രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
പത്തൊൻപതാം സർഗം

ദശമുഖനുടെ ദുർവ്യാപാരവൃത്താന്തമെല്ലാം

ദശരഥതനയനന്മാരങ്ഗദോക്ത്യാ ധരിച്ച്

ഭൃശമരിശമിയന്നാർ,പിന്നെ ലങ്കാപുരത്തെ-

ക്കശയൊടു കപിസൈന്ന്യം നാലുപാടും വളഞ്ഞു. 1


പ്രളയസമയമാമ്പൊളൂഴിയൊട്ടുക്കു മുക്കി-

ക്കിളരുമുരുതരംഗത്തള്ളലോടാഴി നാലും

വളരെ ലഹളകൂട്ടും പോലെ വാലും കിളർത്തി-

ക്കളിവിളികൾ മുഴക്കിക്കീശരങ്ങാക്രമിച്ചാർ. 2


അടലിനു പടവീടും കെട്ടി മുന്നിട്ട വൈരി-

പ്പടകളുടയ ഗാംഭീരാരവത്തെശ്രവിച്ച്

കടുരവെമാടു വാദ്യം കൊട്ടി രക്ഷോബലം പോർ‍-

ക്കൊടികൾ നിവിരെ നാട്ടിസ്സംഗരത്തിന്നിറങ്ങി. 3


വലിയ പരിഘമെല്ലാം വന്മരത്താൽ മുറി‍ഞ്ഞും

കുലഗിരിനികരത്താൽ കുഞ്ജരൗഘം മറിഞ്ഞും

ശിലയുടെ പതനത്താൽ ശീഘ്രമസ്ത്രം വളഞ്ഞും

കഠിനനഖരമേറ്റക്കര്ബുരന്മാർ കരഞ്ഞും. 4


പടനടവുലടിച്ചും പല്ലു ദൂരെത്തെറിച്ചും

വിടപികളെയൊടിച്ചും വില്ലുവേഗം മുറിച്ചും

നടനഗതി പഠിച്ചും നല്ല രക്തം തുടച്ചും

പൊടിയുടലിൽ നിറച്ചും പോർക്കളം വിട്ടൊളിച്ചും. 5


നിവിരെ നിലവിളിച്ചം നീണ്ട കൈകാൽ ഞെരി‍ച്ചും

ശവമധികമിഴച്ചും ശർവനോമംജപിച്ചും

നവരസവുമുദിച്ചും നാകി൮ന്ദം രസിച്ചും

ഭൂവനതലാമുലച്ചും ഭൂരിയുദ്ധം ഭവിച്ചു. 6


ദശമുഖനുടെ തേജസ്സെന്നപോലെസ്തമിച്ച-

ദ്ദശയിലഥ ഭാസ്വാ൯ പശ്ചിമാശാമുഖത്തിൽ

സമരഭുവി നിറഞ്ഞുള്ളൊരു രക്തം കണക്ക-

ന്നമരസരണിയെല്ലാം ശോണവ൪ണം നിരന്നു. 7


മദകരികൾ മരിച്ച മസ്തകത്തീന്നു ചിന്നി-

ച്ചിതറുമമിതമുക്ഥാരത്നസമ്പത്തു പോലെ

ചെറിയ ചെറിയ നക്ഷത്ര‌ങ്ങൾ വാനിൽത്തെളിഞ്ഞു;

