രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
ഏഴാം സർഗം

ദുരൂഹമുള്ളിലോരാതെ പുരത്തിന്നു തിരിക്കവേ
ഭരതൻ മുന്നിലാമ്മാറു നിരീക്ഷിച്ചിതു ദുർഘടം.1

ചുഴലിക്കാറ്റു വല്താതൊന്നുഴറിച്ചെന്നെതിർത്തു പോൽ
ഒഴിയാതെതിരിട്ടഗ്രേ വഴിമേലൊരു പൂച്ചയും.2

ജടയും ഭസ്മവും ചൂരൽവടിയും ജപമാലയും
നിടിവക്കുറിയും കൈക്കൊണ്ടുടനേ വന്നു ഭിക്ഷുവും.3

വല്ലാതെ ശകുനത്തെറ്റിതെല്ലാം കണ്ടു കുമാരകൻ
മുല്ലബാണാരിയെ ധ്യാനിച്ചുള്ളിലുഹിച്ചിതീദൃശം4

അനർഥം നാട്ടിലേതാണ്ട് ജനിച്ചെന്നതു നിശ്ചയം
കണ്ടൊരിദ്ദുർനിമിത്തങ്ങൾ പണ്ടുകാണാത്തതാണു ഞാൻ5

തലനാൾ നിശി ദുസ്സ്വപ്നം പലതും ബത! കണ്ടു ഞാൻ
ബലമേറുവമറ്റെടെ ഫലമോ നേരിടുന്നത്?6

അങ്ങു ചെല്ലാൻ പുതുമയായ് മങ്ഗലാത്മാ മഹാമുനി
ഇങ്ങു കല്പ്പിച്ചയച്ചയച്ചതെന്നതങ്ങാപത്തി7

എന്തായാലുമിതിന്നേറെച്ചിന്ത ചെയ്തിട്ടു കിംഫലം?
അന്തകാന്തകനാമീശൻ താൻ തൃപ്പാദാബ്ജമേ ഗതി.8

ഏവമുള്ളിലുറച്ചും കൊണ്ടവർ നാട്ടിൽ കടക്കവേ
ഭാവുകത്തിന്റെ ഭങ്ഗത്താൽ വേവുമ്പോൽ കണ്ടിതപ്പൂരം.9

മിണ്ടാട്ടം ജീവികൾക്കില്ല കൊണ്ടാടുന്നില്ലൊരൂൽഭിജം
ഉണ്ടാമാർക്കും ഭയം നാട് കണ്ടാലദ്ദുർദ്ദിനാന്തരേ.10

ഉറങ്ങിപ്പോയ ദിക്കെട്ടും മറഞ്ഞോരർക്കബിംബവും
നിറഞ്ഞുള്ളൊരു കൂരാപ്പും പറഞ്ഞു കഥയൊക്കയും.11

ചരിത്രമേവം കണ്ടിട്ടുമുരിയാടാതൊരക്ഷരം
ചരുക്കിയാധിയൊട്ടന്തഃപുരം പു,ക്കവർ സത്വരം.12

ജ്യേഷ്ഠനും തമ്പിയും കൂടിക്കൊട്ടാരം പൂക്കുടൻ, പിതാ
ദൃഷ്ടിഗോചരാകാഞ്ഞു കൂട്ടാക്കാതെ മടങ്ങിനാർ.13

കൂട്ടിന്നൊരുത്തരില്ലാതെ വീട്ടിനുള്ളിൽ നിരുദ്യമം
മേവും കൈകേയിയെക്കണ്ടു സാധാനം വണങ്ങിനാർ.14

അച്ഛനെങ്ങോട്ടു പോയെന്നു പൃച്ഛിച്ചാരക്കുമാരകർ
സ്വച്ഛന്ദമിന്ദ്രലോകത്തെന്നാശ്വസിപ്പിച്ചിതമ്മയും.15

എന്തിനെന്നുള്ള ചോദ്യം കേട്ടന്ധാളിച്ചഥ കൈകയി
പുത്രശോകത്തിന്നോരുത്തരം തന്നെയോതിനാൾ16

