പ്രപഞ്ചവും മനുഷ്യനും/മനുഷ്യന്റെ രംഗപ്രവേശം

[ 204 ]
19
മനുഷ്യന്റെ രംഗപ്രവേശം

തിദീർഘമായ ഭൂമിയുടെ ചരിത്രത്തിൽ, ഏതാണ്ടത്ര തന്നെ നീണ്ട ജീവലോകചരിത്രത്തിൽ വളരെ വളരെ വൈകി വന്ന ഒരു നവാഗതനാണ് മനുഷ്യൻ. സാധാരണ പലരും കരുതുന്നതുപോലെ മനുഷ്യൻ ഇന്നു ജീവിച്ചിരിക്കുന്ന കുരങ്ങുകളുടെയോ ആൾക്കുരങ്ങുകളുടെയോ വംശത്തിൽനിന്നു പരിണമിച്ചുണ്ടായവനല്ല. മനുഷ്യനും വിവിധതരം കുരങ്ങുകളും ആൾക്കുരങ്ങുകളുമെല്ലാം കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് നിലനിന്നിരുന്ന ഏതോ പൂർവ്വിക പൊതുകുടുംബത്തിൽ നിന്നു ശാഖകളായി പിരിഞ്ഞുപോയവരാണ്. അല്ലാതെ, അവയ്ക്കു തമ്മിൽ നേരിട്ടു ബന്ധമൊന്നുമില്ല. ഇന്നവർ വളരെ അകന്ന ചാർച്ചക്കാർ മാത്രമാണ്.

മനുഷ്യന്റെ ആവിർഭാവത്തിനിടയാക്കിയ പരിണാമഗതികളെക്കുറിച്ച് പഠിക്കുന്നതിനുമുമ്പ്, ഇന്നു നിലനില്ക്കുന്ന ജന്തുക്കൾക്കിടയിൽ ജന്തുശാസ്ത്രപരമായി മനുഷ്യനുള്ള സ്ഥാനമെന്താണെന്നു പരിശോധിക്കേണ്ടതുണ്ട്.

