വൈരുധ്യാത്മക ഭൗതികവാദം/സംവർഗങ്ങൾ
←വൈരുധ്യാത്മകത | വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം) രചന: സംവർഗങ്ങൾ |
എംഗൽസും ലെനിനും വൈരുധ്യാത്മകതയെപ്പറ്റി→ |
[ 65 ]
സംവർഗ്ഗങ്ങൾ
ഒരോ വിജ്ഞാനശാഖക്കും അതിന്റെ അടിസ്ഥാനമായി വർതിക്കുകയും അതിന്റെ വളർചയിലൂടെ കൂടുതൽ കൂടുതൽ മൂർതമായിത്തീരുകയും ചെയ്യുന്ന സാമാന്യങ്ങളായ സങ്കൽപനങ്ങൾ ഉണ്ട്. ഈ സങ്കൽപനകളെ സാങ്കേതികമായി 'സംവർഗങ്ങൾ' എന്നുവിളിക്കുന്നു. വൈരുധ്യാത്മകഭൗതികവാദത്തിന്റെ സംവർഗ്ഗങ്ങളാണ് വൈരുധ്യം, നിഷേധം, കുതിച്ചുചാട്ടം തുടങ്ങിയവ. വേറെയുമുണ്ടു്. അളവ്-ഗുണം, വിശേഷ-സാമാന്യം, വ്യക്തി-സമഷ്ടി, ഉള്ളടക്കം-രൂപം, പ്രതിഭാസം-സത്ത, കാര്യം-കാരണം, അവശ്യകത-യാദൃച്ഛികത, വസ്തു-പ്രക്രിയ, സാദ്ധ്യത-യാഥാർഥ്യം തുടങ്ങിയവ. എന്താണു് വൈരുധ്യാത്മക ഭൗതികവാദം എന്നു മനസ്സിലാക്കുന്നതിന് ഈ സംവർഗങ്ങളെപ്പറ്റിയുള്ള ഒരു സാമാന്യധാരണ ആവശ്യമാണ്.
പ്രകൃതിയിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, സമൂഹത്തിലെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങൾ ഇവയുടെയൊക്കെ പെരുമാറ്റങ്ങൾ, പെരുമാറ്റ നിയമങ്ങൾ എന്നിവയുടെയെല്ലാം ഒരു സമഗ്രപഠനമാണല്ലോ വൈരുധ്യാത്മക ഭൗതികവാദദർശനം. ഈ ബന്ധങ്ങളെയും, നിയമങ്ങളെയും മനസ്സിലാക്കുന്നത് സംവർഗങ്ങളുടെ സഹായത്തോടെയാണ്. ഏതാനും ഉദാഹരണങ്ങളിലുടെ ഇതു് കൂടുതൽ വ്യക്തമാക്കാം
ആദ്യമായി ഒരു കാര്യം പറയേണ്ടതുണ്ട്, ആരെങ്കിലും പെട്ടന്ന് ഒരു ദിവസം ഉണ്ടാക്കിയ വാക്കുകളോ, സങ്കൽപനകളോ അല്ല സംവർഗ്ഗങ്ങൾ. [ 66 ] മനുഷ്യരുടെ ദീർഘകാലത്തെ സഹസ്രാബ്ദങ്ങളിലെ അനുഭവത്തിന്റെ, അധ്വാനത്തിന്റെയും അറിവിന്റെയും സാമാന്യവൽകരണമാണ് സംവർഗങ്ങൾ. പുലി, ആന, മാവ്, കാക്ക, ഓടുക, വീഴുക.. തുടങ്ങിയ പോലുള്ള ഒന്നിനൊന്നു സാംഗത്യത്തോടുകൂടിയ പദങ്ങളല്ല അവ. പ്രായോഗിക ജീവിതത്തിൽ തനിക്കുചുറ്റുമുള്ള വസ്തുക്കളും സംഭവങ്ങളുമായി തുടർചയായി ബന്ധപ്പെടുകയും അവയുടെ സാമാന്യമായതും സത്തയായതുമായ അംശങ്ങൾ അവരുടെ മനസ്സിൽ പതിയുകയും അതിൽനിന്ന് സാമാന്യവൽകൃതങ്ങളായ സങ്കൽപനകൾ അഥവാ സംവർഗങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇതിന്റെ ഏറ്റവും ആദ്യത്തെ രൂപങ്ങളാണ് മൃഗം, പക്ഷി, മരം മുതലായത്.
വസ്തുനിഷ്ഠമായി പ്രകൃതിയിൽ കാണുന്ന നൂറ് നൂറായിരം കാര്യങ്ങളും അവയുടെ കാരണങ്ങളും തമ്മിലുള്ള നിതാന്തമായ സമ്പർകമാണ് അവസാനം മനുഷ്യനെ കാര്യം, കാരണം എന്നീ സംവർഗങ്ങളിലേക്ക് നയിച്ചത്. അവ തമ്മിലുള്ള വേർപെടുത്താനാവാത്ത ബന്ധമാണ് അവന്റെ സവിശേഷ ശ്രദ്ധയെ ആകർഷിക്കുന്നത്. പ്രാകൃത മനുഷ്യന് പ്രകൃതിയിലെ ഈ നാനാതരങ്ങളായ പ്രതിഭാസങ്ങളെ വേർതിരിച്ചറിയാൻ പ്രയാസമായിരുന്നു. എന്തിന് അവനെ തന്നെ പ്രകൃതിയിൽ നിന്ന് അവന് വേർതിരിച്ചറിയാൻ പറ്റിയിരുന്നില്ല. വളരെ സാവധാനത്തിലാണ് മനുഷ്യന് അതിനു കഴിഞ്ഞത്. ഈ വേർതിരിച്ചറിയലിന്റെ ഘട്ടങ്ങളാണ് സംവർഗങ്ങൾ.
പ്രകൃതിയിലും സമൂഹത്തിലുമുള്ള ലക്ഷക്കണക്കിന് പ്രതിഭാസങ്ങൾ, അവ തമ്മിലുള്ള പരസ്പരബന്ധങ്ങൾ, പരസ്പരാശ്രയങ്ങൾ, അവയുടെ വികാസത്തിന്റെ നിയമബദ്ധമായ സ്വഭാവം എന്നിവ മനസ്സിലാക്കാനും ശരിയായ, ഉദ്ദിഷ്ട ഫലപ്രാപ്തിയിലേക്ക് നയിക്കുന്ന പ്രവർതനരീതി തിരഞ്ഞെടുക്കാനും വേണ്ട ഏണിപ്പടികളാണ് സംവർഗങ്ങൾ എന്നു പറയാം. മാർക്സിയൻ ദർശനത്തിന്റെ സംവർഗങ്ങളാണ് മുകളിൽപറഞ്ഞത്. വേദാന്തികൾകും അജ്ഞേയതാവാദികൾക്കും ഒക്കെ അവരുടേതായ സംവർഗങ്ങളുണ്ട്. നിത്യാനിത്യത 'നാമ-രൂപ'ങ്ങളും 'അസ്തി-ഭാതി' കളും ആത്മാവ്, ജീവാത്മാവും, പരമാത്മാവും, ബ്രഹ്മം, മായ തുടങ്ങിയവയെല്ലാം വേദാന്തികളുടെ സംവർഗങ്ങളാണ്. മാർക്സിയൻ സംവർഗങ്ങളെ കുറിക്കുന്ന വാക്കുകളിൽ ചിലവതന്നെ, മറ്റു ദർശനങ്ങളിൽ മറ്റ് അർഥത്തിലാണ് ഉപയോഗിക്കുന്നത്.
സംവർഗങ്ങൾ സാങ്കൽപിക സൃഷ്ടികളല്ല വസ്തുനിഷ്ഠങ്ങളാണ്. മനുഷ്യനിൽ നിന്ന് സ്വതന്ത്രമായി അവനു പുറമെ നിൽകുന്ന വസ്തുനിഷ്ഠപ്രപഞ്ചമാണ് അവയ്ക്കാസ്പദം. 'കാരണം' 'കാര്യം' എന്നീ രണ്ടു സംവർഗങ്ങൾ വെളിവാക്കുന്നത് വസ്തുക്കളും പ്രതിഭാസങ്ങളും ഒക്കെ തമ്മിൽ നിലനിൽകുന്ന വസ്തുനിഷ്ഠമായ ബന്ധങ്ങളെയാണ്. ചില വസ്തുക്കളും പ്രക്രിയകളും അവശ്യമായും മറ്റു ചില വസ്തുക്കളുടെയും പ്രക്രിയകളുടെയും ആവിർഭാവത്തിലേക്ക് നയിക്കുന്നു എന്ന അനുഭവമാണ് ആദ്യത്തേതിനെ കാരണമായും രണ്ടാമത്തേതിനെ കാര്യമായും വർഗീകരിക്കുന്നതിന് [ 67 ] ഇടയാക്കിയത്. ഭൗതികവാദികൾക്ക് സംവർഗങ്ങൾ തികച്ചും വസ്തുനിഷ്ഠമാണ്. ആശയവാദികൾ അവയുടെ വസ്തുനിഷ്ഠ സ്വഭാവത്തെ നിഷേധിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം മനുഷ്യന്റെ തലച്ചോറിലുള്ള ചില ആശയങ്ങളാണവ. മനുഷ്യൻ ലോകത്തെ കാണാനും മനസിലാക്കാനും തുടങ്ങുന്നതിനു മുമ്പു തന്നെ, ജന്മനാതന്നെ, അവന്റെ തലച്ചോറിൽ കാര്യകാരണബന്ധം, അവശ്യകത, യാദൃച്ഛികത തുടങ്ങിയ സംവർഗങ്ങൾ കുടികൊള്ളുന്നുണ്ടെന്നും അവയുടെ സഹായത്തോടെയാണ് അങ്ങേയറ്റം ക്രമരഹിതമായിക്കിടക്കുന്ന പ്രകൃതി പ്രതിഭാസങ്ങളുടേതായ ലോകത്തിൽ ഒട്ടൊക്കെ ക്രമം കാണാൻ സാധിക്കുന്നതെന്നും കരുതുന്നു.
മാർക്സിയൻ ദർശനത്തിൽ സംവർഗങ്ങൾക് മറ്റു ചില പ്രധാന വിശേഷതകൾ കൂടിയുണ്ട്. പരസ്പരബന്ധം, പരിവർതനശീലം, ചലനാത്മകത എന്നിവയാണവ. ഭൗതികപ്രപഞ്ചത്തിലെ സാർവത്രികമായ പരസ്പരബന്ധങ്ങളെയും പ്രവർതനങ്ങളെയും വികാസത്തെയും സൂചിപ്പിക്കുന്നവയാണിവ. സംവർഗങ്ങൾ പരസ്പരം സ്വതന്ത്രങ്ങളല്ല. ചില സന്ദർഭങ്ങളിൽ ഒന്ന് മറ്റൊന്നായി തീരുന്നു. ഒരു കാര്യം പുതിയൊരു കാര്യത്തിന്റെ കാരണമായിത്തീരാം; ചില സന്ദർഭങ്ങളിൽ യാദൃച്ഛികമായത് മറ്റു ചില സന്ദർഭങ്ങളിൽ ആവശ്യമായിത്തീർന്നേക്കാം. സംവർഗങ്ങൾ തമ്മിലുള്ള വൈരുദ്ധ്യാത്മക ബണ്ഡമാണിത്. ഈ അടിസ്ഥാനത്തിലല്ലാതെ കേവലമായ രീതിയിൽ ഒറ്റപ്പെട്ടതും മാറ്റമില്ലാത്തതുമായ രീതിയിൽ അവയെ സമീപിച്ചാൽ അബദ്ധജടിലമായ നിഗമനങ്ങളിലേക്കാണ് അവ നമ്മെ നയിക്കുക.'ആദികാരണം' 'പ്രപഞ്ചത്തിന്റെ മൂലകാരണം' അന്വേഷിച്ചുകൊണ്ടുള്ള പോക്ക് അത്തരത്തിലുള്ളതാണ്. നിരർഥകമായ ഒരു യാത്രയാണത്. 'കേവല സത്യ'മെന്നതും ഇക്കൂട്ടത്തിൽപെടുന്നു. പ്രധാനമായ ചില സംവർഗങ്ങൾ കുറച്ചുകൂടി വിശദമായി നമുക്ക് പരിശോധിക്കാം.
