പ്രാചീനമലയാളം/മലയാളബ്രാഹ്മണരെ പരശുരാമൻകൊണ്ടുവന്നിട്ടില്ല
←ദാനകാരണനിഷേധം | പ്രാചീനമലയാളം രചന: മലയാളബ്രാഹ്മണരെ പരശുരാമൻകൊണ്ടുവന്നിട്ടില്ല |
പരശുരാമൻ മലയാളഭൂമിയെ ദാനം ചെയ്തിട്ടില്ല→ |
മലയാളബ്രാഹ്മണരെ പരശുരാമൻ കൊണ്ടുവന്നിട്ടില്ല
തിരുത്തുക
സംഗ്രഹം: പരശുരാമനു പാപമില്ലെന്നും അതിനാൽ പാപപരിഹാരത്തിനായിട്ടു മലയാള ഭൂമിയെ ദാനം ചെയ്‌വാൻ കാരണമില്ലെന്നും ഒന്നാം അദ്ധ്യായത്തിൽ സാധിച്ചു. ഈ അദ്ധ്യായത്തിൽ ദാനം കൊടുക്കുന്നതിനായി അദ്ദേഹം വിദേശത്തുനിന്നും ബ്രാഹ്മണരെ വരുത്തിയിട്ടില്ലെന്നും തെളിയിക്കുന്നു. ഇതിലേയ്ക്കായി ഏർപ്പെടുന്ന പ്രധാന വാദമുഖങ്ങളേയും അതുകളുടെ തീർച്ചകളേയും വായനക്കാരുടെ സൗകര്യത്തിനായി ഇവിടെ കാണിയ്കുന്നു.
1. മറ്റുള്ള ജാതികളെന്നപോലെ മലയാളബ്രാഹ്മണരിലും അനേകം അവാന്തരവിഭാഗങ്ങൾ ഇപ്പോൾ കാണുന്നുണ്ട്. ഇവയെ വിവരിക്കുന്ന കേരളമാഹാത്മ്യം, കേരളാവകാശക്രമം മുതലായ പ്രമാണങ്ങളിൽ ദാനസ്വീകരണവും മറ്റുമാണ് ഈ വിഭാഗത്തിന്റെ അടിസ്ഥാനമെന്നു കാണുന്നു. അവയിൽ ആദ്യകാരണം ദാനസ്വീകരണമായിരിക്കണമെന്നും മറ്റു കാരണങ്ങൾ കാലാന്തരത്തിൽ സംഭവിച്ചവയായിരിക്കണമെന്നും ഉള്ളതിനു സംശയമില്ല. ദാനം സ്വീകരിച്ചവരെ ഭ്രഷ്ടന്മാരായിട്ടും സ്വീകരിക്കാത്തവരെ ഉത്തമന്മാരായിട്ടും അദ്യാപി ഗണിച്ചുപോരുന്നുണ്ട്. ഈ ഫലം സംഭവ്യമാണോ എന്നു പരിശോധിക്കാം.
2. പരശുരാമനിൽനിന്നും ദാനം വാങ്ങിയതുകൊണ്ടു ബ്രാഹ്മണർക്ക് പതിത്വം സംഭവിക്കണമെങ്കിൽ ദാനം ചെയ്യുന്നതിനുമുമ്പ് അദ്ദേഹത്തിനു പതിത്വം ഉണ്ടായിരുന്നിരിക്കണം. എന്നാൽ മലയാളഭൂമി ദാനത്തിനുമുമ്പുതന്നെ അനേകം മഹാദാനങ്ങളും മറ്റും നടത്തിയിട്ടുള്ള ദിവ്യശ്രീമാനായ പരശുരാമനു പതിത്വം ഒരിക്കലും ഉണ്ടെന്നു വരുന്നതല്ല. ഇതു മുന്നദ്ധ്യായത്തിൽ സാധിക്കയും ചെയ്തിരിക്കുന്നു. ആയതിനാൽ ബ്രാഹ്മണർക്കു പതിത്വം വന്നു എന്നു പറയുന്നതു ശരിയല്ല.
3. ശരിയായ കർമ്മാനുഷ്ഠാനങ്ങളുണ്ടെങ്കിൽ ദാനം വാങ്ങുന്നതുകൊണ്ട് ബ്രാഹ്മണർക്കു പതിത്വം വരികയില്ല. പതിത്വം വന്നു എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ആ ബ്രാഹ്മണർക്ക് കർമ്മശക്തിയില്ലായിരുന്നു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഈ കാര്യത്തിൽ ഭയന്നു കയ്യിൽ വാങ്ങാതെയിരുന്ന ഉത്തമന്മാരും കയ്യിൽ വാങ്ങി ഭ്രഷ്ടരായിത്തീർന്ന മറ്റുള്ളവരും ആന്തരാൽ ഒരു പോലെതന്നെ. ആകയാൽ മലയാളത്തിൽ വരുന്നതിനുമുമ്പ് ഈ ബ്രാഹ്മണർക്ക് ഉണ്ടായിരുന്നതായി കേരളമാഹാത്മ്യാദികളിൽ പറഞ്ഞിരിക്കുന്ന യോഗ്യതാംശങ്ങൾ ഇവരെ സംബന്ധിക്കാനിടയില്ല.
4. ദാനസ്വീകാരം നിമിത്തം പതിത്വം വന്നത് ദാനാർഹത ഇല്ലായ്മ കൊണ്ടല്ല, പരശുരാമന്റെ പ്രത്യേക വിധിപ്രകാരം ആണ് എന്നുള്ള പക്ഷത്തിൽ മറ്റു ഭൂമികളെ ദാനംചെയ്തപ്പോൾ ഏർപ്പെടുത്താത്ത ചട്ടം മലയാളഭൂമിദാനത്തിന്റെ കാര്യത്തിൽമാത്രം പരശുരാമൻ ശ്രുതിസ്മൃത്യാദികൾക്കും ലൗകികനിയമത്തിനും വിപരീതമായി ഏർപ്പെടുത്താനിടയില്ല.
5. പരശുരാമൻ ദാനാർഹരായവർക്കേ ദാനം ചെയ്തിട്ടുള്ളൂ എന്നു പ്രമാണങ്ങളിൽ കാണുന്നു. ദാനാർഹന്മാരുടെ ലക്ഷണം ദാതാവിന്റെ പാപത്തെ കർമ്മശക്തികൊണ്ട് അവരിലും തങ്ങളിലും പറ്റാത്തവിധം നശിപ്പിക്കുന്നതാണ്. എന്നാൽ മലയാളബ്രാഹ്മണർക്കു ദാനം വാങ്ങിയതുകൊണ്ട് പതിത്വം വന്നതായി കാണുന്നതിനാൽ അവരെ പരശുരാമൻ ഇതിലേയ്ക്കായിട്ടു കേരളത്തിൽ വരുത്തീട്ടില്ല.