പെരികെയിരുളടഞ്ഞു സൈന്യപാംസുക്കൾ പോലെ. 8


പടയിലരുണബിംബം പാടനം ചെയ്തു പോയോ-

രുടയ തുടകൾ ചീന്തിപ്പച്ചമാംസം ഭുജിച്ച്

കുഴിനരികളുമപ്പോൾ കൂട്ടമിട്ടാ൪ത്തു നന്നാ-

യഴുതു കവളമുണ്ണിക്കൂട്ടവും കൂട്ടിലെത്തീ. 9


അശരണരണിതത്താൽ ചക്രവാകങ്ങളെ‍ല്ലാം

നിശിചരനിവഹംപോലാധി ബാധിച്ചുഴന്നൂ

ദശവദനഭടന്മാർക്കുള്ള ഹസ്തങ്ങൾ പോല-

ദ്ദശയിൽ നളിനിയെല്ലാം കോശജാലത്തെയാ൪ന്നൂ. 10


സമരഭുവി സമ൪ഥന്മാ൪ക്കു തോതിട്ടു പാ൪ത്താ-

ലമരരിപുകുലത്തിൽ കുടിയോനേതൊരുത്ത൯

ശരനിരകൾ ചൊരിഞ്ഞ ശ്ശക്രജിത്താക്രമിച്ചാ൯

ശരിവരെ ഹരിവീരന്മാരെയൊക്കെത്തുരത്തീ. 11


അതുപൊഴുതതി ധൈര്യത്തോടെതി൪ത്തംഗദ൯ തൽ-

ക്കുതിരകളെ വധിച്ചും തേരിനെത്തച്ചുടച്ചും

മുതിരുമൊരുമദത്താൽ തേ൪ തെളിപ്പോനെ വെന്നും

വിധുരത യെതിരാളാമിന്ദ്രജിത്തിന്നു നൾകീ. 12


കലഹമിതു കണക്കല്ലെന്നു കണ്ടക്കഠോര൯

ജലധരനികരത്തിൽ ചന്ദ്രനെപ്പോൽ മറഞ്ഞൂ

വി‍ഷധരശരവ൪ഷം ചെയ്തു ബന്ധിച്ചു പാരം

വിഷമത രഘുവീരന്മാ൪ക്കു ചേ൪ത്തേച്ചു പോയാ൯. 13


തിരുവടി തൊഴുവോ൪ക്കക്കെട്ടറുക്കുന്ന രാമ൯

തിരുവടിയെയുമുണ്ണിത്തമ്പുരാനേയുമപ്പോൾ

തെരുതെരെ വി‍‌ഷമിപ്പിച്ചോരു നാഗാസ്ത്രബന്ധം

ഗരുഡനരികെയെത്തിത്തൽക്ഷണം വേ൪പെടുത്തി. 14


ഉടനവരിരുകക്ഷിക്കാരും വീണ്ടുമെത്തി-

പ്പടപൊരുവതിനായി തമ്മിൽ നേരിട്ടിറങ്ങീ

പടകളുടയനേതാവായധൂമ്രാക്ഷനദ്രി-

ക്കൊടുമുടി പിടലിക്കേറ്റാനമിച്ചന്തരിച്ചാ൯. 15


അതുപൊഴുതതു കണ്ടക്കമ്പന൯ കൂട്ടുകാര൯

പ്രതിവിധി ഹനുമാനിൽ ചെയ്വതിനായടുത്തു

മുതിരുമൊരു മരം കൊണ്ടെറ്റിയെറ്റിക്കപീന്ദ്ര൯

മുതിരയലകെടുക്കും പോലെ രണ്ടായ് പിള൪ന്നൂ. 16


ജലനിധി മഥനം ചെയ്തന്നു താ൯തന്നെ നേരി-

ട്ടലമുദധി കലക്കിത്താരയെക്കൊണ്ടു പോന്നോ൯

വലരിപുസുതനാകും ബാലിതന്നാത്മജന്മാ-

ബലമൊടു ശകലിച്ചാ൯ വജ്രദംഷ്ട്രന്റെ ദേഹം. 17


നരപതിയുടെ സേനനായകത്വം വഹിപ്പോ-

നെരികനലിനു പുത്ര൯ നീലനാം വാനരത്താ൯

വിരസതയൊടു വീളാപ്പോരിൽവച്ചു പ്രഹസ്ത-

ണരസികസഹവാസം മാറ്റിനാൽ ശൈലഹസ്ത൯. 18


പിതൃപതിയുടെ നാട്ടിൽ സൈനികത്വം ഭരിപ്പാ൯

കൊതിയൊടുമവ൯ നാലാൾ പോയൊരാവ൪ത്തമാനം

ശ്രുതിയിലഥ പതിച്ചിട്ടാശരധീശനേറ്റം

മതിയിലരിശമേറിപ്പോരിനായിട്ടൊരുങ്ങീ. 19