വസ്തുക്കളും പ്രക്രിയകളും
നാമങ്ങളും ക്രിയകളും നമുക്ക് സുപരിചിതങ്ങളാണ്. ഏറ്റവും പ്രാകൃതനായ മനുഷ്യന് പോലും ചുറ്റുമുള്ള 'വസ്തു'ക്കളെ വേർതിരിച്ച് കാണേണ്ടതുണ്ട്. അതിനായി അവയ്‌ക്ക് പേരുകൾ നൽകുന്നു. ഒട്ടേറെ ചലനങ്ങൾ കാണുന്നുണ്ട്. പലതിനും സ്വയം കാരണക്കാരനാകുന്നുമുണ്ട്. ഈ പ്രക്രിയകളെയും വേർതിരിച്ച് കുറിക്കേണ്ടതുണ്ട്. കർതാവ്, കർമം, ക്രിയ എന്നിവ അടങ്ങിയ വാചകഘടന അങ്ങനെയാണ് രൂപം കൊണ്ടത്. "മാവിൽ നിന്ന് മാങ്ങ വീണു. കുട്ടി മാങ്ങ എടുത്തു" - രണ്ടു വാചകങ്ങൾ. മാവ്, മാങ്ങ, കുട്ടി, എന്നിവ വസ്തുക്കളാണ്, നാമപദങ്ങളാണ്. വീണു, എടുത്തു എന്നിവ ക്രിയകളാണ്. നാമവും ക്രിയവും തമ്മിലുള്ള, വസ്തുവും പ്രക്രിയയും തമിലുള്ള, ബന്ധമെന്താണ്? വീണത് മാങ്ങയാണ്. മാങ്ങക്ക് സംഭവിച്ച ഒരു പ്രക്രിയ ആണ് വീഴൽ. എടുത്തത് കുട്ടിയാണ്. കുട്ടി ചെയ്‌ത ഒരു പ്രക്രിയ ആണ് എടുക്കൽ. ബന്ധങ്ങളെ ഇത്തരത്തിൽ അവതരിപ്പിക്കുമ്പോൾ വസ്തുക്കൾക് [ 68 ] വന്നുഭവിക്കുന്ന അവസ്ഥയാണ് പ്രക്രിയകൾ. വസ്തുക്കൾ ഇല്ലെങ്കിൽ പ്രക്രിയകൾ ഇല്ല.അതിനാൽ വസ്തുക്കൾ പ്രാഥമികവും പ്രക്രിയകൾ തജ്ജന്യവുമാണെന്ന നിഗമനത്തിൽ നാം എത്തുന്നു. മാങ്ങയെന്ന ഒറ്റ വസ്തുവിനേയും വീഴൽ എന്ന ഒറ്റ പ്രക്രിയയേയും എടുത്താൽ ഇത് ശരിയാണ്. എന്നാൽ വസ്തുക്കൾ എന്ന സംവർഗവും പ്രക്രിയൾ എന്ന സംവർഗവുമെടുത്ത് വസ്തുക്കളെ പ്രാഥമികങ്ങളെന്നും പ്രക്രിയകളെ ദ്വിതീയങ്ങളെന്നും പറഞ്ഞാൽ അത് ശരിയാവില്ല. സചേതനമോ അചേതനമോ ആയ ഏതൊരു വസ്തു എടുത്താലും അസംഖ്യം ചലനങ്ങളുടെ, പ്രക്രിയകളുടെ ആകത്തുകയാണവ എന്ന് കാണാം.ഈ പ്രക്രിയകളിൽ മാറ്റം വരുമ്പോൾ, മാങ്ങയിലും കുട്ടിയിലും നടക്കുന്ന നൂറ്റുകണക്കിന് ജീവിത-രസായനിക പ്രതിപ്രവർത്തനങ്ങൾ നിലക്കുകയോ മാറുകയോ ചെയ്യുമ്പോൾ അവ മാങ്ങയും കുട്ടിയും അല്ലാതായിതീരുന്നു. ഏതൊരു വസ്തുവും നിർദിഷ്ടങ്ങളായ ഒട്ടേറെ പ്രക്രിയകളുടെ ഒരു സംഘാതം ആണ്. അതുപോലെ നിർദിഷ്ടവസ്തുക്കളിൽ വരുന്ന മാറ്റമാണ് ഏതൊരു പ്രക്രിയയും. വസ്തുക്കളില്ലാതെ പ്രക്രിയകളില്ല. പ്രക്രിയകളില്ലാതെ വസ്തുക്കളുമില്ല.വസ്തുവും പ്രക്രിയയും രണ്ടും രണ്ടാണ്. വ്യതിരിക്തമാണ്,അതേസമയത്ത് വേർതിരിക്കാനാവത്തവയാണ്. വിപരീതങ്ങളുടെ ഐക്യമാണ് നാമിവിടെ കാണുന്നത്.
വിശേഷവും സാമാന്യവും
ഏതൊരു വസ്തുവിനും അതിന്റെതായ പ്രത്യേകതകളുണ്ട്.നമ്മുടെ വീട്ടിലെ പശുവിനെ എടുക്കുക. അതിന് തനതായ പല സവിശേഷതകളുണ്ട്. വെളുത്തനിറം, ചെമന്ന പാണ്ടുകൾ, കൊമ്പിന്റെ സവിശേഷ ആകൃതി...ഉയരം, വണ്ണം അങ്ങനെ പലതും. മറ്റ് പശുക്കളുടെ കൂട്ടത്തിൽ എനിക്കതിനെ വേർതിരിച്ചറിയാൻ കഴിയുന്നു. അതെസമയം മൊത്തത്തിൽ പശുക്കൾ എന്ന ഗണത്തിൽ എന്റെ പശുവും ഉൾപ്പെടുന്നു. ഓരോ മനുഷ്യനും അവന്റേതായ നൂറ് നൂറ് തനിമകളുണ്ട്. നിറം, ഉയരം, വണ്ണം, കണ്ണിന്റെ നിറം, മൂക്കിന്റെ ആകൃതി, പുരികങ്ങൾ ...ഓരോന്നും അയാളെ മറ്റു മനുഷ്യരിൽനിന്ന് വേർതിരിച്ച് കാണിക്കുന്നു. അതേസമയം "മനുഷ്യർ" എന്ന പൊതുഗണത്തിൽ അയാളും ഉൾപ്പെടുന്നു. ഒരു വസ്തുവിനും ഒറ്റക്കുള്ള നിലനില്പില്ല. ഏതെങകിലും ഒരു ഗണത്തിലെ അംഗമായിരിക്കണം അത്. ഒറ്റ പശുവേ ഉണ്ടായുരുന്നുള്ളുവെങ്കിൽ അതിനെ പശുവെന്ന പൊതുവെന്ന പൊതു നാമം കൊണ്ട് കുറിക്കുമായിരുന്നില്ല. അങ്ങനെ ഒന്നിന് നിലനില്പും ഉണ്ടാകുമായിരുന്നില്ല. ഈ ഭൂമുഖത്ത് ജീവിക്കുന്ന ഒറ്റ മനുഷ്യനും ഒറ്റക്കല്ല. മറ്റുള്ളവരുമായി ആയിരക്കണക്കിന് ചരടുകൾക്കൊണ്ട് അയാൾ ബന്ധിക്കപ്പെട്ടിരിക്കുന്നു. ശാരീരികമായി, നിറം, ഉയരം, രൂപം മുതലായവയിൽ അയാൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരിക്കാം. അതേസമയം അയാൾക്കും മറ്റുള്ളവർക്കും പൊതുവായി അനവധി സവിശേഷതകളും കാണാം. അയാൾക്ക് ഒരു തൊഴിലുണ്ടായിരിക്കും. ആ തൊഴിലെടുക്കുന്ന മറ്റുള്ളവർക്കുള്ള പല [ 69 ] പ്രത്യേകതകളും അയാളിലും കാണാം. അയാൾ ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവനോ ഒരു പ്രത്യേക രാജ്യക്കാരനോ ഒരു പ്രത്യേക വർഗത്തിൽപെടുന്നവനോ ആയിരിക്കം എങ്കിൽ, ആ ഭാഷക്കാർക്, ആ രാജ്യക്കാർക്, ആ വർഗത്തിന് പൊതുവായ പലതും അയാൾകും ഉണ്ടായിരിക്കും. ഒരു ഗണത്തിലെ, ഒരു സമൂഹത്തിലെ എല്ലാ അംഗങ്ങൾകും പൊതുവയുള്ള സവിശേഷതയെയാണ് 'സാമാന്യം' എന്നു പറയുന്നത്.
ഓരോ വിശേഷത്തിലും സാമാന്യത്തിന്റെ അംശം അടങ്ങിയിരിക്കും. ഓരോ ജീവിയും ഏതെങ്കിലും ഒരു സ്പീഷിസിൽപെട്ടതായിരിക്കും. സ്പീഷിസിലൂടെ അതിലെ അംഗങ്ങൾ ഒന്നിക്കപ്പെടുന്നു. ജനുസിലൂടെ അനേകം സ്പീഷിസുകൾ ഒന്നിക്കപ്പെടുന്നു. ഓരോ വിശേഷവും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സാമാന്യത്തിന്റെ ഭാവം കൈകൊള്ളുന്നതാണ്. സാമാന്യരൂപത്തിൽ മാത്രമായി ഒന്നിനും അസ്തിത്വമില്ല. ഏതെങ്കിലും വിശേഷത്തിന്റെ രൂപത്തിലേ എന്തിനും നിലനിൽപുള്ളു. സാമാന്യത്തിൽ എല്ലാ വിശേഷങ്ങളും ഉൾപെടുകയില്ല. പൊതുവായവ, സത്തയായവ മാത്രമേ ഉൾപെടുകയുള്ളു.
സാമാന്യവും വിശേഷവും പരസ്പരബന്ധിതം മാത്രമല്ല, അവ തുടർചയായി മാറുകയും ചെയ്യും. അവ തമ്മിലുള്ള അതിർവരമ്പ് നിശ്ചലമല്ല. ചില വ്യക്തികളിൽ മാത്രം കാണുന്ന വിശേഷതകൾ ക്രമത്തിൽ ഒരു സമൂഹത്തിന്റെ മുഴുവൻ സ്വഭാവമായിത്തീരുന്ന സന്ദർഭങ്ങൾ വിരളമല്ല. അങ്ങനെയണ്, മ്യൂട്ടേഷനുകളുടെ ഫലമായി പുതിയ പുതിയ ജീവിവർഗങ്ങൾ ഉണ്ടാകുന്നത്. വേഷവിധാനത്തിലുള്ള പല ഫാഷനുകളും പ്രചരിക്കുന്നത് ഈ വിധമാണ്. തിരിച്ചും സംഭവിക്കാറുണ്ട്. പണ്ടുകാലത്ത് സാമാന്യങ്ങളായിരുന്ന പല ഭക്ഷ്യപദാർഥങ്ങളും പല ആചാരങ്ങളും ഇന്ന് 'വിശേഷ'മായിത്തീർനിരിക്കുന്നു.
ശാസ്ത്രത്തിൽ വിശേഷ-സാമാന്യബന്ധം അതിപ്രധാനമാണ്. നിരവധി 'വിശേഷ' നിരീക്ഷണങ്ങളിൽ നിന്ന് ഒരു 'സാമാന്യ'നിയമം ജനിപ്പിക്കപ്പെടുന്നു. ഈ സാമാന്യം പുതിയ പല 'വിശേഷ'ങ്ങളെയും പ്രവചിക്കാൻ ശക്തമായിത്തീരുന്നു. മെൻഡിലിയേവ് ആവർതനസാരണി രചിച്ചതും അതിന്റെ അടിസ്ഥാനത്തിൽ നേളിതേവരെ കണ്ടിട്ടില്ലാത്ത മൂലകങ്ങളുടെ അസ്തിത്വം പ്രവചിച്ചതും ഇങ്ങനെയാണ്. നിരീക്ഷണം വിശേഷത്തിൽ നിന്ന് ആരംഭിക്കുന്നു. ഉള്ളടക്കം-രൂപം എന്നീ സംവർഗങ്ങളും അവ തമ്മിലുള്ള ബന്ധവും ഇത് കൂടുതൽ വ്യക്തമാക്കുന്നതാണ്.
