കൃഷ്ണഗാഥ/രണ്ടാം ഭാഗം/സീരിണസ്സൽക്കഥ

(സീരിണസ്സൽക്കഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 വീരനായുള്ളൊരു രോഹിണീനന്ദനൻ
2 ദ്വാരകതന്നിലിരിക്കുംകാലം
3 കൗരവന്മാരുമപ്പാണ്ഡവന്മാരുമായ്
4 വൈരമുണ്ടാകയാൽ പാരമപ്പോൾ
5 പോർക്കു തുനിഞ്ഞാരെന്നിങ്ങനെയുള്ളൊരു
6 വാക്കിനേക്കേൾക്കയാൽ വായ്പിനോടെ
7 ഓർത്തുനിന്നീടിനാൻ ചീർത്തുനിന്നീടുന്നൊ
8 രാർത്തിയെപ്പൂണ്ടവനാസ്ഥയോടെ:
9 "ഗോവിന്ദന്തന്നുടെ ജീവനമായല്ലൊ
10 കേവലം മേവുന്നു പാണ്ഡവന്മാർ

11 കേശവന്തവന്നുടെ ചൊല്ലിനെക്കേളാതെ
12 വാശിയെപ്പൂണ്ട സുയോധനന്താൻ
13 ശിക്ഷയെച്ചെയ്കയാലക്ഷതനായൊരു
14 ശിഷ്യനായ്വന്നു നമുക്കുമെന്നാൽ
15 തങ്ങളിൽനിന്നു പിണഞ്ഞതു കാണുമ്പൊ
16 ളെങ്ങനെ മിണ്ടാതെ നിന്നുകൊൾവൂ?
17 മദ്ധ്യസ്ഥനായിട്ടു നിന്നുകൊൾവാനുള്ള
18 ബുദ്ധിയുണ്ടാകുന്നൂതല്ലയെന്നാൽ
19 ഇന്നിലം കൈവെടിഞ്ഞിന്നു ഞാൻ പോകണം"
20 എന്നങ്ങു തന്നിലേ നണ്ണി നേരേ

21 തീർത്ഥങ്ങളാടുവാൻ പോകുന്നേനെന്നൊരു
22 വാർത്തയെച്ചൊല്ലി നടന്നുടനേ
23 നേരറ്റു നിന്നുള്ളൊരാരണന്മാരുമായ്
24 ഓരോരോ തീർത്ഥങ്ങളാടിയാടി
25 ഉത്തമമായൊരു നൈമിശദേശത്തു
26 സത്വരം ചെന്നവൻ നിന്നനേരം
27 സത്രത്തെച്ചെയ്തുള്ള മാമുനിമാരെല്ലാം
28 ഉത്തമമായൊരു ഭക്തിയാലേ
29 ആതിത്ഥ്യവേലയുമാചരിച്ചമ്പിനോ
30 ടാദരിച്ചന്നേരമായവണ്ണം

31 സശ്രമനായൊരു രാമനെയെല്ലാരും
32 വിശ്രമനാക്കിനാർ വാക്കുകൊണ്ടേ.
33 കേടറ്റുനിന്നൊരു സൂതനെക്കാണായി
34 പീഠത്തിലേറി ഞെളിഞ്ഞതപ്പോൾ
35 കല്യനായുള്ളൊരു സീരിതാൻ കോപിച്ചു
36 ചൊല്ലിനിന്നീടിനാനെല്ലാരോടും:
37 "സജ്ജനമെല്ലാമെഴുന്നേറ്റുനിന്നപ്പോൾ
38 ലജ്ജയുംകൂടാതെ പീഠത്തിന്മേൽ
39 ഉദ്ധതനായി ഞെളിഞ്ഞൊരിപ്പാഴന്താൻ
40 വദ്ധ്യനെന്നുള്ളതു തേറിനാലും.

41 വന്ദ്യന്മാരായുള്ള മാമുനിമാർക്കെല്ലാം
42 വന്നിങ്ങു കൂപ്പേണമെന്നു തോന്നി.
43 വന്ദ്യനായുള്ളതു ഞാനത്രെയെന്നല്ലൊ
44 നിന്ദ്യനായ്മേവുമിമ്മന്ദനോർത്തു.
45 നാണവും കൈവിട്ടു നമ്മെ വന്നിങ്ങനെ
46 നാളെയും നിന്നിവൻ നിന്ദിക്കൊല്ലാ."
47 ഇങ്ങനെ ചെന്നൊരു ദർഭയെടുത്തുടൻ
48 പൊങ്ങിന കോപത്തിൽ മുങ്ങുകയാൽ
49 ശത്രുവേ വെല്ലുന്നൊരസ്ത്രമെന്നിങ്ങനെ
50 ചിത്തത്തിൽ ചിന്തിച്ചെറിഞ്ഞാനപ്പോൾ.

