കേരളോല്പത്തി/തമ്പുരാക്കന്മാരുടെ കാലം/ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു
←മറ്റെ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ | കേരളോല്പത്തി ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു |
കേരളോല്പത്തി→ |
കേരളോല്പത്തി |
---|
|
൭. ശേഷം കേരളാവസ്ഥ ചുരുക്കി പറയുന്നു
ചേരമാന്നാട്ടിൽ ൧൭ നാടും ൧൮ രാജാക്കന്മാരും ഉണ്ടു. കോലത്തിരി, വേണാടു, പെരിമ്പടപ്പു, ഏറനാടു ഇങ്ങനെ നാലു സ്വരൂപം ബൌദ്ധൻമാർ വന്നു ബലവീർയ്യം നടത്തി കർമ്മഭൂമി ക്ഷയിച്ചു പോകാതെ ഇരിപ്പാൻ, വേണാട്ടക്കരെ തൃപ്പാസ്വരൂപത്തിങ്കൽ ഐശ്വർയ്യവും, പെരിമ്പടപ്പിൽ യാഗാദി കർമ്മവും, നെടിയിരിപ്പിൽ വാൾ പൂജയും, കോലസ്വരൂപത്തിങ്കൽ കീഴിൽ വാണ പെരുമാക്കൻമാരുടെ സേവയും കല്പിച്ച പ്രകാരം ചെയ്താൽ ഗുണം കാണാം. ചേരമാന്നാട്ടിൽ മൂവർ രാജാക്കന്മാർ തിരുപട്ടം കെട്ടി തണ്ടിൽ കയറി അരി ഇട്ടു വാണിരിക്കുന്നു; അതിൽ ഗജപതി വേണാടടികൾ ൩൫0000 അശ്വപതി കോലത്തിരി ൩൫0000 നായർ, നരപതി നൊമ്പടെ തമ്പുരാൻ മഹാ രാജാവു, അകമ്പടി ജനം ൧0000 ചുരിക കെട്ടി ചേകം എന്നു കേട്ടിരിക്കുന്നു. അതിൽ കോലസ്വരൂപത്തിന്നു മുമ്പും കല്പനയും എന്നും ശേഷം നാടും ഒക്കെയും കോലത്തിന്നു അവയവങ്ങൾ എന്നു ചേര [ 119 ] മാൻ പെരുമാളുടെ അരുളപ്പാടു. രാജാക്കൻമാരിൽ എണ്മർ സാമന്തർ അഞ്ചവകയിൽ കോവിൽ രാജാക്കൻമാർ ൫ വഴി "ക്ഷത്രിയർ അയലൂർ, ശാർക്കര, പറപ്പൂർ, പടിഞ്ഞേറ്റേടം, മാടത്തിങ്കീഴ്. നാലു(ആറു) വക വെള്ളാളർ ആകുന്നതു. പത്തു കുറയ നാന്നൂറ് പ്രഭുക്കന്മാരും ഉണ്ടു. അവരുടെ രാജധാനികൾ എടം, മടം, കോവിലകം, കോട്ട, കോട്ടാരം എന്നിങ്ങിനെ അതത് പേരുമുണ്ടു.
മികച്ചനാടു പൊലനാടു, പൊലനാട്ടഴിഞ്ഞമർയ്യാദ ഇടനാട്ടിൽ നടത്തുന്നു; മുന്നാഴിപ്പാടു എല്ലാടവും നടപ്പാകുന്നു; അതിന്നു ൧൮ ആചാരം ഉണ്ടു, നടുവർകൂടുന്നടം പലപ്രകാരം പറയുന്നു; പടക്കൂട്ടം, നടുക്കൂട്ടം, നായാട്ടുകൂട്ടം, നിഴൽക്കൂട്ടം, (യോഗ്യക്കൂട്ടം) ഇങ്ങിനെ ൪ കൂട്ടമുണ്ടു. കൊള്ളക്കൊടുക്ക മർയ്യാദയും കാണജന്മമർയ്യാദയും ൪ പാടും ർ തോലും ആറു നായാട്ടും നായാട്ടു പരദേവതമാരും എന്നിങ്ങിനെ ഉള്ളവ വളരെ പറവാൻ ഉണ്ടു.
