രാമരാജാബഹദൂർ/അദ്ധ്യായം ഇരുപത്തിരണ്ട്

രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിരണ്ട്

[ 241 ]


അദ്ധ്യായം ഇരുപത്തിരണ്ട്


''കൃത്രിമസടകളണിഞ്ഞാലും മൃഗധൂർത്തനഹോ! കഥമോർത്താൽ,
മത്തദ്വിപകുലകുംഭവിഭേദനശക്തനതായ് മരുവീടും?''


കുഞ്ചൈക്കുട്ടിപ്പിള്ള കാര്യക്കാർ ദിവാൻജിയുടെ ഉദ്ധവരായിരുന്നു. എങ്കിലും തന്റെ ശൗരിയെ അനുയാത്രചെയ്യാതെ അദ്ദേഹം മന്ത്രിനിലയനത്തിന്റെ മുൻഭാഗത്തുതന്നെ നിലകൊണ്ടു. ശ്രീകൃഷ്ണനോടൊന്നിച്ചു വൈകുണ്ഠത്തിലേക്കുണ്ടായ രഥയാത്രയിൽ അർജ്ജുനനെ വ്യഥിപ്പിച്ച അന്ധകാരസമുദ്രംപോലെ വീചീനൃത്തം ചെയ്തുകൊണ്ടിരുന്ന ശിരസ്സമുച്ചയം ദിവാൻജിയെ ആവരണം ചെയ്തു സമുദ്രതീരത്തിലേക്കു പ്രവഹിച്ചു. രാജധാനിരക്ഷയ്ക്കു വിപൃഥുസ്ഥാനം വഹിച്ചു തുടങ്ങിയിരിക്കുന്ന കാര്യക്കാർ അസ്തഗിരിയിൽനിന്നുണ്ടാകേണ്ട ഒരു ദിവാകരോദയത്തെ പ്രതീക്ഷിച്ചെന്നപോലെ വികസന്നേത്രനായി നില്ക്കെ, അദ്ദേഹത്തിന്റെ ജടാകൂടം അന്തർന്നിരീക്ഷണങ്ങളുടെ ഓരോ പർവ്വാന്തത്തെയും ചാഞ്ചാട്ടങ്ങൾകൊണ്ടു ചിഹ്നനംചെയ്തു. ഈ വിവിധ കലാഭിജ്ഞന്റെ ആര്യഭടത്വം ഇലിമാത്രസ്ഖലിതങ്ങൾ കൂടാതുള്ള കവടിക്രിയകളെ സ്വാന്തസ്ഥോപകരണങ്ങളെക്കൊണ്ടു യഥാശാസ്ത്രം നിവർത്തിക്കുകയായിരുന്നു. ഗണനപരീക്ഷകളിൽ മിശ്രഫലങ്ങളെ കണ്ടിട്ടു കാലയവനികയെ സ്വാന്താങ്കുശത്താൽ ഭേദിച്ചു വഞ്ചിരാജ്യായുർദ്ദൈഘ്യത്തെ പര്യേക്ഷണം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ മുഖം അഷ്ടവിഭൂതിപ്രസരത്താൽ ക്ഷണനേരത്തേക്ക് പ്രാചീനാകാശസ്ഥമായ ജ്യോതിബിംബത്തിന്റെ പ്രതിരൂപം എന്നപോലെ ഭാസ്വത്തായി. മന്ദോന്മേഷരും മാന്ത്രികസമ്പ്രദായങ്ങളിൽ ജിജ്ഞാസുക്കളും കാര്യക്കാരോടു പ്രത്യേകം ബന്ധങ്ങൾ ഉള്ളവരുമായി ആ രംഗത്തിൽ ശേഷിച്ചിരുന്നവർ അദ്ദേഹത്തിന്റെ നിയമവിരുദ്ധമായുള്ള ഈ മുഖപ്രസന്നതയെ കണ്ടു നരസിംഹോപാസകദ്യുതി ആണെന്നു വിധിച്ചും ആ ആവിഷ്ടാവസ്ഥയിലെ നേത്രനിപാതം ദോഷഹേതുകമാണെന്നു ചിന്തിച്ചും പിരിഞ്ഞു. [ 242 ]

കാര്യക്കാർ ജയദ്രഥകായനോ ഉന്നതഗ്രീവനോ ആയിരുന്നില്ല. എന്നാൽ സ്കന്ധങ്ങളുടെ കുംഭിമസ്തകതയും വക്ഷസ്സിന്റെ വിസ്തൃതിയും ഊരുജംഘാപ്രഥുലതയും കരങ്ങളുടെ യമദണ്ഡതയും 'ലങ്കാപുരഗോപുരമതിലുകൾ' തകർപ്പാൻ പോരുന്നവതന്നെ ആയിരുന്നു. ബാല്യം മുതല്ക്കുള്ള വ്യായാമവിവിധിത്വത്താൽ പരിപുഷ്ടമായിട്ടുള്ള കായലാഘവവും സമരചാതുര്യവും യോധസമിതികളെക്കൊണ്ട് അദ്ദേഹം ദ്രോണാചാര്യരുടെ കലിയുഗാവതാരം ആണെന്നുപോലും കീർത്തിപ്പിച്ചു. സൗജന്യപ്രകടനത്തിനു പ്രസാദിക്കാത്തപ്പോൾ ഭാഷണങ്ങൾക്കു പകരം സരൂക്ഷം പ്രക്ഷേപിതങ്ങളാകുന്ന ആംഗ്യങ്ങളും അക്ഷരഖണ്ഡങ്ങളും സൂക്ഷ്മത്തിൽ സരസനെന്നു ശ്രുതിപ്പെട്ടിരുന്ന ആ യമിപ്രവീരന്റെ വന്ദ്യതയെ വർദ്ധിപ്പിച്ചതേയുള്ളു. ഗളച്ഛേദനവും അശരണത്രാണവും ശിശുപരിലാളനവും സമാനഭാവത്തോടെ അനുഷ്ഠിച്ചുവന്ന ഈ ലോകാതീതന്റെ ഹൃദ്വേദിയിൽ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന ദേഹിയുടെ രൂപഗ്രഹണം ദിവാൻജിക്കുപോലും ദുസ്സാധമായിരുന്നു.

കായംകുളം രാജവംശത്തിന്റെ സേനാപംക്തിയിൽ യജമാനത്വം കുടുംബാവകാശമായി വഹിച്ചിരുന്ന ഒരു ഭവനം, വിജയാവകാശത്തെ പുരസ്കരിച്ചു തങ്ങളുടെ ഭക്തിയെ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ തൃപ്പാദങ്ങളിൽ അർപ്പിച്ചു. അനന്തരകാലത്തെ സമരഘട്ടങ്ങളിൽ ആ ഭവനനാഥന്മാരായ കാര്യക്കാരുടെ കാരണവന്മാർ വഞ്ചിരാജസൈനികനിരകളിൽ മേധാവിത്വം വഹിച്ചു യശസ്സമാർജ്ജനം ചെയ്തു. ബാല്യത്തിൽത്തന്നെ സിദ്ധാർത്ഥമഹാത്മാവെപ്പോലെ വിശ്വരഹസ്യങ്ങളെക്കുറിച്ചു ചിന്താവിവശനായ കുഞ്ചൈക്കുട്ടിപ്പിള്ള പരാശ്രയം കൂടാതെ തീർത്ഥയാത്ര ചെയ്‌വാൻ എന്നുദ്ദേശിച്ച് ബഹുഭാഷകളും അവസാനത്തിൽ വല്ല അശ്വത്ഥമൂലത്തിലും യോഗപീഠത്തെ സ്ഥാപിപ്പാൻ രാജയോഗരഹസ്യങ്ങളും അഭ്യസിച്ചതിനിടയിൽ വാസനപ്ലവംഗതയാൽ മാന്ത്രികപ്രയോഗങ്ങളുടെയും സമരകലയുടെയും ജീവബിന്ദുക്കളെക്കൊണ്ടുകൂടി തന്റെ പ്രജ്ഞാകർണ്ണികയെ സംസിക്തമാക്കുകയും ചെയ്‌തു. വിദഗ്ദ്ധനായ ഒരു ജ്യോത്സ്യൻ ഗണിച്ചു ലേഖനം ചെയ്ത തന്റെ ജന്മപത്രികയിൽ മൃത്യുസന്ധിയെ നിർണ്ണയം ചെയ്തിട്ടുണ്ടെന്നു ഗ്രഹിക്കുകയാൽ കുഞ്ചൈക്കുട്ടിപ്പിള്ള ആ കലാസിദ്ധിക്കായും ഗുരുപാദങ്ങളെ സേവിച്ചു. ആ അദ്ധ്യയനം സ്വായുർദ്ദൈർഘ്യത്തെ സൂക്ഷ്മാനം ചെയ്‌വാനുള്ള പാണ്ഡിത്യത്തിൽ എത്തിയപ്പോൾ ഉണ്ടായ ഒരു അന്തർബോധാങ്കുരം തന്റെ കുടുംബനാമത്തെ ഗോപനം ചെയ്തുകൊണ്ടു രാജ്യസേവനം ജീവധാരണവൃത്തിയായി അംഗീകരിപ്പാൻ ഉപദേശിച്ചു. പ്രതിഭാഗ്രഹണത്തിൽ ഗൃധ്രനേത്രനായുള്ള കേശവപിള്ള ഒരു അപൂർവ്വസ്ഥാനനാമം വഹിച്ചിരുന്ന കുഞ്ഞുണ്ണി യുവാവെ 'കുഞ്ചൈക്കുട്ടിപ്പിള്ള' ആക്കി പണ്ടാരവക കാര്യങ്ങളുടെ നിർവ്വഹണത്തിൽ തന്റെ വിശ്വസ്തസ്ഥാനം നൽകി സൽക്കരിച്ചു. [ 243 ]

