രാമരാജാബഹദൂർ/അദ്ധ്യായം ഇരുപത്തിഎട്ട്

രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിഎട്ട്
[ 320 ]
അദ്ധ്യായം ഇരുപത്തിഎട്ട്

"കുംഭിതുരഗരഥാദി പടകളുമുടമയൊടു ഭടഘോഷവും
കൊമ്പുകുഴൽ തുടിപടഹഘടഘടരടിതകടുപരിഘോഷവും
..............................
ഈ വണ്ണമവിടത്തിലീ വന്ന പുരുഷാരം
ആകുന്ന പടക്കോപ്പുമാകവേ ചരതിച്ചു"


പരിഷ്കാരകാരികളുടെ തുമ്പിക്കരങ്ങളിൽനിന്നുള്ള ജലപ്രക്ഷാളനത്താൽ കേരളഭൂമുഖങ്ങൾ ധവളമായിത്തീരുന്നതിനു മുമ്പ്, പെരുമ്പടപ്പുസംസ്ഥാനത്തിലെ ഒരു മഹാക്ഷേത്രവും അതിന്റെ വിശാലമായ പരിസരവലയവും ലക്ഷ്മീനിവാസമായ അനന്തശയനപുരത്തിനു തുല്യം പാർവ്വതീവിലാസമായ ഭൂകൈലാസമായി കേരളനിവാസികളാൽ സംപൂജ്യമായിരുന്നു. ഈ മഞ്ജുളരജതാദ്രിയിലെ മഹേശ്വരാലയത്തെ വലയം ചെയ്യുന്ന പ്രാകാരത്തിന്റെ പാദങ്ങൾമുതൽ വീക്ഷാഗതിയുടെ പരമപരിധി ആയുള്ള ചക്രവാളംവരെ നിലയനകൂടങ്ങൾ, സരസ്തടങ്ങൾ, കേദാരപ്രദേശങ്ങൾ എന്നിതുകളാൽ മാത്രം വിച്ഛിന്നമായി പ്രാചീനകാലത്തെ അനന്തവനത്തിന്റെ പ്രതിച്ഛായ എന്നപോലുള്ള ഒരു മഹാചൈത്രം സ്ഥിതിചെയ്തിരുന്നു. എന്നാൽ, ഓരോ ദുർദ്ദശകൾ ത്രിമൂർത്തികളെയും മതസ്ഥാപകന്മാരായ അവതാരപുരുഷന്മാരെയും വലപ്പിച്ചിട്ടുള്ളതായി ഭിന്നമതങ്ങളുടെയും നിദാനങ്ങളായ സൂക്തിഗ്രന്ഥങ്ങൾ ലോകത്തെ ഗ്രഹിപ്പിക്കുന്നു. ലോകാവസ്ഥകളുടെ ഇപ്രകാരമുള്ള ആപൽസങ്കലനതയാൽ മധുരമനോഹരങ്ങളായ കുസുമഫലങ്ങളെ വഹിക്കുന്ന ചൂതപനസചമ്പകാദി തരുനിരകൾകൊണ്ടു ശീതളമാക്കപ്പെട്ടുള്ള ആ കൈലാസവാടി, ലലാടാഗ്നിയിൽ ദഹിച്ച അവിവേകിയുടെ ദുരന്തഭസ്മാസ്തരണത്തിന്റെ ഉദാത്തതയിൽ അമർന്നുപോയിരിക്കുന്നു. ആ ആരാമതരരുക്കളുടെ ശിരസ്സുകളെ നിർബ്ബാധവാസങ്ങളായി അവലംബിച്ചിരുന്ന പക്ഷിവൃന്ദങ്ങൾ നഷ്ടശബ്ദങ്ങളായ തുണ്ഡചലങ്ങളാൽ മാത്രം ക്ഷേത്രചത്വരത്തിൽനിന്നു പൊങ്ങുന്ന വാദ്യധ്വനികളുടെ [ 321 ] ക്ഷീണപ്രവാഹങ്ങളോടു സഹകരിക്കുന്നു. ആ ശിവാലയത്തിൽനിന്ന് അല്പം നീങ്ങി ഒരു പാർശ്വത്തിൽ കാണുന്ന ജലാശയം ഭാസ്കരപ്രഭാകേസരങ്ങളെ ഇറുത്ത് വിശ്വനാഥമൂർത്തിയുടെ ജടാകൂടത്തിന്മേൽ പുഷ്പാഞ്ജലി ചെയ്യുന്ന നിയമത്തെ, സ്വപാവനതയെ വിധ്വംസിക്കുന്ന ഹിരണ്യനേത്രങ്ങൾക്കു ഗോചരമാകരുതെന്നുള്ള സങ്കോചത്തോടെ നിർവ്വഹിക്കുന്നു. സരസ്സിന്റെ പ്രാന്തപ്രദേശത്തെ പ്രൗഢരമണീയമാക്കുന്ന രാജഹർമ്മ്യത്തിന്റെ മുഖങ്ങൾ ആ സങ്കേതഭൂമിയിൽ അകേരളീയപാദങ്ങളുടെ ആക്രമണത്തെ ദർശിച്ച് സ്വഭർത്താവിന്റെ പ്രതാപക്ഷയംകൊണ്ടുള്ള ക്ലേശത്താൽ മ്ലാനങ്ങളായിരിക്കുന്നു. ക്ഷേത്രോപസ്ഥിതങ്ങളായ നികുഞ്ജങ്ങളാൽ ഉപഗൂഢങ്ങളായ രമണീയജനവസതികൾ, പ്രത്യാസന്നമായ ധർമ്മഭ്രംശത്തെ വീക്ഷിച്ചു സന്തപ്തഹൃദയങ്ങളാവുകയാൽ സീതാദേവിയെ അനുകരിച്ച് ഭൂദേവിയുടെ പാവനോദരത്തെ ശരണംപ്രാപിക്കുകയോ എന്നു ചിന്തിച്ചുപോകുന്നു. ഉദയാസ്തമയങ്ങളിലെ ഭഗവദ്ദർശനത്തെ അഭംഗുരവ്രതമായി അനുഷ്ഠിച്ചുപോരുന്ന അവിടത്തെ വനിതാകദംബം, തങ്ങളുടെ ധർമ്മാചരണത്തിനു നേരിട്ടിരിക്കുന്ന പ്രതിബന്ധം നിമിത്തം, ശ്ലാഘ്യമായ പരഗതിയുടെ നഷ്ടത്തെ ആശങ്കിച്ചുതുടങ്ങിയിരിക്കുന്നു.

ബഹുനാഴിക ചതുരശ്രത്തിലുള്ള ഈ ലതാഗൃഹനിചയത്തിന്റെ ഗോപുരഭാഗത്ത് ഉന്നതങ്ങളായ മകരതോരണശ്രേണികളെ സംഘടിപ്പിച്ചു നിർമ്മിച്ചിട്ടുള്ള ഒരു ഹർമ്മ്യത്തിന്റെ മുകളിൽനിന്ന് ഒരു മഹാമണ്ഡലാധിപകേസരിയുടെ 'പ്രതാപരുദ്രത'യെ ഗജഭേരീയുഗ്മങ്ങൾ 'ധിമിദ്ധിമി'ഘോഷത്താൽ പ്രസിദ്ധീകരിക്കുന്നു. ഈ ചണ്ഡദ്ധ്വനികൾ ശതമഖം നിർവ്വഹിക്കേണ്ട ക്ലേശം കൂടാതെ, ഇന്ദ്രാണീകാന്തത്വം അപഹരിപ്പാൻ ഉദ്യോഗിക്കുന്ന ഒരു ദാനവേന്ദ്രവൃത്താന്തത്തെ സുധർമ്മാസോപാനത്തിങ്കൽ എത്തിക്കുന്നു. ഭുവനസുഷമാസാകല്യത്തെയും സംഗ്രഹിച്ചുള്ള ആ ചെറുപ്രപഞ്ചത്തെ രക്ഷിക്കുന്ന അഷ്ടദിഗ്ഗജങ്ങളായി നിലകൊള്ളുന്ന വൈതാളികന്മാർ മാന്ധാതാ മുതല്ക്കുള്ള മഹീശമണ്ഡലത്തിൽവച്ചു ദൈവപ്രിയോത്തംസം, ഈശതത്ത്വരഹസ്യജ്ഞതയിൽ ശ്രീസനകസനന്ദകപ്രഭൃതികളുടെ സംയോഗാവതാരം, ഭൂമണ്ഡലവിജയം സാധിപ്പാൻ സഹസ്രകവചനായി നിയോഗിക്കപ്പെട്ട ഭഗവൽപ്രതിനിധി, അഷ്ടവിഭൂതികളോടമരുന്ന വിരാട് പുരുഷന്റെ സർവ്വാംശകരണങ്ങൾ, ടിപ്പു ഫ്ട്ടി ആലിഖാൻ ബഹദൂർ പാദുഷാ എന്നുള്ള സ്തോത്രങ്ങളെ പാഞ്ചജന്യധ്വനിയിൽ മുഴക്കുന്നു. ഒരു മഹാനഗരത്തിന്റെ ആരവസമ്മേളനം തരുനിരകളെയും ലതാസഞ്ചയങ്ങളെയും കിടുക്കി നൃത്തം തുള്ളിക്കുന്നതിൽ ദൃശ്യമാകുന്ന പ്രഭാവപടലി, മുകിലചക്രവർത്തിയുടെ മണിഗൃഹനിരകളെ തിളങ്ങിച്ചു പോന്നിരുന്ന രാജസധാടിയെയും അധഃകരിക്കുന്നു. തിരുശിരസ്സുകളിലെ രമണീയമായ പ്രകൃതിവിലാസത്തിൽ കാണപ്പെടുന്ന പ്രശാന്തപ്രഭകളെ വിജയിച്ചു ശോഭിക്കുന്ന ഹരിതശോണാംബരപതാകകൾ, തങ്ങളാൽ സേവ്യനായുള്ള മഹാരഥന്റെ പ്രതാപമുദ്രകളായി [ 322 ] പ്രമോദനൃത്തം തുള്ളി, ആ ഉദ്യാനം ഭൂലോകഗതമായ സാക്ഷാൽ ചൈത്രരഥമോ എന്നുള്ള ശങ്കയെ കാണികളിൽ ജനിപ്പിക്കുന്നു.

