രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഒൻപത്
[ 94 ]
അദ്ധ്യായം ഒൻപത്
"കാട്ടിൽക്കിടന്നോരു നിന്നെക്കൊണ്ടന്നിങ്ങു
നാട്ടിൽവച്ചിട്ടല്ലോ ഗർവ്വനേകം"


അടുത്ത ദിവസം തിരുവനന്തപുരം നഗരത്തിന് 'ഉദയഗിരി ചുവന്ന'പ്പോൾ പൗരജനങ്ങളെ ഉണർത്തിയ ശംഖനാദം ടിപ്പുസുൽത്താൻ വടക്കൻവഴി അതിഭയങ്കരമായുള്ള സേനസന്നാഹത്തോടുകൂടി തിരുവിതാംകൂർ സംസ്ഥാനത്തെ ആക്രമിക്കുന്നു എന്നും ആ ആക്രമണത്തെ തടയുവാൻ വേണ്ട വ്യവസ്ഥകൾ ചെയ്തിരിക്കുന്നതിനും പുറമെ അപ്പോഴപ്പോൾ ആവശ്യപ്പെടുന്ന സഹായങ്ങൾ കുടികൾ ഉടനുടൻ ചെയ്യേണ്ടതാണെന്നും പരദേശികളുടെ സഞ്ചാരങ്ങൾ സൂക്ഷിച്ചും പടക്കാലത്തു കുറ്റംകെടുതികൾക്കു പിടികൂടപ്പെടുന്നവരെ ചട്ടവരിയോലപ്രകാരമല്ലാതെ കാര്യംപ്ടാത്തക്കാർ കൈയോടെ വിചാരണ നടത്തി കാണുംപടിക്കു ശിക്ഷിച്ചും കൊള്ളകൾ അമർച്ചവരുത്തേണ്ടതാണെന്നും മറ്റും വിവരിച്ചു പതിനാറ് ഓലയോളം നിറച്ചെഴുതി, സകലമാനപേരും അറിവാൻ തമുക്കടിച്ചു പ്രസിദ്ധപ്പെടുത്തിയ ഒരു തിരുവെഴുത്തുവിളംബരമായിരുന്നു.

ഇങ്ങനെയുള്ള സാഹിത്യശകലങ്ങൾ നിക്ഷേപിക്കപ്പെട്ടിരുന്ന രാജകീയ ഗ്രന്ഥപ്പുരകൾതന്നെ അവയുടെ ആഹുതിശാലകൾ ആയിത്തീർന്നതുകൊണ്ട് ഗദ്യസരസ്വതിയുടെ ജനനം കൊല്ലം പതിനൊന്നാം ശതകത്തിലെന്ന് ആധുനികകാലത്തെ കേരളീയപണ്ഡിതലോകം ജാതകച്ചാർത്ത് എഴുതി, അവരുടെ കാലത്തെയും പാശ്ചാത്യവിദ്യാപ്രവാഹത്തെയും പ്രശംസിക്കുന്നു. അക്കഥ എങ്ങനെയുമിരിക്കട്ടെ. ഇച്ഛാമാത്രത്താൽ ലഘുസാദ്ധ്യങ്ങൾ എന്നു പൗലസ്ത്യന്മാർതന്നെയും വിചാരിക്കുന്ന കാര്യങ്ങളും "ദൈവം അന്യത്ര ചിന്തയേൽ" എന്നു പരിണമിച്ചുപോകുന്നു. സാവിത്രീസ്വയംവരം ഒരു പക്ഷത്തിനുള്ളിൽ ആഘോഷിച്ചു ദിവാൻജിയെയും അദ്ദേഹത്തിന്റെ പക്ഷക്കാരെയും കൊടിതാഴ്ത്തിക്കാൻ അനുമതി വാങ്ങി ചിലമ്പഴിയത്തേക്കു പുറപ്പെട്ട [ 95 ] ഉണ്ണിത്താനെ അടുത്ത അരുണോദയത്തിൽ ശയ്യാമഞ്ചത്തിൽനിന്ന് ഉണർത്തിയ വൈതാളികൻ ദിവാൻജിയുടെ പിടിപാടായ സങ്കീർത്തനം വഹിച്ചുള്ള ഒരു ശംഖുമുദ്രാധാരി ആയിരുന്നു. രാജാജ്ഞയുടെ പ്രതീക്ഷണത്തിൽ രണ്ടാം ചിന്തയ്ക്കുപോലും ഒരുങ്ങാതെ മധുരാപുരധ്വംസനത്തിന് ജരാസന്ധൻ എന്നപോലെ ഉണ്ണിത്താൻ തിരുവനന്തപുരത്തേക്കു മടങ്ങി. മദ്ധ്യാഹ്നത്തോടടുത്ത സമയം, പുലിയിക്കുറിച്ചി എന്ന ദുർഗ്ഗപ്രാകാരത്തിൽനിന്നു വടക്കൻകോട്ടകളിലേക്കു മാറ്റുന്നതിനായി തിരുവനന്തപുരത്തേക്കു നീക്കപ്പെട്ടിരുന്ന ചില പീരങ്കികളെ പരിശോധിക്കുന്ന ശ്രമത്തിൽ ദിവാൻജി ഏർപ്പെട്ടിരിക്കുമ്പോൾ കോപവീര്യശോണതയോടെ ഉണ്ണിത്താൻ എത്തി. സാമാന്യേന സാവധാനഗതിയായുള്ള ഉണ്ണിത്താന്റെ ദ്രുതതരഗതി കണ്ടപ്പോൾത്തന്നെ ദിവാൻജി ഉടനെ നടക്കുന്ന സംഭാഷണത്തിനു ശ്രോതാക്കളുണ്ടാകേണ്ട എന്നു തീർച്ചയാക്കി സ്വമന്ദിരത്തിലേക്കു മടങ്ങി. ശിവപുരാണകഥയിലെ നായകനായുള്ള മിത്രസഹനെത്തുടർന്ന ബ്രഹ്മരക്ഷസ്സിനെപ്പോലെ ഉണ്ണിത്താൻ ദിവാൻജിയുടെ പുറകെ സല്ക്കാരശാലയിലെത്തി. സാക്ഷാൽ വിശ്വാമിത്രവസിഷ്ഠന്മാരെന്നപോലെതന്നെ ഇവർ അഭിമുഖന്മാരായി നിന്നു. 'ജനനംമുതൽ ചതിയറിയാ'ത്ത് കൂട്ടത്തിൽ അവതീർണ്ണനെന്നപോലുള്ള സ്വാത്മാഭിമാനത്തോടെ കാലക്ഷേപവിദ്യയായി കൗശല്യകൗടില്യങ്ങളെ വരിച്ച് ഔൽകൃഷ്ട്യം സമ്പാദിച്ചു മുന്നിലകൊണ്ടിരിക്കുന്ന ദിവാൻജിയുടെ മുമ്പിൽ ഉണ്ണിത്താൻ നിന്നുകൊണ്ടു തന്റെ ഹൃദയപാരുഷ്യത്തെ വിസ്രവിപ്പിച്ചു. "ഇതെന്തു വിദ്യയാണ്? തോന്നിയതുപോലെ പ്രവർത്തിപ്പാനാണോ? അങ്ങേ ഈ വലിയ സ്ഥാനത്ത് തിരുമനസ്സുകൊണ്ട് പ്രതിഷ്ഠിച്ചിരിക്കുന്നത്? കീഴിലുള്ളവരുടെ ക്ഷേമവും സൗകര്യങ്ങളും തിരുമേനിക്കു വേണ്ട അങ്ങല്ലേ പര്യാലോചിച്ചു പ്രവർത്തിക്കേണ്ടത്? എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ തൃപ്പാദങ്ങളിൽ കരയണമെന്നു വന്നാൽ ഈ ചെന്നതും ചെലവും വച്ച് അങ്ങേ വാഴിച്ചിരിക്കുന്നതെന്തിന്?"