അന്തരീക്ഷചക്രമാർഗ്ഗമായി അനിവാര്യഗമനംചെയ്യുന്ന ഗ്രഹങ്ങളുടെ സംയോഗാദ്യവസ്ഥകൾ ലോകഗതിനിയന്ത്രകന്മാരായ പരാക്രമികളെ അവതരിപ്പിക്കുന്നു എന്നു വിവക്ഷിക്കുന്ന വിശ്വരഹസ്യജ്ഞന്മാർ ഇന്നും ശാസ്ത്രവേദികളിലെ മിഹിരാചാര്യന്മാരായി ശോഭിക്കുന്നു. ലോകസ്ഥിതികളുടെ അഥവാ രാജ്യസ്ഥിതികളുടെ ഉന്നമനപരിഷ്കരണങ്ങളെ ഏവംവിധം അവതീർണ്ണരാകുന്നവരുടെ ജീവബലികളും ജീവിതബലിഷ്ഠതയും സാധിക്കുന്നു. ഇവരുടെ കണ്ഠരക്താമൃതപ്രോക്ഷണങ്ങൾ ലോകരാജ്യങ്ങൾക്കു ജരാനരകളെ പോക്കി അമരത്വത്തെ ദാനം ചെയ്യുന്നു. ഉപകൃതലോകത്തിന്റെ ഭീരുത്വം, അസൂയ, അന്ധത എന്നിത്യാദി ആത്മതാമിശ്രതകൾ നിമിത്തം ഈ വിശിഷ്ടാപദാനങ്ങൾ ചിലപ്പോൾ വിസ്മരിക്കപ്പെടുന്നു. പ്രത്യുത നിസ്സാരകർമ്മികൾ സ്മാരകാലയപ്രതിഷ്ഠാപനങ്ങളാലും മറ്റും ഭഗവൽപദവിയിലോട്ടുതന്നെ ഉന്നമിക്കപ്പെടുന്നു. ചരിത്രകാരന്മാർ എന്ന ലോകവൈതാളികന്മാർ പലരെയും തങ്ങളുടെ ഗ്രന്ഥശയ്യകളിൽ പടുപ്പിച്ച് താന്താങ്ങളുടെ രുചിഭേദാനുസാരം തൂലികകളാൽ ദണ്ഡിക്കുകയോ വീജനം ചെയ്യുകയോ ചെയ്യുന്നു. അനന്തരാനുഭവങ്ങൾ എങ്ങനെ പരിണമിച്ചാലും ഈ വീരപ്രസവങ്ങളിലെ സന്താനങ്ങൾ ലോകത്തെ അത്ഭുതസംഭ്രമണം ചെയ്യിച്ചു വിജയിച്ചും ജീവധന്വാക്കാളായി ആന്ധ്യത്തോടോ കണ്ടകത്വത്തോടോ സമരം ചെയ്തു വിച്ഛിന്നപക്ഷന്മാരായും ജീവിതാസ്തഗിരിയിലെ അവസാനശാന്തിയെ ഭജിക്കുന്നു.

ഈ വർഗ്ഗം വീരലോകത്തെ പക്ഷേ, സ്മരിപ്പിച്ചേക്കാവുന്ന കാര്യക്കാർ വടക്കുമാറി ഒരു വിശേഷവേഷത്തെ കണ്ടപ്പോൾ ജന്മാവാസനാനുസാരം പ്രവേശിച്ചിരുന്ന ചിന്താസരണിയിൽനിന്നു വീണ്ടും ലോകകാര്യമണ്ഡലത്തെ പ്രാപിച്ച് ആ വിചിത്രവേഷക്കാരൻ തന്നോടു സംഭാഷണത്തിന് അഭിവാഞ്ഛിച്ചുനില്ക്കുന്നതുപോലെ തോന്നുകയാൽ അദ്ദേഹം ആംഗ്യംകൊണ്ട് അവനെ അടുത്തു വരുത്തി. ഇവൻ ദിവാൻജിയുടെ യാത്രാമുഹൂർത്തത്തെ സൂക്ഷ്മമായി അറിഞ്ഞ് ഗൗണ്ഡപ്പാളയത്തിൽ മുന്നറിവുകൊടുക്കാൻ നിയുക്തനായ ഒരു ഭടനായിരുന്നു. ഗൗണ്ഡനിഗ്രഹത്തിനായി ബകതപസ്സ് അനുവർത്തിക്കുന്ന ഇവനെ മന്ത്രഭീഷണിയും കൈക്കാണവും പ്രയോഗിച്ചു കാര്യക്കാർ പാട്ടിലാക്കിയിരുന്നു. ഗൗണ്ഡസഭയിലെ മഹിഷമർദ്ദിനീസാന്നിദ്ധ്യത്തെ പ്രദ്യോതിപ്പിച്ച ദ്വാസ്ഥന്റെ സ്ഥാനം വഹിച്ചതു കാര്യക്കാറരും, ആ വേഷസാമഗ്രികൾ കടംകൊടുപ്പാൻ പ്രേരിപ്പിച്ച ദ്രവ്യവാഞ്ഛ ഇവന്റേതുമായിരുന്നു. ആ രാത്രിയിലെ ഉദ്യമരഹസ്യങ്ങൾ അറികയാൽ ഗൗണ്ഡപ്രഭൃതികളെത്തുടർന്നു പാണ്ടപ്പാളയത്തിലെ പരമാർത്ഥങ്ങൾ ഗ്രഹിച്ചു ദിവാൻജിയെ ധരിപ്പിക്കുവാനും കാര്യക്കാർക്കു സാധിച്ചു. കേരളം മഹിളാസാമ്രാജ്യവും അവിടത്തെ പുരുഷലോകം അഭിചാരകസംഘവും ആണെന്നു വിശ്വസിക്കുന്ന വിദേശീയജളത്വം ഈ ഭടനെ ആപാദമസ്തകം ഗ്രസിച്ചിരുന്നു. തന്നിമിത്തം ആ അന്ധവിശ്വാസിവേഷവാഗ്വ്യാപാരങ്ങളിൽ വൈഭണ്ഡകത്വം തന്നെ പ്രദ്യോതിപ്പിച്ചുവന്ന കാര്യക്കാരുടെ ചൊല്പടിക്കു ചുടുചോറുവാരുവാനുള്ള [ 244 ] പ്ലവംഗകിശോരമായിത്തീർന്നു. മീനാക്ഷിഅമ്മയെ ഗൗണ്ഡൻ പെരിഞ്ചക്കോടനോടൊന്നിച്ചു സന്ദർശിച്ചുവെന്നും ആ ബന്ധുക്കൾ ബാലിസുഗ്രീവനിലയിൽ പിരിഞ്ഞു എന്നും ഗൗണ്ഡൻ തന്റെ തൽക്കാലസങ്കേതത്തിലേക്കു മടങ്ങി മന്ത്രിനിഗ്രഹത്തിനു വ്യൂഹബന്ധം ഉറപ്പിച്ചു കാത്തിരിക്കുന്നു എന്നും ഈ സംഘടനയിൽനിന്നു കര്യക്കാർ ഗ്രഹിച്ചു. ആ ഖരവിരാധമൈത്രി ദൈവഗതിയാൽത്തന്നെ ഖണ്ഡിക്കപ്പെട്ട വൃത്താന്തത്തെ ഒരു വിജയലബ്ധിയായി കര്യക്കാർ തന്റെ സ്മൃതിഗ്രന്ഥത്തിൽ ലേഖനംചെയ്തു.

ജാതിവൈരത്താൽ എന്നപോലെ രാജാധികാരദ്രോഹത്തെ ജീവവ്രതമായി ധരിച്ചിരിക്കുന്ന ഗൗണ്ഡന്റെ സാന്നിദ്ധ്യത്തെ ഒരു ജ്വാലാമുഖീവക്ത്രത്തിന്റെ വിപാടനഘട്ടം എന്നപോലെ പേടിക്കേണ്ടതാണെന്നു ധീരാഗ്രേസരനായ കാര്യക്കാർക്കും തോന്നി. അയാളുടെ അജ്ഞാതവസതിയെ ഉപേക്ഷിച്ചു സ്വഭീമപരമാർത്ഥത്തെ പ്രസിദ്ധീകരിച്ചാൽ, ധനപരിച്ഛദപൗഷ്കല്യം പ്രമാണിച്ചു വലുതായ ഒരു അനുയായി സംഘം ഉണ്ടായേക്കുമെന്നും തന്നിമിത്തം തലസ്ഥാനത്തിനടുത്തുതന്നെ അന്തഃഛിദ്രങ്ങൾ ഉല്പാദിച്ച് അധികാരശക്തിക്കു ക്ഷതവും ക്ഷീണവും സംഭവിച്ചേക്കുമെന്നും അദ്ദേഹം പേടിച്ചു. 'രോഗശേഷ'മായി രാജ്യത്തെ ബാധിച്ചിരിക്കുന്ന ഈ പീഡയെ 'വാൾഭട'പ്രയോഗത്താൽത്തന്നെ ഉന്മൂലനം ചെയ്യേണ്ട കർമ്മത്തെ തൽക്ഷണം അനുഷ്ഠിക്കേണ്ടതാണെന്നും കാര്യക്കാർ തീർച്ചയാക്കി. എന്നാൽ, മഹാരാജാവിനെ അവിടുത്തെ ആശ്രിതവാത്സല്യവും ദിവാൻജിയെ അദ്ദേഹത്തിന്റെ ബന്ധുദാക്ഷിണ്യവും ഇക്കാര്യത്തിൽ ക്രിയാക്ഷീണന്മാരാക്കുന്നതിനാൽ, ആ ദുർമ്മേദസ്സമുച്ചയത്തിന്റെ വിച്ഛേദനത്തിനുള്ള ശസ്ത്രം താൻതന്നെ ആയേക്കാമെന്നു നിശ്ചയിക്കുകയും ചെയ്തു.

ഈ വിധിനിർവ്വഹണത്തിലെ പ്രഥമകരണീയമായി അദ്ദേഹം ഗൗണ്ഡഭടനെ അവന്റെ ഭാഷയിൽ ഭർത്സിച്ചുതുടങ്ങി: "അരരേ ഭംഗാരാം! നിന്റെ തകർപ്പുമോശം! നിന്റെ പ്രതിജ്ഞ വല്ല പുരുഷനും ചെയ്യേണ്ടതായിരുന്നു."

ഭംഗാരാമൻ: "സ്വാമിജീ! തക്കംനോക്കി കത്തി ഇറക്കണമെന്നു ഗുരുജിതന്നെ ശാസിച്ചിട്ടില്ലേ? സുർത്താൻ ബഹദൂർസന്നിധാനത്തിലെ സ്ഥാനപതിയെ കൊലചെയ്തു എന്നു വെളിപ്പെട്ടാൽ, പട്ടിണിക്കാരൻ ഭംഗാരാമന്റെ കുടുംബവും ജന്മദേശമായ തുംകൂർഗ്രാമവും ഭസ്മായിത്തീരൂല്ലേ?"

കുഞ്ചൈക്കുട്ടിപ്പിള്ള: "ശരി, ശരി, തുംകൂർ ഭംഗാരാ! നീ കരൾ കളഞ്ഞ കുറുനരി. വീര്യം വരണ്ട ഭീരു. പേ പറയുന്ന കട്ടിയക്കാരൻ. സ്വപ്നക്കാരനായി നടക്കാനല്ലാതെ മറ്റൊരാളെ ഉറക്കാൻ നിനക്കു കരുത്തില്ല." [ 245 ]

ഭംഗാരാമൻ: "ആശിസ്കരനാകേണ്ട സ്വാമിൻ! ഈ അല്പപ്രജ്ഞൻ എന്തു ചെയ്യും? തനിച്ചിരിക്കുമ്പോൾ മാത്രമേ തക്കം കിട്ടുകയുള്ളു. അപ്പോൾ ഉണർച്ചയോടിരിക്കുന്നതായാൽ, ഭട്ടഗുരുക്കൾ അടുത്തുകൂടാത്ത കാട്ടുപോത്താണ്. ധ്യാനവേളകളിൽ അവസരം കിട്ടി, കഠാര ഉയർത്തിയ കൈ 'കേശവാ!' എന്ന ജപത്താൽ തളർത്തപ്പെട്ടു. ഭഗവന്നാമം ഉച്ചരിക്കൂമ്പോൾ കൊല്ലപ്പെട്ടാൽ അവനു സ്വർഗ്ഗമല്ലേ? ഇവൻ ആ ദേഹിയാൽ ശപിക്കപ്പെടില്ലേ?"