ബ്രാഹ്മണരുടെ ജാതിവിഭാഗം
തിരുത്തുക
“ | 'അഷ്ടൗ ഹി വിപ്രാ ദ്വൗ ന്യൂനൗ ദ്വാദശൈവാന്തരാളികാഃ [1] |
” |
അർത്ഥം: ബ്രാഹ്മണവർഗ്ഗത്തിൽ ജാതി എട്ട്; ന്യൂനജാതി രണ്ട്; അന്തരാളജാതി പന്ത്രണ്ട്.
ഈ ജാതികൾ എല്ലാം താഴെ പറയുന്ന വിഭാഗങ്ങളിലും അവയുടെ പിരിവുകളിലും ഉൾപ്പെട്ടിരിക്കുന്നു.
“ | 'സമ്രാഡാഢ്യോ വിശിഷ്ടശ്ച സാമാന്യോ ജാതിമാത്രകഃ സാങ്കേതികശ്ച ശപ്തശ്ച പാപീത്യഷ്ടവിധോ ദ്വിജഃ'[2] |
” |
അർത്ഥം: ഒന്നാമത് സമ്രാട് (തമ്പ്രാക്കൾ), രണ്ടാമത് ആഢ്യന്മാർ (അഷ്ടഗൃഹത്തിൽ), മൂന്നാമത് വിശിഷ്ടബ്രാഹ്മണർ, നാലാമത് സാമാന്യന്മാർ, അഞ്ചാമത് ജാതിമാത്രന്മാർ, ആറാമത്സാങ്കേതികന്മാർ, ഏഴാമത് ശാപഗ്രസ്തന്മാർ, എട്ടാമത് പാപികൾ.
ഇവരിൽ ഒന്നാമതായ തമ്പ്രാക്കൾക്ക് ഭദ്രാസനം, സാർവ്വമാന്യം, ബ്രാഹ്മസാമ്രാജ്യം, ബ്രഹ്മവർച്ചസ് ഇങ്ങനെ നാലുസ്ഥാനങ്ങൾ പരശുരാമൻ ആചന്ദ്രതാരം പുത്രപൗത്രപരമ്പരയായി കൊടുത്തിരിക്കുന്നു. ഇവരുടെ വൃത്തി മേൽപറഞ്ഞസ്ഥാനങ്ങളെ യഥാവിധി അനുഷ്ഠിച്ചുപോരികയാകുന്നു.
രണ്ടാമത് അഷ്ടഗൃഹത്തിൽ ആഢ്യന്മാർ: വളരെ യാഗം ചെയ്ത് ദേവപ്രീതി സമ്പാദിച്ചിട്ടുള്ളവരാകയാൽ മേലിൽ ഇവർക്ക് യാഗം ചെയ്യാതെതന്നെ യാഗഫലത്തോടുകൂടി തപസ്സ്, വേദവേദാംഗങ്ങളുടെ അർത്ഥജ്ഞാനം, പ്രഭുത്വം, ധർമ്മശീലത്വം ഇങ്ങനെ നാലു സ്ഥാനങ്ങൾ പരശുരാമൻ കൊടുത്തിരിക്കുന്നു.
തദനുഷ്ഠാനംതന്നെ ഇവരുടെ വൃത്തി. ഇവരെ നമ്പൂരിപ്പാടന്മാർ എന്നു പറയും.
മൂന്നാമത് വിശിഷ്ടബ്രാഹ്മണർ. ഇവർക്ക് അഗ്നിഹോത്രം, ഭട്ടവൃത്തി, സന്ന്യാസം, അന്യദ്വിജന്മാരെക്കൊണ്ട് യാഗം ചെയ്യിക്കൽ ഇങ്ങനെ നാലു സ്ഥാനങ്ങൾ കൊടുത്തിരിക്കുന്നു. തദനുഷ്ഠാനം തന്നെ ഇവരുടെ വൃത്തി. ആധാനം എന്ന കർമ്മം
ചെയ്താൽ ഇവരെ 'ആഹിതാഗ്നി' അല്ലെങ്കിൽ 'അടതിരി' എന്നു സോമയാഗം ചെയ്താൽ 'സോമയാജി' അല്ലെങ്കിൽ 'ചോമാതിരി' എന്നും അഗ്നിചയനം ചെയ്താൽ 'അഗ്നിചിത്ത്' അല്ലെങ്കിൽ 'അക്കിത്തിരി' എന്നും ഭട്ടവൃത്തിമാത്രമുള്ളവരെ
'ഭട്ടതിരി'മാർ എന്നും പറയുന്നു.
നാലാമതു സാമാന്യബ്രാഹ്മണർ: ഇവർക്കു വേദാദികൾ അഭ്യസിക്കുക, സന്ന്യാസം, മന്ത്രവാദം, ക്ഷേത്രങ്ങളിൽ തന്ത്രം ഇങ്ങനെ നാലു സ്ഥാനങ്ങൾ കൊടുത്തിരിക്കുന്നു.
