രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പതിനേഴാം സർഗം

വാതാത്മജൻ ചൊല്ലിയ വർത്തമാനം

ജാതാനുകമ്പം നിശമിച്ച നേരം

ഓതാവതല്ലാത്ത കുതൂഹലംകൊ-

ണ്ടേതാണ്ടൊരാശ്വാസമിയന്നു രാമൻ. 1


നക്തഞ്ചശ്രേഷ്ഠനെയോർത്തു പിന്നീ-

ടുൾക്കാമ്പിലുണ്ടായ വിരോധമോടും

തൃക്കൈയിൽ മേവുന്ന ശരാസനത്തിൽ

തൃക്കൺമുനക്കേളി നടത്തി മന്ദം. 2


നരാധിരാജന്റെമതം പ്ലവംഗോ-

ൽക്കരാധിപൻ തന്നെ മനസ്സിലാക്കി;

അരാതിവർഗത്തെ വധിക്കുവാൻ താൻ

കരാറു ചെയ്തുള്ളതുമുള്ളിലോർത്തു 3


സന്ദർഭവും വന്നിടപെട്ടിതെന്നോ-

ർത്തുന്നിദ്രമോദത്തോടു മർക്കടേന്ദ്രൻ

ചെന്നദൃശാസ്യന്റെകണക്കു തീർപ്പാൻ

സന്നദ്ധനായ് വൻപടശേഖരിച്ചവാൻ.4


ശ്രീരാമനെന്നുള്ളൊരു നീലമേഘം

പാരം ചൊരിഞ്ഞിട്ടു കടാക്ഷവർഷം

സാരസ്യമാർവാഹിനികൾക്കു നൽകീ

പൂരിച്ചു പാരിങ്കലതക്ഷണത്തിൽ.5


മടക്കമില്ലാത്തൊരു ശക്തിയൊട്ടൊ-

ട്ടടുക്കുവാൻ വാഹിനിയാഗ്രഹത്താൽ

തുടങ്ങി പോൽ ദക്ഷിണനായകൻ ത-

ന്നടുക്കലേക്കുള്ളൊരു യാത്ര മെല്ലേ.6


രാത്രിഞ്ചരക്കൂരിരുൾ നീക്കുവാന-

മ്മിത്രാഭ കോലുന്നൊരു രാമചന്ദ്രൻ

തെറ്റാതെ യാത്രയ്ക്കു മുഹൂർത്തമോർത്ത-

ക്കാറ്റിൻമകൻ തന്റെ കഴുത്തിലേറി.7


ആമോദമാർന്നക്കുമുദാശയം പിൻ-

പാമാത്രകൊണ്ടൃക്ഷഗണം തെളിഞ്ഞൂ

വിപക്ഷചക്രം വിക്ഷമിച്ചിരുന്നൂ

വിഭാവരിക്കൂർജിതവും വളർന്നൂ.8


കരേറിനാൻ ബാലിസുതന്റെ തോള-

ത്തരാതികൾക്കന്തകനാം കുമാരൻ

ശരാസനം പൂണ്ടരിസഞ്ചയത്തെ-

പ്പരാസനം ചെയ്യുവതിനാത്തരോഷൻ9


അനന്തരം വാനവർ കോനുമപ്പോ-

ലനന്തനും സന്ത്യകൾ പാർത്തുചൊന്നാൽ

ശരിപ്പെടാൻ ദുർഘടമുള്ള മട്ടിൽ

പരന്നുപോയ് വാനരവീരസൈന്യം.10


സപ്താശ്വവംശത്തിലുദിച്ച ഭൂപ-

ർക്കുത്തം സമാം ദാശരഥിക്കു പാർത്താൽ

പുത്തൻമണിത്തേർ തുരഗങ്ങളെന്നീ-

വസ്തുക്കളില്ലായ്കിലുമെന്തു ദോഷം?11


പെരുമ്പടക്കോളുകൾ കണ്ടു കാട്ടിൽ

കരിമ്പുലിക്കൂട്ടമൊളിച്ചു മണ്ടീ;

