കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
IV: നിലവിലുള്ള വിവിധ പ്രതിപക്ഷ പാർട്ടികളോടുള്ള കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്

[ 46 ]

IV
നിലവിലുള്ള വിവിധ
പ്രതിപക്ഷ പാർട്ടികളോടുള്ള
കമ്മ്യൂണിസ്റ്റുകാരുടെ നിലപാട്

തിരുത്തുക

ഇംഗ്ലണ്ടിലെ ചാർട്ടിസ്റ്റ് പ്രസ്ഥാനക്കാർ, അമേരിക്കയിലെ കാർഷികപരിഷ്കരണവാദികൾ തുടങ്ങിയ നിലവിലുള്ള തൊഴിലാളി വർഗ്ഗപ്പാർട്ടികളും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം രണ്ടാം അദ്ധ്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിലാളി വർഗ്ഗത്തിന്റെ അടിയന്തിരലക്ഷ്യങ്ങൾ നേടുവാനും അവരുടെ താൽക്കാലിക താല്പര്യങ്ങൾ നടപ്പിലാക്കുവാനും വേണ്ടി കമ്മ്യൂണിസ്റ്റുകാർ പൊരുതുന്നു. എന്നാൽ വർത്തമാനകാലത്തെ പ്രസ്ഥാനത്തിൽ, ആ പ്രസ്ഥാനത്തിന്റെ ഭാവിയേയും അവർ പ്രതിനിധാനം ചെയ്യുകയും കാത്തുരക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിൽ യാഥാസ്ഥിതികരും സമൂലപരിവർത്തനവാദികളുമായി ബൂർഷ്വാസിക്കെതിരായി കമ്മ്യൂണിസ്റ്റുകാർ സോഷ്യൽഡെമോക്രാറ്റുകക്ഷി[1]യുമായി സഖ്യമുണ്ടാക്കുന്നു. പക്ഷെ, മഹത്തായ ഫ്രഞ്ചു വിപ്ലവത്തിന്റെ പൈതൃകമെന്നോണം കൈമാറി വന്നിട്ടുള്ള വാക്കുകളുടെയും വ്യാമോഹങ്ങളുടെയും കാര്യത്തിൽ വിമർശനപരമായ ഒരു നിലപാടെടുക്കുവാനുള്ള അവകാശം കമ്മ്യൂണിസ്റ്റുകാർ കൈവിടുകയില്ല. [ 47 ]

സ്വിറ്റ്സർലണ്ടിൽ അവർ റാഡിക്കൽ കക്ഷിയെ അനുകൂലിക്കുന്നു. പക്ഷെ, ആ കക്ഷിയിൽ വിരുദ്ധശക്തികൾ - ഭാഗികമായി ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുകാരും (ഫ്രഞ്ച് അർത്ഥത്തിൽ) ഭാഗികമായി റാഡിക്കൽ ബൂർഷ്വാകളും - അടങ്ങിയിട്ടുണ്ടെന്ന യാഥാർത്ഥ്യം അവർ വിസ്മരിക്കുന്നില്ല.

ദേശീയമോചനത്തിനുള്ള പ്രാഥമികമായ ഉപാധി എന്ന നിലയിൽ കാർഷിക വിപ്ലവത്തിൽ ഊന്നിപ്പറയുന്ന പാർട്ടിയെയാണ്, 1846-ൽ ക്രക്കോവിലെ സായുധകലാപം ഇളക്കിവിട്ട പാർട്ടിയെ39യാണ്, പോളണ്ടിൽ കമ്മ്യൂണിസ്റ്റുകാർ പിന്താങ്ങുന്നത്.

സ്വേച്ഛാധിപത്യപരമായ രാജവാഴ്ചയ്ക്കും ഫ്യൂഡൽ ദുഷ്‌പ്രഭുത്വത്തിനും പെറ്റിബൂർഷ്വാസിക്കുമെതിരായി വിപ്ലവകരമായ രീതിയിൽ ജർമ്മനിയിലെ ബൂർഷ്വാസി എപ്പോഴെല്ലാം പ്രവർത്തിക്കുന്നുവോ അപ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകാർ അവരോടൊപ്പം പോരാടുന്നു.

എന്നാൽ ബൂർഷ്വാസിക്ക് ആധിപത്യം കിട്ടുന്നതോടുകൂടി അത് നിലവിൽ വരുത്താതിരിക്കുവാൻ നിർവ്വാഹമില്ലാത്ത സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ ഉടൻതന്നെ ബൂർഷ്വാസിക്കെതിരായി അത്രയും ആയുധങ്ങളായി മാറ്റുവാനും ജർമ്മനിയിൽ പിന്തിരിപ്പൻ വർഗ്ഗങ്ങൾ നിലംപതിച്ചു കഴിഞ്ഞാൽ ഉടനടി ബൂർഷ്വാസിക്കെതിരായ പോരാട്ടം ആരംഭിക്കുവാനും വേണ്ടി ബൂർഷ്വാസിയും തൊഴിലാളിവർഗ്ഗവും തമ്മിലുള്ള വർഗ്ഗവൈരത്തെക്കുറിച്ച് സാദ്ധ്യമായത്ര ഏറ്റവും വ്യക്തമായ ബോധം തൊഴിലാളിവർഗ്ഗത്തിൽ ഉളവാക്കുന്നതിന് അവർ അനവരതം പ്രവർത്തിക്കും.

