രാമായണം (കുറത്തിപ്പാട്ട്)

(Ramayanam (Kurathi Pattu) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമായണം (കുറത്തിപ്പാട്ട്)


[ 1 ]
രാമായണം
(കുറത്തിപ്പാട്ട്)


[വാല്മീകി സാഹിത്യലോകത്തിനു ചെയ്ത ഉപകാരം കുറച്ചൊന്നുമല്ല. ചെറുതും വലുതുമായി എണ്ണമറ്റ കൃതികൾക്കു് ഉറവിടമായിത്തീർന്നിട്ടുണ്ടു് അദ്ദേഹത്തിന്റെ ആദികാവ്യം. രാമായണം കുറത്തിപ്പാട്ടും അക്കൂട്ടത്തിൽപ്പെടുന്നു. ശ്രീരാമചരിതം വളരെ സംക്ഷേപിച്ചു വിവരിച്ചിരിക്കയാണു് ഇക്കൃതിയിൽ: ഒരു കുറവനും കുറത്തിയും അയോദ്ധ്യയിലെത്തുന്നു. ദശരഥപത്നിമാർ കൈനീട്ടി തങ്ങൾക്കു മക്കളുണ്ടായിട്ടില്ലെന്നും തങ്ങൾക്കു പുത്രഭാഗ്യം ഉണ്ടോ എന്നു കൈനോക്കിപ്പറയണമെന്നും കുറത്തിയോടാവശ്യപ്പെടുന്നു. കുറത്തിയാകട്ടെ, കൈകൾ സൂക്ഷിച്ചുനോക്കി,


നിങ്ങളുടെ കൈക്കു നല്ല യോഗമുണ്ടു ചൊൽവാൻ
മൂന്നുമാതാക്കൾക്കും കൂടി നാലുപുത്രരുണ്ടാം
നാൽവരിലും മൂത്തവനു രാമനെന്നുപേരാം

എന്നിങ്ങനെ ഫലം പറഞ്ഞുതുടങ്ങുന്നു. കുറത്തിയുടെ വാക്കിൽ രാമായണകഥ മുഴുവൻ അടങ്ങുന്നുണ്ടു്. ഇതാണു ഗ്രന്ഥസ്വരൂപം.]

[ 1 ]

ശ്രീഭുവനം നാടുതോറും നാടുനല്ലദേശം
ഇബ്ഭുവനംതന്നിലേ പ്രസിദ്ധിയുള്ള നാടു്

കന്നിമുന്നംനാട്ടിലേ പിറന്തൊരുകുറത്തി
വിഷ്ണുവിങ്കൽ ഭക്തിയോടെ വിശ്വസിച്ചൊരുത്തൻ

ഭക്തനായ നല്ക്കുറവൻ വേട്ടുകൊണ്ടവളെ
ഇഷ്ടമോടെ പട്ടണത്തിൽ വാഴുന്നൊരുകാലം

[ 2 ]

ഏകചക്രനെന്നങ്ങൊരു ബാലനുംപിറന്നു
ആറുമാസം ബാലനു കഴിഞ്ഞതേയതുള്ളു

അന്നൊരുനാളക്കുറവനക്കുറത്തിതന്നെ
മെല്ലവേ വിളിച്ചരികിൽ ചേർത്തുകൊണ്ടുചൊല്ലി:


ഇന്നിവീടെനിന്നും നാം പുറപ്പെടുക ബാലേ!
നമ്മുടെയജാതിധൎമ്മമങ്ങനെയതുള്ളു

ജാതിധൎമ്മം ചെയ്തില്ലെങ്കിൽ പാപകൎമ്മമുണ്ടാം
ഊരുചുറ്റിസ്സഞ്ചരിച്ചാൽ പാപകൎമ്മം തീരും

വീടുപുക്കിരുന്നുകൊണ്ടാൽ പാപകൎമ്മമുണ്ടാം
എന്നതിനാലിന്നു ഞാൻ പുറപ്പെടുന്നു ബാലേ!