കരുത്തെഴും കേസരിവീരരെല്ലാം

പരം പ്രലാപിച്ചഴറിത്തുടങ്ങീ.12


ചാഞ്ചാടിയും തങ്ങളിൽ മൽപിടിച്ചും

വാ‍‍ഞ്ഛാനുകൂലം ഫലമാഹരിച്ചും

അ‍ഞ്ചാതെ പോം വാനരപാളി, കാട്ടിൽ

പൂ‍‍‍‍ഞ്ചോലയെല്ലാം പൊടിയാൽ കുറുക്കീ.13


കാന്താരശൈലങ്ങൾ കടന്നു പിന്നെ-

ച്ചെന്താമരാക്ഷൻ കപിസേനയോടും

സഹ്യാദ്രിയിൽക്കൂടെയണഞ്ഞു പയ്യേ

വിഖ്യാതമാം ചന്ദനപർവതത്തിൽ.14

ശ്രീമെത്തുമച്ചന്ദനവാടിയിങ്കേ-

ന്നാമോദമേകുന്നോരു മന്ദവാതം

രാമന്റെ പൂമേനി തലോ‍‍ടിയപ്പോൾ

സൗമിത്രിയെപ്പാർത്തു ചെയ്തു ദേവൻ 15


മലയ്ക്കിടത്താഴ്വരയിങ്കലോലു-

ന്നൊലിപ്പിനെക്കാൺക സഹോദരാ!

