അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ശ്രീരാമാഭിഷേകാരംഭം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
അയോദ്ധ്യാകാണ്ഡം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


എങ്കിലോ രാജാ ദശരഥനേകദാ
സങ്കലിതാനന്ദമാമ്മാറിരിയ്ക്കുമ്പോൾ
പങ്കജസംഭവപുത്രൻ വസിഷ്ഠനാം
തൻ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാൻ
“പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും
ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപ്പോഴും
ഓരോഗുണഗണം കണ്ടവർക്കുണ്ടക-
താരിലാനന്ദമതിനില്ല സംശയം.
വൃദ്ധനായ് വന്നതു ഞാനുമൊട്ടാകയാൽ
പുത്രരിൽ ജ്യേഷ്ഠനാം രാമകുമാരനെ
പൃത്ഥീപരിപാലനാർത്ഥമഭിഷേക-
മെത്രയും വൈകാതെ ചെയ്യണമെന്നു ഞാൻ
കൽപ്പിച്ച്തിപ്പോഴതങ്ങനെയെങ്കില-
തുൾപ്പൂവിലോർത്തു നിയോഗിക്കയും വേണം.
ഇപ്രജകൾക്കനുരാഗമവങ്കലു-
ണ്ടെപ്പൊഴുമേറ്റമതോർത്തു കണ്ടീലയോ?
വന്നീല മാതുലനെക്കാണ്മതിന്നേറെ
മുന്നമേപോയ ഭരത ശത്രുഘ്നന്മാർ.
വന്നു മുഹൂർത്തമടുത്ത ദിനം തന്നെ
പുണ്യമതീവ പുഷ്യം നല്ല നക്ഷത്രം.
എന്നാലവർ വരുവാൻ പാർക്കയില്ലിനി-
യൊന്നു കൊണ്ടുമതു നിർണ്ണയം മാനസേ.
എന്നാലതിനു വേണ്ടുന്ന സംഭാരങ്ങ-
ളിന്നു തന്നെ ബത സംഭരിച്ചീടണം.
രാമനോടും നിന്തിരുവടി വൈകാതെ
സാമോദമിപ്പൊഴേ ചെന്നറിയിയ്ക്കണം.
തോരണ പംക്തികളെല്ലാമുയർത്തുക
ചാരു പതാകകളോടുമത്യുന്നതം
ഘ്ഹോരമായുള്ള്ല പെരുമ്പറനാദവും
പൂരിയ്ക്ക ദിക്കുകളൊക്കെ മുഴങ്ങവേ!”

മന്നവനായ ദശരഥനാദരാൽ
പിന്നെസ്സുമന്ത്രരെ നോക്കിയരുൾ ചെയ്തു:

“എല്ലാം വസിഷ്ഠനരുളിച്ചെയ്യും വണ്ണം
കല്യാണമുൾക്കൊണ്ടൊരുക്കിക്കൊടുക്ക നീ
നാളെ വേണമഭിഷേകമിളമയായ്
നാളീകനേത്രനാം രാമനു നിർണ്ണയം”
നന്ദിതനായ സുമന്ത്രരുമന്നേരം
വന്ദിച്ചു ചൊന്നാൻ വസിഷ്ഠനോടാദരാൽ.
“എന്തെന്നു വേണ്ടുന്നതെന്നുരചെയ്താലു-
മന്തരമെന്നിയേ സംഭരിiച്ചീടുവൻ”
ചിത്തേ നിരൂപിച്ചു കണ്ടു സുമന്ത്രരോ-
ടിത്ഥം വസിഷ്ഠമുനിiയുമരുൾ ചെയ്തു:
“കേൾക്ക, നാളെപ്പുലർകാലെ ചമയിച്ചു
ചേൽക്കണ്ണിമാരായ കന്യകമാരെല്ലാം
മദ്ധ്യകക്ഷ്യേ പതിനാറുപേർ നിൽക്കണം
മത്ത ഗജങ്ങളെ പൊന്നണിയിയ്ക്കണം.
