ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
നീതിഭരണം

[ 18 ] [ 19 ]

നീതിഭരണം.


പോലീസു.


൧൦൫൬-ാമാണ്ടിനു മുമ്പിൽ ൟ സംസ്ഥാനത്തിൽ പോലീസ് ഡിപ്പാൎട്ട്മെന്റു പ്രത്യേകമായി തിരിച്ചുവച്ചിട്ടില്ലായിരുന്നു. ദിവാൻപേഷ്ക്കാർതന്റെ ഡിസ്ത്രീക്റ്റിലുള്ള പ്രധാന റവന്യൂ ഉദ്യോഗസ്ഥനും പ്രധാന മജിസ്ത്രേട്ടും പ്രധാന പോലീസ് ഉദ്യോഗസ്ഥനും ആയിരുന്നു. തഹശീൽദാരന്മാർ അവരവരുടെ താലൂക്കുകളിൽ മജിസ്ത്രേട്ടു അധികാരവും പോലീസ് അധികാരവും നടത്തിവന്നു. ൧൦൫൬മാണ്ടു മദ്രാസ് പ്രസിഡൻസിയിലുള്ള പോലീസ് ഏൎപ്പാട്ടിന്റെ രീതിയിൽ പ്രത്യേകമായി ഒരു പോലീസ് സൈന്യം ഏൎപ്പടുത്തപ്പെട്ടു. പോലീസിൽ ചേൎന്നവർ ക്രമപ്രകാരം ആയുധാഭ്യാസം ചെയ്തിട്ടുണ്ടു. ബേറ്റണും വാളും ഉപയോഗിക്കാൻ അവരെ ശീലിപ്പിച്ചിട്ടുണ്ടു. ചിലരെ തോക്കുകൊണ്ടു വെടിവയ്ക്കാനും പഠിപ്പിച്ചിട്ടുണ്ടു. എല്ലാജാതിയിലുള്ള ആളുകളെയും പോലീസിൽ ചേൎക്കും. ക്ലിപ്തപ്പെടുത്തിയിട്ടുള്ള അളവു ശരിയായിരിക്കണം എന്നുമാത്രമെ ആവശ്യമൊള്ളു. പ്രമോഷൻ കിട്ടണമെന്നുവരികിൽ ഏതാനും പരീക്ഷ ജയിച്ചിരിക്കണം എന്നും നിയമമുണ്ടു. ൫൦൯ ചതുരശ്രമയിൽ വിസ്താരത്തിനു ഒരു പോലീസ്കാരൻവീതവും നിൾക്കുന്നു. മുമ്പിലുള്ള അടുത്തൂൺ ചട്ടപ്രകാരം ൩.൦ രൂപാക്കുതാഴ്ന്ന ശമ്പളമുള്ള ജീവനക്കാൎക്കു അടുത്തൂണിനു അവകാശമില്ലായിരുന്നു. ഇപ്പോൾ അവർ ജീവനത്തിലിരുന്ന കാലത്തിന്റെ ദൈൎഘ്യം അനുസരിച്ചു അടുത്തൂണൊ ഇനാമൊ എല്ലാതരത്തിലുള്ള പോലീസുകാൎക്കും കിട്ടത്തക്കവണ്ണം അടുത്തൂൺ ചട്ടവും ഭേദപ്പെടുത്തീട്ടുണ്ടു. ആളുകളെ തിരിച്ചറിയുന്നതിനായി ഉള്ള "ആന്ത്രാപ്പാ മെട്രിക്കൽ" ഏൎപ്പാടു ഏതാനം കൊല്ലത്തെക്കു ഫലവത്തായി നടത്തപ്പെട്ടുവന്നു. എന്നാൽ ബ്രിട്ടീഷ് ഇൻഡ്യയിൽ ൟ ഏൎപ്പാടിനെ മാറ്റി വിരലിൽ ഉള്ള രേഖയെ എടുത്തുവയ്ക്കുന്ന സമ്പ്രദായം നടപ്പാക്കിയതുകൊണ്ടു അതു ഇവിടെയും നടപ്പാക്കപ്പെട്ടു [ 20 ]

ദണ്ഡനീതി.


