കൃഷ്ണഗാഥ/രണ്ടാം ഭാഗം/നാരദപരീക്ഷ

(നാരദപരീക്ഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 മായതന്മായത്താൽ മാനുഷനായൊരു
2 മധവൻതന്നുടെ മന്ദിരത്തിൽ
3 മാലോകർക്കുണ്ടായ മാലെല്ലാം തീർത്തിട്ടു
4 മാനിനിമാരുമായ്മേവും കാലം
5 നാരദമാമുനി നണ്ണിനിന്നീടിനാൻ
6 വാരിജലോചനൻ വൈഭവത്തേ:
7 "എണ്ണിരണ്ടായിരം ഭാര്യമാരുണ്ടല്ലൊ
8 "എന്നെ നീ പൂണേണം"മെന്നുംചൊല്ലി.
9 എണ്ണമറ്റീടുന്ന മന്ദിരംതോറുമി
10 ക്കണ്ണന്താനെങ്ങനെ പാഞ്ഞുകൊൾവൂ?

11 ചിന്തിച്ചതോറുമിന്നെഞ്ചകംതന്നിലി
12 ന്നന്ധതയെന്നിയേ കണ്ടുതില്ലേ.
13 സുന്ദരിമാരുടെ മന്ദിരം തോറുമി
14 ന്നിന്നിവനെങ്ങനെ നിന്നു ഞായം,
15 എന്നതു കാണേണം"എന്നങ്ങു ചിന്തിച്ചു
16 ചെന്നു തുടങ്ങിനാൻ ദ്വാരകയിൽ
17 മുമ്പിനാൽ കണ്ടൊരു മന്ദിരം തന്നില
18 ങ്ങമ്പോടു പൂകിനാനാദരവിൽ.
19 കേടറ്റു നിന്നുള്ള വേദങ്ങൾതന്നുള്ളിൽ
20 ഗുഢനായ്മേവുന്ന ദേവന്തന്നെ

21 തിണ്ണമണഞ്ഞുടൻ പുണ്യമിയന്നുള്ള
22 കണ്ണിണതന്നിലങ്ങാക്കിക്കൊണ്ടാൻ;
23 ചാമരം കൊണ്ടങ്ങു വീതു തുടങ്ങിന
24 കാമിനി തന്നെയുമവ്വണ്ണമേ.
25 നാരദൻ വന്നതു കണ്ടൊരു നേരത്തു
26 വാരിജലോചനൻ പാരാതെതാൻ
27 ആസനംമുമ്പായ സാധനം നല്കിനി
28 ന്നാദരിച്ചീടിനാനായവണ്ണം
29 മാനിതനായൊരു മാമുനിതാനപ്പോൾ
30 മാധവഞ്ചാരത്തു നിന്നുപിന്നെ

31 മറ്റൊരു മന്ദിരംതന്നിലകം പുക്കാൻ
32 വറ്റാതെനിന്നൊരു കൗതുകത്താൽ.
33 മാധവന്മുന്നൽ തന്മാനിനി താനുമായ്
34 ചുതു പൊരുന്നതു കാണായ്യപ്പോൾ.
35 മാമുനി വന്നതു കണ്ടൊരു മാധവൻ
36 മാനിച്ചുനിന്നു മതിർക്കുംവണ്ണം
37 മുന്നമേ വന്നുതോയെന്നങ്ങു ചോദിച്ചാൻ
38 മുന്നം താൻ കണ്ടീലയെന്നപോലെ.
39 എന്നതു കേട്ടൊരു നാരദമാമുനി
40 ഏതുമേ മിണ്ടാതെ നിന്നു പിന്നെ

41 വേഗത്തിൽ പോയങ്ങു ചാരത്തു നിന്നൊരു
42 ഗേഹത്തിൽ പൂകിനാനാകുലനായ്.
43 ബാലന്മാരെത്തന്മാറിലങ്ങാക്കീട്ടു
44 ലാളിച്ചുനിന്നതു കാണായ്യപ്പോൾ
45 പെട്ടെന്നെഴുന്നേറ്റു പേശലമായൊരു
46 വിഷ്ടരം നല്കിനാൻ നാഥനപ്പോൾ.
47 വിഷ്ടരം പൂകിന നാരദന്തന്നോടു
48 തുഷ്ടനായ് നിന്നു പറഞ്ഞാൻ പിന്നെ:
49 "ഒട്ടുനാൾകൂടീട്ടു കാണുന്നൂതിന്നിപ്പോൾ
50 ഇഷ്ടരായുള്ളവരെന്തിങ്ങനെ?