ഐരാവതകുലജാതനാം നാൽക്കൊമ്പ-
നാരാൽ വരേണമലങ്കരിച്ചങ്കണേ;
ദിവ്യനാനാതീർത്ഥവാരി പൂർണ്ണങ്ങളായ്
ദിവ്യ രത്നങ്ങളൂമുഴ്ത്തി വിചിത്രമായ്
സ്വർണ്ണ കലശ സഹസ്രം മലയജ-
പർണ്ണങ്ങൾ കൊണ്ടു വായ് കെട്ടി വച്ചീടണം
പുത്തൻ പുലിത്തോൽ വരൂത്തുക മൂന്നിഹ.
ഛത്രം സുവർണ്ണദണ്ഡം മണിശോഭിതം
മുക്താമണിമാല്യരാജിത നീർമല-
വസ്ത്രങ്ങൾ, മാല്യങ്ങളാഭരണങ്ങളും
സൽകൃതന്മാരാം മുനിജനം വന്നിഹ
നിൽക്ക കുശപാണികളായ് സഭാന്തികേ
നർത്തകീമാരോടു വാരവധൂജനം
നർത്തക ഗായക വൈണീകവർഗ്ഗവും
ദിവ്യവാദ്യങ്ങളെല്ലാം പ്രയോഗിയ്ക്കണ-
മുർവീശ്വരാങ്കണേനിന്നു മനോഹരം.
ഹസ്ത്യശ്സ്വപത്തിരഥദി മഹാബലം
വസ്ത്രാദ്യലങ്കാരമോടു വന്നീടണം.
ദേവാലയങ്ങൾതോറും ബലിപൂജയും
ദീപാവലികളും വേണം മഹോത്സവം.
ഭൂപാലരേയും വരുവാന് നിiയോഗിയ്ക്ക,
ശോഭയോടെ രാഘവാഭിഷേകാർത്ഥമായ്.”

ഇത്ഥം സുമന്ത്രരേയും നിയോഗിച്ചതി -
സത്വരം തേരിൽക്കരേറി വസിഷ്ഠനും
ദാശരഥി ഗൃഹമെത്രയും ഭാസുര-
മാശു സന്തോഷേണ സാമ്പ്രപ്യ സാദരം
നിന്നതുനേരമറിഞ്ഞു രഘുവരൻ
ചെന്നുടൻ ദണ്ഡനമസ്കാരവും ചെയ്താൻ.
രത്നാസനവും കൊടുത്തിരുത്തി തദാ
പത്നിയോടുമതീ ഭക്ത്യാ രഘുത്തമൻ
പൊൽക്കലശസ്ഥിതനിർമലവാരിണാ-
തൃക്കാൽ കഴുകിച്ചു പാദാബ്ജതീർത്ഥവും
ഉത്തമാംഗേന ധരിച്ചു വിശുദ്ധനായ്
ചിത്തമോദേന ചിരിച്ചരുളിച്ചെയ്തു:
“പുണ്യവാനായേനടിയനതീവ കേ-
ളിന്നു പാദോദക തീർത്ഥം ധരിയ്ക്കയാൽ”
എന്നിങ്ങനെ രാമചന്ദ്രവാക്യം കേട്ടു-
നന്നായ് ചിരിച്ചു വസിഷ്ഠനരുൾ ചെയ്തു:
നന്നുനന്നെത്രയും നിന്നുടെ വാക്കുക-
ളൊന്നുണ്ടു ചൊല്ലുന്നതിപ്പോൾ നൃപാത്മജ!
ത്വല്പാദപങ്കജതീർത്ഥം ധരിയ്ക്കയാൽ
ദർപ്പകവൈരിയും ധന്യനായീടിനാൻ
ത്വൽപ്പാദതീഥവിശുദ്ധനായ് വന്നിതു
മൽപ്പിതാവായ വിരിഞ്ചനും ഭൂപതേ!
ഇപ്പോൾ മഹാജനങ്ങൾക്കുപദേശാർത്ഥ-
മദ്ഭുത വിക്രമ! ചൊന്നതു നീയെടോ!
നന്നായറിഞ്ഞിരിയ്ക്കുന്നിതു നിന്നെ ഞാ-
നിന്നവനാകുന്നതെന്നതുമിന്നെടോ!
സാക്ഷാൽ പരബ്രഹ്മമാം പരമാത്മാവു
മോക്ഷദൻ നാനാജഗന്മയനീശ്വരൻ
ലക്ഷ്മീഭഗവതിയോടും ധരണിയി-
ലിക്കാലമത്ര ജനിച്ചതു നിശ്ചയം!
ദേവകാര്യാർത്ഥസിദ്ധ്യർത്ഥം കരുണയാ-
രാവണനെക്കൊന്നു താപം കെടുപ്പാനും
ഭക്ത ജനങ്ങൾക്കു മുക്തി സിദ്ധിപ്പാനു-
മിത്ഥമവതരിച്ചീടിന ശ്രീപതേ!
ദേവകാര്യാർത്ഥമതീവ ഗുഹ്യം പുന-
രേവം വെളിച്ചത്തിടാഞ്ഞിതു ഞാനിദം.
കാര്യങ്ങളെല്ലാമനുഷ്ഠിച്ചു സാധിയ്ക്ക,
മായയാ മായാമനുഷ്യനായ് ശ്രീനിധേ!
ശിഷ്യനല്ലോ ഭവാനാചാര്യനേഷ ഞാൻ
ശിക്ഷിയ്ക്ക വേണം ജഗദ്ധിതാർത്ഥം പ്രഭോ!
സാക്ഷാൽ ചരാചരചാര്യനല്ലോ ഭവാ-
നോർക്കിൽ പിതൃണാം പിതാമഹനും ഭവാൻ
സർവ്വേഷ്വഗോചരനായന്തര്യാമിയായ്
സർവ്വജഗദ്യന്ത്രവാഹകനായ നീ
ശുദ്ധസത്വാത്മകമായൊരു വിഗ്രഹം
ധൃത്വാ നിജാധീനസംഭവനായുടൻ
മർത്തൃവേഷേണ ദശരഥപുത്രനായ്
പൃഥീതലേ യോഗമായയാ ജാതനാം
എന്നതു മുന്നേ ധരിച്ചിരിയ്ക്കുന്നു ഞാ-
നെന്നോടു ധാതാവു താനരുൾ ചെയ്കയാൽ
എന്നതറിഞ്ഞത്രേ സൂര്യാന്വയത്തിനു
മുന്നേ പുരോഹിതനായിരുന്നു മുദാ
ഞാനും ഭവാനോടു സംബന്ധകാംക്ഷയാ-
നൂനം പുരോഹിത കർമ്മമനുഷ്ഠിച്ചു
നിന്ദ്യമായുള്ളതു ചെയ്താലൊടുക്കത്തു
നന്നായ് വരുകിലതും പിഴയല്ലല്ലോ?
ഇന്നു സഫലമായ് വന്നു മനോരഥ-
മൊന്നപേക്ഷിയ്ക്കുന്നതുണ്ടു ഞാനിന്നിയും
യോഗേശ!തേ മഹാമായാഭഗവതി
ലോകൈക മോഹിനി മോഹിപ്പിയായ്ക മാം.
ആചാര്യ നിഷ്കൃതികാമൻ ഭവാനെങ്കി-
ലാശയം മായയാ മോഹിപ്പിയായ്ക മേ
ത്വൽ പ്രസംഗാൽ സർവമുക്തമിപ്പോളിദ-
മപ്രവക്തവ്യം മയാ രാമ! കുത്ര ചിൽ.