ദിവാൻജി: "അങ്ങ് തൃപ്പാദഭക്തൻ, വിശ്വസ്തൻ, ഉദാരശീലൻ, സത്യവാൻ, ജനസമ്മതൻ എന്നെല്ലാം കല്പിച്ചുകണ്ടിരിക്കുന്നതു തെറ്റിയെങ്കിൽ ചെന്നു സങ്കടം അറിയിച്ചുകൊള്ളാം. എന്നെ വാഴിച്ചതു പിഴയെങ്കിൽ അതും നിങ്ങളെപ്പോലുള്ള പ്രമാണികൾവഴി തിരുമനസ്സറിയേണ്ടതുതന്നെ."

ഉണ്ണിത്താൻ: "ഈ കഴുത്തിനു ചുറ്റും നാക്കുള്ളവരോടു ഞാൻ വാദിപ്പാൻ ആളല്ല."

ദിവാൻജി: "മിടുക്കൻ താർക്കികനെന്നു തിരുമനസ്സുകൊണ്ടുതന്നെ അഭിമാനിക്കുന്നത് അങ്ങേയാണല്ലോ."

ഉണ്ണിത്താൻ: "അതു പഠിക്കുവാൻ ചെന്നു ചാടിയ ഗൃഹപ്പിഴകൊണ്ടാണല്ലോ അങ്ങ് തലയിൽ കയറുന്നത്. നെടുനാളത്തെ ബന്ധവും ഈശ്വരനെന്നതും മറന്ന് അങ്ങു ദ്രോഹിച്ചു. അതു ക്ഷമിച്ചിട്ടും ഇപ്പോഴും [ 96 ] ആ സാവിത്രിയുടെ ഇഷ്ടമല്ലേ ഇവിടുന്നു നോക്കുന്നുള്ളു? ഈ തരം നോക്കി എന്നെ അങ്ങോട്ട് ഓടിക്കുന്നത് എന്തു കൃത്രിമം."

ദിവാൻജി: "നെടുനാളത്തെ ബന്ധത്തെയും ഈശ്വരനെയും ഞാൻ ആദരിക്കുന്നോ എന്നു കുറച്ചു കാലം ചെല്ലുമ്പോൾ അറിയാം. തന്നെത്തന്നെയും വിശ്വാസമില്ലാത്ത ആളുകളോടു ഞാൻ എന്തു പറയും?"

'തന്നെ' എന്നു പ്രയോഗിക്കപ്പെട്ട പദം ഭാര്യയെ ഉദ്ദേശിച്ചാണെന്ന് ആ താർക്കികൻ വ്യാഖ്യാനിച്ച് അദ്ദേഹത്തിന്റെ കോപപരിഹാസം മൂർച്ഛയിലായി. "ഹോഗ്യം! ആദിമുതല്ക്കുള്ള വിശ്വാസസ്ഥിതി എനിക്ക് അറിയാം. ശുദ്ധഗതിക്കാരനെന്നുവച്ചു നെഞ്ചിൽത്തന്നെ ഏണി ചാരി തലയിൽ കയറുവാൻ നോക്കരുത്. രാമരാവണന്മാർ പിണങ്ങി. ജയിച്ചതു രണ്ടക്ഷരക്കാരൻ."

ദിവാൻജി: "നമ്മെ രക്ഷിക്കുന്ന ഇന്നത്തെ രണ്ടക്ഷരക്കാരനും ജയിക്കട്ടെ. അതിനു ശക്തിക്കൊത്തു സഹായിക്കുക."

ഉണ്ണിത്താൻ: "സ്ഥാനം മറന്നു പ്രതികടം പറയരുത്."

ദിവാൻജി: (മുഖഭാവം ഒന്നു മാറി ഉണ്ണിത്താനോടു നേരെ അഭിമുഖനായി തിരിഞ്ഞുനിന്ന്) "സ്ഥാനം മറന്നോ, കാര്യക്കാരേ? അതു മറന്നു സംസാരിച്ചാൽ ആർക്കും ആപത്തുണ്ട്."

ഉണ്ണിത്താൻ: "അങ്ങേക്കണ്ടന്നുമുതൽക്കേ ആപത്ത് ഇവനേ ചുറ്റിക്കഴിഞ്ഞു. ഭഗവാനേ! കലികാലശക്തി ഇത്ര മുഴത്തുപോകുന്നല്ലോ. ഈ കാര്യം പിടാത്ത എനിക്കു വേണ്ടെന്നുവച്ചാലോ?"

ദിവാൻജി: "ഇന്നത്തെ തിരുവെഴുത്തുവിളംബരം കണ്ടില്ലെന്നുണ്ടോ? ശത്രുവിനെ എതിർക്കുന്നതിനു കുടികൾ സഹായിക്കണമെന്നുള്ള കല്പന അങ്ങെയും സംബന്ധിക്കും."

ഉണ്ണിത്താൻ: "എനിക്ക് ഒന്നും കഴികയില്ല. വാനപ്രസ്ഥം എന്നൊരാശ്രമമുണ്ട്."

ദിവാൻജി: "അതെന്നാൽ പണ്ടേപ്പോലെ മരുത്വാൻമലയിലാക്കിക്കളയാം. ആ സ്ഥലം ഇന്നും ഒഴിഞ്ഞുകിടക്കുന്നു. ഉണ്ണിത്താന്റെ നിലയുടെ സൂക്ഷ്മം ഉണ്ണിത്താൻതന്നെ അറിയുന്നില്ല. രാജദ്രോഹത്തിനു ശിക്ഷ തലവീശലാണ്. ഇന്ന് ആ കുറ്റത്തിന് ആരെങ്കിലും പാത്രമാണെങ്കിൽ അതു ശേഷം ഞാൻ പറയുന്നില്ല."

ഉണ്ണിത്താൻ: "എന്റെജമാന്നെ! ഒന്നും ഉത്തരവാകണ്ട. ദാക്ഷിണ്യവും വേണ്ട. മരുന്നുകോട്ടയെക്കാൾ രണ്ടാമതു പറഞ്ഞ ശിക്ഷതന്നെ ആകട്ടെ. അവിടുത്തെ അഭിലാഷങ്ങൾ സ്വൈര്യമായി സാധിക്കും." (രോദനസ്വരത്തിൽ) "ഇവന് ഇങ്ങനെ കണ്ടും കേട്ടും കഴിയുന്നതിനേക്കാൾ ചാവുന്നതുതന്നെയാണു സ്വർഗ്ഗതി. ബൗദ്ധന്മാരുടെ ആക്രമണം മൂക്കുന്നത് അങ്ങയുടെ കാല് ഈ പുണ്യഭൂമിയിൽ വച്ചതിൽപ്പിന്നെയാണ്."

ദിവാൻജി: "രണ്ടു പേരുടെ കാലും ഒരേ കാലത്തുതന്നെ ഇങ്ങോട്ടുവച്ചു എന്നാണെന്റെ ഓർമ്മ." [ 97 ]

ഉണ്ണിത്താൻ: "എന്റെ കാലുകൊണ്ട് ഒരു സ്ഥലവും അശുദ്ധമാവാനില്ല."

