ആൎയ്യവൈദ്യചരിത്രം/ഒന്നാം അദ്ധ്യായം
←ആൎയ്യവൈദ്യചരിത്രം | ആൎയ്യവൈദ്യചരിത്രം (ചരിത്രം) രചന: ഒന്നാം അദ്ധ്യായം : ഹിന്തുക്കളുടെ പ്രാചീനപരിഷ്കാരം |
രണ്ടാം അദ്ധ്യായം→ |
[ 1 ]
ആൎയ്യന്മാരുടെ പ്രാചീനപരിഷ്കാരത്തെക്കുറിച്ച് ഒരു ചരിത്രം എഴുതുന്നതാണെങ്കിൽ അതിൽ അവരുടെ വൈദ്യശാസ്ത്രചരിത്രം ഒരിക്കലും ഒഴിച്ചുകൂടാത്തതായ ഒരു ഭാഗമായിരിക്കും. ഇവിടെ "ആൎയ്യൻ" എന്ന പദം പ്രയോഗിച്ചത്, ഹിന്തുക്കളുടെ വിശ്വാസപ്രകാരം അതിന്നാദ്യമുണ്ടായിരുന്നതും ഏറ്റവും ശരിയായിട്ടുള്ളതുമായ അൎത്ഥത്തിൽ മാത്രമാകുന്നു. ഈ അടുത്തകാലത്ത് അതിന്ന് കുറെക്കൂടി വ്യാപകമായ ഒരൎത്ഥം കല്പിക്കുന്നതു വളരെ സാധാരണയായിത്തീൎന്നിട്ടുണ്ട്. ഇംഗ്ളീഷ് ഭാഷയിൽ കെൽട്സ്, ട്യൂട്ടൺസ് എന്നു പറയുന്ന വൎഗ്ഗക്കാർ, ഇറ്റലിക്കാർ, യവനന്മാർ (ഗ്രീക്കുകാർ), പാരീസകന്മാർ, ഹിന്തുക്കൾ ഇവരുടെ എല്ലാം കൂടി പൂൎവ്വന്മാരാണെന്നൂഹിക്കപ്പെടുന്ന ഒരുകൂട്ടം പ്രാചീനജനങ്ങളുണ്ടായിരുന്നു എന്നും, അവരെയെല്ലാം ആൎയ്യശബ്ദം കൊണ്ടു വ്യവഹരിക്കാമെന്നും, പാശ്ചാത്യന്മാരായ മനുഷ്യവൎഗ്ഗശാസ്ത്രജ്ഞന്മാർ (Ethologists) അഭിപ്രായപ്പെടുന്നുണ്ട്. ഊഹമാത്രഗോചരമായ ആ പ്രാചീന ജനസംഘത്തിന്റെ ഓരോ ശാഖകളെന്നു പറയപ്പെടുന്ന കെൽട്സ്, ഹിന്തുക്കൾ മുതലായ വൎഗ്ഗക്കാർ തമ്മിൽ നവീനശാസ്ത്രംകൊണ്ടു കണ്ടുപിടിച്ചതായ പലവിധത്തിലുള്ള സാമ്യാവസ്ഥകളാൽ, ഈ ജനസമുദായങ്ങളെല്ലാം ഒരു കാലം ഏഷ്യാമദ്ധ്യത്തിൽ കിടക്കുന്ന കാക്കസസ്സ് പൎവ്വതനിരകളുടെ സ [ 2 ] മീപത്തിലൊരുമിച്ചു താമസിച്ചിരുന്നു എന്നും, പിന്നെ അവർ അവിടെനിന്നു സംഗതിവശാൽ പിരിഞ്ഞുപോയ കൂട്ടത്തിൽ ഹിന്തുക്കൾ കുടുംബസഹിതം ഇന്ത്യയിലെക്കു കടന്നു വന്ന് ഇവിടെ ഉണ്ടായിരുന്ന പൂൎവ്വനിവാസികളെ കീഴടക്കി താമസിച്ചുപോന്നു എന്നും മറ്റുമാണു ചില ആധുനികപണ്ഡിതന്മാരുടെ സിദ്ധാന്തം. ഈ യുക്തി യൂറോപ്യന്മാരാൽ സ്വന്തമായി സൃഷ്ടിക്കപ്പെട്ടതും, തങ്ങൾ സ്വതന്ത്രോല്പത്തിയോടുകൂടിയവരെന്നഭിമാനിക്കുന്ന ഹിന്തുക്കളാൽ പരക്കെ സ്വീകരിക്കപ്പെടാത്തതുമാകുന്നു. തങ്ങളൊരിക്കലും ഇതരരാജ്യങ്ങളിൽ നിന്നിവിടെക്കു വന്നവരല്ല; എന്നുമാത്രമല്ല-പൂൎവ്വഹിന്തുക്കളിൽനിന്ന് അനേകം ശാഖകൾ പിരിഞ്ഞുപോയി പുതുരാജ്യങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നുകൂടി ഇന്ത്യയിലെ പണ്ഡിതസാൎവ്വഭൗമന്മാർ യുക്തിപൂൎവ്വം തെളിയിക്കുന്നുണ്ട്. നമുക്കു തൽക്കാലം ഈ വാദപ്രതിവാദത്തിൽ പ്രവേശിക്കേണ്ടതില്ല. ഹിന്തുക്കളുടെ മാഹാത്മ്യമേറിയ പുസ്തകങ്ങളിലും അവരുടെ നിത്യസംഭാഷണത്തിലും "ആൎയ്യ" ശബ്ദംകൊണ്ട് അവരെ മാത്രമേ പറഞ്ഞുവരുമാറുള്ളൂ. അതുകൊണ്ട് ഈ പുസ്തകത്തിൽ എവിടെ എങ്കിലും "ആൎയ്യ" ശബ്ദം പ്രയോഗിച്ചുകണ്ടാൽ അതിന്നു "ഹിന്തു" എന്നുമാത്രം അൎത്ഥം മനസ്സിലാക്കേണ്ടതാണെന്ന് ആദ്യംതന്നെ പറഞ്ഞുവെക്കട്ടെ.
