി വിണ്മൂത്ര രേതസാം
സമ്മേളനം പഞ്ചഭൂതകനിർമ്മിതം
മായാമയമായ് പരിണാമിയായോരു
കായം വികാരിയായുള്ളോന്നിതധ്രുവം
ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ
മാനസതാരിൽ നിരൂപിച്ചതും തവ
ജ്ഞാനമില്ലായ്കെന്നറിക നീ ലക്ഷ്മണ!
ദോഷങ്ങളൊക്കവേ ദേഹഭിമാനിനാം
രോഷേണ വന്നു ഭവിക്കുന്നിതോർക്ക നീ
ദേഹോഹമെന്നുള്ള ബുദ്ധി മനുഷ്യർക്കു
മോഹമാതാവാമവിദ്യയാകുന്നതും
ദേഹമല്ലോർക്കിൽ ഞാനായതാത്മാവെന്നു
മോഹൈകഹന്ത്രിയായുള്ളതു വിദ്യ കേൾ
സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും
ആകയാൽ മോക്ഷാർത്ഥിയാകിൽ വിദ്യാഭ്യാസ-
മേകാന്ത ചേതസാ ചെയ്ക വേണ്ടുന്നതും
തത്ര കാമക്രോധലോഭമോഹാദികൾ
ശത്രുക്കളാകുന്നതെന്നുമറിക നീ
മുക്തിക്കു വിഘ്നം വരുത്തുവാനെത്രയും
ശക്തിയുള്ളൊന്നതിൽ ക്രോധമറികെടോ
മതാപിത്രുഭ്രാത്രുമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ
ക്രോധമൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജ ധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധമല്ലോ യമനായതു നിർണ്ണയം
വൈതരണ്യാഖ്യയാകുന്നതു തൃഷ്ണയും
സന്തോഷമാകുന്നതു നന്ദനം വനം
സന്തതം ശാന്തിയേ കാമസുരഭി കേൾ
ചിന്തിച്ചു ശാന്തിയെത്തന്നെ ഭജിയ്ക്ക നീ
സന്താപമെന്നാലൊരു ജാതിയും വരാ
ദേഹേന്ദ്രിയപ്രാണബുദ്ധ്യാദികൾക്കെല്ലാ-
മാഹന്ത മേലേ വസിപ്പതാത്മാവു കേൾ
ശുദ്ധസ്വയംജ്യോതിരാനന്ദപൂർണ്ണമായ്
തത്വാർത്ഥമായ് നിരാകാരമായ് നിത്യമായ്
നിർവ്വികല്പം പരം നിർവ്വികാരം ഘനം
സർവ്വൈകകാരണം സർവജഗന്മയം
സർവ്വൈകസാക്ഷിണം സർവജ്ഞമീശ്വരം
സർവദാ ചേതസീ ഭാവിച്ചു കൊൾക നീ
സാരജ്ഞനായ നീ കേൾ സുഖദു:ഖദം
പ്രാരാബ്ധമെല്ലാമനുഭവിച്ചീടണം
കർമ്മേന്ദ്രിയങ്ങളാൽ കർത്തവ്യമൊക്കവേ
നിർമ്മായമാചരിച്ചീടുകെന്നേവരൂ
കർമ്മങ്ങൾ സംഗങ്ങളൊന്നിലും കൂടാതെ
കർമ്മഫലങ്ങളിൽ കാംക്ഷയും കൂടാതെ
കർമ്മങ്ങളെല്ലാം വിധിച്ചവണ്ണം പര-
ബ്രഹ്മണി നിത്യേ സമർപ്പിച്ചു കൊള്ളണം
നിർമ്മലമായുള്ളോരാത്മാവു തന്നോടു
കർമ്മങ്ങളൊന്നുമേ പറ്റുകയില്ലെന്നാൽ
ഞാനിപ്പറഞ്ഞതെല്ലാമേ ധരിച്ചു തത്-
ജ്ഞാനസ്വരൂപം വിചാരിച്ചു സന്തതം
