'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/മാറുന്ന മാതൃത്വം

'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?
രചന:ജെ. ദേവിക
മാറുന്ന മാതൃത്വം
[ 113 ]
മാറുന്ന
മാതൃത്വം


കുടുംബത്തിന്റെ നെടുംതൂണെന്ന് എല്ലാവരും സമ്മതിക്കുന്ന മാതൃത്വം, പക്ഷേ, യഥാർത്ഥജീവിതത്തിൽ വേണ്ടത്ര മാനിക്കപ്പെടുന്നുണ്ടോ? അമ്മയാവുകയെന്ന അനുഭവം വളരെ ആനന്ദകരമാണെന്നു നാം പറയുമ്പോഴും അതു പലപ്പോഴും ആശങ്കനിറഞ്ഞ, യാതനാപൂർണ്ണമായ അനുഭവമായിത്തീരുന്നതെന്തുകൊണ്ട്? കുട്ടികളെ വളർത്താനുള്ള പരമ്പരാഗതരീതികളെ തള്ളിക്കളഞ്ഞുകൊണ്ടാണ് നവീനമാതൃത്വാദർശം ഇവിടെ രംഗപ്രവേശംചെയ്തത്. ആധുനികവിദ്യാഭ്യാസം നേടിയ സ്ത്രീകളുടെ ആദ്യതലമുറ പുതിയ മാതൃത്വാദർശത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് സൂക്ഷ്മമായി ആലോചിക്കുകയും ചെയ്തിരുന്നു. പക്ഷേ, സ്ത്രീകളുടെ സുരക്ഷിതത്വത്തിന് കൃത്യമായ ഉറപ്പൊന്നും നൽകാത്ത, ആധുനിക കുടുംബത്തിന്റെ ഇടുങ്ങിയ താൽപര്യങ്ങൾക്കുള്ളിൽ തളയ്ക്കപ്പെട്ട ഒരു മാതൃത്വാദർശമാണ് വ്യാപകമായി പ്രചരിക്കപ്പെട്ടതും പ്രയോഗത്തിൽവന്നതും.


'അമ്മ'യ്ക്കും മാറ്റമോ?

"പോറ്റമ്മ എത്ര ചമഞ്ഞുവന്നാലും പെറ്റമ്മയാവില്ല' എന്ന പഴഞ്ചൊല്ല് കേൾക്കാത്ത മലയാളികൾ കുറയും. പ്രസവിച്ച അമ്മയുടെ സ്നേഹത്തിനൊപ്പമെത്തുന്ന ഒന്നുംതന്നെയില്ലെന്ന അർത്ഥമാണ് നാം ഇതിന് സാധാരണ കൽപ്പിക്കാറ്. 'അമ്മ' എന്ന ആദർശരൂപത്തിന് കാലത്തിന് അതീതമായ പ്രസക്തിയാണ് നാം കൽപ്പിക്കാറ്. എന്തെല്ലാം മാറിയാലും മാറാത്ത ഒന്നാണ് 'മാതാവ്' എന്ന സങ്കൽപ്പം എന്നു നമ്മൾ കരുതുന്നു. [ 114 ]

പക്ഷേ, മാറിവരുന്ന കുടുംബവ്യവസ്ഥയ്ക്കുള്ളിൽ മാതൃത്വവും മാറുന്നുണ്ടെന്നാണ് ചരിത്രഗവേഷണം നമുക്കുതരുന്ന അറിവ്. കൂട്ടുകുടുംബവ്യവസ്ഥ നിലനിന്നപ്പോഴുണ്ടായിരുന്ന മാതൃസങ്കൽപ്പം, ലേശവും മാറാതെ, അണുകുടുംബങ്ങൾ സാർവ്വത്രികമായിത്തീർന്നിരിക്കുന്ന ഇന്നും നിലവിലുണ്ടെന്ന് വിചാരിക്കുന്നതിൽത്തന്നെ അൽപ്പം പന്തികേടില്ലേ? അതുപോലെ മരുമക്കത്തായകുടുംബങ്ങളും മക്കത്തായകുടുംബങ്ങളും ഇവരണ്ടും ചേർന്നുണ്ടായ "മിശ്രദായ'കുടുംബങ്ങളും നിലവിലുണ്ടായിരുന്ന കേരളത്തിൽ എല്ലാവരുടെയും മാതൃസങ്കൽപ്പം ഒന്നുതന്നെയായിരുന്നിരിക്കാൻ ഇടയില്ലല്ലോ?

എന്തായാലും മരുമക്കത്തായ കുടുംബങ്ങളിൽ 'അമ്മ' എന്ന സ്ഥാനത്തിന് പ്രത്യേകം വിലയും മാന്യതയുമുണ്ടായിരുന്നുവെന്ന് കേരളത്തിലെ മരുമക്കത്തായത്തെപ്പറ്റി പഠനം നടത്തിയ നരവംശശാസ്ത്രജ്ഞരുടെ രചനകളും മരുമക്കത്തായ കൂട്ടുകുടുംബങ്ങളിൽ ജനിച്ചുവളർന്ന പലരുടെയും ആത്മകഥകളും സാക്ഷ്യപ്പെടുത്തുന്നു. കാരണവർക്ക് ഒപ്പംതന്നെ തറവാട്ടിലെ മൂത്തസ്ത്രീക്കു പ്രാധാന്യമുണ്ടായിരുന്നുവെന്ന് ഈ ലേഖകർ ചൂണ്ടിക്കാണിക്കുന്നു. തറവാടുമായി ഓരോ വ്യക്തിയും ബന്ധപ്പെട്ടിരുന്നത് അമ്മവഴിയായിരുന്നതിനാൽ മാതാവും സന്താനങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമായ ഒന്നായിരുന്നു. ഇന്നത്തെ അണുകുടുംബത്തിൽ ഭർത്താവ് വീട്ടിനുപുറത്തദ്ധ്വാനിച്ച് ഭാര്യയേയും മക്കളേയും പോറ്റുന്ന രീതിയാണല്ലോ നടപ്പിലുള്ളത്. എന്നാൽ പഴയ കൂട്ടുകുടുംബങ്ങളിൽ ഇതായിരുന്നില്ല പതിവ്. കുടുംബത്തിനാവശ്യമായ ഭൗതികവിഭവങ്ങൾ സമ്പാദിക്കുന്നതിന് കുടുംബം നേരിട്ടു നടത്തുകയോ നടത്തിക്കുകയോ ചെയ്ത കൃഷി മുതലായ പ്രവർത്തനങ്ങളിൽ മൂത്തസ്ത്രീകൾ പങ്കാളികളായിരുന്നു; അവർ പണം കൈകാര്യം ചെയ്തിരുന്നു. ഇന്നു നമ്മൾ വീട്ടുജോലി എന്നു തിരിച്ചറിയുന്നതിനേക്കാൾ വളരെ വിപുലമായ പ്രവർത്തനങ്ങളാണ് അക്കാലത്ത് വീട്ടുകാരുടെ ദൈനംദിനനിലനിൽപ്പിനാവശ്യമായിരുന്നത് (മുമ്പൊരദ്ധ്യായത്തിൽ ഇതു വിശദമാക്കിയിട്ടുണ്ട്). ഇങ്ങനെ കുടുംബജീവിതത്തിന്റെ എല്ലാവശങ്ങളിലും മൂത്തസ്ത്രീകൾക്ക് പ്രവേശനമുണ്ടായിരുന്നു. 'തറവാട്ടിലമ്മ'യുടെ സ്ഥാനം കേവലം 'സ്നേഹത്തിന്റേ'തായിരുന്നില്ല എന്നർത്ഥം! അത് ഭൗതികമായ അധികാരമുള്ള സ്ഥാനംതന്നെയായിരുന്നു. സ്വത്തുബന്ധവും കുടുംബബന്ധവും അച്ഛൻവഴിക്കു കണക്കാക്കിയ മക്കത്തായകുടുംബങ്ങളിൽപ്പോലും പ്രായമുള്ള സ്ത്രീകൾ - വിശേഷിച്ച് മൂത്തപുരുഷന്റെ അമ്മ - വളരെ വലിയ സ്വാധീനം ചെലുത്തിയിരുന്നുന്നെന്നും രേഖകൾ സൂചിപ്പിക്കുന്നു. ഭൗതികകാര്യങ്ങളിലും കുടുംബകാര്യങ്ങളിലും അവരുടെ അഭിപ്രായം പലപ്പോഴും പ്രധാനമായിരുന്നു.

മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ, പഴയ കൂട്ടുകുടുംബങ്ങളിൽ പെറ്റമ്മയ്ക്കു കൽപ്പിച്ച പ്രാധാന്യം അവരുടെ സ്വഭാവത്തിലെയോ പെരുമാറ്റത്തിലെയോ നന്മതിന്മകളെ അധികം ആശ്രയിച്ചിരുന്നില്ല. അതെന്തായാലും മാതാവിന്റെ സ്ഥാനം പൂജനീയമായിരുന്നു, വിശേഷിച്ചും മരുമക്കത്തായകുടുംബങ്ങളിൽ. നേരത്തെ പറഞ്ഞതുപോലെ, കുടുംബത്തിന്റെ ഘടനയിലേക്ക് ഓരോ വ്യക്തിയെയും ചേർക്കുന്നത് മാതാവായതുകൊണ്ട് അവരുടെ സ്ഥാനത്തിന് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടോടുകൂടി ഈ വിശ്വാസത്തിൽ മാറ്റംവന്നു. കൂട്ടുകുടുംബം എന്ന ആദർശത്തിനുപകരം ആധുനിക അണുകുടുംബമാതൃക ഉന്നയിക്കപ്പെട്ട കാലമായിരുന്നു അത്. കുട്ടികളെ ഏറ്റവും നന്നായി വളർത്തിയെടുക്കാനാവുന്നത് അണുകുടുംബത്തിലാണെന്നും അച്ഛനമ്മമാരുടെ നേരിട്ടുള്ള ശ്രദ്ധയും പരിചരണവുമാണ് കുട്ടികളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമെന്നും 19-ാം നൂറ്റാണ്ടിൽ മിഷണറിമാരും, ആധുനികവിദ്യാഭ്യാസം നേടിയ നാട്ടുകാരുടെ ചെറുസംഘവും വാദിച്ചു. ഇത് ക്രമേണ അമ്മയുടെ ഉത്തരവാദിത്വമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. 'മാതാവ്' എന്ന പേരിന് അർഹയാകണമെങ്കിൽ പ്രസവിച്ചാൽമാത്രം പോര, ഏറ്റവും നന്നായി വളർത്തുകകൂടി ചെയ്യണമെന്ന ആവശ്യമായിരുന്നു ഈ നവമാതൃത്വാദർശത്തിന്റെ കാതൽ. മക്കളുടെ നന്മയ്ക്കുവേണ്ടി ജീവിതവും ജീവനും ഉഴിഞ്ഞുവയ്ക്കന്ന മാതാവാണ് ഉത്തമമാതാവ്; കുട്ടികളെ സമർത്ഥമായി നിയന്ത്രിച്ചും നേർവഴിക്കു നടത്തിയും വിദ്യാഭ്യാസം ചെയ്യിച്ചും, അതുപോലെ അവരുടെ ശാരീരികവളർച്ചയെ പരമാവധി പോഷിപ്പിച്ചുമാണ് അമ്മ തന്റെ കടമ നിർവ്വഹിക്കേണ്ടത്; ഇങ്ങനെ സ്വന്തം കർത്തവ്യം അറിഞ്ഞുചെയ്യുന്ന അമ്മമാർ വീടിനുമാത്രമല്ല, രാജ്യത്തിനുതന്നെ വലിയ നേട്ടം ഉണ്ടാക്കിക്കൊടുക്കുന്നവരാണ് - 19-ാം നൂറ്റാണ്ടിൽനിന്നുള്ള നിരവധി രേഖകളിൽ - ആദ്യകാല നോവലുകളിൽ, മിഷണറിമാരുടെ എഴുത്തുകുത്തുകളിൽ, സർക്കാർരേഖകളിൽ, പത്രമാസികകളിൽ - ഈ ആശയങ്ങൾ നിറഞ്ഞുനിൽക്കുന്നുവെന്ന് കാണാം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ പ്രസവമെന്ന ശാരീരികപ്രക്രിയയെക്കാളധികം വളർത്തുക എന്ന സാമൂഹ്യവൽക്കരണപ്രക്രിയയ്ക്ക് നവമാതൃത്വത്തിൽ പ്രാധാന്യമേറി. [ 115 ]


ഈ മാറ്റം അക്കാലത്തു ജീവിച്ചിരുന്ന പലരും രചിച്ച ആത്മകഥകളിൽ സ്പഷ്ടമായും കാണാം. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ തിരുവിതാംകൂറിലെ പ്രമുഖ പണ്ഡിതനും സമുദായനേതാവും സർക്കാരുദ്യോഗസ്ഥനുമായിരുന്ന സാഹിത്യപഞ്ചാനനൻ പി.കെ.നാരായണപിള്ള തന്റെ അമ്മയെക്കുറിച്ചെഴുതിയത് ശ്രദ്ധിക്കുക:

മാതാക്കളെക്കുറിച്ച് ആദരവും ഭക്തിയും തോന്നുന്നത് അവരുടെ ശീലം, ജ്ഞാനം മുതലായ ഗുണങ്ങൾ നോക്കിയല്ലല്ലോ? അങ്ങനെയുള്ള ഗുണങ്ങൾ കുറിക്കോൽകൊണ്ട് അളന്നുനോക്കി മാതൃഭക്തിയിൽ ഏറ്റക്കുറവുകൾ അനുഷ്ഠിക്കുന്നതും പതിവല്ല. എങ്കിലും എന്റെ മാതാവിന്റെപേരിൽ ഗാഢമായ പ്രതിപത്തിക്കു വിശേഷാൽ സംഗതികളുമുണ്ട്.

