ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം എട്ട്




[ 64 ]
അദ്ധ്യായം എട്ട്
“കല്യാണീ! കളവാണീ! ചൊല്ലു നീയാരെന്നതും
ധന്യേ! നീ ആരുടയ പുത്രിയെന്നും”

മൂന്നുനാലു വെളുപ്പിനു മാമാവെങ്കിടൻ മന്ത്രക്കുടത്ത് ആദിത്യ രശ്മിസ്പർശം ഉണ്ടായിട്ടില്ലാത്ത നീരാഴിയിൽ കുളികഴിഞ്ഞു മടക്കുപുടവ മുതലായ സമുദായാംഗക്കോപ്പുകളണിഞ്ഞു ചിലമ്പിനേത്തേക്കു പുറപ്പെട്ടു. ആ ബ്രാഹ്മണനെ അല്പം അനുയാത്രചെയ്തതിന്റെശേഷം നമ്മുടെ ഏകലോചനൻ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്ന ജനാവലികളെ നോക്കി ലോകവിദ്വേഷകനായി കലുഷചിത്തനായി നില്ക്കുമ്പോൾ, കവിസങ്കല്പശക്തിയെ അതിലംഘിക്കുംവണ്ണം ബീഭത്സമായ അയാളുടെ മുഖകബളം അനവധി കൃഷ്ണജളൂകങ്ങൾ ഒന്നായിച്ചേർന്ന് പിണഞ്ഞിടഞ്ഞു പുളയുംവണ്ണം സന്തോഷംകൊണ്ടു ചലിച്ചു തുടങ്ങി. തനിക്കു ശേഷിച്ചിട്ടുള്ള പല്ലുകളുടെ ഒരു കാനേഷുമാരി എടുക്കത്തക്കവണ്ണം അയാൾ വാ പൊളിച്ച് അവയെ മുഴുവൻ പുറത്തു കാട്ടി, വിക്രിതമായ മുഖത്തിന്റെ ഏകപാർശ്വംകൊണ്ട് ആനന്ദരസബിന്ദുക്കളെ വർഷിച്ചു. ഈ മഹാപ്രസാദത്തിന്റെ കാരണം ചില സഹചരന്മാരോടുകൂടിയുണ്ടായ കേശവൻകുഞ്ഞിന്റെ ആഗമനമായിരുന്നു. ദക്ഷിണസമുദ്രത്തിൽ വസിച്ചിരുന്ന ഛായാഗ്രഹണിയുടെ സാമർഥ്യത്തോടുകൂടി അയാൾ കേശവൻകുഞ്ഞിനെ മാത്രം പിടിച്ചു പടിക്കകത്താക്കി വാതിലിനേയും ബന്ധിച്ചു. അനന്തരം കേശവൻകുഞ്ഞിന്റെ മുമ്പിൽ ചില പിശാചതാണ്ഡവങ്ങൾ ചെയ്തുകൊണ്ട്, “കുഞ്ഞിന്റെ കൺമണി അമ്മിണി നാലുകെട്ടിനകത്തു മിനുമിനെ മിനുങ്ങിക്കൊണ്ടു നിൽക്കുന്നു. വലിയമ്മിണി കുളിക്കാൻ പോയിരിക്കുന്നു,” എന്ന് സ്വകീയമായ അനുനാസികഭാഷയിൽ കുപ്പശ്ശാർ ഗുണദോഷിച്ചു. അധർമ്മചാരിത്വത്തിൽ അതിരുദ്രനായ കുപ്പശ്ശാരാൽ ഈവണ്ണം പ്രചോദിതനായി ആ യുവാവ്, ജന്മബന്ധത്തിന്റെ പ്രേഷകത്വംകൊണ്ടെന്നപോലെ നാലുകെട്ടിൽ സ്വപ്രണയിനിയുടെ സമീപത്തെത്തി, കേശവൻകുഞ്ഞിന്റെ സ്മരദീക്ഷയ്ക്ക് ഇപ്രകാരം പൗരോഹിത്യത്തെ അനുഷ്ഠിച്ചതിന്റെ ശേഷം, കുപ്പശ്ശാർ കിഴക്കോട്ടു തിരിഞ്ഞുനിന്ന് തന്റെ ഇഷ്ടദേവതയായി ഉദിച്ചുയരുന്ന ആദിത്യ ഭഗവാനോടു സ്വാഭീഷ്ടസിദ്ധിക്കായി ഒരു പ്രാർത്ഥനയും നടത്തി. സാഹസികത്വംകൊണ്ടു മന്ദവിവേകനായ കേശവൻകുഞ്ഞ് നാലുകെട്ടിൽ കടന്നപ്പോൾ, ആ സ്ഥലം കുട്ടിക്കോന്തിശ്ശന്റെ അസ്ഥികുടീരമെന്നപോലെ പ്രശാന്തമായും അരമ്യമായും കാണപ്പെട്ടു. ആ കാമുകന്റെ ഹൃൽക്കോശം സഞ്ചയിച്ചിരുന്ന കാളിദാസപ്രഭൃതികളായ കവിചക്രവർത്തികളുടെ ഉത്തുംഗശൃംഗാരാശയങ്ങൾ ആ നാലുകെട്ടിനകത്തെ ഭയാനകമായ ഗൗരവത്താൽ അപഹരിക്കപ്പെട്ടു. അകാരണമായുള്ള ഒരു ഭയസങ്കോചവും, സ്ത്രീലോലതാസഹജമായുള്ള ലജ്ജയും അയാളുടെ മനസ്സിന്റെയും ശരീരത്തിന്റെയും സ്വച്ഛന്ദഗതിയെ നിരോധിച്ചു. രക്തവർണ്ണമായ ഒരു പട്ടുചേലയും, സാമാന്യം വിലപിടിക്കുന്ന ആഭരണങ്ങളും ധരിച്ചു നിൽക്കുന്ന മീനാക്ഷി കേശവൻകുഞ്ഞിനെ കണ്ടപ്പോൾ ചന്ത്രക്കാറൻ, ഉമ്മിണിപ്പിള്ള എന്നിവരുടെ മുമ്പിൽ പ്രദർശിപ്പിച്ച കൗമാരസ്വാതന്ത്ര്യത്തെ കൈവിട്ടും അപകൃത്യസഹായിനിയായിത്തീർന്നപോലെ സംഭ്രമിച്ചും ഒട്ടുനേരം നിന്നു. എങ്കിലും മര്യാദയെ ലംഘിച്ചുകൂടെന്നുള്ള വിചാരത്തോടുകൂടി, “ഇരിക്കണം, അമ്മ ഇപ്പോൾ കുളിച്ചുവരും” എന്നു സൽക്കരിച്ചിട്ട് വടക്കേക്കെട്ടിലേക്കു തിരിപ്പാൻ തുടങ്ങി. ബലാൽക്കാരമായ കന്യാജനകരസ്പർശമോ ഗതിനിരോധനമോ തനിക്ക് അനുവദനീയമല്ലെന്നു സ്മരിക്കയാൽ ഉമ്മിണിപ്പിള്ളയെപ്പോലെ കീചകനയപ്രയോഗത്തിനു വട്ടം കൂടാതെ, കേശവൻകുഞ്ഞ് മുറ്റത്തു പടിഞ്ഞാറോട്ടു തിരിഞ്ഞുനിന്നിരുന്ന കുപ്പശ്ശാരുടെ സഹായത്തെ തന്റെ ദൈന്യഭാവംകൊണ്ടു യാചിച്ചു. അരസികനും വിരൂപനും എങ്കിലും പരഹൃദയജ്ഞനും ആയിരുന്നു കുപ്പശ്ശാര്. കേശവൻകുഞ്ഞിന്റെ സങ്കടാവസ്ഥയെ ഗ്രഹിച്ച്, കുട്ടികോന്തിശ്ശന്റെ ഉപാസനാമൂർത്തികളിൽ ശനിദോഷഹന്താവായ ശാസ്താവെന്നപോലെ നാലുകെട്ടിലേക്കു കടന്നു. ഉൽക്കൃഷ്ടമനസ്കനായ ആ പ്രഭുകുമാരനെ ധിക്കരിക്കുന്നതു സ്വകുലത്തിന്റെ മഹിമയെത്തന്നെ ധിക്കരിക്കയാണെന്ന് അയാൾ ഏകനേത്രംകൊണ്ടു മീനാക്ഷിയെ ശാസിച്ചു. മീനാക്ഷി തന്റെ ഗതിയെ തുടരാതെയും എന്നാൽ, താൻ ശാസിതയായി എന്നുള്ള ഭാവത്തെ [ 65 ] പ്രദർശിപ്പിക്കാതേയും പ്രൗഢമായ നിലയിൽ അല്പം ഒരു ശുണ്ഠിയോടെ പടിഞ്ഞാറെ നിരചാരിനിന്നു. കുപ്പമൂർഖശ്ശാർ മര്യാദയേയും അടുത്ത ഭവനത്തിലെ തകൃതികളേയുംകുറിച്ചു ചില വിമർശനങ്ങൾ ചെയ്തുകൊണ്ട് അവിടെനിന്നു നടകൊണ്ടു. പ്രണയപാശത്താൽ പരസ്പരബദ്ധരായ ആ യുവാക്കൾ പവിത്രവൃത്തരായിരുന്നതുകൊണ്ട്, ലജ്ജാമാത്സര്യത്തോടും ദിഗ്ഭ്രമത്താൽ കുഴങ്ങുന്നതുപോലെയും ഒട്ടുനേരം അമ്പരന്നുനിന്നു. മീനാക്ഷി ഒരു ചിത്രവിഗ്രഹംപോലെ നിശ്ചേഷ്ടമായി നിൽക്കുന്നതിനിടയിൽ, കേശവൻകുഞ്ഞിന്റെ മുഖകരപാദങ്ങൾ പ്രയോഗിച്ച വിന്യാസങ്ങൾ ലജ്ജൈകബാണരായി പഞ്ചശരവിജയം ചെയ്‌വാൻ പുറപ്പെടുന്ന അവിവേകികളുടെ ഗോഷ്ടികൾ തന്നെയായിരുന്നു. തന്റെ പ്രവൃത്തികളാൽ നഖഭേദ്യകപ്രായം കവിഞ്ഞിരിക്കുന്ന പ്രേമം അപാത്രദത്തമായിട്ടില്ലെന്ന് ആശ്വസിച്ചും, എന്നാൽ , അപ്പോഴത്തെ സന്ദർഭം തന്റെ പുരുഷത്വത്തെ ധ്വംസിച്ച് ആ കന്യകാ സന്നിധിയിൽ തന്നെ ബീഭത്സനാക്കുന്നു എന്നു ലജ്ജിച്ചും, അയാൾ അവിടുന്നു സ്പഷ്ടമേ തോറ്റു എന്നുവരാതെ നിർഗ്ഗമിപ്പാനുള്ള ഉപായത്തെക്കുറിച്ച് നിരൂപണം ചെയ്തുതുടങ്ങി. ഇതിനിടയിൽ മീനാക്ഷിയുടെ നേത്രങ്ങൾ ബ്രഹ്മശില്പിക്കു വർണ്ണസങ്കലനത്തിലുള്ള വൈദഗ്ദ്ധ്യ വൈകല്യം നിമിത്തം കേശവൻകുഞ്ഞിന്റെ പാദനഖങ്ങളിൽ ശോണത കുറെ അധികപ്പെട്ടുപോയി എന്നു ദൂഷണംചെയ്തു. ആ യുവതീമണിയുടെ വർണ്ണപ്രകർഷത്തെ കവരുന്നതിനായി പട്ടുചേലകൾ ആ കോമളശരീരത്തിൽ ചുറ്റിപ്പറ്റിക്കിടക്കുന്നോ എന്ന് ആലങ്കാരികന്റെ നിലയിൽ കേശവൻകുഞ്ഞു മനസാ ഉൽപ്രേക്ഷിച്ചു. അനന്തരം എന്തെങ്കിലും മര്യാദയായി ഒന്നു പറഞ്ഞുപൊയ്ക്കെള്ളാൻവേണ്ടി അയാൾ ആ സ്ഥലത്തിന്റെ നിശ്ശബ്ദതയെ ഇങ്ങനെ ഭഞ്ജിച്ചു: “വെടികളും മറ്റും കേട്ടുതുടങ്ങീട്ടു കുറച്ചുനേരമായി. കാണാൻപോകുന്നതിനു കാലം വൈകുന്നായിരിക്കാം കുറിതൊടലും മറ്റും കഴിപ്പാനുണ്ടല്ലോ. ഞാൻ പോയേക്കാം. ഇന്നത്തെ ഗൗരവഘനം വർഷിച്ചുതുടങ്ങിയാൽ എല്ലാം മുങ്ങും!”