വിവിധ വർണ്ണകഞ്ചുകങ്ങളും ഉഷ്ണീഷങ്ങളും പരസ്പരപ്രതിബിംബികളായുള്ള ആയുധങ്ങളും ധരിച്ച് ദീർഘകൂർച്ചങ്ങൾ, ഗണ്ഡശ്മശ്രുക്കൾ, കപോലകേശങ്ങൾ എന്നിതുകളാൽ ഭീഷണമുഖന്മാരായി തിരുച്ഛായാസേവനം ചെയ്തു വിശ്രമിക്കുന്ന ഭടജനസഹസ്രങ്ങൾ, അന്തർമ്മണ്ഡലസ്ഥങ്ങളായ പ്രതാപസൗന്ദര്യങ്ങളുടെ അദൃശ്യതയെ പരിരക്ഷണംചെയ്യുന്നു. ഒരു ഭാഗത്ത്, മസ്തകപ്രദേശം മാത്രം കണ്ടാൽ മഹേന്ദ്രഗജങ്ങളെന്നു തോന്നുന്ന മദഗജഗിരികൾ, സ്വശിരസ്സുകളാൽ ആകാശവീഥിയിൽ ചന്ദ്രക്കലാലേഖനംചെയ്തും കർണ്ണങ്ങളെക്കൊണ്ടു യമനടനത്തിലെ ഏകതാളത്തെ മേളിച്ചും സ്വരാജമഹത്വത്തിന്റെ ഉപഘോഷകന്മാരായി ഭയാനകഗർജ്ജനങ്ങളെ മുഖരിപ്പിച്ചു ചാഞ്ചാടുന്നു. നാസാസേതുക്കളിൽ തൊടുത്തിട്ടുള്ള ലോഹശൃംഖലകളാൽ തരുമൂലങ്ങളിൽ ബന്ധിക്കപ്പെട്ട ഒട്ടകപ്പന്തികൾ തൃണാദിമൃഷ്ടാശനംകൊണ്ടു പ്രമത്തങ്ങളായി, തങ്ങളുടെ പാദാഘാതങ്ങളാൽ അടുത്തപോലെ ധൂളീകരിക്കേണ്ട മണ്ഡലമേതെന്നു ദീർഘകണ്ഠസ്ഥങ്ങളായ വികൃതമുഖങ്ങളിലെ വിരൂപാക്ഷങ്ങൾകൊണ്ടു നോക്കി, സ്വസേനാംഗത്വത്തെ ആടോപപൂർവ്വം നിർവ്വഹിക്കുന്നു. ഈ ത്രിസേനാംഗങ്ങളെയും, വാജീകരിക്കുന്നതായ അശ്വങ്ങളുടെ മഹാനിരകൾ ആയോധനപ്രവർത്തനത്തിനുള്ള അക്ഷമയും മുഷ്ക്കും വന്മദവും പ്രകടിപ്പിച്ച് ആ സങ്കേതഭൂമിയിൽത്തന്നെ ഖുരമർദ്ദനവും ചുരമാന്തലുംകൊണ്ടു വിലമുഖങ്ങളെ സൃഷ്ടിച്ച്, ഭുജത്രസനങ്ങളോടിടചേർന്ന ഹേഷാരവപടലികളെ സാംക്രമികതയാൽ അമർഷോൽക്കർഷത്തോടെ ഘോഷിക്കുന്നു. തരുനിബിഡതകൊണ്ടു നിതാന്തഛാദിതമായ പല കേന്ദ്രങ്ങളിലും ഉറപ്പിച്ചിട്ടുള്ള പീരങ്കികൾ യമഹുങ്കാരരൂപങ്ങളായ തങ്ങളുടെ ശ്വാസങ്ങളെ സംയമനംചെയ്ത് ദക്ഷിണഭൂഖണ്ഡത്തെ കബളീകരിക്കാനുള്ള ഗ്രാഹങ്ങളെന്നവണ്ണം വിപാടിതവക്ത്രങ്ങളായി സ്ഥിതിചെയ്യുന്നു. ഈ വാഹിനീഖണ്ഡങ്ങളുടെ അനുമുഹൂർത്തചേഷ്ടകളെ ഉർജ്ജസ്വലമായി നിയന്ത്രിക്കുന്ന നായകകണ്ഠങ്ങളിൽനിന്നു പുറപ്പെടുന്നതായ ആജ്ഞകളും കാഹളധ്വനികളും മേഘാരവംപോലെ മുഴങ്ങി ആ മഹാബലം ആജ്ഞാനുസാരമുള്ള സംഹാരത്തിനു തുനിയുമ്പോൾ മേഘനാദനിരകളായി പരിവർത്തനം ചെയ്യുമെന്നു ദിഗന്തങ്ങളിൽ ഉൽഘോഷണം ചെയ്യുന്നു.

ഈ ജീവപ്രാകാരത്തിനുള്ളിൽ രജോഗുണത്തിന്റെ മനോഹാരിത്വം, തുരുഷ്കകഥാമൃതങ്ങളിലെ മഹോൽപ്രേക്ഷകളെയും സാഹിതിഗുണശൂന്യങ്ങളായി ഇദംപ്രഥമമായുള്ള ഒരു വിഭ്രാമകദർശനമെന്ന വിശ്രുതിക്ക് അവകാശപ്പെടുന്നു. സേനാനായകന്മാർ, ഉപനായകന്മാർ, രാജസഭാപ്രഭുക്കൾ എന്നിവരുടെ വേഷവിശേഷങ്ങളും ബാഹുലേയഗാംഭീര്യം, അനംഗസുഭഗത, സവ്യസാചിപ്രഭാവം, ദശഗ്രീവൗദ്ധത്യം, കീചകരസികത്വം തുടങ്ങിയുള്ള ഭാവഭേദങ്ങളും ഏതദ്വിധം സംയോജിച്ചുള്ള രംഗം [ 323 ] ദക്ഷിണാപഥത്തിൽ നിസ്സംശയം ഒരു അലഭ്യദർശനംതന്നെ ആയിരുന്നു. ഈ നരമേധഹോത്രികളുടെ കൂടാരങ്ങൾ വിവിധ വർണ്ണം കലർന്നുള്ള പട്ടുകൊടിക്കൂറകളാലും സ്തൂപികകളുടെ രജതൗജ്ജ്വല്യപ്രസരണത്താലും അവയുടെ അന്തഃപ്രദേശങ്ങൾ സംഭാരനിചയങ്ങളുടെ പ്രഭാവസമ്മേളനങ്ങളാലും ഭാസമാനമായി, പ്രേക്ഷകജനങ്ങളെക്കൊണ്ടു ഹൗണീകാലത്തിലെ ഒരു ദാശരഥീപട്ടാഭിഷേകമഹോത്സവത്തെ സന്ദർശിപ്പിക്കുന്നു. ഈ സഭാവലയം നിരവധി ആസുരപ്രഭാവന്മാരുടെ നിതാന്തോന്മേഷപ്രവർത്തനങ്ങളുടെ രംഗമായിരുന്നിട്ടും ദാക്ഷിണ്യഹീനമായ ഒരു ചന്ദ്രഹാസത്തിന്റെ നിയന്ത്രണത്താൽ കേവലം സാലഭഞ്ജികാലയങ്ങളുടെ മൂകതയോടെ വർത്തിക്കുന്നു.

ഇങ്ങനെയുള്ള പടമണ്ഡപാവലികളാൽ വലയിതമായുള്ള പ്രതിഷ്ഠാഗേഹം രാജസവിഭൂതികളുടെ നിസ്സീമതയ്കു ചേർന്നുള്ള ഗർഭഗൃഹങ്ങളാൽ അനുബന്ധിതമായിരുന്നു. ചന്ദ്രികാമൃതത്തിൽ സ്നാതമായി, താരഹാരാവലികളാൽ അലംകൃതമായി കാഴ്ചവയ്ക്കപ്പെട്ട ബഹുപുഷ്പകങ്ങൾതന്നെ അതുകളുടെ ഉജ്ജ്വലസമ്മേളനത്തോടെ കുബേരകുലസേവ്യനായ ടിപ്പുമഹാരാജാവിന്റെ ദിഗ്ജയസഞ്ചാരങ്ങളിൽ തിരുവുളം അറിഞ്ഞു പരിചരണം ചെയ്യുന്നു. വൈകുണ്ഠകൈലാസങ്ങളെയും ധനദേന്ദ്രമന്ദിരങ്ങളേയും അനുഗ്രഹിച്ചിട്ടില്ലാത്ത ഒരു കാന്തികകലാപം വിയൽപഥികരായ ഗ്രഹതാരാവലികളെയും ന്യൂനപ്രഭന്മാരാക്കുന്നു. ഈ ഉപകാരികാനിചയത്തിന്റെ സ്ഥൂണമകുടങ്ങളിൽ ചാഞ്ചാടുന്ന കനകരചിതമായുള്ള ശശാങ്കകലകൾ ഉപാന്തസ്ഥമായുള്ള ഭഗവൽക്ഷേത്രത്തിലെ ചന്ദ്രകലാധരനെ ദർപ്പകദാഹത്തിനു പൂർവ്വമായുള്ള സമാധിസ്ഥിതിയിൽ ലീനനാക്കിയിരിക്കുന്നു.

