കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
III: സോഷ്യലിസ്റ്റ് സാഹിത്യവും കമ്മ്യൂണിസ്റ്റ് സാഹിത്യവും

[ 32 ]

III
സോഷ്യലിസ്റ്റ് സാഹിത്യവും
കമ്മ്യൂണിസ്റ്റ് സാഹിത്യവും

തിരുത്തുക

1.പിന്തിരിപ്പൻ സോഷ്യലിസം

തിരുത്തുക

എ) ഫ്യൂഡൽ സോഷ്യലിസം

തിരുത്തുക

ചരിത്രപരമായ തങ്ങളുടെ സവിശേഷസ്ഥാനം കാരണം, ആധുനിക ബൂർഷ്വാ സമൂഹത്തിനെതിരായ ലഘുലേഖകൾ എഴുതുക എന്നത് ഫ്രാൻസിലേയും ഇംഗ്ലണ്ടിലേയും പ്രഭുക്കന്മാരുടെ ജോലിയായിത്തീർന്നു. 1830 ജൂലൈമാസത്തിൽ നടന്ന ഫ്രഞ്ചുവിപ്ലവത്തിലും ഇംഗ്ലണ്ടിലെ ഭരണപരിഷ്ക്കാരപ്രക്ഷോഭ29ത്തിലും ഈ പ്രഭുക്കന്മാർ വെറുക്കപ്പെട്ട പുത്തൻപണക്കാരുടെ മുമ്പിൽ വീണ്ടും മുട്ടുകുത്തി. അതോടുകൂടി ഗൗരവത്തോടുകൂടിയ ഒരു രാഷ്ട്രീയസമരം ഇനി തീരെ സാദ്ധ്യമല്ലെന്നുവന്നു. ഈ സാഹിത്യപോരാട്ടം മാത്രമേ ഇനി സാദ്ധ്യമായിരുന്നുള്ളു. എന്നാൽസാഹിത്യരംഗത്തുപോലു റെസ്റ്റോറേഷൻ കാലഘട്ടത്തിലെ[1] പഴയ മുറവിളി സാദ്ധ്യമല്ലാതായിരുന്നു. അനുകമ്പ ഉണർത്താൻവേണ്ടി സ്വന്തം താല്പര്യങ്ങളെ അവഗണിക്കുന്നതായും ചൂഷിതരായ തൊഴിലാളിവർഗ്ഗത്തിന്റെ മാത്രം താല്പര്യം മുൻനിർത്തി ബൂർഷ്വാസിക്കെതിരായ കുറ്റപത്രം തയ്യാറാക്കുന്നായും ഭാവിക്കാൻ പ്രഭുവർഗ്ഗം നിർബന്ധിതമായി. അങ്ങിനെ തങ്ങളുടെ പുതിയ യജമാനനെപ്പറ്റി പരിഹാസപ്പാട്ടുപാടിക്കൊണ്ടും ആസന്നമായ വിപത്തിനെക്കുറിച്ച് അയാളുടെ ചെവിയിൽ ദുരുദ്ദേശപൂർണ്ണമായ പ്രവചനങ്ങൾ മന്ത്രിച്ചുകൊണ്ടും അവർ പകവീട്ടാൻ തുടങ്ങി.

ഇങ്ങനെയാണ് ഫ്യൂഡൽ സോഷ്യലിസം ആവിർഭവിച്ചത്. അത് പകുതി വിലാപമാണ്, പകുതി പരിഹാസമാണ്. പകുതി ഭൂതകാലത്തിന്റെ പ്രതിദ്ധ്വനിയാണു്, പകുതി ഭാവിയെപ്പറ്റിയുള്ള ഭീഷണിയും. ചിലപ്പോഴൊക്കെ അത് അതിന്റെ രൂക്ഷവും സരസവും മൂർച്ചയേറിയതുമായ വിമർശനംവഴി ബൂർഷ്വാസിയുടെ ഹൃ [ 33 ] ദയത്തിന്റെ മർമ്മത്തിൽത്തന്നെ ആഞ്ഞടിക്കന്നുണ്ടെങ്കിലും , ആധുനികചരിത്രത്തിന്റെ ഗതി മനസ്സിലാക്കാനുള്ള തികഞ്ഞ കഴിവുകേടുനിമിത്തം അത് ഫലത്തിൽ എന്നും പരിഹാസ്യമായിരുന്നു.

ജനങ്ങളെ സ്വന്തം ഭാഗത്ത് അണിനിരത്താൻവേണ്ടി പ്രഭുവർഗ്ഗം തൊഴിലാളികളുടെ പിച്ചപ്പാളയാണ് പതാകയ്ക്കു പകരം മുമ്പിൽ പിടിച്ചത്. പക്ഷേ ജനങ്ങൾ അവരുടെകൂടെ ചേർന്നപ്പോഴെല്ലാം നാടുവാഴിപ്രഭുത്വത്തിന്റെ പഴയകുലചിഹ്നങ്ങൾ അവരുടെ പിന്നാമ്പുറത്തു കാണുകയാൽ, തീരെ അനാദരവോടെ ഉറക്കെ ചിരിച്ചുകൊണ്ട് അവരെ ഉപേക്ഷിക്കുകയാണുണ്ടായത്.

ഫ്രഞ്ച് "ലെജിമിറ്റിമിസ്റ്റു"കാരിൽ ഒരു വിഭാഗവും "യങ്ങ് ഇംഗ്ലണ്ട്"30 കക്ഷിക്കാരും ഈ കാഴ്ച പ്രദർശിപ്പിച്ചു.

തങ്ങളുടെ ചൂഷണരീതി ബൂർഷ്വാസിയുടേതിൽനിന്നു് വ്യത്യസ്തമാണെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തികച്ചു വ്യത്യസ്തവും ഇന്നു കാലഹരണം വന്നിട്ടുള്ളതുമായ സാഹചര്യങ്ങളിലും പരിതസ്ഥിതികളിലുമാണ് തങ്ങൾ ചൂഷണം നടത്തിയിരുന്നതെന്നു് ഫ്യൂഡലുകൾ വിസ്മരിക്കുന്നു. തങ്ങളുടെ ഭരണത്തിൻകീഴിൽ ആധുനികതൊഴിലാളിവർഗ്ഗം ഒരിക്കലും ഉണ്ടായിരുന്നില്ലെന്നു ചൂണ്ടിക്കാണിക്കുമ്പോൾ, തങ്ങളുടെ സാമൂഹ്യക്രമത്തിന്റെ അവശ്യസന്തതയാണു് ആധുനികബൂർഷ്വാസിയെന്ന് അവർ വിസ്മരിക്കുന്നു.

ഇത്രയും കഴിഞ്ഞാൽപ്പിന്നെ, അവരുടെ വിമർശനത്തിന്റെ പിന്തിരിപ്പൻ സ്വബാവത്തെ അവർ വളരെ കുറച്ചുമാത്രമേ മറച്ചുവയ്ക്കുന്നുള്ളു. പഴയ സാമൂഹ്യക്രമത്തെ വേരോടെ പിഴുതെറിയാൻ വിധിക്കപ്പെട്ട ഒരു വർഗ്ഗം ബൂർഷ്വാ ഭരണത്തിൻകീഴിൽ വളർന്നുകൊണ്ടിരിക്കുന്നുവെന്നുള്ളതാണ് ബൂർഷ്വാസിയുടെ പേരിലുള്ള അവരുടെ മുഖ്യമായ ആരോപണം.

അതുകൊണ്ട്, പ്രായോഗികരാഷ്ട്രീയപ്രവർത്തനത്തിൽ അവർ തൊഴിലാളിവർഗ്ഗത്തിനെതിരായ എല്ലാ മർദ്ദനനടപടികൾക്കും കൂട്ടുനിൽക്കുന്നു. അവർ വ്യവസായവൃക്ഷത്തിനൽനിന്നു് ഉതിർന്നുവീഴുന്ന സ്വർണ്ണഫലങ്ങൾ പെറുക്കിയെടുക്കാനും കമ്പിളിയുടേയും പഞ്ചസാരയുടേയും വാറ്റുചാരായത്തിന്റേയും വ്യാപാരത്തിനായി സത്യവും സ്നേഹവും മാനവും വിൽക്കാൻ മടിക്കുന്നില്ല[2]. [ 34 ]

പുരോഹിതൻ എന്നും ജന്മിയുടെ കൈ കോർത്തുപിടിച്ചു നടന്നിട്ടുള്ളതുപോലെതന്നെ, പൗരോഹിത്യസോഷ്യലിസം എന്നും ഫ്യൂഡൽ സോഷ്യലിസത്തിന്റെ കൂടെയാണ്.

