പ്രാചീനമലയാളം/മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല

പ്രാചീനമലയാളം
രചന:ചട്ടമ്പിസ്വാമികൾ
മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല
പ്രാചീനമലയാളം

മലയാളഭൂമി ഭാർഗ്ഗവനുള്ളതല്ല

തിരുത്തുക



‘വൈതരണ്യാദ്ദക്ഷിണേ തു സുബ്രഹ്മണ്യാത്തഥോത്തരേ

സഹ്യാത്സാഗരപര്യന്തം ശൂർപ്പാകാരം വ്യവസ്ഥിതം’[1]



അർത്ഥം – ‘വൈതരണിക്കു തെക്കും സുബ്രഹ്മണ്യത്തിനുവടക്കും സഹ്യപർവ്വതം തുടങ്ങി സമുദ്രംവരെ, അതായത് സഹ്യന്ന് പടിഞ്ഞാറും സമുദ്രത്തിനു കിഴക്കുമായിട്ട്, മുറത്തിന്റെ ആകൃതിയിൽ കിടക്കുന്നു,’ ഇതാകുന്നു ഭാർഗ്ഗവഭൂമിയുടെ അതിർത്തിനിർണ്ണയം.


ഭാർഗ്ഗവൻ സ്വന്തഭൂമിയായ ഈ സ്ഥലത്തിരുന്നും കൊണ്ട്, പല ദിക്കിൽനിന്നും അവിടെവന്നു താമസിക്കുന്ന ബ്രാഹ്മണരോട് ‘ഞാൻ നിങ്ങൾക്ക് ഭൂമി തരികയില്ല; നിങ്ങൾ എല്ലായിടത്തും യാചകന്മാരായി ഭവിക്കും’ എന്നു മുതലായി ശപിച്ചപ്പോൾ അവർ ഭയന്ന് ശാപമോക്ഷത്തിന്നപേക്ഷിച്ചു. എന്നിട്ടും അദ്ദേഹം സ്വന്തഭൂമിയെ അവർക്കു കൊടുക്കയില്ലെന്നുള്ള സിദ്ധാന്തത്തെ വിടാതെ ഉറപ്പിച്ചുംകൊണ്ട് കലിയുഗമാകുമ്പോൾ നിങ്ങൾ,


‘അസിപ്രസ്ഥാവനീസ്ഥാനേ ശ്ലാഘനീയാ ഭവിഷ്യഥ.’[2]

അർത്ഥം – ‘അസിപ്രസ്ഥം എന്ന സ്ഥലത്ത് ശ്ലാഘനീയരായി ഭവിപ്പിൻ.’


എന്നിങ്ങനെ പറഞ്ഞ് തള്ളിവിട്ടതായി കാണുന്നതിനാലും ആ ശാപമോക്ഷപ്രകാരം ആ ബ്രാഹ്മണർ വന്നുചേർന്നത് ഈ മലയാളഭൂമിയിലാകകൊണ്ടും ഇവിടം ഭാർഗ്ഗവന്റേതല്ലെന്നു തെളിയുന്നു.


സമാധാനം: ഈ മലയാളത്തിലെ ബ്രാഹ്മണർ ശാപം ഏറ്റും ശാപമോക്ഷപ്രകാരവും വന്നവരാണെന്നു പറവാൻ പാടില്ല. ശാപമേറ്റിട്ടുള്ളവർ ഭാർഗ്ഗവൻ പറഞ്ഞപ്രകാരം അസിപ്രസ്ഥാവനിയിൽ പോയിരിക്കും. ആ സ്ഥലം വേറെ എവിടെയോ ആയിരിക്കാം.


നിഷേധം: ഈ ബ്രാഹ്മണർ ആദ്യം വടക്കൻപ്രദേശങ്ങളിൽ മംഗലപുരം പുഴയുടെ വടക്കേകരയോളം വന്നുനിറഞ്ഞു. അനന്തരം സ്ഥലവും, ഭവനവും, നിത്യവൃത്തിമാർഗ്ഗവും ഇല്ലാതെ നദീമാർഗ്ഗത്തൂടെ മലവെള്ളം നിറഞ്ഞുകവിഞ്ഞുവരുംപോലെ തിക്കിത്തിരക്കി പ്രവഹിച്ച് തെക്കോട്ടുതന്നെ വരികയാൽ ഈ പ്രദേശത്തു വന്നുചേരുവാനേ ഇടയുള്ളൂ. എന്നുതന്നെയുമല്ല, കുലഭ്രഷ്ടരായി രാമശാപഹതന്മാരായിരിക്കുന്ന ഇവർ (ബ്രാഹ്മണർ) ശൂദ്രാന്ന നിരതന്മാരായിട്ട് ശുക്തിമതി (മംഗലപുരം ഉള്ളാളൻപുഴ) കടന്ന് ദക്ഷിണകന്യാകുമാരിയും അഗസ്ത്യകൂടവും നാകന്മാരെന്നു പ്രസിദ്ധി അടഞ്ഞവരായിരിക്കുന്ന പ്രഭുക്കളും ഉള്ളിടമായ ദക്ഷിണ (തെക്കൻ) ദിക്കിലേക്കു പുറപ്പെട്ടുചെന്ന് അനേകവിധം പ്രവൃത്തികൾ കൈക്കൊണ്ട് കാലക്ഷേപം ചെയ്തുവന്നു എന്ന് ടി സഹ്യാദ്രിഖണ്ഡത്തിൽ പറഞ്ഞിരിക്കയും ചെയ്യുന്നു. ‘മലയാദ്രിമാഹാത്മ്യം’ എന്ന ഗ്രന്ഥത്തിൽ ഈ മലയാളഭൂമിയുടെ അതിർത്തിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞിരിക്കുന്നു.


