രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിമൂന്ന്
[ 141 ]
അദ്ധ്യായം പതിമൂന്ന്

"പല സാധനങ്ങളെ സമ്പാദിച്ചീടുംനേരം
ചിലതു സാദ്ധ്യമാകും സാധിയാ ചിലതേതും"


ജീവമണ്ഡലത്തിലെ ചക്രവർത്തിപദം തങ്ങൾക്ക് ആണെന്നു ബലഭൂയിഷ്ഠന്മാരായ പുരുഷവർഗ്ഗം അഹങ്കരിക്കുന്നു. സ്ത്രീകൾ കേവലം ഭക്ഷ്യങ്ങൾ, മൃഗങ്ങൾ എന്നിവയെപ്പോലെ അനശ്വരമായ ആത്മാംശം ചേർന്നിട്ടില്ലാത്ത ജീവകൂടങ്ങൾ മാത്രം ആണെന്നു ഭൂമിയിലെ ചില പ്രബലസമുദായക്കാരും വാദിക്കുന്നുണ്ട്. നവ്യാഗമചതുർമ്മുഖന്മാരായി പരിഷ്കാരത്തിന്റെ അത്യുച്ചസ്ഥിതിയിലെത്തിയിട്ടുള്ള സമുദായക്കാരുടെ രാജ്യങ്ങളിലും സ്ത്രീപുരുഷതുല്യതയെ സംബന്ധിച്ച് ഇന്നും മത്സരങ്ങളും കലാപങ്ങളും നടന്ന് ആ രാജ്യങ്ങളുടെ സമാധാനസ്ഥിതികൾ ഭിന്നമാവുകയും ചെയ്യുന്നു.

എന്നാൽ കേശവനുണ്ണിത്താൻ സ്ത്രീകൾക്കു ഗൃഹദേവീത്വം നല്കണം എന്നുള്ള നീതിനിഗമക്കാതലുകളെ പ്രമാണിക്കുന്ന ഒരു വിദുരർതന്നെ ആയിരുന്നു. തന്റെ ആശയഗതികൾ അനുസരിച്ചു, സ്വപ്രണയിനിയിലും വിശ്വസ്തതയും ശീലാവതീത്വവും ബാഹ്യാന്തർന്നേത്രങ്ങൾ നാലുകൊണ്ടും സന്ദർശിച്ചിരുന്ന ധീമാനും ആയിരുന്നു. ഇങ്ങനെയുള്ള പുരുഷകേസരി മീനാക്ഷിഅമ്മയെ പുത്രിയിൽനിന്നും വേർപെടുത്തി ചിലമ്പിനേത്തു പാർപ്പിക്കുകയെന്നുള്ള ആസുരകർമ്മം അനുഷ്ഠിച്ചു.

കാളിഉടയാൻ ചന്ത്രക്കാരന്റെ ഈ ഉത്തരലങ്ക അതിന്റെ പൂർവ്വാഭാസ്സോടുകൂടിത്തന്നെ ഇന്നും സ്ഥിതിചെയ്യുന്നു. പ്രവേശനദ്വരത്തിലെ ആനക്കൊട്ടിലും ഉന്നതമായ മതിൽക്കെട്ടും പാശ്ചാത്യരീതിയിലുള്ള സൗധവും ഹരിപഞ്ചാനനയോഗീശ്വരൻ പൂജാദികൾക്ക് ഉപയോഗിച്ച മഠവും കരിങ്കൽക്കെട്ടു നീരാഴിയും മുപ്പത്താറുകെട്ടായ പ്രധാന ഭവനവും, മാതുലജീവൻ സ്വകൃത്യങ്ങളെ നിരന്തരം സൂക്ഷിക്കുന്നതുപോലുള്ള ഭയശുഷ്കാന്തിയോടെ ഉണ്ണിത്താനാൽ പരിരക്ഷിക്കപ്പെട്ടുവരുന്നു. പണ്ടത്തെ നിക്ഷേപങ്ങൾ ഉണ്ണിത്താൻ ആയ ധനയോഗവാന്റെ ഭരണത്തിനിടയിൽ [ 142 ] ആ ഭവനക്കല്ലറകൾക്കുള്ളിൽത്തന്നെ ഇന്നും ശോഭിക്കുന്നു. ചിലമ്പിനഴിയത്തെ ഭൂലക്ഷ്മി ചന്ത്രക്കാരന്റെ സമാരാധനകാലത്തെന്നതുപോലെതന്നെ ഫലം നല്കി അനന്തരഭജനക്കാരനെയും അനുഗ്രഹിക്കുന്നു. സ്വയം സ്വീകൃതയായ ഭാര്യയുടെ സംഗതിയിൽ തിതിക്ഷുവീര്യത്തെ ഉണ്ണിത്താൻ പ്രകടിപ്പിച്ചു. എങ്കിലും സമ്പൽലക്ഷ്മിയെ നിരുദാസീനമായും ഗാഢമായ സ്നേഹത്തോടും പരിലാളിച്ചുവന്നു. എങ്കിലും ഗൃഹനായകന്റെ സാന്നിദ്ധ്യമോ വേണ്ടുവോളം പരിചാരികന്മാരുടെ സഞ്ചാരമോ കൂടാതെ കഴിയുന്ന ആ ഭവനത്തിൽ ജ്യേഷ്ഠാപാദങ്ങളുടെ സ്പർശം സംഭവിച്ചതുപോലുള്ള ഒരു വൈലക്ഷണ്യം കാണുന്നു.