ദണ്ഡനീതിയെ സംബന്ധിച്ചുള്ള നിയമവും ക്രിമിനൽ കോൎട്ട്കളുടെ ഘടനയും ബ്രിട്ടീഷ് ഇൻഡ്യയിൽ ഉള്ളതുപോലതന്നെയാകുന്നു. ഇൻഡ്യയിൽ ശിക്ഷാനിയമവും ക്രിമിനൽ നടപടി നിയമവും ഏതാനും ഭേദഗതികളോടുകൂടി ൟ സംസ്ഥാനത്തെ നിയമങ്ങളായി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ൟ നിയമങ്ങളും ഉപ്പു, കലാൽ, അവിൻമുതലായി മുതലെടുപ്പിന്റെ രക്ഷക്കു മുഖ്യമായി ആവശ്യമുള്ളവയും ബ്രിട്ടീഷ് ഇൻഡ്യയിൽ ഈ വിഷയങ്ങളെപറ്റിയുള്ള നിയമങ്ങളെ അനുവൎത്തിച്ചു ഉണ്ടാക്കപ്പെട്ടിട്ടുള്ളവയും ആയ ഏതാനും പ്രത്യേക നിയമങ്ങളും ൟ സംസ്ഥാവത്തിലെ ദണ്ഡനീതികളാകുന്നു. ബ്രിട്ടീഷ് ഇൻഡ്യയിലെ എന്നപോലെ മൂന്നുതരം മജിസ്ത്രേട്ടന്മാരുമുണ്ടു. ദണ്ഡനീതി നടത്തുന്നവകക്കായി ൟ സംസ്ഥാനത്തെ ആറു ഡിസ്ത്രിക്റ്റ്കളായി വിഭജിച്ചിരിക്കുന്നു ഇവ ഓരോന്നിനും മേലാവായി ഓരോ ഡിസ്ത്രിക്റ്റ് മജിസ്ത്രേട്ടുണ്ടു. ൟ ഉദ്യോഗസ്ഥൻ തന്റെ ഡിസ്ത്രിക്റ്റിലുള്ള കീഴ്മജിസ്ത്രേട്ടുകളുടെ മേലാവായും നേതാവായും കാൎയ്യംഭരിച്ചുവരുന്നു.

ബ്രിട്ടീഷ് ഇൻഡ്യയിൽ ഓരോതരം ക്രിമിനൽ കോൎട്ടുകൾക്കു ഉള്ള അധികാരങ്ങൾതന്നെ ഇവിടെ അവയ്ക്കു ശരിയായ ക്രിമിനൽ കോൎട്ടു്കളും നടത്തിവരുന്നൂ. എന്നാൽ മരണശിക്ഷയൊ ജീവപൎയ്യന്തം തടവിനുള്ള ശിക്ഷയൊ മഹാരാജാവു കല്പിച്ചനുവദിച്ചല്ലാതെ നടത്തിക്കാൻ പാടില്ലാ. മരണശിക്ഷയൊ ജീവപൎയ്യന്തം തടവിനുള്ള ശിക്ഷയൊ അനുവദിക്കുന്നതിലെക്കായി കൊട്ടാരത്തിലെയ്ക്കയക്കുന്നതിനു മുമ്പെ ആകേസിനെ സംബന്ധിച്ചു ബ്രിട്ടീഷ് റസിഡന്റിന്റെ അഭിപ്രായവും ഉപദേശവും അറിയുന്നതിലെക്കായി ആകേസിലെ റിക്കാർഡുകൾ ബ്രിട്ടിഷ് റസിഡന്റിനു നിയമേന അയയ്ക്കപ്പെട്ടുവരുന്നു.


യൂറോപ്യൻ ബ്രിട്ടീഷ് പ്രജകൾ.


൧൮൬൮- വൎഷംവരെ യൂറോപ്യന്മാരായ ബ്രിട്ടീഷ് പ്രജകൾ ഈ സംസ്ഥാനത്തിലുള്ള സാധാരണ ക്രിമിനൽ [ 21 ] കോൎട്ടുകളാൽ വിസ്തരിക്കപ്പെട്ടുവന്നൂ യൂറോപ്യന്മാരായ ബ്രിട്ടീഷ് പ്രജളെ വിസ്തരിക്കുന്നതിനു തിരുവിതാംകോർട്ടുകാർക്കു അധികാരമില്ലെന്നുള്ള വാദം. ആ ആണ്ടിൽ ജനിച്ചു. ഇതിനെക്കുറിച്ചു വളരെ എഴുത്തുകുത്തുകൾ നടന്നു ഒടുവിൽ ബ്രിട്ടീഷ് ഇൻഡ്യയിൽ ൧-ാം ക്ലാസു മജിസ്ത്രേറ്റന്മാരായും "ജസ്റ്റിസ് ആഫ് ദി പീസ്'" എന്ന സ്ഥാനം വഹിക്കുന്നവരായുംഉള്ള യൂറോപ്യന്മാരായ ബ്രിട്ടീഷ് പ്രജകൾ അങ്ങനെയുള്ള പ്രജകളുടെമേൽ നടത്തിവരുന്നഅധികാരത്തെ യൂറോപ്യന്മാരായ ബ്രിട്ടീഷ് പ്രജകളായുംകൃസ്ത്യന്മാരായും ഉള്ള ഈ സംസ്ഥാനത്തിലെ മജിസ്ത്രേറ്റുകൾക്കു് അങ്ങനെയുള്ള പ്രജകളുടെമേൽ നടത്താംഎന്ന് ൧൮൭൪-ാം വൎഷത്തിൽബ്രിട്ടീഷ് ഇൻഡ്യാ ഗവൎമ്മേന്റിൽനിന്നും തീൎച്ചപ്പെടുത്തി. ഇതനുസരിച്ചു സ്പെഷ്യൽമജിസ്ത്രേട്ടുകളും അവരുടെ തീൎച്ചയിന്മേൽഅപ്പീൽ കേൾക്കുന്നതിനു് ഒരു സ്പെഷ്യൽ അപ്പീൽ ജഡ്ജിയും നിയമിക്കപ്പെട്ടു.

