വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം)
രചന:എം.പി. പരമേശ്വരൻ
വൈരുധ്യാത്മകത


[ 57 ]
5

വൈരുധ്യാത്മകത


അങ്ങനെ നാം ദർശനത്തിൻറെ മൌലികമായ പ്രശ്നത്തിൽ, ദ്രവ്യമോ ബോധമോ പ്രാഥമികമെന്ന പ്രശ്നത്തിൽ, വ്യക്തമായ ഒരു നിലപാട് സ്വീകരിച്ചു - ദ്രവ്യമാണ് പ്രാഥമികം, ബോധം സവിശേഷമായി ക്രമീകരിക്കപ്പെട്ട ദ്രവ്യത്തിൻറെ - മനുഷ്യൻറെ തലച്ചോറിൻറെ - ഒരു ഗുണധർമ്മം മാത്രമാണെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ ഈ നിലപാട് അംഗീകരിച്ചിരുന്നവർ, ഭൌതികവാദികൾ, മുമ്പുമുണ്ടായിരുന്നു. പ്രാചീനകാലം മുതലേ ഉണ്ടായിരുന്നു. അവരിൽനിന്ന് നമ്മെ വേർതിരിക്കുന്നത്, നാം വെറും ഭൌതികവാദികളല്ല. 'വൈരുധ്യാത്മക ഭൌതികവാദികൾ' ആണ് എന്ന പ്രത്യേകതയാണ്. 'ഡയലക്ടിക്കൽ മെറ്റീരിയലിസം' എന്നതിൻറെ തർജുമയാണ് 'വൈരുധ്യാത്മക ഭൌതികവാദം' എന്നത്. 'ഡയലക്ടിക്കൽ' എന്ന വാക്കിന് 'ദ്വന്ദാത്മകം' എന്നൊരു തർജുമ കൂടി പ്രചാരത്തിലുണ്ടായിരുന്നു. രണ്ടും അർഥവത്താണ്.

ഇംഗ്ലീഷിൽ 'മെറ്റാഫിസിക്കൽ' എന്നുപറയുന്ന രീതിക്ക് വിപരീതമാണ് 'ഡലക്ടിക്കൽ' രീതി. 'മെറ്റാഫിസിക്കൽ' രീതിയെ 'കേവലവാദ' രീതി എന്ന് തർജുമ ചെയ്യുന്നു. 'മെറ്റാഫിസിക്കലിന്' 'അധ്യാത്മികം', 'പരലോകപരം' എന്നൊരു അർഥംകൂടിയുണ്ട്. ആ അർഥത്തിലല്ല ഇവിടെ ഉപയോഗിക്കുന്നത്. അപ്പോൾ വൈരുധ്യാത്മക രീതി കേവലവാദരീതിക്ക് നേർവിപരീതമാണ്. അതുകൊണ്ട് കേവലവാദരീതി എന്തെന്ന് പഠിച്ചുകൊണ്ട് നമുക്ക് വൈരുധ്യാത്മക രീതി മനസിലാക്കാൻ ശ്രമിക്കാം.

ആദ്യം വളരെ ലളിതമായ ഒരു ചോദ്യംവെച്ചുതുടങ്ങാം. നമുക്ക് ചുറ്റുകാണുന്ന വസ്തുക്കളിൽ ചിലത് ചലിച്ചുകൊണ്ടിരിക്കുന്നു. ചിലവ [ 58 ] അനങ്ങാതെ സ്വസ്ഥാനത്ത് നിലകൊള്ളുന്നു. നിശ്ചലാവസ്ഥ, ചലനാവസ്ഥ - ഇങ്ങനെ രണ്ട് അവസ്ഥകളുണ്ട്. ഇതിൽ വസ്തുക്കൾക്, 'സ്വാഭാവികം' ആയ അവസ്ഥ ഏത്? വസ്തുക്കളെ ചുമ്മാവിട്ടാൽ അവ ചലിച്ചുകൊണ്ടിരിക്കുമോ? അതോ അനങ്ങാതെ നിൽകുമോ? ഇതെന്തൊരു വിഡ്ഡിച്ചോദ്യം! അല്ലെ?ആരെങ്കിലും എന്തെങ്കിലും പിടിച്ചനക്കിയാലല്ലാതെ വസ്തുക്കൾ അനങ്ങുമോ. ചുമ്മാവിട്ടാൽ അനങ്ങാതെ അവിടെ ഇരിക്കും. നിശ്ചലാവസ്ഥ ആണ് വസ്തുകൾക് സ്വാഭാവികം. 'സാമാന്യബോധം' നമ്മോടു പറയുന്നത് അതാണ്.