പുത്രിയെ തന്നിൽനിന്നും വേർപെടുത്തിയ നിഷ്കരുണത്വത്തെക്കുറിച്ചു സദാ ഓർത്തു ക്ഷണംപ്രതി പെരുകിവരുന്ന ആധിയോടെ മീനാക്ഷിഅമ്മ ശയ്യോപകരണങ്ങൾ ഒന്നും കൂടാതെ ചിലമ്പിനേത്തു ഭവനത്തിന്റെ മുൻതളപ്പടിയിൽ കിടന്നു കണ്ണുനീർ തുടയ്ക്കുന്നു. കൃപാർദ്രമനസ്കതയും ഭൂതദയാസമ്പത്തുംകൊണ്ടു സാക്ഷാൽ ശ്രീനാരായണനോടുതന്നെ സമാനഭാവൻ എന്നുള്ള ആദരത്തെ തന്നിൽനിന്നു വശീകരിച്ച ഭർത്താവ് ദുസ്സംശയങ്ങൾക്ക് അധീനനായതിന്റെ ശേഷവും തന്നോടുള്ള സഹവാസത്തെ അവസാനിപ്പിച്ചു ലോകപരിഹാസത്തിനു തന്നെ പാത്രീഭവിപ്പിക്കാൻ ഒരുമ്പെട്ടില്ല. സ്ത്രീകൾക്ക് അത്യാവശ്യം പുരുഷരക്ഷ ഉണ്ടായിരിക്കേണ്ടതായ ഈ യുദ്ധകാലത്ത് തന്നെയും തന്റെ സന്താനവല്ലിയെയും വേർപെടുത്തി ദൂരസ്ഥകളാക്കാൻ ആ ധാർമ്മികനെ പ്രേരിപ്പിച്ച തന്റെ ദുർവ്വിധിപാകം ജീവനാളത്തെത്തന്നെ വിച്ഛേദിച്ചുതുടങ്ങിയിരിക്കുന്നു. സാവിത്രി അച്ഛന്റെ കൃപാഹീനതയെയും ശാഠ്യത്തെയും ഭർത്സിച്ചുവരുകയും ആജ്ഞയെ അനാദരിപ്പാൻ സന്നദ്ധയായിരിക്കുകയും ചെയ്യുന്നു എങ്കിലും ഈ സാധ്വി തന്റെ ഭർത്താവ് എന്തോ ദുഷ്കാലവൈപരീത്യത്താൽ പരിഭൂതനാകുന്നു എന്നു സമാധാനപ്പെട്ടു, തന്റെ ജീവാത്മാവിനെ ഭർത്തൃപാർഷ്ണികളെ അനുഗമിപ്പിച്ചു ജഡമാത്രമായി ഭർത്തൃഗൃഹത്തിലെ ബന്ധനത്തിനു വഴങ്ങി പാർക്കുന്നു. പരിചിതങ്ങളായ അനുഭവങ്ങൾക്ക് ആസക്തയാകാതെ സ്തബ്ധവൃത്തിയായും ഭാവനാവൈഭവങ്ങൾ മന്ദീഭവിച്ചും കേവലം ഉപവാസാനുഷ്ഠകിയായിത്തീർന്നിരിക്കുന്ന ആ മഹതി ദക്ഷിണഭാഗത്തുള്ള തന്റെ കുടുംബഗൃഹമായ മന്ത്രക്കൂടത്തുവച്ചു ഭർത്തൃസ്വീകാരത്തിനു മുമ്പ് അനുഷ്ഠിച്ച അജ്ഞാതവാസത്തെയും അക്കാലത്തു തന്റെ കാമുകൻ പ്രകടിപ്പിച്ച രസികചാപല്യങ്ങളെയും സ്മരിച്ചും കിഴക്കേ ദ്വാരപ്രദേശത്തിലോട്ടു സദാ സ്വിരവീക്ഷണയായി ഭർത്താവിന്റെയും പുത്രിയുടെയും പ്രത്യാഗമനത്തെ പ്രാർത്ഥിച്ചും സമയം പോക്കുന്നു.

ആ മഹാഭവനത്തിന്റെ പടിയിന്മേൽ ഒരു ശിശു എന്നപോലെ ചുരുണ്ടുകിടക്കുന്ന മലിനവസ്ത്രക്കാരി ഈ മുഹൂർത്തത്തിലും സ്വകുടുംബദുഷ്കൃതികളുടെ പാപഫലത്തെ താൻ അനുഭവിക്കുന്നു എന്നു ചിന്തിച്ചുപോകുന്നു. ദുഷ്കൃതികളോ? രാജശക്തിയാകുന്ന ശിലാഖണ്ഡത്തെ [ 143 ] ഘർഷണംചെയ്തു രത്നപ്രകാശത്തെ തെളിയിപ്പതായ വജ്രശാണയാണെന്നു രാജശക്തിയോടു ഇടഞ്ഞ ആ സമഗ്രവീരന്മാരെ പരിഗണിക്കരുതോ? എന്തോ? പരമാർത്ഥം ഭഗവാൻ അറിയട്ടെ. മാതാമഹിയായ ഭാഗ്യവതിയുടെ ജഡസ്ഥാപനംചെയ്തുള്ള മന്ത്രക്കൂടമായ പുണ്യഭവനത്തെ ഒന്നു ദർശിപ്പാൻ നടകൊണ്ടാലോ? ഭർത്താവിന്റെ അനുമതികൂടാതെ ഗൃഹത്തിന്റെ അന്തഃപ്രദേശംവിട്ടുള്ള നിർഗ്ഗമനം അവിഹിതം. തന്നെ വിനോദിപ്പിച്ചു ശുശ്രൂഷിച്ചു, പരിലാളിച്ചു, ജീവനു തുല്യം സ്നേഹിച്ചുവളർത്തിയ ആ ഭക്തോത്തംസമായ വൃദ്ധനും ചരമാവസ്ഥയിൽ മാതാമഹിയുടെ പാദപരിസരത്തിൽത്തന്നെ പരിസേവനവാസം ചെയ്യുന്നു. ഹാ! ആ കാലത്തെ ദുരന്തം വിചാരിക്കുമ്പോൾ-

ഈ ചിന്തയിൽ എത്തിയപ്പോൾ ജഗദണ്ഡദ്ധ്വംസകനെന്നപോലുള്ള ഒരു മഹിഷസ്വരൂപൻ ദ്വാരപ്രദേശത്ത് അവതീർണ്ണനാകുന്നു. കസവിന്റെ ദീപ്തികൊണ്ട് ഏറ്റവും പ്രകാശിക്കുന്ന കുറുംകുപ്പായവും ഒരു ഉരുളിയോളം വട്ടത്തിലുള്ള പട്ടാംബരത്തലക്കെട്ടും പത്തിരുപതു മുഴം നീളമുള്ള സോമൻകൊണ്ടു ഞൊറിഞ്ഞു ധരിച്ചിട്ടുള്ള കുത്തിയുടുപ്പും മരമറുപ്പുശബ്ദംപോലെ കർണ്ണാരുന്തുദമായുള്ള ഒരു ഘർഷണധ്വനി പുറപ്പെടുവിക്കുന്ന ചെരിപ്പുകളും ജടകെട്ടിയുള്ള വട്ടത്താടി മാത്രം മുന്നിട്ടുകാണുന്ന മുഖവും രണ്ടായി മടക്കി തോളിലിട്ടിട്ടുള്ള കാശ്മീരസാൽവയും ചേർന്നുള്ള വേഷം ദ്വാരപ്രദേശത്ത് എത്തിയപ്പോൾ, കവർച്ചചെയ്‌വാൻ ഉദ്യുക്തനായവൻ ഗൃഹരക്ഷികളെക്കണ്ടു സ്തബ്ധനായിത്തീരുന്നതുപോലെ നിന്നുപോകുന്നു. പാണ്ഡ്യദേശങ്ങളിൽ പാർത്തു മുമ്പിൽ കാണുന്നതുപോലുള്ള വേഷങ്ങളോടു ധാരാളം പരിചയപ്പെട്ടിരുന്ന മീനാക്ഷിഅമ്മ ആദരത്തോടെ എഴുന്നേറ്റുനില്ക്കുന്നു. ആഗതന്റെ മുഖപിണ്ഡം ചിന്താവേഗത്താൽ ചലിച്ചിളകുന്നു. കുപ്പായത്തിന്റെ കൈയുറകളിൽനിന്നു ലംബങ്ങളായുള്ള മുഷ്ടിക്കുഴവികളും ചടുലപത്രങ്ങൾപോലെ വിറകൊള്ളുന്നു. ആ സ്ഥൂലാകാരൻ ശ്വാസോച്ഛ്വാസശൂന്യനായി ഭവനസൗധാദികളെ വിക്രയാർത്ഥം പരിശോധിക്കുന്നതുപോലെ സൂക്ഷ്മവീക്ഷണം ചെയ്യുന്നു.

