ഭാഷാഭാരതം/സഭാപർവ്വം/അർഘ്യാഭിഹരണപർവ്വം

ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
അർഘ്യാഭിഹരണപൎവ്വം

[ 830 ] ===അർഘ്യാഭിഹരണപർവ്വം===

36.കൃഷ്ണാർഘ്യാദാനം തിരുത്തുക

രാജസൂയത്തിനു വന്നുചേർന്ന മഹർഷികളുടെ സംവാദം. നാരദന്റെ ശ്രീകൃഷ്ണപ്രശംസാകീർത്തനം. ധർമ്മപുത്രൻ ഭീഷ്മന്റെ അനുമതിയോടുകൂടി കൃഷ്ണനെ അഗ്ര്യപൂജയ്ക്കു തെരഞ്ഞെടുക്കുന്നു. സഹദേവൻ കൃഷ്ണനു് അഗ്ര്യപൂജ നടത്തുന്നു ശിശുപാലൻ അതു സഹിക്കുന്നില്ല.


വൈശമ്പായനൻ പരഞ്ഞു

ഭൂപരോടും വിപ്രരാഭിഷേചനീയദിനേ പരം
വേദിക്കകത്തു കയറീ പൂജ്യരാകും മഹർഷികൾ. 1

നാരദപ്രമുഖന്മാരന്നന്തർവ്വേദിയിലപ്പൊഴേ
രാജർഷിപ്രവരന്മാരോടൊത്തു ശോഭിച്ചിതേറ്റവും. 2

ദേവദേവർഷികൾ വിധിസദസ്സിൽ ചേർന്നവണ്ണമേ
ക്രിയാവിരാമസമയം യോഗ്യർ ജല്പിച്ചു തങ്ങളിൽ. 3

ഇതേവമാ,ണതാവി,ല്ലിങ്ങിതു മറ്റുവിധം വരാ,
എന്നും മറ്റും പലവിധമവർ തർക്കിച്ചു തങ്ങളിൽ 4

ചെറുതാം കാര്യമിവിടെപ്പെരുതാക്കീടിനാർ ചിലർ
ചെറുതാക്കീ പെരുതിനെശ്ശാസ്രൂയുക്തിപ്രകാരമേ. 5

ബുദ്ധിമാന്മാർ ചിലരതിലന്യരത്ഥമുരയ്ക്കവേ
വിക്ഷേപിച്ചൂ നഭസ്സിങ്കൽ ശ്യേന്യർ മാംസംകണക്കിനെ. 6

ചിലർ ധർമ്മാർത്ഥദക്ഷന്മാർ ചിലരങ്ങു മഹാവ്രതർ
സർവ്വഭാക്ഷ്യവിദഗ്ദന്മാർ തമ്മിൽ ചൊല്ലി രസിച്ചുതേ. 7

ആ വേദി വേദനിപൂണദേവദ്വിജമുനീന്ദ്രരാൽ
വ്യോമം താരങ്ങളാലെന്നപോലേ ശോഭിച്ചിതേറ്റവും. 8

ശുദ്രനില്ലരികത്തെങ്ങും വ്രതം വിട്ടില്ലൊരുത്തനും
യുധിഷ്ഠിരന്റെ യാഗത്തിലാ വേദിയിലിളാപതേ! 9

ശ്രീമാനാം ധർമ്മപുത്രന്റെ യജ്ഞത്തിന്നുള്ള ലക്ഷ്മിയെ
അന്നേരമൊന്നു നോക്കികണ്ടാനന്ദിച്ചിതു നാരദൻ. 10

പിന്നെയെന്തോ വിചാരിച്ചു മുനീന്ദ്രൻ മനുജാധിപ!

[ 831 ] ====കൃഷ്ണർഘ്യദാനം====


നാരദൻ പാർത്തുകണ്ടിട്ടാസ്സർവ്വക്ഷത്രസമാഗമം.
അംശാവതരണത്തിങ്കൽ ബ്രഹ്മലോകത്തിൽ മുന്നമേ 11


നടന്നമേ കഥയോന്നോർത്തിതായവൻ പുരുഷർഷഭ! 12
ദേവസമ്മേളനമതു നിനച്ചു കരുനന്ദന!

