ശാരദ
രചന:ഒ. ചന്തുമേനോൻ
എട്ടാം അദ്ധ്യായം
[ 136 ]
എട്ടാം അദ്ധ്യായം


അച്ചൻ മാളികമേൽ നിന്നു് താഴത്തിറങ്ങി രാഘവനുണ്ണിയെയും ശങ്കു നമ്പിയെയും വിളിച്ചു് ഉടനെ വൈത്തിപ്പട്ടരു് മുഖേന അറിഞ്ഞ വിവരങ്ങളെക്കുറിച്ചു് ഉദയന്തളിയിലുള്ള നമ്പൂതിരിമാർക്കും മറ്റും തിരുമുല്പാടിനു തന്നെയും കത്തുകൾ തെയ്യാറാക്കി അയയ്ക്കണം എന്നു കല്പിച്ചു. രാഘവനുണ്ണിക്കു് എല്ലായ്പോഴും തന്റെ മകൻ കൃഷ്ണമേനോനു് കത്തുകൾ എഴുതുവാനും മറ്റുമുള്ള സാമർത്ഥ്യത്തെ വലിയച്ചനേയും മറ്റും അറിയിക്കണമെന്നായിരുന്നു താല്പര്യം. അതുകൊണ്ടു് കത്തയക്കേണമെന്നു പറഞ്ഞ ഉടനെ കൃഷ്ണമേനോനെ വിളിച്ചു് അച്ചന്റെ മുമ്പാകെ കൊണ്ടുപോയി. ഈ കൃഷ്ണമേനോൻ എനി ഈ കഥയിൽ പറവാൻ പോവുന്ന സിവിൽ വ്യവഹാരസംഗതിയിൽ മുഖ്യനായി വരുന്ന ഒരു ദേഹമാകയാൽ ഇദ്ദേഹത്തിന്റെ പ്രകൃതത്തേയും മറ്റും പറ്റി അല്പം വിവരമായി ഇവിടെ ഞാൻ പ്രസ്താവിക്കുന്നു.

