വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം/പുതിയ വിശേഷങ്ങൾ

വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം (ബാലസാഹിത്യം)
രചന:എസ്. ശിവദാസ്
പുതിയ വിശേഷങ്ങൾ

[ 95 ]

പുതിയ വിശേഷങ്ങൾ


കൂട്ടുകാരെ, പുതിയ കുറെ വിശേഷങ്ങൾ പറയട്ടെ? മാസ്റ്ററുടെ വീട്ടിൽ നിന്നു കൂട്ടുകാർ പിരിഞ്ഞതിനു ശേഷമുള്ള വിശേഷങ്ങളാണ്.

പക്ഷിപ്രേമം

സൂസിക്കുട്ടി പക്ഷികളുടെ ചാർട്ടുണ്ടാക്കുന്ന തിരക്കിലാണ്. പക്ഷികളെപ്പറ്റി പഠിക്കാൻ നല്ല കുറച്ചു പുസ്തകങ്ങൾ മാസ്റ്റർ ബാലവേദിയിൽ വാങ്ങിച്ചു. സാലിം അലിയുടെ ‘Book of Indian Birds’ (ഇന്ത്യയിലെ പക്ഷികൾ) സൂസിക്കുട്ടിക്ക്‌ വളരെ ഇഷ്ടമായി. എന്താ കാര്യമെന്നോ? ഒന്നാം തരം കളർ ചിത്രങ്ങൾ. ഓരോ പക്ഷിയെയും നേരിട്ടു കാണുന്നത്ര ഭംഗിയായ ചിത്രങ്ങൾ. അത് കിട്ടിയതോടെ സൂസിക്കുട്ടിക്കു പക്ഷികളുടെ ചിത്രങ്ങൾ പെയിന്റു ചെയ്യൽ എളുപ്പമായി. പക്ഷികളെ തിരിച്ചറിയാനും അതിലെ ചിത്രങ്ങൾ സഹായിച്ചു.

സാലിം അലിയുടെ തന്നെ ‘Birds of Kerala’ (കേരളത്തിലെ പക്ഷികൾ) എന്ന പുസ്തകവും സൂസിക്കുട്ടി മറിച്ചു നോക്കി. മലയാളത്തിലുമുണ്ട് നല്ല രണ്ടു പക്ഷിപ്പുസ്തകങ്ങൾ. ഇന്ദുചൂഡൻ എഴുതിയ രണ്ടു പുസ്തകങ്ങൾ. “കേരളത്തിലെ പക്ഷികൾ”, “പക്ഷികളും മനുഷ്യരും” “പക്ഷികളുടെ അത്ഭുത പ്രപഞ്ചം” എന്നാണവയുടെ പേര്. സൂസിക്കുട്ടി ഇന്ദുചൂഡൻ മാസ്റ്ററുടെ [ 96 ] “കേരളത്തിലെ പക്ഷികൾ” വായിച്ചുകൊണ്ടിരിക്കുകയാണ്. നല്ല രസമാണതു വായിക്കാൻ. പക്ഷികളുടെ ചിത്രങ്ങളും രൂപ വിവരണവുമെല്ലാം അതിലുണ്ട്.

‘ഹൊ, പക്ഷികളെപ്പറ്റി പഠിക്കാൻ തുടങ്ങിയാൽ എത്ര രസമാണെന്നോ! സൂസിക്കുട്ടിക്ക് ഇപ്പോൾ ഇരുപത് പക്ഷികളെ കണ്ടാൽ തിരിച്ചറിയാറായി. പത്തെണ്ണത്തിൻറെ ശബ്ദം അനുകരിക്കാനുമറിയാം.

ജയന്റെ ആനക്കമ്പം

മാസ്റ്റർ യുറീക്കയുടെ ആന സ്പെഷ്യൽ ജയന് കൊടുത്തു. ജയൻ അത് വായിച്ചപ്പോഴേ അവന് ആനക്കമ്പം കയറിയിരിക്കുകയാണ്. അപ്പു എന്ന കുട്ടിയാനയുടെ കഥ കേട്ടതോടെ ജയന് ആനകളോട് ദയയാണ്. ഗോപാലന് ഭ്രാന്തുപിടിച്ച കഥ ജയനെ കരയിച്ചു. ആനയെപ്പറ്റിത്തന്നെ എന്തെല്ലാം അറിയാനുണ്ട്! യുറീക്കയിൽ വരുന്ന പ്രകൃതിക്കഥകൾ എല്ലാം പിന്നെ ജയൻ വായിച്ചു തുടങ്ങി. പഴയ ലക്കങ്ങൾ മാസ്റ്ററുടെ വീട്ടിൽ നിന്നും കിട്ടിയതാണ്‌. അതോടെ ജയനും എഴുതാൻ തുടങ്ങി. “എന്നെ നീർക്കോലി കടിച്ചു.” തന്റെ ആദ്യത്തെ അനുഭവകഥ എഴുതുന്ന തിരക്കിലാണ് ജയൻ!