ചലനം എന്നുപറയുന്നത് സ്ഥാനത്തിൽ വരുന്ന 'മാറ്റ'മാണ്. 'മാറ്റം' എന്ന വാക്ക് തനിയെ ഉപയോഗിച്ചാൽ മറ്റൊരർഥമാണ് വരിക. രൂപത്തിലോ ഉള്ളടക്കത്തിലോ വരുന്ന മാറ്റം. കുറെ കാലത്തിനുശേഷം നാം മുമ്പുകണ്ട ഒരു പ്രദേശം സന്ദർശിക്കുമ്പോൾ പറയാറുണ്ട്. "ഓ, ഈ സ്ഥലമാകെ മാറിയല്ലോ, തിരിച്ചറിയാൻ പോലും പറ്റാതായല്ലൊ" . അല്ലെങ്കിൽ "ഇക്കണ്ടകാലമൊക്കെ കഴിഞ്ഞിട്ടും ഇവിടെ ഒരു മാറ്റവും വന്നില്ലല്ലോ." ഇവിടെ ഉദ്ദേശിക്കുന്ന 'മാറ്റം' സ്ഥാനത്തിനുള്ള മാറ്റമല്ലെന്ന് വ്യക്തമാണല്ലോ. ഈ രണ്ടു മാറ്റങ്ങളും ഇപ്പോൾ തോന്നുന്നത്ര വ്യത്യസ്തമല്ലെന്ന് പിന്നീട് കാണാം. തൽകാലം രണ്ടിനേയും വേറെവേറെ തന്നെ കാണുക. വസ്തുക്കളുടെ സ്വാഭാവിക അവസ്ഥ നിശ്ചലമായി കാണുന്നതുപോലെ അവയെ മാറ്റമില്ലാത്തവയായും കാണുകയെന്നതാണ് നമ്മുടെ ശീലം. ഒരു വീട്, അതിൽ കിടക്കുന്ന മേശ. വീട് വീടായിത്തന്നെ നിൽകുന്നു. മേശ മേശയായും. രണ്ടിലും അവിടവിടെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും നാം അത് ഗൗനിക്കുന്നില്ല.

വസ്തുക്കളെ ചലനമില്ലായ്മയുടെ, മാറ്റമില്ലായ്മയുടെ അടിസ്ഥാനത്തിൽ കാണുകയെന്നതാണ് കേവലവാദരീതിയുടെ ഒന്നാമത്തെ ലക്ഷണം.

ലോകത്തെ നോക്കികാണുന്ന ഒരു മൊത്തം രീതിയുടെ ഭാഗമാണിത്. മനുഷ്യനും പ്രകൃതിക്കും ഒന്നും കാര്യമായ ഒരു മാറ്റവും വരുന്നില്ല. കാണുന്ന മാറ്റങ്ങളെല്ലാം വെറും ബാഹ്യമാറ്റങ്ങളാണ്, നിസാരങ്ങളാണ്. ആഴത്തിൽ നോക്കുമ്പോൾ ഒന്നും മാറുന്നില്ല. ഈശ്വരൻ മത്സ്യത്തെയും പന്നിയെയും ആനയെയും മനുഷ്യനെയും ഒക്കെ അതേപോലെ സൃഷ്ടിച്ചു. അവയ്ക്ക് മാറ്റമൊന്നും വരുന്നില്ല എന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. ഡാർവിൻറെ പരിണാമവാദം ഇതിന് വിപരീതമാകയാൽ അത് പഠിപ്പിക്കരുതെന്ന് മതഭ്രാന്തന്മാർ വാശി പിടിക്കുന്നു. നമ്മുടെ ഒക്കെ മനസുകളിൽ ആഴത്തിൽ വേരോടിയിട്ടുള്ള ഒന്നാണ് 'സനാതനത്വം' - മാറ്റമില്ലായ്മയോടുള്ള പ്രത്യേക താല്പര്യം. നാമറിയാതെതന്നെ പല രൂപത്തിലും ഈ ചിന്ത വെളിയിൽ വരാറുണ്ട്. സോഷ്യലിസത്തിൻറെ ശത്രുക്കൾ അതിനെ ബോധപൂർവം ഉപയോഗിക്കുകയും ചെയ്യുന്നു. മനുഷ്യസ്വഭാവത്തെപ്പറ്റി സാധാരണ പറയാറുള്ളത് നോക്കുക: മനുഷ്യൻ ജന്മനാ സ്വാർഥിയാണ്. സ്വാർഥത അവൻറെ ജീവശാസ്ത്രപരമായ ഒരു സ്വഭാവമാണ്: അതുകൊണ്ട് ബലപ്രയോഗമില്ലാതെ അവനെ നിയന്ത്രിക്കാൻ പറ്റുകയില്ല. 'കമ്മ്യൂണിസം' അസാധ്യമാണ് എന്ന് തെളിയിക്കുകയാണ് അവരുടെ ആവശ്യം. ഇന്നത്തെ, മനുഷ്യനെ പെട്ടെന്ന് ഒരു കമ്മ്യൂണിസ്റ്റ് സമൂഹത്തിലിട്ടാൽ 'ഓരോരുത്തർകും അവനവനാവശ്യമുള്ളത്' എന്ന [ 59 ] തത്വം നടപ്പിലാക്കാൻ വിഷമിക്കും എന്നത് ശരിയാണ്. അത്യാഗ്രഹങ്ങൾക് അതിരുണ്ടാകില്ല. പക്ഷേ, ഈ അത്യാഗ്രഹം ഇന്നത്തെ മുതലാളിത്ത സാമൂഹ്യപരിതഃസ്ഥിതിയുടെ ഉൽപന്നമാണെന്നും അത് മാറുമെന്നും അവർ അംഗീകരിക്കുന്നില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളിലും തൊളിലാളികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന് അവർ വാദിക്കുന്നു. തൊഴിലാളി ഉണ്ടാക്കുന്നത് മുഴുവൻ അവന് കിട്ടുന്നില്ല. അതിലൊരുഭാഗം-മിച്ചമൂല്യം-അവനിൽനിന്ന് അപഹരിക്കപ്പെടുന്നു. മുതലാളിത്തത്തിൽ നിന്ന് എന്താണ് വ്യത്യാസം? അപഹാസ്യം ഇത്രവരെ എത്താറുണ്ട്: മുതലാളിത്തത്തിൽ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നു. സോഷ്യലിസത്തിൽ അത് നേരെ തിരിച്ചാണ്! സോഷ്യലിസത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന മിച്ചമൂല്യം ഒരു സ്വകാര്യവ്യക്തിക്കല്ല, സമൂഹത്തിനാകെയാണ് ലഭിക്കുന്നത്. അതിനാൽ തൊഴിലാളിക്കുതന്നെ തിരിച്ചു ലഭിക്കുന്നു എന്ന വ്യത്യാസം കാണാൻ കൂട്ടാക്കുന്നില്ല. മുതലാളിത്തത്തിൽ നിന്നുള്ള മാറ്റം കാണാൻ കൂട്ടാക്കുന്നില്ല.