രാജാ ദശരഥൻ ചൊന്നതു കാരണം
രാജീവനേത്ര!വന്നേനിവിടേയ്ക്കു ഞാൻ
ഉണ്ടഭിഷേകമടുത്തനാളെന്നതു
കണ്ടുചൊൽവാനായുഴറി വന്നേനഹം
വൈദേഹിയോടുമുപവാസവും ചെയ്തു
മേദിനി തന്നിൽ ശയനവും ചെയ്യണം.
ബ്രഹ്മചര്യത്തോടിരിയ്ക്ക, ഞാനോരോരോ
കർമ്മങ്ങൾ ചെന്നങ്ങൊരുക്കുവൻ വൈകാതെ
വന്നീടുഷസ്സിനു നീയെന്നരുൾ ചെയ്തു
ചെന്നു തേരിൽ കരേറി മുനിശ്രേഷ്ഠനും.
പിന്നെ ശ്രീരാമനും ലക്ഷ്മണൻ തന്നോടു
നന്നേ ചിരിച്ചരുൾ ചെയ്തു രഹസ്യമായ്
‘താതനെനിയ്ക്കഭിഷേകമിളമയായ്
മോദേന ചെയ്യുമടുത്തനാൾ നിർണ്ണയം
തത്ര നിമിത്ത മാത്രം ഞാനതിന്നൊരു-
കർത്താവു നീ രാജ്യഭോക്താവും നീയത്രേ!
വത്സ! മമ ത്വം ബഹി:പ്രാണനാകയാ-
ലുത്സവത്തിന്നു കോപ്പിട്ടുകൊണ്ടാലും നീ
മത്സമനാകുന്നതും ഭവാൻ നിശ്ചയം
മത്സരിപ്പാനില്ലിതിനു നമ്മോടാരും’
ഇത്തരമോരോന്നരുൾ ചെയ്തിരിയ്ക്കുമ്പോൾ
പൃത്ഥ്വീന്ദ്ര ഗേഹം പ്രവിശ്യ വസിഷ്ഠനും
വൃത്താന്തമെല്ലാം ദശരഥൻ തന്നോടു
ചിത്തമോദാലറിയിച്ചു സമസ്തവും
രാജീവസംഭവനന്ദനന്തന്നോടു
രാജാ ദശരഥനാനന്ദപൂർവകം
രാജീവനേത്രാഭിഷേകവൃത്താന്തങ്ങൾ
പൂജാവിധാനേന ചൊന്നതു കേൾക്കയാൽ
കൌസല്യയോടും സുമിത്രയോടും ചെന്നു
കൌതുകമോടറിയിച്ചാനൊരു പുമാൻ
സമ്മോദമുൾക്കൊണ്ടതു കേട്ടനേരത്തു
നിർമലമായൊരു മാല്യവും നൽകിനാർ
കൌസല്യയും തനയാഭ്യുദയാർത്ഥമായ്
കൌതുകമോടു പൂജിച്ചിതു ലക്ഷ്മിയെ
“നാഥേ! മഹാദേവി!നീയേ തുണ” യെന്നു
ചേതസി ഭക്ത്യാ വണങ്ങി വാണീടിനാൾ
സത്യസന്ധൻ നൃപവീരൻ ദശരഥൻ
പുത്രാഭിഷേകം കഴിച്ചീടുമെന്നുമേ
കേകയപുത്രീവശഗതനാകയാ-
ലാകുലമുള്ളിൽ വളരുന്നിതേറ്റവും
ദുർഗേ! ഭഗവതി! ദുഷ്കൃതനാശിനി!
ദുർഗതി നീക്കിത്തുണച്ചീടുമംബികേ!
കാമുകനല്ലോ നൃപതി ദശരഥൻ
കാമിനി കൈകേയി ചിത്തമെന്തീശ്വരാ!
നല്ലവണ്ണം വരുത്തേണ”മെന്നിങ്ങനെ
ചൊല്ലി വിഷാദിച്ചിരിയ്ക്കുന്നതു നേരം.