അഞ്ചാമതു ജാതിമാത്രന്മാർ: ഇവരെ നാലുതരമായി പറഞ്ഞിരിക്കുന്നു. (1) പരശുരാമനിയോഗത്താൽ വൈദ്യശാസ്ത്രം അഭ്യസിച്ചു ചികിത്സിക്കുന്നവരായ അഷ്ടവൈദ്യന്മാർ. (2) പരശുരാമനോടു ബ്രഹ്മക്ഷത്രമായി മലയാളത്തെ രക്ഷിപ്പാൻ ആയുധം വാങ്ങിയവർ. (3) ദാരിദ്ര്യം കൊണ്ടോ മഹാരോഗം കൊണ്ടോ വേദാദ്ധ്യയനത്തെ ഉപേക്ഷിച്ച് ഏതു പ്രവൃത്തി കൊണ്ടെങ്കിലും ജീവനെ രക്ഷിച്ചവരായ ബ്രാഹ്മണർ. (4) രാഗ ദ്വേഷാദികളെക്കൊണ്ട് ദുഷ്ടന്മാരായതുനിമിത്തം വേദാദ്ധ്യയനത്തെ ഉപേക്ഷിച്ച് സ്വേച്ഛയായി ഓരോ വേഷങ്ങളെ അവലംബിച്ച് ജീവനെ രക്ഷിച്ചവർ. ഇവർക്ക് ഉത്തമന്മാരോടുകൂടി ഒരു കടവിൽ സ്നാനം, പംക്തിഭോജനം, രംഗസ്ഥാനം, മഹാനസം (അരങ്ങും അടുക്കളയും) ഇങ്ങനെ നാലു സ്ഥാനങ്ങൾ കൊടുത്തിരിക്കുന്നു. ഇവരിൽ മുമ്പു മുമ്പു പറഞ്ഞവർക്ക് ക്രമേണ ന്യൂനതയും ഉള്ളതായി വിധിച്ചിരിക്കുന്നു. ഈ കൂട്ടരിൽ ഒന്നാമതായി പറയപ്പെട്ട അഷ്ടവൈദ്യന്മാർക്ക് ചികിത്സാദിയും, രണ്ടാമതായുള്ളവർക്ക് നാലു സ്ഥാനങ്ങളുടെ അനുഷ്ഠാനവും മറ്റുള്ള പരിഷകൾക്ക് സ്വസ്ഥതയും വൃത്തികളാകുന്നു. അഷ്ടവൈദ്യന്മാരെ സാമാന്യമായി 'നമ്പൂരി' എന്നും വിശേഷമായി 'മൂസ്സ്' എന്നും 'നമ്പി' എന്നും മൂന്നും നാലും തരക്കാരെ വെറും 'നമ്പൂരിമാർ' എന്നും പറയുന്നു.
ആറാമത് സാങ്കേതികന്മാർ: ഇവർ മലയാളത്തിലുള്ള ഉപദ്രവം നിമിത്തം അവിടം ഉപേക്ഷിച്ചുപോകയും പിന്നീട് ആ സ്ഥലം സ്വർഗ്ഗതുല്യമായിത്തീരുകയാൽ പരശുരാമനോടപേക്ഷിച്ച് വീണ്ടും വന്നു പാർക്കുകയും ചെയ്തിട്ടുള്ളവരാണ്.ഇവരെ പരശുരാമൻ 'ഹേ! ബ്രാഹ്മണാഃ' എന്നു വിളിക്കയും അതിലുള്ള പകുതിഭാഗം ഇവരുടെ പേർ ആയിട്ടു തീരുകയും ചെയ്തു. ആയത് 'ഹെബ്രാ' എന്നാകുന്നു. അതു ലോപിച്ച് എമ്പ്രാൻ എന്നായിത്തീർന്നു. ഇവരിൽ ചിലർക്ക് മുഴുവനും മലയാളാചാരവും ചിലർക്ക് പരദേശാചാരവും മറ്റുചിലർക്ക് ഇതുകൾ ഇടകലർന്ന ഒരു രീതിയും ആകുന്നു. ഇവരെ ആറു ക്ലാസാക്കി വ്യവഹരിച്ചുപോരുന്നു. (1) തിരുവല്ലാദേശി (2) തൃപ്പൂണിത്തുറദേശി (3) അക്കരദേശി (4) ഇക്കരദേശി (5)കർണ്ണാടകര് (6)തൗളവന്മാര്. ഇതിൽ തിരുവല്ലാദേശികളെ കോലത്തിരിരാജാവു കൊണ്ടൂവന്നു കോലത്തുനാട്ടിൽ വാഴിക്കയും തൃപ്പൂണിത്തുറദേശികളെ തൃപ്പൂണിത്തുറ രാജാവു കൊണ്ടുവന്ന് അവിടെ വാഴിക്കയും മൂന്നും നാലും തരക്കാരെ കുലശേഖരമഹാരാജാവു കൊണ്ടുവന്നു വാഴിക്കയുംചെയ്തു. കർണ്ണാടകന്മാരും തൗളവന്മാരും ആരും കൊണ്ടുവരാതെ തങ്ങൾ തന്നെ ദക്ഷിണദിക്കുകളിൽ ഗതാഗതം ചെയ്തുകൊണ്ടിരിക്കുന്നവരാകുന്നു. ഈ ആറു ക്ലാസുകാരേയും പരശുരാമൻ മുപ്പത്തിരണ്ടു ഗ്രാമങ്ങളിൽ പണ്ടു വാഴിച്ചു. ഇവർക്ക് വേദാദ്ധ്യയനം , ക്ഷേത്രങ്ങളിൽ ശാന്തി, നമസ്‌കാഭക്ഷണം, പരികർമ്മം ഇങ്ങനെ നാലു സ്ഥാനങ്ങൾ കൊടുത്തിരിക്കുന്നു.
ഏഴാമത് ശാപഗ്രസ്തന്മാർ: പരശുരാമന്റെ പ്രത്യക്ഷത്തെ പരീക്ഷിക്കയാൽ അദ്ദേഹത്തിനാലും ആചാര്യസ്വാമികളാലും ശപിക്കപ്പെട്ടവരാകുന്നു ഇവർ. ഇവരേയും സാമാന്യമായി 'നമ്പൂരിമാർ' എന്നു പറയും. ഇവർക്ക് അവേദപാഠവും, അനമസ്‌കാരഭക്ഷണവും, അപൂജ്യത്വവും, അസഹസ്ഥിതിയും ഇങ്ങനെ നാലു സ്ഥാനങ്ങളും തത്സംബന്ധമായ വൃത്തികളും വിധിച്ചിരിക്കുന്നു.
എട്ടാമത് പാപികൾ: ഇവരെ അഞ്ചു ക്ലാസാക്കി പ്പറഞ്ഞിരിക്കുന്നു. (1) പരശുരാമനോട് ദാനം വാങ്ങിച്ചവരായ ഊരിലെ 'പരിഷമുസ്സെന്മാർ (2) പെരുമാളെ നിഗ്രഹിപ്പാൻ അനുവാദം കൊടുത്ത ഗ്രാമണികൾ (3) വരാഹമൂർത്തിയെക്കളഞ്ഞ പന്നിയൂർ ഗ്രാമക്കാർ (4) ശൂദ്രപൗരോഹിത്യം വഹിച്ച ഇളയതന്മാർ (5) ബ്രാഹ്മണരുടെ അനുവാദപ്രകാരം പെരുമാളിനെ നിഗ്രഹിച്ച നമ്പിടികൾ. ഇവരിൽ ഒന്നു മുതൽ മൂന്നുവരെ ക്ലാസ്സുകളിലുള്ളവർക്ക് പാപതാരതമ്യം പോലെ സ്ഥാനമാനതാരതമ്യവും നാലും അഞ്ചും ക്ലാസുകാർക്ക് ജാതിഭേദവും ഉണ്ട്. ഇതുകൂടാതെയും; ഏതേതു കർമ്മങ്ങൾ ചെയ്താല് ഭ്രഷ്ടു ഭവിക്കുമെന്നു ശാസ്ര്തത്താൽ വിധിക്കപ്പെട്ടിരിക്കുന്നുവോ ആ കർമ്മങ്ങൾ ചെയ്തവരേയും
പാപിഷ്ഠന്മാർ എന്നു പറയുന്നു.