ഉള്ളടക്കവും രൂപവും
സാഹിത്യ-കലാദി ചർചാവേദികളിൽ നിന്ന് ധാരാളം മുഴങ്ങിക്കേൾകുന്ന ശബ്ദങ്ങളാണ് ഉള്ളടക്കവും രൂപവും. ഏതാണ് പ്രധാനം? കലയുടെ മർമം രൂപമാണെന്നും ഉള്ളടക്കം എന്തുമാകാമെന്നും വാദിക്കുന്നവരുണ്ട്. അതിനെ എതിർകുന്നവരുമുണ്ട്. ഈ തർകത്തിന്റെ ദാർശനികരൂപമാണ് [ 70 ] ഉള്ളടക്കവും രൂപവും തമ്മിലുള്ള തർകം. എന്താണ് ഈ വാക്കുകൾകൊണ്ട് നാം മനസിലാക്കുന്നത്? ഒരു വസ്തുവിന്റെയോ പ്രക്രിയയുടെയോ ഘടകങ്ങളായ എല്ലാ അവയവങ്ങളും പ്രക്രിയകളും അടങ്ങുന്ന ആകത്തുകക്കാണ് ഉള്ളടക്കം അഥവാ ഭാവം എന്നു പറയുന്നത്. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ ഇവയുടെ ചലങ്ങൾ, രൂപാന്തരങ്ങൾ, ഊർജക്കൈമാറ്റങ്ങൾ ഇവയെല്ലാമാണ് അണുവിന്റെ ഉള്ളടക്കം. അണുകേന്ദ്രം. ചുറ്റും വിവിധ ഷെല്ലുകളിലായുള്ള ഇലക്ട്രോൺ സംവിധാനം-ഇതാണ് അണുവിന്റെ രൂപം. ചയാപചയ പ്രക്രിയ, സംവേദനീയത, സങ്കോചശേഷി തുടങ്ങിയവയും കോശങ്ങളിലും കലകളിലും അവയവങ്ങളിലും നടക്കുന്ന വിവിധങ്ങളായ ജീവൽ രസായന പ്രക്രിയകൾ-ഇവയെല്ലാമാണ് ഒരു ജീവിയുടെ ഉള്ളടക്കം. ഇവയ്ക്കുപകരിക്കുന്ന അവയവങ്ങളുടെ ബാഹ്യപ്രകൃതിയും ക്രമീകരണങ്ങളും വ്യത്യസ്തമായിരിക്കാം. അവയാണ് ജീവിക്ക് രൂപം നൽകുന്നത്.
സമൂഹ്യപ്രക്രിയകളിലുമുണ്ട് ഉള്ളടക്കവും രൂപവും. ഉദാഹരണത്തിന്, ഒരു സമൂഹത്തിലെ 'ഉൽപാദനരീതി' എടുക്കുക. അതിന്റെ ഉള്ളടക്കമെന്നു പറയുന്നത് ഉൽപാദന ഉപകരണങ്ങൾ, സാങ്കേതികജ്ഞാനം, അത് പ്രയോഗിക്കുന്ന മനുഷ്യർ എന്നിവയെല്ലാം അടങ്ങുന്ന ഉൽപദനശക്തിയാണ്. ഉൽപാദന ഉപകരണങ്ങളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലൂടെ പ്രകടമാകുന്ന മനുഷ്യരും മനുഷ്യരും തമ്മിലുള്ള ഉൽപാദനബന്ധമാണ് അതിന്റെ രൂപം. ഉള്ളടക്കവും രൂപവും ഇങ്ങനെ ഒരേ ഒന്നിന്റെ രണ്ടുവശങ്ങളെയാണ് കുറിക്കുന്നത്. രണ്ടും രണ്ടാണെങ്കിലും പരസ്പരസ്വതന്ത്രങ്ങളല്ല, വേർതിരിക്കാവുന്നതല്ല. 'സാമാന്യമായ ഉള്ളടക്കം' എന്നൊന്നില്ല. ഏതെങ്കിലും 'വിശേഷരൂപ'ത്തിൽ അടങ്ങിയിട്ടുള്ള ഉള്ളടക്കമേയുള്ളു. ഒരു ഉള്ളടക്കവുമില്ലത്ത രൂപവും ഇല്ല.
ഒരു വസ്തുവിന്റെയോ പ്രക്രിയയുടെയോ ഉള്ളടക്കവും രൂപവും ശാശ്വതമായി നിലനിൽകുന്ന മാറ്റമേതുമില്ലാത്ത ഒന്നല്ല. എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം പഠിച്ചിട്ടുണ്ട്. രൂപത്തിൽ എന്തെങ്കിലും മാറ്റം അടിച്ചേൽപിച്ചാൽ അത് കാതലായ മാറ്റമായിൽത്തീരില്ല. നമ്മുടെ ഒരു കൈ പോയി, അല്ലെങ്കിൽ കണ്ണ് നഷ്ടപ്പെട്ടു എന്നതുകൊണ്ട് നമ്മുടെ ഉള്ളടക്കത്തിൽ കതലായ മാറ്റം വന്നുകൊള്ളണമെന്നില്ല. ഉള്ളടക്കമെന്നത് സജീവമാണ്. ആന്തരികവൈരുധ്യങ്ങളാൽ പ്രചോദിതമായി അതിൽ മാറ്റങ്ങൾ വരുന്നു. ജീവപരിണാമം ഇതിന് ഉദാഹരണമാണ്. കൂടുതൽ സ്പഷ്ടമായ മറ്റൊരു ഉദാഹരണമാണ് ഉൽപദനരീതിയിൽ വരുന്ന മാറ്റങ്ങൾ. ഉൽപാദനശക്തികൾ, ഉപകരണങ്ങളും സാങ്കേതികജ്ഞാനവും കരവിരുതും എല്ലാം തുടർചയായി വികസിക്കുന്നു. അതായത്, ഉള്ളടക്കത്തിൽ മാറ്റം വരുന്നു. ആദ്യമാദ്യമൊന്നും രൂപത്തിൽ മാറ്റം വരുന്നതല്ല. അത് താരതമ്യേന കൂടുതൽ സ്ഥിരമാണ്. ഉൽപാദനബന്ധങ്ങൾ അതുപോലെതന്നെ നിലകൊള്ളുന്നു. എന്നാൽ ഏറെക്കാലം ഇങ്ങനെ തുടരാൻ സാധിക്കില്ല. ഉള്ളടകത്തിൽ സാരമായ മാറ്റംവന്നാൽ പഴയരൂപം വച്ചു [ 71 ] പുലർതാനാവാതെ വരുന്നു. പുതിയ രൂപം കൈക്കൊള്ളാൻ, പുതിയ ഉല്പാദനബന്ധങ്ങൾ രൂപപ്പെടുത്താൻ നിർബന്ധിതമാകുന്നു. ഈ ഉദാഹരണത്തിൽ നിന്ന് ചില വസ്തുതകൾ വ്യക്തമായിത്തീരുന്നു.
- ഉള്ളടക്കവും രൂപവും തമ്മിൽ വൈരുധ്യമുണ്ട്.
- ഉള്ളടക്കം രൂപത്തേക്കാൾ ചലനാത്മകമാണ്. ആത്യന്തികമായി അതാണ് രൂപത്തെ നിർണയിക്കുന്നത്.
- രൂപം ഒന്നുകിൽ ഉള്ളടക്കത്തിന്റെ വികാസത്തെ തടസപ്പെടുത്താം, അല്ലെങ്കിൽ ത്വരിതപ്പെടുത്താം.
സാമൂഹ്യ ഉൽ പാദനത്തിന്റെ രംഗത്ത് മാത്രമല്ല, ജീവിപരിണാമത്തിന്റെയും ശാസ്ത്രപുരോഗതിയുടെയും കലാ-സാംസ്കാരികമുന്നേറ്റത്തിന്റെയും എല്ലാ രംഗങ്ങളിലും ഉള്ളടക്കവും രൂപവും തമ്മിലുള്ള ഈ വൈരുധ്യാത്മകബന്ധം കാണാവുന്നതാണ്. ഏതാനും ചില ഉദാഹരണങ്ങൾ കൂടി എടുക്കാം.
ഡാർവിന്റെ പരിണാമസിദ്ധാന്തത്തിന് അവലംബമായിരുന്ന ഫിഞ്ച് പക്ഷികളുടെ സവിശേഷതകൾ പ്രസിദ്ധമാണ്, ആ സ്പീഷീസിൽ പെട്ട പക്ഷികളുടെ ആകൃതിയിൽ, കൊക്കിന്റെ നീളം ബലം മുതലായവയിലും നഖത്തിലും എല്ലാം ഗണ്യമായ വ്യത്യാസം വന്നതെങ്ങനെ എന്ന അന്വേഷണമാണ് ഡാർവിനെ ഈ സിദ്ധാന്തത്തിൽ എത്തിച്ചത്. പരിതഃസ്ഥിതികളിലുള്ള വ്യത്യാസം ആഹാര സമ്പാദനത്തിലും മറ്റ് ജീവിതചര്യകളിലും മാറ്റം വരുത്താൻ നിർബന്ധിച്ചു. ഓരോ സ്ഥലത്തും അതിന് അനുകൂലമായ രൂപമുള്ളവ അതിജീവിച്ചു. ക്രമത്തിൽ സ്പീഷിസിന്റെയും ആകൃതിയിൽ ഈ വ്യത്യാസങ്ങൾ രൂഢമൂലമായി.
പുതിയ പുതിയ ഉള്ളടക്കങ്ങൾ ആവിഷ്കരിക്കേണ്ടി വന്നപ്പോൾ പുതിയ പുതിയ കലാരൂപങ്ങൾ ഉടലെടുത്തതും ചരിത്രത്തിൽ കാണാവുന്നതാണ്. തിരുവാതിരക്കളിയുടെ രൂപത്തിൽ വീരരസപ്രധാനമോ ഹാസ്യരസപ്രധാനമോ ആയ പ്രമേയങ്ങൾ അവതരിപ്പിക്കാൻ പ്രയാസമാണ്. അതുപോലെ പരിശമുട്ടുകളിയുടേ രൂപത്തിൽ ശൃംഗാരപ്രധാനമായ ഉള്ളടക്കം കൊടുക്കാനും പറ്റില്ല. ഉള്ളടക്കവും രൂപവും പരസ്പരം സ്വതന്ത്രങ്ങളല്ല.
തന്റെ വംശത്തിന്റെ ഉൽപത്തി മുതൽ മനുഷ്യൻ മാനത്തെ അദ്ഭുതങ്ങൾ വീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള ശാസ്ത്രങ്ങളിൽ ഒന്നാണ് ജ്യോതിശാസ്ത്രം. ചിങ്ങം, കന്നി, .... എന്നിങ്ങനെ 12 രാശികളിലായി ക്രാന്തിവൃത്തത്തെ വിഭജിച്ചതിന് അയ്യായിരം കൊല്ലത്തെ പഴക്കമുണ്ട്. ഹിപ്പാർകസും ടോളമിയും ആര്യഭട്ടനും ബ്രഹ്മഗുപ്തനുമൊക്കെ പ്രശസ്തരും പ്രഗദ്ഭരുമായ ജ്യോതിശാസ്ത്രജ്ഞരായിരുന്നു. എന്നാൽ കഴിഞ്ഞ് അര സഹസ്രാബ്ദത്തിനുള്ളിൽ, വിശിഷ്യ കഴിഞ്ഞ അര നൂറ്റാണ്ടിനുള്ളിൽ, [ 72 ] ശാസ്ത്രത്തിൽ വന്ന മാറ്റം ചെറുതെന്നുമല്ല[1] പൗരാണിക ജ്യോതിശാസ്ത്രവുമായി ഒരുതരത്തിലും അതിനെ താരതമ്യപ്പെടുത്താൻ പറ്റില്ല. ഗലീലിയോ മാനത്തേക്ക് തിരിച്ച ടെലസ്കോപ്പാണ് ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. പ്രപഞ്ചവികാസം, ചെമപ്പുനീക്കം, പലതരം ഗാലക്സികളും മേഘങ്ങളും, ക്വാസാറുകൾ, പൾസാറുകൾ, തമോഗർതങ്ങൾ...ജ്യോതിശാസ്ത്രത്തിന്റെ ഉള്ളടക്കം എന്തെന്നില്ലാതെ മാറിയിരിക്കുന്നു. അതനുസരിച്ച് രൂപത്തിലും മാറ്റങ്ങൾ വന്നിരിക്കുന്നു. റേഡിയോ ജ്യോതിശാസ്ത്രം, X-റേ, ഗാമാ റേ, ഇൻഫ്രാറെഡ്, അൾട്രാവൈലറ്റ് ജ്യോതിശാസ്ത്രങ്ങൾ, നക്ഷത്രഭൗതികം, സ്പേസിന്റെ സ്വഭാവപഠനം, പ്രപഞ്ചോൽപത്തിശാസ്ത്രം ഒട്ടനേകം പുതിയ ശാഖകൾ.