ഓരോന്നിനെയും അതായി, അതുമാത്രമായി കാണുന്ന, മറ്റുള്ള എല്ലാറ്റിൽ നിന്നും വ്യത്യസ്തവും സ്വതന്ത്രവും ആയി കാണുന്ന ഒരു സമ്പ്രദായമാണിത്. ഇതുപ്രകാരം ഒറ്റപ്പെട്ട ഒട്ടനവധി വസ്തുക്കളുടെ ഒരു സമാഹാരം മാത്രമാണ് ലോകം. ഇങ്ങനെ,

ഓരോന്നിനെയും അതുമാത്രമായും മറ്റുള്ളവയിൽ നിന്ന് സ്വതന്ത്രമായും കാണുകയെന്നതു് കേവലവാദരീതിയുടെ രണ്ടാമത്തെ ലക്ഷണമാണ്.

അതിലെന്താ തെറ്റ്? അതങ്ങനെ തന്നെ അല്ലെ എന്നു ചോദിക്കുമായിരിക്കും. മറ്റെല്ലാറ്റിൽ നിന്നും തികച്ചും സ്വതന്ത്രമായി, മറ്റൊന്നിനാലും സ്വാധീനിക്കപ്പെടാതെ നിൽകുന്ന ഒന്നുമ്മില്ലെന്ന് വഴിയെ വ്യക്തമാകും.

വസ്തുക്കളെ നിശ്ചലവും മാറ്റമില്ലാത്തതും ആയി കാണുകയും വ്യത്യസ്ത ഇനങ്ങളായി വർഗീകരിക്കുകയും അവ തമ്മിലുള്ള ബന്ധങ്ങൾ കാണാതിരിക്കുകയും ചെയ്യുന്നതിന്, 'ശാസ്ത്രരീതി'യുടെ പിൻബലവുമുണ്ട്. 18-19 നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ വളർച ഗ്രീക്ശാസ്ത്രത്തിന്റെ വളർചയിൽനിന്നും 16-17 നൂറ്റാണ്ടിലെ ശാസ്ത്രത്തിന്റെ വളർചയിൽ നിന്നും വ്യത്യസ്തമാണ്. അരിസ്തോത്ത്‌ലും അദ്ദേഹത്തിന്റെ മുൻഗാമികളും ലിയോനാർഡോ ദാവിഞ്ചിയും അദ്ദേഹത്തിന്റെ സമകാലീനരും ബഹുവിജ്ഞാനവല്ലഭരായിരുന്നു അവർ ലോകത്തെ ആകെ ഒന്നായിക്കണ്ടു. അതിൽ നിന്ന് വ്യത്യസ്തമായി ന്യൂട്ടണോടുകൂടി ആരംഭിച്ച ബലന്ത്രത്തിന്റെ യുഗം എല്ലാത്തിനെയും യന്ത്രങ്ങളാക്കി മാറ്റാനുള്ള യത്നത്തിലേർപെട്ടു, ഗുരുത്വാകർഷണ നിയമത്തിന്റെ വിജയമായിരുന്നു ഇതിന്റെ പ്രചോദനശക്തി. ഒരു തരത്തിലുള്ള യാന്ത്രിക ഭൌതികവാദം ശക്തി പ്രാപിച്ചുവന്നു. ശാസ്ത്രത്തിന്റെ രീതിയിൽ വർഗീകരണത്തിന്, പൃഥൿകരണത്തിന്, അപഗ്രഥനത്തിന് സംശ്ലേഷണത്തെ അപേക്ഷിച്ച് മുൻതൂക്കം ലഭിച്ചു. ശാസ്ത്രവും ദർശനവും രാഷ്ട്രതന്ത്രവും ഒക്കെ പ്രത്യേകം പ്രത്യേകം വിജ്ഞാനശാഖകളായി മാറി. അവ തമ്മിൽ ഒരു ബന്ധവുമില്ലെന്ന നിലവന്നു. വർഗീകരണങ്ങളെ ശാശ്വതപ്രകൃതിനിയമങ്ങളായി കരുതാൻ തുടങ്ങി. ഇവയെ, [ 60 ]