ക്രിസ്ത്യൻ സന്യാസത്തിനു് ഒരു സോഷ്യലിസ്റ്റ് നിറം കൊടുക്കുന്നതിലും എളുപ്പമായി മറ്റൊന്നില്ല. ക്രിസ്തുമതം സ്വകാര്യസ്വത്തിനേയും വിവാഹത്തേയും ഭരണകൂടത്തേയും അധിക്ഷേപിച്ചിട്ടില്ലേ? ഇവയ്ക്കു പകരം ദാനധർമ്മാദികളും ദരിദ്രജീവിതവും ബ്രഹ്മചര്യവും ഇന്ദ്രിയനിഗ്രഹവും ആശ്രമവൃത്തിയും തിരുസഭാമാതാവും വേണമെന്ന് അത് പ്രസംഗിച്ചിട്ടില്ലേ? പ്രഭുവിന്റെ ഹൃദയവേദനകളെ ശുദ്ധീകരിക്കാൻ പുരോഹിതൻ തളിക്കുന്ന തീർത്ഥജലംമാത്രമാണ് ക്രിസ്ത്യൻ സോഷ്യലിസം.

ബി) പെറ്റിബൂർഷ്വാ സോഷ്യലിസം

തിരുത്തുക

ഫ്യൂഡൽ പ്രഭുവർഗ്ഗം മാത്രമല്ല ബൂർഷ്വാസി നിമിത്തം നാശമടഞ്ഞത്, ആ വർഗ്ഗത്തിന്റെ ജീവിതോപാധികൾ മാത്രമല്ല ആധുനികബൂർഷ്വാ സമൂഹത്തിന്റെ അന്തരീക്ഷത്തിൽ വാടി നശിച്ചത്. മദ്ധ്യകാലത്തെ സ്വതന്ത്രനഗരവാസികളും ചെറുകിട കൃഷിയുടമസ്ഥരുമാണ് ആധുനിക ബൂർഷ്വാസിയുടെ പൂർവ്വികർ. വ്യാവസായികമായും വ്യാപാരപരമായും കുറച്ചുമാത്രം വളർന്നിട്ടുള്ള രാജ്യങ്ങളിൽ, ഉയർന്നു വരുന്ന ബൂർഷ്വാസിയോടൊപ്പം ഈ രണ്ടു വർഗ്ഗങ്ങളും ഇന്നും ജീവിച്ചുപോരുന്നുണ്ട്.

ആധുനിക നാഗരികത പൂർണ്ണമായി വളർന്നുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളിൽ, പുതിയൊരു പെറ്റിബൂർഷ്വാവർഗ്ഗം രൂപം കൊണ്ടിട്ടുണ്ട്. തൊഴിലാളി വർഗ്ഗത്തിനും ബൂർഷ്വാസിക്കുമിടയ്ക്ക് ആടിക്കളിക്കുകയും ബൂർഷ്വാവർഗ്ഗസമൂഹത്തിന്റെ ഒരു അനുബന്ധമെന്നോണം സദാ സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു വർഗ്ഗമാണിത്. എന്നാൽ മത്സരത്തിന്റെ പ്രവർത്തനം കൊണ്ട് ഈ വർഗ്ഗത്തിൽപ്പെട്ട വ്യക്തികൾ നിരന്തരം തൊഴിലാളിവർഗ്ഗത്തിന്റെ അണികളിലേക്ക് പി [ 35 ] പിടിച്ചുതള്ളപ്പെടുന്നുണ്ട്. മാത്രമല്ല, ആധുനികവ്യവസായം വളർച്ച പ്രാപിക്കുന്നതോടുകൂടി ഇന്നത്തെ സമൂഹത്തിലെ ഒരു സ്വതന്ത്രവിഭാഗമെന്ന നിലയ്ക്ക് തങ്ങൾ തീരെ നശിച്ചു പോവുകയും, വ്യവസായത്തിലും കൃഷിയിലും വ്യാപാരത്തിലും മറ്റും ആവശ്യമായ മേസ്ത്രിമാരും കാര്യസ്ഥന്മാരും വില്പനക്കാരും തങ്ങളുടെ സ്ഥാനം കരസ്ഥമാക്കുകയും ചെയ്യുന്ന ആ സന്ദർഭം അടുത്തുവരുന്നത് അവർ കാണുകപോലും ചെയ്യുന്നുണ്ട്.

ജനസംഖ്യയുടെ പകുതിയിലും എത്രയോ കൂടുതൽ കൃഷിക്കാരായ ഫ്രാൻസിനെപ്പോലുള്ള രാജ്യങ്ങളിൽ, ബൂർഷ്വാസിക്കെതിരായി തൊഴിലാളിവർഗ്ഗത്തിന്റെ പക്ഷത്തുചേർന്ന എഴുത്തുകാർ ബൂർഷ്വാ ഭരണത്തിനെതിരായ അവരുടെ വിമർശനത്തിൽ കൃഷിക്കാരുടെയും ഇടത്തരക്കാരുടെയും മാനദണ്ഡം ഉപയോഗിച്ചു എന്നതും ഈ ഇടത്തരവർഗ്ഗങ്ങളുടെ നിലപാടിൽ നിന്ന് കൊണ്ട് തൊഴിലാളിവർഗ്ഗത്തിനുവേണ്ടി വാളെടുത്തു എന്നതും സ്വാഭാവികമായിരുന്നു. ഇങ്ങനെയാണ് പെറ്റിബൂർഷ്വാ സോഷ്യലിസം ആവിർഭവിച്ചത്. ഫ്രാൻസിലെന്നല്ല, ഇംഗ്ലണ്ടിലും സിസ്മൊണ്ടി33 ആയിരുന്നു ഈ ചിന്താഗതിയുടെ നേതാവ്.

ഈ സോഷ്യലിസ്റ്റ് ചിന്താഗതിക്കാർ ആധുനികോല്പാദനബന്ധങ്ങളിലടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങളെ അതിതീക്ഷണതയോടെ വിശകലനം ചെയ്തു. ധനശാസ്ത്രജ്ഞന്മാരുടെ കാപട്യം നിറഞ്ഞ ന്യായീകരണങ്ങളെ അവർ തുറന്ന് കാട്ടി. യന്ത്രവൽക്കരണത്തിന്റെയും തൊഴിൽവിഭജനത്തിന്റെയും കുറച്ചുപേരുടെ കയ്യിൽ ഭൂമിയും മൂലധനവും കേന്ദ്രീകരിച്ചിട്ടുള്ളതിന്റെയും അമിതോല്പാദനത്തിന്റെയും പ്രതിസന്ധികളുടെയും വിനാശകരമായ ഫലങ്ങൾ അവർ അനിഷേധ്യമായി തെളിയിച്ചു. ഇടത്തരക്കാരുടെയും കർഷകരുടെയും ഉല്പാദനത്തിന്റെ അരാജകാവസ്ഥയിലേക്കും സമ്പത്തിന്റെ വിതരണത്തിലെ പ്രസ്പഷ്ടമായ അസമത്വങ്ങളിലേക്കും രാഷ്ട്രങ്ങൾ തമ്മിൽ നടത്തുന്ന സർവ്വസംഹാരകങ്ങളായ വ്യവസായിക യുദ്ധങ്ങളിലേക്കും പഴയ ധാർമ്മിക കെട്ടുപാടുകളുടെയും പഴയ കുടുംബബന്ധങ്ങളുടെയും പഴയ ദേശീയജനവിഭാഗങ്ങളുടെയും ശിഥിലീകരണത്തിലേക്കും അവർ വിരൽ ചൂണ്ടി.