നാരദൻ കരൾകൊണ്ടോർത്തു പങ്കജാക്ഷൻ മുകുന്ദനെ 13
ക്ഷത്രജാതിയിലാദ്ദൈത്യശത്രു നാരായണൻ വിഭു

സത്യരക്ഷയ്ക്കവതരിച്ചെത്തീ പരപുരഞ്ജയൻ. 14

ഭൂതകർത്താവവൻ മുന്നമോതീ വിബുധരോടഹോ!

നിങ്ങൾ തമ്മിൽകൊന്നുവീണ്ടുമിങ്ങുലോകത്തിലെത്തിടും.
ഏവം നാരായണൻ ശംഭു ഭഗവാൻ ഭൂതഭാവൻ

വാനോർകളോടു കൽപിച്ചു ജനിച്ചു യദുമന്ദിരേ 16
മന്നിലന്ധകവൃഷ്ണീന്ദ്രകുലത്തിൽ കലവർദ്ധനൻ

നക്ഷത്രങ്ങൾനടുക്കിന്ദുകണക്കങ്ങു വിളങ്ങിനാൻ. 17
ഇന്ദ്രാദിവനോർക്കുമവൻതൻ ദോർവ്വീര്യ മൊരാശ്രയം

ആ വിഷ്ണുവാം മർത്ത്യനെന്നു ഭാവിപ്പോരീജ്ജനാർദ്ദനൻ. 18
അന്വോ! മഹൽഭ്രതമിതു സ്വയംഭ്രതന്നെയാം സ്വയം

സംഹരിക്കും ക്ഷത്രമൊക്കയത്രയ്ക്കു ബലമുണ്ടഹോ! 19
എന്നേവം നാരദൻ ചിന്തചെയ്തു സർവജ്ഞനാം മുനി

യജ്ഞേജ്യനാകിന ഹരിനാരായണനെയോർത്തഹോ! 20
ധർമപുത്രന്റെയാ യജ്ഞകർമ്മത്തിൽ ധർമവിത്തമൻ

ആ മഹാബുദ്ധി സല്ക്കാരം കൈകൊണ്ടങ്ങനെ മേവിനാൻ. 21
അഥ ഭീഷ്മൻ ധർമഭൂവാം യുധിഷ്ഠിരനൊടോതിനാൻ.

ഭീഷ്മൻ പറഞ്ഞു

പൂജ്യതയ്ക്കൊത്തരചരെപ്പൂജിച്ചീടുക ഭാരത! 22
ആചാര്യൻ പിന്നെയൃത്വിക്കു സംയുക്കേവം യുധിഷ്ഠിര!

സ്നാതകൻ സ്നേഹിതൻ ഭൂപനർഗ്ഘ്യാർഹ രിവരാറുപേർ. 23
ഒരാണ്ടു പാർക്കിലുമിവലർച്ച്യ രഭ്യാഗതോപമം

അമ്മട്ടുള്ളിവരെകിട്ടീ ബഹുകാലാൽ നമുക്കിഹ. 24
അർഗ്ഘ്യം നല്കുകിവർക്കോരോരുത്തരുത്തർക്കായവനീപതേ!

എന്നാലാദ്യംമതിൽ ശ്രേഷ്ഠപൂജ്യനർഗ്ഘ്യം കൊടുക്കുക. 25
യുധിഷ്ഠരൻ പറഞ്ഞു
ഏതൊരാൾക്കർഗ്ഘ്യമിന്നാദ്യമേകുന്നതു കുരുദ്വഹ!
യുക്തമെന്നു ഭവാൻ കാണ്മതതു ചൊൽക പിതാമഹാ! 26

വൈശന്വായൻ പറഞ്ഞു

പിന്നെശ്ശാന്തനവൻ ഭീഷ്മൻ ബുദ്ധികൊണ്ടോർത്തുറച്ചുതേ
മന്നിൽ വാർഷ്ണേയനാം കണ്ണൻ മുന്നിൽ പൂജാർഹനെന്നുതാൻ. 27