ഹിന്തുക്കൾ, തങ്ങളുടെ രാജ്യത്തിന്നു 'ആൎയ്യമാരുടെ സ്ഥാനം' എന്നുള്ള അൎത്ഥത്തിൽ "ആൎയ്യാവൎത്തം" എന്നാണു പേർകൊടുത്തിരിക്കുന്നത്. പ്രാചീനസ്മൃതികാരന്മാരിൽ ഒന്നാമനായ മനു 'ആൎയ്യവൎത്തത്തെ' ഇങ്ങിനെ വിവരിക്കുന്നു:- <poem>
“ | ആസമുദ്രാത്തു വൈ പൂൎവ്വാ-
ദാസമുദ്രാത്തു പശ്ചിമാൽ തയോരേവാന്തരം ഗിൎയ്യോ- 'രാൎയ്യാവൎത്തം വിദുൎബുധാ:' |
” |
കിഴക്കും പടിഞ്ഞാറുമുള്ള സമുദ്രങ്ങളുടേയും വടക്കു 'ഹിമ വാൻ' തെക്കു 'വിന്ധ്യൻ' എന്നീ രണ്ടു പൎവതങ്ങളുടേയും മദ്ധ്യ ത്തിലുള്ള രാജ്യഭാഗത്തെ വിദ്വാന്മാർ "ആൎയ്യാവൎത്തം" എന്നു പറയുന്നു എന്നാണു ശ്ലോകത്തിന്റെ താല്പൎയ്യം. ഈ രാജ്യഭാഗ ത്തു ജനിച്ചിട്ടുള്ള ബ്രാഹ്മണരാണു മനുഷ്യൎക്കുള്ള അനേകം വൃത്തി നിയമങ്ങളുടെ ശരിയായ ഉപദേശകൎത്താക്കന്മാരെന്നും മനു ന മ്മെ പഠിപ്പിക്കുന്നു. കാലാന്തരത്തിൽ വടക്കു 'ഹിമാലയം' മു തൽ തെക്കു 'കന്ന്യാകുമാരി' വരെയും, കിഴക്കു 'ഐരാവതീ' നദി യും 'ബങ്കാളഉൾക്കടലും' മുതൽ പടിഞ്ഞാറു 'സിന്ധുനദിയും അ റബിക്കടലും' വരേയും വ്യാപിച്ചുകിടക്കുന്ന രാജ്യത്തിന്നു മുഴുവനും കൂടി "ആൎയ്യാവൎത്തം" എന്ന പേർ പറഞ്ഞുതുടങ്ങി.
ഈ ഇന്ത്യ, സ്വാഭാവികങ്ങളായ അതിരുകളോടുകൂടിയ ഒരു വിശേഷപ്പെട്ട രാജ്യമാകുന്നു. ഈ രാജ്യത്തിൽ ആറു ഋതു ക്കളും അവയുടെ ഗുണസമൃദ്ധികൊണ്ടു നമുക്കേറ്റവും സുഖപ്ര ദങ്ങളായിരിക്കുന്നു. ഇവിടെ, പൎവ്വതങ്ങളുടേയും, സമുദ്രങ്ങളുടെ യും സ്ഥിതിഭേദത്താൽ അത്യുഷ്ണം, അതിശീതം, പരിമിതശീതോ ഷ്ണം ഇങ്ങിനെ പ്രകൃതിയുടെ (ശീതോഷ്ണസ്ഥിതിയുടെ) നാനാഭേദ ങ്ങളും നമുക്കു കിട്ടുന്നുണ്ട്. സകലലോകത്തിന്നും ഈ 'രാജ്യം ജ്ഞാനത്തിന്നുള്ളൊരു ശ്രീമൂലസ്ഥാനമായിട്ടുണ്ടെന്നുമാത്രമല്ല, ഇ പ്പോൾ തലപൊക്കിപ്പിടിച്ചുനടക്കുന്ന ഏതു ജനസമുദായവും പ്രാചീനഹിന്തുക്കളുടെ ശാസ്ത്രക്കലവറയിൽനിന്നു പിടിപ്പതില ധികം കടം വാങ്ങീട്ടില്ലായിരുന്നു എങ്കിൽ, ഇക്കാലത്ത് ലോക ത്തിലെങ്ങാനുമുണ്ടാകുന്നതേ അല്ലായിരുന്നു എന്നുകൂടിതെളിയി ക്കുന്നതിന്നു ചരിത്രം മതിയായ സക്ഷിയാകുന്നു. മറ്റുള്ള ജനസ മുദായങ്ങൾ കേവലം ഇല്ലാതിരിക്കുകയോ, ഉണ്ടെങ്കിൽതന്നെ ശു ദ്ധമേ നിരക്ഷരകുക്ഷികളായിരിക്കുകയോ ചെയ്തിരുന്ന കാലത്തുത ന്നെ, ഇന്ത്യയുടെ കീൎത്തിചന്ദ്രിക ലോകമെല്ലാം പ്രകാശിപ്പിച്ചു [ 4 ] കൊണ്ടിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അഭിമാനഹേതുക്കളാണെന്നു വെച്ചിരിക്കുന്ന മിക്ക ശാസ്ത്രങ്ങളും പ്രാചീനഹിന്തുക്കൾക്കറിയപ്പെടാത്തവയായിരുന്നില്ല. അനേകായിരം സംവത്സരങ്ങൾ ക്കുമുമ്പിൽ അവരുൽഘോഷിച്ചിരുന്ന ശാസ്ത്രതത്വങ്ങൾ ഇന്നും അവയുടെ സ്വാഭാവികമായ പുതുമയോടുകൂടി ഉജ്ജ്വലിക്കുന്നുണ്ടോ എന്നറിയേണ്ടതിന്നു ഒരുവൻ അവരുടെ ഗ്രന്ഥങ്ങളിലൊന്നു ദൃഷ്ടി പതിപ്പിക്കുകയേ ചെയ്യേണ്ടതുള്ളൂ.
