ആൎയ്യവൈദ്യചരിത്രം/രണ്ടാം അദ്ധ്യായം
←ഒന്നാം അദ്ധ്യായം | ആൎയ്യവൈദ്യചരിത്രം (ചരിത്രം) രചന: രണ്ടാം അദ്ധ്യായം : പണ്ടത്തെ ഹിന്തുവൈദ്യഗ്രന്ഥകാരന്മാർ |
മൂന്നാം അദ്ധ്യായം→ |
[ 14 ]
കഴിഞ്ഞ അദ്ധ്യായത്തിൽ പ്രസ്താവിച്ചപ്രകാരം, മറ്റെല്ലാ ശാസ്ത്രങ്ങളെപ്പോലെതന്നെ വൈദ്യശാസ്ത്രവും തങ്ങൾക്കായി ദൈവത്താൽ പ്രകാശിക്കപ്പെട്ടതാണെന്നാകുന്നു ഹിന്തുക്കളുടെ വിശ്വാസം. യജുൎവ്വേദം അഞ്ചാമദ്ധ്യായത്തിൽ, ഈശ്വരൻ എല്ലാ രോഗങ്ങളേയും ഓടിച്ചുകളയുന്ന പ്രഥമവൈദ്യനെന്നു പറയപ്പെട്ടിരിക്കുന്നു. 'വൈദ്യന്മാരിൽ വെച്ച് അങ്ങയാണു ഉത്തമവൈദ്യൻ എന്നു ഞാൻ കേൾക്കുന്നു' എന്നു മറ്റൊരു വേദവാക്യവും[1] ഘോഷിക്കുന്നു. അദ്ദേഹം "സകലശാസ്ത്രങ്ങളുടെയും നിധിയെന്നും, എല്ലാ പ്രാപഞ്ചികരോഗങ്ങളുടേയും ചികിത്സക"നെന്നും സൎവ്വത്ര നിൎദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഹിന്തുക്കളുടെ [ 15 ] ത്രിമൂൎത്തികളിൽ ഒന്നാമനായ ബ്രഹ്മാവത്രേ വൈദ്യശാസ്ത്രവിഷയത്തിൽ ആദ്യഗ്രന്ഥ കൎത്താവ്. അദ്ദേഹം, ഓരൊ അദ്ധ്യായത്തിൽ നൂറുവീതം ശ്ലോകങ്ങളടങ്ങിയിരിക്കുന്ന നൂറ് അദ്ധ്യായങ്ങളുള്ള "ആയുർവ്വേദം" എന്ന ഗ്രന്ഥത്തെ നിൎമ്മിച്ചു. ഈ വിശിഷ്ഠമായ വൈദ്യഗ്രന്ഥത്തിൽ ആയുസ്സിന്റെ തത്വത്തെക്കുറിച്ചു പ്രതിപാദിക്കുകയും, ആയുഷ്കാലം വൎദ്ധിക്കുവാനോ കുറയുവാനോ കാരണങ്ങളായിത്തീരുന്ന അവസ്ഥകളെ വിവരിക്കുകയും, രോഗങ്ങളുടെ സ്വഭാവം (ലക്ഷണം), നിദാനം, ചികിത്സ ഈവക സംഗതികളെപ്പറ്റി വിസ്തരിച്ചു പറയുകയും ചെയ്തിട്ടുണ്ട്. ഇതാണു ഹിന്തുക്കൾക്ക് ഉള്ളതിൽ വച്ച് ഏറ്റവും പ്രാചീനമായ വൈദ്യഗ്രന്ഥം. ഇതു താഴെ പറയുന്നപ്രകാരം എട്ടു ഭാഗങ്ങൾ (തന്ത്രങ്ങൾ) ആയി വിഭജിക്കപ്പെട്ടിരിക്കുന്നു:-
൧. ശല്യം--ശസ്ത്രവിദ്യ-ശരീരത്തിൽ ഏൽക്കുന്ന ബാഹ്യവസ്തുക്കളെ നീക്കിക്കളയുവാനുള്ള യുക്തികൾ, ശസ്ത്രങ്ങളെ ഉപയോഗിക്കേണ്ടുന്ന മാതിരികൾ, മുറികൾ മുതലായവ കെട്ടുവാനുള്ള സമ്പ്രദായങ്ങൾ, ഓരോവിധത്തിലുള്ള ശസ്ത്രക്രിയകൾ ചെയ്താൽ പിന്നീട് വേണ്ടുന്ന ചികിത്സാരീതികൾ ഇവയെല്ലാം ഇതിലടങ്ങിയിരിക്കുന്നു.
൨. ശാലാക്യം--നേത്രരോഗം, നാസാരോഗം, ആസ്യരോഗം, ശ്രോത്രരോഗം മുതലായി ജത്രൂൎദ്ധ്വഭാഗത്തിൽ ഓരോ അംഗങ്ങളിലുമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സ.
൩. കായചികിത്സ--ജ്വരം, പ്രമേഹം മുതലായി ശരീരത്തെ സാമാന്യേന ആശ്രയിച്ചിരിക്കുന്ന സാധാരണ രോഗങ്ങളുടെ ചികിത്സ.
൪. ഭൂതവിദ്യ--ദുൎദ്ദേവതാബാധകൊണ്ടുണ്ടാകുന്ന ഉപദ്രവങ്ങൾ, ദേവതാബാധയാൽ ഉണ്ടാകുന്നതെന്ന് ഊഹിക്കപ്പെടുന്ന ചില മാനസികരോഗങ്ങളെ പ്രാൎത്ഥനകൾ, ബലികൾ, ഔ [ 16 ] ഷധങ്ങൾ മുതലായവകൊണ്ട് ആശ്വാസപ്പെടുത്തുവാൻ ഉള്ള വഴികളാണു ഇതിൽ വിവരിക്കപ്പെടുന്നത്.
൫ കുമാരഭൃത്യ--ബാലശുശ്രൂഷ- കുട്ടികളുടെ സംരക്ഷണവും, അവൎക്കുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സകളും ഇതിൽ അടങ്ങിയിരിക്കുന്നു.
൬. അഗദം--വിഷങ്ങൾക്കുള്ള പ്രത്യൗഷധങ്ങൾ-പാൎത്ഥിവങ്ങൾ, ഔൽഭിദങ്ങൾ, ജംഗമങ്ങൾ.
൭. രസായനം--ഓജസ്സിനെ നിലനിൎത്തുന്നതും, യൗവനത്തെ വീണ്ടും ഉണ്ടാക്കിത്തീൎക്കുന്നതും ധാരണാബുദ്ധിയെ (ഓൎമ്മയെ) വൎദ്ധിപ്പിക്കുന്നതും, സാധാരണ രോഗങ്ങളെ എല്ലാം നശിപ്പിക്കുന്നതും ആയ ഔഷധങ്ങളെ പ്രതിപാദിക്കുന്നു.
൮. വാജീകരണം--സന്തത്യുല്പാദനത്തിന്നുള്ള സാധനങ്ങൾക്കുണ്ടാകുന്ന ശക്തിക്ഷയം തീൎത്തു ധാതുപുഷ്ടി ഉണ്ടാക്കി കൊടുപ്പാനുള്ള മാൎഗ്ഗങ്ങൾ വിവരിക്കുന്നു.