മേൽ വിവരിച്ച ബ്രാഹ്മണരെ അവരുടെ വിശേഷാലുള്ള പേരുകളെക്കൊണ്ടല്ലാതെ സാമാന്യമായി 'നമ്പൂരിമാർ' എന്നും നാലും അഞ്ചും ക്ലാസുകളിൽ ചിലരെ 'പോറ്റിമാർ' എന്നും വ്യവഹരിച്ചുവരുന്നു. ഒടുവിൽ വിവരിച്ചവരിൽ ചില സ്ഥാന
മാനമുള്ളവരെ 'നമ്പിടിമാർ'[3] എന്നും പറയുന്നു. ആറാം ക്ലാസുകാരെ സാമാന്യമായി 'എമ്പ്രാൻ' എന്നും ചില ദിക്കുകളിൽ 'പോറ്റി' എന്നും ഏഴാം ക്ലാസിലുള്ളവരെ സാമാന്യ മായി 'നമ്പൂരി' എന്നും എട്ടാം ക്ലാസിലുള്ളവരിൽ മൂന്നാമന്മാരെ 'നമ്പൂരി' എന്നും ശിഷ്ടമുള്ളവരെ അതതു പിരിവിൽ വിവരിച്ചിരിക്കുന്നതുപോലെയും വ്യവഹരിച്ചുപോരുന്നു. മാതൃ വഴിയവകാശം സ്വീകരിച്ച പയ്യന്നൂർ ഗ്രാമക്കാരായ ബ്രാഹ്മണരെ 'അമ്മാമന്മാർ' എന്നു പറയുന്നു. മേൽക്കാണിച്ച വിഭാഗങ്ങളിൽ ചിലതിൽ ഉൾപ്പെട്ട ബ്രാഹ്മണദാനം വാങ്ങുക ഹേതുവായിട്ടും മറ്റും ചിലർ അതിൽ പിന്നീട് സംഭവിച്ച വേറെ കാരണങ്ങളാലും ഭ്രഷ്ടന്മാരായിത്തീർന്നു എന്നു പറഞ്ഞിരിക്കകൊണ്ട് അവർക്കു തക്കതായ കർമ്മശക്തിയില്ലായിരുന്നു എന്നും അങ്ങനെ കർമ്മ ശക്തിയില്ലാത്തവരും അതിനാൽ ദാനത്തിന് അർഹതയില്ലാത്തവരും ആയ ബ്രാഹ്മണന്മാരെ പരശുരാമൻ ദാനത്തിനായി കൊണ്ടുവന്നിരിക്കയില്ലെന്നും വിചാരിക്കേണ്ടതുണ്ട്.
പരശുരാമൻ കൊണ്ടുവന്ന ബ്രാഹ്മണർ മലയാളത്തിൽ വരുംമുമ്പ് ഉത്തമന്മാരായിരുന്നു എന്നുള്ളതിനു പറയുന്ന പ്രമാണം:
“ | 'കൃഷ്ണാതീരേ തു ഗത്വാഥചചാര ഭൃഗുനന്ദനഃ............'ഇത്യാദി[4] | ” |
ഇത്യാദികളായ പ്രമാണങ്ങളാലും ദാനം വാങ്ങുക മുതലായ ഭ്രഷ്ടുസംഗതികളിൽ ഉൾപ്പെട്ടവരെ ഒഴിച്ചു ശേഷമുള്ള മലയാളബ്രാഹ്മണർ എല്ലാവരും ഉത്തമന്മാരായിത്തന്നെ ഇരിക്കയാലും ഭാർഗ്ഗവൻ കൊണ്ടുവന്നപ്പോൾ അവരിൽ ആരും തന്നെ ഭ്രഷ്ടന്മാരായിരുന്നില്ലെന്നും ഇവിടെ വന്നു മേത്തറഞ്ഞ സംഗതികളിൽ ചേർന്ന കാരണത്താൽ അപ്പോൾമുതൽക്ക് ഇപ്രകാരം പതിത്വം അവർക്കു സംഭവിച്ചതാണെന്നും ഈ വിഷയത്തിൽ ഒരു സമാധാനം പറഞ്ഞേക്കാം.
ടി പ്രമാണം ഇവിടെ യോജിക്കുന്നില്ല
എന്നാൽ ഏതാനും പേർ ഉൾപ്പെടുകയും അതുകൊണ്ട് ഭ്രഷ്ടന്മാരായിപ്പോകുകയും ചെയ്തു എന്നും മറ്റുള്ളവർ ഉൾപ്പെടാതെ മാറിനിന്നുകളഞ്ഞതുകൊണ്ട് പൂജ്യന്മാരായി എന്നും കാണുകയാൽ ഈ ഒടുവിൽ പറഞ്ഞവരും ഉൾപ്പെട്ടിരുന്നു എങ്കിൽ മറ്റേവരെപ്പോലെ ഭ്രഷ്ടന്മാരാകുമായിരുന്നു എന്നും അങ്ങനെ ചെയ്യാത്തതുകൊണ്ടു മാത്രമാണ് ഭ്രഷ്ടന്മാരാകാതിരിക്കുന്നത് എന്നും തീർച്ചയാക്കം. ഈ ഒരു സംഗതി കൊണ്ടുതന്നെ ഇവർ എല്ലാവരും ആന്തരാൽ തുല്യന്മാരെന്നും തന്നിമിത്തം ദാനാർഹന്മാരല്ലെന്നും പ്രസ്തുത പ്രമാണം ഇവരെ സംബന്ധിക്കയില്ലെന്നും സിദ്ധിക്കുന്നു.