ഈ കൂടാരപ്പന്തിയുടെ മുൻഭാഗത്ത് അതിൽ അധിവസിക്കുന്ന സമ്രാട്ടിന്റെ തിരുവുള്ളവും സാവകാശവും പ്രതീക്ഷിച്ച് നെറ്റിപ്പട്ടവും അതിരുചിപ്രചുരങ്ങളായ കായകവചങ്ങളും, നാദസത്വത്തെ സംഗ്രഹിച്ചുള്ള ഘണ്ടാദ്വന്ദ്വങ്ങളും കനകകണ്ഠഹാരങ്ങളും അണിഞ്ഞുള്ള ഗജേന്ദ്രന്മാരും സമാനഭാസുരതയെ പ്രസ്ഫുരണം ചെയ്യുന്ന വസ്ത്രാദ്യലങ്കാരങ്ങളോടുകൂടിയ ഹസ്തിപന്മാരും കാത്തുനില്ക്കുന്നു. ഉപകാരികകളെ വലയം ചെയ്തു ശോണാക്ഷന്മാരായ അതികായന്മാർ അവസരവീക്ഷകനായി മൃദുസഞ്ചരണം ചെയ്തുകൊള്ളുന്ന മന്ദപവനനെയും ശൂലാരോഹം ചെയ്യിച്ച് ശിലാവിഗ്രഹങ്ങളെന്നപോലെ മഹത്സമക്ഷസംരക്ഷണം നിവർത്തിക്കുന്നു. കൂടാരങ്ങളുടെ ദ്വാരപ്രദേശം സേവിക്കാനുള്ള ഭാഗധേയത്താൽ അനുഗ്രഹിക്കപ്പെട്ട സേനാംഗപ്രമാണികൾ, ഓരോ സിംഹാസനം ഭരിക്കാൻ വേണ്ട ആഡംബരത്തിൽ കനകഭൂഷാദികൾ അണിഞ്ഞുള്ള കമനീയാങ്കന്മാരായിരന്നു. താലവൃന്തങ്ങൾ, ആതപത്രങ്ങൾ, ചാമരങ്ങൾ, ആലവട്ടങ്ങൾ എന്നിത്യാദി രാജചിഹ്നസാമഗ്രികൾ കനകമയങ്ങളും അതുകളുടെ വാഹകന്മാർ ഇന്ദ്രദാസതുല്യം ഭൂഷോജ്ജ്വലന്മാരും ആയി, ഒരു സുവർണ്ണമയമണ്ഡപത്തിന്റെ ഗോപുരാങ്കണത്തിലെ [ 324 ] അലങ്കാരങ്ങളായി വർത്തിക്കുന്നു. ഹുക്കാധൂമം അല്ലാതെ, ഒരു മശകമാകട്ടെ, ഒരു മക്ഷികയാകട്ടെ, ആ സങ്കേതഭൂമിയുടെയും ആകാശത്തിന്റെ ചന്ദ്രികാനൈർമ്മല്യത്തെ കളങ്കപ്പെടുത്താൻ പ്രവേശിക്കുന്നില്ല. ആജ്ഞാവാഹികളുടെ ഉരഗസമാനമായുള്ള ത്വരിതഗമനങ്ങളും, അംഗവിക്ഷേപങ്ങളാലുള്ള പരസ്പരബോധങ്ങളും മന്ത്രവിശാരദന്മാരുടെ പ്രവേശനനിർഗ്ഗമനങ്ങളും അല്ലാതെ അവിടെ തിരുമുറ്റപ്രദേശം നിശബ്ദവും നിശ്ചലവും പ്രശാന്തവുമായി സ്ഥിതിചെയ്ത് ഈ അവസ്ഥയുടെ ഭഞ്ജനത്തിന് ഉദ്യക്തരാകുന്ന അവിവേകികൾ അനുക്ഷണഹതിക്കു പാത്രമായിത്തീരുമെന്ന് വിജ്ഞാപനം ചെയ്യുന്നു. ബഹുഗന്ധദ്രവ്യങ്ങളുടെ പരിമളവും അവിടവിടെ സ്ഥാപിക്കപ്പെട്ടുള്ള ധൂമപാത്രങ്ങൾ, സാമ്പ്രാണിക്കുറ്റികൾ എന്നിതുകളിൽനിന്നു പൊങ്ങുന്ന സുഗന്ധധൂമവും സരസസമ്മേളനംചെയ്ത് സാമ്രാട് പദത്തിന്റെ സമ്പൽപൗഷ്കല്യത്തെ നാസാമാർഗ്ഗേണയും ആരാധകലോകത്തെ ഗ്രഹിപ്പിച്ച് അവരുടെ പ്രജ്ഞാകൂടത്തെ സമ്മോഹിപ്പിക്കുന്നു.

മരതകവർണ്ണം ചിന്നുന്ന പട്ടാംബരത്താൽ ആവേഷ്ടിതമായും, നീരാളജാലരുകളാലും വിവിധ വർണ്ണങ്ങളിലുള്ള പിഞ്ഛസമുച്ചയങ്ങളാലും ചന്ദ്രക്കലാങ്കിതമായുള്ള ചെറുകൊടികളാലും അലങ്കരിക്കപ്പെട്ടും ഉള്ള ഒരു മഹോപകാരിക, ഈ അലഭ്യപ്രദർശനങ്ങളുടെ ജീവകേന്ദ്രമായി, സർവ്വോപരി ഭാസ്വത്തായി സമ്പദൈശ്വര്യപ്രതാപവീര്യങ്ങളുടെ അംശുപ്രസരംചെയ്തു വിലസുന്നു. അതിലെ സ്നാനവ്യാപൃതകളായ കിന്നരികൾ, ഗോപികാജനം എന്നീ വർഗ്ഗം മഞ്ജുളാംഗികളുടെ രൂപവിശേഷങ്ങളാൽ ചിത്രിതമായുള്ള യവനികകൾ ഈ നിലയനത്തിന്റെ അന്തഃപ്രദേശത്തിൽ കൽഹാരസരസ്സിന്റെ ശീതളതയെ സംഭരിക്കുന്നു. ഈ ഗർഭഗൃഹത്തിനകത്തുള്ള ഒരു നെടുംസിംഹാസനം ഭഗവന്നേത്രങ്ങളാലൊഴികെ ദർശിച്ചുകൂടാത്തതായ ഒരു മഹിതജ്യോതിസ്സിനാൽ അധിഷ്ഠിതമായിരിക്കുന്നു. ശിരോരോമകുടത്തിലെ ഒരു വജ്രം ശുക്രപ്രഭയും അരപ്പട്ടയിലെ സംഘടികാസൂത്രം ഇതരഗ്രഹപ്രഭകളും അരയിൽ തിരുകീട്ടുള്ള ഒരു ചെറുകഠാരയുടെ പികശിരസ്സിലെ നേത്രരത്നങ്ങൾ ആശ്വിനേയപ്രഭകളും ആപാദകണ്ഠമുള്ള കവചഝരിക ശുദ്ധാകാശത്തിൽ തിളങ്ങുന്ന നക്ഷത്രാവലിയുടെ സ്ഫുരൽപ്രഭകളും നിമേഷഹീനങ്ങളായ ദേവനേത്രങ്ങളെയും അഞ്ചിക്കുമാറു സംയോജിച്ച് പരിതഃസ്ഥങ്ങളായുള്ള പ്രതാപസാമഗ്രികളുടെ ആകാരമൂല്യതകളെയും അദൃശ്യമാക്കുന്നു. എങ്കിലും ആ രാജമണ്ഡപം കാമധേനുവാലും കല്പകവൃക്ഷത്താലും ദാനംചെയ്യപ്പെടാവുന്ന സകല ഭൂതികളെയും സഞ്ചയിച്ച് ഭരതസപര്യയ്ക്കായി സജ്ജീകരിക്കപ്പെട്ട ഭരദ്വാജാശ്രമം പോലെ സ്ഥിതിചെയ്യുന്നതായി സങ്കല്പിച്ചുകൊണ്ടു കഥാശേഷത്തിലോട്ടു പ്രവേശിക്കുക തന്നെ.

രത്നാഞ്ചിതമഞ്ചത്തിന്റെ പൂർവ്വതലത്തെ ആസ്തരണം ചെയ്യുന്ന രത്നകംബളത്തിൽനിന്ന് "പ്രസാദിച്ചാലും! അനുഗൃഹീതപാദുഷാ പ്രഭോ! [ 325 ] ഈ പുണ്യപാദങ്ങൾ പണിയുന്ന ദാസൻ സാക്ഷാൽ ദീർഘദർശിയുടേതുപോലുള്ള തിരുനാവിൽനിന്നു പ്രസ്രവിപ്പിച്ച നയവാദങ്ങളും വാഗ്ദത്തങ്ങളും പദാനുപദമായി പ്രയോഗിച്ചു. അദ്ദേഹം ഈ സന്നിധാനത്തിന്റെ ഭാവുകദായകത്വത്തെ ഗ്രഹിപ്പാനുള്ള ബുദ്ധിയാൽ അനുഗൃഹീതനല്ല. ഈ സ്വർഗ്ഗീയഛായയിൽ തഴയ്ക്കേണ്ടുന്ന ഈ നിസ്സാരതൃണം, തിരുവടികളുടെ ബ്രഹ്മാസ്ത്രശക്തിയെ വഹിച്ചിരുന്നു. എങ്കിലും ആ ശൂന്യശിരസ്കനെ സമ്മോഹിപ്പിക്കുന്ന കാര്യത്തിൽ പരാജിതനായി" എന്നുള്ള വാർത്താസമർപ്പണം സിംഹാസനസ്ഥനെ ഹുക്കാധൂമത്തിന്റെ ലഹരിയിൽനിന്നുണർത്തി.