കൃഷ്ണമേനോന് ഇരുപത്തിനാലാം വയസ്സാണു് ഈ കഥയിൽ പ്രവേശിക്കുന്ന കാലമെന്നും നല്ല പഠിപ്പുള്ള അതിയോഗ്യനായ ഒരു കുട്ടിയാണെന്നും ഞാൻ പറഞ്ഞിട്ടുണ്ടല്ലൊ. സൃഷ്ടിയിൽ ഇദ്ദേഹത്തിന്റ്റെ ദേഹലാവണ്യം എത്ര ധാരാളമായി കാണപ്പെട്ടുവോ അത്ര ധാരാളമായിതന്നെ ഇദ്ദേഹത്തിന്റെ ശരീരകാന്തികൊണ്ടും ബുദ്ധിവിദഗ്ദതകൊണ്ടും ബുദ്ധിമാന്മാരായ എല്ലാ മനുഷ്യരും ഇദ്ദേഹത്തെ വളരെ സ്നേഹിച്ചു വന്നു. ഇംഗ്ലീഷ് പഠിച്ച ബി.എ., ബി.എൽ, പരീക്ഷകൾ ജയിച്ചവരു് എല്ലാവരും വളരെ പഠിപ്പുള്ളവരും അതിബുദ്ധിമാന്മാരും ആണെന്നു സാധാരണ ഇപ്പോൾ വചാരിച്ചുവരുന്നുണ്ടല്ലോ. അതു് എത്രയോ കാര്യങ്ങളിൽ അബദ്ധമായ ഒരു വിചാരമാണെന്നു് സൂക്ഷ്മമായി അലോചിച്ചാൽ നുമ്മൾക്കു് അറിയാം. പരീക്ഷകളിൽ ജയിക്കുന്നതകൊണ്ടു് അങ്ങിനെ ജയിക്കുന്നതുവരെ ആ പരീക്ഷകൾക്കായി നിയമിക്കപ്പെട്ട ചില പുസ്തകങ്ങൾ വായിച്ചു് അറിവു വരുത്തീട്ടുണ്ടെന്നു് പക്ഷെ ഊഹിക്കാം എന്നു മാത്രമല്ലാതെ പഠിപ്പുള്ളവെന്നു് ഞാൻ ഒരുവനെ സമ്മതിക്കണമെങ്കിൽ അവന്റെ അറിവിന്റെ വലിപ്പത്തെ സാധാരണ അവന്റെ വിചാരങ്ങളിലും ആലോചനകളിലും പ്രവൃത്തികളിലും പ്രത്യക്ഷമായി കാണണം. നമ്മുടെ കൃഷ്ണമേനോൻ സ്ക്കൂൾവകയായ ഉയർന്നതരം പരീക്ഷകൾ എല്ലാം കൊടുത്തു [ 137 ] ജയിച്ചശേഷമാണു് യഥാർത്ഥമായ പഠിപ്പു് ആരംഭിച്ചതു് എന്നു പറയേണ്ടതാണു്. ദ്രവ്യസ്ഥനായ തന്റെ അച്ഛൻ രാഘവനുണ്ണിയുടെ അത്യന്തം പ്രിയപ്പെട്ട മകനായ കൃഷ്ണമേനോനു് ദ്രവ്യം ചെലവുചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടാവാൻ എടയില്ലല്ലോ. എന്നാൽ ചില ദ്രവ്യസ്ഥരായ ചെറുപ്പക്കാരു് ചെയ്യുന്നതുപോലെ ജോഡ് ഒത്ത വലിയ വൈരക്കടുക്കൻ അഞ്ഞൂറും ആയിരവും ഉറുപ്പിക കൊടുത്തു വാങ്ങുന്നതിലും സ്വർണ്ണനൂലുകളും രത്നമോതിരങ്ങളും ഉണ്ടാക്കുന്നതിലും കുതിര വണ്ടകൾ വാങ്ങുന്നതിലും വിലപിടിച്ച പട്ടുകൾ കൊണ്ടും മറ്റും ഉടുപ്പുകൾ ഉണ്ടാക്കുന്നതിലും മറ്റും അല്ല കൃഷ്ണമേനോൻ തന്റെ പണം ചിലവിട്ടതു്. ഈ കുട്ടി ചിലവു ചെയ്തതു് ഇന്ന വിഷയത്തിലാണെന്നു് അദ്ദേഹത്തിന്റെ പഠിപ്പുമുറി നോക്കിയാൽ കാണാം. മദിരാശിയിൽ താൻ പാർക്കുന്നേടത്തും മലയാളത്തിലെ തന്റെ സ്വഗൃഹത്തിലും കൂടി ഏകദേശം രണ്ടായിരത്തിൽ ചുരുങ്ങാതെ പലേ വിധങ്ങളായ പുസ്തകങ്ങൾ ഇദ്ദേഹത്തിനുണ്ടായിരുന്നു. തർക്കം, സൃഷ്ടിതത്വജ്ഞാനം, മനോവികാരതത്വജ്ഞാനശാസ്ത്രം, ഐഹികവൃത്തി, തത്വശാസ്ത്രം, ശരീരശാസ്ത്രം, പദാർത്ഥഗുണജ്ഞാനശാസ്ത്രം, ലോകചരിത്രങ്ങൾ, വ്യവഹാരശാസ്തം, മുതലായ സംഗതികളെപ്പറ്റി മഹാവിദ്വാനാമാരു് ഇംഗ്ലീഷ് ഭാഷയിൽ എഴുതീട്ടുള്ള അസംഖ്യം പുസ്തകങ്ങളും സംസ്കൃതത്തിൽ എഴുതീട്ടുള്ള അനേകം പുസ്തകങ്ങളും ഇദ്ദേഹം വളരെ പണം ചെലവുചെയ്തു വാങ്ങി തന്റെ പഠിപ്പു മുറിയിൽ നിറച്ചിട്ടുണ്ടായിരുന്നു. ഈ വക ഗ്രന്ഥങ്ങളാൽ ഉള്ള കാലക്ഷേപമേ ഇതേവരെ ഇദ്ദേഹത്തിനുണ്ടായിട്ടുള്ളു. ബിലാത്തിയിൽ ഏതെങ്കിലും ഒരു പുതിയ പുസ്തകം എഴുതീട്ടുണ്ടെന്നു അറിയുന്ന ഉടനേ അതിനെ കൃഷ്ണമേനോൻ വരുത്താതിരിക്കുകയില്ല. പുതിയ പുസ്തകങ്ങൾ വല്ലതും ഒരു ദിവസമെങ്കിലും തപ്പാലിൽ ഇദ്ദേഹത്തിനു കിട്ടാതിരിക്കുകയില്ല. ഒരു സമയമെങ്കിലും ഒരു പുസ്തകം വായിച്ചുകൊണ്ടല്ലാതെ കൃഷ്ണമേനോൻ ആരാലും കാണപ്പെട്ടിട്ടില്ല. സ്വതേ അതിബുദ്ധിയും ഗ്ഹഹണശക്തിയും ഉള്ള ഒരാൾക്കു് ബുദ്ധിക്കു് അറിവുണ്ടാകാൻ ഇത്ര ഭ്രമം താനേ ഉണ്ടായാൽ അയാളുടെ പഠിപ്പിന്റെ അവസ്ഥയെക്കുറിച്ച് പറവാനുണ്ടോ? ഇദ്ദേഹത്തെ പഠിപ്പിച്ചിരുന്ന മഹാവിദ്വാന്മാരെല്ലാം ഇദ്ദേഹത്തിന്റെ അറിവിനേയും, അതിനെ പ്രയോഗിപ്പാനുള്ള ഒരു ചതുരതയും കണ്ടു് ആനന്ദിക്കുകയും ചിലപ്പോൾ ലജ്ജിച്ചു് അസൂയപ്പെടുകയും ചെയ്തു. എനി ഇദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചു പറയുന്നതായാൽ ഒന്നു രണ്ടു സംഗതികളെ കുറിച്ചു മാത്രമേ വിശേഷവിധിയായി പറവാ [ 138 ] നുള്ളു. ബുദ്ധിക്കു് ഇത്ര സ്വതന്ത്രത ഉണ്ടായിട്ടുള്ള ആൾ വേറെ ഹിന്ദുക്കളിൽ ദുർലഭമാണെന്നു തന്നെ പറയാം. ഇദ്ദേഹത്തിന്റെ ഗുണഗണങ്ങളെ അറിഞ്ഞു് ഗവർമ്മെണ്ടു് ഇദ്ദേഹത്തിനു തക്കതായ ഒരു ഉദ്യേഗം കൊടുപ്പാൻ ഭാവിച്ചു. തന്റെ സ്വാതന്ത്ര്യഹാനിയെ വിചാരിച്ചു് ഇദ്ദേഹം സർക്കാരുദ്യോഗത്തിൽ പ്രവേശിച്ചില്ല. എന്നാൽ അപാരമായ അറിവുണ്ടായിരുന്നതിനാൽ ആ സ്വതന്ത്രത നിമിത്തം ഇദ്ദേഹത്തിനു ബുദ്ധിക്ക് അഹങ്കാരം ലേശം ഉണ്ടായിരുന്നില്ല. തന്റെ സമസൃഷ്ടിയിൽ അത്യന്തം ദയാലുവും സത്യനിരതനും ആയിരുന്നു. എല്ലായ്പോഴും പഠിപ്പിൽ മഗ്നനായി കാലം കഴിച്ചതിനാൽ തനിക്ക് സ്നേഹിതന്മാരായി വളരെ ആളുകൾ ഉണ്ടായിരുന്നില്ലാ. ഒന്നുരണ്ടുപേരെ ഉണ്ടായിരുന്നുള്ളു. അവരുമായിത്തന്നെ സംസാരിപ്പാനും മറ്റും ഇദ്ദേഹത്തിനു സമയം ഉണ്ടാവുന്നതു് ദുർലഭമാണു്. ഇദ്ദേഹം കാഴ്ചയിൽ അതികോമളനാണെന്നു പറഞ്ഞിട്ടുണ്ടല്ലോ. സ്ത്രീകളുടെ സൌന്ദര്യത്തെക്കുറിച്ചു വർണ്ണിക്കുന്നമാതിരിയിൽ പുരുഷന്മാരുടെ സ്വരൂപവിശേഷതയെക്കുറിച്ചു അംഗപ്രത്യംഗവർണ്ണന ചെയ്യുന്നത് അനാവശ്യമാകുന്നു. എങ്കിലം അല്പമൊന്നു പറഞ്ഞേക്കാം.