ദാനം വാങ്ങിയനിമിത്തം ഭ്രഷ്ടു ഭവിപ്പാൻ ഇടയില്ല
സ്വീകൃത്തുക്കൾ ദാനസ്വീകാരദ്വാരാ സംഗമിച്ച വീരഹത്യാ പാപമാണ് ഈ മലയാളബ്രാഹ്മണരിൽ ഇങ്ങനെ ഭ്രഷ്ടുരൂപമായി നിലനിനുപോരുന്നതെന്നു കാണുന്നല്ലോ. അങ്ങനെയാണെങ്കിൽ ഈ പാപം നിന്നിരുന്ന സ്ഥലത്തെല്ലാം ഭ്രഷ്ടുരൂപമായിത്തന്നെഇരുന്നിരിക്കാൻ ഇടയുണ്ട്. ആയതുകൊണ്ട് ദാനദ്വാരാ ഈ ദോഷം ഇവരിലാകുന്നതിനുമുമ്പ് ഭാർഗ്ഗവനിൽത്തന്നെ നിന്നിട്ടുള്ളതിനാൽ ആ കാലം മുഴുവൻ അദ്ദേഹത്തിനും ഈ വിധ ഭ്രഷ്ടു സംഭവിച്ചിരിക്കേണ്ടതാണെന്നും ഉത്തമവൈദികകാര്യങ്ങളിൽ ഇവരെപ്പോലെ അദ്ദേഹം ബഹിഷ്‌കൃതനായിരുന്നിട്ടുണ്ടെന്നും വരണം. അതിനു യുക്തിയും പ്രമാണവും വിപരീതമായിരിക്കുന്നു. ആ ദോഷം ഇവരിൽ വന്നപ്പോൾമാത്രം ഭ്രഷ്ടുരൂപമായി എങ്കിൽ അതിലേയ്ക്കു കാരണവും വേറെ ഉണ്ടായിരുന്നിരിക്കണം. അല്ലാതെ ദാനം വാങ്ങിയ നിമിത്തം ഭ്രഷ്ടു ഭവിപ്പാൻഇടകാണുന്നില്ല.
പരശുരാമന്റെ വിധി
തിരുത്തുക
മലയാളബ്രാഹ്മണപരമായുള്ള 'ശാങ്കരസ്മൃതി' എന്ന ലഘു ധർമ്മപ്രകാശിക ഒന്നാം അദ്ധ്യായം രണ്ടാം പാദം 9, 10 ശ്ലോകങ്ങളിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ | 'സ്വക്ഷേത്രേ സംഗ്രഹം ചക്രേ വിഷ്ണുർദ്ധർമ്മപതിർഭൃഗുഃ ലജ്ജതേ ഭർത്സ്യതേ തേന വിപ്രഃ കാമി ശമോചിതഃ |
” |
അർത്ഥം: ധർമ്മപ്രതിഷ്ഠാപകനായ വിഷ്ണുവിന്റെ അവതാര മൂർത്തിയായ ഭാർഗ്ഗവൻ തന്റെ സ്വന്തമായ മലയാളത്തിൽ ഭൂമിയെ ദാനം വാങ്ങുന്നത് ഉത്തമമല്ലെന്നുവെച്ച് അതിനെ ബ്രാഹ്മണധർമ്മത്തിൽ ചുരുക്കി (കുറവാക്കി) കത്തിച്ചിരിക്കുന്നു. ശമോചിതനും, കാമിയും, ഭൂമിദാനം വാങ്ങുന്നവനുമായ ബ്രാഹ്മണൻ ശമശീലന്മാരാൽ നിന്ദിക്കപ്പെടുന്നു. അവർ ലജ്ജിക്കുന്നു. 'ലജ്' ധാതുവിന് പൃഷോദരാദിത്വാൽ വർണ്ണവ്യത്യാസം വന്നിട്ടാകുന്നു 'ജല്മി'[6] എന്നുള്ള പേരുണ്ടായത്. തത്സംബന്ധം കൊണ്ട് ഭൂമിക്ക് ജല്മം (ജന്മം) എന്നു വ്യവഹാരമുണ്ടായി. ഇതികൊണ്ടാണ് ദാനസ്വീകാരംനിമിത്തം ദോഷം സംഭവിച്ചത് എന്ന് ഒരു പക്ഷമുണ്ട്.
മേൽപ്രകാരം വിധി ഉണ്ടായിട്ടില്ല
ഈ മലയാളത്തിൽമാത്രം ഭൂമിദാനസ്വീകരണം ദോഷകരമെന്നു ഭാർഗ്ഗവൻ കത്തിക്കാനിടയില്ല. ഈ ഭാർഗ്ഗവൻ മലയാള ഭൂമിദാനത്തിനു മുമ്പ് ഭാരതഖണ്ഡം മുഴുവനും ബ്രാഹ്മണർക്കുദാനം ചെയ്തിട്ടുണ്ട്. അതിന്റെ വിവരം താഴെക്കാണിക്കുന്നു.
“ | 'കുഠാരേണ ച തം ഹത്വാ വർഗ്ഗാൻ ക്ഷത്രിയവംശജാൻ ഏകവിംശതിരാവൃത്തൗ സംഭവാനഖിലാൻ തദാ |
” |
“ | 'ധർമ്മേണ പാലയൻ സർവക്ഷത്രിയസ്യാന്തകഃ പ്രഭുഃ വീരാൻ ഹത്വാ തു രക്തൈശ്ച പിതൃൻ താൻ തർപ്പയത്യഹോ |
” |
അർത്ഥം: ഇരൂപത്തിയൊന്നു പ്രാവശ്യം രണ്ടു വംശത്തിലും ഉള്ള ക്ഷത്രിയന്മാരെ ജനിക്കുന്നവരെ ജനിക്കുന്നവരെ ഒക്കെ പരശുകൊണ്ട് കൊന്നുകൊന്നൊടുക്കി. കാർത്തവീര്യാർജ്ജു നാദി സർവ്വക്ഷത്രിയന്മാരെയും നിഗ്രഹിച്ച് ഏകശാസനമായിട്ട് എല്ലാ ഭൂമണ്ഡലങ്ങളും ധർമ്മത്തോടുകൂടി ഭാർഗ്ഗവൻ പരിപാലിച്ചു. ഹനിച്ച വീരന്മാരുടെ രക്തത്തിൽ പിതൃതർപ്പണംകഴിച്ചു.
