ഭാസ്ക്കരമേനോൻ/നാലാമദ്ധ്യായം
←മൂന്നാമദ്ധ്യായം | ഭാസ്ക്കരമേനോൻ (നോവൽ) രചന: നാലാമദ്ധ്യായം |
അഞ്ചാമദ്ധ്യായം→ |
“ | മലകളിളകീലും മഹാജനാനാം മനമിളകാചപലോക്തി കേൾക്കിലും കേൾ. |
” |
തലേദിവസം ബാലകൃഷ്ണമേനവനോടു് പറഞ്ഞിരുന്ന പ്രകാരം ഇൻസ്പെക്ടർ കാലത്തെഴുന്നേറ്റു ചായയും കഴിച്ചു ചവിട്ടുവണ്ടിയിൽ കയറി എളവല്ലൂർക്കു ഓടിച്ചുപോയി. അവിടെ എത്താറായപ്പോൾ കിട്ടുണ്ണിമേനവന്റെ കാര്യസ്ഥൻ പുളിങ്ങോട്ടേയ്ക്കുള്ള വഴിയിൽകൂടി [ 20 ] പോകുന്നുണ്ടായിരുന്നു. ഇൻസ്പെക്ടർ അദ്ദേഹമായിട്ടു നല്ല പരിചയമാണെങ്കിലും തൽക്കാലം കണ്ടപ്പോൾ കണ്ടഭാവം നടിക്കാതെ പോലീസ് സ്റ്റേഷൻ വഴിക്കു തിരിച്ചു. ഇൻസ്പെക്ടർ സ്റ്റേഷനിൽ ചെന്നപ്പോൾ സ്റ്റേഷൻ ആപ്സർ അന്നു കോടതിയിൽ ഹാജരാക്കേണ്ട ഒരു കേസ്സു തയ്യാർ ചെയ്യുകയായിരുന്നു. തന്റെ മേലധികാരി വരുന്നതു കണ്ടപ്പോൾ വേഗം കസാലയിൽനിന്നു എഴുന്നേറ്റു വേണ്ട ഉപചാരങ്ങളെല്ലാം ചെയ്തു ബഹുമാനിച്ചുംകൊണ്ടു മേശയുടെ ഒരു ഭാഗത്തായിട്ടു ഒതുങ്ങിനിന്നു. ഇൻസ്പെക്ടർ കാൺസ്റ്റബിളിനെ വിളിച്ചു കസാല ജനാലയുടെ അടുക്കൽ നീക്കി ഇടുവിച്ചു ക്ഷീണം തീർക്കുവാനായിട്ടു അതിന്മേൽ ഇരുന്നു ഉറുമാലെടുത്തു മുഖം തുടച്ചുകൊണ്ടു കാലിന്മേൽ കാലും കയറ്റി ഘനപ്പിച്ചു വശായി. സാമാന്യത്തിലധികം സ്ഥൂലിച്ച ശരീരത്തോടുകൂടിയ ഇൻസ്പെക്ടർക്കു കിതപ്പുകൊണ്ടു ഒരക്ഷരംപോലും ഉച്ചരിപ്പാൻ വയ്യാതിരുന്നതിനാൽ തൽക്കാലത്തെ ഘനഭാവം അത്യാവശ്യം തന്നെയായിരുന്നു.
