അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/വാല്മീകിയുടെ ആത്മകഥ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


കർണാമൃതം തവ നാമമാഹാത്മ്യമോ
വർണിപ്പതിനാർക്കുമാവതുമല്ലല്ലൊ.
ചിന്മയനായ നിന് നാമ മഹിമയാല്
ബ്രഹ്മമുനിയായ് ചമഞ്ഞതു ഞാനെടോ.
ദുർമ്മതി ഞാന് കിരാതന് മാരുമായ് പുരാ
നിർമ്മദിയാദങ്ങള് ചെയ്തേൻ പലതരം
ജന്മമാത്ര ദ്വിജത്വം മുന്നമുള്ളതും
ബ്രഹ്മകർമ്മങ്ങളുമൊക്കെ വെടിഞ്ഞു ഞാൻ
ശൂദ്രസമാചാര തല്പരനായൊരു
ശൂദ്രതരുണിയുമായ് വസിച്ചേൻ ചിരം.
പുത്രരേയും വളരെജ്ജനിപ്പിച്ചിതു
നിസ്ത്രപം ചോരന്മാരോടൂ കൂടെച്ചേർന്നു
നിത്യവും ചോരനായ് വില്ലുമമ്പും ധരി-
ച്ചെത്ര ജന്തുക്കളെ കൊന്നേൻ ചതിച്ചു ഞാൻ!
എത്രവസ്തു പറിച്ചേൻ ദ്വിജന്മാരോടു‌‌-
മത്ര മുനീന്ദ്രവനത്തിൽ നിന്നേകദാ.
സപ്തമുനികൾ വരുന്നതു കണ്ടുഞാൻ
തത്രവേഗേന ചെന്നേൻ മുനിമാരുടെ
വസ്ത്രാദികൾ പറിച്ചീടുവാൻ മൂഡനായ്.
മദ്ധ്യാഹ്നമാർത്താണ്ഡതേജസ്വരൂപികൾ
നിർദയം പ്രാപ്തനാം ദുഷ്ടനാമെന്നെയും
വിദ്രുതം നിർജ്ജനേ ഘോരമഹാവനേ
ദൃഷ്ട്വാ സസംഭ്രമമെന്നോടരുൾ ചെയ്തു:
‘തിഷ്ഠ തിഷ്ഠ ത്വയാ കർത്തവ്യമത്ര കിം?
ദുഷ്ഠമതേ പരമാർഥം പറ‘കെന്നു
തുഷ്ട്യാ മുനിവര്യന്മാരരുൾ ചൈയ്തപ്പോൾ
നിഷ്ഠുരാത്മാവായ ഞാനുമവർകളോ-
ടിഷ്ടം മദീയം പറഞ്ഞേൻ നൃപാത്മജ!
‘പുത്രദാരാദികളുണ്ടെനിക്കെത്രയും
ക്ഷുത്തൃഡ് പ്രപ്രീഡിതന്മാരായിരിക്കുന്നു.
വൃത്തികഴിപ്പാൻ വഴിപോക്കരോടു ഞാൻ
നിത്യം പിടിച്ചുപറിക്കുമാറാകുന്നു.
നിങ്ങളോടും ഗ്രഹിച്ചീടണമേതാനു-
മിങ്ങനെ ചിന്തിച്ചുവേഗേന വന്നു ഞാൻ.
ചൊന്നാൻ മുനിവരന്മാരതു കേട്ടുട-
നെന്നോടു മന്ദസ്മിതം ചെയ്തു സാദരം:
‘എങ്കിൽ നീ ഞങ്ങൾ ചൊല്ലുന്നതു കേൾക്കണം
നി കുടുംബത്തോടു ചോദിക്ക നീ
നിങ്ങളെ ച്ചൊല്ലി ഞാൻ ചെയ്യുന്ന പാപങ്ങൾ
നിങ്ങൾ കൂടെ പകുത്തൊട്ടു വാങ്ങീടുമൊ?
എന്നു നീ ചെന്നു ചോദിച്ചു വരുവോളം
നിന്നീടുമത്രൈവ ഞങ്ങൾ നിസംശയം.’