[ 832 ] ====അർഘ്യാഭിഹരണപർവം====


ഇവനേവർക്കുമിടയിൽ തേജോവിക്രമശക്തിയാൽ
ജ്യോതിസ്സുകൾക്കിടയിലാസ്സൂര്യന്മട്ടുതപ്പിപ്പവൻ. 28

അർക്കനില്ലാത്തിടക്കാൻ കാറ്ററേറടത്തു കാറ്റുമേ
എന്ന മട്ടിസ്സഭ തെളിച്ചാഹ്ലാദിപ്പിപ്പു മാധവൻ 29

ഭീഷ്മന്റെ സമ്മതത്തോടും സഹദേവൻ പ്രതാപവാൻ
ആ വാർഷ്ണേയന്നുത്തമമാമർഗ്ഘ്യം നല്കീ യഥാവിധി. 30

ശാസ്ത്രപ്രകാരമതിനെ സ്വീകരിച്ചതു കൃഷ്ണനും
ശിശുപാലൻ പൊറുത്തില്ലാ വാസുദേവമഹാർഹണം. 31

അവനാസ്സഭയിൽ ഭീഷ്മധർമ്മഭൂനിന്ദ ചെയ്തുടൻ
ആക്ഷേപിച്ചൂ വാസുദേവൻതന്നേച്ചൈദ്യൻ മഹാബലൻ. 32

37.ശിശുപാലക്രോധം തിരുത്തുക

അഗ്ര്യപൂജയ്ക്കു കൃഷ്ണനെ തിരഞ്ഞെടുത്ത യുധിഷ്ഠരൻ, അതിന് ഉപദേശം നൽകിയ ഭീഷ്മൻ, അഗ്ര്യപൂജ സ്വീകരിച്ച കൃഷ്ണൻ മുതലായവരെ കടുത്ത ഭാക്ഷയിൽ ആക്ഷേപിച്ച് ശിശുപാലൻ കൂട്ടുകാരായ ഏതാനും രാജാക്കൻമാരോടൊന്നിച്ച് സഭാസ്ഥലം വിട്ടിറങ്ങിപ്പോകുന്നു.


ശിശുപാലൻ പറഞ്ഞു
മഹാത്മാക്കൾ മഹീശന്മാരിരിക്കേ വൃഷ്ണിഭൂവിവൻ
രാജമട്ടി രാജപൂജയ്ക്കർഹനല്ലിഹ കൗരവ! 1

മഹാന്മാരാം പാണ്ഡവർക്കു ചേർന്നതല്ലീ ക്രിയാക്രമം
കാമത്താൽ പുണ്ഡരീകാക്ഷപൂജ ചെയ്തു പാണ്ഡവ! 2

ബാലർ പാണ്ഡവരേ,നിങ്ങൾ സൂക്ഷ്മം ധർമ്മമറിഞിടാ
സ്മൃതി വിട്ടോനല്പമാത്രം കാണ്മോനീയാപഗേനും. 3

അങ്ങേപോലുള്ള ധർമിഷ്ഠൻ സേവനോക്കി നടക്കുകിൽ
ലോകത്തിൽ സജ്ജനങ്ങൾക്കു ഭീഷ്മം ,നിന്ദയ്ക്കു പാത്രമാം. 4

രാജാവല്ലാത്ത ദാശാർഹൻ രാജാക്കന്മാർനടുക്കഹോ!
അർഹണയ്ക്കർഹനോ നിങ്ങളർഹണം ചെയ്തമാതിരി? 5

അതെല്ലാം വൃദ്ധനാം കൃഷ്ണനെനോക്കിൽ കുരുപുംഗവ!
വസുദേവനിരിക്കേത്തൽപ്പുത്രനർഹതയെങ്ങനെ!

