കുന്ദലത
രചന:അപ്പു_നെടുങ്ങാടി
നായാട്ട്

കുന്ദലത

  • ആമുഖം
  1. യോഗീശ്വരൻ
  2. കുന്ദലത
  3. നായാട്ട്
  4. ചന്ദനോദ്യാനം
  5. രാജകുമാരൻ
  6. അതിഥി
  7. വൈരാഗി
  8. ഗൂഢസന്ദർശനം
  9. അഭിഷേകം
  10. ശിഷ്യൻ
  11. ശുശൂഷകി
  12. ദൂത്
  13. ദുഃഖ നിവാരണം
  14. അനുരാഗവ്യക്തി
  15. നിഗൂഹനം
  16. യുദ്ധം
  17. അഭിഞ്ജാനം
  18. വിവരണം
  19. വിമോചനം
  20. കല്യാണം

കുന്ദലത


[ 12 ] ശിശിരകാലം അവസാനിച്ചു് വസന്തം ആരംഭമായി. സൗരഭ്യവാനായ മന്ദമാരുതനെക്കൊണ്ടും ശീതോഷണങ്ങളുടെ ആധിക്യം ഇല്ലായ്‌മയാലും കോകിലങ്ങളുടെ കളകൂജിതങ്ങളെക്കൊണ്ടും പ്രഭാതകാലം വളരെ ഉത്സാഹകരമായിരുന്നു. അങ്ങനെയിരിക്കുംകാലം ഒരു നാൾ സൂര്യനുദിച്ചു പൊങ്ങുമ്പോൾ ആ‍യുധപാണികളായി ഏകദേശം നൂറാളൂകൾ കലിംഗരാജ്യത്തിനു സമീപമുളള ഒരു വനപ്രദേശത്തു് വട്ടമിട്ടു നിൽക്കുന്നതു് കാണായി. അവർ തമ്മിൽത്തമ്മിൽ അകലമിട്ടാണു നിൽക്കുന്നതു്. അതുകൊണ്ടു് അവരുടെ എല്ലാവരുടെയും മദ്ധ്യത്തിലുളള വൃത്താകാരമായ സ്ഥലം ഒന്നും രണ്ടും നാ‍‍ഴിക വിസ്താരമുളളതായിരിക്കണം. അവർ അന്യോന്യം ഒന്നും സംസാരിക്കുന്നില്ല. ആംഗ്യങ്ങളെക്കൊണ്ടു മാത്രമെ വിവരമറിയിക്കന്നുളളു. ചിലർ വില്ലു് കുലച്ചും ചിലർ കുന്തം തയ്യാറാക്കിപ്പിടിച്ചും, മററു ചിലർ വാളൂരിപ്പിടിച്ചും. ഇങ്ങനെ എല്ലാവരും സന്നദ്ധന്മാരായി നിൽക്കുന്നുണ്ടു്. നായാട്ടുകാരാണ്, മൃഗങ്ങൾ വരുന്നവയെ സംഹരിപ്പാൻ തയ്യാറായി നിൽക്കുന്നതാണെന്നു് അറിവാൻ പ്രയാസമില്ല. എല്ലാവരും സശ്രദ്ധന്മാരായി നിശ്ശബ്ദന്മാരായി അങ്ങനെ നിൽക്കന്നേരം, കറുത്ത കുപ്പായവും ചുമന്ന തൊപ്പിയുമുള്ള നീണ്ട ഒരാൾ, ഒരു വലി [ 13 ] യ കുതിരപ്പുറത്തു കയറി, നായാട്ടുകാർ നിൽക്കുന്നതിന്റെ ചുററും ഓടിച്ച്, അവരോട് വാളുകൊണ്ടു് ഓരോ അടയാളം കാണിച്ചും കൊണ്ട് പോയി. ആ അടയാളത്തിന്നനുസരിച്ച് നായാട്ടുകാർ എല്ലാവരും വേഗത്തിൽ മുമ്പോട്ടു വെക്കുംതോറും അവരുടെ നടുവിലുളള വൃത്തത്തിന്റെ പരിധി ക്രമേണ ചുരുങ്ങിത്തുടങ്ങി. അതിനിടയിൽ ആ വൃത്താകാരമായ സ്ഥലത്തിന്റെ നടുവിൽ നിന്ന്, നാലുദിക്കുകളിലും മാറെറാലിക്കൊളളുംവണ്ണം ഗംഭീരമായ ഒരു കാഹളശബ്ദം മുഴങ്ങി. ആ ശബ്ദത്തിന്റെ മുഴക്കം തീരുന്നതിനു മുമ്പുതന്നെ അതേ സ്ഥലത്തുനിന്നു് ആർപ്പുംവിളികളും ഭേരികളുടെ ചടപട ശബ്ദങ്ങളും ഉച്ചത്തിൽ കേൾക്കുമാറായി. അപ്പോഴേക്കു് ഓരോ കടവുകളിലായി വട്ടത്തിൽ പതിയിരിക്കുന്ന വേടന്മാരുടെ പരിഭ്രമവും ജാഗ്രതയും ഉത്സാഹവും പറഞ്ഞാൽ തീരുന്നതല്ല. കാടിളകി മൃഗങ്ങൾ പല ദിക്കിലേക്കും പ്രാണരക്ഷക്കായി പാഞ്ഞു തുടങ്ങി. എങ്ങോട്ടു പാഞ്ഞാലും ചെന്നുവീഴുന്നത് ആ അന്തകന്മാരുടെ മുമ്പാകെത്തന്നെ. അവർ അതാ! ഇതാ! പോയി! പിടിച്ചോ! എന്നിങ്ങനെ പല വിരുതുകൾ പറയുന്നു, മൃഗങ്ങളെ അധിവിദഗ്ദ്ധതയോടും കൂടി സംഹരിക്കുന്നു. ആയുസ്സ് ഒടുങ്ങാത്ത ദുർലഭം ചില മൃഗങ്ങൾ വേടന്മാരുടെ ഇടയിൽക്കൂടി ചാടിയോടി ഒഴിച്ചു് ഇടക്കിടെ പിൻതിരിഞ്ഞു നോക്കികൊണ്ടു കുതിച്ചു പായുന്നതു കണ്ടാൽ

