അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം

(അയോദ്ധ്യാകാണ്ഡം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
അയോദ്ധ്യാകാണ്ഡം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു

താർമകൾക്കൻപുള്ള തത്തേ വരികെടൊ
താമസശീലമകറ്റേണമാശു നീ
ദാമോദരൻ ചരിതാമൃതമിന്നിയും
ആമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്‌.
എങ്കിലോ കേൾപ്പിൻ ചുരുക്കി ഞാൻ ചൊല്ലുവൻ
പങ്കമെല്ലാമകലും പല ജാതിയും
സങ്കടമേതും വരികയുമില്ലല്ലോ
പങ്കജനേത്രൻ കഥകൾ കേട്ടീടിനാൽ.
ഭാർഗ്ഗവിയാകിയ ജാനകി തന്നുടെ
ഭാഗ്യജലനിധിയാകിയ രാഘവൻ
ഭാർഗ്ഗവൻ തന്നുടെ ദർപ്പം ശമിപ്പിച്ചു
മാർഗ്ഗവും പിന്നിട്ടയോദ്ധ്യാപുരിപുക്കു
താതനോടും നിജ മാതൃജനത്തോടും
ധാതൃസുതനാം ഗുരുവരൻ തന്നൊടും
ഭ്രാതാക്കളോടും പടയോടുമൊന്നിച്ചു
മേദിനീപുത്രിയാം ഭാമിനി തന്നൊടും
വന്നെതിരേറ്റൊരു പൗരജനത്തൊടും
ചെന്നു മഹാരാജധാനിയകം പുക്കു.
വന്നിതു സൗഖ്യം ജഗത്തിനു രാഘവൻ
തന്നുടെ നനാഗുണഗണം കാൺകയാൽ.
രുദ്രൻ പരമേശ്വരൻ ജഗദീശ്വരൻ
കദ്രുസുതഗണഭൂഷണഭൂഷിതൻ
ചിദ്രൂപനദ്വയൻ മൃത്യുഞ്ജയൻ പരൻ
ഭദ്രപ്രദൻ ഭഗവാൻ ഭവഭഞ്ജനൻ
രുദ്രാണിയാകിയ ദേവിക്കുടൻ രാമ-
ഭദ്രകഥാമൃതസാരം കൊടുത്തപ്പോൾ
വിദ്രുമതുല്യാധരിയായ ഗൗരിയാ-
മദ്രിസുതയുമാനന്ദവിവശയായ്‌
ഭർത്തൃപാദപ്രണാമം ചെയ്തു സമ്പൂർണ്ണ-
ഭക്തിയോടും പുനരേവമരുൾ ചെയ്തു:
"നാരായണൻ നളിനായതലോചനൻ
നാരീജനമനോമോഹനൻ മാധവൻ
നാരദസേവ്യൻ നളിനാസനപ്രിയൻ
നാരകാരാതി നളിനശരഗുരു
നാഥൻ നരസഖൻ നാനാജഗന്മയൻ
നാദവിദ്യാത്മകന്നാമസഹസ്രവാൻ
നാളീകരമ്യവദനൻ നരകാരി
നാളീകബാന്ധവവംശസമുത്ഭവൻ
ശ്രീരാമദേവൻ പരൻ പുരുഷോത്തമൻ
കാരുണ്യവാരിധി കാമഫലപ്രദൻ
രാക്ഷസവംശവിനാശനകാരണൻ
സാക്ഷാൽ മുകുന്ദനാനന്ദപ്രദൻ പുമാൻ
ഭക്തജനോത്തമഭുക്തിമുക്തിപ്രദൻ
സക്തിവിമുക്തന്വിമുക്തഹൃദിസ്ഥിതൻ
വ്യക്തനവ്യക്തനനന്തനനാമയൻ
ശക്തിയുക്തൻ ശരണാഗതവത്സലൻ
നക്തഞ്ചരേശ്വരനായ ദശാസ്യനു
മുക്തികൊടുത്തവൻ തന്റെ ചരിത്രങ്ങൾ
നക്തന്ദിവം ജീവിതാവധി കേൾക്കിലും
തൃപ്തി വരാ മമ വേണ്ടീല മുക്തിയും".
ഇത്ഥം ഭഗവതി ഗൗരി മഹേശ്വരി
ഭക്ത്യാ പരമേശ്വരനോടു ചൊന്നപ്പോൾ
മന്ദസ്മിതം ചെയ്തു മന്മഥനാശനൻ
സുന്ദരീ കേട്ടുകൊൾകെന്നരുളിച്ചെയ്തു.