ടിപ്പു: "ആഹാ! കഥകൾ അപ്പോൾ ദൈവഹിതത്താൽ അവസാനിപ്പിക്കപ്പെട്ടത് അങ്ങനെയോ? നമ്മുടെ ധന്യസാർവ്വഭൗമത്വം ആ തുച്ഛനെക്കുറിച്ചുള്ള വ്യാജശ്രുതികളാൽ വഞ്ചിതമായി. ക്ഷമ വിജയികൾ വഹിക്കേണ്ട പരിച അത്രേ. അജിതസിംഹപ്രഭോ! എഴുനേൽക്ക. സകലകാര്യനിയന്താവിന്റെ വത്സലസന്താനമായ നമ്മുടെ നിർഭരപ്രീതിയിലെ അനർഗ്ഗളതയിൽ വിശ്വസിച്ചുകൊൾക. അപ്പോൾ, ആ ചൊക്രായാചകൻ നമ്മുടെ കല്പനാപ്രസാദത്തെ, അവിശ്വാസി മ്ലേച്ഛനായി, മിതിച്ചുകളഞ്ഞു. അല്ലേ? എന്നുമാത്രമല്ല, ഭടന്മാരാൽ കൃമിമക്ഷികകളുടെ ആക്രമണത്തിൽനിന്നുപോലും രക്ഷിക്കപ്പെടുന്ന നമ്മുടെ ആനന്ദമന്ദിരത്തിലെ ഒരു രഹസ്യത്തെ വിസർജ്ജിപ്പാൻ മുഷ്കനാവുകയും ചെയ്തുവോ? ഹായ്! ഹായ്! അജിതസിംഹസഖേ! അവന്റെ സംഹാരക്രിയ നമ്മുടെ കോപദാഹത്തെ ശമിപ്പിക്കുന്നില്ല. നമ്മുടെ കണ്ണുകൾക്കു മുമ്പുവച്ച് അവന്റെ ജീവൻ താങ്ങുന്ന വിറകുതടി അടിമുതൽ മുടിവരെ ചെറുചൂടിൽ നീറി, ഈ കഠാരയെ പീഡിപ്പിക്കുന്ന അസന്തുഷ്ടി വ്യാധിയെ ശമിപ്പിപ്പാനുള്ള ക്ഷാരമാകേണ്ടതായിരുന്നു. ഇരിക്കട്ടെ ഈ സംസ്ഥാനത്തിന്റെ ഭർത്താവ് നമ്മെ എന്തു ധൈര്യത്താൽ നസ്സർവച്ച് ഉപചരിച്ചില്ല? ഏതു ചൈത്താന്റെ പുറംതാങ്ങി ആധാരമാക്കി, സേനാസഹായം ചെയ്‍വാൻ മുന്നോട്ടുവരുന്നില്ല?"

അജിതസിംഹൻ: "പ്രഭോ! അവിടത്തെ ഔദാസീന്യത്തെ തിരുവുള്ളം കൊണ്ടഭിനന്ദിക്കണം. ഞങ്ങൾ ആരാധിക്കുന്ന ഒരു ക്ഷേത്രം വഞ്ചിരാജ്യത്തിന്റെ ദക്ഷിണഭാഗത്തുണ്ട്. അവിടെ വച്ചു നമ്മുടെ ബന്ധു മഹാരാജാവ് രാമരാജബഹദൂർ രാജ്യത്തെ പെരുമ്പടപ്പുസൈന്യം ദ്രോഹിക്കയില്ലെന്നു പ്രതിജ്ഞ ചെയ്തുപോയി."

ടിപ്പുസുൽത്താൻ ഒരു ദീർഘഗർജ്ജനത്താൽ ആ പ്രവാദത്തെ അവസാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പ്രശ്നംചെയ്തു: "ആകട്ടെ. ആ കോട്ടയുടെ തല്ക്കാലസജ്ജകളെ നല്ലപോലെ സൂക്ഷിച്ചറിഞ്ഞുവോ?"

അജിതസിംഹൻ: "വിക്രമസമുദ്രം പ്രവഹിക്കാനുള്ള അഴിയെ മാത്രമല്ല, നെടുംകോട്ടവാരത്തിൽ പല ജലമുഖങ്ങളുംകൂടി, സർവ്വം രക്ഷിക്കുന്ന മഹൽബുദ്ധിയുടെ കാറ്റേറ്റുള്ള അടിയൻ കണ്ടുപോന്നു. കല്പനപ്രകാരമുള്ള ശ്രമത്തിലെ തോലികൊണ്ടുള്ള ജളതയാലല്ല അടിയൻ [ 326 ] താമസിച്ചത്. അരുളപ്പാടുകളുടെ നിസ്തന്ദോർജ്ജിതത്താൽ നിയന്ത്രിതനായ അടിയൻ, ചാരവൃത്തിയും യഥാശക്യം സാധിച്ചു."

സിംഹാസനത്തിലുണ്ടായിരുന്ന ഒരു രത്നവലയം സുൽത്താന്റെ അപാംഗവിക്ഷേപം അനുസരിച്ച് ജാനുക്കളിന്മേൽ നമസ്കാരം ചെയ്ത അജിതസിംഹന്റെ ഹസ്തത്തിൽ സംഘടിതമായി.

ഈ സന്ദർഭത്തിൽ ഒരു സേവകൻ കൂടാരത്തിന്റെ മുമ്പിലെത്തി മുട്ടുകൾ കുത്തിയും ഭൂമിതൊട്ടു പലവുരു സലാംചെയ്തും സുൽത്താന്റെ തിരുമുഖത്തിൽനിന്നു പ്രക്ഷേപിതമാകുന്ന ചോദ്യമൗക്തികങ്ങളെ പെറുക്കാൻ കംബളം നോക്കി സ്ഥിതനായി. സുൽത്താന്റെ നേത്രാഞ്ചലത്താൽ ആജ്ഞാപിതനായ അജിതസിംഹൻ, ആഗതനായ സേവകൻ ധരിപ്പിക്കാൻ തുടങ്ങുന്ന വൃത്താന്തം ​എന്തെന്നു ചോദിച്ചു. ശ്രീരംഗപട്ടണത്തിൽനിന്നു വ്യാപാരിയുടെ വേഷത്തിൽ യാത്രയാക്കപ്പെട്ട കാളിപ്രഭാവഭട്ടസ്വാമികൾ തിരുവുള്ളം കാത്തുനില്ക്കുന്നു എന്ന് സേവകൻ ധരിപ്പിച്ചു. ദക്ഷന്റെ ദുർമ്മദപ്രവർത്തനത്തെ ഭൂതഗണങ്ങളുടെ വിലാപങ്ങളിൽനിന്നു ഗ്രഹിച്ച സംഹാരമൂർത്തിയെപ്പോലെ, സുൽത്താൻ ആ മഹാരാമത്തെ സർവ്വോന്മൂലനംചെയ്‌വാനുള്ള വ്യാഘ്രനൃത്തം തുടങ്ങി. അജിതസിംഹൻ അകമ്പിതശരീരനായി കൂടാരത്തിന്റെ ഒരു കോണിലോട്ടു നീങ്ങി, തന്നെക്കാൾ വിശ്വസനീയനായി ആദരിക്കപ്പെട്ട ആ ബ്രാഹ്മണവര്യൻ രാജപ്രസാദസോപാനത്തിൽനിന്ന് അധഃപതിതനാവാനുള്ള കാരണം അറിവാനുള്ള ഉത്കണ്ഠയോടെ കാത്തുനിന്നു.

ടിപ്പുസുൽത്താൻ: "ചൈത്താന്റെ തീക്കുഴിയിൽ എത്തിക്കാനുള്ള തൂക്കുകയർ തയാറായില്ലേ? കൈതവം, വഞ്ചന, ദ്രവ്യാഗ്രഹം - ഹാ! ഹാ! നരകം കാട്ടുന്ന സമസ്തപാപവും മൂർത്തീകരിച്ച ആ കഴുകന്റെ ദുർമ്മരണക്കളി നമ്മുടെ വത്സന്മാരായ ഭടജനങ്ങൾ കണ്ടു രസിക്കട്ടെ. പോ! പൊക്കവും ഘനവും കൂടിയതായ ഒരു മരക്കൊമ്പു പുൽക്കുടിലിൽ പതുങ്ങി ചതിക്കടിക്ക് ഒതുങ്ങിയ സർപ്പത്തെ ഊഞ്ഞോലാടിക്കാൻ കണ്ടുപിടിക്കട്ടെ."

ഈ ആജ്ഞ കേട്ട് സേവകൻ എ​ഴുന്നേറ്റു. ടിപ്പുവിന്റെ രോഷാവേശം ഇങ്ങനെ പ്രവഹിച്ചു. "അരേ മൂർഖാ! നിൽക്ക്. ആ ദ്രോഹി - വഞ്ചകൻ - തൻകാര്യക്കാരൻ - തക്കിടിനിറഞ്ഞ മൺഭരണി, ഇതാ നീ നില്ക്കുന്നെടത്ത് എത്തുമ്പോൾ ഒരു ചീന്തുതുണിയിൽ വാരിക്കൊണ്ടുപോകാവുന്നവണ്ണം തകർന്നിരിക്കണം. ഗച്‌ഛ!"

