മലയാളത്തിലെ പഴയ പാട്ടുകൾ/ആമുഖോപന്യാസം
മലയാളത്തിലെ പഴയ പാട്ടുകൾ രചന: ആമുഖോപന്യാസം |
ഉള്ളൂർ രചിച്ച ആമുഖം. |
ഏന്റെ ഒരു ബാല്യസ്നേഹിതനും യഥാൎത്ഥ ഭാഷാഭിമാനിയുമായ ചിറയിങ്കീഴ് പി.ഗോവിന്ദപ്പിള്ള അവൎകൾ എഴുതിയ 'മലയാളത്തിലെ പഴയ പാട്ടുകൾ ' എന്ന പുസ്തകത്തെ മഹാജനസമക്ഷം അവതരിപ്പിക്കുന്നതിനു എനിക്കു പ്രത്യേകം സന്തോഷമുണ്ടു്.
ഭാഷയിൽ ഇപ്പോൾ ധാരാളം പുസ്തകങ്ങളുണ്ടാകുന്നുണ്ടെന്നുള്ളതും അവയിൽ നൂറ്റിനു തൊണ്ണൂറ്റൊൻപതും ഭാഷാപോഷണത്തിനു് ഒരു വിധത്തിലും പ്രയോജപ്പെടുന്നില്ലെന്നുള്ളതും ഒന്നുപോലെ പരമാൎത്ഥമാണു്. ഗോവിന്ദപ്പിള്ള അവൎകൾ തന്നെ ഈ പുസ്തകത്തിൽ പ്രസ്താവിക്കുന്നതുപോലെ 'അയ്യപ്പച്ചാരു് അങ്ങാടിമരുന്നിടിച്ചതും കയ്യിൽ ഉലക്കകൊണ്ടതും മമ്മത്തുകുഞ്ഞുചട്ടമ്പി മാവിൽ കയറി മറിഞ്ഞുവീണതും മണിമലയാറ്റിൽ തീ പിടിച്ചതും ഉരച്ചുചേൎത്തു് വിടവുമടച്ചു് ആപ്പും വച്ചു് അങ്ങോട്ടു ചെല്ലമ്മയെന്നോ വീരഭദ്രവിലാസമെന്നോ പേരുകൊടുത്താൽ ഗ്രന്ഥകൎത്തൃപദവി അപഹരിക്കാൻ തരമുള്ള', ഒരുകാലം തന്നെയാണു് ഇതു്. വാസനയും അഭ്യാസവും മറ്റും വേണമെന്നു് ചില യോഗ്യന്മാർ അസൂയാകുക്ഷികളായിട്ടു് മുഖത്തു കരിപററിയ മൂങ്ങകളെപ്പോലെ മുക്കിലും മൂലയിലുമിരുന്നു പിറുപിറുത്താൽ അതുകൊണ്ടു് ഈ ഗ്രന്ഥകാരവീരന്മാർക്ക് എന്താണു് ഹാനി? പുസ്തകമെഴുതുക എന്നതു ഇന്നാൎക്കേ ആവൂ എന്നുള്ളതിനു വല്ല നിയമമോ ആ നിയമത്തെ ലംഘിച്ചാൽ അതിനുവല്ല ശിക്ഷയോ ഉണ്ടോ? സൎവസ്വാതന്ത്ര്യമെന്നുള്ള പഞ്ചാക്ഷരമല്ലേ ഈ ഇരുപതാംനൂറ്റാ [ 9 ] ണ്ടിലെ മുദ്രാപദം? വല്ലതും വാരി വളച്ചു കാടേ മേടെ എന്നെഴുതിയാലെന്താണു്? അച്ചടിപ്പിക്കാനൊരച്ചുകൂടവും അനുകൂലാഭിപ്രായം പുറപ്പെടുവിക്കാനൊരു വൎത്തമാനക്കടലാസുമില്ലെന്നുവരുമോ? നാലു പാദം വയ്ക്കാമെങ്കിൽ കവിയായി; അതിനു നിവൃത്തിയില്ലങ്കിൽ ഗദ്യകാരനായി; ഒരു പോക്കുമില്ലെങ്കിൽ നിരൂപകനുമായി. യേനകേനപ്രകാരേണ പ്രസിദ്ധ പുരുഷനായിത്തീൎന്നു് കാലിന്മേൽ കാലിട്ടു ഞെളിയാൻ ഇപ്പോൾ ആൎക്കും ഒരു പ്രയാസവുമില്ല. വാളെടുത്തവനെല്ലാം വെളിച്ചപ്പാട്; തടിയെടുത്തവനെല്ലാം വേട്ടക്കാരൻ. കുറെ മുറിഇംഗ്ലീഷുംകൂടി വശമായാൽ ഉടൻ സൎവജ്ഞപീഠം കയറാം. പിന്നെ വലിയകോയിത്തമ്പുരാനു് എന്തു വൈദുഷ്യമാണ്? കൊച്ചുണ്ണിത്തമ്പുരാനു് എന്തു കവിത്വമാണു്? ഈ പഴയകൂറ്റുകാരുണ്ടോ കാവ്യത്തിന്റെ മൎമ്മം കാണുന്നു? ഇവൎക്കുപ്രകൃതിയേപ്പകൎത്താനറിയാമോ? എന്നും മറ്റും ചില വിഡ്ഢിത്തങ്ങൾ പ്രസംഗമണ്ഡപത്തിൽ നിന്നു പല്ലിളിച്ചുകൊണ്ടു എഴുന്നള്ളിക്കുകകൂടി ചെയ്യാമെങ്കിൽ ജന്മസാഫല്യവുമായി. 'അമ്മേ കൈരളി', അവിടുത്തേക്ക് ഇങ്ങനെയും ഒരു കാലം വന്നുവല്ലോ? ഹരിണീസ്വയംവരം തുള്ളലെഴുതിയ ആ കവിചക്രവൎത്തി ഇന്നു ജീവിച്ചിരുന്നുവെങ്കിൽ ഈ ഭാഷപോ-അല്ല ഉദരപോഷണ സംരംഭം കൊണ്ടുള്ള അനൎത്ഥങ്ങളെ എങ്ങനെയെല്ലാം വൎണ്ണിച്ചു ബോധം വരുത്തുമായിതുന്നു! മലയാളത്തിലെ പഴയ പാട്ടുകളെ തിരഞ്ഞുപിടിച്ചു പ്രസിദ്ധം ചെയ്യുക എന്നുള്ള സദ്യവസായത്തിനും മേൽവിവരിച്ച നവീനസാഹിത്യപ്രസ്ഥാനത്തിനും തമ്മിൽ വളരെ അന്തരമുണ്ടു്. ഒടിഞ്ഞും പൊടിഞ്ഞും കിടക്കുന്ന താളിയോലഗ്രന്ഥങ്ങളെ കൈകൊണ്ടു തൊടണമെങ്കിൽതന്നെ സാമാന്യം പോലെ ശ്രമക്ഷമതയുണ്ടായിരിക്കണം. മങ്ങിയും മാഞ്ഞും [ 10 ] കാണുന്ന അതിലെ അക്ഷരങ്ങളിൽ കണ്ണു പതിയണമെങ്കിൽ ഭാഷാഭഗവതിയുടെനേൎക്കു് അളവറ്റ ഭക്തിയുണ്ടായിരിക്കണം.ആ അക്ഷരങ്ങൾ വായിച്ചു നോക്കി കാര്യം ഗ്രഹിക്കണമെങ്കിൽ ഒന്നിലധികം ഭാഷകളുമായി സമീപപരിചയം സിദ്ധിച്ചിരിക്കണം. എന്തിനു വളരെ പറയുന്നു? ഇത് ആകപ്പാടെ ഒരു 'തൊന്തരവ് പിടിച്ചതും' 'കുരുത്തം കെട്ടതും' ആയ വേല തന്നെയാണു്. പിന്നെ ഇത്രയെല്ലാം കണ്ണുകളഞ്ഞു ബുദ്ധിമുട്ടി ഈ പാട്ടുകൾ പ്രസിദ്ധപ്പെടുത്തിയാൽത്തന്നെ അറിയുന്നതാര്? 