മേലധികാരികളോടു കടന്നു സംസാരിക്കുന്നതു അനുചിതമാണല്ലൊ എന്നു വിചാരിച്ചും, കുതിരയെപ്പോലെ കിതയ്ക്കുന്ന ഇൻസ്പെക്ടരുടെ നേരെ ദയവിചാരിച്ചും, സ്റ്റേഷൻ ആപ്സരും ഒന്നും സംസാരിച്ചില്ല. ഇദ്ദേഹത്തിനു ഇൻസ്പെക്ടരുടെ പെട്ടെന്നുള്ള വരവിന്റെ അർത്ഥം ആലോചിച്ചുനോക്കീട്ടു ഉണ്ടായില്ലെങ്കിലും തന്റെ ജോലി ക്രമപ്രകാരം നടത്തിവന്നിരുന്നതുകൊണ്ടു മനസ്സിനു യാതൊരു ചാഞ്ചല്യവും ഉണ്ടായില്ല. അവിടെ ഉണ്ടായിരുന്ന കാൺസ്റ്റബിൾ ഇൻസ്പെക്ടരെ കണ്ടു ഭയപ്പെട്ടു കലികൊണ്ട വെളിച്ചപ്പാടിനെപ്പോലെ വിറച്ചു തുടങ്ങി. അപ്പോഴാണു കസാല നീക്കിയിടുവാൻ കല്പന കിട്ടിയതു്. വളരെ [ 21 ] പണിപ്പെട്ടു കസാലതാഴത്തിടാതെ ഒരുവിധം ജനാലയുടെ അടുക്കലേക്കു മാറ്റി. ഇതിന്റെ ശേഷം, ഇന്നു ആരുടെ തലക്കാണാവൊ കൊട്ടുകൊള്ളുന്നതെന്നും വിചാരിച്ചു അകത്തുനിന്നും പുറത്തിറങ്ങി സ്റ്റേഷൻ വാതുക്കൽ കാവലായി.
നമ്മുടെ കഥാപുരുഷന്മാരിൽവെച്ചു പ്രധാനികളുടെ കൂട്ടത്തിൽ ഗണിക്കപ്പെടേണ്ടവരായ ഇൻസ്പെക്ടരുടേയും സ്റ്റേഷനാപ്സരുടെയും ആകൃതി പിരിശേധനക്കു ഇപ്പോൾ നല്ല അവസരമാണു്. തലപ്പാവു തലയിൽനിന്നു എടുത്തപ്പോൾ ഇൻസ്പെക്ടർക്കു ഉണ്ടായ സുഖം ഓർത്തിട്ടുള്ള സന്തോഷംകൊണ്ടൊ എന്നു തോന്നുമാറു അദ്ദേഹം അതിനെ മടിയിൽവെച്ചു രണ്ടുകൈകൊണ്ടും അനുഗ്രഹിക്കുന്നുണ്ടു്. കണ്ണും കുറഞ്ഞൊന്നടച്ചിട്ടുണ്ടു്. കഷണ്ടി നെറ്റിമുതൽ കയറി നിറന്തലയെ ആക്രമിച്ചു ശിരസ്സിന്റെ പിൻഭാഗത്തേക്കുള്ള ചെരുവിന്നടുത്തുള്ള ശിഖരത്തിങ്കലോളം എത്തിയപ്പോൾ അവിടെനിന്നും കീഴ്പോട്ടുള്ള കടുംതൂക്കംകണ്ടു ഭയപ്പെട്ടു ശിരസ്സിന്റെ ഇരുഭാഗത്തുകൂടി ഇറങ്ങി ചെവിയുടെ അടുക്കലോളം എത്തീട്ടുണ്ടു്. ശിഖരത്തിങ്കൽ എട്ടുപത്തു നരച്ചരോമം മൊട്ടക്കുന്നിന്റെ മുകളിൽ നിൽക്കുന്നതും ഉണങ്ങിക്കരിഞ്ഞതുമായ പുല്ലിൻതലകൾപോലെ കാറ്റുകൊണ്ടു ആടുന്നുണ്ടു്. നെറ്റിയുടെ മേലതിരു വളരെ സൂക്ഷ്മമാണെങ്കിലും മിനുപ്പിന്റെ ഭേദം കണ്ടു ഏകദേശം