അപ്പുക്കുട്ടൻ നേച്ചർക്ലബ്ബിൽ

അപ്പുക്കുട്ടൻ വാലുമാക്രികളെ വളർത്തുന്ന തിരക്കിലായിരുന്നു. ഇടയ്ക്കിടെ അപ്പുക്കുട്ടന് സംശയങ്ങൾ. അപ്പോഴൊക്കെ മാസ്റ്ററുടെ വീട്ടിലേക്കോടി. അവസാനം മാസ്റ്റർ പറ്റിയ ഒരു പുസ്തകം കൊടുത്തു. അതിൽ വാലുമാക്രികളെ വളർത്തുന്ന വിധം മാത്രമല്ല ഉണ്ടായിരുന്നത്. വേറെയും പല പല രസകരമായ പ്രകൃതി പ്രോജക്റ്റുകൾ അതിലുണ്ടായിരുന്നു. Nature Clubs of India ക്കു വേണ്ടി World wilde Fund For Nature-India (WWF-1) പുറത്തിറക്കിയിരുന്ന കൈപ്പുസ്തകമായിരുന്നു അത്. [ 97 ] അത് നേച്ചർ ക്ലബ്ബുകൾക്കുവേണ്ടി പുറത്തിറക്കിയിരിക്കുന്നതാണെന്ന് മാസ്റ്റർ പറഞ്ഞു. ഇന്ത്യയിലെ വേൾഡ്‌ ലൈഫ്‌ ഫണ്ടിന്റെ യുവജനപ്രസ്ഥാനമാണ് നേച്ചർക്ലബ്ബ്സ് ഓഫ് ഇന്ത്യ.

അപ്പുക്കുട്ടൻ ബാലവേദിയിൽ ഒരു പ്രകൃതിനിരീക്ഷണ ഗ്രൂപ്പ്‌ സംഘടിപ്പിക്കുന്ന തിരക്കിലാണ്. ഈ വരുന്ന ജൂൺ 5-ന് തന്നെ അതിൻറെ ഉദ്ഘാടനം സംഘടിപ്പിക്കണമെന്നാണ് വാശി. ലോകപരിസ്ഥിതി ദിനമാണന്ന്.

ദീപുവിൻറെ സമാധാന റാലി

അന്നാ ബാലവേദി കൂടിയപ്പോഴാണ് മാസ്റ്റർ യുറീക്കയിൽ സഡാക്കോയുടെ കഥ പറഞ്ഞത്. ഒരായിരം സപ്നങ്ങളുമായി ഓടി നടന്ന ആ കൊച്ചുസുന്ദരി അണുബോംബിൻറെ മാരകരശ്മികളേറ്റു ക്യാൻസർ ബാധിച്ച് ഇഞ്ചിഞ്ചായി മരിച്ച കഥകേട്ടു കൂട്ടുകാരെല്ലാം കരഞ്ഞു പോയി. അന്നാണ് അവർ ഹിരോഷിമയുടെ ഞെട്ടിക്കുന്ന കഥയറിഞ്ഞത്. 1945 ആഗസ്റ്റ് ആറിന് അവിടെ അണുബോംബ്‌ ഇട്ടത് എത്ര ക്രൂരമായിപ്പോയി! ഈ ലോകം അനേകതവണ നശിപ്പിക്കാൻ മാത്രം കഴിവുള്ള ന്യൂക്ലിയർ ബോംബുകൾ ലോകത്തിന്നുണ്ട്. ലോകസമാധാനം കൈവരാതെ ഈ ലോകത്തിന് രക്ഷയില്ല. പ്രകൃതിക്കും. ദീപു മുൻകൈ എടുത്ത്‌ കഴിഞ്ഞ ആഗസ്റ്റ് ആറിന് ബാലവേദി കൂട്ടുകാരെ സംഘടിപ്പിച്ച് ഒരു സമാധാനറാലി നടത്തി. സമാധാനപ്പാട്ടും പാടി അവർ നടത്തിയ ആ റാലി ആവേശകരമായ ഒരു അനുഭവമായിരുന്നു. സമാധാനസന്ദേശം പരത്താനുള്ള പ്രവർത്തനത്തിലാണ് ദീപുവും കൂട്ടുകാരും. കാരണം പ്രകൃതിസംരക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണല്ലോ അതും.

കൊച്ചുറാണിയുടെ ലൈബ്രറി

“കൊച്ചുറാണിക്ക് ഞാനൊരു വലിയ സ്ഥാനം തരാൻ പോകുന്നു.” കഴിഞ്ഞാഴ്ച മാസ്റ്റർ പറഞ്ഞു.

“എന്താ മാസ്റ്റർ?” [ 98 ]

“ബാലവേദി ലൈബ്രറിയുടെ സെക്രട്ടറി സ്ഥാനം!”

“ഇത്ര കൊച്ചിലേയോ”

“ലൈബ്രറിയും കൊച്ചല്ലേ? ഇപ്പോൾ ഉണ്ടാകാൻ പോകുന്നതല്ലേയുള്ളൂ!” മാസ്റ്റർ ചിരിച്ചു.

“ആഹാ, ലൈബ്രറി ഇതുവരെ ഉണ്ടായിട്ടേയില്ല. അല്ലേ?” ലില്ലിക്കുട്ടി കളിയാക്കി.

“ദാ ഇപ്പോൾ ലൈബ്രറി ജനിച്ചിരിക്കുന്നു. ഞാൻ ദാ കുറെ പുസ്തകങ്ങൾ സംഭാവന തരുന്നു. നമ്മുടെ ബാലവേദി ലൈബ്രറിക്ക് പറ്റിയ പ്രകൃതിപുസ്തകങ്ങളാണവ. നോക്കൂ.” കൊച്ചുറാണി പുസ്തകങ്ങൾ മറിച്ചുനോക്കി.

മനുഷ്യനും പ്രകൃതിയും (പ്രൊഫ. എം.കെ. പ്രസാദ്‌) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌.

ഞാനും വീടും ചുറ്റുപാടും (സി.ജി. ശാന്തകുമാർ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌.

കല്ലും പുല്ലും കടുവയും. (ഡോ. എ.എൻ. നമ്പൂതിരി) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌.

പരിസര സംരക്ഷണം (ഡോ. കെ.എൻ.പി. കുറുപ്പ്) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌.

പുല്ല് തൊട്ട് പൂനാര വരെ, (ഇന്ദുചൂഡൻ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌.

ജീവിക്കൂ, ജീവിക്കാനനുവദിക്കൂ (ഡോ. ഗോപാലകൃഷ്ണ കാരണവർ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌

കാട്ടിലെ കൂട്ടുകാർ (വി. സദാശിവൻ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌.

കാക്ക (എസ്. ശിവദാസ്‌) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌.

നമുക്കു ചുറ്റുമുള്ള ജീവികൾ (ഡോ. ഗോപാലകൃഷ്ണ കാരണവർ) സ്റ്റെപ്സ്

കീയോ കീയോ (എസ്. ശിവദാസ്‌) കറൻറ് ബുക്സ്‌. [ 99 ]

THE LAST TIGER (RUSKIN BOND)

JOY OF LEARNING (CENTRE FOR ENVIRONMENT EDUCATION, AHMEDABAD)

കുട്ടികളും കളിത്തോഴരും, (ഒ. പിറോവ്സ്ക്കയ) പ്രോഗ്രസ്സ് പബ്ലീഷേഴ്സ്.

ഭൂമിയുടെ അവകാശികൾ, (വൈക്കം മുഹമ്മദ്‌ ബഷീർ), ഡി.സി. ബുക്ക്‌സ്.

ഓർമ്മയുടെ അറകൾ, (വൈക്കം മുഹമ്മദ് ബഷീർ), ഡി.സി. ബുക്ക്‌സ്.

പുസ്തകങ്ങൾ പരിശോധിച്ചതിനു ശേഷം കൊച്ചുറാണി ചോദിച്ചു.

“മാഷേ ഇതിൽ അവസാനത്തെ മൂന്നു പുസ്തകങ്ങൾ സയൻസ് പുസ്തകങ്ങളല്ലല്ലോ.”