‘മലയക്രോഡഭൂമേസ്തു സീമാത്വേന വിനിശ്ചിതാ

പയസ്വിന്ന്യുത്തരസ്യാന്തു1 ദക്ഷിണേ തു കുമാരികാ
പൂർവ്വസീമാ തു ഗിരിരാണ്മലയഃ പശ്ചിമേംബുധിഃ’



‘വടക്ക് കാഞ്ഞരോട്ടുപുഴയും തെക്ക് കന്യാകുമാരിയും കിഴക്ക് മലയപർവ്വതവും പടിഞ്ഞാറ് സമുദ്രവും.’ ടി ഗ്രന്ഥത്തിൽ അതിന്റെ പേരിനേയും ഭരണത്തേയും കുറിച്ചു താഴെപ്പറയുംപ്രകാരം കാണുന്നു:


‘അസിഹസ്‌തൈഃ രക്ഷിതത്വാൽ പ്രഭുഭിർന്നാക നാമകൈഃ

അസിപഞ്ജരിതത്വാച്ച അസിപ്രസ്ഥമഥാഗമത്’



അർത്ഥം – കൈയിൽ (ഒഴിയാതെ) വാളുള്ളവരായി നാകന്മാരെന്ന പ്രഭുക്കന്മാരാൽ എല്ലായ്‌പ്പോഴും ഭരിക്കപ്പെടുകയാലും വാൾപ്രയോഗവും അതിലേക്ക് അധികചാതുര്യപ്രചാരവും ഉള്ളതിനാലും (ഈ മലയാളഭൂമിക്ക്) അസിപ്രസ്ഥം എന്ന നാമം സിദ്ധിച്ചു.’ ഈ കാരണങ്ങളാൽ ഭാർഗ്ഗവഭൂമി കാഞ്ഞരോട്ടുപുഴ മുതൽ വടക്കോട്ടുള്ള പ്രദേശമാണെന്നും മലയാളഭൂമി കാഞ്ഞരോട്ടുപുഴ മുതൽ തെക്കോട്ടുള്ള പ്രദേശമാണെന്നും ഇത് മലയാളിനായർപ്രഭുക്കന്മാർക്ക് സ്വന്തമായിട്ടുള്ളതാണെന്നും തെളിയുന്നു.


എന്നാൽ,


‘………………….. പ്രതിജ്ഞാ സാധിതാ ത്വയാ

തസ്മാത്തു രാജ്യഭാരസ്ത്വപ്യഭിഷേകസ്ത്വമർഹസി’ [3]



അർത്ഥം – ‘അങ്ങേടെ പ്രതിജ്ഞ സാധിച്ചു. അതുകൊണ്ട് അഭിഷേകത്തിനും രാജ്യഭാരത്തിനും അങ്ങുതന്നെ അർഹനാകുന്നു.’


എന്നിങ്ങനെ ത്രിമൂർത്തികളും സകല ദേവന്മാരും ഋഷികളുംകൂടി ഭാർഗ്ഗവനോട് പറഞ്ഞപ്രകാരം അദ്ദേഹം,


ചതുഃഷഷ്ടിതമൈർഗ്രാമൈർബൃഹന്നദ്ദ്യാം സമാഗതഃ

കേരള്യാം ഭാർഗ്ഗവോ രാമഃ സമ്മ്യഗ്രാജ്യം പ്രശാസതി
ത്രിപഞ്ചാശത്സഹസ്രാണി വർഷാണി ച ഭൃഗൂത്തമഃ
യാവദ് ഗോകർണ്ണപര്യന്താം താവദ്കന്യാകുമാരികാം
രാമേ രാജ്യം പ്രശാസതി ധർമ്മേണ പൃഥ്വിവീമിമാം.’ [4]