മീനാക്ഷി: (മൗനപരീക്ഷയിൽ താൻതന്നെ ജയിച്ചു എന്നുള്ള ഉത്സാഹത്തോടുകൂടി) “പോകാൻ അനുവാദം എന്നോടു ചോദിക്കുന്നതെന്തിന്? ഇല്ലത്തിൽ മൂസ്സ് ഞാനല്ലല്ലൊ. അമ്മ വന്നു കണ്ടിട്ടാണെങ്കിൽ അങ്ങനെ. ഞാനിവിടെ നില്ക്കുന്നതു വിരോധമെങ്കിൽ—”

കേശവൻകുഞ്ഞ്: “അദ്യാപി ആകണ്ഠം പരിഭവം ഇതെന്നു പോയൊടുങ്ങും ഭഗവാനേ? അമ്മാളുക്കുട്ടിയുടെ ഒരു മൃദുവാക്കു കേൾപ്പാൻ ഭാഗ്യമുണ്ടായെങ്കിൽ സമസ്തപുരുഷാർത്ഥവും സാധിച്ചു!”

മീനാക്ഷി: “പുരുഷാർത്ഥം നാലും ഭാഗ്യവാനായ അവിടുത്തേക്ക് ജന്മാവകാശസിദ്ധമല്ലയോ? അവിടുത്തെ ദ്രോഹിപ്പാൻ അഞ്ചാം പുരുഷാർത്ഥമെന്നൊന്നുകൂടി ഉണ്ടായോ? എന്നാൽ വേദാന്തജ്ഞന്മാരും അവിടുത്തെക്കാരണത്താൽ വട്ടത്തിലായി.”

കേശവൻകുഞ്ഞ്: “അതതെ. പക്ഷികൾ ചിലയ്ക്കുന്ന കാലമാണിത്. ചുമ്മാ പുലമ്പും. പക്ഷികളുടെ കാര്യം പറഞ്ഞതുകൊണ്ടു ചോദിക്കുന്നു, ചാതകവും മേഘവും തമ്മിലുള്ള സംബന്ധത്തെ അമ്മാളുക്കുട്ടി അറിഞ്ഞിട്ടുണ്ടോ?”

മീനാക്ഷി: “അവർ തമ്മിലുള്ള വർഗ്ഗഭേദവും ദൂരവും എനിക്കറിയം. ചാതകത്തിന് എത്ര പൊക്കത്തിൽ പറക്കാമെന്നും, മേഘം അതിലെത്ര ഏറെപ്പൊക്കത്തിൽ ചരിക്കുന്നെന്നും ഞാൻ കേട്ടിട്ടുണ്ട്.”

കേശവൻകുഞ്ഞ്: “ഈ ഒരു പല്ലവി മാത്രമേ ഇവിടെ പഠിച്ചിട്ടുള്ളു. കുലവ്യത്യാസം, കുലക്കളങ്കം, കുലഹാനി! ഇങ്ങനെ വൈഷമ്യം പറഞ്ഞു വിലകൂട്ടുന്നതു പരദേശസമ്പ്രദായമായിരിക്കാം. എന്തായാലും ഈ നാട്ടുകാരാനായ ഞാൻ മടങ്ങാൻ ഭാവിച്ചിട്ടില്ല. മൂല്യം കൂടാതെ വ്യാപാരമില്ലെങ്കിൽ അതിനും ഞാൻ ഒരുങ്ങുന്നുണ്ട്. അമ്മാളുക്കുട്ടിക്കു ചില സമ്മാനങ്ങൾ കൊണ്ടുവരാൻ ശ്രമിച്ച് ആ അണ്ണാവയ്യനെ തിരക്കിനടന്നു കാലെല്ലാം വെള്ളെല്ലായി. അയാൾ ചുറ്റിച്ച ചുറ്റുകൊണ്ടാണ് ഈ ശൂണ്ഠിക്കാട്ടിൽ വന്നകപ്പെടാൻ സംഗതിയായത്. അല്ലെങ്കിൽ രാത്രിതന്നെ ചിലമ്പിനേത്ത് എത്തിപോകുമായിരുന്നു.” [ 66 ] മീനാക്ഷി: “എനിക്കു സമ്മാനങ്ങളോ? എന്തിന്? ഞാൻ വില കൂട്ടുമ്പോൾ അവിടുന്ന് വില ഇടിച്ചുകളയാനുള്ള നാട്ടുവിദ്യയും കൊണ്ടു വരികയാണോ? ഓഹോ! അണ്ണാവയ്യന്റെ അടുത്തുമുണ്ടല്ലോ പഠിപ്പ്. കൈകണക്കുകൾ പറവാൻ ആ കടയീന്ന് അഭ്യസിച്ചതായിരിക്കാം.”

കേശവൻകുഞ്ഞ്: “അണ്ണാവയ്യന് ഏറിവന്നാൽ ഗുരുസ്ഥാനമല്ലേ ഉള്ളു. അമ്മാളുക്കുട്ടിക്ക് സ്വാത്മസ്ഥാനവുമാണല്ലോ. അതുകൊണ്ട് ആത്മവഞ്ചന ചെയ്യാതെയും ചെയ്യിക്കാതെയും എനിക്കു പറവാനുള്ള കണക്കു പറഞ്ഞുതീർത്തേയ്ക്കാം. കളി പറഞ്ഞ് ആയുസ്സു കളവാൻ അമ്മാളുക്കുട്ടിയുടെ കളിപ്രായം എനിക്കു കഴിഞ്ഞുപോയി.”

മീനാക്ഷി: “അതിനെന്ത്? നാം രണ്ടുപേരും ഒരു പ്രായമാകുന്നതുവരെ കളി പറയാതെകഴിക്കണം. അപ്പോൾ ‘അശ്വത്ഥാമബലിവ്യാസോ—’ എന്ന കൂട്ടത്തിൽ ആദ്യനാകാം.”

കേശവൻകുഞ്ഞ്: “ഭാവാർത്ഥം മനസ്സിലായി. കണ്ഠത്തിനു മേൽകൊണ്ട് ചാടുവാക്കു പറവാൻ വാഗ്ദേവിവർഗ്ഗക്കാർക്കു പ്രത്യേകം വരപ്രസാദമുണ്ട്.”