അതല്ലിഷ്ടം നോക്കിനനില്പോൻ കണ്ണനെന്നു നിനയ്ക്കിലും
ദ്രുപൻ നിലക്കവേ പൂജ്യനാവതെങ്ങനെ മാധവൻ? 7

അതല്ലാചാര്യനാം കൃഷ്ണനെന്നോർക്കിൽ കുരുനന്ദന!
വൃദ്ധനാം വ്യാസസസനുള്ളപ്പോളെന്തേ പൂജിച്ചു കണ്ണനെ? 8

[ 833 ]

ഭീഷ്മൻ ശാന്തനവൻ ഭൂപ,പുരുഷന്മാരിലുത്തമൻ
സ്വച്ഛന്ദമൃത്യു നിലക്കുന്വോഴെന്തേ പൂജിച്ചു കണ്ണനെ? 9

സർവ്വശാസ്ത്രജ്ഞനാം വീരനശ്വത്ഥാമാവിരിക്കവേ
കുരുനന്ദനരാജൻതാനെന്തേ പൂജിച്ചു കണ്ണനെ? 10

രാജേന്ദൻ പുരുഷശ്രേഷ്ഠൻ ദുര്യോദനനിരിക്കവേ
കൃപാചാര്യനുമുള്ളപ്പോളെന്തേ പൂജിച്ചു കണ്ണനെ? 11

ദ്രുമൻ കിംപരുഷാചാര്യൻ നില്ക്കേയർച്ചിർക്രമം
ദുർദ്ധർഷൻ ഭീഷ്മകൻ പാണ്ഡു കല്പൻ കല്പിച്ചിരിക്കവേ, 12

നൃപശ്രേഷ്ഠൻ രുക്മി നില്ക്കയേകലവ്യനിരിക്കവേ,
മദ്രേശൻ ശല്യതുള്ളപ്പോളെന്തേ പൂജിച്ചു കണ്ണനെ? 13

സർവ്വരാജാക്കളിടയിൽ ബലം വാഴ്ത്തും മഹാബലൻ
ജാമദഗ്ന്യദ്വിജന്നിഷ്ടപ്പെട്ട ശിഷ്യൻ കുരുദ്വഹ! 14

തന്റെ വീര്യംകൊണ്ടുതന്നേ മന്നവന്മാരെ വെന്നവൻ
ഈകർണ്ണനിങ്ങിരിക്കുന്വോഴെന്തേ പൂജിച്ചു കണ്ണനെ? 15

ഋതിക്കല്ലാചാര്യനല്ലാ രാജാവല്ലാ മുരാന്തകൻ
പൂജിച്ചുതാനും സേവയ്ക്കന്നല്ലാതെന്തോന്നു കൗരവ! 16

നിങ്ങൾക്കു പൂജിക്കണമീ മധുവൈരിയെയെങ്കിലോ
ഇങ്ങെന്തിന്നവമാനിപ്പാൻ വരുത്തീ മാനവേന്ദ്രരേ? 17

ഞങ്ങളോ പേടിയാലല്ലല്ലീസ്സാധു കൗന്തേയനേവരും
കപ്പം കൊടുത്തൂ ലോഭാലല്ലല്ലാ സ്വാന്തത്തിനാലുമേ. 18

സൽക്കർമം ചെയ്യുമിവനു ചക്രവർത്തിത്വമേകുവാൻ
കപ്പം കൊടുത്തതാണെന്നാലിപ്പോൾ നിന്ദിപ്പു ഞങ്ങളെ. 19

ഇതെന്താണൊരു ധിക്കാരമല്ലേ രാജസഭാന്തരേ
ലക്ഷണംകെട്ടൊരിക്കർണ്ണന്നർഗ്ഘ്യപൂജ കഴിച്ചു നീ? 20

പെട്ടെന്നു ധർമപുത്രന്റെ ധർമ്മാത്മാവെന്ന പേരു പോയ്
ഏവം ധർമച്യുതന്നാരു ചെയ്യുമുത്തമപൂജയെ? 21

വൃഷ്ണിവംശോത്ഭവനിവൻ മന്നനെക്കൊന്നു മുന്നമേ
ദുരാത്മാവുചതിച്ചാനാജ്ജരാസന്ധനരേന്ദനെ. 22

ധർമ്മാത്മജനിൽനിന്നിന്നു ധർമ്മാത്മത്വമൊഴിഞ്ഞുപോയ്
കണ്ണനർഗ്ഘ്യം കൊടുത്തിട്ടു കാർപ്പണ്യം വെളിവാക്കിനാൽ.