ഈ ക്രിയയ്ക്കിടയിൽ അപൂർവ്വമായ വിസ്തൃതിയും ഘനവും ചേർന്നുള്ള ആ ശരീരം അന്തഃസംരംഭത്താൽ ചാഞ്ചാടിപ്പോകുന്നു. സ്മൃതിപുടസ്ഥങ്ങളായുള്ള അക്ഷികൾ എത്ര ദൂരത്തും എത്ര കാലത്തിനു മുമ്പും എന്തെന്തു കണികാമാത്രങ്ങളായ അവസ്ഥകളെയും ചില സ്ഥിതിവിശേഷങ്ങളിൽ ദർശിച്ചുപോകുമെന്ന് അനുഭവത്താലോ ആത്മശാസ്ത്രാഭ്യസനത്താലോ ഗ്രഹിക്കേണ്ടതാണ്. മീനാക്ഷിഅമ്മയ്ക്ക് അഭിമുഖമായി നീങ്ങുന്ന ആ ഭീമമുഖത്തിലെ വല്ലിക്കുടിലിൽ നിഗൂഢങ്ങളായി സ്ഥിതിചെയ്യുന്ന ദീർഘാധരങ്ങൾ മന്ദസ്മേരകർമ്മമായി മന്ദചലനം ചെയ്യുന്നു. മുറ്റത്തോട്ടു നീങ്ങിത്തുടങ്ങിയ വേഷം പുറംതിരിഞ്ഞ് ദ്വാരപ്രദേശത്തിലെ പണികളെ സസ്നേഹം വീണ്ടും കടാക്ഷിക്കുന്നു. ഗൃഹാങ്കണത്തെ തരണംചെയ്യുന്നതിനിടയിൽ സ്നേഹപ്രകർഷത്താൽ [ 144 ] എന്നപോലെ പാദകവചകങ്ങൾകൊണ്ട് അവിടത്തെ മണൽത്തരികളെ വീണ്ടുംവീണ്ടും തലോടുകമാത്രം ചെയ്യുന്നു. ആദരാശ്ചര്യങ്ങളോടെ മീനാക്ഷിഅമ്മ വരാന്തയിലെ വടക്കുഭാഗത്തോട്ടു നീങ്ങി നിരചാരി നിലകൊള്ളുന്നു. ആഗതനായ ഭൂതത്താൻ ആ ഗൃഹനായികയുടെ രൂപത്തെ ആപാദമസ്തകം പരിശോധിച്ചപ്പോൾ, കണ്ഠപ്രദേശം കഫനിബിഡതയാൽ അടയുകയും അധഃകോശം ശ്വാസത്തിന്റെ നിർഗ്ഗമനത്തിനായി ബലംപ്രയോഗിക്കുകയും ചെയ്തു. ആ അതികായനും അമർത്താൻ പാടില്ലാത്തതായ ചില നിരർത്ഥാക്രോശങ്ങൾ ഗളിതങ്ങളായിപ്പോയി. വികൃതാകാരനായ ഒരു വിദേശീയൻ വിശേഷതരത്തിലുള്ള വേഷം അവലംബിച്ച് ഏകാകിനിയായി താമസിക്കുന്ന തന്നെ കാണ്മാൻ പുറപ്പെട്ടു, ക്ഷീണസൂചകമായുള്ള പ്രാകൃതത്വങ്ങൾ പ്രകടിപ്പിച്ചപ്പോൾ, താൻ അനുഭവിക്കുന്ന കഷ്ടതകൾകൊണ്ടും ദുർവ്വിധിയാകുന്ന ക്രൂരശക്തി തൃപ്തിപ്പെടാതെ ഒരു നവവിപത്തിനെക്കൂടി തന്റെ ശിരസ്സിൽ നിപാതംചെയ്യിക്കുന്നുവോ എന്ന് മീനാക്ഷിഅമ്മ സംഭ്രമിച്ചുപോയി.

ആ സന്ദർഭത്തിൽ മാതാവിനെ സമാശ്വസിപ്പിക്കുന്നതിന് സാവിത്രി കൂടി ഉണ്ടായിരുന്നെങ്കിൽ നന്തിയത്തുമഠത്തെ സന്ദർശിപ്പാൻ ഉണ്ണിത്താന്റെ അസാന്നിദ്ധ്യവേളകളിൽ എത്തിക്കൊണ്ടിരുന്ന പണ്ടാരം മറ്റൊരു വേഷംകെട്ടി എത്തിയിരിക്കുകയാണ് എന്ന് ആ കന്യക ധരിപ്പിക്കുമായിരുന്നു.