കൃഷ്ണമേനോൻ ദിർഘം ധാരാളമുള്ള ആളാണ്. വർണ്ണം തങ്കവർണ്ണം എന്നു തന്നെ പറയണം. മുഖത്തിന്റെ ആകപ്പാടെയുള്ള കാന്തി എനിക്കു തോന്നുന്നതു വളരെ ദളമുള്ള അശേഷം വാട്ടംതട്ടാത്ത ഒരു ചെന്താമരപുഷ്പത്തിന്റെ കാന്തിപോലെ ഇരിക്കും എന്നാണ്. കണ്ണുകൾ വിശാലമായി ദീർഘിച്ചു് നിബിഢമായ് രോമങ്ങളാലുള്ള പക്ഷ്മങ്ങളോടുകൂടിയാണു്. നേത്രങ്ങളിൽനിന്നു സ്ഫുരിക്കുന്ന രസംതന്നെ ബുദ്ധിക്കു അനുസരിച്ച ശാന്തതയോടുകൂടിയ ഗാംഭീർയ്യമാണു്. ശൃംഗാരരസം ലേശംപോലും ഉണ്ടെന്നു സാധാരണ ആളകൾക്കു തോന്നുകയില്ല. രണ്ടുമൂന്നിഞ്ചു നീളത്തിൽ വെട്ടിനിരത്തി നിറുത്തിയ അഗ്രം ചുരുണ്ട അതിനീലവർണ്ണമായ തലമുടിയും ചുരുണ്ടു ഘനമായി നിൽക്കുന്ന കുടുമയും അതിമോഹനമായുള്ള ഫാലത്തിന്റെ സ്വതേയുള്ള വർണ്ണത്തെ അത്യന്ത മനോഹരമാക്കിതീർത്തു എന്നേ പറവാനുള്ളു. അത്യന്ത രക്തവർണ്ണങ്ങളായി അതികോമളങ്ങളായിരിക്കുന്ന ഇദ്ദേഹത്തിന്റെ അധരങ്ങളെ കാണുന്ന യുവതികൾക്കു് എന്താണു ഗതി എന്ന് എനിക്കു പറവാൻ പ്രയാസം. ദേഹം സൃഷ്ടിസ്വഭാവേന ഉള്ളതിനു പുറമെ കൃത്യമായ വ്യായാമത്താലും അതിഭംഗിയായി ഇരിക്കുന്നു എന്നേ പറവാനുള്ളു. ആകപ്പാടെ കൃഷ്ണമേനോൻ ഒരു വിശേഷവിധിയായ സുന്ദരനാണെന്നു ദൃഷ്ടമാത്രത്തിൽ ഏവനും തോന്നും. ബുദ്ധി [ 139 ] ചാതുർയ്യവും പഠിപ്പുംകൊണ്ടു ബുദ്ധിമാന്മാരായ പുരുഷന്മാർ എങ്ങിനേ കൃഷ്ണമേനോനെ ആശ്ചർയ്യപ്പെട്ടുവോ അതുപ്രകാരംതന്നെ സുന്ദരികളായുള്ള യുവതികൾ എല്ലാം ദൃഷ്ടമാത്രത്തിൽ കൃഷ്ണമേനോനിൽ ലയിക്കാതിരുന്നില്ല. കണ്ടാൽ മന്മഥമന്മഥനായിരുന്നു എന്നുവരികിലും, തന്നെ കാണുന്ന ഏതു സുന്ദരിക്കും തന്നിൽ ഭ്രമം ഉണ്ടായി എന്നു അറിവാൻ കൃഷ്ണമേനോനു് ധാരാളമായി ബുദ്ധിശക്തി ഉണ്ടായിരുന്നുവെങ്കിലും അതിൽനിന്നു യാതൊരു ചാപല്യങ്ങളും ഇതുവരെ കൃഷ്ണമേനോന്റെ മനസ്സിനെ ബാധിച്ചിട്ടില്ല. നല്ല സുന്ദരികളായ യുവതികൾ യദൃച്ഛയാ കൃഷ്ണമേനോനോടു സംസാരിപ്പാൻ എടവന്നാൽ അത്ര ഉപദ്രവം തനിക്കു വേറെ ഒന്നുംകൊണ്ടും ഉണ്ടാവുകയില്ലെന്നുള്ള നാട്യമാണു് കൃഷ്ണമേനോനു ഉണ്ടായി കാണുമാറു്. പൂഞ്ചോലക്കരപ്രദേശത്തു പലേ പ്രമാണപ്പെട്ട വീടുകളിലും അതിസുന്ദരികളായ ജാതി സാമർത്ഥ്യത്തോടും അറിവോടും കൂടിയുള്ള യുവതികൾ എല്ലാം കൃഷ്ണമേനോൻ എനിക്കു്, എനിക്കു് ഭർത്താവായിവരേണമെന്നു അത്യാഗ്രഹപ്പെടാത്തവർ ആരും ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തോടു് ഒന്നു സംസാരിച്ചാൽ മതി, ഇദ്ദേഹത്തിന്റെ ഒരു മന്ദഹാസം കണ്ടാൽ മതി, ഒരു വാക്കു പറയുന്നതു കേട്ടാൽ മതി, രണ്ടുനിമിഷം അടുത്തു കണ്ടാൽ മതി, എന്നു ആഗ്രഹിക്കാത്ത തരുണികൾ ആ ദിക്കിൽ ആരും ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. എന്നാൽ ഈ ആഗ്രഹനിവൃത്തി കൃഷ്ണമേനോൻ ഒരിക്കലും ചെയ്തുകൊടുത്തിരുന്നില്ല. അതുകൊണ്ട് ഇദ്ദേഹത്തിന്റെ സ്വഭാവം വളരെ ചീത്തയാണെന്നും, ഇദ്ദേഹം ദുഷ്ടനാണെന്നും, ഇദ്ദേഹത്തിന്റെ ബുദ്ധിക്കു ശൃംഗാരമില്ലെന്നും, ഇദ്ദേഹം വെട്ടിക്കുടഞ്ഞു തെളിയിക്കാത്ത ഒരു വൈരക്കല്ലുപോലെയാണെന്നും, ചളിയിൽ കുടുങ്ങിക്കിടക്കുന്ന ചെന്താമരപ്പൂവിനെപ്പോലെയാണെന്നും, ആർക്കും ഉപകാരമില്ലാത്ത, വനപ്രദേശത്ത് ഉണ്ടായി വികസിച്ചു നില്ക്കുന്ന അതിസുരഭിയായ ഒരു പുഷ്പത്തെപ്പോലെയാണെന്നും അസത്താണെന്നും കോമളാംഗികളായ പലേ പെണ്ണുങ്ങളും സങ്കടത്തോടുകൂടി പറഞ്ഞു വന്നു. വഴിയിലോ ക്ഷേത്രത്തിലൊ മറ്റോ വെച്ചു ചിലപ്പോൾ ഒരു സുന്ദരിയായ സ്ത്രീ കൃഷ്ണമേനോനെ എതിരേ കണ്ടു എന്നു വരാം. കാണുമ്പോഴേക്കു് അവളുടെ മനസ്സ് എളകി കലശലായ അനുരാഗത്താൽ പരവശപ്പെട്ടു ലജ്ജിച്ചു കൃഷ്ണമേനോൻ ഇതിന്റെ അർത്ഥം ഒന്നും മനസ്സിലായില്ലെന്നു നടിച്ചു് ശുദ്ധകുട്ടികളുടെ മാതിരി നേരെ നടന്നുപോവും. പരിചയമുള്ള സ്ത്രീയാണെങ്കിൽ മുഖത്തേക്കു നേരെ നോക്കി തന്റെ [ 140 ] പ്രവാളാധരങ്ങളെ ഒന്നു ചുളിച്ചു മന്ദഹാസത്തിന്റെ ഒരു ലക്ഷണം അല്പമായി ഒന്നു കാണിച്ചു എന്നു വരുത്തി പൊയ്ക്കളയും. ഇതിൽ അധികം ഒന്നും കാണുകയില്ല. തന്റെ പുസ്തകങ്ങളും താനും. മറ്റു യാതൊരു ചിന്തയും ഇല്ല. ഇങ്ങിനെയാണു് കൃഷ്ണമേനോൻ ഇക്കാലം കഴിച്ചുവന്നത്.