സേവകൻ മണ്ടി. പരിസരവാസികൾ സ്തബ്ധവൃത്തികളായി. വത്സനായ ശ്രീഹനുമാനിൽ അശനിപാതം ഉണ്ടായ അവസരത്തിലെന്നപോലെ പവനദേവൻ സ്തംഭിക്കുകയും ആ സ്തബ്ധത സമീപസ്ഥമായ മഹാദേവക്ഷേത്രത്തിൽക്കൂടി വ്യാപിക്കുകയും ചെയ്തു. ആ വിശുദ്ധസങ്കേതത്തിൽനിന്നു പുറപ്പെട്ട ഒരു ഘണ്ടാക്വണിതം സുൽത്താന്റെ കോപരസപ്രകടനത്തെ വികലപ്പെടുത്തുകയാൽ ആ ക്ഷേത്രകർമ്മങ്ങൾ ഒരു ആജ്ഞാച്ചീറ്റത്താൽ പ്രതിബന്ധിക്കപ്പെട്ടു. തന്റെ കഠാര ഊരി അതിന്റെ [ 327 ] പിടിയിന്മേൽ ക്രൂരമർദ്ദനം തുടങ്ങിയിരിക്കുന്ന സുൽത്താന്റെ പുരോഭാഗത്തുള്ള കൂടാരമുഖപ്പിൽ സേവകസമിതിയാൽ ഗൗണ്ഡനായ ഗംഗുറാം സത്രത്തിലെ കാർബാറി കാളിപ്രഭാവഭട്ടജി ശവശരീരംപോലെ ദണ്ഡനമസ്കാരസ്ഥിതിയിൽ പ്രക്ഷേപിക്കപ്പെട്ടു. സേവകന്മാരോടുണ്ടായ മല്ലയുദ്ധത്തിനിടയിൽ കാളിപ്രഭാവന്റെ ശിരോഭൂഷമായുള്ള വസ്ത്രവലയം ഒരു ഭാലാമുനയാൽ അപഹരിക്കപ്പെട്ടിരുന്നു. അതുകൊണ്ട് സുൽത്താൻ ബഹദൂർ സാന്നിധ്യത്തെ പ്രധാനമായി ബഹുമാനിച്ചത് അയാളുടെ ബ്രഹ്മമുണ്ഡിതമായ വൃദ്ധശിരസ്സുതന്നെയായിരുന്നു. സുൽത്താനോ മനോധർമ്മസമൃദ്ധിയാൽ സമ്പൂരിതമായ ഒരു ഭണ്ഡാരഗാരമായിരുന്നു. അതിനാൽ ഗൗണ്ഡന്റെ ഉത്തമാംഗദർപ്പണത കണ്ടപ്പോൾ ഡുണ്ഡിയായുടെ അന്തംവരുത്തിയ കർമ്മത്തെ ഒന്നുകൂടി പ്രയോഗിച്ചു തന്നെ വിനോദിപ്പിപ്പാൻ ടിപ്പു ബഹദൂർഷാ അജിതസിംഹനോടാജ്ഞാപിച്ചു. തന്റെ പാദങ്ങൾ പാപ്പാസുകൾ അണിയുന്നില്ലെന്ന് ആജ്ഞാപിതന്റെ അങ്ങോട്ടുള്ള നോക്കുകളാൽ ഉണർത്തിക്കപ്പെട്ട ആ മനോധർമ്മകുട്മ്ലം വികസിച്ച് ഒരു മധുപ്രവാഹത്തെ വിസർജ്ജിച്ചു: "ആയ് ഹാ! അള്ളാ സ്തുത്യനായിരിക്കട്ടെ! ആ മഹൽപ്രഭാവം ഒന്നേ ശാശ്വതം! നന്നുനന്ന്! ആ ഡൂണ്ഡിയായ്ക്കു നാം കുറച്ചു മുമ്പ് ആലോചിച്ചില്ലേ? ആ ശിക്ഷാമാർഗ്ഗം ഈ മാംസകൂടത്തിൽ പ്രയോഗിച്ചാൽ നമ്മുടെ സേനയ്ക്കു നാലഞ്ചുദിവസത്തെ വിനോദദർശനമാകും. മഹാഭവനങ്ങൾക്കും ക്ഷേത്രങ്ങൾക്കും നാം നല്കിയ ബഹുമതിതന്നെ ഈ കൃത്രിമ മൂർത്തിയേയും അവന്റെ അവസാനത്തോടും ചേർക്കട്ടെ!"

ഈ കല്പനകേട്ട് എഴുന്നേറ്റ ഗൗണ്ഡൻ അഥവാ ഭട്ടൻ തന്റെ ദാസ്യം അംഗീകരിച്ച ബ്രാഹ്മണൻ അല്ലെന്ന് ടിപ്പുവിനു തോന്നിപ്പിക്കുമാറുള്ള പൗരുഷാഹങ്കാരങ്ങളോടെ യാതൊരു പുച്ഛത്തിന്റെയും ആച്ഛാദനവും സന്ധിയുടെ നമനവും കൂടാതെ നിലകൊണ്ടു. ജടിലിച്ചുള്ള മീശയും ജീർണ്ണമായ പുരുകങ്ങളെയും ആ സന്നിധാനത്തിൽ വച്ചു തലോടി സ്വൈരഭാവം നടിക്കുന്ന ആ ധിക്കാരി അജിതസിംഹന്റെ ഉള്ളത്തെപ്പോലും കിടുക്കി; പരിജനങ്ങളെ ഓരോ മറവുകളിലോട്ടുമാറ്റി; ടിപ്പുവെക്കൊണ്ടു കഠാരയെ അതിന്റെ കോശത്തിൽ പുനരാവേശിപ്പിച്ചു. അപാരാധാരോപത്തിനും സംഗതിവിസ്താരത്തിനും സാക്ഷ്യസംഭരണത്തിനും കാത്തുനില്ക്കാതെ, സമാധാനോപന്യാസത്തെക്കൊണ്ടു തന്റെ കഥാന്തം വരുത്തിക്കൊൾവാൻ ആ ധീരകുലജാതൻ മുതിർന്നു. ആ സേനാരാമത്തിൽ കടന്നതിന്റെ ശേഷം തന്നെ കണ്ടിട്ടും പ്രമാണിഭാവത്തിൽ ആദരപ്രകടനംകൂടാതെ നടന്നുകളഞ്ഞ ഭംഗാരാമൻ തന്റെ പരമാർത്ഥങ്ങളെ എങ്ങനെയോ അറിഞ്ഞ് ടിപ്പുവിനെ ധിരിപ്പിച്ചിരിക്കാമെന്ന് ആ തന്ത്രജ്ഞൻ ഗ്രഹിച്ചു. അവനെ തന്റെ വിശ്വസ്തചാരനാക്കി തിരുവനന്തപുരത്തു സഞ്ചരിപ്പിച്ചത് ദിവാൻജിയോടോ മറ്റോ സംഘടിപ്പാൻ അവനു സംഗതി വരുത്തിയിരിക്കാമെന്നും അവനെ പാട്ടിലാക്കിയ വിദഗ്ദ്ധൻ, താൻ മൃതനാക്കിയ സത്രഭടന്റെ അനുജനെ പ്രതിക്രിയയ്ക്ക് [ 328 ] ഉദ്യോഗിപ്പിച്ചും പരമാർത്ഥങ്ങൾ ധരിപ്പിച്ചും അവനെ തന്റെ ഒരു വധായുധമായി പ്രയോഗിച്ചിരിക്കുന്നു എന്നും ലോകകൗശലങ്ങളിൽ അഭിജ്ഞനായിത്തീർന്നിട്ടുള്ള ആ ഭൂതത്താനിൽ ആത്മോദയമുണ്ടായി. രാമവർമ്മ മഹാരാജാവിന്റെ ശത്രുവായി കാപ്പുകെട്ടിയ മുഹൂർത്തംമുതൽ ഗൃഹത്യാഗംവരെയുള്ള ആദ്യ സ്കന്ധത്തിലും, ആപൽഗ്രസ്തനായി, വിദേശസഞ്ചാരിയായി ഒരു രാജവ്യാഘ്രത്തിന്റെ പാദസേവനം ദീക്ഷിച്ച് ആ രാജർഷിയെ ദ്രോഹിപ്പാൻ പുറപ്പെട്ട ഈ രണ്ടാം സ്കന്ധത്തിലെ പ്രഥമ പദംമുതൽക്കു ക്ഷീണപൗരുഷനായി എല്ലാ ശ്രമങ്ങളിലും സ്ഖലിതകൗശലനുമായി. ധർമ്മംകൊണ്ടു ഹസ്തപ്രക്ഷാളനം ചെയ്യുന്ന അവിടുന്നും, അവിടുത്തെ മന്ത്രിയും വാഴ്ചകൊള്ളട്ടെ! എന്നിങ്ങനെ സമാധാനപ്പെട്ടുള്ള ചിത്താശ്വാസം മാണിക്കഗൗണ്ഡൻ എന്ന പേരോടെ ചാരവൃത്തി അനുഷ്ഠിച്ചുവന്ന ഭട്ടനെ നിധനായുധങ്ങളാലും അജയ്യനായ ഒരു വീരമാണിക്യമായി സുൽത്താന്റെ മുമ്പിൽ പ്രകാശിപ്പിച്ചു. അയാളുടെ ഹ്രസ്വകണ്ഠം അതിന്റെ വിപുലവ്യാസത്തിൽനിന്നു പുറപ്പെടുവിച്ച ശബ്ദങ്ങൾ ടിപ്പുവിന്റെ ഗർവ്വമർമ്മത്തിന്മേൽ ശൂലധാരകളുടെ അനിരോദ്ധ്യമായുള്ള നിശിതവർഷംപോലെ തറച്ചു.