ജോതിഷത്തെ ഒന്നാമതായി സൃഷ്ടിച്ചതു ഹിന്തുക്കളായിരുന്നു. ഇദാനീന്തനന്മാരായ എല്ലാ ജ്യോതിശ്ശാസ്ത്രവിശാരദന്മാരും, ജ്യോതിഷത്തിൽ ഹിന്തുക്കൾ കണ്ടുപിടിച്ച തത്ത്വങ്ങൾക്ക് ഏറ്റവും പഴക്കമുണ്ടെന്ന് ഐക്യകണ്ഠ്യേന സമ്മതിക്കുന്നുണ്ട്. കാസ്സിനി, ബെയിലി, പ്ളേഫ്ർ മുതലായ പാശ്ചാത്യപണ്ഡിതന്മാർ, ക്രിസ്തുവിന്നു മൂവ്വായിരം കൊല്ലങ്ങൾക്കു മുമ്പായി ഹിന്തുക്കൾ കണ്ടെത്തിയ ജ്യോതിശ്ശസ്ത്രതത്ത്വങ്ങൾ ഇന്നും അവൎണ്ണനീയങ്ങളായിരിക്കുന്നു എന്നും, അവരക്കാലത്തുതന്നെ ഈ ശാസ്ത്രത്തിൽ വളരെ പാണ്ഡിത്യമുള്ളവരായിരുന്നു എന്നും നിരാക്ഷേപമായി തെളിയിച്ചിരിക്കുന്നു. പ്രാചീനഹിന്തുക്കൾ പഞ്ചാംഗങ്ങളെ നിൎണ്ണയിക്കുകയും, ഗ്രഹണം ഗണിച്ചു മുൻകൂട്ടിപ്പറകയും ചെയ്തിരുന്നു. കോൾബ്രൂക്കിന്റെ പക്ഷത്തിൽ, ജ്യോതിശ്ശാസ്ത്രവിശാരദനായ ടോൾമിയേക്കാൾ അയനചലനത്തിൽ അവൎക്കായിരുന്നു അധികം ശരിയായ പരിജ്ഞാനമുണ്ടായിരുന്നതെന്നു കാണുന്നു.
ഗണിതഭാഗം എടുത്തുനോക്കുന്നതായാൽ, അതിലും പൂൎവ്വഹിന്തുക്കൾ വലിയൊരു നിലയിലെത്തിയിരുന്നു എന്നു നമുക്കറിയാം. ദശാംശഭിന്നിതം മുതലായ അനേകം ഗണിതസമ്പ്രദായങ്ങളെ അവർ സ്വയമേവ നിൎമ്മിച്ചു. ഭൂമിതിശാസ്ത്രം (Geometry), ത്രികോണമിതിശാസ്ത്രം (Trignometry) എന്നീ രണ്ടു ശാസ്ത്രങ്ങളുടെ പ്രവൎത്തകന്മാരും, അവയിൽപ്പിന്നെ വളരെ പ [ 5 ] രിഷ്കാരം വരുത്തിയവരും ഹിന്തുക്കളാണു. ഗണിതശാസ്ത്രതത്ത്വങ്ങളെ കണ്ടുപിടിച്ചതിനു പൈത്തഗോറസ്സിന്നു കൊടുക്കുന്ന മാന്യത മിക്കതും ന്യായമായി ഹിന്തുക്കൾക്കു കിട്ടേണ്ടതാകുന്നു.
"രസതന്ത്ര"ത്തിലും (Chemistry) അവരുടെ അറിവു സ്വല്പമായിരുന്നില്ല. ഗന്ധികാമ്ളം (Sulphuric acid), പാക്യജനകാമ്ളം(പാക്യേകാമ്ളം=Nitric acid), അബ്ജഹരിതാമ്ളം (Hydrochloric acid) മുതലായ അമ്ളങ്ങളേയും (Acids), ചെമ്പ്, ഇരിമ്പു, ഇയ്യം, തകരം, നാകം ഇവയുടെ ആഗ്നേയങ്ങളേയും(Oxides), പല ലവണങ്ങൾ, ഗന്ധികങ്ങൾ (Sulphates), ക്ഷാരങ്ങൾ മുതലായ വസ്തുക്കളെയും അവർ മനസ്സിലാക്കി ഉപയോഗിച്ചിരുന്നു.
ശബ്ദകല്പനാതത്വങ്ങളൊന്നാമതായി ലോകത്തിൽ പ്രകാശിപ്പിച്ചതു പാണിനിമഹൎഷി യായിരുന്നു. അദ്ദേഹത്തിന്റെ "അഷ്ടാദ്ധ്യായീ" എന്ന വ്യാകരണസമ്പ്രദായം ഇന്നും പാശ്ചാത്യന്മാൎക്കും പൗരസ്ത്യന്മാൎക്കും ഒരുപോലെ വിസ്മയജനകമായിരിക്കുന്നു. ലോകത്തിൽ മറ്റെല്ലാ ജനസമുദായങ്ങളേക്കാളും മുമ്പായി ഹിന്തുക്കളായിരുന്നു അഭിധാന ഗ്രന്ഥങ്ങളെ നിൎമ്മിച്ചത്. വൈദികസാഹിത്യത്തിൽ ഇവയ്ക്കു "നിഘണ്ഡുക്കൾ" എന്നു പേർ കൊടുത്തിരിക്കുന്നു.
സംഗീതത്തിലും ആൎയ്യന്മാരുടെ പരിജ്ഞാനം പരിപൂൎണ്ണമായിരുന്നു. ഷൾജാദിസ്വരസമൂഹത്തെ (ഗ്രാമത്തെ) ഒന്നാമതായി കണ്ടുപിടിച്ചത് അവരാണു. അവരുടെ സംഗീതം കേവലം പരിശുദ്ധവും വളരെ നല്ല ചിട്ടയുള്ളതുമാകുന്നു.