രൂപം എന്തുതന്നെ ആയിക്കൊള്ളട്ടെ, ഭാവം അഥവാ ഉള്ളടക്കമാണ് പ്രധാനം എന്നു ശഠിക്കുന്ന അരാജകവാദികളുണ്ട്. അതു് തെറ്റാണ്, വസ്തുതകൾക്ക് നിരക്കാത്തതാണ്. ഉള്ളടക്കത്തിന് അനുയോജ്യമാകണം രൂപം. മാനവജാതിയുടെ ഇന്നത്തെ ഉള്ളടക്കമെന്താണ്? പ്രകൃതിനിയമങ്ങളെക്കുറിച്ചുള്ള അവന്റെ ഇന്നത്തെ അറിവ്, ദാരിദ്ര്യം, രോഗങ്ങൾ, വേദന മുതലായവ ഈ ഭൂമുഖത്തുനിന്ന് നിർമാർജനം ചെയ്യാൻ പര്യാപ്തമാണ്. അജ്ഞാനം [ 73 ] കൊണ്ടുള്ള ബന്ധത്തിൽ നിന്നു് അവൻ മോചനം നേടിയിരിക്കുന്നു. മൃഗങ്ങളുടെ പരിമിതികളെ പൂർണ്ണമായും അതീജീവിച്ചിരിക്കുന്നു. അതിമാനുഷികമായി വളരാനുള്ള എല്ലാ സാദ്ധ്യതകളും സംജാതമായിരിക്കുന്നു. എന്നാൽ മാനവജാതിയുടെ സാമൂഹ്യരൂപം, ഘടന, അതിനു് അനുവദിക്കുന്നില്ല. സ്വകാര്യലാഭത്തിൽ അധിഷ്ഠിതമായ ആ പഴയ മത്സരാത്മക സമൂഹത്തിന്റെ അവസാനത്തെ കണ്ണിയായ മുതലാളിത്ത വ്യവസ്ഥ ഇനിയും പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടിട്ടില്ല. മാനവസമൂഹത്തിന്റെ ഉള്ളടക്കവും രൂപവും തമ്മിൽ ഇന്നു് പൊരുത്തപ്പെടുന്നില്ല. അവ തമ്മിൽ നിതാന്തമായ സംഘട്ടനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണു്.
അങ്ങനെ രൂപവും ഉള്ളടക്കുവും തമ്മിലുള്ള വൈരുധ്യാത്മകമായ ബന്ധത്തെ നാം കണ്ടു. 'ഉള്ളടക്കം' എന്നു് പൊതുവിൽ നാം പറഞ്ഞു. എന്നാൽ അതിനു് പല വിശദാംശങ്ങളുണ്ടു്, ഘടകങ്ങളുണ്ടു്. ഉള്ളടക്കത്തിന്റെ മാറ്റം എന്നു് പറയുന്നതു്, ഇതിലെ ഏതെങ്കിലും ഒന്നിന്റെ മാറ്റമാണോ? അതോ എല്ലാറ്റിന്റേയും മാറ്റമാണോ? വിവിധ ഘടകങ്ങളിൽ ഏതെങ്കിലും ചിലതു് കൂടുതൽ പ്രധാനമാണോ? നിർണ്ണായകമാണോ? അതോ എല്ലാം തുല്യ പ്രധാനങ്ങളാണോ? ഈ ചോദ്യം നമ്മെ മറ്റൊരു സംവർഗങ്ങളിലേക്കു് നയിക്കുന്നു - സത്ത, പ്രതിഭാസം എന്നീ സംവർഗങ്ങളിലേക്കു്.
സത്തയും പ്രതിഭാസവും
സത്തയെന്ന സങ്കൽപനം ഉള്ളടക്കമെന്ന സങ്കൽപത്തിന് സദൃശമാണു്. എന്നാൽ രണ്ടും ഒന്നല്ല. ഒരു വസ്തുവിലെയോ, പ്രതിഭാസത്തിലെയോ എല്ലാ അംശങ്ങളെയും ഘടങ്ങളെയും പ്രതിനിധീകരിക്കുന്നതാണു് ഉള്ളടക്കം. സത്തയാവട്ടെ, അതിലെ മുഖ്യമായ, ആന്തരികമായ, താരതമ്യേനെ കൂടുതൽ സ്ഥിരസ്ഥായിയായ വശത്തെയാണു് പ്രതിനിധീകരിക്കുന്നതു്.
ഉദാഹരണത്തിനു്, ജീവൻ എന്ന പ്രതിഭാസത്തിന്റെ സത്ത ചയാപചയപ്രക്രീയ ആണു്. മാധ്യമവുമായി നടക്കുന്ന ഊർജ്ജക്കൈമാറ്റമാണു്. ജീവനെ കുറിക്കുന്ന മറ്റു പല ഘടകങ്ങളുമുണ്ടു് - വളർച്ച, പ്രത്യുൽപാദനശേഷി, സംവേദനക്ഷമത, സങ്കോചവികാസങ്ങൾ എന്നു തുടങ്ങി പല ഘടകങ്ങളും. എന്നാൽ ഇവയെല്ലാം തന്നെ ചയാപചയത്തിൽ നിന്നു് ഉദ്ഭവിക്കുന്നവയാണ്. പ്രോട്ടീനിന്റെ പരമപ്രധാനമായ ധർമമാണത്. മറ്റൊരു ഉദാഹരണം: മുതലാളിത്തത്തിന്റെ പരമോന്നതഘട്ടമാണു് സാമ്രാജ്യത്വം. എന്താണ് സാമ്രാജ്യത്വത്തിന്റെ ലാക്ഷണിക സ്വഭാവം? സാമ്രാജ്യത്വത്തിന്റെ കൊള്ളരുതായ്മകളെപ്പറ്റി പല വിശേഷണങ്ങളും നമുക്ക് പറയുവാനാകും. എന്നാൽ സാമ്രാജ്യത്വത്തിന്റെ സത്തയെന്താണു്? കുത്തകമുതലാളിത്തം, അതിന്റെ ആധിപത്യം. അതിലാഭത്തിനുവേണ്ടി സാമ്രാജ്യത്വശക്തികൾ ബഹുരാഷ്ട്രകുത്തകകൾ രൂപീകരിക്കുന്നു. ലോകത്തെ ആകെ പങ്കിട്ടെടുക്കുന്നു. സ്വന്തം രാജ്യത്തെയും, അന്യരാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യുന്നു. യുദ്ധങ്ങൾ നടക്കുന്നു. പ്രതിവിപ്ളവങ്ങൾ ആസൂത്രണം ചെയ്യുന്നു. ജനാധിപത്യം [ 74 ] തകർകുന്നു. ഇതെല്ലാം കുത്തകമുതലാളിത്തത്തിന്റെ ബാഹ്യരൂപങ്ങളാണു്. പ്രതിഭാസങ്ങളാണു്.
സോഷ്യലിസമെന്ന വാക്കു് നമുക്കു് സുപരിചിതമാണു്. എന്നാൽ അതിന്റെ സത്തയെന്തെന്ന് മനസിലാകാതെ പലപ്പോഴും തെറ്റായ ധാരണകൾക്കു് വശംവദരാകുന്നു. സോവിയറ്റ് യൂണിയനിൽ വേലയും കൂലിയുമില്ലെ? മിച്ചമൂല്യം ഉണ്ടാക്കുന്നില്ലേ? വേതനത്തിൽ ഉച്ചനീചത്വങ്ങൾ ഇല്ലെ? ഇതെല്ലാമുണ്ടായിരിക്കെ അവിടെ സോഷ്യലിസമുണ്ടെന്നു് എങ്ങനെ പറയാനാകും? എന്നൊക്കെ പലരും ചോദിക്കാറുണ്ടു്. എന്താണു് സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ സത്ത? "ഉല്പാദന ഉപാധികളുടെ സാമൂഹ്യ ഉടമാവകാശം" അതാണു് സോഷ്യലിസത്തിന്റെ സത്ത. വർധിച്ചുവരുന്ന ജീവിതസൗകര്യങ്ങൾ, തൊഴിലെടുക്കാനും വിശ്രമിക്കാനുമുള്ള മൗലികാവകാശം, ചൂഷണം ചെയ്തു് സ്വകാര്യലാഭം ഉണ്ടാക്കാൻ സാധിക്കായ്ക. തുല്യസന്ദർഭങ്ങൾ, തൊഴിലിനോടുള്ള പുതിയ ശത്രുതാപരമല്ലാത്ത സമീപനം, വർധമാനമായ സാങ്കേതികപുരോഗതി തുടങ്ങിയവയെല്ലാം ഈ വ്യവസ്ഥയുടെ പ്രകടിതരൂപങ്ങളാണു് - പ്രതിഭാസങ്ങളാണു്.
സത്തയുടെ പ്രകടിതരൂപം, ബാഹ്യരൂപം ആണു് പ്രതിഭാസം. ഏതെങ്കിലും പ്രതിഭാസത്തിലൂടെയല്ലാതെ സത്തക്കു് സ്വയം വെളിവാകുവാൻ പറ്റില്ല. പക്ഷേ, പ്രതിഭാസത്തിലൂടെ സത്ത മുഴുവൻ വെളിവാകില്ല. സത്തയുടെ ഏതെങ്കിലും ഒരംശം മാത്രമെ പ്രതിഭാസത്തിൽ വെളിവാകൂ. അതേസമയം പ്രതിഭാസങ്ങളിലൂടെയല്ലാതെ സ്വയംശുദ്ധ സത്ത എന്ന രൂപത്തിൽ അതിനു് പ്രത്യക്ഷപ്പെടുവാൻ കഴിയുകയില്ല. സത്തയും പ്രതിഭാസവും രണ്ടും രണ്ടാണെങ്കിലും ഒന്നിനെ തനിയെയായി വേർപെടുത്താനാവില്ല. ഇവ തമ്മിലുള്ള വ്യതിരിക്തത, വൈരുധ്യം യഥാർത്ഥത്തിൽ ആന്തരികവൈരുധ്യങ്ങൾ തന്നെയാണു്. സത്ത പുറമെ കാണുന്നതല്ല. ഉള്ളിൽ ഒളിഞ്ഞുകിടക്കുന്നതാണു്. നീണ്ടതും ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമെ അതിനെ വെളിവാക്കാൻ പറ്റു.
തന്റെ വംശത്തിന്റെ ആവിർഭാവം മുതൽ സൂര്യനെ മനുഷ്യൻ കാണാൻ തുടങ്ങിയിട്ടുണ്ടു്, അതിലെ പല പ്രതിഭാസങ്ങളും നിരീക്ഷിച്ചിട്ടുണ്ടു്. സൂര്യകളങ്കങ്ങൾ, കാന്തികക്ഷോഭങ്ങൾ, വിജൃംഭനങ്ങൾ, പുറത്തുവരുന്ന മൗലിക കണങ്ങൾ - ഈ പ്രതിഭാസങ്ങളോരൊന്നും സൂര്യന്റെ സത്തയുടെ പ്രകടനങ്ങളാണു്. അണുസംയോജനമാണു് ആ "സത്ത" എന്നു് മനസ്സിലാക്കിയതു് ഈ നൂറ്റാണ്ടിൽ മാത്രമാണു്. സത്ത മനസിലാക്കിയില്ലെങ്കിൽ പ്രതിഭാസത്തെ കുറിച്ചു് തെറ്റായ ധാരണകൾ നാം വെച്ചുപുലർത്തും. സൂര്യന്റെ പ്രകടമായ ആകാശസഞ്ചാരത്തെ അതേപടി അംഗീകരിച്ചു നമ്മുടെ കാരണവൻമാർ. അതു് തെറ്റ്. ഭൂമി കറങ്ങുകയാണ് എന്നു് മനസ്സിലാക്കിയശേഷമേ ജ്യോതിശാസ്ത്രത്തിൽ പുരോഗതി ഉണ്ടായുള്ളു. തിരഞ്ഞെടുപ്പു്, പ്രസംഗസ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, ഇതൊക്കെ ഇന്ത്യയിലും മറ്റു മുതലാളിത്തരാജ്യങ്ങളിലും നിലനിൽക്കുന്നതായും അതിനാൽ ഇവിടെ യഥാർത്ഥ ജനാധിപത്യമുള്ളതായും ആളുകൾ കരുതുന്നു. എന്നാൽ വാസ്തവമതാണോ? ഉള്ളവന്, [ 75 ] പണക്കാർക്ക് മാത്രമല്ലെ ഈ 'ജനാധിപത്യ' അവകാശങ്ങൾ അനുഭവിക്കാൻ കഴിയൂ? ചൂഷകന്റെ ആധിപത്യമല്ലേ ഇവിടത്തെ ജനാധിപത്യ പ്രതിഭാസത്തിന്റെ പിന്നിലുള്ള സത്ത? ഇത് മനസ്സിലാകുന്നതോടെ സമൂഹത്തിൽ നടക്കുന്ന മറ്റ് ഒട്ടനേകം പ്രതിഭാസങ്ങളും -സ്വജനപക്ഷപാതം, അഴിമതി, കരിഞ്ചന്ത, കള്ളക്കടത്തു്, ബലാൽസംഗം, തട്ടിപ്പറി, വിഗ്രഹമോഷണം, രാഷ്ട്രീയകൊലപാതകങ്ങൾ എന്നുവേണ്ട, അസംഖ്യം മറ്റു പ്രതിഭാസങ്ങൾ എല്ലാം - സ്വയം വ്യക്തമായിത്തീരില്ലെ?