“അല്ല. പക്ഷേ അവയും വായിക്കണം. ‘കുട്ടികളും കളിത്തോഴരും’ ഒരു റഷ്യൻ പുസ്തകമാണ്. അതിമനോഹരങ്ങളായ പ്രകൃതി കഥകളാണതിൽ. ഒരു വീട്ടിലെ കുസൃതികളായ കുട്ടികൾ പല തരം കാട്ടുജന്തുക്കളെ വളർത്തുന്ന രസകരമായ കഥ. നോവൽ പോലെ വായിക്കാം. അതോടെ നിങ്ങൾ തികഞ്ഞ പ്രകൃതിസ്നേഹിയാകും.”

“ഭൂമിയുടെ അവകാശികളോ? അതും ഒരു കഥാപുസ്തകമാണല്ലോ.”

“അതെ. പക്ഷെ അതിമനോഹരങ്ങളായ രണ്ടു കഥകൾ അതിലുണ്ട്. ഭൂമിയുടെ അവകാശികൾ എന്ന കഥയും ഒരു തേന്മാവിന്റെ കഥയും. എല്ലാ പ്രകൃതി സ്നേഹികളും വായിക്കുകയും മറ്റുള്ളവരെക്കൊണ്ട് വായിപ്പിക്കുകയും ചെയ്യേണ്ട സുന്ദരങ്ങളായ കഥകളാണവ.”

“സമ്മതിച്ചു. ഓർമ്മയുടെ അറകൾ കഥയുമല്ലല്ലോ.”

“അല്ല. ബഷീറിന്റെ ബാല്യകാലസ്മരണകൾ ആണ്. ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾ തന്റെ അച്ഛനുമമ്മയും സഹോദരങ്ങളുമൊത്തു വൈക്കത്തിനടുത്തൊരു ഗ്രാമത്തിൽ കഴിഞ്ഞ കാലത്തെ രസകരമായ അനുഭവങ്ങളാണവ. വെള്ളപ്പൊക്കത്തിൽ അവശതയനുഭവിക്കുന്ന തേളിനെപ്പോലും സ്നേഹിച്ചു രക്ഷിക്കുന്ന ആ കുടുംബത്തിന്റെ കഥ നമ്മെ [ 100 ] ആവേശഭരിതരാക്കും. കഥ പോലെ രസിച്ച് ഏതു പ്രകൃതിസ്നേഹിയും വായിക്കും ആ പുസ്തകവും."

"അപ്പോൾ സയൻസ് പുസ്തകങ്ങൾ മാത്രം വായിച്ചാൽ പോര അല്ലെ മാസ്റ്റർ?"

"അതെ. പക്ഷേ, നമ്മുടെ ലൈബ്രറിയിൽ ചവറുകൾ ഒന്നും വാങ്ങി വയ്ക്കരുത്. ഡിറ്റക്ടീവു കഥയൊന്നും വേണ്ടേ വേണ്ട. നല്ല പുസ്തകങ്ങൾ തന്നെ മതി." മാസ്റ്റർ തുടർന്നു.

"എല്ലാ വിഷയങ്ങളിലും പുസ്തകങ്ങൾ ശേഖരിക്കേണ്ടേ മാസ്റ്റർ?" അപ്പുക്കുട്ടന് സംശയം.

"വേണം. നാട്ടിൽ നടന്ന് പുസ്തകങ്ങൾ സംഭാവനയായി സ്വീകരിക്കൂ."

"ഇതൊക്കെ വയ്ക്കാൻ ബാലവേദിക്ക് അലമാരയില്ലല്ലോ"കൊച്ചുറാണി പ്രശ്നമുന്നയിച്ചു.

"തൽക്കാലം കൊച്ചുറാണിയുടെ വീടാണ് ലൈബ്രറി. അവിടെ പെട്ടിയിൽ സൂക്ഷിച്ചോളൂ. പുസ്തകത്തിന് നമ്പർ ഇടണം. ഒരു ബുക്കിൽ ലിസ്റ്റ് എഴുതി വയ്ക്കണം. പുസ്തകം വായിക്കാനെടുക്കുന്നയാളിന്റെ പേരും എടുത്ത പുസ്തകത്തിന്റെ പേരും തിയതിയും കുറിച്ചുവയ്ക്കാൻ മറ്റൊരു ബുക്കും വാങ്ങൂ." മാസ്റ്റർ നിർദ്ദേശിച്ചു.

"അതൊക്കെ എന്റെ അച്ഛനോട് സംഭാവന ചെയ്യാൻ പറയാം." കൊച്ചുറാണി ഒരു പ്ലാൻ പറഞ്ഞു.

"മാസികകൾ വേണ്ടേ മാസ്റ്റർ?" ദീപു ചോദിച്ചു.

"വേണം. യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ നല്ല മാസികകൾ ലൈബ്രറിയിൽ വരുത്തണം."

"നമുക്ക് ഇന്ന് വീടുകൾ കയറിയിറങ്ങി പുസ്തകങ്ങൾ ശേഖരിച്ചാലോ?" കൊച്ചുറാണി പരിപാടിയിട്ടു.

"റെഡി നാളെ മുതൽ ഗൗരവമായ വായനയും തുടങ്ങണം. ട്ടോ" മാസ്റ്റർ ഓർമ്മിപ്പിച്ചു. [ 101 ]

നാടന്മാരെ കണ്ടുപിടിക്കൽ

തോമസിനും ലില്ലിക്കുട്ടിക്കും കൊച്ചുമുഹമ്മദിനും അനുവിനും കൂടി പുതിയ ഒരു ജോലി കൂടി മാസ്റ്റർ കൊടുത്തു. ഒരു നഴ്സറി നടത്തൽ. എന്തിനാണെന്നോ? വരുന്ന മഴക്കാലത്ത് മരങ്ങൾ നടേണ്ടേ? അതിനായി യൂക്കാലിയുമൊന്നും ഉപയോഗിക്കരുത് എന്ന് മാസ്റ്റർ പറഞ്ഞു. അത് നമ്മുടെ നാട് മുടിക്കും. പകരം നല്ല നാടൻ മരങ്ങൾ തേടിപ്പിടിക്കാൻ മാസ്റ്റർ നിർദ്ദേശിച്ചു. തേടിപ്പിടിച്ചാൽ മാത്രം പോരാ. അവയുടെ വിത്തുകൾ ശേഖരിച്ചു തൈകളുണ്ടാക്കുകയും വേണം. കൂട്ടത്തിൽ കാറ്റുവീഴ്ച പിടിക്കാത്ത നല്ല നാടൻ തെങ്ങുകളുടെ തൈകൾ കൂടി ഉണ്ടാക്കണമെന്ന് പ്രത്യേകം പറഞ്ഞിരിക്കുകയാണ്. അവർ പണി തുടങ്ങി. എത്രയെത്ര നല്ല നാടൻ മരങ്ങൾ ഉണ്ടെന്നോ? ഇപ്പോഴത്തെ കുട്ടികൾ കാണാത്തവയാണ് പലതും. തോമസിന്റെ അപ്പൂപ്പനും കൊച്ചുമുഹമ്മദിന്റെ വല്യുപ്പയ്ക്കും പല പല നല്ല മരങ്ങളുമറിയാം. അത്തിയും ഇത്തിയും ഞാവലും ഇലഞ്ഞിയും അവർ വച്ചു പിടിപ്പിച്ചു കഴിഞ്ഞു. നല്ല നാടൻ മരങ്ങളുടെ വിത്തുകൾ ശേഖരിച്ച് കൂട്ടുകാർ ബാലവേദിയിലെത്തിച്ച് അവരെ സഹായിക്കണേ. വരുന്ന വർഷം ഒരു മരം വളർത്തൽ മത്സരവും അവർ പ്ലാനിടുന്നുണ്ട്. ട്ടോ.

കടലിലും കാട്ടിലും

“കടൽക്കരയിൽ രണ്ടു ദിവസം കഴിയണം. നല്ല കുറെ പ്രകൃതി നിരീക്ഷണങ്ങളും നടത്തണം.” അത് അനുവിന്റെ ആഗ്രഹമായിരുന്നു “ ഹൈറേഞ്ചിൽ ഒരു നല്ല കാട്ടിൽ ഒന്ന് താമസിക്കണം.” അത് അപ്പുക്കുട്ടൻറെ ആഗ്രഹവും. മാസ്റ്റർ ബാലവേദി കുട്ടികളെയും കൊണ്ട് രണ്ടിടത്തും പോയി. കടൽക്കരയും [ 102 ] മലമുകളും കാടുനിറഞ്ഞ മലഞ്ചരിവും എത്ര വ്യത്യസ്തമായ പ്രകൃതിയാണ് കാഴ്ചവയ്ക്കുന്നത്! അത് കണ്ടും അനുഭവിച്ചും തന്നെ അറിയണം. പ്രകൃതി നിരീക്ഷണത്തിന് പ്രകൃതിയിലേക്കിറങ്ങണം. പഠനയാത്രയാണ് ഏറ്റവും നന്ന് എന്ന് അതോടെ കൂട്ടുകാർ സമ്മതിച്ചു. തോമസും കൂട്ടുകാരും അവരുടെ അനുഭവങ്ങൾ എഴുതുന്ന തിരക്കിലാണ്.