(സ്മരണമണ്ഡലം, കോട്ടയം,
(1943)1964, പുറം 107)


മാതാവിനോടുള്ള സ്നേഹബഹുമാനങ്ങൾ തന്നിൽ വർദ്ധിക്കാനിടയായ സംഭവങ്ങളാണ് അദ്ദേഹം തുടർന്നു വർണ്ണിക്കുന്നത്. എന്നാൽ നിലവിലുള്ള ആദർശം മറ്റൊന്നായിരുന്നുവെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. ഈ കാര്യം മിഷണറിമാരുടെ ശ്രദ്ധയിലും പെട്ടിരുന്നു. ശക്തരായ തറവാട്ടിലമ്മമാരെ സ്വാധീനിക്കുന്നതിലൂടെവേണം ഈ നാട്ടിൽ ആധുനിക വിദ്യാഭ്യാസം വ്യാപകമാക്കേണ്ടതെന്ന് ഇക്കൂട്ടരിൽ ചിലർ കരുതി. 1846ൽ കോട്ടയത്തെ സി.എം.എസ് (CMS) മിഷണറി ആസ്ഥാനത്തു പ്രവർത്തിച്ചിരുന്ന ശ്രീമതി ഹോക്ക്സ്വർത്ത് (Mrs. Hawkesworth) എന്ന സ്ത്രീ 1847ൽ ഇങ്ങനെ എഴുതി:

ഇംഗ്ലണ്ടിലെ അമ്മമാർ തങ്ങളുടെ സന്തതികളുടെ മനസ്സിൽ ഇത്രയധികം സ്വാധീനം ചെലുത്തുന്നുവെങ്കിൽ... തങ്ങളുടെ സന്താനങ്ങളുടെമേൽ പതിന്മടങ്ങ് [ 116 ] സ്വാധീനം ചെലുത്തുന്നവരായ ഈ നാട്ടിലെ മാതാക്കന്മാരുടെ മനസ്സുകളെ നേർവഴിയിലേക്കു തിരിച്ചുവിടേണ്ടത് എത്രയോ ആവശ്യമായിരിക്കുന്നു!

(The Missionary Register, London, 1847, പുറം 476)


പുതിയ മാതൃസങ്കൽപ്പമനുസരിച്ച് ഇത്തരം സംസ്കരണമാണ് സാമൂഹ്യമാറ്റത്തിന്റെ ആദ്യചുവട്. കാരണം മാതാവിന്റെ ശീലങ്ങളും സ്വഭാവങ്ങളും അപ്പാടെ കുട്ടികളിലേക്കു പകരുമെന്ന വിശ്വാസംതന്നെ. സ്ത്രീവിദ്യാഭ്യാസത്തിന്റെ ഏറ്റവും സാധാരണമായ ന്യായീകരണമായി ഇതു മാറി. ഒപ്പം, പരമ്പരാഗതകുടുംബങ്ങളിൽ കുട്ടികളെ വളർത്തുന്ന രീതി ആകെ അബദ്ധമാണെന്ന പ്രഖ്യാപനവുമുണ്ടായി. ആദ്യകാലമലയാളനോവലുകളിൽ പലതും "നല്ലകുടുംബ'ത്തിന്റെയും "ചീത്ത കുടുംബ'ത്തിന്റെയും മാതൃകകളെ വായനക്കാരുടെ മുന്നിലവതരിപ്പിച്ചു.

എന്നാൽ കുട്ടികളുടെ ശരിയായ പരിചരണത്തെക്കുറിച്ചുള്ള ഉപദേശം ആദ്യകാലത്ത് പുരുഷന്മാരെയും ഉന്നംവച്ചിരുന്നു. നവീനവിദ്യാഭ്യാസം, പെരുമാറ്റരീതികൾ, സദാചാരമൂല്യങ്ങൾ തുടങ്ങിയവയുമായി കൂടുതൽ പരിചയം ആ കാലത്ത് പുരുഷന്മാർക്കായിരുന്നതുകൊണ്ടായിരുന്നിരിക്കാം ഇങ്ങനെ സംഭവിച്ചത്. 1889ൽ ആധുനികതിരുവിതാംകൂറിന്റെ സ്രഷ്ടാവായി അംഗീകരിക്കപ്പെട്ട ദിവാൻ മാധവരായർ എഴുതിയ Hints on the Training of Native Children എന്ന പുസ്തകം (1889) അച്ഛന്മാരെയാണ് അഭിസംബോധന ചെയ്യുന്നത്. 'കോലുകൊണ്ടുള്ള' ശാസന യാതൊരു ഗുണവുംചെയ്യില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് കുട്ടികളുടെ കായികവും മാനസികവും വൈകാരികവുമായ പരിരക്ഷയുടെ സൂക്ഷ്മവശങ്ങളിലേക്ക് മാധവരായർ ഈ പുസ്തകത്തിൽ കടന്നു. അച്ഛന്റെ ശീലവും പെരുമാറ്റവും അനുകരിക്കാനുള്ള വാസന കുട്ടികളിലുണ്ടെന്നതിനാൽ സ്വയം നന്നാവാൻ അച്ഛൻ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു:

അച്ഛന്റെ നടത്ത നല്ലതായിരുന്നാൽ അതിനെ കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നതിനാലുണ്ടാകുന്ന ഫലം അച്ഛന്റെ ഉപദേശങ്ങളെക്കാളും അധികം ഗുണകരമായിരിക്കും... അതിനാൽ കുഞ്ഞുങ്ങൾ പിൽക്കാലത്തിൽ എങ്ങനെ നടക്കണമെന്ന് അച്ഛൻ വിചാരിക്കുന്നുവോ ആ മാതിരി കുഞ്ഞുകാൺകെ അച്ഛൻ നടന്നുകൊള്ളുന്നതിനു ശ്രമിക്കണം. (പുറം 23)

എന്നാൽ 20-ാം നൂറ്റാണ്ടായപ്പോഴേക്കും ഈ ഉപദേശം ഏതാണ്ട് മുഴുവനും സ്ത്രീകളെ ഉദ്ദേശിച്ചായി. സമുദായപ്രസ്ഥാനങ്ങളിലൂടെയും സർക്കാരിന്റെ പ്രചരണത്തിലൂടെയും പുതിയ പാഠപുസ്തകങ്ങളിലൂടെയും മറ്റും നവമാതൃത്വാദർശത്തിന് നല്ല പ്രചരണം ലഭിച്ചു. ആദ്യകാലസ്ത്രീവാദികളിൽ പലരും ഈ ആദർശം സ്ത്രീക്ക് അണുകുടുംബത്തിനുള്ളിൽ പ്രവർത്തിക്കാൻ കൂടുതൽ അവസരം നൽകുന്നുണ്ടെന്ന് വാദിച്ചു; സ്ത്രീവിദ്യാഭ്യാസത്തിനുള്ള ശക്തമായ ന്യായീകരണമെന്ന നിലയ്ക്കും ഇതവർക്ക് സ്വീകാര്യമായിത്തീർന്നു. എന്തായാലും, അണുകുടുംബത്തിന്റെ ചിട്ടവട്ടങ്ങളിലാണ് കുഞ്ഞ് വളരുന്നത്, അല്ലെങ്കിൽ വളരേണ്ടത്, എന്ന ധാരണയായിരുന്നു ഈ ഉപദേശങ്ങളുടെ പിന്നിൽ. 1921ൽ പ്രസിദ്ധീകരിക്കപ്പെട്ട 'വിദ്യാഭ്യാസത്തിൽ സ്ത്രീകളുടെ സ്ഥാനം' എന്ന ലേഖനം നല്ല ഉദാഹരണമാണ്:

[ഒരു ശിശു] ആദ്യം പരിചയപ്പെടാൻ ഇടവരുന്ന ആളുകൾ അതിന്റെ മാതാപിതാക്കന്മാരല്ലാതെ മറ്റാരുമല്ലല്ലോ. മാതാപിതാക്കന്മാരിൽത്തന്നെയും മാതാവിനെയാണ് അത് അധികവും സംബന്ധിക്കുന്നത്. ശൈശവത്തിൽ നമ്മെ ശുശ്രൂഷിച്ചു സർവ്വഥാ കാത്തുസൂക്ഷിച്ചുപോരുന്നതു നമ്മുടെ അമ്മയാകുന്നു. പിതാവിനു വേറെ ധാരാളം ജോലികൾ നിർവ്വഹിക്കുവാനുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ ലാളനയ്ക്ക് നാം അത്രയധികം പാത്രീഭവിക്കുന്നില്ല. തന്നിമിത്തം ശിശുക്കളായിരിക്കുമ്പോൾ നമ്മുടെ സ്നേഹഭാജനമായ അമ്മയുടെ സകല ചേഷ്ടകളെയും നാം ശ്രദ്ധാപൂർവ്വം അനുകരിക്കുന്നു....

(ലക്ഷ്മീഭായി, പുറം 206)


എന്നാൽ കൂട്ടുകുടുംബങ്ങളിൽ കുട്ടികളെ വളർത്തുന്നതിന്റെ ഉത്തരവാദിത്വം പെറ്റമ്മയുടേതു മാത്രമായിരുന്നില്ലെന്നും, ഇവിടെപ്പറഞ്ഞ നേരിട്ടുള്ള, തീവ്രമായ, അനുകരണം അവിടെ സംഭവിക്കാനിടയില്ലെന്നുമാണ് നരവംശശാസ്ത്രജ്ഞരുടെ രചനകൾ നമുക്കു തരുന്ന സൂചന. കൂട്ടുകുടുംബങ്ങളെപ്പറ്റി ഇവർ നടത്തിയ പഠനങ്ങളിൽ പഴയ നായർതറവാടുകളിൽ പെറ്റമ്മയ്ക്കുപുറമെ വല്യമ്മ - ചെറിയമ്മമാർ, അമ്മൂമ്മമാർ, മുത്തശ്ശി മുതലായ നിരവധി സ്ത്രീകളും തറവാട്ടിൽ പണിയെടുക്കുന്ന സ്ത്രീകളും ചേർന്നാണ് ശിശുസംരക്ഷണത്തിന്റെ ചുമതല വഹിച്ചിരുന്നത്. M.S.A. Rao എന്ന നരവംശശാസ്ത്രജ്ഞൻ 1951ൽ നടത്തിയ ഗവേഷണത്തിൽപ്പോലും കൂട്ടുകുടുംബങ്ങളിൽ ഇതുതന്നെയായിരുന്നു സ്ഥിതി. അതുപോലെ ചെറുപ്രായം കഴിഞ്ഞാൽ ആൺകുട്ടികളുടെ മേൽനോട്ടം തറവാട്ടിലെ പുരുഷന്മാർ - വിശേഷിച്ച് അമ്മാവന്മാർ - ഏറ്റെടുത്തിരുന്നുവെന്നും ഇദ്ദേഹം പറയുന്നു. മലയാളബ്രാഹ്മണരുടെ കൂട്ടുകുടുംബങ്ങളിലും കുട്ടികളുടെ സംരക്ഷണത്തിനായി 'ഇരിക്കണമ്മ'മാരായി നായർസ്ത്രീകളെ നിയമിക്കുന്ന രീതിയെക്കുറിച്ച് കാണിപ്പയ്യൂർ ശങ്കരൻനമ്പൂതിരിപ്പാട് എന്റെ സ്മരണകൾ എന്ന കൃതിയിൽ പറയുന്നുണ്ട്. ഈ [ 117 ] സംവിധാനം ഏറ്റവും കാര്യക്ഷമമായ ബാലപരിചരണത്തിന് ഉതകുന്നതല്ല എന്നായിരുന്നു പരിഷ്ക്കരണവാദികളുടെ പക്ഷം.

'കാര്യക്ഷമമായ മാതൃത്വം' 1930കളോടെ സർവ്വസാധാരണമായ ഒരു മുദ്രാവാക്യമായിത്തീർന്നു.സർക്കാരിന്റെ ജനക്ഷേമപരിപാടികളുടെ വിജയത്തിന് അനിവാര്യമായ ഒരു ഘടകമായി അതംഗീകരിക്കപ്പെട്ടു. ഇതോടൊപ്പം സന്താനനിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ചയും ചൂടുപിടിച്ചു. കുട്ടികളുടെ എണ്ണം കുറച്ചാൽ കാര്യക്ഷമമായ ബാലപരിചരണം എളുപ്പമാകുമെന്നായിരുന്നു സന്താനനിയന്ത്രണാനുകൂലികളുടെ വാദം. കാര്യക്ഷമമായ മാതൃത്വത്തെ ചുറ്റിപ്പറ്റിയാണ് കേരളീയസ്ത്രീകളെ സംബന്ധിച്ചണ്ടായ ഒട്ടുവളരെ ചർച്ചകളും നടന്നത്. സ്ത്രീവിദ്യാഭ്യാസം, വിവാഹപ്രായം, ഉന്നതവിദ്യാഭ്യാസം, ജോലി, പൊതുപ്രവർത്തനം - ഇങ്ങനെ പോകുന്നു വിഷയങ്ങളുടെ പട്ടിക. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം മാതൃത്വത്തെ എങ്ങനെ ബാധിക്കുമെന്ന ഉപവിഷയം ഏറെ ചർച്ചചെയ്യപ്പെട്ടു. സ്ത്രീവിദ്യാഭ്യാസത്തിലൂടെ കൂടുതൽ നല്ല അമ്മമാരുണ്ടാവുമോ? ചെറുപ്പത്തിലേ വിവാഹിതരായ സ്ത്രീകൾക്ക് കാര്യക്ഷമമായ മാതൃത്വം സാധിക്കുമോ? ജോലിക്കുപോകുന്ന സ്ത്രീ നല്ല അമ്മയാകുമോ? - ഇതൊക്കെയാണ് ഈ ചർച്ചകളിലുയർന്നുവന്ന സംശയങ്ങൾ. എന്തിന്, സ്ത്രീസ്വാതന്ത്ര്യത്തിന്റെ അളവുകോലുതന്നെ പുരുഷന്മാരുടേതിൽനിന്നു വ്യത്യസ്തമാണെന്നും ഒരു നല്ല മാതാവാകാൻ ഒരു സ്ത്രീക്ക് എത്ര സ്വാതന്ത്ര്യം ആവശ്യമുണ്ടോ അത്രമാത്രമേ പൊതുവെ സ്ത്രീകൾക്ക് അനുവദിക്കേണ്ടതുള്ളൂ എന്നുതന്നെ വാദിച്ചവരുടെ എണ്ണം കുറവായിരുന്നില്ല! ഇതു തുല്യപൗരത്വമല്ലല്ലോ എന്ന് ആശങ്കപ്പെട്ടവരോട് സ്ത്രീകളുടെ പൗരത്വം അമ്മമാർ എന്ന നിലയിലാണെന്ന് മറുപടി പറയാനും ഇക്കൂട്ടർ മടിച്ചില്ല. അവിവാഹിതകളും പ്രസവിക്കാത്തവരും ഈ പൗരത്വത്തിനു പുറത്താവില്ലേ എന്ന ചോദ്യത്തിന് മാതൃവാസന സ്ത്രീകളുടെ 'സഹജമായ വാസന'യാണെന്നും അതാണ് പ്രകൃതിനിയമം എന്നുമായിരുന്നു മറുപടി.

