പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം

(Prapanchathil sthreepurushanmarkkulla sthanam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം (പ്രബന്ധം)

രചന:ചട്ടമ്പിസ്വാമികൾ
"പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാരുടെ സ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനം"

ചട്ടമ്പിസ്വാമികളുടെ
കൃതികൾ

ചട്ടമ്പിസ്വാമികൾ
കൃതികൾ

 · ക്രിസ്തുമതനിരൂപണം
 · പ്രാചീനമലയാളം
 · പ്രാചീനമലയാളം 2
 · വേദാധികാരനിരൂപണം
 · അദ്വൈതചിന്താപദ്ധതി
 · നിജാനന്ദവിലാസം
 · ജീവകാരുണ്യനിരൂപണം
 · ആദിഭാഷ
 · ശ്രീചക്രപൂജാകല്പം
 · പ്രപഞ്ചത്തിൽ സ്ത്രീപുരുഷന്മാർക്കുള്ള സ്ഥാനം
 · ദേവാർച്ചാ പദ്ധതിയുടെ ഉപോദ്ഘാതം
 · ദേവീമാനസപൂജാസ്തോത്രം
 · പ്രണവവും സംഖ്യാദർശനവും
 · ഭാഷാപത്മപുരാണാഭിപ്രായം
 · കേരളത്തിലെ ദേശനാമങ്ങൾ
 · മലയാളത്തിലെ ചില സ്ഥാനനാമങ്ങൾ
 · കവിതകൾ
 · കത്തുകൾ
 · തിരുമൊഴികൾ
 · തമിഴകവും ദ്രാവിഡമാഹാത്മ്യവും
 · കേരളചരിത്രവും തച്ചുടയ കയ്മളും


മൂലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടെയും മാതാപിതാക്കന്മാർ ആയിരിക്കുന്നത്. [1]ബ്രഹ്മസാന്നിദ്ധ്യം കൊണ്ടു മൂലപ്രകൃതി ചേഷ്ടിച്ചു നിത്യ പരമാണുക്കൾ തമ്മിൽ സംയോഗ വിശ്ലേഷങ്ങളുണ്ടായി സൃഷ്ടി സ്ഥിതി സംഹാരങ്ങൾ സകലതും നിറവേറ്റിപ്പോകുന്നു.പ്രപഞ്ച നിർമാണംബ്രഹ്മ പ്രകൃതികളുടെ സംയോഗം നിമിത്തമാണു എന്നതു കാരരൂപണം കൊണ്ടു നമുക്കു മനസ്സിലാക്കാം. 'അ'കാരം ബ്രഹ്മമൂലപ്രകൃതി (ശിവശക്തി)കളുടെ സംയോഗം കൊണ്ടുണ്ടായ ശബ്ദമായിട്ടാണു കൽപ്പിച്ചിരിക്കുന്നതു. എന്തുകൊണ്ടെന്നാൽ, പിന്നീടുവ്യവഹാരോചിതമായുണ്ടായിട്ടുള്ള സകല ശ്ബ്ദപ്രപഞ്ചവും, വാക്പ്രപഞ്ചവും, ഭാഷാപ്രപഞ്ചവും ആ ആദ്യ അകാരത്തിൽ നിന്നുണ്ടായതാണ് [2] മിക്ക ഭാഷകളിലും ഈ അകാരം എഴുതുന്നതിൽ ഈ തത്ത്വം അടക്കിയിട്ടുണ്ട്. ഈ അക്ഷരം എഴുതുന്ന ചിഹ്നം ആകെ ഒന്നായിരുന്നാലും അതിൽ മേൽപങ്ക്, കീഴ്പങ്ക് എന്നു രണ്ട് ഭാഗങ്ങളുണ്ട്.മേൽ പങ്ക് ബ്രഹ്മത്തെ അതായത് പുല്ലിംഗ ത്തെ കുറിക്കുന്നതും, കീഴ്പങ്ക് മൂല പ്രകൃതി അതായത് സ്ത്രീലിംഗത്തെ കുറിക്കുന്നതുമാകുന്നു.ഈ രണ്ട് പങ്കും വെവ്വേറെ ഇരിക്കുന്ന അവസരത്തിൽ അവയ്ക്ക് ഈ ലിംഗവ്യത്യാസമോ വാക്യവാചകപ്രപഞ്ചം സൃഷ്ടിക്കാനുള്ള ശക്തിയോ ഇല്ല. അവയുടെ സംയോഗത്തിൽ മാത്രമേ ഓരോ പൂർണ്ണ ശബ്ദവും അക്ഷരവുമായ് ചേർന്ന് മറ്റ് ശബ്ദങ്ങളെ ജനിപ്പിച്ചും അവയോടു ചേറ്ന്നും ഭാഷാപ്രപഞ്ചം ഉണ്ടാകുന്നുള്ളു. കാലക്രമത്തിൽ ഈ ആദ്യ അകാരത്തിൽ അടങ്ങിയിരിക്കുന്ന ഇപ്പറഞ്ഞ തത്ത്വം മറച്ചു വച്ചു. അതിനുള്ള കാരണമെന്തെന്നാൽ ഓരോ ഭാഷയും പ്രൗഢാവസ്ഥയിൽ എത്തിയതിന്റെ ശേഷം അതിന്റെ യഥാർത്ഥ മർമസ്ഥാനം ഗോപ്യമായിവയ്ക്കേണ്ടതായും, അതറിഞ്ഞിട്ടു കേവലം കാര്യങ്ങളിൽ പ്രയോജനമില്ലാത്തത് ആയും വന്നുചേർന്നു എന്നുള്ള സംഗതിയാണ്.