തീരുമാനപ്പെടുത്താം. അതിരുകണ്ടേടംകൊണ്ടു നെറ്റിക്കു വിസ്താരം വളരെ കുറയുമെന്നാണു പറയേണ്ടതു്. പ്രകൃത്യാ ചെറുതായുള്ള കണ്ണുകളും വായും മാംസളങ്ങളായ കപോലങ്ങളെക്കൊണ്ടു ഒട്ടുമുക്കാലും മൂടിയിരിക്കുന്നു. ഇൻസ്പെക്ടരുടെ മൂക്കു കരടിയുടെ മൂക്കിനു തുല്യമെന്നോ അതോ ആ വർഗ്ഗത്തിൽപെട്ട പോർക്കിന്റേതു [ 22 ] പോലെയെന്നൊ, ഘണ്ടാമൃഗമൂക്കെന്നൊ പറയേണ്ടതെന്നു രൂപമില്ല. ബീഭത്സമാകുംവണ്ണം പരന്നു വിടർന്നിട്ടുള്ളതിനു പുറമെ മൂക്കിന്റെ അഗ്രഭാഗം മേല്പ്പോട്ടുമടങ്ങീട്ടുമുണ്ടു്. കവിളുകൾ രണ്ടുവശത്തും സഞ്ചികൾപോലെ തൂങ്ങിക്കിടക്കുന്നതുകൊണ്ടു താടിയുടെ സമീപത്തിലുള്ള വർത്തമാനമൊന്നും അറിഞ്ഞുകൂടാ. സ്വതേന്നെ ഇടുങ്ങിയ കഴുത്തു മേദസ്സുവർദ്ധിച്ചിട്ടു കനംകേറ്റിയ പച്ചക്കളിമണ്ണുപോലെ നാലുപുറവും പരന്നു വശായിട്ടുണ്ടു്. ശരീരമാസകലം മേദസ്സുവർദ്ധിച്ചിട്ടു കസാലയിൽ ഒതുങ്ങാതെ തിങ്ങിവിങ്ങി പല ഭാഗങ്ങളും കസാലയുടെ പഴുതുകളിൽകൂടി പുറത്തേക്കു പുറപ്പെട്ടിട്ടുണ്ടു്. വയർ കുപ്പായം ഭേദിച്ചു പുറത്തേക്കു ചാടുവാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ ഉയരം ഉദ്ദേശം ഒത്തകോൽക്കു രണ്ടുകോലിൽ കുറയാതെയുണ്ടു്. എങ്കിലും വണ്ണത്തിനടുത്ത പൊക്കം ഇല്ലായ്കകൊണ്ടു കാഴ്ചയിൽ ഇദ്ദേഹം ഒരു ഒത്താളെന്നു കാണികൾക്കു തോന്നുന്നതല്ല. നിറം ഒരുവിധം വെളുത്താണു്. ആകെക്കൂടി ആനന്ദപുരം ഇൻസ്പെക്ടർ സാധാരണ ബ്രഹ്മസൃഷ്ടികളിൽ ഒന്നും ഉൾപ്പെടുന്നവനല്ല. അത്യന്തപരിശ്രമംകൊണ്ടു നിജവേലയിൽ വിമുഖനായ വിധാതാവു സുഖനിദ്രയിൽ ലയിച്ചിരിക്കുമ്പോൾ ചക്ഷൂരാദി ഇന്ദ്രിയങ്ങളും മനസ്സും മന്ദീഭവിച്ചതറിയാതെ ശീലംകൊണ്ടു കൈകൾ പ്രവൃത്തിനടത്തുകയും പക്ഷഭേദം കൂടാതെ മൃഗങ്ങളുടെയും മനുഷ്യരുടെയും അവയവങ്ങൾ കൂട്ടിച്ചേർത്തു തട്ടിപ്പടച്ചു ഒരു സ്വരൂപം തീർക്കുകയും ചെയ്തുകഴിഞ്ഞപ്പോഴാണു ബ്രഹ്മാവു ഉണർന്നുവശായതു്. മുമ്പിൽനില്ക്കുന്ന ആ സ്വരൂപത്തെ കണ്ടു