അതിന്റെ നീർത്തുള്ളികളേറ്റു പാരം

മുതിർന്നു നിൽക്കുന്നിഹ ചന്ദനങ്ങൾ. 16


അച്ചന്ദത്തിൽ ചില കൂടുകെട്ടി-

സ്വാച്ഛന്ദ്യമോടിങ്ങമരും പികങ്ങൾ

ഉച്ചസ്വരം നീട്ടി മുഴക്കിനിയിപ്പോൾ

മെച്ചം നമുക്കാർത്തി വളർത്തിടുന്നു. 17


ഏഴാമെടത്തോടു പിരിഞ്ഞിവണ്ണം

കേഴുന്ന ഭൂലോകനിലിമ്പനാഥൻ

നേരേ മഹോന്ദ്രാദിയിലേറിയപ്പോൾ

വാരാശി തന്മുന്നിലടുത്തു കണ്ടാൻ. 18


സ്വർല്ലോകനേതാവിഹ ചേർത്ത പങ്ക-

മെല്ലാമടിച്ചങ്ങു പറത്തിടുംപോൽ

കല്ലോലജാലങ്ങളുരുണ്ടു പൊങ്ങി-

ത്തല്ലിത്തകർക്കുന്നിതു ഫേനകൂടം. 19


കടൽപ്പുറത്തുള്ള മണൽത്തിടുമ്പ-

ങ്ങിടിഞ്ഞു വെള്ളത്തിലിറങ്ങിടുമ്പോൾ

അടിച്ചുകേറ്റിട്ടൊരിടത്തതെല്ലാം

തടുത്തു കൂട്ടിക്കരയാക്കിടൂന്നൂ. 20


ഭങ്ഗങ്ങൾ തല്ലിത്തകരുന്ന നേരം

പൊങ്ങുന്ന വെള്ളച്ചഴുയിൽക്കിടന്ന്

മുങ്ങിക്കളിക്കും ജലജന്തൂജാതം

തങ്ങുന്ന കാണാം കരയിൽ ചിലപ്പോൾ. 21


തെല്ലും ജലംകൊണ്ടുപകാരമാർക്കു-

മില്ലെങ്കിലും വാരിധി വല്യഭാവം

ചില്വാനമല്ലെന്നു നടിച്ചിടുന്നൂ

വല്ലോരുമങ്ങോട്ടണയാതിരിപ്പാൻ. 22


ധനേശനെപ്പോലെ തനിക്കുമേറെ-

ദ്ധനങ്ങളുണ്ടെന്നു സമുദ്രരാജൻ

നിനച്ചഹങ്കാരമിയന്ന മൂലം

ചിനത്തു ഗർജ്ജിപ്പതുപോലെ തോന്നും. 23


വേലാതടത്തിങ്കലെഴും മഹേന്ദ്ര-

ശൈലത്തിലുള്ളോരു തമാലവർണ്ണം

മധ്യേസമുദ്രം നിഴലിച്ചപോല-

ങ്ങത്യന്തനീലച്ഛവിയാർന്നു കണ്ടൂ. 24


കയത്തിലാളുന്നൊരു കർദ്ദമത്തിൽ

കറുപ്പശേഷം കമലത്തിലൂടെ

പുറത്തു നന്നായ് പ്രസരിച്ചിടും പോൽ

പരന്നു കാണാമസിതാഭൂവർണം. 25


അതോ? മഹാവിഷ്ണുവിതിന്റെ മധ്യേ

സദാ ഭുജംഗേശ്വരശയ്യയിങ്കൽ,

ശയിക്കയാലതിരുമേനിമേൽ നി-

ന്നുയർന്നു വീശുന്ന കറുപ്പുതാനോ? 26


തമോഗുണക്കാറരെ മിക്കവാറും

ധരിപ്പതമ്മാതിരി കണ്ടു വേണം

സരിൽപ്പതിയ്ക്കുള്ള തമോഗുണത്തെ-

ദ്ധരിക്കുവാൻ നീലിമ തന്നെ പോരും. 27


ഗംഭീരസത്വങ്ങൾ നിറഞ്ഞിരിക്കു-

മംഭോധിയെക്കണ്ഥ രാമചന്ദ്രൻ

