തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൫.


[ 26 ]

അദ്ധ്യായം ൫

തിരുത്തുക

കാലാവസ്ഥ

തിരുത്തുക

ഇവിടെ സൂര്യന്റെ ഗതി മിക്കവാറും ആകാശമദ്ധ്യത്തിൽ കൂടിയാണല്ലോ. അതുകൊണ്ടു ഭൂമിക്കും വായുവിനും സാമാന്യത്തിലധികം ചൂടുണ്ടായിരിക്കണമെന്നൂഹിക്കാം. എന്നാൽ വാസ്തവം അങ്ങനെ അല്ല. ഇവിടെ സൂര്യൻ നിമിത്തമുള്ള ചൂടിനെ കുറയ്ക്കുന്നതിനും ശീതോഷ്ണാവസ്ഥയെ ക്രമപ്പെടുത്തുന്നതിനും പല കാരണങ്ങൾ ഉണ്ടു്. അവയിൽ പ്രധാനം ഭൂമിയുടെ നിരപ്പില്ലായ്മയും, പടിഞ്ഞാറുള്ള സമുദ്രത്തിന്റെ കിടപ്പും, കിഴക്കൻ മലകളുടെ സ്ഥാനവും, കാറ്റിന്റെ ഗതിയും, മഴയുടെ ആധിക്യവുമാകുന്നു. സമുദ്രനിരപ്പിനോടു ഒത്തുകിടക്കുന്ന പരന്ന പ്രദേശങ്ങളിലെ ശീതോഷ്ണാവസ്ഥ മിക്കവാറും സമനിലയിൽ സുഖകരമായിട്ടുള്ളതാണു്. സ്ഥലത്തിനു പൊക്കം കൂടുന്തോറും ഉഷ്ണം കുറഞ്ഞുകുറഞ്ഞും ശീതം കൂടിക്കൂടിയും വരുന്നു. ഏറ്റവും പൊക്കം കൂടിയ അഗസ്ത്യകൂടത്തിലേയും മറ്റും തണുപ്പു് അസഹ്യമാണു്. [ 27 ] ഏകദേശം മൂവായിരം അടി പൊക്കത്തിലുള്ള പീരുമേടു മുതലായ പ്രദേശങ്ങളിലെ ശീതോഷ്ണാവസ്ഥ തണുത്ത രാജ്യക്കാരായ യൂറോപ്യന്മാർക്കു ആനന്ദപ്രദമാകുന്നു. പരന്നു കിടക്കുന്ന താണ പടിഞ്ഞാറൻ ഭാഗങ്ങളിൽ അത്യുഷ്ണവും അതിശീതവും ബാധിക്കാറില്ല. എന്നാൽ പർവതനിരകളുടെ ഇടയ്ക്കുള്ള താഴ്വരകളിൽ വേനൽക്കാലത്തു് അത്യുഷ്ണവും തണുപ്പുകാലത്തു് അതിശീതവും ബാധിക്കാറുണ്ടു്. ദേശഭേദംകൊണ്ടുള്ള വ്യത്യാസങ്ങൾക്കു പുറമേ സമയഭേദംകൊണ്ടും കാലഭേദംകൊണ്ടും ശീതോഷ്ണാവസ്ഥയ്ക്കു മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടു്. ഓരോ ദിവസവും അതിരാവിലെ ഏകദേശം ൫ മണിക്കാണു തണുപ്പു കൂടുതൽ കാണുന്നതു്. ചൂടിന്റെ ആധിക്യം ഉച്ചതിരിഞ്ഞു് ഒന്നരമണി സമയത്താണു്. കാലഭേദംകൊണ്ടുള്ള മാറ്റവും ഇപ്രകാരം തന്നെ. വൃശ്ചികം പകുതി മുതൽ കുംഭം പകുതിവരെയാണു് രാത്രി തണുപ്പു കൂടുതൽ ഉള്ളതു് ചൂടിന്റെ ആധിക്യം കുംഭം പകുതി മുതൽ മേടം പകുതിവരെ കാണപ്പെടുന്നു. ശീതോഷ്ണാവസ്ഥയെ അളന്നു നിശ്ചയിക്കുന്നതിനു രസം നിറച്ച "തെർമാമീറ്റർ" എന കണ്ണാടിക്കുഴലാണു് ഉപയോഗിക്കുന്നതു്. ചൂടു കൂടുംതോറും ഈ കുഴലിലുള്ള രസം മേല്പോട്ടു കയറുകയും കുറയുന്തോറും കീഴ്പ്പോട്ടു താഴുകയും ചെയ്യുന്നു. ഏറ്റക്കുറച്ചിലിനെ കണക്കു കൂട്ടുന്നതു കുഴലിന്റെ പുറമേയുള്ള ഡിഗ്രി എന്ന വരകളാണു്. ഇതുകൊണ്ടു നിർണ്ണയപ്പെടുത്തിയതിൽ ഇവിടത്തെ ശരാശരി ശീതോഷ്ണാവസ്ഥ ൭൮ ഡിഗ്രിയാണു്. മലയുടെ അടിവാരങ്ങളിൽ വേനൽക്കാലത്തു ൧൦൦ ഡിഗ്രിവരെ കൂടുകയും തണുപ്പുകാലത്തു കൊടുമുടിയുടെ മുകളിൽ ൨൦ ഡിഗ്രിവരെ കുറയുകയും ചെയ്യുന്നു. ഇവിടുത്തെ ആകാശവായു നനവുള്ളതാണു്. പൊതുവിൽ വിചാരിക്കുന്നതായാൽ ശീതോഷ്ണാവസ്ഥ "നനവുള്ള ഉഷ്ണം" എന്നു പറയാം. ഇതു മനുഷ്യരുടെ ശരീരബലത്തിനും ഉന്മേഷത്തിനും ഹാനികരമാണു്.