സമ്പൽകേന്ദ്രമായുള്ള ചിലമ്പിനേത്തുഗൃഹം സന്ദർശിപ്പാൻ മാണിക്കഗൗണ്ഡൻ ആയ ധനാരാധകൻ പുറപ്പെട്ടത് ഒരത്ഭൂതസംഭവമായി പരിഗണിക്കേണ്ടതില്ലല്ലോ. ഇദ്ദേഹം തിരുവിതാംകൂറിലെ പല സ്ഥലങ്ങളും ഭവനങ്ങളും സന്ദർശിച്ചിരുന്നു എങ്കിലും ഈ ചിലമ്പിനേത്തുഭവനത്തെ അദ്ദേഹത്തിന്റെ പാദപാംസുക്കൾകൊണ്ടു പരിശുദ്ധമാക്കാൻ ഇതിനുമുമ്പു പുറപ്പെട്ടിട്ടില്ലായിരുന്നു. രാജകക്ഷിയോടുള്ള സുസ്ഥിരബന്ധുത്വത്തെ ചിന്തിക്കുകകൊണ്ടായിരിക്കാം ഉണ്ണിത്താന്റെ അഭിമുഖപരിചയം സമ്പാദിപ്പാനും ഇദ്ദേഹം ശ്രമിച്ചില്ല. ആന്തരമായുള്ള എന്തോ മഹാശക്തിയുടെ പ്രേരണയാലോ അനിതരസാമാന്യമായുള്ള കൗടില്യത്തിന്റെ തിരത്തള്ളലാലോ പുറപ്പെട്ടിരിക്കുന്ന ഗൗണ്ഡൻ ഭവനത്തോടടുക്കെ അംഗുലംപ്രതി ക്ഷീണപാദൻ ആകുന്നു. മീനാക്ഷിഅമ്മയെ കണ്ടതിനുമേലുള്ള യാത്ര കേവലം ഒരു നിശ്ചേഷ്ടവിഗ്രഹത്തിന്റേതായിരുന്നു. വരാന്തയോട് അടുത്തപ്പോൾ ആ ഈശ്വരവിദ്വേഷി "ദേവി!" എന്ന് ആക്രോശിച്ചു കൊണ്ട് അവിടെ പൃഷ്ഠംകുത്തി വീണുപോയി. ആദിത്യഭഗവാന്റെ തേജോമയമുഖം ആ ദർശനത്തിൽ മ്ലാനമായി. പീതാംബരഖണ്ഡങ്ങൾപോലെ അവിടവിടെ ചലിച്ചുകൊണ്ടിരുന്ന മേഘശകലങ്ങൾ സ്വരൂപിച്ചു ജയദ്രഥവധത്തിൽ സുദർശനചക്രം അനുഷ്ഠിച്ച കർമ്മത്തെ സാധിച്ചു. ആകാശം മന്ദപ്രഭമായി. വൃക്ഷലതാദികൾ തങ്ങളുടെ ഉന്മേഷനൃത്തങ്ങൾ അവസാനിപ്പിച്ചു. ഭൃത്യസംഘം ഈ അപൂർവ്വാതിഥിയെ സല്ക്കരിപ്പാൻ എന്നപോലെ മുറ്റത്തിന്റെ വടക്കുഭാഗത്തുള്ള വാതിലിൽ [ 145 ] എത്തി ഗൃഹനായികയുടെ ആജ്ഞകൾ കാത്തുനിന്നു. തെക്കുള്ള കുന്നിൽ പാളയം അടിച്ചിരിക്കുന്ന 'നവകോടിനാരായണൻചെട്ടിയാർ' ചിലമ്പിനഴിയത്തുകാരുടെ കണ്ണുകളിൽ മണ്ണിട്ടു വല്ല കണ്ണാടിച്ചില്ലും വിറ്റ് ഒന്നുരണ്ടു 'ജാളിക' ഇന്നു പുറത്താക്കും എന്നു ചിന്തിച്ചു ഗ്രാമവാസികൾ ഗോപുരദ്വാരത്തുള്ള ആനക്കൊട്ടിലിൽ സഞ്ചയിച്ചു.

ഗൗണ്ഡന്റെ കണ്ണുകൾ അന്തഃക്ഷീണത്തിന്റെ ലക്ഷ്യമായി അടഞ്ഞുപോയിരുന്നു. എന്നാൽ, തന്റെ ശരീരം സ്പർശിക്കുന്നതായ വസ്തുവിനെയും പരിസരത്തെയും ഒന്നുകൂടി കാണ്മാനായി ഇമകളെ വിടുർത്തി ഒന്നു ചുറ്റിനോക്കിയപ്പോൾ, പ്രകൃതിയുടെ സാമാന്യഗതിക്കു വിപരീതമായുള്ള ആ സൃഷ്ടിയെ കാണ്മാൻ സഞ്ചയിച്ചിരുന്ന ബുദ്ധിയിൽ ചിന്തകൾ തള്ളിക്കയറി ആ അജിതപരാക്രമനെയും ക്ഷീണനാക്കി. പൂർവ്വസ്മരണകളുടെ ദ്രുതതരപ്രവാഹം ആ ഗിരികൂടകായനിലെ സന്ധാനാവസ്ഥയെയും ഭഞ്ജിച്ചു. "ഝലം, ഝലം" എന്ന് ആഞ്ഞും പിരിഞ്ഞും അവശതയെ അടക്കാൻ ശക്തനല്ലാതെ പുളഞ്ഞുംകൊണ്ടിരുന്ന വൃദ്ധന്റെ ഉത്തമാംഗത്തിൽനിന്ന് ഒരപേക്ഷ പുറപ്പെട്ടപ്പോൾ, മീനാക്ഷിഅമ്മ തന്നെ പോയി, കനകപ്രകാശം ഇയലുന്ന ഒരു കിണ്ടിയിൽ വെറും പാത്രം എന്നു തോന്നിക്കുന്ന നിർമ്മലജലം കൊണ്ടുവന്നു, അസ്വാധീനഭാവം ഒന്നും കാണിക്കാതെ വൃദ്ധനു കൊടുത്തു. വൃദ്ധൻ വിറകൊള്ളുന്ന കൈകളാൽ അതു വാങ്ങി അടുത്തു വയ്ക്കുക മാത്രം ചെയ്തു. ആ ഭവനം ആ 'മങ്കയാളുടേ'തുതന്നെയോ എന്നു ചോദിച്ചപ്പോൾ, അല്ല, തന്റെ ഭർത്താവിന്റേതാണെന്നും അദ്ദേഹത്തിന്റെ കാരണവരായ ഭാഗ്യവാൻ, ഒരു വിക്രമസിംഹൻ, കാര്യനിർവാവഹണങ്ങളിൽ അതിവിദഗ്ദ്ധൻ, സ്വകുടുംബത്തെക്കുറിച്ച് അത്യഭിമാനി എന്നിങ്ങനെ ആ ദേശം ഭരിച്ചിരുന്ന പ്രമാണിയാൽ പണിചെയ്യപ്പെട്ടതാണെന്നും മീനാക്ഷിഅമ്മ ധരിപ്പിച്ചു. വൃദ്ധന്റെ ഭുജങ്ങൾ ഒരു ഉന്മാദപ്രഹർഷത്താൽ ത്രസിച്ചു. ഗൃഹനായികയുടെ നാവിൽനിന്നു ദ്രാവിഡവാണിയുടെ സമുൽഗളനം ഉണ്ടായതു തന്റെ അവധൂതവേഷാവലംബനത്തിനു മുമ്പിലെ ഏകച്ഛത്രാധിപാവസ്ഥയിലോട്ട് അയാളുടെ സ്മൃതികളെ പ്രത്യാനയിച്ചു. എന്നാൽ ഗൃഹനിർമ്മാതാവിനെക്കുറിച്ചുള്ള പ്രശംസകൾ ആ വികാരഗതിയെ അവസാനിപ്പിച്ചു. മീനാക്ഷിഅമ്മയുടെ ആദരവാചങ്ങൾക്കു പാത്രമായ ആ ധീമാനെ, "അപ്പടിയാ! അപ്പടിയാ!" എന്നുള്ള സമ്മതസ്വനങ്ങൾകൊണ്ടു വൃദ്ധനും അഭിനന്ദിച്ചു. പല ദേശങ്ങളിലെ വിശേഷാവസ്ഥകളും പറഞ്ഞ് ഗൗണ്ഡൻ ആ മഹതിയെ വിനോദിപ്പിച്ചു. മീനാക്ഷിഅമ്മ ആകട്ടെ, അപരിജ്ഞേയമായുള്ള ഒരു കൃപാശക്തിയുടെ സാന്നിദ്ധ്യത്തെ ആത്മേന്ദ്രിയത്തിന്റെ സ്പർശനശക്തിമാർഗ്ഗേണ ഗ്രഹിച്ചു തന്റെ ചിത്തകമലത്തിനുണ്ടാകുന്ന ജീവസ്ഫുരണത്തെ ചിന്തിച്ച് ആശ്ചര്യപ്പെട്ടു. ബാല്യാവസ്ഥയെ പുനരവലംബിച്ചതുപോലെ വർത്തമാനാവസ്ഥകൾ മറന്ന് ആ മഹതിയും ശൈശവകാലാനുഭവങ്ങൾ വർണ്ണിച്ചു. താൻ ശത്രുപക്ഷത്തിന്റെ ശക്തിയെ പ്രവൃദ്ധമാക്കാൻ പ്രയോഗിച്ചുപോയ ഒരു [ 146 ] ലേഖനത്തെക്കുറിച്ചും അജിതസിംഹനെ ആ മഹതിയുടെ പുത്രിയെ വിവാഹംചെയ്തുകൊള്ളുന്നതിന് അനുവദിച്ചു യാത്രയാക്കിയതിനെപ്പറ്റിയും വൃദ്ധൻ പശ്ചാത്തപിച്ചു. തന്റെ ദുഷ്കൃതിവലയത്തിൽ ആ ഗൃഹത്തെയും അവിടത്തെ ദമ്പതിമാരെയും ബദ്ധരാക്കിക്കൂടെന്നും തന്റെ മഹാഘങ്ങൾ ആ സ്വേച്ഛാബലിയാൽ എങ്കിലും പരിഹരിക്കപ്പെടട്ടേ എന്നും ചിന്തിച്ചു സൂക്ഷ്മത്തിൽ യശഃപ്രാർത്ഥിയായുള്ള വൃദ്ധൻ ദാഹംതീർക്കാതെ എഴുന്നേറ്റു. വസ്ത്രങ്ങൾക്കിടയിൽ തിരുകിയിരുന്നതും തന്റെ സാമർത്ഥ്യത്താൽ ദിവാൻജിക്കുമാത്രം വിറ്റ മോതിരത്തോടു കിടനില്ക്കുന്നതുമായ ഒരു വജ്രമോതിരത്തെ എടുത്ത് മീനാക്ഷിഅമ്മയുടെ മുമ്പിൽ വച്ചു. ആഗതൻ കഴക്കൂട്ടത്ത് എത്തിയിരിക്കുന്ന വ്യാപാരസംഘത്തിന്റെ തലവനാണെന്ന് ഇതിനിടയിൽത്തന്നെ മീനാക്ഷിഅമ്മ ഊഹിച്ചിരുന്നു. അംഗുലീയത്തിലെ വജ്രങ്ങൾ സ്ഫുരിപ്പിച്ച വിവിധ ദ്യുതികൾ കണ്ട് അതിന്റെ വിലയെ സൂക്ഷ്മമായി നിർണ്ണയപ്പെടുത്തിയ മീനാക്ഷിഅമ്മ അത്ര വിലയേറിയ ഒരു സാധനം ഭർത്താവിന്റെ അനുമതികൂടാതെ വാങ്ങിച്ചുകൂടെന്നു വാദിച്ചു. ആ അനുമതിലബ്ധിക്കുശേഷം വില തന്നാൽ മതിയെന്നും അദ്ദേഹം നിശ്ചയിക്കുന്ന വില സ്വീകരിച്ചുകൊള്ളാമെന്നും പറഞ്ഞു മോതിരത്തെ പടിയിൽ വച്ചിട്ടു വൃദ്ധൻ നടകൊണ്ടുകളഞ്ഞു. കഷ്ടമേ! ഇതും മൂർച്ഛിച്ചിരിക്കുന്ന ഗൃഹച്ഛിദ്രത്തെ ദാമ്പത്യഖണ്ഡനമായിത്തീർക്കുന്നതിനുള്ള ഒരു വജ്രായുധമായി പരിണമിക്കും എന്ന വസ്തുത ആ മഹതി ഗ്രഹിക്കുന്നില്ല.