ശാശ്വതവും അപരിവർതനീയവുമായികാണുന്നത് കേവലവാദരീതീയുടെ മൂന്നാമത്തെ ലക്ഷണമാണ്.
"എന്നുമുണ്ടായിരുന്നു, എന്നും ഉണ്ടായിരിക്കുകയും ചെയ്യും"- കേവലവാദ ചിന്താരീതിയുടെ ദൃഷ്ടാന്തമാണിത്. "പണക്കാരും പാവപ്പെട്ടവരുംഎന്നും ഉണ്ടായിരുന്നു," സാധാരണ കേൾക്കാറുള്ള ഒരു വാദമാണിത്. വർഗ്ഗീകരണം ആവശ്യമാണ്. പണക്കാരും പാവപ്പെട്ടവരും ഉണ്ട്. പക്ഷേ അവർ തമമിലുള്ള ബന്ധം മനസ്സിലാക്കണം. മുതലാളിയും തൊഴിലാളിയും ഉണ്ട്. അവ തമ്മിൽ ചില ബന്ധങ്ങളുമുണ്ട്. രസതന്ത്രവും ഭൗതികവും ജീവശാസ്ത്രവും ഒക്കെ പ്രത്യേകം പ്രത്യേകം ശാസ്ത്രങ്ങളായിരുന്നു അരനൂറ്റാണ്ടു മുമ്പുവരെ. ഇപ്പോൾ ബയോകെമിസ്ട്രി (ജീവരസതന്ത്രം) ബയോഫിസിക്സ് (ജീവഭൗതീകം) ഫിസിക്കൽ കെമിസ്ട്രി (ഭൗതികരസതന്ത്രം) തുടങ്ങിയ ശാസ്ത്രശാഖകൾ ഇതിന്റെ അർഥമില്ലായ്മ കാണിക്കുന്നു. അതിരിക്കട്ടെ, വസ്തുക്കളെ തികച്ചും വ്യത്യസ്തങ്ങളും വേർപ്പെട്ടുനിൽക്കുന്നവയുമായി ധരിക്കുന്നതിന്റെ ഫലമായി വിപരീതങ്ങൾ തമ്മിലുള്ള ബന്ധം കൂടി മറയ്ക്കപ്പെടുന്നു. "ജീവിതവും മരണവും"- രണ്ടിനെയും പരസ്പര സ്വതന്ത്രങ്ങളായി കാണുന്ന ജീവിതവും മരണവും ഒരുമിച്ച് ഒരു വസ്തുവിൽ വയ്യെന്ന് ഉറപ്പാക്കുന്നു.

വിപരീതങ്ങളെ പരസ്പരവർജ്ജകങ്ങളായി കാണുക എന്നതാണ് കേവലവാദരീതിയുടെ നാലാമത്തെ ലക്ഷണം.