ഇവിടെ പടിഞ്ഞാറു വശത്തുള്ള സമുദ്രത്തിൽനിന്നും മിക്കവാറുംകാലം കിഴക്കോട്ടു കാറ്റു വീശിക്കൊണ്ടിരിക്കുന്നു. ഈ കാറ്റു നീരാവിയോടു കലർന്നതാണു്. ഇതിനെ കിഴക്കൻ മലകൾ തടുത്തു് അപ്പുറത്തു കടക്കാതെ സൂക്ഷിച്ചുകൊള്ളുന്നു. കാറ്റിലുള്ള ഈ നീരാവി തണുത്തിട്ടാണു് മഴ പെയ്യുന്നതു്. അതുകൊണ്ടു നമ്മുടെ കിഴക്കൻ മലങ്കോട്ടകൾ നിമിത്തം ഇവിടെ വർഷം ധാരാളമുണ്ടാകുന്നു. ഇടവമാസംമുതൽ തുലാം അവസാനംവരെ മിക്കവാറും മഴ പെയ്തുകൊണ്ടിരിക്കും. ഈ മഴക്കാലത്തെ രണ്ടായിട്ടു ഗണിക്കാം. ഇടവംമുതൽ കർക്കടകംവരെയുള്ളതിനെ കാലവർഷമെ [ 28 ] ന്നും തുലാത്തിലുള്ളതിനെ തുലാവർഷമെന്നും പറയുന്നു. ചിങ്ങം കന്നി മാസങ്ങളിൽ മഴ അധികം പെയ്യാറില്ല. കാലവർഷത്തെ കൊണ്ടുവരുന്നതു് തെക്കുപടിഞ്ഞാറൻ കാറ്റും, തുലാവർഷത്തിനു കാരണം വടക്കുകിഴക്കൻ കാറ്റുമാണു്. കാലവർഷത്തിൽ മിക്കവാറും സമയം മഴയുണ്ടായിരിക്കും. എന്നാൽ തുലാവർഷത്തിൽ സാധാരണയായി വൈകുന്നേരമാണു് മഴ തുടങ്ങാറുള്ളതു്. ഭൂമിയിൽ പലയിടത്തും വീഴുന്ന മഴയെ അളന്നു കുറിക്കുന്നതു് ഇഞ്ചു കൊണ്ടാണു്. ഈ സംസ്ഥാനത്തിൽ ആകെ വീഴുന്ന മഴയെ ശരാശരിപ്പെടുത്തി നോക്കിയാൽ ആണ്ടിൽ ഉദ്ദേശം ൮൯ ഇഞ്ചു മഴ പെയ്യുന്നു എന്നു പറയാം. എന്നുവച്ചാൽ സംസ്ഥാനത്തിൽ ഒരു കൊല്ലം ആകെ വീഴുന്ന മഴവെള്ളം ഒട്ടും വറ്റാൻ ഇടവരാതെ സൂക്ഷിച്ചുനിറുത്തി സമതലത്തിൽ ആകെ പരത്തുകയാണെങ്കിൽ വെള്ളത്തിന്റെ ആഴം ൮൯ ഇഞ്ചായിരിക്കും. തെക്കു മഴ വളരെ കുറവാണു്. വടക്കോട്ടും വടക്കുകിഴക്കോട്ടും പോകുന്തോറും കൂടുതൽ കൂടുതലായി വർഷിക്കുന്നു. കന്യാകുമാരിക്കു സമീപം ആണ്ടിൽ ൩൦ ഇഞ്ചു മഴയേ ശരാശരി പെയ്യുന്നുള്ളൂ. തെക്കൻ ഡിവിഷനിലേതു ശരാശരി ൪൦ ഇഞ്ചും, തിരുവനന്തപുരം ഡിവിഷനിലേതു ൬൫ - ഇഞ്ചും , കൊല്ലത്തേതു ൭൫ ഇഞ്ചും കോട്ടയത്തേതു ൧൧൭-ഇഞ്ചും ആണു്. പീരുമേടിനു സമീപമാണു് ഏറ്റവും അധികം മഴപെയ്യുന്നതു്. ഇവിടെ ഉദ്ദേശം ൨൦൪ ഇഞ്ചു മഴ വീഴുന്നു. നാഞ്ചിനാടും ചെങ്കോട്ടയും അഞ്ചുനാടുമാണു് മഴ കുറവുള്ള പ്രദേശങ്ങൾ.