ശിക്ഷണീയനായി തന്നാൽ വിധിക്കപ്പെട്ട ദുരുപദേഷ്ടാവെ അയാളുടെ ഭാവനിലകളുടെ പരിവർത്തനത്തിൽ കണ്ടപ്പോൾ കല്ലോലനിരകൾ തുള്ളിക്കളിച്ചു വിഹരിക്കുന്ന മഹാജലാശയങ്ങൾ കാർമേഘലാഞ്ഛനം കണ്ട് അനന്തര സംരംഭത്തിനായി സ്ഫടികപ്രശാന്തതയിൽ ലയിക്കുമ്പോലെ ടിപ്പുസുൽത്താൻ തന്റെ അകക്കാമ്പിൽ പുളച്ചുതുടങ്ങിയ വ്യാഘ്രതയെ ദമനംചെയ്തുകൊണ്ടു ഹംസകണ്ഠങ്ങളിലെ മൃദുപിഞ്ഛങ്ങളാൽ നിർമ്മിതമായുള്ള മഹോപധാനത്തിന്മൽ ഒരു സ്കന്ധത്തെ ആമഗ്നമാക്കി അർദ്ധശയനംചെയ്തു. ഗൗണ്ഡൻ നിർഭയനായി, ജീവത്യാഗത്തിനും സന്നദ്ധനായി, തന്റെ പരമാർത്ഥങ്ങളിൽ അവജ്ഞയ്ക്കും ഗോപനത്തിനും പാത്രമായ അംശങ്ങളില്ലെന്നുള്ള ഭാവനയോടെ, ശിക്ഷാദണ്ഡത്തിന്റെ നിപാതത്തെ തന്റെ ജന്മദേശഭാഷയിൽ ഊർജ്ജിതമായി നിമന്ത്രണംചെയ്തു. "നിന്തിരുവടി രക്ഷയ്ക്കും ശിക്ഷയ്ക്കും ചെങ്കോലാണ്ടവൻ" സുൽത്താന്റെ അപാംഗവീക്ഷണത്താൽ ആജ്ഞാപിക്കപ്പെടുകയാൽ ബബ്‌ലേശ്വരൻ ഗൗണ്ഡഭാഷണങ്ങളെ ഹിന്ദുസ്ഥാനിയിൽ ഭാഷാന്തരപ്പെടുത്തി.

ഗൗണ്ഡൻ: "ഈ ഉമിത്തീയും, എരിവും, ചപ്രവും എല്ലാം എവന് ഏതെങ്കിലേത്! എങ്ങിനെയും അങ്ങെത്തണമെന്നല്ലാണ്ട്, പനിനീരും ചന്ദനക്കട്ടയും പഞ്ചവാദ്യവും ഒരു സ്വർഗ്ഗവും തരൂല്ല. ആൺപിറന്ന എനത്താനു പിറന്നവനെന്ന് ഈ ദർബാറിൽ നെഞ്ചിലടിച്ച് ഉറപ്പുതരാം. കച്ചവടവഴി പെഴച്ചുപെയ്യത് ഇന്നറിഞ്ഞേ ഒള്ളു. അത്തണലിൽ ചെന്ന് ഇന്നു വീഴുന്നാലും ചേക്കകിട്ടും തിരുവടീ! ഇവിടെ ഇങ്ങു ചാമ്പക്കുഴി എടുപ്പാനും കതമ്പ കൂട്ടാനും കല്പന-"

ഗൗണ്ഡന്റെ ഓരോ പദവും പീരങ്കിമുഖങ്ങളിലും നിശ്ചലനായ സുൽത്താൻ ബഹദൂറിന്റ ഹൃദയത്തിന്മേൽ നാഗാസ്ത്രതുല്യം [ 329 ] തറയ്ക്കുന്നു എന്നും, അവസാനകലാശം പൂർവ്വവിധിയിലും അധികം ഭയാനകമായിത്തീർന്നേക്കാം എന്നും ചിന്തിച്ച് അജിതസിംഹൻ സ്വമിത്രമായി സഹകരിച്ചിരുന്ന ഗൗണ്ഡനോടു ക്ഷമായാചകനായി പ്രവർത്തിപ്പാൻ കടാക്ഷാഞ്ചലത്താൽ പ്രാർത്ഥിച്ചു. ഗൗണ്ഡൻ ആ ഉപദേശത്തെ അനാദരിച്ചു തന്റെ അപരാധസമ്മതത്തെ തുടർന്നു: "അതിനെന്ത്? ആഹാ! തിരുവടികൾ ഉംദുത്ത് ഉൽമുൽക്ക് മുബാറുക്ക് ഉദ്‌ദ്ദൗളാ ടിപ്പുസുൽത്താൻ ആലിഖാൻ ബഹദൂർ ഹസ്സ ബർജംഗ് എന്ന നെടും പേർകൊണ്ടു രാജ്യം പിടിക്കുന്നു. എവന്റമ്മേടെ വയറ്റിൽ പിറന്ന ഉടയാൻ പൊന്നുതിരുവടീടെ തന്തപ്പെരിയവൻ എടുത്ത അടവുതന്നെ ചവുട്ടി എങ്കിലും ഇതാ കടശിക്കൈക്കു കുറ്റുമിയും കുറുംചാമ്പലും തിന്നാൻ വിധി. അതു കപ്പേണ്ട വായ്കൾ നെടുനാൾ കൊന്നും കരിച്ചും മുടിച്ചും വാഴട്ടെ! വീടുവെച്ചു-മേടവച്ചു-എന്നിട്ടോ? ഉപ്പിടാക്കെ ഇരുട്ടോടെ തൊലഞ്ഞു. ഒരു ഹരിപഞ്ചാനനസ്വാമി തിരുവടികള്-അയാന്റടുത്തും ഇപ്പോലെ കൂത്തടിച്ചു. മഹാപാപി കൊലയും ചെയ്യിച്ചു കുലം വെറുപ്പിച്ചേയുള്ളു."

'ഹരിപഞ്ചാനൻ' എന്ന നാമം കേട്ടപ്പോൾ, ടിപ്പുസുൽത്താൻ പൊടുന്നനവെ തന്റെ കനകമഞ്ചത്തിൽ എഴുനേറ്റിരുന്നു. മഹാത്മാവായ തന്റെ ജനകൻ അവിടുത്തെ കോശകാര്യസ്ഥൻ മുഖേന നിരവധി ധനം വ്യയംചെയ്തു രണ്ടു കലാപകാരന്മാരെ തിരുവിതാംകൂറിൽ വ്യാപരിപ്പിച്ചിരുന്നു എന്നും അവർ വിദഗ്ദ്ധസാഹസാനന്തരം എവിടെയോ അന്തർദ്ധാനംചെയ്തു എന്നും അവിടുത്തെ 'പരിശുദ്ധ'വക്ത്രത്തിൽനിന്നുതന്നെ കേട്ടിരുന്ന പുരാവൃത്തത്തെ സുൽത്താൻ സ്മരിച്ചു. ഹരിപഞ്ചാനനവൃത്താന്തം കേൾപ്പാൻ സുൽത്താൻ ആഗ്രഹിക്കുകയാൽ ഗൗണ്ഡൻ അതിനെ സംക്ഷേപിച്ചു ധരിപ്പിച്ചുകൊണ്ടു സ്വകഥനത്തെ തുടർന്നു: "അക്കഥയിലെ 'ചന്ദ്രകാരപ്രഭു' ഇവൻതന്നെ. ആ ആശയ്ക്ക് അതിരില്ലാത്തവൻ പിൽക്കാലത്തെ കാളിപ്രഭാവട്ടൻ. അതിനിടയിൽ തിണ്ടാടിയ മട്ടും മലപ്പും ഏതുടയവനറിഞ്ഞു? സ്വാമി ഗംഗുറാംപ്രഭു, പുണ്യവാളൻ, കൈ തന്നു കരയിൽ കേറ്റി രക്ഷിച്ചതിനെ, ആ തിരുമലരായർ മുടിയാൻകാലത്തിനു വന്നുകേറി എല്ലാം കെടുത്തു. എങ്ങാനും കിടന്നു കാലം മുടിയുമ്പം ചാവാനൊള്ളവനെ ഇന്നത്തെ മുടിവിനാശത്തിലും കൊണ്ടടുപ്പിച്ചു. പിറവിപ്പെരുമയുള്ളവന്റെ ഉറവ് ഏതു കുറയും പൊറുക്കും. അല്ലാണ്ടൊള്ളവൻ-ഛേ! ഏതു പൊൻകയ്യോ ഒടവാളേന്തിയ കൈയോ എരിക്കട്ടെ, കരിക്കട്ടെ-കാളിഉടയാൻ ചന്ത്രക്കാറൻ വച്ച വീടും നേടിയ പൊരുളും ആൺപേരാളും. അതു കണ്ടു കണ്ണു നിറഞ്ഞേ നിറഞ്ഞു. ഇനി ഇരിപ്പെന്ത്, മരിപ്പെന്ത്?"