ഭീരുക്കൾ കൃപണന്മാരിപ്പാർത്ഥൻ പാവങ്ങളെങ്കിലോ
നോക്കേണ്ടയോ പൂജ തനിക്കൊത്തതോയെന്നു കൃഷ്ണ, നീ? 24

എന്നാലികൃപണന്മാർ നല്കുന്ന പൂജ ജനാർദ്ദന! 25
അനർഹനായ നീയെന്താനുമോദിച്ചു വാങ്ങുവാൻ?

തനിക്കൊക്കാത്തൊരീപ്പൂജമെച്ചമെന്നോർത്തിടുന്നു നീ

[ 834 ]

ഹവിരംശത്തെ വിജനേ പ്രാശിച്ചാ ശ്വാവുപോലെതാൻ. 26

ഒക്കില്ലിങ്ങനെ രാജാക്കൾക്കൊക്കയുള്ളവമാനനം;
കുരുക്കൾ നിന്നെത്താനേവം പ്രലംഭിപ്പൂ ജനാർദ്ദന! 27

നപുംസകം വേട്ടമട്ടുമന്ധൻ കാണും പ്രകാരവും
അരാജനിരാജപൂജ ചേരുമേ മധുസൂദന! 28
 
കണ്ടു യുധിഷ്ഠരനെ ഞാൻ കണ്ടൂ ഭീഷ്മന്റെ മട്ടുമേ
കണ്ടേനീക്കണ്ണനെയും ഞാനെല്ലാം വേണ്ടകണക്കിലായ്. 29

വൈശന്വായൻ പറഞ്ഞു
ഇത്ഥമായവരോടോതീട്ടേറ്റു ചൈദ്യൻ വരാസനാൽ
സഭാസ്ഥലം വിട്ടു മറ്റു ഭൂപന്മാരൊത്തിറങ്ങിനാൽ. 30

38.ഭീഷ്മവാക്യം തിരുത്തുക

ധർമപുത്രൻ ശിശുപാലനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു.അങ്ങനെ ഒരാളോടു നല്ലവാക്കു പറയത്തക്കവണ്ണം ആരും ഒരകൃത്യവും ചെയ്തിട്ടില്ലന്നു പറഞ്ഞു ഭീഷ്മർകൃഷ്ണന്റെ ഗുണഗണങ്ങളെ വർണിക്കുന്നു. കൃഷ്ണന്റെ അഗ്ര്യപൂജ രസിക്കാത്തവർക്ക് ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞു ഭീഷ്മർ ഉപസംഹരിക്കുന്നു.


വൈശന്വായൻ പറഞ്ഞു

ഉടൻ യുധിഷ്ഠരന്രപനടുത്തൂ ചൈതന്യസന്നിധൗ
അവനോടീവിധം സാന്തവാക്കു ഭംഗിയിലോതിനാൽ. 1

യുധിഷ്ഠരൻ പറഞ്ഞു

മന്നവേന്ദ്ര, ഭവാനിപ്പോൾ ചൊന്നതേറ്റമയുക്തമാം
പെരുത്തധർമാവാണേവം പാരുഷ്യം പഴുതായ് വരും. 2

പരമാം ധർമ്മമറിയാതിരിക്കില്ലിഹ പാർത്ഥിവൻ
ഭീഷ്മൻ ശാന്തനവൻ, തെറ്റിയവമാനിച്ചിടായ്ക നീ. 3

നോക്കൂ പലരുമുണ്ടങ്ങേക്കാട്ടിലും വൃദ്ധരാം നൃപർ
മർഷിപ്പൂ കൃഷ്ണസൽക്കാരുമങ്ങുമേവം പൊറുക്കെടോ. 4

നന്നായറിയുമീ ഭീഷ്മൻ കൃഷ്ണനെച്ചേദിഭൂപതേ!
അക്കൗരവനറിഞ്ഞീടും വണ്ണം നീയറിയില്ലേടോ. 5

ഭീഷ്മൻ പറഞ്ഞു

ഇവന്നനുനയം ചെയ്യാംയ്കേവം സാന്ത്വാർഹനല്ലിവൻ
വിശ്വവൃദ്ധതമൻ കൃഷ്ണന്നർച്ചനം സഹിയാത്തവൻ. 6

