പ്രാചീനമലയാളം/നായന്മാരുടെ ഔൽകൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും
←നായന്മാരുടെ സ്ഥാനമാനദാതാക്കൾ ഭാർഗ്ഗവനോ ബ്രാഹ്മണരോ അല്ല | പ്രാചീനമലയാളം രചന: നായന്മാരുടെ ഔൽകൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും |
നായന്മാരെപ്പറ്റി ചരിത്രകാലത്തിൽ വിദേശീയന്മാർക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങൾ→ |
നായന്മാരുടെ ഔൽകൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും
തിരുത്തുക
ആദ്യം ബ്രാഹ്മണരുടെ ഔൽകൃഷ്ട്യത്തേയും ശൂദ്രരുടെ നൈകൃഷ്ട്യത്തേയും കാണിക്കുന്നതായ അവരുടെ അന്യോന്യപെരുമാറ്റങ്ങളെ പറഞ്ഞു. അനന്തരം ശൂദ്രരുടെ ഔൽകൃഷ്ട്യത്തേയും ബ്രാഹ്മണരുടെ നൈകൃഷ്ട്യത്തേയും കാണിക്കുന്ന കൃത്യങ്ങളെ പറഞ്ഞു. ഇതുകളിൽ ബ്രാഹ്മണരുടെ പെരുമയേയും (മേന്മയേയും) ശൂദ്രരുടെ താഴ്മയേയും കുറിച്ചു പറയുന്നതിനെ എല്ലാം ബ്രാഹ്മണപരമായിരിക്കുന്ന കേരളോല്പത്തികൾ, കേരളമാഹാത്മ്യം മുതലായവ താങ്ങുന്നുണ്ട്. ശൂദ്രരുടെ മേന്മയേയും ബ്രാഹ്മണരുടെ താഴ്മയേയും കുറിച്ചു പറയുന്ന സംഗതികളെ ഒക്കെയും എല്ലാപേരും സമ്മതിച്ചിരിക്കുന്ന ആധാരപ്രമാണങ്ങളും യുക്ത്യനുഭവങ്ങളും താങ്ങുന്നുണ്ട്. ഇതുകളിൽ ആദ്യത്തെ ഭാഗം ശരിയാണെങ്കിൽ രണ്ടാമത്തെ (വിധവും) ഭാഗവും രണ്ടാമത്തെ ഭാഗം ശരിയായിരിക്കുന്ന പക്ഷം ആദ്യത്തെ (ഒന്നാമത്തെ) ഭാഗവും വാസ്തവമായി വരാൻ പാടില്ല.
ഒന്നാമത്തെ പക്ഷത്തിൽ ചേർന്ന ഭാർഗ്ഗവബ്രാഹ്മണകീർത്തനങ്ങളും തൽപ്രമാണങ്ങളും ശ്രുതിയുക്ത്യനുഭവങ്ങൾക്ക് ഒക്കാതെയും ഖണ്ഡിക്കപ്പെട്ടും പോയതുകൊണ്ട് ആധാരപ്രമാണങ്ങൾക്കും യുക്ത്യനുഭവങ്ങൾക്കും ശരിയായിട്ടിരിക്കുന്ന രണ്ടാംഭാഗത്തെത്തന്നെ വാസ്തമായുള്ളതെന്നു നിശ്ചയിക്കേണ്ടതായിരിക്കുന്നു. അപ്രകാരമാകുമ്പോൾ മലയാളഭൂമിയും സകല വസ്തുക്കളും നായന്മാർക്കു മാത്രമുള്ളതായിട്ടേ ഇരിക്കാൻ പാടുള്ളൂ. അപ്പോൾ മലയാളബ്രാഹ്മണരുടെ വസ്തുക്കളും സ്ഥാനമാനങ്ങളും സകലവും ശൂദ്രരുടെ വകയായിട്ടും അവർ ഈ ബ്രാഹ്മണർക്കു കൊടുത്തതായിട്ടും തന്നെയിരിക്കണം. അല്ലെങ്കിൽ ഈ ബ്രാഹ്മണരും ശൂദ്രർതന്നെയാകുന്നു എന്നും മറ്റൊരു പ്രകാരത്തിലുമാവാൻ പാടില്ലെന്നുംവരും.
എന്നാൽ ഇനി ബ്രാഹ്മണരുടെ വസ്തുക്കളും പദവികളുംകൂടി മേല്പറഞ്ഞപ്രകാരം ശൂദ്രർക്കുള്ളതായിട്ടും അവർ ഈ ബ്രാഹ്മണർക്കു കൊടുത്തതായിട്ടും തന്നെയിരിക്കുന്നോ; അല്ലാത്തപക്ഷം മലയാളബ്രാഹ്മണർ എന്നു പറയപ്പെടുന്നവരും ശൂദ്രർതന്നെയാണെന്നു കലാശിക്കുന്നോ? രണ്ടുപ്രകാരത്തിലേതാകുന്നു ശരി എന്നു നോക്കാം:
മലയാളബ്രാഹ്മണർ എന്നാൽ മലയാളത്തിലെ ബ്രാഹ്മണർ എന്ന് അർത്ഥമാകുന്നു. മലയാളത്തിലെ ബ്രാഹ്മണരെന്നതിന്നർത്ഥം മലയാളത്തിൽ ജനിച്ചു വാഴുന്നവരെന്നോ അന്യദേശങ്ങളിൽ വന്നു താമസിക്കുന്നവരെന്നോ? മലയാളഭൂമിയുണ്ടായശേഷം ആദ്യമായിട്ട് അവിടെ ബ്രാഹ്മണരെന്നൊരു വകക്കാരുണ്ടായിരുന്നില്ലെന്നു പ്രമാണസിദ്ധമാകയാൽ ജനിച്ചുവാഴുന്നവരെന്നു പറവാൻ പാടില്ലാ. പരദേശങ്ങളിൽനിന്നു വന്നു താമസിക്കുന്നവരെന്നാകുന്നപക്ഷം ബ്രാഹ്മണജാതിയിലുള്ള അനേകവർഗ്ഗക്കാർ മലയാളത്തു വന്നു താമസിച്ചുവരുന്നുണ്ട്. അവരിലാർക്കും മലയാളശബ്ദം ചേരുകയോ ചേർക്കുകയോ ചെയ്തിട്ടില്ലാ. ഇവിടെനിന്നു ലഭിക്കുന്ന ആദായത്തിനോടു സ്‌നേഹമുണ്ടെങ്കിലും മലയാളശബ്ദത്തെ സ്വജാതിനാമത്തോടു ചേർക്കുന്ന കാര്യത്തിൽ പലർക്കും വെറുപ്പുതന്നെ. ശ്രവണമാത്രത്തിൽപ്പോലും വെറുപ്പുതോന്നുന്ന വകക്കാർ ധാരാളമില്ലെന്നില്ലാ. ‘പരദേശബ്രാഹ്മണരെല്ലാപേരും പലപ്പോഴായിട്ട് തനിയെ വന്നിട്ടുള്ളവരും യഥേഷ്ടം സ്വദേശത്തും മലയാളത്തിലുമായിട്ടു ഗതാഗതം ചെയ്തുകൊണ്ടിരിക്കുന്നവരുമാകയാൽ മലയാളരാകാത്തതാണ്. ആദ്യം വന്നവർ അപ്രകാരമുള്ളവരല്ലാ. ഭാർഗ്ഗവൻ പോയി ക്ഷണിച്ചുകൊണ്ടുവന്നു ഭൂമിയും കൊടുത്തു സ്വദേശമായ പരദേശത്ത് ഒരുനാളും പോകാൻപാടില്ലാത്തവിധത്തിലുള്ള ഏർപ്പാടുകളും ചെയ്ത് ഇവിടെത്തന്നെ വാഴിക്കയാൽ മലയാളരായിപ്പോയതാണ്,’ എന്നിങ്ങനെ പറയാമെന്നുവച്ചാൽ ഭാർഗ്ഗവൻ കൊണ്ടുവന്നു എന്നും മറ്റുമുള്ള സകല സംഗതികളും ഇതിനു മുമ്പുതന്നെ ഖണ്ഡിക്കപ്പെട്ടു പോയിരിക്കുന്നതിനാൽ ആയതിനും പാടില്ല.