നാലുപേരുണ്ടഹോ! ഞങ്ങൾ നാലിലാരെന്ന പൃഛയയിൽ
നീയാർക്കനുജനായാളെന്നായിരുന്നതിനുത്തരം.17

അദ്ദേഹമെവിടത്തെന്ന ചോദ്യം കേട്ടു വിറച്ചവൾ
നിനക്കു വേണ്ടിയവനെ വനേ വിട്ടെന്നു ചൊല്ലിനാൾ.18

അത്രയും കേട്ട മാത്രയ്ക്കു ഗാത്രമേറെത്തളർന്നുടൻ
തത്ര മൂർഛിച്ചു ബാലന്മാർ ധാത്രിയിങ്കൽ പതിച്ചതേ.19

തലയ്ക്കു വെളിവുണ്ടായി പിൻപലച്ചു മുറയിട്ടവർ;
നിവയ്ക്കു നിർത്തിയവരെ വിലക്കീ ജനയിത്രിയും.20

സാകേതരാജ്യമെപ്പേരുമാകുലം വിട്ടു നീയിനി
വാണുകൊൾക നമുക്കെല്ലാമോണമെന്നവളോതിനാൽ.21

ജനയത്രിയുടെ വാക്യം തനയൻ കേട്ടു രുഷ്ടനായ്
വിനയം പണയം വച്ചേച്ചനുയോഗിച്ചതെങ്ങനെ.22

അയ്യോ! വലിച്ചു വച്ചായോ? വയ്യാവേലി തലയ്ക്കു നീ
ഈയുള്ളോനെങ്ങമേ ചെല്ലാൻ വയ്യാതായീ മഹാശഠേ!23

എന്തുമാതിരിയോ? നിന്റെ ചിന്തയും ചേഷ്ടിതങ്ങളും
പന്തിയല്ലാളിമാർക്കുള്ള പന്തിയിൽ താഴ്ചവന്നു തേ.24

കൂട്ടിമുട്ടിച്ചു വെറുതെ കാട്ടിലോടിച്ചുചേട്ടനെ
കെട്ടിയോൻ തന്നെയും കൊന്നു മട്ടിതാർക്കു രസിച്ചിടും?25

തള്ളയല്ല നമുക്കിത്ര ഭള്ളു മൂത്തൊരു ദുർഭഗേ!
തള്ളൽമൂലമകീർത്തിക്കു തള്ളയാണിന്നു തൊട്ടുനീ.26

സന്താപം നൾകി നാട്ടാർക്കിസ്സന്താനം ചുട്ടെരിക്കുവാൻ
ഹന്ത! കോപ്പിട്ടു നീ കുറ്റിപ്പന്തംപോലെയിരിക്കവേ.27

പുണ്യശിലകളാൽ നല്ലവണ്ണം സമ്പൂജനീയനാം
പാവകന്നാശ്രയാശത്വമേവനാലിഹ കല്പിതം?(യുഗ്നകം)28

ഉച്ചയ്ക്കുഴുതടിച്ചീടും കൊച്ചു കാളയെ നോക്കിയാൽ
കന്നിനെപ്പെരികെപ്പെറ്റ കാലിക്കും സങ്കടം വരും.29

ആര്യപുത്രനെയീവണ്ണം കാനനത്തിന്നയയ്ക്കയാൽ
ഏകപുത്രിണിയായുള്ള പേരമ്മയ്ക്കാധിയലപാമോ?30

ഇമ്മട്ടെല്ലാം കലമ്പിക്കൊണ്ടമ്മയോടക്കുമാരകൻ
വിമ്മിഷ്ടപ്പെട്ടു ശത്രുഘ്‌നൻ തൻമുഖം പാർത്തു ചൊല്ലിനാൻ.31

നരേന്ദ്രൻ കാലയോഗത്താൽ മന്ത്രശൂന്യനതാകവേ
വരജിഹ്വാദ്വയംകൊണ്ട പ്രാണനെസ്സംഹരിച്ചവൾ32

ചുടുകാട്ടിങ്കലെങ്ങാനും കൊടുംപുറ്റുള്ളെടത്തിനി
ഇവൾ വാഴേണ്ടതാണിപ്പോളിവിടന്നു തുരത്തുയാൽ‌.33
സ്വാചാരയോഗ്യമാം രക്ഷോവംശം പലതിരിക്കവേ
നീചയാമിവളെന്തിന്നക്കേകയത്തിൽ പിറന്നതും.34