മന്ദിരത്തിലൊക്കവേ ഇരന്നുകൊൾവാനായി
എന്നതുപറഞ്ഞു പുനരക്കുറവനപ്പോൾ

പൂണിയുമെടുത്തുടനെ തൻവടിമേൽ ചേൎത്ത്
ചെപ്പടികളികളുടെ വട്ടമങ്ങുകൂട്ടി

പാമ്പിനെപ്പിടിച്ചിടുന്ന കൂടുമങ്ങെടുത്തു
വാനരത്താനെപ്പിടിച്ചു മുമ്പിലുംനിറുത്തി

അക്കഥകൾ കണ്ടനേരം അക്കുറത്തിതാനും
കൃഷ്ണനിറം ചേലയുമെടുത്തവളുടുത്തു

ഒട്ടുചേലകൊണ്ടങ്ങവളുത്തരീയംകെട്ടി
ഉത്തരീയംകെട്ടിയതിൽ കുട്ടിയേയുമിട്ടു

വട്ടികൾ കലം ചിരട്ടയെന്നിവയെടുത്തു
തന്തിനിത്തിനാനിയെന്ന പാട്ടുമവൾ പാടി.

[ 3 ]

ഊരുചുറ്റി സഞ്ചരിക്കും കാലമവരപ്പോൾ
ഭിക്ഷയുമിരന്നു നടകൊണ്ടവരുമന്ന്

ചൊല്ലെഴുന്നയോദ്ധ്യാപുരിതന്നിലകംപൂക്കു
ചൊൽപ്പെരിയ നാരിമാരെ മൂവരേയും കണ്ടു

മന്നവനുടയാതാരുവന്തടി കുറത്തി
നിന്നെ നാങ്കൾ കാണവേണമെന്നിരുന്നു മുന്നം

പുത്രരില്ലാ ഞങ്ങൾക്കതി ദുഃഖകാലം പാരം
നാങ്കളുടെ കൈകൾ പാർത്തു ലക്ഷണത്തെച്ചൊല്ക

കൗസല്യ കൈകേയിയും സുമിത്രയും കൈകാട്ടു
എന്നതിനെക്കേട്ടവരും കൈകളങ്ങു നീട്ടി

നിങ്ങളുടെ കൈയ്ക്കു നല്ല യോഗമുണ്ടു ചൊൽവാൻ
മൂന്നു മാതക്കൾക്കുകൂടി നാലുപുത്രരുണ്ടാം

നാൽവരിലും മൂത്തവനു രാമനെന്നു പേരാം
അക്കുമാരൻതന്നെ നിങ്ങൾ വിശ്വസിച്ചുകൊൾവിൻ

കേളികേട്ട രാമനങ്ങു നാടുവിട്ടുപോകും
മുക്തിവിട്ടു സിദ്ധനാകും അത്തലില്ല ചൊൽവാൻ

ഓതും മുനിവാണിയവൻതന്നെയും വരുത്തി
മാമുനിതാൻ വന്നിവിടെ യാഗവും കഴിക്കും

യാഗത്തിങ്കൽ നിന്നുടനെ പായസം ലഭിക്കും
പായസത്തെ വാങ്ക നീങ്കൾ മൂവരും ഭുജിക്കും

മൂത്തയമ്മ തന്നിലൊരു പുത്തിരൻ പിറക്കും
മൂന്നുലോകമുടയപിള്ള കൈകേയിക്കുമുണ്ടാം

[ 4 ]

വാരിളയകൊങ്കയാളാമായവൾക്കു രണ്ടു
ബാലരിവർ നാൽവരിലും മൂത്തതങ്ങു രാമൻ

കീർത്തിയുള്ള ബാലകരിരുവരുമായൊത്തു
കീർത്തിയായി മുറ്റുമേ സുഖിച്ചുവാഴും കാലം

കൗശികനാം മാമുനീന്ദ്രനിപ്പുരിയിൽ വന്നു
യാഗരക്ഷ ചെയ്‌വതിന്നു രാമനെയയപ്പാൻ

മോദമോടരശനോടു ചൊല്ലുമെടിയമ്മെ
ഏഴുരണ്ടു ലോകം വാഴ്വോരരശനെ വിളിച്ചു

ലക്ഷ്മണനെയും വിളിച്ചു പോകയെന്നുചൊല്ലും
മാമുനി തെളിഞ്ഞവരെ കൂട്ടിക്കൊണ്ടുപോകും

ബലയുമതിബലയുമിതി മന്ത്രവും കൊടുക്കും
കാടകത്തു ചെല്ലുന്നേരം താടകയെക്കൊല്ലും

രാക്ഷസരെക്കൊന്നു യാഗരക്ഷയതും ചെയ്യും
കല്ലതായ്ക്കിടന്നിതോരഹല്യതന്റെ ദേഹേ

കാലുവച്ചു രാമനങ്ങു മോക്ഷവും കൊടുക്കും
ജനകപുരംതന്നിൽ ചെല്ലും വിവാഹമതു കാണ്മൻ

മുപ്പുരാരി തന്റെ പള്ളിവില്ലതു മുറിക്കും
കെല്പിനോടു സീതയേയും വേട്ടുകൊണ്ടുപോരും

വേളിയും കഴിഞ്ഞുടനെ പോരുംവഴി തന്നിൽ
പരശുരാമൻ കണ്ടുടനെ മാൎഗ്ഗവും തടുക്കും

പരശുരാമൻതന്നെജയിച്ചയോദ്ധ്യയതില്പോരും
പന്തീരാണ്ടുകാലമങ്ങു സ്വൈര്യമായ്‌വസിക്കും

[ 5 ]

രാജ്യഭാരം രാമനു കൊടുക്കയെന്നു ചൊല്ലും
രാജ്യവാസിയായുള്ളോരെയൊക്കെയും വരുത്തും

മൂത്തയമ്മ തന്നുടയ വാക്കുകളാൽ ചൊല്ലും
എന്മകനെ രാജ്യംതന്നിൽ വാഴിക്കണമെന്നും

രാമനെ വനത്തിലേക്കയയ്ക്ക വേണമെന്നും
എന്നമൊഴി കേട്ടു രാജൻ മോഹിച്ചങ്ങു വീഴും

രാമനും വനത്തിലേക്കു യാത്രയങ്ങു പോകും
കായനദിയെന്ന പുഴ കണ്ടവിടെ നില്ക്കും

ഭക്തനാം ഗുഹവരനും ചെന്നു കടത്തീടും
വാഹിനികടന്നുടനെയക്കരയ്ക്കു ചെല്ലും

ഭക്തനാം ഭരതനുമവിടെച്ചെന്നു കാണും
നീതിയോടനുജനെയയോദ്ധ്യക്കങ്ങയ്ക്കും

ദിവ്യനാമഗസ്ത്യനേയും കണ്ടു വന്ദിച്ചീടും
ജാനകിയും ലക്ഷ്മണനും രാഘവനുമായി

പഞ്ചവടിയായ പുണ്യദേശത്തിങ്കൽ ചെല്ലും
കാനനത്തിൽ ചൊല്പെരിയ പഞ്ചവടിതീരെ

പർണ്ണശാലകെട്ടിയങ്ങിരിക്കുമെടിയമ്മെ
അന്നുരാത്രിയും കഴിഞ്ഞുകൂടുമെടിയമ്മെ

രാക്ഷസകുലത്തിലൊരു ശൂരനാരി വന്നു്
നീതികെട്ടെവാർത്തയെല്ലാം പേശുമെടിയമ്മെ

രാമനതു ബോധിയാഞ്ഞു പോകയെന്നു ചൊല്ലും
ലക്ഷ്മണനും കോപമോടെ മൂക്കുമുലചെത്തും

[ 6 ]

കോപമോടലറി ഖരൻ‌മുമ്പിലവൾ വീഴും
ദൂഷണത്രിശിരാക്കളാൽ യുദ്ധവും തുടങ്ങും

മൂന്നേമുക്കാൽനാഴികയാൽ രാമനങ്ങവരെ
കാലാപുരംതന്നിലങ്ങു യാത്രയുമയയ്ക്കും

രാക്ഷസിഗമിച്ചുടനെ രാവണനെക്കാണും
വാൎത്തയങ്ങവളുടനേ രാവണങ്കൽ ചൊല്ലും

രാമനതു ചെയ്തിതെന്നു രാവണനും കേൾക്കും
രാവണനുടനേ ചെന്നു മാരീചനെക്കാണും

ചെന്നുടനേ പൊന്മാനായ്ക്കളിക്കവേണമെന്നു
എന്നതിനേ കേട്ടവനും വേഗമോടേതന്നെ

പൊൻനിറം കലർന്നതൊരു പൊന്മാനായിത്തീൎന്നു
സീതമുമ്പിൽചെന്നു വിളയാടുമേ മാരീചൻ

മാനിനേയുംകണ്ടു സീത രാമനോടുചൊല്ലും
മാനിനെപ്പിടിച്ചുതരവേണമേയെനിക്കു

മാൻപിടിപ്പാൻ രാമനങ്ങുപോകുമെടിയമ്മെ
ഭിക്ഷുരൂപനായിട്ടപ്പോൾ രാവണനുമെത്തും

അന്നു സീതേക്കട്ടുകൊണ്ടുപോകുമെടിയമ്മെ
പോകുംവഴിതന്നിലൊരു പക്ഷിയും തടുക്കും

പക്ഷിയോടു യുദ്ധംചെയ്തു പക്ഷംവെട്ടിപ്പോടും
പിന്നെയങ്ങവളെക്കൊണ്ടു ലങ്കയിലിരുത്തും.