നട്ടെല്ലുള്ള ജന്തുക്കളിൽ ഏറ്റവുമധികം പുരോഗതി പ്രാപിച്ച ഒരു വിഭാഗമാണ് സസ്തനങ്ങൾ, എലി മുതൽ ആനയും തിമിംഗലവും വരെയുള്ള കുഞ്ഞുങ്ങളെ പ്രസവിച്ചു മുലകൊടുത്തു വളർത്തുന്ന എല്ലാ ജന്തുക്കളും ഈ വിഭാഗത്തിൽപ്പെടുന്നു. ഇവയിൽത്തന്നെ വിവിധ രൂപസ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ പതിനാറോളം വ്യത്യസ്ത ഗ്രൂപ്പുകളുണ്ട്. ഇത്തരം ഗ്രൂപ്പുകളെ ജന്തുശാസ്ത്രത്തിൽ ഓർഡറുകൾ എന്നാണ് വിളിക്കുന്നത്. ഇങ്ങനെയുള്ള ഒരു ഓർഡറാണ് പ്രൈമേറ്റുകൾ. മനുഷ്യൻ, ആൾക്കുരങ്ങുകൾ, കുരങ്ങുകൾ, ലെമൂറുകൾ, കുരങ്ങുകളുമായി ബന്ധപ്പെട്ട മറ്റു പലതരം ചെറുജന്തുക്കൾ എന്നിവയെല്ലാം അടങ്ങുന്നതാണ് പ്രൈമേറ്റുകൾ എന്ന ഓർഡർ. ഈ ഓർഡറിലെ ഒരു ഉപ ഓർഡറായ ആന്ത്രോപോയ്ഡിയയിൽ എല്ലാതരം കുരങ്ങുകളും മനുഷ്യനും ഉൾപ്പെടുന്നു. ഈ ഉപ ഓർഡറിൽ മൂന്നു സൂപ്പർ കുടുംബങ്ങളുണ്ട്. അവയിലൊന്നാണ് ഹോമിനോയ്ഡിയ. ആൾക്കുരങ്ങുകളും മനുഷ്യനും മനുഷ്യപൂർവ്വികരും ഇതിലുൾപ്പെടുന്നു. ആൾക്കുരങ്ങുകളെല്ലാമുൾപ്പെടുന്ന കുടുംബത്തിന് പോംഗിഡേ എന്നും, മനുഷ്യനും മനുഷ്യപൂർവ്വികരും ഉൾപ്പെടുന്ന കുടുംബത്തിന് ഹോമിനിഡേ എന്നുമാണ് പേർ. ഈ അടിസ്ഥാനത്തിൽ മനുഷ്യന്റെ ആവിർഭാവത്തെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുമ്പോൾ ഈ ഹോമിനിഡേ കുടുംബത്തിന്റെ ഉത്ഭവപരിണാമങ്ങളാണ് നമ്മുടെ പഠനവിഷയമാകേണ്ടത്. [ 205 ] മനുഷ്യക്കുരങ്ങുകളെല്ലാമുൾപ്പെടുന്ന ഹോമിനോയ്ഡിയ സൂപ്പർ കുടുംബത്തിൽനിന്ന് സ്വതന്ത്രവും വ്യത്യസ്തവുമായ ഒരു പ്രത്യേക പരിണാമശാഖയായ ഹോമിനിഡേ കുടുംബം വേർപിരിഞ്ഞു വന്നതെന്നാണെന്നും എവിടെവെച്ചാണെന്നും വ്യക്തമായി അറിവായിട്ടില്ല. ടെർഷ്യറി കല്പത്തിന്റെ ആരംഭത്തിൽ - ഏതാണ്ട് ഏഴുകോടി വർഷങ്ങൾക്കുമുമ്പ് - ആണ് പ്രാഥമിക പ്രൈമേറ്റുകൾ രംഗപ്രവേശം ചെയ്തത്. ടെർഷ്യറി കല്പത്തിലെ ആദ്യയുഗങ്ങളായ പാലിയോസീൻ, ഇയോസീൻ എന്നിവയിൽ ഇന്നത്തെ ടെമൂറുകൾ, ടാഴ്സീറുകൾ എന്നിവയോടു സാദൃശ്യം പുലർത്തുന്ന പ്രൈമേറ്റുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. പിന്നീട് ഒലിഗോസീനിൽ, അതായത് ഏതാണ്ട് 4 കോടി വർഷങ്ങൾക്കുമുമ്പ്, ആദിമ ആന്ത്രോപ്പോയിഡ് ആൾക്കുരങ്ങുകൾ ഉടലെടുത്തു. തുടർന്നുള്ള യുഗമായ മയോസീനിൽ, ഏതാണ്ട് 3 - 2 കോടിവർഷങ്ങൾക്കുമുമ്പ് ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്തതരത്തിലുള്ള ആന്ത്രോപ്പോയ്ഡ് ആൾക്കുരങ്ങുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ഹോമിനിഡേ തിരുത്തുക