മാതാ മര്യാദ വിട്ടെന്നു കണ്ടു ധർമജ്ഞനാമവൻ
പ്രിയസോദരനോടും ചേർന്നവിടം വിട്ടു മാറിനാൻ.35
പിന്നെക്കൗസല്യയെക്കണ്ടു വന്ദിച്ചു സചിവാന്ന്വിതൻ
ഉടങ്കട്ടയിലേറായ്‌വാനുടമ്പിടിയെ വാങ്ങിനാൻ.36

പുരോഹിതന്റെ വിധി പോൽ നരപാലനു സാദരം
അവസാനക്രിയാശേഷമവർ ചെയ്താരനന്തരം.37

കൈകേയിയോടുകൂടാതെ മറ്റു മാതൃജനത്തൊടും
പാരലൗകികർമ്മങ്ങളനുഷ്ടിച്ചാർ സമസ്തവും.38

പിതാപിതൃവനം പുക്കശേഷമബ്‌ഭരതാദികൾ
ഈരേഴുദിവസം ശാസ്തേരവിധിപോലെ നയിച്ചുതേ.39

മുടിചൂടി മഹീചക്രം മുടിയാതെ ഭരിക്കുവാൻ
യാചിക്കപ്പെട്ടു ഭരതനാചാര്യാദികളരുമേ.40

മതിനിങ്ങടെ നിർബന്ധഗതിയെന്നു ചെറുത്തുടൻ
രാമനെത്തുടരാൻ ഭാവിച്ചുരച്ചാനവനിങ്ങനേ.41

സൗമിത്രി പോയതിൻവണ്ണം രാമശുശ്രൂഷ ചെയ്യുവാൻ
എനിക്കർഹതയില്ലായ്കിലിരിക്കാമവനീശനായ്.42
പരന്ന വനമധ്യം പുക്കിരുനന്നൊരുടജത്തിൽതാൻ
തപോവൃത്തി തുടങ്ങായ്കിൽ പൗരപ്രാർത്ഥന കേൾക്കുവാൻ.43

എല്ലാവരോടുമീവണ്ണം ചൊല്ലിയേറ്റം വിനീതനായ്
ധാമം വിട്ടു പുറപ്പെട്ടാൻ രാമസേവയ്ക്കനാകുലം. 44

കുടിലത്വം പെരുത്തുള്ള മന്ഥരാമാരി സത്വരം
രാജഗേഹത്തിൽ നി,ന്നപ്പോൾ പുറപ്പെട്ടിതു സംഭ്രമാൽ.45

സാധുദൃഷ്ടിയ്ക്കു സന്തോഷഭഞ്ജനം ചെയ്തനർഗ്ഗളം
പ്രകടിപ്പിച്ചു സൻമാർഗേ പാംസുലത്വം പ്രചണ്ടതാൻ.46

വാർകൂന്തൽ ചുറ്റിപ്പിടിപെട്ടവളെ ലക്ഷണാനുജൻ
കൊല്ലാൻ ചെന്നപ്പൊഴരുതെന്വരുളീ കോസലാത്മജാ.47

മരാമത്തു പണിക്കാരാൽ കല്ലും കാടും മരങ്ങളും
ഒഴിക്കപ്പെട്ട വഴിയേ പട്ടാളമണിയിട്ടുതേ.48

ബന്ധുക്കൾ മന്ത്രിവീരന്മാരന്തഃപുരജനങ്ങളും
പ്രമോദിച്ചു പുറപ്പെട്ടാർ സുമന്ത്രൻ വഴികാട്ടിനാൻ49