സകല ഭാഷാപ്രപഞ്ചങ്ങൾക്കും ശിവശക്തിസൂചകമായ ആദ്യ അകാരത്തിന്റെ മേൽപങ്കും കീഴ്പങ്കും ആണും പെണ്ണുമായിരിക്കുന്നതു പോലെ എല്ലാ ജീവജാലങ്ങളുടെയും സൃഷ്ടിസ്ഥിതിസംഹാര കർത്താക്കന്മാരായ മാതാപിതാക്കൾ ആണും പെണ്ണൂമാണ്. ഇവരുടെ സംയോഗത്തിൽ ജീവ ജലങ്ങൾ വർദ്ധിക്കുകയും, ഐകമത്യത്തിൽ നില നിൽക്കുകയും വിശ്ലേഷത്തിൽ പ്രജാവർദ്ധന ഇല്ലാതിരിക്കുകയും ഭിന്നമതിയിൽ സമുദായനാശം നേരിടുകയും ചെയ്യുന്നു. ബ്രഹ്മസാന്നിദ്ധ്യം കൂടാതെ മൂലപ്രകൃതിക്കു ചേഷ്ടിക്കുവാൻ ശക്തിയില്ല എന്നതു നോക്കുമ്പോൾ സർവ്വ പ്രാധാന്യം ബ്രഹ്മത്തിനു തന്നെനൽകാം. എങ്കിലും ബ്രഹ്മസാന്നിദ്ധ്യ പ്രകടനത്തിനിടം അനുവദിച്ച്, സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തുന്നതു മൂലപ്രകൃതിയുടെ ചേഷ്ടാവിലാസം കൊണ്ടാകയാൽ ലോകദൃഷ്ട്യാ പ്രകൃതിക്കു പ്രാഥമ്യം നൽകേണ്ടതായിരിക്കുന്നു. മൂലപ്രകൃതിയെ പ്രപഞ്ചസൃഷ്ടിക്കു പ്രേരിപ്പിക്കുന്നത് ബ്രഹ്മചൈതന്യമാണന്നു പറഞ്ഞുവല്ലോ. എന്നാൽ ആ പ്രകൃതിസൃഷ്ടങ്ങളായ വസ്തുക്കൾ ബ്രഹ്മത്തിനു ലേശമെങ്കിലും അനുഭൂതിക്കും അവകാശത്തിനും ഉതകുന്നതോ അവയിൽ ബ്രഹ്മത്തിനു ഒരു തൽപരതയും അഭിമാനവും ഉള്ളതോ അല്ലാത്തതും ആകുന്നു. സകലവും പ്രകൃതിക്കും അവളുടെ സന്താനങ്ങൾക്കും അനുഭവത്തിനുള്ളതാണ്. അതുപോലെ പുരുഷന്റെ സ്ഥിതിയും, പ്രയത്നവും തൽഫലവും ഒന്നും തനിക്കുള്ളതല്ല, എല്ലാം സ്ത്രീയ്ക്കും അവളുടെ സന്താനങ്ങൾക്കും ഉള്ളതാണ്. പരമാർത്ഥത്തിൽ പുരുഷനും സ്ത്രീയും അന്യോന്യം ആശ്രയിക്കാതെ കഴിവില്ലങ്കിലും പുരുഷന്റേതു സ്ത്രീയെ അപേക്ഷിച്ചുനോക്കുകയാണങ്കിൽ, ഒരു ഉദാസീനന്റെ നില മാത്രമാണ്. ബ്രഹ്മസാനിദ്ധ്യം മാത്രം കൊണ്ട് സർവ്വ്വപ്രപഞ്ച രചനയ്ക്കും ആ മൂലശക്തിയെ ശക്തമാക്കിത്തീർക്കുന്നതുപോലെ പുരുഷൻ സ്ത്രീയ്ക്കു വശംവദനായി നിന്ന് ഓരോ ശരീരപ്രപഞ്ചത്തെ സൃഷ്ടിച്ച്‌ സംസാരചക്രം പ്രവർത്തിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അവൻ പ്രസവാദിയായ ക്ലേശങ്ങളും, ഗൃഹഭരണാദി കൃത്യഭാരങ്ങളും ഇല്ലാത്തവനും, അവന്റെ ശരീരനിർമാണം അവയ്ക്കു പറ്റാത്തതും ആണ്. കാര്യപ്രപഞ്ചത്തിൽ, പുരുഷനേക്കൾ അധികം ക്ലേശവും ബുദ്ധിമുട്ടും, ഉത്തരവാദിത്വവും സ്ത്രീയ്ക്കാകയാലും, സമുദായ വൃദ്ധിക്ഷയങ്ങൾക്ക് സ്ത്രീയുടെ കാര്യഭരണം വാസ്തവത്തിൽ ഹേതുവായിരിക്ക കൊണ്ടും അവൾക്കാണ് രണ്ടിലും പ്രാധാന്യമുള്ളത്. ഏതു പാഴ്‌വേല ചെയ്തും കാടുകയറിയും, നാടോടിയും, തെണ്ടിതിരിഞ്ഞും സ്വന്തം കടമ നിർവഹിച്ചു സ്വജനപരിരക്ഷ ചെയ്യേണ്ടതിനത്രേ പുരുഷന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ സ്വഗൃഹങ്ങളിൽ ഇരുന്നു ഇച്ഛാമാത്രശക്തിയാലും സാമർത്ഥ്യംകൊണ്ടും അവരവർക്കു വിഹിതമായിട്ടുള്ള കാര്യഭരണം ചെയ്ത് ധർമ്മനിഷ്ഠകൊണ്ടു സ്വഗൃഹപരിസരം മുതൽ ഭൂമിയൊട്ടുക്കു അജ്ഞാതശക്തിയിൽ പെടുത്തി ഭരിയ്ക്കത്തക്കവണ്ണം നിപുണതയും അധികാരവും അവകാശവും സ്ത്രീയ്ക്കാണു കൊടുത്തിരിക്കുന്നത്. പുരുഷന്റെ സാക്ഷിത്വസഹായത്തിൽ സ്ത്രീ സർവ്വതന്ത്രസ്വതന്ത്രയായ ത്രൈലോക്യനായികയും ആണ്. അല്ലാതെ മൂഢമതികൾ പറകയും ആചരിക്കുകയും ചെയ്യും വണ്ണം ന സ്ത്രീ സ്വാന്ത്ര്യമർഹതി [3] എന്നു കൽപ്പിച്ച് കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും, അസ്വതന്ത്രയുമായ അടിമയായും, കേവലം പുത്രോൽപാദനത്തിനുള്ള ഒരു യന്ത്രമായും കരുതുകയും, പുരുഷൻ എന്തു തോന്ന്യാസവും കാണിക്കാമെന്നുള്ള ഗർവോടുകൂടി സകല കാര്യങ്ങളും ശരിയായി ഭരിക്കാൻ തനിക്കേ കെൽപ്പുള്ളു എന്നു ശഠിക്കയും ചെയ്യുന്നതു തെറ്റും, ന്യായത്തിനും ധർമത്തിനും കാര്യത്തിനും ഏറ്റവും വിരുദ്ധവും ആകുന്നു. ഇതിന്റെ അർത്ഥം ഇപ്പോൾ ഉദ്യോഗാദി രാജ്യഭരണകാര്യങ്ങൾ ചെയ്തുവരുന്ന പുരുഷന്മാർ സ്ത്രീകൾക്ക് ഇടം ഒഴിഞ്ഞു കൊടുത്ത് ഗൃഹത്തിൽ ചെന്ന് ശിശുക്കളെ പോറ്റിവളർത്തണമെന്നോ, ഗൃഹത്തിലിരുന്നു അന്യാദൃശമായ സ്വയംഭരണ ശക്തി ലോകമൊട്ടുക്കു വ്യാപിപ്പിക്കേണ്ട സ്ത്രീകൾഗൃഹം വിട്ടു കെട്ടിഞെളിഞ്ഞു രാജ്യകാര്യാദികൾ നടത്തുകയോ സഭ കൂടി പ്രസംഗങ്ങൾ തട്ടി മൂളിക്കുകയോ ചെയ്യണമെന്നല്ല. അവരുടെ ഗൃഹം ഒരു ചെറിയ ലോകമായും, അതിലെ അംഗങ്ങളെ ഭൂതലവാസികളായും ഉപമിക്കാം. ആ ഗൃഹത്തിൽ തന്റെ കൃത്യം അറിഞ്ഞു ധർമിഷ്ഠയായി കാര്യഭരണം നടത്തി അവിടെയുള്ള സകല പരിപുഷ്ടിക്കും ക്ഷേമത്തിനും കാരണമായിത്തീരുന്ന നായികയാണു ലോകൈകചക്രവർത്തിനി. അങ്ങിനെ എല്ലാകാര്യവും ഇരുന്നിടത്തിരുന്ന് നടത്തുവാൻ ശേഷിയും, അധികാരവും അവകാശവും സ്ത്രീയ്ക്കുണ്ടായിരിക്കയാലും അതിനുവേണ്ട ഉപകരണങ്ങൾ സജ്ജമാക്കുന്നതിലേയ്ക്കു പുരുഷൻ കടപ്പെട്ടവനായിരിക്കയാലും, സ്ത്രീയ്ക്ക് തന്റെ വിധിവിഹിതമായിരിക്കുന്നതു ഉത്തമധർമ്മം നടത്തുവാൻ വേഷമണിഞ്ഞു പുറപ്പെടുകയോ അതിനായി തനിക്കു സ്വതേ സ്ത്രീയാകനിമിത്തം പ്രകൃതി കൽപ്പിച്ചിരിക്കുന്നതിലധികം കായക്ലേശവും മനക്ലേശവും അനുഭവിക്കുകയോ ചെയ്യേണ്ട ആവശ്യം ഒട്ടും തന്നെ ഇല്ല.