കയർത്തു അർദ്ധചന്ദ്രം പ്രയോഗിച്ചപ്പോൾ ശക്തിയോടു മലർന്നു വീണതുകൊണ്ടായിരിക്കാം പിൻഭാഗം ഒട്ടുമുക്കാലും ഒരു നിരപ്പിൽ കിടക്കുന്നതു്. [ 23 ] എന്തിനു വളരെപ്പറയുന്നു! നമ്മുടെ കുണ്ടുണ്ണിനായരെ കാണുമ്പോൾ ഭയമോ ബീഭത്സമൊ, മനസ്സിൽ മുൻപിട്ടുനിൽക്കുകയെന്നു വളരെ സംശയത്തിലാണു്. യൌവനകാലത്തും ഇദ്ദേഹം ഇത്ര വിരൂപനായിരുന്നുവെങ്കിൽ സൌഭാഗ്യവതിയായ ചേരിപ്പറമ്പിൽ കുട്ടിപ്പാറുഅമ്മ ഇദ്ദേഹത്തിനെ ഭർത്താവായിട്ടു സ്വീകരിച്ചതു കേവലം നിഷ്കളങ്കമായ അനുരാഗം കൊണ്ടാണെന്നു ഒരിക്കലും വിശ്വസിക്കുവാൻ പാടുള്ളതല്ല. ഒന്നുകിൽ സ്ത്രീകൾക്കു താരുണ്യദശയിൽ സാമാന്യമായുണ്ടാകുന്ന ആ മനോവികാരത്തെ മറച്ചുവെച്ചു ദാരിദ്ര്യനിവൃത്തിക്കുവേണ്ടി കുട്ടിപ്പാറുഅമ്മ ഇദ്ദേഹത്തിനെ അംഗീകരിച്ചതായിരിക്കാം. അല്ലെങ്കിൽ ഇപ്പോൾ ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്ന വൈരൂപ്യം ഉദ്യോഗമേദസ്സിന്റെ ഫലമാണെന്നും വന്നേയ്ക്കാം.
ആകൃതികൊണ്ടു ഇൻസ്പെക്ടരും സ്റ്റേഷൻ ആപ്സരും തമ്മിൽ അജവും ഗജവും തമ്മിൽ എന്നപോലെ വ്യത്യാസമുണ്ടു്. ഭാസ്കരമേനോൻ വളരെ പ്രസന്നമുഖനായിട്ടുള്ള ഒരാളാണു്. ആകൃതികൊണ്ടു ഏകദേശം പ്രകൃതിയെ ഊഹിക്കാമെങ്കിൽ യുവാവായ ഇദ്ദേഹത്തിന്റെ വിശാലമായ നെറ്റിത്തടത്തിലുള്ള ചുളിവുകൾ ആലോചനാശക്തിയേയും അതിങ്കലുള്ള പരിശീലനത്തേയും സൂചിപ്പിക്കുന്നുണ്ടു്. കനത്തു മുന്നോട്ടു തള്ളിയ പുരികക്കൊടികളും അതുകളുടെ ചുവട്ടിൽ വിളങ്ങുന്ന വിടർന്ന നയനങ്ങളും വളഞ്ഞുനീണ്ട മെലിഞ്ഞ മൂക്കും മുഖത്തു സ്വാഭാവികമായിട്ടു പ്രകാശിക്കുന്ന പുഞ്ചിരിയും ബുദ്ധിയുടെ തീഷ്ണത, സൂക്ഷ്മത, സ്ഥൈര്യം മുതലായ ഗുണങ്ങളെ നല്ലവണ്ണം പ്രകാശിപ്പിക്കുന്നുണ്ടു്. കനത്ത താടിയെല്ലു ഇദ്ദേഹം ഏറ്റവും ധൈര്യശാലിയെന്നു വിളിച്ചു പറയുന്നതിനു പുറമെ, കനക്കുറവുള്ള അധരോഷ്ഠങ്ങൾ ഇദ്ദേഹത്തിന്റെ [ 24 ] ജന്മസിദ്ധമായ ആർദ്രതയെ വെളിപ്പെടുത്തുന്നതുമുണ്ടു്. കഴുത്തിനു നീളം കുറെ കൂടുതലായിട്ടുള്ള കൂട്ടത്തിലാണു്. ഇൻസ്പെക്ടർ സമീപത്തിലുള്ളപ്പോൾ ഭാസ്കരമേനോൻ ഹ്രസ്വാകാരനെന്നുതന്നെ തോന്നിപ്പോകുമെങ്കിലും, വാസ്തവത്തിൽ ഇദ്ദേഹം ഉയരംകൊണ്ടും സാമാന്യക്കാരിൽ ഒരുവനായിട്ടു ഗണിക്കപ്പെടാവുന്നവനാണു്. നിറം ഇരുനിറം. സ്വതേതന്നെ ഒതുക്കവും സ്വാധീനവുമുള്ള ദേഹം ആയാസംകൊണ്ടു വിശേഷിച്ചു തെളിഞ്ഞിട്ടുണ്ടു്. ഉണർച്ചയോടുകൂടിയ ഞരമ്പുകളും അയവുള്ള പേശികളും ഇദ്ദേഹത്തിന്റെ ആരോഗ്യത്തെ വഴിപോലെ കാണിച്ചുതരുന്നുണ്ടു്. ഇദ്ദേഹത്തിന്റെ രണ്ടു കാലിനം വലിപ്പം ഒരുപോലെ അല്ലാത്തതുകൊണ്ടു നിലയിൽ ഒരുവശത്തേയ്ക്കു സ്വല്പം ഒരു ചാച്ചിൽ കാണുന്നുണ്ടു്. ഈ ഒരു ദോഷം ചന്ദ്രങ്കലുള്ള കളങ്കമെന്നപോലെ മറ്റനേകം ഗുണങ്ങളാൽ മൂടപ്പെട്ടിരുന്നതുകൊണ്ടു ഇദ്ദേഹത്തിനെ പോലീസു വേലയിൽ ഏർപ്പെടുത്തുന്നതിൽ ഒരു പ്രതിബന്ധമായിത്തീർന്നില്ല. ഭാസ്കരമേനവന്റെ കുലവൈഭവവും ധനപുഷ്ഠിയും വിദ്യാസമ്പത്തിയും വിശേഷബുദ്ധിയും നിജകൃത്യത്തിലുള്ള പാടവവും പരിചയവും അതിങ്കലുള്ള ആസക്തിയും മേലിൽ വിവരിക്കുവാൻപോകുന്ന സംഗതികളിൽ നിന്നു വ്യക്തമാവുന്നതിനാൽ, ഇവിടെ പ്രത്യേകിച്ചെടുത്തു വിസ്തരിക്കുന്നില്ല. ഇദ്ദേഹത്തിന്റെ യഥാർത്ഥസ്ഥിതി അപൂർവം ചിലർക്കല്ലാതെ ണറ്റു യാതൊരാൾക്കും അറിഞ്ഞുകൂടായിരുന്നു.
ഇൻസ്പെക്ടർ കുറേനേരം കസാലയിൽ ഇരുന്നു വിശ്രമിച്ചതിന്റെ ശേഷം അവിടെ നിന്നും എഴുനേറ്റു സ്റ്റേഷൻ പരിശോധനയ്ക്കുള്ള ശ്രമം തുടങ്ങി. കീഴുദ്യോഗസ്ഥ [ 25 ] ന്മാരുമായിട്ടുള്ള സംവാദത്തിങ്കൽ ഇദ്ദേഹത്തിന്റെ സാധാരണയായിട്ടുള്ള മൂളക്കം അധികാരത്തെ പ്രകടിപ്പിക്കുവാൻ വേണ്ടി അറഞ്ഞിട്ടു പുറപ്പെടുവിക്കുന്നതോ അതോ അർത്ഥഗ്രഹണത്തിങ്കൽ സ്വാഭാവികമായിട്ടു ബുദ്ധിക്കുള്ള മന്ദഗതികൊണ്ടു താനേ പുറപ്പെടുന്നതോ ഏതുതന്നെ ആയാലും, ഇന്നേദിവസം ഇദ്ദേഹത്തിന്റെ മനസ്സു മറ്റൊരേടത്തു സഞ്ചരിച്ചിരുന്നതുകൊണ്ടു, അതിന്റെ മാത്ര ഒന്നു മുറുകീട്ടുണ്ടായിരുന്നു.