മുതലാളിത്തസമ്പദ്‌വ്യവസ്ഥയുടെ സത്ത വെളിവാക്കിയതാണു് മാർക്സിന്റെ ഏറ്റവും വലിയ സംഭാവന. മൂലധനം എന്ന കൃതിയുടെ ലക്ഷ്യം അതായിരുന്നു. ബൂർഷ്വാ അർത്ഥശാസ്ത്രജ്ഞർക്കു് അതു് മനസ്സിലാക്കാൻ കഴിഞ്ഞില്ല. അദ്ധ്വാനമാണു് മൂല്യം ഉല്പാദിപ്പിക്കുന്നതെന്നു് അവർ മനസ്സിലാക്കി. എന്നാൽ തൊഴിലാളിക്കു് അവന്റെ അദ്ധ്വാനത്തിന്റെ കൂലികൊടുക്കുന്നതിലൂടെ അതു് സമാസമമായി. മൂല്യത്തിനുള്ള വില കൊടുത്തുകഴിഞ്ഞു. തൊഴിലാളിയെ ചൂഷണം ചെയ്യുന്നു എന്നു് പറയുന്നതിലൊന്നും അർത്ഥമില്ല - ഇതാണു് അവരുടെ നിലപാടു്. എങ്കിൽ പിന്നെ മുതലാളിക്കു് ലാഭം കിട്ടുന്നതു് എവിടെനിന്നു്? അയാൾ മുടക്കിയ മൂലധനമാണു് ലാഭത്തിന്റെ ഉറവിടം എന്നവർ വാദിക്കുന്നു. ഈ മുലധനം അയാൾക്കെങ്ങനെ ലഭിച്ചു. അതെങ്ങനെ ഉണ്ടായി? അതിൽ അയാൾക്കു് എന്തു് അവകാശമാണു് ഉള്ളതു്? എന്ന കാര്യം പോകട്ടെ, മുലധനം -യന്ത്രങ്ങളും മറ്റും- എങ്ങനെയാണു് മൂല്യം ഉൽപാദിപ്പിക്കുന്നതു്? ആ ചോദ്യത്തിനു് ഉത്തരമില്ല. തൊഴിലാളി തന്റെ ജീവൻ നിലനിർത്താൻ വേണ്ട സാധനസാമഗ്രികൾ സമ്പാദിക്കുന്നതിനുവേണ്ടി, മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലാത്തതിനാൽ തന്റെ അദ്ധ്വാനശക്തിയെ ഉൽപാദന ഉപാധികൾ കൈവശം വെച്ചുകൊണ്ടിരിക്കുന്ന മുതലാളിക്ക് വിൽക്കുന്നു. അദ്ധ്വാനശേഷിക്കു് ഒരു സവിശേഷതയുണ്ട്. സ്വയം പ്രത്യുൽപാദിപ്പിക്കാൻ, അതായതു്, സ്വന്തം ജീവൻ നിലനിർത്താനും വംശം നിലനിർത്താനും, വേണ്ടതിലേറെ ഉൽപാദിപ്പിക്കുവാൻ അതിനു കഴിയും.. ഭൗതികമൂല്യങ്ങൾ ഉൽപാദിപ്പിക്കുവാൻ അതിനു് കഴിയും. അദ്ധ്വാനശേഷിയുടെ ഈ സവിശേഷതയാണു് മിച്ചമൂല്യത്തിനും ലാഭത്തിനും അടിസ്ഥാനം. അങ്ങനെ അദ്ധ്വാനശേഷിയുടെ സവിശേഷത, ഉൽപാദന ഉപാധികളുടെ സ്വകാര്യ ഉടമസ്ഥത, ഇതിൽ രണ്ടിൽ നിന്നുമായി ഉണ്ടാകുന്ന മിച്ചമൂല്യം - ഇതാണു് മുതലാളിത്ത വ്യവസ്ഥയുടെ സത്ത.
മേൽപറഞ്ഞ ചർച്ചകളിൽനിന്ന് വസ്തുക്കളുടെ പ്രക്രിയകളും ബാഹ്യ പ്രതിഭാസവും ആന്തരികസത്തയും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നു.
കാര്യവും കാരണവും
നമ്മുക്ക് ചുറ്റും കാണുന്ന എല്ലാം തന്നെ മാറിക്കൊണ്ടിരിക്കുകയാണു്. ഇന്നലത്തേതിൽ നിന്ന് ഇന്നത്തേതും അതിൽനിന്ന് നാളത്തേയും ഉണ്ടാകുന്നു. ചില പ്രവൃത്തികൾ ചെയ്യുമ്പോൾ ചില ഫലങ്ങൾ അനിവാര്യമായും ഉണ്ടാകുന്നു. അനേകം തവണ ഇത് നിരീക്ഷിക്കുമ്പോൾ മനുഷ്യൻ അവയെ തമ്മിൽ [ 76 ] തമ്മിൽ ബന്ധപ്പെടുത്തുന്നു. ഇങ്ങനെ ആദ്യം അബോധപൂർവവും, പിന്നീട് ബോധപൂർവവും വസ്തുക്കളെയും പ്രതിഭാസങ്ങളെയും തമ്മിൽ തമ്മിൽ ബന്ധപ്പെടുത്താൻ മനുഷ്യർ പണ്ടുതന്നെ പഠിച്ചിരുന്നു. മനുഷ്യൻ രൂപം കൊടുത്തിട്ടുള്ള ഏറ്റവും ആദ്യത്തെ സംവർഗ്ഗങ്ങളിൽപെടും കാര്യവും കാരണവും. ഭാരതീയ തർകശാസ്ത്രത്തിൽ ഇതിന് അതിപ്രധാനമായ സ്ഥാനവുമുണ്ട്. "തീയില്ലാതെ പുകയുണ്ടാകില്ല" - നാം പറയാറുണ്ട്. കാര്യം എപ്പോഴും കാരണത്തെ അനുഗമിക്കുന്നു. അതിനുശേഷം വരുന്നു. ഇതിൽ സംശയമില്ല. എന്നാൽ കാലത്തിലെ ഈ പിൻതുടർച പലപ്പോഴും കപടകാരണങ്ങളിലേക്ക് മനുഷ്യനെ നയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒന്നിനുശേഷം വരുന്ന മറ്റൊന്ന് എന്നത് അവ തമ്മിലുള്ള കാരണ-കാര്യബന്ധത്തിന് തെളിവല്ല എന്നും പണ്ടേ വാദിക്കേണ്ടിവന്നിട്ടുണ്ട്. പ്രയോഗികജീവിതത്തിൽ ഈ കാരണ-കാര്യബന്ധം പല സമയങ്ങളിലും സ്വയം വ്യക്തമായിക്കൊള്ളണമെന്നില്ല. ഇന്ന് നടക്കുന്ന ഒട്ടനവധി പ്രതിഭാസങ്ങൾ, പ്രവർതനങ്ങൾ, ഉണ്ടാകുന്ന വസ്തുക്കൾ - നാളെയും അതുപോലെ ഒട്ടനവധി പ്രതിഭാസങ്ങളും പ്രവർതനങ്ങളും ഒക്കെ ഉണ്ടായിരിക്കും - ഇവയിൽ ഏതേത് തമ്മിലാണ് കാര്യ-കാരണ ബന്ധമുള്ളത്? ഇത് കണ്ടുപിടിക്കുക എളുപ്പമല്ല. ഇതിൽ പറ്റുന്ന തെറ്റുകളും നമ്മുടെ പൗരാണികർക് അറിയാമായിരുന്നു. പല പഴംചൊല്ലുകളിലും ഇത് കാണാം.. "ഒരിക്കൽ ചക്ക വീണപ്പോൾ മുയലിനെ കിട്ടി എന്നുവെച്ചിട്ട് എല്ലായ്‍പോഴും ചക്ക വീഴുമ്പോൾ മുയലിനെ കിട്ടുമോ?", "കോഴി കൂകുന്നതുകൊണ്ടാണോ സൂര്യൻ ഉദിക്കുന്നതു്?" എന്ന് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണു്. ഇവിടെ ചക്കയും മുയലും തമ്മിലോ, കോഴിയും സൂര്യനും തമ്മിലോ ഒരു ബന്ധവുമില്ല. അത് വ്യക്തമാണ്. എന്നാൽ ഇത്രതന്നെ സ്വയം വ്യക്തമല്ലാത്ത ചില പരിതഃസ്ഥിതികൾ ഉണ്ടാകാം. കൃഷി ചെയ്യണമെങ്കിൽ വിത്തുവേണം. പക്ഷേ, വിത്തുമാത്രം പോര. മണ്ണ്, വെള്ളം, വളം എന്നിവയൊക്കെ വേണം. ഇതൊക്കെ അവശ്യം വേണ്ട സാഹചര്യങ്ങൾ ആണ്. എന്നാൽ ചെടിയുടെ കാരണം വിത്തുതന്നെ; ഉപകരണങ്ങൾ കൊണ്ട് അസംസ്കൃതപദാർത്ഥങ്ങളിൻ മേൽ അധ്വാനിക്കുമ്പോൾ മൂല്യം ഉണ്ടാകുന്നു. മൂല്യത്തിന്റെ കാരണം അധ്വാനം ആണ്. മണ്ണും വളവും ഉപകരണങ്ങളും അസംസ്കൃത പദാർത്ഥങ്ങളും ഒക്കെ അവശ്യംവേണ്ട സാഹചര്യങ്ങൾ അഥവാ പരിതഃസ്ഥിതി മാത്രമാണു്.