അല്ലാതെയും ‘മലയാളമെന്നും ബ്രാഹ്മണ’നെന്നും രണ്ടു വാക്കുളളവയിൽ ആദ്യത്തേതു പന്ത്രണ്ടു തമിഴുനാടുകളിലൊന്നായ ഈ മലയാളഭൂമിയുടെ പേരാകയാൽ മലയാളഭാഷയിലുള്ളതും രണ്ടാമത്തേത് (ബ്രാഹ്മണശബ്ദം) മലയാളഭാഷയോടു ചേർന്നതല്ലാത്തതും ബ്രഹ്മാവർത്തത്തിലുണ്ടായതും ആര്യാവർത്തം മുഴുവനും ധാരാളം നടപ്പുള്ളതുമാകയാൽ സംസ്‌കൃതഭാഷയിൽ ചേർന്നതുമാകുന്നു.
ഇപ്രകാരം മലയാളനാടും ബ്രാഹ്മണശബ്ദവും അന്യോന്യം വളരെ ദൂരത്തിലാകയാൽ ബ്രാഹ്മണശബ്ദത്തിന്റെ ദേശത്തു മലയാളനാടും മലയാളനാട്ടിൽ ബ്രാഹ്മണശബ്ദവും വരുവാൻ പാടില്ലാ. രണ്ടു ശബ്ദങ്ങളും ചേർന്ന് ‘മലയാളബ്രാഹ്മണർ’ എന്നൊരു വാക്ക് ഉണ്ടായി ഈ നാട്ടിൽ വളരെക്കാലമായിട്ടു നടപ്പിൽ വന്നിരിക്കയാൽ ഇതിലേക്ക് ഏതെങ്കിലും മാർഗ്ഗവും ആവശ്യവും കൂടാതെ കഴികയില്ലെന്നുള്ളതു നിശ്ചയംതന്നെ. എന്നാൽ അതിനെപ്പറ്റി അന്വേഷണം ചെയ്താൽ താഴെ കാണിക്കുന്നവയല്ലാതെ മറ്റു യാതൊരു മാർഗ്ഗവും ആവശ്യവും അതിനില്ലെന്നു തീർച്ചപ്പെടുന്നു.
ബ്രാഹ്മണർ ഇവിടെ വന്നുചേരുന്നതിനു മുമ്പേതന്നെ ഇവിടെ (മലയാളത്തിൽ) സ്വന്തമായിട്ട് ഒരുവക ആളുകൾ ഉണ്ടായിരുന്നു എന്നും ആയവർ വളരെ ബലവാന്മാരും സാമർത്ഥ്യശാലികളും സദാചാരധർമ്മതല്പരന്മാരും സൽഗുണസമ്പന്നരും ധൈര്യശാലികളും ആയിരുന്നുവെന്നും അവർതന്നെ ഈ ഭൂമിയെ പരിപാലിച്ചുവന്നു എന്നും അങ്ങനെയിരിക്കവെ ബ്രാഹ്മണർ ദാരിദ്ര്യനിവൃത്തിയെ കരുതി പലപ്പോഴും കൂട്ടംകൂട്ടമായിട്ട് ഇവിടെ വന്നുചേരുകയും അവരുടെ നടപടികളും സ്വഭാവങ്ങളും പിടിക്കായ്കയാൽ അപ്പഴപ്പോൾ സ്വദേശികൾ (നായകന്മാർ) അവരെ തുരത്തി ഓടിക്കയും എന്തായിട്ടും വേറെ ഗതിയില്ലായ്കയാൽ അവർ പലരും പല സമ്പ്രദായങ്ങളും കൊണ്ടു സൂത്രത്തിൽ വന്നു പലരേയും പലപ്രകാരത്തിൽ പ്രീതിപ്പെടുത്തുകയും ഇങ്ങനെ ക്രമേണ ഇവിടത്തെ താമസത്തിനു തരം സമ്പാദിക്കുകയും ചെയ്തു എന്നും സംസ്‌കൃതം, ഇംഗ്ലീഷ് മുതലായ ഭാഷകളിലെ നല്ല കവികളെക്കുറിച്ച് അഭിനവകാളിദാസനെന്നും ഇൻഡ്യൻ ഷേക്‌സ്പിയറെന്നും മറ്റും പറയുന്നതുപോലെ ആ കാലത്ത് ഈ മലയാളത്തുണ്ടായിരുന്നുവരുടെ അവസ്ഥ അവിടത്തെ (ആര്യാവർത്തത്തിലെ) സൽബ്രാഹ്മണരുടെ അവസ്ഥയോടു തുല്യമായിട്ടോ അതിനെക്കാൾ ഉപരിയായിട്ടോ ഇരിക്കുന്നതിനെ കണ്ടും എങ്ങനെയും മേൽക്കുമേൽ പ്രീതിയെ സമ്പാദിക്കുന്നതിനുവേണ്ടിയും ബഹുമാനസൂചകമായിട്ട് ആ (വന്നിരുന്ന) ബ്രാഹ്മണർതന്നെ ഇപ്രകാരം ‘മലയാളബ്രാഹ്മണർ’ എന്നു വിളിച്ചുതുടങ്ങുകയും ഇവർ അതിനെ സ്വീകരിച്ചുപോരുകയും ചെയ്തിട്ടുള്ളതാകുന്നു എന്നുമാണ് ഇതിന്റെ വാസ്തവം. മേല്പറഞ്ഞ സംഗതികളെ താഴെ കാണിക്കുന്ന പ്രമാണങ്ങൾ മുഴുവൻ സാധൂകരിക്കുന്നു.
“ | ‘നാകാസ്സർവ്വേ സമാഗത്യ ശ്രീമൂലസ്ഥാനമണ്ഡപേ, ചതുഷ്ഷഷ്ടിതമാ നാകാ വയമേവ ന സംശയഃ |
” |
അർത്ഥം: ‘നാകന്മാരെല്ലാവരും കൂടിച്ചേർന്നു ശ്രീമൂലസ്ഥാനമണ്ഡലത്തിൽ പ്രവേശിച്ച് അല്ലയോ ദ്വിജസത്തമന്മാരേ! ഞങ്ങൾ 64 ഗ്രാമക്കാരായ നാകന്മാരാകുന്നു; സംശയമില്ലാ (സംശയിക്കേണ്ട) ഈ ഭൂമി വരുണൻ പണ്ടു ഞങ്ങൾക്കു തന്നതാകുന്നു (എങ്ങനെയെന്നാൽ) എന്റെ (വരുണന്റെ) ആജ്ഞനിമിത്തം സമുദ്രത്തിലുണ്ടായ ഭൂമിയെ ഞാൻ നാകന്മാർക്കായിട്ടു കൊടുത്തിരിക്കുന്നു; എന്റെ ശരീരത്തിലുണ്ടായിരിക്കുന്ന വിഷവർദ്ധന[1] ഈ നായകന്മാരുടെ ശാസനകൊണ്ടുതന്നെ ശമിക്കട്ടെ (ശമിക്കും)[2]; ഇപ്രകാരം കൊടുത്തപ്പോൾ വിഷഹീനശരീരനായി തേജോമയനായിഭവിക്കയും ചെയ്തു[3]; അതുകൊണ്ട് ഈ ഭൂമി ഞങ്ങൾക്കുള്ളതുതന്നെയാണ്. ഈ കേരളഭൂമണ്ഡലത്തെ തൽക്ഷണം ഇങ്ങോട്ടു വിട്ടുതന്നില്ലെന്നുവരികിൽ 64 ഗ്രാമങ്ങളിലും വിഷത്തെ പുറപ്പെടുവിക്കുന്നുണ്ട് [4]; ഇങ്ങനെ പറഞ്ഞപ്പോൾ ശരിയായിട്ടു നാലിലൊരുഭാഗം (ഗോകർണ്ണം മുതൽ കന്യാകുമാരിവരെ) അവർക്കു കൊടുക്കുന്നതാണ് നല്ലത് എന്നു ഭാർഗ്ഗവനോടു നാരദൻ പറഞ്ഞതുകേട്ട് ഭാർഗ്ഗവൻ എല്ലാ വസ്തുക്കളിൽനിന്നും നാലിലൊരു ഭാഗം ബ്രാഹ്മണരെക്കൊണ്ടു കൊടുപ്പിച്ചു.’