മീനാക്ഷി: “സരസ്വതിയെ സേവിക്കുന്നവർക്കും ആ മിടുക്കുണ്ടെന്ന് ഇപ്പോൾ വെളിപ്പെട്ടു. എങ്കിലും സത്യം പറവാൻഭാവിച്ച സ്ഥിതിക്ക് അതിൽ സരസ്വതി പ്രസാദിക്കുന്നതെങ്ങനെയെന്നു കാണട്ടെ.”

കേശവൻകുഞ്ഞ്: “ഇവൻ കല്പനകളെല്ലാം കേൾക്കണം. അമ്മാളുക്കുട്ടിക്കു തോന്നിയപോലെയും. നല്ല ന്യായം! എങ്കിലും, അങ്ങനെതന്നെ നടക്കട്ടെ. ഞാൻ പറവാൻതുടങ്ങിയതല്ലേ കേൾപ്പിക്കേണ്ടത്? അമ്മാളുക്കുട്ടിയെ കണ്ടന്നുമുതൽ എന്റെ സ്മരണയെല്ലാം ഇങ്ങ്. അതുപോലെ എന്റെ നേർക്കുമുണ്ടാകാൻ, അപ്പപ്പോൾ മേഘങ്ങളെയോ മറ്റോ, സന്ദേശങ്ങൾ കൊടുത്തയപ്പാൻ എനിക്കു ദിവ്യത്വവും മഹത്വവുമില്ല. അതിനാൽ അമ്മാളുക്കുട്ടിയുടെ ഹൃദയത്തിൽ എന്റെ സ്മരണയെ സദാപി ജനിപ്പിക്കുന്നതിന്, ചില സന്ദേശവാഹികളെ ആ വിരലുകളിൽ ബന്ധിക്കുന്നതിനു ഞാൻ നോക്കുന്നു—”

മീനാക്ഷി കേശവൻകുഞ്ഞിന്റെ സംഭാഷണത്തെ തടുക്കാതെ കേട്ടു നിന്നുപോയതുകൊണ്ട്, അയാൾക്ക ഇത്രയുമെങ്കിലും ദീർഘമായി തന്റെ അനുരാഗത്തെ പ്രസ്താവിപ്പാൻ സന്ദർഭം കിട്ടി. ലജ്ജക്കാരനും അഭിമാനിയും ധർമ്മവ്രതനും പ്രഭുവംശ്യനും ആയ തന്റെ കാമുകന്റെ ഈ ഉപന്യാസത്തിൽ ആ യുവാവിന്റെ അഗാധവും നിർവ്യാജവുമായ പ്രണയം പ്രത്യക്ഷരം ധ്വനിച്ചതായി മീനാക്ഷിക്കു ബോധ്യപ്പെട്ടു. എന്നാൽ രാജകോപഗ്രസ്തമായുള്ള തന്റെ കുടുംബത്തോട് ആ യുവാവിന്റെ ഭാവിയെ സംഘടിപ്പിച്ച് ദുര്യശോഗർത്തത്തിൽ അയാളെ പതിപ്പിക്കുന്നത് അതിനീചമായ സ്വാർത്ഥനിഷ്ഠയാകുമല്ലോ എന്നു വ്യസനിച്ച്, മീനാക്ഷി പതിവുപോലെ തന്റെ അനുരാഗത്തെ മറച്ച് വിനോദഭാവത്തിൽ ഇങ്ങനെ മറുപടി പറഞ്ഞു: “അങ്ങനെ പാണിഗ്രഹണംകഴിച്ചുകളയാമെന്നായിരിക്കാം! ആൾ മറ്റുള്ളവർ മനസ്സിലാക്കീരിക്കുംപോലെ കുഞ്ഞല്ലല്ലോ. ആ വിലങ്ങുകൾ എവിടെ?”

കേശവൻകുഞ്ഞ്: ഞാൻ മുമ്പു പറഞ്ഞില്ലയോ? പട്ടർ പറ്റിച്ചു. അയാളെക്കൊണ്ടുണ്ടാകുന്ന അനർത്ഥങ്ങൾ പറവാനില്ല. അനന്തമുദ്രമോതിരമെന്നല്ലാതെ അവിടങ്ങളിൽ മറ്റൊന്നും കേൾപ്പാനില്ല.”

മീനാക്ഷി: “ഏഴരശ്ശനിക്കാണ് അതിനെ വിറ്റത്. മുണ്ടും തുണിയും വാങ്ങാൻ വിറ്റമോതിരം എന്തു കശയുണ്ടാക്കുന്നു! അളുകൾക്കിനി ഉണ്ടുകൂടാ, ഉടുത്തുകൂടാ എന്നെല്ലാം ചട്ടം വരുമായിരിക്കാം. ആ മൂത്ത പട്ടർക്ക്, കല്ലിനെക്കുത്തിപ്പറിച്ച് സ്വർണ്ണത്തിനെ ഉരുക്കി, രണ്ടിനേയും വിലയാക്കിക്കൊണ്ടൂടായിരുന്നോ?”

കേശവൻകുഞ്ഞ്: “അദ്ദേഹം നല്ലവൻ. കുരുത്തംകെട്ട ഞാൻ തൊട്ട കാര്യമാകകൊണ്ട് അങ്ങനെ വട്ടക്കലാശത്തിലായതാണ്. അദ്ദേഹം പക്ഷേ പുറപ്പെട്ടുപോയി തിരിച്ചുവന്നിട്ട്, ആദ്യം പറ്റിച്ചതു നമ്മെ. അമ്മാളുക്കുട്ടി നന്തിയത്തേക്കു പോരണം.” [ 67 ] മീനാക്ഷി: “അമ്മാളുക്കുട്ടി പോരുണു! അമ്മാളൂചരിതം ആട്ടക്കഥ കെട്ടിയുണ്ടാക്കി ആ വെങ്കിടഭാഗവതരെ പഠിപ്പിച്ചതു മഹായോഗ്യതതന്നെ! അപകടക്കാരനെന്നു കൊടിയുംകെട്ടി നടക്കുന്ന ആളിന്റെ പുറകേ പോരുന്നതിന് വേറെതന്നെ ആളുണ്ടാക്കണം. അത്ര പൊട്ടിയല്ല ഞാൻ.”

കേശവൻകുഞ്ഞ്: “ആട്ടക്കഥയോ? വെങ്കിടഭാഗവതരോ? ഇതിഎന്തു പുതുക്കഥ?"

മീനാക്ഷി: “യേഹെ! കാര്യസ്ഥതനടിച്ചാൽ പോരാ. പ്രവൃത്തിയിൽ അതു കാണണം. നാം വലിയ പരിചയത്തിലാണെന്നും മറ്റും അയാൾക്കെങ്ങനെ മനസ്സിലായി?”

കേശവൻകുഞ്ഞ്: “ആ വിടുവായനെ ഞാൻ കണ്ടതോ കേട്ടതോ? നാം പരിചയമുണ്ടെന്നുതന്നെ അയാളെങ്ങനെ അറിഞ്ഞു?”

മീനാക്ഷി: “നല്ല വിദ്യ! ചോദ്യത്തിനു ചോദ്യം! അയാളിതാ, ഇപ്പോൾ ഇവിടുന്നു പോയതേയുള്ളു. വേണെങ്കിൽ തിരിയെ വരുത്താം. അവിടുത്തെ വലിയ ചങ്ങാതിയും പുലർപ്പനും കൊണ്ടാടനും ആണെന്നു നടിച്ച് ഇന്നലെ രാത്രി മുഴുവൻ ഇവിടെ ഇരട്ടച്ചെണ്ടകൊട്ടിഘോഷിക്കയായിരുന്നു.”

കേശവൻകുഞ്ഞ്: “തിരുവനന്തപുരത്ത്, ആകാശത്തുതന്നെ വിതച്ചാലും ആ വിത്തു വളർന്നു പടർന്ന്, വീടും കുടിയും ഇളക്കെ പൂത്തു ഫലിച്ചേക്കും. അതുകൊണ്ട് അവിടത്തെ താമസം വേണ്ടെന്നു വയ്ക്കാൻ തന്നെ തീർച്ചയാക്കി. ആ മാമനെന്ന പൊണ്ണബ്രാഹ്മണനുമായി എനിക്കെരു കൂട്ടുമില്ല, കെട്ടുമില്ല. അയാളെന്തോ ഇളക്കി; നിങ്ങൾ കേട്ടു രസിച്ചു.”

മീനാക്ഷി: “ഞങ്ങൾക്കു കുറ്റമായോ? അദ്ദേഹം പേരുവിളിച്ചു പറഞ്ഞ്, കണ്ടാലങ്ങനെ—കാര്യത്തിലിങ്ങനെ — എന്നെല്ലാം സ്തുതിച്ചു.”

കേശവൻകുഞ്ഞ്: “എനിക്കതൊന്നും കേൾക്കണ്ട. കളിപറയാതെ കാര്യമായി മറുപടിപറയൂ. കൂടിപ്പോരാൻ സമ്മതമുണ്ടോ?”

മീനാക്ഷി: “‘മന്നവാ ഹോമദ്രവ്യമിവിടെയുണ്ടായ് വരും’ എന്ന് ശകുന്തളയെപ്പോലെ ഞാനും മറുപടി പറഞ്ഞാൽ അവിടുത്തേക്കു സന്തോഷമായിരിക്കാം. എന്നാൽ അവിടുന്നു തന്ന പാഠത്തെ അനുസരിച്ച് ഞാനും പരമാർത്ഥത്തെത്തന്നെ പറയാം. ഞങ്ങൾ വിധികെട്ട വർഗ്ഗമാണ്. അതുകൊണ്ട്, അവിടത്തെ സൗഭാഗ്യത്തിൽ പങ്കുകൊള്ളാൻ ഞങ്ങൾക്കു സംഗതിവരുമോ? ഞങ്ങടെ സ്ഥിതി അങ്ങനെ ഉള്ളതാണ്. അവിടത്തേക്കു ചേരാൻ പാടുള്ളതേ അല്ല—”

ഇത്രയും പറഞ്ഞപ്പോൾ മീനാക്ഷിയുടെ മുഖം കഠിനമായി ചുവന്നും, നേത്രങ്ങളിൽ ചുടുചുടെയുള്ള ലവണജലം പെരുകിയും; ഹൃദയഗാംഭീര്യവും ആത്മസത്വവും ̧ക്ഷീണങ്ങളായും ചമഞ്ഞു. ഇങ്ങനെയുള്ള ഭാവപ്പകർച്ച കണ്ടപ്പോൾ, കേശവൻകുഞ്ഞിന്റെ സാക്ഷാലുള്ള പുരുഷത്വവും സഹനശക്തിയും സ്പഷ്ടമായി പ്രകാശിച്ചു. “വ്യസനിക്കരുത്! ഞാൻ രാവിലെ വന്നു വേണ്ടാസനം പുലമ്പിയതിനെ ക്ഷമിക്കണം. പക്ഷേ, ദൈവഗതി ആരു കണ്ടു, ആരറിഞ്ഞു? നമുക്കു തമ്മില്ല് ചേർച്ച പാടില്ലാത്തവിധം ദോഷം നിങ്ങടെ കുടുംബത്തിനുണ്ടായിരിക്കയില്ലെന്ന് എന്റെ ആത്മാവ് തീർച്ചയായി പറയുന്നു. പിന്നെന്താണു വേണ്ടത്? വലിയമ്മയുടെ സമ്മതം മാത്രം—”

“അതുതന്നേയാണ് വിഷമം കുഞ്ഞേ; നിന്റെ അമ്മാവൻ സമ്മതിച്ചാലും അച്ഛൻ സമ്മതിച്ചാലും, ലോകർക്ക് നിരന്നാലും കാര്യമായില്ല. നിന്നെ കിട്ടുന്നത് ഞങ്ങൾക്കു വലിയ ഭാഗ്യം തന്നെ. എങ്കിലും, നിനക്ക് ആപത്തുണ്ടാകുന്നത് ഞങ്ങൾ ആലോചിക്കണമല്ലോ. ഞങ്ങടെ വഴിക്ക് ഞങ്ങളെ വിട്ടേക്ക്. വിസ്തരിച്ചൊന്നും ചോദിക്കണ്ട!” എന്നു പ്രസംഗിച്ചുകൊണ്ട് നാലുകെട്ടിനകത്തു പ്രവേശിച്ച വൃദ്ധ, മീനാക്ഷിയുടെ അടുത്തുചെന്ന്, ആ ബാലികയുടെ മുഖത്തു സൂക്ഷിച്ചുനോക്കീട്ട് ഹാസ്യമായി ഇങ്ങനെ പറഞ്ഞു. “അല്ലാ! ഇങ്ങനെയും ഒരു കാലം വന്നോ? കഷ്ടം! കാലംതന്നെ ഭേദിച്ചുപോയി. കണ്ണുനീർ ചൊട്ടുന്ന കണ്ണ് ഇന്നാദ്യമായി നീ [ 68 ] ജനിച്ച കുലത്തിൽ കാണുകയാണ്. നിലത്തു വീഴുംമുമ്പെ തുടയ്ക്ക്. ഭൂമിയെക്കൊണ്ടുകൂടി വെറുപ്പിക്കാതെ.”

കേശവൻകുഞ്ഞ്: “വെറുക്കാനും നിരക്കാനും ഒന്നുമില്ലമ്മേ! അച്ഛന്റെ സമ്മതം ഞാൻ വരുത്തിക്കൊള്ളാം. എന്റമ്മയും അമ്മയെപ്പോലെതന്നെ അമ്മാളുക്കുട്ടിയെ തങ്കക്കൊടിയായി വളർത്തിക്കൊള്ളും. ഈ പ്രദേശം നമുക്കു കാണുകേ വേണ്ട. നിങ്ങൾ മൂന്നുപേരെക്കൂടി സുഖമായി പുലർത്താൻ ഞങ്ങൾക്കു വഴിയുണ്ട്”

വൃദ്ധ: (സ്വകുടുംബാഭിമാനഗർവത്തോടുകൂടി) “സ്വത്തിന്റെ കഥ ദൂരെക്കളഞ്ഞേക്ക്. ഞങ്ങൾക്കും വല്ല പൊട്ടും പൊടിയും അരിച്ചു പിറക്കാനുണ്ടാകും. വിഷമം ആ വഴിക്കല്ല. നിന്റെ അച്ഛൻ സമ്മതിച്ചാലും അമ്മാവൻ കേന്ദ്രിക്കും.”

കേശവൻകുഞ്ഞ്: “അമ്മാവന്റെ സ്വത്ത് ഞങ്ങക്കു വേണ്ടെന്നുവച്ചാലോ?”

വൃദ്ധ: “ഞാനും അമ്മാവനെപ്പോലെ തടസ്ഥം ചെയ്യും. ഉടയാമ്പിള്ളയുടെ അഭിപ്രായത്തെ അനുകൂലിക്കേ എനിക്കു നിവൃത്തിയുള്ളു.”

ഈ വാക്കുകൾ, വൃദ്ധ തന്റെ അമ്മാവന്റെ ശ്വശ്രുവാണന്നും, ആ കന്യക മാതുലപുത്രിയാണെന്നും, ആ ശുദ്ധമനസ്കൻ സംശയിച്ചിരുന്നതിനെ സ്ഥിരപ്പെടുത്തി. വൃദ്ധയുടെ വാക്കുകൾ പുറത്തുനിന്നിരുന്ന കുപ്പശ്ശാരുടെ ജീവനാളത്തെ പൊളിച്ചു. അയാൾ അകത്തു കടന്ന്, പല പൊടിപാടുകളും പെടുത്തി. കോപച്ചീറ്റത്തിനിടയിൽ നാസികാരന്ധ്രങ്ങളിൽക്കൂടി ചില രക്തത്തുള്ളികളെ നിലത്തു വീഴിക്കയും ചെയ്തു. തന്റെ ബുദ്ധികൗശലത്താൽ സാധിതപ്രായമായ ഈ വധൂവരന്മാരുടെ ഘടനയിൽനിന്നു സിദ്ധിക്കാൻപോകുന്ന ഗുണങ്ങളെ ശുദ്ധഗതിയാലും കുടുംബഗർവത്താലും തടയുന്ന തന്റെ സ്വാമിനിയുടെ നിർമ്മര്യാദത്തെ കുപ്പശ്ശാർ ഈവിധം ശാസിച്ചപ്പോൾ വൃദ്ധയ്ക്കു സംഗതി മനസ്സിലായി. സ്വകുടുംബഭക്തനായ ഭൃത്യനെ പ്രതിശാസിക്കുന്നതിനോ, അയാളോടു ശണ്ഠയുണ്ടാക്കുന്നതിനോ നിൽക്കാതെ അവർ പരിഭവത്തോടുകൂടി പുറത്തിറങ്ങി തന്റെ ജപസ്ഥലത്തേക്കു തിരിച്ചു. കുപ്പശ്ശാർ മീനാക്ഷിയുടെ ബാഷ്പങ്ങളെ തുടച്ച് തന്റെ ഇംഗിതാനുസരണമായി പ്രവർത്തിച്ചില്ലെങ്കിൽ ആ ബാലികയുടെ നാസാച്ഛേദനം ചെയ്യുമെന്ന് വിനോദഭീഷണി കാട്ടിക്കൊണ്ടും, ‘വിധിർവാ ഗതിർവാ’ വൃദ്ധയേയും ചന്ത്രക്കാറനേയും തോൽപിക്കുന്നതിനു തന്റെ കൈയിൽ ഒരു പരമശക്തിയുണ്ടെന്നുള്ള നാട്യത്തോടുകൂടിയും, കേശവൻകുഞ്ഞിനെ പിടികൂടി ആചമനാദിക്രിയകൾക്കായി കൊണ്ടുപോയി.

യോഗീശ്വരന്റെ എഴുന്നള്ളത്ത് ചിലമ്പിനേത്തു പടിക്കൽ എത്തുന്നതുവരെ മീനാക്ഷിയുടെ സഹവാസസൗഭാഗ്യത്തെ അനുഭവിച്ചുകൊണ്ട് വൃദ്ധയോടു സംഭാഷണം ചെയ്യുന്ന വ്യാജത്തിൽ കേശവൻകുഞ്ഞ് മന്ത്രക്കൂടത്തു താമസിച്ചു. ഘോഷയാത്ര ചിലമ്പിനേത്തടുത്തപ്പോൾ വൃദ്ധയും മീനാക്ഷിയും മന്ത്രക്കൂടത്തു പുറവാതിലിന്റെ പുരോഭാഗത്തു നിന്ന് അതിനെ ദർശിച്ചു. അപ്രതീക്ഷിതമായി യോഗീശ്വരൻ ആ സ്ഥലത്തുതന്നെ ചെന്ന് അവരേയും പൊടുന്നനവെ മറഞ്ഞുകളഞ്ഞ കേശവൻകുഞ്ഞിനേയും കണ്ട കഥകളെ പൂർവ്വാദ്ധ്യായത്തിൽ വർണ്ണിച്ചിട്ടുണ്ടല്ലൊ. യോഗീശ്വരന്റെ നേത്രമാർഗ്ഗത്തിൽ പതിച്ചതിന്റെശേഷം അവിടെ നിൽക്കാതെ ആ യുവാവ് ഒരു ഊടുവഴി തുടർന്ന് ചിലമ്പിനേത്തു വളപ്പിനകത്തു കടന്നു. വൃദ്ധയുടെ ബോധക്ഷയത്തിൽ, മീനാക്ഷിയും കുപ്പശ്ശാരും സഹായികളായി താങ്ങിയപ്പോൾ എങ്ങനെയോ അവർക്ക് ഉണർച്ചയുണ്ടായി. കരനാഥന്മാരുടെയും മറ്റും സഹായത്തോടുകൂടി നാലുകെട്ടിനകത്തു വൃദ്ധ പ്രവേശിപ്പിക്കപ്പെട്ടതിനിടയിൽ, ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും അവനവന്റെ ഗൂഢമായ മത്സരവിചാരങ്ങൾകൊണ്ടു പുറത്തു നിന്നതേയുള്ളു. യോഗീശ്വരൻ ‘വാതൂലവേഗപ്രതിനീയമാനമാം കേതൂന്റെ ചീനാംശൂകമെന്നപോലവെ’ മനസ്സിനെ മന്ത്രക്കൂടത്തു ശേഷിപ്പിച്ചിട്ട്, ശരീരം മാത്രം മുമ്പോട്ടു ഗമിച്ചപോലെ അവിടെനിന്നും പിരിഞ്ഞു.

തന്നെ ബാധിച്ചതു കേവലം വാർദ്ധക്യക്ഷീണമായിരുന്നുവെന്ന് സഹായത്തിനായി വന്ന കരനാഥന്മാരോടും മറ്റും സമാധാനം പറഞ്ഞ് മനഃശക്തിയാൽ മദ്ധ്യവയസ്കയായ നമ്മുടെ [ 69 ] വൃദ്ധ അവരെ യാത്രയാക്കി. എന്നാൽ സ്വശയ്യയിൽ ശയിപ്പാൻതുടങ്ങിയ അവരുടെ നേത്രങ്ങൾ എന്തോ പരിഭ്രമാവേശസൂചകമായി ചലിച്ചുകൊണ്ടിരുന്നത് മീനാക്ഷിക്ക് ഏകാകിതിത്വത്തിന്റെ പൂർവചിഹ്നദർശനമായി തോന്നിയതിനാൽ, അത് ആ ബാലികയെ അതിയായി പരവശപ്പെടുത്തി. വൃദ്ധയ്ക്കും ദൗഹിത്രിക്കും സർവോപദേഷ്ടാവും സർവകാര്യനിർവാഹകനും ആയ കുപ്പശ്ശാർ ആ സന്ദർഭത്തിൽ, എന്താശ്ചര്യം! വൃദ്ധയുടെ ദുർഘടത്തെ കാണുന്നില്ല. മീനാക്ഷിയുടെ മുഖത്തു സ്പഷ്ടമായി പ്രകാശിക്കുന്ന അഗാധക്ളേശത്തേയും ധരിക്കുന്നില്ല. മന്ത്രക്കൂടത്തുപടിക്കൽനിന്നും ചിലമ്പിനേത്തേക്കു പോകുമ്പോൾ ഹരിപഞ്ചാനനൻ ഏതു സ്ഥിതിയിൽ ഇരുന്നുവോ, അതുപോലെ തന്നെ ഈയാളും സ്തബ്ധജീവനായിത്തീർന്നിരിക്കുന്നു. ആപദ്ഭയ ശൂന്യനായ ആ രാക്ഷസസ്വഭാവൻ ഭക്തിപുരസ്സരം സ്വയം വരിച്ചിട്ടുള്ള രക്ഷാവൃത്തിയിൽനിന്ന് അയാൾ നിവൃത്തനായതുപോലെ വർത്തിക്കുന്നു. ഈ സ്ഥിതികളെല്ലാം കണ്ട്, മീനാക്ഷി മതിമറന്ന് ഇങ്ങനെ വിലപിച്ചു: “അയ്യോ, മഹാപാപമേ! ഞങ്ങളെക്കൊണ്ടു വാലാട്ടിച്ചേക്കാമെന്ന് ഉമ്മിണിപ്പിള്ളമ്മാൻ പറഞ്ഞ വീരവാദത്തെ അക്ഷരം തെറ്റാതെ പറ്റിച്ചിരിക്കുന്നല്ലൊ! സ്വാമിയാര് ദ്രോഹിപ്പാൻ പല്ലക്കിൽനിന്നും ചാടിപ്പുറപ്പെട്ടല്ലൊ. ആ സന്യാസി, ആ പരമവഞ്ചകൻ നശി—”

ഹരിപഞ്ചാനനയോഗീശ്വരൻ ചാരിത്രകോപാഗ്നിയിൽ ദഹിച്ചുപോകുമാറുള്ള ഒരു ശാപവചനം മീനാക്ഷിയുടെ നാവിൽനിന്നു പുറപ്പെടുമെന്നു ഭയപ്പെട്ട് വൃദ്ധയും കുപ്പശ്ശാരും ഒരേമാത്രയിൽത്തന്നെ ഝടിതിയിൽ ശാപോപസംഹൃതിക്കായ്ക്കൊണ്ടു യത്നിച്ചു. വൃദ്ധയുടെ മനസിനെ ബാധിച്ചിരുന്ന ക്ഷീണത്തെ വംശപരമ്പരാസിദ്ധമായ പ്രാഗത്ഭ്യത്തോടുകൂടി അമർത്തിക്കൊണ്ട്, അവർ ദൗഹിത്രിയെ ഇങ്ങനെ ആശ്വസിപ്പിച്ചു: “കൊട്ടും വെടിയുംമറ്റും കേട്ട് എന്റെ പതിവായ ക്ഷീണം വന്നതാണു മകളേ! കുറച്ചു കഴിയുമ്പോൾ മാറും. നീ വ്യസനിക്കേണ്ട. എന്തോ ചില സ്വപ്നങ്ങൾ കണ്ടുപോയി. വയസ്സായല്ലോ. എളുപ്പത്തിൽ മനസ്സു കലിങ്ങിപ്പോണു. സന്യാസിയെ നീ ശപിക്കാതെ, അദ്ദേഹം ക്ഷുദ്രമൊന്നും ചെയ്തിട്ടില്ല. ഒരു വയസ്സിയെക്കണ്ട് ബഹുമാനിച്ചു—അത്രേയുള്ളു. ശീ! മറ്റൊന്നും വിചാരിക്കാതെ. അദ്ദേഹം അദ്ദേഹത്തിന്റെ വഴിക്കു പോയി. ഇങ്ങനെ വന്നും പോയും എന്തെല്ലാം കണ്ടു! അദ്ദേഹവുമായി നാമിനി ഇടയേണ്ട. “വൃദ്ധയുടെ സാന്ത്വനങ്ങൾ ഒടുവിലത്തെ ഭാഗത്തിൽ എത്തുന്നതുവരെ കുപ്പശ്ശാർ ആശ്വസിച്ചുനിന്നു. അവസാനത്തെ വാക്കുകൾ ഒരു ‘അറ’ ശങ്കയെ അയാളുടെ മനസ്സിൽ ഉല്പാദിപ്പിച്ച്, അയാളെ ക്രൂദ്ധനാക്കി. ആ കോപത്തിന്റെ കാരണത്തെക്കുറിച്ച് വൃദ്ധ ചോദ്യം തുടങ്ങിയപ്പോൾ, കുട്ടിക്കോന്തിശ്ശൻപോലും, കഴക്കൂട്ടത്തു കുടുംബത്തിലെ ഒരു ബാലികയുടെനേർക്കാകട്ടെ പ്രയോഗിപ്പാൻ മുതിർന്നിട്ടില്ലാത്ത ഗർവത്തോടും കുപ്പശ്ശാർ അവിടെനിന്നും നടന്നു കളഞ്ഞു. യോഗീശ്വരൻ വൃദ്ധയുടെയും കുപ്പശ്ശാരുടെയും മനസ്സുകളിൽ, അവർ എന്തു വ്യാജങ്ങൾ കഥിച്ചാലും നടിച്ചാലും, അതിരൂക്ഷമായ അസ്വാസ്ഥ്യത്തെ ഉണ്ടാക്കി എന്നുള്ളത് വൃദ്ധയുടെ ക്ഷീണവും കുപ്പശ്ശാരുടെ കോപവും പ്രത്യക്ഷീകരിച്ചു.