ദർശനമെന്നത് സമഗ്രമായ പ്രപഞ്ചവീക്ഷണമാണെന്ന് നാം നേരത്തെ കാണുകയുണ്ടായി. വ്യത്യസ്തശാസ്ത്രശാഖകൾ പ്രപഞ്ചത്തിന്റെ വ്യത്യസ്ത മേഖലകളെ ആഴത്തിൽ പഠിക്കുന്നു. എന്നാൽ അവയ്ക്കെല്ലാം പൊതുവും അവയിലെല്ലാം സാരവത്തും ആയ കാര്യങ്ങളാണ് ദർശനവിധേയമാകുന്നത്. കേവലവാദരീതിയിൽ നിന്ന് ഒരുതരം ലോകവീക്ഷണം ഉരിത്തിരിയുന്നുണ്ട്. എന്താണത്? ഗ്രീക് കേവലവാദികൾ (അരിസ്തോത്ത്‌ലല്ല, അദ്ദേഹം കേവലവാദിയായിരുന്നില്ല, ഏലിയായിലെ സീനൊയും കൂട്ടരും) ലോകത്തെ പരിപൂർണ്ണമായും നിശ്ചലമായാണ് കണ്ടത്. അവരുടെ കാഴ്ചപാടിൽ ചലനം എന്നൊന്നുണ്ടാക്കുക സാധ്യമല്ല. ഇത് സ്ഥാപിക്കാനായി സിനൊ പ്രസിദ്ധമായ ഒരു പ്രഹേളികതന്നെ ചമച്ചിട്ടുണ്ട്. അസ്ത്രം ചലിക്കണമെങ്കിൽ അത് ഒരേ സമയത്ത് ഒരിടത്ത് ഉണ്ടായിരിക്കുകയും അവിടെ ഇല്ലാതിരിക്കുകയും വേണം. ആ പ്രഹേളികയുടെ വിശദാംശത്തിലേക്ക് ഇപ്പോൾ പോകേണ്ടതില്ല. ഒന്നുമാത്രം പറഞ്ഞാൽ മതി. അനേകം നൂറ്റാണ്ടുകൾ ദാർശനികർ അതുമായി മല്ലടിച്ചുകൊണ്ടിരുന്നു . ചലനം അസാദ്ധ്യമാണ്. നാം കാണുന്ന ചലനമെല്ലാം വെറും തോന്നൽ മാത്രമാണ് എന്നവർ വാദിച്ചുകൊണ്ടിരിന്നു. എന്നാൽ ഈ വാദം തെറ്റാണ് എന്ന നമ്മുടെയെല്ലാം പ്രായോഗിക അനുഭവം, ഒരോ നിമിഷവുമുള്ള അനുഭവം നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ ഇന്ന് അതിനെ പിന്താങ്ങാൻ ആരുമില്ല. 17-18-19 നൂറ്റാണ്ടുകളിലുണ്ടായ ശാസ്ത്ര സാങ്കേതിക മുന്നേറ്റം, പ്രത്യേകിച്ച് യന്ത്രസംവിധാനങ്ങൾ ഉണ്ടാക്കുന്നതിലും ആകാശ [ 61 ] ആകാശഗോളങ്ങളുടെ ഗതി വിശദീകരിക്കുന്നതിലും ഉണ്ടായ വിജയം, ചലനത്തെ അംഗീകരിക്കാൻ നിർബന്ധിച്ചു. പക്ഷേ, എല്ലാ ചലനങ്ങളെയും യന്ത്രങ്ങളുടെ തരത്തിലുള്ള ചലനമായി, ഈ പ്രപഞ്ചത്തെ ആകെ ക്ലോക്കുപോലുള്ള ഒരു വൻ യന്ത്രമായി കാണുന്നതിലേക്കാണിത് നയിച്ചത്. ഈ യന്ത്രം ഉണ്ടാക്കിയത് ഈശ്വരൻ. അതിനെ ചലിപ്പിക്കുന്നതും ഈശ്വരൻ. സമൂഹത്തെപ്പോലും യന്ത്രമായി കാണുന്ന ഒരു പ്രവണത വന്നു. 'ഭരണയന്ത്രം', 'ചരിത്രം ആവർത്തിക്കുന്നു' എന്നു തുടങ്ങിയ ശൈലികൾ നോക്കുക. ഇത് ചിന്താരീതിയെത്തന്നെ ആകെ സ്വാധീനിക്കുന്നു. ചിന്തകൾക്ക് തുടക്കമിടുന്നത് സങ്കൽപനകൾ ആണ്. ശരിയായും നന്നായും ചിന്തിക്കുന്ന രീതിക്ക് തർക്കവിദ്യ (ലോജിക്) എന്നു പറയുന്നു. അതിന് അടിസ്ഥാനമായ മൂന്നു സങ്കൽപനകൾ നോക്കുക.

(a) ഒരു വസ്തു അതാണ്‌ മറ്റൊന്നല്ല, അതിനു മാറ്റവും വരുന്നില്ല. ഇതിന് തത്തുല്യതാതത്വം എന്നു പറയാം.

(b) ഒരു വസ്തു ഒരേ സമയം അതും അതിൻറെ വിപരീതവും ആകാൻ സാധ്യമല്ല. ജീവിതത്തിന് ജീവിതവും മരണവും ആകാൻ സാധ്യമല്ല. ഇതിന് വൈരുധ്യരാഹിത്യതത്വം എന്നു പറയാം.