'പശ്യോദഗ്രപ്ലുതത്വാദ്വിയതിബഹുതരം
സ്തോകമുർവ്വ്യാം പ്രയാതി'

എന്ന സ്വഭാവോക്തിയുടെ താല്പര്യംപോലെ ആയവ അധികം നേരം ആകാശത്തിൽക്കൂടിത്തന്നെയോ പോകുന്നതു് എന്നു തോന്നും; ഭ്രസ്പർശം അത്ര കുറച്ചു മാത്രമേയുള്ളു.

വ്യാഘ്രം, കരടി, പന്നി മുതലായ വലിയ മൃഗങ്ങളെ നടുവിൽ നിന്നു കാടിളക്കിയവർ, നായ്ക്കളെകൊണ്ടും കുതിരപ്പുറത്തുനിന്നു് കുന്തങ്ങളെക്കൊണ്ടും ആട്ടിക്കൊണ്ടുവരുമ്പോൾ ചുററും നിൽക്കുന്ന വേടർ അവയെ വഴി തെററിച്ചു്, കുണ്ടുകളിലേക്കും പാറകളുടെയും വൃക്ഷങ്ങളുടെയും ഇടുക്കുകളിലേക്കും പായിച്ചു്, എങ്ങും പോകാൻ നിവൃത്തിയില്ലാതാക്കി. നാലു പുറത്തുനിന്നും പലവിധ ആയുധങ്ങൾ അവയുടെമേൽ പ്രയോഗിക്കുമ്പോൾ, പ്രാണ ഭയം കൊണ്ടുണ്ടാവുന്ന ആർത്തനാദത്തോടു കലർന്നു സ്വതേ ഭയങ്കരങ്ങളായ അവയുടെ ശബ്ദങ്ങളും നഖമുഖാദികളെക്കൊണ്ടു കാണിക്കുന്ന ഭയാനകങ്ങളായ പല ചേഷ്ടകളും നിഷ്കണ്ടകന്മാരായ ആ വേടർക്കു് ഉത്സാഹത്തെ വർദ്ധിക്കുന്നതല്ലാതെ അല്പം പോലും ദയ തോന്നിക്കുന്നില്ല. കഷ്ടം! എങ്കിലും ഈ വേട്ടയ്ക്കു വലിയ ഒരു ഗുണമുണ്ട്. മാൻ, മുയൽ മുതലായ സാധുക്കളായ മൃഗങ്ങളെ ആരും ഉപദ്രവിച്ചുപോകരുതെന്ന കല്പനയുണ്ടായിരുന്നു. അതിനാൽ ദുഷ്ടമൃഗങ്ങൾ മാത്രമെ നശിക്കുന്നുള്ളു.