കുഞ്ചൈക്കുട്ടിപ്പിള്ളയ്ക്ക് ആ കേശവനാമപാരായണത്തിന്റെ സാരം ലഘുഗ്രാഹ്യമായിരുന്നു. ധനാധികാരപ്രതാപങ്ങളെ മാത്രം ആരാധിക്കുന്ന ആ പാഷണ്ഡൻ വിഷ്ണുധ്യാനത്തിൽ അമരുകയെന്നുള്ള അസംഭാവ്യതയെ ഗ്രഹിപ്പാൻ കഴിയാത്ത ഭംഗാരാമന്റെ മൗഢ്യത്തെ അദ്ദേഹം ശപിച്ചു. രാജകോപവും മന്ത്രിനയവും വിലകിനിൽക്കയാൽ, ആയുർവൃദ്ധികിട്ടുന്ന ഗൗണ്ഡന്റെ ദ്രോഹകൂടത്തെ ഇതര ഹസ്തത്താൽ ധ്വംസിക്കുന്നതിനു പ്രയോഗിച്ച ചാണക്യാശസ്ത്രം മൃദുഷ്പമാത്രമായി കലാശിച്ചതുകണ്ടപ്പോൾ അദ്ദേഹം കോപിഷ്ഠനുമായി. "ഛേ! ജളപ്രഭു! പശു തിന്നുന്ന വർഗ്ഗത്തെ സേവിക്കുന്നവർക്കു ധ്യാനവേളയോ? ആട്ടെ പോ, ആ ദുഷ്ടകരം ഉത്ഭവിപ്പിച്ച പ്രേതം ഉണർച്ചയിലും ഉറക്കത്തിലും നിന്നെ കഷ്ടപ്പെടുത്തട്ടെ! പിശാചരൂപങ്ങൾ നിന്റെ കണ്ണുകൾക്കു മുമ്പിൽ അണിയിടട്ടെ! ഞാൻ തന്ന യന്ത്രത്തിന്റെ ശക്തി ഇന്നോടെ നഷ്ടം; നടക്ക്."

തന്നെ സ്വപ്നഭീതികളിൽനിന്നും രക്ഷിച്ചുപോന്ന യന്ത്രത്തിന്റെ മന്ത്രശക്തി ഇങ്ങനെയുള്ള ഉപസംഹാരശാപത്താൽ നഷ്ടമാക്കപ്പെട്ടപ്പോൾ, അത്യാതുരനായ ഭടൻ കാര്യക്കാരുടെ പാദങ്ങളിൽ വീണു ധൂളി വാരി വായിലിട്ടും തലയിലറഞ്ഞും കരഞ്ഞു. അദ്ദേഹം കർണ്ണഭേദകമായ ഒരു ഹാസക്രോശത്താൽ അവനെ എഴുനേല്പിക്കുകയും, മന്ത്രമായി ചിലത് ഉപദേശിക്കുകയും ചെയ്തിട്ടു തിരിഞ്ഞും നിലത്തു നോക്കാതെ പറന്നുകൊൾവാൻ ആജ്ഞാപിച്ചു.

ഭംഗാരാമൻ ഗണ്ഡരോമങ്ങളെ ചൊറിഞ്ഞും പാദങ്ങളെ പരസ്പരം ഉരുമ്മിയും, "സ്വാമിജീ! സ്വാമിജീ!" എന്നു മന്ത്രിച്ചുംകൊണ്ട് അവിടെത്തന്നെ നിലകൊണ്ടു. വേറൊരു വൃത്താന്തംകൂടി ആ ഭടനു ധരിപ്പിക്കുവാൻ ഉണ്ടെന്നു സംശയിക്കുകയാൽ കാര്യക്കാർ, "ഭംഗാരാമന്റെ ഉദരപക്ഷികൾ വിശപ്പു നിമിത്തം കേഴുന്നുവോ?" എന്നു നർമ്മരസാനുകാരിയായി അന്വേഷിച്ചു.

ഭംഗാരാമൻ: "ക്ഷമിക്കണേ സ്വാമിജീ! ഗൗണ്ഡഗുരുപാദർക്ക് ഈയിടെ വേറൊരു ശത്രു ഉണ്ടായിരിക്കുന്നു. കണ്ടുകൂടാത്ത പല്ലുകൾ ഞെരിച്ചുകൊണ്ടും മീശജടയെ ചിലപ്പോൾ വലിച്ചുപൊട്ടിച്ചും ഒരു കൊലകൂടി ചെയ്തിട്ടു ടിപ്പു സൈന്യത്തോടു ചേരുമെന്ന് ഉറക്കെ പറഞ്ഞുപോകുന്നു. ശത്രുവിന്റെ പേർ-"

ദീർഘകാലദാഹത്തെ ശമിപ്പിപ്പാൻ കിട്ടിയ ഭാഗ്യാവസരത്തിൽ തന്റെ കരനിരോധംകൊണ്ടു കഴക്കൂട്ടത്തെ കൂപസ്ഥധനം ആ ഭുതത്തിനു നഷ്ടമാക്കിത്തീർത്ത താൻതന്നെയാണ് ഭംഗാരാമൻ പറയുന്ന ശത്രു എന്നു [ 246 ] കാര്യക്കാർ ഊഹിച്ചു: "പറഞ്ഞേക്ക്. ശങ്കിക്കണ്ടാ. എന്നെ കൊല്ലുന്നതിന് ഇങ്ങോട്ടു നീങ്ങോനോ മറ്റോ ഭാവമുണ്ടോ?"

ഭംഗാരാം കാര്യക്കാരുടെ അഭിപ്രായം ശരിയെന്നുള്ള ഭാവത്തിൽ തലകുലുക്കി.

കുഞ്ചൈക്കുട്ടിപ്പിള്ള: "എന്നാൽ, എന്റെ ഉപദേശങ്ങൾ മറന്നേക്ക്. അയാൾ താനേതന്നെ ഇങ്ങോട്ടു വന്നു ചാടട്ടെ, നടക്ക്. നീ അശരണനാകുന്നെങ്കിൽ ഇങ്ങോട്ടു പോന്നേക്ക്."

'പാശ്ചാത്യ' എന്ന തല കുമ്പിടീക്കും വിശേഷണത്താൽ മുന്നകമ്പടി സേവിക്കപ്പെട്ടുള്ള 'പരിഷ്കാര'ത്തിന്റെ പരിപൂർണ്ണപ്രവാഹത്തിന് ഒരു ശതവർഷം മുമ്പുള്ള കാലത്തെ വഞ്ചിരാജമന്ദിരം അതിലെ പരിചാരകന്മാർക്കും ദരിദ്രപൗരന്മാർക്കും കല്പകവൃക്ഷനിബിഡമായ ഒരു സ്വർഗ്ഗോദ്യാനമായിരുന്നു. ദിവാൻജി വടക്കോട്ടു യാത്രചെയ്‌വാനുള്ള പത്തേമാരിയിൽ കയറിയതിനു മുൻപ് ആ ഉദ്യാനത്തിലെ ഒന്നുരണ്ടൊഴികെയുള്ള കവാടങ്ങൾ വിശേഷാൽ പൂട്ടുകളിട്ടു ബന്ധിക്കപ്പെട്ടു. തുറന്നുനില്പാൻ അനുവദിച്ച വാതിലുകളിലെ ഗാട്ടുകൾ ഇരട്ടിച്ചു. പ്രവേശനബഹിർഗ്ഗമനങ്ങൾ നിഷ്കർഷമായ നിയമങ്ങളാൽ വ്യവസ്ഥാപിതമായി. എന്നു മാത്രമല്ല, രാജാധിവാസസങ്കേതം മുഴുവൻ ഒരു ഭടജനപ്രാകാരത്താൽ വലയിതമാവുകയുംചെയ്തു.

ഈ നിഷ്കർഷകളാൽ പീഡിപ്പിക്കപ്പെട്ട നിസ്സ്വന്മാർ മഹാരാജാവിന്റെ വിജയത്താൽ പൂർവ്വസ്ഥിതികളുടെ ആവർത്തനം ശീഘ്രതരം സംഭവിക്കട്ടെ എന്നു പ്രാർത്ഥിച്ച് അടങ്ങി. എന്നാൽ രാജമന്ദിരത്തിലെ പുറംപരിചാരകന്മാർ കാര്യക്കാരുടെ ഏർപ്പാടുകളിൽ ഒരു രാവണോദയം കണ്ട് രാമശരം താന്താങ്ങൾതന്നെ വഹിച്ചു ലങ്കയ്ക്കു നേരേ സൂര്യോദയം ഉണ്ടാക്കാൻ യത്നിച്ചു. ഇപ്രകാരമുള്ള ദശകണ്ഠനിധനത്തിനു ധൃതദണ്ഡന്മാരായ ഭൃത്യസംഘത്തിലെ ഒന്നുരണ്ടു നേതാക്കന്മാരുടെ കർണ്ണദലങ്ങൾ കാര്യക്കാരുടെ ലോഹാംഗുലീഗ്രഹണത്തിന്റെ ശൈത്യസുഖത്തെ അനുഭവിച്ചറിഞ്ഞപ്പോൾ, പരിചാരകചക്രം രാവണവധത്തിനു മുമ്പെ പാലാഴിയിൽ ഒരു സങ്കടസമർപ്പണം ഉണ്ടാകേണ്ടതാണല്ലോ എന്നു സ്മരിച്ചു കലാപശ്രമങ്ങളെ കൈവിട്ടു. നഗരിയിലെ ഏകവസ്ത്രപ്രഭുക്കൾക്കും പല കുറിക്കാരായ രസികവർഗ്ഗത്തിനും പുരൂരവസ്ഥാനപ്രദായിനികളായി വിലസിയിരുന്ന രാജമന്ദിരോർവ്വശികൾ അടുത്തപോലുള്ള പ്രക്ഷോഭകാരിണികളായി അണിയിട്ടു. അവരുടെ വാഞ്ഛാനുസാരമായുള്ള സഞ്ചാരങ്ങൾക്കു സഹകാരിയായി തങ്ങളുടെ 'ആറുമുറി'യായ അഭ്യാസശാലയിൽനിന്ന് അതിന്റെ പൂർവഭാഗത്ത് സരസ്തീരത്തിലേക്കുണ്ടായിരുന്ന ഒരു വാതിലിന്റെ ഉപയോഗത്തെയും കുഞ്ചൈക്കുട്ടിപ്പിള്ളയുടെ കഠിനവ്യവസ്ഥകൾ നിരോധിച്ചപ്പോൾ, മഹാരാജാവിന്റെ കോവിലെഴുന്നള്ളത്തുസന്ദർഭത്തിൽ നാടകശാല എന്ന [ 247 ] ഗോപുരമുഖപ്പിൽവച്ച് ഒരു കളകണ്ഠീസംഘത്തിന്റെ ആർത്തരാഗപ്രലാപം സമ്മേളിക്കപ്പെട്ടു. ആ നർത്തകീസംഘത്തിലെ ചിത്രസേനൻ കാര്യക്കാരായ ബഹുശാസ്ത്രവിദഗ്ദ്ധൻറെ മുൻപിൽ അക്ഷണം ആനീതനായി. ഭരതകലാപരീക്ഷണത്തിൽ ആ നാടകാചാര്യർ നിശ്ശബ്ദനായിനിന്നു വിയർപ്പായി വിദ്രവിച്ചുതുടങ്ങി. "നിലത്തു നിന്നില്ലെങ്കിൽ!" എന്നു മാത്രമുള്ള ഒരു ക്രോധാട്ടഹാസം ആ ഭരതാചാര്യരെ ഉദ്ധൂതോദ്യോഗനാക്കാതെ തല്ക്കാലം രാജമന്ദിരവളപ്പിൽനിന്നു പലായനം ചെയ്യിച്ചു. നർത്തകികളായ അമ്പു, അമ്മയ, രാമലക്ഷ്മി, ഉമയപാർവ്വതി പ്രഭൃതികൾ തങ്ങളുടെ സംഗീതകലാവിഷയത്തിലുള്ള നിസ്സാരതയെ ഓർത്തു, താദൃശപരീക്ഷകളിലെ സ്വേദസ്രവണംകൂടാതെ കഴിവാനായി സങ്കടമറിയിപ്പിൽനിന്നു വിരമിച്ചു.