ഒരു നവമിചന്ദ്രന്റെ ശൃംഗങ്ങൾ കഴക്കൂട്ടം ഗ്രാമത്തിന്റെ പശ്ചിമപരിധിയായുള്ള നാളികേരതരുശിഖരങ്ങളുടെ ഇടയിൽ മറയുന്നു. കിഴക്കുതെക്കുള്ള ചെറുകുന്നിലെ കാട്ടിനിടയിൽ കാണുന്ന പല കൂടാരങ്ങളും അതുകൾക്കകത്തെ അതിയായ ദീപപ്രസരവും ഗൗണ്ഡവ്യാപാരത്തിന്റെ പ്രവർത്തനോന്മേഷത്തെ ദ്യോതിപ്പിക്കുന്നു. ശൂലധരന്മാർ അകത്തുള്ള സമ്പത്തുക്കളെ സംരക്ഷിച്ചു റോന്തുചുറ്റി ഉന്മേഷഗാനങ്ങളും പാടി സഞ്ചരിക്കുന്നു. തിരുവനന്തപുരത്തെ പാർപ്പിനിടയിൽ ഈ പരിജനസംഘത്തെ നിശബ്ദന്മാരാക്കിയിരുന്ന ഉഗ്രനിബന്ധനകൾ ശ്ലഥങ്ങൾ ആയിരിക്കുന്നു. ഹിന്ദുസ്ഥാനിഗാനങ്ങൾ സമീപദേശങ്ങളിലെ ഭവനങ്ങളിൽ പ്രതിധ്വനിച്ചു ഗൗണ്ഡപ്രതാപത്തെ ഉച്ചൈസ്തരം കീർത്തിക്കുന്നു. വിക്രമരാശികളുടെ സങ്കേതമായിരുന്ന ആ സ്ഥലത്തെ പരിപാലനം ചെയ്ത് ഒരു സർവ്വംഭക്ഷകന്റെ തൃഷ്ണാഗ്നിയിൽ ആഹൂതയായ ചാമുണ്ഡിയും ഗൗണ്ഡന്റെ സമാഗമത്തിൽ പുനരവതീർണ്ണയായി, ഒരു ഇന്ദ്രഖഡ്ഗനിപാതംകൊണ്ടു വിശ്വയന്ത്രഭ്രമണത്തിന്റെ ഋജുഗതിയെക്കുറിച്ചു അഭ്യസ്ഥരാക്കുവാൻ തന്റെ ദ്വിസഹസ്രഹസ്തങ്ങളും കൊട്ടി ലോകത്തെ ഉണർത്തുന്നു. ഈ അദൃശ്യപ്രവർത്തനത്തെയും സമീപസ്ഥമായുള്ള സംഹാരശക്തിയുടെ ത്രിനേത്രത്വത്തെയും ചിന്തിക്കാതെ ഗൗണ്ഡൻ പാളയത്തിൽനിന്നു ലഘുവായുള്ള ഒരു മുണ്ടും കുപ്പായവും മാത്രം ധരിച്ച്, ചെറിയ ഒരു തോക്കും തിരുകി, ദൈർഘ്യം കുറഞ്ഞതായ ഒരു വടിവാളും ഊന്നി, [ 147 ] നഗ്നശിരസ്സായി, യുവദശയിലോട്ടു പ്രവിഷ്ടയാകുന്ന തിമിരകാളിയെ അഗമ്യപരിരംഭണം ചെയ്യുവാൻ എന്നപോലെ ആ വിഷകൂടത്തിന്റെ സൂക്ഷ്മപ്രമാണം അനുസരിച്ചു താന്മാത്രനായി, പാളയത്തിനെ വലയം ചെയ്യുന്ന കാടിനെ തരണംചെയ്തു ഗ്രാമപ്രാന്തത്തിൽ എത്തുന്നു. മദ്യസേവയാലോ ഹൃദ്യമായുള്ള വായുശ്വസനത്താലോ ഗൗണ്ഡൻ ഉന്മത്തനായ ഗജേന്ദ്രനോടു 'സമത' വഹിക്കുന്നു. അഷ്ടഗൃഹപ്രമാണികൾക്കു വിധിച്ച നരമേധങ്ങളുടെ നിർവ്വഹണരംഗങ്ങളെ തരണംചെയ്യുന്ന വേളയിലും വൃദ്ധൻ ഭീതനാകുന്നില്ല. ഉഗ്രധ്വനിയിൽ വടിവാൾ ഊന്നി നടകൊള്ളുന്നത് ആ കായകുട്ടിമത്തിൽ സംഭൃതം ആയുള്ള നിഷ്ഠുരതയുടെ താണ്ഡവധ്വനികൾ എന്നപോലെ നിശാപ്രശാന്തതയെ ധ്വംസിക്കുന്നു. ഈ അപ്രതിരോധ്യമായ നിശാടനത്തിനിടയിൽ കേവലം ഭാവനമാത്രത്താൽ താൻ ആളുന്ന സമ്രാട്പദത്തെ ചിന്തിച്ച് ആ ക്ഷുദ്രമൂർത്തി സകല ചരാചരങ്ങളെയും, അവസ്ഥാവിവിധത്വങ്ങളെയും സൃഷ്ടിസ്ഥിതി സംഹാരകൃത്യങ്ങളെയും ഭർത്സിക്കുന്നു. സപ്തസമുദ്രങ്ങളാലും അശാമ്യമായ ഒരു തൃഷ്ണാഗ്നേയതയെയും അയാൾ ബഹിഷ്കരിച്ചുപോകുന്നു. "അയ്യടാ! ആ കൊലമാടന്മാർ കരളറുത്തുകൂട്ടിയ ആ നേട്ടം എന്റെ ചാമുണ്ഡീ- എടുത്തോ, പിടിച്ചോ, നീ ഒരൂട്ടും പാട്ടും എവന്റെ കണക്ക്. ഛേ! കണ്ണടച്ചേക്ക്. ആ നേട്ടം ഇവനു കൈയടങ്ങട്ടെ. ഹും! പെരിഞ്ചക്കോടന്റെ പറയരെ പോവാൻ പറ. ഇതുംകൊണ്ട് അങ്ങു ചെന്ന് ഉറുപ്പ ഉറുപ്പയായി തട്ടുമ്പോൾ, ടിപ്പൂക്കൊമ്പന്റെ കഴുതയാട്ടം-ഹടട സഭാഷ്! ഈ തിരുവിതാംചൂലു പൈത്യാറക്കളത്തിൽ ആ ബൗത്ഥച്ചെറുക്കൻ ജാമനീമ എല്ലാം പോട്ടു-ഹഠ! പാപ്പാസും ചെരുകി, തലക്കൊട്ടയിൽ കൽക്കിയും ചാർത്തി നവാദ്വേഷം ആടണതെല്ലാം; അപ്പോ-" ഒരു പഞ്ചാസ്യരവംതന്നെ ആ വൃദ്ധകണ്ഠത്തിൽനിന്നു പുറപ്പെട്ടത് ശിവക്ഷേത്രസ്ഥനായ ശിലാനന്ദിയെയും കിടുക്കി.