വസിഷ്ഠാദി വയോവൃദ്ധന്മാരോടും സോദരാന്ന്വിതൻ
പയ്യെത്തിരിച്ചു ഭരതൻ തിരവാൻ രാമദേവനേ50

ചതുരങ്ഗപ്പടകളാലിളക്കപ്പെട്ട ധൂളിയാൽ
ആകാശഗങ്ഗയെപ്പോലും കുഴമ്പാക്കീടിനാരവർ.51

സന്നദ്ധനായ് കാത്തുനിൽക്കും ഗുഹനെക്കണ്ടു സത്വരം
ആതിഥ്യമെല്ലാം കൈക്കൊണ്ടങ്ങാദിത്യ താണ്ടിനാൻ.52

ഭരത്വജാശ്രമം കണ്ടു പരിവാരമശേഷവും
ഭരതൻ ദൂരെ നിർത്തിച്ചെന്നാരാധിച്ചു മുനീന്ദ്രനേ.53

അവലോകിച്ചു വെവ്വേറെയവരെത്താപസോത്തമൻ
വിവിധാചാരഭേദത്താൽ സൽക്കരിച്ചു യഥാക്രമം.54

അത്തപോവനമന്നേരം തധ്യാനവിഭവത്തിനാൽ
സ്വർഗ്ഗാതിശായിയായ്‌വന്നു യോഗ്യന്മാർക്കെന്തസാധ്യമാം?55

സ്വർഗ്ഗത്തെഴുന്ന ധന്യർക്കുമുൽക്കണ്‌ഠയുളവാം വിധം
ഭരതന്റെ പടയ്ക്കെല്ലാം വിരുന്നേകി മുനീശ്വരൻ.56

ദിനം നൂറുകഴിഞ്ഞോണമിരുന്നവിടെയദ്ദിനം
മുനിശ്രേഷ്ഠാജ്ഞയാൽ ചെന്നു ചിത്രകൂടാചലാന്തികേ.57

സൈന്യമെല്ലാമൊരേടത്ത് വിന്യസിച്ചു കുമാരകൻ
പിന്നെഗ്ഗുഹനൊടും കൂടിയന്ന്വേഷിച്ചാൻ വനാന്തരേ.58

അകലെസ്സഞ്ചരിപ്പോർക്കുമറിയത്തക്കതായ് തദാ

ഹോമധൂമസുഗന്ധത്തോടെത്തിനാൻ മന്ദമാരുതൻ.59

ഒന്നിനൊന്നു ഭയം കൂടാതന്യോന്ന്യം ചേർന്നലഞ്ഞിടും
നാനാജന്തുക്കളവിടെക്കാണായിതു സകൗതുകം.60

ഗൂഢമായ് സഞ്ചരിക്കുന്ന വനദൈവങ്ങൾ നിത്യവും
ആരാധിച്ചുള്ള പുഷ്പങ്ങളാരാൽ കണ്ടഥപുണ്യവാൻ!61

പുതുതായുടജം കെട്ടിത്തപം ചെയ്തു വസിച്ചിടും
വൈഖാനസകുടുംബങ്ങളവിടെക്കണ്ടു കൂട്ടമായ്.62

മരത്തൊലികളും നല്ല മാൻതോലും കവരങ്ങളിൽ
വച്ചു സൂക്ഷിച്ചു പോരുന്ന കൊച്ചുവൃക്ഷങ്ങൾ കണ്ടുതേ.63

വിരുന്നൂട്ടിനു വേണ്ടുന്ന കനിയും നല്ല കായ്കളും
നിത്യമാർജിച്ചു വച്ചുള്ള തപോവനമതത്ഭുതം.64

മഹാരാക്ഷസപൈശാചഗ്രഹോച്ചാടനമന്ത്രമാം
സൗമിത്രിതൻ ധനുർഘോഷം കൊണ്ടു സർവത്ര പൂരിതം.65

ഇപ്രകാരം വിളങ്ങുന്ന പുണ്യാശ്രമപദത്തിനെ
കണ്ടനേരം കുമാരന്മാർ മണ്ടിച്ചെന്നു സസംഭ്രമം.66

സാകേതനഗരാഭയ്ക്കു കുറവൊന്നരുളുന്നതാം
പർണശാലാന്തരേ ദാശരഥിയെക്കണ്ടു കൗതുകാൽ.67

പാപാത്മാക്കാൾക്കനാലക്ഷ്യൻ കാളാംബുദകളേബരൻ
ശാന്തിക്കു തറവാടായിശ്ശോഭിച്ചു നളിനേക്ഷണൻ.68