അടുത്തപോലുണ്ടായ പ്രക്ഷോഭം അകത്തെ പ്രവൃത്തിക്കാരായ ബാഹുജസംഘത്തിനിടയിലും സങ്കടസമർപ്പണം പള്ളിശ്ശയനാലയത്തിലുംതന്നെ ആയിരുന്നു. മഹാരാജാവു തന്റെ സേവകപരിവൃഢനായുള്ള 'കൃഷ്ണപുര'ത്തോടു സ്വസമീഹിതത്തെ കല്പിച്ചു. "ആ കണ്ഠീരവന്റെ ശ്രമം ഞാൻതന്നെ കണ്ടതാണ്. വല്ല കമ്പക്കൂത്താടിയും ഇങ്ങോട്ടു ചാടിക്കടക്കുമ്പോൾ നിങ്ങൾ വല്ലടത്തുമിരുന്നു ചുട്ടിമുനയെണ്ണുകയായിരിക്കും. കാലസ്ഥിതികൾ നിങ്ങൾ എന്തറിഞ്ഞു? ധർമ്മസമരക്രമങ്ങൾ കഴിഞ്ഞ യുഗത്തോടെ അവസാനിച്ചു. ഇപ്പോൾ ഗൂഢവധങ്ങൾകൊണ്ടുള്ള വിജയാപ്തിയെ കിരീടധാരികളും ആഗ്രഹിക്കുന്നു. അതിനു, ധനകാംക്ഷികൾ ആയുധങ്ങളായി ചെന്നു ചാടി തീട്ടൂരങ്ങൾ വാങ്ങി പല വേഷത്തിലും പുറപ്പെടുന്നു. നല്ലോണം ഉരച്ച് മാറ്ററിഞ്ഞ് അടുപ്പിച്ചിട്ടുള്ള വിശ്വസ്തന്മാർ ഓരോ വ്യവസ്ഥകൾ ചെയ്യുമ്പോൾ ഞാൻ വിലങ്ങെ വീഴാൻ തയ്യാറല്ല. പോവുക. കാര്യക്കാരെ മുഷിപ്പിച്ചാൽ അവിശ്വാസിയെന്നു നാം വിചാരിച്ചതായി അവൻ വ്യസനിച്ചേക്കും. നാം എല്ലാം സുഖമായി കുളിച്ചുജപിച്ചു പായസം ഉണ്ട് കാറ്റും വെയിലും കൊള്ളാതെ ഉറങ്ങുന്നു. എത്ര പേരാണ് അങ്ങോരോ കാട്ടിലും കായൽക്കരയിലും മുൾപ്പടർപ്പിലും പുഴക്കുഴികളിലും കിടന്നു കഷ്ടപ്പെടുന്നത്!" (മഹാരാജാവിന്റെ വളർത്തപ്പെട്ടുള്ള മീശ ജൃഭിച്ചു മുഖം രൗദ്രരസപ്രസരം കൊണ്ടു വിപ്ലവിക്കുകയും ചെയ്തു) "അല്പം ബുദ്ധിമുട്ടു തൽക്കാലം സഹിക്കുവാൻ മനസ്സില്ലാത്തവർ-"

രാമവർമ്മമഹാരാജാവിന്റെ അരുളപ്പാട് ഖഡ്ഗധാരസംഘർഷണസ്വനത്തിന്റെ മൃദുസൂക്ഷ്മതയിൽ എത്തിയപ്പോൾ, ആ വാചകം പൂർത്തിയാക്കാൻ ഇടകൊടുക്കാതെ ആവലാതിക്കാർ രാജസന്നിധിയെ വിവിക്തസങ്കേതമാക്കിപ്പൊലിഞ്ഞു.

മാംസകാക്ഷികളായുള്ള വ്യാഘ്രങ്ങൾ തങ്ങളാൽ ഹനിക്കപ്പെട്ട സാധുമൃഗങ്ങളുടെ ശരീരങ്ങളെത്തേടി വീണ്ടും നിധനസ്ഥലങ്ങളിൽ എത്തുമ്പോലെ ഗൗണ്ഡൻ അനന്തനഗരിയിൽ രണ്ടാമതും വ്യാപാരശാലാസ്ഥാപനം ചെയ്തു. അയാളുടെ അനുചരസംഘം [ 248 ] ബഹുഗണീഭവിച്ചിട്ടുള്ളതായും പൗരന്മാരുടെ ഭയഗ്രസ്തമായുള്ള നേത്രങ്ങൾ ദർശിച്ചു. രാജപാദങ്ങളിൽ ശരണപ്രാർത്ഥകരായി എത്തുന്നവരുടെ പരമാർത്ഥങ്ങളെ അന്വേഷിക്കാതെ നൽകപ്പെടുന്ന അഭയം ആത്മഹത്യയ്ക്ക് ഉപകരിക്കുന്ന പാശത്തിന്റെ നിർമ്മാണമല്ലേ എന്നു നഗരവാസികൾ പരസ്പരം പ്രശ്നംചെയ്തു. കേരളീയരും വിദേശീയരുമായി ഗൗണ്ഡന്റെ വിശേഷായുധങ്ങൾ ധരിച്ചുള്ള ഭടന്മാർ നഗരവീഥികളിൽ സഞ്ചാരം തുടങ്ങിയപ്പോൾ, കാര്യക്കാരുടെ ദീർഘദർശിത്വം അസ്തമിച്ചുപോയോ എന്നു ജനങ്ങൾ ആശ്ചര്യപ്പെട്ടു. ഇതിനിടയിൽ കിഴക്കേ നന്തിയത്തുനിന്ന് ഉണ്ണിത്താന്റെ പുത്രിയായ സാവിത്രിക്കുട്ടി നിർജ്ജീവസാധനമെന്നപോലെ ആരാലോ തസ്കരിക്കപ്പെട്ടിരിക്കുന്നു എന്നു കേട്ടപ്പോൾ, അച്ഛൻ പ്രഭുവിനെ വന്ദിച്ചുപോന്ന നിരവധി ഗൃഹവാസികൾ കൂട്ടമിളകി ജനവസതികളുടെ അരക്ഷിതസ്ഥിതിയെക്കുറിച്ചു നിർഭയം ആക്ഷേപാഭിപ്രായങ്ങൽ പ്രസിദ്ധീകരിച്ചു. സാവിത്രീകാമുകന്റെ അച്ഛൻ ദക്ഷിണതിരുവിതാംകൂറിലെ ഒരു പ്രഭുപ്രധാനനും അസംഖ്യം തുല്യഗൃഹങ്ങളോടു സംബന്ധമുള്ള ഒരു പ്രമാണിയും ആയിരുന്നതിനാൽ, ആ ദിക്കിലെ ജനങ്ങളും ഒരുവിധം സംഭ്രാന്തിക്കു വശന്മാരായി. അവസ്ഥകൾ മഹാരാജാവു ഗ്രഹിച്ചപ്പോൾ, കാര്യക്കാരെ വരുത്തി അവിടുത്തെ കൃപാഹ്രദമായ ഹൃദയം വേപഥുപ്പെടുന്ന പരമാർത്ഥത്തെ ഇങ്ങനെ അരുളിച്ചെയ്തു. "എന്താ കാര്യക്കാരേ, ഈ കേൾക്കുന്നത്? ഈ ഗൗണ്ഡശനി എന്തിനായിട്ട് ഇപ്പോഴത്തെ വക്രഗതിയിലോട്ടു ചിരിച്ചു? എങ്ങോട്ടെങ്കിലും ദൂരത്തു നീങ്ങിത്തുലയട്ടെ എന്നു വിട്ടപ്പോൾ, വീണ്ടും ഇങ്ങോട്ടുതന്നെ ചാടി അനർത്ഥങ്ങളുടെ ശകുനമാകുന്നതു കണ്ടില്ലേ?"

കാര്യക്കാർ: (താൻ അറിഞ്ഞിരുന്ന ഗൗണ്ഡോദ്ദേശ്യത്തെ പുറത്തുവിടാതെ) "അടിയൻ! അയാളുടെ മുമ്പിലത്തെ കച്ചവടം നല്ലനടപ്പിലായിരുന്നു എന്നു കേട്ടിട്ടുണ്ട്. വലിയ ക്രയവിക്രയങ്ങൾ ഉദ്ദേശിച്ചു നല്ലവണ്ണം ചെമ്പുകാശു കുമിഞ്ഞുവങ്കിലും ചിലതിലെല്ലാം ഇളിഭ്യംപറ്റി. ഇപ്പോൾ യുദ്ധം അടുക്കുന്ന കാലവുമാണല്ലോ. മുമ്പിലത്തെപ്പോലുള്ള നല്ല പ്രചാരമില്ലെങ്കിലും വല്ലവരുടെയും കണ്ണിൽ മണ്ണിട്ടു വല്ലതും പറ്റിക്കാമെന്നുവച്ചു വിടകൊണ്ടിരിക്കുകയാണ്."