ചിലമ്പിനേത്തു ഭവനത്തിന്റെ പടിക്കൽ എത്തിയപ്പോൾ, വൃദ്ധൻ വടിയെ പ്രാകാരത്തിൽ ചാരിയിട്ടു ശിരസ്സിനെ ഗോപുരവാതിലിൽ നമിച്ചു പ്രാണായാമക്രിയ എന്നപോലെ ശ്വസനനിയമനംചെയ്തു നിലകൊണ്ടും ആ നിലയിൽ നില്ക്കെത്തന്നെ "ഹാ ഹാ! പെണ്ണു പാവം! കൊച്ചുകേശവനും വെറും പാവത്താൻ. അപ്പു! നിന്നെ ദ്രോഹിച്ച് ഈ പെണ്ണിനെ തേവിടിയാടിച്ച ആ കാളതിന്നി ധൂക്ഷിച്ചോട്ടെ. ത്സെമ്മശ്ശനിയാൽ ഇഴുവലി വലിച്ച് ഈ ഥടിയനെ ഈ നട്ഠാദരേദ്ര്യം വെളയണടത്തു കൊണ്ടു ചാണ്ടീരിക്കണത് ആ മുടിവിനാശക്കാരന്റെ ഹന്തത്തിന്. ഇങ്ങോട്ടു തിരുമ്പിയപ്പോത്തന്നെ ഇവന്റെ ഓഝസ്സു കെട്ടുപെയ്. അതു വരട്ടു വരട്ടു. മുച്ചൂടും ഛരിക്കും വരും. അല്ലെങ്കിൽ ഹെവനിട്ട പേർ മാറ്റിയിട്ടിട്ടു ഒടലെടുക്കാം." ഇങ്ങനെയുള്ള ധൈര്യവാക്കുകൾകൊണ്ട് ഒരു പ്രതിജ്ഞയെ അതു കേൾക്കാത്ത ദമ്പതികളോടു ചെയ്തുകൊണ്ടും വാതലിന്റെ നെടുപടികളിൽ ചുംബനം ചെയ്തിട്ടും ഗൗണ്ഡൻ തെക്കോട്ടു നടതുടങ്ങി. ചിലമ്പിനഴിയത്തു പറമ്പിന്റെ അടുത്തു തെക്കുവശമായി അഴിഞ്ഞുകിടക്കുന്ന [ 148 ] ഒരു പറമ്പു കണ്ടപ്പോൾ "ഇതും കേറി ഒന്നു കണ്ടേച്ചു, ചാമുണ്ഡിയമ്മേടെ തറയിലു-നമുക്കെന്തു ചേതമെന്നേ-ഒന്നു കുമ്പിട്ടുകളയാം" എന്നു പറഞ്ഞുകൊണ്ട് ആ പറമ്പിലോട്ടു കടന്നു.