ദിവാൻജി: "ഭരിച്ചും അനുഭവിച്ചും കുബേരത്വമാളുന്ന മുതലുകൊണ്ടോ? മറ്റുള്ളവരുടെ ഗൃഹഗ്രന്ഥവരി അങ്ങേ കൈയിലാണെന്നു നടിക്കേണ്ട. ഇവന്റെ സംഗതിയിൽ പൂർവ്വം എന്തെന്നു കാട്ടുവാൻ രേഖയൊന്നും കാണുകയില്ലായിരിക്കാം. അങ്ങേ ഐശ്വര്യത്തിന്റെ അസ്തിവാരം - ആയ്, ഞാനും നിലമറന്നു സംസാരിച്ചുപോകുന്നു." സാവധാനത്തിൽ നീങ്ങി തന്റെ ആസനത്തെ അവലംബിച്ചുകൊണ്ട് ദിവാൻജി തന്റെ എഴുത്തുപെട്ടിയോടെന്നപോലെ ഒരു ചോദ്യം ചെയ്തു: "ഇന്നു വൈകുന്നേരത്തിനു മുമ്പുതന്നെ തിരിക്കുന്നോ? ചെറുപ്പത്തിലെ സൗന്ദര്യപ്പിണക്കത്തിനുള്ള സന്ദർഭം ഇതല്ല. കല്പന അനുസരിച്ചു നടക്കുന്നോ? നടത്തിക്കേണ്ടതു നാം"

ഉണ്ണിത്താൻ: (ദീർഘശ്വാസത്തോടെ) "ആ തിരുനാമം ഉപയോഗിക്കുമ്പോൾ ഞാൻ എന്തു പറയും? അങ്ങയുടെ ഇഷ്ടം നടക്കട്ടെ. എന്നാൽ അങ്ങല്ലാ ബ്രഹ്മാവ്; അങ്ങയുടെ പടവാളിനെ പേടിക്കേണ്ടതു ദ്രോഹികൾ മാത്രമാണ്. തോല്പിച്ചുകളഞ്ഞു എന്നു സന്തോഷിച്ചു മദിക്കേണ്ട. ഞാൻ ഭാണ്ഡം കെട്ടിക്കഴിഞ്ഞു. ഈ ഭീഷണി കേട്ടിട്ടല്ല. തൃപ്പാദം സ്വരാജ്യലക്ഷ്മി എന്നു കരുതുവാൻ ഞാനും പഠിച്ചിട്ടുണ്ട്. ആ പഠിപ്പിനു വേരുറപ്പു കൂടുകയും ചെയ്യും." (തള്ളിപ്പെരുകുന്ന ദുഃഖം അടക്കാൻ പല്ലു ഞെരിച്ചുകൊണ്ടും ഗദ്ഗദത്തോടും) "വല്ലവരും കരയുന്നെങ്കിൽ കരയിക്കുന്നതു ഞാനല്ല. കൊല്ലുക. എല്ലാം ആധിപിടിച്ചു ചത്തുനശിച്ചുപോകട്ടെ. ആർക്കു ചേതം?" ഇങ്ങനെ അതിക്ഷീണനായി പ്രലപിച്ചുകൊണ്ടു ഭൂസൃഷ്ടിയിൽ ചേർന്നുള്ള ഒരംഗംപോലെ അല്പനേരം നിന്നിട്ട് ഉണ്ണിത്താൻ നടകൊണ്ടു. ദിവാൻജിയുടെ ശരീരം ഉപധാനത്തിലേക്കു ചാഞ്ഞ് അദ്ദേഹം ചില ദീർഘശ്വാസങ്ങൾ മുക്തമാക്കി.

മന്ത്രിപീഠങ്ങൾ കുസുമാസ്തരണമായുള്ള മോഹനതല്പങ്ങളാണെന്നു സാമാന്യലോകം വിഭ്രമിക്കുന്നു. എന്നാൽ, ആ സ്ഥാനപ്രതിഷ്ഠിതന്മാരുടെ അനുഭവം അവ കണ്ടകനിബിഡമായുള്ള ഖരപ്രദേശങ്ങളത്രേ എന്നാണ്. പ്രകൃതിയുടെ അനിവാര്യങ്ങളായ ഗതിവിഗതികൾക്കും ശീതോഷ്ണാവസ്ഥകളുടെ പ്ലവംഗത്വങ്ങൾക്കും നിയുക്തവക്ത്രനായുള്ള ജനതാസത്വം ആ സ്ഥാനവാഹകന്മാരെത്തന്നെ ഉത്തരവാദികളാക്കുന്നു. ശ്രീഹർഷന്റെ മനോധർമ്മത്തിനും അഗോചരമായുള്ള ദ്വൈധവികല്പങ്ങൾ നേരിട്ട് അവരെ പരമാധികാരിയും ബഹുജനതയും ചേർന്നുള്ള അഷ്ടമിരോഹിണീവിഹാരത്തിലെ ശിക്യമാക്കിത്തീർക്കുന്നു. ഈ പരമാർത്ഥത്തിലെ ശല്യത അതിരൂക്ഷതയോടെ അനുഭാവ്യമാകുന്നുതു രാഷ്ട്രമത്സരങ്ങൾ മൂർച്ഛിച്ചു സമരകലാപത്തിൽ കലാശിക്കുമ്പോഴാണ്.

ദിവാൻ കേശവപിള്ളയുടെ ദിഷ്ടമാഹാത്മ്യം തന്മയത്വത്തോടെ ഗ്രഹിക്കണമെങ്കിൽ ഈ തത്ത്വങ്ങളുടെ സൂക്ഷ്മസ്മരണയോടുകൂടി [ 98 ] അതിനെ പരിവീക്ഷണംചെയ്യേണ്ടതാണ്. ഉണ്ണിത്താന്റെ പരിഭവവചസ്സുകൾകൊണ്ടുണ്ടായ മനശ്ചാഞ്ചല്യങ്ങൾ നീങ്ങി, ആ ദിനം ഗൃഹാതരുച്ഛായകൾ ദ്രുതതരം നീണ്ടുതുടങ്ങുന്ന വേളയിൽ എത്തിയപ്പോൾ മാണിക്കഗൗണ്ഡന്റെ അനുചരന്മാർ ഒരു സങ്കടം ധരിപ്പിക്കാൻ ദ്വാരപ്രദേശത്ത് കാത്തുനിൽക്കുന്നുവെന്ന് ദിവാൻജിയുടെ അനുജൻ കുമാരന്തമ്പി അദ്ദേഹത്തെ അറിയിച്ചു. ഗൗണ്ഡന്റെ സംഘവും ഉപജാപപ്രചാരകന്മാരാണെന്ന് ദിവാൻജി ഗ്രഹിച്ചു വേണ്ട ബന്തോബസ്തുകൾ ചെയ്ത് അവരുടെ നടപടികളും സൂക്ഷിച്ചുവന്നിരുന്നു. ആ സംഘക്കാരെ തന്റെ ശാലയിലോട്ടു പ്രവേശിപ്പിക്കുവാൻ മനസ്സില്ലാത്തതിനാൽ ദ്വാരപ്രദേശത്തു ചെന്നു സങ്കടം കേൾക്കാൻ ദിവാൻജി ആരംഭിച്ചു. ത്രിവിക്രമകുമാരനും കുമാരൻതമ്പിയും കാഷായവസ്ത്രങ്ങൾ മാറ്റിയിട്ട് ഉദ്യോഗസ്ഥവേഷം ധരിച്ചിരുന്ന കുഞ്ചൈക്കുട്ടിപ്പിള്ളയും അദ്ദേഹത്തെ മുന്നിട്ടു ദ്വാരപ്രദേശത്തെത്തി വ്യാപാരികൾ 'അങ്കവും കാണാം താളിയുമൊടിക്കാം' എന്നുള്ള കൗശലം അനുസരിച്ച് അവരുടെ കച്ചവടസാമാനങ്ങളുംകൊണ്ടു പുറപ്പെട്ടിരുന്നു. ദിവാൻജി എത്തുന്നതിനിടയിൽ ദ്വാരപ്രദേശത്തിന്റെ ഉഭയപാർശ്വങ്ങളിലും പീടികകൾ നിരത്തിക്കഴിഞ്ഞു. മുസൽമാൻ, മാർവ്വാറി, മറവൻ, മഹാരാഷ്ട്രൻ എന്നിങ്ങനെ പല വേഷക്കാരും ആ സംഘത്തിൽ കാണ്മാനുണ്ടായിരുന്നു. കംബളങ്ങളും പട്ടാംബരങ്ങളും പൊതിഞ്ഞുള്ള കെട്ടുകളും രത്നങ്ങളും സ്ഫടികസാമാനങ്ങളും നിറഞ്ഞുള്ള പെട്ടികളും വിക്രയത്തിനായി നിരന്നപ്പോൾ കാലം കൊന്നുനടക്കുന്ന അലസന്മാരും ബാലന്മാരും അവർക്കു രുചികരമായുള്ള നർമ്മാവസരം കണ്ടു വ്യാപാരികളെ വട്ടമിട്ടുകൂടി. കാവലൂഴങ്ങൾ കഴിഞ്ഞുനിന്നിരുന്ന ഭടജനങ്ങളും വ്യാപാരസാമാനങ്ങളാൽ ആകൃഷ്ടന്മാരായി വാണിജ്യസംഘത്തെ വളഞ്ഞു.