ഉത്തരവാദിത്വം ഏറുംതോറും അധികാരവും ഏറും എന്നത് പരമാർത്ഥമാണ്. മനുഷ്യലോകത്തു ഉത്തരവാദിത്വം പുരുഷനേക്കാൾ സ്ത്രീയ്ക്കാണുള്ളതെന്നതെക്കാലവും അഭേദ്യമായ ഒരു സിദ്ധാന്തപക്ഷം തന്നെ. കരുണാകണിയണുവും തീണ്ടാത്തവനും, സ്ത്രീകൾ, ഭാര്യ, ദൗഹൃദിനി, മാതാ എന്ന ഓരോ താവളങ്ങളിൽ സഹിച്ചുപോരുന്ന ബഹുവിധക്ലേശങ്ങളെപ്പറ്റി ശാന്തമായി അവലോകനം ചെയ്താൽ അവന്റെ ഉള്ളമുരുകി, ആ അത്ഭുതസൃഷ്ടിയുടെ പാദാരവിന്ദങ്ങളിൽ നമസ്‌കരിക്ക തന്നെ ചെയ്യും. സഹനശക്തിക്കും കരുതലിനും ലോകോത്തരമായ ഉദാഹരണങ്ങൾ ഈ പ്രപഞ്ചത്തിൽ ജീവലോകം ആകമാനം പരിശോധിച്ചാലും സ്ത്രീനിന്ദകന്മാരും തന്മൂലം നിർഘൃണന്മാരും കൃതഘ്‌നന്മാരുമായ പുരുഷപുരീഷങ്ങൾ പോലും സ്ത്രീകൾ തന്നെയെന്നേ പറയു. വിചാരണ ബുദ്ധിയും, കൃതജ്ഞതയുമുള്ള പുരുഷൻ അല്പനേരം അവന്റെ മനം ഒന്നു നിർത്തി ആലോചിക്കട്ടെ. നോക്കുക, അവരുടെ ദുരന്തമായ ദുഃഖങ്ങളും ഉത്തരവാദിത്വബഹുലങ്ങളും, ആഹോ! മായവിലാസം! ഈ വന്ദ്യഗാത്രികൾ ഇതെല്ലാം ആർക്കുവേണ്ടി എന്തിനായി അനുഭവിക്കുന്നു. പുരുഷന്റെ കൃതജ്ഞതയും ഒന്നും അവർ ആവശ്യപ്പെടുകയുമില്ല. അവ എത്ര നിസ്സാരങ്ങൾ! പത്തു മാസം വയറ്റിൽ കഷ്ടപ്പെട്ടു ഭേസി, ദുർവാര വേദനയനുഭവിച്ചു [4] പ്രസവിച്ചുണ്ടാകുന്ന പ്രജ എത്രതന്നെ വികൃതവും വിരൂപവുമായിരുന്നാലും അതിന്റെ അമ്മ അതിന്റെ മലമൂത്രാദികളിൽ സ്വയം ആറാടിത്താലോലിച്ച് തീറ്റികൊടുത്ത് വളർത്തിപ്പോരുന്നു. താൻ അംഗവികലനും രോഗിയും സകലകാര്യത്തിനും പരാശ്രയം തന്നെ ശരണമായിട്ടുള്ളവനും ആയിരുന്നിട്ടുകൂടി എത്രയെന്നില്ലാതെ ബുദ്ധിമുട്ടിപ്പോറ്റുന്ന തള്ളയെപ്പറ്റി നന്ദിയോടെ സ്മരിക്കുന്നതിനു പകരം, തന്നാലാവുന്ന ദ്രോഹവും, ശല്യവും ചെയ്തുവരുന്ന പുത്രങ്കൽകൂടി സദാസമയവും യാതൊരു പ്രത്യുപകാരമോ, ആകാംക്ഷയോ കൂടാതെ അകളകങ്ക കരുണയോടെ അവർ നന്നായി വരണേ സൗഖ്യമായിരിക്കണേ എന്നുള്ള വിചാരത്തോടുകൂടി പ്രവർത്തിക്കുന്ന മാതാവിന്റെ മഹിമ മറ്റാർക്കുകിട്ടും? പിന്നെ, സ്വശരീരരക്ഷയക്കു യതൊന്നും കൊണ്ടുവരാതെയും അവനവന്റെ ബാല്യദശയിൽ സ്വേച്ഛയായി കൈകാലുകൾ കൂടി അനക്കുവാൻ വയ്യാതെയും നിലവിളിക്കുവാൻ അല്ലാതെ മറ്റു യാതൊന്നിനും ത്രാണിയില്ലാതിരിക്കുന്ന അവസരം മുതൽ പ്രാണാന്തത്തോളം പുത്രക്ഷേമം അന്വേഷിച്ചു വർത്തിക്കുന്ന മാതൃസ്‌നേഹശക്തിക്കു തുല്യമായ ശക്തി ലോകത്തിൽ മറ്റുയാതൊന്നിനുമില്ല. മക്കളുണ്ടായാൽ പ്രായം വരുന്നതു വരേയ്ക്കു മാത്രമേ മാതൃശുശ്രൂഷ ആവശ്യമുള്ളുവെന്നും അതുവരേയ്ക്ക് മാത്രമേ അതു നില നിൽക്കുന്നുള്ളുവെന്നും അത്രത്തോലം ശുശ്രൂഷിക്കേണ്ടത് അവരുടെ കടമയാണന്നല്ലാതെ തങ്ങൾക്ക് യാതൊരു ബാദ്ധ്യതയുമില്ലന്നും ശഠിയ്ക്കുന്ന പരിഷ്‌ക്കാരികളുണ്ട്. ഈ കൃതഘ്നന്മാരോട് അവരെ ഈ ലോകത്തിലേയ്ക്ക് ആർ വിളിച്ചിട്ടാണു വന്നത് എന്നും ഇത്ര പരമദുഷ്ടന്മാരെയല്ല ക്ഷണിച്ചിരുന്നതെന്നും പറയുകയല്ലാതെ ഗത്യന്തരമില്ല. ബാല്യത്തിലുള്ള മാതൃശുശ്രൂഷ കഴിഞ്ഞിട്ടും പിന്നെയും മരണം വരെ മാതാവു തന്നെയാണു സകലശ്രേയസ്സിനും ഹേതുവേന്നുള്ളതും വാസ്തവമാണ്. കാലം കൊണ്ടും പ്രായപൂർത്തികൊണ്ടും അവയവപൂർത്തികൊണ്ടും വികാരഭേദങ്ങൾ കൊണ്ടും ബാല്യാൽപരം മാതാവിനു കുട്ടികളെ ശുശ്രൂഷിക്കാൻ തരമില്ലാതെ വരുമ്പോൾ മാതാവ് അവരെ വിവാഹദിക്രിയകൾ ചെയ്ത് ഒരു സ്ത്രീയെ ഭരമേൽപ്പിക്കുന്നു എന്നിരിക്കിലും അവൻ സദാ സമയവും എന്തു ചെയ്യുന്നോ അവനു സുഖം തന്നയോ എന്നും മറ്റുമുള്ള ചിന്താവ്യാപാരങ്ങൾ മാതാവിന്റെ മനസ്സിൽ നിന്നു വിട്ടു പിരിയുന്നില്ല. അവരുടെ അനുഗ്രഹസൂചകവും അൻപുചൊരിയുന്നതുമായ ആ വിചാരം തന്നെയാണു പിന്നീട് മക്കൾക്ക് ശ്രേയസ്സിനു കാരണമായി തീരുന്നതു. ഇച്ഛാമാത്രം പ്രഭോഃ സൃഷ്ടി ഇച്ഛാ മാത്രം കൊണ്ടു ഭഗവാൻ എല്ലാം സൃഷ്ടിക്കുന്നു - എന്ന പോലെ അമ്മയുടെ അനുഗ്രഹം കൊണ്ടുതന്നെ മക്കളും പ്രപഞ്ചത്തിൽ പുലരുന്നു. ഇങ്ങനെ നോക്കുമ്പോൽ പുരുഷനെ ഒരു കാലത്തു ജനിപ്പിച്ച സാക്ഷാൽ അമ്മയും, പിന്നൊരു കാലത്തു തൽക്കാലം ഭാര്യയായിരുന്ന്, താൻ പുത്രീരൂപേണ ജനിക്കുവാൻ ഇടയാക്കുന്നതും ജീവാവസാനം താനൊരുമിച്ചിരിക്കുന്നതുമായ അമ്മയും ആണ്, സകല കാര്യവും അന്വേഷിച്ച് നടത്തുന്നതെന്നു തെളിയും. ഇങ്ങിനെ ലോകദൃഷ്ട്യാ നോക്കുമ്പോൾ, പുരുഷനേക്കാൾ ഉത്തരവാദിത്വവും തന്മൂല അധികാരവും സ്ത്രീയ്ക്കാണെന്നതിൽ രണ്ടു പക്ഷമില്ല എന്നു തന്നെപറയാം. അതുകൊണ്ടു നമ്മുടെ മാതാപിതാക്കളത്രേ സർവ്വവും ഭരിക്കുന്നത് എന്നതിന് സംശയമില്ല - എന്നു പറയുമ്പോൾ സാമുദായികമായി സർവ്വപ്രാധാന്യവും സ്ത്രീക്കാണ് എന്നു വരുന്നു. ശരിയായിട്ടുള്ളതും ഇതു തന്നെ.