ജയിൽ,


അടുത്തകാലംവരെ ജയിൽ ഭരണത്തെ സംബന്ധിച്ചു് യാതൊരു നിയമവും ഇല്ലായിരുന്നൂ. ഇവ കാൎയ്യനടപ്പിനുവേണ്ടി അതാതു കാലങ്ങളിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങൾ അനുസരിച്ചു ഭരിക്കപ്പെട്ടുവന്നൂ. ഇപ്പോൾ ഒരു ജയിൽ റഗുലേഷനും അതനുസരിച്ച് അനേകം ചട്ടങ്ങളും നടപ്പാക്കപ്പെട്ടു. ജയിലിലുള്ള ജീവനക്കാരുടെ ക്രമത്തെ പൂൎണ്ണമായി മാറ്റിപുത്തനായി ഏൎപ്പാടുചെയ്തു തടവുകാരെക്കൊണ്ടു ജയിലിനു വെളിയിൽ ഇതിനുമുമ്പിൽ വേലകൾ നടത്തിച്ചുവന്ന ഏൎപ്പാടിനെ ക്രമേണ നിറുത്തുന്നതിലേയ്ക്കായി ജയിലിനകത്തുവച്ച് ഓരൊ നല്ലപണികൾ നടത്തിക്കുന്നതിനുള്ള പുതിയ ഏൎപ്പാടു ചെയ്യപ്പെട്ടിട്ടുണ്ടു. നല്ലനടത്തയുള്ള തടവുകാരുടെ ശിക്ഷാകാലത്തെ കുറയ്ക്കുന്നതിനു നിയമവും ആഹാരത്തിനും ശുചീകരണത്തിനും ശരിയായ ഏൎപ്പാടും ജയിലിനകത്തുവച്ചു നടത്തുന്ന കുറ്റങ്ങൾക്കു് ശിക്ഷാക്രമവും ഏൎപ്പെടുത്തപ്പെട്ടിട്ടുണ്ടു്. ശിക്ഷയനുഭവിച്ച് കാഞ്ഞവരായ കുറ്റക്കാരെ പ്രത്യേകമായി തടവിലാക്കി സൂക്ഷിക്കുന്നതിനും പതുവായി കുറ്റം [ 22 ] ചെയ്യുന്നവരെ മറ്റുതടവുകാരിൽനിന്നു് അകറ്റിയിരുത്തിക്കുന്നതിനും നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടു്. തിരുവനന്തപുരത്തു സെൻട്രൽ ജയിലും കൊല്ലത്തും ആലപ്പുഴയും ഓരോ ഡിസ്ത്രിക്ക്റ്റു ജയിലുമായി മൂന്നു ജയിലുകൾ ഈസംസ്ഥാനത്തുണ്ടു്. ഡിസ്ത്രിക്ക്റ്റു ജയിലുകൾ ഡിസ്ത്രിക്ക്റ്റു മജിസ്ത്രേറ്റുകളുടെ അടുത്തപരിശോധനയിൽ ഉൾപ്പെട്ടിരിക്കന്നൂ.

ദുൎഗ്ഗുണപരിഹാരപാഠശാല.


ബാലന്മാരായ കുറ്റക്കാർ കഠിനന്മാരായ കുറ്റവാളികളോടുള്ള സംസൎഗ്ഗത്താൽ ദോഷപ്പെടാതെ തടുക്കുന്നതിലേക്കായിട്ടു ൧൦൬൭-ാമാണ്ടത്തെ ൪-ാം റിഗുലേഷൻ നടപ്പാക്കപ്പെട്ടിട്ടുണ്ടു്. ഇതിൽ ബാലന്മാരായ ആൺ കുറ്റക്കാൎക്കു ദുൎഗ്ഗുണപരിഹാര പാഠശാലകൾ ഉണ്ടാക്കുന്നതിനു് വ്യവസ്ഥചെയ്തിട്ടുണ്ട്. അതിനെ വിദ്യാഭ്യാസ വകുപ്പിൽ ഉൾപ്പെടുത്തി. ആ പാഠശാല പരിശോധിക്കുന്നതിനു ഒരു കമ്മറ്റിയും നിയമിക്കപ്പെട്ടിട്ടുണ്ട്.