വ്യവസായകാര്യങ്ങളിൽ ജന്മവാസനായാൽത്തന്നെ പരമോത്സുകനായുള്ള ദിവാൻജി ദ്വാരപ്രദേശത്ത് എത്തിയപ്പോൾ അയ്യായിരത്തിൽപ്പരം വരാഹൻ വിലപിടിക്കുന്ന സാമാനങ്ങൾ തങ്ങളുടെ പക്കൽനിന്നും ചിലമ്പിനഴിയത്ത് ഉണ്ണിത്താൻ വാങ്ങിയിട്ടുണ്ടെന്നും ആ കടം തീർക്കാതെ അദ്ദേഹം യുദ്ധരംഗത്തു പോകുവാൻ ഒരുങ്ങുന്നെന്നും ആ വഞ്ചനക്രിയയ്ക്ക് എന്തെങ്കിലും നിയമാനുസാരമായ പരിഹാരം ദിവാൻ സാഹേബ്ബിൽനിന്നും ഉണ്ടാകണമെന്നും വ്യാപാരികൾ നിലവിളിച്ചു. "ഛായ്! ഛായ്! ഒത്തി നില്ലുങ്കോ" എന്ന് ഒരു മുസലിവേഷക്കാരനായ വൃദ്ധൻ മര്യാദ ലംഘിച്ചു ദിവാൻജിയുടെ പരിസരത്തിൽ ആക്രമിച്ച സങ്കടക്കാരെ ശാസിച്ചു. "സ്ഫൂലികൈ, പൊരവ്മണി, മരതകപ്പച്ചൈ എന്ന സർദാർ! ശീമക്കമൽ, ലന്തക്കമൽ, കണ്ണാലെ പാരുംകൾ" എന്നിങ്ങനെ സാമാനങ്ങൾ കാട്ടി വില സഹായമെന്നും മറ്റും ഗുണദോഷിച്ച് അവ വാങ്ങുവാൻ ദിവാൻജിയോട് അപേക്ഷിച്ചു. നിരവധി രാജ്യാവസ്ഥകളുടെയും സമുദായഗതികളുടെയും ദർശനംകൊണ്ട് അന്നത്തെ പരീക്ഷണം അനുവർത്തിക്കാൻതന്നെ അയാളെ പ്രേരിപ്പിക്കുമാറുള്ള [ 99 ] പരിഷ്കരണം വൃദ്ധന്റെ ബുദ്ധിക്കുണ്ടായിട്ടുണ്ടെന്നുവരുകിലും പരീക്ഷിതന്റെ ബുദ്ധിപ്രഭാവത്തെ സൂക്ഷ്മാനം ചെയ്‌വാൻ വേണ്ടുവോളമുള്ള സംസ്കരണം അയാൾ സമ്പാദിച്ചിട്ടില്ലായിരുന്നു. വൃദ്ധന്റെ ഋഷഭസ്വരം കേട്ടപ്പോൾ അത്യുഗ്രമായ സ്മൃതിശക്തിയുള്ള കേശവപിള്ള പല സംവത്സരങ്ങൾക്കു മുമ്പു സ്വശ്രവണേന്ദ്രിയവിഷയമായിത്തീർന്നിട്ടുള്ള ഒരു ശബ്ദത്തെ സ്മരിച്ചു. തന്നെ വലയംചെയ്യുന്ന വിഷയങ്ങൾ ഒന്നുകൂടി കുടിലമാകുന്നു എന്നു ചിന്തിച്ച് അതിനോടു മല്ലിടാനും അദ്ദേഹം ഒരുമ്പെട്ടു. ഗുരുപദാർത്ഥങ്ങളുടെ ഭക്തികൊണ്ട് ഉണ്ടായിട്ടുള്ള ശരീരപുഷ്ടിയും പ്രവാസഫലമായുള്ള വർണ്ണഭേദവും എന്തോ പ്രപാതംകൊണ്ടുണ്ടായിട്ടുള്ള നാസാവൈരൂപ്യവും ശിരസ്സിന്റെ രോമശൂന്യതയും മീശവളർത്തി വട്ടത്താടിയാക്കിയിട്ടുള്ളതിന്റെ ജടിലതയും ചേർന്നിട്ടും അവ ആ സത്വത്തിന്റെ സൂക്ഷ്മതയെ മറയ്ക്കുന്നില്ല. സൗജന്യവാന്റെ ചാരുപുഞ്ചിരിയോടെ ദിവാൻജി വൃദ്ധനെക്കടാക്ഷിച്ചിട്ടു "പാരുങ്കൾ - മാമനാർ ശൊല്ലുകിറ രത്ത്നത്തരങ്കളെ മൊതെ മൊതെ എടുംകൾ" എന്ന് ആജ്ഞാപിച്ചു. വ്യാപാരികൾ തങ്ങളുടെ സങ്കടപരിഹാരത്തിനായി വീണ്ടും ഉച്ചശ്രുതിയിൽ അർത്ഥിച്ചു. വൃദ്ധൻ എടുത്തുനീട്ടിയ ഒരു വജ്രമോതിരം വാങ്ങി അതിനു തീർച്ചയാക്കിയ വിലകൊടുപ്പാൻ ആജ്ഞാപിച്ചിട്ട് കുഞ്ചൈക്കുട്ടിപ്പിള്ളയെ ആംഗ്യത്താൽ സഹഗാമിയാക്കി ദിവാൻജി തന്റെ സല്ക്കാരശാലയിലേക്കു തിരിച്ചു. സങ്കടപരിഹാരത്തിന്റെ അനവാപ്തിയിൽ വ്യാപാരികൾ രാജ്യാധികാരത്തെ പല ഭാഷകളിലും ഉച്ചൈസ്തരം ഭർത്സിച്ചു. പാശിശംഖമോതിരം, സ്ഫടികവളകൾ എന്നിവയാൽ സമ്മാനിതരായി കാഴ്ച കണ്ടു നിന്നിരുന്ന ബാലസംഘം ഭർത്സനത്തിന്റെ ശ്രുതിക്കൊത്തു കൂക്കുവിളി തുടങ്ങി. കുഞ്ചൈക്കുട്ടിപ്പിള്ള മടങ്ങിയെത്തി സംഘം ഉടനെ പിരിഞ്ഞുകൊള്ളേണ്ടതാണെന്ന് അവിടെ സഞ്ചയിച്ചു കൂടിക്കലാശം തുടങ്ങിയിരിക്കുന്ന മേളക്കാരിൽ ഓരോ വർഗ്ഗത്തോടും അവരവരുടെ ഭാഷയിൽ ആജ്ഞാപിച്ചിട്ട് അവരെ അന്നത്തെ തിരുവെഴുത്തുവിളംബരം എങ്ങനെ സംബന്ധിക്കുമെന്നുകൂടി അറിവുകൊടുത്തു. അങ്ങളുടെ ഭർത്സനങ്ങളെ കുറച്ചുകൂടി രൂക്ഷമാക്കിയും മുമ്പിലത്തെക്കാൾ ഉച്ചത്തിൽ ഉച്ചരിച്ചും സംഘക്കാർ പിരിഞ്ഞു. വൃദ്ധൻ അതോടുകൂടി സാവധാനത്തിൽ സ്ഥലസ്ഥിതികൾ സൂക്ഷിച്ചുനടന്നു. വടക്കേക്കോട്ട കഴിഞ്ഞപ്പോൾ ഒരു യാചകവേഷക്കാരൻ അയാളുടെ പുറകെ എത്തിയത് പക്ഷേ, യദൃച്ഛാസംഭവമായിരിക്കാം.