പക്ഷെ, സോഷ്യലിസത്തിന്റെ ഈ രൂപത്തിന്റെ ക്രിയാത്മകമായ ലക്ഷ്യം, ഒന്നുകിൽ പഴയ ഉല്പാദന-വിനിമയോപാധികളേയും അതോടൊന്നിച്ച് പഴയ സ്വത്തുടമബന്ധങ്ങളേയും, പഴയ സമൂഹത്തെയും പുനഃസ്ഥാപിക്കുക, അല്ലെങ്കിൽ ഇന്നത്തെ ഉല്പാദന-വിനിമയോപാധികളെ പഴയ സ്വത്തുടമ-ബന്ധങ്ങളുടെ - ഈ ഉപാധി [ 36 ] കൾ തകർത്തു കഴിഞ്ഞതും തകർക്കാതിരിക്കുവാൻ തരമില്ലാത്തതുമായ സ്വത്തുടമബന്ധങ്ങളേതോ അവയുടെ - ചട്ടക്കൂടിനുള്ളിൽ ഞെക്കിഞെരുങ്ങി നിർത്തുക, എന്നതാണ്. രണ്ടായാലും അത് പിന്തിരിപ്പനും ഉട്ടോപ്യനുമാണ്.

അതിന്റെ അവസാനവാക്കുകളിവയാണ്. വ്യവസാത്തിൽ പണ്ടത്തെ ഗിൽഡുകൾ, കൃഷിയിൽ പിതൃതന്ത്രാത്മകബന്ധങ്ങൾ, അവസാനം കടുത്ത ചരിത്രവസ്തുതകൾ ആത്മവന്ധനയുടെ ഈ മത്തുപിടിച്ച ഫലങ്ങളെയെല്ലാം അടിച്ചിറക്കിയപ്പോൾ ഈ സോഷ്യലിസം നൈരാശ്യത്തിന്റെ ദയനീയമായ ഒരു അപസ്മാരവികൃതിയിൽ ചെന്ന് കലാശിച്ചു.

സി) ജർമ്മൻ അഥവാ 'സത്യ' സോഷ്യലിസം

തിരുത്തുക

ജർമ്മനിയിലെ ബൂർഷ്വാസി അവിടത്തെ ഫ്യൂഡൽ സ്വേച്ഛാപ്രഭുത്വവുമായി പോരാടുവാൻ തുടങ്ങുക മാത്രം ചെയ്‌തിരുന്ന സന്ദർഭത്തിലാണ് ഫ്രാൻസിലെ സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യങ്ങൾ - അധികാരത്തിലിരിക്കുന്ന ബൂർഷ്വാസിയുടെ സമ്മർദ്ദത്തിൻ കീഴിൽ ജന്മം കൊള്ളുകയും ആ അധികാരത്തിനെതിരായുള്ള സമരത്തെ വെളിപ്പെടുത്തുകയും ചെയ്‌തസാഹിത്യങ്ങൾ - ജർമ്മനിയിലേക്ക് കടന്നു ചെന്നത്.

ജർമ്മൻ തത്വജ്ഞാനികളും തത്വജ്ഞാനികളാകുവാൻ ആഗ്രഹിക്കുന്നവരും സുന്ദരീശൈലീ പ്രണയികളും ഈ സാഹിത്യത്തെ ആവേശത്തോടെ ആശ്ലേഷിച്ചു. പക്ഷേ, ഈ സാഹിത്യം ഫ്രാൻസിൽ നിന്നും ജർമ്മനിയിലേക്ക് കുടിയേറിച്ചെന്നപ്പോൾ, അതോടൊന്നിച്ച് അവിടത്തെ സാമൂഹ്യ സാഹചര്യങ്ങളും ജർമ്മനിയിലേക്ക് കുടിയേറുകയുണ്ടായില്ലെന്ന വസ്‌തുത അവർ വിസ്‌മരിച്ചു എന്ന് മാത്രം. ജർമ്മൻ സാമൂഹ്യസ്ഥിതിഗതികളുമായി ഇടപഴകിയപ്പോൾ ഈ ഫ്രഞ്ചു സാഹിത്യത്തിന്റെ അടിയന്തിരവും പ്രായോഗികവുമായ പ്രാധാന്യമെല്ലാം നഷ്‌ടപ്പെട്ടു. അതിന്റെ വെറും സാമൂഹ്യവശം മാത്രം അവശേഷിച്ചു. അത് മനുഷ്യസത്തയുടെ സാക്ഷാൽക്കരണത്തെക്കുറിച്ചുള്ള കഴമ്പില്ലാത്ത വേദാന്തം പറച്ചിലാവാതെ തരമില്ലായിരുന്നു. അങ്ങിനെ പതിനെട്ടാം നൂറ്റാണ്ടിലെ ജർമ്മൻ തത്വജ്ഞാനികളുടെ ദൃഷ്‌ടിയിൽ ഒന്നാം ഫ്രഞ്ചുവിപ്ലവത്തിന്റെ ആവശ്യങ്ങളിൽ 'പ്രായോഗികയുക്തിയുടെ' സാമാന്യവശങ്ങളിൽ കൂടുതലൊന്നുമുണ്ടയിരുന്നില്ല. അവരുടെ ദൃഷ്ടിയിൽ ശുദ്ധമായ ഇച്ഛയുടെ, പൊതുവിൽ പറഞ്ഞാൽ യഥാർത്ഥമായ മനുഷ്യേച്ഛയുടെ, നിയ [ 37 ] മങ്ങളായിരുന്നു, വിപ്ലവകാരിയായ ഫ്രഞ്ചു ബൂർഷ്വാസിയുടെ ഇച്ഛയിൽ പ്രകടമായത്.

തങ്ങളുടെ പൗരാണിക ദാർശനികബോധത്തെ ഈ പുതിയ ഫ്രഞ്ച് ആശയങ്ങളുമായി പൊരുത്തപ്പെടുത്തുക, അഥവാ സ്വന്തം ദാർശനിക വീക്ഷണം കൈവിടാതെ ഫ്രഞ്ച് ആശയങ്ങളെ പിടിച്ചെടുക്കുക - ഇത്ര മാത്രമാണ് ജർമ്മൻ എഴുത്തുകാർ ചെയ്‌തത്.ഒരു വിദേശീയഭാഷയെ പരിഭാഷയിലൂടെ സ്വായത്തമാക്കുന്നതെങ്ങിനെയോ അതേ രീതിയിലാണ് ഈ വെട്ടിപ്പിടുത്തവും നടന്നത്.

പൗരാണിക വിഗ്രഹാരാധകരുടെ ഇതിഹാസകൃതികളടങ്ങുന്ന കയ്യെഴുത്തുരേഖകളുടെ മീതെ കൃസ്‌ത്യൻ സന്ന്യാസിമാർ കത്തോലിക്കാപുണ്യവാളന്മാരുടെ കഥയില്ലാത്ത ജീവചരിത്രങ്ങളെഴിതിച്ചേർത്തതെങ്ങിനെയെന്ന് സുവിദിതമാണ്. എന്നാൽ ഫ്രഞ്ച് നിഷിദ്ധസാഹിത്യത്തിന്റെ കാര്യത്തിൽ ജർമ്മൻ എഴുത്തുകാർ നേരെ മറിച്ചാണ് ചെയ്തത്. അവർ ഫ്രഞ്ചുമൂലധനത്തിന്റെ ചുവടെ തങ്ങളുടെ സ്വന്തം ദാർശനിക വിഡ്ഢിത്തങ്ങളെഴുതിച്ചേർത്തു. ഉദാഹരണം പറയുകയാണെങ്കിൽ, പണത്തിന്റെ സാമ്പത്തികധർമ്മത്തെപ്പറ്റിയുള്ള ഫ്രഞ്ചുവിമർശനത്തിന്റെ ചുവടെ അവർ "മനുഷ്യസത്തയുടെ അന്യവൽക്കരണം" എന്നെഴുതി. ബൂർഷ്വാ ഭരണകൂടത്തെപ്പറ്റിയുള്ള ഫ്രഞ്ച് വിമർശനത്തിന്റെ ചുവടെ "സാമാന്യഗണത്തിന്റെ സ്ഥാനഭ്രംശം" എന്നുമെഴുതിച്ചേർത്തു.

ഫ്രഞ്ചുകാരുടെ ചരിത്രവിമർശനങ്ങളുടെ പിൻവശത്ത് ഈ ദാർശനികപദപ്രയോഗങ്ങൾ എഴുതി വച്ചതിന് "കർമ്മമീമാംസയെന്നും", "സത്യ സോഷ്യലിസമെന്നും", "സോഷ്യലിസത്തിന്റെ ജർമ്മൻ ശാസ്‌ത്രമെന്നും" "സോഷ്യലിസത്തിന്റെ ദാർശനികാടിസ്ഥാനമെന്നും" അവർ നാമകരണം ചെയ്തു.