വെടിപടഹനിനാദം കൊണ്ടു വിശ്വം മുഴക്കി

കെടുതികപികുലത്തിന്നേകുവാ൯ തക്കവണ്ണം

പടകളുടയ ഘോരാരവമേറ്റം വള൪ത്തി-

ജ്ഝടിതിയടൽനിലത്തിൽപ്പുക്കു നക്തഞ്ചരേന്ദ്ര൯. 20


ദശവദനനെ നേരിട്ടപ്പൊഴാന്നാമതായി-

ക്കുശികതനയശിഷ്യ൯ കൗതുകത്തോടു കണ്ടൂ

സ്പശപുരുഷ൪ പുകഴ്ത്തിക്കേട്ട ദുഷ്പ്ര‍ഭാവത്തിൽ

പ്പിശകു ശകലമില്ലെന്നോ൪ത്തു കൊണ്ടാടി രാമ൯. 21


കപികളുടെ പെരുപ്പം കണ്ടു കാമാരിഭക്ത൯

കപിലനയനനായിപ്പാഞ്ഞു സൈന്യത്തിനുള്ളിൽ

അപരിമിതബലത്തെധ്വംസനം ചെയ്തിടുമ്പോ-

ളപഭയമരികെച്ചെന്നക്ഷഹന്താവെതി൪ത്തു. 22


അവനുടെയടിയേറ്റിട്ടൊന്നു മൂ൪ഛിച്ചെഴുന്നേ-

റ്റവനെയകലെയോടിച്ചേച്ചു, തന്മൗലിയിങ്കൽ

അവസരമതി ലേറിക്കുത്തു കാട്ടുന്ന നീല-

ന്നവശതയെ വള൪ത്തിശ്ശസൈന്ന്യമുടിച്ചാൽ. 23


അരിശമൊടതു കണ്ടും കൊണ്ടു സൗമിത്രിവേഗം

കരിമലയുടെ മോളിൽ കാളമേഘം കണക്കേ

ശരമഴകൾ പൊഴിച്ചീടുംവിധൗ ഘോരമായ്ത്ത-

ന്നുരസി നിശിചരാധീശന്റെ വേലേറ്റുവീണു. 24


രഘുസുതനതുകണ്ടിട്ടാധിയും,രാവണങ്കൽ

പകയുമധികമായിട്ടപ്പൊഴാപ്പോ൪ക്കളത്തിൽ

തുടരെ നയനനീരും ബാണവും തൂകി വൈരി-

ക്കുടലിലഴകുമേകീ ത൯ പടയ്ക്കുൾത്തണുപ്പും. 25


അനുജനുമതുനേരത്താശ്വസിച്ചങ്ങുണ൪ന്നാ൯

മനുജകുലപതിയ്ക്കും മാനസേ ഖേദമാറി

പുനരപി രുപിവോടൊന്നേറ്റു യുദ്ധം നടത്താ൯

മനസി കരുതി വേഗം ലക്ഷ്മണൻ വില്ലെടുത്താൻ. 26


അനുഭവമതു വാങ്ങാനെപ്പൊഴും കാത്തു നിൽക്കു

ന്നനുജനുടെ വലങ്കൈ നന്ദികെട്ടോ൯ കണക്കേ

പടയിലെതിരിടാറായെന്നു കണ്ടപ്പൊഴമ്പും

ഗുണവുമപഹകരിച്ചും കൊണ്ടു പിന്നൊകൊഴിഞ്ഞു. 27


ഉരുളയുമതിരാത്രം സേവയും സ്വീകരിക്കാ-

തതിപരിചയമില്ലാതുള്ളരാ വാമഹസ്തം

സമരധരണിയിങ്കൽ സാരമാം വില്ലുമേന്തി-

ദശമുഖനോടെതി൪പ്പാ൯ നിന്നു സദ്വയത്തനെപ്പോൽ. 28


ഖലമതിയിവനെന്നോടേറ്റു തോറ്റിന്നു പാരം

വലയുമവസരത്തിൽ സംഗരത്തിനു വീണ്ടും

തുനിയരുതനുജാ!നീ സാധു പോയിപ്പിഴയ്ക്ക-

ട്ടിനിയൊരു ദിനമാട്ടെന്നോതിനാ൯ രാമഭദ്രൻ. 29


അവരജനതിനെക്കേട്ടചരിച്ചങ്ങടങ്ങീ

വിവശതയൊരടക്ക൯ വീട്ടിലേക്കും മടങ്ങീ

അവധിവരെയിരിപ്പാനാവതല്ലാഞ്ഞെഴിപ്പീ

ച്ചവനിളയവനോടിക്കാര്യമൊക്കപ്പറഞ്ഞാൻ. 30


മൊഴിയുമളവുറക്കപ്പിച്ചനാം കുംഭക൪ണ൯

മിഴിയിണ തിരുമിക്കൊണ്ടണ്ണനോടായുരച്ചാ൯;