ഉണ്ണിത്താന്റെ പാർശ്വവർത്തികൾ അദ്ദേഹത്തിന്റെ യാത്ര മുടക്കാൻ ഇനിയും പ്രയത്നങ്ങൾ ചെയ്യുമെന്ന് ദിവാൻജി ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഭണ്ഡാരകാര്യങ്ങൾ ദിവാൻജിയാൽ നിയുക്തനായ മറ്റൊരുദ്യോഗസ്ഥനെ ഏല്പിച്ചിട്ട് താൻ ഉത്തരദേശങ്ങളിലേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നു എന്ന് ഉണ്ണിത്താൻ എഴുതിയ ലേഖനം ദിവാൻജിയുടെ കൈയിലെത്തി. എന്നാൽ, ആ നിരുദ്ധശ്രമൻ ദിവാൻജി [ 100 ] അനുഷ്ടിച്ച കൗശലത്തിനു പ്രതിക്രിയയായി ഭാര്യാപുത്രിമാരെ വേർപെടുത്തി മീനാക്ഷിഅമ്മയെ ചിലമ്പിനഴിയത്തേക്കും സാവിത്രിയെ കൊട്ടാരക്കരയുള്ള കിഴക്കേ നന്തിയത്തു ഭവനത്തിലേക്കും അയച്ചിരിക്കുന്നു എന്നു ലേഖനവാഹകനിൽനിന്ന് ദിവാൻജി ഗ്രഹിച്ചു. സാവിത്രിയുടെ രക്ഷയ്ക്കു കരണീയമായുള്ള കൃത്യത്തെ അദ്ദേഹം ഉടനടി അനുഷ്ഠിക്കുകയും ചെയ്തു.

വിളക്കുവച്ചുകഴിഞ്ഞപ്പോൾ ഇട്ടുണ്യാദി നാമക്കാരനായ കാര്യക്കാർ ദിവാൻ‌ജിയുടെ സല്ക്കാരശാലയിൽ അനുമതിവാങ്ങി പ്രവേശിച്ചു. രാജകുടുംബാംഗങ്ങളുടെയോ തുല്യസ്ഥാനീയന്മാരുടെയോ ദർശനത്താലല്ലാതെ ഉത്ഥിതനാകാത്ത ദിവാൻ‌ജി തന്റെ തട്ടുപടിയിൽനിന്നു ഗൗരവസ്മേരത്തോടെ എഴുന്നേറ്റുനിന്നു. ആ മഹാനുഭാവനെ അന്ന് ആദ്യമായി അഭിമുഖനായിക്കണ്ട കാര്യക്കാർ ആ മന്ത്രിയുടെ സൂക്ഷ്മദർശനത്തെ അഭിമാനിച്ചു പരോക്ഷജ്ഞാനത്താൽ സർവഥാ പരാജയമേ ഗതി എന്നു മനസാ സമർത്ഥിച്ചു. എങ്കിലും പരീക്ഷാശ്രമങ്ങൾ കൈവിടുന്നതു് അപൗരുഷമെന്നു ചിന്തിച്ച് അദ്ദേഹം ദാസവിനയത്തെ അഭിനയിച്ച് അജിതസിംഹരാജാവു പരിഗ്രഹിപ്പാൻ നിശ്ചയിച്ചിരിക്കുന്ന ബാലികയുടെ അച്ഛനെ ദുർമ്മത്സരത്താൽ തിരുവനന്തപുരത്തുനിന്ന് അകറ്റിയിരിക്കുന്ന വസ്തുതയെ ആ രാജസിംഹൻ മഹാരാജാവിനെ ധരിപ്പിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

ദിവാൻജി: "ആരെ ധരിപ്പിക്കും?"

ഇട്ടുണ്ണി: "മഹാരാജാവിങ്കൽ."

ദിവാൻജി: "മഹാരാജാവിങ്കലോ? തിരുവിതാംകൂർ രാജ്യത്തിനകത്തു നിൽക്കുന്നു എന്ന് ഓർമ്മിച്ചും നല്ലപോലെ ആലോചിച്ചും പറയുക."

ഇട്ടുണ്ണി: "അരുളിച്ചെയ്തത് ഇവിടെ ധരിപ്പിച്ചു."

ദിവാൻജി: "ഇപ്പോൾ എന്റെ മുമ്പിൽ ധരിപ്പിക്കുന്നത് അവി- താൻ തന്നെയല്ലേ?"

ഇട്ടുണ്ണി: (ഒന്നു കുലുങ്ങി) "തിരുമുമ്പിൽ അറിയിക്കും എന്നാണ് അരുളപ്പാട്."

ദിവാൻജി: "എന്നാൽ, ആ അജിതസിംഹൻ പറയുകയില്ലേ- 'കേശവൻ' 'കേശവൻ' എന്ന്- അവൻ പറഞ്ഞതായിട്ടു ചെന്നു പറയണം വല്യകൊട്ടാരത്തിലോട്ടു കടന്നാൽ ആ കാൽ പിന്നെ ഉപയോഗപ്പെടുകയില്ലെന്ന്."

ഇട്ടുണ്ണി: "എന്താ ഈ പറയുന്നതിന്റെ സാരം?"

ദിവാൻജി: "തിരുമനസ്സിലെ തലസ്ഥാനത്തുവച്ച് ഒരു കലാപവും ഉണ്ടാകാൻ ഞാൻ സമ്മതിക്കയില്ല. അപഖ്യാതിയുണ്ടായിട്ടും അതു ഞാൻ നല്ലപോലെ സൂക്ഷിച്ചു പ്രവർത്തിച്ചുവരികയാണ്. ഈ നയം അറിഞ്ഞുകൂടാത്ത ആളല്ലല്ലോ കാര്യക്കാർ? അതുകൊണ്ട് ഉടനെ നടന്നുകൊള്ളുകയാണ് അവിടേക്ക് ചേരുന്നത്." [ 101 ]

കാര്യക്കാർ പലതും ചിന്തിച്ച് അല്പനേരം നിന്നു. ദിവാൻജിയും ആദരഭാവത്തോടെ മിണ്ടാതെ നിലകൊണ്ടു. മുഖഭാവങ്ങളിൽനിന്നു പരസ്പരം അന്തർഗ്ഗതങ്ങൾ ഗ്രഹിക്കുകയാൽ രണ്ടുപേരും പുഞ്ചിരിക്കൊണ്ടു.

ഇട്ടുണ്ണി: "എന്നാൽ മണപ്പുറത്തുവച്ചു പക്ഷേ, കാണാം."

ദിവാൻജി: "വേണ്ട ആചാരോപചാരങ്ങളോടെ."

കാര്യക്കാർ ഒരു ശിരഃകമ്പനം ചെയ്തതും മേൽപ്പാവുമുണ്ടു കൈയിലാക്കി വീശിയും മടക്കനട ആരംഭിച്ചു.

ഈ സന്ദർഭത്തിന്റെ ഫലമായി ആ രാത്രിയിൽത്തന്നെ ഇട്ടുണ്ണികാര്യക്കാരും ഒരു ഭാഗം പരിവാരങ്ങളും പിരിഞ്ഞ് ഏതു വഴിയിൽക്കൂടി എന്നറിയാതെ വേഷപ്രച്ഛന്നന്മാരായി തുടർന്നു പുറപ്പെട്ട ഭടജനങ്ങളെയും തോല്പിച്ച് അപ്രത്യക്ഷന്മാരായി. ബബ്‌ലേശ്വരന്റെ തൃക്കഴലുകൾ രാജമന്ദിരത്തിലാകട്ടെ, രാജസ്വമായുള്ള വലിയകോയിക്കൽ എന്ന മന്ദിരത്തിലാകട്ടെ കണ്ടുകൂടെന്നുള്ള വിരോധാജ്ഞ ആ രാത്രിയിൽത്തന്നെ കിട്ടുകയാൽ, അദ്ദേഹവും തൽക്കാലത്തേക്ക് നന്തിയത്തുമഠത്തിലെ കുളപ്പുരയിൽ അരിവയ്പും കെട്ടിനകത്തു പാർപ്പും ആക്കി.