യൂറോപ്യൻ നാഗരികതയുടെ കൂടുതൽ വികസിച്ച സാഹചര്യങ്ങളിലും 17-ആം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലേയും 18-ആം നൂറ്റാണ്ടിലെ ഫ്രാൻസിലേയും തൊഴിലാളിവർഗ്ഗത്തേക്കാൾ എത്രയോ അധികം വളർന്നിട്ടുള്ള ഒരു തൊഴിലാളിവർഗ്ഗത്തിന്റെ പിൻബലത്തോടുകൂടിയും നടക്കുമെന്നുറപ്പിക്കാവുന്ന ഒരു ബൂർഷ്വാവിപ്ലവത്തിന്റെ വക്കത്ത് ജർമ്മനി എത്തിച്ചേർന്നിരിക്കുന്നതുകൊണ്ടും ജർമ്മനിയിലെ ബൂർഷ്വാ വിപ്ലവം അതേത്തുടർന്ന് ഉടനടിയുണ്ടാക്കുന്ന തൊഴിലാളി വർഗ്ഗവിപ്ലവത്തിന്റെ നാന്ദി മാത്രമായിരിക്കുമെന്നതുകൊണ്ടും കമ്മ്യൂണിസ്റ്റുകാർ തങ്ങളുടെ ശ്രദ്ധ പ്രധാനമായും ജർമ്മനിയിൽ കേന്ദ്രീകരിക്കുന്നു.

ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റുകാർ എല്ലായിടത്തും നിലവിലുള്ള സാമൂഹ്യ-രാഷ്ട്രീയക്രമങ്ങൾക്കെതിരായ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും പിന്താങ്ങുന്നു.

ഈ പ്രസ്ഥാനങ്ങളിലെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാർ സ്വത്തുടമ [ 48 ] യുടെ പ്രശ്നത്തെ - ആ സമയത്ത് അത് എത്രത്തോളം വളർന്നിട്ടുണ്ടെന്ന് നോക്കാതെ - പ്രമുഖ പ്രശ്നമായി മുന്നോട്ടുകൊണ്ടു വരുന്നു.

അവസാനമായി അവർ എല്ലാ രാജ്യങ്ങളിലുമുള്ള ജനാധിപത്യപാർട്ടികൾ തമ്മിൽ യോജിപ്പും ധാരണയും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് എല്ലായിടത്തും പരിശ്രമിക്കുക.

സ്വാഭിപ്രായങ്ങളേയും ലക്ഷ്യങ്ങളേയും മൂടിവയ്ക്കുന്നതിനെ കമ്മ്യൂണിസ്റ്റുകാർ വെറുക്കുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥയെയാകെ ബലം പ്രയോഗിച്ച് മറിച്ചിട്ടാൽ മാത്രമേ തങ്ങളുടെ ലക്ഷ്യങ്ങൾ നേടാനാവൂ എന്ന് അവർ പരസ്യമായി പ്രഖ്യാപിക്കുന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവത്തെ ഓർത്ത് ഭരണാധികാരിവർഗ്ഗങ്ങൾ കിടിലം കൊള്ളട്ടെ. തൊഴിലാളികൾക്ക് സ്വന്തം ചങ്ങലക്കെടുകളല്ലാതെ മറ്റൊന്നും നഷ്ടപ്പെടുവാനില്ല. അവർക്കു നേടുവാനോ ഒരു ലോകമുണ്ടുതാനും.



സർവ്വരാജ്യതൊഴിലാളികളേ,


ഏകോപിക്കുവിൻ!



1847 ഡിസംബർ-
1848 ജനുവരിയിൽ
എഴുതിയതു്. ആദ്യമായി
1848 ഫെബ്രുവരിയിൽ
ലണ്ടനിൽനിന്നു് ജർമ്മൻ
ഭാഷയിൽ പ്രസിദ്ധീകരിച്ചു.
മൂലപാഠം ജർമ്മനിൽ

കുറിപ്പുകൾ

തിരുത്തുക

  1. പാർലമെണ്ടിൽ ലെദ്രു-റോളേനും സഹിത്യരംഗത്തു് ലൂയിബ്ലാനും38 പത്രലോകത്തു് 'ലെ റിഫോം' പത്രവുമാണു് ഈ കക്ഷിയെ പ്രതിനിധാനം ചെയ്യുന്നതു്. സോഷ്യൽഡെമോക്രസിയെന്ന പേരു് അതു കണ്ടുപിടിച്ച ഇവരെ സംബന്ധിച്ചേടത്തോളം, ഡെമോക്രാറ്റിക്ക് അഥവാ റിപ്പബ്ലിക്കൻ കക്ഷിയുടെ ഏറെക്കുറെ സോഷ്യലിസത്തിന്റെ നിറം കലർന്ന ഒരു വിഭാഗത്തെ കുറിക്കുന്നു. (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

    അക്കാലത്തു് ഫ്രാൻസിൽ സോഷ്യൽ-ഡെമോക്രാറ്റിക്ക് എന്നു സ്വയം വിളിച്ചിരുന്ന കക്ഷിയെ രാഷ്ട്രീയരംഗത്തു് ലെദ്രു-റോളേനും സാഹിത്യരംഗത്തു് ലൂയി ബ്ലാനുമാണു് പ്രതിനിധാനം ചെയ്തിരുന്നതു്. അങ്ങിനെ ഇന്നത്തെ ജർമ്മൻ സോഷ്യൽ-ഡെമോക്രസിയിൽനിന്നു് അതു തികച്ചും വിഭിന്നമായിരുന്നു. (1890-ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)