മാനത്തെയൊക്കെ ത്യജിച്ചു നിത്യം പര-
മാനന്ദമുൾക്കൊണ്ടു മായാവിമോഹങ്ങൾ
മാനസത്തിങ്കൽ നിന്നാശു കളക നീ
മാനമല്ലോ പരമാപദാമാസ്പദം’
സൌമിത്രി തന്നോടിവണ്ണമരുൾ ചെയ്തു
സൌമുഖ്യമോടു മാതാവോടു ചൊല്ലിനാൻ:
‘കേക്കേണമമ്മേ! തെളിഞ്ഞു നീയെന്നുടെ
വാക്കുകളേതും വിഷാദമുണ്ടാകൊലാ
ആത്മാവിനേതുമേ പീഡയുണ്ടാക്കരു-
താത്മാവിനെയറിയാത്തവരെപ്പോലെ
സർവ്വലോകങ്ങളിലും വസിച്ചീടുന്ന
സർവ്വ ജനങ്ങളും തങ്ങളിൽത്തങ്ങളിൽ
സർവദാ കൂടിവാഴ്കെന്നുള്ളതില്ലല്ലോ
സർവ്വജ്ഞയല്ലോ ജനനി! നീ കേവലം
ആശു പതിന്നാലു സംവത്സരം വന-
ദേശേ വസിച്ചു വരുന്നതുമുണ്ടു ഞാൻ
ദു:ഖങ്ങളെല്ലാമകലെക്കളഞ്ഞുടന-
നുൾക്കനിവോടനുഗ്രഹിച്ചീടണം
അച്ഛനെന്തുള്ളിലെന്നിച്ഛയെന്നാലതി-
ങ്ങിച്ഛയെന്നങ്ങുറച്ചീടണമമ്മയും]
ഭർത്തൃകർമ്മാനുകരണമത്രേ പതി-
വ്രത്യനിഷ്ഠാവധൂനാമെന്നു നിർണ്ണയം
മാതാവു മോദാലനുഗ്രഹിച്ചീടുകി-
ലേതുമേ ദു:ഖമെനിക്കില്ല കേവലം
കാനനവാസം സുഖമായ് വരും തവ
മാനസേ ഖേദം കുറച്ചു വാണീടുകിൽ’
എന്നു പറഞ്ഞു നമസ്കരിച്ചീടിനാൻ
പിന്നെയും പിന്നെയും മാതൃപാദാന്തികേ
പ്രീതികൈക്കൊണ്ടെടുത്തുത്സംഗസീമ്നി ചേർ-
ത്താദരാൽ മൂർദ്ധ്നി ബാഷ്പാഭിഷേകം ചെയ്തു
ചൊല്ലിനാളാശീർവചനങ്ങളാശു കൌ-
സല്യയും ദേവകളോടിരന്നീടിനാൾ:
‘സൃഷ്ടികർത്താവേ! വിരിഞ്ച! പത്മാസന!
പുഷ്ടദയാബ്ധേ! പുരുഷോത്തമ! ഹരേ!
മൃത്യുഞയ! മഹാദേവ! ഗൌരീപതേ!!
വൃത്താരി മുൻപായ ദിക്പാലകന്മാരേ!
ദുർഗ്ഗേ! ഭഗവതീ! ദു:ഖവിനാശിനീ!
സർഗ്ഗസ്ഥിതിലയകാരിണീ! ചണ്ഡികേ!
എന്മകനാശു നടക്കുന്ന നേരവും
കൽമഷം തീർന്നിരുന്നീടുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ’
ഇത്ഥമർത്ഥിച്ചു തൻ പുത്രനാം രാമനെ-
ബ്ബദ്ധബാഷ്പം ഗാഢഗാഢം പുണർന്നുടൻ
ഈരേഴു സംവത്സരം കാനനം വസി-
ച്ചാരാൽ വരികെ’ന്നനുവദിച്ചീടിനാൾ
തൽക്ഷണെ രാഘവം നത്വാ സഗദ്ഗതം
ലക്ഷ്മണൻ താനും പറഞ്ഞാനനാകുലം:
‘എന്നുള്ളിലുണ്ടായിരുന്നൊരു സംശയം
നിന്നരുളപ്പാടു കേട്ടു തീർന്നു തുലോം
ത്വൽപ്പാദസേവാർത്ഥമായിന്നടിയനു-
മിപ്പോൾ വഴിയേ വിടകൊൾവനെന്നുമേ
മോദാലതിന്നായനുവദിച്ചീടണം
സീതാപതേ! രാമചന്ദ്ര! ദയാനിധേ!