എങ്കിലോ പണ്ടു ബ്രാഹ്മണനരുളാൽ അലകടലടിച്ചുകൊള്ളും, എണ്ണംകൊണ്ടടങ്ങാക്കൈകളെല്ലാം പൊലിവു വിട്ടു, പിൻവാങ്ങിക്കൊൾവൂതാകവെ, സമുദ്രരാജനായിരിപ്പൊരു വരുണരാജൻ[5] മകിഴ്‌വുറ്റു[6] താനെ താൻ പെറ്റു[7] കൊടുപ്പൂതും ചെയ്തു.
‘എങ്കിലോ അക്കടലുടയ നാകത്താന്മാരല്ലോ ആകുന്നത്.[8] അവർക്കല്ലോ ആദികാലത്തേ വരുണൻ ഒരു നൂറ്റെട്ടുകാതംകൊണ്ട തറ മുഴുവതും കൊടുത്തു എന്നു ചൊല്ലിയത്.’
‘അപ്പെരും കോലുറ്റ നാകരോ ചീ പടിയാക മഹാദും ബ്രാഹ്മണർക്കു വശമല്ലാഞ്ഞു;
‘കാറിടിയൊത്തു ച്ചീറിമിഴിക്ക, പ്പേടി മുഴുത്തു, ക്കൈകളൊതുക്കി, കൂറചുരുക്കി, ത്തലയതു താഴ്ത്തി, ക്കാതം വിട്ടുക്കണിയും വിട്ടു പ്പാടുംവിട്ടു, ത്താനംവിട്ടു, ഇരവിൽ താനെ മൂച്ചു[9] വിടാതെ പ്പാറപ്പറ്റ പ്പലവഴി പോയാർ.’ (ഒരു പഴയ കേരളോല്പത്തി)
‘സമ്പൂർണ്ണാദുദകാജ്ജാതാ (നിറഞ്ഞ ജലത്തിൽനിന്നുണ്ടായത്) (കേരളമാഹാത്മ്യം)
‘കേരളം’; യദ് (യാതൊന്നു) കേ (ജലേ) രളതി (രാജതി) യാതൊന്നു വെള്ളത്തിൽ ശോഭിക്കുന്നുവോ അതു കേരളം. (കേരളവിലാസം)
‘സമുദ്രം ഒരുകാലത്തു ക്രമേണ മുന്നോട്ടുള്ള ഊക്കം വിട്ടു പടിഞ്ഞാറോട്ടു മാറിയപ്പോൾ സമുദ്രരാജനായ വരുണരാജൻ താനേ താൻ പെറ്റത്’ (സമുദ്രം നീങ്ങിയപ്പോൾ അവിടെ കാണപ്പെട്ടത്.) (ഒരു പഴയ കേരളോല്പത്തി)
‘ഭാർഗ്ഗവൻ വരുണനെ സേവിച്ചു തപസ്സുചെയ്തു ഭൂമീദേവിയെ വന്ദിച്ച് (സമുദ്രത്തിൽനിന്ന്) നൂറ്ററുപതുകാതം ഭൂമിയെ ഉണ്ടാക്കി.’ (വേറെ ഒരു കേരളോല്പത്തി)
ഈ പ്രമാണങ്ങളാൽ ഈ ഭൂമി, സമുദ്രം കിടന്നിരുന്ന സ്ഥലം അതായതു കടൽവൈപ്പ് ആകുന്നു എന്നു വിശദമാകുന്നു.
“ | ‘വരുണസ്തു പുരാസ്മാകം ദത്തവാന്മുനിസത്തമ’ (കേരളമാഹാത്മ്യം) | ” |
അർത്ഥം: വരുണനാകട്ടെ പണ്ടുപണ്ടേ ഞങ്ങൾക്കു തന്നുപോയിട്ടുള്ളതാകുന്നു.
‘തസ്മാദസ്മാകമേവ’ (കേരളമാഹാത്മ്യം)
അർത്ഥം: ‘അതിനാൽ ഞങ്ങൾക്കുള്ളതുതന്നെയാണ്’, എന്നു നാകന്മാരും; അതിനെ സമ്മതിച്ച്,
നാകേഭ്യശ്ച മയാ ദത്താ (കേരളമാഹാത്മ്യം)
അർത്ഥം: ‘നാകന്മാർക്കായിട്ടു ഞാൻ കൊടുത്തിരിക്കുന്നു[10] എന്നു വരുണനും പറഞ്ഞിരിക്കുന്നതിനാലും,
‘എങ്കിലോ അടക്കലുടയ നാകത്താന്മാരല്ലോ ആകുന്നത്;* അവർക്കല്ലോ ആദികാലത്തെ വരുണൻ ഒരു നൂറ്ററുപതുകാതംകൊണ്ട തറ മുഴുവതും കൊടുത്തു എന്നു ചൊല്ലിയത്.’
എന്ന് മുൻപറഞ്ഞ കേരളോല്പത്തിവാക്യംകൊണ്ടും നാകന്മാർ കടൽവെപ്പായ ഈ ഭൂമിയുടെ ആദ്യത്തെ ഉടയക്കാരും കൈവശക്കാരും ഈ കടൽവെപ്പുണ്ടാകുന്നതിനുമുമ്പ് സമുദ്രത്തോടു തൊട്ടുകിടന്നിരുന്ന മലമ്പ്രദേശത്തിലെ പ്രഭുക്കളുംഅവിടെ പാർപ്പുകാരും ആയിരുന്നു എന്നു സിദ്ധിക്കുന്നു.
ഇനി എല്ലാറ്റിലും നാലാലൊരുഭാഗം നാകന്മാർക്കു കൊടുപ്പിച്ചു, എന്നതിന്റെ സാരം അടുത്തുവരുന്ന പ്രസംഗങ്ങളിൽനിന്നു താനേ വെളിപ്പെടും, അതുകൊണ്ട് ഇവിടെ പ്രത്യേകം എടുത്തു വിവരിക്കുന്നില്ല.
‘അസിഹസ്‌തൈ രക്ഷിതത്വാൽപ്രഭുഭിർന്നാകനാമകൈഃ’ (മലയാദ്രി മാഹാത്മ്യം)
അർത്ഥം: ‘കൈയിൽ വാളുള്ളവരും നാകന്മാർ എന്നു പ്രസിദ്ധന്മാരും ആയ പ്രഭുക്കളാൽ രക്ഷിക്കപ്പെടുക നിമിത്തം.’
‘നായകാഖ്യാ യത്ര ശൂദ്രരാജാനസ്സന്തി….’ (സഹ്യാദ്രിഖണ്ഡം)
അർത്ഥം: ‘നായകന്മാരെന്നു പേരുള്ള ശൂദ്രരാജാക്കളുള്ള സ്ഥലം.’
ഈ പ്രമാണങ്ങളാൽ ഈ ഭൂമിയെ നാകന്മാർതന്നെ കൈവശംവച്ചു രക്ഷിച്ചുവന്നിരുന്നു എന്നു തീർച്ചപ്പെടും.