“ | 'അന്യോന്യം വീക്ഷിതാസ്സർവ്വേ ആലോച്യ മുനിപുംഗവാഃ നാരദന്തം സമാഹൂയ ഉവാച കുശികാത്മജഃ |
” |
അർത്ഥം: വളരെ ദാനങ്ങൾ കഴിച്ചിരുന്നിട്ടും ഭൂദാനം കൂടി ചെയ്യണമെന്നു വിശ്വാമിത്രമഹർഷി പറഞ്ഞതനുസരിച്ച് നാരദൻ പരശുരാമനെ വിവരിമറിയിച്ചു. ഭാർഗ്ഗവൻ പൂവും നീരും കൈയിൽ എടുത്ത് നാലു സമുദ്രത്തിനകത്തുള്ള ഭൂമി മുഴുവനുംദാനം ചെയ്തു. ബ്രാഹ്മണർ സന്തോഷസമേതം പ്രത്യേകം പ്രത്യേകം അനുഗ്രഹിച്ചു. അനന്തരം ഭാർഗ്ഗവൻ ഇനി എന്തു വേണ്ടു എന്നു നമസ്‌കാരപൂർവ്വം ചോദിച്ചപ്പോൾ വിശ്വാമിത്ര നൊഴിച്ച് മറ്റെല്ലാവരും നാണിച്ചിരുന്നുപോയി. ഭൂമി മുഴുവനും ദത്തമായിപ്പോയതിനാൽ ഇനി ഇവിടെ ഇരിക്കാൻ പാടില്ല. ആകാശത്തിലോ സമുദ്രത്തിലോ പൊയ്‌ക്കൊള്ളണം എന്നു വിശ്വാമിത്രമഹർഷി പറഞ്ഞു. അപ്രകാരം തന്നെ 'നിങ്ങൾ ഈ ഭൂമിയി!ൽ സുഖമായിരിപ്പിൻ' എന്നു പറഞ്ഞും കോണ്ട് ഭാർഗ്ഗവൻ ധൈര്യസമേതം തിരിച്ച് ശ്രീകൈലാസത്തുചെന്ന്
ശിവനെ നമസ്‌കരിച്ചു.
അപ്പോൾ ഭഗവാൻ കത്തിച്ച് ഇങ്ങനെ ചോദിച്ചു:
“ | 'രാജ്യഭാരം വിഹായ ച മുനിഭിർവ്വഞ്ചിതസ്ത്വം ഹി'[10] | ” |
ഇപ്രകാരം ഭൂമിദാനം താനാലോചിക്കാതെ പ്രതിഗ്രഹീതന്മാ രുടെ(ദാനം സ്വീകരിച്ചവരുടെ)വഞ്ചനയിൽ അകപ്പെട്ടു ചെയ്തുപോയിട്ടുള്ളതാണ്. ഈ
സ്ഥിതിക്ക് ഭാർഗ്ഗവൻ ഈ കാണിച്ച ഭൂമി ദാനത്തിനെയാണ് പാപകരമെന്നു കത്തിക്കാൻ കാര്യമുള്ളത്. എന്നിട്ടും ഇതിനെ നിന്ദ്യമെന്നോ ജാതിന്യൂനതയ്ക്ക് ഹേതുവെന്നോ ഭാർഗ്ഗവൻ കത്തിച്ചതായും അതുനിമിത്തം സ്വീകൃത്തുകളിൽ ആർക്കെങ്കിലും സമമായിട്ടോ കൂടുതൽ കുറവായിട്ടോ ന്യൂനത സംഭവിച്ചതായും നിവർത്തിപ്പാൻ പാടില്ലാത്തവിധത്തിൽ ആ ന്യൂനത ഇന്നുവരെയ്ക്കും നിലനിന്നുപോരുന്നതായും പ്രമാണങ്ങളിലും ജനശ്രുതിയിലും അനുഭവത്തിലും ഇല്ല.
ഈ മലയാളഭൂമിയാകട്ടെ മറ്റാരുടേയും കൈവശത്തിലുംഅനുഭവത്തിലും ഇരുന്നിട്ടുള്ളതും അവരെ ഉപദ്രവിച്ചു പിടിച്ചുപറിച്ചിട്ടുള്ളതും അല്ല.
“ | 'രാജൻ തവ സഹായാർത്ഥം രാജ്യം നിർമ്മായിതും ഗുഹം കുമാരം പ്രേഷയിഷ്യാമി… |
” |
ഇപ്രകാരം പരശുരാമൻ സുബ്രഹ്മണ്യന്റെ സഹായത്തോടുകൂടി സ്വപ്രയത്‌നത്താൽ ഉണ്ടാക്കീട്ടുള്ളതും ബ്രഹ്മാവിഷ്ണു
മഹേന്ദ്രാദി മുപ്പത്തിമുക്കോടി ദേവകളും സകലമഹർഷിമാരും അടിക്കടി വന്നു വേണ്ടുന്ന അനുഗ്രഹങ്ങളും സഹായങ്ങളും ചെയ്തു സുഖമേറ്റി വച്ചിട്ടുള്ളതും കുബേരന്റെ നിധികൾ ഉള്ളതും സ്വർഗ്ഗസ്ര്തീകൾ താമസിക്കുന്നതിനാലും മറ്റും സ്വർഗ്ഗ തുല്യവും ആയ സ്ഥലമാകുന്നു കേരളം. വിശേഷിച്ചും ദാതാവുംസ്വീകൃത്തുകളും വേണ്ടവിധം അധികാരിതയുള്ള ബ്രാഹ്മണ ശ്രേഷ്ഠനും ബ്രാഹ്മണശ്രേഷ്ഠന്മാരുമായിരുന്നു. ഇക്കാരണങ്ങളാൽ പൂർവ്വകാലം തുടങ്ങി ഇന്നുവരെ നടന്നിട്ടുള്ള മറ്റെല്ലാ ദാനങ്ങളെക്കാളും ഈ ദാനമാകുന്നു ശരിയും അത്യുത്തമവുമായിട്ടുള്ളതെന്ന് ആരും സമ്മതിക്കുന്നതാണ്. പരശുരാമൻ തൻറെ ഇപ്രകാരമുള്ള ഉത്തമകൃത്യത്തെ നിന്ദ്യമെന്നു തെറ്റിദ്ധരിച്ച് ആയതിനെ തന്റെ ആജ്ഞയിൽ ഉൾപ്പെട്ടിരിക്കുന്ന സ്വജാതി ജനത്തിനു ദോഷം സംഭവിക്കുമാറ് പ്രകടിപ്പിക്കുന്നവനായ ഒരു ഉന്മത്തനല്ല. അതിനാൽ ദാനസ്വീകാരം നിമിത്തമാണ് പതിത്വമുണ്ടായതെന്നു പറയുന്നത് ഒരിക്കലും ശരിയല്ല.
