ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
മൂന്നാമദ്ധ്യായം
[ 10 ]
മൂന്നാം അദ്ധ്യായം

കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം
-കുഞ്ചൻ നമ്പ്യാർ.


അകാലത്തിങ്കൽ കാലാന്തരത്തെ പ്രാപിച്ച കിട്ടുണ്ണിമേനവന്റെ വാസസ്ഥലം ആനന്ദപുരത്തിൽ ചേൎന്ന എളവല്ലൂർ എന്ന ദേശത്താണു്. ഈ ദേശം ആ മഹാനുഭാവന്റെ ബാല്യകാലത്തിൽ ഏതൊരു സ്ഥിതിയിൽ കിടന്നിരുന്നുവെന്നും, അദ്ദേഹത്തിന്റെ മരണകാലത്തു ഏതൊരവസ്ഥയിൽ എത്തി എന്നും ഓൎത്തുനോക്കാതെതന്നെ അതിനെ അറിയുവാൻ വേണ്ടീട്ടോ എന്നു തോന്നും, അയൽപക്കങ്ങളിൽ ചില ദേശങ്ങൾ എളവല്ലൂരിന്റെ പൂൎവസ്ഥിതിയിൽ കിടക്കുന്നതു്. നാട്ടുംപുറങ്ങൾക്കൊരു നാട്ടുപുറമായിരുന്ന എളവല്ലൂർദേശം കുറഞ്ഞൊരു കാലംകൊണ്ടു പരിഷ്ക്കാരചിഹ്നങ്ങളായ തപാലാപ്പീസ്സ്, ആസ്പത്രി, പോലീസ്സ് സ്റ്റേഷൻ മുതലായവയാൽ അലങ്കരിക്കപ്പെട്ടതു്, മഹാമനസ്കനായ; കിട്ടുണ്ണിമേനവൻ ഒരാളുടെ അശ്രാന്തപരിശ്രമംകൊണ്ടെന്നല്ലാതെ മറ്റൊന്നും പറയാനില്ല. അടുത്ത ദേശങ്ങളിൽ കിട്ടുണ്ണിമേനവനെപ്പോലെ ധനവാന്മാർ ഇല്ലാഞ്ഞിട്ടോ? ഒരകാലത്തുമല്ല. അദ്ദേഹത്തിന്റെ ദാനശീലത്വവും ലൌകികവും, അപ്രകാരമുള്ള ശാന്തതയും അപ്രകാരമുള്ള സ്വദേശസ്നേഹവും ഈ ദുരഭിമാനികളായ നാട്ടുവങ്കപ്രഭുക്കന്മാർക്കു അണുമാത്രം പോലും ഇല്ലായ്കതന്നെ. സ്വഭാവഗുണമില്ലാത്ത ഈ വൎത്തകന്മാരെ ചില ആശ്രയിച്ചുപോന്നിരുന്നതു, ഉപ്പും മുളകും കൂടാത്ത കറികൾകൂട്ടി ഭക്ഷണം കഴിക്കുന്നതുപോലെ ഉദരപൂരണത്തിനുവേണ്ടി മാത്രമായിരുന്നു. [ 11 ] ഒരു നാട്ടിന്റെ ശ്രേയസ്സിനു നാട്ടുകാരുടെ സഹായമില്ലാതെ ആ നാട്ടിലെ പ്രഭുവിന്റെ ധനപുഷ്ടിമാത്രം മതിയാവുന്നതല്ലെന്നുള്ളതു ഒരു നിത്യവാസ്തവമായിരിക്കെ എളവല്ലൂർദേശത്തിനു മറ്റു ദേശങ്ങളെക്കാൾ പ്രാധാന്യം സിദ്ധിച്ചതിൽ ഒട്ടുംതന്നെ അത്ഭഉതപ്പെടുവാനില്ല. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ പുളിങ്ങോട്ടു കിട്ടുണ്ണിമേനവന്റെ സഹായമില്ലാത്തവരും അദ്ദേഹത്തിനെക്കുറിച്ചു സ്നേഹമില്ലാത്തവരും എളവല്ലൂർദേശത്തിൽ എന്നല്ല അയൽപക്കങ്ങളിൽകൂടി വളരെ ചുരുക്കമായിരുന്നു. എന്നാൽ പരശ്രീ കണ്ടുകൂടാത്ത ചില വിശ്വാമിത്രസൃഷ്ടികൾ അദ്ദേഹത്തിന്റെ പേരിനെ ദുഷിക്കുവാൻ ശ്രമിച്ചിരുന്നില്ലെന്നില്ല. ഈ അസൂയാകുക്ഷികളെ മറ്റുള്ളവർ, ത്വഗ്രോഗികളെ എന്നപോലെ, കണ്ടാൽ അകലത്തുകൂടി ഒഴിഞ്ഞുപോകുന്നതല്ലാതെ അവർക്കു രോഗനിവൃത്തി വരുത്തിക്കൊടുക്കുവാൻ ഉത്സാഹിച്ചിരുന്നതുമില്ല. ഈ വകക്കാർക്കല്ലാതെ മറ്റെല്ലാവൎക്കും കിട്ടുണ്ണിമേനവന്റെ ദ്രവ്യവും ദേഹവും തങ്ങൾക്കുവേണ്ടി ഉഴിഞ്ഞിട്ടിരിക്കയാണെന്ന വിശ്വാസം പൂർണ്ണമായും ഉണ്ടായിരുന്നു.