രാമനാൎത്തിപൂണ്ടുടനേ തമ്പിയോടുകൂടി
കാനനത്തിൽകേറിനീളെ നോക്കുമെടിയമ്മെ

[ 7 ]

ഭക്തനാം ജടായുതന്നെ വാൎത്തയെല്ലാം ചൊല്ലും
പുണ്യനായ പക്ഷിക്കങ്ങു മോക്ഷവും കൊടുക്കും

അൎക്കസൂതനും മലമേല്പേടിയോടിരിക്കും
സുഗ്രീവനെക്കണ്ടുടനെ സഖ്യവുംകഴിക്കും.

ദുന്ദുഭിതലയെടുത്തങ്ങംബരേയെറിയും
ഏഴുമരംചേൎത്തു പിളൎന്നീടുമെടി രാമൻ

വീരനായ ബാലിയേയും കൊല്ലുമെടിയമ്മെ
ഇളയവനാടുകൊടുത്തീടുമെടി രാമൻ

വായുപുത്രൻവാരിധി കടന്നുചാടിച്ചെന്നു
ജാനകിയെക്കണ്ടുടനെ വാൎത്തയുംപറഞ്ഞു

അംഗുലീയവുംകൊടുത്തു ചൂഡാരത്നംവാങ്ങി
ലങ്കചുട്ടവൻ കടലുംചാടിയിങ്ങു പോരും

ചൂഡാരത്നം കൊണ്ടുവന്നു രാഘവനു നല്കും
വാനരരും ഒത്തുടൻ നിരൂപണം തുടങ്ങും.

വാരിധിയിൽ വഞ്ചിറയും കെട്ടുമെടിയമ്മെ
രാവണനെക്കൊല്കയെന്നു ദേവകളും ചൊല്ലും

അക്കരയ്ക്കു ചെന്നുടനെ രാവണനെക്കൊല്ലും
ഇഷ്ടനാം വിഭീഷണനു രാജ്യവും കൊടുക്കും

തരുണിമണിയായ സീത തീയിലുടൻ ചാടും
ശുദ്ധിയുംവരുത്തിയങ്ങയോദ്ധ്യയിങ്കൽ വാഴും

അന്നെനിക്കു നല്ലതൊരു ചേലതരവേണം
ചേലക്കോണിൽ നാലുപണം കെട്ടിത്തരവേണം

[ 8 ]

കൈയിലിടും മോതിരത്തിലൊന്നു തരവേണം
കങ്കണങ്ങൾ താലിമാല പീലിതരവേണം

എങ്കളുക്കു പോകവേണം പോകവേണം തായേ
കുഞ്ചിനിക്കു കഞ്ചികൊടു ചോറുകൊടെന്നമ്മേ!

കുട്ടിത്തലയ്ക്കെണ്ണകൊടു തവിടുകൊടെന്നമ്മേ!
കഞ്ചിത്തെളികൊഞ്ചമെന്നാൻ കാടികൊടെന്നമ്മേ!

കൂടവന്തകൂട്ടരിക്കു ചോറുകൊടെന്നമ്മേ!
കാതുകുത്തും കൈകൾപാൎക്കും എവളുമെടിയമ്മെ!

കാക്കയാർകുലത്തിനാങ്കൾ പാണ്ടിയിൽ പിറന്തു
നാങ്കളുടെജന്മമതു നീങ്കളറിവില്ലേ

അപ്പടി നാൻ ചൊന്നതെല്ലാമൊത്തുവരുമമ്മേ
ഇപ്പടി നാൻ ചൊന്നതെല്ലാമൊത്തുവരവാഞ്ഞാൽ

നാക്കറുത്തുപോടുവൻ നാൻ കുഞ്ചുകളുത്താണെ
ചോതിമുഖനാണെ ഹരനാണെ ഗുരുവാണെ
രാമനാണെ സത്യമിതു നാങ്കൾ ചൊന്നതെല്ലാം.