കർമ്മാനുഷ്ഠാനം ദാനം നിമിത്തമുള്ള പാപത്തെ പരിഹരിക്കും
ഇനി മലയാളത്തിനെ ഭൂമിദാനസ്വീകാരത്തെ മുൻപിൽ പറഞ്ഞതുപോലെ പാപകരമായിട്ടുതന്നെ സമ്മതിച്ചുനോക്കാം. എന്നാലും സ്വീകൃത്തുക്കൾക്ക് പതിത്വം വന്നുകൂടാ എന്നു കാണിക്കാം.
“ | 'അഗ്നിഗുർവ്വതിഥിപ്രേഷ്ഠഭിക്ഷുശിഷ്ടേന ഭൂസുരാഃ ജീവിത്വാജന്മഭോഗേന ന സീദേയുഃ ക്വചിദ്ധ്രൂവം'[12] |
” |
അർത്ഥം: എന്നാൽ ന്യായമായി കിട്ടുന്ന ജന്മഭോഗത്തിൽനിന്ന് അഗ്നി, ഗുരു, അതിഥി, ഇഷ്ടന്മാർ (ബന്ധുക്കൾ), ഭിക്ഷുക്കൾ ഇവർക്കു വേണ്ടുന്നതിനെ കൊടുത്ത് ബാക്കികൊണ്ട് ഉപജീവനം കഴിക്കുന്ന ബ്രാഹ്മണന് ദോഷം സംഭവിക്കുന്നതല്ല.' അല്ലാതേയും.
“ | 'സർവ്വേഷാമപി ദേയാനാം പ്രതിഗ്രാഹീ ദ്വിജോത്തമഃ ബ്രഹ്മണാ കത്തിതഃ പൂർവ്വം നാന്യസ്തത്രാധികാരവാൻ |
” |
അർത്ഥം: ഏതു ദാനവും വാങ്ങുവാൻ ദൈവം ബ്രാഹ്മണനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. മറ്റാർക്കും അധികാരമില്ല. അറിവുള്ളവർ ചിലർക്കു ദാനം വാങ്ങുന്നതിനു വിരോധമില്ലെന്നു പറയുന്നു. ആരും ദാനം വാങ്ങിക്കയില്ലെന്നു വന്നാൽ ലോകത്തിൽ ദാനകഥ തന്നെ ഇല്ലാതായിത്തീരും. എന്നാൽദുഷ്പ്രതിഗ്രഹം(പാപം പുരണ്ട ദാനം സ്വീകരിക്കൽ)ദോഷമാകുന്നു. അവിടെ മഹർഷിയാൽ വിധിക്കപ്പെട്ട ശാന്തിയെ താഴെ വിവരിക്കുന്നു:
സ്വധർമ്മത്തെ വേണ്ടപോലെ അനുഷ്ഠിക്കുന്ന ഗൃഹസ്ഥനുമാത്രമേ ദാനം വാങ്ങുവാൻ അധികാരമുള്ളൂ. അവന്റെ സ്വധർമ്മാചരണം ദാനം നിമിത്തമുള്ള പാപത്തെ നശിപ്പിക്കും.'
ഇതിന്റെ ശേഷം പ്രസ്തുത പ്രമാണത്തിൽ ആ സ്വധർമ്മത്തെ വിവരിച്ചു പറയുകയും അതിനെ ക്രമപ്രകാരം ആചരിച്ചാൽ ദുഷ്പ്രതിഗ്രഹദോഷം തീർന്ന് അഗ്നിയെപ്പോലെ ശോഭിക്കും എന്നു കത്തിക്കുകയും ചെയ്തിരിക്കുന്നു. ഈ കാരണത്താൽ ദാനസ്വീകാരംകൊണ്ട് ദോഷമുണ്ടെങ്കിലും അതിനെ അപ്പോൾതന്നെ നിവർത്തിച്ചുകൊള്ളാമെന്നുള്ളതിനാൽ ആയതു കുറച്ചിലിനു കാരണമായിട്ട് ചിരകാലമെന്നല്ല അത്തകാലംപോലും നില നില്ക്കാനിടയില്ല. ഇനിയും ബ്രാഹ്മണരും അവരിൽ താണ ജാതിക്കാരും പല വകയായിട്ട് എത്രയോ ദാനങ്ങൾ കഴിക്കയും
ബ്രാഹ്മണരുതന്നെ സ്വീകരിക്കയും ചെയ്യുക പണ്ടുപണ്ടേ പതിവും നടപ്പും ആയിട്ടുള്ളതാകുന്നു. ഇവിടുള്ള ബ്രാഹ്മണർക്കല്ലാതെ ഈ പുതുമ മറ്റൊരുത്തർക്കും ഉള്ളതായോ ഉണ്ടായിരുന്നതായോ കേട്ടുകേൾവിപോലുമില്ല്.
ഭ്രഷ്ടിനു കാരണം ദാനസ്വീകാരമല്ല; ആണെന്നു വാദിക്കുന്ന പക്ഷത്തിൽ സ്വീകൃത്തുകൾക്കു കർമ്മശക്തിയില്ല; ദാനത്തിന് അർഹതയില്ലാത്തവരെ പരശുരാമൻ കൊണ്ടുവരികയില്ല. കൊണ്ടുവന്നിട്ടുമില്ല.
ഈ മലയാളഭൂമിദാനവും സ്വീകരണവും നിന്ദ്യമായിട്ടുള്ളതെന്നു വരുന്നപക്ഷവും സ്വീകൃത്തുകൾ ഇന്ന ഇന്ന പ്രകാരം സദ്‌വൃത്തിയിലിരുന്നാൽ അവരുടെ ദാനസ്വീകാരദോഷങ്ങളെല്ലാം നിശിച്ച് അവർ യശസ്വികളായിരിക്കും എന്നു പറഞ്ഞിരിക്കുന്നതിനാൽ ഈ മലയാളബ്രാഹ്മണർ അപ്രകാരമുള്ള സൽകൃത്യങ്ങളിൽ അധികാരവും അനുഷ്ഠാനവും ഇല്ലാത്ത അധമന്മാരാകുന്നു എന്ന് സ്വയം സമ്മതിച്ചുകൊണ്ടാലല്ലാതെ ദാനസ്വീകാരദോഷമാണ് അവരുടെ കുറച്ചിലിനു കാരണമെന്നുള്ളതു ചേരുകയില്ല. ഭ്രഷ്ടിനു കാരണം ദാനമല്ലെന്നു സമ്മതി
ക്കുന്നപക്ഷം മലയാളഭൂമിയുടെ അവകാശം ഉടൻ ബ്രാഹ്മണരെ വിട്ടൊഴിയേണ്ടിവരും. ഈ വാദം അവസാനിക്കുകയും ചെയ്യും. അതല്ലാ തങ്ങൾ കർമ്മാനുഷ്ഠാനമില്ലാത്ത അധമന്മാർ തന്നെയെന്ന് അവർ സമ്മതിച്ചുകളയുന്ന പക്ഷം അവർ ദാനത്തിന്അർഹന്മാരല്ലെന്നും വന്നുപോകും.