ഗോകർണ്ണം കന്യാകുമാരിക്കിടയിൽ ൩ ക്ഷേത്രങ്ങൾ കാലും തലയും വയറും ഉണ്ടല്ലൊ; അതിൽ കാൽ പെരിഞ്ചെല്ലൂർ, തല ത്രിശ്ശിവപേരൂർ, വയറു തൃക്കളയൂർ, പിന്നെ തിരുനാവായി, തൃപ്പങ്ങോട്ടു, തിരുവനന്തപുരം, തൃച്ചമ്രം, തിരുവില്വാമല, ഗുരുവായൂർ, തിരുപഞ്ചക്കുളം, ആലത്തൂർ, മണ്ണൂർ, പോലൂർ, പേരൂർ, പന്നിയൂർ, പറവൂർ, പെരുമനം, തളിയിലും, തളിപ്പറമ്പു, കുഴിയൂർ, നെല്ലൂർ, ഐരാണിക്കര, തിരു, മണ്ണൂർ, പെരുമണ്ണൂർ, പന്തലൂർ, പന്നിയങ്കര, മരുതൂർ, മണ്ണിയൂർ, കല്ലൂർ, തലക്കുളത്തൂർ, ചെളങ്ങൂർ, തൃക്കട, തൃക്കാരിയൂർ, [ 120 ] കാഞ്ഞിരങ്ങാട്ടു, കരിങ്കട, കൊടീശ്വരം, ഉടുപ്പു, ശങ്കരനാരായണം, ഗോകർണ്ണം. പിന്നെ ഭദ്രകാളിവട്ടങ്ങൾ കുന്നത്തും, കോട്ടിക്കുന്നത്തും, പരക്കൽ, മഞ്ചെരി, വെട്ടത്തും, കോട്ടയകത്തും, കൊടുങ്ങല്ലൂർ, കുറുങ്ങല്ലൂർ, ഇന്തിയനൂർ, പോർകോട്ടച്ചെരി, മാടായി, ചിറക്കൽ, നീലമ്പറ, നീലേശ്വരം, മടപ്പള്ളി, പുതുപട്ടണം, പുത്തൂർ, കുഴല്ക്കുന്നത്തു, ചെറുകുന്നത്തു, കടലുണ്ടി, തിരുവളയാട്ട എന്നിങ്ങിനെ ഉള്ള കാവില്പാട്ടിൽ കേരളത്തിൽ വന്നു ഉലങ്കിഴിഞ്ഞൊരു ഭഗവതിയും തമ്പുരാട്ടിമാരും ദേവൻമാരും വാണരുളും കാലം കേരളത്തിൽ വസിക്കും മാനുഷർക്കു വരുന്ന അല്ലലും മഹാവ്യാധിയും ഒഴിച്ചു രക്ഷിച്ചുവരുന്നു. ഓരൊ ബന്ധേന ശ്രീ മഹാദേവങ്കൽനിന്നുണ്ടായ മൂർത്തികൾ: അയ്യപ്പൻ, ഉച്ചമഹാകാളൻ, മാളൻ, അന്തിമഹാകാളൻ, മുണ്ടിയൻ, ബ്രഹ്മരാക്ഷസൻ, കരുവില്ലി, പൊട്ടൻ, ഭ്രാന്തൻ, പുള്ളിപ്പുലിയൻ, കരുന്തിരുകണ്ടൻ, മലയുടവൻ, ദണ്ഡൻ, കയറൻ, ഗുളികൻ, കുട്ടിച്ചാത്തൻ, (ശാസ്താവ്) ക്ഷേത്രപാലൻ, ചാമുണ്ഡി ഇങ്ങിനെ ഉള്ള പരദേവതമാരും വനദേവതമാരും ഗണപന്മാരും ഭൂമിയിൽ നിറയപ്പെട്ടിരിക്കുന്ന പരശുരാമക്ഷേത്രത്തിങ്കൽ വസിക്കുകയും ചെയ്യുന്നു.