51 മാമുനിമാരുടെ ലോചനവാരിയും
52 മാഴ്കിന സൂതനും വീണുതപ്പോൾ.
53 ഇച്ഛ പിഴച്ചുള്ള മാമുനിമാരെപ്പൊ
54 ളച്യുതസോദരനോടു ചൊന്നാർ:
55 "കഷ്ടമായുള്ളൊരു കാരിയമല്ലൊ നീ
56 രുഷ്ടനായ് ചെയ്തതു പെട്ടെന്നിപ്പോൾ:
57 സൽക്കഥ ഞങ്ങൾക്കു ചൊൽവതിന്നായല്ലൊ
58 സൽക്കരിച്ചിന്നിവൻതന്നെ ഞങ്ങൾ
59 ആരണർക്കായുള്ളൊരാസനംതന്നെയും
60 ആദരവോടു കൊടുത്തു നേരേ

61 ആരെയും കണ്ടാൽ നീയാചാരം വേണ്ടായെ
62 ന്നാജ്ഞയും നല്കിയിരുത്തിക്കൊണ്ടു.
63 അങ്ങനെയുള്ളൊരു സൂതനെയിന്നു നീ
64 യിങ്ങനെ കൊന്നതു വേണ്ടീലൊട്ടും."
65 എന്നതു കേട്ടൊരു സീരിതാൻ ചൊല്ലിനാൻ
66 നിന്നൊരു മാമുനിമാരോടപ്പോൾ:
67 "എന്നുടെ കൈയാലെ ചാകയെന്നിങ്ങനെ
68 മുന്നമേയുണ്ടിവനേകലെന്നാൽ
69 ഇന്നതു ചിന്തിച്ചു ഖിന്നത കോലേണ്ടാ
70 വന്നതിങ്കാരണമുള്ളിലായാൻ.

71 ചേതന കൈവെടിഞ്ഞീടുമിസ്സൂതൻറെ
72 നൂതനനായൊരു സൂതൻതന്നെ
73 സൽക്കഥ ചൊല്ലുവാനാക്കിനിന്നീടുവിൻ
74 ദുഃഖവും കൈവിട്ടു നിന്നു നിങ്ങൾ.
75 ഓരാതെ ചെയ്തൊരു കാരിയംതൊട്ടേതും
76 പോരായ്മ ചിന്തിച്ചു ചീറൊല്ലാതെ.
77 നമ്മെക്കൊണ്ടേതാനും വേണ്ടുന്നതുണ്ടെങ്കിൽ
78 കന്മഷം കൈവിട്ടു ചൊല്ലിനാലും."
79 ഇങ്ങനെ ചൊന്നതു കേട്ടവരെല്ലാരും
80 തങ്ങളിൽ ചിന്തിച്ചു ചൊന്നാരപ്പോൾ:

81 "വല്ക്കലനെന്നങ്ങു ചൊൽക്കൊണ്ടു നില്ക്കുന്നൊ
82 രുൽക്കടനായുള്ള ദാനവന്താൻ
83 വന്മദംപൂണ്ടു തിമിർക്കയാലെങ്ങൾക്കു
84 കർമ്മങ്ങളെല്ലാം മുടങ്ങിക്കൂടി.
85 ആവതല്ലിന്നിവൻ ചെയ്തതു ചൊല്ലുവാൻ
86 കേവലം വന്നിങ്ങു വാവുതോറും.
87 ഇന്നവന്തന്നെ നീ കൊന്നങ്ങു വീഴ്ത്തുകിൽ
88 നന്നായിവന്നിതുമെന്നേക്കുമേ."
89 എന്നതു കേട്ടൊരു സീരിതാൻ ചൊല്ലിനാൻ:
90 "വന്നൊരു വാവുന്നാൾ കൊന്നു നേരേ

91 വിണ്ടലരുള്ളിലും നിങ്ങൾതന്നുള്ളിലും
92 ഉണ്ടായ ഖേദത്തെപ്പോക്കുവൻ ഞാൻ."
93 എന്നങ്ങു ചൊന്നവനന്നിലംതന്നിലേ
94 വന്നൊരു വാവിനെപ്പാർത്തു നിന്നാൻ
95 വാവങ്ങു വന്നപ്പോൾ മാമുനിമാരെല്ലാ
96 മാവിലമാനസരായനേരം
97 "ഭീതരായ് നില്ലാതെ വൈതാനകർമ്മത്തിൽ
98 കൈതുടർന്നീടുവി"നെന്നു ചൊന്നാൻ.
99 നന്മുനിമാരതു കേട്ടുനിന്നോരോരോ
100 കർമ്മംഗളാരംഭിച്ചീടുംനേരം