51 പുത്രരുമായിട്ടു മന്ദിരം തന്നിലേ
52 നിത്യമായ് നിൽപ്പൂതേയുള്ളു ഞാനോ.
53 കാലമോ പോമല്ലൊ ബാലകന്മാരുടെ
54 ലീലകളോരോന്നേ ചാലക്കണ്ടാൽ.
55 പൈതങ്ങളുണ്ടാകിൽ പൈതന്നെയുണ്ടാകാ;
56 കൈതവമല്ല ഞാൻ ചൊന്നതൊട്ടും."
57 സംഗതികളായവർ ചൊല്ലുന്ന വാർത്തകൾ
58 ഇങ്ങനെയോരോന്നേ ചൊല്ലിപ്പിന്നെ
59 ബാലകന്മാരെയും ചാലപ്പുണർന്നു ത
60 ന്നാലയംതന്നിലേ നിന്നനേരം

61 ഓർച്ച പൂണ്ടീടുന്ന നാരദമാമുനി
62 ഓടിനാനന്യമാം മന്ദിരത്തിൽ.
63 മജ്ജനത്തിന്നു തുടങ്ങി നിന്നീടുന്നൊ
64 രച്യുതന്തന്നെയും കണ്ടാനപ്പോൾ.
65 അന്യമായുള്ളൊരു മന്ദിരംതന്നിലേ
66 പിന്നെയും ചെന്നങ്ങു പൂകുംനേരം
67 അജ്ഞത വേറായുള്ളാരണർ ചൂഴുറ്റു
68 യജ്ഞങ്ങൾകൊണ്ടു യജിച്ചു നന്നായ്
69 നാകികൾതോഷത്തേ നല്കി നിന്നീടുന്ന
70 നാഥനെക്കാണായി ചേണുറ്റപ്പോൾ.

71 നിഷ്കളമെന്നങ്ങു ചൊല്ക്കൊണ്ട ബോധത്തെ
72 നിശ്ചലമായൊരു മാനസത്തിൽ
73 ചേർത്തുനിന്നീടുന്നതമ്പോടു കാണായി
74 താസ്ഥയോടങ്ങൊരു മന്ദിരത്തിൽ.
75 വാളുമെടുത്തു നൽ ചർമ്മവുമായിട്ടു
76 മേളത്തിൽ നിന്നു പയറ്റി നന്നായ്
77 ശീലിച്ചു നിന്നൊരു നീലക്കാർവ്വർണ്ണനെ
78 ക്കാലത്തേ ചെന്നങ്ങു കണ്ടാമ്പിന്നെ.
79 മറ്റൊരു മന്ദിരം പുക്കൊരു നേരത്തു
80 മറ്റൊരു ജാതിയിൽക്കാണായിതും.

81 ഇങ്ങനെയോരോരോ മന്ദിരം തോറുമ
82 മ്മംഗലനായൊരു മാമുനിതാൻ
83 കണ്ടുകണ്ടേറ്റവും വിസ്മയിച്ചീടിനാൻ
84 കൊണ്ടൽനേവർണ്ണൻറെ വൈഭവത്തേ.
85 മുമ്പിനാൽ ചെന്നൊരു മന്ദിരംതന്നിൽച്ചെ
86 ന്നംബുജലോചനനോടുകൂടി
87 മായതൻ വൈഭവം കൊണ്ടു പറഞ്ഞിട്ടു
88 മാനിച്ചുനിന്നു നുറുങ്ങുനേരം
89 മാധവന്തന്നോടു യാത്രയും ചൊല്ലീട്ടു
90 മാഴ്കാതെ പോയാനമ്മാമുനിയും.