അംഭോജപത്രാക്ഷിയെ നെഞ്ചിലുന്നി-

സ്സംഭ്രാന്തനായ് നിന്നു കുറച്ചുനേരം. 28


വ്യഗ്രത്വമെന്ന്യേ നിജസേനയോടും

സുഗ്രീവനും പാളയമെന്നടിച്ചൂ

ഘോരം മഹാവാരിധിയെക്കടപ്പാ-

നേരോന്നവൻ കൗശലമോർത്തിരുന്നൂ. 29


ചക്കപ്പഴം പിന്നെ വരിക്കമാവിൻ

പക്വങ്ങളും നല്ല പനമ്പഴങ്ങൾ

ഇക്കണ്ട വസ്തുക്കൾ സമുദ്രതീര-

ത്തൊക്കെബ്ഭുജിച്ചക്കപിവീരർ വാണൂ. 30


ശ്രീരാമചന്ദ്ര൯ കപിസേനയോടും

വാരാശിതന്നുത്തരതീരദേശേ

പോരാടുവാ൯ വന്നൊരു വർത്തമാന-

മാ രാവണ൯ ചാരമുഖാൽ ഗ്രഹിച്ചാൽ 31


കാമപിശാചിന്റെയുപദ്രവത്താ-

ലാ മാൻമിഴിത്തയ്യലെ വിട്ടയപ്പാൻ

സാമർഥ്യമില്ലാ‍‍‍‍‍‍ഞ്ഞിനി വേണ്ടതെന്തെ-

ന്നാ മൂഢനാലോചനയുള്ളിലാർന്നു. 32


ദുർമാർഗി വങ്കപ്രഭുവാം ദശാസ്യൻ

ദുർമന്ത്രിവർഗത്തെ വിളിച്ചു കൂട്ടി

തന്മന്ത്രശാലയ്ക്കെഴുന്നെള്ളിയോരോ

മർമം നിരൂപിച്ചു നൃശംസകൃത്യ. 33


അപ്പോൾ സമിപത്തതിഭക്തി ഭാവി-

ച്ചൊപ്പിക്കുവാൻ തങ്ങടെ മുക്കു പൊത്തി

നിൽക്കും പ്രഹസ്താദി നിയോജ്യരോരോ

ഡീക്കോതിനാർ ദുർഗ്ഗുണദോഷബുദ്ധ്യാ. 34


സ്വകൽപ്പനയ്ക്കൊത്തു പറ‍ഞ്ഞൊടുക്ക-

ത്തകപ്പെടുത്തുന്നൊരു മന്ത്രമാരേ

അകറ്റിയൻപോടു വിഭീഷണൻ താൻ

പകച്ചു ചൊന്നണ്ണനൊടിപ്രകാരം. 35


സേവയ്ക്കു വേണ്ടിച്ചില ഭേഷജക്കാർ

ഭാവൽക്കപാർശ്വത്തിലടുത്തുകൂടി

ഭാവിച്ചു നന്നെന്നിവർ കണ്ടമാനം

പേവാക്കു ജൽപ്പിച്ചതു സത്യമാമോ? 36


കഷ്ടം! കുലദ്രോഹികളീ വകക്കാ-

രൊട്ടുക്കകന്നേ സുഖമാകയുള്ളൂ

ഭവാനു ദുഷ്പ്പേരു വരുത്തവാനി-

ദ്ദുരാശയന്മാർക്കൊരു കൂസലില്ലാ. 37


ഇന്നിന്നതങ്ങേക്കിഹാ നന്മെയെന്നു-

മിന്നിന്നതെല്ലാം ബഹു തിന്മയെന്നും

തോന്നാത്ത ദുർബുദ്ധിയോരേഭ്യനന്ത്രേ

നന്നല്ലവൻ സേവകനായിരുന്നാൽ. 38


തനിക്കു താൻ പോന്ന ഗുണങ്ങളുള്ളിൽ

ജനിക്കുവോൻ വേണമമാത്യനാവാൻ

മനസ്വിയാമപ്പുരുഷൻ ഭവാനും

ഝനത്തിനും നന്മ വരുത്തിവയ്ക്കും 39


പ്രിയം വചിക്കില്ല മഹാജനൗഘം

പ്രിയംവദന്മാർ സുജനങ്ങളല്ലാ