ക്ഷത്രിയൻ ക്ഷത്രിയനെ വൻപോരിൽ പോരാളി വെന്നുടൻ
കീഴടക്കി വിടുന്നാകിലവന്നു ഗുരുവാമൻ. 7

ഈസ്സദസ്സിൽ സാത്വതേയൻ പോരിൽ തന്നുടെ ശക്തിയാൽ
ജയിക്കാതുള്ള നൃപനെക്കണ്ടീടുന്നില്ലൊരാളെയും. 8

[ 835 ]

നമുക്കുമാത്രമിങ്ങർച്ച്യനെന്നല്ലാ പാർക്കിലച്യുതൻ
ത്രൈലോക്യത്തിങ്കലേവർക്കുമർച്ച്യനല്ലോ മഹാഭുജൻ. 9

കണ്ണൻ പോരിൽ ജയിച്ചിട്ടുണ്ടെണ്ണംവിട്ട നരേന്ദ്രരെ
ഈ വൃഷ്ണിനാഥനിലുറച്ചിരിപ്പൂ വിശ്വമൊക്കെയും. 10

അന്യവൃദ്ധരെയല്ലാതെയതോർത്തിർച്ചിച്ചു കൃഷ്ണനെ
ഏവം ചൊല്ലായ്കങ്ങു തെല്ലം ബുദ്ധിമാറി ഭൂമിക്കൊലാ. 11

സേവിച്ചിരിപ്പൂ ഞാൻ ജ്ഞാനവൃദ്ധരെപ്പലരെ പ്രഭോ!
അവർ ചൊല്ലിക്കേട്ടിരിപ്പൂ ശൗരിക്കുള്ള ഗുണോച്ചയം. 12

ആസ്സജ്ജനങ്ങളൊന്നിച്ചു ബഹുമാനിച്ചുരയ്ക്കവേ
ജന്മംമുതല്ക്കീദ്ധീമാന്റെ കർമ്മങ്ങളുമതേവിധം 13

പലരും പലപാടോതിക്കേട്ടിട്ടുണ്ടു പലപ്പോഴും.
ചേദിനാഥ, വെറും മോഹംകൊണ്ടുമല്ല മുകുന്ദനേ 14

ചാർച്ചകൊണ്ടും തുണച്ചോരു വേഴ്ചകൊണ്ടിട്ടുമല്ലെടോ
ഞങ്ങളർച്ചിച്ചതേർക്കുമിവനർച്ച്യൻ സുഖപ്രദൻ. 15

വെറും മൂഢരെയും ഞങ്ങൾ പരീക്ഷിക്കാതെയില്ലിഹ;
ഗുണാൽ വൃദ്ധരിലും മേലേ പൂജ്യനായ്ക്കണ്ടു കൃഷ്ണനെ. 16

ജ്ഞാനവൃദ്ധൻ ബ്രാഹ്മണർക്കു മന്നവർക്കു ബലാധികൻ
വൈശ്യർക്കു ധാന്യധനവാൻ ജന്മം ശൂദ്രർക്കു മാത്രമാം. 17

പൂജ്യതക്കിന്നു കൃഷ്ണങ്കലിങ്ങു രണ്ടുണ്ടു കാരണം
വേദവേദാംഗവിജ്ഞാനമതിയാം ശക്തിതാനുമേ. 18

മനുഷ്യലോകത്താരുണ്ടു പൂജ്യനീക്കൃഷ്ണനെന്നിയേ? 19
ദാന ദാക്ഷ്യം ശ്രുതം ശൗര്യം ഹ്രീ കീർത്തി മതിയാം മതി

സന്തതി ശ്രീ തുഷ്ടി പുഷ്ടി ധൃതിയുണ്ടിവ കണ്ണനിൽ. 20
ലോകസന്വന്നനാചാര്യൻ പിതാവു ഗുരുവാണിവൻ

അർച്യനർച്ചിതനായിങ്ങു നിങ്ങളെല്ലാം ക്ഷമിക്കുവിൻ. 21
ഋതിക്കു ഗുരു സംബന്ധി സ്നാതകൻ പ്രാർത്തിവൻ പ്രിയൻ