കാര്യം ഇങ്ങനെയാണങ്കിലും പുരുഷന്റെ അധികാരവലിപ്പവും ഗർവും കൊണ്ട് അയാളെ ’"ഭർത്താവ്"' എന്നും സ്ത്രീയെ "അബല" എന്നുവച്ച് ഭാര്യ - ഭരിക്കപ്പെടുവാൻ യോഗ്യ - എന്നും വിളിക്കുന്നുവല്ലോ. ഇതിൽ അനല്പമായ അനൗചിത്യം സ്പുരിക്കുന്നു എന്നു പറഞ്ഞേ തീരൂ. സ്ത്രീ തനിക്കുള്ള യഥാർഥമായ അധികാരബലത്തെപ്പറ്റി സ്വതസിദ്ധമായ വിനയപ്രഭാവം കൊണ്ടും പുരുഷനെപ്പോലെ ഒച്ച പൊങ്ങിക്കുവാൻ ഭാവിച്ചില്ല എന്നതാണു പുരുഷന്റെ ഈ അർത്ഥമില്ലാത്ത മുഷ്‌കിനും ഈ നാമധേയത്തിനും ഇടയാക്കിയത്. പൗരാണികന്മാരും മറ്റഭിജ്ഞന്മാരും പ്രഥമസ്ഥാനം സ്ത്രീയ്ക്കാണു കൊടുത്തിട്ടുള്ളത്. യഥാർത്ഥത്തിൽ സ്ത്രീയെ ഭർത്തി - രക്ഷതി ഭരിക്കുന്നവൾ - എന്നാണു പറയേണ്ടത്. മൂല പ്രകൃതിയുടെ സൃഷ്ടിസ്ഥിതിസംഹാരി ചേഷ്ടകൾക്ക് സാക്ഷിമാത്രമായും ആയതുകളുടെ അനുഭവത്തിൽ യാതൊരു പങ്കുമില്ലാതയും,നിർവ്വികാരമായും ഇരിക്കുന്ന ബ്രഹ്മത്തിന്റെ അവസ്ഥപോലെയത്രേ പുരുഷന്റെ സ്ഥിതിയും. അപ്പോൾ സ്ത്രീയ്ക്കു അവളുടെ ഏതവസ്തയിലും ഭാര്യാ [5] എന്നു നാമം കല്പിച്ചിരിക്കുന്നത് വെറും മൗഢ്യമൂലകമാണു എന്നു തെളിയും എന്തെന്നാൽ അവൾക്ക് ഭാര്യാപദം ഗർഭധാരണം വരെയേ ശോഭിക്കുന്നുള്ളു. പിന്നീട് അവൾ ഭർത്താവിനെ പുത്രനായി ജനിപ്പിക്കുന്ന ജനയിത്രി - ജായ തന്നെയായി.[6] വാസ്തവത്തിൽ ഭർത്താവുതന്നെ പുത്രരൂപേണ ജനിക്കുക നിമിത്തം ഭാര്യക്കു ജായ, അമ്മ എന്നു പേർ അന്വർത്ഥമായിരിക്കുന്നു. നോക്കുക! ഇതു പുരുഷന്റെ വിക്രിയകൾക്കുള്ള ഒരുദാഹരണമായി കരുതാം. ഇപ്രകൃതം ഇവിടെ നിൽക്കട്ടെ.

ജനിപ്പിച്ച അമ്മയും പ്രകാരാന്തരേണയുള്ള അമ്മയും എന്നു രണ്ടു പേരുള്ളതിൽ സർവ്വോൽകൃഷ്ടസ്ഥാനം, ജനിപ്പിച്ച അമ്മയ്ക്കു തന്നെയെന്നതു വാദമറ്റ സംഗതിയാണ്. എന്തെന്നാൽ, ഒരുവനേയും അവന്റെ സഹോദരീസഹോദരന്മാരെയും ഒരമ്മയ്ക്കേ ജനിപ്പിക്കാൻ സാധിക്കുകയുള്ളു. പ്രകാരാന്തരേണയുള്ള അമ്മ ഒന്നല്ലെങ്കിൽ മറ്റൊന്നാകാം ('ദേശേ ദേശേ കളത്രാണീ' [7] എന്നത് ഇവിടെ ശ്രദ്ധേയമാണ്). അക്കാരണത്താലും അതു തന്നെ തന്റെ സാക്ഷാൽ അമ്മയുടെ ഇഛാവിശേഷത്താൽ വന്നു ഭവിക്കുന്ന ശരീരാന്തരമായിരിക്കിലും [8] ബീജാവാപം മുതൽ ശരീരപാതം [9] വരെ ജനിപ്പിച്ച അമ്മയുടെ അനുഗ്രഹൈകാവലംബം മക്കൾക്ക് ഇഹത്തിലെ സ്ഥിതിയ്ക്ക് ഹേതുവായിരിക്കയാലും, ആ അമ്മയെ സാക്ഷാൽ ജഗദീശ്വരിയായ പരാശക്തിയായും ആ അമ്മയ്ക്കു സാന്നിദ്ധ്യസഹായം ചെയ്ത് സാക്ഷിയായിനിന്നു രക്ഷിക്കുന്ന പിതാവിനെ പരബ്രഹ്മമായും സങ്കൽപ്പിച്ചിരിക്കുന്നു.

