രാജാക്കന്മാരുടെ രണ്ടാം പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേർ.

2 എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.

3 തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതു പോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.

4 യെരൂശലേമിൽ ഞാൻ എന്റെ നാം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.

5 യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു;

6 അവൻ തന്റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.

7 ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു.

8 ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാർക്കും ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.

9 എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.

10 ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെ ദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:

11 യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോർയ്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ളേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും

12 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും.

13 ഞാൻ യെരൂശലേമിന്മേൽ ശമർയ്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും.

14 എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയ്തീരും.

15 അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.

16 അത്രയുമല്ല, യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.

17 മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

18 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കംചെയ്തു; അവന്റെ മകനായ ആമോൻ അവന്നുപകരം രാജാവായി.

19 ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേർ; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.

20 അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു;

21 തന്റെ അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.

22 അങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.

23 എന്നാൽ ആമോന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു;

24 എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ ഒക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നുപകരം രാജാവാക്കി.

25 ആമോൻ ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

26 ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവു അവന്നുപകരം രാജാവായി.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>