ഹിതോക്തിയിഷ്ടം വരുമാറുരയ്പോർ‍

ചുരുക്കമത്രേ ഭുവനത്രയത്തിൽ 40


'വിവേക'മെന്നിങ്ങനെ മൂന്നെഴുത്തും

നീതിക്കു ബീജാക്ഷരമെന്നു കേൾപ്പൂ

അതഭ്യസിക്കാതെ പഠിച്ച മന്ത്രം

ഫലിക്കയില്ലെന്നു ധരിക്കവേണം. 41


സന്മാർഗിയെന്നുളെളാരു നാട്യമോടും

ചുമ്മാതെ തിണ്ടാടി നടക്കുവോരേ

നിന്മന്ത്രിമാരാക്കിയമൂലമിപ്പോ-

ളിമ്മാതിരിക്ലേശമണ‍‍‍ഞ്ഞു നാട്ടിൽ. 42


കേട്ടാണിവർക്കുളളുപദേശവാക്യം

കാട്ടാളവൃത്തിക്കു തുനിഞ്ഞതും നീ

നാട്ടാർക്കു നീയിന്നൊരു ധൂമകേതു-

പ്പട്ടം ധരിച്ചാകിലനർഥമത്രേ. 43


കുറഞ്ഞുപോയീശ്വരഭക്തിയിപ്പോൾ

മറഞ്ഞഹോ നാട്ടിലശേ‍ഷധർമം

അറിഞ്ഞുപോൽ വൈരികളിച്ചരിത്രം

നിറഞ്ഞിതാ ദുശ്ശകുനങ്ങളെങ്ങും. 44


ഒന്നല്ല രണ്ടല്ല ഭവാൻ നിമിത്തം

വന്നിങ്ങകപ്പെട്ടൊരു ദൈവദോഷം

ഒന്നോടതിൻ കൂലി നിനക്കു നൾകാൻ

തന്നാണു രാമാദികൾ വന്നതിപ്പോൾ. 45


തരം പിഴച്ചാലതു കണ്ടു മിണ്ടാ-

തിരിക്കുവാനിങ്ങൊരു ധൈര്യമില്ലാ

ഗുരുത്വമോർത്തൊന്നുര ചെയ്യുവാനും

വരുത്തമുണ്ടെങ്കിലുമൽപ്പമോതാം. 46


കന്നത്തമേറുന്ന കുരങ്ങുമൂലം

വന്നിടുമീ നിന്നുടെ വംശനാശം

എന്നീവിധം പൂർവജനോടു മുന്നം

നന്ദീശ്വരൻ ചൊന്നതു വിട്ടുപോയോ? 47


മനുഷ്യരല്ലാതൊരുനാളുമങ്ങേ-

യൊരുത്തരും കൊല്ലുകയില്ലയെന്ന്

മനഃപ്രസാദത്തൊടു നാന്മുഖൻ പ-

ണ്ടുരച്ച വാക്കിന്നു മറന്നു പോയോ? 48


ആപത്തുമൂലം നളകൂബരൻ തൻ-

ശാപത്തെയും പിന്നെ മറുന്നുവോ നീ?

കോപിക്കൊലാ ഞാനൊരു വാക്കു ചൊല്ലാം

നീ പത്മജൻ തന്റെ കുലാഢ്യനല്ലോ. 49


വിശുദ്ധിയേറും നിജവംശമിപ്പോ-

ളശുദ്ധമായെന്നു വിരിഞ്ചി കേട്ടാൽ

വശം കെടും പൊത്തുവതിന്നു കർണ-

മശേ‍ഷവും തന്നുടെ കൈകളാലെ. 50


ഭവാന്റെ ശല്യം സഹിയായ്കകൊണ്ട-

ത്തപോധനന്മാരൊരുമിച്ചു കൂടി

കുടത്തിൽ വാർത്തുളള വിയർപ്പു മണ്ണിൽ-

കുഴിച്ചുവച്ചിട്ടു പറഞ്ഞുപോലും. 51

ഇതാണു പൗലസ്ത്യകുലം നശിപ്പാൻ

പ്രധാനമായുള്ളൊരു യോഗബീജം"