വഴി പിശകി, നിനക്കീ വംശനാശം വരായ്വാ-

നൊഴികഴിവു വിശേഷിച്ചൊന്നൊഴിഞ്ഞൊന്നുമില്ലാ. 31


അവനിമകളെ വേഗം രാമദേവന്നു നൾകീ-

ട്ടവനുടെ കഴൽ കുമ്പിട്ടാദരാലാശ്രയിക്കിൽ

ഭുവനമഖിലവും നിന്നാജ്ഞയി൯കീഴടക്കീ-

ബ്ഭുവി സുഖമൊടു വാഴാമെന്നെനിക്കുണ്ടു പക്ഷം 32


അറിവുടയ പുമാന്മാ൪ക്ക൪ഥനാശം വരുമ്പോൾ

നെറിയൊടുമവ൪ പാതിപ്പൗരുഷം കൈയയ്ക്കും

മറുതലകൾ മരിപ്പിച്ചീടുമെന്നുള്ള ദിക്കിൽ

പൊറുതി മുഴുവനും താ൯താ൯ പെറുക്കിക്കൊടുക്കും. 33


ദുര പെരുകിന ദുഷ്ട സ്ത്രീജിത൯,തമ്പി ചൊല്ലു-

ന്നൊരു വരമൊഴിയെക്കേട്ടിപ്രകാരം പറഞ്ഞാ൯

പെരിയൊരു ഗുരുവോ?നീയിത്തരം നന്മ ചൊല്ലി-

ത്തരുവതിനു തിക്കം കൊണ്ടു ഞാനാളയച്ചോ? 34


ധൃതിയിലരികുലത്തോടേറ്റു യുദ്ധം നടത്തി

പ്രതിഭടരെയശേഷം കൊന്നു നീ വന്നിടേണം

അതിനുകഴികയില്ലെന്നാണു നി൯ പക്ഷമെന്നാൽ

മതിസുഖമൊടു വേഗം പോയ്ക്കിടന്നുറങ്ങൂ. 35


ചുറുതിലെഴുന്നേറ്റിട്ടഗ്രജന്മാവിനോടായ്

മറുപടിയുരചെയ്താനപ്പൊഴക്കുംഭക൪ണ൯,

ഗുരുവിനുടെ വലിപ്പം ഞാ൯ വഹിച്ചെങ്കിലോരോ

തരവഴിയിതു ലങ്കാനാട്ടിൽ നീ കാട്ടുകില്ലാ. 36


പരിഭവമിതുമൂലം നി൯മനസിങ്കലുണ്ടാ-

കരുതരികളെ വെൽവാ൯ ഞാനിതാ യാത്രയായി

തിരിയെ വരികിലപ്പോൾ കണ്ടുകൊള്ളാം നമുക്കെ-

ന്നരുളിയടൽനിലത്തിൽപ്പുക്കു നക്തഞ്ചരേന്ദ്ര൯. 37


അലറിയവനടുക്കും ചേലുകണ്ടങ്ങുമിങ്ങും

പതറിയധികമാടൽപ്പെട്ടു ശാഖമൃഗങ്ങൾ

ചിതറിയതവലോകിച്ചങ്ഗദ൯ ധൂളിജാലം

വിതറിയവനു നേരേ നിന്നു പോരാടുവാനായ്. 38


കപികുലമതു കണ്ടും കൊണ്ടു ശണ്ഠക്കു വീണ്ട-

ങ്ങപമൃതിയിലശേഷം പേടികൂടാതടുത്തു

ശപഥമൊഴികളോതിശ്ശത്രുവീരന്റെ മെയ്മേ-

ലുപലനിരകളെക്കൊണ്ടെറ്റുമേറും തുടങ്ങീ. 39


പെരുമ പെരിയ രക്ഷസ്സായതേറ്റാജിമധ്യേ

മരുവിനസമയത്തച്ചോരയൂറിത്തുടങ്ങീ

പെരുമഴ പൊഴിയുമ്പോളേറ്റു നിൽക്കുന്ന കുന്നി൯-

ചരിവിലരുവി നീളെപ്പൊട്ടി വാലുന്നപോലെ. 40

ചില വലിയ കരിങ്കൽച്ചില്ലിയൂക്കോടു ചെന്ന-

ക്ഖലമതിയുടെ മാറത്താഞ്ഞടിച്ചിട്ടു, വീണ്ടും

ബലമൊടതുപയോഗിച്ചോന്റ നെഞ്ചത്തു തച്ചി-

ട്ടലറിയവരണച്ചുംകൊണ്ടു പാരിൽപ്പതിച്ചൂ. 41


നിശിതമുനകൾ കോലും ശൂലവുംകൊണ്ടു പാഞ്ഞ-

ന്നിശിചരപതിയപ്പോൾ പോ൪ക്കളത്തിങ്കലെല്ലാം

കപിതിലകരെയൊക്കെ സ്സംഹരിക്കുന്ന നേരം

ചപലതയൊടു പേടിച്ചോടിയക്കീശവൃന്ദം. 42


അതുപൊഴുതതിധൈര്യത്തോടു സുഗ്രീവനും ചെന്ന-

ന്നെതിരിടുമളവിൽത്താ൯ ഹന്ത!മോഹിച്ചുവീണാ൯;