അർത്ഥം – ‘അറുപത്തിനാലുഗ്രാമക്കാരോടുംകൂടി പെരുമ്പുഴക്കൽ വന്നുചേർന്ന് ഗോകർണ്ണം മുതൽ കന്യാകുമാരിയോളം ഉള്ള രാജ്യത്തെ അൻപത്തിമൂവായിരം വർഷം ധർമ്മത്തോടെ പരിപാലിച്ചിരുന്നു’ എന്നു കാണുന്നു. ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ പേരിൽ രേഖാപ്രമാണങ്ങൾ ധാരാളം ഉണ്ടായിരിക്കേണ്ടതാണ്. അപ്രകാരം കാണുന്നില്ലെന്നുതന്നെയല്ല, ഈ മലയാളനാടുകളിൽ ഒന്നായ തിരുവിതാംകൂർഭൂമി തന്നെ പണ്ടാരവക തേട്ടം, പണ്ടാരവക ഒറ്റി, പണ്ടാരവക കാണം, പണ്ടാരവക പാട്ടം, പെരുംപറ്റ്, വിരുത്തിപ്പാട്ടം, പുതുവൽ പാട്ടം, കഴകപ്പാട്ടം, ദർഘാസ്പാട്ടം, നെന്തപ്പാട്ടം, സഞ്ചായപ്പാട്ടം, നടുപ്പാട്ടം, കുത്തകപ്പാട്ടം, വിരുത്തിഒന്നു പാതിപ്പാട്ടം, മീതെടുപ്പുപാട്ടം, തോൽപാട്ടം, പയിറ്റുപാട്ടം, വെട്ടഴിവുപാട്ടം, കരിക്കൂറുപാട്ടം, പാൽപായസമഠംവക പിഴയാപ്പാട്ടം, വിളക്കുപാട്ടം, കണ്ടുകൃഷിവക പാട്ടം, കുത്തകക്കൃഷിവകപ്പാട്ടം, മേൽകങ്ങാണം, സങ്കേതം, തുരം, കുടിയിരിപ്പ്, കുടുംബപ്പൊറുതി, തിരുമുഖ ഇറയിലി, അരുളിറയിലി, കുടുംബവിരുത്തി, ചാവേറ്റുവിരുത്തി, കൂത്തുവിരുത്തി, കൊടുവിരുത്തി, കുഴൽവിരുത്തി, കൊമ്പുവിരുത്തി, വള്ളുവിരുത്തി, വഞ്ചിവിരുത്തി, ആനവിരുത്തി, മാലവിരുത്തി, ശാന്തിവിരുത്തി, കയറുവിരുത്തി, തളിവിരുത്തി, ചൂലുവിരുത്തി, കഴകവിരുത്തി, പാട്ടുവിരുത്തി, പാലുവിരുത്തി, പാലെടുപ്പുവിരുത്തി, കീഴാണ്മവിരുത്തി, ചെമ്പുപണിവിരുത്തി, കൂറവിരുത്തി, ഓടന്മാർവിരുത്തി, ശംഖുവിരുത്തി, മഹാഭാരതം വായ്പുവിരുത്തി, നടകാവൽവിരുത്തി, വെടിവിരുത്തി, അനുഭോഗവിരുത്തി, പരിശവിരുത്തി, കച്ചവിരുത്തി, മുന്നിലവിരുത്തി, മൂന്നിലവകപ്പടി, പഴംചോറ്റുവിരുത്തി, ഊഴിയവിരുത്തി, ഇറയിലിനായരുവകപ്പടി, മാനിഭം, അർത്ഥമാനിഭം, കരമൊഴിവ്, സർവ്വമാനിഭം, ബ്രഹ്മദായം, ദേവദായം, വട്ടവിരുത്തി, മഠപ്രം, നന്താവനപ്രം, ദ്വാദശിപ്രം, ഉമ്പളം, ഉഭയഉമ്പളം, ഉടമഉമ്പളം, ജപ്തി, അയൽ, ലയൻ ഉൾപ്പെട്ട അയൽ, അടിമ, അനുഭവം, തിരുവിളം, തിരുഅടയാളം, ഗുരുദക്ഷിണ, മണ്ഡപക്കുറതീർച്ച, മലവാരം, വിളമേലടി, അടിയറപ്പാട്ടം, രക്ഷാഭോഗം, ദാനപ്രമാണം, പൊന്നിട്ടുകാരാണ്മ, നേർകാരാണ്മ, കാരാണ്മ, അട്ടിപ്പേറ്, തീറ്, വിലയോല, വായോല, ക്രയശാസനം, ചേരാഒറ്റി, മീളാവൊറ്റി, ഇടക്കാരാഴ്മ, വച്ചുപാതികാരാഴ്മ, അഞ്ചുരണ്ടുകാരാഴ്മ, കുഴിക്കാരാഴ്മ, മേലാഴ്മ, നടുക്കൂറനുഭവം, നടുക്കൂറുവായോല, കാണപ്പാട്ടം, ഒറ്റി, ഉഴവുപാട്ടം, ഉഴവോല, ഉഴവൊറ്റി, പട്ടയോല, മാരായം, അറ്റൊറ്റി, നേരൊറ്റി, നേർപാട്ടം, ചിറ്റൊറ്റി, റാവൊറ്റി, മേലൊറ്റി, കോടാലിക്കാണി, പര്യപ്പാട്, പണയം, നേർപണയം, ചൂണ്ടിപ്പണയം, ചൂഴിപ്പണയം, മാരായപ്പാട്ടം, പാട്ടഒറ്റി, മാറാപാട്ടം, കാരാണ്മപാട്ടം, വച്ചുപാതിപ്പാട്ടം, കുടിപ്പാതിപ്പാട്ടം, ഒഴിയാപ്പാട്ടം, വരമ്പടകപ്പാട്ടം, വെൺപാട്ടം, പെരുമ്പാട്ടത്തേട്ടം, പാതിവാരം, വിത്തുപാതി, വിത്തിട്ടുകിളച്ചുപാതി, ഇട്ടുപാതിപ്പാട്ടം, കൈയൊരുപാതി, ഒറ്റിയും കുഴിക്കാണവും, പാട്ടവും കുഴിക്കാണവും, കുടിപ്പുള്ളി, തനത്, കുടിജന്മം, ഉകന്തുടമ, യാപ്യ ഉകന്തുടമ, നംകുടമ, പേർകൂലി, അറപ്പുസ്സ്വമ്മ, കുടസ്സ്വമ്മ, പെരുമ്പടപ്പുസ്വരൂപംവക വിരുത്തി, പാലിയത്തുമേനവൻവക വിരുത്തി ഇങ്ങനെ മറ്റു പല ഇനങ്ങളിലായിട്ടാണു കാണപ്പെടുന്നത്.


സമാധാനം: ഇപ്പോൾ പല ഇനങ്ങളിലായിട്ടിരിക്കുന്നുയെങ്കിലും ഈ ഭൂമി മുൻപറഞ്ഞപോലെ ആദ്യം പരശുരാമസ്വത്തായിട്ടുമാത്രം ഒരേ ഇനത്തിലും പരശുരാമനാൽ പാലിക്കപ്പെട്ടും ഇരുന്നിരുന്നു. അനന്തരം അദ്ദേഹം അറുപത്തിനാലു ഗ്രാമങ്ങളിലുള്ള ബ്രാഹ്മണരെവരുത്തി പൂജിച്ച് അവർക്കായിട്ടു കേരളഭൂമി മുഴുവനും ദാനംചെയ്തു. ഇപ്രകാരം ബ്രാഹ്മണർക്കു കൊടുത്തതിന്റെശേഷം ആ ബ്രാഹ്മണരുടെ രക്ഷയ്ക്കു ലൗകികമായും വൈദികമായും വേണ്ടുന്ന കാര്യങ്ങളെ നടത്തുന്നതിനു നിയമിക്കപ്പെട്ട ജനങ്ങളുടേയും രാജാക്കന്മാരുടേയും മന്ത്രികളുടേയും മറ്റും ഉപജീവനാർത്ഥമായും ദേവാലയങ്ങൾക്കുവേണ്ടിയും വകവച്ചു തിരിച്ചുകൊടുക്കനിമിത്തം മേൽപ്രകാരം പല ഇനങ്ങളിലായിട്ടുള്ളതാണ്.