കൃഷ്ണമേനോൻ അച്ഛന്റെ മുമ്പാകെ പോയി നിന്നു എന്നു പറഞ്ഞിട്ടുണ്ടല്ലോ. കണ്ട ഉടനെ, അച്ഛൻ "കുട്ടാ നീ ഇന്നാൾ ഉണ്ടാക്കിയ മറുപടി ബഹുവിശേഷമെന്നു സകല വക്കീലന്മാരും സമ്മതിച്ചുപോയത്രെ." എനിക്കു വളരെ സന്തോഷമായി. എഴുത്തയച്ച കള്ളന്മാരുടെ യഥാർത്ഥരീതി എല്ലാം രാഘവൻ കുട്ടനോടു പറഞ്ഞില്ലേ. എന്തൊരു കഷ്ടമാണ് ഇതു്.

കൃ:-വലിയ കഷ്ടം തന്നെ.

അ:-ഇവരുടെ ജാതി ഇന്നതാണെന്നു നോം ഇപ്പോൾ അറിഞ്ഞതിനാൽ എനി ആ വിവരം എല്ലാവരേയും അറിയിച്ചു ക്ഷേത്രം, കുളം മുതലായത് ഇവരെക്കൊണ്ടു തൊട്ടു അശുദ്ധമാക്കിക്കാതെ കഴിക്കേണ്ടിയിരിക്കുന്നു. അതിനു് ഈ വിവരങ്ങൾ കാണിച്ച് കുട്ടൻ എഴുത്തുകൾ ഉണ്ടാക്കണം.

കൃഷ്ണ:-നോം കേട്ട വിവരം സൂക്ഷ്മമല്ലെങ്കിൽ ഇങ്ങിനെ എഴുതുന്നതിൽ വൈഷമ്യമുണ്ടെന്ന് എനിക്കു തോന്നുന്നു. പിന്നെ നോം ഇപ്പോൾ അവരെടെ വൈരികളാണെന്ന് എല്ലാവരും അറിയുന്നതുകൊണ്ടു കേട്ട വിവരം സൂക്ഷ്മമായിരുന്നാൽ തന്നെ ഇതിനെപ്പറ്റി നോം നേരിട്ടു ഓരോരുത്തർക്കെഴുതുന്നതു ഭംഗിയായിരിക്കുമോയെന്നു് ഞാൻ സംശയിക്കുന്നു.

അച്ഛൻ:-(അല്പം ക്രോധത്തോടെ) കാര്യം സൂക്ഷ്മമാണു്, യാതൊരു സംശയവുമില്ല. നോം ഈ ദിക്കിൽ പ്രഭുക്കളല്ലെ. ഈ വിധം നമ്മുടെ ആചാരങ്ങളിൽ അക്രമങ്ങൾ കാണിച്ചാൽ ഒരിക്കലും അതുകളെ അമർച്ച ചെയ്യാതിരിപ്പാൻ പാടുണ്ടോ? കുട്ടൻ ആലോചിച്ചുനോക്കൂ. ക്ഷണത്തിൽ എഴുത്തു തെയ്യാറാക്കണം. പക്ഷേ ശങ്കനമ്പി ഒപ്പിട്ടയക്കട്ടെ. ഞാൻ കല്പിച്ചപ്രകാരം എഴിയതാണെന്നു് എഴുത്തിൽ കാണിക്കട്ടെ. അല്ലേ രാഘവാ---

രാഘവനുണ്ണി:-കല്പനപോലെ

എന്നും പറഞ്ഞു് എല്ലാവരും പിരിഞ്ഞു. കൃഷ്ണമേനോൻ എഴുത്തെഴുതുവാൻ തന്നാൽ സാധിക്കയില്ലെന്നു പറഞ്ഞു. ശങ്കനമ്പിയും [ 141 ] കുഞ്ചുമേനോനും കൂടി ആലോചിച്ച് ഉടനെ എഴുത്തുകളുണ്ടാക്കി. ഒന്നു ഉദയന്തളി രാമവർമ്മൻ തിരുമുല്പാട്ടിലേക്കും മറ്റൊന്നു് ഉദയന്തളിപ്രദേശത്തു് കലിങ്ങമണ്ണു് ഇല്ലത്തു് വലിയ നമ്പൂതിരിപ്പാടവർകൾക്കും മൂന്നാമത്തേതു് ഉദയന്തളി ക്ഷേത്രത്തിനു സമീപമുള്ള നമ്പൂതിരിമാരുടെ അദ്ധ്യായനമഠത്തിലേക്കുമാണു്. കത്തുകൾ അയപ്പാൻ നിശ്ചയിച്ചത്. ഉടനെ എഴുത്തുകളെ അയച്ചു.

ഉദയന്തളിക്കുള്ള എഴുത്തുംകൊണ്ടു് ആൾ ചെന്നപ്പോൾ രാമവർമ്മൻ തിരുമുല്പാടും കണ്ടൻമേനവനും തമ്മിൽ വ്യവഹാരത്തെക്കുറിച്ചു ചെയ്യേണ്ടുന്ന ഏർപ്പാടുകളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എഴുത്തുകൊണ്ടുവന്നവൻ സമീപത്തെത്തിയപ്പോൾ തിരുമുല്പാട് ചോദിച്ചു.

"ആരുടെ എഴുത്താണിത്?"

"പൂഞ്ചോലക്കര കാര്യസ്ഥൻ ശങ്കുനമ്പിയുടെ"

തി:- ശങ്കുവിനു നമുക്കെഴുതുവാനെന്താവശ്യം

"അതു എനിക്കു നിശ്ചയമില്ല "എന്നു പറഞ്ഞുകൊണ്ടു വന്നവൻ എഴുത്തിനെ കോലാമൽ വെച്ചു അവൻ തിരിയെ പോരുകയും ചെയ്തു.