കുട്ടിക്കോന്തിശ്ശനായ മഹാമാന്ത്രികന്റെ പൂജാഗൃഹമായിരുന്ന മന്ദിരം, മീനാക്ഷി കേശവൻകുഞ്ഞ് എന്ന കാമിനീകാമുകന്മാരുടെ ലക്ഷ്മീനാരായണ സംയോഗത്തിനു പൂർവമായുള്ള പ്രണയരംഗം, അവസാനദശയിൽ ഭൃത്യവർഗ്ഗോത്തംസമായ ഭക്തശിരോമണി കുപ്പശ്ശാരാൽ പരിസേവ്യമായിരുന്ന വാത്സല്യക്ഷേത്രം, ഉഗ്രശാന്തന്മാരുടെ നിര്യാണത്തിൽ സഹഗാമിനിയായി സ്വർഗ്ഗാരോഹണം ചെയ്തു ധീരജനനിയുടെ ചരമരംഗം. ഇങ്ങനെയുള്ള ഭവനം നിലത്തുവീണ്, മരക്കഷണങ്ങൾ കണ്ടവർക്കു വിറകായി. അസ്തിവാരത്തറയും പൊടിഞ്ഞ് ഏതാനും കരിങ്കൽപടികളും ഒരു മണൽത്തിട്ടയും മാത്രം ശേഷിക്കുന്നു.

അനന്തരരംഗം കാണ്മാനുള്ള വൈമനസ്യം കൊണ്ടെന്നപോലെ ചന്ദ്രഖണ്ഡം അബ്ധിയിൽ മറഞ്ഞു. നിശാകാളി അനന്തമായ ജടാഭാരം വിരിച്ചിട്ടു സ്വൈരനൃത്തം തുടങ്ങി. ആ കാലസോദരിയുടെ കാന്തനെന്നപോലെ മന്ത്രക്കൂടഭവനത്തിന്റെ അവശേഷക്കുന്നിന്മേൽ ദണ്ഡധാരിയായി നില്ക്കുന്ന ഗൗണ്ഡൻ തന്റെ പ്രണയഗതിക്ക് അനുരൂപമായ സമൃദ്ധകേശിയുടെ നിശ്വാസഗന്ധം ഏറ്റുതന്നെ പ്രവൃദ്ധോന്മാത്തനായി. സ്വഹസ്തദൗഷ്ട്യത്താൽത്തന്നെ, കാലപദം ചേർക്കാനായി ആനീതനാക്കപ്പെട്ട ഒരു കാളമേഘാകാരന്റെ സ്വരൂപസ്മരണപോലും ആ നിശാചാരിയെ സംഭ്രമിപ്പിക്കുന്നില്ല. നിരാത്മകമായുള്ള പ്രപഞ്ചഘടനയെ പ്രമാണിക്കുന്ന ആ അശ്മഹൃദയൻ ആ പ്രദേശത്തെ എന്നല്ല അതിനെ സംവരണം ചെയ്യുന്ന സംസ്ഥാനത്തെയും ആ വൃദ്ധദശയിലെങ്കിലും തന്റെ ചന്ദ്രഹാസധാരയാൽ അഞ്ചിതനേത്രമാക്കി ഭരിക്കുന്ന 'ഭൗഞ്ചി' (മഹിമ)യെ ഇച്ഛാഫലമായി സന്ദർശിച്ചു, കോന്തിശ്ശന്റെ പൂജാവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടിരുന്ന നാളസ്ഥാനത്തുതന്നെ ഒരു ചണ്ഡാലനൃത്തം തുടങ്ങി. ആ നിശാചരരക്ഷസ്സിന്റെ പാദറത്തെ താങ്ങാൻ ശക്തയാകാത്ത ഭൂദേവി ദുസ്സഹവ്യഥയാൽ വിലകി, ഗൗണ്ഡന്റെ പാദങ്ങളിൽ ഒന്നു കീഴ്പോട്ടു താണു. തന്റെ ജീവിതകാലത്തെ പരമദുഃഖത്തിനും മഹാധമമായുള്ള അധഃപതനത്തിനും സംഗതി ആക്കിയ ഒരു സമ്പൽസഞ്ചയടത്തെ ഭയാനകമായി ശപിച്ചുകൊണ്ട് വൃദ്ധൻ ആണ്ടുപോയ പാദത്തെ ഭൂവിലത്തിൽനിന്നു പ്രതിസംഹരിച്ചു. പെട്ടെന്നു നേരിട്ട ആപത്തിൽനിന്നു നിവൃത്തനായി. സമചിത്തത അവലംബിച്ച് അരനിമിഷം ചിന്തിച്ചപ്പോൾ വൃദ്ധൻ ആകാശംമുട്ടെ ചാടി, അട്ടഹാസാവലികൾ ചാമുണ്ഡിദേവിയെത്തന്നെ ക്ഷീണിപ്പിക്കുമാറ് മുക്തമാക്കി. ഏകഹസ്തത്താൽ ഊരുപിണ്ഡത്തിന്മേൽ താളങ്ങൾ അറിഞ്ഞിട്ട് അപരഹസ്തത്താൽ സ്വദണ്ഡത്തെ പാദം താഴ്ന്ന വിലത്തിലോട്ട് ഇറക്കി ഭുജത്തോളം ഹസ്തവും താഴ്ത്തി. ഹാ! ഈ അഗാധവിലം സ്വർഗ്ഗത്തിലേക്കൊ നരകത്തിലേക്കോ സ്വർഗ്ഗനരകങ്ങൾ രണ്ടും ചേർന്നുള്ള ഒരു മണ്ഡലത്തിലേക്കോ നയിക്കുന്ന നവപാതാളം എന്നു [ 149 ] സങ്കല്പിച്ചുകൊണ്ടു ഹൃദയഭേരിയുടെ നഗരാവീക്കുകളാൽ ഉന്മിഷിതനാക്കപ്പെട്ടെ ഗൗണ്ഡൻ അല്പം വലുതായ ഒരു കൽക്കഷണത്തെ, അയാളുടെ മാർജ്ജാരനേത്രങ്ങളുടെ സഹായത്താൽ കണ്ടുപിടിച്ചു, വിലത്തിലോട്ടിട്ട് ആകാംക്ഷാജ്വരത്തിന് അധീനനായി, ദത്തശ്രവണനായി നിന്നു. വിനാഴിക-കൽക്കഷണം ഒരു മുനമ്പിന്മേൽ തടയുന്നു. വിനാഴിക-മറ്റൊരു മുനമ്പിന്മേൽ സംഘട്ടനംചെയ്യുന്ന ഒരു മന്ദ്രധ്വനി. വിനാഴിക-അതാ ഹാ! അത്യഗാധപ്രദേശത്തുനിന്ന് ഒരു -ഗൗണ്ഡൻ ചാമുണ്ഡി തുള്ളിത്തുടങ്ങിയിരിക്കുന്നു. ഒരു-ഗൗണ്ഡൻ വിലത്തിലോട്ടു ചായുന്നു-ലോഹധ്വനി വൃദ്ധൻ മരണോർദ്ധ്വനെന്നപോലുള്ള ഒരു നാസാക്രോശത്തോടെ വിലത്തിന്മേൽ അഷ്ടാംഗപ്രണാമവാൻ ആകുന്നു.