അന്നത്തെ വിശേഷസന്ദർശനങ്ങളുടെ അനവധികത്വംകൊണ്ട് ദിവാൻജിയുടെ ജീവചരിത്രത്തിൽ അതു സ്മരണീയമായുള്ള ഒരു ദിവസമായിത്തീർന്നു. ബഹുജനജീവനാശങ്ങൾ സംഭവിച്ചേക്കാവുന്ന ഇത്തരം സന്ധികൾ ഗൗരവതരങ്ങളായ സംഭവപരമ്പരകളെക്കടന്നു മാത്രമേ പരിണാമസ്ഥിതിയിൽ എത്തുന്നുള്ളു. ഈവക സംഭവങ്ങൾ രാഷ്ട്രങ്ങളുടെ ഉത്ഭവം, സ്വരൂപണം, സ്ഥിതിരക്ഷണം, ധ്വംസനം എന്നുള്ള ഘട്ടങ്ങളോടു ബ്രഹ്മകല്പിതമായി സാഹചര്യത്തെ അവലംബിക്കുന്ന വിപ്ലവങ്ങളാണ്. ഏതദ്വിധസംഭവങ്ങളിലെ ക്രിയാകാരകന്മാർ സവ്യസാചികളും കാര്യക്ഷമതാധുരന്ധരന്മാരും സഹസ്രാക്ഷന്മാരും ശീതാതപാദിസഹിഷ്ണുക്കളും ഇന്ദ്രിയസുഖങ്ങളുടെ ജിഷ്ണുക്കളും ആയിരിക്കേണ്ടതാണ്.

ദിവാൻ കേശവപിള്ള ഇട്ടുണ്ണിക്കണ്ടപ്പന്റെ നിർഗ്ഗമനത്തെത്തുടർന്നുതന്നെ വടക്കോട്ടുള്ള തന്റെ യാത്രയ്ക്കു വേണ്ട കാര്യപരിപാടി തയ്യാറാക്കിത്തുടങ്ങി. ഈ ഘട്ടത്തിൽ കുഞ്ചൈക്കുട്ടിപ്പിള്ള മടങ്ങിയെത്തുകയാൽ ആശ്ചര്യസ്വരത്തിൽ ദിവാൻജി ഇങ്ങനെ ചോദ്യംചെയ്തു: "ഇത്രനേരം വേണ്ടിവന്നോ?"

കുഞ്ചൈക്കുട്ടിപ്പിള്ള: "അയ്യോ! പണ്ടത്തെ ആളൊന്നുമല്ല. മൂക്കു പൊളിഞ്ഞുപോയെങ്കിലും വാടപിടിപ്പാൻ ദേഹം നിറച്ച് അതുള്ളതുപോലെ ആ ഗംഭീരക്കള്ളൻ എന്നെ വട്ടംചുറ്റിച്ചു. ചാരനെന്ന് ആദ്യമേ സംശയിച്ചതു ശരിതന്നെ. മാണിക്കഗൗണ്ഡൻ എന്നതും കള്ളപ്പേരാണ്. ഈ ചാകാപ്രാണിയെ വളരെ സൂക്ഷിക്കണം. നവഗ്രഹങ്ങൾ പിഴച്ചുള്ള ഈ കാലത്തല്ലേ ഇയാൾക്കും വന്നുചാടാൻ തരംകണ്ടുള്ളു." [ 102 ]

ദിവാൻജി: (നാസികമേൽ ചൂണ്ടുവിരൽ വച്ചുകൊണ്ട്) "നോക്കണേ, ആകപ്പാടെ എന്ത് അനർത്ഥം! തിരുമനസ്സറിയിക്കുവാനും പാടില്ല, അറിയിക്കാതിരിപ്പാനും പാടില്ല. ആർക്കും കാണാൻ വഹിയാത്ത കോവിലും കെട്ടിപ്പാർത്തു. ഇപ്പോൾ പറയ്ക്കെഴുന്നെള്ളിച്ചു തുടങ്ങിയിരിക്കുന്നതു നമുക്കു വിനയ്ക്ക്. എന്നേ മാണിക്കഗൗണ്ഡാ! ചിലരുടെ കഥകളും ചില കാര്യങ്ങളും എവിടെച്ചെന്നു നിൽക്കും? ടിപ്പുസുൽത്താന്റെ മഹായോഗം നോക്കണേ."

കുഞ്ചൈക്കുട്ടിപ്പിള്ള: "ഇവിടുത്തെ മഹായോഗമോ? ചുറ്റിക്കറങ്ങിവന്ന് ചാകാൻ ഈ കണ്ണിൽത്തന്നെ ചാടിയല്ലോ."

ദിവാൻജി: "ഈ സ്ഥലം വിട്ടുപോകാൻ വിട്ടുകൂടാ. അങ്ങനെ പല മേളവും ചേരട്ടെ. എങ്കില്ലേ ഒരു ഉത്സവമാകൂ? ഒന്നുരണ്ടു പടിത്തരക്കാരെ കുഞ്ചൈക്കുട്ടിപ്പിള്ള തന്നെ ഏൽക്കണം. തിരുമേനിസൂക്ഷിപ്പും."

കുഞ്ചൈക്കുട്ടിപ്പിള്ള ശിരസ്സു നമിച്ച് ആജ്ഞകളുടെ നിർവഹണഭാരം സ്വീകരിച്ചു എന്നു ധരിപ്പിച്ചു.

നിദ്രയ്ക്കു മുമ്പുള്ള പ്രാർത്ഥനയ്ക്കായി ദിവാൻജി ശയ്യാമഞ്ചത്തിന്മേൽ യോഗാസനസ്ഥനാകുന്നു. പരിസരദേശത്തുള്ള പ്രാകാരരക്ഷികളുടെ സഞ്ചാരാരവങ്ങൾ മൃദുലമാകുന്നു. രായസക്കാരുടെ കൂർക്കങ്ങളും ദുസ്വപ്നക്കാരുടെ പേപറച്ചിലുകളും ഇടയ്ക്കിടെ, ആ അർദ്ധരാത്രിയുടെ പ്രശാന്തമാഹാത്മ്യത്തെ അനാദരിക്കുന്നു. മൂഷികസംഘങ്ങൾ മനുഷ്യാധികാരത്തെയും മന്ത്രിപ്രഭാവത്തെയും അലക്ഷ്യമാക്കി ശൃംഗാരകലഹങ്ങളും മറ്റും തട്ടിൻപുറത്തു തകൃതിയായി മേളിക്കുന്നു. ദിവാൻജിയുടെ ധ്യാനം പത്മാസനസ്ഥന്റെ സ്ഥിതിയിൽ മാനസപൂജാക്രിയയിലോട്ടും ഒരു മഹാകായന്റെ പാദങ്ങൾ കിഴക്കേക്കെട്ടിൽനിന്നു പടിഞ്ഞാറോട്ടുള്ള വാതിലിൽക്കൂടി നിദ്രാശാലയിലേക്കും തരണം ചെയ്യുന്നു. അഷ്ടാവധാനചതുരനായ ദിവാൻജിയുടെ ശ്രോത്രങ്ങൾ ആ ഭീമാകാരന്റെ പാദങ്ങളുടെ ലഘുപതനശബ്ദത്തെയും കേൾക്കുന്നു. മീശയും നെടുംതാടിയും ധരിച്ചുള്ള ഒരു അന്തകാകാരത്തെ കണ്ടപ്പോൾ ദിവാൻജി ആദരഭാവത്തിൽ മഞ്ചത്തിൽനിന്ന് എഴുന്നേറ്റ് താഴത്തിറങ്ങി അതിന്റെ പടിചാരിനിന്ന് "ആരവിടെ? മച്ചമ്പിക്കിരിക്കാൻ ഒരു പാ കൊണ്ടുവരട്ടെ!" എന്നൊരു ആജ്ഞകൊടുത്തു.