101 മുഷ്ക്കരനായൊരു വല്ക്കലൻ വന്നു നി
102 ന്നുൽക്കടകർമ്മങ്ങളാചരിച്ചാൻ.
103 മത്സ്യങ്ങൾകൊണ്ടു വിതച്ചുനിന്നീടിനാൻ
104 മദ്യമായുള്ളൊരു നീരും വീഴ്ത്തി.
105 വിണ്മയമായൊരു നൽവിള തൂകിനാൻ
106 കന്മഷക്കായ്കളേ കായ്പ്പിപ്പാനായ്.
107 ശോണമായുള്ളൊരു ശോണിതം തൂകിനാൻ
108 ചേണുറ്റ കുണ്ഡങ്ങൾതോറും പിന്നെ.
109 ദുഷ്ടനായുള്ളൊരു വല്ക്കലനിങ്ങനെ
110 കഷ്ടത പിന്നെയും കാട്ടുംനേരം

111 ദുർഗ്ഗന്ധമേതും പൊറുക്കരുതായ്കയാൽ
112 നിർഗ്ഗമിച്ചീടിനാർ നിന്നോരെല്ലാം.
113 വീരനായുള്ളൊരു സീരിതാൻ നോക്കുമ്പോൾ
114 ദൂരവേ കാണായി ഘോരന്തന്നെ.
115 സീരത്തെക്കൊണ്ടു വലിച്ചവന്തന്നെയും
116 ചാരത്തുകൊണ്ടു പിടിച്ചു പിന്നെ
117 നിർമ്മലമായൊരു വന്മുസലത്തിന്നു
118 വന്മദം പൂകിച്ചാൻ താഡിച്ചപ്പോൾ:
119 നന്മുനിമാരുടെ വേദനപോലെയ
120 ക്കമ്മൻറെ ജീവനും പോയിതായി.

121 മോദിതരായുള്ള മാമുനിമാരെല്ലാം
122 ആദരിച്ചമ്പോടു സീരിതന്നെ
123 ആശയംതന്നിൽ നിറഞ്ഞുനിന്നീടുന്നൊ
124 രാശിയും ചൊല്ലിനാരായവണ്ണം.
125 വാരുറ്റുനിന്നൊരു സീരിതാനെന്നപ്പൊ
126 ളാരണർ നല്കിയുള്ളാശിയെല്ലാം
127 പാഥേയമായിപ്പരിഗ്രഹിച്ചങ്ങനെ
128 പാരാതെ പിന്നെയും തീർത്ഥത്തിന്നായ്്
129 ആഗതരായുള്ളൊരാരണന്മാരുമായ്
130 പോകത്തുടങ്ങിനാൻ വേഗത്താലേ.

131 ചാരത്തു നിന്നൊരു കൗശികതീർത്ഥത്തെ
132 പ്പാരാതെ ചെന്നുനിന്നാടിപ്പിന്നെ
133 ചൊല്ക്കൊണ്ടു നിന്നുള്ള തീർത്ഥങ്ങളോരോന്നേ
134 ദിക്ക്രമംകൊണ്ടുനിന്നാടിയാടി.
135 മേദിനിതന്നെ വലത്തുവച്ചങ്ങനെ
136 മേളത്തിൽ നീളെ നടന്നു മെല്ലെ
137 പാതകം പായും പ്രഭാസമാം തീർത്ഥത്തിൽ
138 കൗതുകംപൂണ്ടവൻ വന്നനേരം
139 പാന്ഥന്മാർ വന്നു പറഞ്ഞതു കേൾക്കായി:
140 "പാണ്ഡവന്മാരായ വീരർക്കെല്ലാം

141 ഘോരമായ് നിന്നുള്ളൊരാഹവമുണ്ടായി
142 കൗരവന്മാരോടു കൂടിയിന്നാൾ;
143 എണ്ണമില്ലാതൊരു മന്നവരെല്ലാരും
144 മണ്ണിടം കൈവിട്ടു വിണ്ണിലായി;
145 വീരനായുള്ളൊരു വായുതനയനും
146 നേരറ്റു നിന്ന സുയോധനനും
147 തങ്ങളിൽ നിന്നു പിണങ്ങിനിന്നീടുവാൻ
148 ഭംഗിയും പൂണ്ടു കണക്കുണ്ടിപ്പോൾ."
149 എന്നതു കേട്ടൊരു സീരിതാൻ നണ്ണിനാൻ
150 "മന്നുടെ ഭാരം തളർന്നുതായി.