താഴെ കാണിക്കുന്ന പ്രമാണങ്ങളെക്കൊണ്ട് ഈ നാകന്മാർ പണ്ട് ഏതെല്ലാം അവസ്ഥയിലിരുന്നിട്ടുള്ളവരാണെന്ന് അറിയാം:
“ | 1) ‘ഈശ്വരാരാധനേ രക്താ ഭക്താ യത്ര സുസാധവഃ ജനാ യത്ര ദാനശൂരാഃ സംഗ്രാമാങ്കണഭൈരവാഃ |
” |
അർത്ഥം: എവിടത്തുകാർ ഈശ്വരാരാധനത്തിങ്കൽ ഇച്ഛയും ഭക്തിയുമുള്ള സാധുക്കളോ, യാതൊരിടത്തുള്ളവർ ദാനശൂരന്മാരായും വിശിഷ്ടയോദ്ധാക്കളായും ഇരിക്കുന്നോ, എവിടെയുള്ള ഗുഹകളിൽ പെട്ടികളിൽ രത്‌നദീപങ്ങളെന്നപോലെ യോഗികൾ ശോഭിക്കുന്നുവോ, സർവ്വസ്വവും ദാനംചെയ്യുന്നവരായ നായകർ എന്ന ശൂദ്രരാജാക്കൾ എവിടെയോ,
2) നെടുമീശൈ, വിരിമാറൂ, തിടമേനി, പടവാളു, നീറണിനെറ്റി, നേർന്തകോളരിമേത്തടം, പൊട്ടിച്ചിതറവമർത്തും നെടിന്തിടക്കൈ, നെടുവില്ലങ്കർ, തടവില്ലങ്കർ, മേത്തട വില്ലങ്കർ, ഇരുത്തട വില്ലങ്കർ, മുത്തട വില്ലങ്കർ, മാവില്ലങ്കർ, വെട്ടത്തറവില്ലങ്കർ, മാന്തറ, നെടന്തറ, കൊടിക്കടയ്ക്കൽ, കോവള മരുത്തംകോട്ട്, ചെമ്പുലിക്കണ്ണ്, ആനയോട്ടിപ്പടവർ, കുതിരവെട്ടിപ്പടവർ, ഉണ്ടതട്ടിപ്പടവർ, ഇട്ടിച്ചീരാട്ടിപ്പടവർ, നെടുമാത്തൻ കൊല്ലി, കരുമ്പാറക്കക്കൊല്ലി, പുത്തെല്ലി, മാറപ്പാടിക്കാവറോട്, കണ്ണനാട്, മൂഴിക്കുളം, പറണ്ടത്തോള്, എട്ടുവില്ലിങ്കൽ ഒരു കുതിപ്പിൽ മേൽ കിളമ്പി ഈരെട്ടെണ്ണം മേൽ മറിക്കരണം പോട്ട്, മുത്തറയ്ക്കപ്പാൽ ഉണ്ടതട്ടി, അമ്പുതട്ടി, കച്ചില്ലെറി തട്ടി, മാറ്റലർ കൊടുങ്കോളൊന്നുമേശാമൽ മുത്തറയ്ക്കപ്പാൽ മപ്പടിച്ചുക്കാലൂന്നി വട്ടക്കാൽവീശി, മാറ്റലർ കന്നം തെറിക്കക്കൊടും കാലടിക്കും, ആൾപടക്കാലമാടപ്പെരുന്തലൈവരയ്യായിരവും, കൊട്ടൂലണിവേന്തർ, മേയ്ക്കയ്മ്മ മുഴുക്കയ്മ, , കോയിക്കയ്മ, കോയിക്കപ്പേരുങ്കെയ്മ്മ, കൈമ്മപ്പളുവെണ്ണൂറും, നമ്പുകൊണ്ടതാനി നാലായിരവും എമ്പുകൊണ്ടതാനി എണ്ണായിരവും, നമ്പുകൊണ്ടതാനി മലച്ചേരിപ്പിരാൻ, നാരങ്ങൊളിപ്പിരാൻ, ചെങ്ങാലിവട്ടത്തറപ്പിരാൻ, മാമാത്തൻചേരി അരുമ്പിരാൻ മുപ്പത്തിരണ്ടും, മാമാത്തഞ്ചേരി വട്ടപ്പൂർ പെരുമ്പിരാൻ നാല്പത്തെട്ടും, പരുവാവണിവട്ടം ഒരു കോവണിപ്പടക്കളക്കണക്കു എണ്ണത്തിച്ചേർന്നൊരും, കിരിയത്തുനാകർ, കുഴാവൈച്ചം കണുറ്റച്ചേരരോ, എന്നാൽ എങ്കിലോ അച്ചേരവേന്ത്‌ര്ടിനെഴുന്തു, ചെംകൈ കുവിത്തു പരത്തി, നീട്ടിയുശക്തി പേരുതവിക്കുള്ളിരങ്കിയമ്പുറ്റു നേരാകമൊഴി ചെപ്പിനാർ, എന്നാൽ തിങ്കൾ പരിതി കതിത്തോങ്കി മണ്ണുവിണ്ണഞ്ചു പേരുതവിപ്പൊരുളു കതിത്തോം കുനാളെല്ലാം ചെമ്മൈച്ചെൽവം, ചെഴുഞ്ചെൽവം ചേർന്തുവാഴും ശിവച്ചെൽവം ചെമ്മൈച്ചെൽവം പെരുഞ്ചെൽവം പേശാവൂ മൈപ്പെരുഞ്ചെൽവമണികളുറ്റുവാഴ്‌വൂതാക, വാഴ്‌വൂതാക, നെടുനാൾവാഴ്‌വൂതാക, നീടൂഴിവാഴ്‌വൂതാക, തലൈയോങ്കിവാഴ്‌വൂതാക, പുകഴോന്തിവാഴ്‌വൂതാക, വെനക്കൊക്കരിത്താർ, കൂവിനാർ.’ (ഒരു പഴയ വട്ടെഴുത്തുഗ്രന്ഥം)
(3) ‘പാളത്താറും പടൈവാളും, മീതിലുടുപ്പും, മിതിയടിയും, മീശക്കൊമ്പും, വിരികുഴലും, വീരച്ചൊല്ലും, വിളൈയാട്ടും, നീറണിനെറ്റിത്തടവഴകും, നേരിശൈയോങ്കും നെറിനിലൈയും, നാകർക്കിരിയർ തുടിലിതേ, നാടിക്കുടിയർ വണങ്കുവതേ.’ ([11]ടി ഗ്രന്ഥം മറ്റൊരുഭാഗം)
“ | (4) ‘എങ്കൾകുഴാം നല്ലറവർകുഴാമെ, ചൊല്ലുവോം മെയ്‌ചൊൽതഴപ്പ് |
” |
“ | (5) ‘ഉൾത്തിടമേ യുരുവാന നാകത്താരെ കൈത്തിടമേ കരുവാന നാകത്താരെ |
” |
ഇനി മേൽപറഞ്ഞ പ്രമാണങ്ങളിൽനിന്നു ചില പ്രധാന വാക്യങ്ങളെ എടുത്ത് ഒന്നുകൂടി വിവരിക്കാം.
‘നെടുമീശ, നീറണിനെറ്റി, പാളത്താറും, മീതിലുടുപ്പം, മിതിയടിയും, മീശക്കൊമ്പും, വിരികുഴലും (വളർത്തിയ തലമുടി), വീരച്ചൊൽ (ഗൗരവവാക്ക്), നീറണിനെറ്റിത്തടവഴകും’ (നീറണിനെറ്റിയെന്നുള്ളത് ഇവരെക്കുറിച്ചു പറയുന്നെടത്തൊക്കെ വിട്ടുപോകാതെ വിശേഷിച്ചെടുത്തു കാണിക്കുന്നു. അതുകൊണ്ട് ഇവരെല്ലാപേരും – ശൈവർ – ശിവഭക്തന്മാരാണെന്നു നിശ്ചയമാകുന്നുണ്ട്.) ഈ വാക്യങ്ങൾ ഈ നായകന്മാരുടെ വേഷം ഇന്നപ്രകാരമാണെന്നുളളതിനെ കാണിക്കുന്നു.
വിരിമാറ് = വിസ്താരമായ മാറ് (നെഞ്ച്), തിടമേനി = ദൃഢഗാത്രം, നേർത്ത = എതിർത്ത (മദിച്ചുവരുന്ന), കോളരി = സിംഹ(ത്തിന്റെ). മേത്തടം = മസ്തകം, പൊട്ടിച്ചിതറ = പിളർന്നു (രുധിരവും തലച്ചോറും ചിന്തുമാറ്), അമർത്തു = തിടിനെന്ന് ഊക്കോടുകൂടി വെച്ചുഞെരിക്കുന്ന അതായത് മുഷ്ടിചുരുട്ടി ഇടിക്കുന്ന, നെടുന്തിടക്കൈ = നീണ്ടും ദൃഢമായുമിരിക്കുന്ന കൈകൾ, കൈത്തിടമേ മേനിയാന (നാകത്താരെ) ബാഹുബലംതന്നെ സ്വരൂപമായുള്ള ഈ വാക്യങ്ങൾ അവരുടെ ശരീരബലത്തെ കാണിക്കുന്നു.