നിജവിഭുവിനു മുന്നം ബാലിയാൽ വന്ന ദൈന്ന്യം

വിജയമിതിലൊഴിഞ്ഞെന്നാ൪ത്തു രാത്രിഞ്ചരന്മാ൪. 43


പരവശതയൊഴിഞ്ഞോരക്കപിശ്രേഷ്ഠനാൽ പി-

മ്പരിയ വികൃതരൂപം തന്മുഖത്തിങ്കലേറ്റ്

പൊരുവതിനു മദിക്കും കുംഭക൪ണന്റെ മുൽപ്പു-

ക്കരുമയൊടു സുമിത്രാസൂനു താനങ്ങെതി൪ത്തു. 44


ഭുജബലമിതിനാളാകില്ല നീയെന്നുരച്ചാ

രജനിചരനടുത്താ൯ രാമചന്ദ്രന്റെ നേരേ

അരിയൊരു മണിദീപം വിട്ടു പോയ് ദീപയഷ്ടി-

ക്കരികിലണയുമീയൽപ്പാറ്റ പോൽ പേടിയെന്ന്യേ. 45


അവിടെ വലിയ യുദ്ധം ചെയ്തു രാമാശുഗത്താ-

ലവനുടെ കരമൊന്നറ്റാഴിയിങ്കൽപ്പതിച്ചു

നരവരനതു വീണ്ടും സേതു ബന്ധിച്ച പോലായ്

സുരരിപുവഥ മറ്റെക്കൈയുമോങ്ങീട്ടടുത്താ൯. 46


ഝടിതിയൊരു ശരത്താലറ്റതും വീണു സൈന്ന്യ-

ക്കടൽനടുവിലടിഞ്ഞൂ മന്ദരാദ്രിക്കുതുല്യം

ഉടനവനുടെ ലങ്കാസ്ഥാനശൈലത്തിൽ നാലാം

കൊടുമുടിയതുപോറ്റുത്തമാങ്ഗം കിള൪ന്നൂ. 47


അവനുടയൊരുറക്കം തൃപ്തിയാകാതുണർത്തീ-

ട്ടവസരമറിയാതിങ്ങഗ്രജൻ വിട്ടമൂലം

അവനിദുഹിതൃഭർത്താവാശുഗത്തെ പ്രയോഗി-

ച്ചവികലതയൊടിന്നും ദീർഘനിദ്രയ്ക്കയച്ചാൻ. 48


കുടിലമതി ദശാസ്യൻ, കൂറ്റനാം കുംഭകർണ-

ന്നടലിലപജയം വന്നെന്നു കേട്ടാർത്തനായി

ഉടനിളയമകന്മാർ നാൽവരെപ്പോരിനായി-

പ്പടകളൊടുമയച്ചാൻ രണ്ടു നേതാക്കളോടും. 49

പരിഭവമകതാരിൽ കൊണ്ടുവർധിച്ചു ദുഷ്ട

പ്പരിഷ കൊലനിലത്തിൽപ്പുക്കു മുഷ്കോടുമേറ്റം,

സുരതരുണികൾ സന്തോഷിച്ചു പൂമാല കൈക്കൊ

ണ്ടൊരുമയൊടെതിരേൽപ്പാനംബരത്തും നിരന്നു. 50


കലഹമിരുവശത്തും ബുദ്ധിപൂർവം നടത്തീ-

ബ്ബലമുടയ ദശാസ്യൻതന്റെ പാർശ്വത്തിലുള്ളോർ

പലപലവിധയമായിച്ചത്തൊടുങ്ങീട്ടശേഷം

വലിയമലകൾ പോലാ വാർധിയിങ്കൽപ്പതിച്ചൂ. 51


സമരസമയമാകാശത്തു കാണ്മാൻ നിരന്നോ-

രമരരിതു ബലേഭേഷെന്നു നന്ദിച്ചു നന്നായ്,

