കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ/1893-ലെ ഇറ്റാലിയൻ പതിപ്പിനുള്ള മുഖവുര

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാറൽ മാർക്സ്, ഫ്രെഡറിൿ ഏങ്ഗൽസ്
അനുബന്ധം:1893-ലെ ഇറ്റാലിയൻ പതിപ്പിനുള്ള മുഖവുര

[ 74 ]

1893-ലെ ഇറ്റാലിയൻ പതിപ്പിനുള്ള
മുഖവുര

തിരുത്തുക

ഇറ്റാലിയൻ വായനക്കാരോടു്

തിരുത്തുക

മിലാനിലേയും ബർലിനിലേയും വിപ്ലവങ്ങൾ നടന്ന ഏതാണ്ടതേ ദിവസം തന്നെയാണു് - 1848 മാർച്ച് 18നു - കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചതെന്നു പറയാം. ഈ സായുധകലാപങ്ങൾ നടത്തിയ രാഷ്ട്രങ്ങളിൽ ഒന്നു യൂറോപ്യൻ വൻകരയുടേയും മറ്റേതു് മദ്ധ്യധരണ്യാഴിയുടേയും മദ്ധ്യത്തിലാണ് സ്ഥിതി ചെയ്യുന്നതു്. ആഭ്യന്തരകലഹവും വിഭജനവും നിമിത്തം അവശരായിരുന്ന ഈ രണ്ടു രാഷ്ട്രങ്ങളും വിദേശമേധാവിത്വത്തിൻകീഴിൽ കഴിയുകയായിരുന്നു. ഇറ്റലി ആസ്ട്രിയൻ ചക്രവർത്തിക്കു കീഴ്പ്പെട്ടെങ്കിൽ ജർമ്മനി കൂടുതൽ പരോക്ഷമെങ്കിലും അത്രതന്നെ ഫലപ്രദമായ റഷ്യൻ സാർചക്രവർത്തിയുടെ നുകത്തിൻകീഴിലാണ് അടിപ്പെട്ടതു്. 1848 മാർച്ച് 18-ന്റെ അനന്തരഫലങ്ങൾ ജർമ്മനിയേയും ഇറ്റലിയേയും ഈ അപമാനത്തിൽ നിന്നു വിമുക്തമാക്കി. 1848-നും 1871-നും ഇടയ്ക്കു് ഈ രണ്ടു മഹാരാജ്യങ്ങളും പുനസ്സംഘടിപ്പിക്കപ്പെടുകയും ഏതെങ്കിലും തരത്തിൽ വീണ്ടും സ്വന്തം കാലുകളിന്മേൽ നിൽക്കുമാറാകുകയും ചെയ്തുവെങ്കിൽ, അതിനു കാരണം, കാൾ മാക്സ് പറയാറുള്ളതുപോലെ, 1848-ലെ വിപ്ലവത്തെ അടിച്ചമർത്തിയ അതേ ആളുകൾതന്നെ വാസ്തവത്തിൽ , അവരുടെ ഉദ്ദേശത്തിനു വിപരീതമായി , ആ വിപ്ലവത്തിന്റെ വിൽപ്പത്രം നടപ്പിലാക്കാൻ ബാദ്ധ്യതപ്പെട്ടവരായിരുന്നുവെന്നതാണു്.

ആ വിപ്ലവം എല്ലായിടത്തും തൊഴിലാളിവർഗ്ഗത്തിന്റെ പ്രവർത്തിയായിരുന്നു. ബാരിക്കേഡുകൾ ഉയർത്തിയതും സ്വന്തം ജീവരക്തം നൽകിയതും അവരായിരുന്നു. ഗവണ്മെന്റിനെ മറിച്ചിടുമ്പോൾ ബൂർഷ്വാ ഭരണത്തെത്തന്നെ അട്ടിമറിക്കണമെന്ന വ്യക്തമായ ലക്ഷ്യം പാരീസിലെ തൊഴിലാളികൾക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. തങ്ങളുടെ വർഗ്ഗവും ബൂർഷ്വാസിയും തമ്മിലുള്ള അനിവാര്യമായ വൈരുദ്ധ്യത്തെക്കുറിച്ചുള്ള ബോധവും അവർക്കുണ്ടായിരുന്നു. എന്നിരുന്നാൽത്തന്നെയും സാമൂഹ്യപുനഃനിർമ്മാണം സാദ്ധ്യമാകത്തക്ക നിലയിൽ [ 75 ] രാജ്യത്തിന്റെ സാമ്പത്തികപുരോഗതിയോ ഫ്രഞ്ചു തൊഴിലാളികളുടെ സാംസ്കാരികവളർച്ചയോ എത്തിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു് വിപ്ലവത്തിന്റെ ഫലമനുഭവിച്ചതു് മുതലാളിവർഗ്ഗമായിരുന്നെന്ന് അവസാനവിശകലനത്തിൽ കാണാം. മറ്റു രാജ്യങ്ങളിൽ, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിൽ, തൊഴിലാളികൾ ആദ്യംമുതൽക്ക് തന്നെ ബൂർഷ്വാസിയെ അധികാരത്തിലേറ്റുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നാൽ ദേശീയസ്വാതന്ത്ര്യം കൂടാതെ ബൂർഷ്വാസിക്കു് ഒരു രാജ്യത്തിലും ഭരിക്കാൻ സാദ്ധ്യമല്ല. അതുകൊണ്ട് ഇറ്റലി, ജർമ്മനി, ഹംഗറി എന്നീ രാജ്യങ്ങൾക്കു് 1848-ലെ വിപ്ലവത്തെത്തുടർന്നു് അതുവരെ ഇല്ലാതിരുന്ന ഐക്യവും സ്വയംഭരണാധികാരവും കൈവരാതെ തരമില്ലെന്നുവന്നു, പോളണ്ടും അതേ മാർഗ്ഗം പിന്തുടരുന്നതാണു്.