നിഷേധം: മറ്റുള്ള ഇനങ്ങളാകുന്ന സ്വപരിണാമങ്ങളോടും മുന്നിനത്തിന്റെ അഭാവത്തോടുംകൂടി സ്ഥിരപ്പെട്ട് ഒന്നായും പൊതുവായും ഉള്ള ഒരിനം ഉണ്ടായിരിക്കണമെന്നുള്ളതു നിശ്ചയമാകകൊണ്ട് ഈ പല ഇനങ്ങളും വന്ന മാർഗ്ഗം പിടിച്ചു നോക്കിച്ചെന്നാൽ എല്ലാറ്റിന്റേയും ഒന്നായ മൂലസ്ഥാനത്തെ ശരിയായി കണ്ടുപിടിക്കാമെന്നു വരും. അതിനാൽ മുമ്പിൽ കാണിക്കപ്പെട്ട ഇനങ്ങളെ സംബന്ധിച്ച് സംശയനിവൃത്തി വരുന്നതുവരെ (വേണ്ടിടത്തോളം) ഓരോന്നിനെ ആയിട്ടു പിടിച്ചുനോക്കി അങ്ങോട്ടുചെല്ലാം. അതിനുള്ള മാർഗ്ഗം രേഖാപ്രമാണങ്ങൾ ആകുന്നു. ഇവിടെ രേഖാപ്രമാണങ്ങൾ എന്നു പറഞ്ഞിരിക്കുന്നതു കേരളോല്പത്തികൾ, കേരളമാഹാത്മ്യം, ജാതിനിർണ്ണയം മുതലായ ഗ്രന്ഥങ്ങളെ ആണെന്ന് ആരും മനസ്സിലാക്കിക്കളയരുത്. അവയെല്ലാം ഓരോ ഉദ്ദേശ്യനിവൃത്തിക്കായി എഴുതി ഉണ്ടാക്കപ്പെട്ടവയാണ്. അങ്ങനെ എഴുതി ഉണ്ടാക്കുന്നത് [5] വാസ്തവം വെളിപ്പെടുത്താൻ മാത്രവും [6] സ്വാർത്ഥപരതനിമിത്തം ഇല്ലാത്തവയെ കൃത്രിമമായി എഴുതിച്ചേർത്തു വാസ്തവത്തെ മറച്ച് കുക്ഷിപൂരണം സാധിക്കുന്നതിനുമാത്രവും ആയിരിക്കും. കേരളോല്പത്തികൾ മുതലായവ രണ്ടാമതു പറയപ്പെട്ട ശേഖരത്തിൽ ഉള്ളവയാണ്. ഇതുകളിൽ മുൻകാണിച്ചപോലെ വസ്തുക്കളെ സംബന്ധിച്ച് അറിയേണ്ടതായ ഒരു വിവരവും ഇല്ലാ. ആകയാൽ ഇതുകൾ യഥാർത്താന്വേഷണവിഷയത്തിൽ കൈകൊണ്ടുതൊടാൻപോലും കൊള്ളുകയില്ല.


ഇനി മുൻപറഞ്ഞപോലെ, രാജാക്കന്മാർ മന്ത്രിമാർ പ്രഭുക്കന്മാർ മുതലായവരുടേയും ദേവസ്വം ബ്രഹ്മസ്വം മുതലായവയിലേയും സകല ചെലവുകൾക്കും വേണ്ടുന്നതെല്ലാം അതാതിന്നു വക ഇറക്കീട്ടുള്ള വസ്തുക്കളിൽനിന്നുതന്നെ ഉണ്ടാകണം. ഉണ്ടാകുന്നതിനു ദേഹണ്ണം നടത്തണം. ദേഹണ്ണം നടത്തുന്നതിന് അവയെ കുടിയാനവന്മാരായ ജനങ്ങളെ ഏല്പിക്കണം. അങ്ങനെ ഏല്പിക്കുമ്പോൾ വളരെ ജനങ്ങളും വസ്തുക്കളും ഉണ്ടാകകൊണ്ട് എവിടെ, എപ്രകാരമുള്ള വസ്തുവിനെ ആര്, ആർക്ക്, എങ്ങനെ കൊടുത്തു എന്നു മുതലായ വിവരങ്ങൾ അറിയുന്നതിനു രേഖാപ്രമാണം വേണം.