151 പാരാതെ ചെന്നിനി വീരന്മാർ കോലുന്ന
152 വൈരത്തെപ്പോക്കണമാകിലിപ്പോൾ."
153 എന്നങ്ങു നണ്ണിന രോഹിണീനന്ദനൻ
154 ചെന്നവർ ചാരത്തു പൂകുംനേരം
155 കണ്ടുനിന്നീടുന്ന പാണ്ഡവന്മാരെല്ലാം
156 ഇണ്ടലും പൂണ്ടു ചമഞ്ഞാരപ്പോൾ.
157 എന്തൊന്നു ചിന്തിച്ചു വന്നുതെന്നിങ്ങനെ
158 ചിന്തയുംപൂണ്ടുനിന്നന്ധനായി
159 കാർവർണ്ണന്തന്മുഖം നോക്കിത്തുടങ്ങിനാൻ
160 കാതരനായൊരു ധർമ്മജന്താൻ.

161 എന്തിവൻ ചൊല്ലുന്നതെന്നതേ ചിന്തിച്ചു
162 വെന്തുവെന്തെല്ലാരും നിന്നനേരം
163 ചാരത്തു ചെന്നൊരു സീരിതാനെന്നപ്പോൾ
164 വീരന്മാരോടു വിളിച്ചു ചൊന്നാൻ:
165 "എന്നുടെ ചൊല്ലിനെക്കേൾക്കുമിന്നിങ്ങളെ
166 ന്നിങ്ങനെ ചിന്തിച്ചു വന്നുതിപ്പോൾ.
167 ബന്ധുക്കളായോരും ബന്ധിച്ചുനിന്നോരും
168 അന്തത്തെ പ്രാപിച്ചുതല്ലൊയെന്നാൽ
169 പൊങ്ങിന കോപവും പൂണ്ടിനിയിങ്ങനെ
170 നിങ്ങളിൽനിന്നു പിണങ്ങ വേണ്ടാ.

171 ഊക്കിനെപ്പാർക്കുമ്പൊളൂക്കനായ് നിന്നിട്ടു
172 രൂക്ഷനായുള്ളതു ഭീമനത്രെ.
173 ശിക്ഷകൊണ്ടുള്ളതു ചിന്തിച്ചു കാണുമ്പൊ
174 ളക്ഷതനായ്വരും നീയുമെന്നാൽ
175 നിഷ്ഫലമായൊരു യുദ്ധമെന്നിങ്ങനെ
176 നിശ്ചയമുണ്ടെനിക്കുള്ളിലെന്നാൽ
177 നേരിട്ടു നിങ്ങളിലിങ്ങനെ നില്ലാതെ
178 നേരത്തിണങ്ങുകയെന്നേ വേണ്ടൂ."
179 സീരിതാനിങ്ങനെ ചൊന്നതു കേട്ടുള്ള
180 വീരന്മാരേറിന വൈരത്താലേ

181 പിന്നെയും പാരം പിണങ്ങി നിന്നീടിനാർ
182 എന്നതു കണ്ടൊരു സീരിയപ്പോൾ
183 "ഇങ്ങനെ കർമ്മമിവർക്കെ"ന്നു ചിന്തിച്ചു
184 പൊങ്ങിന ഖേദത്തെപ്പോക്കിപ്പിന്നെ
185 പാണ്ഡവന്മാരോടു യാത്രയും ചൊന്നുടൻ
186 പാരാതെ പോയിത്തൻ ദ്വാരകയിൽ
187 ഇഷ്ടരുമായിട്ടു തുഷ്ടനായ്മേവിനാൻ
188 ഒട്ടുനാളങ്ങനെ നിന്നു പിന്നെ
189 ധന്യമായുള്ളൊരു നൈമിശക്ഷേത്രത്തിൽ
190 പിന്നെയും പോയവൻ ചെന്നനേരം

191 യജ്ഞങ്ങൾകൊണ്ടു യജിപ്പിച്ചു മേവിനാർ
192 അജ്ഞത വേറിട്ട മാമുനിമാർ.
193 മംഗലസ്നാനവുമാചരിച്ചങ്ങനെ
194 മങ്ങാതെ വന്നുടൻ ദ്വാരകയിൽ
195 കാർമുകിൽവർണ്ണനും താനുമായമ്പോടു
196 തൂമയിൽ മേവിനാൻ കാമപാലൻ.