ബ്രഹ്മാവ് ആയൎവ്വേദം ദക്ഷപ്രജാപതിയെ പഠിപ്പിച്ചു. അദ്ദേഹം, അതു പിന്നെ "സൂൎയ്യന്റെ ഇരട്ടപെറ്റ മക്കളായ" അശ്വിനീകുമാരന്മാൎക്കുപദേശിച്ചു. ഈ ഇരട്ടയായുണ്ടായ സഹോദരന്മാർ ഔഷധപ്രയോഗശാസ്ത്രത്തിലും ശസ്ത്രവിദ്യയിലും ഗ്രന്ഥങ്ങളെ നിൎമ്മിക്കുകയും, ദേവന്മാരുടെ ചികിത്സകന്മാരായിരിക്കുകയും ചെയ്തു. ഋഗ്വേദത്തിൽ ഈ ഇരട്ടദേവന്മാരെ സ്തുതിക്കുന്നതായി പല മന്ത്രങ്ങളുമുണ്ട്. അവയിൽ അവൎക്കു കലശലായ ബഹുമാനമുണ്ടായിരുന്നു എന്നും നമുക്കറിയാം. അവർ (അശ്വിനീദേവകൾ) അന്നു ചെയ്തിട്ടുള്ള ചില അത്ഭുതകൎമ്മങ്ങളും എഴുതിവെച്ചിട്ടുണ്ട്. ഋഗ്വേദത്തിലുള്ള ഒരു കടങ്കഥ അവരുടെ വൈദഗ്ദ്ധ്യത്തെപ്പറ്റി ഇങ്ങിനെ വിവരിക്കുന്നു. ദദ്ധ്യങ് [ 17 ] എന്നു പേരായ ഒരു മഹൎഷി ഇന്ദ്രന്റെ അടുക്കൽ ചെന്ന് ബ്രഹ്മവിദ്യ പഠിച്ചു. ശിഷ്യൻ അതു മറ്റൊരാൾക്കും ഉപദേശിച്ചുകൊടുക്കരുതെന്നും, ഈ നിശ്ചയത്തിന്നു വല്ല തെറ്റും വരുത്തിയാൽ ഗുരു ശിഷ്യന്റെ ശിരച്ഛേദം ചെയ്യുന്നതാണെന്നും ആദ്യം തന്നെ കരാർ ചെയ്തിട്ടാണു പഠിപ്പിച്ചത്. അശ്വിനീ ദേവകൾക്ക് ഈ ശാസ്ത്രം പഠിച്ചാൽക്കൊള്ളാമെന്ന് ആഗ്രഹം തുടങ്ങിയതിനാൽ, അവർ താഴെ പറയുന്നപ്രകാരം ഒരു ഉപായമെടുത്തു. ഇന്ദ്രന്റെ കോപത്തിൽ നിന്ന് അവർ മഹൎഷിയെ രക്ഷിച്ചുകൊള്ളാമെന്ന് കരാർ ചെയ്ത് അദ്ദേഹത്തിന്റെ വിദ്യയെ ഉപദേശിച്ചു തരുവാൻ ആവശ്യപ്പെട്ടു. അങ്ങിനെ അവർ ആ ഋഷിയുടെ സമ്മതപ്രകാരം തന്നെ അദ്ദേഹത്തിന്റെ തലവെട്ടി, നിഷ്പ്രയാസമായി അവിടെ ഒരു കുതിരത്തല ചേൎത്തുവച്ച് ആവശ്യമുള്ള വിദ്യയെല്ലാം അദ്ദേഹത്തിൽനിന്നു സമ്പാദിച്ചു. ദദ്ധ്യങ് കരാർ തെറ്റിച്ചു എന്നു മനസ്സിലായപ്പോൾ ഇന്ദ്രൻ ആ മഹൎഷിയുടെ തല വെട്ടിക്കളഞ്ഞു. അശ്വിനീദേവകൾ ശസ്ത്രക്രിയയിൽ അതിസമൎത്ഥന്മാരായിരുന്നതിനാൽ, മഹൎഷിയുടെ മുമ്പെത്തെ തല കേടുകൂടാതെ സൂക്ഷിച്ചുവെച്ചിരുന്നത് എടുത്ത് വീണ്ടും ശരിയായി ചേൎത്തു യോജിപ്പിച്ചു. ഈ അത്ഭുതകൎമ്മം പരക്കെ പ്രശംസായോഗ്യമായിത്തീൎന്നു. എന്നാൽ പുരോഭാഗികളായ (ദോഷത്തിൽമാത്രം കണ്ണെത്തുന്ന) ചില ദേവന്മാർ അശ്വികളുടെ ഈ വിദ്യാഭ്യാസരീതിയെ അത്ര ശ്ലാഘിച്ചില്ല. ഏറ്റവും വിശിഷ്ടമായ ഒരു ഉദ്ദേശത്തോടുകൂടിയാണെങ്കിലും, ഒരാൾ ഗുരുവിന്റെ ശിരച്ഛേദം ചെയ്യുന്നത് ഒരു മഹാപാപകൎമ്മമെന്നു വിധിക്കുകയും, ആ വിധി അനുസരിച്ച് അശ്വികളെ, അവരുടെ ക്ഷന്തവ്യമല്ലാത്ത അപരാധത്തിന്ന് മറ്റു ദേവന്മാർ ജാതിയിൽനിന്നു പുറത്താക്കുകയും, യാഗകൎമ്മങ്ങളിൽ അവൎക്കു കിട്ടുവാനുള്ള അവകാശത്തിന്നു വരുമ്പോൾ കൊടുക്കാതെ പറഞ്ഞ [ 18 ] യയ്ക്കുകയും ചെയ്തു. ഈ സഹോദരന്മാർ, അപ്പോൾ ച്യവനമഹൎഷിയുടെ അടുക്കൽ ചെന്നു സങ്കടം ബോധിപ്പിച്ചു. അദ്ദേഹം വളരെ വൃദ്ധനും ജരാനരകൾക്കധീനനും ആയിരുന്നെങ്കിലും, ശൎയ്യാതി എന്ന രാജാവിന്റെ പുത്രിയും സുന്ദരിയും ആയ സുകന്യ എന്ന യുവതിയെ വിവാഹംചെയ്തിരുന്നു. ആ വൈദ്യന്മാർ ഒരു ലേഹ്യം കൊടുത്തതു കഴിച്ചതിനാൽ അദ്ദേഹത്തിന്നു വാൎദ്ധക്യം ബാധിച്ചതെല്ലാം ക്ഷണത്തിൽ പോയി, ആരോഗ്യവും, യൗവ്വനവും, ബലവും വീണ്ടും ഉണ്ടാവുകയും, ആയുഷ്കാലം ദീൎഗ്ഘിക്കുകയും ചെയ്തു. [2] ഈ ലേഹ്യത്തിന്ന് ഇന്നും "ച്യവനാലേഹം" എന്നു പേർ പറഞ്ഞുവരുന്നു. കൃതജ്ഞനായ ആ മഹൎഷി, താൻ അവരുടെ കാൎയ്യത്തിൽ സന്ധി സംസാരിക്കാമെന്നും, യാഗത്തിൽ അവൎക്കു വീണ്ടും അവകാശം കിട്ടുമാറാക്കാമെന്നും പ്രതിജ്ഞചെയ്തു. ഉടനെതന്നെ അദ്ദേഹം പോയി തന്റെ ശ്വശുരനായ ശൎയ്യാതിയോട് ഒരു യാഗം ചെയ്യേണമെന്നാവശ്യപ്പെട്ടു. യാഗം തുടങ്ങി യജ്ഞാംശങ്ങളെ ഭാഗിക്കുവാനുള്ള സമയം വന്നപ്പോൾ ച്യവനമഹൎഷി അശ്വിനീദേവകൾക്കും അവൎക്കു കിട്ടേണ്ടതായ ഭാഗം ശരിയായി കൊടുത്തു. ഇന്ദ്രൻ ഇതു കണ്ടിട്ട് കലശലായി കോപിച്ച് ആ മഹൎഷിയുടെ തലയ്ക്കു വജ്രം ഓങ്ങിയപ്പോൾ അദ്ദേഹത്തിന്റെ കൈതന്നെ സ്തംഭിച്ചുപോയി. അശ്വിനീദേവകൾ ഉടനെ ഇന്ദ്രന്റെ പക്ഷാഘാതത്തെയും മാറ്റിക്കൊടുത്തു. ഇങ്ങിനെ, ഇവർ തങ്ങളുടെ വിദ്യകൊണ്ടും സാമൎത്ഥ്യംകൊണ്ടും ദേവകളുടെ കൂട്ടത്തിൽ രണ്ടാമതും ചേൎക്കപ്പെടുകയും, യാഗാംശം ലഭിക്കുകയും ചെയ്തു. ഈ ഭിഷഗ്വരന്മാർതന്നെ രുചിയുടെ പുത്രനായ യജ്ഞന്റെ ഉടലും തലയും രുദ്രൻ വേർപെടുത്തിയിരുന്നതു വീണ്ടും യോജിപ്പിച്ചതിന്നു വളരെ മാനിക്കപ്പെട്ടു. ദേവന്മാരും അസുരന്മാരും തമ്മിൽ പലപ്പോഴും യുദ്ധങ്ങളുണ്ടായി [ 19 ] രുന്നതായി പ്രാചീനസംസ്കൃതപുസ്തകങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നതു നാം കാണുന്നുണ്ടല്ലൊ. കാലുകൾ മുറിഞ്ഞുപോയവൎക്കു ശസ്ത്രവൈദ്യന്മാർ അവിടെ "ഇരിമ്പുകൊണ്ടുള്ള കാലുകൾ--ആയസീം ജംഘാം--(ഋഗ്വേദം,1. ൧൧൬,൧൫ നോക്കുക) പകരം വെച്ചുകെട്ടുകയും, കണ്ണുകൾ പോയ്പായവൎക്കു ആ സ്ഥാനത്തു കൃത്രിമനേത്രങ്ങൾ ഉണ്ടാക്കിവെക്കുകയും (ഋഗ്വേദം,1. ൧൧൬,൧൬) പതിവായിരുന്നു. സൈനികശസ്ത്രവൈദ്യന്മാർ, ഭടന്മാരുടെ ശരീരങ്ങളിൽ തറയ്ക്കുന്ന ശരങ്ങളും മറ്റും ബഹുവശതയോടുകൂടി എടുത്തുകളയുകയും, മുറികൾ ക്ഷണത്തിൽ വെച്ചുകെട്ടുകയും ചെയ്തിരുന്നു. അശ്വികൾ പൂഷാവിന്നു പുതിയ പല്ലുകളുണ്ടാക്കിക്കൊടുത്തതും, ഭാൎഗ്ഗവന്നു പുതിയ കണ്ണുകൾ വെച്ചതും, ചന്ദ്രമസ്സിന്റെ ക്ഷയം മാറ്റിക്കൊടുത്തതും മറ്റും പ്രസിദ്ധപ്പെട്ട സംഗതികളാണല്ലോ. ഇതൊന്നുമല്ലാതെ വേറെയും അനേകം അത്യത്ഭുതപ്രയോഗങ്ങൾ അശ്വികൾ ചെയ്തതുകൊണ്ട് അവരുടെ സമന്മാരായ എല്ലാ ദേവന്മാരും അവരെ വളരെ ബഹുമാനിച്ചു പോന്നു എന്നു മാത്രമല്ല, ലോകനാഥനായ ഇന്ദ്രനും കൂടി ആയുൎവ്വേദം പഠിക്കേണമെന്ന് ആഗ്രഹം ജനിച്ചതിനാൽ അദ്ദേഹം അവരിൽനിന്ന് അതിനെ ഗ്രഹിക്കുകയും ചെയ്തു.
ഇന്ദ്രൻ പിന്നെ ആ ശാസ്ത്രത്തെ തന്റെ ശിഷ്യനായ ആത്രേയമഹൎഷിക്ക് ഉപദേശിച്ചു. അദ്ദേഹം തന്റെ പേർവെച്ചു പലഗ്രന്ഥങ്ങളും എഴുതീട്ടുള്ളതിൽ "ആത്രേയസംഹിത" ഇവിടെ പ്രസ്താവയോഗ്യമായ ഒരു പുസ്തകമാകുന്നു. അതിൽ എല്ലാംകൂടി അഞ്ചു ഭാഗങ്ങളും, ൪൬,൫00 ശ്ലോകങ്ങളും ഉണ്ട്. ഹിന്തുവൈദ്യശാസ്ത്രത്തിൽ പ്രമാണമായി ഗണിക്കപ്പെടുന്ന അതിപ്രാചീനന്മാരിൽ ഒരാളാകുന്നു ഈ ആത്രേയൻ. അനന്തരകാലീനന്മാരായ പല ഗ്രന്ഥകാരന്മാരും ഇദ്ദേഹത്തിന്റെ കൃതിയെ അടിസ്ഥനമാക്കീട്ടാണു ഗ്രന്ഥങ്ങളെഴുതീട്ടൂള്ളത്. അദ്ദേഹത്തിന്റെ [ 20 ] അടുക്കൽനിന്ന് വിദ്യാഭ്യാസം ചെയ്ത കൂട്ടത്തിൽ അഗ്നിവേശൻ, ഭേളൻ, ജാതുകൎണ്ണൻ, പരാശരൻ, ക്ഷീരപാണി, ഹാരീതൻ എന്നിവരായിരുന്നു പ്രധാനശിഷ്യന്മാർ. അവരെല്ലാവരും വെവ്വേറെ വൈദ്യശാത്രത്തിൽ ഗ്രന്ഥങ്ങളെഴുതി പ്രസിദ്ധി സമ്പാദിച്ചിട്ടുണ്ടെന്നു മാത്രമല്ല, ആ വക ഗ്രന്ഥങ്ങൾതന്നെയാണു പാരമ്പൎയ്യക്രമേണ ഇപ്പോൾ നമ്മുടെ കൈവശം വന്നിട്ടുള്ളതും. അഗ്നിവേശന്റെ "നിദാനാഞ്ജനം" എന്ന ഗ്രന്ഥം ഇന്നും ശ്ലാഘിക്കപ്പെട്ടുവരുന്നു. "ഹാരീതസംഹിത' മറ്റൊരു പ്രമാണപുസ്തകമാകുന്നു. ഇതു ഹാരീതന്റെ ചോദ്യങ്ങൾക്ക് ആത്രേയൻ മറുപടി പറയുന്ന രീതിയിലാണു എഴുതപ്പെട്ടിരിക്കുന്നത്; എന്തുകൊണ്ടെന്നാൽ ഓരോ അദ്ധ്യായവും, "ഹാരീതന്റെ ചോദ്യത്തിന്നു മറുപടിയായി ആത്രേയനാൽ പറയപ്പെടുന്നത്" എന്നുള്ള വാക്കുകളെക്കൊണ്ടാണു അവസാനിപ്പിച്ചു കാണുന്നത്. മുൻപ്രസ്താവിച്ച "ആത്രേയസംഹിതയും", ഈ "ഹാരീതസംഹിതയും" ഒന്നുതന്നെയാണെന്നു ചിലർ എങ്ങിനെയോ ധരിച്ചിരിക്കുന്നു. ഇതു ശരിയാണെന്നു തോന്നുന്നില്ല. പ്രസിദ്ധഗ്രന്ഥ കൎത്താവായ "ഭാവപ്രകാശകാരൻ" "ആത്രേയസംഹിത"യിൽനിന്നു പല ശ്ലോകങ്ങളും എടുത്തെഴുതീട്ടുണ്ട്; അതൊന്നും "ഹാരീതസംഹിത"യിൽ കാണുന്നില്ല. അതുകൊണ്ടു മേല്പറഞ്ഞ ചിലരുടെ ധാരണ ശരിയല്ലെന്നു വിചാരിക്കുവാനേ തരമുള്ളു.