ഈ ആദിമ ആന്ത്രോപ്പോയ്ഡ് ആൾക്കുരങ്ങുകളിൽ ചിലതു വാസ്തവത്തിൽ, ആൾക്കുരങ്ങുകളിൽനിന്നു വ്യത്യസ്തമായ മനുഷ്യന്റെ പൂർവ്വഗാമികളുൾപ്പെടുന്ന ഹോമിനിഡേയിലെ അംഗങ്ങളോട് കൂടുതൽ സാദ്യശ്യം പുലർത്തുന്ന ജന്തുക്കളായിരുന്നു. ഇവ വാസ്തവത്തിൽ ആദിമ ഹോമിനിഡുകൾ തന്നെയാണെന്നു പിൽക്കാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇങ്ങനെ അറിയപ്പെട്ടിട്ടുള്ള ഹോമിനിഡുകളിൽ ഏറ്റവും ആദ്യത്തേത് വടക്കേ ഇന്ത്യയിലെ ശിവാലിക് കുന്നുകളിൽനിന്നു കണ്ടെടുക്കപ്പെട്ട രാമാപിത്തെക്കസ് പഞ്ചാബിക്കസ് ആണ്. ഇതു കണ്ടുപിടിച്ച ലെവിസ് 1922-ൽ തന്നെ രാമാപിത്തെക്കസ് ഒരു ഹോമിനിഡ് ആണെന്ന് അവകാശപ്പെട്ടുവെങ്കിലും മറ്റു പല ശാസ്ത്രജ്ഞന്മാരും അടുത്തകാലം വരെ അതിനെ ഒരു ആൾക്കുരങ്ങു മാത്രമായിട്ടാണ് പരിഗണിച്ചത്. എന്നാൽ അതിനു വാസ്തവത്തിൽ ആൾക്കുരങ്ങുകളിൽനിന്ന് വ്യത്യസ്തമായ പല ഭാവങ്ങളുണ്ടായിരുന്നു. അവ കൂടുതൽ സാദൃശ്യം പുലർത്തിയത് ഹോമിനിഡുകളോടാണ്. ഇവയോടു സമാനമായ ചില ഫോസ്സിലുകൾ ആഫ്രിക്കയിൽനിന്നും കണ്ടുകിട്ടുകയുണ്ടായി. കെനിയാപിത്തെക്കസ് എന്നാണതിനു നൽകിയ പേര്. ഇന്ത്യയിലെയും ആഫ്രിക്കയിലെയും ഈ രണ്ടു ഫോസ്സിലുകളും മയോസിൻ യുഗത്തിലുൾപ്പെടുന്നതാണ്. ഏതാണ്ട് രണ്ടുകോടി കൊല്ലങ്ങൾക്കുമുമ്പാണ് അവ ജീവിച്ചിരുന്നതെന്നു വരുന്നു.

രാമാപിത്തെക്കസും കെനിയാപിത്തെക്കസും ഏറെക്കുറെ രണ്ടുകാ ലിലാണ് നടന്നിരുന്നത്. എന്തുകൊണ്ടെന്നാൽ അവയുടെ താടിയുടെയും പല്ലുകളുടെയും ഘടനയിൽ നിന്നു ഭക്ഷണം കഴിക്കുന്നതിന് അവ കൈകളുപയോഗിച്ചിരുന്നു എന്നു വ്യക്തമാണ്. അങ്ങനെ കൈകൾ സഞ്ചാരകൃത്യത്തിൽ നിന്നു ഭാഗികമായിട്ടെങ്കിലും മുക്തമായിരുന്നുവെന്ന് തെളിയുന്നു. ഇവ ഒരു പക്ഷേ പ്രത്യേക രീതിയിൽ സവിശേഷീകരിക്കപ്പെട്ടിട്ടില്ലാതിരുന്ന ഒരു [ 206 ] വിഭാഗം ആൾക്കുരങ്ങുകളിൽനിന്ന് ഉത്ഭവിച്ചതായിരിക്കാം. ഡ്രയോപിത്തെസീനുകൾ എന്നാണ് പൊതു പൈതൃകങ്ങളെന്നു കണക്കാക്കപ്പെടുന്ന ഈ ആൾക്കുരങ്ങുകൾക്കു നൽകിയിട്ടുള്ള പേര്. ഇവ മയോസീൻ, പ്ലയോസീൻ യുഗങ്ങളിൽ ആഫ്രിക്കയിലും ഏഷ്യയിലും ധാരാളമായി നിലനിന്നിരുന്നു. മനുഷ്യരുടെ കുടംബമായ ഹോമിനിഡേയും, ആൾക്കുരങ്ങുകളുടെ കുടുംബമായ പോംഗിഡേയും ഡ്രയോപിത്തെസിനുകളെപ്പോലുള്ള പൂർവ്വികരിൽനിന്നു രണ്ടു ശാഖകളായി പിരിഞ്ഞതായിരിക്കാം.

