ഭാസ്ക്കരമേനോൻ (നോവൽ)
രചന:രാമവർമ്മ അപ്പൻ തമ്പുരാൻ
അഞ്ചാമദ്ധ്യായം
[ 28 ]
അഞ്ചാമദ്ധ്യായം

"പെരുവഴിപോകുന്നേരമീരുവഴി കാണുന്നാകി-

ലൊരുവഴിനേർവഴിക്കു തിരിയുവാനറിവുവേണം.
സത്യവുംമസത്യവും കൃത്യവുമകൃത്യവും
നിത്യവുമോർത്തീടുന്നോർക്കത്തലില്ലൊരിക്കലും"

ഉപദേശപദ്ധതി


എളവല്ലൂർ ദേശത്തെ ബാധിച്ചിരിക്കുന്ന അത്യാപത്തു സംഭവിക്കുന്നതിനു മുമ്പായി അതിന്റെ നിഴൽ ആ ദേശക്കാരുടെ മനസ്സിൽ കൂടി പാഞ്ഞിട്ടോ, അതോ എളവല്ലൂരിനു ഏക ബന്ധുവായിരുന്ന മഹാപുരുഷനെ [ 29 ] അപരിഹാര്യമായ കർമ്മഫലത്തെ അനുഭവിപ്പിച്ചതിൽ നിരപരാധികളായ അഗതികൾക്കു ഉണ്ടാവുന്ന പരമസങ്കടത്തിനു അല്പമെങ്കിലും ഒരു നിവൃത്തി വരുത്തുവാൻ വേണ്ടിയോ എന്നു തോന്നുമാറു പ്രജാവത്സലനായ സർവേശവരൻ കാലേകൂട്ടി അവരെ ഒതുക്കിയതോ, എങ്ങനെയെന്നു നിർണ്ണയിപ്പാൻ വയ്യാത്ത വിധത്തിൽ കിട്ടുണ്ണിമേനവന്റെ മരണവൃത്താന്തം കേട്ടുകേൾപ്പിച്ചു് അറിവാൻ ഇടയാവുന്നതിനുമുമ്പുതന്നെ നാടെല്ലാം പരന്നു കഴിഞ്ഞു. രണ്ടുപേരുംകൂടി മന്ത്രിക്കുന്നേടത്തെല്ലാം സംസാരത്തിനുള്ള വിഷയം ഒന്നുതന്നെയായിരുന്നു. ഇങ്ങനെ ഈ വ്യസനവാർത്ത ക്ഷണനേരങ്കൊണ്ടു എല്ലാടവും പടർന്നു പിടിച്ചതോടുകൂടി അനേകം ആളുകൾ നാനാപ്രകാരേണ വിലപിച്ചുകൊണ്ടും, അപൂർവ്വം ചിലർ യാതൊരു ഭാവഭേദവും കൂടാതെകണ്ടും, അവസ്ഥാഗൌരവമറിഞ്ഞു പ്രവർത്തിപ്പാൻ ശക്തിയില്ലാത്ത ബാലന്മാർ വാസനാബലത്താൽ മറ്റുള്ളവരെ അനുതപിച്ചുകൊണ്ടും, ധൂർത്തന്മാരായ ചിൽ ബഹളത്തിൽ കടന്നു കലഹിക്കുവാൻ മോഹിച്ചുകൊണ്ടും, പുളിങ്ങോട്ടു ബങ്കളാവിന്റെ പുറമെ നാലുപുറവും വന്നു തിക്കിത്തിരക്കിത്തുടങ്ങി. പുരുഷാരം വന്നു നിറയുന്നതു കണ്ടു രണ്ടോ മൂന്നോ പോലീസുകാരും വന്നുചേർന്നു. ആൾക്കൂട്ടത്തെ ഒതുക്കിനിർത്തുവാൻ അവരുടെ ശക്തി ആസകലം എടുത്തു വിലക്കുന്നുണ്ടെങ്കിലും, അവരുടെ പ്രയത്നം തീരെ നിഷ്ഫലമെന്നു മാത്രമല്ല, പോലീസുകാരുടെ ഉന്തും തള്ളും വലിയും ധൂർത്തന്മാരായ കലഹപ്രിയന്മാർക്കരേണിയും സാധുക്കൾക്കൊരു കോടാലിയും ആയിത്തീർന്നതിനാൽ കോലാഹലം ഒന്നുകൂടി വർദ്ധിച്ചതേയുള്ളു. കിട്ടുണ്ണിമേനവന്റെ സ്വരൂപം ഒരു നോക്കു കണ്ടിട്ടുപോയാൽ കൊള്ളാമെന്നു ആഗ്രഹിച്ചു നിൽക്കുന്നവരിൽ ചിലർ [ 30 ] തിരക്കിന്റെ ശല്യം സഹിക്കുക വയ്യാതെ തിരിഞ്ഞു അകലെ ഒഴിഞ്ഞു നില്ക്കുവാൻ ശ്രമിച്ചുതുടങ്ങി. ആ കൂട്ടത്തിൽ ഒരാൾ ബങ്കളാവിന്റെ വടക്കുഭാഗത്തുള്ള അടുക്കളയോടു ചേർന്ന മതിൽകെട്ടിന്റെ നേരെ നോക്കിക്കൊണ്ടു കുറച്ചുനേരം മനോരാജ്യത്തിൽ നിന്നു. അപ്പോൾ കൂട്ടർ-