ഇവിടെയെല്ലാം കാര്യവും കാരണവും തമ്മിൽ വസ്തുനിഷ്ഠമായ ബന്ധമുണ്ടു്. ഈ ബന്ധത്തിന്റെ അടിത്തറയിലാണു് ആധുനിക ശാസ്ത്രസൗധം ആകെ കെട്ടിപ്പടുത്തിരിക്കുന്നതു്. ഈ ബന്ധത്തെ വെളിവാക്കുന്നവയാണ് പ്രകൃതിനിയമങ്ങൾ. അനേകം പരീക്ഷണ-നിരീക്ഷണങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും, 'ശ്രമിക്കൽ-പിഴക്കൽ' വഴിയാണു് ഈ ബന്ധങ്ങൾ നമ്മുക്ക് വെളിവാകുന്നതു്. എന്നാൽ പല സന്ദർഭങ്ങളിലും നമുക്ക് ഈ ബന്ധം വ്യക്തമായി കാണാൻ കഴിയുന്നില്ല. ചിലപ്പോഴൊക്കെ ഇല്ലാത്ത ബന്ധങ്ങൾ ഉണ്ടെന്ന് തോന്നുകയും ചെയ്യും. മനുഷ്യന്റെ ജനനസമയത്തെ ഗ്രഹനിലകളും അവന്റെ ഭാവിജീവിതവും തമ്മിൽ നമ്മുടെ പൗരാണികർ കണ്ടിരുന്ന, ഇന്നും പലരും [ 77 ] കാണുന്ന, ബന്ധം ഇത്തരത്തിൽപെടും. കല്യാണത്തിന് ജാതകപ്പൊരുത്തം നോക്കുന്നതും ഇല്ലാത്ത കാര്യ-കാരണബന്ധങ്ങളുടെ അന്വേഷണമാണ്. ഇതിന്റെ മറുവശമാണ് ഒരു തരത്തിലുള്ള കാര്യ-കാരണ ബന്ധവും കാണാൻ കഴിയാതിരിക്കുക എന്നത്. അങ്ങനെ വരുമ്പോൾ എല്ലാത്തിന്റെയും മൂലകാരണമായി ഒന്നിനെ അവരോധിക്കാൻ അവർ ശ്രമിക്കുന്നു. വസ്തുനിഷ്ഠ കാര്യകാരണബന്ധത്തെത്തന്നെ അവർ നിഷേധിക്കുന്നു. മൂലകാരണമായി പ്രകൃത്യതീതമായ ഒന്നിനെ, ഈശ്വരനെ അവരോധിക്കുന്നു. പൂച്ചയെ സൃഷ്ടിച്ചത് എലിയെ തിന്നാനാണെന്നും, എലിയെ ഉണ്ടാക്കിയത് പൂച്ചയാൽ ഭക്ഷിക്കപ്പെടാനാണെന്നും, അങ്ങനെ 'സ്വയം വ്യക്ത'മായിത്തീരുന്നു. അതിന്റെ അടുത്തപടിയായി ബ്രാഹ്മണനെ സൃഷ്ടിച്ചത് പൂജാദികർമ്മങ്ങൾ നടത്താനും മറ്റുള്ളവരുടെ അധ്വാനഫലമുണ്ണാനും ആണെന്നും ശൂദ്രനെ സൃഷ്ടിച്ചത് മറ്റുള്ളവർക്ക് വേണ്ടി അദ്ധ്വാനിക്കാൻ ആണെന്നും സ്വയം വ്യക്തമായിത്തീരുന്നു. ആര്യൻമാരെ, വിശിഷ്യാ ജർമ്മൻ ആര്യന്മാരെ സൃഷ്ടിച്ചത് ലോകമാകെ അടക്കിവാഴാനാണെന്നും, മറ്റുള്ളവരെ സൃഷ്ടിച്ചത് ജർമ്മൻ ആര്യൻമാരുടെ കീഴിൽ കഴിയാനാണെന്നും ഹിറ്റ് ലർക്ക് സ്വയം വ്യക്തമായിരുന്നു. തിക്തങ്ങളായ അനുഭവങ്ങളിലൂടെയും കടുത്ത സമരങ്ങളിലൂടെയുമാണ് ഇത്തരത്തിലുള്ള കപടകാര്യ-കാരണ ബന്ധങ്ങളെ തുറന്നുകാട്ടുകയും തിരുത്തുകയും ചെയ്തിട്ടുള്ളത്
പ്രകൃതിക്ക് അതിന്റേതായ നിയമങ്ങളുണ്ട്. പ്രകൃതിക്കതീതമായി, അതിനെക്കൂടി ഉൾകൊള്ളുന്ന മറ്റ് ഒന്നുമില്ല. ഈ പ്രകൃതിനിയമങ്ങൾ മുഴുവൻ നമുക്ക് ഇന്നറിയില്ല. ശരിതന്നെ. എന്നുവെച്ച് അവ ഇല്ലാതാകുന്നില്ല. വസ്തുനിഷ്ടമായ ഈ പരസ്പരബന്ധങ്ങളെ പൊതുവിൽ നിശ്ചിതത്ത്വം എന്നു പറയാം. ഇതിനെതിരാണ് അനിശ്ചിതത്വം ആശയവാദം വസ്തുനിഷ്ഠമായ കാര്യകാരണ ബന്ധത്തെ, ആവശ്യകതയെ, നിയമങ്ങളെ നിഷേധിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം 'ഒരു നിശ്ചയവുമില്ല ഒന്നിനും'. അങ്ങനെ എല്ലാറ്റിന്റെയും കാരണമായി ഈശ്വരനെ അവരോധിക്കുന്നു.വൈരുധ്യാത്മജ ഭൗതികവാദം ഇതിനെ എതിർക്കുന്നു. 17, 18 നൂറ്റാണ്ടുകളിൽ ബലതന്ത്രമായിരുന്നു പ്രകൃതിശാസ്ത്രങ്ങളിൽ ഏറ്റവും മുന്നിട്ട് നിന്നത്. ന്യൂട്ടൻ അതിന്റെ മുഖ്യ താന്ത്രികനായിരുന്നു. സ്ഥൂലവസ്തുക്കളുടെ ചലനത്തെപ്പറ്റിയുള്ള പഠനത്തിൽ ഗംഭീരമായ പുരോഗതിയുണ്ടായി. ആകാശഗോളങ്ങളുടെ ചലനം അഭൂതപൂർവമായ കൃത്യതയോടെ നിർണയിക്കാൻ കഴിയുമെന്നായി. പലവിധ യന്ത്രങ്ങൾ വിജയകരമായി സംവിധാനം ചെയ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി പ്രകൃതിയിലെ എല്ലാ മാറ്റങ്ങളെയും ചലനങ്ങളെയും പ്രക്രിയകളെയും ന്യൂട്ടന്റെ ചലനനിയമങ്ങൾകുള്ളിൽ ഒതുക്കാമെന്ന മിഥ്യാധാരണ വന്നു. ഇതിന് 'യാന്ത്രിക അനിശ്ചിതത്വം' എന്ന് പറയുന്നു. ജൈവപ്രക്രിയകളിലും സാമൂഹ്യ പ്രക്രിയകളിലും ഇതിന്റെ പരിമിതികൾ അതിവേഗം വെളിവായി. ഇരുപതാം നൂറ്റാണ്ടിൽ അതിസൂക്ഷ്മങ്ങളായ മൗലികകണങ്ങളുടെ [ 78 ] ചലനത്തിനും ഇവ ബാധകമല്ലെന്നു തെളിഞ്ഞു. അത് കണ്ടപടെ ഭൗതികവാദവിരോധികൾ എല്ല പ്രകൃതിനിയമങ്ങളും തകർന് മണ്ണടിഞ്ഞു എന്നും കാര്യ-കാരണ തത്വംതന്നെ അടിസ്ഥാനരഹിതമാണെന്നും ഒക്കെ വിളിച്ചുകൂകാൻ തുടങ്ങി. ഇതും അടിസ്ഥാനരഹിതമാണ്. അനിശ്ചിതത്വവും യാന്ത്രികനിശ്ചിതത്വവും രണ്ടും തെറ്റാണ്.
കാര്യവും കരണവും രണ്ടും രണ്ടാണെന്നപോലെതന്നെ വേർപെടുത്താനാകാത്തവിധത്തിൽ ബന്ധപ്പെട്ടും കിടക്കുന്നു. ഒരു സെറ്റ് ശുദ്ധകാരണങ്ങൾ, ഒരു സെറ്റ് ശുദ്ധകാര്യങ്ങൾ എന്നിങ്ങനെ പ്രകൃതിയെ വേർതിരിക്കാൻ പറ്റില്ല. ഏതൊരു പ്രക്രിയയും സംഭവവും മുമ്പൊന്നിന്റെ കാര്യമാണ്, വരാനിരിക്കുന്ന ഒന്നിന്റെ കാരണവുമാണ്. ഉദാഹരണത്തിന്, ഫാക്ടറിയിൽ സമരമുണ്ടായി. മുതലാളി പൊലീസിനെ വിളിച്ചു. പൊലീസ് വെടിവെച്ചു. നാല് തൊഴിലാളികൾ മരിച്ചു. തൊഴിലാളികൾ മരിച്ചു എന്ന കാര്യത്തിന് കാരണം പൊലീസ് വെടിവെച്ചതാണ്. പൊലീസ് വെടിവെച്ചു എന്ന കാര്യത്തിന് കാരണം മുതലാളി ആവശ്യപ്പെട്ടതാണ്. അതിന് കാരണമാകട്ടെ, തൊഴിലാളികളുടെ സമരമാണ്. തൊഴിലാളികൾ സമരം ചെയ്തു എന്ന കാര്യത്തിന്റെ കാരണമെന്താണ്? മുതലാളി മിനിമം കൂലി കൊടുക്കാൻ വിസമ്മതിച്ചു എന്നതത്രെ. അതിന്റെ കാരണമോ? എങ്കിലേ മുതലാളിത്ത മത്സരത്തിൽ മുന്നേറാനാകൂ. പൊലീസ് വെടിവെപ്പിന്റെ ഫലമായി തൊഴിലാകൾ മരിച്ചതിന്റെ ഫലമെന്താണ്? സമരം കൂടുതൽ ശക്തമായി. മറ്റ് പല ഫാക്ടറികളിലേക്കും സമരം വ്യാപിച്ചു. അതിന്റെ ഫലമോ? ഗവണ്മെന്റ് വൻതോതിൽ മർദനം ആരംഭിച്ചു. അതിന്റെ ഫലമോ? രാജ്യവ്യാപകമായ പണിമുടക്കും ഹർതാലും നടക്കുന്നു...അങ്ങനെ ഏതൊരു സംഭവമെടുത്താലും അത് മറ്റൊരു സംഭവത്തിന്റെ ഫലം (കാര്യം) ആണെന്നും ഇനിയൊരു സംഭവത്തിന് കാരണമായിത്തീരുമെന്നും കാണാം.
കാര്യ-കാരണബന്ധത്തെപ്പറ്റിയുള്ള അറിവ് പ്രായോഗികപ്രവർതനത്തിൽ അതിപ്രധാനമാണ്. അഭീഷ്ടകാര്യങ്ങൾകുള്ള കാരണങ്ങൾ തിരിച്ചറിഞ്ഞ് ആ സാഹചര്യങ്ങൾ ഒരുക്കാം. അനഭിലഷണീയ കാര്യങ്ങളുടെ കാരണങ്ങൾ തിരിച്ചറിഞ്ഞ്, അവ ഒഴിവാക്കാൻ ശ്രമിക്കാം. വിളവർധനവിന്റെ കാരണങ്ങളും രോഗങ്ങളുടെ കാരണങ്ങളും ഒക്കെ ഇതിനുവേണ്ടിയാണ് നമുക്ക് അറിയേണ്ടത്. ഒരു സംഭവത്തിന്, അഥവാ പ്രക്രിയക്ക് ഒന്നിലേറെ കാരണങ്ങൾ ഉണ്ടാകാം. അവയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാകാം. ആ കാര്യം. എന്നാൽ അതിൽ മുഖ്യമായ ഒരു കാരണമുണ്ടായിരിക്കും. അതിന്റെ അഭാവത്തിൽ പ്രസ്തുത ക്രിയ ഒന്നുകിൽ നടക്കുകയേ ഇല്ല. അല്ലെങ്കിൽ തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും നടക്കുക.
കാര്യ-കാരണബന്ധംകൊണ്ട് പ്രപഞ്ചത്തിലുള്ള എല്ലാ ബന്ധങ്ങളും വിവരിക്കപ്പെടുകയില്ല. സാമാന്യമായ ബന്ധങ്ങളെയാണ് അത് കുറിക്കുന്നത്. ഉദാഹരണത്തിന്, ക്വാണ്ടംബലതന്ത്രത്തിലെ പ്രതിഭാസങ്ങളെ, മേൽ വിവരിച്ച രീതിയിലുള്ള നിശ്ചിതത്വം കൊണ്ട്, കാരണ-കാര്യ ബന്ധംകൊണ്ട് വിവരിക്കാനാവതല്ല. അവിടെയും ഒരു തരത്തിലുള്ള കാര്യ-കാരണ [ 79 ] ബന്ധമുണ്ടെന്നത് ശരിതന്നെ. പക്ഷേ അത് ന്യൂട്ടോണിയൻ ബലതന്ത്രത്തിന്റെ തരത്തിലുള്ളതല്ല. സംഭവ്യതയുടെ അടിസ്ഥാനത്തിലുള്ളതാണ്. കാര്യ-കാരണബന്ധത്തിന്റെ ഈ വശത്തിലേക്ക് വെളിച്ചം വീശുന്നതാണ്, അവശ്യകത-യാദൃച്ഛികത എന്നീ സംവർഗങ്ങൾ.
അവശ്യകതയും യാദൃച്ഛികതയും
മുൻഖണ്ഡത്തിലെ കാര്യ-കാരണ ബന്ധത്തെക്കുറിച്ചുള്ള ചർചയിൽ നിന്നുതന്നെ ആവശ്യകതയും യാദൃച്ഛികതയും തമ്മിലുള്ള വ്യത്യാസം കുറെയൊക്കെ വ്യക്തമായിക്കാണും. ചക്ക വീണപ്പോൾ കിട്ടിയ മുയലിനെപ്പറ്റിയുള്ള കഥയുണ്ടല്ലൊ. അത് യാദൃച്ഛികതയുടെ ഉദാഹരണമാണ്. ഞെട്ടറ്റ ചക്ക താഴെ വീഴുക എന്നത് പ്രകൃതിനിയമമാണ്. അവശ്യം സംഭവിക്കുന്നതുമാണ്. അതേ സമയത്ത് അത് മുയലിന്റെ മേൽ വീഴുകയെന്നത് ആകസ്മികമാണ്, യാദൃച്ഛികമാണ്. മത്തവിത്ത് കുത്തിയിട്ടാൽ മത്തച്ചെടി മുളക്കുകയെന്നത്-വേണ്ട വെള്ളമുണ്ടെങ്കിൽ-അവശ്യം സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. പെട്ടെന്ന് ഒരു പേമാരി വന്ന് അത് നശിച്ചുപോയേക്കാം. അല്ലെങ്കിൽ അതിലെ ഓടിപ്പോയ പശുവിന്റെ കുളമ്പിനടിയിൽപെട്ട് അത് ഞെരിഞ്ഞുപോയേക്കാം. രണ്ടും യാദൃച്ഛിക സംഭവങ്ങളാണ്. മത്തച്ചെടിയെ സംബന്ധിച്ചിടത്തോളം അതിന്റെ വളർചയിലെ അവശ്യഘടകങ്ങളല്ല അവ. അന്നത്തെ അന്തരിക്ഷത്തിലെ താപം, മർദം, ഈർപം എന്നീ പരിതഃസ്ഥിതികളുടെ അടിസ്ഥാനത്തിൽ പേമാരി അവശ്യം സംഭവിക്കേണ്ട ഒരു പ്രതിഭാസമായിരിക്കാം. പശു നിത്യേന തൊഴുത്തിലേക്ക് നടന്നുപോകുന്ന വഴിയിലായിരിക്കാം മത്തവിത്ത് നട്ടത്. പശുവിന് ആ വഴി നടക്കേണ്ടത് ആവശ്യമായിരിക്കാം. ഒരു പ്രക്രിയയുടെ അല്ലെങ്കിൽ വസ്തുവിന്റെ സത്തയിൽ നിന്നാണ് അവശ്യകത ഉദ്ഭവിക്കുന്നത്. യാദൃച്ഛിക സംഭവങ്ങളും അകാരണങ്ങളല്ല. പക്ഷേ, ആ കാരണം ആ വസ്തുവിലോ സംഭവത്തിലോ അടങ്ങുന്നതല്ല, അവയ്ക്ക് ബാഹ്യമാണ്.