അതിൽ കലർന്നുള്ളൊരു വിഷ്ണുമായ-

ചൈതന്ന്യമിജ്ജാനകിയെന്നു കേൾപ്പൂ. 52


കത്തുന്ന തീ കണ്ടതിലാശയൂന്നി-

ചിത്തഭ്രമത്താൽ ശലഭങ്ങളെല്ലാം

എത്തുന്നപോൽ സീതയിലാശയൂന്നി-

ചത്തീടുവാൻ ജ്യേഷ്ഠനൊരുങ്ങിടൊല്ലാ. 53

ഇന്ദ്രാണി മുൻപായ നിലിമ്പനാരി-

വൃന്ദം സദാ വന്നടി കൂപ്പി നിൽക്കും

മന്ദോദരിക്കുള്ളൊരു ഭർത്തൃഭാഗ്യ-

മിന്നെന്തിനായിട്ടു കളഞ്ഞിടുന്നൂ. 54


തന്നോടിണങ്ങാത്തവളോടുകൂടി-

ച്ചേർന്നുല്ലസിപ്പാനൊ സൗഖ്യമില്ലാ

തന്നിൽ പരം പ്രേമരസം പൊഴിക്കും

തന്ന്വംഗി സംപൂർണസുഖത്തെ നൾകും 55


ഇരിമ്പുമക്കാന്തവുമെന്നവണ്ണം

പരസ്പരാകർഷണശക്തിയോടും

ഇരിക്കുമസ്ത്രീപുരുഷന്മാർക്കു മാത്രം

വിരക്തിയില്ലാത്ത സുഖം ഭവിക്കും 56


മാരാസ്ത്രമേറ്റുള്ള വികാരമോരോ-

ന്നോരോ മുഖത്തിങ്കൽ വഹിക്കിലും നീ

അന്തത്തിലുണ്ടാകുമവസ്ഥ മാത്ര-

മേന്തിടൊല മുഖ്യമുഖത്തിലണ്ണൻ 57


ക്ഷമാവരൻ രാമനു മുഖ്യമാകും

ക്ഷമാഗുണം സർവ്വജഗൽപ്രസിദ്ധം

അമന്ന്യുവായ് സീതയെ വീണ്ടുമേകി

സ്സമാശ്രയിക്കിൽ കുലരക്ഷയുണ്ടാം 58


അല്ലെങ്കിലീ രാക്ഷസവംശവും കൂ-

ടില്ലാതെയാം രാമശരം വരുമ്പോൾ

പുല്ലോളവും നിന്റെ പരാക്രമത്തെ-

ബ്ഭല്ലൂകവൃന്ദം വകവയ്കയില്ലാ 59


ആരാകിലും ഞായമുരച്ചിടുമ്പോ-

ളരികരിക്കേണ്ടതു യോഗ്യധർമം

നേരമറിച്ചാകിലാ യോഗ്യനെന്ന

പേരിന്നു നീ ഭാജനമായ് ഭവിക്കും 60


ശുഭാശുഭം പാർത്തുരചെയ്യവേ ദു-

സ്സ്വാഭാവിയാം രാവണനേറെ രോഷാൽ

സഹോദരൻ തന്റെ മുഖത്തു നോക്കി

ശ്ശകാരമായിട്ടു പറഞ്ഞിവണ്ണം. 61


എനിക്കു ബോധിച്ചതുപോൽ നടത്തും

നിനക്കതിന്മേലൊരു ചേതമെന്ത് ?