ഇങ്ങിനെ നമ്മെ വയറ്റിനുള്ളിൽ ചുമന്നു പല സങ്കടങ്ങളും അനുഭവിച്ചു പെറ്റ് ഓമനിച്ചു വളർത്തി, നമ്മുടെ യോഗക്ഷേമങ്ങളിൽ [10] ജാഗരൂകരായി നമ്മെ നിത്യവും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമ്മയ്ക്കു പുത്രരായ നാം എന്തു പ്രത്യുപകാരമാണു ചെയ്യാൻ സാധിക്കുന്നതു? ഒന്നും സാധിക്കുകയില്ല. ഉള്ളലിവിനും ക്ഷമയ്ക്കും ഇരിപ്പടമായ ആ മൂർത്തിവിശേഷത്തിനായ്‌ക്കൊണ്ട് നിത്യവും നമസ്‌കാരങ്ങൾ ചെയ്യുകയേ നിർവ്വാഹമുള്ളൂ. ജനനിയുടെ ആകാംക്ഷകൊണ്ടും, കായക്ലേശങ്ങൾ കൊണ്ടും മന:ക്ലേശം കൊണ്ടും പിതാവിന്റെ സാന്നിദ്ധ്യം കൊണ്ടും ജനിച്ചുണ്ടായി വരുന്ന സ്ത്രീപുരുഷന്മാർക്ക് അവരവരുടെ നിലയ്ക്കും ശരീരനിർമാണത്തിനും അനുസരിച്ചു കടമയുണ്ട്. സകല ശരീരങ്ങൾക്കും പ്രഥമമായ കടപ്പാട് ആ അത്ഭുതമൂർത്തിയായ അമ്മയുടെ നേർക്കാണന്നുമാത്രം കരുതിക്കൊള്ളണം. ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി[11] എന്ന പ്രമാണം ഇവിടെ സ്മരണീയം തന്നെ. ഈ കടമ തീർക്കുന്നതിനു സദാ പ്രയത്നിക്കുന്ന അത്യുത്തമപുത്രനും കൂടി സാധിക്കുന്നതല്ല. സാന്നിദ്ധ്യം കൊണ്ടു നമ്മുടെ അമ്മയെ സഹായിക്കുന്ന അച്ഛന്റെ നേർക്കാണു രണ്ടാമത്തെ കടമ. തന്റെ അമ്മയുടെ അധിവാസത്തിനും രക്ഷയ്ക്കും തന്നെ പ്രസവിക്കുന്നതിനും ഇടം അനുവദിച്ചു തന്ന തന്റെ ഗൃഹമത്രെ മൂന്നാമതായി പ്രാധാന്യം അർഹിക്കുന്നത്. അമ്മ ജഗദംബയും,[12] അച്ഛൻ ജഗൽ പിതാവും എന്നു സങ്കൽപ്പിച്ചപ്പോൾ നമ്മുടെ ഗൃഹം പവിത്രമായ ഒരു ക്ഷേത്രമായിത്തീരുന്നു.

ഈ കടമകളെ അല്പം കൂടി വികസിപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സ്ത്രീയ്ക്കു താൻ സ്ത്രീയാകമൂലവും തന്നിമിത്തം സകല കാര്യഭരണാന്വേഷണങ്ങൾക്കും അധികാരമുണ്ടാകയാലും തനിക്കും തന്റെ മാതാവിനെപ്പോലെ കായികവും മാനസികവുമായ നിരവധി കഷ്ടപ്പാടുകൾ അനുഭവിക്കാൻ ഉണ്ടാകയാലും സ്ത്രീധർമ്മം അനുസരിച്ചു പ്രജാവർദ്ധനയും, ഗൃഹസമ്പൽ ഭരണവും, സാമുദായികചക്രപ്രവർത്തനവും ചെയ്യുന്നതു തന്നെ അവളുടെ കടമ. ഇതു നിവർത്തിക്കാതിരുന്നാലത്തെ ദോഷം സാമാന്യമല്ല. പ്രകൃതി പ്രവർത്തിക്കാതിരുന്നാൽ പ്രപഞ്ചമില്ല, പ്രപഞ്ചസൃഷ്ടി ചെയ്ത ഉടനെ പ്രകൃതി വിരമിച്ചാൽ പ്രപഞ്ചനാശവും സൃഷ്ടിയുടെ ഉദ്ദേശവിഫലതയും സംഭവിക്കും. അതുപോലെ സ്ത്രീകൾ സ്വധർമ്മങ്ങൾ അനുഷ്ടിക്കാതിരിക്കുകയോ വിരുദ്ധധർമ്മങ്ങൾ ആചരിക്കുകയോ ചെയ്താൽ കാര്യവൈഷമ്യവും കലഹങ്ങളും സമുദായക്ഷയവും ഘോരാനുഭവങ്ങളും സംഭവിക്കും. പെണ്ണിറങ്ങിയാൽ ബ്രഹ്മനും തടുക്കില്ല എന്ന പഴമൊഴി കൊണ്ടുതന്നെ അവരുടെ പ്രതാപം ദ്യോതിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ അബലനായ പുരുഷന് അവൻ എത്ര മാത്രം നല്ലവനായിരുന്നാലും ലൗകികമായ സഹായങ്ങൾ ചെയ്യുവാൻ കഴിവുള്ളവനായിരുന്നാലും അവന്റെ അമ്മയുടെ നേർക്കുള്ള കടമ, മാതാവ് അവനു വേണ്ടി അനുഭവിച്ചിട്ടുള്ള ക്ലേശങ്ങളോട് തട്ടിച്ചു നോക്കുമ്പോൾ, എത്രമാത്രം തുച്ഛമായിരിക്കുമെന്ന് പറയേണ്ടതില്ല. അതിനാൽ ആ ജഗദംബയ്ക്കു തുല്യമായ അമ്മയോട് കൃതജ്ഞത പ്രദർശിപ്പിക്കാത്തവരെ പരിരക്ഷിക്ക; അവരുടെ ആഗ്രഹങ്ങൾക്കു മനശ്ശരീരങ്ങളാൽ പ്രതികൂലിക്കാതിരിക്ക; അവരെ ആരാധിക്ക; ആ ദേവീസ്വരൂപത്തിൽ കാണുന്ന അന്യസ്ത്രീകളെ വണങ്ങുക; മുതലായവ ചെയ്യണം. തന്റെ ശരീര രക്ഷയ്ക്ക് അന്യർ ഒരു ക്ഷേത്രവും[13] വിഭവ സാമഗ്രികളും തയ്യാറാക്കിയതുപോലെ തക്കതായ കരുതലുകൾ തന്റെ ശേഷം ഉത്ഭവിക്കുന്നവർക്കും വേണ്ടി ചെയ്തുവയ്ക്ക എന്നതാണു ഗൃഹസംബന്ധമായ കടമ. അല്ലാതെ യഥാർത്ഥത്തിൽ തനിക്കു യതൊരവകാശവും ഇല്ലാത്തിടത്തും തന്നെ ക്ഷണിച്ചുവരുത്താതെ സ്വയമേ വലിഞ്ഞുകേറിയും വന്നു തിന്നു മുടിച്ചു നാശം ചെയ്ക എന്നത് അധർമവും മഹാപാതകവുമാണ്. ഉത്തമനായ പുരുഷൻ തെണ്ടിയിട്ടെങ്കിലും തന്റെ കടമ തീർക്കും. എല്ലാറ്റിനും ശേഷം സംസാരപ്രവർത്തനത്തിനും, സമുദായ നിലനില്പിനും വേണ്ടി പ്രകൃതിചോദിതനായി മാതാവിന്റെ ഇഛ നിമിത്തം കളത്രവാനായി ഭവിക്കും. തന്റെ ശരീരമെടുത്ത് പുത്രന്മാർ ജനിക്കുമ്പോൾ, ആ ഓരോ ശരീരത്തിനും രക്ഷയ്കാവശ്യമുള്ള ആഹാര ക്ഷേത്രവസ്ത്രാദികളും വെവ്വേറെ സംഭരിച്ചുകൊടുക്കണം. ഇതിനു വിപരീതം പ്രവർത്തിക്കുന്നവൻ, ഈ ഒടുവിൽ പറഞ്ഞ കടമ തീർക്കുന്നതിനു പകരം മായാപ്രപഞ്ചത്തിലുള്ള കഷ്ടാരിഷ്ടങ്ങൾക്ക്[14]അധികം വളം ചേർക്കുകയാണു ചെയ്യുന്നത്. എന്നാൽ സകലകാര്യവും അതിന്റെ അവസ്ഥാനുസരണം ചെയ്തു തീർക്കണമെങ്കിൽ ഒന്നും തന്നെ തന്റെ അനുഭവത്തിനുള്ളതല്ലെന്നും തനിക്കു യതൊന്നിലും അവകാശവും അധികാരവും ഇല്ലന്നും ഉള്ള ബോധം നല്ലവണ്ണം ഉണ്ടായിരിക്കണം. അല്ലെങ്കിൽ സ്വേഛാപ്രഭുത്വവും സ്വാർത്ഥതയും സ്ഥലം പിടിച്ച് അവനും മറ്റുള്ളവർക്കുമുള്ളത് ആർക്കുമില്ലാതെ കുട്ടിച്ചോറാക്കി കളയുവാൻ ഇടവരികയും ചെയ്യും. തന്റെ കടമകൾ യഥാർഹം നിർവ്വഹിക്കുന്നവനത്രെ യഥാർത്ഥ പുരുഷൻ.