‘സംഗ്രാമാങ്കണഭൈരവാഃ’ ‘കാറിടിയൊത്തുച്ചീറിമിഴിക്ക’ ഈ വാക്യങ്ങളാൽ അവർ പടക്കളത്തിൽ (ശത്രുക്കൾക്ക്) വലുതായ ഭയത്തെ ഉണ്ടാക്കുന്നവർ – അതായത് വിശിഷ്ട യോദ്ധാക്കളെന്നും, ‘പൊയ്ത്തിടരെ പൊടിയാക്കും നാകത്താരെ.’ ഈ വാക്യം അവർ (നാകന്മാർ) അസത്യവാന്മാരെ (ദുർജ്ജനങ്ങളെ) നശിപ്പിക്കുന്നവരാണെന്നും തെളിയുന്നു.
‘നെടുവില്ലങ്കർ’, ‘തടവില്ലങ്കർ’, ‘മേത്തടവില്ലങ്കർ’, ‘ഇരുത്തടവില്ലങ്കർ’, ‘മുത്തടവില്ലങ്കർ’, ‘മാവില്ലങ്കർ’, ‘വെട്ടത്തറവില്ലങ്കർ’ മുതലായ വാക്യങ്ങൾ അവർ വില്ലുവിദ്യയിൽ അതിസമർത്ഥന്മാരും ശത്രുക്കളോട് മഹാവിഷമക്കാരുമാണെന്നു കാണിക്കുന്നു.
‘അസിഹസ്‌തൈഃ’ ‘അസിപഞ്ജരിതത്വാച്ച’ ‘കത്തിവാൾ കയ്യേന്തും നാകത്താരെ’ (പടവാൾ കയ്യിലുള്ളവർ) ഈ വാക്യങ്ങൾ നാകന്മാർ എല്ലായ്‌പോഴും കയ്യിൽ വാളുള്ളവരും വാളഭ്യാസത്തിൽ അതിസമർത്ഥന്മാരും പ്രസിദ്ധി സമ്പാദിച്ചവരും ആകുന്നു എന്നും, (7-ാം അദ്ധ്യായം നോക്കുക).
‘ഉണ്ടതട്ടിപ്പടവർ’ എന്നു കാണുന്നതിനാൽ നാകന്മാർ ഉണ്ടയിൽനിന്ന് അപായപ്പെടാതെ രക്ഷപെട്ടുകൊള്ളുന്നതിനു തക്കവണ്ണം വിശേഷമായി എന്തോ ഒരു വിദ്യയും സാമർത്ഥ്യവും ഉള്ളവരെന്നു കരുതേണ്ടിയിരിക്കുന്നു. അതിന്റെ വാസ്തവം ഏതുപ്രകാരമെന്ന് അറിവാൻ പാടില്ല. എന്നാൽ ഇവരുടെ പരിശയ്ക്ക് ‘ഉണ്ടതട്ടും പരിശ’ എന്നാണ് നാമം. (ഇതിലേയ്ക്കുള്ള ദിവ്യഔഷധത്തിന് ഒരു ലോഹവും ചില പച്ചിലകളും ചേരുമാനങ്ങളായി ഉണ്ട്. അതുകൂടാതേയും ഈവക പരിശ ഉപയോഗിക്കണമെന്നുള്ളപ്പോഴൊക്കെ അതിലും പരിശക്കാരുടെ ശരീരം, ഉടുപ്പ് മുതലായവയിലും മേൽപറഞ്ഞ ഔഷധങ്ങളെ തേക്കുക പതിവാണ്.)
‘അമ്പുതട്ടി’, ‘കച്ചില്ലെറിതട്ടി’ കൽ + ചില്ലു = കച്ചില്ലു = കരിങ്കൽകഷണം ഈ വാക്കുകൾ എത്രയും ഊക്കത്തിൽ പാഞ്ഞുവരുന്ന അസ്ത്രങ്ങളേയും അതുകൂടാതെ കവിണകൊണ്ടുള്ള കല്ലേറുകളേയും (പണ്ട് ഈ കവിണേറ് ധാരാളമുണ്ടായിരുന്നു. അത് ഒരു വെടിയുണ്ടയെയോ അമ്പിനെയോപോലെ ഊക്കുള്ളതും വളരെ ഉപദ്രവകരവുമായിരുന്നു.) ഊക്കിൽവരുന്ന വാളുകളേയും ലഘുവിൽ തടുത്തുകളയുന്നതിന് സാമർത്ഥ്യമുള്ളവരെന്നും, (വെട്ടും തടയും നാകന്മാർക്ക് ബാലപാഠമായിരുന്നു.)
‘ഒരു കുതിപ്പിൽ മേൽകിളമ്പി………..’ എന്നു തുടങ്ങിയ വാക്യങ്ങൾ വിശേഷമായ ചാട്ടങ്ങൾ, മറിച്ചിലുകൾ, ഒരു ചാട്ടത്തിനിടയ്ക്ക് അതിശയിക്കത്തക്കവയായ അനേകം അഭ്യാസങ്ങൾ ഇവയെ ചെയ്യുന്നതിന് അവർ മഹാസമർത്ഥന്മാരായിരുന്നു എന്നും,
‘കുതിരവെട്ടിപ്പടവർ’ എന്നത് അവർ കുതിരപ്പടയെ വെട്ടുന്നതിന് വിശേഷസാമർത്ഥ്യം ഉള്ളവരെന്നും, (കാലിന്റെ മുട്ടിനുതാഴെ പടംവരെ മുൻവശത്തു ഒരുമാതിരി മൂർച്ചയുള്ള ആയുധം വച്ചു മുറുക്കിക്കൊണ്ട് അതിവേഗത്തിൽ മേൽപോട്ടുള്ള ചാട്ടത്തോടുകൂടി കുതിരയുടെ കഴുത്തിന്റെ മുൻവശത്തുനിന്നും മേല്‌പോട്ടു കാൽവീശി കഴുത്തിനെ മുറിക്കയും അതോടൊരുമിച്ചു കൈവാൾകൊണ്ടു കുതിരപ്പുറത്തിരിക്കുന്ന ആളിനെക്കൂടി വെട്ടുകയും ചെയ്യുക അവർക്കു സാധാരണമായ അഭ്യാസമായിരുന്നു.)
‘ആനയോട്ടിപ്പടവർ’ എന്ന പദം അവർ ആനപ്പടയെ ഓടിക്കുന്നതിനു വിരുതുള്ളവരെന്നും, (ഇക്കാര്യത്തിലേക്കും അവർക്ക് അനേകം ദിവൗഷധങ്ങളും പ്രത്യേകമായ അഭ്യാസചാതുര്യവും ഉണ്ടായിരുന്നു; ‘മാതംഗലീല’ (ഗജലക്ഷണശാസ്ത്രം) പോലെ ‘ആനൈക്കുറിച്ചന്തം’ ‘പാകര്‌നടൈ’ മുതലായ ഗ്രന്ഥനിരകൾ അവരുടെ ഭവനങ്ങളിൽ എല്ലായിടത്തും ഉണ്ടായിരുന്നു. സ്ത്രീജനങ്ങൾക്കുംകൂടി ഇതു നല്ലപോലെ പരിചയമുണ്ടായിരുന്നതായി കാണുന്നു.)