ആസ്ത്രെലോപിത്തെക്കസ് തിരുത്തുക

മനുഷ്യപരിണാമത്തിലെ അടുത്ത ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നത് ആസ്ത്രെലോപിത്തെക്കസുകളാണ്. ഒരു ശരീരശാസ്ത്ര പ്രൊഫസറായിരുന്ന റെയ്മണ്ട് ഡാർട് ആണ് ഇതാദ്യമായി കണ്ടെത്തിയത്. 1924 ൽ അദ്ദേഹം തെക്കേ ആഫ്രിക്കയിലായിരിക്കുമ്പോൾ തന്റെ ഫോസിൽ ശേഖരത്തിലേയ്ക്കു ലഭിച്ച ആൾക്കുരങ്ങിന്റേതുപോലത്തെ ഒരു തലയോട് ചില സവിശേഷതകളോടുകൂടിയതായി കണ്ടു. അത് ആൾക്കുരങ്ങിന്റേതുമായിരുന്നില്ല. അതിനദ്ദേഹം നൽകിയ പേരാണ് ആസ്ത്രലോപിത്തെക്കസ് ആഫ്രിക്കാനസ് (ആസ്ത്രാലിസ്-തെക്ക്; പിത്തെക്കസ്-ആൾക്കുരങ്ങ്). പില്ക്കാലത്ത് തെക്കേ ആഫ്രിക്കയിൽനിന്നും, കിഴക്കേ ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നും ഇതുപോലുള്ള ഒട്ടേറെ ഫോസ്സിലുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. പാരാന്ത്രോപ്പസ്, സിഞ്ചാന്ത്രോപ്പസ്, പ്ലീസിയാന്ത്രോപ്പസ് തുടങ്ങിയ വ്യത്യസ്ത പേരുകളാണ് അവയ്ക്കു നൽകപ്പെട്ടത്. വാസ്തവത്തിൽ ഈ ഫോസ്സിലുകളെല്ലാം ആസ്ത്രലോപിത്തെക്കസ് ജീനസിൽപ്പെടുന്നവയാണ്.

ആസ്ത്രലോപിത്തെക്കസിനുകളുടെ ശരീരഘടനാപരമായ സവിശേഷതകളിവയാണ്: അതിന്റെ മസ്തിഷ്കവ്യാപ്തം ഒരു ചിമ്പാൻസിയുടേതിനേക്കാൾ കൂടുതലായിരുന്നു. ചിമ്പാൻസിയുടെ മസ്തിഷ്ക വ്യാപ്തം 350 - 460 സി.സി-യാണ്. അതേസമയം ആസ്തലോപിത്തെക്കസിന്റേതാകട്ടെ, 450-700 സി.സി.-യാണ്. അവയ്ക്ക് ഏതാണ്ട് ശരാശരി അഞ്ചടി ഉയരമേയുണ്ടായിരുന്നുള്ളു. പക്ഷേ, സാധാരണയിൽക്കവിഞ്ഞ വലിപ്പമുള്ള പല്ലുകൾ കണ്ടിട്ട് പണ്ട് രാക്ഷസന്മാരെപ്പോലുള്ള മനുഷ്യർ ഭൂമുഖത്തുണ്ടായിരുന്നുവെന്നു ചിലർ കണക്കാക്കുകയുണ്ടായി. വാസ്തവത്തിൽ മനുഷ്യനെപ്പോലുള്ള ചെറിയ ചില ജന്തുക്കളുടെ വലിയ പല്ലുകളായിരുന്നു അവ. ആസ്ത്രലോപിത്തെക്കസിന്റെ പല്ലുകളുടെ ക്രമീകരണം മനുഷ്യന്റേതുപോലെതന്നെയായിരുന്നു. ഇതെല്ലാം കാണിക്കുന്നു, ആസ്ത്രലോപിത്തെക്കസ് ആധുനികമനുഷ്യന്റെ ദിശയിൽ പരിണമിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന്.