'ഈ വിദ്വാനു കുറേ പിച്ചുണ്ടെന്നു തോന്നുന്നു; ഇയ്യാൾക്കു പാണ്ടിത്തമിഴെല്ലാം മലയാളമായിരിക്കുന്നുവല്ലോ' എന്നു ചില സാഹിത്യബധിരന്മാർ ശകാരിച്ചും തുടങ്ങും. അതൊന്നും കേൾക്കാതെ കാലത്തിനേറ്റ കോലം കെട്ടി ചില മുറി പരിഷ്ക്കാരികൾ കൊട്ടുന്ന താളത്തിനൊപ്പിച്ചു തുള്ളുന്നതു് ആശ്വാസകരവും ചിലപ്പോൾ ആദായപ്രദവുമായ ഒരു പ്രവൃത്തിയാണെന്നുള്ളതിനു സംശയമില്ല. പക്ഷേ ഒരു ഗ്രഹപ്പിഴ ഒഴിയാബാധപോലെ കിടക്കുന്നു. ഭാഷാഭിവൃദ്ധിക്കുപയോഗപ്പെടുന്ന മാൎഗ്ഗമേതെന്നു് അന്തഃകരണം തുറന്നു പറഞ്ഞു തരുന്നു. ആ പ്രത്യക്ഷദേവതയുടെ നിദേശത്തെ അനുസരിക്കുന്നതിൽ നിന്നു വരുന്ന ക്ഷതി വന്നുകൊള്ളട്ടെ. ആ നിദേശത്തെ ഉല്ലംഘിക്കുന്നതിൽ നിന്നു വരാവുന്ന അസൗകൎയ്യം അവിടെത്തന്നെ കിടന്നുകൊള്ളട്ടെ. മേൽവിവരിച്ച ചിത്തവൃത്തിയോടുകൂടി സാഹിത്യവ്യവസായം ചെയ്യുന്ന ഒരു മാന്യനാണ് മിസ്റ്റർ സി.പി. ഗോവിന്ദപ്പിള്ളയെന്നുള്ളത് ഈ പ്രസിദ്ധീകരണത്തിൽ നിന്നുതന്നെ വായനക്കാർക്ക് അനുമാനിക്കാവുന്നതാണ്. മലയാളത്തിലെ പഴയ പാട്ടുകളിൽ ജനസാമാന്യത്തിനു് അഭിരുചി ജനിപ്പിക്കുവാൻ എന്റെ സ്നേഹിതൻ ഭാഷാപോഷിണിവഴിയായും മ [ 11 ] റ്റും വളരെക്കാലമായി യത്നിച്ചുവരുന്നുണ്ട്. 'മാവാരതം' പാട്ടും മററും ആദ്യമായി കണ്ടുപിടിച്ചതുതന്നെ സി .പി. യാണെന്നു പറയാം. ഇന്നും ഇദ്ദേഹം ഇതുസംബന്ധമായുള്ള ശ്രമം മതിയാക്കീട്ടില്ല. 'പാമ്പു ചാകുകയുമില്ല കോലൊടികയുമില്ല' എന്നു് ഈ വിഷയത്തെ അധികരിച്ചു താൻ തുടൎച്ചയായെഴുതുന്ന ഉപന്യാസങ്ങളെപ്പററി ചില പണ്ഡിതമ്മന്യന്മാർ അധിക്ഷേപിക്കുന്നതിൽ വച്ചു് ഇദ്ദേഹത്തിനു കുണ്ഠിതവുമില്ല. ബാല്യത്തിൽ ഇംഗ്ലീഷിൽ പറയത്തക്ക ഉൽക്കൃഷ്ടപരീക്ഷാവിജയസൌകൎയ്യങ്ങളൊന്നും ലഭിക്കാതെ വാസനയുടെ തള്ളിച്ചകൊണ്ടുംസ്വപ്രയത്നത്തിന്റെ ദാർഢ്യം കൊണ്ടും മാത്രം ഭാഷാസാഹിത്യസാമ്രാജ്യത്തിൽ ഒരു മാന്യസ്ഥാനത്തിനവകാശിയായ് തീൎന്നിട്ടുള്ള ഇദ്ദേഹത്തെ എന്നെപ്പോലെ ഹാർദ്ദമായി അഭിനന്ദിക്കുന്ന കേരളീയർ പലരുമുണ്ട് .