കിട്ടുണ്ണിമേനവൻ ദീനത്തിൽ കിടപ്പായതിന്റെ ശേഷം അദ്ദേഹത്തിന്റെ മനസ്സിൽ താൻ ഇതിൽനിന്നു കരകേറുന്നതിനു മുമ്പു താനായിട്ടു കൊടുത്തുവാങ്ങലുള്ള ആളുകളുമായിട്ടു സകല എടവാടുകളും ഒതുക്കി പണസംബന്ധമായ ചില ഏർപ്പാടുകളെല്ലാം ചെയ്യണമെന്നുറച്ചു അദ്ദേഹം ആയതിനു വേണ്ട ഒരുക്കങ്ങൾ ചെയ്യുവാൻ കാര്യസ്ഥനെ ഏല്പിച്ചിട്ടുണ്ടായിരുന്നു. അപ്പാത്തിക്കരിയോടു ചോദിച്ചു ദീനത്തിന്റെ വാസ്തവസ്ഥിതി നല്ലവണ്ണം അറിഞ്ഞിരുന്നതുകൊണ്ടു് ദീനം വൈഷമ്മിച്ചെങ്കിലോ എന്ന ഭയം കാൎയ്യ്സ്ഥനു ലേശംപോലും ഉണ്ടായിരുന്നില്ലെങ്കിലും [ 12 ] യജമാനന്റെ അവസാനത്തേക്കുള്ള വട്ടംകൂട്ടൽ കണ്ടപ്പോൾ അയാൾ എന്തെന്നില്ലാതെ വ്യസനത്തിനു അധീനനായിത്തീർന്നു.

"ഇവിടുന്നു ഇങ്ങിനെയൊന്നും പറയരുതു് ഞങ്ങൾക്കു വളരെ സങ്കടമായിട്ടുള്ളതാണു്. ഇവിടത്തെ ദീനം അത്ര സാരമുള്ളതല്ലെന്നു, അപ്പാത്തിക്കരി ഇവിടുത്തോടുമാത്രമല്ല ഞങ്ങളോടും പ്രത്യേകിച്ചു പറകയുണ്ടായിട്ടുണ്ടു്. ഇവിടുന്നു ഇപ്പോൾ പറഞ്ഞതുപോലെ പുള്ളികളോടു ഈ അവസരത്തിൽ പണം പിരിക്കുവാനും മറ്റും ഉത്സാഹിച്ചാൽ ആളുകൾ എന്തുവിചാരിക്കും? ഒരിക്കലും ഇവിടുന്നു ഇങ്ങനെ പറയരുതു്" എന്നു കാൎയ്യസ്ഥൻ പറഞ്ഞതിനു-

