അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/സുന്ദരകാണ്ഡം/ഹനൂമദ്ബന്ധനം

(ഹനൂമദ്ബന്ധനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
സുന്ദരകാണ്ഡം


ഇതിജനകവചന മലിവോടു കേട്ടാദരാ

ലിന്ദ്രജിത്തും പറഞ്ഞീടിനാൻ തൽക്ഷണേ:

“ത്യജ മനസി ജനക! തവശോകം മഹാമതേ!

തീർത്തുകൊൾവൻ ഞാൻ പരിഭവമൊക്കവേ

മരണവിരഹിതനവനതിനില്ല സംശയം

മറ്റൊരുത്തൻ ബലാലത്ര വന്നീടുമോ! 870

ഭയമവനുമരണകൃതമില്ലെന്നു കാൺകിൽ ഞാൻ

ബ്രഹ്മാസ്ത്രമെയ്തു ബന്ധിച്ചു കൊണ്ടീടുവൻ

ഭുവനതലമഖിലമരവിന്ദോത്ഭവാദിയാം

പൂർവ്വദേവാരികൾ തന്നവരത്തിനാൽ

വലമഥനമപിയുധി ജയിച്ച നമ്മോടൊരു

വാനരൻ വന്നെതിരിട്ടതു മത്ഭുതം!