'ശങ്കരമേന്നേ! കുറച്ചുകഴിഞ്ഞിട്ടു വരുന്നതായിരിക്കും ഉത്തമം. ലഹള ഒന്നു ഒതുങ്ങട്ടെ. ഇപ്പോൾ കാത്തുനിന്നിട്ടു പ്രയോജനമില്ല എന്നു പറഞ്ഞു് അയാളുടെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയി.

പുളിങ്ങോട്ടെ പ്രകൃതം ഇങ്ങനെയെല്ലാം ഇരിക്കുമ്പോഴാണു് പോലിസു സ്റ്റേഷനിൽ നിന്നു പുറപ്പെട്ട യോഗം അവിടെ എത്തിയതു്. ഇൻസ്പെക്ടർ മുതലായവർ വന്നവഴി തളത്തിലേക്കുതന്നെ കടന്നു. അവിടെവച്ചു അപ്പാത്തിക്കരിയും ഇൻസ്പെക്ടരും തമ്മിൽ ആചാരോപചാരങ്ങളെല്ലാം കഴിഞ്ഞതിന്റെ ശേഷം ഇരുവരും സ്റ്റേഷൻ ആപ്സരും കൂടി മരിച്ചുകിടക്കുന്ന മുറിയിലേക്കു കടന്നു. ഇൻസ്പെക്ടർ നോട്ടുപുസ്തകവും പെൻസിലും കയ്യിലെടുത്തുകൊണ്ടാണു അകത്തേക്കു പ്രവേശിച്ചതു്. അവിടെ വെളിച്ചം അല്പം ചുരുക്കമായിരുന്നതുകൊണ്ടു് പുറത്തേക്കുള്ള ഒരു ജനാല തുറപ്പിച്ചു ശവത്തിന്റെയും അതു കിടക്കുന്ന കട്ടിൽ, കിടക്ക മുതലായി അകത്തുള്ള സകല സാമാനങ്ങളുടെയും താൽക്കാലിക സ്ഥിതിയും മറ്റും, പോലീസ്സു നടവടിക്രമത്തിൽ കൊടുത്തിട്ടുള്ള നിയമങ്ങളെ നല്ലവണ്ണം ഓർമ്മവെച്ചുകൊണ്ടു ഇൻസ്പെക്ടർ വിസ്തരിച്ചു നോക്കിക്കാണുകയും സ്വന്തം കയ്യക്ഷരത്തിൽ ഒരു യാദാസ്തെഴുതുകയും ചെയ്തു. എന്നിട്ടു അപ്പാത്തിക്കരിയുടെ നേരെ തിരിഞ്ഞു[ 31 ] 'നിങ്ങൾക്കു കിട്ടുണ്ണിമേനവന്റെ ദീനത്തെപ്പറ്റി എന്തറിയാം?' എന്നു ചോദിച്ചു.

അപ്പാത്തിക്കരി ആത്മപ്രശംസയാകുന്ന അവതാരികയോടുകൂടി താൻ കിട്ടുണ്ണിമേനവനെ ചികിത്സിക്കുവാൻ തുടങ്ങിയ ദിവസംമുതൽ അന്നേദിവസംവരെയുള്ള സകല സംഗതികളെയുംപറ്റി സവിസ്തരം പ്രസംഗിച്ചു. അതിന്റെ ചുരുക്കം താൻ കിട്ടുണ്ണിമേനവനെ ചികിത്സിപ്പാൻ തുടങ്ങീട്ടു ഏകദേശം ഒരു കൊല്ലത്തിൽ കുറയാതെ ആയി എന്നും അദ്ദേഹത്തിനു ഒടുവിൽ പിടിപെട്ട ഉദരരോഗത്തിൽ നിന്നും മോചനം കേവലം അസാദ്ധ്യമായിരുന്നതിനാൽ ആയതിനു താൻ മോഹിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ഇത്രവേഗം മരിക്കുന്നതിനുള്ള യാതൊരു ലക്ഷണങ്ങളും തന്റെ കണ്ണിൽ പെട്ടിട്ടില്ലെന്നും, ഈ വിവരംതന്നെ ഏതാനും ദിവസംമുൻപു കാര്യസ്ഥൻ ചോദിച്ചപ്പോൾ താൻ പറഞ്ഞിട്ടുണ്ടെന്നും, മരണാനന്തരം ശരീരത്തിന്റെ ആകൃതി കണ്ടേടത്തോളം ഈ പെട്ടെന്നുള്ള മരണം സംശയത്തിനു ആസ്പദമായിട്ടുള്ളതാണെന്നും ശേഷം ശവം കീറിനോക്കീട്ടു മാത്രമെ തീർച്ചപറവാൻ തരമുള്ളു എന്നും ആകുന്നു.

അപ്പാത്തിക്കരിയുടെ തല്ക്കാലത്തെ വായ്മൊഴി എടുത്തതിന്റെ ശേഷം അവർ മൂന്നുപേരുംകൂടി തളത്തിലേക്കു കടന്നു. ശവം ആസ്പത്രിയിൽ കൊണ്ടുവരുമ്പോൾ താൻ അവിടെ ഹാജരുണ്ടാവുമെന്നു പറഞ്ഞു അപ്പാത്തിക്കരി അവിടെവച്ചു അവരായിട്ടു പിരികയും ചെയ്തു. ഇൻസ്പെക്ടർ തളത്തിൽ നിന്നിരുന്ന ആളുകളെനോക്കി[ 32 ] 'കിട്ടുണ്ണിമേനവനെ ഒടുവിൽ ജീവനോടുകൂടി കണ്ടതാരാണു' എന്നു ചോദിച്ചു.

അവിടെ കൂടിയിട്ടുണ്ടായിരുന്ന പുളിങ്ങോട്ടെ പെരുമാറ്റക്കാരിൽ ഒരുത്തനും യാതൊരു മറുവടിയും പറഞ്ഞില്ല. കളവിന്റെ ഊടെടുക്കുന്നതിൽ തനിക്കുള്ള സാമൎത്ഥ്യം കാണിക്കുവാനുള്ള ശുഷ്കാന്തികൊണ്ടു പല ചോദ്യങ്ങളുടേയും ഇടക്കു ഉപായത്തിൽ ഉപയോഗിക്കേണ്ടുന്ന ചോദ്യത്തെ ഇൻസ്പ്ക്ടർ ആദ്യംതന്നെ എടുത്തു പ്രയോഗിച്ചതു പരിഹാസാസ്പദമായിത്തീൎന്നുവെന്നു അവിടെ നിന്നിരുന്നവരിൽ ചിലരുടെ മുഖത്തു ഒളിവായി സ്ഫുരിച്ചിരുന്ന പുഞ്ചിരിയിൽനിന്നു അറിയാമായിരുന്നു. കുണ്ടുണ്ണിനായർ തന്റെ സൂത്രം ഫലിച്ചില്ലെന്നുകണ്ടു ചോദ്യത്തിന്റെ സമ്പ്രദായം ഒന്നു മാറ്റി.

'ഇദ്ദേഹം മരിച്ചുകിടക്കുന്നതു നിങ്ങളിൽ ആരാണു് മുമ്പിൽ കണ്ടതു്?'

ഇതിനുത്തരമായി കുഞ്ഞിരാമൻനായർ ഇപ്രകാരം പറഞ്ഞു-

'ഇന്നലെ ഏകദേശം അർദ്ധരാത്രിക്കുശേഷം ഒരു സ്വപ്നം കണ്ടു ഞാൻ ഞെട്ടിയുണൎന്നപ്പോൾ അകത്തുനിന്നു ഒരു ശബ്ദം കേട്ടുവെന്നു തോന്നി. ഇവിടെ കിടന്നിരുന്നവരിൽ ആരും ഉണൎന്നിട്ടുണ്ടായിരുന്നില്ല. എഴുന്നേറ്റു അകത്തുചെന്നു കെട്ടിരുന്ന വിളക്കുകൊളുത്തിനോക്കിയപ്പോൾ അദ്ദേഹം മരിച്ചുകിടക്കുന്നപോലെ തോന്നി.'

'എന്നിട്ടു നിങ്ങൾ എന്തുചെയ്തു?'

'അപ്പാത്തിക്കരിയെ കൂട്ടിക്കൊണ്ടു വരുവാനായി വാലിയക്കാരൻ ഗോവിന്ദനെ അമ്പലക്കാട്ടേക്കു അയച്ചു.' [ 33 ] 'ഗോവിന്ദനേതാണു്' എന്നു ചോദിച്ചപ്പോൾ കുഞ്ഞിരാമൻനായർ ഗോവിന്ദനെ ചൂണ്ടിക്കാണിച്ചു.

'ഇയാൾ തന്നെയല്ലെ സ്റ്റേഷനിലേക്കു എഴുത്തു കൊണ്ടുവന്നതു്?'

'അതെ, ഇയാൾ തന്നെയാണു്.'

'ശരി, നിങ്ങൾ മാത്രം ഇവിടെ നിൽക്കു. ഇനി ആവശ്യപ്പെടുന്നതുവരെ മറ്റെല്ലാവരും പുറത്തുപോയി നിൽക്കട്ടെ' എന്നു ഇസ്പെക്ടർ കുഞ്ഞിരാമൻ നായരെ നോക്കി പറഞ്ഞപ്പോൾ സ്റ്റേഷൻ ആപ്സരും കാൺസ്റ്റബിളും കുഞ്ഞിരാമൻ നായരും ഒഴികെ മറ്റെല്ലാവരും പുറത്തേക്കു കടന്നു. ഇൻസ്പെക്ടൎക്കു കുഞ്ഞിരാമൻനായരുമായിട്ടു പരിചയമുണ്ടായിരുന്നതുകൊണ്ടു ആരു, ഏതു, എന്ന ചോദ്യങ്ങൾക്കൊന്നും അവകാശമുണ്ടായിരുന്നില്ല. ആവശ്യപ്പെട്ട പ്രകാരം ആളുകൾ തളത്തിൽനിന്നും പിരിഞ്ഞപ്പോൾ കുഞ്ഞിരാമൻനായരെ അടുക്കൽ വിളിച്ചു, 'ഇവിടെ കിടപ്പുകാരു ആരെല്ലാവരുമാണു' എന്നു ചോദിച്ചു. ഈ ചോദ്യത്തിനു തൽക്ഷണം ഉത്തരം പറവാൻ കുഞ്ഞിരാമൻനായർ ഒന്നു മടിച്ചു. അല്പനേരം ആലോചിച്ചിട്ടു-

'അദ്ദേഹത്തിനു ദീനം തുടങ്ങിയതിന്റെ ശേഷം സ്ഥിരമായിട്ടു ഇവിടെ കിടപ്പുകാർ ഞാനും ഗോവിന്ദനും മത്രമേ ഉള്ളു. എന്നാൽ ഏകദേശം ഒരു മാസമായിട്ടു കാൎയ്യസ്ഥനും ഇവിടെത്തന്നെയാണു ഇതിനുമുമ്പും കൂടക്കൂടെ ഇവിടെ കിടക്കാറില്ലെന്നില്ല.'

'കാൎയ്യസ്ഥന്റെ നിജമായിട്ടുള്ള കിടപ്പു് ഒരു മാസമായിട്ടു ഇവിടെ ആക്കുവാനെന്താണു വിശേഷിച്ചു കാരണം?' [ 34 ] അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണെന്നാണു തോന്നുന്നതു്. കിട്ടുണ്ണിമേനവനെക്കുറിച്ചു സംസാരിക്കുമ്പോൾ 'അദ്ദേഹ'മെന്നാണു കുഞ്ഞിരാമൻനായർ പറഞ്ഞുവരാറെന്നുകൂടി ഈ സന്ദർഭത്തിൽ വായനാക്കാരെ ഓൎമ്മപ്പെടുത്തുന്നു.

ഇൻസ്പെക്ടർ ഘടികാരമെടുത്തു നോക്കിയപ്പോൾ മണി പത്തിനോടു അടുത്തിരിക്കുന്നു. ഇനി ചോദ്യങ്ങൾ കലാശിപ്പിക്കാതെ തരമില്ലെന്നു കണ്ടു.

'ഇന്നലെ രാത്രി ഇവിടെ ആരെല്ലാമുണ്ടായിരുന്നു?' എന്നു വീണ്ടും ചോദിച്ചു.

'ഗോവിന്ദനും ഞാനും വിശേഷാൽ അദ്ദേഹത്തിനു കാൎയ്യസ്ഥൻ കൊടുത്തയച്ച എഴുത്തു കൊണ്ടുവന്ന ഒരാളും ഉണ്ടായിരുന്നു.'

'കാൎയ്യസ്ഥൻ ഇന്നലെ ഇവിടെ ഉണ്ടായിരുന്നില്ലെ, എഴുത്തുകൊണ്ടുവന്നവനാരാണ്' അയാൾ എവിടെ, അയാളുടെ പേരെന്താണു, എന്നുള്ള മാലപ്രശ്നത്തിനു കുഞ്ഞിരാമൻനായരുടെ മറുപടി-

'കാൎയ്യസ്ഥൻ ഇന്നലെ വൈകുന്നേരം ഇവിടെനിന്നും പോയി. എഴുത്തുകൊണ്ടുവന്നവൻ കാൎയ്യസ്ഥന്റെ ഒരു ശിഷ്യനാണു്. അത്രമാത്രമേ എനിക്കു രൂപമുള്ളു. അയാൾ ഇന്നു വെളുപ്പിനു ഇവിടെനിന്നു പോവുകയും ചെയ്തു.'

'ആ എഴുത്തെവിടെ?'

'രൂപമില്ല' എഴുത്തു അദ്ദേഹത്തിന്റെ കയ്യിലാണു കൊണ്ടുകൊടുത്തതു്.

കിട്ടുണ്ണിമേനവന്റെ അടുത്ത അവകാശികളാരാണെന്നു രൂപമുണ്ടോ? എന്ന ചോദ്യത്തിനുള്ള ഉത്തരം [ 35 ] ഇൻസ്പെക്ടൎക്കുനല്ല നിശ്ചയമുണ്ടായിരുന്നുവെങ്കിലും, കുഞ്ഞിരാമൻനായരെക്കൊണ്ടുതന്നെ പറയിക്കണമെന്നായിരുന്നു ഇൻസ്പെക്ടരുടെ അഭിപ്രായം.

അദ്ദേഹത്തിന്റെ അടുത്ത അവകാശികൾ ചേരിപ്പറമ്പുകാരാണെന്നാണു തോന്നുന്നതു എന്നു കുഞ്ഞിരാമൻനായർ മറുപടി പറഞ്ഞപ്പോൾ ഇൻസ്പെക്ടർ ഒന്നുകൂടി ഗൗരവം അഭിനയിച്ചു.

'അവരിൽ ആരും ഇവിടെ ഇല്ലെ?'

'ഇല്ല എന്നു് കുഞ്ഞിരാമൻനായർ പറഞ്ഞ താമസം ഇൻസ്പെക്ടർ സ്റ്റേഷൻ ആപ്സരുടെ നേരെ തിരിഞ്ഞു ചേരിപ്പറമ്പിൽനിന്നു ആരെങ്കിലും വന്നതിന്റെശേഷമേ ശവം മറുവുചെയ്യാവു. നിങ്ങൾ ഇവിടെത്തന്നെ കാത്തു നിൽക്കണം. ചേരിപ്പറമ്പിലേക്കു ഞാൻതന്നെ പോകുന്നുണ്ടു്. കാൎയ്യസ്ഥൻ അയച്ചിരുന്ന എഴുത്തു അകത്തുണ്ടെങ്കിൽ അതും എടുത്തു സൂക്ഷിക്കണം. ശവം ആസ്പത്രിയിലേക്കു എടുപ്പിച്ചാൽ ഈ സ്ഥലം അടച്ചു മുദ്രവയ്ക്കുകയും വേണം' എന്നു കല്പനകൊടുത്തു പിരിയുവാൻ തുടങ്ങിയപ്പോൾ-

'ഇന്നേയ്ക്കു വച്ചിരിക്കുന്ന കേസ്സിന്റെ കാൎയ്യം എന്താണുവേണ്ടതു്?, എന്നു സ്റ്റേഷൻ ആപ്സർ ചോദിച്ചു.

'വേണ്ടില്ല, അതു നീട്ടിവെപ്പിക്കുവാൻ ഞാൻ ശട്ടം കെട്ടിക്കൊള്ളാം' എന്നു പറഞ്ഞു പുറത്തേക്കിറങ്ങി, അപ്പോൾ നമ്മുടെ കാൺസ്റ്റേബിൾ തലേദിവസം തന്റെ ബീറ്റിനിടയ്ക്കു നടന്ന സംഗതി ഇൻസ്പെക്ടരെ സ്വകാൎയ്യമായി ധരിപ്പിച്ചു. കാൎയ്യസ്ഥന്റെ ആകൃതി കണ്ടപ്പോഴാണു് തനിക്കോർമ്മയുണ്ടായതെന്നും പറഞ്ഞു. ഇൻസ്പെക്ടർ കുറച്ചുനേരത്തേയ്ക്കു ഒന്നുംമിണ്ടിയില്ല. കാൎയ്യസ്ഥനെ ഉടനെ തന്നെ ബന്തവസ്സിൽ ആക്കുന്നതിനു തക്ക തെളിവുകൾ [ 36 ] കൈവശമില്ലേ എന്നു ആലോചിക്കുകയായിരുന്നു. ആലോചിച്ചേടംകൊണ്ടു തല്ക്കാലം കാര്യസ്ഥന്റെ പേരിൽ നടവടി നടത്തുവാൻ ധൈര്യമുണ്ടാവാഞ്ഞിട്ടു കാൺസ്റ്റബിളോടു-

കാര്യസ്ഥന്റെ ഗതാഗതങ്ങളും പ്രവൃത്തികളും നല്ലവണ്ണം കാത്തു എനിക്കു അറിവുതരേണ്ടതു തന്റെ ചുമതലയാണു കേട്ടോ എന്നു പറഞ്ഞു. അതിന്റെ ശേഷം ഗോവിന്ദനെ വിളിച്ചു ഒന്നു രണ്ടു വാക്കു ചോദിച്ചു. അയാളുടെ മറുവടിയും നോട്ടുപുസ്തകത്തിൽ കുറിച്ചു. എന്നിട്ടു ചേരിപ്പറമ്പിലേക്കു പോവുകയും ചെയ്തു.

ഇൻസ്പെക്ടർ പുറത്തേക്കു കടന്നപ്പോൾ സ്റ്റേഷനാപ്സർ തളത്തിൽ നിന്നും അകത്തേക്കു കടന്നു. അവിടെ എല്ലാടവും നല്ലവണ്ണം പരിശേധിച്ചു. കാര്യസ്ഥന്റെ എഴുത്തു അവിടെയെങ്ങും കണ്ടില്ല. കട്ടിലിന്റെ അടുത്തു വടക്കുഭാഗത്തു തലക്കലായിട്ടു ഒരു ചെറിയ വട്ടമേശ കിടക്കുന്നുണ്ടു്. അതിന്റെ മുകളിൽ ഒരു വിളക്കും ഒരു മരുന്നുകുപ്പിയും ഒരു ഔൺസുഗ്ലാസും ഒരു ഘടികാരവും ഒരു കിണ്ടിയും ഇരിപ്പുണ്ടു്. ചുവട്ടിൽ ഒരു ഇലച്ചീന്തും കിടന്നിരുന്നു. കിണ്ടിയിൽ ഒരുതുള്ളി വെള്ളംപോലും ഇല്ലെന്നു മാത്രമല്ല, അതിന്റെ പല ഭാഗങ്ങളിലും ഉപ്പുവിളഞ്ഞമാതിരി ചില പാടുകളും കാണ്മാനുണ്ടു്.

വലിച്ചിഴച്ചിട്ടോ എന്നു തോന്നുമാറു് ഉലഞ്ഞും കീറിയും കിടക്കുന്ന കിടക്കവിരി കിട്ടുണ്ണിമേനവന്റെ ചരമകാലത്തെ പ്രാണവേദനയെ നല്ലവണ്ണം പ്രത്യക്ഷമാക്കുന്നുണ്ടു്. അകത്തുള്ള വിലപിടിച്ച സകലസാമാനങ്ങളും അതാതു സ്ഥാനങ്ങളിൽതന്നെ ഇരിക്കുന്നതുകൊണ്ടു കൊലപാതകക്കാരൻ, കേവലം കൊള്ള മോഹിച്ചു വരുന്ന കള്ളന്മാരിൽ ആരുമല്ലെന്നു് സ്റ്റേഷൻ ആപ്സർക്കു ധാരാളം [ 37 ] ഊഹിക്കുവാൻ വഴിയായിത്തീർന്നു. നിലത്തു പതിഞ്ഞുകാണുന്ന കാലടികൾ സൂക്ഷിച്ചുനോക്കിക്കൊണ്ടു് അകത്തുനിന്നും ഭാസ്കരമേനോൻ ഓവറയിലേക്കു കടന്നപ്പോൾ അവിടേയും ഉമ്മറപ്പടിയിന്മേലും കിണ്ടിയിൽ കണ്ടതുപോലെയുള്ള ചില വെളുത്ത പാടുകളും അതുകളുടെ മീതേയുള്ള ചില പാദപാതങ്ങളും സ്റ്റേഷൻ ആപ്സരുടെ ശ്രദ്ധയെ ആകർഷിച്ചു. ഓവറയുടെ പടിഞ്ഞാറേ ഭാഗത്തുള്ള വാതലിനോടു് അടുക്കുംതോറും അവയ്ക്കു ക്രമേണ തെളിവുകുറഞ്ഞും കാണുന്നു. ഓവറയുടെ വടക്കേ ചുവരിന്മേൽ അകത്തേക്കു കടക്കുന്ന വാതലിന്റെ എടത്തു പുറത്തായിട്ടു തോർത്തുമുണ്ടു തൂക്കുവാൻ തുളച്ചുകൊള്ളിച്ചിരുന്ന ഒരു കോലും, താഴെ വീണുകിടന്നിരുന്നു. നിലത്തുനിന്നും ആ കോലിരുന്നിടത്തുവരെയുള്ള പൊക്കം കുപ്പായക്കീശയിൽ ഉണ്ടായിരുന്ന അളവുനാടകൊണ്ടു് അളന്നു കണക്കാക്കി നോട്ടുപുസ്തകത്തിൽ കുറിച്ചെടുത്തു നിലത്തുള്ള കാലടികളുടെയും അളവെടുത്തു. ഈ അളവും ഓവറയുടെ അടുത്തു ഇറയത്തുള്ള ഏതാനും ചില കാലടികളുടെ അളവും ഒത്തിരിക്കുന്നു. ഈ കാലടികളുടെ ഗതി ഓവറയിലേക്കാണു്. ഇറയത്തിന്റെ നേരെ താഴത്തു മണലിലായിട്ടു വടി കുത്തിനിറുത്തിയിരുന്നപോലെ ഒരുരൂപാവട്ടത്തിൽ ഒരു കുഴിയും കാണുന്നുണ്ടു്. കുഴിയുടെ വലിപ്പംകൊണ്ടു അതു സാധാരണ കുത്തിനടക്കുന്ന വടിയാകുവാൻ തരമില്ല. വിശേഷിച്ചു ഈ കുഴിയുടെ നേരെ മുകളിലുള്ള ഒരോടുപൊട്ടി താഴത്തു വീണുകിടക്കുന്നതിൽനിന്നു വടിക്കു അവിടെ മുട്ടത്തക്കവണ്ണം നീളമുണ്ടായിരുന്നിരിക്കണമെന്നും സ്റ്റേഷൻ ആപ്സർ ആലോചിച്ചു. ഈ കുഴിയുള്ള സ്ഥലത്തുനിന്നു അടുക്കളയും മതിലുംകൂടി ചേർന്നിരുന്ന മൂലവരെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന പാടുകൾ കാണ്മാനുണ്ടു്. എന്നാൽ [ 38 ] തലേദിവസം രാത്രിയുണ്ടായ മഴകൊണ്ടു അവയുടെ തെളിവുകുറഞ്ഞിരിക്കുന്നു. മതിലിനോടു അടുത്തു അടുക്കളയുടെ നിരയിന്മേൽ ചുകന്ന മണ്ണു പുരണ്ടിട്ടുള്ള വിരലുകൾ പതിഞ്ഞിട്ടുണ്ടു്. ഭാസ്കരമേനോൽ നിരയിന്മേൽ ചവിട്ടിനിന്നു മറുഭാഗത്തേക്കു എത്തിച്ചുനോക്കിയപ്പോൾ അവിടെയെല്ലാം ഉറച്ച കൽപ്രദേശമായിരുന്നതുകൊണ്ടു അവിടെനിന്നും കാലടികളുടെ പോക്കു് എങ്ങോട്ടായിരുന്നുവെന്നറിവാൻ കഴിഞ്ഞില്ല. എന്നാൽ നേരെ ചുവട്ടിൽ ഒരു കവിളൻ മടൽ മതിലിന്മേൽ ചാരി വച്ചിരിക്കുന്നതു കണ്ടു.