മനീഷിയെന്നുള്ളൊരു ഭാവമൊന്നും

മനസ്സിലീ രാവണനിഷ്ടമില്ലാ 62


ഭീരുത്തമോടെന്നുടെ മുന്നിൽ നിന്നി-

സ്സാരോപദേശങ്ങളിനിപ്പറഞ്ഞാൽ

തീരും നിനക്കുള്ളൊരു ഭള്ളശേഷം

ചാരത്തു നിന്നാശു ഗമിക്ക ദൂരെ 63


വിരോധിയെത്താങ്ങിയുരച്ചിടും നീ-

യരാതിവർഗ്ഗത്തിനു മുൻപനല്ലോ

മരിക്കുവാൻ സംഗതി വേണ്ടയെങ്കിൽ

തെരിക്കനെ ചെല്ലുക രാമപാർശ്വേ 64


ആക്ഷേപവാക്യേവമുരച്ചെടുക്കും

രക്ഷോവരൻ തന്നുടെ മട്ടുകണ്ട്

രക്ഷയ്കു താൻ നാലു നിയോജ്യരോടും

പക്ഷീന്ദ്രനപ്പോലവനും ഗമിച്ചാൽ 65


ദുരാശയേറുന്നൊരു നീ നിമിത്തം

വരാനിരിക്കുന്നൊരു വംശനാശം

ഉരച്ചു ഞാനായതശേഷവും ധി-

ക്കരിച്ചതീ നിന്നുടെ കുറ്റമല്ല 66


നീരിങ്കലെച്ചേറുകൾ വേർതിരിപ്പാൻ

പോരുന്ന തേറ്റാമ്പരലിന്റെ ചൂർണം

പാരം കൊഴുത്തങ്ങു കനത്ത കട്ടി-

ച്ചോറൊക്കെ നീക്കാൻ മതിയാകയില്ല 67


ഈവണ്ണമോതിക്കടലും കടന്ന്

സേവിച്ചു നിൽക്കുന്നവരോടു കൂടെ

കാർവർണർക്കാത്മജസേനയോടും

മേവുന്നടത്തേക്കവനാഗമിച്ചാൻ. 68


വാനത്തിലൂടായവനേകദേശം

നേരിട്ട നേരത്തു കഴുത്തുയർത്തി

ദൂരത്തു നോക്കും കപിവീരരെപ്പോ-

ർത്താരൂഡമോദത്തൊടുരച്ചിവണ്ണം 69


ദുർബുദ്ധിയാം രാവമനഗ്രജന്മാ-

ഭത്സിക്കയാലേറെ മുഷിഞ്ഞു തമ്മിൽ

ഉറ്റോരെയെല്ലാം ബതാ കൈവെടിഞ്ഞേ

ച്ചുൽക്കണ്ടയാൽ വന്ന വിഭീഷണൻ ഞാൻ 70


ബദ്ധാദരം കാലിണ കൈതൊഴുന്നോ-

ർക്കദ്ധാ വിപത്തൊക്കെയൊഴിപ്പതിങ്കൽ

സിദ്ധാന്തിയാം രാമനെയാശ്രയിപ്പാ-

നത്യാഗ്രഹത്തോടിവിടേയ്കക്കു വന്നേൻ 71


ഉൾപ്പേടിയാൽ ദീനദയാലുവാമി-

ച്ചിൽപുരുഷൻ തന്നെ വണങ്ങുവാനായ്

ഉൾപ്പൂവിലിച്ഛിക്കുമെനിക്കു വേണ്ടീ-

ട്ടെപ്പേരുമൊന്നങ്ങറിയിക്കവേണം 72


നാലാനനൻ തന്ന വരം ഫലിച്ചി-

ക്കാലത്തതെൻ ഭാഗ്യവിശേഷമല്ലോ

മേലാലുമീവണ്ണമിരിപ്പതിന്നി-

ങ്ങാലംബനം രാഘവപാദപത്മം 73


നക്തഞ്ചരന്മാരുടെ വംശലക്ഷമി-

ക്കൾക്കാമ്പിലന്നേറെ വിവേകമാർന്ന‍്

പ്രത്യേകമായ് ചൊല്ലിയയച്ച പോലാ-

വർത്തിച്ചുരയ്കുന്നവനെക്കുറിച്ച്. 74


സുഗ്രീവനുൾക്കാമ്പിലവിശ്വസിച്ച്

വ്യഗ്രിച്ചിരിക്കുന്നൊരു വേളയിങ്കൽ

വാതാത്മജൻ രാമനൊടും വിശേഷാ-

ലോതീടിനാൻ വാസ്തവമേവരോടും (യുഗ്മകം) 75


എന്നിട്ടുമർക്കാത്മജനുള്ളിലേതോ

സ്നേഹമുണ്ടെന്നതു കണ്ടറിഞ്ഞു

മന്ദസ്മിതം ചെയ്ത മഹാനുഭാവൻ

ചൊന്നാൻ രഘുശ്രേഷ്ഠനുദാരശീലൻ. 76



വിരോധിയോ വൈരികുലത്തിലുള്ളോ-

നൊരുത്തനോ മറ്റൊരു മര്യത്തനോ താൻ