‘ചൊല്ലുവോം മേയ്‌ച്ചൊൽതഴപ്പ്’; ‘പൊയ്‌വാർത്തൈ മൊഴിന്തനാവോ പിറകിതപ്പട കാണാതെ’ (അസഭ്യവാക്കു പറഞ്ഞ നാക്കിന് അതുവരെ അതിരുന്നു വാണസ്ഥലത്തെ പിന്നീടു കാണുന്നതിനു കഴിയുകയില്ല. അതായത് അപ്പോൾത്തന്നെ ആ നാക്കിനെ എടുത്തു വെളിയിൽ കളയുമെന്ന് അർത്ഥം.) ഇതുകൾ അവർ സദാ സത്യവാദികൾ ആയിരുന്നു എന്നും,
‘അറവർ’ = ധർമ്മിഷ്ഠർ, (സംസ്‌കൃതഭാഷയിൽ ‘ധർമ്മ’മെന്നും ‘അധർമ്മ’മെന്നും പറയുന്നതിന് തമിഴ് ഭാഷയിൽ ‘അറം’ എന്നും ‘മറം’ എന്നും പറയും. ഇതുകളിൽ അറത്തോടു ചേർന്നവർ ‘അറവരും’ മറത്തോടു ചേർന്നവർ ‘മറവരും’ ആകുന്നു.) തമിഴിൽ കുഴാം എന്ന വാക്കിന് ‘സമൂഹം’ എന്നർത്ഥം. അതിനാൽ, ‘എങ്കൾകുഴാം നല്ലവർകുഴാമേ’ എന്ന വാക്യം ഞങ്ങളുടെ (നാകന്മാരുടെ) സമൂഹം ധർമ്മിഷ്ഠസമൂഹമാകുന്നു എന്നും,
‘അറന്താനെ ‘യുരു’വാന നാകത്താരെ, അറന്താനെ ‘കരുവി’യാന നാകത്താരെ, അറന്താനെ ‘യുള്ള’മാന നാകത്താരെ; അറന്താനെ ‘യുയിരാ’ന നാകത്താരെ, അറന്താനെ ‘കടവു’ളാന നാകത്താരെ, അറന്താനെ ‘കൽവി’യാന നാകത്താരെ, അറന്താനെ ‘യുലക’മാന നാകത്താരെ, അറന്താനെ ‘യെവൈ’യുമാന നാകത്താരെ’ ഈ വാക്യങ്ങൾ നാകന്മാരുടെ (ഉരു) സ്വരൂപവും, (കരുവി) പഞ്ചേന്ദ്രിയങ്ങളും, (ഉള്ളം) അന്തഃകരണവും, (ഉയിർ) പ്രാണങ്ങളും, (കടവുൾ) ദൈവവും, [12](കൽവി) വിദ്യയും, (ഉലകം) ലോകവും, എന്നുവേണ്ട അവരുടെ (എവൈ) സർവ്വവും ധർമ്മമയമായിരുന്നു എന്നും,
‘കള്ളരുന്തിടുവതില്ലോം’ = ‘ഞങ്ങൾ മദ്യപാനം ചെയ്യുന്നില്ല; കൊണ്ടൈപ്പറണവ ഒരുവകൈയുൺപതില്ലോം’ = മത്സ്യാദികൾ ഒന്നും ഭക്ഷിക്കുന്നില്ലാ; ‘ഊൻവകൈ യുൾക്കൊളവില്ലോം’ = മാംസാദികൾ ഭക്ഷിക്കുന്നില്ല; ‘പിറർമനവിയരൈ ത്തവറു വിരുപ്പുറ നോക്കുവതില്ലോം’ = പരസ്ത്രീകളെ തെറ്റായിട്ടുള്ള സ്‌നേഹം ജനിക്കുമാറു നോക്കുന്നില്ല. ഈ വാക്യങ്ങൾ നാകന്മാർ മദ്യപാനം; മത്സ്യംതീറ്റി, മാംസഭക്ഷണം, പരസ്ത്രീവാഞ്ഛ, ഇത്യാദി ദുർഗുണങ്ങൾ യാതൊന്നുമില്ലാത്ത പരിശുദ്ധരായിരുന്നു എന്നും,
‘ദാനശൂരാഃ സർവ്വദാ’ = എല്ലായ്‌പോഴും ദാനസ്വഭാവമുള്ളവർ; ‘ഇല്ലാരൈക്കണ്ടങ്ങിശൈന്തുതവി ചെയ്യവേണ്ടും’ = ദരിദ്രരായും സാധുക്കളായും ഉള്ള ജനങ്ങളെ അന്വേഷിച്ചു സഹായിക്കണം; ‘ഈവതില്ലെന മൊഴിന്താൽ പിറകിംകുയിർ വാഴ്‌വതില്ലോം’ = ഇല്ലെന്നു പറഞ്ഞുപോയാൽ പിന്നെ ജീവനെ ധരിക്കുന്നില്ല; (‘ഇല്ല’ എന്ന് ഒരു വാക്കു പുറപ്പെടുവിക്കാൻ ഇടയായിപ്പോയാൽ പിന്നെ അവർ ജീവിച്ചിരിക്കയില്ല). ഈ വാക്യങ്ങൾ അവർ മഹത്തായ ദാനശീലവും മനോഗുണവും ഉള്ളവരായിരുന്നു എന്നും.
‘ഈശ്വാരാരാധനേ രക്താഃ ഭക്താഃ സുസാധവഃ’ ‘പുനിതരടിവണങ്കി വീഴും നാകത്താരെ,’ ‘നല്ലാരെ ക്കണ്ടു നയന്തുവണങ്കവേണും’, ‘നല്ലറിഞർപാർച്ചെന്റു നല്ലടിമൈയാകവേണ്ടും. എല്ലാ വിനൈപ്പയനെന്റി ളകാതിക്കവേണ്ടും,’ ഈ വാക്യങ്ങളാൽ നാകത്താന്മാർ ഈശ്വരാരാധനത്തിൽ താല്പര്യവും, മഹത്തുക്കളിൽ ഭക്തിയും കൈങ്കര്യവും എങ്ങനെയുള്ള അനുഭവങ്ങൾ വന്നാലും ഇളകാതിരിക്കത്തക്കതായ ക്ഷമയും ഉള്ളവരെന്നും തെളിയുന്നു.
ഇനിയും നായകന്മാരുടെ കൂട്ടത്തിൽ രാജയോഗികൾ, സിദ്ധയോഗികൾ, ഹഠയോഗികൾ മുതലായ യോഗിവര്യന്മാരും ഉണ്ടായിരുന്നു എന്നുള്ളതിനു താഴെ പറയുന്നവ ദൃഷ്ടാന്തങ്ങളാകുന്നു.
(1) ‘യോഗിനോ യൽ ഗുഹാന്തസ്തു പേടികാ രത്‌ന ദീപികാ’, (2) ‘ചിത്തി, മുത്തി, കൈകണ്ട നാകത്താരെ’ (3) ‘കോയിക്കപ്പെരും കയ്മൾ’ എന്നൊരു മഹാനായ നായർപ്രഭുവിന്റെ കവിതകളിൽനിന്നും.
കോളരിപ്പാട്ട്
കോളരിയെ, കോളരിയെ, കോലമിറന്തൊരു കോളരിയെ
കണ്ടാരുൾവെളിക്കോളരിയെ കാണാതാർക്കിരുൾ കോളരിയെ
ഒൻപതുവായ്[13]ക്കുണ്ടിന്മുകടുള്ളത്തുറ്റു വിളങ്കിയ കോളരിയെ
ആറും[14] താണ്ടിച്ചെന്നാലക്കരെ യരൺമനൈമേവിയ കോളരിയെ[15]
കോനാർ പാട്ട്
“ | ‘കോനാരെക്കൈകൊട്ടിപ്പാടുവീരെ, കൊണ്ടാനടിച്ചു കൂത്താടുവീരെ, |
” |
4. വേറൊരു നായർമഹാന്റെ കവിതകളിൽനിന്ന്
പെരുമ്പെട്ടിപ്പാട്ട്
“ | ‘തിങ്കൾ പരിതി തിരിന്തൊടുങ്കും പെരുമ്പെട്ടി തേനൂറിവന്തു തെളിന്തിരുക്കും പെരുമ്പെട്ടി |
” |
5. മറ്റൊരു കവി
“ | ‘വേണാട്ടുപ്പൊങ്കിലിയാർ വെടിവച്ചുക്കാട്ട, കാണാമ നിന്റവരെ കൺപൊട്ടെരെന്നാർ, |
” |
6. വേറൊന്ന്
“ | ‘പിളരി മുഴക്കിപ്പള്ളിയെഴുപ്പിപ്പേരിമ്പക്കടൽ പൊങ്കിവര കളരി തളുത്തു തുയിലയിട്ടുക്കാർമേനിപ്പൊരിചിന്തിയെഴ’ |
” |
7. മാനാരിക്കോട്ടയിൽ കോമ്പിത്താൻ ശിവാങ്ങൾ
“ | ‘ചുട്ടറവെ വെട്ട വെളി തനിയായോങ്കി മട്ടറവെയടഞ്ഞ നില നിലതാനാകും |
” |
മന്നാടി അച്ചൻ ശിവാങ്ങൾ
‘ഓമന്നെഴുത്തുതാനൂമൈ യായിനിന്നൂശി മുനയിലും നുണ്ണിതാകി, തേഞ്ഞുചിറുകി ശിവവിണ്ണാകി ഒറ്റുമേ യറ്റു പിരിവറ്റാകും.