ഇത്ഥമാകർണ്ണ്യ ഞാൻ വീണ്ടുപോയ്ച്ചെന്നു മൽ-
പുത്രദാരാദികളൊടു ചോദ്യം ചെയ്തേൻ:
‘ദുഷ്കർമ്മസഞ്ചയം ചെയ്തു ഞാൻ നിങ്ങളെ-
യൊക്കെബ്ഭരിച്ചുകൊള്ളുന്നു ദിനം പ്രതി
തൽഫലമൊട്ടൊട്ടു നിങ്ങൾ വാങ്ങീടുമോ?
മൽ പാപമൊക്കെ,ഞാൻ തന്നെ ഭുജിക്കെന്നോ?
സത്യം പറയേണ’മെന്നു ഞാൻ ചൊന്നതി-
നുത്തരമായവരെന്നോടു ചൊല്ലിനാർ:
“നിത്യവും ചെയ്യുന്ന കർമ്മഗണഫലം
കർത്താവൊഴിഞ്ഞുമറ്റന്യർ ഭുജിക്കുമൊ?
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
താന്താനനുഭവിചീടുകെന്നേവരൂ.”
ഞാനുമതു കേട്ടു ജാത നിർവേദനായ്
മാനസേ ചിന്തിച്ചു ചിന്തിച്ചോരൊതരം
താപസൻമാർ നിന്നരുളുന്നദിക്കിനു
താപേന ചെന്നു നമസ്കരിച്ചീടിനേൻ
നിത്യതപോധനസംഗമഹേതുനാ
ശുദ്ധമായ് വന്നിതെന്നന്ത:കരണവും
ത്യക്ത്വാ ധനുശ്ശരാദ്യങ്ങളും ദൂരെ ഞാൻ
ഭക്ത്യാ നമസ്കരിച്ചേൻ പാദസന്നിധൌ
‘ദുർഗ്ഗതി സാഗരേ മഗ്നനായ് വീഴുവാൻ
നിർഗ്ഗമിച്ചീടുമെന്നെക്കരുണാത്മനാ
രക്ഷിച്ചു കൊള്ളേണമേ ശരണാഗത‌-
രക്ഷണം ഭൂഷണമല്ലൊ മഹാത്മനാം’.
സ്പഷ്ടമിത്യുക്ത്വാ പതിതം പദാന്തികേ
ദൃഷ്ട്വാ മുനിവരന്മാരുമരുൾ ചെയ്തു:
‘ഉത്തിഷ്ഠ ഭദ്രമുത്തിഷ്ഠ തേ സന്തതം
സ്വസ്ത്യസ്തു ചിത്തശുദ്ധിസ്സദൈവാസ്തു തേ.
സദ്യ:ഫലം വരും സജ്ജനസംഗമാ-
ദ്വിദ്വജ്ജനാനാം മഹത്വമേതാദൃശം.
ഇന്നുതന്നെ തരുന്നുണ്ടൊരുപദേശ-
മെന്നാൽ നിനക്കതിനാലേ ഗതിവരും.’
അന്യോന്യമാലോകനം ചെയ്തു മാനസേ
ധന്യതപോധനന്മാരും വിചാരിച്ചു:
‘ദുർവൃത്തനേറ്റം ദ്വിജധമനാമിവൻ
ദിവ്യജനത്താലുപേക്ഷ്യ്നെന്നാകിലും
രക്ഷരക്ഷേതി ശരണംഗമിച്ചവൻ
രക്ഷണീയൻ പ്രയത്ന ദുഷ്ടോപി വാ.
മോക്ഷമാർഗ്ഗോപദേശേന രക്ഷിക്കണം
സാക്ഷാൽ പരബ്രഹ്മബോധപ്രദാനേന.’
ഇത്ഥമുക്ത്വാ രാമനാമ വർണ്ണദ്വയം
വ്യത്യസ്തവർണ്ണരൂപേണ ചൊല്ലിത്തന്നാർ.