അതുകരുതുമളവിലിഹ നാണമാമെത്രയും

ഹന്തുമശക്യോപി ഞാനവിളംബിതം

കൃതിഭിരപി നികൃതിഭിരപി ഛത്മനാപി വാ

കൃച്ഛ്രേണ ഞാൻ ത്വൽ സമീപേ വരുത്തുവൻ 880

സപദി വിപദുപഗതമിഹ പ്രമദാകൃതം

സമ്പദ്വിനാശകരം പരം നിർണ്ണയം

സസുഖമിഹ നിവസ മയി ജീവതി ത്വം വൃഥാ

സന്താപമുണ്ടാക്കരുതു കരുതു മാം“

ഇതി ജനകനൊടു നയഹിതങ്ങൾ സൂചിപ്പിച്ചുട-

നിന്ദ്രജിത്തും പുറപ്പെട്ടു സന്നദ്ധനായ്

രഥകവചവിശിഖധനുരാദികൾ കൈക്കൊണ്ടു

രാമദൂതം ജേതുമാശു ചെന്നീടിനാൻ

ഗരുഡനിഭനഥ ഗഗനമുല്പതിച്ചീടിനാൻ

ഗർജ്ജനപൂർവ്വകം മാരുതി വീര്യവാൻ 890

ബഹുമതിയുമകതളിരിൽ വന്നു പരസ്പരം

ബാഹുബലവീര്യവേഗങ്ങൾ കാൺകയാൽ

പവനസുതശിരസി ശരമഞ്ചുകൊണ്ടെയ്തിതു

പാകാരിജിത്തായ പഞ്ചാസ്യവിക്രമൻ

അഥസപദി ഹൃദി വിശിഖമെട്ടു കൊണ്ടെയ്തു മ-

റ്റാറാറുബാണം പദങ്ങളിലും തദാ

ശിതവിശിഖമധികതരമൊന്നു വാൽ മേലെയ്തു

സിംഹനാദേന പ്രപഞ്ചം കുലുക്കിനാൻ

തദനു കപികുലതിലകനമ്പു കൊണ്ടാർത്തനായ്

സ്തംഭേന സൂതനെക്കൊന്നിതു സത്വരം 900

തുരഗയുതരഥവുമഥഝടിതി പൊടിയാക്കിനാൻ

ദൂരത്തു ചാടിനാൻ മേഘനിനാദനും

അപരമൊരു രഥ മധിക വിതതമുടനേറി വ-

ന്നസ്ത്രശസ്ത്രൌഘവരിഷം തുടങ്ങിനാൻ

രുഷിതമതി ദശവദനതനയ ശരപാതേന

രോമങ്ങൾ നന്നാലു കീറി കപീന്ദ്രനും

അതിനുമൊരുകെടുതിയവനില്ലെന്നു കാൺകയാ-

ലംഭോജസംഭവബാണമെയ്തീടിനാൻ

അനിലജനുമതിനെ ബഹുമതിയൊടുടനാദരി-

ച്ചാഹന്ത! മോഹിച്ചു വീണിതു ഭൂതലേ 910

ദശവദനസുതനനിലതനയനെ നിബന്ധിച്ചു

തൻപിതാവിൻ മുമ്പിൽ വച്ചു വണങ്ങിനാൻ

പവനജനു മനസിയൊരു പീഡയുണ്ടായീല

പണ്ടു ദേവന്മാർ കൊടുത്ത വരത്തിനാൽ

നളിനദലനേത്രനാം രാമൻ തിരുവടി

നാമാമൃതം ജപിച്ചീടും ജനം സദാ

അമലഹൃദി മധുമഥന ഭക്തിവിശുദ്ധരാ-

യജ്ഞാനകർമ്മകൃത ബന്ധനം ക്ഷണാൽ

സുചിരവിരചിതമപി വിമുച്യ ഹരിപദം

സുസ്ഥിരം പ്രാപിക്കുമില്ലൊരു സംശയം 920

രഘുതിലകചരണയുഗമകതളിരിൽ വച്ചൊരു

രാമദൂതന്നു ബന്ധം ഭവിച്ചീടുമോ?

മരണജനിമയ വികൃതി ബന്ധമില്ലാതോർക്കു

മറ്റുള്ള ബന്ധനം കൊണ്ടെന്തു സങ്കടം?

കപടമതികലിത കരചരണ വിവശത്വവും

കാട്ടിക്കിടന്നു കൊടുത്തോരനന്തരം

പലരുമതികുതുകമൊടു നിശിചരണമണഞ്ഞുടൻ

പാശഖണ്ഡേന ബന്ധിച്ചതു കാരണം

ബലമിയലുമമരരിപു കെട്ടിക്കിടന്നെഴും

ബ്രഹ്മാസ്ത്ര ബന്ധനം വേർപെട്ടിതപ്പോഴേ 930

വ്യഥയുമവനകതളിരിലില്ലയെന്നാകിലും

ബദ്ധനെന്നുള്ള ഭാവം കളഞ്ഞീലവൻ

നിശിചരരെടുത്തു കൊണ്ടാർത്തു പോകും വിധൌ

നിശ്ചലനായ്ക്കിടന്നാൻ കാര്യഗൌരവാൽ

അനിലജനെ നിശിചരകുലാധിപൻ മുമ്പിൽ വ-

ച്ചാദിതേയാധിപാരാതി ചൊല്ലീടിനാൻ

“അമിത നിശിചരവരരെ രണശിരസി കൊന്നവ-

നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാൻ

ജനക! തവ മനസി സചിവ്ന്മാരുമായിനി-

ച്ചെമ്മേ വിചാര്യ കാര്യം നീ വിധീയതാം 940

പ്ലവഗകുലവരനറിക സാമാന്യനല്ലിവൻ

പ്രത്യർത്ഥി വർഗ്ഗത്തിനെല്ലാമൊരന്തകൻ.

നിജതനയ വചനമിതി കേട്ടു ദശാനനൻ

നിൽക്കും പ്രഹസ്തനോടോർത്തു ചൊല്ലീടിനാൻ:

ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-

മെങ്ങു നിന്നത്ര വരുന്നതെന്നുള്ളതും

ഉപവനവുമനിശമതു കാക്കുന്നവരെയു-

മൂക്കോടെ മറ്റുള്ള നക്തഞ്ചരരെയും

ത്വരിതമതി ബലമൊടു തകർത്തു പൊടിച്ചതും

തൂമയോടാരുടെ ദൂതനെന്നുള്ളതും 950

ഇവനൊടിനി വിരവിനൊടു ചോദിക്ക നീയെന്നു-

മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനും

പവനസുതനൊടു വിനയതനയസഹിതമാദരാൽ

പപ്രച്ഛ” നീയാരയച്ചു വന്നൂ കപേ!

നൃപസദസികഥയ മമ സത്യം മഹാമതേ!

നിന്നെയഴിച്ചു വിടുന്നുണ്ടു നിർണ്ണയം

ഭയമഖിലമകതളിരിൽ നിന്നുകളഞ്ഞാലും

ബ്രഹ്മസഭയ്ക്കൊക്കു മിസ്സഭ പാർക്ക നീ

അനൃത വചനവു മലമധർമ്മ കർമ്മങ്ങളു-

മത്ര ലങ്കേശ രാജ്യത്തിങ്കലില്ലെടോ!” 960

നിഖില നിശിചരകുല ബലാധിപൻ ചോദ്യങ്ങൾ

നീതിയോടേ കേട്ടുവായുതനയനും

മനസി രഘുകുലവരനെ മുഹുരപി നിരൂപിച്ചു

മന്ദഹാസേന മന്ദേതരം ചൊല്ലിനാൻ: