തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൧൩

(തിരുവിതാംകൂർ ഭൂമിശാസ്ത്രം/അദ്ധ്യായം ൧൩. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവിതാംകൂർ ഭൂമിശാസ്ത്രം
(രണ്ടാം ഭാഗം, (നാലാം ക്ലാസിലേയ്ക്ക്))

രചന:സി.ആർ. കൃഷ്ണപിള്ള
അദ്ധ്യായം ൧൩.


[ 58 ]

അദ്ധ്യായം ൧൩.

തിരുത്തുക

ഇവിടെ ഹിന്ദുമതം, ക്രിസ്തുമതം, മുഹമ്മദുമതം എന്നു മൂന്നു മതങ്ങളുണ്ടു്. [ 59 ] ഹിന്ദുമതം:-ജനസംഖ്യയിൽ ഏകദേശം മുക്കാൽഭാഗം ഈ മതത്തിൽ ഉൾപ്പെട്ടവരാണു്. ഇവിടത്തെ ഹിന്ദുക്കളുടെ ഇടയിൽ അന്യസ്ഥലങ്ങളിൽ ഉള്ളതുപോലെ വൈഷ്ണവന്മാരെന്നും ശൈവന്മാരെന്നുമുള്ള വ്യത്യാസം അധികം ഇല്ല. മിക്കവരും ശൈവപ്രസാദമാകുന്ന ഭസ്മവും, വൈഷ്ണവപ്രസാദമാകുന്ന ചന്ദനവും തൊടുന്നുണ്ടു്. ആളുകൾ പ്രായേണ ഈശ്വരഭജനത്തിൽ തൽപരന്മാരാണു്. ഏകാദശി, പ്രദോഷം മുതലായ വ്രതങ്ങൾ ശരിയായി അനുഷ്ഠിക്കുന്നതിനു് ഇവർക്കു പ്രത്യേകം ജാഗ്രതയുണ്ടു്. ഹിന്ദുക്കൾക്കു് ഈശ്വരാരാധന ചെയ്വാനുള്ള ക്ഷേത്രങ്ങൾ ശരാശരി നോക്കിയാൽ ഇവിടെ ഉള്ളതുപോലെ അന്യരാജ്യങ്ങളിൽ ഇല്ല. തെക്കൻതിരുവിതാംകൂറിലെ തെക്കതുകളും വടക്കൻതിരുവിതാംകൂറിലെ സർപ്പക്കാവുകളും ചെറിയ ക്ഷേത്രങ്ങളാണു്. ഇവിടെ പരദേവതമാർ കുടിയിരുപ്പുണ്ടെന്നാണു് വിശ്വാസം. ഓരോ കുടുംബത്തിലെ സുഖദു:ഖങ്ങൾ ഈ പരദേവതകളുടെ തൃപ്തി അനുസരിച്ചു് ഇരിക്കുമെന്നു് അഭിപ്രായമുള്ളതുകൊണ്ടു് ഈ ഭാഗങ്ങളെ ശുചിയായും ശുദ്ധമായും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവ കൂടാതെ ഓരോ കരയ്ക്കും പൊതുവായ ഓരോ ക്ഷേത്രം മിക്കവാറും എല്ലായിടത്തും ഉണ്ടു്. എന്നു മാത്രവുമല്ല, അനേകദേശങ്ങൾ ചേർന്ന താലൂക്കിനോ അതിന്റെ ഭാഗങ്ങൾക്കോ ഓരോ പ്രധാന ക്ഷേത്രവും ഉണ്ടായിരിക്കും. ഇവയ്ക്കു പുറമേ പല പ്രസിദ്ധപ്പെട്ട വലിയ ക്ഷേത്രങ്ങൾ ഈ സംസ്ഥാനത്തിൽ ഉണ്ടു്. ഇവയിൽ ഏറ്റവും പ്രധാനമുള്ളവ കന്യാകുമാരി, ശുചീന്ദ്രം, തിരുവട്ടാർ, അനന്തശയനം (തിരുവനന്തപുരം) തിരുവല്ലം, വർക്കല, ആറന്മുള, ചെങ്ങന്നൂർ, അമ്പലപ്പുഴ, വൈക്കം, ഏറ്റുമാനൂർ ഇവയാണു്. വൈക്കത്തെ ശിവക്ഷേത്രത്തിന്റെ പണി ഒരു മാതൃകാപണിയാകുന്നു. ശുചീന്ദ്രം വളരെ പുരാതനമായിട്ടുള്ള ഒരു ക്ഷേത്രമാണു്. തിരുവനന്തപുരത്തു കൊടിയേറ്റു്, വൈക്കത്തഷ്ടമി, ശുചീന്ദ്രത്തു തേരോട്ടം, ആറന്മുള ഉത്രിട്ടാതി,ഏറ്റുമാനൂർ ആറാട്ടു് എന്നിവയ്ക്കു വളരെ പ്രസിദ്ധിയുണ്ടു്. ഇവ കൂടാതെ വൈക്കത്തിനടുത്തുള്ള ഉദയനാപുരം കാവടി, ആലുവാ ശിവരാത്രി കുളച്ചലിനടുത്തുള്ള മണ്ടയ്ക്കാട്ടുകൊട മുതലായ ഉത്സവകാലത്തു് ഈ സ്ഥലങ്ങളിൽ നാനാഭാഗങ്ങളിൽ നിന്നും വന്നുകൂടുന്ന ജനങ്ങളുടെ സംഖ്യ ഒട്ടും ചില്ലറയല്ല. കന്യാകുമാരിയും വർക്കലയും പുണ്യതീർത്ഥസ്ഥലങ്ങളാണു്. രാജ്യത്തിന്റെ പൊതുരക്ഷയ്ക്കായി പടിഞ്ഞാറേ അതിരിൽ കടൽവാരത്തു് അവിടവിടെ ഭഗവതിക്ഷേത്രങ്ങളും കിഴക്കേ അതിരിൽ മലവാരത്തു് അവിടവിടെ [ 60 ] ശാസ്താംകോവിലുകളും ഉണ്ടു്. ഇവ പരശുരാമക്ഷേത്രങ്ങളാണു്. ശാസ്താംകോവിലുകളിൽ പ്രധാനം ശബരിമലയും കുളത്തൂപുഴയുമാകുന്നു. വടക്കൻതാലൂക്കുകളിൽനിന്നു് അനവധി ജനം ആണ്ടുതോറും ശബരിമല മകരവിളക്കിനു ശാസ്താവിനെ ദർശിക്കുന്നതിനായിട്ടു പോകുന്നു. ഇവരെ അയ്യപ്പന്മാരെന്നാണു വിളിക്കുന്നതു്. ശബരിമലയാത്രയ്ക്കിടയ്ക്കു് 'എരുമേലി' പേട്ടതുള്ളലും 'പമ്പ'യിലെ സദ്യയും വിളക്കും ഭക്തന്മാരെ വളരെ പ്രസാദിപ്പിക്കുന്നു. തെക്കൻതിരുവിതാംകൂറിൽ ൧൨ ശിവാലയങ്ങൾ മുഖ്യമായിട്ടുണ്ടു്. കുംഭമാസത്തിൽ ശിവരാത്രിദിവസം ഈ പന്ത്രണ്ടു ക്ഷേത്രങ്ങളിലും ചെന്നു കുളിച്ചുതൊഴുന്നതു പാപമോചനത്തിനുള്ള ഒരു മാർഗ്ഗമാണെന്നു വിചാരിക്കപ്പെട്ടുവരുന്നു. ഇതിലേക്കായി ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ഷേത്രങ്ങളിൽ എല്ലാം ഒരുദിവസംകൊണ്ടു കുളിച്ചുതൊഴുന്നതിനായി യത്നിക്കുന്നവരെ "ചാലയം ഓട്ടക്കാർ" എന്നു വിളിക്കുന്നു. ചാലയം എന്നതു ശിവാലയം എന്നതിന്റെ തത്ഭവമാണെന്നു വിചാരിക്കാം. മലയാളക്കരയിലെ ഹിന്ദുക്കൾക്കു് ആണ്ടിൽ മൂന്നു ആഘോഷദിനങ്ങൾ ഉണ്ടു്. അവ ചിങ്ങമാസത്തിലെ ഓണവും, ധനുമാസത്തിലെ തിരുവാതിരയും മേടമാസത്തിലെ വിഷുവുമാകുന്നു.

ക്രിസ്തുമതം:-ഇൻഡ്യയിൽ മറ്റെങ്ങും ക്രിസ്ത്യാനികൾ ഉണ്ടാകുന്നതിനു വളരെ മുമ്പുതന്നെ ഈ സംസ്ഥാനത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നുവെന്നു മാത്രമല്ല യേശുക്രിസ്തുവിന്റെ ൧൨ ശിഷ്യന്മാരിൽ ഒരാളായ സെന്റുതോമസു് എന്ന മഹാൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു എന്നും അദ്ദേഹം ചില പള്ളികൾ സ്ഥാപിച്ചു എന്നും ഒരു ശ്രുതിയുണ്ടു്. ഇതു് അത്ര അടിസ്ഥാനമില്ലാത്തതെന്നാണു ചിലരുടെ അഭിപ്രായം. ഇവിടത്തെ ആദ്യത്തെ ക്രിസ്ത്യാനികൾ ആയിരത്തിഅറുനൂറുവർഷത്തിനുമുമ്പു ഇവിടെ വന്നു താമസിച്ച കാനായിത്തൊമ്മൻ തുടങ്ങിയ സിറിയാദേശക്കാരായ സുറിയാനിക്രിസ്ത്യാനികളാണു്. പിന്നീടു് പോർട്ടുഗീസുകാരുടെ കാലം മുതൽ മിഷ്യനറിമാരുടെ പ്രവേശനത്തോടുകൂടി മറ്റു ക്രിസ്ത്യാനികളും ഉണ്ടായിത്തുടങ്ങി. ശരാശരി നോക്കിയാൽ ഇവിടെ ഉള്ളിടത്തോളം ക്രിസ്ത്യാനികൾ അന്യസംസ്ഥാനങ്ങളിൽ ഇല്ല. ഇവരുടെ ഇടയിൽ പ്രധാനമായി മൂന്നു വർഗ്ഗക്കാരുണ്ടു്.

൧. ലത്തീൻകാർ, ൨. സുറിയാനി, ൩. പ്രോട്ടസ്റ്റന്റു്.

ലത്തീൻകാർ:-ഇവരെ മിക്കപേരും ആദ്യമിഷ്യനറിമാരായ പോർട്ടിഗീസുജാതിക്കാരാൽ ക്രിസ്ത്യാനികളാക്കപ്പെട്ടവരുടെ സ [ 61 ] ന്താനങ്ങളാണു്. കടപ്പുറവാരത്താണു് അധികമായി താമസിക്കുന്നതു്. വരാപ്പുഴയും കൊല്ലത്തും ഇവരുടെ നേതാവായ ഓരോ മെത്രാൻ ഉണ്ടു്. കോട്ടാറ്റിനു സമീപത്തുള്ള ശബരിയാർകോവിലും പത്മനാഭപുരത്തിനടുത്തുള്ള ദേവസഹായം കോവിലും ഇവരുടെ പുണ്യസ്ഥലങ്ങളാണു്.

സുറിയാനികൾ:-ഇവരെ നസ്രാണികൾ എന്നു വിളിക്കാറുണ്ടു്. ഇവർ മൂന്നുവകക്കാരാണു്. ൧. പുത്തൻകൂറ്റുകാർ. ൨. പഴയകൂറ്റുകാർ. ൩. മിഷ്യൻകാർ. എല്ലാംകൂടി ആകെ ഒൻപതു ലക്ഷമുണ്ടു്. വടക്കൻഡിവിഷനിലാണു് കൂടുതൽ ഉള്ളതു്.

പുത്തൻകൂറ്റുകാർ:-ഇവർ മെത്രാക്കക്ഷിയെന്നും ബാവക്കക്ഷിയെന്നും രണ്ടു സംഘക്കാരായി പിരിഞ്ഞിരിക്കുന്നു. മെത്രാക്കക്ഷിക്കാർ സിറിയായിലെ പാത്രിയർക്കീസിനെ നേതാവായി സ്വീകരിക്കുന്നില്ലെന്നുള്ളതാണു് ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം. തിരുവല്ല, മാവേലിക്കര, കോട്ടയം ഇവിടങ്ങളിലാണു പുത്തൻകൂറ്റുകാർ അധികമുള്ളതു്. തിരുവല്ലായിൽചേർന്ന നിരണത്തുപള്ളി സുറിയാനിപ്പള്ളികളിൽവെച്ചു് ഏറ്റവും പുരാതനമായിട്ടുള്ളതാണു്. തിരുവനന്തപുരത്തും ഇവരുടെ ഒരു പള്ളി പണികഴിപ്പിച്ചുട്ടുണ്ടു്. കോട്ടയത്തുനടുത്തുള്ള പുതുപ്പള്ളിപ്പെരുന്നാളും തിരുവല്ലായ്ക്കു തെക്കുള്ള പരുമലപ്പെരുന്നാളും വളരെ ഭക്തന്മാരെ ആകർഷിക്കുന്നു.

പഴയകൂറ്റുകാർ:-ഇവർ റോമൻകത്തോലിക്കരാണു്. ഇവരുടെ പ്രധാനസ്ഥലം ചങ്ങനാശ്ശേരിയാകുന്നു. മീനച്ചൽ, മൂവാറ്റുപുഴ, പറവൂർ ഈ താലൂക്കുകളിലാണു് ഇവർ അധികമുള്ളതു്. ചങ്ങനാശ്ശേരിയിലും കോട്ടയത്തും ഇവരുടെ നേതാവായി ഓരോ സിറിയൻ മെത്രാനുമുണ്ടു്. ചങ്ങനാശ്ശേരിയിൽ ഈയിട ഇവരുടെ വക ഒരു കാളേജു സ്ഥാപിച്ചിരിക്കുന്നു. കുട്ടനാട്ടിലുള്ള എടത്വാപ്പള്ളിയും വടക്കേ അതിർത്തിക്കു സമീപമുള്ള മലയാറ്റൂർ പള്ളിയും ഇവരുടെ പുണ്യസ്ഥലങ്ങളാണു്.

മിഷ്യൻകാർ:-സുറിയാനികളിൽ പുത്തൻകൂറ്റുകാരും പഴയകൂറ്റുകാരും കൂടാതെ ചർച്ചുമിഷ്യൻസംഘത്തിൽ ഉൾപ്പെട്ട ഏതാനും പ്രോട്ടസ്റ്റന്റുകാരും ഉണ്ടു്.

പ്രോട്ടസ്റ്റന്റുകാർ:-കൊല്ലംമുതൽ വടക്കോട്ടുള്ള പ്രോട്ടസ്റ്റന്റുകാർ മിക്കവരും ചർച്ചുമിച്യൻസംഘത്തിൽ ഉൾപ്പെട്ടവരാകുന്നു. ഇവരുടെ പ്രധാനസ്ഥലം കോട്ടയമാണു്. ഇവിടെ ഇവരുടെ വക ഒരു കാളേജുണ്ടു്. ഈ സംസ്ഥാനത്തു അച്ചടിയന്ത്രം ആദ്യം സ്ഥാപിച്ചതും ഇംഗ്ലീഷുവിദ്യാഭ്യാസത്തിനു് അടിസ്ഥാനക്കല്ലിട്ടതും കോട്ടയത്തു് ഇവരുടെ ശ്രമത്താലാണു്. സുറിയാനിക [ 62 ] ളുടെ കൂട്ടത്തിലുള്ള പ്രോട്ടസ്റ്റന്റുകാർ കൂടാതെ ലണ്ടൻ‌മിഷ്യൻ സംഘത്തിലുൾ‌പ്പെട്ടവരായ പ്രോട്ടസ്റ്റന്റുകാരും ഇവിടെയുണ്ടു്. ഇവർ മിക്കവാറും താമസിക്കുന്നതു തെക്കൻ താലൂക്കുകളിലാണു്. ഇവരുടെ പ്രധാനസ്ഥലം നാഗരുകോവിലാകുന്നു. ഇവിടെ ഇവരുടെ വകയായി ഒരു വലിയ പള്ളിയും ഒരു കോളേജും പല പള്ളിക്കൂടങ്ങളും ഉണ്ടു്. നെയ്യൂരിൽ ഇവർ ഏർപ്പടുത്തിയിട്ടുള്ള ആശുപത്രി പൊതുജനങ്ങൾക്കു വളരെ ഉപകാരപ്രദമായിരിക്കുന്നു.

രക്ഷാസൈന്യം:- ഇവർ താണനിലയിൽകിടന്നു വലയുന്ന സാധുക്കളെ ഉയർത്തികൊണ്ടു വരുന്നതിനു ശ്രമം ചെയ്തുവരുന്ന ഒരു ക്രിസ്തീയസംഘമാണു്. നാട്ടുകാരുടെ വിശേഷിച്ചു സന്യാസികളുടെ മാതിരി കാഷായവസ്ത്രമാണു് ഇവർ ധരിക്കുന്നതു്. ഇവരുടെ വക ഒരു വലിയ ആശുപത്രി നാഗർകോവിലിൽ ഉണ്ടു്. ഈ സംഘത്തിന്റെ സ്ഥാപകൻ "ജനറൽബൂത്തു്" ആണു്.

യുയോമയക്കാരർ:-ഇവരെ അഞ്ചരക്കാർ എന്നും വിളിക്കുന്നു. കരുനാഗപ്പള്ളിയിൽ താമസിച്ചിരുന്ന ഒരു പരദേശിബ്രാഹ്മണൻ "വിദ്വാൻകുട്ടി" എന്ന പേരോടുകൂടി ക്രിസ്തുമതം സ്വീകരിച്ചു് ഏകദേശം അൻപതുകൊല്ലത്തിനു മുമ്പു് ഈ പ്രത്യേകസംഘം ഉണ്ടാക്കി. വിദ്വാൻകുട്ടിയുടെ മരണത്തോടുകൂടി ഈ സംഘത്തിനു പ്രാബല്യം കുറഞ്ഞുപോയി. ചെങ്ങന്നൂർ കായംകുളം മുതലായ ചില സ്ഥലങ്ങളിൽ ഇപ്പോൾ ഏതാനും വീട്ടുകാർ ഉണ്ടു്. ഇവരിൽ പുരുഷന്മാർ സുറിയാനികളെപ്പോലെയും സ്ത്രീകൾ പരദേശികളെപ്പോലെയും വസ്ത്രം ധരിക്കുന്നു.

മഹമ്മദുമതം:-ക്രിസ്ത്വാബ്ദം ൮൦൦-ാമാണ്ടിടയ്ക്കാണു് ഇവിടെ മഹമ്മദുമതം വന്നു തുടങ്ങിയതു്. കച്ചവടത്തിനായി ഈജിപ്റ്റ്, അറേബ്യ, പേർഷ്യ മുതലായ രാജ്യങ്ങളിൽനിന്നും ഇവിടെവന്ന ആളുകളാണു് ആദ്യം ഈ മതം കൊണ്ടുവന്നതു്. പിന്നീടു ടിപ്പുവിന്റെ ആക്രമണകാലത്തു വളരെപ്പേരെ ഈ മതത്തിൽ ചേർക്കയുണ്ടായി. രാജാകേശവദാസൻ ആലപ്പുഴ തുറമുഖം സ്ഥാപിച്ചപ്പോൾ ബാംബെ മുതലായ സ്ഥലങ്ങളിൽനിന്നു മുസൽമാൻ വ്യാപാരികളെ ഇവിടെ വരുത്തി പാർപ്പിച്ചു. മഹമ്മദീയർ എപ്പോൾ എല്ലായിടത്തും ഉണ്ടു്. ഇവർ സുന്നി എന്നും ഷീയാ എന്നും രണ്ടു സംഘമായി പിരിഞ്ഞിട്ടുണ്ടു്. ഇവിടെ ഷീയാക്കാരുടെ സംഖ്യ വളരെ കുറവാണു്. അധികമുള്ളതു കോട്ടാർ, തിരുവാംകോടു്, കൊല്ലം, ആലപ്പുഴ, ചങ്ങനാശ്ശേരി ഇവിടങ്ങളിൽ ആണു്. പുരാതനമായ തിരുവാംകോട്ടുപള്ളി ഇവരുടെ പുണ്യസ്ഥലമായി വിചാരിക്കപ്പെട്ടുവരുന്നു. ഇവർ മതവിഷയത്തിൽ നിഷ്ഠയുള്ളവ [ 63 ] രാണു്. നൊയമ്പുകൾ വളരെ ജാഗ്രതയായി അനുഷ്ഠിക്കുന്നു. ദിവസം അഞ്ചുതവണ ഇവർ പ്രാർത്ഥന കഴിക്കുന്നുണ്ടു്. വെള്ളിയാഴ്ചയാണു് പ്രധാനദിവസം. ഇവരുടെ ഒരു പുരോഹിതൻ "പൊന്നാനിത്തങ്ങൾ" ആകുന്നു.