സ്ഥാനമറിഞ്ഞു കരം കൊടുക്കുന്നതിന് എഴുതിക്കൊടുക്കുന്ന ജന്മിയുടെ പേരും കരം കൊടുക്കാത്തപക്ഷം വരുത്തിച്ചോദിക്ക, നടപടി നടത്തുക ഇതുകൾക്ക് എഴുതിവാങ്ങിക്കുന്ന ഉഴവന്റെ പേരും വസ്തു കിടക്കുന്ന സ്ഥലം അറിയുന്നതിനു ദേശം മുതലായവയുടെ വിവരവും അതിരുകടന്ന് അന്യന്റേതിൽ ചെല്ലാതെ ഇരിക്കാനും തന്റേതറിഞ്ഞ് മുഴുവനിലും പ്രവേശിപ്പാനും വേണ്ടി എലുകകളും ഇത്രയെന്നറിഞ്ഞു കരം നിശ്ചയിക്കുന്നതിലേക്ക് അളവും അപ്പോഴപ്പോൾ കാരണാന്തരവശാൽ പലവിധത്തിൽ പലമാതിരി അവകാശങ്ങളും സിദ്ധിച്ചുകൊണ്ടു പലരും അവകാശികളായി വന്നേക്കുമെന്നുള്ളതിനാൽ അടിക്കടി പേരുമാറി വരുമ്പോൾ മുൻവിവരങ്ങൾക്കും വസ്തുവിനും കുഴക്കു നേരിടാതെ ഇരിക്കുന്നതിലേക്കു വസ്തുവിന്റെ മുന്നിനവും (ഇന്നാരുടെ സ്വന്തമെന്ന് ആദ്യ ഉടമസ്ഥന്റെ പേർ കാണിക്കൽ) ഉടമസ്ഥനു സിദ്ധിച്ച മാർഗ്ഗവും അവകാശത്തിന്റെ അളവും മറ്റും രേഖാപ്രമാണത്തിൽ (ആധാരത്തിൽ) കാണിച്ചുകൊടുക്കുകയും വേണ്ടുന്ന എല്ലാ വിവരങ്ങൾക്കും ജന്മിസ്ഥാനത്തു കണക്കുകളും നടന്നിട്ടുള്ളതും നടക്കുന്നതും ആയ സംഗതികൾക്ക് യഥാർത്ഥമായി ഗ്രന്ഥവരിയും ഉണ്ടാക്കിവയ്ക്കുകയും ചെയ്യുന്നതു പരിപാലനകർത്താക്കന്മാർക്കു പതിവാണല്ലൊ. ഇവിടെ വാസ്തവം കണ്ടുപിടിക്കുന്നതിന് ഈവക പ്രമാണങ്ങളാകുന്നു വേണ്ടത്.


ഇപ്രകാരം ആധാരങ്ങൾ കണക്കുകൾ മുതലായ പ്രമാണങ്ങൾ2 പരിശോധിച്ചതിന്റെ ശേഷം കുടികൾ, സർക്കാർ സാമന്തന്മാർ, രാജാക്കന്മാർ, ദേവസ്വങ്ങൾ, ധർമ്മമഠങ്ങൾ, ഇതുകളിൽ യാതൊന്നിന്റേയും മൂന്നിനങ്ങൾ ഭാർഗ്ഗവന്റേതോ ബ്രാഹ്മണരുടേതോ ആയിട്ടു കാണുന്നില്ലാ. സമസ്തവും മലയാളിനായർപ്രഭുക്കളുടെ വകയായിട്ടു മാത്രമാണു കാണുന്നത്.


സമാധാനം: അതു പരശുരാമൻ ബ്രാഹ്മണശുശ്രൂഷയ്ക്കുവേണ്ടി പരദേശത്തുനിന്നും വരുത്തി അടിമകളാക്കി പാർപ്പിക്കപ്പെട്ടവർ അല്ലെങ്കിൽ സ്വർഗ്ഗത്തുനിന്നും ഭാർഗ്ഗവനാൽ കൊണ്ടുവരപ്പെട്ട സ്ത്രീകളിൽ ബ്രാഹ്മണർക്കു ജനിച്ചവർ ആയ ശൂദ്രർ അന്യായമായി സകലവും അപഹരിച്ച് അധീനത്തിലാക്കിയതിനാൽ ആ കാലംമുതൽക്ക് അവരുടെ പേരിൽ ഇപ്രകാരം രേഖാപ്രമാണങ്ങൾ ഉണ്ടാവാൻ ഇടയായതാണ്. അല്ലാതെ പൂർവസ്ഥിതിയിൽ അങ്ങനെ ആയിരുന്നില്ല.


നിഷേധം: എന്നാൽ ഇടക്കാലത്ത് അവർ കൈവശപ്പെടുത്തുന്നതിനുമുമ്പ് ഉള്ളതായ പ്രമാണങ്ങൾ ബ്രാഹ്മണരുടെ പക്കൽ കാണേണ്ടതാണ്. പ്രമാണങ്ങളേയും കൂടി ശൂദ്രർ അപഹരിച്ചു നശിപ്പിച്ചു കളഞ്ഞു എങ്കിൽ ശൂദ്രബാധകമായും ബ്രാഹ്മണസാധകമായും പറയുന്ന കേരളമാഹാത്മ്യം കേരളോല്പത്തികൾ മുതലായ സകല പ്രമാണങ്ങളുംകൂടി അവർ (ശൂദ്രർ) അപഹരിച്ചു നശിപ്പിക്കേണ്ടതായിരുന്നു. അപ്രകാരം കാണുന്നില്ലാത്തതുകൊണ്ടും ആവക പ്രമാണങ്ങൾ ബ്രാഹ്മണരുടെ പക്കൽ എന്നുതന്നെയല്ലാ ശൂദ്രരുടെ അധീനത്തിലും തിരസ്‌കൃതങ്ങളാകാതെ പ്രത്യക്ഷമായി കാണുകകൊണ്ടും അപഹരിച്ചു എന്നു പറയുന്നതു തീരെ ശരിയല്ല.