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കി-
ലേണാങ്ക തുല്യവദന! രഘുപതേ!‘
‘എങ്കിൽ നീ പോന്നുകൊണ്ടാലു‘മെന്നാദരാൽ
പങ്കജലോചനൻ താനുമരുൾ ചെയ്തു
വൈദേഹി തന്നോടു യാത്ര ചൊല്ലീടുവാൻ
മോദേന സീതാഗൃഹം പുക്കരുളിനാൻ
ആഗതനായ ഭർത്താവിനെക്കണ്ടവൾ
വേഗേന സസ്മിതമുത്ഥാനവും ചെയ്തു
കാഞ്ചനപാത്രസ്ഥമായ തോയം കൊണ്ടു
വാഞ്ച്ഛയാ തൃക്കാൽ കഴുകിച്ചു സാദരം
മന്ദാക്ഷമുൾക്കൊണ്ടു മന്ദസ്മിതം ചെയ്തു
സുന്ദരി മന്ദമന്ദം പറഞ്ഞീടിനാൾ:
‘ആരുമകമ്പടി കൂടാതെ ശ്രീപാദ-
ചാരേണ വന്നതുമെന്തു കൃപാനിധേ!
വാരാണവീരനെങ്ങു മമ വല്ലഭ!
ഗൌരാതപത്രവും താലവൃന്ദാദിയും
ചാമരദ്വന്ദവും വാദ്യഘോഷങ്ങളും
ചാമീകരാഭരണാദ്യലങ്കാരവും
സാമന്തഭൂപാലരേയും പിരിഞ്ഞതി-
രോമാഞ്ചമോടെഴുന്നള്ളിയതെന്തയ്യോ!‘
ഇത്ഥം വിദേഹാത്മജാവചനം കേട്ടു
പൃഥ്വീപതീസുതൻ താനുമരുൾ ചെയ്തു:
‘തന്നിതു ദണ്ഡകാരണ്യരാജ്യം മമ
പുണ്യം വരുത്തുവാൻ താതനറികെടോ!
ഞാനതു പാലിപ്പതിന്നാശു പോകുന്നു
മാനസേ ഖേദമിളച്ചു വാണീടുക
മാതാവു കൌസല്യ തന്നെയും ശുശ്രൂഷ-
ചെയ്തു സുഖേന വസിക്ക നീ വല്ലഭേ!‘
ഭർത്തൃവാക്യം കേട്ടു ജാനകിയും രാമ-
ഭദ്രനോടിത്ഥമാഹന്ത ചൊല്ലീടിനാൾ:
രാത്രിയിൽ കൂടെപ്പിരിഞ്ഞാൽ പൊറാതോള-
മാസ്ഥയുണ്ടല്ലോ ഭവാനെപ്പിതാവിനും
എന്നിരിയ്ക്കെ വനരാജ്യം തരുവതി-
നിന്നു തോന്നീടുവാനെന്തൊരു കാരണം?
മന്നവൻ താനല്ലയോ കൌതുകത്തോടു-
മിന്നലെ രാജ്യാഭിഷേകമാരംഭിച്ചു?