ഇങ്ങിനെ മഹാരാജാവാകുന്ന കുന്നലകോനാതിരി ൧0000, വള്ളുവകോനാതിരി ൧0000, പൊറളാതിരിരാജാവ്, കോലത്തിരിരാജാവ് ൩൫0000, കോട്ടയകത്തു പുറവഴിരാജാവു ൭൨000, വെട്ടത്തുമന്നൻ ൫000, തിരുമലശ്ശേരി ൩000, പെരിമ്പടപ്പും, അയലൂർ, ശാർക്കര, ചെറുക്കര പറപ്പൂർരാജാവു ൩000, പടിഞ്ഞാറ്റിടം, മാടത്തിങ്കീഴ്, [ 121 ] പേരോത്ത, നെടുങ്ങനാടു, തെക്കുങ്കൂറു, വടക്കുങ്കൂറു, കക്കാടും, പുന്നത്തൂരും, ആയിനിക്കൂറും, മണക്കുളത്തും, വെങ്ങനാടൂം, ഒണനാടും, അമ്പലപ്പുഴ, ചെമ്പകച്ചെരി, പെരളൊത്തു, മുറിങ്ങനാടും, പൈയനാടും, കോട്ടൂർ, ഇരിക്കാലിക്കൽ, കുതിരവട്ടത്തുനായരും, ഏരനാട്ടുമേനോൻ ൫000, പുഴവായിമുതുക്കുറു മാണകമ്മൾ, പൂക്കളയൂർനമ്പിയാർ, നാലാങ്കൂറുടയനായർ, മൂന്നാം കൂറുടയനായർ, അത്തിമണ്ണിലം, പറിച്ചത്തും പൊറ്റയും, പറച്ചാമ്പെറ്റ കുറിച്ചിയാത്തും പണ്ഡലനായർ, കോഴിക്കോട്ടുകമ്മളും ചെരങ്ങാടു തലച്ചെണ്ണനായർ, എറനാട്ടുനായർ, ആലിപ്പറമ്പിൽ മേനോൻ, തിട്ടത്തിങ്കൽ അടിയോടി മുരിക്കഞ്ചേരിനായർ, പെനായ്ക്കോട്ട തലച്ചെണ്ണനായർ, എറനാട്ടുക്കര എഴുമൂന്നും പതിനൊന്നു താവഴിയിൽ തിരുമുല്പാടന്മാരും, മങ്ങാട്ടച്ചൻ തിനയഞ്ചേരി ഇളയതു, തലയൂരിൽ മൂസ്സതും, കോഴിക്കോട്ടൂ കോശയും, അഴിരാജാവാകുന്ന മമ്മാലിക്കടാവും ഇങ്ങിനെ കോലം തുടങ്ങി വേണാട്ടോടിടയിലുള്ള രാജാക്കന്മാരും ഇടപ്രഭുക്കന്മാരും തങ്ങടെ തങ്ങടെ രാജധർമാദികൾ രക്ഷിച്ചു പോന്നിരിക്കുന്നു. മറ്റും പലപല പരപ്പും പരമാർത്ഥവും പറവാൻ എത്രയും പണിയുണ്ടു.
ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷർക്ക് വഴിപോലെ ഗ്രഹിപ്പാന്തക്ക വണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാടകം ഉപദേശമായി സംഗ്രഹിച്ചു, സാരന്മാർ അറിഞ്ഞുകൊൾകയും ചെയ്ക.