സ്റ്റേഷനിലെ കഥ ഈവിധമെല്ലാം ഇരിക്കുമ്പോൾ ഗോവിന്ദൻ പുളിങ്ങോട്ടുനിന്നും പുറപ്പെട്ടു സ്റ്റേഷനിലേക്കായിട്ടു മുറുകി നടക്കുകയായിരുന്നു. വഴിക്കു കാര്യസ്ഥനേമാൻ ചിന്താക്രാന്തനെന്നപോലെ കീഴ്പോട്ടു നോക്കി റോട്ടിന്റെ വക്കുപറ്റി നേർവഴി നടന്നുവരുന്നുത കണ്ടു. കാര്യസ്ഥൻ ഇയാളെ കണ്ടതുമില്ല. സമയം ഇതായതുകൊണ്ടോ വേറെ വല്ല കാരണത്താലോ അദ്ദേഹത്തിനെ മനോരാജ്യത്തിൽനിന്നു വേർപെടുത്തുവാൻ ഗോവിന്ദൻ ഉത്സാഹിച്ചതുമില്ല. ഇയാൾ അവിടെനിന്നു സ്റ്റേഷൻ മതിൽക്കെട്ടിനുള്ളിൽ ചെന്നുചേർന്നപ്പോൾ സ്റ്റേഷൻ വാതുക്കൽ ഒരു കാൺസ്റ്റബിൾ കൊത്തിവച്ച പാവയെപ്പോലെ നില ഉറപ്പിച്ചു ഞെളിഞ്ഞു് നൽക്കുന്നതു കണ്ടു. കാലുകളുടെ സ്ഥിരതയ്ക്കുള്ള താങ്ങെന്നപോലെ കൈത്തലകൾ തുടകളിന്മേൽ ഒട്ടിച്ചു 'ആരിഹവരുന്നു'വെന്ന ഭാവത്തിൽ ദൃഷ്ടികൾ ദൂരത്തിൽ പതിച്ചും നിശ്ചേഷ്ടനായി നിൽക്കുന്ന ആ രൂപത്തെ കണ്ടപ്പോൾ മൂർത്തി തിരിയാതെ അടുത്തു ചെല്ലുവാൻ ഗോവിന്ദനു ധൈര്യമുണ്ടായില്ല. വളരെ കാലതാമസംകൂടാതെ എന്തോ സംഗതിവശാൽ പോലീസുകാരന്റെ ദൃഷ്ടികൾക്കു ഇളക്കം തട്ടുകയും, ജന്മാന്തരകൃതം [ 26 ] കൊണ്ടു തിരിഞ്ഞുമറിഞ്ഞു ആയവ ഒടുവിൽ ഗോവിന്ദങ്കൾ വന്നു വീഴുകയും ചെയ്തു. ഗോവിന്ദൻ പോലീസുകാരന്റെ ദൃഷ്ടിയിൽപെട്ടു എന്നു കണ്ടപ്പോൾ വേഗം എഴുത്തു മടിയിൽനിന്നും എടുത്തു. കാൺസ്റ്റബിൾ 'എന്താണതു്' എന്നു് ആംഗ്യം കാണിച്ചതോടുകൂടി ഗോവിന്ദൻ അടുത്തുചെന്നു-
"സ്റ്റേഷൻ ആപ്സർക്കു കൊടുപ്പാൻ അപ്പാത്തിക്കരി ഒരു എഴുത്തു തന്നയച്ചിട്ടുണ്ട്. അടിയന്തിരക്കാര്യമാണു്" എന്നു പറഞ്ഞു.
'ആവൂ! ഈ എഴുത്തു സ്റ്റേഷൻ ആപ്സർ ഇപ്പോൾ കണ്ടാൽ ഒരു പാള കഞ്ഞിവെള്ളം കുടിക്കുവാൻകൂടി ഇടകുട്ടുമെന്നു തോന്നുന്നില്ല' എന്നു വിചാരിച്ചു-
'എജമാനന്മാർ ജോലിയിൽ പ്രവേശിച്ചിരിക്കുകയാണു്, എഴുത്തിവിടെ തന്നിട്ടു് വേഗം പൊയ്ക്കൊള്ളു. അനാവശ്യമായിട്ടു സ്റ്റേഷനിൽ ആരെയും നിറുത്തരുതെന്നു ഉത്തരവുണ്ടു്' എന്നു കാൺസ്റ്റബിൾ പറഞ്ഞതിന്നു-
'അയ്യോ! ഈ എഴുത്തുകൊടുത്ത ഉടനെതന്നെ സ്റ്റേഷനാപ്സരെ പുളിങ്ങോട്ടേയ്ക്കു കൂട്ടികൊണ്ടുവരണമെന്നു പറഞ്ഞാണു് എന്നെ അയച്ചിട്ടുള്ളതു്' എന്നു ഗോവിന്ദൻ മറുപടിപറഞ്ഞു.
'പറ്റി! കാര്യം പറ്റി! ഇപ്പോഴെ ആ കള്ളൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായുള്ളു. എജമാനനോടു എങ്ങനെയാണഉ പറയുന്നതു്? എന്നു കാൺസ്റ്റബിൾ മന്ത്രിക്കുന്നതുകേട്ടു ഗോവിന്ദൻ ഒന്നു പരുങ്ങി. എന്നാൽ വാസ്തവത്തിൽ ഈ വാക്കുകൾ ഗോവിന്ദനെ ഉദ്ദേശിച്ചു കാൺസ്റ്റബിൾ പുറപ്പെടുവിച്ചതല്ല. തലേ ദിവസം അർദ്ധരാത്രിക്കുശേഷം ഈ കാൺസ്റ്റബിൾ ബീറ്റിനിടക്കു എവിടെയോ നിന്നുറക്കം തൂങ്ങുമ്പോൾ പുളിങ്ങോട്ടെ [ 27 ] സ്വത്തു കൂനന്റെ വീട്ടിൽ' എന്നു പറഞ്ഞുംകൊണ്ടു് ആരോ ഒരുത്തൻ പിന്നിൽകൂടി ഓടിപ്പോയി. കാൺസ്റ്റബിൾ കുംഭകർണ്ണസേവയെ ഉപേക്ഷിക്കുവാൻ മടിച്ചിട്ടു തൽക്കാലം അതു അത്ര വകവെച്ചില്ല. പാഴുവാക്കെന്നു വിചാരിച്ചതു കാര്യമായിട്ടു കലാശിച്ചുവോ എന്നും; അങ്ങനെ സംഭവിക്കുന്നതായാൽ തന്റെ മുറ നടത്താതിരുന്നതിനെ മറച്ചുവെച്ചു തെളിവിങ്കലേക്കു ആവശ്യമായിത്തീരാവുന്ന ഈ വാക്കുകളെ യജമാനനോടു പറഞ്ഞു എങ്ങനെയാണു കയറ്റത്തിനുള്ള മാർഗ്ഗങ്ങൾ സമ്പാദിക്കേണ്ടതെന്നും ഉള്ള ആലോചനകളുടെ മദധ്യത്തിൽ പുറപ്പെട്ട ശബ്ദങ്ങളാണു ഗോവിന്ദനെ വേണ്ടാതെ കണ്ടു ഭയപ്പെടുത്തിയതു്. ഈ വിചാരത്തിന്റെ ഇടയിൽ കാൺസ്റ്റബിൾ ഭക്ഷണത്തിന്റെ കഥയൊക്കെ മറന്നു ഗോവിന്ദന്റെ നേരെ തിരിഞ്ഞു-