ആധുനികകുടുംബത്തിൽ അമ്മയ്ക്കു കൽപ്പിച്ച അധികാരത്തിനും പ്രത്യേകതകളുണ്ടായിരുന്നു. ഭൗതികാധികാരത്തിനുള്ള മോഹം പുരുഷന്മാരെപ്പോലെ സ്ത്രീക്കില്ലെന്നും 'മാതൃവാസന'യുള്ള സ്ത്രീ കുടുംബാംഗങ്ങളുടെമേൽ 'സൗമ്യാധികാര'മാണ് ചെലുത്തുന്നതെന്നും നിരവധി ലേഖകർ വാദിച്ചു. എന്താണീ 'സൗമ്യാധികാരം'? മുൻ അദ്ധ്യായത്തിൽ സൂചിപ്പിച്ചതുപോലെ കുടുംബത്തിനുള്ളിലെ സ്ത്രീക്ക്, പ്രത്യേകിച്ച് അമ്മയ്ക്ക്, ന്യായമായും ചെലുത്താവുന്ന പരോക്ഷമായ സ്വാധീനത്തെ 'സൗമ്യാധികാരം' എന്നു വിളിക്കാവുന്നതാണ്. പുരുഷന്മാരെപ്പോലെ ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ അല്ല സ്ത്രീ കാര്യങ്ങൾ നടത്തുന്നത്; മറിച്ച് സൗമ്യവും സ്നേഹപൂർണ്ണവുമായ പെരുമാറ്റത്തിലൂടെ, നല്ല വാക്കുപദേശിക്കുന്നതിലൂടെ, പ്രാർത്ഥനയിലൂടെ, ക്ഷമാശീലത്തിലൂടെ, കണ്ണുനീരിലൂടെ ആണ് അമ്മ മക്കളെ സ്വാധീനിക്കുന്നത് എന്ന അവകാശവാദമാണ് ഉന്നയിക്കപ്പെട്ടത്.

ആദ്യകാലമലയാളനോവലുകൾ പലപ്പോഴും 'നല്ല അമ്മ'യുടെയും 'ചീത്ത അമ്മയുടെ'യും മാതൃകകൾ സൃഷ്ടിച്ചവതരിപ്പിച്ചു. കുഞ്ഞുങ്ങളുടെ പുരോഗതി എന്ന ലക്ഷ്യത്തിന് സ്വയംസമർപ്പിച്ച്, അവരുടെ ആഹാരം, വസ്ത്രം, ദിനചര്യ എന്നിവയെ യുക്തിപൂർവ്വം ക്രമീകരിച്ച്, അനുസരണയുടെയും കഠിനാദ്ധ്വാനത്തിന്റെയും പാതയിലൂടെ അവരെ നടത്താൻ ശ്രമിക്കുന്ന അമ്മയോ വീട്ടുകാരോ ആണ് 'നല്ല മാതൃക'. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയാണ് സ്വന്തം ജീവിതലക്ഷ്യമെന്നംഗീകരിക്കാതെ വീട്ടിനുപുറത്തുള്ള പ്രവൃത്തികളിലോ വിനോദങ്ങളിലോ ഏർപ്പെടുന്ന, സാമ്പത്തികകാര്യങ്ങളിൽ കൂടുതൽ താൽപര്യം കാട്ടുന്ന സ്ത്രീ 'ചീത്ത മാതൃക'യും! ബാലപരിചരണത്തിനുള്ള സഹജവാസന കുറഞ്ഞവരോ നല്ല വിദ്യാഭ്യാസത്തിലൂടെ അതിനെ വളർത്താൻ ശ്രമിക്കാത്തവരോ ആണ് ഈ 'ചീത്ത അമ്മമാർ' എന്നായിരുന്നു നവമാതൃദർശനത്തിന്റെ വക്താക്കളുടെ അഭിപ്രായം. വീടിനുപുറത്തുള്ള പ്രവൃത്തികളിൽ അധികം ശ്രദ്ധപതിപ്പിക്കുന്ന പെണ്ണുങ്ങൾ അവരുടെ മാതൃത്വത്തെയും സ്ത്രീത്വത്തെയും നശിപ്പിക്കുകയാണെന്നുപോലും ഇവരിൽ പലർക്കും അഭിപ്രായമുണ്ടായിരുന്നു. ഉദാഹരണത്തിന്, അക്കാലത്തെ പ്രശസ്തലേഖകനും കൊച്ചീരാജ്യത്തിലെ പ്രമുഖരാജസേവകനുമായിരുന്ന പുത്തേഴത്തു രാമമേനോൻ. അദ്ദേഹത്തിന്റെ ചില വാക്കുകൾ:

പുറംജോലിക്കു പോകുന്ന സ്ത്രീകൾക്ക് ആ ജോലിയുടെ ചുറ്റുപാടുകളിൽ അവരുടെ മാതൃസഹജങ്ങളായ ഹൃദയതരളതയ്ക്കും സ്നേഹാദരങ്ങൾക്കും ത്യാഗസന്നദ്ധതയ്ക്കും ഏറെക്കുറെ ഇടിവു സംഭവിക്കുന്നതും അസംഗതമല്ല. അപ്രകാരമുള്ളവരാണു പ്രായേണ പൗരുഷമുള്ളവരായി, പരുഷസ്വഭാവക്കാരായി, അഹംഭാവികളായി, സ്ത്രീപുരുഷമത്സരത്തിന്റെ ധ്വജവാഹികളായി ഭവിക്കുന്നത്... ഇത്തരം സ്ത്രീകൾ സ്വന്തം ഗൃഹത്തിനു മാത്രമല്ല, സമുദായത്തിനും രാജ്യത്തിനും മാനവവംശത്തിനുതന്നെയും വിപത്തുകളത്രെ.

('സ്ത്രീപുരുഷമത്സരം', അറിവുള്ള അജ്ഞാനികൾ, കൊല്ലം, 1995, പുറം 48-49)

[ 118 ]

ഇപ്പറഞ്ഞത് എത്രത്തോളം അസംബന്ധമാണെന്ന് സ്ത്രീകളുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കാൻ പ്രയാസമില്ല. ജോലിക്കുപോകുന്ന സ്ത്രീകളുടെ മാതൃത്വം കുറഞ്ഞുപോകുമെന്നോ വീട്ടിലിരിക്കുന്ന പെണ്ണുങ്ങൾമുഴുവൻ മാലാഖമാരാണെന്നോ ഇന്നു പറഞ്ഞാൽ അത് ഒരിടത്തും ചെല്ലില്ല. അതുപോലെ വീട്ടിൽത്തന്നെ തപസ്സിരുന്നുകൊണ്ട് കുട്ടികളെ വരച്ചവരയിൽ നിർത്തി 'ഒന്നാംറാങ്കു'കാരാക്കിത്തീർക്കാൻ പണിപ്പെടുന്ന മാതാപിതാക്കന്മാർ മാതൃകയല്ലെന്നാണ് ഇന്ന് നമ്മോട് വിദ്യാഭ്യാസവിചക്ഷണരും മനുഷ്യാവകാശപ്രവർത്തകരും കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് വേവലാതിപ്പെടുന്ന എല്ലാവരും പറയുന്നത്. കുഞ്ഞുങ്ങൾക്ക് ലാളനയും പരിഗണനയും സ്വന്തംവഴിക്കു ചിന്തിക്കാനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്ന എല്ലാവരും മാതൃത്വവാസന കുറഞ്ഞവരും പ്രകൃതിനിയമം ലംഘിക്കുന്നവരുമാണെന്ന് ഇന്ന് സ്ഥിരബുദ്ധിയുള്ളവരാരും പറയില്ല!

എന്നാൽ 'നല്ല അമ്മ', 'ചീത്ത അമ്മ' മുതലായ വാർപ്പുമാതൃകകൾ രൂപപ്പെട്ടകാലത്തുതന്നെ അവയുടെ കുഴപ്പങ്ങൾ തിരിച്ചറിഞ്ഞ ചിലരെങ്കിലുമുണ്ടായിരുന്നു. അതിലൊരാളായിരുന്നു ആദ്യകാല സ്ത്രീവാദിയും കേരളത്തിൽ ആദ്യമായി നിയമബിരുദംനേടിയ സ്ത്രീയുമായിരുന്നു അന്നാ ചാണ്ടി. > കാണുക പുറം 64 < പുത്തേഴന്റെ പോലുള്ള വാദങ്ങളോട് (മുമ്പ് ഉദ്ധരിച്ച) അവർ പ്രതികരിച്ചത് ഇപ്രകാരമാണ്:

സ്ത്രീകൾ ഉദ്യോഗത്തിനുപോയാൽ അവരുടെ കുഞ്ഞുങ്ങളെ ശരിയായി പരിചരിക്കാൻ സാധിക്കുകയില്ലെന്നാണ് വേറൊരാക്ഷേപം. പ്രഥമദൃഷ്ടിയിൽ ഇതിലൽപ്പം വാസ്തവമുണ്ടെന്ന് തോന്നിയാലും സൂക്ഷ്മം ആലോചിച്ചാൽ സ്ത്രീകളെ ഉദ്യോഗത്തിൽനിന്നകറ്റിനിർത്തത്തക്ക ന്യായമല്ല ഇതെന്നുകാണാം. ശിശുപരിചരണത്തിൽ അമ്മയുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാൻ പാടില്ലാത്തതു പ്രസവശേഷമുള്ള കുറച്ചുകാലം മാത്രമാണ്. സ്കൂളിലയച്ചുതുടങ്ങിയാൽ പിന്നെ അടുക്കളമൂർത്തികളായവരുടെ കുട്ടികൾക്കുപോലും മാതൃപരിചരണം രാത്രിമാത്രമേ ലഭിക്കുന്നുള്ളൂ. ഉദ്യോഗസ്ഥകൾക്കും അനുദ്യോഗസ്ഥകൾക്കും ആവശ്യത്തിനുള്ള ശിശുപരിചരണം സാദ്ധ്യമാണെന്നാണ് എനിക്കുതോന്നുന്നത്. അഥവാ സ്വൽപ്പം കറഞ്ഞുപോയാലും അതു രാജ്യനന്മയ്ക്കു നല്ലതാണെന്നാണ് എന്റെ അഭിപ്രായം...

...ഏതാണ്ട് നിസ്സഹായാവസ്ഥയിൽനിന്ന് ഒരു ശിശുവിനെ കരകയറ്റണമെന്നുള്ള ഉത്തരവാദിത്വമേ മാതാപിതാക്കന്മാർക്കുള്ളൂ എന്നു നാം വിചാരിച്ചാൽ നമ്മുടെ കുട്ടികൾ സ്വാശ്രയശക്തിയുള്ളവരും ബി.എ. പരീക്ഷാഫലത്തിനു കമ്പികിട്ടുമ്പോൾ ഹൃദയം സ്തംഭിച്ച് മരിച്ചുപോകാത്തവരും ആകും.

('സ്ത്രീസ്വാതന്ത്യ്രത്തെപ്പറ്റി',
സഹോദരൻ വിശേഷാൽപ്രതി, 1929)



'സൗമ്യാധികാരം' വീട്ടിനുപുറത്തേക്ക്

പുതിയ മാതൃത്വാദർശത്തെ സമുദായപരിഷ്ക്കരണപ്രസ്ഥാനങ്ങളും സർക്കാരുകളും ദേശീയ പ്രസ്ഥാനവും സ്വാഗതം ചെയ്തുവെന്ന് പറഞ്ഞിരുന്നല്ലോ. അഭ്യസ്തവിദ്യരായ സ്ത്രീകളിൽ നല്ലൊരുപങ്ക് പുതിയ മാതൃത്വം മുന്നോട്ടുവച്ച പുതിയ കടമകൾ, കർത്തവ്യങ്ങൾ, പ്രവർത്തിക്കാനുള്ള അവസരങ്ങൾ, ഇവയിൽ ആകൃഷ്ടരാവുകയുംചെയ്തു. പക്ഷേ, പുതിയ മാതൃത്വാദർശത്തെക്കുറിച്ച് സ്ത്രീപക്ഷത്തുനിന്നു സംശയങ്ങളുയർത്തിയ നിരവധി ശബ്ദങ്ങളും ഇവിടെയുണ്ടായിരുന്നു. അവയിൽ ചിലത് പഴയ "തറവാട്ടിലമ്മ'യുടെ നിലയെ പുനഃസൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടതെന്ന് വാദിച്ചു. മറ്റുചിലർ പുതിയ മാതൃസങ്കൽപ്പത്തെ അണുകുടുംബത്തിന്റെ നാലുചുമരുകൾക്കപ്പുറത്തേക്കു കൊണ്ടുപോകാൻ ശ്രമിച്ചു. വേറെയും ചിലർ പുതിയ മാതൃത്വം സ്ത്രീകളുടെമേൽ അനാവശ്യമായ പരിമിതികൾ ആരോപിക്കുകയല്ലേ എന്നു ശങ്കിച്ചു.