പ്ലീസ്റ്റോസീൻ യുഗത്തിന്റെ ആരംഭം മുതൽക്കേ ആസ്ത്രലോപിത്തെക്കസിനുകളെ കാണാം. അവ രണ്ടു വ്യത്യസ്ത സ്പീഷീസുകളായിരുന്നു. ഭാരിച്ച ചർവ്വണാവയവങ്ങളോടുകൂടിയ ആസ്ത്രലോപിത്തെക്കസ് റോബസ്റ്റസും, താരതമ്യേന ചെറിയ താടിയെല്ലുകളോടുകൂടിയ ആസ്ത്രലോപിത്തെക്കസ് [ 207 ] ആഫ്രിക്കാനസും. അടുത്ത കാലത്തായി പ്രസിദ്ധ നരവംശശാസ്ത്രജ്ഞനായ എൽ.എസ്. ബി. ലീക്കി, ടാങ്കനിക്കയിൽ നിന്ന് ഇത്തരത്തിൽപ്പെട്ട ഒട്ടേറെ ഫോസ്സിലുകൾ കണ്ടെടുക്കുകയുണ്ടായി. ഹോമോഹബിലിസ് (ഇതു യഥാർത്ഥത്തിൽ ആ ആഫ്രിക്കാനസാണ്). എന്ന് അദ്ദേഹം പേരു നൽകിയ ഒരു ഫോസ്സിലിനോടൊപ്പം ചില ആയുധോപകരണങ്ങൾ കൂടിയുണ്ടായിരുന്നു. ഇതിൽനിന്ന് അവയ്ക്ക് ആയുധങ്ങളുണ്ടാക്കാനും ഉപയോഗിക്കാനും അറിയാമായിരുന്നെന്നു വരുന്നു. മാത്രമല്ല, അവർ താമസിച്ചിരുന്ന ഗുഹകളിൽനിന്ന് അവർ കൊന്നു ഭക്ഷിച്ചിരുന്ന പല ജന്തുക്കളുടെയും എല്ലുകൾ കണ്ടെടുക്കുകയുണ്ടായിട്ടുണ്ട്. ഇത്തരം ജന്തുക്കളെ കൊല്ലണമെങ്കിൽ അവർ സംഘടിതസമൂഹങ്ങളായി ജീവിച്ചിരിക്കേണ്ടതത്യാവശ്യമായിരുന്നു. ആയുധങ്ങൾ പോലെ രൂപപ്പെടുത്തിയ അസ്ഥികളും മറ്റും അവയോടൊപ്പം കണ്ടുകിട്ടിയിട്ടുണ്ട്. ചില അസ്ഥികളിലും മറ്റുമുള്ള മുറിവുകൾ കാണിക്കുന്നത് ആധുനിക മനുഷ്യരെപ്പോലെ വല്ലപ്പോഴുമൊക്കെ പരസ്പരം മല്ലിട്ട് വധിക്കുന്ന സമ്പ്രദായം അവയ്ക്കുണ്ടായിരുന്നുവെന്നാണ്. ഇങ്ങനെയൊക്കെയാണെങ്കിൽ, അവ യഥാർത്ഥ മനുഷ്യരായിരുന്നില്ലേ എന്ന ചോദ്യം ഉയർന്നുവരാവുന്നതാണ്. വാസ്തവത്തിൽ, അവയുടെ കഴുത്തുതൊട്ടു കീഴ്പോട്ടുള്ള ഭാഗം മനുഷ്യന്റേതും മുകളിലോട്ടുള്ളത് ആൾക്കുരങ്ങിന്റേതുമായിരുന്നു.

പിത്തെക്കാന്ത്രോപ്പസ് തിരുത്തുക

പ്ലീസ്റ്റോസീൻ യുഗത്തിന്റെ മദ്ധ്യഘട്ടങ്ങളിൽ നിന്ന് ഒട്ടേറെ ഹോമിനിഡ് ഫോസ്സിലുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. യൂജിൻ ഡുബോയ്, 1894-ൽ ജാവയിൽനിന്നും കണ്ടെടുത്ത ജാവാമനുഷ്യന്റെ ഫോസ്സിൽ ഇക്കൂട്ടത്തിൽ പെടുന്നതാണ്. അതിനദ്ദേഹം നൽകിയ പേര് പിത്തെക്കാന്ത്രോപ്പസ് ഇറക്ടസ് എന്നാണ്. 1920-കളുടെ അവസാനത്തിലും 1930-കളുടെ ആരംഭത്തിലും ഏതാനും മനുഷ്യസദൃശ ഫോസ്സിലുകൾ പീക്കിംഗിൽ നിന്ന് 42 മൈലുകളകലെയുള്ള ചൗക്കോടിനിൽ നിന്ന് (ഇപ്പോൾ പീപ്പിങ്ങ്) കണ്ടെടുക്കുകയുണ്ടായി. പെക്കിംഗ് മനുഷ്യൻ അഥവാ നിനാന്ത്രോപ്പസ് എന്നാണിതിനെ നാമകരണം ചെയ്തത്. ജാവാമനുഷ്യനും പീക്കിംഗ് മനുഷ്യനും വാസ്തവത്തിൽ ഹോമോ ഇറക്ടസ് എന്ന സ്പീഷീസിൽ പെട്ടതാണ്. ഹോമോ ഇറക്ടസ് ശരിക്കും രണ്ടുകാലിൽ നിവർന്നാണ് നടന്നിരുന്നത്. ഇവയുടെ മസ്തിഷ്ക വ്യാപ്തം 700-1000 സി.സി. യായിരുന്നു. പീക്കിംഗ് മനുഷ്യനിൽ മസ്തിഷ്കം 1200 സി.സി. വരെയെത്തിയിരുന്നു. തലയോടിന്റെ മുകൾഭാഗം പരന്നാണിരുന്നത്. ഹോമോ ഇറക്ടസ് കല്ലുകൊണ്ടുള്ള ഉപകരണങ്ങളുണ്ടാക്കിയിരുന്നു. പീക്കിംഗ് മനുഷ്യന് തീയിന്റെ ഉപയോഗവുമറിയാമായിരുന്നു.