അമരമുനികുലേന്ദ്രൻ ശണ്ഠ വർധിപ്പതിന്നായ്

നഖരതതിയുരുമ്മിക്കൊണ്ടൊരറ്റത്തു നിന്നാൻ. 52


തനയരിലതികായൻ തത്ര സൗമിത്രിയാലും

പുനരിതരസുതന്മാർ വാനരശ്രേഷ്ഠരാലും

പടയിലനുചരന്മാരോടുമൊന്നിച്ചു ചത്തെ-

ന്നിടരൊടു ദശകണ്ട൯ കേട്ടു ഞെട്ടിക്കരഞ്ഞാ൯. 53


മധുരമൊഴികളെക്കൊണ്ടിന്ദ്രജിത്തപ്പിതാവി൯

വിധുരതയെ വിടു൪ത്തീട്ടാശ്വസിപ്പിച്ചു നന്നായ്

മൃധരസികനണഞ്ഞിട്ടാഭിചാരം കഴിച്ചാ-

നഥ തുരഗനിഷങ്ഗാദ്യങ്ങളും കൈക്കലാക്കീ. 54


പ്രതിഭടവിജയത്തെത്തന്നെ, സങ്കൽപ്പമാക്കി-

പ്പതിവുകളെ നടത്തിക്ഷുദ്രഹോമം കഴിച്ച്

ചതിവിയലുമരക്കൻ വന്ദനം ചെയ്തു വഹ്നി-

ക്കതിരയമൊടുഴന്നാൻ പോരിനായ് സേനയോടും. 55


സപദി നിശിചരന്മാരേകയോഗം തികഞ്ഞും

കപികളൊരു വശത്തും നിന്നു തമ്മിൽപ്പൊരുമ്പോൾ

അപജയമരിവർഗത്തിങ്കലുണ്ടാക്കി വയ് വാ-

നുപരി പരി ഭവിച്ചാമേഘനാദൻ മറഞ്ഞാൻ. 56


അവനവിടെ വിധാതാവിന്റെ ബാണം പ്രയോഗി-

ച്ചവശത കപികൾക്കും രാമസൗമിത്രികൾക്കും

വളരെ വളരെയേകി പ്രജ്ഞയെന്ന്യേ പതിപ്പി-

ച്ചളവു നഗരിയിൽപ്പുക്കാത്തമോദം വസിച്ചാൻ. 57


കമലഭവതനൂജനൻ ജാംബവാൻ ചൊൽകയാലാ-

വിമലമതി ഹനൂമാനൗ‍ഷധാദ്രിക്കു പോകുമ്പോൾ

ഗമനസമയമേറെത്താമസിപ്പിക്കുവാനായ്

വിമതവരനൊരുത്തൻ മാർഗമധ്യത്തിൽ വാണൂ. 58


അതുവഴി കപിരാജൻ നല്ല കമ്പിത്തപാലിൻ

ഗതിയിലധികവേഗത്തോടു പായുന്ന നേരം

യതിവടിവൊടു വഞ്ചിക്കുന്നൊരക്കലനേമി-

ച്ചതിയനെയഥ കൊന്നിട്ടക്ഷണം പോയ് സമ൪ഥ൯. 59


ചൊടിയൊടഥ കപീന്ദ്ര൯ മൂലികക്കുന്നുമേന്തി-

ജ്ഝടിതി രഘുവര൯ തന്നതികത്തിങ്കലെത്തീ

കെടുതി നിജസഹായക്കാ൪ക്കു തീ൪ത്തേച്ചു മുന്നേ-


പ്പടുതി ഗിരിയുറപ്പിച്ചാജി യാചിച്ചു നിന്നാ൯. 60


ചതിവിനു പരിഹാരം ചെയ്തിടാഞ്ഞാൽ ശഠന്മാ-

രിതിലുമധികമോരോ വഞ്ചനത്തിന്നൊരുങ്ങും;