ചില കേവലവാദികൾ യാദൃച്ഛികത എന്ന സങ്കൽപത്തോട് യോജിക്കുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം എല്ലാം അവശ്യകതകളാണ്. അനിവാര്യങ്ങളാണ്. സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. അവശ്യകതയുടെ ഈ ഉരുക്കുനിയമത്തിനെതിരെ മനുഷ്യൻ ഒന്നും ചെയ്യാൻ കഴിയാത്തവനാണ്. ഇങ്ങനെ പോകുന്നു അവരുടെ വാദം. മറ്റു ചില ദാർശനികർ, പ്രത്യേകിച്ചും മൗലികകണങ്ങളെപ്പറ്റി പഠിക്കുന്ന ഭൗതികജ്ഞർ, പ്രകൃതിയിൽ യാതൊന്നും തന്നെ നിശ്ചിതമായിട്ടില്ല. എല്ലാം യാദൃച്ഛിക സംഭവങ്ങളാണ്, അപ്രവചനീയങ്ങളാണ് എന്നൊക്കെ വാദിക്കുന്നു. ശാസ്ത്രത്തിന്റെ അടിത്തറയെത്തന്നെ അവർ ചോദ്യം ചെയ്യുകയാണ്. ഈ രണ്ട് കാഴ്ചപ്പാടുകളും തെറ്റാണ്. ഒരേ പ്രക്രിയയിൽതന്നെ അവശ്യകതയുടെയും യാദൃച്ഛികതയുടെയും അംശം കാണാം. പുളിമരത്തിൽ പുളി കായ്ക്കുന്നു. പുളിയേ കായ്ക്കു. മാങ്ങയോ ചക്കയോ കായ്ക്കില്ല. ഇത് അവശ്യകതയാണ്. പക്ഷേ, ഒരു കായ, അതിന്റെ വളവ് എന്തുകൊണ്ട് ഇടത്തോട്ടായി? എന്തുകൊണ്ട് വലത്തോട്ടായില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ല. വെറും യാദൃച്ഛികം മാത്രമാണത്. [ 80 ] സംസ്കൃത പണ്ഡിതന്മാർ ഇതിന് 'തിന്ത്രിണീഫലന്യായം' എന്നു പറയുന്നു. വികാസത്തിൻറെ മുഖ്യദിശ, പ്രധാന പ്രവണത ചൂണ്ടിക്കാണിക്കുന്നതായിരിക്കും അവശ്യകത. യാദൃശ്ചികത ഒരു പൂരകഘടകമാണ്, ആവശ്യകതയുടെ പല പ്രകടനരൂപങ്ങളിൽ ഒന്നുമാണ്.
വസ്തുക്കളുടെയും പ്രക്രിയകളുടെയും ബാഹ്യപ്രതിഭാസത്തിനുള്ളിലെ അവശ്യബന്ധങ്ങളും മാറ്റത്തിൻറെ നിയമങ്ങളും കണ്ടുപിടിക്കുക എന്നത് ശാസ്ത്രത്തിൻറെ ലക്ഷ്യമാണ്. എങ്കിലേ വിജയപ്രദമായ പ്രവർത്തനം നടത്താൻ കഴിയൂ. ഏത് ശാസ്ത്രത്തിൻറെയും മുഖ്യകടമ ആവശ്യകതയെ വേർതിരിച്ചറിയുക എന്നതാണ്. അതേസമയം യാദൃച്ഛികതകളെ പൂർണമായും അവഗണിക്കാനും പറ്റില്ല. കാരണം, ശാസ്ത്രത്തിൻറെയും ജീവിതത്തിൻറെയും വികാസത്തിൽ അവ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഈ സ്വാധീനം വ്യത്യസ്ത പരിതഃസ്ഥിതികളിൽ വ്യത്യസ്തങ്ങളായിരിക്കും. ഉദാഹരണത്തിന് കാലാവസ്ഥയിലുണ്ടായ ചില തകരാറുകളാൽ, വരൾച, വെള്ളപ്പൊക്കം മുതലായവ യാദൃച്ഛിക സംഭവങ്ങളാണ്. കൃഷിയിൽ അവയുടെ ആഘാതം അത്രതന്നെ യാദൃച്ഛികമല്ല. ഇവയെ നേരിടാനുള്ള സംവിധാനം നേരത്തെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ കുറെയൊക്കെ താങ്ങാനാകുമായിരുന്നു. സമ്പദ്വ്യവസ്ഥയിൽ ഇവ ഉണ്ടാക്കുന്ന ആഘാതമാകട്ടെ മുതലാളിത്തത്തിനും സോഷ്യലിസത്തിനും തികച്ചും വിഭിന്നങ്ങളായിരിക്കും. മുതലാളിത്തത്തിൽ അത് വളരെ തീവ്രമായിരിക്കും. ചെറുകിടക്കാരെ പൊളിക്കും. ഒട്ടനവധി കർഷകരെ പാപ്പരീകരിക്കുന്നതിലേക്കും അവരുടെ ഭൂമി അന്യാധീനപ്പെടുന്നതിലേക്കും അത് നയിക്കും. വൻകിട ഭൂ ഉടമകൾക്കാകട്ടെ, അവരുടെ കൃഷിക്കും നാശം വന്നിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ നാശത്തിൽനിന്ന് മുതലെടുക്കാൻ കഴിയുന്നു; കൂടുതൽ ഭൂമി സ്വന്തമാക്കാൻ കഴിയുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിലും കാർഷിക പരാജയം ദോഷം ചെയ്യുന്നതാണ്. എന്നാൽ അത് ജനങ്ങളെ പാപ്പരീകരിക്കുന്നതല്ല.
നേരത്തെ സൂചിപ്പിച്ച കാര്യ-കാരണ ബന്ധത്തിന്റെ സവിശേഷ രൂപങ്ങളാണ് ആവശ്യകതയും യാദൃച്ഛികതയും. എന്നാൽ 'അവശ്യകത' തന്നെ കേവലമല്ല. നിർദിഷ്ടമായ വസ്തുനിഷ്ഠ സാഹചര്യങ്ങളിൽ അവശ്യമായിരുന്നത് സാഹചര്യം മാറുന്നതനുസരിച്ച് അല്ലാതായിത്തീരാം. ഓരോ പുതിയ അവശ്യകതയും പൂർണ്ണമായും വികസിച്ച രൂപത്തിൽ ഉടൻ പ്രവർതനക്ഷമമായി അല്ല രൂപപ്പെടുന്നത്. തുടക്കത്തിൽ അതൊരു സാധ്യത മാത്രമായിരിക്കും. ഈ സാധ്യതയെ യാഥാർഥ്യമാക്കാൻ മറ്റുചില അനുകൂല സാഹചര്യങ്ങൾ ആവശ്യമായി വരും. എന്താണവ എന്ന് പരിശോധിക്കാം.
സാധ്യതയും യാഥാർഥ്യവും
പുതിയത്, വളരുന്നത് അവശ്യമായതാണ്. എന്നാൽ ഒറ്റയടിക്ക് രൂപം കൊള്ളുകയില്ല. തുടക്കത്തിൽ പുതിയതിൻറെ ഉദയത്തിന് അവശ്യം വേണ്ട പരിതഃസ്ഥിതികളും ഘടകങ്ങളും രൂപം കൊള്ളുന്നു. അതിൽ പുതിയതിൻറെ ബീജം [ 81 ] അടങ്ങിയിട്ടുണ്ട്. വസ്തുനിഷ്ഠനിയമങ്ങളുടെ പ്രവർതനഫലമായി അവ രൂപംകൊള്ളുകയും ചെയ്യും. എന്നാൽ ഇപ്പോൾ അത് ഒരു സാധ്യത മാത്രമാണ്. ഓരോ ബീജത്തിലും മുഴുവൻ ജീവിയായി വികസിക്കുന്നതിനുള്ള സാധ്യത അടങ്ങിയിട്ടുണ്ട്. ഈ സാധ്യത സാക്ഷാത്കരിക്കുമ്പോഴേ അത് യാഥാർത്ഥ്യം ആകു.
ലോകത്തിലെ വസ്തുക്കളും പ്രതിഭാസങ്ങളും വിരുദ്ധ സ്വഭാവങ്ങളുള്ളവയാകയാൽ സാധ്യതകളും പരസ്പരവിരുദ്ധങ്ങളാകാം. പുരോഗമനപരമായ (സ്വീകാരാത്മകങ്ങളായ) സാധ്യതകളേയും പിന്തിരിപ്പനായ (നിഷേധാത്മകമായ) സാധ്യതകളെയും വേർതിരിച്ചറിയണം. ഉദാഹരണത്തിന്, 1917 ലെ വിപ്ലവം കഴിഞ്ഞ ഉടനെ സോവിയറ്റ് യൂണിയനിൽ സോഷ്യലിസ്റ്റ് ശക്തികൾ വിജയിക്കുന്നതിനും, പിന്തിരിപ്പൻ മുതലാളിത്തശക്തികൾ വീണ്ടും അധികാരത്തിൽ വരുന്നതിനും, രണ്ടിനും സാധ്യതയുണ്ടായിരുന്നു. പക്ഷേ, ആത്യന്തികമായി പുരോഗമനസാധ്യതകൾ വളരുകയും മറ്റവ തളരുകയും ചെയ്യും. 19-ആം നൂറ്റാണ്ടിൽ സോഷ്യലിസം സങ്കല്പികം, ആഗ്രഹം, മാത്രമായിരുന്നു. 1917-ൽ അത് യാഥാർഥ്യമായിത്തീരാനുള്ള സാഹചര്യം ശക്തമായി. ഇന്നത് തികച്ചും അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. ഒരു ശക്തിക്കും നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്. സാധ്യതകളെ യാഥാർഥ്യമാക്കിത്തീർകുന്നതിൽ പ്രത്യേകിച്ച് സാമൂഹ്യ സാധ്യതകളുടെ കാര്യത്തിൽ അവയെ തിരിച്ചറിയുന്ന മനുഷ്യരുടെ ബോധപൂർവമായുള്ള പ്രവർതനത്തിന് അതിപ്രധാനമായ ഒരു പങ്കുണ്ട്. പ്രകൃതിയിലെ തന്നെ സാധ്യതകളെ യാഥാർഥ്യമാക്കുന്നതിൽ മനുഷ്യന് ബോധപൂർവം പ്രയത്നിക്കാൻ കഴിയും. വൈദ്യുതി ഉൽപാദന പദ്ധതികളും വൻ വ്യവസായങ്ങളും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയത് അങ്ങനെയാണ്.
സാധ്യത അമൂർതമായ വെറും സാധ്യത മാത്രമായിരിക്കുന്ന സന്ദർഭങ്ങളുണ്ട്. അവയുടെ സാക്ഷാത്കാരത്തിന് പരിതസ്ഥിതികൾ ഇപ്പോഴും അനുകൂലമല്ല. ഇന്ത്യയിൽ അതിബൃഹത്തായ ഒരു കാർഷികവിപ്ലവത്തിനും വ്യാവസായികവിപ്ലവത്തിനും സാധ്യതകൾ ഉണ്ട്. കാർഷിക ഉൽപാദനക്ഷമത പല മടങ്ങ് വർധിപ്പിക്കാം. കൃഷിഭൂമിയിൽ ഇന്ന് ചെല്ലുന്നതിന്റെ മൂന്നും നാലും മടങ്ങ് അധ്വാനം നിവേശിപ്പിക്കാം. നിമിഷം തോറും പാഴായിപ്പോകുന്ന അധ്വാനശക്തിയെ വൻതോതിലുള്ള ഉൽപാദനശക്തിയായി, ഉപകരണങ്ങളും മൂലധനവുമായി മാറ്റാം, നിരക്ഷരത നിർമാർജനം ചെയ്യാം. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഇല്ലാതാക്കാം. ഇതിനൊക്കെ സാധ്യതയുണ്ട്. എന്നാൽ അവയൊക്കെ ഇപ്പോൾ കേവലമായ സാധ്യതകൾ മാത്രമാണ്. സാക്ഷാത്കരിക്കാൻ പറ്റാത്തവയാണ്. അവയ്ക്ക് മുന്നോടിയായി ഒരു സാമൂഹ്യവിപ്ലവം നടക്കേണ്ടതുണ്ട്. അത്യന്തികമായി അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് നയിക്കണമെങ്കിലും ഇന്ത്യയിൽ സോഷ്യലിസം ഇന്ന് സാധ്യതമാത്രമാണ്. ആദ്യഘട്ടത്തിൽ സാക്ഷാത്കരിക്കാവുന്നത് ഒരു ജനകീയ ജനാധിപത്യസമൂഹം മാത്രമാണ്-അതാകട്ടെ, ആസന്നസാധ്യവുമാണ്. പക്ഷേ, യാഥാർഥ്യമാക്കണമെങ്കിൽ ബോധപൂർവമുള്ള പ്രവർതനം വേണം. [ 82 ] വിപ്ലവസാധ്യതകളെ വിപ്ലവ യാഥാർത്ഥ്യങ്ങളാക്കണമെങ്കിൽ വിപ്‌ളവപാർടികളുടെ ബോധപൂർവമായ പ്രവർതനം ആവശ്യമാണ്.