ഇങ്ങനെ ഫ്രഞ്ച് സോഷ്യലിസ്റ്റ് - കമ്മ്യൂണിസ്റ്റ് സാഹിത്യത്തെ നിശേഷം ഹതവീര്യമാക്കി. പോരെങ്കിൽ, ജർമ്മൻകാരന്റെ കയ്യിൽ കിട്ടിയതോടു കൂടി ഈ സാഹിത്യം ഒരു വർഗ്ഗം മറ്റൊരു വർഗ്ഗത്തിനെതിരായി നടത്തുന്ന സമരത്തെ പ്രകാശിപ്പിക്കാത്തായത് കൊണ്ട്, "ഫ്രഞ്ചുകാരന്റെ ഏകപക്ഷീയത"യെ കീഴടക്കിയിരിക്കുന്നുവെന്നും, താൻ പ്രതിനിധാനം ചെയ്യുന്നത് സത്യമായ ആവശ്യങ്ങളെയല്ല, സത്യത്തിന്റെ ആവശ്യങ്ങളെയാണെന്നും, തൊഴിലാളീ വർഗ്ഗത്തിന്റെ താല്പര്യങ്ങളെയല്ല, മനുഷ്യ സ്വഭാവത്തിന്റെ - ഒരു വർഗ്ഗത്തിലും പെടാത്തവനും യഥാർത്ഥമല്ലാത്തവനും ദാർശനികസങ്കല്പത്തിന്റെ മൂടൽമഞ്ഞ് നിറഞ്ഞ ലോകത്തിൽ മാത്രം ജീവിക്കുന്നവനുമായ സാമാന്യമനുഷ്യന്റെ - താല്പര്യങ്ങളെന്നും അയാൾ വിശ്വസിക്കുവാനിടയായി. [ 38 ]

സ്‌കൂൾ കുട്ടികൾക്ക് യോജിച്ച തങ്ങളുടെ അഭ്യാസങ്ങളെ ഗൗരവതരവും പ്രാധാന്യമുള്ളതുമായി കരുതുകയും വിലകെട്ട സ്വന്തം ചരക്കിന്റെ മാഹാത്മ്യത്തെപ്പറ്റി മുറിവൈദ്യന്റെ മട്ടിൽ പ്രസംഗിക്കുകയും ചെയ്ത ഈ ജർമ്മൻ സോഷ്യലിസത്തിന് അതിന്റെ പാണ്ഡിത്യപരമായ നിഷ്‌കളങ്കത ക്രമേണ നഷ്‌ടപ്പെട്ടു.

ഫ്യൂഡൽ ദുഷ്പ്രഭുത്വത്തിനും സ്വേച്ഛാധിപത്യപരമായ രാജവാഴ്‌ചയ്‌ക്കും എതിരായ ജർമ്മനിയിലേയും, വിശേഷിച്ചു പ്രഷ്യയിലേയും, ബൂർഷ്വാസിയുടെ സമരം, അതായത് ലിബറൽ പ്രസ്ഥാനം കൂടുതൽ ഗൗരവതരമായിത്തീർന്നു.

സോഷ്യലിസ്റ്റാവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്‌ട്രീയ പ്രസ്ഥാനത്തെ നേരിടുവാനും, ലിബറലിസത്തിനും പ്രതിനിധി ഭരണത്തിനും ബൂർഷ്വാമത്സരത്തിനും ബൂർഷ്വാ പത്രസ്വാതന്ത്ര്യത്തിനും ബൂർഷ്വാനിയമനിർമ്മാണത്തിനും ബൂർഷ്വാസമത്വസ്വാതന്ത്ര്യങ്ങൾക്കുമെതിരായി പരമ്പരാഗതമായ ശാപവചനങ്ങൾ വർഷിക്കുവാനും, ഈ ബൂർഷ്വാ പ്രസ്ഥാനം നിമിത്തം സർവ്വതും നഷ്‌ടപ്പെടാമെന്നല്ലാതെ യാതൊന്നും നേടാനാവില്ലെന്നതും ബഹുജനങ്ങ‌ൾക്കിടയിൽ പ്രചരണം നടത്തുവാനും, "സത്യ" സോഷ്യലിസം ആറ്റുനോറ്റുകൊണ്ടിരുന്ന അവസരം അതിന് അത് മൂലം ലഭിച്ചു. അതിന്റെ നിലനില്പിനാവശ്യമായ സാമ്പത്തിക സ്ഥിതിഗതികളോടും അതിനനുയോജ്യമായ രാഷ്‌ട്രീയഭരണഘടനയോടും കൂടിയ ഒരാധുനിക ബൂർഷ്വാ സമൂഹം നിലനിൽക്കുന്നുണ്ടെന്ന അടിസ്ഥാനത്തിലാണ് - ഇതേ സംഗതികൾ നേടുകയെന്നതായിരുന്നു ജർമ്മനിയിലാസന്നമായിരുന്ന സമരത്തിന്റെ ലക്ഷ്യം - ഫ്രഞ്ചു വിമർശനം ഉയർന്നു വന്നതെന്ന് അതിന്റെ ബാലിശപ്രതിദ്ധ്വനി മാത്രമായ ജർമ്മൻ സോഷ്യലിസം, സമയം വന്നപ്പോൾ മറന്ന് കളഞ്ഞു.

പുരോഹിതന്മാരുടെയും പ്രൊഫസർമാരുടെയും യുങ്കർമാരുടെയും ഉദ്യോഗസ്ഥരുടെയും അനുചരവൃന്ദത്തോടുകൂടിയ സ്വേച്ഛാധിപത്യ ഗവൺമെന്റുകളെ സംബന്ധിച്ചിടത്തോളം, തങ്ങളെ ഭീഷണിപ്പെടുത്തുവാൻ തുടങ്ങിയിരുന്ന ബൂർഷ്വാസിക്കെതിരായി ഉപയോഗിക്കുവാനുള്ള സ്വാഗതാർഹമായ ഒരു ഇമ്പാച്ചിയായി അതുപകരിച്ചു.

അക്കാലത്ത് നടന്ന ജർമ്മൻ തൊഴിലാളിവർഗ്ഗത്തിന്റെ കലാപങ്ങളെ നേരിടുവാൻ ഇതേ ഗവൺമെന്റ് തന്നെ ഉപയോഗിച്ചചാട്ടവാറടികളുടെയും വെടിയുണ്ടകളുടെയും കയ്പേറിയ ഗുളികയ്‌ക്ക് ശേഷം, ഇത് മധുരമേറിയ ഒരു പര്യവസാനമായിരുന്നു.

ഇങ്ങനെ ഈ ‘സത്യ സോഷ്യലിസം ’ അന്നത്തെ ഗവൺമെന്റുകൾക്ക് ജർമ്മൻ ബൂർഷ്വാസിയോട് പോരാടുവാനുള്ള ഒരായുധമായി ഉപകരിച്ചപ്പോൾ തന്നെ, അത് ഒരു പിന്തിരിപ്പൻ താല്പര്യത്തെ [ 39 ] യാണ്, ജർമ്മൻ ഫിലിസ്റ്റൈനുകളുടെ താല്പര്യത്തെയാണ്, നേരിട്ട് പ്രതിനിധാനം ചെയ്‌തത്. ജർമ്മനിയിൽ നിലവിലുള്ള സ്ഥിതിഗതികളുടെ സാമൂഹ്യാടിസ്ഥാനം പെറ്റി ബൂർഷ്വാവർഗ്ഗമാണ്. 16-ആം നൂറ്റാണ്ടിന്റെ അവശിഷ്ടമായ ഈ വർഗ്ഗം പിന്നീട് പല രൂപത്തിലും കൂടെക്കൂടെ തല പൊക്കിക്കൊണ്ടിരുന്നു.