ഭാർഗ്ഗവൻ ഭൂമിയെ ഉണ്ടാക്കി രക്ഷയ്ക്കായിട്ട് രാജാക്കന്മാരെയും ശുശ്രൂഷാദികൾക്ക് ശൂദ്രരെയും മറ്റുള്ളവയ്ക്ക് മറ്റുള്ളവരേയും നിയമിച്ച് എല്ലാം സുമാറാക്കി മഹാബ്രാഹ്മണർക്ക് ദാനംചെയ്തതായിട്ടാണല്ലോ പറയുന്നത്. എന്നാൽ ഇതിനിടയ്ക്കു ശൂദ്രർക്ക് അപഹരിക്കാൻ സൗകര്യവും ശക്തിയും തീരെയില്ലായിരുന്നു എന്നും അതിൽ പിന്നീട് ബ്രാഹ്മണരും രാജാക്കന്മാരും വളരെ ഉയർന്നും ശൂദ്രർ അടിമകളുടെ നിലയിൽ വളരെ താഴ്ന്നും ഇരുന്നിരുന്നതേ ഉള്ളു എന്നും കേരളമാഹാത്മ്യം കേരളോല്പത്തി മുതലായ ഗ്രന്ഥങ്ങൾ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക് നല്ലപോലെ അറിയാവുന്നതും മേൽപ്രകാരം അവർ (ശൂദ്രർ) യാതൊരു അക്രമങ്ങളും ചെയ്തിട്ടുള്ളതായിട്ട് ഒരു പ്രമാണത്തിലും കാണുന്നില്ലാത്തതും ആകുന്നു.


അല്ലാതെയും അടിമകളായും അസ്വതന്ത്രരായും അനധികാരികളായും അസമ്പന്നന്മാരായും അശക്തന്മാരായും ഇരുന്ന ആ ശൂദ്രർ ഇതുകളെ എങ്ങനെ അപഹരിച്ചു? അപ്പോൾ സ്വാമിമാരും സമ്പന്നന്മാരും സ്വതന്ത്രന്മാരും ശക്തന്മാരും ആയിരുന്ന ബ്രാഹ്മണർ എന്തിനായിട്ട് ഏതുവിധത്തിൽ അവയെ വിട്ടുകളഞ്ഞു?


സമാധാനം: ബ്രാഹ്മണർ ആശ്രിതവാത്സല്യം കൊണ്ടും ഉപകാരസ്മരണകൊണ്ടും ശൂദ്രരിൽ പലർക്കും ഇടക്കാലങ്ങളിൽ പ്രഭുത്വത്തേയും സ്ഥാനമാനങ്ങളേയും കൊടുത്തു. അവർ കാലക്രമേണ പ്രബലന്മാരായി മറ്റുള്ള ശൂദ്രരെയും അധീനത്തിലാക്കി എല്ലാം അപഹരിക്കയും അങ്ങനെ വസ്തുക്കൾ ബ്രാഹ്മണരിൽനിന്നും കൈവിട്ടുപോകയും ചെയ്തു.


നിഷേധം: എങ്കിൽ ശൂദ്രർ കൈക്കലാക്കി എന്നു പറയുന്ന ഭൂമികളുടെ ഇടക്കിടെ വളരെ നല്പായും കൈവാക്കിനും എത്രയോ വസ്തുക്കൾ ബ്രഹ്മസ്വംവകയായി കിടക്കുന്നുണ്ട്. അവയ്‌ക്കൊക്കെയും ഇന്നുവരെയും ജന്മിമാർ ബ്രാഹ്മണരും ഒഴവന്മാർ ശൂദ്രരുംതന്നെ ആയിരിക്കുന്നു. എന്നാൽ അവയെക്കൂടി ആ പ്രബലന്മാരായ ശൂദ്രർക്ക് അപഹരിക്കരുതായിരുന്നോ?


സമാധാനം: ആ വസ്തുക്കളുടെ ജന്മിമാരായ ബ്രാഹ്മണർ ആ ശൂദ്രരെക്കാളും പ്രാബല്യവും ശക്തിയും ഉള്ളവരായിരുന്നതിനാൽ അപ്രകാരം പറ്റിയില്ല.


നിഷേധം: എങ്കിൽ ആ പ്രബലന്മാരായിരുന്ന ജന്മിമാർക്കുതന്നെ ശൂദ്രരേക്കാൾ ഇത്രത്തോളം ശക്തിയുണ്ടായിരുന്ന സ്ഥിതിക്ക് അവരും മറ്റു ബ്രാഹ്മണരും ഒരുമിച്ചുകൂടി ശൂദ്രരെ ദിക്കുവിട്ടു പറത്താമായിരുന്നല്ലോ. അപ്പോൾ അവർ ഈ അക്രങ്ങളെ ചെയ്കയില്ലായിരുന്നല്ലോ.


സമാധാനം: മറ്റുള്ളവരുടേത് അപഹരിച്ചുകഴിഞ്ഞപ്പോൾ മതിയെന്നും ശേഷം ജന്മികളുടേത് വേണ്ടെന്നും വെച്ചിട്ടാണ്.


നിഷേധം: എങ്കിൽ പെട്ടെന്ന് അവർക്ക് ഇപ്രകാരം ഒരു വിരക്തിതോന്നുവാൻ കാരണമെന്ത്? ഇതു സംബന്ധമായി താഴെപ്പറയുന്ന പ്രമാണം നോക്കുക.