ലോകം രമ്യമായി പോകണമെങ്കിൽ ഐകമത്യം ഉണ്ടായിരിക്കണം; അതാണു സകലതിന്റെയും കാതൽ. ബ്രഹ്മപ്രകൃതികളുടെ ഐകമത്യംകൊണ്ട് സകലസൃഷ്ടിസ്ഥിതികളും നടക്കുന്നു. ഇതുപോലെ തന്നെയാണ് സ്ത്രീപുരുഷന്മാരുടെ ഐകമത്യം കൊണ്ടുണ്ടാകുന്ന പരിപുഷ്ടിയും; ഭിന്നത കൊണ്ടുവരുന്ന നാശവും. ഇതിനാലാണീ സമുദായപ്രപഞ്ചത്തിൽ പുരുഷനെ ബ്രഹ്മമായും സ്ത്രീയെ പ്രകൃതിയായും കൽപ്പിച്ചത്. ഇരുവരും അവരവർക്കുള്ള കൃത്യങ്ങൾ ഐകമത്യത്തോടെ നടത്തുമ്പോൾ ശ്രേയസ്സ് ക്ഷണിക്കാതെ തന്നെ കുടിയേറിക്കൊള്ളും. എന്നാൽ ഇപ്പോൾ ആകട്ടെ ആളുകൾ പെരുത്ത്‌ ഐകമത്യബുദ്ധി ക്ഷയിച്ചു. അവനവന്റെ കൃത്യങ്ങൾ ഇന്നതെന്നുള്ള യഥാർത്ഥനിശ്ചയമില്ലാതെയായി. കൈമിടുക്കും, പരാക്രമവും മാത്രം പ്രബലപ്പെട്ടു. ഐകമത്യവും ധർമമനിഷ്ഠയും ഈ ലോകം വെടിഞ്ഞു. അതിനോടെ ദാരിദ്ര്യം കുശാലായിക്കയറി ലോകസാമ്രാജ്യം കലശലായി ഭരിക്കാനും തുടങ്ങി. ഉപജീവനഭാരം പരഹിംസകൊണ്ടും പരോപദ്രവം കൊണ്ടും ലഘുപ്പെടുത്തി. ഇങ്ങനെ സകലവിധ പീഡനങ്ങൾക്കും -വിപ്ലവങ്ങൾ, കലാപങ്ങൾ മുതലായവയ്ക്കും-നിദാനം അനൈകമത്യം ആണ്.