മൃഗങ്ങളെ കൊന്നുകൊന്ന്, ആ വലയത്തിനുള്ളിലുണ്ടായിരുന്ന [ 14 ] മൃഗങ്ങൾ ഒക്കെയും ഒടുങ്ങിയപ്പോഴേക്കു് ഭക്ഷിക്കത്തക്കതായ ചില മൃഗങ്ങളെ വേടർ തിരഞ്ഞെടുത്ത് വേറെ വച്ചുകൊണ്ടിരിക്കെ, നായാട്ടിനു വന്നിട്ടുളളതിൽ പ്രധാനികളായ രണ്ടാളുകൾ തങ്ങളുടെ ഭവനത്തിലേക്കു മടങ്ങിപ്പോകാൻ തയ്യാറായി, കുതിരപ്പുറത്തു കയറി. അവരുടെ വേഷംകൊണ്ടും മറ്റുളളവർ അവർക്കു കാണിക്കുന്ന വണക്കംകൊണ്ടും അവർ പ്രധാനികളാണെന്നു വേഗത്തിൽ അറിയാം. കറുത്ത കുപ്പായവും ചുവന്ന തൊപ്പിയും ഉളള ഒരാളെക്കുറിച്ചു മുമ്പെ പറഞ്ഞുവല്ലോ. അയാൾക്കു് അമ്പതു വയസ്സു പ്രായമായിരിക്കുന്നു. പലപ്പോഴും ഇങ്ങനെയുളള വ്യയാമംകൊണ്ടായിരിക്കുമെന്നു തോന്നുന്നു, അയാളുടെ അവയവങ്ങൾ വളരെ പുഷ്ടിയുളളവ ആയിരുന്നു. മുഖത്തിനു സൗമ്യത കുറയുമെ‍ങ്കിലും പുരുഷലക്ഷണം തികച്ചും ഉണ്ട്. നീണ്ട് അല്പം വളഞ്ഞ മൂക്കും, വിസ്തൃതമായ നെറ്റിയും വളരെ തടിച്ച പുരികക്കൊടികളും ഉണ്ടായിരുന്നതിനാൽ മറ്റ് അനവധി മുഖങ്ങളുടെ ഇടയിൽനിന്നു് ആ മുഖം തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. ഒരിക്കൽ കണ്ടാൽ ആ മുഖം മറക്കാനും എളുപ്പമല്ല.