ഹിമയുഗങ്ങൾ തിരുത്തുക

പ്ലീസ്റ്റോസീൻ യുഗം നാലു ഹിമയുഗങ്ങളും അവയ്ക്കിടയിലുള്ള ഹിമയുഗാന്തരാളഘട്ടങ്ങളുമായി വേർതിരിക്കപ്പെട്ടിരിക്കുന്നു. ഇവയ്ക്കിടയിലാണ് മനുഷ്യപരിണാമത്തിന്റെ പ്രധാന പ്രവർത്തനരംഗങ്ങൾ നടന്നിട്ടുള്ളത്. ഉത്തരധ്രുവത്തിലെ മഞ്ഞ് ഉരുകി, യൂറോപ്പിനെയും ഏഷ്യയുടെ തെക്കൻഭാ [ 208 ] ഗങ്ങളെയും വടക്കെ അമേരിക്കയെയും പ്രളയത്തിലാഴ്ത്തുന്ന അവസ്ഥയെയാണ് ഹിമയുഗമെന്നു വിളിക്കുന്നത്. പ്ലാസ്റ്റോസീൻ യുഗത്തിൽ ഇത്തരത്തിലുള്ള നാലു ഹിമയുഗങ്ങളുണ്ടാവുകയുണ്ടായി. ഇതിലവസാനത്തേത് ഏതാണ്ട് അമ്പതിനായിരം വർഷങ്ങൾക്കു മുമ്പാണുണ്ടായത്. ഈ കാലഘട്ടങ്ങളിൽ, വെള്ളത്തിനടിയിലായിപ്പോവുന്ന പ്രദേശത്തെ ജീവജാലങ്ങളെല്ലാം നശിച്ചു പോവുക സാധാരണമാണ്. തന്മൂലം, ആ മേഖലക്ക് പുറത്തുകടക്കാൻ കഴിയുന്നവ മാത്രമേ സാധാരണയായി അതിജീവിക്കാറുള്ളൂ. പ്ലീസ്റ്റോസീൻ യുഗത്തിൽ ജീവിച്ചിരുന്ന പല മനുഷ്യ പൂർവിക വംശങ്ങളുടെയും നാശത്തിന് ഈ ഹിമയുഗങ്ങൾ കാരണമായിരുന്നിട്ടുണ്ട്.