സത്യമോ ചൊല്ലു ഭർത്താവേ! വിരവോടു
വൃത്താന്തമെത്രയും ചിത്രമോർത്താലിദം”
എന്നതു കേട്ടരുൾ ചെയ്തു രഘുവരൻ:
‘തന്വീകുലമൌലിമാലികേ! കേൾക്ക നീ
മന്നവൻ കേകയപുത്രിയാമമ്മയ്ക്കു
മുന്നമേ രണ്ടുവരം കൊടുത്തീടിനാൻ
വിണ്ണവർ നാട്ടിൽ സുരാസുരയുദ്ധത്തി-
നന്യൂനവിക്രമം കൈക്കൊണ്ടുപോയനാൾ
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു-
മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും
സത്യവിരോധം വരുമെന്നു തന്നുടെ
ചിത്തേ നിരൂപിച്ചു പേടിച്ചു താതനും
മാതാവിനാശു വരവും കൊടുത്തിതു
താതനതുകൊണ്ടു ഞാനിന്നു പോകുന്നു
ദണ്ഡകാരണ്യേ പതിന്നാലുവത്സരം
ദണ്ഡമൊഴിഞ്ഞു വസിച്ചു വരുവൻ ഞാൻ
നീയതിനേതും മുടക്കം പറകൊലാ
മയ്യൽ കളഞ്ഞു മാതാവുമായ് വാഴ്ക നീ’
രഘവനിത്ഥം പറഞ്ഞതു കേട്ടൊരു-
രാകാശശിമുഖി താനുമരുൾ ചെയ്തു:
‘മുന്നിൽ നടപ്പൻ വനത്തിനു ഞാൻ മമ
പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ
എന്നെപ്പിരിഞ്ഞുപോകുന്നതുചിതമ-
ല്ലൊന്നു കൊണ്ടും ഭവാനെന്നു ധരിയ്ക്കണം‘
കാകുത്സ്ഥനും പ്രിയവാദിനിയാകിയ
നാഗേന്ദ്രഗാമിനിയോടും ചൊല്ലീടിനാൻ
‘എങ്ങനെ നിന്നെ ഞാൻ കൊണ്ടുപോകുന്നതു
തിങ്ങി മരങ്ങൾ നിറഞ്ഞ വനങ്ങളിൽ?
ഘോരസിംഹവ്യാഘ്രസൂകര സൈരിഭ-
വാരണവ്യാളഭല്ലൂകവൃകാദികൾ
മാനുഷഭോജികളായുള്ള രാക്ഷസർ
കാനനം തന്നിൽ മറ്റു ദുഷ്ടജന്തുക്കൾ
സഖ്യയില്ലാതോളമുണ്ടവറ്റേക്കണ്ടാൽ
സങ്കടം പൂണ്ടു ഭയമാം നമുക്കെല്ലാം
നാരീജനത്തിനെല്ലാം വിശേഷിച്ചുമൊ-
ട്ടേറെയുണ്ടാം ഭയമെന്നറിഞ്ഞീടെടോ!
മൂലഫലങ്ങൾ കട്വമ്ലകഷായങ്ങൾ
ബാലേ! ഭുജിപ്പതിന്നാകുന്നതും തത്ര
നിർമലവ്യഞ്ജനാപൂപാന്നപാനാദി
സന്മധുക്ഷീരങ്ങളില്ലൊരു നേരവും
നിമ്നോന്നത ഗുഹാഗഹ്വര ശർക്കര-
ദുർമ്മാർഗ്ഗമെത്രയും കണ്ടകവൃന്ദവും
നേരെ പെരുവഴിയുമറിയാവത-
ല്ലാരേയും കാണ്മാനുമില്ലറിഞ്ഞീടുവാൻ
ശീതവാതാതപപീഡയും പാരമാം
പാദചാരേണ വേണം നടന്നീടുവാൻ
ദുഷ്ടരായുള്ളോരു രാക്ഷസരെക്കണ്ടാ-
ലൊട്ടും പൊറുക്കയില്ലാർക്കുമറികെടോ!
എന്നുടെ ചൊല്ലിനാൽ മാതാവു തന്നെയും
നന്നായ് പരിചരിച്ചിങ്ങിരുന്നീടൂക
വന്നീടുവൻ പതിന്നാലു സംവത്സരം
ചെന്നാലതിന്നുടനില്ലൊരു സംശയം’
ശ്രീരാമവാക്കു കേട്ടോരു വൈദേഹിയു-
മാരൂഢതാപേന പിന്നെയും ചൊല്ലിനാൽ:
‘നാഥ! പതിവ്രതയാം ധർമ്മപത്നി ഞാ-
നാധാരവുമില്ല മറ്റെനിക്കാരുമേ
ഏതുമേ ദോഷവുമില്ല ദയാനിധേ!
പാദസുശ്രൂഷാവ്രതം മുടക്കായ്ക മേ
നിന്നുടെ സന്നിധൌ സന്തതം വാണീടു-
മെന്നെ മറ്റാർക്കാനും പീഡിച്ചു കൂടുമോ?