ഹൃഷീകേശനിതെല്ലാമാണതോർത്തിർച്യുതനച്യുതൻ. 22
കൃഷ്ണങ്കൽ നില്പു ലോകത്തിന്നുൽപ്പത്തിപ്രളയങ്ങളും

കൃഷ്ണൻകാരണമാണിന്നീക്കാണും വിശ്വം ചരാചരം 23
ഇവൻ പ്രകൃതിയവ്യക്തൻ കർത്താവാദ്യൻ സനാതനൻ

സർവഭൂതങ്ങൾക്കു പരനതിനാൽ പൂജ്യനേറ്റവും.
ബുദ്ധി ചിത്തം മഹത്തത്ത്വം വായു തേജോംബു ഭൂമി ഖം 24

ചതുർവിധം ഭൂതജാലമൊക്കക്കൃഷ്ണനിൽ നില്പതാം. 25
ആദിത്യനിന്ദു നക്ഷത്രജാലം പിന്നെഗ്രഹങ്ങളും

ദിക്കും വിദിക്കുമീവണ്ണമൊക്കക്കൃഷ്ണനിൽ നില്പതാം 26

[ 836 ]

അഗ്നിഹോത്രമുഖം വേദു ഗായത്രീ ഛാന്ദസം മുഖം

മന്നൻ മനുഷ്യർക്കു മുഖം പുഴകൾക്കാഴിയാം മുഖം, 27
നക്ഷത്രങ്ങൾക്കിന്ദു മുഖം തേജസ്സിന്നർക്കനാം മുഖം

മലകൾക്കോ മേരു മുഖം ഖർക്കു ഗരുഡൻ മുഖം 28
മേലും കീഴും ചുഴലവുംജഗത്തുള്ളതിനൊക്കെയും

സദേവാസുരലോകർക്കും ഭഗവാൻ കേശവൻ മുഖം. 29
ഇവനോ ബാലനറിയാ ശിശുപാലനിതൊന്നുമേ

എങ്ങും കൃഷ്ണന്റെ മാഹാത്മ്യമതാണിങ്ങനെ ചൊൽവതും. 30
ഉൽകൃഷ്ടമായ ധർമ്മത്തെത്തിരയുന്നോരു ബുദ്ധിമാൻ

കാണുമീദ്ധർമ്മതത്ത്വത്തെയത്ര കാണില്ല ചേദിപൻ. 31
ആബാലവൃദ്ധമിങ്ങുള്ള പാർത്ഥിവന്മാരിലാരുവാൻ

അനർഹൻ കൃഷ്ണനെന്നോർപ്പൂ പൂജിക്കാത്തവനേതവനൻ? 32
എന്നാലിപ്പൂജ ചൊവ്വായില്ലെന്നോർക്കുന്നുണ്ടു ചേദിപൻ

ചൊവ്വായില്ലെങ്കിൽ വേണ്ടുന്നതെല്ലാം ചെയ്യട്ടെയായവൻ. 33

39.അർഘ്യാഭിരണം തിരുത്തുക

താൻ നടത്തിയ അഗ്ര്യപൂജ രസിക്കാത്തവരുണ്ടങ്കിൽ അവരെ താൻ വെല്ലുവിളിക്കുന്നു എന്ന് സഹദേവൻ വിളിച്ചുപറയുന്നു.ശിശുപാലനും കൂട്ടുകാരും കൂടിയാലോചിച്ചു പാണ്ഡവരോടെതിർക്കാൻ തിരുമാനിക്കുന്നു.ഈവർത്തമാനം കൃഷ്ണന്റെ ചെവിയിലെത്തുന്നു.