ഈ വർഗ്ഗത്തെ വെച്ചുപുലർത്തുകയെന്ന് വെച്ചാൽ ജർമ്മനിയിലെ നിലവിലുള്ള സ്ഥിതിഗതികളെ വച്ചുപുലർത്തുകയെന്നർത്ഥമാണ്. ബൂർഷ്വാസിയുടെ വ്യാവസായികവും രാഷ്‌ട്രീയവുമായ ആധിപത്യം ഈ വർഗ്ഗത്തിന്റെ മുമ്പിൽ നിസ്സംശയമായ വിനാശത്തിന്റെ ഭീഷണിയുയർത്തി. ഒരു ഭാഗത്ത് മൂലധനകേന്ദ്രീകരണത്തിൽ നിന്നും മറുഭാഗത്ത് വിപ്ലവകാരിയായ തൊഴിലാളി വർഗ്ഗത്തിന്റെ ആവിർഭാവത്തിൽ നിന്നും ഉളവായതായിരുന്നു ആ ഭീഷണി. "സത്യ" സോഷ്യലിസം ഒരൊറ്റ വെടിക്ക് ഈ രണ്ടു പക്ഷികളെയും കൊല്ലുമെന്ന് തോന്നി. അത് ഒരു പകർച്ചവ്യാധി പോലെ പടർന്ന് പിടിച്ചു.

വാഗ്‌ധോരണിയുടെ പുഷ്പങ്ങൾ തുന്നിപ്പിടിപ്പിച്ചതും നിർജ്ജീവവികാരങ്ങളുടെ മഞ്ഞുതുള്ളികളിൽ മുക്കിയെടുത്തതുമായ ഊഹാപോഹ ചിലന്തിവലയുടെ പട്ടുടയാട - വെറും എല്ലും തോലുമായിത്തീർന്നിട്ടുള്ള തങ്ങളുടെ ദയനീയ ‘സനാതനസത്യങ്ങളെ’ കെട്ടിപ്പൊതിയുവാൻ ജർമ്മൻ സോഷ്യലിസ്റ്റുകാർ ഉപയോഗിച്ച ആദ്ധ്യാത്മിക പട്ടുടയാട - അത്തരക്കാരായ പൊതുജനങ്ങൾക്കിടയിൽ അവരുടെ ചരക്കിന്റെ ചെലവു വർദ്ധിപ്പിക്കുവാൻ അത്ഭുതകരമാം വിധം സഹായിച്ചു.

അതോടൊപ്പം, പെറ്റിബൂർഷ്വാ ഫിലിസ്റ്റൈൻ വർഗ്ഗത്തിന്റെ വാചമടിക്കുന്ന പ്രതിനിധിയായി പ്രവർത്തിക്കുകയാണ് സ്വന്തം ധർമ്മമെന്ന് ജർമ്മൻ സോഷ്യലിസം അധികമധികം അംഗീകരിക്കുകയും ചെയ്തു.

ജർമ്മൻ രാഷ്‌ട്രമാണ് മാതൃകാരാഷ്‌ട്രമെന്നും, അല്പനായ ജർമ്മൻ ഫിലിസ്റ്റൈനാണ് മാതൃകാമനുഷ്യനെന്നും അത് പ്രഖ്യാപിച്ചു. ഈ മാതൃകാമനുഷ്യന്റെ അധമമായ എല്ലാ അല്പത്തത്തിനും, അതിന്റെ യഥാർത്ഥ സ്വഭാവത്തിന് വിപരീതമായി, നിഗൂഢവും കൂടുതൽ ഉയർന്നതുമായ ഒരു സോഷ്യലിസ്റ്റ് വ്യാഖ്യാനം അത് നൽകി. കമ്മ്യൂണിസത്തിന്റെ "മൃഗീയമാംവിധം നശീകരണാത്മകമായ" പ്രവണതകളെ നേരിട്ടെതിർക്കുകയും എല്ലാ വർഗ്ഗസമരങ്ങളോടും അതിനുള്ള അതി കഠിനവും നിക്ഷ്പക്ഷവുമായ അവജ്ഞ പ്രഖ്യാപിക്കുകയും ചെയ്യുകയെന്ന അങ്ങേയറ്റത്തെ നിലവരെ അത് പോയി. സോഷ്യലിസ്റ്റ് സാഹിത്യമെന്നും കമ്മ്യൂണിസ്റ്റ് സാഹിത്യമെന്നും പേര് പറഞ്ഞിന്ന് (1847) ജർമ്മനിയിൽ പ്രചരിച്ച് വരുന്ന പ്ര [ 40 ] സിദ്ധീകരണങ്ങളിൽ അല്പം ചിലതൊഴിച്ച് ബാക്കിയുള്ളതെല്ലാം തന്നെ നാറിപുളിച്ചും ചുണകെട്ടതുമായ ഈ സാഹിത്യശാഖയിൽ പെട്ടതാണ്.[3]


2.യാഥാസ്ഥിതിക അഥവാ ബൂർഷ്വാ സോഷ്യലിസം

തിരുത്തുക

ബൂർഷ്വാ സമൂഹത്തിന്റെ തുടർച്ചയായ നിലനിൽപ്പ് സുരക്ഷിതമാക്കുന്നതിനുവേണ്ടി ബൂർഷ്വാസിയിൽ ഒരു വിഭാഗം സാമൂഹ്യമായ അവശതകൾ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നു.

ധനശാസ്ത്രജ്ഞൻമാർ, പരോപകാരികൾ, മനുഷ്യസ്നേഹികൾ, തൊഴിലാളിവർഗ്ഗത്തിന്റെ സ്ഥിതി ഭേദപ്പെടുത്തുന്നവർ, ധർമ്മസ്ഥാപന സംഘാടകർ, ജന്തുഹിംസാ നിവാരണ സംഘക്കാർ, മദ്യവർജ്ജനഭ്രാന്തന്മാർ, എല്ലാ തരത്തിലുംപെട്ട തട്ടിപ്പുകാരായ പരിഷ്കരണവാദികൾ എല്ലാം ഈ വിഭാഗത്തിൽപ്പെട്ടവരാണ്. മാത്രമല്ല, ഈ രൂപത്തിലുള്ള സോഷ്യലിസത്തെ സമ്പൂർണ്ണ വ്യവസ്ഥകളായി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈ സോഷ്യലിസ്റ്റ് രൂപത്തിന്റെ ദൃഷ്ടാന്തമായി നമ്മുക്ക് പ്രുദോന്റെ 'ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്ര'മെടുക്കാം.

ആധുനിക സാമൂഹ്യസ്ഥിതികളുടെ ഫലമായുണ്ടാകുന്ന സമരങ്ങളും ആപത്തുകളും ഇല്ലാതെ അവയുടെ ഗുണങ്ങളെല്ലാം കിട്ടണമെന്നാണ് സോഷ്യലിസ്റ്റ് ബൂർഷ്വാകളുടെ മോഹം. നിലവിലുള്ള സമൂഹത്തിലെ വിപ്ലവശക്തികളേയും ശിഥിലീകരണഘടകങ്ങളേയും ഒഴിച്ചുനിർത്തിക്കൊണ്ട് ഈ സമൂഹത്തെ നിലനിർത്തണമെന്ന് അവർ ആഗ്രഹിക്കുന്നു. തൊഴിലാളിവർഗ്ഗമില്ലാത്ത ഒരു ബൂർഷ്വാസിക്കുവേണ്ടിയാണ് അവർ ആശിക്കുന്നത്. തങ്ങൾ പരമാധികാരികളായിട്ടുള്ള ലോകമാണ് ഏറ്റവും മെച്ചപ്പെട്ടതെന്ന് ബൂർഷ്വാസി സ്വാഭാവികമായും ധരിക്കുന്നു. സുഖകരമായ ഈ ധാരണയെ ബൂർഷ്വാസോഷ്യലിസം ഏതാണ്ട് സമ്പൂർണ്ണമായ വിവിധവ്യവസ്ഥകളാക്കി വളർത്തിയിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥ നടപ്പാക്കണമെന്നും അങ്ങനെ പുതിയൊരു സാമൂഹ്യയരൂശലമിലേക്ക് [ 41 ] നേരിട്ടു മാർച്ചു ചെയ്യണമെന്നും അതു തൊഴിലാളി വർഗ്ഗത്തോട്, ആവശ്യപ്പെടുമ്പോൾ, തൊഴിലാളിവർഗ്ഗം നിലവിലുള്ള സമൂഹത്തിന്റെ നാലതിരുകളിൽ ഒതുങ്ങി നിൽക്കണമെന്നും ബൂർഷ്വാസിയെ സംബന്ധിച്ച എല്ലാ ഗർഹണീയാഭിപ്രായങ്ങളും വലിച്ചെറിയണമെന്നും ആവശ്യപ്പെടുക മാത്രമാണ് അതു വാസ്തവത്തിൽ ചെയ്യുന്നത്.