ഇപ്പറഞ്ഞ വിമർശനാത്മകനിലപാടുകളിൽ ആദ്യത്തേത് മഹിളയിൽ 1935ൽ പ്രസിദ്ധീകരിച്ച ഒരു കുറിപ്പാണ്. അണുകുടുംബത്തേക്കാളധികം കൂട്ടുകുടുംബരീതി പരിചയിച്ച, ഒരു സ്ത്രീക്ക് ഒരു വിവാഹമേ പാടുള്ളൂ എന്ന നിയമവുമായി അധികം പരിചയമില്ലാത്ത, ഒരു ശബ്ദമാണ് ഈ കുറിപ്പിൽ. 'തറവാട്ടിലമ്മ' എന്ന നിലയോടാണ് ഇവർക്ക് പ്രതിപത്തി. കേരളീയസ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇന്ത്യയിലെങ്ങും പ്രശംസയാണു കേൾക്കുന്നതെന്നും അത് 'പണ്ടത്തെ തറവാട്ടിലമ്മമാരുടെ അന്തസ്സും പ്രൗഢിയും നിമിത്തമാണെന്നുള്ളത് ഒരിക്കലും വിസ്മരിക്കുവാൻ പാടില്ലെ'ന്നും അവർ പറയുന്നു. ഈ ഗൗരവമേറിയ സ്ഥാനം വഹിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന വിദ്യാഭ്യാസമാണ് സ്ത്രീകൾക്ക് ആവശ്യമെന്ന് ഈ ലേഖിക അഭിപ്രായപ്പെട്ടു. 'തറവാട്ടിലമ്മ'യുടെപോലെ മാന്യമായ ഒരു സ്ഥാനം വഹിക്കുന്ന സ്ത്രീക്ക് (അന്നത്തെ മരുമക്കത്തായ സമുദായപരിഷ്ക്കാരികൾ അവകാശപ്പെട്ടതുപോലെ) ഒരൊറ്റ വിവാഹംമാത്രമേ പാടുള്ളൂ എന്ന വിശ്വാസം അവർക്കുണ്ടായിരുന്നില്ലെന്നാണ് ലേഖനത്തിന്റെ സൂചന! മാത്രമല്ല സ്ത്രീക്ക് സ്വന്തംപേരുപോലും അനുവദിക്കാത്ത ഈ പരിഷ്ക്കാരത്തിലൂടെ 'തറവാട്ടിലമ്മ'മാർ എങ്ങനെയുണ്ടാകും എന്നവർ ചോദിക്കുന്നു.

ഒരു ചെറോട്ടിക്കോ കുഞ്ഞമ്മയ്ക്കോ എന്തുകൊണ്ട് ചെറോട്ടിയും കുഞ്ഞമ്മയും തന്നെയായിരുന്നുകൂടാ? വിവാഹംകഴിയുമ്പോൾ അവർ മിസ്സിസ്സ് ചാപ്പനോ കോരപ്പനോ ആയിത്തീരുന്നു. ഇതാണുപോൽ പരിഷ്ക്കാരം. സ്ത്രീകൾ പുരുഷന്മാരോടു സമത്വം നേടുന്നത് അവരുടെ പിന്നിൽ തൂങ്ങിയിട്ടാണുപോലും...ഇന്നു കണാരൻ മരിച്ചാൽ കണാരന്റെ മിസ്സിസ്സ് നാളെ ഒരു അമ്പുവിനെയായിരിക്കും മാലയിടുന്നത്. അപ്പോഴോ ഇന്നലത്തെ മിസ്സിസ്സ് കണാരൻ ഇന്നത്തെ മിസ്സിസ്സ് അമ്പുവായി. പോരാ മറ്റന്നാൾ അവൾ ഒരു കോപ്പനെ സ്വീകരിക്കുന്നു. അപ്പോഴോ അവൾ മിസ്സിസ്സ് കോപ്പനാകണം... ആ ചെറോട്ടിക്ക് എന്നും ചെറോട്ടിതന്നെയായി തന്റെ പേരു നിലനിർത്തരുതോ?

(ഇട്ടിച്ചിരിയമ്മ. 'പെണ്ണുങ്ങളും പരിഷ്ക്കാരവും'. മഹിള 16 (3).1935)
[ 119 ]
ശ്രീ പാറയിൽ വേലായുധനും കുടുംബവും [ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ]. സുനിൽ ജി. യുടെ ശേഖരത്തിൽനിന്ന്.
[ 120 ]


ഇട്ടിച്ചിരിയമ്മയുടെ വിമർശനം മുൻകാല ആദർശങ്ങളെ മുൻനിർത്തിയായിരുന്നെങ്കിൽ, പുതിയ മാതൃത്വാദർശത്തെ വിമർശിച്ച പലരും അതിനെ വിപുലീകരിക്കാനും പുനർനിർവ്വചിക്കാനുമാണ് ശ്രമിച്ചത്. ഇവർ പുതിയ മാതൃത്വത്തെ തള്ളിക്കളഞ്ഞില്ല; 'തറവാട്ടിലമ്മ'യുടെ സ്ഥാനം അതിനെക്കാൾ മഹത്തരമാണെന്ന് വാദിച്ചുമില്ല. യഥാർത്ഥമാതൃത്വത്തിന് ശാരീരികമായ വശങ്ങളുണ്ടെങ്കിലും അതിനു ചില പ്രത്യേക മനോഗുണങ്ങൾ ആവശ്യമാണെന്നും ഇവ സ്ത്രീകളിൽ സഹജമായുണ്ടെന്നും സമ്മതിച്ചു. സ്ത്രീകൾക്ക് ഏറ്റവും നന്നായി വഹിക്കാൻകഴിയുന്ന അധികാരം 'സൗമ്യാധികാര'മാണെന്നും അവർ കരുതി. ഒറ്റക്കാര്യത്തിലേ അവർക്കഭിപ്രായവ്യത്യാസമുണ്ടായിരുന്നുള്ളൂ; 'സൗമ്യമായ അധികാരം' ചെലുത്താനുള്ള സ്ത്രീയുടെ കഴിവിന് വീട്ടിനകത്തുമാത്രമല്ല, പുറത്തും പ്രസക്തിയുണ്ട്. പണ്ടുകാലത്തുണ്ടായിരുന്ന മർദ്ദനപരമായ ശിക്ഷാവിധികളുംമറ്റും ഉപേക്ഷിച്ച് ഭരണകൂടങ്ങൾപോലും ജനക്ഷേമപരിപാടികളിലൂടെ ജനങ്ങളെ ഉദ്ധരിക്കാൻ ശ്രമിക്കുന്ന ആധുനികലോകത്താണ് നാം ജീവിക്കുന്നതെന്ന് ഈ വിമർശകർ ചൂണ്ടിക്കാട്ടി. 'സൗമ്യമായ അധികാര'ത്തിന്റെ പ്രയോഗം ആവശ്യമായ സ്ഥാപനങ്ങൾ കുടുംബത്തിനുപുറമേ നിരവധിയുണ്ടെന്നും അവയുടെ എണ്ണവും ആവശ്യവും വളരുകയാണെന്നും. വിദ്യാലയങ്ങൾ, ആശുപത്രികൾ, അഗതിമന്ദിരങ്ങൾ, മുതലായ സ്ഥാപനങ്ങൾ മർദ്ദനപരമായ അധികാരത്തിലൂടെയല്ല, 'സൗമ്യാധികാര'ത്തിലൂടെയാണ് നന്നായി നടക്കുകയെന്നും അതിനാൽ സ്ത്രീകൾക്ക് അവരുടെ സഹജമായ കഴിവുകൾ പ്രകടിപ്പിക്കാൻ കുടുംബത്തിനു പുറത്തും സാധിക്കുമെന്ന് ഇക്കൂട്ടർ വാദിച്ചു - ഇത് ലോകത്തിന്റെ നന്മയ്ക്കുതന്നെ അത്യന്താപേക്ഷിതമാണെന്നായിരുന്നു അവരുടെ പക്ഷം. സ്ത്രീയെയും സൗമ്യമായി ഭരിക്കാൻ അവൾക്കുള്ള കഴിവിനെയും കുടുംബത്തിന്റെ നാലുചുമരുകൾക്കുള്ളിൽ തളച്ചിട്ടശേഷം ലോകം ഭരിക്കാനിറങ്ങിയ പുരുഷൻ ഇവിടെ ഹിംസയ്ക്കും യുദ്ധത്തിനും മത്സരത്തിനും അമിതമായ പ്രാധാന്യം കൽപ്പിക്കുന്നത് മനുഷ്യരാശിയെത്തന്നെ പ്രതിസന്ധിയിലാഴ്ത്തിയില്ലേ എന്നവർ ചോദിച്ചു. സ്ത്രീയുടെ സൗമ്യാധികാരമായിരുന്നു പൊതുഭരണത്തെ സ്വാധീനിച്ചതെങ്കിൽ ഇതുണ്ടാകില്ലായിരുന്നുവെന്ന് ഉറപ്പിച്ചുപറയുകയും ചെയ്ത വി.കെ. ചിന്നമ്മാളു അമ്മയുടെ വാക്കുകളിൽ:

താൻ ക്ലേശമനുഭവിച്ചു പ്രസവിച്ച് വളർത്തിയ സന്താനങ്ങളുടെ - സമുദായാംഗങ്ങളുടെ - ഭാവി നിയന്ത്രണം ചെയ്യുന്നതിൽ സ്ത്രീക്കും ഒരു സ്ഥാനം കൽപ്പിക്കേണ്ടത് ന്യായവും ആവശ്യവുമാണ്. സ്ത്രീ മാതൃത്വം [ 121 ] വഹിക്കേണ്ടതുകൊണ്ട് സമുദായകാര്യങ്ങളിൽ പ്രവേശിച്ചുകൂടാ എന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ വാസ്തവത്തിൽ കാര്യം നേരെ മറിച്ചാണ്. മാതൃത്വം സ്ത്രീക്കുമാത്രം നിറവേറ്റുവാൻ കഴിയുന്ന ഒരു അവസ്ഥയായി എത്രത്തോളംകാലം ഈശ്വരൻ നിശ്ചയിക്കുന്നുവോ, അത്രത്തോളംകാലം സമുദായത്തിലെ എല്ലാ കാര്യങ്ങളിലും സ്ത്രീബുദ്ധിയും സ്ത്രീയുടെ അഭിപ്രായങ്ങളും പ്രബലപ്പെട്ടു കാണേണ്ടതാണ്. കാരണം, മനുഷ്യജീവന്റെ വില സ്ത്രീ അറിയുന്നതുപോലെ ഒരുകാലത്തും പുരുഷൻ അറിയുന്നില്ല...

...യുദ്ധം എങ്ങനെയാണ് ഇല്ലാതാക്കേണ്ടത് എന്ന് ലോകത്തിൽ സകല രാജ്യക്കാരും ആലോചിച്ചുവരുന്നു... സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ സാമുദായികകാര്യങ്ങളിൽ പ്രാബല്യമുണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ ഒരിക്കലും വരുന്നതല്ല. ഭൂമി മനുഷ്യരക്തംകൊണ്ടു നനയുന്നതുകണ്ടു മേലിലുണ്ടാവാൻപോകുന്ന ധനവും കച്ചവടലാഭവും ആലോചിച്ച് സ്ത്രീക്ക് സന്തോഷിപ്പിക്കാൻ കഴിയുന്നതല്ല.

... രാജ്യത്തു വൈദ്യന്മാരും ആസ്പത്രികളും സ്കൂളുകളും പോരാ എന്നു പറയുമ്പോൾ സൈന്യച്ചെലവിനു പണം ആവശ്യമുള്ളതുകൊണ്ട് ഈവക കാര്യങ്ങളിൽ പണം ചെലവുചെയ്യാൻ സാധിക്കയില്ലെന്നാണ് ഇന്നത്തെ ഭരണാധികാരികൾ പറയുന്നത്. മനുഷ്യജീവനെ നശിപ്പിക്കുന്നതിന് അതിനെ രക്ഷിക്കുന്നതിനേക്കാൾ ആവശ്യമായ സംഗതിയായിട്ട് അവർ വിചാരിക്കുന്നു. പൗരകാര്യങ്ങളിൽ പുരുഷന്മാർക്കെന്നപോലെ സ്ത്രീകൾക്കും അധികാരമുണ്ടെങ്കിൽ നിശ്ചയമായും ഇങ്ങനെ ഒരു അഭിപ്രായം ഒരുരാജ്യത്തും പ്രചാരത്തിൽ വരികയില്ല.

സ്ത്രീകളുടെ പൊതുപ്രവർത്തനം അവരുടെ കുടുംബ ഉത്തരവാദിത്വത്തെ ബാധിക്കുമെന്ന എതിർപ്പിനെ മുൻകൂട്ടി കണ്ടുകൊണ്ട് ചിന്നമ്മാളു അമ്മ അതിനു മറുപടി പറയുന്നുണ്ട്:

ഒന്നാമത്തെ വിരോധം പൗരകാര്യങ്ങളിൽ പ്രവേശിച്ചാൽ മാതൃത്വവും ഭാര്യാത്വവും സ്ത്രീകൾക്കു കുറഞ്ഞുപോകുമെന്നാണ്. അവ സ്വീകരിച്ചാൽത്തന്നെയും വേണ്ടുംവണ്ണം നിർവ്വഹിക്കയില്ല എന്നാണു പിന്നത്തെ വാദം. പ്രഥമദൃഷ്ടിയിൽ ഈ ന്യായങ്ങൾക്കു വളരെ അടിസ്ഥാനമുണ്ടെന്നു തോന്നിപ്പോകും. പക്ഷേ, അൽപ്പം ആലോചിച്ചാൽ അവ നിസ്സാരങ്ങളാണെന്നു കാണാം. ഒരു സമുദായത്തിൽ ജനിച്ച എല്ലാ സ്ത്രീകളും മാതൃത്വത്തെയും ഭാര്യാപദത്തെയും വഹിക്കുന്നില്ല. ചിലർ വിധവകളായിപ്പോകുന്നുണ്ട്. ചിലർ കന്യകകളായിത്തന്നെ ഇരിക്കുന്നു. സമുദായത്തിന്റെ നിലനിൽപ്പിന് എല്ലാ സ്ത്രീകളും ആ പദവികൾ വഹിക്കണമെന്നും ഇല്ല. നാം ഇപ്പോൾ ആ അപരിഷ്കൃതകാലത്തിലല്ല ജീവിക്കുന്നത്.

... ഈ 20-ാം നൂറ്റാണ്ടിൽ സമുദായത്തിന്റെ എണ്ണമല്ല ഗുണമാണ് ഉത്ക്കർഷത്തിന്റെ ലക്ഷണം.