“ | 'സ്വധർമ്മസ്ഥേന സർവ്വേഷാം ഗൃഹസ്ഥേന പ്രതിഗ്രഹഃ കാര്യോ നാന്യേന.....'[14] |
” |
അർത്ഥം: സ്വധർമ്മത്തെ വേണ്ടുംവണ്ണം അനുഷ്ഠിക്കുന്ന ഗൃഹസ്ഥനു മാത്രമേ ദാനം വാങ്ങാൻ അധികാരമുള്ളൂ. അല്ലാത്തവനധികാരമില്ല.' (ഈ വിഷയം മനുസ്മൃതി നാലാംഅദ്ധ്യായത്തിൽ വിവരിച്ചുപറഞ്ഞിട്ടുണ്ട്).
ഭാർഗ്ഗവന് ഈ വിഷയത്തെപ്പറ്റിയുള്ള അഭിപ്രായം മേൽപ്രകാരമാകുന്നു. ഈ അഭിപ്രായത്തിൽ ഭാർഗ്ഗവസ്മൃതിയും
ശാങ്കരസ്മൃതിയും യോജിക്കുകയും ചെയ്യുന്നു. ഭാർഗ്ഗവൻ മുമ്പുദാനം ചെയ്‌വാൻ ഇച്ഛിച്ച് ബ്രാഹ്മണരെ വരുത്താൻ ദൂതനെ
അയച്ചപ്പോൾ അവനോടു പ്രത്യേകം ഇങ്ങനെ കല്പിച്ചു:
“ | 'ദ്വിജോത്തമാനാനയസ്വ ജവാൽ ഗത്വാ... ദാനാർഹാൻ.....'[15] | ” |
അനന്തരം ദാനം കൊടുത്തയവസരത്തിൽ ഇങ്ങനെ പറഞ്ഞു:
“ | 'ദദാമി ദശദാനാനി ദാനാർഹാഃ കില ഭൂസുരാഃ'[16] | ” |
ഇങ്ങനെ പ്രത്യേക കരുതൽകാണിച്ചിട്ടുള്ള മതിമാനും ദാനഫലാനുഭോക്താവുമായ ഭാർഗ്ഗവൻ ഈ മലയാളഭൂമിയെ ദാനം ചെയ്യുന്നതിനു താൻതന്നെ ആളുകളെ അന്വേഷിച്ചു പിടിക്കുമ്പോൾ ഈ വിഷയം അത്തംപോലും വിസ്മരിച്ചു പോകയില്ല. അതിനാൽ ആചാരഹീനന്മാർ അദ്ദേഹത്താൽ
കൊണ്ടുവരപ്പെടുകയില്ല. ഇനി മലയാളഭൂമി ദാനം വാങ്ങുന്നതിലേയ്ക്കുമാത്രം എങ്ങനെയുള്ളവരായാലും മതി എന്നു കരുതിയതായിട്ടു പറയുന്നു എങ്കിൽ, മുൻവിവരിച്ച കേരളമാഹാത്മ്യം പതിനൊന്നാം അദ്ധ്യായം മറ്റും നോക്കുക[17] അവിടെ ഭാർഗ്ഗവൻ ഇങ്ങോട്ടു കൊണ്ടുവന്നത്അത്യുത്തമന്മാരെയാണെന്ന് സ്പഷ്ടമായി വിവരിച്ചിട്ടുണ്ട്. ഈ ന്യായങ്ങളെക്കൊണ്ട് നോക്കുമ്പോൾ ദാനം കൈയിൽ വാങ്ങിയിരുന്നു എങ്കിൽ ദോഷം സംഭവിക്കുമായിരുന്നു എന്നുള്ളേടത്ത് സിദ്ധിക്കുന്ന ദാനാർഹതയെ അനുവദിക്കുന്നതായ വ്യവധാനജന്യപാപാഭാവം അർത്ഥാൽസിദ്ധിന്യായപ്രകാരം സമ്രാട്ടു മുതൽ പാപി വരെ എല്ലാവരിലും ആപതിക്കുന്നു. അപ്പോൾ 'അമ്പു കൊള്ളാതവരില്ല കുരുക്കളിൽ'എന്നപോലെ ആയിത്തീരുന്നു. ഈ കാരണങ്ങളാൽ ഈ മലയാളബ്രാഹ്മണർ ഭാർഗ്ഗവനാൽ വരുത്തപ്പെട്ടവരല്ല എന്നുതെളിയുന്നു.
കുറിപ്പുകൾ
തിരുത്തുക- ↑ (ജാതിനിർണ്ണയം)
- ↑ (ജാതിനിർണ്ണയം)
- ↑ പണ്ടാരത്തിൽ
- ↑ (അനുബന്ധം 1 നോക്കുക)
- ↑ (ശാങ്കരസ്മുതി)
- ↑ ദുഷിച്ച് ജന്മി
- ↑ (കേ. മാ. അ. 3)
- ↑ (കേ. മാ. അ. 4)
- ↑ (കേ. മാ. അ. 5)
- ↑ (കേ. മാ. അ. 6)
- ↑ (കേ. മാ. അ. 6)
- ↑ (ശാങ്കരസ്മൃതി അ. 1, പാ. 2, ശ്ലോ. 11)
- ↑ (ശാങ്കരസ്മൃതി അ. 5, പാദം 4, ശ്ലോ. 15)
- ↑ (ശാങ്കരസ്മൃതി അ. 5, പാ. 4, ശ്ലോ. 5)
- ↑ (കേ. മാ. അ. 4)
- ↑ (കേ. മാ. അ. 4)
- ↑ അനുബന്ധം 1