ഈ സോഷ്യലിസത്തിന്റെ ഇത്ര തന്നെ സംഘടിതമല്ലെങ്കിലും കൂടുതൽ പ്രായോഗികമായ രണ്ടാമതൊരു രൂപം, വെറും രാഷ്ട്രീയമായ പരിഷ്കാരങ്ങൾ കൊണ്ടൊന്നും ഗുണമില്ലെന്നും ഭൗതികജീവിതസാഹചര്യങ്ങൾക്ക്, സാമ്പത്തികബന്ധങ്ങൾക്ക്, മാറ്റം വന്നാൽ മാത്രമേ മെച്ചമുള്ളൂവെന്നും തെളിയിച്ചുകൊണ്ട് തൊഴിലാളിവർഗ്ഗത്തിന്റെ കണ്ണിൽ എല്ലാ വിപ്ലവപ്രസ്ഥാനങ്ങളേയും കരിതേച്ചു കാണിക്കുവാൻ ശ്രമിച്ചു. എന്നാൽ, ഈ സോഷ്യലിസത്തിന്റെ വിവക്ഷയിൽ, ഭൗതിക ജീവിത സാഹചര്യങ്ങളിൽ മാറ്റം വരുത്തുകയെന്നതിന്റെ അർത്ഥം, ബൂർഷ്വാ ഉല്പാദനബന്ധങ്ങളെ അവസാനിപ്പിക്കുകയെന്നല്ല - അതിന് ഒരു വിപ്ലവം തന്നെ വേണമല്ലോ - നേരെമറിച്ചു, ഈ ബന്ധങ്ങൾ തുടർന്ന് നിലനിർത്തിക്കൊണ്ടുള്ള ഭരണപരിഷ്കാരങ്ങളാണ്; അതായത്, മൂലധനവും അദ്ധ്വാനവും തമ്മിലുള്ള ബന്ധങ്ങളെ ഒരു വിധത്തിലും ബാധിക്കാത്തതും, കവിഞ്ഞപക്ഷം ബൂർഷ്വാഗവൺമെന്റിന്റെ ചെലവു ചുരുക്കുവാനും ഭരണ നിർവ്വഹണ ജോലിയെ ലഘൂകരിക്കുവാനും മാത്രം ഉതകുന്നതുമായ പരിഷ്കാരങ്ങൾ.

വെറുമൊരു അലങ്കാരശബ്ദമായി തീരുമ്പോൾ മാത്രമാണ്, ബൂർഷ്വാസോഷ്യലിസത്തിന് മതിയായ പ്രകടരൂപം ലഭിക്കുന്നത്.

സ്വതന്ത്രവ്യാപാരം - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങൾ - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, സംരക്ഷണ ചുങ്കങ്ങൾ - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി, ജയിൽ പരിഷ്കാരം - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനു വേണ്ടി. ഇതാണ് ബൂർഷ്വാസോഷ്യലിസത്തിന്റെ അവസാനവാക്ക്, കാര്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വാക്ക്.

ഇത് ഇങ്ങനെ ചുരുക്കിപ്പറയാം. ബൂർഷ്വാ ബൂർഷ്വയായിരിക്കുന്നത് - തൊഴിലാളിവർഗ്ഗത്തിന്റെ ഗുണത്തിനുവേണ്ടിയാണ്.

3. വിമർശനാത്മക-ഉട്ടോപ്യൻ സോഷ്യലിസവും കമ്മ്യൂണിസവും

തിരുത്തുക

മഹത്തായ ഓരോ ആധുനിക വിപ്ലവത്തിലും, ബബേഫും34 മറ്റും ചെയ്തിട്ടുള്ള പോലെ, തൊഴിലാളിവർഗ്ഗത്തിന്റെ ആവശ്യങ്ങ [ 42 ] ളെ എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള സാഹിത്യത്തെപ്പറ്റിയല്ല ഞങ്ങളിവിടെ സൂചിപ്പിക്കുന്നത്.

ഫ്യൂഡൽ സമൂഹത്തെ അട്ടിമറിച്ചുകൊണ്ടിരുന്ന ഘട്ടത്തിലെ സാർവ്വത്രിക കോളിളക്കത്തിനിടയിൽ സ്വന്തം ലക്ഷ്യങ്ങൾ നേടുവാൻ തൊഴിലാളിവർഗ്ഗം നട്ടത്തിയ ആദ്യത്തെ പ്രത്യക്ഷസംരഭങ്ങൾ അനിവാര്യമായ പരാജയത്തിൽ കലാശിച്ചു. ഇതിനുള്ള കാരണം, തൊഴിലാളിവർഗ്ഗത്തിന്റെ അവികസ്ഥിതിയും അതിന്റെ മോചനത്തിനാവശ്യമായ സാമ്പത്തികോപാധികളുടെ അഭാവവുമായിരുന്നു. ഈ ഉപാധികൾ ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായിട്ടാണിരുന്നത്. ആസന്നമായ ബൂർഷ്വാ യുഗത്തിനു മാത്രമേ അവയെ സൃഷ്ടിക്കുവാൻ കഴിയുമായിരുന്നുള്ളൂ. തൊഴിലാളി വർഗ്ഗത്തിന്റെ ഈ പ്രഥമസംരംഭങ്ങളെ അനുഗമിച്ചുണ്ടായ വിപ്ലവ സാഹിത്യത്തിന് അവശ്യം ഒരു പിന്തിരിപ്പൻ സ്വഭാവമുണ്ടായിരുന്നു. സാർവ്വത്രികമായ സർവ്വസംഗപരിത്യാഗവും ഏറ്റവും പ്രാകൃതമായ രൂപത്തിലുമുള്ള സാമൂഹ്യസമീകരണവുമാണ് അതു പഠിപ്പിച്ചത്.

സോഷ്യലിസ്റ്റെന്നും, കമ്മ്യൂണിസ്റ്റെന്നും ശരിക്കു വിളിക്കാവുന്ന സംഹിതകൾ - അതായത്, സെൻ-സിമോൻ, ഫര്യേ, ഓവൻ35 തുടങ്ങിയവരുടെ സംഹിതകൾ - നിലവിൽ വരുന്നത് തൊഴിലാളിവർഗ്ഗവും ബൂർഷ്വാസിയും തമ്മിലുള്ള (ബൂർഷ്വാകളും തൊഴിലാളിയും എന്ന ഒന്നാം അദ്ധ്യായം നോക്കുക) സമരത്തിന്റെ മുൻവിവരിച്ച പ്രാരംഭഘട്ടത്തിലാണ്.

ഈ സംഹിതകളുടെ സ്ഥാപകന്മാർ വർഗ്ഗവൈരങ്ങളും നിലവിലുള്ള സാമൂഹ്യക്രമത്തിലെ വിനാശകശക്തികളുടെ പ്രവർത്തനങ്ങളും കാണുന്നുവെന്നത് പരമാർത്ഥമാണ്. എന്നാൽ അന്ന് ശൈശവാവസ്ഥയിൽ മാത്രമായിരുന്ന തൊഴിലാളിവർഗ്ഗം ചരിത്രപരമായ മുൻകൈയോ സ്വതന്ത്രമായ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനമോ ഇല്ലാത്ത ഒരു വർഗ്ഗമായ്യിട്ടാണ് അവരുടെ കാഴ്ചയിൽ പെട്ടത്.

വർഗ്ഗവൈരത്തിന്റെ വികാസം വ്യവസായത്തിന്റെ വികാസവുമായി ചുവടൊപ്പിച്ചു നീങ്ങുന്നതുകൊണ്ട് അന്നത്തെ സാമ്പത്തികസ്ഥിതിയിൽ തൊഴിലാളിവർഗ്ഗത്തിന്റെ മോചനത്തിനാവശ്യമായ ഭൗതികോപാധികൾ അവർക്കു കാണുവാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് അവർ ഈ ഉപാധികളുടെ സൃഷ്ടിക്ക് ആവശ്യമായ ഒരു പുതിയ സാമൂഹ്യശാസ്ത്രത്തേയും പുതിയ സാമൂഹ്യ നിയമങ്ങളേയും തേടിപ്പോകുന്നു.