(c) രണ്ടു വിപരീത സാധ്യതകളുള്ളപ്പോൾ മൂന്നാമതൊന്നു സാധ്യമല്ല. ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല. മൂന്നാമതൊന്ന് സാധ്യമല്ല. അതുപോലെ ജീവിതമോ മരണമോ ആകാം. രണ്ടുമല്ലാതെ മറ്റൊന്ന് സാധ്യമല്ല. ഇതിന് തൃതീയവർജനതത്വം എന്നു പറയാം.

ഈ മൂന്നു തത്വങ്ങളുടെ പ്രയോഗമാണത്രെ ശരിയായ ചിന്താരീതി. ഇതിൻറെ ചില ഉദാഹരണങ്ങൾ നോക്കുക.

"എല്ലാ മനുഷ്യരും മർത്യരാണ്. രാമൻ മനുഷ്യനാണ്. രാമൻ മർത്യനാണ്" - മർത്യൻ എന്ന വലിയ ഗണം. അതിനുള്ളിൽ മനുഷ്യനെന്ന ഗണം. അതിനുള്ളിൽ രാമൻ. മറ്റൊന്നു നോക്കുക. “സോവിയറ്റ്‌ യൂണിയനിൽ തൊഴിലാളിവർഗത്തിൻറെ സർവാധിപത്യമാണ്. സർവാധിപത്യം സർവാധിപത്യമാണ്‌. സോവിയറ്റ്‌ യൂണിയനിൽ സർവാധിപത്യമാണ്. ഇറ്റലിയിലും ജർമനിയിലും സർവാധിപത്യമാണ്‌. സോവിയറ്റ്‌ യൂണിയനും ഇറ്റലിയും ജർമനിയും തമ്മിൽ വ്യത്യാസമില്ല”. ഫലമോ 1919 -ൽ ജർമനിയിലെ സോഷ്യൽ ഡമോക്രാറ്റുകൾ ജനാധിപത്യം സംരക്ഷിക്കാൻ വേണ്ടി തൊഴിലാളിവർഗസർവാധിപത്യം തകർത്തു. അവർക്ക് കിട്ടിയതോ മുതലാളിത്തവും നാസിസവും.

ഇത്തരത്തിലുള്ള കേവലവാദരീതിക്ക് നേർവിപരീതമാണ് വൈരുധ്യാത്മക രീതി.

‘ഡയലക്‌ടിക്‌സ്’ എന്ന വാക്കിൻറെ പ്രാചീനകാലത്തെ അർഥം വിവാദത്തിൻറെ അഥവാ തർക്കത്തിൻറെ കല അഥവാ ശാസ്ത്രം എന്നാണ്. പ്ലേറ്റോവിനെ സംബന്ധിച്ചിടത്തോളം അത്, ഒന്നാമതായി, ഒരു ആശയത്തിലോ തത്വത്തിലോ അടങ്ങിയിട്ടുള്ള സ്വീകാരാത്മകവും നിഷേധാത്മകവുമായ എല്ലാ അനന്തരഫലങ്ങളെയും പുറത്തുകൊണ്ടുവരിക എന്നതാണ്. രണ്ടാമതായി, [ 62 ] അത് മനസിന്റെ യുക്തിസഹമായ ചലനമാണ്. ഇന്ദ്രിയസംവേദ്യമായ ദത്തങ്ങളിൽ നിന്ന് ആശയങ്ങളിലേക്കും, വസ്തുക്കളെക്കുറിച്ചുള്ള ശാശ്വതവും അപരിവർതനീയവുമായ തത്വങ്ങളിലേക്കും അവസാനം എല്ലാറ്റിന്റെയും അടിസ്ഥാനമായ 'നന്മ' എന്ന ആശയത്തിലേക്കുമുള്ള ഘട്ടം ഘട്ടമായ ആരോഹണമാണതു്. പ്ലേറ്റൊവിനെ സംബന്ധിച്ചിടത്തോളം 'ആശയങ്ങൾ' അല്ലാതെ മറ്റൊന്നും പഠനയോഗ്യമായി ഇല്ലാത്തതിനാൽ 'ശാസ്ത്രം' എന്ന വാക്കും 'ഡയലക്ടിക്സ്' എന്ന വാക്കും ഏതാണ്ടു് പര്യായപദങ്ങൾ തന്നെ ആയിത്തീർന്നു.

ഹെഗലിനെ സംബന്ധിച്ചിടത്തോളം ഡയലക്ടിക്സ് എന്നതു് ആശയങ്ങൾ 'പൂർവപക്ഷം' (തീസിസ്) 'അപരപക്ഷം' (ആന്റി തീസിസു്) എന്നിവ തമ്മിലുള്ള സംഘട്ടനത്തിലൂടെ 'ഉത്തരപക്ഷം' (സിൻതസിസ്) ഉണ്ടാവുക എന്ന തുടർപ്രക്രിയയിലൂടെ വളർന്ന് 'കേവലമായ ആശയ'ത്തെ സാക്ഷാത്കരിക്കുക എന്നതാണു്.