മറ്റേ ആൾ അതിസുഭഗനും സൗമ്യനുമായ ഒരു ചെറുപ്പക്കാരനാണു്. എകദേശം ഇരുപത്തഞ്ചു വയസ്സു പ്രായമായിരിക്കുന്നു. അധികം എകരമില്ല. വളരെ കൗതുകം തോന്നുന്ന നീല വില്ലീസ്സുകൊണ്ടു് ഒരു കുപ്പായവും ചുവന്ന കസവുതൊപ്പിയുമുണ്ടു്. വേട്ടയ്ക്കു താല്പര്യമുണ്ടെങ്കിലും പരിചയം കുറയുമെന്നു കണ്ടാൽ തീർച്ചയാവും.ദുർഘടമായ ദിക്കുകളിൽക്കൂടി കുതിരയെ വേഗത്തിൽ ഓടിപ്പാൻ സാമർത്ഥ്യം കുറയും. വേട്ടയുടെ അദ്ധ്വാനംകൊണ്ട് രണ്ടു പേർക്കും നല്ലവണ്ണം വിയർത്തിരിക്കുന്നു. ക്ഷീണം തീർക്കുവാനായിട്ട് ഒരുവൻ കുറെ പാലും പലഹാരങ്ങളും കൊണ്ടുവന്നു. രണ്ടുപേരുംകൂടി അതു ഭക്ഷിച്ചു ക്ഷീണം തീർത്തശേഷം നമ്മുടെ 'കുമാരനെവിടെ?' എന്ന് വലിയ ആൾ ഉച്ചത്തിൽ ചോദിച്ചതിനു് 'സ്വാമി അല്പം തെക്കോട്ടു പോയിരിക്കുന്നു. ഞങ്ങളിൽ ചിലരും ഒരുമിച്ചു പോയിട്ടുണ്ടു് 'എന്ന് ഒരു വേടൻ ഉത്തരം പറഞ്ഞു.'അയാൾക്ക് അപകടം ഒന്നും വരില്ലായിരിക്കും 'എന്ന് ആ ചെറുപ്പകാരനും പറഞ്ഞു. ഇങ്ങനെ രണ്ടാളുംകൂടി പോയ കുമാരൻ വരുന്നതു കണ്ടുകൊണ്ടിരിക്കെ തെക്കുനിന്ന് അതിഘോഷമായ ആർപ്പും കോലാഹലവും കേൾക്കുമാറായി. ഉടനെ എല്ലാവരുംകൂടി ആ ദിക്കിന്നു നേരിട്ടു പാഞ്ഞു. ഇരുവരും അങ്ങോട്ടു കുതിരയെ ഓടിച്ചു. അവിടെ വൃക്ഷങ്ങൾ കുറഞ്ഞ നിരന്ന ഒരു സ്ഥലമുണ്ടു്. അതിന്റെ അങ്ങേ അറ്റത്തുനിന്നു് ഇവർ കാത്തുനിന്നിരുന്ന കുമാരൻ ജീനിയില്ലാതെ ഒരു കുതിരപ്പുറത്തു കയറി. അതികേമത്തിൽ പായിപ്പിക്കുന്നതും അതിന്റെ പിന്നിൽ, തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ വലിയ ഒരു കൊമ്പനാന അയാളെ പിടിപ്പാൻ തുമ്പിക്കൈ നീട്ടിക്കൊണ്ടു പാഞ്ഞണയുന്നതും കണ്ടു.ആനയ്ക്കു ദ്വേഷ്യം സഹിക്കുന്നില്ല. ഉളള ശക്തിയൊക്കെയുമിട്ടു [ 15 ] മണ്ടുന്നതുമുണ്ടു്. ആപൽക്കരമായ ഈ അവസ്ഥ കണ്ടപ്പോൾ അയ്യൊ! എന്ന ശബ്ദം കണ്ടുനിൽക്കുന്ന അധികം അളുകളിൽ നിന്നും ഒന്നായി പുറപ്പെട്ടു. ആ ശബ്ദം പുറപ്പെടാനിടയുണ്ടായില്ല. അപ്പോഴേക്കുതന്നെ എങ്ങനെ എന്നറിയാതെ ആന പൊടുന്നനെ അവിടെനിന്നു് ഇടത്തും വലത്തും ചുവട്ടിലേക്കു നോക്കി വട്ടം തിരിഞ്ഞുതുടങ്ങി. അതിനിടയിൽ കുമാരൻ കുതിരയെ ഓടിച്ച് ആനയെ വളരെ പിന്നിട്ടു. അപ്പോൾ ഹാ! ഹാ! എന്ന സന്തോഷ സൂചകമായ ശബ്ദം കാണികളിൽനിന്നു പുറപ്പെട്ടു.

ഉടനെ ജനങ്ങൾ എല്ലാവരും ഏകാഗ്രദൃഷ്ടികളായി, ആന നിന്നു പോകാൻ കാരണമെന്തെന്നു സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു വേടൻ ഓടുന്ന ആനയുടെ കാലിന്നിടയ്ക്ക് കടന്നുകൂടി. ഒരു കാലിന്മേൽ പറ്റിനിന്ന് അതിന്മേൽ കട്ടാരംകൊണ്ടു കുത്തുന്നതു കണ്ടു. കുമാരന്റെ പിന്നാലെ പായുകയാൽ അവൻ ഉപദ്രവം ഏല്പിക്കുന്നതു കുറെ നേരത്തേക്കു ആന അറിഞ്ഞില്ല. പിന്നെ വേദന സഹിക്കുവാൻ കഴിയാതായപ്പോൾ ആന കുമാരനെ ഉപേക്ഷിച്ച് തന്റെ പുതിയ ശത്രുവിനെ പിടിപ്പാൻ ശ്രമിച്ചുതുടങ്ങിയതാണെന്നു തെളിവായി. അത്ര കഠിനമായി ഉപദ്രവിക്കുന്ന ആ ശത്രവിനെ പിടികിട്ടായ്കയാൽ ആ വലിയ ജന്തുവിന് ഭ്രാന്തുപിടിച്ചു കാണിക്കുന്ന ഗോഷ്ടികൾ കണ്ടു്, കാണികൾ സന്തോഷിക്കുമ്പോൾ, കാലിന്നടിയിൽ പറ്റികൂടിയിരിക്കുന്ന വേടൻ വളരെ സാമർത്ഥ്യത്തോടുകൂടി ഉരണ്ടുപിരണ്ട്, ആനയ്ക്കു പിടിപ്പാൻ കിട്ടാതെ പാഞ്ഞൊഴിഞ്ഞു. അപ്പോഴും ജനങ്ങളിൽ നിന്നു സന്തോഷശബ്ദം പുറപ്പെട്ടു.