‘വാസനിവാരകപ്രേഷ്യ വാക്യസ്യോച്ചാരണം മിഥഃ

പൗർവ്വാപര്യേണ തുല്യോയം ധർമ്മോ ഭൂദേവ ശൂദ്രയോഃ
ബാഹുജോരുജവർണ്ണാനാം ഭൂദേവേപി കനീയസി
ആഗതേ സദൃശോ ധർമ്മഃ പ്രത്യുത്ഥാനാഭിവാദനേ
രാമക്ഷേത്രേ തു ശൂദ്രസ്യ നാഭിവാദ ഇതി സ്ഥിതിഃ
സ തൽസ്ഥാനേഞ്ജലിം കുര്യാദിതി ഭാർഗ്ഗവശാസനം.
ബാഹുജോരുജയോദ്ധർമ്മസ്ത്രീകർമ്മപരിനിഷ്ടിതഃ
അന്യത്ര ഭാർഗ്ഗവക്ഷേത്രാൽ സാധാരണ ഇതി സ്മൃതഃ
ബാഹുജാംഘ്രിജയോദ്ധർമ്മസ്ത്യാഗോ വൈക്ലബ്യതോപിനാ
പ്രാണാനാം ബ്രാഹ്മണസ്യാർത്ഥേ സാധാരണ ഉദാഹൃതഃ
ഊരുജാംഘ്രിജയോർദൂർവ്വാലവനം ക്ഷിതിവർദ്ധനം
പ്രാണത്യാഗോ ഗവാർത്ഥേ ച ധർമ്മസാധാരണസ്ത്രികം’ [7]



വിശേഷിച്ചും മലയാളത്തിലേക്ക് പ്രത്യേകമായിട്ടുള്ള സ്മൃതിപ്രമാണം ഇവിടെ നടപ്പാക്കിയിരിക്കുന്നതിനാൽ മുൻപറഞ്ഞപ്രകാരം ശൂദ്രർ ഒരിക്കലും ബ്രഹ്മസ്വത്തെ അപഹരിച്ചിരിക്കയില്ല.


സമാധാനം: അവർ ദുരാശയും ദൗഷ്ട്യവും നിമിത്തം പ്രമാണത്തേയും ന്യായത്തേയും ലംഘിച്ച് അപ്രകാരം ചെയ്തുകളഞ്ഞു.


നിഷേധം: അങ്ങനെ ചെയ്തവർ ബ്രാഹ്മണശത്രുക്കളും പരമദ്രോഹികളും മഹാദുഷ്ടന്മാരുമായിരിക്കണം. ആ മട്ടിനു ബ്രാഹ്മണർക്ക് അവരോടും അവർക്ക് ബ്രാഹ്മണരോടും വിശ്വാസവും അടുപ്പവും സ്‌നേഹവും ആദരവും ഒരുകാലത്തും ഉണ്ടായിരിക്കാനിടയില്ല.