"ആട്ടെ വേണ്ടില്ല. എല്ലാ സംഖ്യകളും അത്ര ബദ്ധപ്പെട്ടു പിരിക്കണമെന്നില്ല. ലക്ഷ്യങ്ങൾ വാങ്ങാതെ വിശ്വാസത്തിന്മേൽ കൊടുത്തിരിക്കുന്നതു മാത്രം തൽക്കാലം പിരിച്ചുതുടങ്ങിയാൽ മതി." ശേഷമുള്ളതു് വഴിയെ ആവാം എന്നു കിട്ടുണ്ണിമേനവൻ പറഞ്ഞു. ഇങ്ങനെ വിശ്വാസത്തിന്മേൽ കൊടുത്തിരിക്കുന്നതു പണ്ടേതന്നെ കാൎയ്യസ്ഥന്റെ പൂർണ്ണസമ്മതത്തോടുകൂടീട്ടല്ലാത്തതിനാൽ ആ വക സംഖ്യകൾ പിരിക്കുന്നതിൽ അയാൾക്കു ലേശം സമ്മതക്കേടുണ്ടായില്ല. ഉടനെതന്നെ ഇക്കാര്യത്തെപ്പറ്റി മൂന്നാലു് എഴുത്തുകൾ അയച്ചകൂട്ടത്തിൽ ഒന്നു കിട്ടുണ്ണിമേനവന്റെ ശേഷക്കാരിൽ ഒരുവനായ ചേരിപ്പറമ്പിൽ കാരണവർക്കായിരുന്നു.

ഈ എഴുത്തിലെ അഭിപ്രായപ്രകാരം ഒരാഴ്ചവട്ടത്തിനകം സംഖ്യമുഴുവനും തീൎക്കുവാൻ കാരണവർ വിചാരിച്ചിട്ടു യാതൊരു വഴിയും കണ്ടില്ല. വേഗം അനന്തരവനായ ബാലകൃഷ്ണമേനവനെ വിളിച്ചു എഴുത്തു കൈയ്യിൽ [ 13 ] കൊടുത്തു. ബാലകൃഷ്ണമേനോൻ എഴുത്തുമേടിച്ചു വായിട്ടു കുറെ നേരം ആലോചിച്ചു നിന്നു.

"അച്ഛൻ രണ്ടുദിവസത്തിനകം വരും. വന്നാൽ വല്ല വഴിയും ഉണ്ടാവും. പരിഭ്രമിക്കാൻ വരട്ടെ. എഴുത്തു ഞാൻ സൂക്ഷിച്ചുകൊള്ളാം" എന്നു പറഞ്ഞു എഴുത്തുംകൊണ്ടു വീട്ടിൽനിന്നു പുറത്തിറങ്ങി എങ്ങോട്ടോ പോയി.

ഈ സംഭവം കഴിഞ്ഞിട്ടു മൂന്നാം ദിവസം വൈകുന്നേരം കാരണവരുടെ സോദരിയായ പാർവതി അമ്മയുടെ സംബന്ധക്കാരൻ ആനന്ദപുരം ഇൻസ്പെക്ടൻ ചേരിപ്പറമ്പിൽ എത്തി. അച്ഛൻ വരുന്നതു കണ്ടിട്ടു മകൾ ദേവകിക്കുട്ടി തളത്തിൽ ഒരു പുൽപായ് കൊണ്ടുവന്നു വിരിച്ചു വെറ്റിലത്തട്ടത്തിൽ മുറുക്കാനും തയ്യാറാക്കിവച്ചു് അച്ഛന്റെ അടുത്തു ചെന്നു.

"അച്ഛൻ ചവിട്ടുവണ്ടിയിൽ വന്നിട്ടു വല്ലാതെ ക്ഷീണിച്ചിരിക്കുന്നുവല്ലോ. ഞാൻ പോയി കാപ്പികൊണ്ടുവരട്ടെ" എന്നു ചോദിച്ചു.