മന്ത്രക്കൂടത്തെ പാർപ്പുകാർ ചിലമ്പിനേത്തുനിന്നും പകർന്നുകൊണ്ടുവന്ന അന്നാദിവിഭവങ്ങൾ ഭക്ഷിച്ചിട്ട്, വൃദ്ധ നിദ്രാസ്വപ്നങ്ങളിലും മീനാക്ഷി മനോരാജ്യസ്വപ്നങ്ങളിലും ലയിച്ചു. കുപ്പശ്ശാർ നിയമവിരുദ്ധമായി ചിലമ്പിനേത്തു നടക്കുന്ന ആഘോഷങ്ങൾ കാണുന്നതിനായി പുറപ്പെട്ടു. ആ സഞ്ചാരത്തിനിടയിൽ യോഗീശ്വരഭൃത്യനായ കരിംകുരങ്ങനുമായി അയാൾ കൂട്ടിമുട്ടി. നാനാസ്ഥിതിഭേദങ്ങളുള്ള മനുഷ്യലോകത്തിൽ, സ്ഥാനജാത്യാദിവ്യത്യാസങ്ങൾകൂടാതെ തുല്യബലമായി പ്രചരിക്കുന്ന സ്നേഹബന്ധം നികൃഷ്ടമായ ദരിദ്രാവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളുടെ ഇടയിലും എത്രത്തോളം ഉൽകൃഷ്ടത പ്രാപിക്കാമെന്നു നിർണ്ണയംചെയ്‌വാൻ, ഈ രണ്ടു കൃഷ്ണസത്വങ്ങളും ചേർന്ന് ഒരു വിജനസ്ഥലത്തുവെച്ചു നടന്ന കൂടിക്കാഴ്ച സൂക്ഷ്മതരമായ മാനദണ്ഡമായിരുന്നു. ഏകദേശം നാലഞ്ചുനാഴിക കഴിഞ്ഞു മടങ്ങിയപ്പോൾ കുപ്പശ്ശാര്, ഹരസൃഷ്ടനായ വീരഭദ്രനെപ്പോലെ അട്ടഹാസവുംകൊണ്ടു ഭൂകമ്പനംചെയ്‌വാൻ സന്നദ്ധനെന്നപോലെയാണു വന്നത്. സ്വപ്നസുഖത്തിൽനിന്നു വിരമിച്ച് വിശ്രമിച്ചുകൊണ്ടിരുന്ന വൃദ്ധയും മീനാക്ഷിയും കുപ്പശ്ശാരുടെ ഭാവഭേദത്തിന്റെ കാരണത്തെക്കുറിച്ചു ചോദിച്ചതിന് ഉത്തരമായി അയാൾ രാജ്യക്ളേശങ്ങളിൽനിന്നു പെട്ടെന്നു [ 70 ] വിമുക്തനായ ഒരു രാഷ്ട്രാധിപന്റെ സ്വച്ഛന്ദതയും ഗർവവും നടിച്ച് ആകപ്പാടെ ഹരിപഞ്ചാനനയോഗീശ്വരന്റെ ആഗമനം തങ്ങൾക്കു ദുഷ്കാലത്തെ ഉദിപ്പിച്ചു എന്നു മീനാക്ഷി തീർച്ചയാക്കി. മനസ്വിനിയായ വൃദ്ധയ്ക്ക് ബാലയായ മീനാക്ഷിയെക്കാൾ പൂർവചരിത്രജ്ഞാനം ഉണ്ടായിരുന്നതിനാൽ, കുപ്പശ്ശാരുടെ ഭാവഭേദത്തിന് ഹേതൂഭൂതമായ സംഗതിയെ വഴിയെ ഗ്രഹിച്ചുകൊള്ളാമെന്ന് അവർ അടങ്ങിപ്പാർത്തു. എങ്കിലും പൂർവസംഭവങ്ങളുടെ സ്മൃതിയാൽ പീഡിതമായ അവരുടെ ഹൃദയം കൂടക്കൂടെ വാടിയും തളർന്നും ഇരുന്നു.

‘അനർത്ഥം വരുമ്പോൾ കൂട്ടത്തോടെ’ എന്നുള്ള വിധിവാനരത്വം ഈ സാധുക്കളേയും പരിതപിപ്പിച്ചു. ഏകദേശം ഏഴുനാഴിക അസ്തമിപ്പാനുള്ളപ്പോൾ ജനസഞ്ചാരധ്വനികളുടെ ഇടയ്ക്ക് പടിവാതിലിൽ കേശവൻകുഞ്ഞിന്റെ ഹസ്താഡനപ്രാർത്ഥന ഉണ്ടാവുകയും കുപ്പശ്ശാർ കവാടമോചനത്താൽ ആ ഭക്തനെ അനുഗ്രഹിക്കുകയും ചെയ്തു. എന്നാൽ സാഹസപ്പെട്ടു കച്ചകെട്ടി പരിശീലിച്ചാലും ആ യുവാവിന്റെ മുഖത്തു പുറപ്പെടാത്ത കോപഭാവത്തോടുകൂടിയാണ് അപ്പോൾ കേശവൻകുഞ്ഞു മുറ്റത്തു പ്രവേശിച്ചത്. മറ്റുള്ള ചാഞ്ചല്യഹേതുക്കളെ എല്ലാം മറന്ന്, കുപ്പശ്ശാർ സർവാഭീഷ്ടദായകത്വം തനിക്കു സിദ്ധമെന്നുള്ള ഭാവത്തിൽ ആ യുവാവിന്റെ സമീപത്തണഞ്ഞു. ആ യുവാവ് അപ്പോൾ ആ സ്ഥലത്തു പ്രവേശിച്ചത് അല്പകാലത്തെ പ്രണയകലഹത്താൽ ജളനാകപ്പെട്ടതിന്റെശേഷം പരിത്യജിക്കപ്പെടുന്നതിനല്ല. തന്റെ അനുരാഗഭാജനമായ കന്യകയുടെ മാതാമഹിയും ഗർവ്വഗർഭയുമായ ഒരു വൃദ്ധയുടെ മാതൃനിർവിശേഷമെങ്കിലും, തിക്തരസാവസായിയായ, മധുരോക്തികളാൽ വഞ്ചിതനാവാനുമല്ല.മരണപര്യന്തമുള്ള സ്വാത്മസുഖത്തിനു നിദാനമായ ഒരു വിജയസിദ്ധിക്കായിട്ട് ധൃതഖഡ്ഗനായി പുറപ്പെട്ടിരിക്കയാണ്. ഭൂമി സമുദ്രത്തിലും രവിചന്ദ്രതാരങ്ങൾ പാതാളദേശത്തും, ചിലമ്പിനേത്തു ഭവനം അതിനോടു ചേർന്ന കൗബേരമായ ധനസഞ്ചയവും ആഹുതികുണ്ഡത്തിലും, താൻ പഠനംചെയ്തിട്ടുള്ള ഗ്രന്ഥാവലികൾ അതുകളുടെ കർത്താക്കളെപ്പോലെതന്നെ കാലതിരസ്കൃതിയിലും ആണുപോകട്ടെ. തൽക്കാലം തന്റെ ജീവിതധാരണം സ്വപ്രേമസർവസ്വമായ ആ മീനാക്ഷിയുടെ കുടുംബപരമാർത്ഥഗ്രഹണം ഒന്നിനുമാത്രമായിരുന്നു. വരുണാലയഭേദനാർത്ഥം പ്രയോഗിക്കപ്പെട്ട ദിവ്യാസ്ത്രത്തിന്റെ വേഗശക്തികളോടുകൂടി, സുന്ദരബ്രാഹ്മണൻ പകർന്ന് ധനഞ്ജയനായിത്തീർന്നിരിക്കുന്ന കേശവൻകുഞ്ഞ് മന്ത്രക്കൂടത്തു നാലുകെട്ടിനകത്തു പ്രവേശിച്ചു. കൊടുംകരൾകൊണ്ടകുലത്തിൽ ജനിച്ച ത്രിപുരസുന്ദരി വലിയകുഞ്ഞമ്മയും ആ സന്ദർഭത്തിൽ കേശവൻകുഞ്ഞിനെക്കണ്ട് ഞെട്ടി എഴുന്നേല്ക്കാൻ ഭാവിച്ചു. അയാളിൽ കാണപ്പെട്ട രൗദ്രാഗ്നിശിഖ, കന്ദർപ്പസൗന്ദര്യം പോലെ മീനാക്ഷിയുടെ മനസ്സിൽ പ്രസാദഹർഷങ്ങളെ ഉണ്ടാക്കി, അയാളുടെ പരിചയാരംഭംമുതൽക്കുള്ള പരിചരണങ്ങളും പ്രേമവാദങ്ങളും കൊണ്ട് സിദ്ധമാകാത്തതായ അവളുടെ വശീകരണത്തെ സാധിച്ചു.

അന്നു രാവിലത്തെ ദർശനത്തിൽ ശുണ്ഠികൊണ്ടു മുഖം വീർപ്പിച്ചു നിന്ന ആ ബാലിക, വൃദ്ധയുടെയും കുപ്പശ്ശാരുടെയും പരിഭ്രമത്തെ കൂട്ടാക്കാതെ, കേശവൻകുഞ്ഞിനാൽ പരിണീതയായ ഗൃഹിണിയുടെ നിലയിൽ പൂർവ്വകഥയെയും പ്രസ്താവനകളെയും മറന്ന് ആ യുവാവിനെ സ്വകുടുംബാംഗമാക്കി അയാളോട് ഇങ്ങനെ കുശലാന്വേഷണംചെയ്തു: “നമുക്ക് വേണ്ടവർക്കെല്ലാം ഒന്നുപോലെ ഇന്നു സുഖക്കേടുതന്നെ. (ബഹുവചനത്തിൽ ‘നമുക്ക്’ എന്നുണ്ടായ പ്രയോഗത്താൽ കേശവൻകുഞ്ഞ് കുറച്ച് ശീതളനായി) അമ്മാവനോട് ശണ്ഠ കൂടിക്കഴിഞ്ഞു എന്നു തോന്നുന്നു. എന്തായാലും ഇവിടേക്ക് ഒട്ടും ചേർച്ചയില്ലാത്ത ഈ സംഹാരരുദ്രന്റെ വേഷം അഴിച്ചുകളയണം. (ആ യുവാവിന്റെ നവകുണ്ഡലങ്ങളെ നോക്കി) നല്ല കടുക്കനിട്ടപ്പോൾ അതിനു വേണ്ട പ്രതാപം താനേ വന്നുപോയി!”

കുപ്പശ്ശാരും വൃദ്ധയും മീനാക്ഷിയുടെ വാഗ്വൈഭവത്തെ അനുമോദിച്ച്, ഈ സൽക്കാരത്തെ താങ്ങിപ്പറഞ്ഞു. മീനാക്ഷിയുടെ ഭാവപ്പകർച്ചയും സ്നേഹപൂർണ്ണമായ വാക്കുകളും കേശവൻകുഞ്ഞിനെ സന്തുഷ്ടനാക്കി എങ്കിലും, താൻ അവലംബിച്ച രൗദ്രരസത്തെ മനഃപൂർവ്വം തുടർന്നുകൊണ്ട്, മീനാക്ഷിയുടെ സൽക്കാരം കന്യാധർമ്മവിരുദ്ധമാണെന്ന് അർത്ഥമാക്കുന്ന ഒരു നോട്ടത്തിൽ അയാൾ അതിനെ അനാദരിച്ചുകളഞ്ഞു. എന്നാൽ വൃദ്ധ ആ യുവാവിന്റെ കരങ്ങളെ ഗ്രഹിച്ച് അയാളെ തന്റെ സമീപത്തിരുത്തി അയാളുടെ ഭാവഭേദനത്തിനു കാരണമെ [ 71 ] ന്തെന്നു ചോദിച്ചു. അതിനെ ധിക്കരിച്ച് വികടമറുപടി പറവാൻ വേണ്ട മനഃശക്തി അയാൾക്ക് അപ്പോൾ ശേഷിച്ചിരുന്നില്ല.

കേശവൻകുഞ്ഞ്: “ഞാൻ ഇതാ ഇപ്പോൾത്തന്നെ നന്തിയത്തേക്കു പോകുന്നു. ആകപ്പാടെ സ്ഥിതികളെല്ലാം കേട്ടതിൽ, ഒന്നു കൂടി ചോദിച്ചുകൊണ്ടു പോകണമെന്നു തീർച്ചയാക്കി. നിങ്ങൾക്കു സത്യമുണ്ടെങ്കിൽ —എന്നോടു സ്നേഹമോ മര്യാദയോ ഞാൻ ആവശ്യപ്പെടുന്നില്ല—നിങ്ങൾക്കു സത്യമെന്നൊന്നുണ്ടെങ്കിൽ, ആരെന്നും ഏതു ഭവനക്കാരെന്നും പറയണം. പറയുന്നില്ലെങ്കിൽ വിദ്യാഭ്യാസവും വേണ്ടാ, ചിലമ്പിനേത്തെ അനന്തരത്വവും വേണ്ടാ, അമ്മാളു—നിങ്ങളോട് —ഒരു സായൂജ്യവും വേണ്ടാ.”

വൃദ്ധയും കുപ്പശ്ശാരും പരുങ്ങലിലായി. കുപ്പശ്ശാർക്ക് പരമാർത്ഥത്തെ പറയുന്നതിന് വൃദ്ധയുടെ അനുമതി മാത്രമേ വേണ്ടിയിരുന്നുള്ളു. വൃദ്ധയ്ക്കോ, ചന്ത്രകാറന്റെ അനുമതികൂടാതെ തന്റെ വാസ്തവത്തെ അദ്ദേഹത്തിന്റെ അനന്തരവനെപ്പോലും ധരിപ്പിപ്പാൻ അപ്പോഴത്തെ സ്ഥിതികൾകൊണ്ടു ധൈര്യമുണ്ടായില്ല. എന്നാൽ ആ യുവാവിന്റെ മർക്കടമുഷ്ടി അയാളുടെ അച്ഛന്റെ സ്ഥിരപ്രതിജ്ഞയെ ഓർമ്മിപ്പിച്ചതിനാൽ, അയാളുടെ അപേക്ഷയെ പൊടുന്നനവേ നിഷേധിക്കുന്ന കാര്യത്തിൽ, കഴക്കൂട്ടത്തെ ത്രിപുരസുന്ദരി വലിയമ്മയ്ക്കും “ഒരു ശസ്ത്രാസ്ത്രങ്ങൾ വഴിയെ തോന്നീല”—അതിനാൽ അവർ ഇങ്ങനെയുള്ള സാമവചനങ്ങൾ പ്രയോഗിച്ചുതുടങ്ങി: “ഞങ്ങൾ സ്ത്രീകളെ, എന്റെ കുഞ്ഞിങ്ങനെ ഞെരുക്കുന്നല്ലോ. ഞങ്ങളുടെ സത്യം നിന്റെ അച്ഛനും അമ്മാവനും അറിയാം. അവരോടു ചോദിച്ച് കുഞ്ഞിന് അറിഞ്ഞുകൊള്ളരുതോ?”

കേശവൻകുഞ്ഞ്: “ഇങ്ങനെ ഒഴിയണ്ട. അമ്മാവന്റെ വഴിയൊന്നും എനിക്കു രൂപമില്ല. അച്ഛൻ കഴുത്തു പോയാലും പറകയുമില്ല. ഞാൻ നിങ്ങളെക്കുറിച്ചു പല എഴുത്തും അയച്ചു. നിങ്ങളുടെ കാര്യം സംബന്ധിച്ചുമാത്രം മറുപടികളിൽ ഒരക്ഷരവുമില്ല. മനസ്സാണെങ്കിൽ പറയണം.”

വൃദ്ധ: “ഈ സ്വാമികൾ പോയിക്കഴിയട്ടെ. ചന്ത്രക്കാറനോടു ചോദിച്ചുകൊണ്ട്, അയാളുടെ സമ്മതമില്ലെങ്കിലും പറയാം.” ചന്ത്രക്കാറന്റെ സമ്മതമുണ്ടാവുകയില്ലെന്നു നിശ്ചയമുണ്ടായിരുന്നതു കൊണ്ട്, മുറുകിയ ആയത്തിനു കടവടുക്കണമെന്നു കരുതി കേശവൻകുഞ്ഞ് ഇങ്ങനെ പരുഷം പറഞ്ഞു: “നിങ്ങൾ –ഞാൻ പറയാം യോഗ്യതകളെ—അമ്മാവൻ തന്ന മോതിരം വില്ക്കാൻ എന്നെ വിശ്വസിക്കാം. അതിൽനിന്നുണ്ടായ ബഹളം അറിവാൻ അമ്മാവൻ വേണ്ട— കണ്ട പരദേശികളുടെ കാൽക്കുകുമ്പിടാൻ ഇവൻ വേണം. നിങ്ങളെ കൈവിടാതെ സ്വകാര്യത്തെ രക്ഷിച്ചുകൊള്ളാൻ എനിക്കു സാമർത്ഥ്യമുണ്ട്. നിങ്ങൾ ഏതു കുടുംബമെന്ന് അറിയണമെങ്കിൽ, അവിടെ വെറ്റിലക്കെട്ടുവച്ചു തൊഴണം, ഇവിടെ പതികിടക്കണം, മൂന്നാമതൊരിടത്ത് മൂത്ത കൊഴവനാകണം! കുഞ്ഞുകളിപ്പിക്കാൻ നല്ലതരം കണ്ടു!” (ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു നെഞ്ചത്തു കൈവച്ചുകൊണ്ട്) “ഇതാ ശ്രീപത്മനാഭനാണ, ഞങ്ങളുടെയും കുലദൈവമായ ചാമുണ്ഡേശ്വരിയാണ—”

വൃദ്ധ കടന്ന് ആ യുവാവിന്റെ സത്യത്തെത്തടഞ്ഞ്, സംഭ്രമം കൊണ്ടുഴന്ന് ഇങ്ങനെ പറഞ്ഞു: “എന്റെ കുഞ്ഞു നില്ക്ക്. എത്രയോ ശുദ്ധൻ നീ! പരമാർത്ഥി! അമ്മാവൻ തന്ന മോതിരമോ? അതിനെക്കാൾ ശ്രീരാമസ്വാമീടെ തിരുവാശി എന്നു പറ. ചന്ത്രക്കാറന്റെ കല്പതിരു തിന്നാൻ കാലം കഴക്കൂട്ടത്തുടയോർക്ക് ഇതുവരെ വന്നിട്ടില്ല അപ്പനെ–ഇനി വരാതെയും പോട്ടെ.”