ഭാരതീയ ദാർശനികർ തങ്ങളുടെ ഏതിരാളികളുമായി വിവാദത്തിലേർപ്പെട്ടിരുന്നതും ഡയലക്ടിക്കൽ-വൈരുധ്യാത്മക-രീതിയിലാണ്. ഹിന്ദു ദാർശനികനായ ശങ്കരാചാര്യരും ബൗദ്ധദാർശനികനായ കുമാരില ഭട്ടനും തമ്മിൽ നടന്ന ദിവസങ്ങളോളം നീണ്ടുനിന്ന ഒരു തർക്കത്തിന്റെ കഥയുണ്ടു്, തർക്കം ആരംഭിക്കുന്നതു് ഒരാളുടെ ഒരു പ്രസ്താവത്തോടെയാണു്. അതു് രണ്ടുകൂട്ടരും അംഗീകരിക്കുന്നു. ഇതാണ് 'തീസിസ്' അഥവാ 'പൂർവപക്ഷം'. അടുത്തതായി എതിരാളി ഈ പ്രസ്താവനയിൽ അന്തർലീനമായിരിക്കുന്ന പൊരുത്തക്കേടുകളെ പുറത്തുകൊണ്ടുവരുന്നു - 'ആന്റി തീസിസ്' അഥവാ 'അപരപക്ഷം' അവയുടെ അടിസ്ഥാനത്തിൽ മൂലപ്രസ്താവന തിരുത്തി പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നു - 'സിൻതസിസ്' അഥവാ 'ഉത്തരപക്ഷം'. ഇതു് ഡയലക്ടിക്കൽ രീതിയാണു്.

മാർക്സിനെയും മാർക്സിസ്റ്റുകാരെയും സംബന്ധിച്ചിടത്തോളം 'ഡയലക്ടിക്സ്' എന്ന് പറഞ്ഞതു് വെറും ആശയങ്ങളുടെ ചലനം മാത്രമല്ല. വൈരുധ്യസംഘട്ടനങ്ങളിലൂടെയുള്ള പ്രപഞ്ചത്തിന്റെയാകെ ചലനമാണു്, വികാസമാണു് അതു്. ഈ ചലനത്തിന്റെ ബോധപൂർവമുള്ള മാനസിക പ്രതിഫലനം മാത്രമാണു് 'ആശയം' എന്നത്. 'മെറ്റാഫിസിക്സ്' അഥവാ 'കേവലവാദം' എന്ന രീതിക്ക് നേർ വിപരീതമായാണല്ലോ, 'വൈരുധ്യവാദ'ത്തെ മാർക്സ് കാണുന്നതു്. നേരത്തെ കണ്ടപോലെ,

(a) നിശ്ചലത, മാറ്റമില്ലായ്മ
(b) പരസ്പരബന്ധ നിഷേധം
(c) ശാശ്വതത്വം
(d) വിപരീതങ്ങളുടെ പരസ്പര വർജ്ജനം

എന്നിവയാണല്ലോ കേവലവാദത്തിന്റെ കാതലായ തത്വങ്ങൾ [ 63 ]

നമ്മുടെ പ്രാഥമിക പ്രതികരണം, സാമാന്യബോധത്തിൽ നിന്ന് ഉരുത്തിരിയുന്ന പ്രതികരണം, ഇപ്പറഞ്ഞതൊക്കെ ശരിയാണെന്നുള്ളതായിരിക്കും. എന്നാൽ ഇപ്പറഞ്ഞതൊന്നും തന്നെ ശരിയല്ലെന്ന് നാം കണ്ടുകഴിഞ്ഞതാണ്. യഥാർഥത്തിൽ,

(a) ചലനമില്ലാതൊന്നുമില്ല, മാറ്റമില്ലാതൊന്നുമില്ല, നിശ്ചലാവസ്ഥ ആപേക്ഷികമാണ്, ചലനം കേവലമാണ്.

(b) സർവതന്ത്ര സ്വതന്ത്രമായി ഒന്നുമില്ല, പ്രപഞ്ചത്തിലുള്ള എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

(c) ശാശ്വതമായി ഒന്നുമില്ല, എല്ലാം സദാ മാറിക്കൊണ്ടിരിക്കുന്നു. പരിവർതിച്ചുകൊണ്ടിരിക്കുന്നു.

(d) അതുകൊണ്ടുതന്നെ എന്തും ഒരേ സമയത്ത് തന്നെ അതായിരിക്കുകയും അല്ലാതിരിക്കുകയും ചെയ്യുന്നു, വിപരീതങ്ങൾ വേർപിരിക്കാനാകാത്തവിധം ഒന്നിച്ചിരിക്കുന്നു.