ഇനി ആന എങ്ങോട്ടു പായുന്നുവോ എന്നറിയാതെ എല്ലാവരും ഒന്നു നടുങ്ങി. അപ്പോഴേക്കു മറ്റൊരു വേടൻ ജീനികൂടാതെ ഒരു കുതിരപ്പുത്തു കയറി പൃഷ്ടഭാഗം ആനയുടെ മുന്നിലേക്കാക്കി ആനയുടെ അടുത്തു ചെന്നു നിന്നും തല തിരിച്ചു പിന്നോക്കം ആനയെ നോക്കിക്കൊണ്ടും അതിനെ വെറി ഇടുപ്പിക്കുവാൻ ഓരോന്നും പറഞ്ഞുകൊണ്ടും കുതിരയെ പതുക്കെപ്പതുക്കെ ഓരോ അടിയായി പിന്നോട്ടു നടത്തി ആനയോടു അധികം അടിപ്പിച്ചുതുടങ്ങി. കണ്ടുനിൽക്കുന്നവർ അത്ഭുതം കൊണ്ടു നിശ്ശബ്ദന്മാരായി. ആന കുറെ നേരത്തേക്ക് ഒന്നും അനങ്ങാതെ നിന്നു. വേടനും കുതിരയും ഹസ്തപ്രാപ്തമായി എന്നു തോന്നിയപ്പോൾ അവിടെ നില്ക്കുന്നവർ ഒക്കേയും ഞെട്ടത്തക്കവണ്ണം ഒന്നു ചീറി, ചെവിയടുത്തു പിടിച്ച് തുമ്പിക്കൈനീട്ടി, വാലുയർത്തി ഭൂമികുലുങ്ങത്തക്കവിധത്തിൽ മുമ്പോട്ടു പാഞ്ഞു. കൈയിൽക്കിട്ടിപ്പോയി എന്നുതന്നെയാണ് ആന വിശ്വസിച്ചതു്, നോക്കിയപ്പോൾ വേടൻ തന്റെ കുതിരയെ തിരിച്ചോടിച്ചു് ആനയുടെ ഇടത്തുഭാഗത്തായി കുറെ ദൂരെ ചെന്നു നില്ക്കുന്നതു കണ്ടു. ആശാഭംഗംകൊണ്ടു് ആനയ്ക്കുണ്ടായ ദ്വേഷ്യം വിചാരിച്ചാൽ അറിയാവുന്നതാണു്. ഒട്ടും താമസ്സിയാതെ ആന തിരിച്ചു പിന്നെയും അവനെ പിടിക്കുവാൻ പാഞ്ഞു. വേടൻ മുമ്പിലും ആന പിമ്പിലുമായി നേ [ 16 ] രും കിടയുമിട്ടു് പായുന്നതിനിടയിൽ വേടൻ പിന്നോക്കം തിരിഞ്ഞു് ആനയെ ചൊടിപ്പിക്കുവാൻ ഒരു വടി നീട്ടിക്കാണിച്ചികൊടുക്കുന്നു. കുതിര നില്ക്കാതെ പായുന്നു. ആന വേടനെ അടുക്കുന്തോറും അതിധീരനായ ആ വേടന്റെ ജീവനെക്കുറിച്ചു കാണികൾക്കെല്ലാവർക്കും പേടി തുടങ്ങി. ഇതിനിടയിൽ ആനയുടെ പിന്നാലെ വെട്ടുകത്തി ഊരിപ്പിടിച്ചുകൊണ്ടു് രണ്ടു വേടന്മാർ പാളിപ്പതുങ്ങിയടുത്തുകൂടുന്നതു് എല്ലാവർക്കും കാണുമാറായി. ആനമാത്രം അവരെ കണ്ടില്ല. കഷ്ടം! വേടനെ പിടിച്ചുപിടിച്ചു എന്ന് എല്ലാവർക്കും തോന്നിയപ്പാഴേക്കു് ആന പൊടുന്നനെ പിന്നോക്കം ഇരുത്തുന്നതു കണ്ടു. നോക്കിയപ്പോൾ പിന്നാലെ വന്നിരുന്ന ഒരു വേടൻ മുഴങ്കാലിന്റെ പിൻഭാഗത്തുള്ള വലിയ പാർഷികസ്നായുവിനെ വെട്ടിമുറിക്കയാൽ ആനയ്ക്കു പിന്നെ ഒരടിവയ്ക്കുവാൻ നിവൃത്തിയില്ലാതായി വീണതാണെന്നു പ്രത്യക്ഷമായി. രണ്ടു കാലിന്മേൽനിന്നും രക്തം ധാരാളമായി ഒലിക്കുകയാൽ ആന മോഹലാസ്യപ്പെട്ടുകിടന്നു. വേടന്മാർക്കു് ജയംകൊണ്ടു വളരെ സന്തോഷം, ആനയ്ക്കു അതി കഠിനമായ മരണം.

ആന വീണ ഉടനെ, അതിന്റെ മുമ്പിൽ സാഹസമായി ഓടിച്ചുവന്നിരുന്ന കുമാരനെ കാത്തുനിന്നിരുന്ന ആ രണ്ടാളുകളും അടുത്തുചെന്നു് സന്തോഷത്തോടുകൂടി ആലിംഗനംചെയ്തു. പിന്നെ അല്പനേരം ആനയുടെ വ്യസനകരമായ അവസാനം കണ്ടു ഖിന്നന്മാരായി നിന്നു് മൂന്നപേരുംകൂടി തങ്ങളുടെ ഭവനത്തിനു നേരിട്ടു കുതിരകളെ നടത്തുകയും അവരുടെ ആൾക്കാരായ പലരും അവരുടെ പിന്നാലെ തന്നെ പോകയുംചെയ്ത.

"https://ml.wikisource.org/w/index.php?title=കുന്ദലത/നായാട്ട്&oldid=30488" എന്ന താളിൽനിന്ന് ശേഖരിച്ചത്