അപ്പോൾ 1848-ലെ വിപ്ലവം ഒരു സോഷ്യലിസ്റ്റ് വിപ്ലവമായിരുന്നില്ലെങ്കിലും അതിനു വഴിതുറക്കുകയും കളമൊരുക്കുകയും ചെയ്തു. എല്ലാ രാജ്യങ്ങളിലും വൻകിടവ്യവസായങ്ങൾക്ക് പ്രോത്സാഹനം നല്കിയതു നിമിത്തം കഴിഞ്ഞനാല്പത്തഞ്ചു വർഷങ്ങൾക്കിടയിൽ ബൂർഷ്വാ ഭരണം എവിടെയും വിപുലവും കേന്ദ്രീകൃതവും പ്രബലവുമായ ഒരു തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിച്ചിരിക്കുകയാണു്. അങ്ങിനെ ബൂർഷ്വാസി, മാനിഫെസ്റ്റോയുടെ ഭാഷയിൽ പറഞ്ഞാൽ, അതിന്റെതന്നെ ശവക്കുഴി തോണ്ടുന്നവരെ വളർത്തിക്കൊണ്ടുവന്നു. സ്വയംഭരണാവകാശവും ഐക്യവും ഓരോ രാഷ്ട്രത്തിനും വീണ്ടുകിട്ടാതെ, തൊഴിലാളിവർഗ്ഗത്തിനു് സാർവ്വദേശീയൈക്യം നേടാനോ ഈരാഷ്ട്രങ്ങൾക്കു് പൊതുലക്ഷ്യത്തെ മുൻനിർത്തി സമാധാനപരവും ബൂദ്ധിപൂർവ്വകവുമായി സഹകരിക്കാനോ സാദ്ധ്യമല്ല. ഇറ്റലി, ഹംഗറി, ജർമ്മനി, പോളണ്ട്, റഷ്യ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് സാർവ്വദേശീയമായി യോജിച്ചുകൊണ്ട് എന്തെങ്കിലും പ്രവർത്തിക്കുവാൻ 1848-നു മുമ്പുള്ള രാഷ്ട്രീയപരിസ്ഥിതിയിൽ സാധിക്കുമായിരുന്നുവോ എന്നൊന്നു വിഭാവനം ചെയ്തുനോക്കുക!

അതുകൊണ്ട് 1848-ൽ നടത്തിയ സമരങ്ങൾ നിഷ്ഫലമായിട്ടില്ല. ആ വിപ്ലവകാലഘട്ടത്തിൽനിന്നു നമ്മെ വേർതിരിക്കുന്ന നാല്പത്തഞ്ചു കൊല്ലങ്ങൾ വെറുതെ വന്നുപോയവയുമല്ല. അവയുടെ ഫലങ്ങൾ പക്വമായിവരികയാണു്. ഈ മാനിഫെസ്റ്റോയുടെ പ്രഥമപ്രസിദ്ധീകരണം സാർവ്വദേശീയവിപ്ലവത്തിനു് എങ്ങിനെയായിരുന്നുവോ അതുപോലെ ഈ പരിഭാഷയുടെ പ്രസിദ്ധീകരണം ഇറ്റലിയിലെ തൊഴിലാളിവർഗ്ഗത്തിന്റെ വിജയത്തിനുള്ള ശുഭശകുനമായിതീരട്ടെ എന്നു മാത്രമേ എനിക്കാശംസിക്കാനുള്ളൂ. [ 76 ]

കഴിഞ്ഞകാലത്തു് മുതലാളിത്തം നിർവഹിച്ച വിപ്ലവകരമായ പങ്കിനോടു് മാനിഫെസ്റ്റോയിൽ തികച്ചും നീതി കാണിച്ചിട്ടുണ്ടു്. ഒന്നാമത്തെ മുതലാളിത്ത രാഷ്ട്രം ഇറ്റലിയായിരുന്നു. ഇറ്റലിക്കാരനായ ഒരു അതികായകനാണു് - മദ്ധ്യകാലകവികളിൽ അവസാനത്തേതും ആധുനികകവികളിൽ ആദ്യത്തേതുമായ ദാന്തേയാണു് - ഫ്യൂഡൽമദ്ധ്യകാലത്തിന്റെ അന്ത്യവും ആധുനികമുതലാളിത്തത്തിന്റെ ആരംഭവും കുറിച്ചതു്. 1300-ലെന്നപോലെ ഇന്നു പുതിയൊരു ചരിത്രകാലഘട്ടം ആസന്നമായിരിക്കുന്നു. ഈ പുതിയ തൊഴിൽവർഗ്ഗകാലഘട്ടത്തിന്റെ ഉദയമുഹൂർത്തം കുറിക്കുന്ന പുതിയൊരു ദാന്തേയെ ഇറ്റലി നമുക്കു പ്രദാനം ചെയ്യുമോ?


ലണ്ടൻ,
ഫെബ്രുവരി 1, 1893
ഫെഡറിക്ക് എംഗൽസ്