('സമുദായത്തിൽ സ്ത്രീകളുടെ സ്ഥാനം', മഹിള 4(7), 1924)


വേങ്ങാലിൽ കെ. ചിന്നമ്മാളു അമ്മ
കഴിവുള്ള പുരുഷന് പ്രശസ്തിയും അംഗീകാരവും കൂടുതൽ എളുപ്പത്തിൽ കിട്ടുന്നു; കഴിവുള്ള സ്ത്രീയോ, പലപ്പോഴും കുടത്തിലെ ദീപംപോലെയാണ്. ഈ ദുഃഖസത്യത്തിനു തെളിവാണ് വി.കെ. ചിന്നമ്മാളു അമ്മ. കോഴിക്കോട് പന്നിയങ്കരയ്ക്കു സമീപമുള്ള പ്രശസ്തമായ വേങ്ങാലിൽ തറവാട്ടിൽ കോമത്ത് കൃഷ്ണക്കുറുപ്പിന്റെയും വേങ്ങാലിൽ ലക്ഷ്മിക്കുട്ടിയമ്മയുടെയും മൂത്തമകളായിരുന്നു അവർ. അസാമാന്യമായ ഭാഷാപാടവമുണ്ടായിരുന്ന അവർ മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഫ്രഞ്ച്, ലാറ്റിൻ എന്നീ ഭാഷകളിൽ ലേഖനങ്ങളും പ്രബന്ധങ്ങളും രചിച്ചിരുന്നു. അവർ 14-ാം വയസ്സിൽ രചിച്ച സംസ്കൃതഗ്രന്ഥം മെട്രിക്കുലേഷൻ (10-ാം ക്ലാസ്) പരീക്ഷയ്ക്കു പാഠപുസ്തകമായിരുന്നു. അങ്ങനെ സ്വന്തം പുസ്തകം പരീക്ഷയ്ക്കു പഠിച്ചു പാസാവുക എന്ന അപൂർവ്വഭാഗ്യം അവർക്കു കൈവന്നു! വിദ്യാഭ്യാസാനന്തരം ചിന്നമ്മാളുവമ്മ മദ്രാസിലേക്ക് താമസം മാറ്റി; വിവാഹം വേണ്ടെന്നുവച്ചു. അദ്ധ്യാപിക, സാമൂഹ്യപ്രവർത്തക എന്ന നിലകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ, ചിന്നമ്മാളുവമ്മയെക്കുറിച്ചറിയുന്ന മലയാളികൾ ചുരുങ്ങും. അവരുടെ സഹോദരനെ, പക്ഷേ, എല്ലാവരുമറിയും - സാക്ഷാൽ വി.കെ. കൃഷ്ണമേനോൻ, നെഹ്രുവിന്റെ സന്തതസഹചാരി, ആദ്യകാല ഇന്ത്യൻ വിദേശനയം രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച വ്യക്തി, നെഹ്രു മന്ത്രിസഭയിലെ പ്രതിരോധമന്ത്രി എന്നീ നിലകളിൽ പ്രശസ്തനാണല്ലോ അദ്ദേഹം.


പുതിയ മാതൃത്വത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെ വിപുലീകരിക്കുകയായിരുന്നു വി.കെ. ചിന്നമ്മാളു അമ്മയുടെ താൽപ്പര്യം. എന്നാൽ ഈ അടിസ്ഥാനലക്ഷ്യങ്ങൾ സമൂഹത്തിന് ഹിതകരമാണോ സ്ത്രീകൾക്ക് അവ കൂടുതൽ അനുകൂലംതന്നെയോ എന്നുള്ള ചോദ്യങ്ങളുന്നയിച്ചവരും ഇതേകാലത്തുതന്നെയുണ്ടായിരുന്നു. ഇവരുടെ വിമർശനം പുതിയ മാതൃത്വത്തിന്റെ അടിസ്ഥാന ന്യായീകരണങ്ങൾക്കുനേരെയായിരുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരികളായ ലളിതാംബികാ അന്തർജനം, കെ. സരസ്വതി അമ്മ എന്നിവരുടെ പേരുകൾ ഇവിടെ ഓർക്കേണ്ടതുണ്ട്. തികച്ചും വ്യത്യസ്തമായ [ 122 ] രീതികളിലാണെങ്കിലും, പുതിയ മാതൃത്വത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങളെക്കുറിച്ചാണ് ഇരുവരും ചോദ്യങ്ങളുയർത്തിയത്.

ഇവരിൽ സരസ്വതിയമ്മ പൊതുവെ 'മാതൃത്വമഹിമ'യെക്കുറിച്ചുള്ള അവകാശവാദത്തെ - അതായത്, സ്ത്രീകൾക്ക് നേടാവുന്ന ഏറ്റവും ഉന്നതമായ, ഉത്കൃഷ്ടമായ സാമൂഹ്യനില അമ്മയുടേതാണ് എന്ന വാദത്തെ - സംശയത്തോടെയാണ് കണ്ടത്. സത്യത്തിൽ അമ്മ എന്ന നില അത്ര മഹത്തരമാണോ എന്ന് തന്റെ കഥകളിലൂടെ അവർ ചോദിച്ചു. മാതൃവാത്സല്യത്തെക്കുറിച്ചുള്ള പുകഴ്ത്തലുകൾ സർവ്വത്ര കേൾക്കാമെങ്കിലും അതത്രവളരെ ഉറപ്പുള്ളതാണോ എന്ന ചോദ്യമാണ് 'വാത്സല്യത്തിന്റെ ഉറവ്' എന്ന കഥയിലൂടെ അവർ ഉന്നയിക്കാൻ ശ്രമിച്ചത്. സ്ത്രീശരീരത്തിന്റെ പ്രത്യേകതകളായ ഗർഭധാരണം, പ്രസവം മുതലായ പ്രക്രിയകൾ സ്ത്രീകൾക്ക് പ്രത്യേകിച്ചൊരു സദാചാരമഹിമയും പ്രദാനം ചെയ്യുന്നില്ലെന്നുമാത്രമല്ല അതവരെ സമൂഹത്തിൽ പിന്നാക്കം വലിക്കുന്നുണ്ടെന്നും അവർ വാദിച്ചു. 'സ്ത്രീസഹജവാസന'കളെക്കുറിച്ചുള്ള പറച്ചിൽ കേൾക്കാൻ സുഖമാണെങ്കിലും സ്ത്രീകളെ ചില വാർപ്പുമാതൃകകളിൽ - സ്ത്രീസ്വഭാവത്തെക്കുറിച്ചുള്ള ചില പരിമിതധാരണകളിൽ - ഒതുക്കുകയല്ലേ ചെയ്യുന്നത്? കുടുംബമെന്ന സ്ഥാപനം നൽകുന്ന സാദ്ധ്യതകൾക്കും ക്ഷമ, ദയ, സഹനശീലം മുതലായ 'സ്ത്രീഗുണങ്ങൾ' നൽകുന്ന സാദ്ധ്യതകൾക്കുമപ്പുറം മറ്റു സാദ്ധ്യതകളില്ലേ? സേവനത്തിനും ത്യാഗത്തിനും ഒന്നുംപോകാതെ 'സ്വന്തംപാടു'നോക്കിനടക്കുന്നവരും പുരുഷന്റേതെന്നു കരുതപ്പെടുന്ന രംഗങ്ങളിൽ അഭിരുചിയും കഴിവുള്ളവരുമായ സ്ത്രീകഥാപാത്രങ്ങൾക്ക് സരസ്വതിയമ്മയുടെ കഥാലോകത്തിൽ വലിയ ഇടമുണ്ട്. 'സഹജവാസന'കളുടെപേരിൽ സ്ത്രീകൾ സമൂഹത്തിന്റെ വിശാല ഇടങ്ങളിൽനിന്ന് പുറത്താക്കാനിടവരരുത് എന്ന മുന്നറിയിപ്പാണ് അവർ നൽകിയത്.

അന്തർജനമാകട്ടെ, മറ്റൊരുതരം വിമർശനമാണുയർത്തിയത്. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തെ വെറും ഒരു ഉപകരണംപോലെയല്ലേ പുതിയ മാതൃത്വം കാണുന്നതെന്നതായിരുന്നു അവർ വീണ്ടുംവീണ്ടും ഉന്നയിച്ച ചോദ്യം. മാതൃത്വം വിലപ്പെട്ടതും മഹത്തരവും സ്ത്രീകൾക്ക് സവിശേഷമായി ലഭിച്ച അനുഗ്രഹവുമാണെന്ന് അന്തർജനം കരുതി - അത്രത്തോളം യോജിപ്പ് പുതിയ മാതൃത്വത്തിന്റെ വക്താക്കളുമായി അവർക്കുണ്ടായിരുന്നു. പക്ഷേ, ഈ മഹത്തരമായ മാതൃത്വത്തിന് അനുസരണയും അദ്ധ്വാനശീലവും ആരോഗ്യവുമുള്ള കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യംമാത്രമേ ഉള്ളുവെന്നാണോ? കുട്ടികളെ 'ഭരിക്കുക', അവരുടെ ദൈനംദിനജീവിതത്തെ 'ചിട്ട'പ്പെടുത്തുക, കേവലം 'അസംസ്കൃതവസ്തു'വിനെപ്പോലെ കുഞ്ഞുങ്ങളെ കരുതിക്കൊണ്ട് ഭാവിയിൽ പൂർണ്ണവ്യക്തികളായി അവരെ വാർത്തെടുക്കുക - ഇതൊക്കെയാണ് അമ്മ ചെയ്യേണ്ടത് എന്ന വാദത്തോടുള്ള കഠിനമായ എതിർപ്പ് അന്തർജനത്തിന്റെ ഒട്ടനവധി കഥകളിൽ നിറഞ്ഞുനിൽക്കുന്നു. അമ്മ എന്ന നിലയെ വെറും 'മാനേജർ' ആക്കി ചുരുക്കുകയാണ് ഈ പുതിയ മാതൃത്വമെന്ന് അവർ വീണ്ടുംവീണ്ടും വിളിച്ചുപറയുന്നു.

ഈ ചുരുക്കലിനെ രണ്ടുരീതികളിൽ നേരിടാൻ അവർ ശ്രമിക്കുന്നു. ഒന്നാമത് അത്തരം ചുരുക്കലിനു വിധേയമാകാത്ത മാതൃത്വങ്ങളെ തന്റെ കഥകളിൽ നിർമ്മിച്ചുകൊണ്ട്. 'മുലപ്പാലിന്റെ മണം' എന്ന കഥ ഒരുദാഹരണമാണ്. രണ്ടാമത്, പുതിയ മാതൃത്വം വിലകൽപ്പിക്കാത്തതും എന്നാൽ സുപ്രധാനവുമായ ശാരീരികഭാവങ്ങളെ പുനർമൂല്യം ചെയ്തുകൊണ്ട്. 'പ്രസവിച്ചാൽപ്പോര, നന്നായി വളർത്തുകകൂടി ചെയ്താലേ അമ്മ എന്ന സ്ഥാനത്തിന് സ്ത്രീ അർഹതനേടൂ' എന്നായിരുന്നു പുതിയ മാതൃത്വത്തിന്റെ മുദ്രാവാക്യം എന്ന് മുമ്പു പറഞ്ഞുവല്ലോ. ഇതിനെയാണ് അന്തർജനം ചോദ്യംചെയ്തത്. പ്രസവം, ഗർഭധാരണം, മുലയൂട്ടൽ എന്നീ ശാരീരികപ്രക്രിയകളെ അങ്ങനെ തള്ളിക്കളയാൻ പാടില്ലെന്ന് അവർ സ്ഥാപിക്കുന്ന കഥകളിൽ ഈ പ്രക്രിയകളെല്ലാം കാര്യമായ പുനർമൂല്യത്തിനു വിധേയമാകുന്നു. പ്രസവമെന്ന അനുഭവത്തിലൂടെ ആഴത്തിലുള്ള മാറ്റങ്ങൾ അനുഭവിക്കുന്ന നിരവധി സ്ത്രീകഥാപാത്രങ്ങളെ അവർ സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല, ജാതി-മത-ധനിക-ദരിദ്ര ഭേദങ്ങൾക്കപ്പുറം സ്ത്രീകളെ ഒറ്റക്കെട്ടാക്കുന്ന അനുഭവങ്ങളാണിവ എന്നുകൂടി അന്തർജനം സൂചിപ്പിക്കുന്നു. 'സ്നേഹയാചകി' എന്ന കഥ നല്ലൊരുദാഹരണമാണ്. ധനികയായ ഒരു യുവതിയും പരമദരിദ്രയായ ഒരു ഭിക്ഷക്കാരിയും തമ്മിൽ ആശയവിനിമയം സാദ്ധ്യമാക്കുന്ന ഒരിടമായി മാതൃത്വം സങ്കൽപ്പിക്കപ്പെടുന്നു, ഇതിൽ. 'സ്ത്രീഗുണങ്ങൾക്ക്' - അതായത് സ്ത്രീസ്വഭാവഗുണങ്ങൾക്ക് - നവമാതൃത്വാദർശം നൽകിയ അമിതപ്രാധാന്യത്തിനെതിരെയുള്ള പ്രതിഷേധമായി ഇതിനെ വായിക്കാവുന്നതാണ്. ഈ രണ്ടു പ്രതികരണങ്ങൾക്കുപുറമെ, മാതൃത്വവും പൊതുജീവിതവും പരസ്പരം ചേരാത്ത രണ്ടു കാര്യങ്ങളാണെന്ന വാദത്തെ അവർ വളരെ ശക്തമായി എതിർത്തിട്ടുമുണ്ട്. മാതൃത്വത്തെ ഒഴിവാക്കുന്ന പൊതുജീവിതവും പൊതുജീവിതത്തെ ഒഴിവാക്കുന്ന മാതൃത്വവും അപൂർണ്ണമാണ് എന്ന് അവർ പ്രഖ്യാപിക്കുന്നു. ഈ രണ്ടു ജീവിതവഴികൾ ഇങ്ങനെ വേർപെടാനിടയായതാണ് [ 123 ] മലയാളിസ്ത്രീകൾക്കു സംഭവിച്ച ദുരന്തമെന്ന സന്ദേശമാണ് അഗ്നിസാക്ഷി എന്ന അവരുടെ നോവൽ നൽകുന്നത്. (അഗ്നിസാക്ഷി ഒരർത്ഥത്തിൽ വരേണ്യമലയാളിസ്ത്രീകളുടെ ചരിത്രംതന്നെയാണ്.)