ശില്പഭംഗിയുടെ ജന്മഭൂമിതന്നെ ഇന്ത്യാരാജ്യമാകുന്നു. കാലത്തിന്റെ ദുസ്സഹമായ വിനാശശക്തിയെ തടുത്തുകൊണ്ട്, ഇന്നും ഇന്ത്യാരാജ്യത്ത് അവിടവിടെ ശേഷിച്ചു നിൽക്കുന്ന ചില അൎദ്ധഗോളാകൃതിയിലുള്ള ശിഖരങ്ങൾ, വിചിത്രങ്ങളായ [ 6 ] തോരണശൃംഗങ്ങൾ, മനോഹരങ്ങളായ പ്രാസാദങ്ങൾ എന്നുവെക്കേണ്ട പണ്ടത്തെ ശില്പവീരന്മാരുടെ പ്രതിഭാവിശേഷത്തിന്റെ പ്രതിബിംബങ്ങളായിരിക്കുന്ന ഓരോ ശില്പ നിൎമ്മാണങ്ങൾ അവയുടെ നിശ്ശബ്ദമായ വക്പാടവംകൊണ്ടു മേൽപ്പറഞ്ഞ സംഗതി ധാരാളം വെളിവാക്കുന്നുണ്ടല്ലൊ. ഇന്ത്യയെസംബന്ധിച്ച വിഷയങ്ങളിൽ ഒരു വലിയ പ്രമാണമായി ഗണിക്കപ്പെടുന്ന ഡബ്ളിയു. ഡബ്ളിയു. ഹണ്ടർ അലക്സാണ്ടർ എന്ന മഹാൻ ഇന്ത്യയെ വിട്ടുപോയപ്പോൾ ഇവിടെയുള്ള ശില്പവിശേഷങ്ങളെ കണ്ടു പകൎത്തിക്കൊണ്ടു വരാൻ തന്റെ സ്വന്തം ചിത്രമെഴുത്തുകാരിൽ ചിലരെ ഇവിടെ താമസിപ്പിച്ചു എന്നും, അവർ അതെല്ലാം പകൎത്തെടുത്ത് സ്വരാജ്യത്തേക്ക് കൊണ്ടുപോയി എന്നും ഊഹിച്ചിരിക്കുന്നു.
"ധനുൎവ്വേദം" ആൎയ്യന്മാരുടെ യുദ്ധസമ്പ്രദായങ്ങളെല്ലാം വിവരിക്കുന്ന ഒരു പുരാതന ശാസ്ത്രമാകുന്നു. അതിൽ ആയുധങ്ങളൂടെ തരങ്ങളും മറ്റും വിശദമായി പറഞ്ഞിട്ടുണ്ട്.
ആയുധങ്ങൾ പ്രധാനമായി നാലു വിധത്തിലാകുന്നു:-
- (൧) മുക്തം (കയ്യിൽനിന്നു വിടുന്നത്), ചക്രം മുതലായത്.
- (൨) അമുക്തം (കയ്യിൽനിന്നു വിടാത്തത്), വാൾ മുതലായത്.
- (൩) മുക്താമുക്തം (കയ്യിൽനിന്നു വിട്ടും വിടാതെയും പ്രയോഗിക്കുന്നത്), ശക്തിമുതലായത്.
- (൪) യന്ത്രമുക്തം (യന്ത്രസഹായംകൊണ്ടു പ്രയോഗിക്കുന്നത്), ശരം മുതലായത്.
അവരുടെ സൈന്യത്തിൽ, കാലാൾപ്പട, കുതിരപ്പട, തേൎപ്പട, ആനപ്പട ഇങ്ങിനെ നാലുഭാഗങ്ങളുണ്ടായിരുന്നു. ഇവയ്ക്കു ക്രമത്തിൽ, പദാതി, അശ്വാരൂഢം, രഥാരൂഢം, ഗജാരൂഢം എന്നും പേർപറയും. ആദ്യകാലം മുതൽക്കെ ഹിന്തുക്കൾക്കു ക്ഷത്രിയന്മാർ എന്നു പറയുന്ന ഒരു യോധജാതിതന്നെ ഉണ്ടായിരുന്നു. [ 7 ] ഹിന്തുക്കളുടെ ധൎമ്മശാസ്ത്രം (സ്മൃതി) അവരുടെ മതം പോലെതന്നെ പഴക്കമുള്ളതാകുന്നു. സ്മൃതികാരന്മാരിൽ മനുവാണു ഏറ്റവും പ്രാചീനൻ. അദ്ദേഹത്തിന്റെ "മാനവസംഹതാ" എന്ന ധൎമ്മശാസ്ത്രഗ്രന്ഥം ഇന്നും ഇന്ത്യയിലെ ജനസമുദായത്തിന്റെ ആചാര ബന്ധത്തിന്നുള്ള ഒരു നല്ല അടിസ്ഥാനമായിരിക്കുന്നു. അതു, ചുരുങ്ങിയപക്ഷം, മൂവ്വായിരം കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന ഹിന്തുജനസമുദായത്തിന്റെ ഒരു പ്രധാനപ്പെട്ട റിക്കാട്ടാകുന്നു. യാജ്ഞവൽക്യൻ, പരാശരൻ മുതലായ വേറെ ചിലസ്മൃതികാരന്മാരും വളരെ മാനിക്കപ്പെട്ടുവരുന്നു. വാദം വരുന്ന വിഷയങ്ങളിൽ അവരുടെ ഗ്രന്ഥങ്ങൾ ഇന്നും പരിശോധിച്ചുവരുമാറുണ്ട്.
