അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം
- ബാലികേ! ശുകകുലമൌലിമാലികേ! ഗുണ-
- ശാലിനി! ചാരുശീലേ! ചൊല്ലീടു മടിയാതെ
- നീലനീരദനിഭൻ നിർമ്മലൻ നിരഞ്ജനൻ
- നീലനീരജദലലോചനൻ നാരായണൻ
- നീലലോഹിതസേവ്യൻ നിഷ്‌കളൻ നിത്യൻ പരൻ
- കാലദേശാനുരൂപൻ കാരുണ്യനിലയനൻ
- പാലനപരായണൻ പരമാത്മാവുതന്റെ
- ലീലകൾ കേട്ടാൽ മതിയാകയില്ലൊരിക്കലും.
- ശ്രീരാമചരിതങ്ങളതിലും വിശേഷിച്ചു
- സാരമായൊരു മുക്തിസാധനം രസായനം. 10
- ഭാരതീഗുണം തവ പരമാമൃതമല്ലോ
- പാരാതെ പറകെന്നു കേട്ടു പൈങ്കിളി ചൊന്നാൾ.
- ഫാലലോചനൻ പരമേശ്വരൻ പശുപതി
- ബാലശീതാംശുമൌലി ഭഗവാൻ പരാപരൻ
- പ്രാലേയാചലമകളോടരുൾചെയ്തീടിനാൻ.
- ബാലികേ കേട്ടുകൊൾക പാർവ്വതി ഭക്തപ്രിയേ!
- രാമനാം പരമാത്മാവാനന്ദരൂപനാത്മാ-
- രാമനദ്വയനേകനവ്യയനഭിരാമൻ
- അത്രിതാപസപ്രവരാശ്രമേ മുനിയുമാ-
- യെത്രയും സുഖിച്ചു വാണീടിനാനൊരു ദിനം. 20