വേണ്ടതറിഞ്ഞു. അന്നത്തെ സൂര്യാസ്തമനം ബഹുകോടി സൂര്യന്മാർ ഒന്നുചേർന്ന് ഉദയംചെയ്തപോലെ പ്രകാശമുള്ളതെന്നു കേശവൻകുഞ്ഞിനു തോന്നി. വൃദ്ധയ്ക്കു വയസ്സു പതിനാറും മീനാക്ഷിക്കു രണ്ടും മാത്രമേയുള്ളു എന്നും, കുപ്പശ്ശാർ തന്നോടു സമവയസ്കനും തുല്യസുഭഗനും ആണെന്നും മുല്ലബാണവിജയ’വൈജയന്തി’യായ ആ ദിനാന്തത്തിൽ ആ യുവാവിന് ആനന്ദപ്രമാദമുണ്ടായി. [ 72 ] പൂർണ്ണചന്ദ്രനുദിച്ച് മന്ത്രക്കൂടത്തുകാർക്ക് അമൃതകിരണങ്ങളെത്തന്നെ വർഷിക്കുന്നു. പലകയിടലും പട്ടുവിരിപ്പും വിളക്കുവയ്പും കൂടാതെ ഒരു വിവാഹം സമസ്തസമ്മേളനസഹിതം നടക്കുന്നതുപോലെ ആ ഭവനം സന്തോഷപൂർണ്ണമായി വിലസുന്നു. മന്ത്രക്കൂടത്തു നാലുകെട്ടിന്റെ കിഴക്കേത്തിണ്ണയിൽ ഇരുന്ന് ചന്ദ്രാരാധനംചെയ്യുന്ന വൃദ്ധയ്ക്കും കേശവൻകുഞ്ഞിനും മീനാക്ഷിക്കും തല്ക്കാലസ്ഥിതിയുടെ മനോഹരതയും ഭാവിയുടെ മധുരിമയും മനസ്സിൽ തിങ്ങി, സരസസംഭാഷണരൂപമായി വഴിയുന്നു. ഉത്സാഹംകൊണ്ട് മൂന്നുപേരും ഈശ്വരകഥാലാപനം തുടങ്ങുന്നു. ചിലമ്പിനേത്തുള്ള പരമാനന്ദപ്രദമായ സൗധത്തിൽ സമാധിയായിരിക്കുന്ന ഹരിപഞ്ചാനനയോഗീശ്വരനും ചെവികളെ വട്ടംപിടിക്കുമാറ്, വൃദ്ധയുടെ നിയോഗപ്രകാരം മീനാക്ഷി ഭഗവതിസ്തോത്രമായ ചില ശ്ളോകങ്ങളെ ഗാനം ചെയ്‌വാൻ തുടങ്ങുന്നു.

ഹാ! “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചല”മെന്നുള്ളത് ഏറ്റവും അവിതർക്കിതം തന്നെ. കാലചക്രഭ്രമണത്തിന്റെ വേഗത ആരറിഞ്ഞു? മിന്നൽകൂടാതെയും ഇന്ദ്രഖഡ്ഗനിപാതം എത്ര ജീവജാലങ്ങളെ ഹനിക്കുന്നു! മീനാക്ഷിയുടെ സംഗീതമധുഝരി ആ സ്ഥലത്തു പ്രവഹിച്ച് അവിടത്തെ ഗായകപടുക്കളുടെ പ്രാഗത്ഭ്യത്തെ സമുദ്രഗമനം ചെയ്യിച്ചതുപോലെ, ചിലമ്പിനേത്ത് അതിസരളമായി ധ്വനിച്ചുകൊണ്ടിരുന്ന നാഗസ്വരം പൊടുന്നനവേ നിലകൊള്ളൂന്നു. ഗംഭീരമായി അവിടവിടെ മുഴങ്ങിക്കൊണ്ടിരുന്ന ചന്ത്രക്കാറന്റെ അട്ടഹാസങ്ങളും അമർന്നുകൂടുന്നു. ആശ്ചര്യസൂചകമായുള്ള ചില ശബ്ദങ്ങൾ മാത്രം മന്ദവാതം വഹിച്ച് മന്ത്രക്കൂടത്ത് എത്തിക്കുന്നു. അടുത്തുള്ള പാചകശാല അതിലെ ശ്രമക്കാരാൽ ഉപേക്ഷിക്കപ്പെട്ടതുപോലെ നിശ്ശബ്ദസ്ഥലമായിത്തീർന്നിരിക്കുന്നു. സർപ്പശ്രവണനായ കുപ്പശ്ശാരും ചിലമ്പിനേത്തെ വിശേഷനിശ്ശബ്ദതയാൽ ആകർഷിതനാകുന്നു. ആശ്ചര്യഭയസങ്കോചങ്ങളോടുകൂടി അയാൾ മറ്റു മൂന്നുപേരുടേയും മുമ്പിൽ യമവാർത്താവഹനെന്നപോലെ വക്രവദനനായി എത്തുന്നു. എന്തോ ഭയാനകമായുള്ള സംഭ്രമത്താൽ സംഭ്രമിതരാക്കപ്പെട്ടതുപോലെ ആളുകൾ ഓടിത്തുടങ്ങുന്നു. പാദശബ്ദങ്ങൾ കിഴക്കുള്ള വഴിയിൽ കേട്ടുതുടങ്ങുന്നു. ചിലമ്പിനേത്തുഭവനത്തിന് അഗ്നിഭയം നേരിട്ടുവോ എന്നു സംശയിച്ച്, കേശവൻകുഞ്ഞ് അവിടേക്കു പുറപ്പെടാൻ ഭാവിക്കുന്നു. കർമ്മവിപാകദോഷംകൊണ്ട് അയാളുടെ ഗമനത്തെ വൃദ്ധ പ്രതിബന്ധിക്കുന്നു. കുറച്ചുനേരത്തേക്ക് പരിസരപ്രദേശമെല്ലാം നിശ്ശബ്ദമായി. അനന്തരം കിഴക്കുള്ള വഴിയിൽ കേൾക്കപ്പെട്ട പാദവിന്യാസശബ്ദങ്ങൾ പെട്ടെന്ന് മന്ത്രക്കൂടത്തുപടിക്കൽ എത്തി. രാജാധിരാജാജ്ഞപോലെ വാതൽ തുറപ്പാൻ ഒരു വിളിയുണ്ടായി. കേശവൻകുഞ്ഞും മറ്റും മുഖത്തോടുമുഖം നോക്കി ആശ്ചര്യഭരിതരായി മുറ്റത്തിറങ്ങി നിന്നു. പടിവാതിൽക്കലുണ്ടായ വിളി അതിഘോരമായി മുറുകി. തങ്ങളുടെ പരമാർത്ഥം വെളിപ്പെട്ടുപോയി എന്നു വൃദ്ധ മാറത്തലച്ചു. വൃദ്ധയുടെ പരവശത കണ്ട് മീനാക്ഷി വാടിത്തളർന്നു. മറ്റുള്ളവരുടെ മുഖസ്തോഭങ്ങളെയും ̧ക്ഷീണങ്ങളെയും കണ്ട്, ഹാസ്യരസത്തോടുകൂടി കേശവൻകുഞ്ഞു നിന്നു. എല്ലാത്തിനും നിവൃത്തി താൻ കണ്ടിട്ടുണ്ടെന്നുള്ള ധൈര്യത്തോടുകൂടി കുപ്പശ്ശാർ മുന്നോട്ടടുത്ത് വാതൽ തുറന്നു. ജലപ്രളയം പോലെ വാതൽപ്പടിയും അതോടു ചേർന്നുള്ള കയ്യാലകളും ഭേദിച്ച ഒരു ജനപ്രവാഹം ആ മുറ്റത്തോട്ടുണ്ടായി. വാൾക്കാരും കോൽക്കാരും, കൃതാവ് മുതലായ മുദ്രാധാരികളായ മുതൽപ്പേരന്മാരും, ചുവന്ന ലേസ്സുകാരായ വില്ലക്കാരും കാണികളും തടസ്സരുമായി എത്തിയിരിക്കുന്ന വീരരായ കരക്കാരും, ദുശ്ശാസനതുല്യനായ ഉമ്മിണിപിള്ളയുടെ മദാടോപത്താൽ നയിക്കപ്പെട്ട്, വൃദ്ധ മുതലായവരുടെ മുമ്പിൽ നിരന്നു. അന്നുദയത്തിലെ ഘോഷയാത്രയിൽ അതിബഹുലവും നിബിഡവുമായിരുന്ന ജനതതിയെ അണിനിരത്തി നടത്തിയ ചന്ത്രക്കാറമഹാമാന്ത്രികൻ, അപ്പോഴത്തെ ആൾത്തിരക്കിനിടയിൽ അകപ്പെട്ടു ഞെക്കിഞെരുങ്ങി രസായനപാകമാക്കപ്പെട്ടു. അദ്ദേഹത്തിന്റെ മുഖം പാഞ്ചാലീവസ്ത്രാപഹരണമഹാപമാനത്തിൽ ഭീമസേനന്റേതുപോലെ നരസിംഹപ്രഭമായിരുന്നു എങ്കിലും ആ മഹാനുഭാവനും അദ്ദേഹത്തിന്റെ ബന്ധുസഹസ്രങ്ങളും എന്തോ മഹത്തായ പ്രരണകൊണ്ട് കേവലം ശുഷ്ക്കജീവന്മാരായി നിന്നതേയുള്ളു. ഭൂകമ്പനത്തിനുമുമ്പായി ഉണ്ടാകുന്ന നിശ്ചലതയ്ക്കുതുല്യമായി സകലരും നില്ക്കെ, ചന്ത്രക്കാറനാകുന്ന പ്രതാപവാനും അദ്ദേഹത്തിന്റെ കഴക്കൂട്ടത്തുകളരിയിലെ വീരാഗ്രഗണ്യന്മാരും കാൺകെ, ഒരു പ്രമാണിയിലും പ്രാണിയിലും—ഹാ കഷ്ടം! പ്രാണപ്രണയിനിയിലെങ്കിലും—നിന്ന് ഒരു തടസ്ഥശബ്ദവുമുണ്ടാകാതെ സകലനേത്രാനന്ദകരനും പാവനധാർമ്മികനും ആയ കേശവൻകുഞ്ഞ് പരമാർത്ഥഘാതകന്റെ നേത്രദ്വന്ദ്വം ആ ക്രിയാസന്ദർശനംകൊണ്ട് ആശ്ചര്യജലധിയിൽ മുങ്ങി നീന്തുന്നതിനിടയിൽ നരഹത്യാപരാധത്തിന് ഉത്തരം പറവാൻ അരക്ഷണം കൊണ്ട് രാജാധികാരഗ്രസ്തനായി അവിടന്ന് യാത്രയാക്കപ്പെട്ടു.