മഹാരാജാവ്: "വിളംബരം അനുസരിച്ചു വിദേശീയന്റെ നിലയിൽ അയാളെ ബന്ധനത്തിലാക്കിക്കൂടെ?" ആ നടപടി ലഘുനിവർത്തിതമാണെങ്കിലും ബന്ധനത്തിലാക്കുന്നതുകൊണ്ടു മാത്രം ഗൗണ്ഡന്റെ നിഷ്ഠുരതയ്ക്കു ശമനം വരുകയില്ലെന്നു മഹാരാജാവിന്റെ കൃപാധോരണി അയാളെ ശിക്ഷിക്കേണ്ട ഘട്ടത്തിൽ രക്ഷിച്ചേക്കുമെന്നും തോന്നി ഖണ്ഡിച്ചുള്ള തിരുവുള്ളത്തെ പ്രസ്രവിപ്പിക്കുവാനായി കാര്യക്കാർ ഇങ്ങനെ അറിയിച്ചു:

"അയാൾ പല കമ്പനിക്കാരുടെയും നവാഭന്മാരുടെയും തീട്ടൂരങ്ങൾ വഹിക്കുന്ന വ്യാപാരിയാണ്. അന്യരാജ്യക്കാരുടെ വ്യാപാരം ഇവിടെ പ്രബലപ്പെടണമെന്നാണ് തിരുവുള്ളത്തിൽ ആഗ്രഹവും." [ 249 ]

മഹാരാജാവ്: "ദുർവ്യാപാരം പ്രബലപ്പെടണമെന്ന് ആരെങ്കിലും ആഗ്രഹിച്ചുവോ? എന്തായാലും ഈ അനർത്ഥം നീക്കിയില്ലെങ്കിൽ ഇവിടെങ്ങും ആർക്കും സുഖമുണ്ടാവില്ല."

കാര്യക്കാർ: "കല്പനപോലെ ചെയ്യാം. തിരുമനസ്സിൽ അറിയിക്കേണ്ടത് ഇപ്പോൾ അടിയന്റെ ചുമതല. ദിവാൻജിയജമാനനും ഉണ്ണിത്താൻ കാര്യക്കാരും നിരപ്പിലല്ലാത്ത സ്ഥിതിക്കു വല്ലതും ചെയ്തുവെന്നു വച്ചാൽ പരമാർത്ഥം. പക്ഷേ, വെളിപ്പെടുമ്പോൾ, അവർ തമ്മിൽ പെരുമ്പോരുണ്ടായേക്കാം. അന്ന് ഇപ്പോഴത്തെ ആലോചന വേണ്ടിയില്ലായിരുന്നു എന്നു കല്പിച്ചാൽ അടിയൻ പുറമ്പുള്ളിയായിപ്പോകും."

മഹാരാജാവ്: "നീ കുസൃതി! നമ്മെ വിഷമിപ്പിക്കാൻ വേണ്ട വിദ്യകളെല്ലാം നിൻറെ കൈയ്ക്കൽ ഉണ്ട്. ഒന്നു നോക്കുമ്പോൾ നീ പറയുന്നതു ശരിയുംതന്നെ. ആ ഉണ്ണിത്താനെ ആദ്യം കണ്ടന്നുമുതൽ പ്രത്യേകമായി ഒരാദരം നമുക്കു തോന്നിയിട്ടുണ്ട്. അവന്റെ കുടുംബത്തിനു നാമായി മാനഹാനി വരുത്തിക്കൂടാ. നല്ലവണ്ണം സൂക്ഷിച്ചുകൊണ്ടാൽ മതി. ആ പെൺകുട്ടിയുടെ കഥ - അവളെന്താ ചെറുവികൃതിയാണോ?"

കാര്യക്കാർ: (തന്റെ അഭിലാഷാനുസാരമായുള്ള കല്പന കിട്ടാഴികയാൽ കാര്യസ്ഥിതികളെ ശപിച്ചും പരമാർത്ഥാനുകാരിത്വം എന്ന ധർമ്മത്തെ മറന്നും) "ആവോ, അടിയനു രൂപമില്ല. കുറച്ചു സ്വാതന്ത്ര്യബുദ്ധി - പുരുഷത്വം കൂടുതലും - എങ്കിലും നല്ല തന്റേടമുള്ള കൂട്ടത്തിൽ എന്നു അടിയൻ കേട്ടിട്ടുണ്ട്. അവരുടെ ബന്ധുക്കളിൽത്തന്നെ വല്ലവരും കൊണ്ടുപോയിരിക്കാമെന്നും കേൾക്കുന്നുണ്ട്. എങ്ങനെ അറിയുന്നു!"

മഹാരാജാവ്: "കുഞ്ചൈക്കുട്ടിയറിഞ്ഞില്ലെങ്കിൽ ആരറിയും? എന്തായാലും ആ സാധു ഉണ്ണിത്താൻ വ്യസനിക്കും. കേശവനും അസ്വാസ്ഥ്യമുണ്ടാകും. നീ അത്ഭുതക്രിയകൾ സാധിക്കുന്ന വിക്രമനല്ലേ? അവളെ കണ്ടുപിടിച്ച് ഇങ്ങോട്ടു കൊണ്ടേല്പിക്കുക. കേശവനെയും ഉണ്ണിത്താനെയും യോജിപ്പിക്കാൻ നമുക്ക് ഒരവസരം കിട്ടിക്കൊള്ളട്ടെ."

ഈ കൃപാലുത്വം ആ രാജർഷിയിൽനിന്ന് ഒരു സാമാന്യന്റെ ആകാംക്ഷയെന്നപോലെ ഗളിതമായപ്പോൾ, കാര്യക്കാർക്കു തന്റെ അനുഷ്ഠേയവിധത്തെക്കുറിച്ച് അല്പം സംഭ്രമം ഉണ്ടായി. അദ്ദേഹം ആ അപഹരണത്തെപ്പറ്റി ഒരു പര്യേഷണവിമർശനത്തെ ഇങ്ങനെ സമർപ്പിച്ചു:

"സംബന്ധികളിൽ ഒരു ധൂർത്തന്റെ ക്രയയായിരിക്കാം. ആ അജിതസിംഹനെയും ശങ്കിക്കാൻ സംഗതിയുണ്ട്. ഈ ഗൗണ്ഡന്റെ കൈനീളവും ആരു കണ്ടു? ആ കുട്ടിയുടെ ജനനം പെരിഞ്ചക്കോടൻ എന്ന രാക്ഷസന് ഒട്ടുംതന്നെ സമ്മതമല്ല. ദിവാൻജിയജമാനൻ ആ കുട്ടിയെ കൊട്ടാരക്കരക്കാര്യക്കാരുടെ സൂക്ഷിപ്പിൽ ഏല്പിച്ചിട്ടുണ്ട്. ആ കിടാത്തിതന്നെ അജിതസിംഹനും മറ്റും പിടികൂടാതെ അവരുടെ വല്ല കുപ്പപ്പാട്ടിലേക്കും ചാടിക്കടന്നുമിരിക്കാം."

മഹാരാജാവ്: "ശരി. ഇങ്ങനെ അവളെ കണ്ടുപിടിക്കുക കഴിഞ്ഞോ? ഗൗണ്ടന്റെ കൈനീളംപോലതന്നെയാണ് കാര്യക്കാർക്കു [ 250 ] തോന്നുമ്പോൾ പ്രയോഗിക്കുന്ന വക്രസൂത്രവും. നല്ലോണം ചിന്തിച്ചു പറയൂ. ഏതു വിധത്തിൽ എങ്ങോട്ടു പോയിരിക്കാം?"

കാര്യക്കാർ അല്പനേരം സമാധിസ്ഥനെന്നപോലെ നിന്നിട്ട് 'പൊന്നുതിരുമേനീ! എന്നുള്ള വിനയസംബോധനയോടും തന്റെ ദർശനം തെറ്റിപ്പോകാമെങ്കിലും മൂന്നാമതൊരുവൻ അറിഞ്ഞുകൂടാ എന്നുള്ള പ്രാർത്ഥനയോടും സാവിത്രീകന്യക ആ മുഹൂർത്തത്തിൽ ഏതൊരു നിലയനത്തെ ലക്ഷ്മീസങ്കേതമാക്കിത്തീർക്കുന്നു എന്ന് ഉണർത്തിച്ചു. മഹാരാജാവിന്റെ കായദൈർഘ്യം ഒന്നു വർദ്ധിച്ചതുപോലെ കണ്ഠം ഉയർന്നു. അവിടുന്ന് ആകാശവീക്ഷണനായി സ്ഥലകാലഭ്രമങ്ങൾ നേരിട്ടതുപോലെ നിലകൊണ്ടു. ചൂണ്ടുവിരൽ നാസാന്തത്തിൽ പതിപ്പിച്ചുകൊണ്ട് കഫപ്രസരത്തോടുകൂടിയുള്ള ശബ്ദത്തിൽ ഇങ്ങനെ ചോദ്യം തുടങ്ങി:

"എന്ത് കുഞ്ചൈക്കുട്ടീ! ഭ്രാന്തല്ലേ നീ പുലമ്പുന്നത്?"

കാര്യക്കാർ: "അടിയൻ കണ്ട വസ്തുതയെ തൃപ്പാദത്തിലാക്കി. പരമാർത്ഥം ഭഗവാനറിയാം."

മഹാരാജാവ്: "അങ്ങനെ വരാൻ വഴിയെങ്ങനെ മഹാദുർഘടമല്ലേ അത്? അന്യഗൃഹം കണ്ടിട്ടില്ലാത്ത ആ കുട്ടി ആ അസുരസംഘത്തിൽ എന്തു ചെയ്യും? നമ്മുടെ പ്രജകളെന്നു നടിക്കുന്ന കൂട്ടം ഇത്രത്തോളം ദുഷ്ടന്മാരാകുന്നല്ലോ! കുലമഹത്ത്വവും ജാത്യാഭിമാനവും എല്ലാം മറക്കുന്ന നീചത്വത്തിനു നാം എന്തു പറയും എന്തു ശിക്ഷ കൊടുക്കും? തിരിയുന്നവഴിക്കെല്ലാം സംബന്ധബന്ധങ്ങൾ നമ്മെ കഷായിപ്പിക്കുന്നു."

കാര്യക്കാർ: "അടിയങ്ങളുടെ ക്ഷേമത്തിനു പൊന്നുതിരുമേനി എല്ലായ്പ്പോഴും ശ്രീപത്മനാഭന്റെ രക്ഷയെ പ്രാർത്ഥിക്കുന്നു. തിരുമനസ്സിലെ ഭക്തിയും പുണ്യപൂരവും ആ കിടാത്തിയെയും രക്ഷിക്കും."