ആഗതൻ: "വേണ്ടാ വേണ്ടാ - നിന്നാൽ മതി. ധിവാന്മാരെ നുമ്പിൽ ഇരിപ്പാനും മറ്റുമുള്ള പെരുമ ഇക്കാട്ടുമാടനില്ല."

ദിവാൻജി: "എന്നാലും മച്ചമ്പി വന്നതു സന്തോഷമായി. ചിലതു പറഞ്ഞയപ്പാൻ തരം കിട്ടിയല്ലോ."

ആഗതൻ: "നോക്ക്, മൂപ്പ് എനിക്കാണ്. അതുകൊണ്ടു ചൊല്ലാനൊള്ളതു മൊറപ്പടി ഞാൻ ചൊല്ലിയേക്കാം. എന്റപ്പി ആളും പൊരുളും ഇല്ലാണ്ട് ഇത്തിരിയൊക്കെച്ചാണക്കയറു വാങ്ങുണു. നിന്റെ തമ്പുരാനും മാനത്തുനോക്കി നക്ഷത്രതിരെണ്ണുണു. നാമെന്തായാലും ഉറ്റവര്. [ 103 ] ചൊല്ലുന്നതേ ഒറവായിപ്പിടിക്ക് ഒന്നോ, രണ്ടോ, മൂന്നോ - നീ വീട്ടിന്നെറക്കിയതും, പെടുവിച്ച പാടും മറന്നു - കുഞ്ചുമായിറ്റി ഇറക്കാം. ഛേ! പുല്ലു മൂന്നേ പോയി. എടാ, എന്തായാലും 'കേയൂ'ന്നു കൊച്ചിലെ മടിയിലിരുത്തിക്കളിപ്പിച്ച ഇന്നത്തെ ഈ പെരിഞ്ചക്കോടൻ ചൊല്ലുണു. ടിപ്പുന്റെ പീരങ്കി ഉണ്ട കടിച്ചുപിടിക്കണ കരുത്തന്മാരെയും ഒന്നോ രണ്ടോ ആയിരം ഇന്നാ പിടി."

ദിവാൻജി: "പണത്തുക പറയുന്നതു ലക്ഷക്കണക്കിനായിരിക്കാം. ശ്രീപത്മനാഭന്റെ തൃപ്പടിയിൽ കാണിക്ക ഇട്ടേക്കണം. എന്നാൽ കല്പിച്ചു പലതും ക്ഷമിക്കും."

പെരിഞ്ചക്കോട്ടു കുഞ്ചുമായിറ്റിപ്പിള്ള എന്നു സ്വസംഭാഷണം കൊണ്ടുതന്നെ വെളിവാക്കിയ ആഗതൻ ദിവാൻജിയുടെ അവസാനവാക്കുകൾ കേട്ട് ഒരു ഫൂൽക്കാരം ചെയ്തു. അയാളുടെ കണ്ഠദരം അത്യുഗ്രമായ ഒരു കാഹളാരവത്തെത്തന്നെ ധ്വനിപ്പിച്ചു: "ഫൂ! ക്ഷമിപ്പാനും കൊമപ്പാനും എന്തര്? നിന്റെ മന്തിരിയടവൊന്നും കുഞ്ചുമായിറ്റീടെ അടുത്തെടുക്കാതെ. എന്റെ കൊച്ചുമച്ചമ്പി പെരിയവൻതന്നെ. എടാ! താലിവെച്ച പെണ്ണ് ഒന്നു തന്നത്താനറിഞ്ഞു പുരുഷനെക്കാത്തു മനയിരിക്കുണു. നെനക്കു കൊടപിടിക്കണ വിക്കറമൻകുട്ടിയെത്തന്ന് വന്നു പോയ കൊറതീർക്ക്. അടടാ! കുലംമറന്നു പൊറന്തിരിയാതെ. നീ ശേഷക്കാരൻ, ഞാൻ ഒടലുക്കുപെറന്ന മകൻ. തന്തയാർ ചെയ്ത പിഴ പിള്ള തലയിൽച്ചൊമത്താതെ. നെനക്കു മേലിരിക്കണവൻ ശെൽവം തന്നു. നമുക്കും ഒരു കാട്ടുവഴി കാമ്പിച്ചു. പെരുത്തൊന്നും കേക്കിണില്ല. പൊൻകിളിപോലത്തെ പെണ്ണല്ലെങ്കി, ഛീ! പെരിഞ്ചക്കോടനിതാ പുറവോട്ടു മാറി. നീ കണ്ണാലെകണ്ടു മനസ്സിനാ ഇനിവു കൊണ്ടില്ലെങ്കി, തല വീശിക്കള."

ദിവാൻജി: "മച്ചമ്പി, ചിലതെല്ലാം ഞാനറിഞ്ഞു. എങ്കിലും ചോറിട്ട തൃക്കൈ മറന്നു ഞാൻ അടങ്ങിപ്പാർക്കുന്നു. എന്തു ചെയ്യാം? നമ്മുടെ വഴി രണ്ടും രണ്ട്. അവിടെ നില്ക്കട്ടെ. കഴുത്തിൽ കൊലമാല തന്നത്താനറിഞ്ഞു വീഴ്ത്തരുത്."

കുഞ്ചുമായിറ്റിപ്പിള്ള: "നീ ചെലതറിഞ്ഞോ? എന്തരറിഞ്ഞു പിള്ളേ? എന്തരറിഞ്ഞു? നീ അറിഞ്ഞെങ്കി, മൈസൂരീന്നു വന്നവനെക്കൊന്നതാര്? പറ. അവൻ കൊണ്ടന്ന എഴുത്തു നിന്റെ, ഇതാ നീ ഇരിക്കണടത്തു കൊണ്ടിട്ടതാര്? ഇതോ നിന്റെ കണ്ണും കരളും കരുത്തും? ഇന്ന് ഇതിനകത്തിരുന്നോണ്ടു ഞെളിയണ നിന്റെ തല എന്നു പോക്കോ!"

ദിവാൻ ലലാടാക്ഷികൊണ്ടെന്നപോലെ ഒന്നു നോക്കി. എങ്കിലും സ്വവർഗ്ഗീയനും സമീപസംബന്ധിയും ആയ ഒരാൾ തന്റെ ദേഹത്തെ ശൂലോന്മുഖവും ആത്മാവിനെ നരകോന്മുഖവും ആക്കുന്ന ആ ബൂദ്ധിനൈകൃഷ്ട്യത്തെ ചിന്തിച്ചു 'കഷ്ടം' എന്നുള്ള അനുതാപം ഉള്ളിലും ഒരു ജലച്ഛായ കണ്ണിലും മിന്നിശ്ശമിച്ചു. നിവൃത്തിയുണ്ടെങ്കിൽ സദുപദേശംകൊണ്ട് ആ ധീരനെ ഒരു നവജീവിതത്തിലേക്കു നയിച്ചാൽ [ 104 ] കൊള്ളാമെന്നു തോന്നി ഇങ്ങനെ ഗുണദോഷിക്കയും ചെയ്തു: "പൊന്നുതമ്പുരാന്റെ കാല്ക്കൽ വീണു, ശ്രീപത്മനാഭന് അടങ്ങേണ്ട മുതൽ തൃപ്പാദത്തിൽ സമർപ്പിച്ചാൽ-"

കുഞ്ചുമായിറ്റിപ്പിള്ള: "നോക്ക്, എന്റെ കണ്ണിൽ പൊടിയിടാൻ നോക്കാതെ. നീയല്ലാണ്ടു തമ്പുരാൻ ഏതെടാ, തിരുവടിയേതെടാ?"