അന്തർജനവും സരസ്വതിയമ്മയും രണ്ടുവിധത്തിൽ നടത്തിയ ആഴത്തിലുള്ള വിമർശനം അടുത്തകാലംവരെയും ശ്രദ്ധിക്കപ്പെടാതെ പോയതെന്തുകൊണ്ടെന്ന ചോദ്യം ചോദിക്കാതെ വയ്യ! ഇവിടുത്തെ സാഹിത്യവിമർശകർ അന്തർജനത്തെ 'മാതൃത്വത്തിന്റെ കഥാകാരി' എന്നു പ്രഖ്യാപിച്ച് ഒരു മൂലയ്ക്കിരുത്തി; ചിലരൊക്കെ സരസ്വതിയമ്മയെ 'കുടുംബവിരോധി'യായി മുദ്രകുത്തി. പുതിയ മാതൃത്വത്തെക്കുറിച്ച് ഇവരുയർത്തിയ ചോദ്യങ്ങളുടെ ഗൗരവം സാഹിത്യവിമർശകരും പണ്ഡിതരും തിരിച്ചറിഞ്ഞതേയില്ല! പുതിയ മാതൃത്വത്തെക്കുറിച്ചൊരു ചർച്ച, അത് സാഹിത്യത്തിലൂടെയാണെങ്കിലും, ഈ നാട്ടിൽ നടന്നുവെന്ന കാര്യംപോലും ചരിത്രരചയിതാക്കൾ തിരിച്ചറിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വസ്തുത. പക്ഷേ, മാതൃത്വത്തെ ചരിത്രദൃഷ്ടിയിലൂടെ വിലയിരുത്താനുള്ള സാദ്ധ്യതപോലും അടുത്തകാലത്താണ് വെളിവായത് എന്നകാര്യം ഓർക്കേണ്ടതാണ്. 'അമ്മ' എന്ന നില ശാശ്വതവും ചോദ്യങ്ങൾക്കപ്പുറവുമാണെന്ന ധാരണ ശക്തമായിത്തുടർന്ന അന്തരീക്ഷമായിരുന്നു കേരളത്തിൽ അടുത്തിടെവരെയുണ്ടായിരുന്നത്. ഇന്നത് മാറിവരുന്നു - അതോടുകൂടി മാറിവരുന്ന കുടുംബരീതികളെയും മാതൃത്വസങ്കൽപ്പങ്ങളെയും ചരിത്രദൃഷ്ടിയിലൂടെ നാം വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു.

സരസ്വതി അമ്മ
ലളിതാംബികയുടെ ശൈലിയിൽനിന്നും തീർത്തും വ്യത്യസ്തമായ കഥകളായിരുന്നു സരസ്വതി അമ്മ എഴുതിയതെങ്കിലും പുതിയ സാമൂഹ്യസാഹചര്യങ്ങൾ സ്ത്രീകൾക്കു നൽകിയ സാദ്ധ്യതകളെപ്പറ്റിയുള്ള വിചിന്തനങ്ങളാണ് അവരുടെ കഥകളിലും. 1919ൽ കുന്നപ്പുഴയിൽ കിഴക്കേവീട്ടിൽ കാർത്ത്യായനിയമ്മയുടെ മകളായി അവർ ജനിച്ചു. 1928 മുതൽ തിരുവനന്തപുരത്തായിരുന്നു സരസ്വതിയമ്മയുടെ കുടുംബം താമസിച്ചത്. തിരുനന്തപുരത്തു സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ പഠനത്തിൽ മികവു കാട്ടിയിരുന്നു. കുടുംബത്തിന് സാമ്പത്തികശേഷി കുറവായിരുന്നു. വീട്ടിൽനിന്നു പ്രോത്സാഹനം കുറവായിരുന്നു. എങ്കിലും സ്കോളർഷിപ്പിന്റെ പിൻബലത്തിൽ ഗവൺമെന്റ് വിമൻസ് കോളേജിൽ ഇന്റർമീഡിയറ്റിനു ചേർന്നു. വളരെ ബുദ്ധിമുട്ടിയാണ് പിന്നീടു ബിരുദവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പുരുഷന്മാരായ വിദ്യാർത്ഥികളോട് സമഭാവനയോടെ പെരുമാറിയിരിന്നതുകൊണ്ടും പെൺകുട്ടികൾ കയറിച്ചെല്ലാൻ മടിച്ചിരുന്ന വേദികളിലേക്ക് സധൈര്യം കടന്നുചെന്നിരുന്നതുകൊണ്ടുമാവാം 'വട്ടുസരസ്വതി' എന്ന പരിഹാസപ്പേർ അവർക്കു വീണു എന്ന് സഹപാഠികൾ പറയുന്നു. 1942 ൽ ബി.ഏ പാസായശേഷം കുറച്ചുകാലം അദ്ധ്യാപികയായി പ്രവർത്തിച്ചു. 1945 ൽ ലോക്കൽ ഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായി. സ്വന്തം വീട് പണികഴിപ്പിച്ച് ഒറ്റയ്ക്കു താമസിച്ചു. കേരളത്തിൽ അക്കാലത്തു പ്രചരിച്ചുവന്ന പുതിയകുടുംബമൂല്യങ്ങളുടെ സ്ത്രീവിരുദ്ധതയെ വിട്ടുവീഴ്ച്ചയില്ലാതെ തുറന്നുകാട്ടുന്ന കഥകളാണവരുടേത്.

[ 124 ]


'കേരളമാതൃക'യും മാതൃത്വവും

1930കളിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും തൊഴിലാളിസ്ത്രീകളെ ഭാരമേറിയ വേലകളിൽനിന്നു ഒഴിവാക്കാനെന്ന പേരിൽ നടപ്പാക്കിയ നിയമങ്ങളും യന്ത്രസംവിധാനങ്ങളുടെ വരവോടെ സ്ത്രീകളെ തൊഴിലിടത്തുനിന്നു പുറത്താക്കുന്ന രീതിയും ശക്തമായിയെന്നു സ്ത്രീചരിത്രരചയിതാക്കൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മേൽവിവരിച്ച മാതൃത്വപ്രത്യയശാസ്ത്രം തൊഴിലാളി സ്ത്രീകൾക്കിടയിൽ പ്രചരിക്കാനുള്ള അന്തരീക്ഷം ഇതോടുകൂടി സജ്ജമായിത്തുടങ്ങിയെന്നും ഇവർ നിരീക്ഷിക്കുന്നു. 1939ൽ തിരുവിതാംകൂറിൽ സ്ത്രീകൾ രാത്രിസമയത്ത് പണിയെടുത്തുകൂടെന്നു നിയമംവന്നു — രാവിലെ 7നും വൈകിട്ട് 5നും ഇടയിൽ മാത്രമേ അവർക്കു പണിനൽകാവൂ. ഇതവർക്കു കൂടുതൽ വിശ്രമംകിട്ടട്ടെ എന്ന കരുതലിൽനിന്നല്ല ജനിച്ചതെന്നു കശുവണ്ടിത്തൊഴിലാളികളുടെ ചരിത്രം പഠിച്ച അന്നാ ലിന്റബർഗ് പറയുന്നു. സ്ത്രീകളുടെ ഗൃഹജോലികളെ ഫാക്ടറിസമയം ബാധിക്കരുതെന്ന കരുതലേ നിയമത്തെ അനുകൂലിച്ചവർക്കുണ്ടായിരുന്നുള്ളൂ. 1940കളിൽ തൊഴിലിടത്തെ ലിംഗതുല്യതയ്ക്കും സ്ത്രീകൾക്ക് അധികമായി വഹിക്കേണ്ടിവന്ന കുടുംബഭാരവും തുല്യപ്രാധാന്യമുള്ള പ്രശ്നങ്ങളാണെന്ന വസ്തുതയെ പരോക്ഷമായി അംഗീകരിക്കുന്ന നീക്കങ്ങൾ തൊഴിലാളിപ്രസ്ഥാനത്തിന്റെ നിലപാടുകളിൽ ദൃശ്യമായിരുന്നു. ഉദാഹരണത്തിന്, ആലപ്പുഴജില്ലയിൽ ശക്തമായിരുന്ന കയർത്തൊഴിലാളിയൂണിയനിലെ സ്ത്രീകളുടെ ഫാക്ടറിക്കമ്മറ്റികളുടെ ഇടപെടൽമൂലം 1944-45ൽ 288 കേസുകളിൽ പ്രസവാനുകൂല്യങ്ങൾ അനുവദിക്കപ്പെട്ടുവെന്നും, പ്രസവാനുകൂല്യനിയമം നിലവിലുണ്ടായിരുന്ന കൊച്ചിയിലെ അവസ്ഥയോടു താരതമ്യംചെയ്യുമ്പോൾ ഇതു വളരെ മെച്ചമാണെന്നും മീരാ വേലായുധൻ പറയുന്നു. എന്നാൽ ഈ കമ്മറ്റികൾ സ്ത്രീകളുടെ കൂലിയിൽ കുറവു വരുത്തൽ, ജോലിയിൽനിന്നു അന്യായമായ പിരിച്ചുവിടൽ, ഗാർഹികപീഡനം, എന്നിവയെ പ്രസവാനുകൂല്യം നേടിയെടുക്കലിനൊപ്പം പ്രാധാന്യത്തോടുകൂടിത്തന്നെ പരിഗണിച്ചിരുന്നു (കാണുക, മീരാ വേലായുധൻ, 'Women Workers and Struggle in Alleppey', Samya-Shakti-A Journal of Women Studies, Vol.1, No. 2). ഈ കാലത്ത് സ്ത്രീകളുടെ തുല്യവേതനത്തിന്റെ പ്രശ്നവും ഇവ ഉയർത്തിയിരുന്നു. 1943ൽ ഈ പ്രശ്നമുയർത്തിയപ്പോൾ തുല്യവേതനമുറപ്പാക്കാമെങ്കിൽ കൂലികൂട്ടുന്നതിൽ അല്പംകൂടി സാവധാനം അംഗീകരിക്കാൻ യൂണിയൻ തയ്യാറായിരുന്നെന്ന് മീര രേഖപ്പെടുത്തുന്നു. ഇക്കാലത്ത് യൂണിയൻ നേതൃത്വത്തിൽ സവിശേഷമായ സ്ത്രീസാന്നിദ്ധ്യമുണ്ടായിരുന്നുവെന്ന കാര്യം പ്രധാനമാണ് — 1940കളിലെ രാഷ്ട്രീയപ്രക്ഷുബ്ദ്ധതമൂലം പുരുഷന്മാരായ നേതാക്കളിൽ അധികംപേരും ഒളിവിലും മറ്റുമായിരുന്ന കാലമായിരുന്നു ഇത്. 1950കളിൽ ഈ സ്ത്രീപക്ഷ കാഴ്ചപ്പാടു മാറിപ്പോവുകയും തൊഴിലാളിസ്ത്രീകൾ പ്രഥമവും പ്രധാനവുമായി വീട്ടമ്മമാരാണെന്ന ധാരണയെ അരക്കിട്ടുറപ്പിക്കുന്ന നിലപാടുകൾ പൊതുവേ ശക്തമാവുകയും ചെയ്തു. തൊഴിലാളിസ്ത്രീകളുടെ ലോകത്തേക്ക് പുതിയ മാതൃത്വാദർശത്തിന് പ്രവേശമുണ്ടാകാനുള്ള സാഹചര്യം അങ്ങനെ മെല്ലെ ഒരുങ്ങി.

നവവരേണ്യസാംസ്കാരികപരിസരങ്ങളിൽ ഉടലെടുത്ത മേൽവിവരിച്ച മാതൃത്വാദർശം തൊഴിലാളിസ്ത്രീകളുടെ ജീവിതയാഥാർത്ഥ്യങ്ങളെയോ താൽപര്യങ്ങളെയോ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവ ഇരട്ടഭാരം അടിച്ചേൽപ്പിക്കുന്നവയായിരുന്നു. എന്നാൽ സർക്കാരിനും പൊതുസമൂഹത്തിനും ഇതൊരു നേട്ടമായിരുമന്നു —പൊതുജനാരോഗ്യരംഗത്ത് ഒരു കുതിച്ചു ചാട്ടം തന്നെ ഇതിലൂടെയുണ്ടായി എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു.

1960കളോടെ പുതിയ മാതൃത്വം കേരളത്തിൽ യാഥാർത്ഥ്യമായിക്കഴിഞ്ഞുവെന്ന് സർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മതമുണ്ടായി. അഭ്യസ്തവിദ്യയായ മലയാളിസ്ത്രീ കുട്ടികളെ നന്നായി പരിചരിക്കാൻ തുടങ്ങിയതിന്റെ ഫലമായി ശിശുമരണങ്ങളും ബാലമരണങ്ങളും കുറഞ്ഞുതുടങ്ങിയെന്നും കുട്ടികളുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മെച്ചം കണ്ടുതുടങ്ങിയെന്നും സ്ഥിതിവിവരക്കണക്കുകളിൽനിന്ന് സൂചനകൾ ഇക്കാലത്തു ലഭിച്ചു. കേരളത്തിലെ നാലാം പഞ്ചവത്സരപദ്ധതി (1969-74) നിർമ്മിച്ചവർ തങ്ങളുടെ റിപ്പോർട്ടിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കുടുംബ-ശിശു ക്ഷേമകേന്ദ്രങ്ങളനുവദിച്ചുകൊണ്ടുള്ള കേന്ദ്രപദ്ധതിക്ക് കേരളത്തിലുള്ള പ്രസക്തിയെക്കുറിച്ചു പറയുന്നിടത്താണിത്. ഈ പദ്ധതി സ്ത്രീകളെ നല്ല മാതാക്കളാക്കാനുള്ള പരിശീലനത്തിനാണ് ഊന്നൽ നൽകുന്നതെന്നും അത് കേരളത്തിൽ അപ്രസക്തമാണെന്നും ലേഖകർ വാദിക്കുന്നു: 'രാജ്യത്തിന്റെ ഈ ഭാഗത്തെ ഗ്രാമീണമാതാക്കൾക്ക് ബാലപരിചരണത്തെക്കുറിച്ച് വേണ്ടത്ര ഗ്രാഹ്യമുള്ളതിനാൽ മാതൃത്വപരിശീലനത്തിനു നൽകിയിട്ടുള്ള ഊന്നൽ ഇവിടെ പ്രസക്തമല്ലാതെയാണിരിക്കുന്നത്.' (നാലാംപദ്ധതി 1969-1974, കരടുരേഖ, സംസ്ഥാന ആസൂത്രണബോർഡ്, തിരുവനന്തപുരം, 1969, പുറം 248). 1970കൾമുതൽ ആരംഭിച്ച കേരളമാതൃകാവികസനത്തെക്കുറിച്ചുള്ള ചർച്ചയിൽ കേരളത്തിലെ അമ്മമാർ വലിയ [ 125 ] കയ്യടിനേടുകയും ചെയ്തു. ശിശുമരണനിരക്കു കുറയ്ക്കുന്നതിലും സ്കൂൾപഠനത്തിലേക്കു കുട്ടികളെ തയ്യാറാക്കുന്നതിലും ജനനനിരക്കുകുറച്ച് ആരോഗ്യമുള്ള കുടുംബങ്ങൾ ഉണ്ടാക്കുന്നതിലും ഇവിടുത്തെ അഭ്യസ്തവിദ്യരായ കുടുംബിനികളുടെ സംഭാവന മുന്തിയതാണെന്ന അംഗീകാരം അന്താരാഷ്ട്രതലത്തിൽത്തന്നെയുണ്ടായി.