വല്ലതും മൂല ജലജലാഹാരങ്ങൾ
വല്ലഭോച്ഷ്ടമെനിക്കമൃതോപമം
ഭർത്താവു തന്നോടു കൂടെ നടക്കുമ്പോ-
ളെത്രയും കൂർത്തുമൂർത്തുള്ളകല്ലും മുള്ളും
പുഷ്പാസ്തരണതുല്യങ്ങളെനിക്കതും
പുഷ്പബാണോപമ! നീ വെടിഞ്ഞീടൊലാ
ഏതുമേ പീഢയുണ്ടാകയില്ലെന്മൂലം
ഭീതിയുമേതുമെനിക്കില്ല ഭർത്താവേ!
കശ്ചിൽ ദ്വിജൻ ജ്യോതിശ്ശാസ്ത്രവിശാരദൻ
നിശ്ചയിച്ചെന്നോടു പണ്ടരുളിച്ചെയ്തു
ഭർത്താവിനോടും വനത്തിൽ വസിപ്പതു-
നൊത്തും ഭവതിക്കു സങ്കടമില്ലേതും
ഇത്ഥം പുരൈവ ഞാൻ കേട്ടിരിയ്ക്കുന്നതു
സത്യമതിന്നിയുമൊന്നു ചൊല്ലീടുവൻ
രാമായണങ്ങൾ പലതും കവിവര-
രാമോദമോടു പറഞ്ഞു കേൾപ്പുണ്ടു ഞാൻ
ജാനകിയോടുകൂടാതെ രഘുവരൻ
കാനനവാസത്തിനെന്നു പോയിട്ടുള്ളൂ?
ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു
രണ്ടുമൊന്നത്രേ വിചരിച്ചു കാൺകിലോ
പാണിഗ്രഹണമന്ത്രാർത്ഥവുമോർക്കണം
പ്രാണാവസാനകാലത്തും പിരിയുമോ?
എന്നിരിക്കേ പുനരെന്നെയുപേക്ഷിച്ചു
തന്നേ വനത്തിനായ്ക്കൊണ്ടെഴുന്നള്ളുകിൽ
എന്നുമെൻ പ്രാണപരിത്യാഗവും ചെയ്‌വ-
നിന്നുതന്നെ നിന്തിരുവടി തന്നാണെ’
എന്നിങ്ങനെ ദേവി ചൊന്നതു കേട്ടൊരു
മന്നവൻ മന്ദസ്മിതം പൂണ്ടരുൾ ചെയ്തു:
‘എങ്കിലോ വല്ലഭേ! പോരിക വൈകാതെ
സങ്കടമിന്നിതു ചൊല്ലിയുണ്ടാകേണ്ടാ
ദാനമരുന്ധതിക്കായ്ക്കൊണ്ടു ചെയ്കനീ
ജാനകീ! ഹാരാദി ഭൂഷണമൊക്കവേ’
ഇത്ഥമരുൾചെയ്തു ലക്ഷ്മണൻ തന്നോടു
പൃത്ഥീസുരോത്തമന്മാരെ വരുത്തുവാൻ
അത്യാദരമരുൾ ചെയ്തനേരം ദ്വിജേ-
ന്ദ്രോത്തമന്മാരെ വരുത്തി കുമാരനും
വസ്ത്രങ്ങളാഭരണങ്ങൾ പശുക്കളു-
മർത്ഥമവധിയില്ലാതോളമാദരാൽ
സദ്വൃത്തരായ്ക്കുലശീലഗുണങ്ങളാ-
ലുത്തമന്മാരായ്ക്കുടുംബികളാകിയ
വേദവിജ്ഞാനികളാം ദ്വിജേന്ദ്രന്മാർക്കു
സാദരം ദാനങ്ങൾ ചെയ്തു ബഹുവിധം
മാതാവുതന്നുടെ സേവകന്മാരായ
ഭൂദേവസത്തമന്മാർക്കും കൊടുത്തിതു
പിന്നെ നിജാന്ത:പുരവാസികൾക്കും മ-
റ്റന്യരാം സേവകന്മാർക്കും ബഹുവിധം
ദാനങ്ങൾ ചെയ്കയാലാനന്ദമഗ്നരായ്
മാനവനായകനാശീർവ്വചനവും
ചെയ്തിതു താപസന്മാരും ദ്വിജന്മാരും
പെയ്തുപെയ്തീടുന്നിതശ്രുജലങ്ങളൂം