പണ്ടത്തെ വൈദ്യഗ്രന്ഥകാരന്മാരിൽ ഒരാളായ ചരകൻ ഭൂലോകത്തിൽ വൈദ്യശാസ്ത്രം ഉണ്ടായതു താഴെ പറയും പ്രകാരമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. [3]
പണ്ടൊരിക്കൽ യോഗ്യന്മാരായ അനേകം ഋഷികൾ ഹിമാലയത്തിങ്കൽ വെച്ച് ഒന്നിച്ചു കൂടുവാനിടവന്നു. അവരുടെ കൂട്ടത്തിൽ അഗസ്ത്യൻ, അസിതൻ, ആശ്വലായനൻ, കാമ്യൻ, [ 21 ] കങ്കായനൻ, കപിഞ്ജലൻ, കാശ്യപൻ, കാത്യായനൻ, കുശികൻ, കൗണ്ഡിന്യൻ, ഗൎഗ്ഗൻ, ഗാലവൻ, ഗൗതമൻ, ച്യവനൻ, ജമദഗ്നി, ദേവലൻ, ധൗമ്യൻ, നാരദൻ, പരാശരൻ, പുലസ്ത്യൻ, മാൎക്കണ്ഡെയൻ, മൈത്രേയൻ, വസിഷ്ഠൻ, വാജപേയൻ, വാമദേവൻ, വിശ്വാമിത്രൻ, ശാകുനേയൻ, ശാണ്ഡില്യൻ, ശരലോമാവ്, ശൗനകൻ, സാംകൃത്യൻ, സാംഖ്യൻ, ഹാരീതൻ, ഹിരണ്ഡ്യാക്ഷൻ എന്നിവരായിരുന്നു പ്രധാനപ്പെട്ടവർ. ഇവരെല്ലാവരും ബ്രഹ്മജ്ഞാനികളും ഉഗ്രതപോനിധികളും ആയിരുന്നു. "ശരീരത്തെ ബാധിക്കുന്ന രോഗങ്ങൾ" ആയിരുന്നു അവരുടെ സംവാദവിഷയം. "ധൎമ്മാൎത്ഥകാമമോക്ഷസാധനമായ നമ്മുടെ ശരീരം രോഗങ്ങൾക്ക് അധീനമാകുന്നു. ഈ രോഗങ്ങൾ ശരീരത്തെ ക്ഷയിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നതോടുകൂടി ഇന്ദ്രിയങ്ങളുടെ കൃത്യങ്ങൾ നടത്തുവാൻ കഴിവില്ലാതാക്കുകയും, കഠിനമായ വേദനയുണ്ടാക്കിത്തിൎക്കുകയും ചെയ്യുന്നു. ഇവകൾ നമ്മുടെ പ്രാപഞ്ചികകൃത്യങ്ങൾക്കു വലിയ തടസ്ഥങ്ങളായി തീൎന്നിരിക്കുന്നു. അങ്ങിനെയുള്ള ശത്രുക്കളുടെ ഇടയിൽ മനുഷ്യൎക്ക് എങ്ങിനെയാണു സുഖമുണ്ടാകുന്നത്? അതുകൊണ്ട് ഈ വക രോഗങ്ങൾക്കു വല്ല പ്രതിവിധികളും കണ്ടുപിടിക്കുന്നത് അത്യാവശ്യമായിരിക്കുന്നുവല്ലൊ" എന്നൊക്കെ അവർ ആവലാധി പറയുവാൻ തുടങ്ങി. ഒടുവിൽ അവർ ഭരദ്വാജമഹൎഷിയുടെ നേരെനോക്കി ഇങ്ങിനെ പറഞ്ഞു:-
"അല്ലേ യോഗീശ്വര! അങ്ങുതന്നെയാണു ഞങ്ങളിൽ വെച്ചു യോഗ്യൻ. ആയുൎവ്വേദം മുഴുവനും ശരിയായി പഠിച്ചിട്ടുള്ള സഹസ്രാക്ഷനായ ഇന്ദ്രന്റെ അടുക്കല്പോയി, അദ്ദേഹത്തിൽ നിന്ന് ആ ശാസ്ത്രത്തിന്റെ ജ്ഞാനം സമ്പാദിച്ച് അവിടുന്നു ഞങ്ങളെ രോഗബാധയിൽനിന്നു രക്ഷിച്ചു തന്നാൽ കൊള്ളാം".
"എന്നാലങ്ങിനെയാകട്ടെ" എന്നു പറഞ്ഞ് അദ്ദേഹം [ 22 ] ക്ഷണത്തിൽ അവിടെനിന്നു പുറപ്പെട്ട് ഇന്ദ്രന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു ഇങ്ങിനെ പറഞ്ഞു:-
"അല്ലേ മഹാപ്രഭോ! മനുഷ്യജാതിയെ ബാധിച്ചുപദ്രവിക്കുന്ന ഭയങ്കരങ്ങളായ രോഗങ്ങൾക്കുള്ള പ്രതിവിധികളെല്ലാം അങ്ങയുടെ സമീപത്തിൽനിന്നു പഠിച്ചുകൊണ്ടുവരുവാൻ ഋഷികളുടെ സദസ്സിൽനിന്നു പ്രതിനിധിയായി തിരഞ്ഞെടുത്ത് അയയ്ക്കപ്പെട്ട ആളാണു ഞാൻ. അതിനാൽ അവിടുന്നു കൃപചെയ്ത് ആയുൎവ്വേദത്തെ എനിക്ക് ഉപദേശിച്ചുതന്നാൽ കൊള്ളാമെന്നു പ്രാൎത്ഥിക്കുന്നു".
ഇന്ദ്രൻ അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തിന്റെ സകലഭാഗങ്ങളും അദ്ദേഹത്തിന്നു പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. ഭരദ്വാജൻ, അതിന്നുശേഷം, തന്നെ പ്രതിനിധിയാക്കി പറഞ്ഞയച്ച മഹൎഷിമാർക്കു, തനിക്കു കിട്ടിയ ഉപദേശങ്ങളെല്ലാം വിസ്തരിച്ചു പറഞ്ഞുകൊടുത്തു. ഇങ്ങിനെ ആ ശാസ്ത്രജ്ഞാനംകൊണ്ട് അവൎക്കെല്ലാവൎക്കും പൂൎണ്ണമായ സുഖത്തോടുകൂടി അധികകാലം ജീവിച്ചിരിക്കുവാൻ ഇടവരികയും ചെയ്തു.