ചരിത്രത്തിന്റെ പ്രവർത്തനം അവർ സ്വന്തമായി കണ്ടുപിടിക്കുന്ന പ്രവർത്തനത്തിന് വഴങ്ങിക്കൊടുക്കണം, ചരിത്രപരമായി സൃഷ്ടിക്കപ്പെടുന്ന മോചനോപാധികൾ സങ്കല്പിതങ്ങളായ ഉപാധി [ 43 ] കൾക്ക് വഴി മാറിക്കൊടുക്കണം. ക്രമേണ സ്വമേധയാ വളരുന്ന തൊഴിലാളിവർഗ്ഗത്തിന്റെ വർഗ്ഗസംഘടന ഈ കണ്ടുപിടുത്തക്കാർ പ്രത്യേകം കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സംഘടനയ്ക്ക് വഴങ്ങണം. തങ്ങളുടെ സാമൂഹ്യപദ്ധതികൾക്കു വേണ്ടി പ്രചാരവേല നടത്തുകയും അവ നടപ്പിൽ വരുത്തുകയും ചെയ്യുക - ഇതു മാത്രമാണ് അവരുടെ ദൃഷ്ടിയിൽ ഭാവിചരിത്രത്തിന്റെ രത്നച്ചുരുക്കം.

ഏറ്റവും കഷ്ടതയനുഭവിക്കുന്ന വർഗ്ഗമെന്ന നിലയ്ക്ക് തൊഴിലാളിവർഗ്ഗത്തിന്റെ താല്പര്യങ്ങളെ മുഖ്യമായും ശ്രദ്ധിക്കണമെന്ന ബോധത്തോടുകൂടിയാണ് അവർ അവരുടെ പദ്ധതികൾ രൂപീകരിച്ചിട്ടുള്ളത്. ഏറ്റവും കഷ്ടതയനുഭവിക്കുന്ന വർഗ്ഗമെന്ന് നിലയ്ക്ക് മാത്രമേ അവരെ സംബന്ധിച്ചിടത്തോളം തൊഴിലാളി വർഗ്ഗം നിലനിൽക്കുന്നുള്ളൂ.

വർഗ്ഗസമരത്തിന്റെ അവികസിതസ്ഥിതിയും അതുപോലെ സ്വന്തം പരിതസ്ഥിതികളും മൂലം തങ്ങൾ എല്ലാ വർഗ്ഗവൈരങ്ങൾക്കും എത്രയോ ഉപരിയാണെന്ന് ഇത്തരം സോഷ്യലിസ്റ്റുകൾ സ്വയം കരുതുന്നു. സമൂഹാംഗങ്ങളിൽ ഓരോരുത്തരുടെയും, ഏറ്റവും സുഖസൗകര്യങ്ങൾ അനുഭവിക്കുന്നവരുടെ പോലും, സ്ഥിതി നന്നാക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. തൽഫലമായി വർഗ്ഗവ്യത്യാസം നോക്കാതെ സമൂഹത്തോടൊട്ടാകെ, പോരാ, ഭരണാധികാരിവർഗ്ഗത്തോട് പ്രത്യേകിച്ചും, അവർ എപ്പോഴും അഭ്യർത്ഥിക്കുന്നു. കാരണം, തങ്ങളുടെ സംഹിതയെ ജനങ്ങൾ ഒരിക്കൽ മനസ്സിലാക്കിക്കഴിഞ്ഞാൽ, സാദ്ധ്യമായതിൽ ഏറ്റവും നല്ല സമൂഹത്തിനുള്ള ഏറ്റവും നല്ല പദ്ധതി അവർ അതിൽ എങ്ങനെ ദർശിക്കാതെയിരിക്കും?

അതുകൊണ്ട് അവർ എല്ലാ രാഷ്ട്രീയപ്രവർത്തനത്തേയും, വിശേഷിച്ച് എല്ലാ വിപ്ലവപ്രവർത്തനത്തേയും, നിരസിക്കുന്നു. സമാധാനപരമായ മാർഗ്ഗങ്ങളുപയോഗിച്ച് സ്വന്തം ലക്ഷ്യം നേടുവാൻ അവർ ആഗ്രഹിക്കുന്നു. പരാജയപ്പെടാതെയിരിക്കുവാൻ നിർവ്വാഹമില്ലാത്ത ചെറുപരീക്ഷണങ്ങൾ നടത്തിയും മാതൃക കാണിച്ചുകൊടുത്തും ഈ പുതിയ സാമൂഹ്യ സുവിശേഷത്തിലേക്കു വഴി തെളിക്കുവാൻ അവർ ശ്രമിക്കുന്നു.

തൊഴിലാളിവർഗ്ഗം അപ്പോഴും വളരെ അവികസിതമായ ഒരു നിലയിൽ കഴിയുകയും സ്വന്തം നിലയെപ്പറ്റി ഒരു കാല്പനികബോധം മാത്രം വച്ചു പുലർത്തുകയും ചെയ്യുന്ന കാലത്ത്, ഭാവി സമൂഹത്തെസംബന്ധിച്ച് വരച്ചു കാട്ടുന്ന ഇത്തരം സാങ്കല്പിക ചിത്രങ്ങൾ സമൂഹത്തെ പൊതുവിൽ പുതുക്കിപ്പണിയണമെന്നുള്ള ആ വർഗ്ഗത്തിന്റെ നൈസർഗ്ഗികമായ അഭിലാഷങ്ങൾക്ക് അനുരൂപമാണ്.

എന്നാൽ ഈ സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് പ്രസിദ്ധീകരണ [ 44 ] ങ്ങളിൽ വിമർശനത്തിന്റെ ഒരംശവും അടങ്ങിയിട്ടുണ്ട്. നിലവിലുള്ള സമൂഹത്തിന്റെ എല്ലാ പ്രമാണങ്ങളേയും അവ എതിർക്കുന്നു. അതുകൊണ്ട് തൊഴിലാളി വർഗ്ഗത്തിന്റെ ഉൽബുദ്ധതയ്ക്ക് ഏറ്റവും വിലപിടിച്ച സംഗതികൾ അവയിൽ നിറയെ ഉണ്ട്. ഗ്രാമവും നഗരവും തമ്മിലുള്ള വ്യത്യാസത്തേയും കുടുംബത്തേയും സ്വകാര്യവ്യക്തികളുടെ ഗുണത്തിനുവേണ്ടി വ്യവസായം നടത്തുന്നതിനേയും കൂലി സമ്പ്രദായത്തേയും ഉച്ചാടനം ചെയ്യുക; സാമൂഹ്യമൈത്രി പ്രഖ്യാപിക്കുക; ഭരണകൂടത്തിന്റെ കർത്തവ്യങ്ങൾ ഉല്പാദനത്തിന്റെ മേൽനോട്ടം വഹിക്കൽ മാത്രമായി മാറ്റുക മുതലായ അവയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രായോഗിക നടപടികളെല്ലാം വർഗ്ഗവൈരങ്ങളുടെ തിരോധാനത്തിലേക്കു മാത്രമാണ് വിരൽ ചൂണ്ടുന്നത്. അക്കാലത്ത് പൊട്ടിപ്പുറപ്പെടുവാൻ തുടങ്ങുക മാത്രം ചെയ്തിരുന്ന ഈ വൈരങ്ങളെ അവയുടെ അവ്യക്തവും അനിർവ്വചിതവുമായ ആദ്യരൂപങ്ങളിൽ മാത്രമേ ഈ പ്രസിദ്ധീകരണങ്ങൾ അംഗീകരിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ നിർദ്ദേശങ്ങൾ തനി ഉട്ടോപ്യൻ സ്വഭാവത്തോടുകൂടിയതാണ്.