‘നിത്യം മരാമരേത്യേവം ജപിക്ക നീ
ചിത്തമേകാഗ്രമാക്കിക്കോണ്ടനാ‍രതം.
ഞങ്ങളിങ്ങോട്ടു വരുവോളവും പുന-
രിങ്ങനെ തന്നെ ജപിച്ചിരിന്നീടു നീ.’
ഇത്ഥമനുഗ്രഹം ദത്വാ മുനീന്ദ്രന്മാർ
സത്വരം ദിവ്യപഥാ ഗമിച്ചീടിനാർ.
നത്വാ മരേതി ജപിച്ചിരുന്നേനഹം
ഭക്ത്യാസഹസ്രയുഗം കഴിവോളവും
പുറ്റുകൊണ്ടെന്നുടൽ മൂടിമഞ്ഞിച്ചിതു
മുറ്റും മറഞ്ഞുചമഞ്ഞിതു ബാഹ്യവും.
താപസേന്ദ്രന്മാരുമെഴുന്നെള്ളിനാർ,
ഗോപതിമാരുദയം ചെയ്തതുപോലെ,
നിഷ്ക്രമിച്ചീടെന്നു ചൊന്നതുകേട്ടു ഞാൻ
നിർഗ്ഗമിച്ചീടിനേനാശു നാകൂദരാൽ.
വല്മീകമദ്ധ്യതോനിന്നു ജനിക്കയാ-
ലമ്മുനീന്ദ്രന്മാരഭിധാനവും ചെയ്താർ:
‘വാൽമീകിയാം മുനി സ്രേഷ്ടൻ ഭവാൻ ബഹു-
ലാമ്നായവേദിയായ് ബ്രഹ്മജ്ഞനാക നീ.’
എന്നരുൾചെയ്തെഴുന്നെള്ളി മുനികളു-
മന്നു തുടങ്ങിഞാനിങ്ങനെ വന്നതും.
രാ‍മനാമത്തിൻ പ്രഭാവം നിമിത്തമായ്
രാമ! ഞാനിങ്ങനെയായ് ചമഞ്ഞീടിനേൻ.
ഇന്നു സീതാസുമിത്രാത്മജന്മാരോടും
നിന്നെ മുദാ‍ കാണ്മതിന്നവകാശവും
വന്നിതെനിക്കു,മുന്നം ചെയ്തപുണ്യവും
നന്നായ് ഫലിച്ചു കരുണാജലനിധേ!
രാജീവ ലോചനം രാമം ദയാപരം
രാജേന്ദ്രശേഖരം രാഘവം ചക്ഷുഷാ
കാണായമൂലം വിമുക്തനായേനഹം
ത്രാണനിപുണ! ത്രിദശകുലപതേ!
‘സീതയാ സാർദ്ധം വസിപ്പതിനായൊരു
മോദകരസ്ഥലം കാട്ടിത്തരുവൻ ഞാൻ
പോന്നാലു’മെന്നെഴുന്നള്ളിനാനന്തികേ
ചേർന്നുള്ള ശീഷ്യപരിവൃതനാം മുനി.
ചിത്രകൂടാചലഗംഗയോരന്തരാ
ചിത്രമായോരുടജം തീർത്തു മാമുനി
തെക്കും വടക്കും കിഴക്കും പടിഞ്ഞാറു-
മക്ഷിവിമോഹനമായ് രണ്ടു ശാലയും
നിർമ്മിച്ചിവിടെയിരിക്കെന്നരുൾ ചെയ്തു;
മന്മഥതുല്യൻ ജനകജതന്നോടും
നിർമ്മലനാകിയ ലക്ഷ്മണൻ തന്നോടും
ബ്രഹ്മാത്മനാ മരുവീടിനൻ,രാമനും
വാൽമീകിയാൽ നിത്യപൂജിതനായ് സദാ.
കാമ്യാംഗിയായുള്ള ജാനകി തന്നോടും
സാദരമാനന്ദമുൾക്കൊണ്ടു മേവിനാൻ.
ദേവമുനീവരസേവിതനാകിയ
ദേവരാജൻ ദിവി വാഴുന്നതുപോലെ.