ഏതദ്ദേശീയന്മാരാൽ വൈദ്യശാസ്ത്രത്തെസംബന്ധിച്ച എല്ലാ വിഷങ്ങളിലും ഏറ്റവും വലിയ പ്രമാണമായി ഗണിക്കപ്പെട്ടുവരുന്ന ചരകന്റെയും സുശ്രുതന്റെയും ഒരു പ്രസ്താവവുംകൂടി കൂടാതെ ഇന്ത്യയിലെ പ്രാചീനന്മാരായ വൈദ്യഗ്രന്ഥകാരന്മാരുടെ ചരിത്രം ഒരിക്കലും പൂൎണ്ണമാകുന്നതല്ല. ചരകൻ, സകലശാസ്ത്രങ്ങളുടെയും, പ്രത്യേകിച്ചു വൈദ്യശാത്രത്തിന്റെയും, നിധിയെന്ന് ഊഹിക്കപ്പെടുന്ന ആയിരം തലകളോടുകൂടിയ നാഗരാജാവായ ശേഷന്റെ ഒരു അവതാരമാണെന്നു പറയപ്പെടുന്നു. നമ്മുടെ പ്രകൃതത്തോടു വളരെ സംബന്ധമുള്ളതല്ലെങ്കിലും, സൎപ്പങ്ങൾക്ക് ഏതുകാലത്തും ദൈവികമായ ഒരു മാഹാ [ 23 ] ത്മ്യം കൊടുത്തിരുന്നതിന്നുപുറമെ, ഏറ്റവും പ്രാചീനമായ കാലം മുതൽക്കേ ഇവകൾ ജ്ഞാനത്തിന്റെയും നിത്യത്വത്തിന്റെയും ലക്ഷണമാണെന്ന് ഈജിപ്തുകാരും, ഗ്രീക്കുകാരും, വേറെയുള്ള പ്രാചീനജനസമുദായങ്ങളും, എന്നുവേണ്ട ഹിന്തുക്കളും അതികലശലായ ഭക്തിയോടുകൂടി വിചാരിച്ചു പോന്നിട്ടുണ്ട് എന്നുള്ള സംഗതികൂടി ഇവിടെ പ്രസ്താവിക്കട്ടെ. "ഗ്രീസ്സിലെ വൈദ്യശാസ്ത്രദേവതയായ എസ്ക ലാ പ്യസ്സിന്ന് സൎപ്പങ്ങൾ വളരെ പ്രധാനപ്പെട്ടവയായിരുന്നു. എന്തുകൊണ്ടെന്നാൽ, അവകൾക്കു വ്രണവിരോപണങ്ങളായ ഔഷധങ്ങളെ കണ്ടുപിടിക്കുന്നതിന്ന് ഒരു പ്രത്യേകസാമൎത്ഥ്യമുള്ളതായി വിചാരിക്കപ്പെട്ടിരുന്നു" (ഡാക്ടർ സ്മിത്ത്). സൎപ്പം ജ്ഞാനത്തിന്റെയും നിത്യത്ത്വത്തിന്റെയും ലക്ഷണമായിരുന്നതിനാൽ, ഈജീപ്തിലെ സന്യാസിമാർ തങ്ങൾ "സൎപ്പദൈവത്തിന്റെ സന്താനങ്ങ"ളെന്നു പറഞ്ഞുവന്നിരുന്നു. ക്രിസ്തുവിന്നു രണ്ടായിരം കൊല്ലങ്ങൾക്കുമുമ്പു സൎപ്പാരാധന, ജൂതന്മാരുടെ ഇടയിലും നടപ്പായിരുന്നു. ശ്രാവണമാസത്തിലെ അഞ്ചാദിവസം (ഇതു വൎഷക്കാലത്തിന്നുള്ളിൽ പെടും) സൎപ്പങ്ങൾക്കു വളരെ മുഖ്യമായിട്ടുള്ളതാണെന്നാണു ഇന്നും ഹിന്തുക്കൾ വിചാരിച്ചുപോരുന്നത്. അന്ന് ഓരോ കുടുംബത്തിലെ മൂത്ത സ്ത്രീകൾ ഒരു ജീവനുള്ള സൎപ്പത്തെയൊ അതല്ലെങ്കിൽ അതിന്റെ പ്രതിമയേയോ പൂജിക്കുന്നത് പതിവാണു. എന്തെന്നാൽ, ത്വഗ്ദോഷം, നേത്രരോഗം, സന്തതിഉണ്ടാവായ്ക, മുതലായതു സംഭവിക്കുന്നതു പൂൎവ്വജന്മങ്ങളിലൊ, ഈ ജന്മത്തിൽ തന്നെയൊ സൎപ്പങ്ങളെ കൊന്നവൎക്ക് ആ പാപത്തിന്നു കിട്ടുന്ന ശിക്ഷയാണെന്നും, അതിന്നു സൎപ്പാരാധനയല്ലാതെ മറ്റു യാതൊരു പ്രതിവിധിയും ഇല്ലെന്നും ആണു സാധാരണയായുള്ള വിശ്വാസം. വിദ്വൽശ്രേഷ്ഠനായ വിശുദ്ധമുനിയുടെ പുത്രനായ ചരകൻ ജീവിച്ചിരുന്നതു വൈദികകാലത്തായിരുന്നു. അദ്ദേ [ 24 ] ഹം ക്രിസ്താബ്ദത്തിന്നു ൩൨0 കൊല്ലം മുമ്പെ കാശിയിൽ ജനിച്ചു എന്നു ചിലർ വിശ്വസിക്കുന്നു. ചരകന്റെ കാലത്ത് അദ്ദേഹമായിരുന്നു ഏറ്റവും യോഗ്യനായിട്ടുള്ള വൈദ്യൻ; എന്നുമാത്രമല്ല, അദ്ദേഹത്തിന്റെ "ചരകസംഹിത" ഇന്നും ചികിത്സാശാസ്ത്രത്തിൽ ഒരു പ്രമാണപുസ്തകമായി വിചാരിക്കപ്പെട്ടു പോരുന്നതുമുണ്ട്.