ദരത്തോടെന്നെ ശ്ശരണം ഗമിച്ചാൽ

തിരിച്ചു പേക്ഷിപ്പവനല്ലെടോ ഞാൻ. 77


ഭൂവിൽ ദയാശൂന്യനതാം നരേന്ദ്രൻ

ജീവിച്ചിരുന്നാൽ കഥയില്ല തെല്ലും

പാവം ദശാസ്യന്റെ കനിഷ്ഠനോർത്ത-

ലാവശ്യമുണ്ടിന്നഭയം കൊടുപ്പാൻ. 78


അരക്കർ വംശത്തിലുദിപ്പതെല്ലാ-

മരക്കാരായി തന്നെ ഭവിക്കയില്ലാ

ധരിക്കെടോ ദുഷ്ടരിലും ചിലപ്പോ-

ളൊരുത്തനുണ്ടായിവരും വിശിഷ്ടൻ. 79


ചേറും കരിംകൂവളമാമ്പലും തേൻ

പേരും സരോജം പല മീനീതെല്ലാം

നീരിങ്കലുണ്ടായവയെങ്കിലും വെ-

വ്വേറാണിതിൻ വാസനയോർത്തു കണ്ടാൽ. 80


മനോജ്ഞനായുള്ളൊരു രാഘവൻ തൻ

മനോഹിതംപോലെ മരുത്തനൂജൻ

മനസ്വിയാം രാക്ഷസരാജനെച്ചെ-

ന്നനൽപ്പമോദത്തൊടു കൊണ്ടുപോന്നാൻ. 81


മേധാവിയായുള്ള വിഭീഷണൻ താൻ

ബാധാവിനാശത്തിനു ഭക്തിപൂർവ്വം

ബോധാമ്തകൻതന്റെ കഴൽക്കു കൂപ്പി-

സ്സാധാരണപ്രേക്ഷിത പൂണ്ടുനിന്നാൻ 82


കനിഞ്ഞു കൽപ്പിച്ചവനോടു രാമൻ

നിനക്കു ലങ്കാപുരരാജ്യഭാരം

തരുന്നു ഞാൻഇന്നിനി മേലിലെന്നും

വരില്ല നൂനം ദുരദ്രഷ്ടമൊന്നും 83


നിന്നെക്കണക്കഗ്രജനോടു നേരേ-

ഭിന്നിച്ചു ദുഃഖിച്ചു വനാന്തരത്തിൽ

വല‍ഞ്ഞ ചങ്ങാതിയെ നോക്കെടോ നീ

വലീമുഖർക്കൊക്കെയിവൻ മഹേന്ദ്രൻ 84


കാരുണ്യരത്നാകരമായ രാമൻ

പാരം പ്രസാദിച്ചരുൾചെയ്തിവണ്ണം

രാത്രിഞ്ചരശ്രേഷ്ഠനു പിന്നെ ലങ്കാ-

രാജാധിപത്യത്തെയുമാശു നൽകീ 85


കഴുത്തു വെട്ടി ക്രിയചെയ്തു ഹോമം

കഴിക്കയാൽ പണ്ടുദശാനനന്ന്

മുഴുത്ത സാമ്രാജ്യമുരത്ത കാള-

ക്കഴുത്തിലേറും ഭഗവാൻ കൊടുത്തു 86


പദം ഭജിക്കുന്നവരെപ്പുലർത്താ

നുദാരനായുള്ളൊരു രാമദേവൻ

സ്വദർശനം കൊണ്ടു വിഭീഷണനന്നാ-

യതിൽപ്പരം ഭൂതി കൊടുത്തു ധന്യൻ. 87

സുശീലനാനം ദാശരതിക്കു ശാഖാ-

മൃഗങ്ങൾ പോലും തുണയായി വന്നൂ

നൃശംസനാം പങ്ക്തിമുഖന്നു നേരേ-

സഹോദരൻ കൂടെ വിരോധിയായി. 88


ദശരഥസുതനാപ്തനായ്ന് നിതാന്തം

വശഗതനായ വിഭീഷണൻ വിശിഷ്ടൻ

ദശമുഖബലവിക്രമങ്ങളെല്ലാം

വിശദമൊടൊന്നൊഴിയാതെ കണ്ടുണർത്തീ 89


ലാവണ്യവാരിഥി കടപ്പതിനുള്ള മാർഗം

കൈവന്നിടൻ വരുണസേവ കഴിപ്പതിന്നായ്

ലാണ്യവാരിധി രഘൂത്തമനോട് ചിന്തി-

ച്ചാവീരമൗലവിയറിയിച്ചു വീഭീഷണൻ താൻ. 90


അതിന്മണ്ണം ചെയ്താൽ കടൽവഴി നമുക്കിന്നു തരുമെ-

ന്നതിപ്രേമം കൈക്കൊണ്ടഖിലരുമുണർത്തിച്ച സമയം

അവിച്ഛിന്നാമോദം പെരുകിയുടനെ ദർഭശയനം

പ്രവേശിച്ചാൽ ദേവൻ നിജമനസിചിന്തിച്ചുദധിയേ. 91

ക്ഷേമാലോചന എന്ന പതിനേഴാം സർഗം സമാപ്തം.