എണ്ണാമയക്കാ കടന്തവാനം, ഏറ്റകുറവറ്റിരുക്കും വാനം, ഏമനെ ക്കാമനെത്തിന്റെ വാനം, എല്ലാമതു വാകി നിന്റെ വാനം, കാഴ്ചയ്ക്കും കേൾവിക്കും എട്ടാവാനം, നാറ്റം ചുവൈ, പറ്റിറന്തവാനം, വെച്ചുടൻ മൂച്ചറ്റിലകും വാനം, പേരിൻ പമാകപ്പൊലിന്തവാനം, മത്തലും കൊത്തലുമാണ്ടവാനം, വന്നാട്ടുമുന്നാട്ടം വിട്ടവാനം, ആശാനരുളാലടൈന്തവാനം, വാനമെന്നുള്ളതും പോന വാനം.’
ഈ വാക്യങ്ങൾ നാകന്മാരുടെ കൂട്ടത്തിൽ ബ്രഹ്മസാക്ഷാൽകാരമടഞ്ഞ ജ്ഞാനികൾ സാധാരണമായുണ്ടായിരുന്നു എന്നു കാണിക്കുന്നു.
മേൽക്കാണിച്ച സംഗതികളെക്കൊണ്ട് നാകന്മാർ ഏറ്റവും ശരീരബലമുള്ളവരും, വിശിഷ്ടയോദ്ധാക്കളും, ദുർജ്ജനങ്ങളെ ഉപേക്ഷിക്കുന്നവരും, ശത്രുക്കൾക്ക് അതിഭയങ്കരന്മാരും, വില്ലഭ്യാസം, വാളഭ്യാസം, കല്ലേറഭ്യാസം, ഉണ്ടതട്ടുക, അമ്പുതട്ടുക, കുതിരവെട്ടുക, ആനയോട്ടുക, വിശേഷമായ ചാട്ടം, മറിച്ചിൽ, മർമ്മവിദ്യ മുതലായവയിൽ മഹാസമർത്ഥന്മാരും, എന്തൊക്കെ ആയാലും അസത്യം പറയാത്തവരും, ദാനശൗണ്ഡന്മാരും ഈശ്വാരാരാധനത്തിലും മഹത്തുക്കളെക്കുറിച്ചും താല്പര്യവും ഭക്തിയും കൈങ്കര്യവും ഉള്ളവരും, അതിധർമ്മിഷ്ഠന്മാരും, മദ്യപാനം, മത്സ്യംതീറ്റി, മാംസഭക്ഷണം, ഇതുകളൊന്നുമില്ലാത്തവരും, പരസ്ത്രീഗമനത്തിലുള്ള വാഞ്ഛ ചിന്തയിൽപോലും അങ്കുരിക്കാതെ സൂക്ഷിച്ചുകൊള്ളുന്നവരും, രാജയോഗികൾ മുതലായ യോഗീശ്വരന്മാർ ബ്രഹ്മസാക്ഷാൽകാരമടഞ്ഞ ജ്ഞാനികൾ മുതലായ സമുദായാംഗങ്ങളോടുകൂടിയവരും ആ വക സംഗതികളെക്കുറിച്ച് സാധാരണമായി നല്ലപോലെ അറിവും വിശ്വാസവും ഉള്ളവരും ആയിരുന്നു എന്നു സിദ്ധിക്കുന്നു.
ബ്രാഹ്മണശബ്ദം ഈ മലയാളദേശത്തു സ്വന്തമായിട്ടുള്ളതല്ലെന്നും, ആദ്യകാലംമുതൽ ബ്രാഹ്മണർ വന്നുകേറിയ കാലംവരെ (വളരെ കൂടുതൽ കാലത്തേക്ക്) ഇതിവിടെ ഇല്ലാതിരുന്നതാണെന്നും, ഈ ശബ്ദം ഇവിടെ പലപ്രകാരത്തിലുള്ള ദോഷങ്ങൾക്കു ഹേതുവായി ഭവിച്ചിട്ടുണ്ട് എന്നും ഈ ശബ്ദത്തെക്കൊണ്ടു നന്മ സിദ്ധിക്കേണ്ടതായിട്ട് ആദ്യകാലം മുതൽക്കിതുവരെ ഗണനീയമായ ഒരു സംഗതിയും ഉണ്ടായിരുന്നിട്ടില്ലെന്നും, മലയാളരിൽ ആരെങ്കിലും ഇവിടെയിരുന്നുകൊണ്ടാകട്ടെ അവിടെ ചെന്നാകട്ടെ ഈ ശബ്ദത്തെ ആവശ്യപ്പെടുകയോ, കൊണ്ടുവരികയോ ചെയ്തിട്ടില്ലെന്നും, മുമ്പിൽ പറഞ്ഞപോലെ വിദേശത്തുനിന്നും വന്നവരായ ബ്രാഹ്മണർ അവരുടെ കാര്യലാഭത്തെക്കരുതി ഇവിടുത്തുകാരിലും ഈ ശബ്ദത്തെ സമർപ്പിക്കയും, എങ്ങനെയോ തെറ്റിദ്ധരിച്ച് ഇവർ അതിനെ സ്വീകരിക്കയും ചെയ്തുപോയതാണെന്നും ഉള്ളതു മേല്പറഞ്ഞ സംഗതികളിൽ നിന്നു നല്ലപോലെ തെളിഞ്ഞിരിക്കുന്നു. ആകയാൽ ഇടക്കാലത്തു കൂട്ടിച്ചേർത്തതും അനാവശ്യകവുമായ ഈ ശബ്ദത്തെ ഇവരിൽ നിന്ന് തള്ളിക്കളയേണ്ടതാകുന്നു. അല്ലാത്ത പക്ഷം അതിനെ വിദേശീയന്മാരായ ചില വർഗ്ഗക്കാർക്കുള്ള പൊതുപേരുകളെപ്പോലെമാത്രം ഗണിച്ചു മലയാളബ്രാഹ്മണർ എന്ന് അഭിമാനം ഭാവിക്കുന്നവരുടെ സ്ഥാനവലിപ്പത്തെ ഗണ്യമാക്കാതെ ഇരിക്കേണ്ടതാകുന്നു. ഇപ്രകാരം മലയാളബ്രാഹ്മണശബ്ദത്തെ ഉപേക്ഷിച്ചുകഴിഞ്ഞാൽ പിന്നെ ആ ശബ്ദത്തോടു കലർന്നിരിക്കുന്ന എമ്പ്രാൻ, നമ്പൂരി, പോറ്റി എന്നീ സ്ഥാനങ്ങൾ മാത്രമാണ് പ്രധാനമായി ശേഷിക്കുന്നത്. ഇവയെപ്പറ്റിയും മറ്റും സവിസ്തരം അടുത്ത പുസ്തകത്തിൽ പ്രതിപാദിച്ചുകൊള്ളാം.
കുറിപ്പുകൾ
തിരുത്തുക- ↑ ‘എന്റെ(വരുണന്റെ) ശരീരത്തിലുണ്ടായിരുന്ന വിഷവർദ്ധന’ എന്നതിനു സമുദ്രം മാറിയ സ്ഥലത്തുള്ള നിമ്‌നോന്നതപ്രദേശങ്ങളിലും ചതുപ്പുനിലങ്ങളിലും ഓരിന്റെ ഈർപ്പത്തിൽക്കൂടി വെയിലടിക്കുന്നതിനാലുള്ള അത്യുഷ്ണവും, ജലജന്തുക്കളുടെ അസ്ഥി, കൊമ്പ്, മുള്ള് മുതലായവയും മറ്റുംകൊണ്ടു പലപ്രകാരത്തിലുള്ള വിഷമതകൾ എന്നും.