സുശ്രുതന്റെ പുറപ്പാട് നേരെ മറിച്ചാകുന്നു. അദ്ദേഹം ഔഷധംകൊണ്ടുള്ള ചികിത്സയേക്കാൾ ശസ്ത്രവിദ്യയെപ്പറ്റിയാണു അധികം വിവരിച്ചിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹത്തിന്റെ കൃതിയായ 'സുശ്രുത'ത്തെ ആൎയ്യവൈദ്യന്മാർ ശസ്ത്രവിദ്യയിൽ വലിയൊരു പ്രമാണമാക്കി വെച്ചു മാനിച്ചുപോരുന്നതുമുണ്ട്. മേല്പറഞ്ഞ രണ്ടു ഗ്രന്ഥങ്ങളും ആയ്ൎവ്വേദത്തിന്റെ സംഗ്രഹങ്ങളാകുന്നു. സുശ്രുതൻ, ശ്രീരാമന്റെ സമാനകാലീനനായ വിശ്വാമിത്രന്റെ പുത്രന്മാരിൽ ഒരാളായിരുന്നു. അച്ഛന്റെ അനുവാദപ്രകാരം സുശ്രുതനും, അദ്ദേഹത്തിന്റെ ഏഴു അനുജന്മാരും കൂടി വൈദ്യശാസ്ത്രം പഠിക്കേണ്ടതിന്നു കാശിരാജാവായ ദേവദാസന്റെ അടുക്കൽ ചെന്നു. ചരകൻ അനന്തന്റെ ഒരു അവതാരമാണെന്നും വിശ്വസിക്കപ്പെട്ടുവരുന്നു. ഈ ധൻവന്തരി പ്രളയകാലത്തിൽ നശിച്ചുപോയ മറ്റു പതിമൂന്നു 'രത്ന'ങ്ങളോടുകൂടി സമുദ്രത്തിൽനിന്നു വീണ്ടുകിട്ടിയ ദൈവികവൈദ്യനാകുന്നു. മരിക്കാതിരിക്കുവാനുള്ള ഒരു പാനീയമായ 'അമൃതം' നിറച്ച ഒരു പാത്രത്തോടുകൂടി 'ധൻവന്തരി' സമുദ്രത്തിൽ നിന്നു പൊന്തിവന്നു എന്നാണു പറയപ്പെടുന്നത്. ഗ്രീക്കുകാരുടെ ഇടയിൽ എസ്കുലാപ്യസ്സിന്നുള്ള സ്ഥാനം ഇന്ത്യയിൽ ഇദ്ദേഹം എടുത്തിരിക്കുന്നു. കാശിരാജാവ് എന്നുകൂടി വിളിക്കപ്പെടുന്ന ദേവദാസന്റെ അടുക്കൽനിന്ന് ആയുൎവ്വേദം മുഴുവനും [ 25 ] അഭ്യസിച്ചശേഷം സുശ്രുതനും കൂട്ടരും സ്വഗൃഹത്തിലേക്കു മടങ്ങിവന്ന്, ചികിത്സാശാസ്ത്രത്തിലും ശസ്ത്രവിദ്യയിലും പ്രത്യേകം പ്രത്യേകം ഗ്രന്ഥങ്ങളെഴുതി. എന്നാൽ സുശ്രുതൻ മറ്റെല്ലാവരേയും അതിശയിച്ചു. അദ്ദേഹത്തിന്റെ കൃതി, ക്രിസ്താബ്ദം ൮-ാം നൂറ്റാണ്ട് അവസാനിക്കുന്നതിന്നു മുമ്പായി അറബിഭാഷയിലേക്കു തൎജ്ജമചെയ്യപ്പെട്ടു. അത് ഹെപ്ലർ എന്ന ആൾ ലാറ്റിൻഭാഷയിലേക്കും, വുള്ളഴ്സ് ജൎമ്മൻ ഭാഷയിലേക്കും തൎജ്ജമചെയ്തിട്ടുണ്ട്. ഇതുകൂടാതെ, ചരകവും ൮-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അറബിഭാഷയിലേക്കു തൎജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു. അവിസന്നാ, റെയ്സസ്സ്, സറാപ്യൺ എന്നിവരുടെ ലാറ്റിൻ തൎജ്ജമകളിൽ അദ്ദേഹത്തിന്റെ (ചരകന്റെ) പേർ കൂടക്കൂടെ പ്രസ്താവിച്ചു കാണുന്നുണ്ട്' (ഹണ്ടർ). അദ്ദേഹം അഗ്നിവേശന്റെ ഉത്തരകാലീനനാകുന്നു; എന്തെന്നാൽ, തനിക്കു ഗ്രന്ഥനിൎമ്മാണത്തിന്നു വേണ്ടുന്ന വിഷയങ്ങൾ കിട്ടിയതു പണ്ഡിതശ്രേഷ്ഠനായ ആ മഹൎഷിയിൽ നിന്നാണെന്നും, അദ്ദേഹത്തിന്റെ കൃതിയെ തനൊന്നു രൂപഭേദം വരുത്തിയിരിക്കുകയാണെന്നും ചരകൻ പറയുന്നു.
ചികിത്സാശാസ്ത്രത്തിൽ പിന്നെ ഒരു വലിയ പ്രമാണമായിട്ടുള്ളതു വാഗ്ഭടനാകുന്നു. അദ്ദേഹം ക്രിസ്തുവിന്നു മുമ്പ് രണ്ടാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നത്. പടിഞ്ഞാറെ ഇന്ത്യയിലുള്ള സിന്ധുദേശമായിരുന്നു അദ്ദേഹത്തിന്റെ സ്വരാജ്യം. തന്റെ 'അഷ്ടാംഗസംഗ്രഹം' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ചരകൻ, സുശ്രുതൻ, അഗ്നിവേശൻ, ഭേളൻ മുതലായ പൂൎവ്വാചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നു തനിക്കു വളരെ സഹായം ലഭിച്ചിട്ടുള്ളതായി പ്രസ്താവിച്ചിരിക്കുന്നു. അതുകൂടാതെ 'അഷ്ടാംഗഹൃദയം' എന്നൊരു ഗ്രന്ഥം കൂടി അദ്ദേഹം തന്നെ എഴുതീട്ടുണ്ട്. ഇതിന്ന് അരുണദത്തപണ്ഡിതന്റെ ഒരു വ്യാഖ്യാ [ 26 ] നവുമുണ്ട്. വാഗ്ഭടന്റെ വാക്യരീതി വളരെ ശുദ്ധിയുള്ളതും, അൎത്ഥപുഷ്ടിയോടുകൂടിയതും, (സംക്ഷിപ്തം) ആണെന്നു മാത്രമല്ല, പൂൎവ്വന്മാരുടെ ഗ്രന്ഥങ്ങളിലുള്ള ക്ലിഷ്ടങ്ങളായ പല ഭാഗങ്ങളും അദ്ദേഹം നല്ലവണ്ണം വെളിവാക്കി പറഞ്ഞിട്ടുമുണ്ട്. കലിദ്വാപരകൃതയുഗങ്ങളിൽ ക്രമേണ വഗ്ഭടൻ, സുശ്രുതൻ, ആത്രേയൻ എന്നിവരായിരുന്നു വൈദ്യശാസ്ത്രത്തിൽ ഏറ്റവും വലിയ പ്രമാണമായിരുന്നതെന്ന് ഒരു പ്രസിദ്ധശ്ലോകത്തിൽ പറഞ്ഞിരിക്കുന്നു. ഹിന്തുവൈദ്യശാസ്ത്രവിദ്യാൎത്ഥികളുടെ ഇടയിൽ ഈ മൂന്നുഗ്രന്ഥകാരന്മാരെയും കൂടി 'വൃദ്ധത്രയീ' എന്നാണു പറഞ്ഞുവരുമാറുള്ളത്.