'ആട്ടെ എജമാനന്മാർ ഇപ്പോൾ പുറത്തേക്കുവരും. നീങ്ങി ഒതുങ്ങി നിൽക്കു' എന്നു പറഞ്ഞു ആദ്യം നിന്നിരുന്നതുപോലെ സശ്രദ്ധനായിട്ടു നിന്ന താമസം ഇൻസ്പെക്ടരും സ്റ്റേഷനാപ്സരും കൂടി പുറത്തേക്കിറങ്ങി. എഴുത്തു കൈയിൽ പിടിട്ടുകൊണ്ടു അടങ്ങിഒതുങ്ങി മിറ്റത്തു നില്ക്കുന്ന ഗോവിന്ദനെ കണ്ടു-
'ഇതാരാണു്?' എന്നു സലാംവെച്ചു നിൾക്കുന്ന കാൺസ്റ്റബിളോടു ചോദിച്ചു.
സ്റ്റേഷൻ ആപ്സർക്കു് അപ്പാത്തിക്കരിയുടെ എഴുത്തുംകൊണ്ടു പുളിങ്ങോട്ടുനിന്നു വിന്നിരിക്കുന്ന ആളാണു എന്നു മറുപടി പറഞ്ഞു. ഭാസ്കരമേനോൻ ഇതു കേട്ടപ്പോൾ ഉടനെ മിറ്റത്തിറങ്ങി ഗോവിന്ദന്റെ പക്കൽ നിന്നും എഴുത്തുമേടിച്ചു പൊട്ടിച്ചു വായിച്ചു. ഒരു പരിവൃത്തി വായിച്ചതുകൊണ്ടു വിശ്വാസമായില്ലെന്നു തോന്നും,രണ്ടാമതു് ഒരിക്കൽകൂടി ശ്രദ്ധവെച്ചു വായിച്ചു. അതിന്റെ ശേഷം ആദരവോടുകൂടി എഴുത്തു ഇൻസ്പെക്ടരുടെ കൈയിൽ കൊടുത്തു.
ഇൻസ്പെക്ടർ എഴുത്തുവാങ്ങി രണ്ടുമൂന്നുതവണ വായിട്ടിട്ടു ഭാസ്ക്കരമേനവന്റെ നേരെ തിരിഞ്ഞു അർത്ഥഗർഭമാകുംവണ്ണം ഒന്നു കടാക്ഷിച്ചു; എന്നിട്ടു-
'ദുഷ്ടസംസർഗ്ഗംകൊണ്ടു ആത്മനാശംതന്നെ ശംഭവിക്കുന്നതാണെന്ന തത്വം യോഗ്യരായവർ കൂടി ഇനിയും അറിഞ്ഞു പ്രവൃത്തിക്കുന്നില്ലല്ലോ! കഷ്ടംതന്നെ!' എന്നു പറഞ്ഞു എഴുത്തു തിരിയെ സ്റ്റേഷൻ ആപ്സർ വശം ഏല്പിച്ചു.
'ഈ കാൺസ്റ്റബിൾ നമ്മുടെകൂടെ പോരട്ടെ' എന്നു അടുത്തു നിൽക്കുന്ന പോലീസുകാരനെ ചൂണ്ടിക്കാണിച്ചു, സ്റ്റേഷൻ ആപ്സനോടു പറഞ്ഞു. അതുപ്രകാരം ഒരു കാൺസ്റ്റബിളും സ്റ്റേഷൻ ആപ്സരും ഇൻസ്പെക്ടരും കൂടി പുളിങ്ങോട്ടേയ്ക്കു പുറപ്പെട്ടു.