ആജാനുബാഹുയുഗനായ് രൂപലക്ഷമീനിവാസനാം
ജടാമകുടനത്യന്തം ലസിച്ചൂ വല്ക്കലാംബരൻ.69

ശിഷ്ടന്മാരുടെയുൾക്കാമ്പിലെന്നപോലരിമർദ്ദനൻ
നിരുപദ്രവനായ് തന്നെ വസിച്ചൂ വനഭൂവിലും.70

പിന്നെ രാമന്റെ ചാരത്ത് ചന്ദ്രലേഖയ്ക്കു തുല്യയായ്
ജനകാധ്വരഭൂദേശേ ജനിച്ചു പരിശുദ്ധയായ്.71

പാദമുദ്രകളെക്കൊണ്ട് പൂതമായ വനാന്തരം
സാകേതസമമാക്കീടും സീതയെക്കണ്ടിതേവരും.72

സുമിത്രാപുത്രഭാവത്താൽ പോലുമന്ന്യർക്കലഭ്യമാം
രാമാനുജപദം നേരിട്ടേതു ധന്യനു സിദ്ധമായ്?73

അരവിന്ദപ്രസൂനങ്ങളല്ലിൽ മൂടാതിരിക്കുകിൽ
ഏതവൻമിഴികൾക്കൊക്കും?കണ്ടദ്ദേഹത്തെയും മുദാ.74

ഉരത്ത വെയിലേറ്റിട്ടു പൊരിയും മരുഭൂമിയിൽ
ദൈവകല്പിതമാം നല്ല താമരപ്പൊയ്ക കാൺകവേ.75

ദാഹം മുഴുത്തുവലയും കൃഷ്ണസാരങ്ങളെന്ന പോൽ
രാമാദികളെ വീക്ഷിച്ചൂ സാമോദം ഭരതാദികൾ.76

അടുത്തു ചെന്നു വേഗേന പിടിച്ചപ്പാദപങ്കജം
തുടിച്ചു കേണു ജനകൻ നാടുനീങ്ങിയതോതിനാർ.77

സീതാസൗമാത്രിസഹിതൻ രാമനാധിവളർന്നുടൻ
ഭൂമൗ പതിച്ചു മോഹത്താൽ കേണു മാതൃജനങ്ങളും.78

ദുഃഖപാഥോധിയവരേ മുക്കുവാൻ മുതിരുംവിധൗ
അക്കുംഭസംഭവസ്ഥാനം കൈക്കൊണ്ടാനന്നു ദേശികൻ.79

ഉദകക്രിയയും പിന്നെ ചെയ്തുമേവുന്ന രാമനെ
രാജധാനിക്കെഴുന്നെള്ളാനർഥിച്ചു ഭരതൻ മുദാ.80

രണ്ടാളുംനമ്മൾ കൈക്കൊൾകവേണമച്ഛന്റെശാസനം
എന്നുരച്ചു നിഷേധിച്ചു രാഘവൻ ഭരതോക്തിയെ.81

ഗുരുത്വക്കേടു ചെയ്‌വാൻ നാമൊരുത്തൻ കച്ചകെട്ടിയാൽ
പെരുത്ത നന്മയുണ്ടാവാൻ വരുത്തം വരുമെന്നുമേ.82

കിരീടാശയെ വേർപെട്ട ഭരതൻ തന്റെ മസ്തകം

ഇരന്നുകൂപ്പി രാമന്റെ ചെരുപ്പേന്തീടുവാൻ തദാ.83

ജ്യേഷ്ഠാനുവാദവും പാദക്കുരടും വാങ്ങിയാദരാൽ
കൂട്ടുകാരോടുമുൾപ്പുക്കു നാട്ടിൽ കൈകേയിതൻ സുതൻ.84