നമ്മുടെ കാലത്തോടു കുറേക്കൂടി അടുത്തുവരുമ്പോൾ, ഹിന്തുശാസ്ത്രത്തിന്റെ മിക്കവാറും എല്ലാ വിഷയങ്ങളിലും ഗ്രന്ഥങ്ങൾ എഴുതീട്ടുള്ള മാധവൻ അല്ലെങ്കിൽ മാധവാചാൎയ്യർ എന്ന് ആളുടെ പേർ നാം കാണുന്നതാണു. ഇദ്ദേഹം, തെക്കൻ ഇന്ത്യയിൽ ഇപ്പോൾ 'ഗോൾക്കൊണ്ടാ' എന്നു വിളിക്കപ്പെടുന്ന കിഷിന്ധാരാജ്യത്തിൽ ജനിച്ചവനും, ൧൨-ാം നൂറ്റാണ്ടിൽ വിജയനഗരത്തിൽ വാണിരുന്ന വീരബുക്കരാജാവിന്റെ മന്ത്രിയും ആയിരുന്നു. ഈ ആചാൎയ്യൻ ഋഗ്വേദഭാഷ്യത്തിന്റെ കൎത്താവായ സായണാചാൎയ്യരുടെ സഹോദരനായിരുന്നു എന്നുമാത്രമല്ല, ആ ഗ്രന്ഥത്തിലേക്ക് ഇദ്ദേഹവും എഴിതുക്കൊടുത്തിട്ടുണ്ടെന്നാണു പറയപ്പെടുന്നത്. ഹിന്തുതത്വശാസ്ത്രത്തിൽ പെടുന്ന ആറു സമ്പ്രദായങ്ങളെയും വിവരിക്കുന്ന 'സൎവ്വദൎശനസംഗ്രഹം', ചതുൎവേദങ്ങളുടെ ടീകയായ 'മാധവവേദാൎത്ഥപ്രകാശം' എന്നീ രണ്ടു ഗ്രന്ഥങ്ങൾക്കു പുറമെ, വേദാന്തത്തിൽ 'പഞ്ചദശി', വ്യാകരണത്തിൽ 'മാധവവൃത്തി, വൈദ്യശാസ്ത്രത്തിൽ 'മാധവനിദാനം', ജ്യോതിഷത്തിൽ 'കാലമാധവം', ഹിന്തുനിയമശാസ്ത്രത്തിൽ 'വ്യവഹാരമാധവം', ബ്രാഹ്മണരുടെ നടവടിക്രമങ്ങളിൽ 'ആ [ 27 ] ചാരമാധവം', ശങ്കരാചാൎയ്യരുടെ ജീവചരിത്രമായ 'ശങ്കരവിജയം' എന്നിവകയും അദ്ദേഹത്തിന്റെ അനേകം കൃതികളിൽ പ്രധാനപ്പെട്ടവയാണു. തന്റെ വൈദ്യഗ്രന്ഥത്തിൽ മുഴുവനും, നമ്മുടെ ഗ്രന്ഥകൎത്താവു രോഗങ്ങളുടെ നിദാനത്തെപ്പറ്റിയാണു പറഞ്ഞിരിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഈ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന്നാണു മറ്റെല്ലാവരേക്കാളും പ്രാമാണ്യമേറുന്നതെന്ന് നിൎവിവാദമായിരിക്കത്തക്ക നിലയിൽ അത്ര നിഷ്കൎഷിച്ചിട്ടാണു അദ്ദേഹം ഈ വിഷയം പ്രതിപാദിച്ചിട്ടുള്ളത്. വൈദ്യന്മാർ പലപ്പോഴും ഈ താഴെ ചേൎത്ത സംസ്കൃതശ്ലോകം ചൊല്ലുന്നതു കേൾക്കാം.
“ | നിദാനേ മാധവഃ ശ്രേഷ്ഠഃ സൂത്രസ്ഥാനേ തു വാഗ്ഭടഃ; |
” |
ഇതിന്റെ താല്പൎയ്യം: നിദാനത്തിൽ മാധവനും, വൈദ്യശാസ്ത്രതത്വങ്ങളിലും പരിചയത്തിലും വാഗ്ഭടനും, ശസ്ത്രവിദ്യയിൽ (ശരീരത്തിൽ) സുശ്രുതനും, ചികിത്സാഭാഗത്തിൽ ചരകനും ആണു ഏറ്റവും യോഗ്യന്മാർ എന്നാകുന്നു.
ഈ മാധവാചാൎയ്യർ വാൎദ്ധക്യത്തിൽ സന്യസിക്കുകയും 'വിദ്യാരണ്യൻ' എന്ന നാമം ധരിക്കുകയും ചെയ്തു.
ഹിന്തുവൈദ്യശാസ്ത്രത്തിൽ പിന്നെത്തെ പ്രസിദ്ധനായ ഗ്രന്ഥകാരൻ, 'ഭാവപ്രകാരം' എന്ന കൃതിയുടെ കൎത്താവായ ഭാവമിശ്രനാകുന്നു. ഇദ്ദേഹം ജീവിച്ചിരുന്നതു ക്രിസ്താബ്ദം ൧൫൫0-ൽ ആണു. ആ കാലത്തു മദ്രദേശത്തിൽ (ഇന്ത്യയുടെ വടക്കുപടിഞ്ഞാറ്), 'വൈദ്യന്മാരിൽവെച്ച് രത്നവും സകലശാസ്ത്രപാരംഗതനും' ആയ അദ്ദേഹത്തെയാണു ഏറ്റവും പാണ്ഡിത്യമുള്ളവനായി വിചാരിച്ചിരുന്നത്. വൈദ്യശാസ്ത്രത്തിൽ മുമ്പു [ 28 ] ഗ്രന്ഥമെഴുതീട്ടുള്ള എല്ലാവരുടെയും അനുഭവത്തെ അദ്ദേഹം തന്റെ കൃതിയിൽ ചുരുക്കിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്യശുദ്ധിയും, വിഷയവിഭാഗത്തിൽ ചെയ്ത നിഷ്കൎഷയും നിമിത്തം, വാദഗ്രസ്മങ്ങളും ക്ലിഷ്ടങ്ങളും ആയ പൂൎവ്വഗ്രന്ഥകാരന്മാരുടെ അനേകം വാക്യങ്ങൾ വെളിവായിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം ഹിന്തുക്കളുടെ ഇടയിൽ ആയുൎവ്വേദത്തിന്റെ ഒടുക്കത്തെ ഉദ്ധാരണമാണെന്നുതന്നെ വിചാരിക്കാം. ഹിന്തു വൈദ്യശാസ്ത്രത്തിൽ ഇതു വിലമതിക്കുവാൻ പാടില്ലാത്ത ഒരു ഗ്രന്ഥമാണെന്നുള്ള വിചാരത്തോടുകൂടി ഇന്ത്യയിലെല്ലാടവും നാട്ടുവൈദ്യന്മാർ ഈ കൃതിയെ കലശലായി ആദരിച്ചുപോരുന്നുണ്ട്. ഇതു പണ്ടെത്തെ വിസ്തീൎണ്ണമായ വൈദ്യശാഹിത്യഭൂമിയിൽനിന്നു സമുച്ചയിച്ചെടുത്തിരിക്കുന്ന അത്യുപകാരപ്രദമായ പരിജ്ഞാനത്തിന്റെ ഒരു നിധിയാണെന്നുതന്നെ വിചാരിക്കപ്പെട്ടുവരുന്നു. ഭാവമിശ്രന്റെ കാലത്ത് ഇന്ത്യയ്ക്കു യൂറോപ്യന്മാരുമായി, അതിൽ പ്രത്യേകിച്ചു കച്ചവടാവശ്യാൎത്ഥം ഇന്ത്യയിലേക്ക് ആകൎഷിക്കപ്പെട്ട പോൎച്ചുഗീസ്സുകാരുമായി, ഉള്ള സംസൎഗ്ഗം തുടങ്ങിയിരിക്കുന്നു. കൈകാലുകളെ ബാധിക്കുന്ന "ഉഷ്ണസംബന്ധമായ ഒരു രോഗം" അന്ന് പോൎച്ചുഗീസ്സുകാരുടെ ഇടയിൽ സാധാരണ നടപ്പുണ്ടായിരുന്നു. ഭാവമിശ്രൻ ഒടുവിൽ ഈ രോഗത്തേയും പറങ്കികളുടെ (പോൎച്ചുഗീസ്സുകാരുടെ) ദീനം എന്നൎത്ഥമായ "ഫിരംഗരോഗം" എന്നു പേരിട്ടു വിവരിച്ചതായി കാണുന്നു. സംസ്കൃതത്തിൽ തത്തുല്യമായ ഒരു പദം ഇല്ലാതിരിക്കുകയും, പ്രസ്തുതദീനത്തിന്ന് അങ്ങിനെ (ഫിരംഗരോഗമെന്ന്) ഒരു പേർ കൊടുത്തതായി കാണുകയും ചെയ്യുന്നതുകൊണ്ട് പോൎച്ചുഗീസ്സുകാരാണു ഇന്ത്യയിലേക്ക് ഈ ദീനം ആദ്യം കൊണ്ടുവന്നിരിക്കുന്നതെന്നു വിചാരിപ്പാൻ ധാരാളം വഴിയുണ്ടല്ലൊ. ഭാവമിശ്രൻ ഈ രോഗത്തിന്നു 'ബാഹ്യം', 'ആഭ്യന്തരം' 'ബാഹ്യാ [ 29 ] ഭ്യന്തരം' എന്നിങ്ങിനെ മൂന്നവസ്ഥകളുണ്ടെന്നു പറഞ്ഞിരിക്കുന്നു. അതിലാദ്യത്തെ നിലയിലേ ആയിട്ടുള്ളൂ എങ്കിൽ ഈ ദീനം മാറുന്നതാണു; രണ്ടാമത്തെ നിലയിലെത്തിയാൽ കൃച് ഛ്രസാദ്ധ്യമായിരിക്കും; മൂന്നാമത്തെ അല്ലെങ്കിൽ അവസാനത്തെ ഘട്ടത്തിൽ ചാടിയാലാകട്ടെ, അത് അകത്തും പുറത്തും ഒരുപോലെ പരക്കുന്നതിനാൽ മാറുവാൻ തീരെ പ്രയാസമാണെന്നും പറഞ്ഞിട്ടുണ്ട്. ഈരോഗം പിടിപെട്ടവൻ നന്നെ കൃശനായും ക്ഷീണിച്ചുമിരിക്കും; അവന്റെ മൂക്കു ചതുങ്ങും; അഗ്നി മന്ദിക്കും; എല്ലുകൾ വറളുകയും ചെയ്യും. രസം, ഖദിരം (കരിങ്ങാലി), അകരാകരഭം, തേൻ എന്നീമരുന്നുകൾ ഏതാനും ചില മാത്രകളിൽ കൂട്ടിയാൽ അത് ഈ ദീനത്തിന്നു നല്ലൊരു ഔഷധമായിരിക്കുമെന്നും പ്രസ്താവിച്ചു കാണുന്നു[4] വേറെ ചില യോഗങ്ങളും അദ്ദേഹം പറഞ്ഞിട്ടില്ലെന്നല്ല. ഇൻഡ്യയിലാല്ലാതെ മറ്റു വല്ല രാജ്യങ്ങളിലുമുണ്ടാകുന്ന ചില ഔഷധങ്ങളെപ്പറ്റി ഒന്നാമതായി പ്രസ്താവിച്ചിട്ടുള്ളതു ഭാവമിശ്രനായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുള്ളതിൽ ചിലത് ഇവിടെ ദൃഷ്ടാന്തത്തിന്നായി കാണിക്കാം.
- 'ബദക്സാന നാസപാതി'--'അമൃതഫലം', ബദക്ഷാൻ ദേശത്തിലുണ്ടാകുന്നത്.
- 'കൊരശ്ശാണി വചാ'--കൊറസ്സാൻ രാജ്യത്തുണ്ടാകുന്ന ഒരുതരം വയമ്പ്.
- 'പാരസീകവചാ'--പാർസിരാജ്യത്തെ വയമ്പ്.
- 'സുലേമാനീ ഖൎജ്ജുരം'--സുലേമാൻ പൎവ്വതത്തിലുണ്ടാകുന്ന ഒരുമാതിരി ഈത്തപ്പഴം.
[ 30 ]
ഈ ഭാവമിശ്രൻ കാശിരാജ്യക്കാരനായിരുന്നു. അവിടെ അദ്ദേഹത്തിന്നു നാനൂറിൽ കുറയാതെ ശിഷ്യന്മാരുണ്ടായിരുന്നു എന്നാണു പറഞ്ഞുവരുന്നത്.
ദാമോദരപുത്രനായ ശാൎങ്ഗധരനായിരുന്നു പിന്നെ ഇന്ത്യയിലുണ്ടായിട്ടുള്ള പ്രസിദ്ധവൈദ്യൻ. അദ്ദേഹം തന്റെ സ്വന്തം പേരടയാളമുള്ള ഒരു ഗ്രന്ഥം (ശാൎങ്ഗധരസംഹിത) എഴുതീട്ടുണ്ട്. ഈ കൃതി ഇരുപത്തഞ്ചുഭാഗങ്ങളായി[5] വിഭജിക്കപ്പെട്ടതും, പടിഞ്ഞാറനിന്ത്യയിൽ ധാരാളം പ്രചാരമുള്ളതുമാകുന്നു. മാണിക്യഭട്ടന്റെ മകനായ മോരേശ്വഭട്ടന്റെ (ക്രിസ്താബ്ദം ൧൬൨൭) "വൈദ്യാമൃതം", ലോലിംബരാജന്റെ (ക്രി. അ. ൧൬൩൩) "വൈദ്യജീവനം", കേശവപുത്രനായ ബോപദേവന്റെ "ബോപദേവശതകം", ഹസ്മിസ്തരിയുടെ (ക്രി. അ. ൧൬൭0). "വൈദ്യവല്ലഭം", ചക്രദത്തന്റെ "ചികിത്സാസംഗ്രഹം", വൈദ്യപതിയുടെ "ചിത്സാഞ്ജനം", മുതലായി വേറെ ചില്ലറ കൃതികളും സാധാരണയായി നാട്ടുവൈദ്യന്മാർ നോക്കിവരുമാറുള്ള ഗ്രന്ഥങ്ങളാണു.
- ↑ ഋഗ്വേദം, ii. ൭, ൧൬
- ↑ ഋഗ്വേദം, I-൧൧൭:൧൩
- ↑ "ചരകസംഹിതയിൽ" ൧-ഉം ൨-ഉം ൩-ഉം ഭാഗങ്ങൾ നോക്കുക.
- ↑ സപ്തശാലിവടി--പാരദഷ്ടങ്കമാനഃസ്യാൽ ഖദിരഷ്ടങ്കസന്മിതഃ | അകരാകരഭശ്ചാപി ഗ്രാഹ്യഷ്ടങ്കദ്വയോന്മിതഃ || ടങ്കത്രയോന്മിതം ക്ഷൗദ്രംഖല്ലേ സൎവ്വഞ്ച നിക്ഷിപേൽ സമ്മർദ്യ തസ്യ സൎവ്വസ്യ കുൎയ്യാൽ സപൂവടീഭിഷക് സ രോഗീഭ ക്ഷയേൽ പ്രാതരേകൈകാമംബുനാ വടീം| |വൎജ്ജയേദമ്ലലവണം ഫിരംഗസ്മസ്യ നശ്യതിഃ ഭാവപ്രകാശഃ </small
- ↑ "ശാർങ്ഗധരസംഹിത"യിൽ വേറെവിധത്തിലും വിഷയവിഭാഗം ചെയ്തു കാണുന്നുണ്ട്. ഇവിടെ ചില പുസ്തകങ്ങളിൽ, 'പൂൎവ്വഖണ്ഡം'. 'മദ്ധ്യമഖണ്ഡം', 'ഉത്തരഖണ്ഡം', ഇങ്ങിനെ മൂന്നു ഖണ്ഡങ്ങളും, അവയിൽ ക്രമേണ ഏഴു, പന്ത്രണ്ടു, പതിമൂന്നു ഇങ്ങിനെ ആകെക്കൂടി മുപ്പത്തിരണ്ടു അദ്ധ്യായങ്ങളും ഉള്ളതായിക്കാണുന്നു.