ഇപ്രകാരം ലോകത്തു നാശഹേതുക്കളായ വിപ്ലവങ്ങളും, കഷ്ടാരിഷ്ടങ്ങളും ഉണ്ടാകുന്നത് ഐകമത്യമില്ലാത്തതിനാലും സ്ത്രീപുരുഷന്മാർ വിരുദ്ധധർമ്മങ്ങളനുഷ്ടിക്കുന്നതുകൊണ്ടുമാണെന്നു തെളിഞ്ഞു. അപ്രധാനമല്ലാത്ത വേറൊരു കാരണം സർവ്വ്വജ്ഞന്മാരെന്നും നിരീക്ഷണപടുക്കളെന്നും അഹങ്കരിക്കുന്ന വിദ്വാന്മാരുടെ അസുന്ദരങ്ങളായ ചില അഭിപ്രായങ്ങളും അവയെ പ്രായോഗിഗമാക്കാൻ ചെയ്യുന്ന പരിശ്രമങ്ങളുമാണ്. ലോകത്തുള്ള ഭിന്നിപ്പിനേയും കലഹങ്ങളേയും നിവൃത്തിക്കുന്നതിലേക്കു ഐകമത്യം വേണമെന്നു ഈ മനുഷ്യന്മാർ കണ്ടു എങ്കിലും, അതിലേയ്ക്കു അവർ ഉന്നയിക്കുന്ന ഉപദേശങ്ങൾ വിപുലങ്ങളെന്ന് വ്യവഹരിക്കാമെന്നുവരികിലും, പ്രായോഗക്ഷമങ്ങളല്ലായ്കയാൽ ക്ഷുദ്രബുദ്ധിജങ്ങളും [15] ആയിരിക്കുന്നു. ഐകമത്യം ഉണ്ടാകേണ്ടതും ഉണ്ടാവുന്നതും, വേഷപ്പകർച്ചകളാലോ, ആഹാരവിഹാരാദികളാലോ, സമാജപ്രസംഗങ്ങളാലോ അല്ല എന്നതു നിശ്ചയം തന്നെ. മേൽ പറഞ്ഞ സംഗതികൾ ഐകമത്യത്തിനു കാരണങ്ങളാകയാൽ അവയുള്ളിടത്തൊക്കെ ഐകമത്യമല്ലാതെ മറ്റൊന്നും ഉണ്ടായിക്കൂടാത്തതും, അവയില്ലാത്തിടത്ത് ഐകമത്യം വന്നുകൂടാത്തതുമാണ്. ഈ സംഗതികളിൽ നമ്മുടെ അനുഭവം നേരെ വിപരീതമായികാണുന്നു. അപ്പോൾ ഇവ ഐകമത്യത്തിനു വഴിയായിതീരുമെന്നൂ പറയുന്നത് ശുദ്ധമേ കമ്പം തന്നെ. അവനവനവന്റെ വീട്ടിൽ ഉണ്ടും സ്വജനങ്ങളിൽ വിവാഹം ചെയ്തും സകലത്തോടും കാരുണ്യത്തോടും കൂടി സമബുദ്ധിയിൽ പെരുമാറി സ്വധർമ്മം നടത്തിയും കൊണ്ടിരുന്നാൽ ഐകമത്യം ഉണ്ടാകുന്നതിനു യാതൊരു വിരോധവുമില്ല. അവിടെ ഉണ്ടാകുകയും ചെയ്യും. മുൻപറഞ്ഞ ഒരോ കാരണങ്ങളെ പുരസ്‌കരിച്ച്, ഐകമത്യത്തിനും സമുദായവൃദ്ധിക്കും പ്രവർത്തിക്കുന്നവരുടെ തന്നെ വാസ്തവാവസ്ഥ എന്തെന്നു നോക്കാം. സ്വന്തകുടുംബത്തിൽ അവനവന്റെ കുഞ്ഞുങ്ങളെത്തന്നെ ശാസിച്ച് ഭരിച്ച് അവിടെ ഐകമത്യം നിലനിർത്താൻ സാധിക്കാത്ത മദാമ്മമാരാണു, രാജ്യത്തുള്ള സകലവിധ സ്ത്രീകൾക്കും ഐകമത്യം പഠിപ്പിക്കാൻ പുറപ്പെടുന്നത്. ജനിച്ചപ്പോൾ അഹർവൃത്തിയ്ക്കു [16] ചില്ലിക്കാശുപോലും കൊണ്ടുവരാതെ മാതാപിതാക്കളെ അലട്ടി, അവരുടെ പ്രയത്നത്താലും കാരണവന്മാർ സദ്ബുദ്ധി വിചാരിച്ചും വല്ലതും സമ്പാദിച്ചു വച്ചിട്ടുണ്ടങ്കിൽ അതു തിന്നു മുടിച്ച് തറവാട് വിറ്റോ പണയമെഴുതിയോ വിദ്യാഭ്യാസവും മറ്റും ചെയ്ത് താൻ ഏതെങ്കിലും നിലയിൽ എത്തിയാൽ ,തന്റെ കടമ വീട്ടുവാൻ പ്രാപ്തനാണന്നു വരികിൽകൂടി, ആയതിനു മനസ്സില്ലാതെ, പിന്നെ വല്ലതും കൂടി തനിക്കു അവിടെ നിന്നു കിട്ടുവാൻ മാർഗ്ഗമുണ്ടോ, തനിക്കുള്ള ഭാഗമെവിടെ എന്നും മറ്റും അന്വേഷിച്ചു സ്വക്ഷേത്രത്തിൽ തന്നെ ഛിദ്രം വരുത്തുവാൻ ആണിയായിത്തീരുന്ന പുരുഷനാണ്, പിന്നെ നാട്ടുകാരുടെ ഐകമത്യത്തിനും അഭ്യുന്യതിക്കും പ്രവർത്തിക്കുന്നവൻ. ഇങ്ങിനെയുള്ളവർ ഐകമത്യമുണ്ടാക്കാൻ പുറപ്പെട്ടാൽ, വിപരീതഫലമല്ലാതെ മറ്റെന്തു ഭവിക്കും?പോരെങ്കിൽ തങ്ങളുടെ കുഞ്ഞുങ്ങൾ ഐകമത്യത്തോടുകൂടി ഏകയോഗക്ഷേമമായി കഴിയാനും അവരിൽ നിന്നും ഉണ്ടാകുന്നസന്താനപരമ്പരയ്ക്കു അനുഭവിക്കുന്നതിനും ഉപകരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി മാതാപിതാക്കളോ കാരണവന്മാരോ അവരുടെ ശക്തിക്കുതക്കവണ്ണം അൽപ്പം വല്ലതും സമ്പാദിച്ചു വയ്ക്കുന്നു. ഇങ്ങിനെയിരിക്കെ ആ കൂട്ടുസ്വത്തിൽ നിന്നും, എനിയ്ക്ക്, എനിയ്ക്ക് എന്നുപറഞ്ഞ് പങ്കു വയ്ക്കുന്നതു തന്നെ ഐകമത്യത്തിനു വിരുദ്ധമല്ലേ? അത്യന്തസംയോഗവും ഐകമത്യവും വേണ്ടിടത്തു തന്നെ ഇപ്രകാരം ഭിന്നമതി സംഭവിച്ചാൽ പിന്നെ ലോകത്തിൽ മറ്റൊരിടത്തും ഐകമത്യം നില നിൽക്കുന്നതല്ല. അതിലും വിശേഷിച്ചു ആദ്യമായി പറഞ്ഞതുപോലെ തന്റെ യഥാർത്ഥ ധർമ്മമാലോചിച്ചാൽ അങ്ങോട്ടുണ്ടാക്കി കൊടുക്കയല്ലാതെ ഇങ്ങോട്ടു ചില്ലിക്കാശുപോലും ഒരു കണ്ടം[17] തുണിപോലും സ്വാനുഭവത്തിനെടുക്കുവാൻ അർഹതയും അധികാരവും ഇല്ലാതെ കേവലഭൃത്യനെപ്പോലെ വർത്തിയ്ക്കേണ്ട പുരുഷൻ സർവ്വ്വസ്വാതന്ത്ര്യവും യജമാനത്വവും നടിച്ചു തന്നിഷ്ടം നിമിത്തം എല്ലാം തനിക്കു വേണം എന്നാത്യാർത്തിപിടിച്ച് സർവ്വ്വസ്വവും വിഴുങ്ങാൻ തുടങ്ങിയാലത്തെ കഥ പറയണോ? അവനെ മാതൃദ്രോഹിയെന്നോ, പിതൃദ്രോഹിയെന്നോ, ഗുരുദ്രോഹിയെന്നോ പറഞ്ഞാൽ പോരാ, മാതാപിതാക്കൾ സാക്ഷാൽ ശിവശക്തികളായാലും, അവരുടെ ഐകമത്യത്താൽ ഉണ്ടായിട്ടുള്ളതും ഏകമതിയായുള്ള ഇച്ഛയിൽ എന്നും ഒന്നായിതന്നെ നിലനില്ക്കണമെന്നു അവർ കരുതിവച്ചിട്ടുള്ളതുമായ സ്വത്ത്, സ്വധർമ്മത്യാഗം കൊണ്ടു മാത്രമല്ല. അധർമ്മപ്രവർത്തി കൊണ്ടുകൂടി ധ്വംസിക്കുന്നവനാകകൊണ്ടും അവനെ യഥാർത്ഥത്തിൽ ബ്രഹ്മഘാതി (ആത്മരാക്ഷസനായി) യായിത്തന്നെ കരുതണം. അതുകൊണ്ടു നാം വിഹിതങ്ങളായ പദ്ധതികൾ ആസ്പദമാക്കി ഐകമത്യം സമ്പാദിച്ചാൽ ഭിന്നിപ്പുകളെല്ലാം ദൂരെ നീങ്ങും. ഈ ദിവ്യൗഷധം ഇപ്പോഴത്തെ പരിഷ്‌ക്കാരം പ്രസവിച്ചുണ്ടാക്കിയതൊന്നുമല്ലാ. ഈ തത്ത്വം അനാദിയായിട്ടുള്ളതു തന്നെ. എന്നാൽ നവപരിഷ്‌ക്കാരം മൂലം സ്വമഹിമഭ്രംശം വന്നു കണ്ണുമയങ്ങിയിരിക്കുന്നവർക്ക് ഈ തത്ത്വമുള്ള കഥ കാണ്മാൻ കഴിയുന്നില്ല. ഭിന്നമതി മൂലം കലാപം മുഴുത്ത്, ഘോരസംഹാരം സൂചിപ്പിക്കുന്ന അവസരങ്ങളിലെല്ലാം ബുദ്ധിമാന്മാരും ദീനദയാലുക്കളും ലോകമെന്നും ശ്രേയസ്സാണ്ടിരിക്കട്ടെ എന്നുള്ളവരുമായ മഹാനുഭാവന്മാർ കാലാനുരൂപമായ സദുപദേശങ്ങൾ ചെയ്ത് ധർമമഭ്രംശം വന്നിരിക്കുന്നവരെ നേരായ മാർഗ്ഗം കാണിച്ചു നടത്തുവാൻ പണിപ്പെട്ടിട്ടുണ്ട്. അങ്ങിനെയുള്ള ഓരോ അനുഭാവിശിഷ്ടന്മാരുടെ ഉപദേശങ്ങളാണിപ്പോൾ നാനാമതങ്ങളായും ഓരോന്നിൽത്തന്നെ ഉപമതങ്ങളായും തീർന്നിരിക്കുന്നത്. ഇപ്രകൃതാനുപ്രകൃതം ഇവിടെ നിർത്താം.

ഇപ്പോഴത്തെ മതിമന്നന്മാരുടെ അഭിപ്രായങ്ങളും പ്രവൃത്തികളും ഐകമത്യത്തിനു വിപരീതമായി കാത്തിരിക്കുന്നുവെന്ന് നാം പറഞ്ഞുവല്ലോ. അതുകൊണ്ട് ലോകരഞ്ജനയ്ക്കായി നാം ഇപ്രകാരം പ്രയത്നിക്കണം പ്രകൃത്യാ അവരവർക്കു വച്ചിട്ടുള്ള ധർമ്മമനുസരിച്ചു സ്വസ്വകാര്യങ്ങളിൽ യാതൊരു നീക്കു പോക്കും വരാതെ താനാണു സകലവും നടത്തേണ്ടതെന്നുള്ള ബുദ്ധിയോടുകൂടി സ്ത്രീയും തനിക്കിതിൽ യാതൊന്നുമില്ല സർവ്വവും സ്ത്രീക്കും അവളുടെ സന്താനങ്ങൾക്കുമാണു; തന്റെ ശ്രമം അവർ സുഖമായിരിക്കുന്നതിലേയ്ക്കു മാത്രമാകുന്നു; അവരുടെ ക്ഷേമംതന്നെ തന്റെയും ക്ഷേമം എന്നുള്ള മഹാമനസ്കതയോടുകൂടി പുരുഷനും, അന്യോന്യാശ്രയമായി ഏകമതിയോടെ പ്രവർത്തിച്ചും കൊണ്ടാൽ യാതൊരു പ്രയത്നനവും കൂടാതെ ഐകമത്യവും ശ്രേയസ്സും സ്വയമേ വന്നു ചേരും. അപ്രകാരം ഭവിച്ചാൽ ശരീരം എടുക്കുന്നതുകൊണ്ടുള്ള പ്രയോജനവും ക്ഷിപ്രസാദ്ധ്യമായി ത്തീരും.

സ്ത്രീകളുടെ കർത്തവ്യകർമങ്ങൾ ഇന്നിന്നവയെന്നു യഥാർത്ഥമായറിഞ്ഞ് അവയെ ജനങ്ങളുടെ ഇടയിൽ പരത്തി ജനങ്ങൾ തന്നെയാണു സാക്ഷാൽ രക്ഷാധികാരികളെന്നു ലോകസമക്ഷം പ്രത്യക്ഷപ്പെടുത്തി, അവരുടെ സ്ഥാനം സർവ്വ സമ്മാന്യമായിത്തീർക്കുക [18] എന്നുള്ളതാണു സ്ത്രീ സമാജങ്ങളുടെ മുഖ്യ ഉദ്ദേശമായിരിക്കേണ്ടതും. അല്ലാതെ സാധാരണ കണ്ടുവരാറുള്ളതുപോലെ നാടകമാടുന്നതിനോ അനർഹങ്ങളായ പ്രക്ഷോഭങ്ങളിൽ പങ്കുപറ്റുന്നതിനോ ആയിരിക്കരുത്. നാം ഒന്നിനു പുറപ്പെടുമ്പോൾ അതിന്റെ പ്രയോജനോദ്ദേശങ്ങൾ മുൻകൂട്ടി കരുതേണ്ടതു അത്യാവശ്യമാണ്. ധർമ്മമാർഗ്ഗങ്ങൾ മൂലം ഹിതമായുള്ള ഫലം ഉണ്ടാകുമെന്നു സൂക്ഷ്മമുള്ളപ്പോൾ മാത്രം അതിനുദ്യമിക്കേണ്ടതും, അഹിതമോ അനർത്ഥമോ ആണു ഫലമെന്നു വരികിൽ ഉടനെ അതു പരിത്യജിക്കേണ്ടതുമാകുന്നു. അതാണു വിവേകികളുടെ ലക്ഷണം...ആരംഭശൂരകളാകാതെ ഉദ്ദിഷ്ടം സാധിക്കുന്നതുവരെ സർവ്വഥാ യഥാശക്തി എല്ലാവരും ഐകമത്യത്തോടുകൂടി പ്രയത്നിക്കണം. തുടക്കത്തിൽ അനിഷ്ടങ്ങളോ, നിരൂപിക്കാത്തതോ ആയ മുടക്കങ്ങൾ വന്നു കൊണ്ടിരുന്നാലും അതൊന്നും വകവയ്ക്കാതെ സ്വധർമ്മമെന്നു കരുതി തെല്ലും പിന്മാറാതെ യത്നിക്കണം. എഴുന്നേറ്റു നടക്കാൻ അംഗങ്ങൾക്കു ശേഷി വയ്ക്കും മുൻപ്, കുട്ടികൾ ചാടുപിടിച്ച് നടക്കാൻ പണിപ്പെടുന്നതിലെന്നപോലെ, ആദ്യശ്രമങ്ങൾ ലഘുവും സാവധാനവും ആയിരിക്കയേയുള്ളൂ. ആയതിനാൽ നിരാശപ്പെടാതെ പ്രയത്നിച്ചുകൊണ്ടിരുന്നാൽ കാലക്രമേണ സകല ഉദ്ദേശങ്ങളും പ്രബലമായി ഫലപ്പെടും. അനാവശ്യമെന്നോ നിരർത്ഥകമെന്നോ, അനർത്ഥകമെന്നോ തോന്നുന്ന യാതൊന്നിലും പരിശ്രമിക്കയുമരുത്. എല്ലാറ്റിലും മുഖ്യമായി വേണ്ടത് ജീവകാരുണ്യവും സകലരിലും ശുഭാവനയുമാണ്. ഇവയുണ്ടായാൽ ഇടപെടുവാൻ ഇടയാവുന്നവർക്കു കൂടി നല്ലതുവരുവാൻ മാർഗ്ഗമായിതീരും. അതുകൊണ്ടു ഓരൊരുത്തരും വെവ്വേറെ അല്ലെന്നും എല്ലാവരും കൂടി സമഷ്ടി മൂലപ്രകൃതി ശക്തിയാണെന്നും ഉള്ള ബോധത്തോടുകൂടി ധർമ്മങ്ങൾ അനുഷ്ഠിച്ചു സർവ്വോൽകൃഷ്ടസ്ഥാനം ലഭിക്കുന്നതിലേക്കു, ആ പരാശക്തിയുടെ ഓരോ വ്യഷ്ടിരൂപം മാത്രമായിരിക്കുന്ന സ്ത്രീകളെ എല്ലാം ആ ലോകമാതാവായ സമഷ്ടി പരാശക്തി തന്നെ അനുഗ്രഹിക്കുമാറാകട്ടെ.


കുറിപ്പുകൾ

തിരുത്തുക

  1. മൂലപ്രകൃതിയേയും ബ്രഹ്മത്തെയും കുറിച്ചു 'അദൈത ചിന്താപദ്ധതി' കുറിപ്പ് 6-ൽ കൊടുത്തിട്ടുള്ളത് നോക്കുക.
  2. കൂടുതൽ വിവരണത്തിനു 'നിജാനന്ദവിലാസം' സദനുഭവനിരൂപണപ്രകരണം നോക്കുക
  3. മനുസ്മൃതി(9,3)യിലെവാക്യമാണിത്.സ്ത്രീയ്ക്ക് സ്വാതന്ത്ര്യം പാടില്ല എന്നർത്ഥം.
  4. ദുർവ്വാരം=തടുക്കാനാവത്തത്
  5. ഭാര്യ=ഭരിക്കപ്പെടേണ്ടവൾ
  6. ജായ=യാതൊരുവളിൽ ജനിക്കുന്നുവൊ(ഭർത്താവുപുത്രനായി)അവൾ
  7. ദേശേ ദേശേ കളത്രാണീ= നാടു തോറും ഭാര്യമാർ
  8. ശരീരാന്തരം=മറ്റു ശരീരം
  9. ശരീര പാതം=മരണം
  10. കിട്ടാത്തതു കിട്ടുന്നതു യോഗവും കിട്ടിയതു പരിരക്ഷിക്കുന്നത് ക്ഷേമവും
  11. അമ്മയും ജന്മനാടും സ്വർഗ്ഗത്തേക്കാൾ മഹത്തരങ്ങളാണ് എന്നർത്ഥം
  12. ജഗദംബ=ലോകത്തിന്റെ അമ്മ
  13. ക്ഷേത്രം =വാസസ്ഥാനം
  14. അരിഷ്ടം = പ്രയാസം
  15. ക്ഷുദ്രബുദ്ധിജങ്ങൾ =അൽപബുദ്ധിയിൽ നിന്നു ജനിക്കുന്നവ
  16. അഹർവൃത്തിക്കു=നിത്യചെലവിനു
  17. കണ്ടം= കഷണം
  18. സർവ്വസമ്മാന്യം =എല്ലാവരാലും പ്രശംസിക്കപ്പെടുന്നത്.