ഈ യഥാർഥമായ പ്രപഞ്ചചിത്രം വൈരുധ്യാത്മകമാണ്. 'ഡയലക്ടിക്കൽ' ആണ്. മാർക്സ് ഇത്രയും വിശാലമായ അർഥത്തിലാണ് ആ പദം ഉപയോഗിക്കുന്നത്. യഥാർഥ ഭൗതികപ്രപഞ്ചത്തെ പഠിക്കുന്നതിനുപകരം മനുഷ്യമനസിനുള്ള അതിന്റെ പ്രതിഫലനത്തെ - ആശയപ്രപഞ്ചത്തെ - പഠിക്കുന്നതിനാണ് ഹെഗൽ വൈരുധ്യാത്മകരീതി ഉപയോഗിച്ചത്. അതുകൊണ്ടാണ് മാർക്സ് പറഞ്ഞത്, ഞങ്ങളുടെ വൈരുധ്യാത്മകരീതി ഹെഗലിന്റേതിൽ നിന്ന് വിഭിന്നമാണ്, അതിന് കീഴ്മേൽ മറിച്ചതാണ് എന്ന്.

ഒരു രീതിശാസ്ത്രമെന്ന നിലക്ക് മാർക്സ് വൈരുധ്യവാദത്തെ പ്രത്യേകമായി കൈകാര്യം ചെയ്യുകയുണ്ടായിട്ടില്ല. താൻ കൈകാര്യം ചെയ്ത എല്ലാവിഷയങ്ങളിലും അത് പ്രയോഗിക്കുക മാത്രമാണ് ഉണ്ടായത്. ഏംഗൽസ് പ്രകൃതിയിലെ വൈരുധ്യാത്മകതയെക്കുറിച്ച് സമഗ്രമായി ഒരു ഗ്രന്ഥം രചിക്കാൻ ഒരുക്കൂട്ടിയെങ്കിലും മുഴുമിപ്പിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ കുറിപ്പുകളാണ് പ്രകൃതിയിലെ വൈരുധ്യാത്മകത എന്നപേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. കൂടുതൽ സമഗ്രവും പ്രകൃതിയെയും സമൂഹത്തെയും ജ്ഞാനസിദ്ധാന്തത്തെയും ഒക്കെ ഉൾക്കൊള്ളിക്കുന്നതുമായ ഒരു ഗ്രന്ഥം തയ്യാറാക്കാൻ ലെനിനും തയ്യാറെടുക്കുകയുണ്ടായി. എന്നാൽ അതും നടന്നില്ല. ലെനിന്റെ സമാഹൃത കൃതികളിൽ 38 - )o വാള്യത്തിൽ ഈ കുറിപ്പുകൾ കാണാം. ഇവ രണ്ടും പരിശോധിച്ചുകൊണ്ട് 'മാർക്സിയൻ ഡയലക്ടിക്സി'ന്റെ സമഗ്രസ്വഭാവം മനസിലാക്കാൻ ശ്രമിക്കാം.

അതിലേക്ക് കടക്കുന്നതിനു മുമ്പ്, ദർശനത്തെക്കുറിച്ചുള്ള ചർചകളിൽ ധാരാളമായി ഉപയോഗിക്കേണ്ടിവരുന്ന നിഷ്കൃഷ്ടമായ അർഥത്തോടുകൂടിയ ചില സാങ്കേതികപദങ്ങൾ - ഇവയെ സംവർഗങ്ങൾ എന്നു വിളിക്കുന്നു - പരിശോധിക്കാം. [ 64 ]


ചോദ്യങ്ങൾ

  1. കേവലവാദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
  2. വൈരുധ്യവാദവും കേവലവാദവും തമ്മിലുള്ള ബന്ധമെന്ത്?
  3. 'ശാസ്ത്രത്തിന്റെ രീതി'യും കേവലവാദവും തമ്മിലുള്ള ബന്ധമെന്ത്?
  4. സാധനങ്ങളെ മാറ്റമില്ലാത്തതായി, കാണുകയെന്നതാണ് നമ്മുടെ ശീലം എന്ന് ഉദാഹരണങ്ങളുടെ സഹായത്തോടെ വെളിവാക്കുക.
  5. ലോകത്തെപറ്റിയുള്ള കേവലാത്മക ധാരണക്ക് ഏതാനും ഉദാഹരണങ്ങൾ നൽകുക
  6. യാന്ത്രികവാദമെന്നാൽ എന്ത്? അതെങ്ങനെ കേവലവാദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
  7. കേവലവാദത്തിന്റെയും അതിന്റെ രീതികളുടെയും ലക്ഷണങ്ങൾ ഏവ?
  8. കേവലവാദ ചിന്താഗതി വച്ചുകൊണ്ട് ഒരാൾക് വിപ്ലവകാരിയാകാൻ പറ്റുമോ?