കാളി ഉടയാൻ ചന്ത്രക്കാരൻ അയാൾതന്നെ എന്നു സമ്മതിച്ചപ്പോൾ, ഭംഗാരാമനിൽനിന്നു കിട്ടിയിരുന്ന കഥകൾ ഓർത്ത് അയാളുടെ തേട്ടമായ നിധികളെ തന്റെ പാട്ടിലാക്കി എങ്കിലും, തന്റെ ധനനഷ്ടം പരിഹരിക്കാത്ത അപരാധത്തിനു സമാധാനമെന്തെന്ന് സുൽത്താൻ ചോദ്യം തുടങ്ങി. ചിലമ്പിനഴിയത്തെ കാളിഉടയാൻ ചന്ത്രക്കാറനായ ഉഗ്രമൂർത്തി [ 330 ] തന്റെ ജീവിതമഹാനാടകത്തിൽ അവസാനാങ്കം ലേഖനശ്രമംകൂടാതെ മൗനമുദ്രകൊണ്ട് അഭിനീതമാകട്ടെ എന്നു ചിന്തിച്ച് തന്റെ പിംഗളാക്ഷങ്ങളെ വിടുർത്തി അഭിമുഖവീക്ഷണത്താൽ ആ ചക്രവർത്തികളേബരത്തെ തീണ്ടുകതന്നെ ചെയ്തു. ആഗ്നേയാസ്ത്രപ്രയോഗത്താൽ വിജയകീർത്തി സമ്പാദിക്കുന്ന ആ ആസുരരാട്ടിന്റെ പാദനഖങ്ങൾമുതൽ, ഒരു പോകാഗ്നിശിഖ പൊങ്ങി, ആ ശരീരത്തിലുള്ള ജൃംഭകദ്രവ്യങ്ങളിൽ വ്യാപരിച്ച് ആ സൈനികസങ്കേതം മുഴുവനെയും കിടുങ്ങിച്ച ഒരു ഭൂകമ്പത്തെ സംഭവിപ്പിച്ചു. ദുർബോധനകളാൽ വഞ്ചിച്ചു തന്നെക്കൊണ്ടു ബഹുധനവ്യയം ചെയ്യിച്ച ധൂർത്തൻ ധിക്കാരവാദം ചെയ്യുന്നത് ശത്രുപക്ഷത്തിന്റെ അനുകൂലി ആകകൊണ്ടുതന്നെ എന്ന് ടിപ്പുസുൽത്താൻ വിളികൂട്ടി. തന്റെ ധനം മുടക്കി സംഭരിച്ചിട്ടുള്ള സാമാനങ്ങൾ എവിടെ എന്നു ചോദ്യം. ഉത്തരമില്ല. അന്നന്നു തന്റെ ഖജനാവിൽനിന്നു വരുത്തി കൈക്കാണങ്ങൾ കൊടുത്ത് ഏർപ്പാടുകൾ ചെയ്ത ഉപജാപങ്ങൾ എന്തെല്ലാം? ഫലങ്ങൾ എന്ത്? എന്നു ചോദ്യം. പിന്നെയും ഉത്തരമില്ല. തന്നെക്കണ്ടു സമ്മാനിതനായി പോയിട്ടുള്ള പെരിഞ്ചക്കോടൻ എന്ന ആളാൽ ശേഖരിക്കപ്പെട്ട സൈന്യം എവിടെ? എന്നു ചോദ്യം. ഉത്തരം മൗനനിലതന്നെ. മഞ്ചത്തിൽനിന്ന് എടുക്കപ്പെട്ട ഖഡ്ഗം തിളങ്ങെ, "പരമദുഷ്ടാ! നീചാ! നീ 'ഭാമ്മൻ' ആണെന്നു സാക്ഷി പറവാനയച്ച മാധവായിക്കനെവിടെ?" എന്നുണ്ടായ ഗർജ്ജനത്തിനും ഗൗണ്ഡൻ മന്ദഹാസപൂർവ്വം ബധിരഭാവത്തെ നടിച്ചു. ഇങ്ങനെ ഭർത്സിക്കപ്പെട്ട സുൽത്താൻ നീചപദങ്ങൾ പ്രയോഗിച്ചുകൊണ്ടു ഖഡ്ഗത്തെ ചന്ത്രക്കാറന്റെ കണ്ഠം ലക്ഷ്യമാക്കി വീശി അടുത്തു. അയാൾ സമസ്തസംഭവങ്ങൾക്കും നിശ്ചേതനനെന്നപോലെ നിശ്ചലനായി നിന്നു.

സുൽത്താൻ: "ഹീനനായ, പുരീഷഭോക്താവായ, ഷണ്ഡശലഭം! നീ ഇവിടെ ചാമ്പലായി കിടക്ക്. ഭഗവന്നിയുക്തനായ നാം നമ്മുടെ ചന്ദ്രക്കലാധാരയാൽ നിന്റെ ജന്മദേശത്തെ വെളിന്തറയാക്കാൻ ഇതാ പുറപ്പെടുന്നു. അജിതസിം! കമ്മറുദീനോട് ഈ ദൈവപ്രഭാപ്രദ്യോതസമയത്ത്, ആദ്യന്തമഹച്ഛക്തിയുടെ പരിവേഷം നമ്മുടെ അല്പപ്രജ്ഞയെ ആവരണംചെയ്തു പുറപ്പെടുവിക്കുന്ന നിയോഗത്തെ ധരിപ്പിക്കുക. കാലാൾ ഇരുപതിനായിരം, അതിനു ചേർന്ന കുതിരപ്പട, പീരങ്കി, മദഗജം, ഒട്ടകം - പട നീങ്ങട്ടെ - അഴിക്കോട്ട ആദ്യം തകരട്ടെ. ദൈവമഹത്ത്വത്താൽ ഈ ആക്രമണത്തെ നയിക്കാൻ അധിനാഥനായി കല്പിക്കപ്പെടുന്നത്, അനശ്വരമായ സത്യവിശ്വാസപതാകയുടെ ദിവ്യകേതുവായുള്ള നാംതന്നെ. കാബായിൽ പൂജിച്ചുള്ള നമ്മുടെ വാൾ ഇതാ അനന്തതത്ത്വപ്രഭകൾ വിതറി പൈശാചതിമിരത്തെ ഉദ്വസിക്കാൻ പ്രകമ്പിക്കുന്നു. ഇവനെ-ഈ ചൈത്താനെ-അവന്റെ ദുർന്നായകൻ കിടക്കുന്ന കുണ്ഡത്തിൽത്തന്നെ വീൾത്തട്ടെ. ഈ ശിക്ഷ-"

അരമനയിൽനിന്ന് ഉത്ഭവിച്ച ഒരു സംഗീതസരളഝരിക സുൽത്താന്റെ കോപാഗ്നിയെ ശാന്തമാക്കി. ഉദയാസ്തമയാകാശങ്ങളെ [ 331 ] ചിലപ്പോൾ ആച്ഛന്നമാക്കുന്ന ഒരു ചൂതപല്ലവദ്യുതി ആ പ്രാസാദത്തിലെ പ്രഭാമാന്ദ്യത്തെ ആവരണംചെയ്ത് സുൽത്താന്റെ അന്തശ്ചക്ഷുസ്സുകളെയും അഞ്ചിച്ച് ആ ആനന്ദമയ മുഹൂർത്തം ഉദയസന്ധ്യയോ ദിനാന്തസന്ധ്യയോ എന്നുള്ള സംശയാവേശത്തിൽ അദ്ദേഹത്തെ അവഗാഹിതനാക്കി. ഈ നിലകൊണ്ട ചന്ത്രക്കാറൻ തന്റെ മൗനവ്രതത്തെ ഖണ്ഡിച്ച് ഇങ്ങനെ ഹിതോപദേശത്തെ പ്രസംഗിച്ചുതുടങ്ങി: "പരാക്രമികളിൽ ഒന്നാംപുള്ളിയായ തിരുമുമ്പീന്ന് ഒന്നു കേൾക്കണം. കണ്ണു രണ്ട്, ചെവി രണ്ട് - എങ്കിലും മനുഷ്യനു ബുദ്ധി ഒന്നേയുള്ളു. ആ ഒറ്റയാൻ കോട്ടകെട്ടിപ്പോകും. ആ കോട്ടകൾ തൊടാൻപോലും കിട്ടുകില്ല. ലോകം മുച്ചൂടും പൊന്നുകെട്ടിക്കളയാമെന്നു ക്നാക്കാണുന്നതൊന്നും നടവാ. 'ഇന്നു വരും മുല നാളെവരും' എന്നു കൊക്കറച്ചോണ്ടു നടക്കണ കോഴിക്കും ഉലകം തളതളത്തിളങ്ങുന്നു. മുലയോ? അപ്പടപ്പിനു ചാക്കില്ലാത്ത അങ്ങുള്ളവൻ ഇതുവരെ മനം വച്ചിട്ടില്ല. അഴിക്കോട്ട പിടിക്കാം. അടുത്ത ചെളിവാരങ്ങളും താണ്ടാം. പിന്നത്തെ മലയും തറയും എന്തോ ഏതോ! എന്റെ പൊന്നു തിരുവടി മാനത്തു ചായം പുരട്ടാൻ എഴുന്നള്ളിയാൽ, പോക്കണം കെട്ടുപോകും-"