തിരുമുല്പാടു് വളരെ ആശ്ചര്യപ്പെട്ടു.

തിരു:- കണ്ടാ, എഴുത്തെടുത്തു് തുറന്നു വായിക്കു. ഇതു് എന്തു കഥയാണ്? പുതുതായി നമ്മുടെ നേരെ വല്ല വ്യവഹാരവും ഭാവിച്ചിട്ടുണ്ടായിരിക്കും.

കണ്ടന്മേനോൻ എഴുത്തെടുത്തു് തുറന്നു പറയുംപ്രകാരം വായിച്ചു.


ശ്രീ.


"തിരുവനന്തപുരത്തുകാരൻ രാമൻപിള്ള എന്നൊരാൾ ഒരു പെൺകുട്ടിയോടുകൂടി അവിടത്തെ വക മഠത്തിൽ അവിടത്തെ ചിലവിന്മേൽ താമസിച്ചുവരുന്നുണ്ടല്ലൊ. ആ പെൺകുട്ടി മുസൽമാൻജാതിയായ ഒരു ബൗദ്ധസ്ത്രീയിൽ ജനിച്ച കുട്ടിയാണെന്നും നായർജാതി അല്ലെന്നും നായർജാതിയാണെന്നു രാമൻപിള്ള പറയുന്നതു വ്യാജമാണെന്നും ഇവിടെ വലിയച്ചനു സൂക്ഷ്മമായ അറിവുകിട്ടിയിരിക്കുന്നു. ഇവിടുന്നും അവിടുന്നുമായി വ്യവഹാരം നിമിത്തം തമ്മിൽ നല്ല രസമില്ലെങ്കിലും ക്ഷത്രിയജാതിയിലുള്ള അവിടേക്കും അവിടത്തെ ക്ഷേത്രം, കുളം മുതലായതുകൾക്കും അശുദ്ധി വന്നുപോകുന്നത് ഇവിടെ വ്യസനമാകകൊണ്ട് ഈ വിവരം അറിയിപ്പാൻ വലിയച്ചൻ എന്നോടു കല്പിച്ചിരിക്കുന്നു. [ 142 ] എന്ന് പൂഞ്ചോലക്കര ഒന്നാം കാര്യസ്ഥൻ, "പൂമഠത്തിൽ ഗോവിന്ദനെന്ന ശങ്കുനമ്പി."

തിരുമുല്പാട്:- ഓ, ഇതു ശുദ്ധ കളവു്. ഇങ്ങിനെ കളവു് എഴുതിയാൽ ആരു ബഹുമാനിക്കും? ഇവിടത്തെ ജാതി പോവുന്നതിന് അച്ചനു വലിയ സങ്കടം ഇല്ലെ. ആ മഹാപാപി, ചണ്ഡാളൻ, കരിമ്പോത്തു് എന്റെ ജാതി കളയാൻ ഒരു നീചജാതി സ്ത്രീയെക്കൊണ്ട് ഗർഭത്തിന്റെ ചിലവുവാങ്ങികൊടുപ്പാൻ കള്ള അന്യായം കൊടുപ്പിച്ചില്ലേ. അപ്പോൾ ഇവിടുത്തെ ജാതി പോവുന്നതിന് സങ്കടം ഇല്ലേ. കണ്ടാ ആ എഴുത്തു് കീറി ചുടു്.

ക:- വരട്ടെ, വരട്ടെ. ബദ്ധപ്പെടേണ്ട. ബദ്ധപ്പെടേണ്ട. ഇത് അസാരം ആലോചിക്കേണ്ട കാർയ്യമാണു്. അവർക്കു നല്ല സൂക്ഷ്മം കിട്ടാതെ ഈ വക എഴുതാൻ ഒരിക്കലും പാടുണ്ടോ. സ്ഹീനൽകോർട്ടുപ്രകാരം ഇല്ലാത്ത കാർയ്യത്തെപ്പറ്റി ഇങ്ങിനെ എഴുതുന്നാൾ ചങ്ങലയിലായി പോവുമല്ലോ.

"സ്ഫീനൽകോർട്ട്" എന്നു് ഇയ്യാൾ പറഞ്ഞതു് "പീനൽകോഡ് "എന്ന ശിക്ഷാനിയമത്തെക്കുറിച്ചാണു്. സാധാരണ ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത ആളുകൾ ഇംഗ്ലീഷ് ബുക്കുകളുടെ പേരുകൾ മലയാളത്തിൽ ഉച്ചരിക്കുന്നതുപോലെതന്നെ ഉച്ചരിച്ചാൽ തന്റെ അവസ്ഥയ്ക്കു പോരെന്നുള്ള വിചാരത്തിന്മേലും ഇംഗ്ലീഷിൽ പ എന്ന അക്ഷരമില്ലെന്നും ആ അക്ഷരത്തിനു പകരം "എഫ്" 'F' എന്ന അക്ഷരം മാത്രമേ ഉള്ളു എന്നും ചിലർ ധരിച്ചിരിക്കുന്നതുപോലെ ഉള്ള ധാരണയിന്മേലും ആണു് കണ്ടന്മേനോൻ പീനൽ കോഡിനെ "സ്ഫീനൽ കോർട്ട്" എന്നു പറഞ്ഞതു്.