ഈ വാക്കുകൾ കേട്ട് മഹാരാജാവ് കൈകൂപ്പി നിന്നു. അനന്തരം ഇങ്ങനെ അരുളിച്ചെയ്തു:

"ഇവിടത്തെ പ്രവേശനം എപ്പോഴെങ്കിലും വേണ്ടിവരുന്നെങ്കിൽ ഉടനെ ധരിപ്പിക്കണം, കേട്ടോ. രാജ്യം വിട്ടുകൊടുക്കാതെ എന്തു കരാറും ചെയ്‌വാൻ ഇവിടെ തയ്യാറാണ്. ആ കുട്ടിക്കുവേണ്ടി ആരു മടിച്ചാലും ഇവിടുന്ന് എന്തു ചിലവുചെയ്‌വാനും ഒരുക്കംതന്നെ."

കാര്യക്കാർ മിണ്ടാതെ നിന്നു.

മഹാരാജാവ്: "ഈ സ്ഥിതികളിൽ കേട്ടോ കാര്യക്കാരേ, ഒരു സംഗതി നല്ലവണ്ണം ഓർമ്മിച്ചു നഗരരക്ഷ നടത്തണം. ഇങ്ങോട്ടെത്തുന്നവർ എല്ലാം വിഭീഷണന്മാരല്ല. പലരും ജടാസുരന്മാരാണ്. കലാപമൊന്നും കൂടാതെ ദ്രോഹത്തിന് ഒരുമ്പെടുന്നവനെ അമർത്തിക്കളയണം. അതിനു മറ്റാരും അനുവദിക്കേണ്ടതില്ല."

താൻ അഭിലഷിച്ചതായ കല്പന ഇത്ര ഊർജ്ജിതത്തോടെ കിട്ടിയപ്പോൾ, കാര്യക്കാർ സാമാന്യമായ ഒരു അരുളപ്പാട് കേട്ടതുപോലുള്ള നിശ്ചഞ്ചലതയോടെ തൊഴുതു വിടവാങ്ങി. ഗൗണ്ഡന്റെ മർദ്ദനകർമ്മം താൻ നിവർത്തിച്ചാൽ ദിവാൻജിയുടെ ചോദ്യത്തിനുപോലും ഉത്തരം [ 251 ] പറയേണ്ടതായി വരുകയില്ലെന്നുള്ള ചാരിതാർത്ഥ്യപ്രമോദത്തോടെ കാര്യക്കാർനടകൊണ്ടു.

സാവിത്രിയുടെ അപഹരണകഥ ഗ്രഹിച്ചപ്പോൾ തന്റെ ഹൃദയാഴിയെ മഥനം ചെയ്‌വാൻ എത്തുന്ന ഒരു ക്ഷതഹൃദയനോടു സ്വല്പനേരത്തെ മായാവിഹാരത്തിന് ഒരുങ്ങേണ്ട മുഹൂർത്തം സമാഗതമാകുന്നു എന്നു കുഞ്ചൈക്കുട്ടിപ്പിള്ള സമീക്ഷിച്ചു. മധുരാശനത്തിന് ത്രിവിക്രമപ്രഭൃതികൾ കുഞ്ചൈക്കുട്ടിപ്പിള്ളയാൽ ക്ഷണിക്കപ്പെട്ട നിശാവേള അടുത്ത പക്ഷത്തിലും ആവർത്തിതമായി. ശീലവതിയുടെ പ്രാർത്ഥനയാൽ സൂര്യരഥം നിലകൊണ്ടപോലുള്ള വിശ്വാവസ്ഥയെ തരണം ചെയ്യുന്ന ത്രിവിക്രമകുമാരൻ ദിവാൻജിയുടെ ആജ്ഞാനുസാരം മീനാക്ഷിഅമ്മയെ സന്ദർശിച്ചു സമാശ്വസിപ്പിച്ചിട്ട് രാജമന്ദിരത്തിനകത്തു പ്രവേശിച്ചു കൂഞ്ചൈക്കുട്ടിപ്പിള്ളയെ ആരാഞ്ഞു തുടങ്ങി. ചെറുമുറികളും ഉത്തരക്കെട്ടുകളും വൃക്ഷശിഖകളും നീരാഴിത്തളിമങ്ങളും - എന്നുവേണ്ട, ഗൂഢവാസത്തിനു ഉപയുക്തമായുള്ള കേന്ദ്രങ്ങളെല്ലാം പരിശോധിച്ചു ക്ഷീണനായി, പ്രധാനപള്ളിയറയിലോട്ടുള്ള കോണിമുഖത്തിൽ എത്തിയപ്പോൾ, അതിന്റെ ചുവട്ടിൽ ചുടുവെയിൽ ഏല്പാൻ കിടന്നുരുളുന്ന കരടിയെപ്പോലുള്ള ഒരു സത്വത്തെക്കണ്ടു. സ്വപ്നസംഭ്രമത്താൽ എന്നപോലെ കൈകാലുകൾകൊണ്ട് ഓരോ താളങ്ങൾ അറഞ്ഞു മലർന്നുകിടന്നിരുന്ന കുഞ്ചൈക്കുട്ടിപ്പിള്ളയെ പള്ളിയുറക്കത്തിനു ഭംഗം വരാത്ത മൃദുസ്വരത്തിൽ ഏകദേശം അരനാഴികയോളം "അമ്മാവാ!' എന്നുള്ള സങ്കീർത്തനത്താൽ ഉണർത്താൻ ശ്രമിച്ചു. ആ യോഗശയനത്തിനോ സ്വപ്നവികാരങ്ങൾക്കോ ഭംഗം ഉണ്ടായില്ല. ത്രിവിക്രമന്റെ ക്ഷമ അസ്തമിക്കുകയാൽ ആ കുമാരൻ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ശരീരത്തെക്കൊണ്ട ഒരു കൈലാസോദ്ധാരണം നിർവഹിപ്പാൻത്തന്നെ മുതിർന്നു. കാൽമുട്ടുകൾ കുത്തി വിരലുകൾ പത്തും ഉള്ളങ്കയ്യും മുഴങ്കയ്യുടെ അഗ്രഭാഗവും അടിയിലോട്ടു കടത്താൻ അനുവദിച്ച ശരീരം, ത്രിവിക്രമന്റെ പാടവത്തെ ഒന്നു പരീക്ഷിപ്പാൻ തുടങ്ങി. ആ ലോഹശരീരം രോമമാത്രമെങ്കിലും ഉയരുകയോ അടിയിലോട്ടു കടത്തിയ ഹസ്തങ്ങളെ ഉപസംഹരിക്കുവാൻ സമ്മതിക്കുകയോ ചെയ്തില്ല. കാര്യക്കാരായ യോഗസിദ്ധനോടു ബലപരീക്ഷണത്തിനോ, സാമവേദഗാനത്താൽ അദ്ദേഹത്തെ പ്രസാദിപ്പിപ്പാനോ നാക്കാതെ കേവലം ബാലകൗശലമായി ത്രിവിക്രമൻ അദ്ദേഹത്തിന്റെ കായകുട്ടിമത്തിന്മേൽ കംബളസ്ഥിതിയിൽ നിപാതം ചെയ്തു. നമ്മുടെ യുവമല്ലവിദഗ്ദ്ധൻ കാര്യക്കാരായ ഭാർഗ്ഗവാചാര്യരാൽ സകൃപം ആശ്ലേഷിതനായി. അതിമൃദുസ്വരത്തിൽ കാര്യക്കാർ ഇങ്ങനെ സംഭാഷണം ആരംഭിച്ചു: "ഉറക്കെ സംസാരിക്കരുത്. തിരുമേനി പ്രജാകാര്യക്ലേശങ്ങളാൽ പ്രജാഗരത്തെ വരിച്ചിരിക്കുന്നു. അതുകൊണ്ട് എന്തെങ്കിലും ശബ്ദം കേട്ടാൽ ഇങ്ങോട്ടെഴുന്നെള്ളും. അതു പോകട്ടെ, മർമ്മവിദ്യകൊണ്ട് കുട്ടന് കുഞ്ചൈക്കുട്ടിയെ ഉണർത്തിക്കൂടായിരുന്നോ?" [ 252 ]

ത്രിവിക്രമൻ തന്റെ ശിരസ്സുകൊണ്ട് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വക്ഷസ്സിൽ ചില സ്നേഹതാഡനങ്ങൾ ഏല്പിച്ചു.

കുഞ്ചൈക്കുട്ടിപ്പിള്ള: "അപ്പോൾ, ക്ഷീണിക്കാനും വ്യസനിക്കാനും ഒന്നുമില്ലെന്ന് ദിവാൻജിയജമാനൻ ഉത്തരവായില്ലേ? ഭവിഷ്യൽസംഭവങ്ങൾ എന്നെത്തൊട്ടുകിടക്കെ കാട്ടാനുള്ള ശ്രീകൃഷ്ണവൈഭവം എനിക്കില്ല. എന്റെ ദേഹത്തിൽ കടന്നു കണ്ണുകൾവഴിയെ നോക്കിയാൽ ഞാൻ കാണുന്നതു കുട്ടനും കാണാം. മീനാക്ഷിഅമ്മയെ ആശ്വസിപ്പില്ലില്ലേ?"

ത്രിവിക്രമൻ: "അതു മറ്റൊരു മഹാകഷ്ടം! സത്യസ്വരൂപൻ എന്ന ഈശ്വരൻ തന്റെ വാഴ്ചയെ വല്ല കലിക്കും ഇക്കാലത്തു വിട്ടുകൊടുത്തിരിക്കുന്നോ?"

കുഞ്ചൈക്കുട്ടിപ്പിള്ള: "പോരാളികൾക്ക് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചെയ്‌വാൻ അവകാശമില്ല. ആയുധങ്ങൾ വച്ചിട്ടു രുദ്രാക്ഷം കശക്കുന്ന കാലത്തു ഭഗവൽഗതിയെക്കുറിച്ച് ആത്മക്ലേശം ചെയ്തുകൊള്ളു. അതുവരെ പൗരുഷവും പ്രണയവുംകൊണ്ട് അന്തഃപോഷണം സാധിക്കൂ. ആകട്ടെ, ഞാൻ ഒരു രഹസ്യം ചോദിക്കട്ടെ. ആ കുട്ടി എന്റെ കുട്ടനോട് എന്തെങ്കിലും പ്രതിജ്ഞചെയ്തിട്ടുണ്ടോ?"

ത്രിവിക്രമൻ: "കുട്ടിക്കാലം മുതൽക്ക് എന്റേതായി. ഇപ്പോൾ ഞാൻ പ്രാണൻ ഉപേക്ഷിക്കേണ്ട സ്ഥിതിയിൽ-"

കാര്യക്കാർ: "ഛേ! ഛേ! പ്രാണനെ അവനവന്റെ ഇഷ്ടംപോലെ ഉപേക്ഷിക്കുക സാധിക്കുമെന്നു ഭ്രമിക്കുന്നോ? മനുഷ്യരെ ബാധിക്കുന്ന ഒരു പരമജളത്വമാണത്. അതുപോട്ടെ, വിശ്വസിച്ചെന്തെങ്കിലും പ്രതിജ്ഞചെയ്തിട്ടുണ്ടോ എന്നാണു ഞാൻ ചോദിക്കുന്നത്."

ത്രിവിക്രമൻ: "പടക്കളത്തിലും അവളുടെ ആത്മാവ് എന്റെ കൂടെയുണ്ടായിരിക്കുമെന്ന് ഒരു വാക്കു പറഞ്ഞിട്ടുണ്ട്."

കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ശരീരം പുളകിതമാകുന്നു എന്ന് ത്രിവിക്രമകുമാരൻ അറിഞ്ഞു. ഈ പരമാർത്ഥം തന്നെക്കൊണ്ടു വചിപ്പിച്ച ആ സിദ്ധൻ എന്തോ സൂക്ഷ്മത്തെ ദർശിക്കുന്നു എന്ന് ആ കുമാരന് അനുഭൂതമായി. "അമ്മാവാ, പറയണം. സ്വർഗ്ഗം തകർത്തും ഞാൻ അവളെക്കൊണ്ടുവരാം" എന്ന് അശ്രുധാരാവർഷത്തോടുള്ള ആ അനുരാഗവാന്റെ പ്രാർത്ഥനയ്ക്ക് കുഞ്ചൈക്കുട്ടിപ്പിള്ള ഇങ്ങനെ മറുപടി പറഞ്ഞു: "ദൈവഗതിയുടെ രഹസ്യങ്ങൾ ചിന്തിച്ച് ആശ്ചര്യപ്പെടുകയാണ്. ആ കുട്ടിയെക്കൊണ്ട് കുട്ടൻ പറഞ്ഞ പ്രതിജ്ഞചെയ്യിച്ച ശക്തിക്കു മുമ്പിൽ പ്രണമിക്കൂ. ആ ശക്തിതന്നെ നിങ്ങളെ വീണ്ടും സംയോജിപ്പിക്കട്ടെ പൊയ്ക്കൊള്ളൂ. തിരുവുള്ളം നിങ്ങളെ പൂർണ്ണമായി അനുഗ്രഹിക്കുന്നു. പെരിഞ്ചക്കോട്ടു പോയി എന്തെങ്കിലും പിണയ്ക്കൂ. അച്ഛനെ കാണൂ. ഒട്ടും താമസിക്കാതെ യുദ്ധരംഗത്തിലേക്കു മടങ്ങു. ദിവാൻജിയജമാന്റെ ജീവരക്ഷ സാധിക്കുന്നവൻ രാജ്യത്തിന്റെ പരമോപകാരി എന്നുമാത്രം അറിഞ്ഞുകൊണ്ടു കുഞ്ചൈക്കുട്ടിയുടെ അനുഗ്രഹത്തെ സ്വീകരിക്കൂ." [ 253 ]

കാര്യക്കാർ ത്രിവിക്രമനെ ഗാഢമായി ആശ്ലേഷവും ഗണ്ഡങ്ങളിലും ശിരസ്സിലും ചുംബനവും ചെയ്തു സ്വഹസ്തങ്ങൾക്കിടയിൽനിന്നു മുക്തനാക്കി. ത്രസിക്കുന്ന അധരങ്ങളാൽ പലതും പുലമ്പിക്കൊണ്ടു നമ്മുടെ യുവാവ് ആ ഗുരുവര്യന്റെ പാദങ്ങൾ തൊട്ടു കണ്ണിൽ സമർപ്പണം ചെയ്തിട്ടു ചെറുതായ ഒരു സാദിസംഘത്തെ കൊണ്ടുപോകുന്നതിനു ദിവാൻജിയുടെ ലേഖനം കൊടുത്തു അനുവാദം വാങ്ങി, പെരിഞ്ചക്കോട്ടെ പ്രണയപ്രതിജ്ഞയുടെ ശിഥിലീകരണം എന്ന അനുദ്ദിഷ്ടകർമ്മത്തിനായി പുറപ്പെട്ടു.

ഗൗണ്ഡന്റെ ഉദ്ദേശമറിഞ്ഞിരുന്ന കാര്യക്കാർ അയാളുടെ തന്ത്രപ്രയോഗം ഒന്നു പരീക്ഷിപ്പാനായി നഗരത്തിൽ സ്വൈരസഞ്ചാരം തുടങ്ങിയിരുന്നു. ആവശ്യപ്പെടുമ്പോൾ കാണാതെയും ആവശ്യമില്ലാത്തപ്പോൾ പ്രത്യക്ഷനായും തീരുന്ന കാര്യക്കാരുടെ സഞ്ചാരവിശേഷം പൗരന്മാരെയും രാജമന്ദിരസേവകരെയും വിഷമിപ്പിച്ചു. യുദ്ധം സമീപിക്കുന്ന കാലത്ത് ഒരു വിദേശീയപ്രമാണിയുടെ ധനപൂർണ്ണമായ വ്യാപാരശാല രാജാധികാരത്താൽ രക്ഷിക്കപ്പെടണമെന്ന നീതി ആസ്പദമാക്കി സേനയിലെ ഒരു ഗണം ആ ശാലയെ വലയം ചെയ്തു പാറാവുതുടങ്ങി. ഗൗണ്ഡൻ കാര്യക്കാരുടെ യന്ത്രത്തിരിപ്പിന്റെ കൗശലവിശേഷത്തെ ദർശിച്ചു. കേരളീയരായ അനുയായികൾ ഗൗണ്ഡതരുവിൽനിന്നു ക്ഷീണമൂലങ്ങളായ ജീവന്തികകൾ എന്നപോലെ കൊഴിഞ്ഞു. ഗൗണ്ഡന്റെ ആസുരമായ മാത്സര്യബുദ്ധി ശീഘ്രപ്രവർത്തനത്തിന് അയാളെ പ്രേരിപ്പിച്ചു.

നിഗ്രഹമെന്നുള്ള അവസാനകർമ്മത്തെ ഗൗണ്ഡന്റെ സംഗതിയിൽ അനുഷ്ഠിപ്പാൻ കാര്യക്കാരുടെ ചിത്തം രഞ്ജിച്ചില്ല; എന്നാൽ ദക്ഷിണദിക്കിലെ ഒരു ശിലാഗഹ്വരത്തിലുള്ള കൃമികീടാദികളോടു സാഹചര്യം അനുഭവിപ്പിക്കുവാൻ അദ്ദേഹം തീർച്ചയാക്കി. പക്ഷേ, അയാളെ അങ്ങോട്ടു യാത്രയാക്കുന്നതിനുമുമ്പ് സാവിത്രിയുടെ കുലമഹത്ത്വത്തെയും ചാരിത്ര്യത്തെയും രക്ഷിക്കുന്നതിന് ഉപയുക്തമായുള്ള ഒരു യന്ത്രത്തെ അയാളിൽനിന്നു സമ്പാദിച്ചുകൊള്ളണമെന്നും അദ്ദേഹം കരുതി.

ത്രിവിക്രമകുമാരനുമായി സംഘടിച്ചതിന്റെ അടുത്ത രാത്രിയിൽ കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ആജ്ഞാധീനന്മാരായ ചാരന്മാർ ഗൗണ്ഡപ്പാളയത്തെ വലയം ചെയ്തു. കാര്യക്കാരുടെ കിങ്കരസംഘത്തിനു കിട്ടീട്ടുള്ള ആജ്ഞാനുസാരം പ്രകടിപ്പിക്കപ്പെട്ട ഔദാസീന്യം അവിടുത്തെ അനുചരരെ രക്ഷപ്പെട്ടുകൊള്ളുവാൻ അനുവദിച്ചു. അർദ്ധരാത്രിയുടെ നിർജ്ജനതയ്ക്കിടയിൽ ഗൗണ്ഡന്റെ വിലയേറിയ സാമാനങ്ങൾ രാജാധികാരത്തിന് അധീനമായ ഒരു കല്ലറയിലോട്ടും ഗൗണ്ഡൻ വഞ്ചിയൂർക്കാട്ടിൽ അവശേഷിച്ചിരുന്ന പാണ്ടപ്പാളയത്തിലേക്കും മാറ്റപ്പെട്ടു. ഭംഗാരാമൻ കാര്യക്കാർക്കു രാജമന്ദിരത്തിലുള്ള ഒരു പ്രത്യേക മുറിയിൽ മനോഹരസ്വപ്നങ്ങളാൽ സുഖമയമാക്കപ്പെട്ട നിദ്രയിൽ ലയിച്ചു. [ 254 ]

അടുത്ത സൂര്യോദയത്തിൽ ഗൗണ്ഡപ്പാളയത്തിന്റെ അസ്തമയം നഗരത്തിൽ ഒരു ഭൂകമ്പത്തെത്തന്നെ സംജാതമാക്കി. പൗരസംഘങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞ് ജഗൽസ്തംഭം സംഭവിച്ചുപോയതുപോലുള്ള ആധിയോടെ കാലസ്ഥിതിയുടെ ഭയങ്കരത്വത്തെക്കുറിച്ചു പലവിധം അഭിപ്രായങ്ങളും അപഹാസങ്ങളും അവഹേളനങ്ങളും പ്രലാപങ്ങളും പ്രകടിപ്പിച്ചു. രാജഭടന്മാരെയും തോല്പിച്ചുണ്ടായ ആ ബലപ്രയോഗം രാമസങ്കേതത്തെയും ബദ്ധശ്വാസമാക്കി, അനന്തരസംഭവം ഏതു കേന്ദ്രത്തിൽ നിപതിക്കുമെന്ന വൈവശ്യത്തോടെ വിചിന്തനം തുടങ്ങിച്ചു. പത്മനാഭസ്വാമിക്ഷേത്രത്തിനകത്തുള്ള അന്നദാനാലയം നിഷ്കോലാഹലാഷ്ടിയാൽ ആ ദിവസത്തിലെ ആപച്ഛങ്കയെ ആഘോഷിച്ചു. കാര്യക്കാർ തന്റെ കാര്യാലയത്തിൽ ഇരുന്നു മൈസൂർരാജമന്ദിരാചാരങ്ങൾക്കു ചേരുംപ്രകാരമുള്ള ഒരു ലേഖനത്തെ പൂർത്തിയാക്കി. ഈ ലേഖനം ഹിന്ദുസ്ഥാനിഭാഷയിൽ പല ബഹുമാനവാചകങ്ങൾകൊണ്ടു സംബുദ്ധനായ ടിപ്പുസുൽത്താൻ ബഹദൂർ സന്നിധാനത്തിലേക്ക്, സിരഹസ്തിനം സത്രാധിപനായ കാളിപ്രഭാവഭട്ടൻ ഉണർത്തിക്കുന്നതായി എഴുതപ്പെട്ടിരുന്നു. ആ ലേഖനത്തിന്റെ അസലും മേൽവിലാസലക്കോട്ടും എഴുതിത്തീർന്നപ്പോൾ ഗൗണ്ഡയന്ത്രം ഖണ്ഡിക്കപ്പെട്ടു എന്നുള്ള വിജയപ്രസാദംകൊണ്ടു കാര്യക്കാരുടെ മുഖം സവിശേഷം തിളങ്ങി.