മനുഷ്യൻ കാടുകളിൽ വേട്ടയാടിയും ഹിംസ്രമൃഗങ്ങളിൽനിന്ന് ഓടി രക്ഷപെട്ടും, പ്രകൃതിശക്തികളെ നോക്കി സംഭീതനായും കഴിഞ്ഞിരുന്ന കാലം പണ്ടേ മറഞ്ഞുപോയി. ഇന്നവന് പ്രകൃതിനിയമങ്ങൾ അറിയാം. ആ നിയമങ്ങൾ അനുസരിച്ച് പ്രകൃതിയെ ഒരു പരിധിവരെ തന്റെ വരുതിക്ക് നിർതാൻ അറിയാം. പല പല രോഗങ്ങളും നിയന്ത്രിച്ചു കഴിഞ്ഞിരിക്കുന്നു. ശരാശരി ആയുസ് ഗണ്യമായി വർധിച്ചിരിക്കുന്നു. ചന്ദ്രനിലും മറ്റുഗോളങ്ങളിലും അവൻ എത്തിയിരിക്കുന്നു. കഠിനമായ ശാരീരികാധ്വാനങ്ങളിൽ നിന്ന് സ്വതന്ത്രനാകാൻ അവന് കഴിയും. യന്ത്രങ്ങളുണ്ട്. ദിവസേന മൂന്നോ നാലോ മണിക്കൂർ കൊണ്ട് ജീവിതത്തിനാവശ്യമായ എല്ലാം ഉണ്ടാക്കാൻ കഴിയും. പുതിയ ഒരു വിതാനത്തിലേക്ക് ഉയരാൻ അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. മനുഷ്യന് അതിമാനുഷനായി, വിശ്വമാനവനായി വളരാനുള്ള സാധ്യതകൾ ഇന്ന് തെളിഞ്ഞുകാണാം. അതേസമയം, ഈ ഭൂമുഖത്തുള്ള സകലജീവജാലങ്ങളെയും നശിപ്പിക്കാൻ പര്യാപ്തമായ ഒരു ആഗോള അണ്വായുധയുദ്ധത്തിനുള്ള സാധ്യതയും ഉണ്ട്. ഇതിൽ ഏത് സാധ്യതയാണ് വികസിക്കുക, സാക്ഷാത്കരിക്കപ്പെടുക എന്നത് മനുഷ്യരുടെ ബോധപൂർവ്വമുള്ള പ്രവർതനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
'സാധ്യത'യെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റൊരുതരത്തിലുള്ള സാധ്യത-അസാധ്യം അല്ല എന്നതിൽ നിന്ന് ഉദ്ഭവിക്കുന്ന സാധ്യത-കൂടി കണക്കിൽ എടുക്കേണ്ടതുണ്ട്. സൂര്യനുചുറ്റും സഞ്ചരിക്കുന്ന ഗ്രഹങ്ങൾ തമ്മിൽ, ഗാലക്സിയിലെ നക്ഷത്രങ്ങൾ തമ്മിൽ, ഗാലക്സികൾ തമ്മിൽ തമ്മിൽ ഒക്കെ കൂട്ടിമുട്ടാനുള്ള സാധ്യതയില്ലേ എന്ന് ചോദിച്ചാൽ തീരെ ഇല്ല എന്ന് പറകവയ്യ. സംഭവ്യത വളരെ വളരെ കുറവാണെന്നുമാത്രം. ഇതൊരു സൈദ്ധാന്തിക സാധ്യത മാത്രമാണ്. സംഭവ്യതയുടെ ശീലിൽ പറയുകയാണെങ്കിൽ അവശ്യകതയും യാദൃച്ഛികതയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളായിമാറുന്നു. സംഭവ്യത ഏതാണ്ട് ഒന്നിനോടടുക്കുമ്പോൾ നാമതിനെ ആവശ്യകത എന്നു വിളിക്കുന്നു; നന്നേ കുറയുമ്പോൾ പൂജ്യത്തോടടുക്കുമ്പോൾ അപ്പോഴും അത് ആവശ്യകത തന്നെയാണ്. നിഷേധരൂപത്തിലുള്ള ആവശ്യകത. ഉദാഹരണത്തിന്, മുതലാളിത്തം സ്വയമേവ അതിന്റെ അർഥമില്ലായ്മ മനസിലാക്കി സോഷ്യലിസമായി രൂപാന്തരപ്പെടാനുള്ള സാധ്യത, സംഭവ്യത - ഇത് ഏതാണ്ട് പൂജ്യമാണ്. ഇതിൽ നിന്ന് ഉദ്ഭവിക്കുന്ന ആവശ്യകത എന്താണ്? മുതലാളിത്തത്തെ ബലപ്രയോഗത്തിലൂടെ തന്നെ ഉൻമുലനം ചെയ്യേണ്ടിവരുമെന്നത്. സംഭവ്യത ഏതാണ്ട് 50 ശതമാനം എന്ന് വരുമ്പോൾ അത് യാദൃച്ഛികതയായി മാറുന്നു. അവശ്യകത, യാദൃച്ഛികത എന്നീ സംവർഗങ്ങളും സാധ്യത, യാഥാർഥ്യം എന്നീ സംവർഗങ്ങളും സ്വാഭാവികമായും കാരണം, കാര്യം എന്നീ സംവർഗങ്ങളും ഒക്കെ തമ്മിൽ തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് മേൽ കൊടുത്ത ചർച്ചകളിൽ നിന്ന് വ്യക്തമാകുന്നതാണ്. [ 83 ]
ചോദ്യങ്ങൾ
- എന്താണ് സംവർഗങ്ങൾ? അവ എങ്ങനെ ഉണ്ടായി?
- കുറെയേറെ സംവർഗങ്ങൾ നാമിവിടെ ചർച്ച ചെയ്തു. ദർശനത്തിൽ പ്രസക്തമായ സംവർഗങ്ങൾ ഇനിയുമുണ്ടോ? ഏവ?
- ഓരോ സംവർഗത്തിനും നാം ചില ഉദാഹരണങ്ങൾ കൊടുത്തു. ഓരോന്നിനും പുതുതായ ചില ഉദാഹരണങ്ങൾ കൂടി കൊടുക്കുക.
- ↑ പ്രപഞ്ചവികാസം: ഈ പ്രപഞ്ചം ആകെ വികസിക്കുകയാണെന്നും അതിലെ ഓരോ ഗാലക്സിയും (ആകാശഗംഗ ഒരു ഗാലക്സിയാണ്) തമ്മിൽ തമ്മിൽ അകലുകയാണെന്നും അരനൂറ്റാണ്ടുമുമ്പെ എഡ്വിൻ പി ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞൻ കണ്ടുപിടിച്ചു. ചെമപ്പു നീക്കം(red shift) എന്ന പ്രതിഭാസമാണ് ഈ നിഗമനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. നമ്മിൽ നിന്നകന്നുപോകുന്ന ഒരു വസ്തുവിൽ നിന്നുവരുന്ന ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും തരംഗങ്ങൾ നമ്മിലെത്തുമ്പോൾ അവയുടെ തരംഗദൈർഘ്യം കൂടിയതായി നമുക്കനുഭവപ്പെടുന്നു. ഇതിന് ഡോപ്ലർ പ്രഭാവം എന്ന് പറയും. പ്രകാശത്തിന്റെ തരംഗദൈർഘ്യം കൂടുക എന്നു വെച്ചാൽ നീലയിൽ നിന്ന് ചെമപ്പിലേക്ക് നീങ്ങുക എന്നാണർഥം. ദൂരെയുള്ള ഗാലക്സികളിൽ നിന്നു വരുന്ന പ്രകാശം വിശ്ളേഷണം ചെയ്തപ്പോൾ അവയുടെ വർണരാജി ആകെ ചെമപ്പിന്റെ ദിശയിൽ നീങ്ങിയതായിക്കണ്ടു. ഇതാണ് പ്രപഞ്ചം വികസിക്കുന്നു എന്ന നിഗമനത്തിലേക്ക് നയിച്ചത്. അന്നുമുതൽ ഇന്നേവരേ, ഈ വികാസത്തിന്റെ കാരണം തേടുകയായിരുന്നു. പ്രപഞ്ചോൽപത്തി ശാസ്ത്രം(cosmogony) ചെയ്തത്. പ്രപഞ്ചവികാസ ശാസ്ത്രം(cosmology) എന്നൊരു ശാഖകൂടി ഉണ്ട്. വാസ്തവത്തിൽ അതേ ശരിയായിട്ടുള്ളു. പ്രപഞ്ചത്തിന്റെ 'ഉൽപത്തിക്ക്' അർഥമൊന്നുമില്ല. എന്നിട്ടും ഇന്നും പല ജ്യോതിശാസ്ത്രജ്ഞരും 'പ്രപഞ്ചോൽപത്തി'യെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
നക്ഷത്രങ്ങളിൽ നിന്നും ഗ്യാലക്സികളിൽ നിന്നും വരുന്ന ദൃശ്യപ്രകാശത്തെ എന്ന പോലെ, റേഡിയോ തരംഗങ്ങൾ, x-ray രശ്മികൾ, ഗാമാരശ്മികൾ, ഇൻഫ്രാറെഡ് രശ്മികൾ, ആൾട്രാവൈലറ്റ് രശ്മികൾ ഇതൊക്കെ പിടിച്ചെടുത്ത് പഠിക്കാം. അങ്ങനെ ജ്യോതിശാസ്ത്രത്തിന് ഒട്ടേറെ പുതിയ ശാഖകൾ ഉണ്ടായിരിക്കുന്നു.
ക്വാസാറുകളും പൾസാറുകളും പ്രപഞ്ചത്തിലെ നിരീക്ഷിക്കപ്പെട്ട രണ്ടുതരം അദ്ഭുതവസ്തുക്കളാണ്. ടെലസ്കോപ്പിൽ കാണുമ്പോൾ നക്ഷത്രംപോലെ, എന്നാൽ അതിന്റെ ചെമപ്പു നീക്കം അതിവിദൂരമാണതെന്ന് കാണിക്കുന്നു. ഇത്ര ദൂരെയുള്ള 'നക്ഷത്ര'ത്തിന് ഇവിടെനിന്ന് കാണാവുന്നത്ര പ്രകാശം എങ്ങനെയുണ്ടായി? ഇന്നും പ്രഹേളികയാണ്. സെക്കന്റിന്റെ കോടിയിലൊരംശം കൃത്യതയോടുകൂടി, ഏതാനും സെക്കന്റിലോ ഒരു സെക്കന്റിൽ പല തവണയോ റേഡിയോ തരംഗ സ്പന്ദങ്ങൾ ഉത്സർജിച്ചുകൊണ്ടിരിക്കുന്ന പ്രഭാവങ്ങളാണ് പൾസാറുകൾ.
ഊഹിക്കാനാകാത്ത ഘനത്വം, അതിൻഫലമായി അതിൽനിന്ന് സ്ഥൂല ദ്രവ്യത്തിനെന്നു മാത്രമല്ല, പ്രകാശത്തിനുപോലും പുറത്തുകടക്കാൻ പറ്റാതിരിക്കുക... ഇങ്ങനെയുള്ള വസ്തുക്കളുണ്ടാകാമെന്ന് ജ്യോതിശാസ്ത്രജ്ഞർ കണക്കുകൂട്ടിയിരിക്കുന്നു. ഇവ ഒരിക്കലും കാണാൻ പറ്റില്ല. ഇവിടെ വീഴുന്നതൊന്നും തിരിച്ച് പോരില്ല. ഇവയെ തമോഗർതങ്ങൾ(black holes) എന്ന് വിളിക്കുന്നു.