കുന്ദലത
രചന:അപ്പു നെടുങ്ങാടി
വൈരാഗി

കുന്ദലത

  • ആമുഖം
  1. യോഗീശ്വരൻ
  2. കുന്ദലത
  3. നായാട്ട്
  4. ചന്ദനോദ്യാനം
  5. രാജകുമാരൻ
  6. അതിഥി
  7. വൈരാഗി
  8. ഗൂഢസന്ദർശനം
  9. അഭിഷേകം
  10. ശിഷ്യൻ
  11. ശുശൂഷകി
  12. ദൂത്
  13. ദുഃഖ നിവാരണം
  14. അനുരാഗവ്യക്തി
  15. നിഗൂഹനം
  16. യുദ്ധം
  17. അഭിഞ്ജാനം
  18. വിവരണം
  19. വിമോചനം
  20. കല്യാണം

കുന്ദലത


[ 33 ] പ്രാതാപചന്ദ്രനും സ്വർണമയീദേവിയും തമ്മിൽ ബാല്യത്തിൽ ത്തന്നെയുണ്ടായിരുന്നു സഖിത്വം അവർക്കു താരുണ്യം വന്നപ്പോൾ മുഴുത്തഅനുരാഗമായിത്തീർന്നു. വിവാഹംചെയ്യാൻ അവർ രണ്ടു പേരും തമ്മിൽ തീർച്ചയാക്കിയ വിവരം മുമ്പു പറഞ്ഞാല്ലോ. അവരുടെ ആ നിശ്ചയം അഘോരനാഥനേയും കലിംഗമഹാരാജാവിനേയും അറിയിച്ചു. അഘോരനാഥനെ അറിയിച്ചതു് രാജകുമാരൻതന്നെയായിരുന്നു.തങ്ങളുടെ നിശ്ചയം പ്രസിദ്ധമാക്കാൻ തീർച്ചയാക്കിയതിന്റെ പിറ്റേദിവസം രാജകുമാരൻ അഘോരനാഥന്റെ ആസ്ഥാനമുറിയിലേക്കു കടന്നുചെന്നു. അഘോരനാഥൻ ആദരവോടുകുടി രാജകുമാരനു് ആസനം നല്ലിയിരുത്തിവിശേഷിച്ചോ എഴുന്നരുളിയതാ എന്നു ചോദിച്ചു. രാജകുമാരൻ:അധികം പണിത്തിരക്കില്ലെങ്കിൽ ഒരു കാര്യത്തെക്കുറിച്ച് എനിക്ക് അല്പം പറവാനുണ്ടായിരുന്നു. അഘോരനാഥൻ:പണിത്തിരക്കു് എത്രയുണ്ടായാലും ഇവിടുത്തെ കാര്യം കഴിഞ്ഞശേഷം മറ്റെല്ലാം. രാജകുമാരൻ: ഞാനും ദേവിയും തമ്മിലുള്ള സ്നേഹത്തിന്റെ സ്വഭാവത്തിനു് ഈയ്യിടയിൽ അല്പം ഒരു മാറ്റം സംഭവിച്ചിരിക്കുന്നതു് അങ്ങയെ അറീപ്പാൻ വന്നതാണു്. അഘോരനാഥൻ:എനീക്കു് ഈ വർത്തമാനം കർണപീയൂഷമായി ഭവിക്കുന്നു.വളരെക്കാലം അവളെ രക്ഷിച്ചു വളർത്തിയ എന്റെ പ്രയത്നം സഫലമായി. എന്റെ ആഗ്രഹവും ഇങ്ങനെയായാൽ കൊള്ളമെന്നായിരുന്നു,അവൾക്കും നല്ല സമ്മതംതന്നെയാണല്ലോ? രാജകുമാരൻ: നല്ല സമ്മതമാണു്. വേണമെങ്കിൽ ചോദിച്ചാൽ അറിയാമല്ലോ? രാജകുമാരൻ:അതിനു ഞാൻ തക്കതായ ഒരാളെ ഇന്നലെ തന്നെ അയച്ചിരിക്കുന്നു.


അഘോരനാഥൻ: എന്നാൽ ഇനി അധികം താമസിക്കണന്നില്ല;രണ്ടു മാസത്തിലകത്തുതന്നെ കഴിഞ്ഞോട്ടെ.