വിഷയാസക്തി കൂടാതെ ജടാവൽക്കലധാരിയായ്
ജ്യേഷ്ഠന്റെ വരവും പാർത്തു പുരേ വാഴാതെക്കണ്ടവൻ.85
രാമനന്നാഗമിക്കാഞ്ഞാൽ ഹോമകുണ്ടപ്രവേശനം
നമുക്കു ഗതിയെന്നോർത്ത് നന്ദിഗ്രാമത്തിൽ മേവിനാൻ.86
(യുഗ്മകം)
പ്രേമം പിതാവിലേറുന്ന രാമാദികളനന്തരം
വംശവൃദ്ധോചിതാചാരം വഹിച്ചൂ യൗവനാന്തരേ.87

ഒരിക്കൽ പന്തലിച്ചോരു മരത്തിൻചോട്ടിൽ രാഘവൻ

വൈദേഹിതന്റെ മടിയിൽ തലവെച്ചൊന്നുറങ്ങിനാൻ.88

കാകാകൃതി ചമഞ്ഞന്ന് പാകശാസന നന്ദനൻ

നഖത്താൽ മുറിവേൽപ്പിച്ചു ദുഷ്ടൻ സീതാപദങ്ങളിൽ.89
ജയന്തനവനെന്നുള്ളിൽ സ്മയം വർധിക്കകാരണം
സ്വയംതടസ്സമെന്ന്യെ ദുർന്നയം ചെയ്തു വിഷ്‌ണ്ണനായ്.90

അപ്പോളുണർന്നു വൃത്താന്തമൊക്കെയും കണ്ടറിഞ്ഞുടൻ
രാമചന്ദ്രനിഷീകാസ്‌ത്രമയച്ചാനവനെ പ്രതി.91

ഉടമ്പെല്ലാം വെടിഞ്ഞാകിലുടങ്ങും പ്രാണനെന്നവൻ
കരുതിത്തന്റെ കണ്ണൊന്നു കളഞ്ഞായുസ്സുനേടിനാൻ.92

ആവാസത്തെയുപേക്ഷിച്ച രാഘവൻ മുതലായവർ
മാമുനിശ്രേഷ്ഠർ ചൊല്ലിക്കേട്ടാമയം രാക്ഷസാർപ്പിതം.93

ആവകസ്സങ്കടം തീർത്തിട്ടാവലാതി കുറയ്ക്കുവാൻ
ഭാവിച്ചു ഘോരകാന്താരം പ്രാപിച്ചാരഥ നിർഭയം.94

പോറ്റിയാം രാമനെക്കണ്ട് തീറ്റിക്കും തൃഷ്ണയെന്നിയേ
ചുറ്റും വനമൃഗം കണ്ണു തെറ്റാതീക്ഷിച്ചു നീൽക്കവേ.95

സൗശീല്യാദികളേറുന്ന വശിയാമത്രി തന്നുടെ
ആശ്രമം പുക്കു മുനിയെ പ്രശ്രയം പൂണ്ടു കൂപ്പിനാർ
(യുഗ്മകം) 96

അഗ്രേ കണ്ടഥ ദിവ്യമങ്ഗളശരീരത്തെത്തപോരാശികൾ-
ക്കഗ്രേഗണ്യനതായൊരത്രിയെതിരേറ്റർഘ്യങ്ങളേകീടിനാൻ
ചിത്താനന്ദമിയെന്നു തദ്ദയിതയും സീതയ്‌ക്കു സമ്മാനമായ്
പൃഥ്വീപാലവധൂജനോചിതപരിഷ്കാരങ്ങളേകീടിനാൾ.97
വാണാനന്നാശ്രമത്തിൽ പുനരഹിമകരൻ
  താനുദിക്കും ദശായാം
താണാശീർവാദമെല്ലാമൃഷിവരനൊടുപാ-
  ർജ്ജിച്ചു ലോകാഭീരാമൻ‌
ക്ഷോണീദേവിക്കു വല്ലാത്തൊരു ചുമടുളവാ-
  യ്‌വന്നതില്ലാതെയാക്കാൻ
ക്ഷോണീസന്താനസമ്പത്തൊടുമനുജനോടും
  ദണ്‌‌ഡകയ്ക്കായ് ഗമിച്ചാൻ.98


ഏഴാം സർഗം സമാപ്തം.