വ്യവഹാരനീതി.


സിവിൽ കോൎട്ടുകളുടെ നടപടിയെ സംബന്ധിച്ച നിയമം അപ്പഴപ്പോൾ ഉണ്ടാക്കപ്പെട്ട അനേകം നിയമങ്ങളിലായി ഭിന്നിച്ചു കിടക്കയായിരുന്നു. ഇവയെ ക്രോഡീകരിച്ചും ഭെദപ്പെടുത്തിയും ൧൦൬൫-ാമാണ്ടിൽ ഒരു സിവിൽ നടപടി നിയമം ഉണ്ടാക്കപ്പെട്ടു. ഇതിനെ ബ്രിട്ടീഷ് ഇൻഡ്യയിലെ ഭേദപ്പെടുത്തിയ നിയമത്തിനോടൊപ്പം ആക്കുന്നതിലെക്കായി ഇതു പിന്നീടു ഭേദപ്പെടുത്തപ്പെട്ടു. തിരുവിതാംകോട്ടിലെ കോൎട്ടുകളിൽ ചെയ്യപ്പെടുന്ന ഡിക്രി(വിധി)കളെ അവ ബ്രിട്ടീഷ് ഇൻഡ്യയിലെ കോൎട്ടുകളാൽ ചെയ്യപ്പെട്ട വിധികൾ എന്നപോലെ ബ്രിട്ടീഷ് ഇൻഡ്യയിൽ നടത്തിക്കാമെന്നു ആജ്ഞാപിച്ചു ആലോചന സഭയിൽ ഗവർണർ ജനരൽ അവർകൾ ൧൮൮൫-ാം വൎഷത്തിൽ ഒരു വിളംബരം ദയാപൂൎവ്വം പ്രസിദ്ധപ്പെടുത്തി. ബ്രിട്ടീഷ് ഇൻഡ്യയിലെ കോൎട്ടുകളാൽ ചെയ്യപ്പെടുന്ന വിധികളെ ഈ [ 23 ] സംസ്ഥാനത്തിൽ നടത്തിക്കുന്നതിനു അധികാരം കൊടുക്കുന്നതായി ൧൦൬൧-ാമാണ്ടത്തെ ൪-ാം റഗുലേഷൻ നടപ്പാക്കപ്പെട്ടു. കോൎട്ടുപീസു റെഗുലേഷൻ, കാലഹരണ റെഗുലേഷൻ വ്യവഹാരസല റെഗുലേഷൻ ജഡ്ജിമാരുടെയും ജുഡീഷ്യലായി പ്രവൎത്തിക്കുന്ന മറ്റുള്ളവരുടെയും രക്ഷക്കായി നിബന്ധന ചെയ്തിട്ടുള്ള റിഗുലേഷന്റ, ഇവ നീതിഭരണത്തെ നന്നാക്കുന്നതിനായി നടപ്പാക്കീട്ടുള്ള നിയമങ്ങളിൽ ചിലവയാകുന്നു. നീതിനടത്തുന്ന ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തെയും സ്ഥാനമാനത്തെയും കൂട്ടുന്നതിനായിചെയ്ത ഏൎപ്പാടുകളുടെ ഫലമായി ഈ ഉദ്യോഗം ഭരിക്കുന്നവരുടെ യോഗ്യത വളരെ കൂടീട്ടുണ്ടു.


രജിസ്ത്രേഷൻ,


ആധാരങ്ങൾ രജിസ്തർ ചെയ്യുന്നതിനുള്ള ഡിപ്പാൎട്ടുമെൻറും ബ്രിട്ടീഷ് ഇൻഡ്യയിൽ ഇപ്പോൾ നടപ്പുള്ള നിയമത്തെ അനുകരിച്ചു ഉണ്ടാക്കപ്പെട്ടിട്ടുള്ള ൧൦൭൦-ാമാണ്ടത്തെ ൧-ാം റിഗുലേഷൻ അനുസരിച്ചു നവീകരിക്കപ്പെട്ടു. റജിസ്ത്രേഷൻ ഡയറക്റ്റർ എന്നു പേരുള്ള ഒരു ഉദ്യോഗസ്ഥൻ ഈ ഡിപ്പാൎട്ടുമെൻറിനെ ഭരിച്ചു വരുന്നുണ്ടു്. കൂട്ടുകച്ചവടകമ്പനികളെ രജിസ്തർ ചെയ്യുന്ന വകക്കായി ഇൻഡ്യൻ കമ്പനീസ് ആക്റ്റു ൧൦൬൩-ാമാണ്ടത്തെ ൧-ാം റെഗുലേഷനായി ഈ സംസ്ഥാനത്തെ നിയമമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.