"വാലിയക്കാരനോടു പറഞ്ഞയച്ചാൽ മതി, നീയ്യു പോവണ്ട."

"ജ്യേഷ്ഠനും കുഞ്ഞികൃഷ്ണനുംകൂടി പുറത്തേക്കുപോയി. അമ്മ അടുക്കളയിലാണു്".

"എന്റെ ശിഷ്യനെക്കൂടെ കൊണ്ടുവന്നോളായിരുന്നു. ഇതറിഞ്ഞില്ലല്ലോ. ആട്ടെ വേഗം പോയി കാപ്പി കൊണ്ടുവരു" എന്നതുകേട്ടു ദേവകിക്കുട്ടി അച്ഛനു കാപ്പി ഉണ്ടാക്കുവാൻ അടുക്കളയിലേക്കു പോയി. അച്ഛൻ ചവിട്ടുവണ്ടി ഓടിച്ചുകൊണ്ടുപോകുന്നതു കണ്ടപ്പോൾ ബാലകൃഷ്ണമേനോൻ ഒരെഴുത്തു കയ്യിലുണ്ടായിരുന്നതു കുഞ്ഞുകൃഷ്ണൻവശം കൊടുത്തു. 'ഇതു പരിവട്ടത്തു എത്തിച്ചുകൊടുക്കണമെന്നു' പറഞ്ഞു വീട്ടിലേക്കുതന്നെ തിരിച്ചു. [ 14 ] ബദ്ധപ്പെട്ടു നടന്നു വീട്ടിൽ എത്തിയപ്പോൾ അച്ഛൻ കാപ്പികുടി കഴിഞ്ഞു മുറുക്കുകയായിരുന്നു. ദേവകിക്കുട്ടിയും അടുത്തു നില്ക്കുന്നുണ്ടു്. ഇൻസ്പെക്ടർ ബാലകൃഷ്ണമേനവനെ കണ്ടപ്പോൾ—

"വാലിയക്കാരനേയും കൊണ്ടു എങ്ങോട്ടാണു ഇത്ര അടിയന്തിരമായിട്ടു പോയിരുന്നതു്?" എന്നു ചോദിച്ചു.

"കുറച്ചു സാമാനം വാങ്ങുവാനും പിന്നെ ചില കാൎയ്യങ്ങൾക്കുംകൂടി ഒന്നു പുറത്തേക്കു ഇറങ്ങി എന്നേ ഉള്ളു. അച്ഛൻ ഇന്നലെ വരുമെന്നല്ലെ പറഞ്ഞിരുന്നതു്? ഇന്നു വരുമെന്നു ഞാൻ ലേശം വിചാരിച്ചില്ല. എന്നാൽ പോവില്ലായിരുന്നു."

"എന്താ പിന്നെ ചില കാൎയ്യമെന്നു പറഞ്ഞതു്"? എന്നു തന്നെ കബളിക്കുവാൻ സമ്മതിക്കയില്ലെന്ന നാട്യത്തിൽ, ബാലകൃഷ്ണമേനവന്റെ നേരെ തുറിച്ചുനോക്കിക്കൊണ്ടു്, ചോദിച്ചു. ബാലകൃഷ്ണമേനോൻ ഇൻസ്പെക്ടരുടെ വരവിനെപ്പറ്റി പറഞ്ഞതു് ആദ്യം പറഞ്ഞതിനെ മറയ്ക്കുവാനാണെന്നും ഇൻസ്പെക്ടർ ഉറച്ചു.

ബാലകൃഷ്ണമേനോൻ ദേവകിക്കുട്ടിയുടെ മുഖത്തുനോക്കി കണ്ണടച്ചുകാണിച്ചിട്ടു്—

"കുഞ്ഞികൃഷ്ണൻ പോയിരിക്കയല്ലെ? പോയിഅമ്മക്കു വേണ്ട സഹായം ചെയ്തുകൊടുത്തിട്ടു വരൂ" എന്നു പറഞ്ഞു.