സംഗീതത്തിൽ ലയിച്ചുള്ള ടിപ്പുവിന്റെ ചിത്തത്തെ ഉപദേശപ്രസംഗത്തിന്റെ അവസാനഭാഗത്തിലോട്ടടുത്തപ്പോൾ ഉച്ചത്തിലായ ചന്ത്രക്കാറന്റെ ഋഷഭസ്വരം ആ രംഗത്തിലോട്ടു പ്രത്യാകർഷിച്ചു. തന്റെ സേനയുടെ പ്രസ്ഥാനത്തിനുള്ള ആജ്ഞകൾ കൊടുത്തുകഴിഞ്ഞു. തന്നെ കബളിപ്പിച്ച തിരുവിതാംകൂർകാരനെ ശിക്ഷിപ്പാനുള്ള വിധി ഒന്നിലധികം ആവർത്തിച്ചു പ്രസ്താവിക്കപ്പെടുകയും ചെയ്തു. അനന്തരകരണീയം സംഗീതശ്രവണംതന്നെ എന്ന് അഭിരുചിഗതിയും വിധിച്ചു. തന്നിമിത്തം ചന്ത്രക്കാറന്റെ പ്രസംഗം അയാളുടെ തൽക്കാലഭാഗ്യത്താൽ വൃഥാ കണ്ഠക്ഷോഭമായി. മന്ദപവനതരംഗങ്ങളുടെ പ്രവാഹത്തോടിടചേർന്ന് എത്തുന്ന ആ സംഗീതസമ്മേളനം കേരളത്തിന് ആ സേനാപ്രവേശത്താലുള്ള ദുരിതാനുഭവങ്ങൾക്കു മുമ്പ് അനുഭവിക്കാൻ ഭാഗ്യമുണ്ടായിട്ടുള്ളതല്ലായിരുന്നു. ഗായകവൈദുഷ്യത്താൽ പരിഷ്കൃതമായ സ്വരമാധുര്യം ആ സങ്കേതവാസികളുടെ ഹൃദയത്തെയും ഡോളായിതമാക്കി, ത്രിദിവപരമാനന്ദത്തെ ആസ്വദിപ്പിച്ചു. പവനവീചിയെ ആഘാതംചെയ്കയോ, വാദ്യമുഖത്തെ നോവിക്കുകയോ ചെയ്യാതുള്ള അംഗുലീചലനങ്ങളാൽ ഗാനമാത്രകൾ മദ്ദളചർമ്മങ്ങളിൽനിന്നു യഥാക്രമം ധ്വനിതമാകുന്നതും ഒരു ഗീതവിശേഷമായി നാദചാതുരിയെ സഫലമാക്കുന്നു. ഈ മാർദ്ദംഗികസഹകരണത്തോടെ ആലപിതമാകുന്ന ഗീതം, വൈകുണ്ഠവാസിയായ ഭഗവാന്റെ യോഗനിദ്രയ്ക്കു ഭംഗംവരാതെ ക്ഷീരസാഗരത്തിലെ ചെറുകല്ലോലനിരകൾ ആ ആനന്ദസങ്കേതത്തിലെ പരിപാവലസോപാനത്തിന്മേൽ മൃദുലതാഡനംചെയ്യുമ്പോലുള്ള മൃദുലയത്തിൽ ജീവജാലങ്ങളുടെ അന്തഃകരണങ്ങൾക്ക് അമൃതബിന്ദു പ്രോക്ഷണംചെയ്യുന്നു. ഈ കണ്ഠമുരളിയോടു സഹവർത്തിയായി ചലിപ്പിക്കപ്പെടുന്ന [ 332 ] സാരംഗതന്ത്രികളുടെ മഞ്ജുളാലാപം ശബ്ദഝരികയിൽ ലയിച്ച് വാദ്യകണ്ഠങ്ങളുടെ ദ്വന്ദ്വതയെ ദുർഗ്രഹമാക്കുന്നു. സുൽത്താന്റെ ഇതിഹാസങ്ങളിൽ കീർത്തിതകളായ വിയൽകാമിനികളുടെ ഗാനസമ്മേളനമെന്നപോലുള്ള ആ പ്രയോഗം ശ്രോതാക്കളായ അദ്ദേഹത്തെയും പരിസരവാസികളെയും തൽക്കാലത്തേക്കു ജരാനരശൂന്യരാക്കി, ഒരു സുധർമ്മാവാസത്തെ അനുഭവിപ്പിച്ചു. എങ്കിലും മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട ധൂർത്തൻ മാത്രം ആനന്ദസ്തോഭമെന്നും കൂടാതെ ജടിലശ്മശ്രുക്കളാൽ മറയ്ക്കപ്പെട്ടുള്ള ഹനുക്കളെ ചലിപ്പിച്ച് അയാളുടെ ചിന്തകൾക്കു താളംപിടിച്ചു നില്ക്കുന്നതു കാണുകയാൽ, സുൽത്താൻ ആ മൃഗാതീതജീവിയായ വൃദ്ധന്റെ മുഖത്തു കണ്ണുകൾ തുറിച്ചുറപ്പിച്ചുപോയി. ഈ ദർശനത്തിൽ കർത്തവ്യബോധം നഷ്ടമാവുകയാൽ, അതിന്റെ പുനർലബ്ധിക്കായി സ്വകൂർച്ചത്തെ ഗ്രഹിച്ച്, മുഖത്തെ ചാഞ്ചാടിച്ച്, ക്ഷണനേരത്തേക്കു രാജത്വവും വ്യാഘ്രത്വവും താൻ വഹിക്കേണ്ട കാർത്തികേയത്വവും മറന്നു.

സംഗീതം ഒരു ഗീതചരണത്തിന്റെ പരിപൂർണ്ണതയിൽ എത്താതെ, പൊടുന്നനവെ നിലകൊണ്ടുപോകുന്നു. തന്റെ മുമ്പിൽ നിൽക്കുന്ന അഭൗമസൃഷ്ടിയുടെ വിരസത തന്റെ അരമനയിലോട്ടും വല്ല മന്ത്രതന്ത്രപ്രയോഗത്താലും വ്യാപരിപ്പിക്കപ്പെട്ടുവോ എന്നു സംഗീതരസികനെങ്കിലും ആര്യമതദ്വേഷിയായ ആ മതാന്ധൻ വ്യാകുലപ്പെട്ടു. അല്പനേരം ചിന്തയോടെ നിന്നിട്ട്, അരമനസ്സുഖം കാംക്ഷിച്ച് അങ്ങോട്ടു പുറപ്പെടാൻ നിശ്ചയിച്ചുകൊണ്ട് സുൽത്താൻ ബഹദൂർ ചന്ത്രക്കാരന്റെ നേർക്കുള്ള തന്റെ വിധികല്പനയെ നിയമാനുസാരം അഭേദ്യമെന്നുള്ള വിചാരത്തോടെ ഒന്നുകൂടി വചിച്ചു.

ആ കൂടാരത്തോടു ചേർന്നുള്ള വിശ്രമനിലയത്തിൽനിന്നു ചില പാദസരങ്ങളുടെയും ഹസ്തകടകങ്ങളുടെയും ശിഞ്ജിതങ്ങൾ കൃപാർദ്രവചസ്സുകളുടെ പ്രതിധ്വനികളെന്നപോലെ പുറപ്പെട്ടു. വസ്ത്രങ്ങളുടെ അതിലോലമായുള്ള ചലനശബ്ദവും സൂര്യപടസമാനമായുള്ള പാദങ്ങളുടെ ആവേശത്തോടുകൂടിയുള്ള ഗമനത്തിന്റെ അതിമന്ദശബ്ദവും കേട്ടുതുടങ്ങി. തന്റെ അന്തഃപുരനിയമങ്ങളെ ലംഘിച്ചുള്ള ആഗമനശങ്ക കേവലം വിഭ്രമമോ എന്ന് അത്യാശ്ചര്യപ്പെട്ട് സുൽത്താൻ ശൃംഗാരകോപിഷ്ഠനായി നോക്കുന്നതിനിടയിൽ മഹമ്മദീയരീതിയിൽ, സുൽത്താന്റെ സംബന്ധിനികളായ രാജകുമാരികൾ അണിയുന്ന തരത്തിലുള്ള പാവാടകളും അങ്കികളും ആഭരണങ്ങളും ധരിച്ചു മൂടുപടത്തെക്കൊണ്ടു മുഖം മറയ്ക്കാതെയുള്ള ഒരു തേജഃപുഞ്ജം ആ രംഗത്തിൽ പ്രകാശിച്ചു. സംഭ്രമമല്ല, ഒരു നിശ്ചയദാർഢ്യം തിളങ്ങുന്ന കണ്ണുകളെ മറയ്ക്കാൻ കേശചാമരഖണ്ഡങ്ങൾ യവനികാകർമ്മത്തിനു തുനിഞ്ഞപ്പോൾ, കനകപ്രഭമായ കർണ്ണപാളികൾക്കു പുറകിൽ ആ അപ്രാർത്ഥിതപരിചരണക്കാർ ബന്ധിക്കപ്പെട്ടതിൽ കാന്തദഹനാനന്തരം വിലപിക്കാൻ ശേഷിച്ച രതീത്വമല്ല, അവമാനപീഡയാൽ യജ്ഞാഗ്നിയെ ശരണം പ്രാപിച്ച സതീത്വംതന്നെ പ്രത്യക്ഷപെട്ടു. എന്നാലോ, കുലീനതാധാമമായുള്ള ആ [ 333 ] കന്യകാമുഖം പൂർണ്ണചന്ദ്രോദയംപോലെ സുൽത്താന്റ മുഖമണ്ഡലത്തിലും ഒരു ആനന്ദപ്രസരം ജനിപ്പിച്ചു. തന്റെ മതനിയമങ്ങളും ശുദ്ധാന്തവ്യവസ്ഥാപനങ്ങളും ലംഘിക്കപ്പെട്ടിട്ടില്ലെന്നുള്ള സന്തുഷ്ടിയോടും വ്യാഘ്രതാദിദുര്യശസ്കരദോഷങ്ങൾ മറ്റേതോ ദുർന്നയന്റെ ചാപല്യങ്ങളാണെന്നു തോന്നിപ്പിക്കുമാറുള്ള വാത്സല്യപ്രകർഷത്തോടും ആ പ്രകൃതിവിഭൂതിമതിക്കു സ്വാഗതാഭിനയമായി അദ്ദേഹം തന്റെ ഹസ്തതലങ്ങളെ വിടുർത്തി - ആശ്ചര്യം! ഒന്നു കുനിയുകയും ചെയ്തു. മഹാവീരവംശജയായ കന്യക സമഗ്രമഹത്ത്വത്തെ പുരസ്കരിച്ചു തന്റെ മുമ്പിൽ കണ്ട വികൃതവേഷക്കാരനായ വൃദ്ധനെ ആദരപൂർവ്വം തൊഴുതുകൊണ്ട് സുൽത്താന്റെ മുമ്പിൽ മുട്ടുകുത്തി, പുത്രീഭാവത്തിൽ തന്റെ സമീഹിതത്തെ അത്യൂർജ്ജസ്വലമായ ഭാഷയിൽ ധരിപ്പിച്ചു. ബബ്‍ലേശ്വരനായ അജിതസിംഹൻ, ഭഗവൽപദമഹാത്മ്യത്തെ ധ്യാനിച്ചുകൊണ്ടും സുൽത്താൻ ബഹദൂറെ യഥാചാരം നമിച്ചുകൊണ്ടും തന്നാൽ പരിപാലിക്കപ്പെടുന്ന കന്യകയെ അഭിനന്ദനവാത്സല്യങ്ങളോടെ കടാക്ഷിച്ചുകൊണ്ടും രംഗത്തിൽനിന്നു നിഷ്‌ക്രാന്തനായി.