ഈ സംസ്ഥാനത്തു പ്രധാനമായി മൂന്നു കാലങ്ങൾ ഉണ്ടു്. അവ വേനൽക്കാലവും, മഴക്കാലവും മഞ്ഞുകാലവുമാകുന്നു. വേനൽക്കാലം കുംഭംമുതൽ മേടംവരെയും മഴക്കാലം ഇടവം മുതൽ തുലാംവരെയും മഞ്ഞുകാലം വൃശ്ചികം മുതൽ മകരംവരെയും നിലനില്ക്കുന്നു. മഞ്ഞുകാലവും വേനലും ഇവിടെ സുഖകരമല്ല. മലകളിൽ താമസിക്കുന്നവർ പ്രത്യേകം സൂക്ഷിക്കേണ്ടതാണു്. മലമ്പനിയും മസൂരിയും കൂടക്കൂടെ പിടിപെടാറുണ്ടു്. ഈയിട വേനലിന്റെ കാഠിന്യംകൊണ്ടും വർഷം തീരെ ഇല്ലാത്തതിനാലും മലമ്പനികൊണ്ടു തെക്കൻതിരുവിതാംകൂറിലെ താഴ്വരകളിൽ വലിയ നാശങ്ങൾ സംഭവിച്ചിരിക്കുന്നു. അമ്പലപ്പുഴ മുതൽ വടക്കോട്ടു സമുദ്രതീരത്തുള്ളവർക്കു ചിലപ്പോൾ "മന്തു" അല്ലെങ്കിൽ പെരുക്കാൽ ഉണ്ടാകാറുണ്ടു്.