- ↑ ‘നാകന്മാരുടെ ശാസനകൊണ്ട് ശമിക്ക’ എന്നതിന് അതി സമീപവാസികളായും സ്വന്തക്കാരായും പ്രഭുക്കളായും അസംഖ്യം ജനം അധീനത്തിലുള്ളവരായും അത്യുത്സാഹികളായും സമ്പന്നന്മാരായും ഉള്ള നാകന്മാർ ഉദ്യമിച്ചാലേ ആൾ ശേഖരിച്ചു വേണ്ടുംപോലെ ദേഹണ്ണം നടത്തി ദുർഘടങ്ങളെയെല്ലാംനശിപ്പിക്കുവാൻ കഴിയൂ എന്നും,
- ↑ ‘വിഷഹീനശരീരനായി തേജോമയനായി ഭവിക്കയും ചെയ്തു’ എന്നതിന് അപ്രകാരം നാകന്മാർ പ്രയത്‌നിച്ചു നന്നാക്കിയെന്നും അപ്പോൾമുതൽക്ക് ഈ ഭൂമിയുടെ നിഷ്പ്രയോജനതയും സകല മാലിന്യങ്ങളും ഒഴിഞ്ഞ് അത് സ്വർഗ്ഗസദൃശമായി പ്രകാശിച്ചു എന്നും,
- ↑ ‘ഈ കേരളഭൂമിയെ തൽക്ഷണം വിട്ടുതന്നില്ലെങ്കിൽ 64 ഗ്രാമങ്ങളിലും വിഷത്തെ പുറപ്പെടുവിക്കുന്നുണ്ട്’ എന്നതിനു നീതികേടു കാണിച്ചാൽ എല്ലാപേരേയും ഞങ്ങൾ ശിക്ഷിച്ചു പുറത്താക്കിക്കളയുമെന്നും, (ഈ ബ്രാഹ്മണൻ അത്യാഗ്രഹംനിമിത്തം പലതവണയുംവന്ന് എന്തും തോന്ന്യാസങ്ങൾ കാണിക്കയും അതിനു നാകന്മാർ അവരെ അപ്പോഴപ്പോൾ ശിക്ഷിച്ചുപുറത്തുകളകയും ചെയ്തിട്ടുണ്ടെന്നും ‘ഈ ബ്രാഹ്മണർക്ക് നാകന്മാരെക്കുറിച്ചു വളരെ ഭയമുണ്ടെന്നും ബ്രാഹ്മണർ ഇവിടെ സ്വന്തഇഷ്ടങ്ങൾ വല്ലതും സാധിച്ചിട്ടുണ്ടെങ്കിലും ആയതു നാകന്മാരെ ആശ്രയിച്ചുകൂടി സൂത്രത്തിൽ പറ്റിച്ച് കാലക്രമേണ പല ചതിവും വഞ്ചനയും പ്രയോഗിച്ചു മാത്രമാണെന്നും ഉള്ളതിലേക്ക് മേൽകാണിച്ച വാക്യവും, ‘ഈ ബ്രാഹ്മണർ ഇവിടെ വന്ന് അടുക്കളവൈപ്പ്, മന്ത്രവാദം, അന്യോന്യം കലഹമുണ്ടാക്കുക, സേവാവൃത്തി മുതലായ തൊഴിലുകൾ ചെയ്തുകൊണ്ട് സൂത്രത്തിൽ ഇവിടെ കേറിപ്പറ്റിയതാകുന്നു’ എന്ന സഹ്യാദ്രിഖണ്ഡവചനവും സാക്ഷ്യം വഹിക്കുന്നു. വന്നതിന്റെ ശേഷം ബ്രാഹ്മണർ നാകന്മാരുടെ ശാസനനിമിത്തം ഉറച്ചിരിക്കാതെ പൊയ്ക്കളഞ്ഞിട്ടുണ്ട് എന്നുള്ളതിലേക്ക് ‘അപ്പെരും കോലുറ്റ നാകരോ ചീറുംപടിയാക മഹാബ്രാഹ്മണർക്ക് വശമല്ലാഞ്ഞു; കാറിടിയൊത്തുച്ചീറി മിഴിക്ക’ എന്നു തുടങ്ങിയുള്ള കേരളോല്പത്തിവചനങ്ങൾ ദൃഷ്ടാന്തമാകുന്നു.
- ↑ ‘സമുദ്രരാജനായിരിപ്പൊരു വരുണരാജൻ’ എന്നതിന് – സമുദ്ര(ജല) സമഷ്ടി – അതായത്, സമുദ്രംതന്നെയാകുന്നു എന്നും,
- ↑ ‘മകിഴ്‌വുറ്റ്’ എന്നതിനു സന്തോഷിച്ചു എന്നും, (കടൽ ഊക്കോടുകൂടി അലയടിച്ച് മുഴങ്ങി മുമ്പോട്ടു താവിക്കൊണ്ടു നിൽക്കുന്ന അവസ്ഥയ്ക്ക് കടലിന്റെ കോപം എന്നും എന്നാൽ ആ അവസ്ഥ വിട്ട് ശാന്തമായി ഒതുങ്ങിയ നില മുൻപറഞ്ഞ കോപത്തിന്റെ വിപരീതാവസ്ഥയാകയാൽ അതിനു സന്തോഷമെന്നും പറയാറുണ്ട്.)
- ↑ ‘പെറ്റ്’ എന്നതിനു കടൽ നീങ്ങിയിട്ട് ഭൂമി കാണുമാറായി എന്നും,
- ↑ ‘അർക്കലുടയ നാകത്താന്മാരെല്ലോ ആകുന്നത് എന്നതിന് ഈ ഭൂമിയുണ്ടാകുന്നതിനു മുമ്പ് അതിനെ മൂടിക്കിടന്നതായ കടലും മേല്പറഞ്ഞ നാകത്താന്മാർക്കുള്ളതെന്നും, ഈ വാക്യങ്ങൾക്ക് അർത്ഥം ആകുന്നു. (മലയപർവ്വതത്തിന്റെ അരികിൽവരെ സമുദ്രം കിടന്നിരുന്നു എന്നും ആ സമുദ്രത്തോടു തൊട്ടുകൊണ്ട് കിഴക്കുവശത്തു തെക്കുവടക്കായി കിടക്കുന്ന മലയപർവ്വതത്തിൽ അതിന്റെ ആദിനാഥന്മാരായ നാകത്താന്മാർ നിരന്നു പാർത്തിരുന്നു എന്നും ഉള്ളത് എല്ലാംകൊണ്ടും പ്രസിദ്ധമാണല്ലോ. ആ പർവ്വതത്തിൽ അവരിൽ ഓരോരുത്തർക്കും തനതായുള്ള പ്രദേശത്തിന്റെ തെക്കുവടക്ക് അളവിനൊത്തു സമുദ്രഭാഗവുംകൂടി ചേർന്നിരുന്നു;)
- ↑ മൂച്ച് = ശ്വാസം
- ↑ ‘വരുണൻ ഞങ്ങൾക്കു തന്നു എന്ന് നാകന്മാരും ഞാൻ നാകന്മാർക്കായി കൊടുത്തു എന്ന് വരുണനും പറഞ്ഞു’ എന്നതിന് സമുദ്രത്തിൽനിന്നുണ്ടായ ഭൂമി മറ്റൊരുത്തരുടെ അധീനത്തിലാകാതെ നാകന്മാർക്ക് ആകമാറുതന്നെ കിടന്നിരുന്നു എന്നും നാകന്മാരു മറ്റൊരുത്തൻ മുഖാന്തരമായല്ലാതെ നേരിട്ടു പ്രവേശിച്ചു എന്നും,
- ↑ പഴയഗ്രന്ഥങ്ങളെ (കിട്ടിയെടത്തോളമുള്ള ഭാഗങ്ങളെ) 3-ാം പുസ്തകത്തിൽ ചേർത്തു പ്രസിദ്ധംചെയ്യുന്നതാണ്). -പ്ര.സാ.
- ↑ ധർമ്മോസ്മൽ കുലദൈവതം’ എന്നുള്ള ഇവിടത്തെ അടയാളവാക്യവും മേൽ പറഞ്ഞതിനെ അനുസരിച്ച് സംഭവിച്ചിട്ടുള്ളതാകുന്നു എന്ന് നിശ്ചയിക്കേണ്ടിയിരിക്കുന്നു.
- ↑ നവദ്വാരം
- ↑ ഷഡാദാരം
- ↑ അരൺമന = അരമന – രാജകൊട്ടാരം
- ↑ പുനൽ = വെള്ളം
- ↑ വളി = വായു
- ↑ വിശുമ്പ് = ആകാശം
- ↑ ഈ വാക്യം നാകന്മാരുടെ കൂട്ടത്തിൽ പെരിയ തുറവികളും (ത്യാഗികൾ) ഉണ്ടായിരുന്നു എന്നു കാണിക്കുന്നു.