ഹോമോസാപ്പിയൻ, അഥവാ ആധുനിക മനുഷ്യൻ രംഗപ്രവേശം ചെയ്തത് മൂന്നാം ഹിമയുഗാന്തരാളഘട്ടത്തിലാണ്. അതിനുമുമ്പും ആദിമഹോമോസാപ്പിയനുകളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ സ്വാൻസ്കോമ്പിലും, ജർമ്മനിയിലെ സ്റ്റിൻഹീനിലും ഇത്തരം ആദിമനുഷ്യരുടെ ഫോസ്സിലുകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഇവരെ സാൻസ്കോമ്പ് മനുഷ്യരെന്നും സ്റ്റീൻഹീൻ മനുഷ്യരെന്നും വിളിക്കുന്നു. സാപ്പിയനുകളുടെയും നിയാണ്ടർത്താലുകളുടെയും സ്വഭാവങ്ങളുടെ ഒരു മിശ്രമാണ് ഇവയിൽ കണ്ടുവരുന്നത്. ജർമ്മനിയിൽ നിന്ന് കണ്ടുകിട്ടിയ ഫോസ്സിലിന്റെ മസ്തിഷ്ക വ്യാപ്തം 1450 സി.സി.യാണത്രെ. പല സ്വഭാവങ്ങളിലും ഇവയ്ക്ക് ആധുനിക മനുഷ്യരോട് പല നിലവാരത്തിൽ സാദൃശ്യമുണ്ടായിരുന്നു.

നിയാണ്ടർത്താൽ മനുഷ്യൻ തിരുത്തുക

അവസാന ഹിമയുഗത്തിൽ യൂറോപ്പിൽ ഒരു പ്രത്യേക ജാതി മനുഷ്യർ നിലനിന്നിരുന്നു. 1856-ൽ ജർമ്മനിയിലെ നിയാണ്ടർത്താൽ എന്ന പ്രദേശത്തുനിന്ന് ജെ.കെ. ഫുൾറോട്ട് എന്ന സ്ക്കൂളദ്ധ്യാപകനാണ് ഈ മനുഷ്യരുടെ ഫോസ്സിലുകൾ ആദ്യമായി കണ്ടെടുത്തത്. അതിനുശേഷം നൂറിൽപരം നീയാണ്ടർത്താൽ മനുഷ്യരുടെ ഫോസ്സിലുകൾ കണ്ടുകിട്ടിയിട്ടുണ്ട്. പ്ളീസ്റ്റോസീൻ യുഗത്തിന്റെ അവസാന ഘട്ടങ്ങളിൽ നിലനിന്നിരുന്ന ഇവ മറ്റു ആദിമ മനുഷ്യരിൽനിന്ന് വ്യത്യസ്തമായ ചില സ്വഭാവങ്ങളോടു കൂടിയവയായിരുന്നു. കണ്ണിൽ പുരികത്തിന്റെ സ്ഥാനത്തെ അസ്ഥി സാധാരണയിൽ കവിഞ്ഞ തോതിൽ മുന്നോട്ടു തള്ളി നിന്നിരുന്നു. താടിയില്ലാത്ത മുന്നോട്ടു തള്ളിനിൽക്കുന്ന താടിയെല്ലുകളും കട്ടികൂടിയ പരന്ന തലയോടും ഇവയുടെ സവിശേഷതയായിരുന്നു. ഇവ ഹോമോസാപ്പിയൻ സ്പീഷീസിൽത്തന്നെ പെട്ട ഒരു തരമാണെന്ന് ചില ശാസ്ത്രജ്ഞർ കരുതുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഹോമോ നിയാണ്ടർത്താലെൻസിസ് എന്ന ഒരു പ്രത്യേക സ്പീഷീസാണിത്. ഇവ ഏതായാലും ആദിമ മനുഷ്യരുടെ പൂർവികരായിരുന്നില്ലെന്നു വ്യക്തമാണ്. അവസാന ഹിമയുഗത്തിൽ, യൂറോപ്പ് മറ്റു ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെടാനിടയായപ്പോൾ ആ അപകടകരമായ കാലാവസ്ഥയിൽ വ്യത്യസ്ത രീതിയിൽ പരിണമിച്ചതിന്റെ ഫലമായിട്ടായിരിക്കാം, ഈ ആദിമ മനുഷ്യവിഭാഗം ഉണ്ടാ [ 209 ] യത്. ആധുനിക മനുഷ്യരുടെ യഥാർത്ഥ പൂർവ്വികർ ഇവരുടെ കാലത്തുതന്നെ നിലനിന്നിരുന്നു. അവർ ഭൂമുഖത്ത് ആധിപത്യം ചെലുത്താൻ തുടങ്ങിയതോടെ നിയാണ്ടർത്താൽ മനുഷ്യർ ഏതോ ചില കാരണങ്ങളാൽ അപ്രത്യക്ഷമാവുകയാണുണ്ടായത്.