രാജകുമാരൻ:രണ്ടു മാസമോ? എന്തിനിത്ര വളരെ താമസിക്കുന്നു? ഞങ്ങൾ തമ്മിൽ തീർച്ചയാക്കീട്ടുതന്നെ ‌രണ്ടു മാസത്തിലധി [ 34 ] കമായി. പത്താംനാൾ ഒരുമുഹൂർത്തമുണ്ടെന്നറിയുന്നു.അന്നുതന്നെ കഴിയണം. ദേവിക്കും അതുതന്നെയാണ് താല്പര്യം.


അഘോരനാഥൻ: (ചിരിച്ചുകൊണ്ട്)ഈശ്വരാ! ഈ ചെറുപ്പക്കാരുടെ ക്ഷമയില്ലായ്മ . അന്ന് മുഹൂർത്തമുണ്ടെങ്കിൽ അന്നുതന്നെ കഴിയട്ടെ. എനിക്കു യാതൊരു തരക്കേടും തോന്നുന്നില്ല.

രാജകുമാരൻ പുഞ്ചിരിച്ചുകൊണ്ട് സ്വർണമയിയെ വർത്തമാനം അറിയിക്കുവാൻ പുറത്തേക്കു പോയി. അപ്പോൾത്തന്നെ അഘോരനാഥൻ സ്വർണമയിയെ വിളിക്കുവാൻ ഒരു ഭൃത്യനെ അയച്ചു. താമസിയാതെ, സ്വർണമായി വളരെ ലജ്ജയോടുകൂടി അഘോരനാഥന്റെ മുമ്പാകെ വന്നു മുഖം താഴ്ത്തി നിന്നു.


അഘോരനാഥൻ:ലജ്ജിക്കേണ്ട, അവസ്ഥയൊക്കെയും ഞാൻ അറിഞ്ഞിരിക്കുന്നു. നല്ലവണ്ണം ആലോചിച്ചിട്ടുതന്നെയാണല്ലോ ദേവി ഇതിന്നു സമ്മതിച്ചത് എന്നു മാത്രമേ എനിക്ക് അറിയേണ്ട ആവശ്യമുള്ളു. വിവാഹംകൊണ്ടുണ്ടാകുന്ന ഫലങ്ങളെയും ആലോചിച്ചു പ്രവർത്തിക്കാഞ്ഞാൽ അതുകൊണ്ടുണ്ടാകുന്ന അവസാനമില്ലാത്ത ദോഷങ്ങളെയും ഞാൻ വിസ്തരിച്ചു പറഞ്ഞുതന്നിട്ടുണ്ടല്ലോ.ആകയാൽ എല്ലാം സംഗതികളും ഒരിക്കൽക്കൂടി ആലോചിച്ച് എന്നോടു തീർച്ച പറയണം .


സ്വർണമയി:ഞാൻ അറിഞ്ഞോടത്തോളം രാജകുമാരന്റെ സ്വഭാവം വളരെ ബോദ്ധ്യമായിട്ടാണ്. അദ്ദേഹത്തിന് എന്റെ മേൽ ദൃഢമായ അനുരാഗം ഉണ്ടെന്നു ഞാൻ തീർച്ചയറിഞ്ഞിരിക്കുന്നു. ആയതു് നിലനിൽക്കാതിരിപ്പാൻ യാതൊരു സംഗതിയും കാണുന്നതുമില്ല. അതുകോണ്ടു് ഈ സംബന്ധം ഞങ്ങൾ രണ്ടാളുകൾക്കും കല്യാണമായി ഭവിക്കുമെന്നു് ഞാൻ പൂർണമായി വിശ്വസിക്കുന്നു.


അഘോരനാഥൻ:എല്ലാംകൊണ്ടും ഞാനും അങ്ങനെതന്നെയാണു് വിചാരിക്കുന്നതു്. രാജാവിന്റെ സമ്മതംകൂടി കിട്ടിയാൽ താമസിയാതെ വിവാഹംകഴിക്കാം


സ്വർണമയി:രാജാവിന്റെ സമ്മതം കിട്ടി. അവിടുത്തേക്ക് വളരെ സന്തോഷമാണെന്നും എന്നെ ഇപ്പോൾത്തന്നെ അങ്ങോട്ടുകൂട്ടിക്കൊണ്ടു ചെല്ലണമെന്നും രാജകുമാരനെ അറിയിക്കുവാൻ ഒരു ആൾ വന്നിട്ടുണ്ടു്. ആ വിവരത്തിന്നുതന്നവെയായിക്കുമെന്നു തോന്നുന്നു. എളയച്ഛനു് ഒരു എഴുത്തുണ്ടു്.

'ദേവിക്കു് ഒരു മഹാരാജാവിന്റെ പട്ടമഹിഷിയാവാൻ സംഗതി വരുമെന്നു വിചാരിച്ച് എനിക്കു വളരെ സന്തോഷമുണ്ടു്. ഭർത്താവോടുകൂടി വളരെക്കാലം ദീർഘായുസ്സായി സുഖിച്ചിരിക്കാൻ സംഗതി വരട്ടെ എന്നു് ഈശ്വരനെ പ്രാർത്ഥിക്കുന്നു. കഷ്ടം! എന്റെ ജ്യേഷ്ഠൻ ഇല്ലാതായല്ലോ ഈ സന്തോഷം അനുഭവിപ്പാൻ'എന്നു പറഞ്ഞു് അഘോരനാഥൻ അവളെ മൂർദ്ധാവിൽ അനുഗ്രഹിച്ചു മടക്കി അയയ്ക്കുകയുംചെയ്തൂ. [ 35 ] അഘോരനാഥന് എഴുത്തുവന്നിരുന്നത് രാജധാനിയിലെക്ക് പ്രതാപചന്ദ്രനേയും സ്വർണമയിയെയും വേഗത്തിൽ കൂട്ടികൊണ്ട്ചെന്ന് അടുത്തമൂഹുർത്തത്തിന്നുതന്നെ അവരുടെ വിവാഹംകഴിപ്പിക്കുവാൻ മഹാരാജവിന്റെ കല്പനയായിരുന്നു.പല കാരണങ്ങളെക്കൊണ്ടും അഘോരന് രാജധാനിയിലെക്ക് പോകാൻ അത്ര സുഖം ഉണ്ടയിരുന്നില്ല എങ്കിലും സ്വർണമയിയുടെവിവാഹകാര്യമാകയാൽ വേഗത്തിൽ പോയി ആ മംഗള കർമ്മം വളരെ ആഘോഷത്തോടുകൂടി കഴിച്ചു.രാജാവിനും പൗരന്മാർക്കും അനന്ദം വായ്ക്കുമാറു് ആ ദമ്പതിമാരെ രാജധാനിയിൽതന്നെ താമസിപ്പിച്ചു.താൻ ചന്ദനോദ്യാനത്തിലേക്കു മടങ്ങുകയും ചെയ്തു.

വിവാഹത്തിന് താരാനാഥൻ ഇല്ലാതിരുന്നാൽ രാജകുമാരനും സ്വർണമയിക്കും വളരെ വിഷാദമുണ്ടായി.കുറെ ദിവസം മുമ്പെ ചന്ദനോദ്യാനത്തിൽവെച്ച് താരാനാഥൻ അല്പം സുഖക്കേടായിട്ടു് അവരോടു പിരിഞ്ഞതിൽപ്പിന്നെ അയാളെ എവിടെയും കാണുകഉണ്ടായിട്ടില്ല.ഒടുക്കത്തെ ദിവസം താരാനാഥൻ കിടന്നിരുന്ന അകത്തു് ഒരു എഴുത്തു കിടക്കുന്നത്കണ്ടു.അതു് താരാനാഥൻ എഴുതിവച്ചു പോയതാണ്.ഞാൻചുരുക്കത്തിൽ ഒരു തീർഥയാത്രയ്ക്കു പോകുവാൻ തീർച്ചയാക്കിയിരിക്കുന്നു.ഒരു മാസത്തിലകത്തു്മടങ്ങിവരും.ഞാൻ പോകുന്ന സ്ഥലം ആരെയും അറിയിക്കുവാൻ വിചാരിക്കുന്നില്ല.ഞാൻ പോകുന്നതു കൊണ്ടു് ആർക്കും വിഷാദവും അരുതു്' എന്നാണു് എഴുത്തിലെ വാചകം. ആ എഴുത്തു് കിട്ടിയതു് വിവാഹത്തിനു ദിവസവും മുഹൂർത്തവും നിശ്ചയിച്ചശേഷമാണ്.കത്തു കിട്ടിയ ഉടനെ അഘോരനാഥൻ ചില ദിക്കുകളിലേക്കു് അന്വേഷണം ചെയ്യുവാൻ ആളുകളെ അയച്ചുവെങ്കിലും താരാനാഥൻ ഇന്ന ദിക്കിലാണെന്നു് അറിവാൻ കഴിഞ്ഞില്ല. വിവാഹസമയത്തു് പല സന്തോഷങ്ങളുടെയും ഇടയ്ക്ക്ദമ്പതിമാർക്കു് താരാനാഥൻ ഇല്ലാത്തതിനാൽ ഒരുകുണ്ഠിതം മനസ്സിൽനിന്നും വേർപെടാതെ ഉണ്ടായിരുന്നുതാനും.

വിവാഹനന്തരം പ്രതാപചന്ദ്രനും സ്വർണമയിയുംകുടി സുഖമായ് വാഴുംകാലം ഒരു ദിവസം വൈരാഗിവേഷം ധരിച്ച ഒരു ദിവ്യനായ ഒരാൾ രാജധാനിയുടെ ഗോപുരവാതിൽൽക്കൽ വന്നിരിക്കുന്നുവെന്നു് ഒരു അമാത്യൻ പ്രതാപചന്ദ്രനെഅറിയിച്ചു. ആയാളെ വിളിക്കുക എന്നു് രാജകുമാരൻ കല്പിച്ച ഉടനെ ആ അമാത്യൻ ആയാളെ കൂട്ടികൊണ്ടുവന്നു് രാജകുമാരനും സ്വർണമയിയും ഇരിക്കുന്ന മാളികയുടെ മുൻഭാഗത്തുള്ള ഒരു നടപ്പുരയിൽ മുകളിൽ നിന്നു് അവർക്കു കാണത്തക്കവണ്ണം ഒരു സ്ഥലത്തു്കൊണ്ടുപോയിരുത്തി കൂടെയുണ്ടായിരുന്ന രണ്ടു ശിഷ്യന്മാരും ആയാളുടെ ഒരുമിച്ചു ഇരുവശത്തൂം ഇരുന്നു.

വൈരാഗി വെള്ളികൊണ്ടു കുടയുള്ള മെതിയടി കാലിന്മേൽ ഇട്ടിട്ടുണ്ടു്. ജടകൂടിയ കേശഭാരം ഓരോകട്ടകളായി പിൻഭാഗ [ 36 ] ത്തേക്കു തൂങ്ങുന്നു.ശരീരം മുഴുവൻ ഒരു കാവിവസ്ത്രംകൊണ്ടു മുടിയിരിക്കുന്നു.ചുമലിൽഒരു പൊക്കണം തൂക്കീട്ടുണ്ടു്.രോമങ്ങൾ ഒട്ടും നരച്ചിട്ടില്ല. കണ്ണുകൾ എങ്ങനെയോ ചുവപ്പിച്ചിരിക്കുന്നു. മുഖം മുഴുവനും ഭസ്മംകൊണ്ടു മൂടിയിരിക്കുന്നു. തലയിൽ ഒരു കൂമ്പൻ തൊപ്പിയും രുദ്രാക്ഷമാലയും ധരിച്ചിട്ടുമുണ്ട്.ആയാളെ നല്ലവണ്ണം പരിചയമുള്ളവർക്കും ആ വേഷത്തോടുകുടി കണ്ടാൽ അറിവാൻ പ്രയാസമായിരിക്കും. മൗനവ്രതവും ഉണ്ടത്രെ. ആരെങ്കിലും വല്ലതും ചോദിച്ചാൽ കൈകൊണ്ടു ചില ആംഗ്യങ്ങൾ അതിനുത്തരമായി കാണിക്കും. ഉടനെ കൂടെയുള്ള ശിഷ്യർ അർത്ഥം ഇന്നതാണെന്നു പറയുകയും അതു ശരിതന്നെയെന്ന് തലകുലുക്കുന്നതുകൊണ്ട് സ്ഥിരപ്പെടുത്തുകയുംചെയ്യും. ഇങ്ങനെയാണ് ആ ദിവ്യന്റെ കോപ്പുകൾ. ദിവ്യത്വത്തിന്റെ ദൃഷ്ടാന്തമായി പല അത്ഭുതകർമങ്ങളും അയാൾ ചെയ്തിട്ടുള്ളത് ശിഷ്യരോട് ചോദിച്ചാൽ അവർ പറഞ്ഞുകൊടുക്കും.തന്റെ യോഗ്യതകൾ ആരെയും അറിയിക്കരുതെന്നാണ് സ്വാമിയാരുടെ കൽപ്പന എന്നു സകലവും പറഞ്ഞുകൊടുത്തതിന് ശേഷം സ്വകാര്യമായി പറയുകയുംചെയ്യും. ആ ദിവ്യന് ചെയ്യാൻ കഴിയുന്ന അത്ഭുത കർമങ്ങളിൽ ഒന്ന് നഷ്ടപ്രശ്നം പറയുകയാണ്. അതിന് ലഗ്നത്തിന്റെ മുഖം മാത്രം നോക്കിയാൽ മതി.ഭാവിയായിട്ടുള്ളതിൽ സാമർഥ്യം കുറയും. എങ്കിലും ഭൂതവർത്തമാനങ്ങൾ സൂക്ഷ്മമായി പറഞ്ഞൊപ്പിക്കും. ചന്ദനോദ്യാനത്തിൽനിന്നു് രണ്ടു നാഴിക ദൂരത്തു് കുറെ ശൂദ്രരുടെ വീടുകളും കുശവന്മാരുടെ പുരകളും മററും ഉള്ള സൈകതപുരി എന്നൊരു കുഗ്രാമം ഉണ്ടു്. അവിടെയാണത്രെ ആ ദിവ്യനെ ഒരു ദിവസം കണ്ടെത്തിയതു്. അവിടെ ആയാളുടെ യോഗ്യത കേട്ടു കേട്ടുകേൾപ്പിച്ചു് നാലു ദിവസത്തിലധികം അനവധി ജനങ്ങൾ ആയാളെ കാണ്മാൻ വരികയുണ്ടായി. എല്ലാവരോടും അവർക്കു് ഇത്ര ജ്യേഷ്ഠാനുജന്മാരുണ്ടു്. ഇന്ന ആൾ ഇന്നാളുമായിട്ട് ചാർച്ചയോ,വേഴ്ചയോ ഉണ്ടു്, വീടിന്റെ പടി ഇന്ന ഭാഗത്തേക്കാണു് ,ഇത്ര വാതിലുകൾ ഉണ്ടു്, എന്നീ മാതിരി വിവരങ്ങൾ ശരിയായി പറഞ്ഞൊപ്പിച്ചു് ആ ദിക്കുകാർക്കു് ഒക്കെയും ആയാളുടെ ദിവ്യത്വം വളരെ വിശ്വാസമായി ത്തീർന്നിരിക്കുന്നു. അവരെല്ലാവരും പറഞ്ഞു നിഷ്കർഷി ച്ചിട്ടാണു് പോൽ രാജകുമാരനെ കാണ്മാൻ വന്നതു്. ദ്രവത്തിനും മററും കാംക്ഷ അശേഷംപോലുമില്ല. എന്നാൽ, ആരെങ്കിലും വല്ലതും ഭിക്ഷയായിട്ടോ, വഴിപാടായിട്ടോ മുമ്പാകെ തിരുമുൽക്കാഴ്ചയായി വണങ്ങിയാൽ സ്വീകരിക്കുവാൻ അപ്രിയമില്ലതാനും. സ്വണ്ണമയി ആ സന്ന്യാസിയുടെ വേഷം ആകപ്പാടെ കണ്ടപ്പോൾ 'ഇങ്ങനത്തെ പകക്കാർ സാധാരണയായിവഞ്ചകന്മാരും ദുരാത്മാക്കളുമാണു്,ഇതത്രയും വ്യാജമാണു്,പരമാത്ഥമാവാൻ പാടില്ല'എന്നു പറഞ്ഞു. അപ്പോൾ അടുത്തു നിന്നിരുന്ന ഒരു ഭൃത്യൻ പറഞ്ഞു: അങ്ങനെ മാത്രം അരുളിച്ചെയ്യരുതെ തമ്പുരാട്ടി. ഇദ്ദഹത്തിന്റെ പെരുമ, [ 37 ] അടിയന്റെ ഈ കണ്ണു രണ്ടോണ്ടും കണ്ടിരിക്കുന്നതല്ലെ? മററൊരു ഭൃത്യൻ ചോദിക്കേണ്ടതാമസമേയുളളു മറുപടി പറവാൻ. പറഞ്ഞാൽ അതിൽതെല്ലപോലു് പിഴച്ചുപോകയില്ല. മായം ഏന്തുല്ലേന്റെ തമ്പുരാട്ടി, തനിച്ച നേരുതന്നെ' എന്നു പറഞ്ഞു. സ്വണ്ണമയി ആഭാസന്മാരായ അവരുടെ സംസാരം കേട്ടിടിട്ടു് അല്ലം ഹാസ്യരസത്തോടുക്കുടി ഭർത്താവിന്റെ മുഖത്തേക്കുനോക്കി.

രാജകുമാരൻ, 'ഇവർ പറഞ്ഞതല്ലപരമാർത്ഥം ഏന്നു് എന്താനിശ്ചയം? സൂക്ഷമം എങ്ങനെയെന്നു് നമുക്കു് ഇപ്പോൾഅറിയാമല്ലോ? എന്നുപറഞ്ഞു് ആ വൈരാഗിയോടു് ചില ചോദ്യങ്ങൾ ചോദ്യപ്പാൾതുടങ്ങി. മിക്കചോദ്യങ്ങൾക്കും ഏകദേശം ശിയയ ഉത്തരം പറഞ്ഞപ്പോൾ രാജകുമാരനു മററു് കണ്ടുനിൽക്കുന്നവരും വളരെ വിസമയപ്പെട്ടു.


രാജകുമാരൻ: 'ഒന്നുകുടി ചോദിക്കാം' എന്നു പറഞ്ഞു:' എന്റെ ഭാര്യയ്ക്ക് എത്ര സോദരിമാരുണ്ടു് എന്നു ചോദിച്ചു.

വൈരാഗി സ്വർണമയിയുടെ മുഖം നോക്കി ഇല്ല എന്നറിയിപ്പാൻ തലകുലുക്കി.


രാജകുമാരൻ: സോദരന്മാരുണ്ടോ? ' എന്നു ചോദിച്ചു.

വൈരാഗി ചൂണ്ടാണിവിരൽകൊണ്ട് ഒന്നു് എന്നു കാണിച്ചു.


രാജകുമാരൻ:അയാൾ ഇപ്പോൾ ഇവിടെയുണ്ടോ?

വൈരാഗി 'ഇല്ല' എന്നു കാണിച്ചു. പിന്നെ കൈകൊണ്ടും തലകൊണ്ടും മററു ചില ആംഗ്യങ്ങൾ കാണിച്ചതിനു, സമീപം ഒരു ദിക്കിൽ സുഖമായിരിക്കുന്നു എന്നർത്ഥമാണെന്നു് ശിഷ്യർ വ്യാഖ്യാനിച്ചു. അപ്പോൾ രാജകുമാരൻ കുറെ പ്രസന്നതയോടുകൂടി സ്വർണമയിയുടെ മുഖത്തേക്കു നോക്കി.

അടുക്കെ നിന്നിരുന്ന ഒരു ബ്രാഹ്മണൻ 'അതു ശരിയായവൻ സംഗതിയുണ്ട്.നായാട്ടിനു വളരെ സമർത്ഥനായ ഒരു ചെറുപ്പക്കാരൻ അവന്തിരാജ്യത്തു ചെന്നിട്ടുണ്ടെന്നും അവിടെ ഈയിടെ അഭിഷേകം കഴിഞ്ഞ യുവരാജാവിന്റെ ചങ്ങാതിയായി താമസിച്ചുവരുന്നുവെന്നും ഒരു വർത്തമാനം ഞാൻ കേൾക്കയുണ്ടായി' എന്നറിയിച്ചു.


രാജകുമാരൻ: അതു് താരാനാഥനാണെന്നുളളതിനു് ആക്ഷോവുമുണ്ടാ? വേഗത്തിൽ ആളെ അങ്ങോട്ടു് അയച്ചു് ആയാളെ വരത്തണം എന്നു പറഞ്ഞു.


സ്വർണമയി,' ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ' എന്നു പറഞ്ഞു 'എന്റെ സോദരന്നു് എത്ര വയസ്സായി' എന്നു ചോദിച്ചു.


വൈരാഗി: അല്പം ആലോചിച്ചു് 'ഇരുപത്തിമൂന്നു്' എന്നകാണിച്ചു്.


സ്വർണമയി: ആശ്ചര്യം, അതു ശരിതന്നെയല്ലോ. ആകെട്ട എന്റെഅചഛന്നു് എത്ര വയസ്സായി ? [ 38 ] വൈരാഗി: അമ്പത്തിനാലു് എന്നു കണിച്ചു.


സ്വർണമയി: ഇനി എത്ര കാലം ഇരിക്കും അച്ഛൻ?


വൈരാഗി: വളരെക്കാലം കീർത്തിമാനായി ഇരിക്കും എന്നുകാണിച്ചു. സ്വർണമയി,' മതി, മതി. വളരെക്കാലം മുമ്പെ അന്തരംവന്നു പോയ എന്റെഅചഛൻ ഇനിയും ദീർഘായുസ്സായിരിക്കുമെന്നല്ലേഇവൻപറഞ്ഞതു്? 'മതി.' ഇനി, എനിക്കു്ചോദ്യം ഒന്നും ഇല്ല. വല്ലതും കൊടുത്തു് വേഗത്തിൽ ഇവിടുന്നയച്ചാൽ നന്നായിരുന്നുവെന്നു് ഭർത്താവിനോടുപറഞ്ഞു.


രാജകുമാരൻ:'അതിൽ ഒന്നുമാത്രമല്ലെ തെററിപ്പോയുളളു. എത്രയോഗ്യന്മാരും പറഞ്ഞതു മുഴുവനും ശരിയായിരിക്കുകയില്ല. ദിവ്യനല്ലെങ്കിലും സാമാന്യനല്ലെന്നു തീർച്ചതന്നെ'എന്നു തന്റെഅടുത്തു് നിന്നിരുന്നവരോടായിട്ടു പറഞ്ഞു. അതിനിടയിൽ വൈരാഗി, മടക്കി, മുദ്രമച്ചു് , ഭദ്രമാക്കിയ ഒരു ഓല കൈയിൽ എടുത്തു് ചില ആംഗ്യങ്ങൾ കാണിച്ചു്തുടങ്ങി. ആ എഴുത്തിൽ ഈശ്വരകല്പിതം എഴുതിയിരിക്കുന്നവെന്നു ആയതു് വാങ്ങി ഭദ്രമായി സുക്ഷിച്ചു് മൂന്നാം ദിവസം ചുരുക്കത്തിൽ ഒരു പൂജകഴിച്ചു് വിപ്രനെക്കൊണ്ടു കെട്ടഴിപ്പിച്ചു നോക്കിയാൽ അതിൽ ഈശ്വരകല്പിതം മനുഷ്യഭാഷയിൽ പ്രത്യക്ഷമായി എഴുതിയിരിക്കുന്നതു കാണാമെന്നും, അതു പ്രകാരം അനുഷ്ഠിച്ചാൽ അപരിമിതമായ അഭ്യുദയം രാജകുമാരന്നു സംഭവിക്കുമെന്നുമാണു് സ്വാമി പറയുന്നതു് എന്നു ശിഷ്യർ വ്യാഖ്യാനിച്ചതിനെ വൈരാഗി ശിരഃ കമ്പനംകൊണ്ടു സ്ഥിരപ്പെടുത്തി. ആ ഓലയുംകുറെ സിന്ദുവാരപ്പൊടിയുംക്കുടി ഒരു ഇലയിലാക്കി ആരാജകുമാരെൻറ കൈയിൽ കൊടുത്തു, രാജകുമാരൻ അതു ഭക്തിപൂർവം സ്വീകരിച്ചു് വൈരാഗിക്കുചില സമ്മാനങ്ങൾ കൊടുത്തു്, താമസിയാതെ മടങ്ങിവരുന്നതു് സന്തോഷമാണെന്നും മററും നല്ല വാക്കിനെ പറഞ്ഞു് സന്തോഷമാക്കി അയയ്ക്കകയും ചെയതു.

"https://ml.wikisource.org/w/index.php?title=കുന്ദലത/വൈരാഗി&oldid=30912" എന്ന താളിൽനിന്ന് ശേഖരിച്ചത്