ഗോവിന്ദപ്പിള്ള അവർകളുടെ ഗദ്യശൈലിക്കുള്ള വിജാതീയമായ രാമണീയകം സഹൃദയന്മാൎക്കു് അനുഭവവേദ്യമാണു്. ആരേയും മുഷിപ്പിക്കാതേയും എല്ലാവരേയും ആനന്ദിപ്പിച്ചും ഭംഗിയിൽ കാൎയ്യം പറയുന്നതാണു് ഫലിതത്തിന്റെ പരമരഹസ്യം എന്നൊരു പണ്ഡിതൻ അഭിപ്രായപ്പെട്ടിട്ടുണ്ടു്. ഈ മാതിരി ഒരു ഫലിതമാണു് ഇദ്ദേഹത്തിന്റെ ഗദ്യകൃതികളിൽ നൈസൎഗ്ഗികമായി കണ്ടുവരാറുള്ളതു്. ആ ജന്മസിദ്ധമായ കാവ്യഗുണം ഈ പുതിയ പുസ്തകത്തിലും ധാരാളം വെളിപ്പെടുന്നുണ്ട്.
സി. പി. യുടെ നിരന്തരവ്യവസായങ്ങളിൽ ഒന്നു പഴയ പാട്ടുകൾ ശേഖരിക്കുന്നതാണു്. സംഗതിയുടെ ഗൗരവം നോക്കിയാൽ ഒന്നിനു പകരം ഒരു നൂറു ഗോവിന്ദപ്പിള്ളമാർ തന്നെ ഈ വിഷയത്തിൽ പ്രവൎത്തിച്ചാലും അതു് ഒട്ടും അധികമായിപ്പോയെന്നു വരുന്നതല്ല. ഈ പാട്ടുകളെ കേരളീയർ ഉ [ 12 ] പനിഷത്തുകളെപ്പോലെ ആരാധിച്ചുവരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആ കാലം ഇങ്ങിനി വരാതവണ്ണംപൊയ്പോയിരിക്കുന്നു. പഴയതൊക്കെപ്പാഴാണെന്നു പണ്ഡിതന്മാർ പോലും പരിഹസിച്ചുതുടങ്ങിയിരിക്കുന്നു. ഓണംകേറാമൂലകളിൽക്കൂടി ഹാൎമ്മോണിയവും സ്വനഗ്രാഫിയന്ത്രവും സ്ഥലം പിടിച്ചുകഴിഞ്ഞിരിക്കുന്നു. മുറിയിംഗ്ലീഷും മൂളിപ്പാട്ടുമില്ലാഞ്ഞാൽ നാലുപേരിലൊരുത്തനാകുന്ന കാൎയ്യം തന്നെ ഞരുക്കമായിത്തീൎന്നിരിക്കുന്നു. ഇങ്ങേയറ്റത്തു കിടക്കുന്നവനും ഇക്കരപ്പച്ചയിൽ അരോചകം ജനിച്ചിരിക്കുന്നു. എന്തിനു വിസ്തരിക്കുന്നു. പുതിയ പരിഷ്കാരമാകുന്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു് 'പുരായത്രസ്രോതഃപുളിനമധുനം'എന്ന മാതിരിയിൽ കുന്നും കുഴിയും തിരിച്ചറിയാൻ പാടില്ലാതെ ലോകമാകപ്പാടെ ഒന്നിളകി കീഴ്മേൽ മറിഞ്ഞിരിക്കുന്നു. ഈ കോലാഹലത്തിനിടയിൽ പഴയ പാട്ടുകൾ പാടാനാരു്? കേൾക്കാനാരു്
എന്നത് വാത്മീകിയുടെ കാലത്തും ഇന്നും ഒന്നുപോലെ പറ്റുന്ന ഒരു തത്വമല്ലേ? അവ എഴുതിവച്ചിരിക്കുന്ന ഏടുകൾ എടുക്കാനാര്?തുടയ്ക്കാനാര്?/അവയുടെ ഉടമസ്ഥന്മാർ ക്ഷാമദേവതയുടെ എന്നപോലെ അവ അണുപ്രാണികളുടെ സ്വച്ഛന്ദവിഹാരത്തിനു കേളീരംഗങ്ങളായി തീൎന്നിട്ടു് കാലം കുറെയായി. കണ്ഠഗതപ്രാണങ്ങളായി മാത്രമെങ്കിലും അവ അവിടവിടെ അവശേഷിക്കുന്നുണ്ടെങ്കിൽ അതു കൈരളിയുടെ പൂൎവപുണ്യംകൊണ്ടല്ലാതെ മറ്റൊന്നും കൊണ്ടുമല്ല.