ജ്യേഷ്ഠൻ അച്ഛനെ എന്താവൊ പറ്റിക്കുവാൻ പോകുന്നതു് എന്നു വിചാരിച്ചു ദേവകിക്കുട്ടി അവിടെനിന്നും പോയി.

ഇൻസ്പെക്ടരുടെ ചോദ്യത്തിനു ഉടനെതന്നെ മറുപടി പറയാതെകണ്ടു ബാലകൃഷ്ണമേനവൻ ദേവകി [ 15 ] ക്കുട്ടിയെ പറഞ്ഞയക്കുവാനുള്ള ശ്രമം തുടങ്ങിയപ്പോൾ ഇൻസ്പെക്ടരുടെ മനസ്സിൽ ചില സംശയങ്ങൾ കടന്നുകൂടി. എന്നാൽ ഗൌരവത്തിനു ഭംഗം വന്നെങ്കിലോ എന്നു ഭയപ്പെട്ടിട്ടു മകൾ പോകുന്നതുവരെ മുഖഭാവങ്ങളെക്കൊണ്ടു മനോവിചാരങ്ങളെ സൂചിപ്പിച്ചതല്ലാതെ സംശയനിവൃത്തിക്കുവേണ്ടി സ്പഷ്ടമായിട്ടു ബാലകൃഷ്ണമേനവനോടു യാതൊന്നും ചോദിച്ചില്ല. ദേവകിക്കുട്ടി പോയി എന്നു കണ്ടപ്പോൾ അസാധാരണമായ വിധത്തിൽ ഇപ്രകാരം തുറന്നു ചോദിച്ചു:-

"എന്താ, നിന്റെ പരിവട്ടത്തേക്കുള്ള പോക്കു് ഇനിയും നിലച്ചില്ലെന്നുണ്ടോ? ആ പെണ്ണിനെക്കുറിച്ചു നിന്റെ മനസ്സിനെ ക്ലേശിപ്പിച്ചിട്ടു യാതൊരു പ്രയോജനവും ഉണ്ടാവുന്നതല്ലെന്നു ഒന്നുരണ്ടല്ലല്ലോ പലതവണയും ഞാൻ പറഞ്ഞിട്ടില്ലെ? അസാദ്ധ്യമായ വസ്തുവിങ്കൽ ആഗ്രഹം ജനിച്ചാൽ ആശാഭംഗത്തിന്നും, അതുമൂലം ആ പത്തിന്നും, ഇടവരുന്നതാണു്. നിയ്യു് പരിവട്ടത്തുചെന്നു രാപ്പകൽ പാടുകിടക്കുന്നതുകൊണ്ടു ആ സ്ത്രീക്കു നിന്നിൽ ദയയും സ്നേഹവും തോന്നുമായിരിക്കാം. പക്ഷെ പുളിങ്ങോട്ടുകിട്ടുണ്ണിമേനവൻ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ ചരമവാക്കുകളെ അനാദരിക്കുകയാകട്ടെ ആ പെണ്ണിന്റെ വീട്ടുകാർ കിട്ടുണ്ണിമേനവന്റെ ഇഷ്ടത്തിനു വിരോധമായിട്ടു പ്രവർത്തിക്കുകയാകട്ടെ ഒരു കാലത്തും ഉണ്ടാവുന്നതല്ല. ദാമോദരമേനവൻ മരിക്കാറായപ്പോൾ കിട്ടുണ്ണിമേനവനെ അരികത്തുവിളിച്ചുനിറുത്തി 'കിട്ടുണ്ണി' പരിവട്ടത്തു തറവാടു ഞാൻ നിന്നെ ഏല്പിച്ചിരിക്കുന്നു. അമ്മുവിന്നു അനുരൂപനായ ഒരു ഭർത്താവിനെ ഉണ്ടാക്കേണ്ട ഭാരവും നിന്റേതുതന്നെ. കഴിയുമെങ്കിൽ കൃഷ്ണൻകുട്ടിയെക്കൊണ്ടു സംബന്ധം തുടങ്ങേണമെന്നാണു എന്റെ മോഹം, എന്നു [ 16 ] കണ്ണുനീരുവാൎത്തുകൊണ്ടു, പറഞ്ഞിട്ടുള്ളതായിട്ടു കുഞ്ഞിരാമൻനായരുതന്നെ എന്നോടു പറഞ്ഞിട്ടുണ്ടു്. കൃഷ്ണൻകുട്ടിമേനോൻ വക്കീൽപരീക്ഷയും ജയിച്ചു. അമ്മുവിനെത്തന്നെ ധ്യാനിച്ചുംകൊണ്ടു കൂടിയിരിക്കുന്നു. അമ്മു സ്വാതന്ത്ര്യം അവലംബിക്കുന്ന ഒരു പെൺകുട്ടിയുമല്ല. കാൎയ്യമെല്ലാം ഇങ്ങനെയിരിക്കെ, നിയ്യു് വെറുതെ ബുദ്ധിമുട്ടുന്നതെന്തിനാണു്? ഞാൻ പറഞ്ഞതുപോലെ കേൾക്കുന്നതാണു നല്ലതു്."