ഇത്രയും നോക്കിക്കണ്ടതിന്റെ ശേഷം സ്റ്റേഷനാപ്സർ തിരിയെ പോന്നു. മേശപ്പുറത്തിരിക്കുന്ന കിണ്ടിയിൽ പതിവുപോലെ തലേദിവസം രാത്രിയിലും ചുക്കുവെള്ളം അടച്ചുവച്ചിട്ടുണ്ടായിരുന്നുവെന്നും, പുറത്തേക്കുള്ള സകല വാതിലുകളും അടച്ചു സാക്ഷയിട്ടിരുന്നുവെന്നും അർദ്ധരാത്രിക്കു താൻ അകത്തു കടന്നു നോക്കിയപ്പോൾ വിളക്കു കെട്ടിരുന്നുവെന്നും, മറ്റു പലസംഗതികളും കുഞ്ഞിരാമൻനായർ സ്റ്റേഷനാപ്സരുടെ ആവശ്യപ്രകാരം അദ്ദേഹത്തിനെ മനസ്സിലാക്കി. മരുന്നും കിണ്ടിയും കൈവശപ്പെടുത്തുവാൻ, ചേരിപ്പറമ്പിൽനിന്നും ആരെങ്കിലും വന്നതിന്റെ ശിഷ്ടം മതിയെന്നു സ്റ്റേഷനാപ്സർ തീർച്ചയാക്കി.

ഇനി ശവത്തിന്റെ ഉടമസ്ഥൻ വരുന്നതുവരെ കാത്തുനിന്നു പിന്നീടു വേണ്ടുന്ന നടവടികൾ നടത്തുവാൻ സ്റ്റേഷനാപ്സരെ ഭാരം ഏല്പിച്ചു നമ്മൾ പുളിങ്ങോട്ടുബങ്കളാവുവിട്ടു മറ്റൊരു രംഗം പ്രവേശിക്കേണ്ടിയിരിക്കുന്നു.