ജാനകിദേവിയുമൻപോടരുന്ധതി-
ക്കാനന്ദമുൾക്കൊണ്ടു ദാനങ്ങൾ നൽകിനാൾ
ലക്ഷ്മണവീരൻ സുമിത്രയാമമ്മയെ
തൽക്ഷണെ കൌസല്യകൈയിൽ സമർപ്പിച്ചു
വന്ദിച്ചനേരം സുമിത്രയും പുത്രന
നന്ദിച്ചെടുത്തു സമാശ്ലേഷവും ചെയ്തു
നന്നായനുഗ്രഹം ചെയ്തു തനയനു
പിന്നെയുപദേശവാക്കുമരുൾ ചെയ്താൾ:
‘അഗ്രജൻ തന്നെപ്പരിചരിച്ചെപ്പൊഴു-
മഗ്രേ നടന്നു കൊള്ളേണം പിരിയാതെ
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ’
മാത്രുവചനം ശിരസി ധരിച്ചുകൊ-
ണ്ടാദരവോടു തൊഴുതു സൌമിത്രിയും
തന്നുടെ ചാപശരാദികൾ കൈക്കൊണ്ടു
ചെന്നു രാമാന്തികെ നിന്നു വണങ്ങിനാൻ:
തൽക്ഷണേ രാഘവൻ ജാനകി തന്നോടും
ലക്ഷ്മണനോടും ജനകനെ വന്ദിപ്പാൻ
പോകുന്ന നേരത്തു പൌരജനങ്ങളെ
രാഗമോടെ കടാക്ഷിച്ചൂ കുതൂഹലാൽ
കോമളനായ കുമാരൻ മനോഹരൻ
ശ്യാമളരമ്യകളേബരൻ രാഘവൻ
കാമദേവോപമൻ കാമദൻ സുന്ദരൻ
രാമൻ തിരുവടി നാനാജഗദഭി-
രാമനാത്മാരാമനംബുജലോചനൻ
കാമാരി സേവിതൻ നാനാജഗന്മയൻ
താതാലയം പ്രതി പോകുന്നനേരത്തു
സാദം കലർന്നൊരു പൌരജനങ്ങളും
പാദചാരേണ നടക്കുന്നതു കണ്ടു
ഖേദം കലർന്നു പരസ്പരം ചൊല്ലിനാർ:
‘കഷ്ടമാഹന്ത! കഷ്ടം! പശ്യ പശ്യ ഹാ!
കഷ്ടമെന്തിങ്ങനെ വന്നതു ദൈവമേ!
സോദരനോടും പ്രണയിനി തന്നോടും
പാദചാരേണസഹായവും കൂടാതെ
ശർക്കരാകണ്ടക നിമ്നോന്നതയുത-
ദുർഘടമായുൾല ദുർഗ്ഗമാർഗ്ഗങ്ങളിൽ
രക്തപത്മത്തിനു കാഠിന്യമേകുന്ന
മുഗ്ദ്ധമൃദുതരസ്നിഗ്ദ്ധപാദങ്ങളാൽ
നിത്യം വനാന്തെ നടക്കെന്നു കൽപ്പിച്ച
പൃഥ്വീശചിത്തം കഠോരമത്രേ തുലോം
പുത്രവാത്സല്യം ദശരഥൻ തന്നോളം
മർത്ത്യരിലാർക്കുമില്ലിന്നലെയോളവും
ഇന്നിതു തോന്നുവാനെന്തൊരു കാരണ’-
മെന്നതുകേട്ടുടൻ ചൊല്ലിനാനന്യനും:
‘കേകയപുത്രിയ്ക്കു രണ്ടു വരം നൃപ-
നേകിനാൻപോലതു കാരാണം രാഘവൻ
പോകുന്നിതു വനത്തിന്നു, ഭരതനും
വാഴ്കെന്നു വന്നുകൂടും ധരാമണ്ഡലം
പോക നാമെങ്കിൽ വനത്തിന്നു കൂടവേ
രാഘവൻ തന്നെപ്പിരിഞ്ഞാൽ പൊറുക്കുമൊ?‘
ഇപ്രകാരം പുരവാസികളായുള്ള
വിപ്രാദികൾ വാക്കു കേട്ടോരനന്തരം
വാമദേവൻ പുരവാസികൾ തന്നോടു
സാമോദമേവമരുൾ ചെയ്തിതന്നേരം: