കുന്ദലത/ചന്ദനോദ്യാനം
←നായാട്ട് | കുന്ദലത രചന: ചന്ദനോദ്യാനം |
രാജകുമാരൻ→ |
|
[ 17 ] നായാട്ടുകാരിൽ പ്രധാനികളായ മേല്പറഞ്ഞ മൂന്നുപരും തമ്മിൽ തങ്ങളുടെ പരാക്രമങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടു രണ്ടു നാഴിക വഴി വടക്കോട്ടു ചെന്നപ്പോഴേക്കു അവരുടെ ഭവനം ദൂരത്തു കണ്ടു തുടങ്ങി. ഒരു വലിയ കുന്നിന്റെ മുകളിൽ വിസ്തീർണമായ ഒരു ഉദ്യാനമുള്ളതിന്റെ നടുവിലാണ് ആ ഭവനം. ആ ഉദ്യാനത്തിൽ ചന്ദനവൃക്ഷങ്ങൾ അധികം ഉണ്ടായതിനാൽ അതിന് ചന്ദനോദ്യാനമെന്നാണ് പണ്ടേയ്ക്കു പണ്ടേ പേരു പറഞ്ഞുപോരുന്നതു്. കുന്നു് പൊക്കം കുറഞ്ഞു് പരന്ന മാതിരിയാണു്. നാലു പുറത്തും ചുള്ളിക്കാടുകൾ ഉണ്ടു്. അധികം ചെരിവുള്ള ഒരു ഭാഗത്തു് ആ ചുള്ളിക്കാടുകൾ വെട്ടി മുകളിലേക്കു പോകുവാൻ ഒരു വഴി ഉണ്ടാക്കിട്ടുണ്ടു്. അയതു്, സർപ്പഗതിപ്പോലെയാകയാൽ കയറ്റത്തിന്റെ ഞെരുക്കം അധികം തോന്നുകയില്ല. വഴിയുടെ രണ്ടു ഭാഗത്തും അടു [ 18 ] പ്പിച്ചു പിലാവു്, മാവു്, പേരാൽ മുതലായ തണലുള്ള വൃക്ഷങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ടായിരുന്നതിനാൽ വെയിലിന്റെ ഉഷ്ണം അല്പംപോലും തട്ടുകയില്ല. ആ വഴിയിൽക്കൂടെ കയറിച്ചെന്നാൽ പടിപ്പുരയിലെത്തും. പടിപ്പുരയല്ല,ഗോപുരം എന്നുതന്നെ പറയാം. അത്രവലിയതാണു്. ആനവാതിലുകളും ചങ്ങലകളും വലിയ തഴുതുകളും ഉയർന്ന കൽത്തൂണുകളും കമാനങ്ങളും ഉണ്ടു്.
പടിവാതിൽ കടന്നാൽ ചെല്ലുന്നതു് ഒരു മനോഹരമായ പൂന്തോട്ടത്തിലേക്കാണു്. അതിൽ വിവിധമായ ചെടികളും സുഗന്ധപുഷ്പ്പങ്ങളും ഭംഗിയിൽ നട്ടുണ്ടാക്കീട്ടുണ്ടു്. അതിലൂടെയാണ് ഗൃഹത്തിലേക്കു ചെല്ലുവാനുള്ള വഴി. വഴിയുടെ ഇരുഭാഗത്തും ഉള്ള വേലിയിന്മേൽ കൗതുകമുള്ള ഓരോ ലതകൾ പടർന്നു പുഷ്‌പിച്ചു നിൽക്കുന്നുണ്ട്. ആ വഴിയിൽക്കൂടെ ചെന്നു കയറുന്നതു് ഒരു താഴ്‌പുരയിലേക്കാണു്. അതിന്റെ മീതെ അല്പം എകർന്ന ഒരു തറമേൽതറയും ഉണ്ടു്. വളരെ ദീർഘവിസ്താരവും തട്ടെകരവും ഉള്ള വിലാസമായ പൂമുഖം. പൂമുഖത്തേക്കു കയറുന്നതു്, ഒരു വലിയ കമാനത്തിൻ കീഴിൽക്കൂടെയാണ്. താഴ്‌പുരയുടെ മൂന്നു ഭാഗത്തും ഉള്ള വലിയ താലപ്രമാണങ്ങളായ തൂണുകൾ എല്ലാം കരിങ്കല്ലുകൊണ്ടുണ്ടാക്കി മീതെ വെള്ളക്കുമ്മായമിട്ടു മിനുക്കുകയാൽ വെണ്ണക്കല്ലുകൊണ്ടു കടഞ്ഞുണ്ടാക്കിയതാണെന്നു തോന്നിപ്പോകും. തറമേൽതറയുടെ മേലുള്ള കറുംതുണുകൾ, പാലുത്തരങ്ങൾ, തട്ടു്, തുലാങ്ങൾ ഇതുകളിന്മേൽ ശില്പിശാസ്ത്രത്തിന്റെ വൈഭവത്തെ അതിശയമാകുംവണ്ണം കാണിച്ചിരിക്കുന്നു.തൂണുകളും തുലാങ്ങാളും ഒരുനോക്കിനു് വീരാളിപ്പട്ടുകൊണ്ടു പൊതിഞ്ഞിരിക്കുകയോ എന്നു തോന്നത്തക്കവണ്ണം വിശേഷമായി ചായം കയറ്റിയിരിക്കുന്നു. തട്ടിന്നു നാംവിരൽ കീഴായിട്ടു നാലുഭാഗത്തും ഭിത്തിയിന്മേൽ ഇരുവിരൽവീതിയിൽ കുമ്മായംകൊണ്ടു് ഒരു ഗളമുണ്ടു്. അതിൻ കീഴിൽ പലേടത്തും പഞ്ചവർണക്കിളികളുടെയും വെള്ളപ്പിറാക്കളുടെയും മറ്റും പല പക്ഷികളുടെയും രൂപങ്ങൾ ഉണ്ടാക്കിവച്ചിരിക്കുന്നതു കണ്ടാൽ അവ ചിറകു വിരുത്തി, ഇപ്പോൾ പറക്കുമോ എന്നു തോന്നും. ശില്പികളുടെ സാമർത്ഥ്യം കൊണ്ടു് അവയ്ക്ക് അത്ര ജീവസ്സും തന്മയത്വവും വരുത്തിയിരിക്കുന്നു.
താഴ്പുരയുടെ നടുവിൽ വേറെ ഒരു വിചിത്രപ്പണിയുണ്ടു്. ഒറ്റക്കരിങ്കല്ലുകൊണ്ട് അതിമിനുസത്തിൽ കൊത്തിയുണ്ടാക്കി ഒറ്റക്കാലിന്മേൽ നിർത്തിയ ഒരു വലിയ വൃത്താകാരമായ പാത്രത്തിൽ നിറഞ്ഞിരിക്കുന്ന അതിനിർമലമായ ജലത്തിൽ ചുവന്നും സ്വർണ്ണവർണ്ണമായിയും മുത്തുശ്ശിപ്പിയുടെ നിറത്തിലും ഉള്ള ചെറിയ ഓരോ മാതിരി മത്സ്യങ്ങൾ അതിൽത്തന്നെ ജലജങ്ങളായ ചില ചെടികളുടെ നീലക്കരിഞ്ചണ്ടികളിൽ പൂണ്ടുകൊണ്ട് ഏറ്റവും കൗതുകമാകുംവണ്ണം തത്തിക്കളിക്കുന്നു. വേറെ ഒരിടത്ത് വളരെ ദുർലഭമായ ചില പക്ഷികളെ വലിയ വിശാലമായ പഞ്ജരങ്ങളിലാക്കി തൂക്കീട്ടുള്ളവ തങ്ങളുടെ മധുരസ്വപ്നങ്ങളെക്കൊണ്ട് ചുറ്റു [ 19 ] മുള്ള നിർജീവവസ്തുക്കൾക്കുംകൂടി തങ്ങളുടെ ഉന്മേഷവും പ്രസന്നതയും പകരുന്നുവോ എന്നു തോന്നും.
പൂമുഖത്തിന്റെ ഇടത്തും വലത്തും ഭാഗങ്ങളിൽനിന്നും രണ്ടു കോണികൾ മേല്പെട്ടു പോകുവാനുണ്ട്. കയറിച്ചെന്നാൽ ഒരു വലിയ ഒഴിഞ്ഞ മുറിയിൽ എത്തും. ആ മുറി വളരെ തട്ടെകരവും ദീർഘവിസ്താരവും ഉള്ളതും ചുറ്റും വിശാലമായ വ്രാന്തയോടുകൂടിയതുമാണ്. പുറമേ ആരെങ്കിലും വന്നാൽ അവരെ സല്ക്കരിക്കാനുള്ള സ്ഥലമാണ്. അതിൽ പലവിധമായ ആസനങ്ങൾ, കട്ടിലുകൾ, കോസരികൾ, ചാരുകസാലകൾ, മേശകൾ, വിളക്കുകൾ, ചിത്രങ്ങൾ മുതലായവയുണ്ടു്. അതിന്റെ പിൻഭാഗത്തു് അതിലധികം വലുതായവേറൊരു ഒഴിഞ്ഞ മുറിയുണ്ട്. അതിൽ മേല്പറഞ്ഞവ യാതോന്നുംതന്നെയില്ല. ആയതു് പുറത്തു് ഇറങ്ങി കളിക്കുവാൻ കഴിയാത്ത കാലങ്ങളിൽ പന്താടുവാനും മറ്റു് ഉല്ലാസകരമായ വ്യായാമങ്ങൾക്കും ഉള്ള സ്ഥലമാണ്.
ഈ രണ്ടു് അകങ്ങൾക്കും വിസ്താരമുള്ള ജനലുകൾ നാലും പുറത്തും വളരെ ഉണ്ടാവുകയാൽ വായുസഞ്ചാരം നല്ലവണ്ണമുണ്ട്. മാളികയുടെ മുകളിൽ വിശേഷവിധിയായി വേറെ ഒന്നും ഉണ്ടായിരുന്നില്ല.
താഴത്തു് പൂമുഖത്തിൽ നിന്നും അകായിലേക്കു കടന്നാൽ, മുകളിൽ ഉള്ളതിന്നു നേരെകീഴിൽ, അതുപോലെതന്നെ ഒഴിഞ്ഞ രണ്ടു സ്ഥലങ്ങൾ ഉണ്ട്. അതിൽ ഒരുസ്ഥലം ആയുധശാലയാണ്. അതിനുള്ളിൽ പലവിധമായ വാളുകൾ, വെട്ടുകത്തികൾ, കട്ടാരങ്ങൾ, കുന്തങ്ങൾ, ഈട്ടികൾ, എമതാടകൾ, ഗദകൾ, കവചങ്ങൾ, വെണ്മഴുകൾ എന്നീ മാതിരി അക്കാലത്തുപയോഗിച്ചിരുന്ന പലവിധ ആയുധങ്ങൾ, ഉപയോഗിക്കാൻ തയ്യാറാക്കിവച്ചിരിക്കുന്നതുപോലെ തെളുതെളങ്ങനെ തുടച്ചു വെടിപ്പാക്കിവച്ചിരിക്കുന്നു. ചിലതൊക്കെയും ചുമരിന്മേൽ ആണി തറച്ചു തൂക്കിയിരിക്കയാണു്. അപ്രകാരം ആയുധങ്ങൾ അടുക്കിവച്ചിട്ടുള്ളതിന്റെ ഇടക്ക് കലമാൻ, കാട്ടി മുതലായ കൊമ്പുള്ള മൃഗങ്ങളുടെ തലകൾ കൊമ്പുകളോടുക്കൂടി ഉണക്കി നിറച്ച കൃത്രിമനേത്രങ്ങളും മറ്റും വച്ചുണ്ടാക്കി ചുമരിന്മേൽ പലേടത്തും തറച്ചിരിക്കുന്നതു കണ്ടാൽ, ആ മൃഗങ്ങൾ അകത്തേക്കു കഴുത്തുനീട്ടി എത്തിനോക്കുകയോ എന്നു തോന്നും. നിലത്ത് വ്യാഘ്രം, കരടി, മാൻ മുതലായവയുടെ തോലുകൾ, രോമം കളയാതെ ഉണ്ടാക്കി പലേടങ്ങളിലും വിരിച്ചിട്ടുണ്ട്. മറ്റൊരു ഭാഗത്ത് വലിയ ആനക്കൊമ്പുകൾ, പന്നിതേറ്റകൾ, പുലിപ്പല്ലുകൾ, ചമരിവാലുകൾ, കാട്ടിക്കൊമ്പുകൾ, പുലിനഖങ്ങൾ, എന്നിങ്ങനെ നായാട്ടുക്കൊണ്ടു കിട്ടുന്ന സാധനങ്ങൾ പലതും ശേഖരിച്ചുവച്ചിരിക്കുന്നു. മേല്പറഞ്ഞ മൃഗചർമങ്ങൾ ചിലേടത്തു് മേല്ക്കുമേലായി അടുക്കിവച്ചിട്ടുള്ളതിന്മേൽ സിംഹതുല്യന്മാരായ മൂന്നു നായാട്ടുനായ്ക്കൾ നടക്കുന്നുണ്ട്. അവയുടെ മുഖത്തെ ശൂരതയും മാന്തുക്കൊണ്ടും കടിക്കൊണ്ടും ഏറ്റിട്ടുള്ള അനവധി വ്രണങ്ങളുടെ വടുക്കളും അതിതീഷ്ണ [ 20 ] ങ്ങളായ കണ്ണുകളും വളഞ്ഞുനീണ്ട ദംഷ്ടകളും വിസ്തീർണ്ണമായ വായും കറുത്തു തടിച്ചചുണ്ടുകളുടെ ഇടയിൽക്കൂടി പുറത്തേക്കു തുറിച്ചിരിക്കുന്ന ചുകന്ന നാവും കണ്ടാൽ ആ അകത്തു കൂട്ടിട്ടുള്ള അനവധി സാമാനങ്ങളെ സമ്പാദിക്കുന്നതിൽ അതിസാഹസകമായി പ്രയത്നിച്ചവരാണെന്ന് ഏവനും തോന്നാതിരിക്കില്ല.
മേൽ വിവരിച്ച സ്ഥലങ്ങളാണു് ഭവനത്തിന്റെ പ്രധാന ഭാഗങ്ങൾ. ഭവനത്തിന്റെ പിൻഭാഗം ഒരു വിസ്തീർണ്ണമായ വളർത്തു കാടാണു്. അതു കുന്നിന്റെ ഇറക്കിലോളമുണ്ട്. ആ കാട്ടിൽപൂത്തും തെഴുത്തും നില്ക്കുന്ന പലമാതിരി വിശേഷവൃക്ഷങ്ങളും അവകളുടെ മുകളിൽ മധുരമായി പാടിക്കൊണ്ടിരിക്കുന്ന പക്ഷികളും അവകളുടെ ചുവട്ടിൽ തുള്ളിക്കളിക്കുന്ന പുള്ളിമാൻകൂട്ടങ്ങളും ആ മോഹനമായ മന്ദിരത്തിന്റെ മഹിമയെ പുകഴ്ത്തുകയോ എന്നു തോന്നും.