'ഇദാനീമേതേസ്മഃ പ്രതിദിവസമാസന്നപതനാ-
ഗതാസ്തുല്യാവസ്ഥാം സികതിലനദീതീരതരുഭീഃ'
എന്ന മാതിരിയിൽകിടക്കുന്ന ഇ പാട്ടുകളേ അപമൃത്യുവിൽ നിന്നു പരിത്രാണം ചെയ്യുന്നതിനേക്കാൾ പാവനമായ ഒരുധ [ 13 ] ൎമ്മം ഭാഷാഭിമാനികൾക്കുണ്ടെന്നെനിക്കു വിശ്വാസമില്ല. മാന്യവായനക്കാരേ! നമ്മുടെ പൂൎവീകന്മാരുടെ ഈ അമൂല്യനിധികൾക്കു ക്ഷണഭംഗുരത്വമോ ചിരഞ്ജീവിത്വമോ രണ്ടിലൊന്നു് നൽകുവാൻ ഈ നിമിഷത്തിൽ നാം വിചാരിച്ചാൽ കഴിയും. അതിൽ ഏതാണു കൎത്തവ്യമെന്നു നിശ്ചയിച്ചു് ഔചിത്യം പോലെ പ്രവൎത്തിക്കുവിൻ. ഉത്തരക്ഷണത്തിൽ ത്യാജ്യഗ്രാഹ്യവിവേചനത്തിനുള്ള സമയം അതീതമായിപ്പോകുന്നു. 'പാഥസാംനിചയംവാൎന്നൊഴിഞ്ഞളവു സേതുബന്ധനോദ്യോഗം' അനാശാസ്യമാണല്ലോ.
ഈ പ്രസിദ്ധീകരണത്തിൽനിന്നു ഗോവിന്ദപ്പിള്ള അവർകൾ ഉദ്ദേശിക്കുന്നതു വായനക്കാൎക്കു് മലയാളത്തിലെ പഴയപാട്ടുകളുടെ നേൎക്കു് ആഭിമുഖ്യം ജനിപ്പിക്കുക എന്നുള്ളതായിരിക്കണം. ആ ഉദ്ദേശം ഇതുകൊണ്ടു പൂൎണ്ണമായി സാധിക്കുമെന്നു തന്നെയാണു് എന്റെയും വിശ്വാസം. അഞ്ചു തമ്പുരാൻപാട്ടിനെയും മറ്റും പറ്റി ഇതിൽ അടങ്ങീട്ടുള്ള കുറിപ്പുകൾ വായിച്ചാൽ അതുപോലെയുള്ള പാട്ടുകൾ ശേഖരിക്കണമെന്ന് ഏതു ഭാഷാഭിമാനിക്കാണ് ആഗ്രഹം തോന്നാതെയിരിക്കുന്നതു്? ആ മാതിരി പാട്ടുകളിൽനിന്നു് ചരിത്രസംബന്ധമായും സമുദായസംബന്ധമായും മറ്റും സിദ്ധിക്കുന്ന അറിവുകൾ എത്ര വിലവേറില്ലാത്തവയാണ്. പ്രധാനപ്പെട്ട പാട്ടുകൾക്കെല്ലാം ഗ്രന്ഥകൎത്താവ് ദിങ്മാത്രമായിട്ടെങ്കിലും ഉദാഹരണങ്ങൾ ചേർത്തിരിക്കുന്നതും ഉചിതമായിരിക്കുന്നു. എന്നാൽ ഇതുകൊണ്ടുമാത്രം എന്റെ സ്നേഹിതന്റെ ചുമതല അവസാനിച്ചതായി അദ്ദേഹം വിചാരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല. രാമകഥപ്പാട്ടുപോലെ ഉത്തമകാവ്യത്വമുള്ള ദീൎഘഗാനങ്ങളെ പ്രത്യേകമായിത്തന്നെ പ്രസിദ്ധപ്പെടുത്തേണ്ടതാണു്. അതു കൃച്ഛ്രസാദ്ധ്യമായ ഒരു പ്രയത്നമാണെന്നുള്ള [ 14 ] വാസ്തവം ഞാൻ വിസ്മരിക്കുന്നുമില്ല. എന്നാൽ മറ്റുള്ളചെറിയ പാട്ടുകൾ ശേഖരിച്ചിരിപ്പുള്ളിടത്തോളം ഒന്നിച്ചു ചേൎത്തു പുസ്തകാകൃതിയിൽ ഉടനടി പ്രസിദ്ധപ്പെടുത്തുന്നതിന് അദ്ദേഹംശ്രമിക്കണമെന്നാണ് എന്റെ ഹൃദയപൂൎവമായ അഭ്യൎത്ഥന. ആസദ്വ്യവസായം നാട്ടുകാൎക്കു് നിരതിശയമായ ആനന്ദത്തിനും തനിക്കു ചിരസ്ഥായിയായ യശസ്സിനും ഒരുത്തമമാൎഗ്ഗമായി തീരുമെന്നുള്ളതിനു യാതൊരു സംശയവുമില്ല. ഭാഷാസാഹിത്യത്തിന്റെ സ്ഥിതിഗതികൾക്കുതന്നെ ഈ പാട്ടുകളുടെ പ്രസിദ്ധീകരണം നിമിത്തം ഗണനീയവും അഭിലഷണീയവുമായ വ്യത്യാസം വന്നുകൂടെന്നില്ല. Percy എന്ന മഹാന്റെ Reliques of Ancient Poetry എന്ന ഉത്തമഗ്രന്ഥത്തിന്റെ പ്രകാശത്തിനു മുൻപു ആംഗലസാഹിത്യത്തിന്റെ അവസ്ഥയെന്തായിരുന്നു? Sir Watter Scot മുതലായ കാവ്യകാരശിരോമണികൾ ആ ഗ്രന്ഥത്തിനോട് എത്രമാത്രം കടപ്പെട്ടിരുന്നുവെന്നുള്ളത് പലൎക്കും അറിയാവുന്ന ഒരു പരമാൎത്ഥമാണല്ലോ. അതിനാൽ മിസ്റ്റർ ഗോവിന്ദപ്പിള്ള എന്റെ ഈ അപേക്ഷയെ അംഗീകരിച്ചു പഴയ പാട്ടുകളെപ്പറ്റിയുള്ള വിമൎശനങ്ങൾക്കു പുറമേ ആ പാട്ടുകളെത്തന്നെ സമഗ്രമായി പ്രസിദ്ധപ്പെടുത്തി മലയാളത്തിലെ 'പെഴ്സി' എന്ന ബിരുദത്തിനു പാത്രീഭവിക്കണമെന്നു ഉപദേശിക്കയും അതിലേക്കു എന്റെ സ്നേഹിതനു യോഗം വരുത്തുന്നതിനു ജഗന്നിയന്താവിനോടു പ്രാർത്ഥിക്കുകയും ചെയ്തുകൊള്ളുന്നു. കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കണമെന്നില്ലാത്തതുകൊണ്ടു് പ്രകൃതപുസ്തകത്തെപ്പറ്റി ഇനിയും പലതും ഉപന്യസിച്ചു വായനക്കാരുടെ ക്ഷമയെ പരീക്ഷിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നില്ല. ഈ പുസ്തകത്തിനു ഒരാമുഖോപന്യാസം എഴുതുവാനിടവന്നതുകൊണ്ടുതന്നെ ഞാൻ ചരിതാൎത്ഥനായി ഈ ഉപന്യാസം വായിക്കുന്നവരിൽ ആർക്കെങ്കിലും മലയാളത്തിലെ പ [ 15 ] ഴയ പാട്ടുകളോട് ആദരവും അവയെ ശേഖരിക്കുന്നതിന് ഔൽസുക്യവും അംകുരിക്കുമെങ്കിൽ എന്റെ ചാരിതാൎത്ഥ്യം അപ്പോൾ ശതഗുണീഭവിക്കുമെന്നും ഞാൻ പറയേണ്ടതായിരിക്കുന്നില്ല .
തിരുവനന്തപുരം | ഉള്ളൂർ എസ് പരമേശ്വരയ്യർ. |
൧-൩-൧൦൯൨ |