ഈ അനുമോദനങ്ങൾ അവിടെ നിൽക്കട്ടെ. പ്രശംസയ്ക്കപ്പുറം കേരളത്തിലെ മാതാക്കളുടെ ഇന്നത്തെ നില എന്താണെന്ന് തിരക്കിയാലോ? പ്രശംസകൊണ്ട് വയറുനിറയില്ലെന്ന് പണ്ടാരോ പറഞ്ഞതുപോലെ പ്രശംസകൊണ്ട് അമ്മമാരുടെ സ്ഥിതി മെച്ചപ്പെടുമെന്നില്ലെന്നു സമ്മതിക്കേണ്ടിവരും! കേരളത്തിലെ പ്രായമായ അമ്മമാരുടെ സാമ്പത്തികവും സാമൂഹികവുമായ നില തീരെ മെച്ചമല്ലെന്നാണ് ഗവേഷകർ പറയുന്നത്. വയസ്സുകാലത്ത് സ്വത്തുക്കളോ വരുമാനമോ ഇല്ലാത്ത വിധവകളുടെയും ഒറ്റയ്ക്കു താമസിക്കേണ്ടിവരുന്ന വൃദ്ധമാതാക്കളുടെയും എണ്ണം ഇവിടെ കൂടുതലാണ്. ഇതൊരുകാര്യം.

മറ്റൊരു കാര്യം, കുടുംബാസൂത്രണത്തെക്കുറിച്ചാണ്. നവമാതൃത്വത്തിന് പറ്റിയ ഉപകരണമാണ് കുടുംബാസൂത്രണമെന്ന ആശയം 1930കളിലേ കേട്ടുതുടങ്ങിയതാണ് - എണ്ണം കുറയുമ്പോൾ കുട്ടികളെ കൂടുതൽ പരിചരിക്കാനാകുമെന്ന സാമാന്യബോധമായിരുന്നു ഇതിനു പിന്നിൽ. 1960കളായപ്പോഴേക്കും ഈ ആശയം ദേശീയകുടുംബാസൂത്രണപരിപാടിയിലൂടെ വലിയ പ്രചാരംനേടി. കുടുംബത്തിന്റെ വലുപ്പം നിയന്ത്രിക്കുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം മാതാവിനാണെന്ന് പ്രത്യക്ഷമായും പരോക്ഷമായും സ്ഥാപിക്കപ്പെട്ടു. 1970കളുടെ ഒടുക്കമായപ്പോഴേക്കും കേന്ദ്രസർക്കാർ നയംതന്നെ ഇതിനെ അനുകൂലിക്കുന്നവിധം മാറ്റിയെഴുതാനുള്ള സാഹചര്യം വന്നു. പുരുഷന്മാരുടെ വന്ധ്യംകരണം 1970കളുടെ ആദ്യവർഷങ്ങളിൽ കേരളത്തിൽ വളരെയധികം നടന്നിരുന്നു. കുടുംബനാഥന്മാർ എന്ന നിലയിൽ പുരുഷന്മാർ തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കണമെന്നും ജനപ്പെരുപ്പത്തെ അകറ്റി രാജ്യത്തെ രക്ഷിക്കണമെന്നും മറ്റുമുള്ള ആഹ്വാനങ്ങൾ വളരെയധികം കേട്ടിരുന്നു. പക്ഷേ, 1970കളുടെ ഒടുക്കത്തോടെ സ്ത്രീകളുടെ വന്ധ്യംകരണത്തിന് വർദ്ധിച്ച പ്രചാരംനൽകാനുള്ള ശ്രമങ്ങൾ സജീവമാവുകയാണുണ്ടായത്. ഇതോടെ 'ചെറിയകുടുംബ'ത്തിന്റെ ഭാരംമുഴുവൻ അമ്മമാരുടെ തലയിലാവുകയും ചെയ്തു - ഇന്നും അങ്ങനെതന്നെ. 2000-01ലെ കണക്കുപ്രകാരം ഇവിടെ 1,545 പുരുഷവന്ധ്യംകരണങ്ങളും 1,49,498 സ്ത്രീവന്ധ്യംകരണങ്ങളുമായിരുന്നു നടന്നത്. 1999-2000 വർഷത്തിലാണെങ്കിൽ ഈ സംഖ്യകൾ 653 ഉം 1,53,515 ഉം ആയിരുന്നു! വളരെ ചെറുപ്പത്തിൽത്തന്നെ സ്ത്രീകൾ വന്ധ്യംകരണത്തിന് വിധേയരാകുന്നുണ്ട്, കേരളത്തിൽ. ഗർഭമലസിപ്പിക്കൽ കുടുംബാസൂത്രണരീതിയായി ഉപയോഗിക്കുന്ന പ്രവണതയും കാണാനുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സ്ത്രീശരീരത്തെ 'ചെറിയ കുടുംബം' എന്ന ലക്ഷ്യംനേടാനുള്ള വെറുമൊരു മാർഗ്ഗംമാത്രമായി തരംതാഴ്ത്തുകയായിരുന്നു നാം. നവമാതൃത്വം സ്ത്രീശരീരത്തെ മാനിക്കുന്നില്ലെന്ന ലളിതാംബികാ അന്തർജനത്തിന്റെ വിമർശനം അസ്ഥാനത്തായിരുന്നില്ലെന്ന് ചുരുക്കം!

'കേരളമാതൃക' (Kerala Model)
1970കൾവരെ കേരളം ഇന്ത്യയിലെ 'പ്രശ്നസംസ്ഥാന'മായാണ് എണ്ണപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രസംസ്ഥാനങ്ങളിൽ ഒന്നായിരുന്നു കേരളം - രാഷ്ട്രീയസ്ഥിരത തീരെയില്ലാത്ത ഒരിടം. എന്നാൽ 1970കളിൽ ഈ ചിത്രത്തിനു മാറ്റമുണ്ടായി. ഈ സാമ്പത്തികപിന്നോക്കാവസ്ഥയിലും കേരളം സാമൂഹ്യവികാസത്തിൽ നേടിയ വൻനേട്ടങ്ങൾ ഗവേഷകർ തിരിച്ചറിയാൻ തുടങ്ങിയതോടെയാണ് ഇത്. വിദ്യാഭ്യാസം, ആരോഗ്യം, ജനസംഖ്യാനിയന്ത്രണം, ജനങ്ങളുടെ ആയുർദൈർഘ്യം (ഇതൊക്കെച്ചേർന്നതാണ് 'സാമൂഹ്യവികസനം') മുതലായവയിൽ മലയാളികൾ ഇന്ത്യയിലെ സമ്പന്നസംസ്ഥാനങ്ങളെക്കാൾ ഏറെ മുന്നിലാണെന്നും വികസിതരാജ്യങ്ങൾക്കൊപ്പം പുരോഗതി നാം നേടിയെന്നും വ്യക്തമായതോടെയാണ് 'കേരളമാതൃകാവികസന'ത്തെക്കുറിച്ചുള്ള ചർച്ച സജീവമായത്. ഇത്രയും ദരിദ്രമായ ഒരു പ്രദേശം ഇത്രയും നേട്ടം കൊയ്തതെങ്ങനെ എന്ന ചോദ്യമായിരുന്നു ഗവേഷകരുടെയും ഭരണകർത്താക്കളുടെയും അന്താരാഷ്ട്രസംഘടനകളുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതോടെ ലോകത്തിലെ ദരിദ്രരാജ്യങ്ങൾക്ക് കേരളത്തിന്റെ സാമൂഹ്യവികസനം ഒരു 'മാതൃക'യാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. ഈ സാമൂഹ്യവികസനനേട്ടങ്ങളിൽ കേരളത്തിലെ അമ്മമാർക്ക് വലിയ പങ്കുണ്ടെന്ന് പലരും വാദിച്ചു.


നവമാതൃത്വത്തിന്റെ ദോഷവശങ്ങൾ പലതും നമ്മുടെ കണ്മുമ്പിൽത്തന്നെയുണ്ട്, പ്രത്യേകിച്ചും ഇടത്തരം വീടുകളിൽ. ട്യൂഷൻ, ഡാൻസ്ക്ലാസ്, പാട്ടുക്ലാസ്, ക്വിസ് മത്സരം, സ്കൂൾപഠനം എന്നിങ്ങനെയുള്ള പലതരം ശിക്ഷകളിലൂടെ കുട്ടികളെ ദിനംതോറും കടത്തിവിട്ട് അവരെ 'വിജയി'കളാക്കിത്തീർക്കുന്നതാണ് അമ്മമാരുടെ കടമ എന്നു [ 126 ] കരുതുന്നവരുടെ എണ്ണം ഈ നാട്ടിൽ ചെറുതല്ല. സമൂഹത്തിൽ മത്സരത്തിന്റെ വേഗം കൂടുന്തോറും മക്കളെ തള്ളിത്തള്ളിവിടാനുള്ള ആവേശവും വർദ്ധിച്ചുവരുന്നു. നവമാതൃത്വം ആനന്ദകരമാണെങ്കിലും പല ആശങ്കകൾക്കും അത് ഇടയാക്കുന്നുവെന്ന് അതിന്റെ ആദ്യകാല വക്താക്കൾതന്നെ വളരെപ്പണ്ടേ നിരീക്ഷിച്ചിട്ടുണ്ട്. കുട്ടി ജനിക്കുമ്പോൾത്തന്നെ അതിന്റെ ഭാവിയെപ്പറ്റി വിചാരിച്ച് മാതാവ് ആശങ്കാകുലയാകുന്നതിന്റെ നിരവധി ചിത്രങ്ങൾ ബാലാമണിയമ്മയുടെ കവിതകളിലുണ്ട്. ('അമ്മയും മകനും', 'പിച്ചവെപ്പ്' മുതലായ കവിതകൾ). ആനന്ദവും ആശങ്കയും കൂടിക്കലർന്നുള്ള അവസ്ഥയെയാണ് ബാലാമണിയമ്മ വിവരിച്ചതെങ്കിൽ ഇന്ന് ആശങ്ക മാത്രമേയുള്ളോ എന്നു സംശയിച്ചുപോകുന്ന അവസ്ഥയാണ് പല വീടുകളിലും.

ബാലാമണിയമ്മ
20-ാം നൂറ്റാണ്ടിലെ ആധുനിക മലയാളകവിതാരംഗത്ത് ആദ്യമായി സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീയാണ് ബാലാമണിയമ്മ. 1930 മുതൽ 1956വരെയുള്ള കാലയളവിൽ അവർ പതിമൂന്നു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ഇതിൽ 'മാതൃത്വ'ത്തെ വാഴ്ത്തുന്ന നിരവധി കവിതകൾ ഏറെ ചർച്ചചെയ്യപ്പെട്ടു. എന്നാൽ മറ്റു കവിതകൾ ഒരുപക്ഷേ, കൂടുതൽ വിശിഷ്ടങ്ങളാണ്. രാഷ്ട്രീയവും സമകാലികവുമായ വിഷയങ്ങളെ സ്പർശിക്കുന്ന ധാരാളം കവിതകളും അവരുടേതായുണ്ട്. തന്റെ അമ്മാവനും ഗുരുവുമായ നാലപ്പാട്ട് നാരായണമേനോന്റെ മരണാനന്തരം ബാലാമണിയമ്മ രചിച്ച 'ലോകാന്തരങ്ങളിൽ' എന്ന കവിതയാണ് അവർ ഏറ്റവുമൊടുവിൽ പ്രസിദ്ധീകരിച്ചത്. പ്രശസ്തസാഹിത്യകാരി മാധവിക്കുട്ടി മകളാണ്. ബാലാമണിയമ്മയുടെ അതേകാലത്ത് കവിതാരംഗത്ത് സ്വന്തം ഇടംനേടിയ സ്ത്രീകൾ വേറെയുമുണ്ടായിരുന്നു. കടത്തനാട്ടു മാധവിയമ്മ, മേരിജോൺ തോട്ടം, കൂത്താട്ടുകുളം മേരി ജോൺ > കാണുക പുറം 177 < മുതലായവർ.