വൈശന്വായൻ പറഞ്ഞു

ഏവം ചൊല്ലീട്ടു ഭീഷ്മൻതാൻ വിരമിച്ച മഹാബലൻ
അതിന്നുശേഷം പൊരുൾ കണ്ടോതിനാൽ സഹദേവനും.1

സഹദേവൻ പറഞ്ഞു

അപ്രമേയബലൻ കേശിഹരൻ കേശദേവനെ
ഞാൻ പൂജിച്ചതു മന്നോരിലാർക്കു ദുസ്സഹമായിതോ, 2

ആബ്ബലിഷ്ഠർക്കെഴും മൂർദ്ധാവിലിങ്കലിക്കാലു വെച്ചു ഞാൻ;
എന്നു ഞാൻ ചൊന്നതിനവൻ പറഞ്ഞീടെട്ടെയുത്തരം; 3

എനിക്കിവൻ വധ്യനാകമിതിനില്ലൊരു സംശയം.
മതിമാന്മാർകളാചാര്യൻ പിതാവു ഗുരു മാധവൻ 4

അർച്ച്യനർച്ചിതനായ്ക്കണ്ടു മന്നോരനുവദിക്കുമേ.

വൈശന്വായൻ പറഞ്ഞു

എന്നവൻ ചൊന്നവാറോതിയില്ല സജ്ജനമൊന്നുമേ 5
മാനമേറും മന്നവന്മാർമുന്നിൽ കാൽ കാട്ടിയെങ്കിലും.

ഉടൻ വീണൂ പുഷ്പവൃഷ്ടിസഹദേവന്റെ മൗലിയിൽ 6
അശരീരോക്തി കേൾക്കായീനന്നു നന്നെന്നുനന്ദിയിൽ.

ഭഗവാൻ കൃഷ്ണനെപ്പറ്റി ഭൂതഭവ്യങ്ങൾ ചൊൽവവൻ 7

[ 837 ]

ലോകജ്ഞൻ സർവ്വസന്ദേഹഹരനായൊരു നാരദൻ

സർവർക്കും കേൾക്കുമാറേറെ സ്പഷ്ടമായരുളീടാൻ; 8
പങ്കജാക്ഷൻ കൃഷ്ണനെയിങ്ങർച്ചിക്കാതുള്ള മാനുഷർ

ജീവച്ഛവങ്ങളവരോടാരും മിണ്ടരുതെന്നുമേ 9
ബ്രഹ്മക്ഷത്രവിശേഷക്ഞൻ പൂജ്യരെപ്പൂജചെയ്തുടൻ

സഹദേവൻ മർത്യദേവൻ സമാപിച്ചിതാ ക്രിയ. 10
കൃഷ്ണപൂജകഴിഞ്ഞപ്പോൾ സുനീഥരനരികർഷണൻ

കോപത്താൽ കൺ ചുവത്തീട്ടാബ് ഭൂപരോടേവമോതിനാൽ:
നിൽപ്പുണ്ടു സേനാപതി ഞാനോർപ്പിൻ ചെയ്യേണ്ടതിന്നിൻമേൽ
സന്നദ്ധരായെതിർക്കേണം വൃഷ്ണിപാണ്ഡവരോടുടൻ. 12

ഇത്ഥമെല്ലാ ഭൂപരെയുംത്സാഹിപ്പിച്ചു ചേദിപൻ
രാജാക്കളൊത്തു മന്ത്രിച്ചൂ രാജസൂയം മുടക്കുവാൻ. 13

ക്ഷണിച്ചു വന്നുചേർന്നോരാശ്ശിശുപാലാദിമന്നവർ
ചൊടിച്ച്ച്ചൊന്നു നിറം മാറിക്കാണുമാറായിതേവരും. 14

യുധിഷ്ഠരാഭിഷേകത്തേടൊത്തു കൃഷ്ണന്റെയർഹണം
ഇല്ലാത്ത മട്ടിലാക്കേണമെന്നുറച്ചോതിയേവരും. 15

നിഷ്കർഷാനിശ്ചയത്തോടും കോപിച്ചഖിലഭൂപരും
വെറുപ്പോടുമുറച്ചോരോന്നുരച്ചാരുശിരുള്ളവർ. 16

മിത്രരോധത്തിലവർതന്മൂർത്തി ശോഭിച്ചു കേവലം
ഇര തെറ്റിച്ചു മാറ്റുന്വോളറും സിംഹരീതിയിൽ. 17

അന്തമില്ലാതെ വന്നേന്തും രാജസാഗരമക്ഷയം.
ഒരുങ്ങീ പൊരുതാനെന്നതറിഞ്ഞു മധുസൂദനൻ. 18