ഈ വിശേഷഭവനം കലിംഗരാജാവിന്റെ രാജധാനിയിൽ നിന്നു് ഒരു കാതം വഴി തെക്കായിട്ടാണു്. സമീപം വേറെ ഭവനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ അതു വിജനവാസത്തിനു വളരെ സൗഖ്യമുള്ള ഒരു സ്ഥലമാണ്. അതിനെ വിജനവാസത്തിനായിട്ടാണു നായാട്ടിന്നു പോയിരുന്നതിൽ പ്രായമേറിയ ആൾ അതു് ഉപയോഗിച്ചുവന്നിരുന്നതു്. അദ്ദേഹത്തിന്റെ പേര് അഘോരനാഥൻ എന്നാണു്. കലിംഗമഹാരാജാവിന്റെ ഭണ്ഡാരാധിപനും ഒരു മന്ത്രിയുമായ അദ്ദേഹം രാജ്യകാര്യം വളരെ ആലോചിച്ചു മുഷിഞ്ഞാൽ, സംവത്സരത്തിൽ ഒന്നു രണ്ടു മാസം ആ ഭവനത്തിൽ ചെന്ന് രാജ്യകാര്യങ്ങളുടെ ആലശീലകളിൽനിന്ന് അല്പം ഒഴിഞ്ഞ് അവിടെ സുഖംകൊള്ളുവാൻ താമസിക്കുക പതിവായിരുന്നു. എന്നാൽ, ശരീരസൗഖ്യം പോരായ്കയാലോ മറ്റോ, കുറച്ചു കാലമായി അദ്ദേഹം സ്ഥിരവാസംതന്നെ ചന്ദനോദ്യാനത്തിൽ ആക്കിയിരിക്കുന്നു. എങ്കിലും രാജ്യഭാരത്തിന്റെ അമരം യാതൊരാൾക്കും കൈവിട്ടുകൊടുത്തിട്ടുണ്ടായിരുന്നതുമില്ല.
അഘോരനാഥന്റെ ഒരുമിച്ച് സ്വർണമയീദേവീ എന്നൊരു കുമാരിയും താരാനാഥൻ എന്നൊരു കുമാരനുംകൂടിയുണ്ടായിരുന്നു. നായാട്ടിൽ അതിസാഹസികമായി ആനയുടെ മുന്നിൽ ഓടിച്ചു വന്നിരുന്നുവെന്നു പറഞ്ഞ കുമാരനാണു് താരാനാഥൻ. ആ സോദരീസോദരന്മാർക്ക് ബാല്യത്തിൽത്തന്നെ അച്ഛനമ്മമാർ ഇല്ലാതാകയാൽ എളയച്ഛനായ അഘോരനാഥന്റെ രക്ഷയിലാണ് അവർ വളർന്നു പോന്നതു്. അഘോരനാഥന്റെ ജ്യേഷ് ഠനും മേൽപറഞ്ഞ ചെറുപ്പകാരുടെ അച്ഛനും ആയി കപിലനാഥൻ എന്നൊരാൾ ഉണ്ടായിരുന്നു. കലിംഗമഹാരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹത്തെ, രാജാവിനും രാജ്ഞിക്കും പ്രാണവിശ്വാസമായിട്ടായിരുന്നു. രാജ്ഞി മരിച്ചതിന്നുശേഷം രാജാവിനു പ്രായാധിക്യത്താലും വിഷാദത്താലും ബുദ്ധിക്കു മുമ്പത്തെപ്പോലെ ശക്തിയും സ്ഥൈര്യവും ഇല്ലാതായി. വാർദ്ധക്യത്തിന്റെ അതിക്രമങ്ങളും ധാരാളമായിത്തു [ 21 ] ടങ്ങി. കുടിലന്മാരായ ചില സചിവന്മാരുടെയും വാർദ്ധക്യത്തിലുണ്ടാകുന്ന ചില ചപലതകൾക്കു കൊണ്ടാടിനിന്നിരുന്ന ഒരു വേശ്യയുടെയും പൈശൂന്യത്താൽ, അകാരണമായിട്ടു് അത്യന്തം വിശ്വാസയോഗ്യനായ ആ കപിലനാഥനെ കാരാഗൃഹത്തിലാക്കേണമെന്നു് രാജാവു കല്പിക്കുകയാൽ അദ്ദേഹം ഏകശാസനയായി ഭരിച്ചിരുന്ന ആ രാജ്യത്തിൽത്തന്നെ ഒരു തടവുകാരനായി കാലം കഴിപ്പാനുള്ള ദൈന്യത്തെ ഭയപ്പെട്ടു സ്വന്തം കൈയിനാൽ ജീവനാശം വരുത്തിയെന്നുമാണ് വർത്തമാനം.