വിമർശനപരവും ഉട്ടോപ്യനുമായ ഈ സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പ്രാധാന്യത്തിനു ചരിത്രവികാസവുമായി ഒരു വിപരീതബന്ധമാണുള്ളത്. ആധുനിക വർഗ്ഗസമരം എത്രത്തോളം വളർന്ന് വ്യക്തരൂപം കൈക്കൊള്ളുന്നുവോ അത്രത്തോളം തന്നെ, ആ സമരത്തിൽ നിന്ന് അയഥാർത്ഥമായി ഒഴിഞ്ഞു നിൽക്കുകയും അതിനെ അയഥാർത്ഥമായി എതിർക്കുകയും ചെയ്യുന്നതിനൊരു പ്രായോഗികമൂല്യമോ താത്വികന്യായീകരണമോ ഇല്ലാതാവുന്നു. അതുകൊണ്ട്, ഈ സംഹിതകളുടെ പ്രണേതാക്കൾ പല നിലയ്ക്കും വിപ്ലവകാരികളായിരുന്നുവെങ്കിൽക്കൂടി, അവരുടെ ശിഷ്യന്മാർ ഒന്നൊഴിയാതെ വെറും പിന്തിരിപ്പൻ സംഘങ്ങൾ രൂപീകരിക്കുകയാണുണ്ടായത്. തൊഴിലാളി വർഗ്ഗത്തിന്റെ പുരോഗമനപരമായ ചരിത്രവികാസത്തിന്റെ ഘടകവിരുദ്ധമായി അവർ തങ്ങളുടെ ഗുരുനാഥന്മാരുടെ മൂലപ്രമാണങ്ങളെ മുറുകെ പിടിച്ചു നിൽക്കുന്നു. അതുകൊണ്ട് അവർ വർഗ്ഗസമരത്തെ മരവിപ്പിക്കുവാനും വർഗ്ഗവൈരങ്ങളെ അനുരഞ്ജിപ്പിക്കുവാനും നീക്കുപോക്കില്ലാതെ ശ്രമിക്കുന്നു. പരീക്ഷണം വഴി തങ്ങളുടെ സാങ്കല്പികലോകങ്ങൾ സാക്ഷാൽക്കരിക്കാമെന്ന്, ഒറ്റപ്പെട്ട 'ഫലൻസ്തേറുകൾ' നിർമ്മിക്കുകയും 'ഹോം കോളനികൾ' ഒരു 'ചെറു ഇക്കാറിയ'[4] [ 45 ] പടുത്തുയർത്തുകയും ചെയ്യാമെന്ന് - പുതിയ യരൂശലേമിന്റെ കൊച്ചുപതിപ്പുകൾ സ്ഥാപിക്കാമെന്ന് - അവർ ഇപ്പോഴും സ്വപ്നം കാണുന്നു. മാത്രമല്ല, ഈ ആകാശക്കോട്ടകൾ സാക്ഷാൽക്കരിക്കുവാൻ ബൂർഷ്വാകളുടെ വികാരങ്ങളേയും മടിശ്ശീലയേയും അവർക്കു ശരണം പ്രാപിക്കേണ്ടി വരുന്നു. മുൻവിവരിച്ച പിന്തിരപ്പൻ അഥവാ യാഥാസ്ഥിതിക സോഷ്യലിസ്റ്റുകാരുടെ ഗണത്തിലേക്ക് അവർ ക്രമേണ അധഃപതിക്കുകയും ചെയ്യുന്നു. പക്ഷേ, അവരിൽ നിന്നും ഒരു വ്യത്യാസം ഇവർക്കുണ്ട്. കൂടുതൽ ചിട്ടയോടെ കൂടിയ പാണ്ഡിത്യഗർവ്വും തങ്ങളുടെ സാമൂഹ്യശാസ്ത്രത്തിന്റെ അത്ഭുതസിദ്ധിയിലുള്ള ഭ്രാന്തുപിടിച്ച അന്ധവിശ്വാസവും പിന്തിരിപ്പൻ സോഷ്യലിസ്റ്റുകാരിൽ നിന്ന് ഇവരെ വേർതിരിക്കുന്നു.

അതുകൊണ്ട് ഇവർ തൊഴിലാളിവർഗ്ഗം നടത്തുന്ന എല്ലാ രാഷ്ട്രീയപ്രവർത്തനങ്ങളേയും രൂക്ഷമായി എതിർക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് കാരണം തങ്ങളുടെ പുതിയ സുവിശേഷത്തിലുള്ള അവിശ്വാസമാണെന്നത്രെ അവരുടെ അഭിപ്രായം.

ഇംഗ്ലണ്ടിലെ ഓവൻ പക്ഷക്കാരും ഫ്രാൻസിലെ ഫുര്യേ പക്ഷക്കാരും യഥാക്രമം ചാർട്ടിസ്റ്റ് പ്രസ്ഥാന36 ക്കാരേയും റിഫോർമിസ്റ്റ് പ്രസ്ഥാന37 ക്കാരേയും എതിർക്കുന്നു.


കുറിപ്പുകൾ

തിരുത്തുക

  1. 1660-1689-ൽ ഇംഗ്ലണ്ടിൽ നടന്ന രാജവാഴ്ചയുടെ പുനസ്ഥാപനമല്ല. 1814-1830-ൽ ഫ്രാൻസിൽ നടന്ന രാജവാഴ്ചയുടെ പുനസ്ഥാപനം(1888 - ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പ്)
  2. ഇതു പ്രധാനമായും ജർമ്മനിക്കാണു് ബാധകമാകുന്നത്. അവിടെ ഭുവുടമകളായ പ്രഭുക്കളും യുങ്കർമാരും32 തങ്ങളുടെ എസ്റ്റേറ്റുകളുടെ വലിയ ഭാഗങ്ങൾ ആശ്രിതന്മാരെക്കൊണ്ട് കൃഷിചെയ്യിക്കുന്നതിനും പുറമേ വൻതോതിൽ പഞ്ചസാരയുല്പാദനവും മദ്യവ്യവസായവും നടത്തിവരുന്നു. കൂടുതൽ ധനികരായ ബ്രിട്ടീഷ് പ്രഭുക്കന്മാരാകട്ടെ ഇനിയും അത്രത്തോളം അധപതിച്ചിട്ടില്ല. എങ്കിലും ഏറെക്കുറെ സംശയകരമാംവണ്ണം ജോയന്റ്സ്റ്റോക്ക് കമ്പനികൾ നടത്തുന്നവരെ തങ്ങളുടെ പേരുപയോഗിക്കാൻ അനുവദിച്ചുകൊണ്ട് പാട്ടത്തിൽ വരുന്ന കുറവ് പരിഹരിക്കേണ്ടതെങ്ങിനെയന്ന് അവർക്കും അറിയാം. ( 1888-ഇംഗ്ലീഷ് പതിപ്പിനുള്ള ഏംഗൽസിന്റെ കുറിപ്പ്)
  3. 1848-ലെ വിപ്ലവകൊടുങ്കാറ്റു് ഈ വൃത്തികെട്ട പ്രവണതയെ മുഴുവൻ അടിച്ചുമാറ്റുകയും അതിന്റെ ഉപജ്ഞാതാക്കൾക്കു് വീണ്ടും സോഷ്യലിസത്തിൽ കൂടുതൽ കൈകടത്താനുള്ള ആഗ്രഹം ഇല്ലാതാക്കുകയും ചെയ്തു. ഈ പ്രവണതയുടെ പ്രമുഖപ്രതിനിധിയും വിശിഷ്ടമാതൃകയും മി.കാറൽ ഗ്ര്യുൻ33 ആണു്. (1890-ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)
  4. 'ഫലൻസ്തേറുകൾ' എന്നതു് ഷാറൽ ഫുര്യേയുടെ പദ്ധതിയനുസരിച്ചുള്ള സോഷ്യലിസ്റ്റ് കോളനികളാണു്. കമ്പേ തന്റെ സങ്കല്പലോകത്തിനും പിന്നീടു് തന്റെ അമേരിക്കൻ കമ്മ്യൂണിസ്റ്റ് കോളനിക്കും കൊടുത്തിട്ടുള്ള പേരാണു് 'ഇക്കാറിയ' (1888-ലെ ഇംഗ്ലീഷ് പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)

    തന്റെ കമ്മ്യൂണിസ്റ്റ് മാതൃകാസമുദായങ്ങളെയാണു് ഓവൻ 'ഹോംകോളനികൾ' എന്നു വിളിച്ചിരുന്നതു്. ഫുര്യേ ആസൂത്രണം ചെയ്തിരുന്ന പൊതുജനമാളികകളുടെ പേരു് 'ഫലൻസ്തറുകൾ' എന്നായിരുന്നു. ഒരു സങ്കല്പലോകത്തിന്റെ-അതിലെ കമ്മ്യൂണിസ്റ്റ് സ്ഥാപനങ്ങൾ കബേ ചിത്രീകരിച്ചിട്ടുണ്ടു്-പേരാണു് 'ഇക്കാറിയ'(1890-ലെ ജർമ്മൻ പതിപ്പിനുള്ള എംഗൽസിന്റെ കുറിപ്പു്.)