മതിയിലിതു വിചാരിച്ചൂ൪ജിതം പൂണ്ടു കീശ

പ്രതിനിധികൾ കടന്നാ ലങ്കയിൽത്തീയടിച്ചാ൪. 61


ദുരിശമൊടു പുറപ്പെട്ട ശരേശാജ്ഞയാല-

ന്നൊരുവനൊരുവനൊറ്റയ്ക്കൊറ്റ നിൽക്കാത്തവണ്ണം

ഉരു‍‍തരബലമോടും നാലു നക്തഞ്ചന്മാർ

ദരികളുടെ മുഖത്തീന്നുഗ്രസിംഹങ്ങൾ പോലെ. 62


അവരിലൊരുവനെക്കൊന്നങ്ഗദൻ,മറ്റൊരാളേ-

വിവിദനടപെടുത്തീ,പിന്നൊരുത്തന്റെ ദേഹം

മദകരി പന കീറുംപോലെ മൈന്ദൻ പിളർന്നാ-

നിതരകപിബലത്താൽ ചത്തുമറ്റുള്ളരക്കർ. 63


നടപടികളിതെല്ലാം കണ്ടു നിൽപ്പാൻ പ്രയാസ-

പ്പെടുമളവെതിരിട്ടക്കുംഭകർണാത്മജന്മാർ

ഇരുവ,രവരിൽ മുത്തോൻ ചെന്നു സുഗ്രീവനോടേ

റ്റിതരനനിലപുത്രൻ തന്നെ മുൻപിൽച്ചെറുത്താൻ. 64


വലിയ കലഹമധ്യത്തിങ്കലവർക്കാത്മജന്മാ-

ജ്വലിതനയനനായക്കുംഭനെക്കൊന്നുവീഴ്ത്തി

പക പലവിധമുന്നിത്തങ്ങളിൽത്തച്ചു കാറ്റിൻ-

മകനവിടെ നികുംഭൻ തന്റെ കണ്ഠം പറിച്ചാൻ. 65


അനുജസുതവിനാശം കേൾക്കവെ വിശ്രവസ്സിൻ

തനജനുടയ ദീർഘശ്വാസവായുക്കളാലേ

നിശിചരികൾ കുലത്തിൻ പൂങ്കുഴൽക്കൊണ്ടൽ ഭിന്നി-

ച്ചനവധി നയനാംഭൗവർഷമുണ്ടായി മേന്മേൽ. 66


കുമതി ഖരനു ബാലൻ കൂടലന്മാർക്കു കാലൻ

ബലമൊടു മകരാക്ഷൻവന്നു പിന്നീടെതിർത്തു

രിപുശലഭകുലങ്ങൾക്കഗ്നിയാം രാമചന്ദ്രൻ

ജനകനുടെ സമീപത്താക്കിനാനൊറ്റയമ്പാൽ. 67


വികൃതി പലതു ചെയ്തന്നന്നു തപ്പിപ്പിഴച്ചി-

ട്ടകമലരിൽ മദം പെട്ടിന്ദ്രജിത്തേറ്റു വീണ്ടും

രഘുതിലകനൊടപ്പോൾ തോറ്റു പേടിച്ചൊളിച്ചാൻ

പകടയൊരുവനെന്നും വീഴ്കയില്ലൊന്നുപോലെ". 68


നിരവധി മറിമായം പൗരുഷം കൊണ്ടു കാട്ടാൻ

പരിചമിയലുന്നപ്പങ് ക്തികണ്ഠന്റെ പുത്രൻ

ഒരു കപടധരിത്രീപുത്രിയെത്തേരിൽ വച്ച-

പ്പുരിയുടയ പരിഞ്ഞാട്ടുള്ള വാതിൽക്കൽ നിന്നാൻ. 69


അനിലസൂതനു കാണാ൯ തക്കപോൽനിന്നു കള്ള-

പ്പനിമതിമുഖിയാളെക്ഖണ്ഡനം ചെയ്തു ദുഷ്ട൯

ജനകതനുജയാണെന്നങ്ങു തെറ്റിദ്ധരിച്ച-

മ്മനമുരുകി ഹനുമാ൯ രാമനെച്ചെന്നുണ൪ത്തീ. 70


പവനജനറിയിക്കൂം വാക്കു നേരെന്നു ശങ്കി

ച്ചവനിമക മണാളന്നയുധം താഴെ വീണു

അവയവമിളകീടാതങ്ങു കുമ്പിട്ടിരുന്നാ-

നവശതയൊടു ദേവ൯ വന്മരപ്പാവ പോലെ. 71


പലജനമൊരു ദിക്കിൽ കൂടി നിൽക്കുന്നകണ്ട-

സ്ഥലിയിലൂടനെയെന്തോ കാര്യമുണ്ടെന്നു തോന്നീ

തളരുമുടലൊടോടിച്ചെന്നിതാ രാവണ൯ ത-

ന്നിളയ സഹജനപ്പോൾ വാസ്തവം താനറിഞ്ഞു 72


കപിവരരെയധിക്ഷേപിച്ചു ചൊന്നാനിവണ്ണം

ചപലതയിതു പണ്ടെ തീറു വാങ്ങിച്ചൂ നിങ്ങ

രിപുനികരമിദാനീം മൗനമോടിങ്ങിരിപ്പാ-

നപകടമവ൪ പറ്റിച്ചുള്ള പറ്റാണിതെല്ലാം. 73


അരിനിറയെ വധിപ്പാ൯ കൂടഭദ്രക്റിയയ്ക്കാ-

യ്കരുതിയതിനു വിഘ്നം നിങ്ങൾ മൂലം വരായ്വാ൯

കരളിലവനുറച്ചിക്കൗശലം ചെയ്തതത്രേ

കരുമന പലതുണ്ടക്കൃത്രിമക്കാ൪ക്കു പണ്ടും. 74


ദൃഢമൊരു തടവില്ലാതാഭിചാരം നടന്നാ

പടയിലവനു നമ്മെക്കൊല്ലുവാനുണ്ടെളുപ്പം

മടിയരുതതു തെറ്റിച്ചീടുവാ൯ പോകണം നാ-

മുടനവനെ വധിപ്പാ൯ നല്ല സൗകര്യമുണ്ടാം. 75


രഘുപതിയെഴുന്നള്ളിടേണമെന്നില്ലിതിന്നായ്

ലഘുതരമനുജ൯ പോയ് തദ്വധം ചെയ്തുപോരും

അമിതതരപസ്സാ൪ന്നേറെനാൾ നിദ്ര കൂടാ-

തമരുമൊരുവനാലേ ദു൪മതിക്കുള്ളു നാശം. 76


പഴയ പരിചയത്താൽ രാവണിയ്ക്കുള്ള സൂത്രം

മുഴുവനുമറിയിച്ചക്കൈകസീസൂനു, വപ്പോൾ;