എന്നാൽ ഇവർ രണ്ടു വകക്കാരും ഈ മലയാളത്തിൽ പാരമ്പര്യമായിട്ട് അന്യോന്യം ഏതുപ്രകാരമാണ് പെരുമാറിവരുന്നത്? ശൂദ്രസ്ത്രീകൾക്ക് ബ്രാഹ്മണർ സംബന്ധം ചെയ്യുന്നത് എത്രയും നല്ലതാണെന്നു വിചാരിച്ച് മിക്ക ഭവനങ്ങളിലും അവരെക്കൊണ്ടുതന്നെ സംബന്ധം ചെയ്യിപ്പിച്ച് അങ്ങനെ നടന്നുവരുന്നു. ശൂദ്ര ഇടപ്രഭുക്കന്മാരുടെ (കയ്മൾ, പണിക്കർ മുതലായവരുടെ) ഭവനങ്ങളിൽ സമജാതിക്കാർ പാടില്ല. ബ്രാഹ്മണരേ സംബന്ധം ആകാവൂ എന്നുംകൂടിയുണ്ട്; ഇന്നുവരെയും നടപ്പും അപ്രകാരം തന്നെയാണ്. എന്നാൽ ശൂദ്രസ്ത്രീയിൽ നമ്പൂതിരിക്കു ജനിച്ചുണ്ടാകുന്ന സന്തതിക്ക് ആ പിതാവിന്റെ സ്വത്തിൽ യാതൊന്നിനും അവകാശമില്ല. അഥവാ ആ പിതാവ് കുട്ടിക്ക് നാലുകാശിന് വല്ലതും തീർപ്പിച്ച് ഇട്ടുപോയാൽ ‘അയ്യയ്യോ: ബ്രഹ്മസ്വംവക യാതൊന്നും കുടുംബത്തിൽ കേറ്റരുതേ, തറവാടു മുടിഞ്ഞുപോകുമേ’ എന്നു പെണ്ണുടയന്മാർ പറഞ്ഞ് ആയതിനെ മറ്റൊരു ബ്രാഹ്മണന് ദാനം ചെയ്കകൂടി പതിവാണ്. പിന്നെ ഭർത്താവായ നമ്പൂരി വരുമ്പോൾ അയാളോടുകൂടി ചങ്ങാതിമാരായി രണ്ടു മൂന്നിൽ കുറയാതെ നമ്പൂരിമാരും അവർക്ക് ആളൊന്നിന് ഓരോരുത്തർവീതമെങ്കിലും വാല്യക്കാരുംകൂടി വരും. പ്രത്യേകം മഠവും കിണറും കുളവും അടുക്കളയും ഇല്ലാത്ത തറവാടുകൾ മലയാളത്തു നായന്മാർക്ക് ദുർല്ലഭമാണ്. വരുന്നവർക്കെല്ലാം എത്രകാലമെങ്കിലും താമസിക്കാവുന്നതാണ്. അക്കാലങ്ങളിൽ വെടിപ്പായിട്ടു സാപ്പാട്, തേച്ചുകുളി, മുണ്ട് എന്നുവേണ്ട സകല ചെലവും കൊടുക്കും. പിന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാം ഇവരെക്കൊണ്ട് കർമ്മം ചെയ്യിക്കുക, ഇവർക്ക് ദക്ഷിണകൊടുക്കുക മുതലായവയുമുണ്ട്. മലയാളകുടുംബത്തിലെ ഗൃഹച്ഛിദ്രം, മുതൽനഷ്ടം, അവമാനം, ദുർബുദ്ധികളായ സന്തതികൾ മുതലായ ആപൽപാദപങ്ങൾക്ക് ആദിബീജം മിക്കവാറും ബ്രാഹ്മണരുടെ പ്രവേശനമാണ്. ഇങ്ങനെ ഒരു മഹാസമ്പത്തുള്ള കുടുംബത്തിൽ എന്തിനായിട്ടെങ്കിലും ഇവരുടെ പ്രവേശനം ശാഖീനിബിഡവിപിനത്തിൽ വേനൽക്കാലത്ത് കാട്ടുതീ പിടിക്കുന്നതുപോലെയും തളിർത്തു കൊഴുത്തുനിൽക്കുന്ന കല്പവൃക്ഷത്തിൽ പ്രളയകാലത്ത് അതികഠിനമായ വജ്‌റപാതം ഉണ്ടാകുന്നതുപോലെയുമാണ്. ഇപ്രകാരം മലയാളത്തുളള മിക്ക തറവാടുകളും നശിച്ചുകഴിഞ്ഞും നശിച്ചുകൊണ്ടും ഇരിക്കുന്നു. എന്നിട്ടും തറവാട്ടുടമസ്ഥരിൽ പ്രധാനികൾ ചില നിസ്സാരങ്ങളായ ദുരഭിമാനങ്ങൾ നിമിത്തം, അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ആപത്തിൽനിന്നും രക്ഷപെടുന്നതിനു പ്രയത്‌നിക്കാതെയും അതിനെക്കുറിച്ചു പറയുന്നവരോട് ശുദ്ധ അസംബന്ധങ്ങളായ സമാധാനങ്ങളെ നിർല്ലജ്ജം വിളിച്ചെഴുന്നള്ളിച്ചുകൊണ്ടും തറവാട്ടുജന്മശ്ശനികളായി ജീവിക്കുന്നു. ഇവർ സാധുക്കളേയും ഗുണദോഷിക്കുന്ന യോഗ്യന്മാരേയും അലക്ഷ്യമായിട്ടു വിചാരിക്കുന്നു എങ്കിലും ബ്രാഹ്മണരോടു മര്യാദയുള്ളവരായിത്തന്നെയിരിക്കുന്നു. എങ്ങനെയുള്ള നടത്തക്കാരായാലും തരക്കേടില്ലാ, അവരോടെല്ലാം ശൂദ്രപ്രഭുക്കന്മാർപോലും വിളിമൊഴി, തിരുമേനി, തിരുമനസ്സ്, കല്പന, അരുളപ്പാട്, കരിക്കാടി, നെൽപതിര്, ചെമ്പുകാശ്, കല്ലരി, കുപ്പമാടം, പടന്നപ്പുഴി, പാണ്ടിഞെട്ട്, ഇത്തിപ്പൊടി, അടിതോൽ, വിടകൊൾക, പഴമനസ്സ്, നിലംപൊത്തുക, ഇറാൻ, അടിയൻ ഇത്യാദി താഴ്മ വാക്കുകൾ പറഞ്ഞും അതുപോലെ ആചരിച്ചും വരുന്നു. പിന്നെ ശൂദ്രർക്കു നമ്പൂരിമാരുടെ സന്തതികളാകുന്നു എന്നുള്ള ഔൽകൃഷ്ട്യനാട്യം അതങ്ങനെ; ബ്രാഹ്ണരെന്നുള്ള ഭയഭക്തി അതൊരുവക; അച്ഛന്മാരെന്ന ഭക്തി വേറൊരുവക; വിധികർത്താക്കന്മാരെന്നും മറ്റൊരുവക – എന്നുവേണ്ടാ ഒരു ജാതിക്കാരെക്കുറിച്ചു മറ്റൊരു ജാതിക്കാർക്കും മലയാളബ്രാഹ്മണരെക്കുറിച്ചു മലയാളശൂദ്രർക്കുള്ളതുപോലെയുള്ള ഭക്തിവിശ്വാസമില്ലാ. ഇങ്ങനെയാകുന്നു പാരമ്പര്യമായി ഇവർ തമ്മിലുള്ള പെരുമാറ്റം. ചില പരിഷ്‌കാരികൾ ഗുണദോഷങ്ങളെ പ്രത്യേകം കാണിച്ച് ഉപദേശിക്കുന്ന ഈ കാലത്ത് ഇത്രത്തോളം ആയപ്പോൾ ‘ബ്രാഹ്മണോ മമ ദൈവതം’ എന്നു മുറുകെപ്പിടിച്ചിരുന്ന മുൻകാലത്ത് എത്രമാത്രമായിരിക്കും! ഇങ്ങനെയുള്ളവർ ബ്രഹ്മസ്വം അപഹരിച്ചു എന്നു പറഞ്ഞാൽ അതു വലിയ അന്യായമായിത്തന്നെ ഇരിക്കും.


കുറിപ്പുകൾ

തിരുത്തുക

  1. (സഹ്യാദ്രിഖണ്ഡം ഉത്തരാർദ്ധം)
  2. (സഹ്യാദ്രിഖണ്ഡം)
  3. (കേ. മാ. അ. 9)
  4. (കേ. മാ. അ. 54)
  5. ‘പയസ്വിന്ന്യുത്തരേ ദേശേ’ എന്നും പറയാറുണ്ട്
  6. അടുത്ത പുസ്തകത്തിൽ കാണിക്കും.
  7. (ശാങ്കരസ്മൃതി, അ. 1, പാദം 1)