ഇത്രത്തോളം ധാരമുറിയാതെകണ്ടു ഇൻസ്പെക്ടർ വാക്കുകളെ വർഷിച്ചതിന്റെ ശേഷം ശ്വാസം വിടുവാനായി കുറേനേരം മിണ്ടാതിരുന്നു. ഇനി അച്ഛനെക്കൊണ്ടു വെറുതെ സംസാരിപ്പിച്ചു നേരം കളകയില്ലെന്നു ബാലകൃഷ്ണമേനോൻ തീർച്ചയാക്കി എന്നിട്ടു-

"യാതൊരു കാര്യവും അച്ഛനെക്കൊണ്ടു രണ്ടാമതു പറയിക്കുവാൻ ഇടവരുത്തീട്ടില്ലെന്നാണു എന്റെ വിശ്വാസം. ഞാൻ ഇന്നു പരിവട്ടത്തേക്കല്ല പോയതു്. അച്ഛൻ അവിടെ വരുന്ന സമയങ്ങളിലൊക്കെ തറവാട്ടുപ്രാരബ്ധം പറഞ്ഞു് അച്ഛനെ ബുദ്ധിമുട്ടിച്ചാലോ എന്നു വിചാരിച്ചു അച്ഛൻ ആദ്യം ചോദിച്ചപ്പോൾ കാര്യം തുറന്നു പറവാൻ മടിച്ചതാണു്" എന്നു പറഞ്ഞു.

അങ്ങനെ വിചാരിപ്പാനുണ്ടൊ? എന്റെ ഭാൎയ്യയും മക്കളും അരിഷ്ടിക്കുന്നതു ഞാൻ അരിഷ്ടിക്കുന്നതിനു ശരിയല്ലെ? ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം അതിനു സംഗതിവരത്തില്ല അതു സംശയിക്കേണ്ട" എന്നു ഇൻസ്പെക്ടർ വളരെ ഗൌരവത്തോടുകൂടി പറഞ്ഞു.

വാസ്തവത്തിൽ ഇൻസ്പെക്ടരും ഭാൎയ്യയും മക്കളും അരിഷ്ടിക്കുന്നതിൽ ലവലേശം ഭേദമില്ല. ഇൻസ്പെക്ടർക്കു അദ്ദേഹത്തിന്റെ മാസപ്പടിയല്ലാതെ മറ്റൊരു സമ്പാദ്യവും ഇല്ല. തറവാട്ടിൽ സ്വത്തു വേണ്ടുവോളം [ 17 ] ഉണ്ടെങ്കിലും, ഇൻസ്പെക്ടരുടെ നിലയിൽ വീട്ടിൽനിന്നു ചിലവിനുമേടിക്കുന്നുത അഭിമാനത്തിനു പോരാത്തതാണെന്നു അദ്ദേഹം ധരിച്ചിരുന്നു. സത്യവാനും സർക്കാർ കാര്യങ്ങളിൽ വിട്ടുവീഴ്ച കാണിക്കാത്തവനും ആയതുകൊണ്ടു അനീതിയായ സമ്പാദ്യത്തിനു അദ്ദേഹത്തിനു തരമില്ല. അവസ്ഥക്കു അടുത്ത ചിലവുചെയ്യണമെങ്കിൽ കടംവാങ്ങാതെയും കഴിഞ്ഞുകൂടുന്നതല്ല. എന്നാൽ കടംവാങ്ങുന്നതിനു മാനം കാത്താൽ കൊള്ളാമെന്നുമുണ്ടു്. ഇങ്ങനെയൊക്കെ കിടന്നു കഷ്ണിക്കുന്നു. ഭാര്യയുടെ തറവാടു കടംകൊണ്ടു കാടുകേറി, ആ വീട്ടുകാർക്കു ഉപജീവനത്തിനുള്ള വഴി സകലതും അടഞ്ഞിരിക്കുന്നു. ബാലകൃഷ്ണമേനോൻ ഇതൊക്കെ നല്ലവണ്ണം അനുഭവിച്ചറിഞ്ഞിട്ടുള്ളതുകൊണ്ടു അച്ഛന്റെ വാക്കുകേട്ടപ്പോൾ തനിയെ പുറപ്പെട്ട പുഞ്ചിരിയെ, മൂക്കു ചൊറിഞ്ഞുംകൊണ്ടു്, മറച്ചു.

"അച്ഛനുള്ള കാലത്തു ഞങ്ങൾക്കു ബുദ്ധിമുട്ടുണ്ടാകുമെന്നു ഞങ്ങൾ സംശയിച്ചിട്ടില്ല. അച്ഛൻ ഇപ്പോൾ കേട്ടേ കഴികയുള്ളു എന്നു നിർബന്ധിക്കുന്ന കാര്യസ്ഥന്റെ വാസ്തവസ്ഥിതി അറിയിക്കുന്നതായാൽ യോഗ്യരായ ചിരെക്കുറിച്ചു ദൂഷ്യം പറയേണ്ടിവന്നേക്കാം അതു എന്റെ മുഖത്തുനിന്നു വേണ്ടല്ലോ എന്നു വച്ചിട്ടാണു്"

"അങ്ങിനെ വിചാരിക്കേണ്ട കാര്യം പറയുന്നതിൽ ആരെയും ഭയപ്പെടുവാനില്ല. ന്യായമായിട്ടുള്ള നടവടി നടത്തുന്നതിൽ സൂപ്രണ്ടിനെക്കൂടി ഞാൻ കൂട്ടാക്കാറില്ല. പല സംഗതികളിലും അദ്ദേഹം എന്നോടു മല്ലിടുവാൻ വന്നിട്ടുണ്ടു്. അതിലൊന്നും എനിക്കു കേടും വന്നിട്ടില്ല. സത്യം പറയുന്നതിൽ കാലദേശാവസ്ഥകളൊന്നും നോക്കേണ്ട." [ 18 ] "എന്നാൽ ഞാൻ പറയാം. കിട്ടുണ്ണിമേനവന്നു ഇളകുന്ന വസ്തുക്കളാണു അധികമുള്ളതെന്നു അച്ഛനറിയാമല്ലൊ. അദ്ദേഹത്തിന്റെ വക പണ്ടങ്ങളും പാത്രങ്ങളും എന്നുവേണ്ട പണമിടപെട്ട സകലലക്ഷ്യങ്ങളും കാര്യസ്ഥന്റെ കൈവശത്തിലാണു്. കിട്ടുണ്ണിമേനോൻ ദീനത്തിൽ കിടപ്പായതിന്റെ ശേഷം ഉറപ്പില്ലാതെ നിർക്കുന്ന സംഖ്യകളെല്ലാം ഈ കാര്യസ്ഥൻ സ്വമേധക്കു പിരിക്കുവാൻ തുടങ്ങിയിരിക്കയാണു്. ഈ കൂട്ടത്തിൽ ഞങ്ങളെയും പിടിത്തം കൂടീട്ടുണ്ടു്. ഇതൊരിക്കലും കിട്ടുണ്ണിമേനോൻ പറഞ്ഞിട്ടുണ്ടാവാൻ തരമില്ല. ഒന്നാമതു ഞങ്ങൾ അദ്ദേഹത്തിന്റെ ശേഷക്കാരും അവകാശികളുമാണു്. രണ്ടാമതു, ഞങ്ങളുടെ കഷ്ടപ്പാടു അറിഞ്ഞിട്ടാണു് ഈ സംഖ്യ അദ്ദേഹം ലക്ഷ്യംകൂടാതെ ഞങ്ങൾക്കു തന്നിട്ടുള്ളതു്. ഈ ഉറുപ്പിക അദ്ദേഹം ഞങ്ങൾക്കു വിട്ടുതന്നുവെങ്കിലോ എന്നു ഭയപ്പെട്ടിട്ടായിരിക്കാം കാര്യസ്ഥൻ ഈ പണിപറ്റിച്ചതു്. ഒരാഴ്ചവട്ടത്തിനകം സംഖ്യമുഴുവനും മടക്കിക്കൊടുക്കണമെന്നു് മൂന്നുദിവസം മുമ്പു ഒരെഴുത്തുവന്നിരുന്നു. ഇതു നിവർത്തിക്കുവാൻ വല്ലവഴിയും ഉണ്ടോ എന്നു നോക്കുവാനാണു് ഞാൻ പുറത്തേക്കു പോയിരുന്നതു്. ഒരു നിവൃത്തിയും ആയില്ല."