താരാനാഥനു് ഇരുപത്തിരണ്ടു വയസ്സു് പ്രായമായി, വിദ്യാഭ്യാസവും മററും വേണ്ടതുപോലെ കഴിഞ്ഞു. അഘോരനാഥന്റെ ശിക്ഷയാൽ ശസ്ത്രശാസ്ത്രത്തിൽ സാധാരണയിൽ അധികം നിപുണനായിത്തീരുകയുംചെയ്തു. സ്വർണമയീദേവിക്കു പതിനേഴു വയസ്സായി. പ്രാജ്ഞനായ അഘോരനാഥന്റെ സഹവാസംകൊണ്ടു രണ്ടുപേരും വളരെ ബുദ്ധികൗശലവും സന്മാർഗനിഷ്ഠയും തനിക്കുതാൻപോരിമയും ഉള്ളവരായിത്തീർന്നു.
താരാനാഥനു് ഇരുപതു വയസ്സായവരെയും രാജധാനിയിൽത്തന്നെയായിരുന്നു സോദരീസോദരന്മാർ പാർത്തിരുന്നതു്. കപിലനാഥൻ രാജാവിന്റെ കോപം നിമിത്തം ആത്മഹത്യചെയ്തുവെന്നു രാജാവു കേട്ടപ്പോൾ ശുദ്ധാത്മാവായ അദ്ദേഹത്തിനു് അതികഠിനമായ പശ്ചാത്താപം ഉണ്ടായി. അതിനു കാരണഭൂതന്മാരായ ദുഷ്ടസചിവന്മാരെ അപ്പപ്പോൾത്തന്നെ കാരാഗൃഹത്തിലാക്കുവാൻ കല്പിച്ചു. കപിലനാഥന്റെ സന്താനങ്ങളെ വേണ്ടുംവണ്ണം വാത്സല്യത്തോടുകൂടി നോക്കിവളർത്തുവാൻ എല്ലാംകൊണ്ടും അഘോരനാഥനെപ്പോലെ ആരും തരമാവില്ലെന്നുവച്ചു, അവരെ അദ്ദേഹത്തെ പ്രത്യേകം ഭരമേല്പിച്ചു കൊടുക്കുകയും ചെയ്തു. എന്നുതന്നെയല്ല, രാജാവു് കൂടെക്കൂടെ അവരെ ആളയച്ചുവരുത്തി അവരെ യോഗക്ഷേമം അന്വേഷിക്കകയുംചെയ്യും. ചെറുപ്പകാലത്ത് അവരുടെ ഭവനം രാജമന്ദിരംതന്നെയായിരുന്നു, രാജകുമാരൻ അവരുടെ സഖാവായിരുന്നു. രണ്ടു സംവത്സരം ഇപ്പുറമാണു് അവർ അഘോരനാഥൻ ഒരുമിച്ചു് ഉദ്യാനഭവനത്തിലേക്കു പാർപ്പു മാറ്റിയതു്. അഘോരനാഥന്റെ ഭാര്യ മുപ്പതിൽ അധികം വയസ്സായിട്ടും പ്രസവിച്ചിട്ടുണ്ടായിരുന്നില്ല. ആ സ്ത്രീ താരാനാഥനെയും സ്വർണ്ണമയിദേവിയെയും വളെരെ സ്നേഹത്തോടുകൂടി തന്റെ സ്വന്തം മക്കളെപോലെ രക്ഷിച്ചുപോരുന്നുമുണ്ടു്. ഇങ്ങനെയാണു് ചന്ദനോദ്യാനത്തിന്റെയും അതിൽ പാർത്തുവരുന്നവരുടെയും വൃത്താന്തം.