സ്വർഗ്ഗലബ്ധി, ത്രിലോകലബ്ധി, ഉത്സാഹിയായ പുരുഷനെ ജയലക്ഷ്മി ഉപേക്ഷിക്കയില്ല. വൃദ്ധൻ വാപൊത്തി, മീശയടക്കി മുമ്പോട്ടും പുറകോട്ടും ആഞ്ഞു, ഭ്രാന്തനെപ്പോലെ പൊട്ടിച്ചിരിച്ച് ഇടയ്ക്കിടെ കൈകൊട്ടുന്നു. ഈ വിഭ്രാന്തിനൃത്തം മേളിച്ചു നില്ക്കുന്നതിനിടയിൽ വൃദ്ധന്റെ ദക്ഷിണഭാഗത്തു താൻ ഉദയത്തിൽ അണിഞ്ഞിരുന്നതുപോലുള്ള ഒരു വേഷം നിലകൊള്ളുന്നു. ചിന്തയ്ക്കുള്ള നിമിഷം മാത്രം എങ്കിലും കഴിയുന്നതിനിടയിൽ വൃദ്ധന്റെ വടിവാൾ ഉറയിൽനിന്നു പുറത്തായി ചീറിത്തുടങ്ങുന്നു. ആ ചീറ്റം ദീർഘിച്ച് ആകാശത്തിൽ പല വൃത്തങ്ങളും ലേഖനം ചെയ്തിട്ടു ഖഡ്ഗം ദൂരത്തു വീഴുന്നു. അരയിലെ കൈത്തോക്ക് ആരനിമിഷംകൊണ്ടു പുറത്താകുന്നു. കൈലാസശിഖരംപോലെ ഗൗണ്ഡൻ തന്നെ ഉയർത്തപ്പെട്ടു, ദൂരത്തുള്ള കാട്ടുചെടികൾക്കിടയിൽ നിപതിതനുമാകുന്നു. നോവുകൾ കൂടാതെ രക്ഷപ്പെട്ടു, വീണടത്തുനിന്ന് ഉരുണ്ടുപിരണ്ട് എഴുന്നേറ്റു വിലത്തിന്റെ സമീപത്തു മടങ്ങി എത്തിയപ്പോൾ രംഗം ജനശൂന്യമായിരിക്കുന്നു. തന്റെ വിഭ്രമത്തെയും, സാഹസങ്ങളെയുംകുറിച്ചു തന്നത്താൻ ഭർത്സിച്ചുകൊണ്ടും നിശയെയും തിമിരകാളിയെയും മനശ്ശകലംകൊണ്ടു ചാമുണ്ഡിയെയും അനുഗ്രഹിച്ചും ജന്മോദ്ദേശ്യസാകല്യവും സാദ്ധ്യമായതുപോലെയുള്ള ഉന്മാദജ്വരത്താൽ വിറകൊണ്ടും വൃദ്ധൻ തന്റെ പാളയത്തിലേക്കു മടങ്ങി, കനകാഭ്രനിർമ്മാണം എന്ന ബ്രഹ്മാവും തുനിയാത്ത കർമ്മത്തെ മനസാ ആരംഭിച്ചും തുടർന്നും സൂര്യഭഗവാനേ മുന്നിട്ടു ശയ്യയിൽനിന്ന് എഴുന്നേല്ക്കുന്നു.

ഉദിച്ചപ്പോൾ പൂർവ്വോദയത്തിലെ വേഷത്തിൽത്തന്നെ ഗൗണ്ഡൻ മീനാക്ഷിഅമ്മയെ കണ്ടു തെക്കുവശത്ത് അഴിഞ്ഞുകിടക്കുന്ന പറമ്പിൽ തന്റെ പാളയം ഉറപ്പിക്കുന്നതിന് അനുമതി കിട്ടണമെന്നപേക്ഷിച്ചു. ഒന്നുകൂടി നോക്കിയിട്ടു വന്ന് ആവശ്യപ്പെട്ടാൽ വിരോധം ഇല്ലെന്ന് ആ മഹതി പറഞ്ഞപ്പോൾ ഗൗണ്ഡൻ അങ്ങോട്ടു നടന്നു. ഹ! ഹ! ഹ! ആശ്ചര്യമേ! ബ്രഹ്മാണ്ഡമഹാവസാദമേ! ശാശ്വതനാശോന്മുഖനായി പ്രയാണം ചെയ്ത് ഒടുങ്ങിയ കോന്തിയാശ്ശന്റെ ഉപാസനയാൽ സൃഷ്ടങ്ങളായ തക്ഷകകോടികൾ തന്നാൽ ദീർഘകാലപ്രാർത്ഥിതമായുള്ള നിധിയെ വലയംചെയ്തു രക്ഷിക്കുന്നു. [ 150 ]

കല്പാന്തകലാപംപോലുള്ള ഗൗണ്ഡന്റെ വിഭ്രമാവേശം അവസാനിച്ചപ്പോൾ അയാൾ ദർശിച്ചത് ഇപ്രകാരമുള്ള അവസ്ഥാവ്യത്യാസങ്ങൾ ആയിരുന്നു. പാർവ്വത്യകാർ, മുന്നിലക്കാർ, ചേരുമനക്കാർ എന്നിവർ സമീപത്തുള്ള ആളുകളെ എല്ലാം വരുത്തി രാജാജ്ഞയാൽ ബഹുജനോപയോഗത്തിനായി ഒരു നീരാഴി തോണ്ടിത്തുടങ്ങിയിരിക്കുന്നു. ആ ധർമ്മോദ്യമത്തിൽ രാജപ്രാതിനിധ്യം വഹിച്ചു നിന്നിരുന്ന കുഞ്ചൈക്കുട്ടിപ്പിള്ളകാര്യക്കാർ ഹിന്ദുസ്ഥാനിയിൽ സ്വാഗതം പറവാനും കഴക്കൂട്ടം പ്രദേശത്തിന്റെ സ്ഥലപുരാണങ്ങൾ കേൾപ്പിപ്പാനും ഗൗണ്ഡവൃദ്ധന്റെ സമീപത്തോട്ടു നീങ്ങി. ആകാശവിധാനം വിച്ഛിന്നമായി നീലമലകളെത്തന്നെ വർഷിച്ച് ആ പിംഗളാക്ഷങ്ങളുടെ ദർശനത്തെ ഒരു തിമിരയവനികയാൽ പ്രതിബന്ധിച്ചു. ശ്രീരാമന്റെ ദിവ്യബാണങ്ങളാൽ വിച്ഛിന്നാംഗമായ കുംഭകർണ്ണമഹാവിഗ്രഹംപോലെ ഗൗണ്ഡൻ നിലത്തു വീണു വക്ത്രനാസാദ്വാരങ്ങളിൽക്കൂടി രക്തം പ്രസ്രവിപ്പിച്ചു.