കേരളത്തിലെ വൃദ്ധമാതാക്കൾ
ദേശീയ സാമ്പിൾ സർവ്വേ കണക്കുപ്രകാരം കേരളത്തിലെ വൃദ്ധരായ സ്ത്രീകളിൽ ഏകദേശം 75%പേർ സ്വന്തംപേരിൽ ധനപരമായ മുതൽ (ബാങ്ക് ഡെപ്പോസിറ്റുകൾ മുതലായവ) ഇല്ലാത്തവരാണ്. 54%പേർക്ക് ഭൂമിയില്ല. ഇന്ത്യയുടെ മൊത്തം കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ അധികമാണെന്ന് ജനസംഖ്യാശാസ്ത്രജ്ഞനായ ഡോ.എസ്. ഇരുദയരാജൻ നിരീക്ഷിക്കുന്നു. അതുപോലെ, 2004ലെ കണക്കുപ്രകാരം കേരളത്തിൽ ഒറ്റയ്ക്കു താമസിക്കുന്ന വൃദ്ധകളുടെ എണ്ണം വൃദ്ധന്മാരെയപേക്ഷിച്ച് വളരെയധികമാണെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. (s. Irudayarajan and Sreerupa, 'Gender Disparity in Kerala: A Critical Reinterpreation', Swapna Mukhopadhyay (ed.) The Enigma of the Kerala Woman, New Delhi,2007)


ഇത്രയുമധികം ശുഷ്കാന്തിയോടെ മക്കളെ പഠിപ്പിച്ച അമ്മമാർപോലും വാർദ്ധക്യകാലത്ത് പലപ്പോഴും അശരണരായിപ്പോകുന്നതെന്തുകൊണ്ട്? 'സൗമ്യാധികാര'ത്തിന്റെ പരിമിതികളിലേക്കല്ലേ ഇത് വിരൽചൂണ്ടുന്നതെന്ന് നാം ആലോചിക്കണം. മരുമക്കത്തായകൂട്ടുകുടുംബങ്ങളിലെ സ്ത്രീകൾ പണത്തിന് അത്യാർത്തി കാട്ടിയിരുന്നുവെന്ന ധാരണ പല സാഹിത്യകൃതികളിലും സിനിമകളിലും പ്രത്യക്ഷപ്പെട്ടുകാണാറുണ്ട്. അവർക്ക് ആരോടും സ്നേഹമില്ലെന്നും മക്കളെ അവർ വേണ്ടത്ര പരിചരിക്കുന്നില്ലെന്നും മറ്റുമാണ് ആരോപണങ്ങൾ. സ്വന്തം സാമ്പത്തികസുരക്ഷിതത്വത്തെക്കുറിച്ച് വിചാരമുള്ള സ്ത്രീ 'ചീത്ത അമ്മ'യായി കണക്കാക്കപ്പെടും; എന്നാൽ ഉള്ളതുമുഴുവൻ മക്കൾക്ക് യാതൊരു ചോദ്യവുംകൂടാതെ കൊടുക്കുന്ന സ്ത്രീ 'നല്ല അമ്മയും' (സിനിമയിലെ 'കവിയൂർപൊന്നമ്മമാതൃത്വ'ത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ). ഈ 'നല്ല അമ്മ'യ്ക്ക് 'സൗമ്യാധികാര'മുള്ളതുകൊണ്ട് അവരെ എല്ലാവരും സ്നേഹിക്കുകയും രക്ഷിക്കുകയും ചെയ്യുമെന്നാണ് നവമാതൃത്വത്തിന്റെ വക്താക്കൾ കരുതിയത്. 'സൗമ്യാധികാരം' എല്ലായ്പ്പോഴും പ്രവർത്തിക്കുമെന്നും അതിലൂടെ മാതാവിന്റെ സംരക്ഷണം ഉറപ്പാകുമെന്നും തീർച്ചയില്ലെന്നതാണ് കാര്യം. കേരളീയസ്ത്രീകൾക്കു മാതൃക എന്നു വാഴ്ത്തപ്പെട്ട വനിതകൾക്കുപോലും ഇത് എളുപ്പമായിരുന്നില്ല. അത്തരത്തിൽ പ്രശംസിക്കപ്പെട്ട ഒരു വനിത - സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഭാര്യ ബി. കല്യാണിയമ്മ - ഇക്കാര്യം തുറന്നുസമ്മതിക്കുന്നുണ്ട്: [ 127 ]

ഭർത്താവിനെ അനുസരിക്കുകയല്ലാതെ ഉപദേശിക്കുക എന്ന കടമ ഞാൻ ഒരിക്കലും നിർവ്വഹിച്ചിരുന്നില്ല. അത് അദ്ദേഹത്തിനു ഹിതമായിരിക്കയില്ലെന്നും ഞാൻ അറിഞ്ഞിരുന്നു... വല്ല പുതിയ കാര്യങ്ങളും തുടങ്ങുമ്പോൾ അദ്ദേഹം ചിലപ്പോൾ എന്നോടു അഭിപ്രായം ചോദിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ അദ്ദേഹത്തിനു രസിക്കത്തക്ക അഭിപ്രായമേ ഞാൻ പറക പതിവായിരുന്നുള്ളൂ.

(വ്യാഴവട്ടസ്മരണകൾ, തൃശൂർ (1916), 1958, പുറം 68-69)


ബി. കല്യാണിയമ്മ (1880-1942)
തിരുവിതാംകൂറിലെ നായർസ്ത്രീകളിൽ ആദ്യമായി ബി.ഏ ബിരുദം കരസ്ഥമാക്കിയത് ബി. കല്യാണിയമ്മയായിരുന്നു. തിരുവനന്തപുരത്ത് ജനിച്ചുവളർന്ന അവർ കോട്ടയ്ക്കകത്തെ സെനാനാമിഷൻ സ്കൂളിലാണ് പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പ്രശസ്ത പത്രപ്രവർത്തകൻ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയെ വിവാഹംകഴിച്ചു. തിരുവിതാംകൂർ സർക്കാരിന്റെ അഴിമതികളെക്കുറിച്ച് തുറന്നെഴുതിയതിന് രാമകൃഷ്ണപിള്ള നാടുകടത്തപ്പെട്ടു. കല്യാണിയമ്മയും കുടുംബവും അദ്ദേഹത്തോടൊപ്പം മലബാറിലേക്കു താമസംമാറ്റി. ശാരദ എന്ന ആദ്യകാലസ്ത്രീപ്രസിദ്ധീകരണത്തിന്റെ പത്രാധിപമാരിലൊരാളായിരുന്നു. മലബാറിൽ വിദ്യാഭ്യാസവകുപ്പിൽ ജോലിനോക്കി. തന്റെ ജീവിതത്തെക്കുറിച്ചും രാമകൃഷ്ണപിള്ളയുമായുള്ള സഹവാസത്തെക്കുറിച്ചും എഴുതിയ വ്യാഴവട്ടസ്മരണകൾ എന്ന പുസ്തകം പ്രസിദ്ധമാണ്. കല്യാണിയമ്മ പിൽക്കാലത്തെഴുതിയ ആത്മകഥാപരമായ രചനകൾ മകളായ ഗോമതി അമ്മ ഓർമ്മയിൽനിന്ന് എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ചുരുക്കിപ്പറഞ്ഞാൽ നവമാതൃത്വത്തെക്കുറിച്ച് 20-ാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളിൽ ലേഖികമാർ ഉന്നയിച്ച സംശയങ്ങൾ അസ്ഥാനത്തായിരുന്നില്ല എന്ന് നാമിന്നു മനസ്സിലാക്കുന്നു. അവരുടെ വിമർശനങ്ങളിൽ അസാധുവായ ഒന്നുമില്ലെന്നല്ല ഇതിനർത്ഥം. തീർച്ചയായുമുണ്ട്. 'സ്ത്രീസഹജവാസന'യെപ്പറ്റി ചിന്നമ്മാളു അമ്മയും മാതൃത്വത്തിന്റെ മഹദ്ശക്തിയെക്കുറിച്ച് അന്തർജനവും സ്ത്രീശരീരത്തിന്റെ കുറവുകളെപ്പറ്റി സരസ്വതിയമ്മയും വച്ചുപുലർത്തിയ ധാരണകൾ അതിശയോക്തിപരമായിരുന്നില്ലേ എന്ന ചോദ്യമുണ്ട്; മാതൃത്വത്തിലൂടെ സ്ത്രീകൾ ഒന്നിക്കുമെന്നും അതിനെ വികസിപ്പിക്കുന്നതിലൂടെ സമൂഹം കൂടുതൽ മനുഷ്യത്വപൂർണ്ണമാകുമെന്നും മറ്റുമുള്ള പ്രതീക്ഷകൾ എത്ര അയഥാർത്ഥമാണെന്ന് പിൻദൃഷ്ടിയിൽ വ്യക്തമാകുന്നുമുണ്ട്. എന്നാൽ സ്വന്തം (അണു)കുടുംബത്തിന്റെ നാലുചുമരുകൾക്കപ്പുറത്തേക്ക് സ്ത്രീകളെ കടക്കാനനുവദിക്കാത്ത മാതൃത്വം സ്ത്രീവിരുദ്ധമാകാനാണിട എന്ന ആ തിരിച്ചറിവിന്റെ പ്രസക്തിയെ കുറച്ചുകാണാനെളുപ്പമല്ല! ഇക്കാര്യം തിരിച്ചറിയുക മാത്രമല്ല, ഇതിനനുസൃതമായി സ്വന്തം ജീവിതത്തെ പുനഃക്രമീകരിക്കാനും തയ്യാറായ സ്ത്രീകൾ കേരളത്തിൽ അക്കാലത്തുണ്ടായിരുന്നുവെന്നതാണ് വസ്തുത! അവരിലൊരാളായിരുന്ന കെ. ചിന്നമ്മയുടെ ജീവചരിത്രകാരൻ വിവരിച്ച ഒരു സംഭവമാണ് [ 128 ] ഇവിടെ ഓർമ്മവരുന്നത്. തിരുവനന്തപുരത്ത് ഹിന്ദുമഹിളാമന്ദിരം എന്ന കേന്ദ്രം ദരിദ്രസ്ത്രീകൾക്കായി തുറന്ന മനുഷ്യസ്നേഹി എന്ന നിലയിൽ അവർ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പ്രസിദ്ധയായിരുന്നു.> കാണുക പുറം 155 < അവർക്കു നേരിടേണ്ടിവന്ന വിമർശനത്തെക്കുറിച്ചാണ് ജീവചരിത്രകാരൻ വിവരിക്കുന്നത്:

സാധാരണ ഒരു ഗൃഹനായികയെപ്പോലെ കഥാനായികയും [ചിന്നമ്മ] വീട്ടുകാര്യങ്ങളും ഭർതൃശുശ്രൂഷയും പുത്രപരിചരണവും നോക്കേണ്ടതായിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ മന്ദിരത്തിന്റെ [ഹിന്ദുമഹിളാമന്ദിരത്തിന്റെ] ഭാരം കേവലം തന്റെ ചുമലിൽത്തന്നെ താങ്ങേണ്ടിവന്നതുമുതൽ വീട്ടുകാര്യങ്ങളിൽ കഥാനായിക കാണിച്ചിരുന്ന അനാസ്ഥയെക്കണ്ടിട്ടു "നിങ്ങൾ സ്വന്തംഭവനം മറന്നതുപോലെ തോന്നുന്നു, അല്ലേ" എന്ന് ഒരു ബന്ധു ചോദിച്ചപ്പോൾ, "അതെ എന്റെ വ്യക്തിത്വത്തിന് എനിക്കൊരു സ്വന്തം വീടുവേണ്ട..." എന്നാണെത്രെ മറുപടി പറഞ്ഞത്.

(എൻ. ബാലകൃഷ്ണൻ നായർ, കെ. ചിന്നമ്മ : ജീവചരിത്രം, തിരുവനന്തപുരം, 1947, പുറം. 120)


ഇങ്ങനെയുള്ള ധൈര്യം - വീട്ടിനുപുറത്തും മാതൃത്വം സാദ്ധ്യമാണെന്ന ആത്മവിശ്വാസവും അതു വെട്ടിത്തുറന്നങ്ങു പറയാനുള്ള പ്രതിബദ്ധതയും കലർന്ന ആ ധൈര്യം - ഇക്കാലത്ത് വിരളമായിമാത്രമേ കാണുന്നുള്ളുവെന്നതാണ് കേരളീയമാതൃത്വത്തിന്റെ പ്രശ്നം. നവമാതൃത്വത്തിന്റെ ദോഷഫലങ്ങൾ ഇന്ന് പരക്കെ വിമർശിക്കപ്പെടുന്നുണ്ടെന്നത് നേരുതന്നെ - പക്ഷേ, അതിനെ കുടുംബപരിധികൾക്കപ്പുറം നവീകരിക്കാൻ, സ്ത്രീശരീരത്തോട് നവമാതൃത്വം കാട്ടുന്ന അനീതികൾ അവസാനിപ്പിക്കാൻ, ത്യാഗം, ദയ മുതലായവയെ 'സ്ത്രീഗുണങ്ങളാ'യി ചിത്രീകരിക്കുന്നതിലൂടെ ഫലത്തിൽ പുരുഷന്മാരെ അവയിൽനിന്ന് ഒഴിവാക്കുന്ന രീതിയെ എതിർക്കാൻ, ആരുണ്ട് തയ്യാർ?

float
float


കൂടുതൽ ആലോചനയ്ക്ക്

പ്രബലചിന്താധാരകളിൽ 'ശാശ്വതം', 'ചരിത്രാതീതം' എന്നൊക്കെ വാഴ്ത്തപ്പെടുന്ന പ്രക്രിയകളെയും പ്രതിഭാസങ്ങളെയും ആ നിലയിൽനിന്നു താഴെക്കൊണ്ടുവന്ന് ചരിത്രദൃഷ്ടിക്കു വിധേയമാക്കാനുള്ള ശ്രമങ്ങളെയാണ് 'ചരിത്രവൽക്കരണശ്രമങ്ങ'ളെന്നു പറയുന്നത്. എല്ലാക്കാലത്തും നിലനിന്നുവെന്നു നാം കരുതുന്ന പലതും - മനുഷ്യശരീരം, ബാല്യകാലം, മാതൃത്വം ഇങ്ങനെ പലതും - ഇന്ന് 'ചരിത്രവൽക്കരിക്ക'പ്പെട്ടിരിക്കുന്നു. ഈ അദ്ധ്യായം 'കേരളീയ മാതൃത്വ'ത്തെ ചരിത്രദൃഷ്ടിയിലൂടെ പഠിക്കാനുള്ള പ്രാഥമികശ്രമമാണ്. 'ചരിത്രവൽക്കരണം' ഒരുതരം ചോദ്യംചെയ്യലാണ്: ഭൗതിക സാഹചര്യങ്ങളും ആശയവ്യവസ്ഥകളും മാറുന്നതനുസരിച്ച് 'മാറ്റമില്ലാത്തവ'യായി നാം പൂജിക്കുന്ന പ്രതിഭാസങ്ങളും പ്രക്രിയകളും രൂപപ്പെട്ടുവന്നതിന്റെ സങ്കീർണ്ണമായ ചരിത്രമാണ് ഇതിലൂടെ നാം തേടുന്നത്. ഇതുപോലുള്ള ചോദ്യംചെയ്യലിന് വിധേയമാക്കാൻ കഴിയുന്ന മറ്റേതൊക്കെ പ്രതിഭാസങ്ങളുണ്ട് കേരളത്തിൽ? ⚫