ദിവാൻജി: "നില്ക്കണേ. ഇതുപോലെ മറ്റു ചിലർക്കും ഒരു ഭ്രമമുണ്ട്. നിറയെ ഉണ്ടുകൊണ്ട് അങ്ങു ചെന്നാൽ എല്ലാം ദഹിച്ചു വിയർത്തു നാറിത്തിരിച്ചുപോരുന്നത് അവർക്കറിയാം. വെളിയിലിറങ്ങുമ്പോൾ ചിലർ ഞെളിയും-മീശ മുറുക്കും, കൊമ്പുയർത്തും-നേരറിയണമെങ്കിൽ കൂടെ വരണം. പെരിഞ്ചക്കോട്ടെ എലംകത്തിൽ പ്രതിഷ്ഠ എന്ത്, അവിടെ കുടിയിരുത്തിയിരിക്കുന്ന യക്ഷി ഏത് എന്നു സൂക്ഷ്മമായി കല്പിച്ചില്ലെങ്കിൽ ഞാൻ ഇവിടംവിട്ടു മച്ചമ്പിയുടെ കൂടെ ഇറങ്ങിപ്പോരാം."

കുഞ്ചുമായിറ്റിപ്പിള്ള: "അയ്യെടാ! എന്നാൽപ്പിന്നെ ആ പറപാണ്ടയുടെ തുൽപ്പു കിട്ടാത്തതെന്ത്?"

ദിവാൻജി: "ശരി മച്ചമ്പി, ശരി! പക്ഷേ, അതൊന്നും ഇങ്ങോട്ടു കൊണ്ടുവരണ്ട. ഞാനും നാലു തരത്തിലും സ്ഥലത്തും സഞ്ചരിച്ചിട്ടുള്ളവനാണ്. കോളും കുറിയും എനിക്കും കുറേശ്ശ അറിയാം. പറപാണ്ട ആരെന്നു കല്പിക്കണമോ? അവിടുത്തെ കാല്പൊടിയേറ്റു കിടക്കുന്ന ഞാനേ പറഞ്ഞേക്കാം. കണ്ണടച്ചു തുറക്കുന്നതിനു മുമ്പു ഞാൻ അവനെ കഴുകിലാക്കുകയും ചെയ്യാം."

അരുവിയോടടുക്കുമ്പോൾ കെട്ടിപ്പെരുകി പ്രശാന്തമായി വട്ടമിടുന്ന ജലം കീഴ്പോട്ടുള്ള പ്രപാതം തുടങ്ങുമ്പോൾ ബൃഹത്തായുള്ള തുമ്പിക്കൈപോലെ സ്വരൂപിച്ചു ശിരഭ്രമം ഉണ്ടാക്കുംവണ്ണം ദ്രുതപ്രവാഹം ചെയ്യുമ്പോലെ പെരിഞ്ചക്കോടന്റെ കായോന്നതി ഒന്നു വർദ്ധിച്ചു. അയാളുടെ മുഷ്ടികൊണ്ട് അരയിലുണ്ടായിരുന്ന ഒരു വിഷമുനക്കഠാരിയെ വലിച്ചൂരി മുന്നോട്ടു കുതിച്ചു. ആ നാഗാസ്ത്രത്തിനു പ്രത്യസ്ത്രമായി ദിവാൻജിയുടെ കൈയിൽ തലയിണയ്ക്കിടയിൽനിന്നെടുക്കപ്പെട്ട ഒരു ആഗ്നേയാസ്ത്രത്തിന്റെ അയസ്തൂണ്ഡം രജതപ്രഭകളെ വിതറിത്തുടങ്ങി. അതു കണ്ടിട്ടും പെരിഞ്ചക്കോടൻ ഉയർത്തിയ കാൽ ഉറപ്പിച്ചുകൊണ്ട് ഒരു പുഞ്ചിരിയോടെ നിന്നു ചാഞ്ചാടി. "ഇനി അതും നടക്കട്ടപ്പീ! പിള്ളരു പട്ടിണി കെടന്നുപോവൂല്ല. അതു പെരിഞ്ചക്കോടൻ കരുതിയിട്ടുണ്ട്. നിന്റെ ചെൽവും എവിടെച്ചെന്നു നിക്കുണോന്നു പിന്നെയും കേക്കണേ?"

ആ കാലം, കുലധനക്ഷയങ്ങൾ നേരിട്ടു, കയ്യാങ്കളിയും ഓണപ്പടയും കൊണ്ടോട്ടവും ഇതിഹാസങ്ങളായി, സേനാനേതൃത്വം വഹിച്ചുവന്ന സമുദായങ്ങളുടെ നായകത്വത്തിന് അവസാദം വന്നു തീർന്നിട്ടുള്ള ദുർദ്ദശയ്ക്കു പൂർവ്വമായിരുന്നു. അതിനാൽ ദിവാൻജിയും പെരിഞ്ചക്കോടനും പരസ്പരനിലകളെ ആദരിച്ച് അഭിമാനപരതന്ത്രന്മാരായി ക്ഷണനേരം നിന്നുപോയി. എന്നാൽ തന്റെ മർമ്മരഹസ്യം [ 105 ] പുറത്തായിരിക്കുന്നു എന്നു ഗ്രഹിക്കയാൽ പെരിഞ്ചക്കോടൻ "എന്നാൽ രണ്ടു പേരും കൂടി ആവട്ടെ" എന്നു പറഞ്ഞുകൊണ്ട് ദിവാൻജിയുടെ വക്ഷസ്സു ലാക്കാക്കി വീണ്ടും കഠാരയെ വീശി. ത്രിവിക്രമകുമാരന്റെ ഭീമഹസ്തം പ്രയോഗിച്ച ഖഡ്ഗം ആ കഠാരയെ ദൂരെ തെറിപ്പിച്ചു. പെരിഞ്ചക്കോടൻ ചില ശബ്ദങ്ങൾ കേട്ട് അമ്പരപ്പോടെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞുനോക്കിയപ്പോൾ തെക്കും വടക്കും തുറക്കപ്പെട്ട രണ്ടു ജാലകങ്ങളിൽ ഓരോ തോക്കിന്റെ മുഖം തന്റെ നേർക്കു നിധനോദ്ദേശ്യത്തോടെ നീട്ടിയിരിക്കുന്നതായി കണ്ടു. "നിന്റെ തല പോക്ക്" എന്നു പ്രതിജ്ഞചെയ്തുകൊണ്ടും തന്റെ വിക്രീഡനത്തിനു വനപ്രദേശങ്ങളും നാട്ടുമ്പുറങ്ങളും അല്ലാതെ രാജനിലയങ്ങളും പരിതഃസ്ഥലങ്ങളും കൊള്ളുകയില്ലെന്നു മനസാ തീർച്ചയാക്കിയും പെരിഞ്ചക്കോടൻ തിരിഞ്ഞു വന്നവഴിയെ നടകൊണ്ടു. "വരുന്നെങ്കിൽ ഇങ്ങോട്ടു വിട്ടേയ്ക്കു എന്നു പറഞ്ഞത് ഈ അസമയത്തു വലിയ അബദ്ധം വരുത്തുമായിരുന്നു. എങ്കിലും കണ്ടു കാര്യങ്ങൾ പറഞ്ഞത് നന്നായി. ആരും അറിഞ്ഞിട്ടില്ലാത്ത ഒരു സംഗതിക്കു തീർച്ചയായ തെളിവു കിട്ടിയതു മഹാഭാഗ്യമായി" എന്നു കുമാരൻതമ്പിയോടു പറഞ്ഞുകൊണ്ട് ദിവാൻജി ഭംഗപ്പെട്ട ധ്യാനം വീണ്ടും ആരംഭിച്ചു.