ആധുനിക മനുഷ്യൻ (ഹോമോസോപ്പിയൻസ് സാപ്പിയൻസ്) തിരുത്തുക

അവസാന ഹിമയുഗം കഴിഞ്ഞ് ഹിമാവരണം യൂറോപ്പിൽനിന്ന് പിൻവാങ്ങിയതോടെ, മുമ്പ് നിലനിന്നിരുന്നവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംസ്കാരത്തിന്റെ പ്രതിനിധികളായി ഒരു വിഭാഗം ആദിമ മനുഷ്യൻ പ്രത്യക്ഷപ്പെട്ടു. ഈ മനുഷ്യരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിനിധി ക്രോമാഗ്നൻ മനുഷ്യൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആധുനിക മനുഷ്യ വംശങ്ങളിൽ കണ്ടുവരുന്ന പല സ്വഭാവവിശേഷങ്ങളും അവർക്കുണ്ടായിരുന്നു. ആധുനിക മനുഷ്യരുടെ യഥാർത്ഥ പൂർവികരെന്ന് കരുതപ്പെടുന്ന ഇവർ 60,000-മോ അതിലുമധികമോ വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്ത് നിലനിന്നിരുന്നുവെന്നാണ് അടുത്ത കാലത്തെ ഗവേഷണങ്ങൾ തെളിയിക്കുന്നത്. വാസ്തവത്തിൽ ഇവർ നിയാണ്ടർത്താൽ മനുഷ്യരോടൊപ്പംതന്നെ നിലനിന്നു പോന്നതിന്റെ ഫലമായി അവ തമ്മിൽ ചേർന്നുള്ള സങ്കരവംശങ്ങൾ ഉടലെടുത്തിരിക്കണം. ഒരുപക്ഷേ നാമെല്ലാം ആ സങ്കരവംശത്തിന്റെ സന്തതികളായിക്കൂടായ്കയില്ല. അവസാന ഹിമയുഗത്തിനുശേഷം ഭൂമുഖത്ത് പ്രബലപ്പെട്ടുവന്ന മനുഷ്യവംശത്തിന്റെ സംസ്കാരത്തെ ഓറിഗ്നേഷൻ സംസ്കാരമെന്ന് വിളിക്കുന്നു. ആ കാലത്തെ ചില ഫോസ്സിലുകൾ, നീഗ്രോകളുടെയും യൂറോപ്യന്മാരുടെയും ചില സ്വഭാവങ്ങളുടെ സമ്മിശ്രത്തെ പ്രതിനിധാനം ചെയ്യുന്നു.

ആസ്ത്രലോപിത്തെക്കസിനുകളും പിത്തെക്കാന്ത്രോപ്പസും ആധുനിക മനുഷ്യന്റെ നേരിട്ടുള്ള പൂർവികരാകാനിടയില്ല. എങ്കിലും അവർ ആയുധങ്ങളും മറ്റും ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്തിരുന്നു. അതേ സമയം ബുദ്ധിപരമായ വളർച്ചയിൽ അവർ വളരെ പിന്നോക്കമായിരുന്നു താനും. ആ നിലയ്ക്ക് ആധുനിക മനുഷ്യന്റെ വളർച്ചയെത്തിയ മസ്തിഷ്ക്കമല്ല ആയുധങ്ങൾക്കും അതുവഴി സംസ്കാരങ്ങൾക്കും ജന്മമേകിയതെന്നും മറിച്ച് ആയുധങ്ങളുടെയും മറ്റും ഉപയോഗവും മറ്റുമാണ് ആധുനിക മനുഷ്യന്റെ മസ്തിഷ്കത്തെ വളർത്തിയതെന്നും കരുതാവുന്നതാണ്. പക്ഷേ, ഈ വീക്ഷണത്തെ എതിർക്കുന്ന ശാസ്ത്രജ്ഞന്മാരുണ്ട്. ഈ പ്രശ്നം നാലാം ഭാഗത്തിൽ നമുക്ക് വിശദമായി ചർച്ച ചെയ്യാം.