സമയം അർദ്ധരാത്രിയോടടുക്കുന്നു. മുമ്പറഞ്ഞ ലേഖനത്തെ ഗൗണ്ഡനെക്കൊണ്ട് ഒപ്പിടുവിച്ചിട്ട് അയാളെ ബന്ധനശാലയിലേക്ക് അയയ്ക്കാനായി കാര്യക്കാർ നവീനായുധങ്ങൾ ധരിച്ചുള്ള ഭടജനങ്ങളാൽ പരിസേവിതനായി വഞ്ചിയൂർക്കാടായ ഖരദുർഗ തരണം ആരംഭിക്കുന്നു. കണ്ടകവാഹികളായുള്ള ചെറുതരുക്കളുടെ ഉന്നതിയും അവയുടെ പത്രനിബിഡതയുംകൊണ്ട് അവർക്കു പരസ്പരം കാണ്മാൻ കഴിവുണ്ടാകുന്നില്ല. സംഘത്തിലെ ഓരോ സമചതുരനും ഖഡ്ഗപ്രയോഗംകൊണ്ടുള്ള മാർഗ്ഗനിർമ്മാണത്തിനു പടുതയോടെ പ്രയത്നിക്കുന്നു. ഈ സാഹസം ചെറുജീവികളുടെ സ്വൈരവാസത്തിനു ഭംഗംഉണ്ടാക്കി ഭൂവിലങ്ങളിലും ജടിലമായുള്ള വേർക്കെട്ടുകളിലും നിന്ന് അവരെ ഇളക്കി പ്രാണഭീതിയോടെ നാനാദിശയിലോട്ടും പായിക്കുന്നു. ഇടയ്ക്കിടെ പാദനിപാതമേറ്റു ശിഥിലഫണന്മാരായ ഉരഗങ്ങൾ വഴിമദ്ധ്യത്തിൽത്തന്നെ വായുപ്രാശ്നത്താൽ ഊഷ്മളജീവന്മാരാകുന്നതിനു ശയനം ചെയ്തുപോകുന്നു. ഭൃംഗനിരകളുടെ നിസ്തന്ദ്രമുരളീഘോഷം ഭടജനത്തിൻറെ നിഷ്ഠുരമായുള്ള പാദപ്രപാതാരവത്താൽ പൊടുന്നനെ ഭംഗപ്പെട്ടു ശ്രോതാക്കൾക്കു കർണ്ണാശ്വാസം ഉണ്ടാക്കുന്നു. ആ പ്രശാന്തസ്ഥലത്തുണ്ടായ ബലപ്രവേശനം ചെറുപക്ഷികളെ ഉണർത്തി നവവസതികളുടെ സമ്പാദനത്തിനായി ആകാശവീഥിയെ വിച്ഛേദിപ്പിക്കുന്നു. വള്ളിക്കെട്ടുകൾക്കിടയിൽക്കുടുങ്ങി "അയ്യപ്പോ!" ക്രന്ദനങ്ങൾ ചെയ്തുപോകുന്ന ഭടന്മാർ ദൂരസ്ഥലങ്ങളിൽനിന്നു മുഴങ്ങുന്നതായ "പോറതാർ?" എന്നൊരു ചോദ്യവും "മാംകാമ്മാൾ" എന്ന അടയാളവാക്കും കേട്ട് [ 255 ] അപ്രതീക്ഷിതദുരന്തത്തെത്തന്നെ ദർശിച്ചുപോകുന്നു. അന്ധകാരപടലമാകുന്ന യവനികാരക്ഷയെ ഭേദിച്ചു ശത്രുശൂലങ്ങൾ നിപാതം ചെയ്തേക്കുമോ എന്ന് അവർ അമ്പരന്നു നോക്കിപ്പോകുന്നു. ആ വിഷമയാത്രയാൽ പീഡിതരായ ഭടജനം തങ്ങളെ ആവരണംചെയ്യുന്ന ഭയാനകതയെ ശപിച്ചുതുടങ്ങിയപ്പോൾ, അതുവരെയും ധമനിക്ഷോഭം ബാധിക്കാത്ത കാര്യക്കാരുടെ ഒരു അർദ്ധാക്ഷരധ്വനി അവരെ നിലകൊള്ളിക്കുന്നു.

കാര്യക്കാരുടെ പാദങ്ങളിൽ വസ്ത്രകവചിതമായ ഒരു സത്വം തടയുന്നു. അദ്ദേഹത്തിന്റെ കർണ്ണങ്ങളിൽ പതിച്ച 'മാംകാമ്മാൾ' എന്ന പദം അഗാധമായുള്ള ഒരു ചിന്താഹ്രദത്തിലോട്ട് അദ്ദേഹത്തെ അവഗാഹനം ചെയ്യിച്ചിരുന്നു; ഈ ചിന്തയ്ക്കിടയിലുണ്ടായ ഗതിനിരോധനം വീരമാന്ത്രികനായുള്ള ആ നിസ്തുല യോദ്ധാവിന്റെ ശ്വാസോച്ഛ്വാസത്തെത്തന്നെ പൊടുന്നനെ നിലകൊള്ളിക്കുന്നു. ഗിരിനിപാതത്തിലും സ്ഥിരപാദാവലംബിയായിരിക്കുന്ന കാര്യക്കാർ സ്തബ്ധവൃത്തിയായി നില്ക്കുകയാൽ അദ്ദേഹത്തിന്റെ ഭടജനം ആ അന്ധകാരനിബിഡതയ്ക്കിടയിൽ സ്ഥാണുസ്ഥിതിയെത്തന്നെ അവലംബിക്കുന്നു. കാര്യക്കാർ പാദത്താലും വാളുറയാലും പുരോഭാഗഭൂമിയെ പരിശോധിക്കുമ്പോൾ, ആദ്യത്തിൽ ഗതിനിരോധനം ചെയ്തതുപോലുള്ള ശവശരീരങ്ങൾ തനിക്കു സ്വാഗതം അരുളുന്നതായി ഒരു അന്തർബോധം ഉണരുന്നു.

പരാജയക്ലമത്താൽ പീഡിപ്പിക്കപ്പെട്ടിട്ടില്ലാത്ത കാര്യക്കാർ തന്റെ ജീവിതനിയന്ത്രണം ചെയ്യുന്ന ഗ്രഹങ്ങളുടെ ദുര്യോഗത്തെ ചിന്തിച്ച് ഒരു നവജന്മാരംഭത്തെ ദർശിച്ചു. തന്നാൽ ഗൗണ്ഡനെ സൂക്ഷിച്ചുകൊളളുവാൻ നിയോഗിക്കപ്പെട്ട രക്ഷിജനങ്ങളുടെ ശവശരീരങ്ങൾ ഓരോന്നും തന്റെ പൗരുഷത്തെ ധർഷണം ചെയ്യുന്നു എന്ന് അദ്ദേഹം അന്തരാത്മനാ സംവദിച്ചു. തന്റെ ഗൂഢാലോചനയെ ഏതോ വിദഗ്ദ്ധഹസ്തം അപജയത്തിൽ പരിണമിപ്പിച്ചിരിക്കുന്നു എന്ന് അദ്ദേഹം അനുമിച്ചു. എങ്കിലും മുമ്പിൽ കണ്ട മണ്ഡപത്തിലോട്ടു ധൃതഖഡ്ഗനായി ആ രംഗം ശത്രുവ്യൂഹത്താൽ പരിരക്ഷിതമാണെങ്കിൽ അങ്ങനെ ആകട്ടേ എന്നുള്ള വീര്യസമഗ്രതയോടെ പ്രവേശിച്ചു. ബഹിരാകാശത്തിലെ അന്ധകാരം നിബിഡതരമായി ഒരു ബ്രഹമാണ്ഡപരിച എന്നപോലെ അദ്ദേഹത്തിന്റെ ഖഡ്കത്തിന്മേൽ സംഘട്ടനം ചെയ്തു. ശത്രുവ്യൂഹമെന്നല്ല, ഗൗണ്ഡന്റെ ബൃഹത്ഗോളകായം നിർജ്ജീവമായോ സജീവമായോ അവിടെ കാണ്മാനുമില്ല. സ്വബുദ്ധിയെയും ദൂരദർശിത്വത്തെയും തുച്ഛമാക്കിത്തീർത്ത മഹാചാതുര്യത്തെ അഭിമാനനമനം ചെയ്തുകൊണ്ട് ആ പ്രബുദ്ധൻ ഖഡ്ഗമുഷ്ടി മുറുക്കി ശത്രുവിജയത്തിനു സാക്ഷിയായി നിന്ന ആകാശതാരങ്ങളുടെ ധർമ്മവിലംഘനത്തെ ഭർത്സിപ്പാൻ എന്നപോലെ പുറത്തോട്ടിറങ്ങി. ഛത്രവിസ്തൃതിയിലുള്ള ജടയും കണ്ഠംമുതൽ നാഭിയോളം ലംബമാനമായുള്ള മീശയും ജംഘവരെ എത്തുന്ന കൃഷ്ണാംബരങ്ങളും, ഭൂമാനദണ്ഡത്തോളം നീളമുള്ള ഒരു ശൂലവും ധരിച്ചു കാളരാത്രിസഹസ്രങ്ങൾ മൂർത്തീകരിച്ചതുപോലുള്ള ഒരു വിഗ്രഹം ആകാശച്ഛേദിയായി [ 256 ] കാര്യക്കാരുടെ മുമ്പിൽ ആവിർഭവിച്ചു. സമാനപ്രഭാവന്റെ ദർശനത്തിലെന്നപോലെ കാര്യക്കാരുടെ ഖഡ്ഗം പലവുരു ആകാശത്തെ വിച്ഛേദിച്ച് ഒന്നു വട്ടംകറങ്ങി ചീറി ലഘുചക്രങ്ങളെ ലേഖനം ചെയ്തിട്ടു പ്രയോക്താവെയുംകൊണ്ടു വ്യോമവീഥിയിലോട്ടുയർന്നു. സഹസ്രകണ്ഠനിൽനിന്നു താരസമൂഹത്തെ ധൂളിയാക്കുമാറ് ഏകോപിച്ചു പൊങ്ങുംവണ്ണമുള്ള ഒരു ഹാസപടലി ആ കൃതാന്തവിഗ്രഹത്തിന്റെ വക്ര്തത്തിൽനിന്നു മുഴങ്ങി ദിഗന്തങ്ങളെ കിടുക്കി. ബ്രഹ്മാണ്ഡകടാഹത്തിൽ മാറ്റൊലിക്കൊള്ളുമാറുള്ള രൂക്ഷസ്വരത്തിൽ "പാണ്ടയേപ്പിടിക്ക ആണ്ടവർക്കല്ലാണ്ട് മുടിയുമാ?" എന്ന ഘോരാട്ടഹാസത്തോടെ, ആ നിശാമൂർത്തി മാംസാശിയായുള്ള പുൽക്കാട്ടിനിടയിൽ മറഞ്ഞു.