പഴുതരിയെ വധിപ്പാ൯ പാ൪ത്തു രാമന്റെ പാദം

തൊഴുതിളയ കുമാര൯ സേനയൊടും തിച്ചാ൯. 77


ബലമുടയ കപീന്ദ്ര൪ക്കുള്ളൊരാ൪പ്പും തിമി൪പ്പും

നിലവിളിയുമശേഷം കേട്ടുട൯ മേഘനാദ൯

കലശലിതൊഴിയാഞ്ഞലിങ്ങു ക൪മത്തിനുണ്ടാ-

മൂലശിലിതി നിനച്ചാ മന്ത്രവാദം നിറുത്തീ. 78


ക്രിയകൾ മുഴുവനാക്കാതസ്ത്രവും വില്ലുമേന്തി-

സ്വയമരിപടലത്തെപ്പാടനം ചെയ് വതിനായ്

ഭയമകലെ വെടിഞ്ഞക്കീശസൈന്യത്തിനുള്ളി

സ്മയമൊടൊരു മൃഗേന്ദ്രശ്രേഷ്ഠനെപ്പോൽ കടന്നാ൯. 79


വലമഥനവിരോധക്കാരനെക്കണ്ട നേരം

വിലകിയകലെ നിന്നാ൪ മ൪ക്കടന്മാരശേഷം

നലമൊടഥ ഹനുമാ൯ തന്റെ തോളി ക്കരേറി-

ക്കലഹമവിടെയാരംഭിച്ചു രാമാനുജന്മാ. 80


മദമധികമുദിച്ചും മത്സരം വന്നുറച്ചും

വിധുരതകൾ മറച്ചും വീരവാദം വദിച്ചും

ശരനിരകളയച്ചും ശക്തിമാന്മാ൪ ശപിച്ചും

സമരമവിടെവച്ചും സാരമായി ബ്ഭവിച്ചു. 81


പെരിയൊരു കലഹത്തിൽ ശ്ശത്രുവില്ലിങ്കലേ ഞാൺ-

ചരടു ശരനിപാതംകൊണ്ടു നൂറായിനുറുക്കീ

അരിശമൊടുമടുത്താ ലക്ഷ്മണ൯, മേഘനാദ൯

മരുവുമൊരുരഥത്തെസ്സുതനോടും തക൪ത്തു. 82


രണധരണിയിലപ്പോൾ പംക്തികണ്ഠന്റെ പുത്രൻ

പണി പലതുമെടുത്താ മത്സരം മൂത്തു പാരം

ചുണയൊടുമിവർ മുന്നാളൊന്നുപോൽ നിന്നു തമ്മിൽ

പിണയുമളവു സൗമിത്രിക്കു കോപം മുഴുത്തു. 83


സുരവരനുടെ ദിവ്യാസ്ത്രത്തെയേന്തിക്കുമാരൻ

സരഭസമിഹ വില്ലും പൂട്ടിയസ്ത്രം തൊടുത്തു

ഗുരുജനപദമുള്ളിൽ ബ്ഭക്തിപൂർവം വിചാരി-

ച്ചരിയുടെ ഗളനാളം നോക്കി വിട്ടാൻ വിദഗ്ധൻ. 84


അന്നേരത്തിന്ദ്രജിത്തിൻ ഗളഭുവി വിശികം സത്വരം പോയിതറച്ചൂ

പിന്നീടദ്ദുഷ്ടരക്ഷോവരനുടെ തലയറ്റൂഴിയിങ്കൽ പതിച്ചൂ

മന്ദാനത്തിൻ മലർച്ചെണ്ടുകൾ മഴചൊരിയുംപോലെ പിന്നെപ്പൊഴിഞ്ഞൂ

ക്രന്ദിച്ചീടുന്ന നക്തഞ്ചചരികടെ നയനാശ്രുക്കൾ പിന്നീടിഴഞ്ഞൂ. 85


പോരിങ്കൽ പണ്ടു മന്ദോദരിയുടെ മകനാൽ ബദ്ധനായ് തീർന്നു കാരാ-


ഗാരത്തിൽ താപമോടാണ്ടനവധി മിഴിനീർവാർത്തതിൽ പിന്നെയിന്ദ്രൻ


ആ രക്ഷസ്സിന്റെ മൂർധാവവനിയിൽ നിപതിച്ചന്നു മാത്രം തണുപ്പോ-

ടോരോ കണ്ണിങ്കൽ നിന്നും ജവമൊടു പുനരാവൃത്തി കണ്ണീരിനേകി. 86


ഭുതാനുകമ്പ കലരുന്നൊരു ലക്ഷ്മണ൯ താ൯

സ്ഫിതാദരത്തൊടു നികുംഭിലയിങ്കൽ നിന്ന്

ജാതാനുമോദമതിരറ്റൊരു സേനയോടും

ഭ്രാതാവുതന്നരികിലെത്തി നമിച്ചു വാണാ൯. 87

സങ്കീ൪ണ്ണയുദ്ധംപത്തൊ൯പതാം സ൪ഗം സമാപ്തം