ക:- പിന്നെ അതുകൂടാതെ നുമ്മൾക്കു് ഇതിൽ ഒരു വ്യവഹാരകാരണം കിട്ടീട്ടുണ്ടല്ലോ. വ്യവഹാരം കൊടുക്കണം. മാനനഷ്ടത്തിന്നു നല്ല സല കൂട്ടിക്കൊടുക്കണം. രണ്ടു വ്യവഹാരങ്ങൾ ഒന്നായി ഫയലാവട്ടെ. ഈ എഴുത്തു് ഒരിക്കലും നശിപ്പിക്കരുതു്. ഈ ഏഴുത്ത് നമുക്കു നല്ലതായി. ഒരു വ്യവഹാരകാരണത്തെ തന്നിരിക്കുന്നു. ഇതു് ഇപ്പോൾ കിട്ടിയതു നുമ്മളുടെ ഒരു ഭാഗ്യമാണു്. 'റില്ലി' ആക്ട് പ്രകാരം നോം ഇപ്പോൾ തെയ്യാറാക്കിയ വ്യവഹാരത്തിനെ ഈ മാനനഷ്ടവ്യവഹാരം വളരെ പിൻതാങ്ങും. രണ്ടു വ്യവഹാരവും കൂടി ഒന്നായി ചെല്ലുമ്പോൾ അച്ചൻ നിശ്ചയമായും ഒന്നു അമ്പരക്കും സംശയമില്ല. പിന്നെ നുമ്മൾക്കു് ഈ രണ്ടു വ്യവഹാരച്ചിലവിനുള്ള പണങ്ങളൊക്കെയും [ 143 ] ഈ മാനനഷ്ടവ്യവഹാരത്തിൽ ഒന്നു രണ്ടുമൂവ്വായിരം ഉറുപ്പിക വിധിച്ചുകിട്ടിയാൽ അതിൽ നിന്നു കഴിക്കാമല്ലോ. ഇതു നല്ല കാര്യമാണു്.

തിരുമുല്പാടു്:- (കുറഞ്ഞൊന്ന് ആലോചിച്ചതിന്റെ ശേഷം) അവർ എഴുത്തിലെഴുതിയ വിവരം ശരിയല്ലെന്നു കാണിച്ചാലല്ലേ മാനനഷ്ടം വിധിച്ചു കിട്ടുകയുള്ളു.

ക:- തെളിവും കൊടുക്കണം. തെളിവു കൊടുക്കണം. നല്ല തെളിവു കൊടുക്കണം. തെളിവു കൊടുക്കാഞ്ഞാൽ കാർയ്യം ജയിക്കുമോ?

തി:- ആട്ടെ, വരട്ടെ. രാമൻമേനോന്റെ മഠത്തിൽപോയി ഈ എഴുത്തു് ഒന്നു് അദ്ദേഹത്തിന്നു കാണിക്കുക. കണ്ടനും വരു.

എന്നും പറഞ്ഞു തിരുമുല്പാടും കണ്ടന്മേനോനും രാമന്മേനോന്റെ മഠത്തിലേക്കായി പുറപ്പെട്ടു.

നമ്പൂതിരിമാരുടെ മഠത്തിൽ എഴുത്തു കിട്ടിയശേഷം ഉദയന്തളിയിൽ ജനങ്ങൾ മുഴുവനും ഒരു ഭുകമ്പം ഉണ്ടായാൽ ഉള്ളതുപോലെ ഈ വർത്തമാനം കേട്ടും ഒന്നു പരിഭ്രമിച്ചുവശായി. ക്ഷേത്രത്തിലും കുളവക്കിലും മറ്റും ഈ ഒരു സംസാരം പ്രചുരമായി. മഠത്തിൽ അദ്ധ്യയനത്തിന്നും മറ്റു വന്ന നമ്പൂതിരിമാരുടെ സംഘം വലുതായിരുന്നു. ഈ എഴുത്തു് ഓതിക്കോൻ നമ്പൂതിരി വായിക്കുമ്പോഴേക്കു് അവിടെ ഉള്ളവര് ആസകലം അദ്ദേഹത്തിനെ ചുറ്റി വളഞ്ഞിരിക്കുന്നു. ചിലരു് കൗപീനമാത്രവസ്ത്രന്മാരായിട്ടു്, മൂക്കുപിടിച്ചു ജപിക്കുന്നേടത്തുനിന്നു് എഴുനീറ്റു് ഓടിക്കൊണ്ടു് ചിലതു്, കുളിപ്പാൻ പോവാൻ ഭാവിച്ചു മുണ്ടു അഴിച്ചു കയ്യിൽ പിടിച്ചു നാഭിപ്രദേശം എടക്കിടെ മാത്രം കഥകളിക്കു തിരപിടിക്കുമ്പോലെ മറച്ചുംകൊണ്ടു ചിലരു്, വെറ്റില മുറുക്കിക്കൊണ്ടിരിക്കുന്നേടത്തു നിന്നു് അതു മുഴുവനാവുന്നതിന്നു മുമ്പു് എണീറ്റു് ഓടിക്കൊണ്ടു് ചിലരു്, മൂത്രശങ്കയ്ക്കു ഇരുന്നേടത്തുനിന്നു ശൗചം കഴിക്കുന്നതിന്നു മുമ്പ് ഇവരിൽ കാണപ്പെടുന്ന ഗോഷ്ടിവേഷത്തിൽ തന്നെ ഓടിക്കൊണ്ടു ചിലരു്. ആകപ്പാടെ ഓതിക്കോൻ നമ്പൂതിരി എഴുത്തു വായിക്കമ്പോൾ അയാളുടെ ചുറ്റുമുള്ള തിരക്കു ഘോഷവും ഒച്ചയും പറവാനില്ല. "എന്താണു്. എന്താണുബൗദ്ധനോ ബൗദ്ധസ്ത്രീയോ, ച്ഛെ അബദ്ധം, എന്തൊരു കഥയാണിതു്, കുളം അശുദ്ധമായോ ക്ഷേത്രം അശുദ്ധമായോ എന്താണു് ഹെ. എഴുത്തു് ആരു്, എന്തു് , എവിടെ , എങ്ങിനെ." [ 144 ] എന്നിങ്ങനെ നമ്പൂതിരിമാർ കലശൽ കൂട്ടിത്തുടങ്ങി.

നീലമനനമ്പൂതിരി:- എവിടെയാണു് ഈ കുട്ടി. ദുർഘടം. ഇന്നത്തെ കുളി മുട്ടിയോ?

ചാങ്കാടു്:- ഇന്നു കുളിക്കാൻ പുഴയിലേക്കു പൊയ്ക്കൊള്ളു.

ചെർപ്പാടു്:- വിഡ്ഢിത്വം ഒന്നും പറയേണ്ട. ഇതൊക്കെ ആ പൂഞ്ചോലക്കര അച്ചന്റെ വിദ്യകളാണു്. കുട്ടിയെ ഞാൻ ഇന്നലെ കണ്ടു.

അത്തിപ്പറ്റ:- താൻ കുട്ടിയെ കണ്ടാൽ , കുട്ടിയുടെ ജാതി നന്നാവുമോ?

ചെർപ്പാടു്:- കഥയില്ലാതെ വല്ലതും പറഞ്ഞാൽ , കച്ചേരി കയറേണ്ടി വരും.

പൊന്നടക്കം:- കുട്ടിയെ ഞാൻ കണ്ടു. അതി സുന്ദരിതന്നെ. നിറം അതിവിശേഷം. വെള്ളക്കാരുടെ പെണ്ണുങ്ങളുടെ നിറം തന്നെ.

ചെർപ്പാടു്:- നിറം മാത്രമോ? സ്വരൂപത്തിന്റെ ഒരു ഭംഗി പറഞ്ഞറിയിപ്പാൻ പാടില്ല.

നീലമന:- സ്വരൂപം എങ്ങിനെ എങ്കിലും ആയ്ക്കോട്ടെ. കുളിപ്പാൻ പുഴയിലേക്കു തന്നെ പോകേണ്ടിവരുമോ? ആ കാർയ്യം പറയൂ.

ഇവർ ഇങ്ങിനെ സംസാരിക്കുമ്പോൾ കുളിപ്പാൻ കുളത്തിൽ പോയേടത്തുനിന്നു രണ്ടു നമ്പൂതിരിമാർ ഓടി എത്തി. കുളം അശുദ്ധമായി. ഒരു മാപ്പിളയും ഉമ്മയും കുളത്തിൽ കുളിച്ചുപോൽ. പുണ്യാഹം കഴിക്കാൻ ഭാവിക്കുന്നു.

ചെർപ്പാടു്:- ഇതെന്തു ഗോഷ്ടിയാണു്. മാപ്പിളജാതിയാണു് കുട്ടി എന്നു തീർച്ചയാണോ? പൂഞ്ചോലക്കര അച്ചൻ കളവായി എഴുത്തു അയച്ചതാണെങ്കിലോ?

നീലമന:- താൻ കുട്ടിയെ കണ്ടു വളരെ ഭ്രമിച്ചിരിക്കുന്നു എന്നു നിശ്ചയം. ജാതി സൂക്ഷിച്ചോളു.

എന്നും മറ്റും നമ്പൂതിരിമാർ ഘോഷിച്ചുതുടങ്ങി.

തിരുമുല്പാടും കണ്ടമന്മേനോനും എഴുത്തിലെ വിവരത്തെക്കുറിച്ചു് പറവാൻ രാമൻമേനോന്റെ മഠത്തിലേയ്ക്കു പോയി എന്നു പറഞ്ഞിട്ടുണ്ടല്ലോ. ഈ വർത്തമാനം രാമൻമേനോനെ അറിയിച്ച മുതൽ നടന്ന സംഗതികളുടെ സ്വഭാവം നോക്കുമ്പോൾ അതുകളെക്കുറിച്ചു് പറയുന്നതു് പ്രത്യേകം ഒരു അദ്ധ്യായത്തിൽത്തന്നെ വേണ്ടതാകയാൽ അതുകളെപ്പറ്റി പറവാൻ ഒമ്പതാം അദ്ധ്യായത്തിൽ ആരംഭിക്കാം.

"https://ml.wikisource.org/w/index.php?title=ശാരദ/എട്ടാം_അദ്ധ്യായം&oldid=38497" എന്ന താളിൽനിന്ന് ശേഖരിച്ചത്