തത്വശാസ്ത്രവിഷയത്തിൽ, ഇന്നും ഇന്ത്യയോടു ലോകത്തിൽ ഒരു രാജ്യവും അടുക്കുന്നതല്ല. ഇന്ത്യയിലെ തത്വശാസ്ത്രത്തിൽ, "ദർശനങ്ങൾ" അല്ലെങ്കിൽ "ജ്ഞാനത്തിന്റെ കണ്ണാടികൾ" എന്നു വിളിക്കപ്പെടുന്ന ആറു സമ്പ്രദായങ്ങൾ അടങ്ങിയിരിക്കുന്നു. ഈ ആറു ദൎശനങ്ങൾ ന്യായം, സാംഖ്യം, വൈശേഷികം, യോഗം, മീമംസാ, വേദാന്തം എന്നിവയാകുന്നു. സൃഷ്ടിതത്വത്തെ വെളിപ്പെടുത്തുകയാകുന്നു ഈ ആറു ദൎശനങ്ങളുടെയും പ്രധാനോദ്ദേശ്യം. ഹിന്തുക്കൾക്ക് തത്വശാസ്ത്രത്തിൽ കലശലായൊരു ഭ്രമമുണ്ട്. അതുകൊണ്ട് അവരീ വിഷയത്തിൽ അറിവുണ്ടാക്കുവാൻ കഴിയുന്ന വിധമൊക്കെ പരിശ്രമിച്ചിട്ടുമുണ്ട്. പ്രകൃതിയും പുരുഷനും (Matter and spirit ) തമ്മിലുള്ള അന്തരം അവരാണൊന്നാമതായി കണ്ടുപിടിച്ചത്. ലോകത്തിലെല്ലാവരും നിൎജ്ജിവമായ പ്രകൃതിയിലും തദ്ധൎമ്മങ്ങളിലും മാത്രം ശ്രദ്ധവെച്ചിരിക്കുമ്പോൾ, ഹിന്തുക്കൾ, ചരിത്രത്തിന്റെ ഉദയകാലം മുതൽക്കെ പരമാത്മത്വത്തെ ഗ്രഹിക്കുന്നതിന്നു പ്രത്യേകം പ [ 8 ] രിശ്രമിച്ചിരിക്കുന്നതായിക്കാണാം. താൻ ഈ ലോകത്തിൽ ഒരു സ്ഥിരവാസിയല്ലെന്നും, അതുകൊണ്ടു തനിക്കു പ്രാപഞ്ചികവസ്തുക്കളിൽ നിയമേന ഒരു സക്തിയും ആവശ്യമില്ലെന്നും ഉള്ള പൂൎണ്ണജ്ഞാനത്തോടുകൂടിയത്രേ ഇന്ത്യയിലെ ഒരു ആൎയ്യൻ ജീവകാലം കഴിച്ചുകൂട്ടുന്നതെന്നു പണ്ഡിതശിരോമണിയായ മാക്സ്മില്ലർ പറഞ്ഞിരിക്കുന്നതു വളരെശ്ശരിയാകുന്നു. ഇക്കാലത്തുള്ള മിക്ക ഗാഢാലോചനക്കാരേയും ആത്മവിദ്യാജ്ഞാനികളേയും പരിഭ്രമിപ്പിക്കുന്ന "ജീവതത്വ"ത്തെക്കുറിച്ചുള്ള ചോദ്യത്തിന്നു ശരിയായ സമാധാനം പറയുവാൻ, പ്രാപഞ്ചികസുഖങ്ങളിൽ ലയിക്കുന്നതിന്നു പകരം അധികവും ആദ്ധ്യാത്മികനിഷ്ഠകളിൽത്തന്നെ ശ്രദ്ധവെക്കുന്ന ഒരു ഹിന്തുവത്രെ സ്വഭാവേന അധികം യോഗ്യനായിട്ടുള്ളത്.
ജ്ഞാനത്തിന്റെ മേല്പറഞ്ഞ എല്ലാ ശാഖകളുടേയും ഉല്പത്തി, "അറിയുക" എന്നൎത്ഥമായി സംസ്കൃതഭാഷയിലുള്ള "വിദ്" ധാതുവിൽനിന്നുണ്ടായ 'വേദ'മെന്നു പറയുന്ന മതഗ്രന്ഥത്തിൽ നിന്നാകുന്നു. ഈ വേദം കേവലം ഓരോ മനുഷ്യരുടെ ജ്ഞാനത്തിൽ നിന്നും വ്യത്യാസപ്പെട്ട ഈശ്വരനിഷ്ഠമായ ജ്ഞാനമാണെന്നാകുന്നു ഹിന്തുക്കളുടെ വിശ്വാസം. സൃഷ്ടിക്കൊരു കൎത്താവുണ്ടെന്നും, അദ്ദേഹം നിത്യനും നിഷ്കാരണനും ആണെന്നും, അദ്ദേഹംതന്നെ തന്റെ ആന്തരാത്മാവിൽ നിന്ന് ഈ ജഗത്തിനെ പരിണമിപ്പിച്ചിട്ടുള്ളതുകൊണ്ടു ജ്ഞാന സ്വരൂപനെന്നും, ജ്ഞാനസ്വരൂപനും നിത്യനുമാകയാൽ നിത്യാനന്ദസ്വരൂപനെന്നും ആൎയ്യന്മാർ വിശ്വസിക്കുന്നു. വേദം അദ്ദേഹത്താൽ പ്രകാശിക്കപ്പെട്ടതായ ജ്ഞാന മെന്നൂഹിക്കപ്പെട്ടിരിക്കുന്നു. ജ്ഞാനം-അവർ വിശ്വസിക്കുന്നതു-സൃഷ്ടിക്കപ്പെടുന്നതല്ല; ലഭിക്കപ്പെടുന്നതാണെന്നാകുന്നു. ജ്ഞാനത്തെ സൃഷ്ടിക്കുവാൻ കഴിയുമെങ്കിൽ ഉപദേശം സാധാരണയായി നിഷ്ഫലമാകുമായിരുന്നു എ [ 9 ] ന്നാണവർ പറയുന്നത്. അനവധി കാലത്തോളമായിട്ട്, അതിനെ അച്ഛനിൽനിന്നു മകനും, ഗുരുവിൽനിന്നു ശിഷ്യനും കൈമാറിക്കൊടുത്തു വരികയാണു പതിവ്. അതുകൊണ്ട് ഹിന്തുക്കൾ, ഭൂലോകത്തുള്ള എല്ലാ ജ്ഞാനവും, സൎവ്വവിദ്യകളുടേയും ഈശനും (ഈശാന: സർവ്വവിദ്യാനാം-യജുൎവ്വേദം), സകലജ്ഞാനത്തിന്റേയും ഉല്പത്തിസ്ഥാനവും ആയ പരബ്രഹ്മത്തിൽനിന്നുണ്ടായതെന്നു സിദ്ധാന്തിക്കുന്നു. അതിന്നനുസരിച്ച് ഏതു സിദ്ധാന്തത്തെയും, ഒന്നെങ്കിലോ അത് അവരുടെ വേദത്തിൽ വിഹിതമാണെന്നു സാധിക്കുകയോ, അല്ലെങ്കിൽ പണ്ടെക്കുപണ്ടേ നടപ്പുള്ളതാണെന്നു തെളിയുകയോ ചെയ്യാതെ ഒരിക്കലും അവർ കൈക്കൊള്ളുകയില്ല. ഇങ്ങിനെ അവരുടെ തത്വാൻവേഷണരീതി പുതിയ കൂട്ടരിൽ നിന്നു തുലോം വ്യത്യാസപ്പെട്ടിരിക്കുന്നു. ഇപ്പോഴത്തെ കൂട്ടരാകട്ടെ, സ്വബുദ്ധിയെ മാത്രം പ്രമാണിച്ച് ഒരു സിദ്ധാന്തം കണ്ടുപിടിക്കുകയും, അത് അതാതു ശാസ്ത്രത്തിന്റെ പരമാവധിയിലെത്തുന്നതുവരെ അതാത് അഭിവൃദ്ധിപദവിയിലൊക്കെ പരീക്ഷിക്കപ്പെടേണ്ടിവരികയും ആണല്ലൊ ചെയ്യുന്നത്.