വായന, വായന

“ചീഞ്ഞ മത്തി മാത്രം തിന്ന് വളർന്ന ഒരു പട്ടിക്ക് നല്ല മത്തി കൊടുത്താലോ?” ഒരു ദിവസം ബാലവേദി കൂടിയപ്പോൾ മാസ്റ്റർ ചോദിച്ചു.

“അതിനിഷ്ടപ്പെടുകയില്ല!” തോമസ്‌ മറുപടി പറഞ്ഞു.

“അതുപോലെയാണ് ചീത്ത പുസ്തകങ്ങൾ വായിച്ച് രസിക്കുന്നവരുടെ കാര്യവും.” മാസ്റ്റർ പറഞ്ഞു.

“ചീത്ത പുസ്തകമോ!” കൊച്ചുമുഹമ്മദിന് കാര്യം മനസ്സിലായില്ല.

“എന്നു പറഞ്ഞാൽ നിലവാരമില്ലാത്ത പുസ്തകം. തെറ്റായ ധാരണകൾ ഉണ്ടാക്കുന്നവ. വാശിയും വൈരാഗ്യവും പ്രതികാരവും കയ്യൂക്കും ദുഷിച്ച മറ്റു പല തരം പ്രവണതകളും വികാരങ്ങളുമുണ്ടാക്കുന്നവ. സാഹിത്യത്തെ കച്ചവടച്ചരക്കായി മാറ്റിയിരിക്കുന്നവർ പടച്ചിറക്കിയിരിക്കുന്ന അത്തരം പുസ്തകങ്ങളേയും മാസികകളേയുമാണ് ചീത്ത പുസ്തകങ്ങൾ എന്ന് പൊതുവിൽ പറഞ്ഞത്.” മാസ്റ്റർ വിവരിച്ചു.

“ഓ അത് ശരി. അത്തരം പുസ്തകങ്ങൾ വായിച്ചാൽ നമ്മുടെ തന്നെ നിലവാരം താഴും. അല്ലേ.?”

“അതെ. നമ്മുടെ വാസനകൾ, ചിന്തകൾ, ധാരണകൾ, മനോഭാവങ്ങൾ... എല്ലാം ദുഷിച്ചതാകും.”

“അതിൽ നിന്നും രക്ഷപ്പെടാൻ എന്താ മാർഗം?” [ 103 ]

"നല്ല പുസ്തകങ്ങൾ മാത്രമേ വായിക്കൂ എന്ന് പ്രതിജ്ഞയെടുക്കുക. നല്ല പുസ്തകങ്ങൾ നല്ല കൂട്ടുകാരെപ്പോലെയാണ്. അവ നമ്മെ രസിപ്പിക്കും. നമ്മുടെ വാസനകളെ കൂടുതൽ ഉദാത്തമാക്കും. നമ്മെ കൂടുതൽ പഠിപ്പിക്കും. കൂടുതൽ നല്ല മനുഷ്യരാക്കും. ജീവിതത്തെ, സമൂഹത്തെ, പ്രപഞ്ചത്തെതന്നെ കൂടുതൽ ആരോഗ്യകരമായ ഒരു സമീപനത്തോടെ കാണാൻ നമ്മെ സഹായിക്കും." മാസ്റ്റർ നല്ല പുസ്തകങ്ങളുടെ ഗുണങ്ങൾ വിവരിച്ചു. എല്ലാമൊന്നും അനുവിനും മറ്റ് കൊച്ചുകൂട്ടുകാർക്കും മനസ്സിലായില്ല. എന്നാൽ നല്ല പുസ്തകങ്ങൾ തന്നെ വായിക്കണം എന്ന് അവരും തീരുമാനിച്ചു.

"നല്ല പുസ്തകങ്ങൾ വായിക്കാൻ വിഷമമാ മാസ്റ്റർ" കൊച്ചുമുഹമ്മദ് പരാതി പറഞ്ഞു.

"അതൊരു തെറ്റായ മുൻവിധിയാ കൊച്ചുമുഹമ്മദേ, ചിലത് കുറച്ച് വിഷമമാകാം. പക്ഷേ ചിട്ടയായി വായിച്ചു പഠിക്കുന്നവർക്ക് വായന ഒരു ലഹരിയായി മാറും. വായന ഒരു കലയാണെന്ന് പറയുന്നതും ശരിയാണ്. ആദ്യം ലളിതമായ ഗ്രന്ഥങ്ങൾ വായിക്കണം. പിന്നെ പടിപടിയായി കൂടുതൽ നിലവാരമുള്ളവയും. അങ്ങനെ വായിക്കുന്നവർക്ക് ഏതു നിലവാരത്തിലുള്ളവയും പിന്നീട് ദഹിക്കും. വായനയെ ഗൗരവമായിട്ടെടുക്കണം എന്നു മാത്രം."

"ഞങ്ങൾ ഇതുവരെ നേരം കളയാൻ മാത്രം വായിച്ചു വന്നതാണ് കുഴപ്പമായത്." രാജു സമ്മതിച്ചു.

"ആട്ടെ നിങ്ങൾ യുറീക്ക വായിക്കാറില്ലേ?"

"ഉവ്വ്. എല്ലാ മാസവും വായിക്കുന്നുണ്ട്."

"നല്ല രസമാണ് വായിക്കാൻ."

ഞാൻ ചിത്രകഥകളും കാർട്ടൂണുകളുമേ വായിക്കാറുള്ളൂ."

"അതാരാ ആ പറഞ്ഞത്? കൊച്ചുമുഹമ്മദോ? അതുപോരാ, മുഴുവൻ വായിക്കണം. വായിച്ചാൽ മാത്രം പോരാ. ഓരോ ലക്കവും വായിച്ചതിനുശേഷം ഒരു ദിവസം ബാലവേദിയിൽ ആ മാസത്തെ യുറീക്കയെപ്പറ്റി ഒരു ചർച്ച നടത്തണം. എന്തൊക്കെ ഇഷ്ടമായി, അതെല്ലാം [ 104 ] വായിച്ചപ്പോൾ എന്തൊക്കെ പഠിച്ചു. യുറീക്കയിൽ വേറെ എന്തെല്ലാം കൂടി ഉണ്ടാകണം. ഇങ്ങനെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യണം" മാസ്റ്റർ വിശദീകരിച്ചു.

“പക്ഷേ നമ്മൾ ചർച്ച ചെയ്‌താൽ അത് യുറീക്ക എങ്ങനെ അറിയും മാസ്റ്റർ?” കൊച്ചുറാണിക്ക് സംശയം.

“അതിന് വഴിയുണ്ട്. ചർച്ച ചെയ്തപ്പോഴുണ്ടായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മറ്റും യുറീക്കക്ക് അയച്ചുകൊടുക്കണം. ഇങ്ങനെ നിങ്ങൾ കൂട്ടുകാരുടെ സഹകരണം ഉണ്ടായാലേ മാസിക കൂടുതൽ നന്നാകൂ.”

“എങ്കിലങ്ങനെ തന്നെ. ഈ ലക്കത്തെപ്പറ്റി വരുന്നയാഴ്ച ചർച്ച നടത്താം" കൊച്ചുമുഹമ്മദിന് താൽപ്പര്യമായി.

“അതു മാത്രം പോരാ. നിങ്ങൾ വേറെയും നല്ല പുസ്തകങ്ങൾ വായിക്കണം. കാര്യങ്ങൾ പഠിക്കണം. സ്വന്തം അനുഭവങ്ങളും ആശയങ്ങളും എല്ലാം രചനകളാക്കി യുറീക്കയ്ക്ക് അയക്കണം.”

“അമ്പട! തന്നെ എഴുതാനോ! അതിത്തിരി പാടാ.”

“രാജൂ, വെള്ളത്തിലിറങ്ങാതെ നീന്തൽ പഠിക്കാൻ പറ്റുമോ? എഴുതാതെ എഴുതാൻ പഠിക്കാനും പറ്റില്ല.”

“യുറീക്കയിൽ വരുന്ന കളികൾ ഞങ്ങൾ കളിക്കുന്നുണ്ട്. പാട്ടുകൾ പാടി അവതരിപ്പിക്കുന്നുമുണ്ട്. പരീക്ഷണങ്ങളും പ്രോജക്ടുകളും മറ്റും ചെയ്യാൻ പറ്റാറില്ല.” ബാലവേദി കൺവീനറായ തോമസ്‌ സത്യം പറഞ്ഞു.

“മോശം, മോശം. പ്രോജക്ടുകൾ ചെയ്തു തന്നെ നോക്കണം. ശാസ്ത്രീയമായി കാര്യങ്ങൾ കാണാനും പരിഹരിക്കാനുമുള്ള പരിശീലനമാണ് പ്രോജക്ടുകൾ വഴി നിങ്ങൾക്ക് ലഭിക്കുന്നത്. പരീക്ഷണങ്ങളുടെ കാര്യവും അങ്ങനെ തന്നെ.”

“ശാസ്ത്ര കേരളം വായിക്കേണ്ടേ മാസ്റ്റർ?”

“പിന്നെ വേണ്ടേ. കൊച്ചു കുട്ടികൾ യുറീക്ക വായിച്ചു മിടുക്കരാകണം. അപ്പോൾ ഹൈസ്ക്കൂൾ [ 105 ] ക്ലാസിലെത്തും മുൻപുതന്നെ ശാസ്ത്രകേരളവും വായിക്കാറാകും. ഹൈസ്ക്കൂൾ ക്ലാസ്‌ അവസാനിക്കുന്നതിനു മുൻപ് തന്നെ ശാസ്ത്രഗതിയും വായിക്കാറാകും. യുറീക്കാ വായനയെപ്പറ്റി പറഞ്ഞ കാര്യങ്ങൾ ശാസ്ത്രകേരളം, ശാസ്ത്രഗതി എന്നിവ വായിക്കുമ്പോഴും മറക്കരുത്. മറ്റു മാസികകളും പുസ്തകങ്ങളും വായിക്കുമ്പോഴും ഇക്കാര്യം ഓർക്കണം.”

വായന എങ്ങനെ നന്നായി നടത്തണമെന്നറിഞ്ഞതോടെ ബാലവേദി കൂട്ടുകാർക്ക് വായന ഒരു ഹരമായിരിക്കുന്നു. അവരുടെ ലൈബ്രറിയും അതോടെ കൂടുതൽ വളർന്നു വരുന്നു.!

നാടകവും മിമിക്രിയും

ബാലവേദിയിൽ ഈയിടെ നല്ല ഒരു ഓണാഘോഷവും നടന്നു. ഓണപ്പാട്ടുകൾ, ഓണക്കളികളുടെ അവതരണം, പ്രകൃതിയുടെ ശബ്ദങ്ങൾ അനുകരിക്കുന്ന മിമിക്രി, പ്രകൃതി ചിത്രങ്ങളുടെ പെയിന്റിങ്, ശാസ്ത്രീയസംഗീതം, തവളച്ചാട്ടം, നാടൻ പന്തുകളി, കബഡി കളി, നീന്തൽ, മരംകയറ്റം മുതലായ രസകരമായ പല ഇനങ്ങളുമുണ്ടായിരുന്നു. നാടൻ പൂക്കൾ മാത്രമുപയോഗിച്ചായിരുന്നു അത്തപ്പൂവിടൽ മൽസരം.

ഓണാഘോഷം കഴിഞ്ഞതോടെ നാടൻ പാട്ടുകളിലും കളികളിലും കൂട്ടുകാർക്ക് വലിയ താൽപര്യമായി.

“ഒരു ബാലവേദിയിലൂടെ ഞങ്ങൾ എത്ര പഠിച്ചു വളർന്നു.” കൊച്ചുറാണി ഇന്നലെ അറിയാതെ പറഞ്ഞു പോയി.

“ഇനിയും എത്ര വളരാനുണ്ട്! വായിച്ചും പഠിച്ചും ചർച്ച ചെയ്തും ചിന്തിച്ചും പരീക്ഷിച്ചും നിരീക്ഷിച്ചും നിഗമനങ്ങൾ നടത്തിയും കൂട്ടായി ജീവിച്ചും അനുഭവങ്ങൾ പങ്കു വച്ചും വളരൂ. മിടുക്കൻമാരും മിടുക്കികളുമാകൂ.” മാസ്റ്റർ അപ്പോൾ പറഞ്ഞു.