ആദ്യംതന്നെ പണം നിങ്ങൾക്കു തന്നപ്പോൾ ഉറപ്പുകൊടുക്കണമെന്നു ശാഠ്യം പിടിച്ചതായും കിട്ടുണ്ണിമേനോൻ അതിനെ നിരോധിച്ചതായും കുട്ടിപ്പാറു എന്നോടു പറയുകയുണ്ടായിട്ടുണ്ടു്. "കാര്യസ്ഥൻ മഹാ അപകടനും ദുരാഗ്രഹിയുമാണെന്നു തോന്നുന്നു."

"അമ്മയ്ക്കു ഇതിന്റെ സത്യസ്ഥിതിയൊക്കെയറിയാം. കാര്യസ്ഥനെ അമ്മ നല്ലവണ്ണം അറിയും. ഞങ്ങൾ ഇനി എന്താണു് ചെയ്യേണ്ടതെന്നു അച്ഛൻതന്നെ പറയണം."

പണം താൻതന്നെ കടം വാങ്ങിക്കൊടുക്കേണ്ടി വന്നെങ്കിലോ എന്നുള്ളൊരാധികൊണ്ടു് ഇൻസ്പെക്ടർക്കു വഴിവേഗം തോന്നി.

"ഞാൻതന്നെ പുളിങ്ങോട്ടേയ്കൊന്നു പോയിവന്നാലോ" എന്നു ചോദിച്ചു.

"വേണ്ടില്ലാ. കിട്ടുണ്ണിമേനവനെക്കണ്ടു പറഞ്ഞാൽ കാര്യമെല്ലാം നേരെയാവുമെന്നാണു് എന്റെ അഭിപ്രായം".

"എന്നാൽ അങ്ങിനെ ആയിക്കളയാം. നാളെ കാലത്തു പുറപ്പെട്ടു എളവൂർ സ്റ്റേഷൻ പരിശോധനയും കഴിട്ടു പുളിങ്ങോട്ടു പോയി കാര്യവും നടത്തി വൈകുന്നേരത്തേക്കു ഇങ്ങോട്ടുതന്നെ തിരിയെ എത്താം" എന്നു ഇൻസ്പെക്ടർ പറഞ്ഞപ്പോഴേയ്ക്കും നേരം സന്ധ്യയായി. ഇൻസ്പെകടർ കാരണവരുടെ അകത്തേക്കും ബാലകൃഷ്ണമേനോൻ അമ്മയെ വിവരം ധരിപ്പിക്കാൻ അടുക്കളയിലേക്കും പോയി.