വേദങ്ങൾ-ഋക്ക്, യജുസ്സ്, സാമം, അഥൎവ്വം ഇങ്ങിനെ നാലാകുന്നു. ഇന്ത്യയിലെ പരിശുദ്ധമായ ജ്ഞാനത്തെ കൈവശംവെച്ചുകൊണ്ടിരിക്കുന്ന ബ്രാഹ്മണർ, അവർക്കായി പ്രകാശിതങ്ങളായ ഈ ഗ്രന്ഥങ്ങളുടെ നിത്യത്വം സ്ഥാപിക്കുവാൻ കൊണ്ടുവരുന്ന പലവിധത്തിലുള്ള ന്യായങ്ങൾ ഇവിടെ എടുത്തു പ്രതിപാദിച്ചു സമയം കളയുന്നില്ല. ശരിയായ കാലവിഭാഗങ്ങളാൽ കാലത്തെ ഗണിക്കുന്നതിലും, വളരെ പണ്ടുകഴിഞ്ഞ ഓരോ കാൎയ്യങ്ങളുടെ സമയം ക്ളിപ്തപ്പെടുത്തുന്നതിലും പാശ്ചാത്യന്മാരുടേയും പൗരസ്ത്യന്മാരുടേയും അഭിപ്രായങ്ങൾ തുലോം വ്യത്യാസ പ്പെട്ടിരിക്കുന്നു എന്നുമാത്രം പറഞ്ഞാൽ മതിയാവുന്നതാണു. ക്രിസ്തുവിന്നു മൂവ്വായിരം കൊല്ലങ്ങൾക്കുമുമ്പു ഭൂപൃഷ്ഠത്തിൽ മനുഷ്യജാതിയേ [ 10 ] ഉണ്ടായിരുന്നില്ലെന്ന് സിദ്ധാന്തിക്കുന്ന ചില പാശ്ചാത്യപ്രമാണികളുണ്ട്; എന്നാൽ, ഇന്ത്യക്കാരുടെ ജഗൽസൃഷ്ടിനിയമത്തിൽ (ജഗൽസൃഷ്ടിതത്വത്തിൽ) മുമ്പു കഴിഞ്ഞ ഓരോ യുഗങ്ങളിൽ ജീവിച്ചിരുന്നവരെന്നു പറയപ്പെടുന്ന പലരുടേയും പ്രവൃത്തികൾ വിവരിച്ചിട്ടുള്ളതായി കാണുന്നു. ഹിന്തുക്കളുടെ കാലനിൎണ്ണയം താഴേപറയുന്നവിധമാകുന്നു:-
കൃതയുഗം | ൧,൭൨൮,൦൦൦ | സംവത്സരം |
ത്രേതായുഗം | ൧, ൨ൻ൬,000 | " |
ദ്വാപരയുഗം | ൮൬ർ,000 | " |
കലിയുഗം | ർ൩൨,000 | " |
ഇപ്പോഴത്തെ കാലം കലിയുഗമാകുന്നു. ഇതു ക്രിസ്ത്വാബ്ദത്തിന്നുമുമ്പു ൩൧0൨-ആംകൊല്ലം ഫിബ്രവരിമാസം ൧൮-ആം-തി വെള്ളിയാഴ്ചയാണു ആരംഭിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. വണ്ടിച്ചക്രം പോലെ തിരിഞ്ഞുവരുന്ന ഈ ചതുൎയ്യുഗങ്ങൾക്ക് ഗ്രീക്കുകാരുടെ സൗവൎണ്ണം, രാജതം, ആയസം, പൈത്തളം എന്നുള്ള കാലവിഭാഗങ്ങളോടു ഏകദേശം സാദൃശ്യമുണ്ട്. ഹിന്തുക്കളുടെ പക്ഷത്തിൽ ഏറ്റവും പുരാതനകാലങ്ങളീൽ സംഭവിച്ച സംഗതികൾകൂടി അടുത്തകാലത്തു കഴിഞ്ഞതാണെന്നു പറഞ്ഞ് പുതിയതാക്കിത്തീൎക്കുവാൻ ഒരു പ്രത്യേകവാസനയുള്ള പാശ്ചാത്യന്മാരായകാലനിൎണ്ണയവിദ്യാപണ്ഡിതന്മാർകൂടി വേദങ്ങളുണ്ടായിട്ട് നാലായിരം കൊല്ലം കഴിഞ്ഞിരിക്കുന്നു എന്നു സമ്മതിക്കുന്നുണ്ട്. വേദങ്ങളില്ലാതിരുന്നൊരു കാലത്ത് ലോകത്തിൽ വേറെ വല്ല പുസ്തകവുമുണ്ടായിരുന്നു എന്നുള്ളത് ഇതുവരെ ആൎക്കും തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട്, ഏതു കണക്കുപ്രകാരം കൂട്ടിയാലും ലോകത്തിലുള്ള മറ്റെല്ലാ ഗ്രന്ഥങ്ങളേക്കാളും വേദത്തിന്നു പഴക്കമേറുമെന്നു വരുന്നു. പൗരസ്ത്യശാസ്ത്രജ്ഞന്മാ [ 11 ] രായ പാശ്ചാത്യരുടെ അഭിപ്രായമെടുക്കുന്നതായാൽത്തന്നെ ക്രിസ്താബ്ദത്തിന്നു മുമ്പു ൮00-ആമാണ്ടിൽ (വിൽസൻ) ജീവിച്ചിരുന്ന മനുവിന്റെയും, ൬00-ആമാണ്ടിൽ (ഗോൽഡ്സ്റ്റക്കർ) ജീവിച്ചിരുന്ന പാണിനിയുടെയും ഗ്രന്ഥങ്ങളിൽ വേദം അനാദിയെന്നു കാണുന്നു. ഇങ്ങിനെ കാലപ്പഴക്കംകൊണ്ടു വേദങ്ങൾതന്നെ സൎവ്വോൽകൎഷേണ ഒന്നാമതായി നിൽക്കുന്നു. യൂറോപ്പിലെ ചില വിദ്വാന്മാർ വ്യാകരണത്തിന്റെയും നിഘണ്ഡുവിന്റേയും സഹായംകൊണ്ടു ഹിന്തുവേദത്തിന്റെ പല ഭാഗങ്ങളും തൎജ്ജമ ചെയ്തിട്ടുണ്ട്. എന്നാൽ അവൎക്ക് അതിന്റെ ശരിയായ തത്ത്വങ്ങളൊന്നും കണ്ടെത്തുവാൻ കഴിയാത്തതിനാൽ അതിലടങ്ങിയിരിക്കുന്ന വിശിഷ്ടങ്ങളായ ആശയങ്ങളെ സ്വല്പങ്ങളാക്കുവാൻ മാത്രമേ സാധിച്ചിട്ടുള്ളൂ എന്നു വരുന്നതിലത്ഭുതമില്ലല്ലൊ. അതിന്നായി പ്രത്യേകം ദീക്ഷിച്ചിരിക്കുന്ന ഒരു വൎഗ്ഗക്കാർ മാത്രം പഠിച്ചും പഠിപ്പിച്ചും വരുന്നതും, പണ്ടെക്കു പണ്ടേ ഉള്ളതും, അലൗകികവും (ലൗകികജ്ഞാനങ്ങളിൽനിന്നു വ്യത്യാസപ്പെട്ടത്) ആയ ഒരു കൃതിയുടെ അൎത്ഥബോധം, അനവധികാലമായിട്ട് പരമ്പരയാ തങ്ങളുടെ കൈവശമുള്ള വ്യാഖ്യാനത്തിന്റേയും മറ്റും സഹായത്തോടുകൂടി കൃത്യമായിപ്പഠിച്ചു വരുന്നവരുടെ അടുക്കൽ നിന്നുതന്നെ ഉണ്ടാകേണ്ടതാണു. എന്നിട്ടും, ഈ വക പണ്ഡിതന്മാരുടെ അൎത്ഥകല്പനയ്ക്കനുസരിച്ചു നോക്കുന്നതായാൽതന്നെ വൈദികകാലത്തെ പരിഷ്കാരം നമ്മുടെ ഇപ്പോഴത്തെ പരിഷ്കാരത്തോട് ഒരു മാതിരിക്കൊക്കെ കിടപിടിക്കുന്നതാണു. വൈദികകാലത്തെ ആര്യൻ തന്റെ നിലം കൃഷിചെയ്കയും (ഋഗ്വേദംiii,-൮, നോക്കുക:-- അതിൽ പറയുന്നതെന്തെന്നാൽ- "കാളകൾ ഭാരം വഹിക്കുകയും കൃഷിക്കാർ നിലം ഉഴുതുകയും ചെയ്യട്ടെ. കരി, മണ്ണിനെ ഉഴുതു (കീറി) മറിക്കട്ടെ"); വെടിപ്പും ഭംഗിയുമുള്ള മാളികകളിൽ താമസിക്കുകയും (ഋഗ്വേദം,i-൨- നോക്കുക. "അ [ 12 ] ല്ലേ ഭൂമി! നീ ഞങ്ങൾക്കു വിശാലങ്ങളും വാസയോഗ്യങ്ങളും ആയ രാജഗൃഹങ്ങൾ തന്നാലും."); മറ്റും ചെയ്തിരുന്നു. ആൎയ്യന്മാർ കണ്ഠാഭരണങ്ങളും കൎണ്ണാലങ്കാരങ്ങളും ധരിച്ചിരുന്നു. ഒരു കുലപതി, യോദ്ധവായിത്തീരുന്നതു തന്റെ പരിശുദ്ധമായ കൃത്യമെന്നു വിചാരിക്കുകയും, സൈനികസമ്പ്രദായത്തെ അഭ്യസിക്കുകയും ചെയ്തിരുന്നു. അവർ ആത്മരക്ഷയ്ക്കുവേണ്ടി ചട്ട കെട്ടിയിരുന്നു. മന്ത്രഗാനത്തിന്നായി സംഗീതജ്ഞമാരെയും ഏൎപ്പെടുത്തിയിരുന്നു. അവർ ആനകളെ പിടിച്ചിണക്കുകയും, അശ്വങ്ങളെ അതിവിചിത്രമായി അലങ്കരിക്കുകയും ചെയ്തിരുന്നു. കൈവേലക്കാരുടെ പ്രവൃത്തികൾക്ക് അവർ ധാരാളം ധനസഹായം ചെയ്തു വന്നു. യജുൎവ്വേദത്തിൽ, ഒരു പരിഷ്കൃത ജനസമുദായം ഉപയോഗിച്ചുവരുന്ന മിക്കവാറും എല്ലാ സാധങ്ങളെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നതു കൂടാതെ, നെയ്ത്തുകാർ, കൊത്തു പണിക്കാർ, ആശാരിമാർ മുതലായ പലതരം കൈവേലക്കാരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. സ്ത്രീകൾ പരിഷ്കൃതരീതിക്കനുസരിച്ചു വസ്ത്രധാരണം ചെയ്തിരുന്നു. ജനസമുദായത്തിൽ അന്ന് അവരെ (സ്ത്രീകളെ) വളരെ വലിയ നിലയിലാണു വെച്ചിരുന്നത്. കൃഷ്ണയജുൎവ്വേദത്തിൽ (i, ൨-൯ ) രാജാക്കന്മാർ, രാജ്ഞികൾ, പ്രധാനസേനാനായകന്മാർ, സാരഥികൾ, പുരാദ്ധ്യക്ഷന്മാർ (മജിസ്ത്രേട്ട്), ഗ്രാമാധികാരികൾ, ഖജാൻജികൾ, നികുതിപിരിക്കുന്നവർ മുതലായി ഒരു പരിഷ്കൃതരാജ്യഭരണത്തിന്നു വേണ്ടുന്ന എല്ലാ ഉദ്യോ ഗസ്ഥന്മാരെക്കുറിച്ചും പറഞ്ഞിരിക്കുന്നു. വാണിജ്യകൃത്യങ്ങളിൽ വേണ്ടുന്നതായ സത്യത്തെക്കുറിച്ച് ഋഗ്വേദത്തിൽ (iii,൬) നിൎദ്ദേശിച്ചിട്ടുണ്ട്. അവിടെത്തന്നെ നല്ല കല്ലുകൾകൊണ്ടു പണിചെയ്യപ്പെട്ട പട്ടണങ്ങളെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ഇനിയും വേണമെങ്കിൽ ഓരോ ഉദാഹരണങ്ങളെക്കൊണ്ട് ആ വൈദികകാലത്തെ ആൎയ്യന്മാൎക്കു രാജ്യഭരണസമ്പ്രദായത്തിലും യുദ്ധത്തിലും [ 13 ] നല്ല പാണ്ഡിത്യമുണ്ടായിരുന്നു എന്നും, അവർ തേജസ്വികളും, സമൎത്ഥന്മാരും, സ്വകുടുംബ രക്ഷയിൽ ബഹുനിഷ്ഠയുള്ളവരും ആയിരുന്നുവെന്നും തെളിയിക്കാം. ചില വെള്ളക്കാർ വൈദികകാലത്തെ ആൎയ്യന്മാൎക്ക് എഴുത്ത് (ലേഖനകലാ) അറിവുണ്ടായിരുന്നുവോ എന്നുകൂടി സംശയിക്കുന്നുണ്ട്. എന്നാൽ അവരീപ്പറയുന്നതിന്നു യാതൊരു തെളിവും കാണിക്കുന്നില്ല; എന്നുമാത്രമല്ല, ഋഗ്വേദത്തിലും യജുൎവ്വേദത്തിലും ലിഖിതം (എഴുതപ്പെട്ടത്), "വാചം പശ്യൻ" (വാക്കിനെ നോക്കിക്കൊണ്ട്=വായിച്ചും കൊണ്ട്) എന്നും മറ്റും കാണുന്നുമുണ്ട്. വേദത്തിൽ ഘോഷിക്കപ്പെടുന്ന മതസിദ്ധാന്തങ്ങളും ശാസ്ത്രതത്വങ്ങളും ഏറ്റവും മാഹാത്മ്യമുള്ളവയെന്നു പരക്കെ സമ്മതിക്കപ്പെട്ടിരിക്കുന്നു. ഈ പ്രസ്താവിച്ചതിൽ നിന്നെല്ലാം ആൎയ്യന്മാർ ചരിത്രത്തിന്റെ ഉദയകാലത്തുതന്നെ പരിഷ്കാരത്തിന്റെ പരമകാഷ്ഠയെ പ്രാപിച്ചിരിക്കുന്ന ഒരു ജാതിക്കാരായിരുന്നു എന്നു ശരിയായി തെളിയുന്നുണ്ട്. ഇന്നും ഇന്ത്യാജനസമുദായത്തിൽ പ്രബലമായ ഒരു ഉൽകൎഷത്തെ നിലനിൎത്തിക്കൊണ്ടു വരുന്ന ഇങ്ങിനെയുള്ള ഒരു പരിഷ്കാരസ്ഥിതി "ഒരു ദിവസം"കൊണ്ടു സമ്പാദിക്കപ്പെട്ടതാവാൻ തരമില്ലല്ലൊ. അതിന്നു വളരെകാലത്തെ പരിശ്രമം വേണ്ടിവരുന്നതാകയാൽ ഹിന്തുജനസമുദായം എത്രയോ പ്രാചീനകാലത്തേക്കു നീണ്ടുകിടക്കുന്നതാണെന്നുള്ള സംഗതി നിരാക്ഷേപമായിരിക്കുന്നു. പരിഷ്കാരസ്ഥിതിക്ക് അത്ര പരിപൂൎത്തി വരികയും, ഉപയുക്തങ്ങളായ സകലശാസ്ത്രങ്ങളും ശരിയായി അഭ്യസിക്കപ്പെടുകയും ചെയ്തുവരുമ്പോൾ, വൈദ്യശാസ്ത്രത്തിലും അവസ്ഥാനുസരണം അവരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെന്നു കാണുന്നതിൽ അത്ഭുതപ്പെടുവാനില്ല. ഈ ശാസ്ത്രം വേദത്തിന്റെ ഒരു ഭാഗവും "ആയുൎവ്വേദം" എന്നു പേർ വിളിക്കപ്പെടുന്നതുമാകുന്നു. ഔഷധജ്ഞാനത്തെ സംബ [ 14 ] ന്ധിച്ചെടത്തോളം ഋഗ്വേദത്തെ അടിസ്ഥാനപ്പെടുത്തീട്ടാണു ഇതിന്റെ നില. എന്നാലിതിൽ പ്പറയുന്ന ശസ്ത്രക്രിയയുടെ ഉൽപ്പത്തി അഥൎവ്വവേദത്തിൽനിന്നാണെന്നു തോന്നുന്നു. ഇതൊരു ഉപവേദമാണെങ്കിലും സകലജഗത്തിന്റെയും ആദികൎത്താവായ പ്രഥമഗുരുവിനോടു കൂടെത്തന്നെ ഉള്ളതാണെന്നാകുന്നു വെച്ചിരിക്കുന്നത്. ഈ ശാസ്ത്രത്തിന്നു അനേകം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനി ഇതിന്റെ ഉൽപ്പത്തിയേയും വൎദ്ധനയേയും കഴിയുന്നതും ശാസ്ത്രരീതിക്കനുസരിച്ച് ഇവിടെ പ്രതിപാദിക്കുന്നത് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു.