രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം രണ്ട്

[ 13 ]


അദ്ധ്യായം രണ്ട്
"ലോകരാവണരാവണഭീതികൊണ്ടാകുലരായി ദേവകൾ..."


ഹരിപഞ്ചാനനയുഗ്മത്തിന്റെ ദേഹത്യാഗത്തിൽ അവസാനിച്ച പ്രതികാരയജ്ഞത്തിന്റെ ധൂമം ബ്രഹ്മാണ്ഡമണ്ഡലത്തിന്റെ അനന്തതയിൽ ലയിച്ചു. സശ്വത്ഫലവാഹികളായ 'വരാഹതരുക്കൾ' നിറഞ്ഞുള്ള വഞ്ചിരാജ്യാരാമത്തിൽ വിക്രീഡിപ്പാൻ അടുത്ത ഹൈദർഖാൻ തന്റെ മൂലസ്ഥാനമായുള്ള മൈസൂർരാജ്യത്തിന്റെ പ്രാന്തങ്ങളിൽ ആംഗലസിംഹത്തിന്റെ അത്യുഗ്രാരവം മുഴങ്ങുന്നു എന്നു കേട്ട്, ആ ഉദ്യമത്തിൽനിന്നു വിരമിച്ചു. ആ പൗരസ്ത്യനെപ്പോളിയൻ ഇംഗ്ലീഷുകാരനോടു നേരിട്ടു വീരസമരം ചെയ്തു, ചിറ്റൂരിൽവച്ചു മുറിവേറ്റു കൊല്ലം 958-ൽ ചരമം പ്രാപിച്ചു. വിക്രമവർഗ്ഗത്തിൽ ചേർത്ത്, 'മൈസൂർവ്യാഘ്രം' എന്ന അഭിധാനം നല്കി പാശ്ചാത്യസമുദായക്കാർപോലും ഈ ദൂരകാലത്തും അഭിമാനിക്കുന്ന ടിപ്പുസുൽത്താൻ അച്ഛന്റെ സ്ഥാനത്തു സിംഹാസനസ്ഥനായപ്പോൾ വിന്ധ്യാദ്രി മുതൽ കന്യാകുമാരിപര്യന്തമുള്ള രാജ്യങ്ങള സമരരുധിരന്റെ കിരണസ്ഫുരണങ്ങളെ വീണ്ടും സമീക്ഷിച്ചു. രാജസഭകൾ നിരുദ്ധപ്രജ്ഞന്മാരുടെ സമാധിരംഗങ്ങളായി. നിരാലംബങ്ങളായ കിരീടങ്ങൾ അഭയകേന്ദ്രങ്ങളെ ആരാഞ്ഞ് അങ്ങോട്ടു ലയിക്കുകയോ പണയപ്പെടുകയോ ചെയ്തു.

സിരഹസ്തിനമണ്ഡപത്തിൽ സംയോജിച്ച സ്വാമിഹിതവാദികൾ ടിപ്പുവിന്റെ അഭിലാഷപരിപൂർത്തിയെ ഐകകണ്ഠ്യേന അനുമതിച്ചില്ലെങ്കിലും ആ വ്യാഘ്രം ഭിന്നപക്ഷക്കാരുടെ വിസമ്മതത്തെ ഭിരുത്വത്തിന്റെ ദ്യോതകമായി ഗണിച്ച്, അച്ഛനാൽ കൊടിനാട്ടപ്പെട്ടിട്ടുള്ള കേരള ഖണ്ഡത്തിന്റെ വിധ്വംസത്തിനായി വൻപട ചേർത്ത്, ഒരു ഘോരയാത്ര ആരംഭിച്ചു. ഭാർഗ്ഗവശങ്കരന്മാരുടെ വ്യവസ്ഥാപനങ്ങൾ, ആര്യമുദ്രകളായ ബ്രഹ്മോപവീതങ്ങൾ, കേരളമുദ്രകളായ പൂർവ്വശിഖകൾ എന്നിവ ടിപ്പുവിന്റെ മതശാഠ്യോഷ്മാവിൽ ബാഷ്പീഭവിച്ചു. ഭൂമുഖം മനുഷ്യരക്തം കൊണ്ടുള്ള ചെന്താമരപ്പൊയ്കകളായി. രാജനിലയനങ്ങൾ, [ 14 ] പ്രഭുഗൃഹങ്ങൾ, സാമാന്യഭവനങ്ങൾ, കൊട്ടിലുകൾ എന്നിവ അതിന്റെ ചിതകളായി എരിഞ്ഞു. അതുകളുടെ ഭസ്മീകരണത്തിന് ഉജ്ജ്വലിച്ച തീക്കുണ്ഡങ്ങൾ ഗോകുലമേധങ്ങളുടെ നികുംഭിലകളുമായി. ഭൂഭാരത്തെ കുറയ്ക്കുമാറ് ഉണ്ടായ ഈ കീർത്തനീയകർമ്മങ്ങളാൽ ഉത്തരദേശങ്ങളെക്കൊണ്ടു കാൽത്താർ കുമ്പിടുവിച്ചപ്പോൾ, ബഹുകാലത്തെ വാഞ്ഛാനുസാരം വഞ്ചിരാജ്യവൈകുണ്ഠത്തിന്റെ മർദ്ദനംകൂടി നിറവേറ്റുന്നതിനായ ആ താരകന്റെ ആഗ്നേയനേത്രങ്ങൾ തെക്കൊട്ടു തിരിഞ്ഞു. ഈ ഉത്തുംഗവിപത്തിന്റെ സൂക്ഷ്മമായ നാശകരത്വം എത്രമാത്രമുണ്ടെന്ന് തിരുവിതാംകൂർ ജനസാമാന്യം പ്രബുദ്ധന്മാരായത്, മഹമ്മദീയസൈന്യത്തിന്റെ നിഷ്ഠുരതകൾ സഹിക്കാൻപാടില്ലാഞ്ഞ് തിരുവിതാകൂറിലേക്കുണ്ടായ ജനപ്രവാഹം നിമിത്തമായിരുന്നു. നാടുവാഴികൾ, പ്രഭുക്കൾ, ജന്മികൾ തുടങ്ങിയുള്ള സംഘങ്ങൾ സഹസ്രങ്ങളായി കൂട്ടമിട്ടിളകി, രാമവർമ്മമഹാരാജാവിന്റെ പാദങ്ങളെയും, അവിടുത്തെ പ്രജകളുടെ എന്നും സൽക്കാരസന്നദ്ധങ്ങളായ കൈകളെയും ശരണം പ്രാപിച്ചു. ഈ അഭയദാനം മിത്രാമിത്രഭേദം തിരിച്ചറിവാൻ പാടില്ലാത്ത വിധത്തിൽ പല ആവശ്യങ്ങൾ നടിച്ചും വേഷങ്ങൾ ധരിച്ചും ശുപാർശലേഖനങ്ങൾ വഹിച്ചും പുറപ്പെട്ട പല അകേരളീയരുടെയും പ്രവേശം രാജ്യത്തിൽ ഉണ്ടാകാൻ സൗകര്യം കൊടുത്തു. ശത്രുശക്തിയുടെ ആജ്ഞാകരന്മാരായ വാർത്താന്വേഷികൾ, കലാപകാരന്മാർ, ഛിദ്രകർത്താക്കന്മാർ എന്നിങ്ങനെയുള്ള പരിപന്ഥിസഞ്ചയം നിരോധംകൂടാതെ പെരുകി. ഈ കൂട്ടക്കാരാൽ പ്രേരിതന്മാരായി ഓരോ തസ്കരസംഘങ്ങൾ അധികൃതശ്രദ്ധയെ വിഷമിപ്പിക്കുമാറ് നാനാകേന്ദ്രങ്ങളിലും കാട്ടുപാളയങ്ങൾ ഉറപ്പിച്ചു. ആകപ്പാടെ, ടിപ്പുവിന്റെ നിസ്സീമവും അതുലവുമായുള്ള കൗശലാഭിചാരങ്ങളും ധനപൗഷ്കല്യവും തിരുവിതാംകൂറിലെ സമാധാനത്തോടുകൂടിയുള്ള കുടിപാർപ്പു മുടിക്കയും അധികൃതമണ്ഡലത്തിന്റെ ബുദ്ധിവൈഭവത്തെ ശാണഘർഷണത്താലെന്ന പോലെ പരീക്ഷണം ചെയ്കയും ചെയ്തു.

ശത്രുവിന്റെ ആക്രമണം ഉണ്ടാകുമെന്നു കർണ്ണാകർണ്ണികയാ ധരിച്ചപ്പോൾ ജനങ്ങൾ ആകുലന്മാരായി എങ്കിലും ഹൃദയപൂർവ്വം തങ്ങളുടെ ദേഹദേഹികൾ ഉൾപ്പടെയുള്ള സകല സമ്പത്തും രാജപാദങ്ങളിൽ സമർപ്പിപ്പാൻ കൃതപ്രതിജ്ഞന്മാരായി. എന്നാൽ ജനബഹുലതയുടെ സംഭ്രമം അനാസ്പദമാണെന്നു തെളിയിക്കാനെന്നപോലെ ചില ആഗമനങ്ങളും വിദേശങ്ങളിൽനിന്നുണ്ടായി. പട്ടുരത്നാദി വിലയേറിയ നിരവധി സാമാനങ്ങളോടും മഹാരാജാവിന്റെ അനുമതിയോടും മാണിക്കഗൗണ്ഡൻ എന്നൊരു കച്ചവടക്കാരൻ തിരുവനന്തപുരത്തുതന്നെ ഒരു വ്യാപാരശാല സ്ഥാപിച്ചു. തഞ്ചാവൂർ കുമാരരാജാവിന്റെ കൃപാവീക്ഷണം സാക്ഷീകരിക്കുന്ന ശ്രീമുഖത്തോടും വലുതായ അനുചരസംഘത്തോടും ഭാരത ഭൂഖണ്ഡത്തിലെ പല തിരുമുമ്പുകളിലും ദ്വന്ദ്വയുദ്ധചാതുര്യം പ്രയോഗിച്ച് സമ്മാനകങ്കണങ്ങളും മറ്റും നേടീട്ടുള്ള ഒരു കോണേരിരായർ കണ്ഠീരവരായർ മഹാരാജാവിനെ മുഖംകാണിച്ചു, ഒരു [ 15 ] വലലന്റെ ആവിർഭാവത്തെ പ്രതീക്ഷിച്ച് ദിവാൻജിയുടെ പ്രത്യേകസംരക്ഷണയിൽ താമസിക്കുന്നു. അക്കാലംവരെ രാജ്യത്തിലെങ്ങും വിശ്രുതിപ്പെട്ടിട്ടില്ലാത്തതും കുടകും മൈസൂരും തൊട്ടുകിടക്കുന്നതുമായ 'ബബ്ബില്ലപുരം' എന്ന മലവാരരാജ്യത്തിലെ സിംഹാസനാവകാശിയായുള്ള രാജകുമാരൻ പല മേനോക്കി അച്ഛന്മാരോടും മാടമ്പികളോടും ഭണ്ഡാരം മുതലായ രാജചിഹ്നങ്ങളോടും എത്തി, ആയിരത്തിഎട്ടു ദിവസത്തെ ശ്രീപത്മനാഭഭജനത്തിനായി മഹാരാജാവിന്റെ ബന്ധവായുള്ള അതിഥിയുടെ സ്ഥാനാവകാശങ്ങളോടെ താമസിക്കുന്നു.

സർവ്വപ്രകാരേണയും ധർമ്മരാജ്യത്തിൽ വ്യയലക്ഷ്മിയും ഭയയക്ഷിയും ഹിമവൽശൃംഗങ്ങളോളം ഉന്നതമായുള്ള ആകാരങ്ങളിൽ പ്രതിഷ്ഠിതങ്ങളായിരിക്കുന്ന ഈ ഘട്ടത്തിൽ ശ്രീമദനന്തപുരമാകുന്ന ലക്ഷ്മീസങ്കേതം ആനന്ദവിഭ്രാന്തികൊണ്ട് ഇളകി പൊടിപെടുന്നു. ആബാലവൃദ്ധം ജനബഹുലതയുടെ ആമോദകളകളവും അതു കേട്ടിട്ടിളകിപ്പറക്കുന്ന പക്ഷികളുടെ ക്രന്ദനങ്ങളും ക്ഷേത്രങ്ങളിൽ നടക്കുന്ന വിശേഷാൽപൂജകളുടെ നാഗസ്വരശംഖാദിഘോഷങ്ങളും ഗജവീരന്മാരുടെ മദം കൊണ്ടുള്ള കണ്ഠധ്വനികളും 'നഗരാ' എന്ന രാജചിഹ്നവാദ്യത്തിന്റെ 'ഏകതാള'മേളിപ്പുകളും അകമ്പടി സേവിക്കുന്ന പുള്ളിപ്പട്ടാളക്കാരുടെ പെരുമ്പറത്തകർപ്പുകളും ദിവാൻ എന്ന പുത്തൻസൃഷ്ടിയുടെ മഹനീയസ്വരൂപം കാണ്മാൻ കൂടുന്ന രസികകദംബത്തിന്റെ സരസവാദത്തകൃതികളും മഹാരാജാവിന്റെ പൊന്നുതിരുമേനി കണ്ടു തൊഴുന്ന പെൺകൂട്ടങ്ങളുടെ വായ്ക്കുരവാരവങ്ങളും കുലശേഖരാദി മണ്ഡപങ്ങളിൽനിന്നു പൊങ്ങുന്ന വേദധ്വനികളും ചേർന്ന്, അനന്തശയനനഗരം 'ശ്രീ വഞ്ചിമഹീമഹേന്ദ്രൻ ജയിപ്പൂതാക!' എന്ന ആശംസാപ്രാർത്ഥനകളെ വിഷ്ണുപദോന്മുഖമായി മുക്തകണ്ഠം സമർപ്പിക്കുന്നു. ഈ ഉന്മേഷവിലാസങ്ങൾക്കിടയിൽ, രാജപ്രസാദത്തിന്റെ പരിപൂർണ്ണതയും സ്ഥാനോന്നതിയും, സമ്പൽസമൃദ്ധിയും നിരുദാസീനമായി അനുഗ്രഹിച്ചിട്ടുള്ള ഒരു ഭവനം മാത്രം നിരുല്ലാസത്തിന്റെ പ്രത്യേകസങ്കേതമായി കാണപ്പെടുന്നു. ഇക്കാലത്ത് കാവേരിപ്രാന്തത്തോടു ചേർന്ന ഒരു മഹാനഗരമെന്നു തോന്നിപ്പോകുംവിധം ഗൃഹവസ്ത്രാദി വിശേഷങ്ങളുടെ അകേരളീയത്വംകൊണ്ടു രൂപാന്തരപ്പെട്ടിരിക്കുന്ന തിരുവനന്തപുരം നഗരത്തിന്റെ കിഴക്കേപ്രാകാരത്തിലുള്ള വടക്കേ അറ്റത്ത്, കോട്ടവാതിൽ കടന്ന് അകത്തോട്ടു പ്രവേശിച്ചാൽ, വടക്കുഭാഗത്തു കാണുന്ന അഗ്രഹാരങ്ങൾ നില്ക്കുന്ന പ്രദേശം 'അനന്തതീർത്ഥക്കര' എന്ന നാമം ധരിച്ച്, ഉത്ഭവത്തിൽ ശ്രീപത്മനാഭക്ഷേത്രത്തിനോടുള്ള സമകാലീനത്വംകൊണ്ട് വിശേഷിച്ചൊരു സുപ്രസിദ്ധിയുള്ള സ്ഥലമായിരുന്നു. ഈ പ്രദേശത്ത് ചില സർവ്വാധികാര്യക്കാരന്മാരുടെയും പല പ്രമാണികളുടെയും ഭവനങ്ങളും ചില രാജ്യകാര്യാലയങ്ങളും നിലകൊണ്ടിരുന്നു. കോട്ടയരുകിലുള്ള ഇടവഴിയോടു ചേർന്നു തെക്കേ അറ്റത്തു കാണുന്ന മതിൽക്കെട്ട് നന്തിയത്ത് ഉണ്ണിത്താന്റെ മകനായ ചിലമ്പിനഴിയത്ത് കേശവൻകുഞ്ഞ് [ 16 ] ഉണ്ണിത്താന്റെ തലസ്ഥാനവസതിയെ വലയംചെയ്തിരുന്നു. ഈ പണ്ഡിതൻ നീട്ടെഴുത്തു പടിയിൽനിന്നു കയറി ഇപ്പോൾ രാജ്യഭണ്ഡാരകാര്യക്കാരൻ എന്ന ചുമതലയേറിയ ഉദ്യോഗം വഹിക്കുന്നു. ഭവനത്തിന്റെ ശുചിത്വവും അതിന്റെ ശില്പരസികത്വവും ഉണ്ണിത്താന്റെ ധനപൗഷ്കല്യവും വിചാരിച്ചു നഗരവാസികൾ ആ ഭവനത്തെ നന്തിയത്തുമഠം എന്നു വിളിക്കുന്നു. ഉണ്ണിത്താന്റെ പ്രാധാന്യം ഉദ്യോഗസ്ഥാനത്തിന്റെ വലിപ്പംകൊണ്ടല്ലായിരുന്നു. നായന്മാരിൽ വിശിഷ്ട ശാസ്ത്രീദ്വിജന്മാർക്കു തുല്യം സംസ്കൃതപാണ്ഡിത്യമുള്ള ഇദ്ദേഹത്തോടു മഹാരാജാവും തന്റെ കാവ്യരചനാശ്രമങ്ങളിൽ ഗുണദോഷാപേക്ഷകൾ ചെയ്യാറുണ്ട്. ആ മാഹാത്മ്യത്തെയും കവിഞ്ഞ, അച്ഛനാൽ കൊട്ടാരക്കര താലൂക്കിൽ നല്കപ്പെട്ട ഭൂമികളും ചിലമ്പിനഴിയംവക സ്ഥാവരജംഗമസ്വത്തുകളും അനന്തപത്മനാഭൻ പടത്തലവനിൽനിന്നു ദത്തനന്തരവളുടെ സ്ഥാനത്ത് തന്റെ ഭാര്യയ്ക്കു കിട്ടീട്ടുള്ള രാമവർമ്മത്തുഭവനവും അതോടു ചേർന്നുള്ള സ്വത്തുക്കളും കൈകാര്യംചെയ്യുന്ന ആളിന്റെ പ്രാധാന്യം ധനദന്റേതുതന്നെ ആയിരുന്നു.

നന്തിയത്തുമഠത്തിന്റെ പ്രവേശനദ്വാരം മുൻഭാഗത്തെ ഓരോ വശത്തും ഓരോ വെങ്കലചുവർവിളക്കോടുകൂടിയ ആനക്കൊട്ടിൽകൊണ്ട് അലംകൃതമായിരുന്നു. അകത്തോട്ടു കടന്നാൽ ആദ്യമായി കാണുന്നത് ചന്ത്രക്കാരന്റെ വാഴ്ചക്കാലത്ത് അദ്ദേഹത്തിന്റെ ഭവനത്തിൽ എന്നപോലെ അടിച്ചുവാരി മിനുസമാക്കീട്ടുള്ള ഒരു വലിയ മുറ്റമാണ്. തെക്കരുകിൽ മേനാച്ചാവടിയും വടക്കരുകിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും വേർതിരിച്ചുള്ള കുളിപ്പുരകളോടുകൂടിയ നീരാഴിക്കെട്ടും പ്രധാന കെട്ടിടത്തിന്റെ ദ്വാസ്ഥന്മാരെന്നപോലെ നിലകൊള്ളുന്നു. മുറ്റത്തിന്റെ പടിഞ്ഞാറ്ററുതിയിൽ, പാർശ്വങ്ങൾ രണ്ടിലും ഒരോ കൊട്ടിയമ്പലത്തോടുകൂടിയ ചുവരുകളുടെ ഇടയ്ക്കായി ഊക്കനായ ഒരു എട്ടുകെട്ടു നിന്നിരുന്നത് അവിടെ താമസിക്കുന്ന കുടുംബത്തിന്റെ പ്രധാനമായുള്ള വാസനിലയമായിരുന്നു. ഈ മന്ദിരത്തിന്റെ തെക്കുകിഴക്കുമൂലയിൽ ആ രണ്ടു വശങ്ങളും തുറന്ന് ഇടനാടൻരീതിയിൽ കാണുന്ന തളത്തിന്റെ പടികളും മിഥുനക്കോൺസ്ഥൂണവും തട്ടിലെ പണികളും തളത്തിന്റെ ഇന്ദ്രശിലപ്രഭയും മയശില്പിയെക്കൊണ്ടുപോലും നാസികമേൽ വിരൽവയ്പിക്കും. ആ തളത്തിൽനിന്നു പടിഞ്ഞാറോട്ട് ഉണ്ണിത്താന്റെ ഗ്രന്ഥശാലയായ അടുത്ത മുറിയിലേക്കുള്ള ഒരു വാതിൽ മാത്രം തുറന്നുകാണുന്നത് നീക്കി, കെട്ടിന്റെ കിഴക്കുവശത്തുള്ള എല്ലാ വാതിലുകളും ബന്ധിച്ചിരിക്കുന്നത് കെട്ടിലമ്മമാർ താമസിക്കുന്ന ഭവനമാണെന്ന് അറിവുതരുന്നു.

ചിലമ്പിനഴിയം പെറ്റുള്ള ഈ ചെറുലങ്കയുടെ അന്തർഭാഗത്തു ശത്രുഭയംകൊണ്ട് രാജ്യമെങ്ങും വ്യാപിച്ചിരിക്കുന്ന പ്രഭാമാന്ദ്യം ശതഗുണീഭവിച്ചു കാണുന്നു. പടിഞ്ഞാറെക്കെട്ടിന്റെ വടക്കുഭാഗത്തുള്ള ഇടത്തളത്തിൽ നില്ക്കുന്ന വലിയ കട്ടിൽ ഒരു വ്യസനാക്രാന്തയുടെയോ രോഗിണിയുടെയൊ കിടപ്പിടമായിത്തീർന്നിരിക്കുന്നു. നഗരപ്രമോദത്തിന്റെ [ 17 ] കോലാഹലരസം ആ ശയ്യാവലംബിനിയുടെ ശ്രദ്ധയ്ക്കു വിഷയീഭവിക്കുന്നില്ല. ഉന്മേഷസമ്മോദങ്ങളോടു ചരമയാത്രാനുമതി വാങ്ങി ഉത്തരായനം പ്രവീക്ഷിച്ചു സ്ഥിതിചെയ്യുന്നതുപോലെയുള്ള ആ മഹതിയുടെ അന്തഃകരണങ്ങൾ, ഗൃഹിണീകൃത്യത്തിലുള്ള നിഷ്ഠകൊണ്ട് സ്വരാജ്യരക്ഷിതാവായുള്ള രാജർഷിപ്രവീണൻ ദിവാൻ എന്ന അഭിനവസ്ഥാനം നല്കിയിട്ടുള്ള മന്ത്രിയോടൊന്നിച്ച് ഉത്തരദേശങ്ങളിൽ സഞ്ചരിച്ച് രാജ്യത്തിന്റെ രക്ഷയ്ക്കുപയുക്തങ്ങളായ പല നയോപായങ്ങളും പ്രയോഗിക്കയും ആ പ്രദേശങ്ങളിലെ പ്രാകാരാദികളെ ഉറപ്പിക്കയും ചെയ്തിട്ട് ലോകവിധ്വംസകനായ മൈസൂരിലെ ദുർമ്മദാന്ധകേസരിയുടെ ആക്രമണം ഉണ്ടാകുന്ന വേളയിൽ ശ്രീപത്മനാഭസങ്കേതത്തെ പ്രത്യേകം കാത്തുരക്ഷിപ്പാനായി മടങ്ങി എഴുന്നള്ളുമ്പോൾ ആ ശതമുഖപ്രഭാവന്റെ സന്ദർശനമാകുന്ന പുണ്യത്തെ സമാർജ്ജിച്ചുകൊണ്ട് ഉടനെ എത്തിയേക്കാവുന്ന ഭർത്താവിന്റെ ഭക്ഷണകാര്യത്തെ മാത്രം ശ്രദ്ധിപ്പാൻ പ്രവർത്തനം ചെയ്യുന്നു. ഘോഷധ്വനികളുടെ ഗതിയെ സൂക്ഷിച്ചു ഭർത്താവിന്റെ പ്രത്യാഗമനസമയത്തെ നിശ്ചയമാക്കിയ ആ സാധ്വി തന്റെ ക്ഷീണത്തെ തിരസ്കരിച്ചു, ശയ്യയിൽനിന്ന് എഴുന്നേറ്റ് പാചകശാലയിൽ എത്തി വേണ്ട ഏർപ്പാടുകളും ചെയ്തിട്ട് ഇടത്തളത്തിലേക്കു മടങ്ങി മഞ്ചത്തിന്മേൽ ആസനസ്ഥയായി. വ്യസനവും ആലസ്യവുംകൊണ്ടു വാടിത്തളർന്നു കാണുന്ന ആ മുഖം ഒരു കാലത്ത് അഭിരാമപരിവേഷത്താൽ ആവൃതമായ കനകാംബുജംപോലെ, ലോകസമ്മോഹകമായുള്ള സൗന്ദര്യസാരത്തിന്റെ കോമളതളിമമായിരുന്നു. ആ നെടിയ നേത്രങ്ങളിലെ കടുനീലതാരങ്ങൾ പ്രകൃതിയുടെ ശില്പപടുത്വത്തിന്റെ ഉത്കൃഷ്ടനിർമ്മിതികളായി, വിരസന്മാരുടെ ലോകഹൃദയങ്ങളെയും ഒരു കാലത്തു വിദ്രവിപ്പിച്ചുവന്നു. തൽക്കാലത്തെ ദൈന്യനിലയിലും ആ ജീവസ്ഫുടങ്ങൾ സാന്ദ്രമായുള്ള മഹാകുലീനതയുടെ ഉഗ്രകിരണങ്ങളെ സ്ഫുരിപ്പിക്കുന്നു. മഹാതുരതയാൽ ആവേഷ്ടിതമായുള്ള ആ സ്ഥിതിയിലും ആ ശരീരപ്രഭ കേതകീപുഷ്പത്തോടൊപ്പം ദർശനീയമായിത്തന്നെ കാണുന്നു. വനപ്രാന്തത്തിലെ പ്രശാന്തവാസവും ഒരു ഗ്രന്ഥാമൃതഭോക്താവിന്റെ ധർമ്മപത്നീസ്ഥാനവുംകൊണ്ടു ഗൃഹിണിമാർക്കു കിട്ടാവുന്ന കാവ്യരസാതീതമായുള്ള സായൂജ്യാനന്ദത്തെ മോഹിച്ചു ഭർത്തൃവരണം ചെയ്ത കഴക്കൂട്ടം പ്രഭുകുടുംബത്തിലെ മീനാക്ഷി എന്ന തരുണീതിലകത്തെയാണ് നാം ഈ അവസ്ഥയിൽ കാണുന്നത്. മുഖത്തെ ക്രമത്തിലധികം മറയ്ക്കുമാറ് അഴിഞ്ഞുലഞ്ഞു കിടക്കുന്ന കേശപടലത്തിനിടയിൽ ചില രജതരേഖകൾ ആക്രമിച്ച് മുപ്പത്തെട്ടാം വയസ്സിലും സുമുഖിയായി കഴിയേണ്ട ആ സ്ത്രീരത്നത്തെ വാർദ്ധക്യദശയിലേക്ക് ആനയിക്കുന്നു. തന്റെ അവസ്ഥകൾ ചിന്തിച്ചു ദീർഘനിശ്വാസങ്ങളെ മുക്തമാക്കിയും ഇടയ്ക്കിടെ നാമം ജപിച്ചും ഭർത്താവിന്റെ പാദന്യാസം കേൾക്കുന്നോ എന്നു ചെവികൊടുത്തും മറ്റൊരു ആഗമനത്തെ കാംക്ഷിച്ചു മറുവശത്തോട്ടു നോക്കിയും മീനാക്ഷിഅമ്മ ഇരിക്കുന്നതിനിടയിൽ ഉരഗത്തിന്റെ നിശബ്ദഗതിയോടെ [ 18 ] ഒരു 'സുഭഗനഹം' നടിക്കുന്ന വാമനമൂർത്തി വ്യാജവിനയത്തിന്റെ പരുങ്ങലോടും പല യന്ത്രച്ചരടുകളും സ്വഹസ്തത്തിലെന്നുള്ള അഹങ്കാരത്തിന്റെ ഗുപ്തമായ മുഖപ്രസാദത്തോടും ആ രംഗത്തിലെത്തി. മീനാക്ഷിഅമ്മ ഗൃഹനായകൻ മടങ്ങി എത്തിയോ എന്നു പ്രശ്നം ചെയ്യുന്ന നാട്യത്തിൽ അയാളുടെ നേർക്കു തിരിഞ്ഞുനോക്കി.

പ്ലാമണ്ണിൽ ആശാന്മാർ ഒരു രാജകീയപടക്കളരിയിലെ വലിയത്താന്മാരായിരുന്നു. രാമയ്യൻദളവയുടെ നാമം ധരിച്ച ഒരു ഓലച്ചീന്ത് ആ കുടുംബത്തിന്റെ സ്ഥാനങ്ങളും സ്വത്തുക്കളും മറ്റൊരു കുടുംബത്തിനു സമ്മാനിക്കയാൽ പ്ലാമണ്ണുകാർ തെക്കോട്ടു നീങ്ങി തങ്ങളുടെ ചാർച്ചക്കാരായ നന്തിയത്തുകാരുടെ തണലോടു ചേർന്നു പാർപ്പാക്കി ജാതിശ്രേഷ്ഠതയെ പുരസ്കരിച്ചു, പെണ്ണുങ്ങളോടു ചേർത്തു നൂൽക്കാരായ ഭർത്താക്കന്മാരെ ഊട്ടി വീട്ടിൽ അഷ്ടിക്കും ഉടുതുണിക്കും മുട്ടിയപ്പോൾ ആണുങ്ങൾ വില്ലും കുന്തവും വാരിയിൽ ചൊരുകീട്ടു കാട്ടുകൃഷിയും കച്ചവടവും തുടങ്ങി. നന്തിയത്തു യജമാനന്റെ മകൻ സംസ്കൃതം പഠിച്ചു രാജപാദസേവകനായപ്പോൾ, പ്ലാമണ്ണിലെ കാരണവരായ നീലമ്പിആശാന് സ്വകുടുംബത്തെ പൂർവ്വസ്ഥിതിയിൽ ഉയർത്തുന്നതിനുള്ള മാർഗ്ഗം തെളിഞ്ഞു കാണപ്പെട്ടു. ഒരു സാംബശാസ്ത്രിയെ ഗുരുവായി വരിപ്പാൻ വേണ്ട മുതലില്ലാതിരുന്നതിനാൽ കാടു തെളിപ്പാനും കടയിലിരിപ്പാനും കൊള്ളാത്ത കൊടന്തക്കിടാവ് കേശവൻകുഞ്ഞ് ഉണ്ണിത്താന്റെ അടുത്തു ചെന്ന് നാലക്ഷരം പഠിക്കട്ടെ എന്നു വലിയാശാന്റെ കല്പനയുണ്ടായി. കൊടന്തക്കൊച്ചാശാൻ നന്തിയത്തുമഠത്തിൽ എത്തി ഗുരുകുലവാസം ഒരു സുമൂഹൂർത്തത്തിൽ ആരംഭിച്ചു. എന്നാൽ, കൊച്ചാശാന്റെ മേൽനിലയും മണ്ണായിരുന്നതിനാൽ ഗ്രന്ഥവിഷയങ്ങൾ അങ്ങോട്ടു പ്രവേശിപ്പാൻ ബ്രഹ്മസാഹസങ്ങൾ ചെയ്തു ചിരകാലംകൊണ്ടു ക്ഷീണിച്ചു. പഠിപ്പുകാര്യം എങ്ങനെയായാലും കൊച്ചാശാന്റെ ഊണും ഉടുപ്പും കെടപ്പും അയാളുടെ ആശായ്മയ്ക്കു ചേർന്നുള്ള അന്തസ്സിൽ കഴിഞ്ഞ്, കേശവനുണ്ണിത്താന്റെ ശിഷ്യൻ അഥവാ താക്കോൽക്കാരൻ എന്നുള്ള സ്ഥാനത്തെ വഹിച്ച്, അയാൾ തിരുവനന്തപുരത്തെ യുവരസികസംഘത്തിൽ ഗണനീയമായ ഒരു പ്രാധാന്യം സമ്പാദിച്ചു.

കൊച്ചാശാൻ അക്കാലത്തെ ഉദ്ദണ്ഡകായന്മാർക്കു ചെപ്പിലടച്ചു കൊണ്ടു നടക്കാവുന്ന ഹ്രസ്വനും കൃശഗാത്രനുമായുള്ള ഒരു ഓമനക്കുഴമ്പൻ ആയിരുന്നു. എല്ലായ്പോഴും ഇഴിഞ്ഞുപോകുമാറു മുലചുറ്റി വസ്ത്രം ധരിക്കുന്നതും ചതുഷ്കോണമുഖത്തിലെ പുരികങ്ങൾ ക്ഷൗരത്താൽ രേഖാമാത്രങ്ങളാക്കപ്പെട്ടുള്ളതും അതിലോലങ്ങളായ അധരങ്ങൾകൊണ്ടു സർവ്വാപഹാസം നടിക്കുന്നതും ഏതാണ്ടോ ഒരുവക പ്രമാണിത്വത്തിന്റെ ചിഹ്നങ്ങളായിരുന്നു. ഇരുപത്തഞ്ചാം വയസ്സായുള്ള ആ ചെറുപ്പത്തിൽത്തന്നെ ആശാന്റെ മൂർദ്ധാവിൽനിന്ന് ഉല്പന്നമായുള്ള ദീർഘലാംഗുലം പൊന്നുകെട്ടിപ്പോയിരിക്കുന്നതു ഗുരുനാഥന്റെ വയ്പെണ്ണ ലോഭം കൂടാതെ ഉപയോഗിക്കുന്നതുകൊണ്ടാണ്. കിട്ടുന്ന [ 19 ] പഴഞ്ചൊല്ലുകളും വാക്കൊന്നിന് അഭിനയം രണ്ടും ചേർത്തു സംഭാഷണം ചെയ്യുന്ന ആശാൻ സാമാന്യജനങ്ങളോടുള്ള വ്യാപാരങ്ങളിൽ മേഘനാദപ്രാസംഗികനും അധികാരസ്ഥന്മാരുടെ പെരുമുമ്പുകളിൽ ദാസദാസവിധേയനുമായി വർത്തിക്കേണ്ട സഭ വെല്ലും വിദ്യയെ വഴിപോലെ അഭ്യസിച്ചിരുന്നു. സർവ്വത്ര പരമാർത്ഥവാദിയും സമാധാനപ്രിയനും ഭഗവദ്ചൈതന്യത്തിൽ വിശ്വാസിയും ആയി കൊടന്തക്കൊച്ചാശാൻ സമുദായത്തിൽ വ്യാപരിച്ചുവന്നതിനാൽ സത്യവും സമാധാനവും ഈശ്വരനും അയാളുടെ കാൽച്ചുവടു സന്ധിക്കുന്നിടങ്ങളിൽനിന്നു നാലാം ചുവടിനപ്പുറം നിലകൊണ്ടു വന്നു.

യുദ്ധമെന്നു കേട്ടപ്പോൾ, പടവെട്ടാനോ ചുമടുചുമക്കാനോ തന്നെ അധികൃതന്മാർ പിടികൂടുകയില്ലെന്ന് ആശാനു ധൈര്യമുണ്ടായിരുന്നു. എങ്കിലും ശത്രുവിനു വിജയമുണ്ടായാൽ കുടുമയും ഉണ്ടാക്കാൻ നിശ്ചയിച്ചിരിക്കുന്ന കുണ്ഡലങ്ങളും പൊയ്പോകുമെന്ന പേടികൊണ്ട് അയാൾ അന്ധാളിച്ചിരുന്നു. എന്നാൽ എട്ടുപത്തു ദിവസത്തിനുമുമ്പ് അപ്രതീക്ഷിതമായിക്കിട്ടിയ ഒരു ബന്ധുസമ്പത്ത് അയാളുടെ കായികാഭരണങ്ങളെ സംബന്ധിച്ചിടത്തോളമുള്ള ആയുർഭയങ്ങൾ നീക്കി ആശാനെ പൂർവ്വാധികം വീരനാക്കി. താൻ രഹസ്യമായി ആകാംക്ഷിക്കുന്ന പരിഗ്രഹസമ്പാദ്യംകൂടി കിട്ടാനുള്ള പടികളെ എല്ലായ്പോഴും മനസ്സിന്റെ പുരോഭാഗത്തു കണ്ടു, കവിതാനിർമ്മാണത്തിലേക്കും അയാൾ നാരാചമുനയെ ക്ലേശിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ഈ അവസ്ഥകളാൽ തന്റെ ഗുരുപത്നിയോടു തുല്യബന്ധുവിന്റെ നിലയിൽ ഒന്നു ഗുണദോഷിപ്പാനും ശാസിപ്പാനും പരീക്ഷിപ്പാനുംതന്നെ മുതിർന്നു, "എന്തോന്നു കുഞ്ഞമ്മേ, പല്ലുതേച്ചു വല്ലതും കഴിക്കരുതേ? ഹൊന്നും പേടിക്കേണ്ട. ആ ബൗദ്ധൻ ഇങ്ങോട്ടു നീങ്ങുന്ന കഥ-" എന്നു തുടങ്ങീട്ട് ആശാൻ കണ്ണിറുക്കി അതു സംഭവിക്കുന്നതല്ലെന്നു വിശദമാക്കി. മീനാക്ഷിഅമ്മ, "വന്നില്ലല്ലോ, ഇത്ര താമസിക്കുന്നതെന്ത്?" എന്നു ഭർത്താവിനെക്കുറിച്ചു ചോദ്യം ചെയ്തു.

ആ വിഷയവും ആശാന്റെ പുറപ്പാടും തമ്മിൽ സംബന്ധമില്ലാതിരുന്നതിനാൽ അയാൾ സ്വഹിതം അനുസരിച്ചുള്ള അഭിപ്രായങ്ങളുടെ കഥനത്തെത്തുടർന്ന്, "ഇന്നത്തെ എഴുന്നള്ളത്ത് എന്തു പൊടിപൂരമായി! ദിവ്യാന്ന്യേമാന്റെ പഷ്ണപ്രവേശം അതിലും കേമം. അദ്ദേഹം എന്തായാലും ഭാഗ്യവാരാർനിധി അല്ലയോ? 'മനസ്സുപോലെ മംഗല്യം' കുഞ്ഞമ്മെ! ഇവൻ കൂർക്കമന്തി. എന്നിട്ടും കണ്ടയുടനെ മേനാവു നിറുത്തിച്ചു. (ശൃംഗാരാർത്ഥത്തിലുള്ള പുഞ്ചിരിയോടെ) "ഇവിടത്തെ സുഖക്കേട് എന്തു സ്ഥിതിയിൽ ഇരിക്കുന്നുവെന്ന് എത്ര കൃപയോടെ ചോദിച്ചു! 'മനോരമ്യം രമ്യം' എന്നല്ലേ വാക്യം?"

ഈവിധമുള്ള സൂചന പുത്തരിയായി കേട്ടപ്പോൾ മീനാക്ഷിഅമ്മയുടെ കുടുംബസിദ്ധമായുള്ള ഉഗ്രത രാജസവീര്യശീഘ്രതയോടെ ഉണർന്ന് അവരെക്കൊണ്ട് അവരുടെ ക്ഷീണങ്ങളെ വിസ്മരിപ്പിച്ചു. എന്നാൽ സഹധർമ്മമായുള്ള ശാന്തത അനുക്ഷണം സാമവാദംചെയ്തു. [ 20 ] ഗൃഹിണീകൃത്യത്തെ സ്മരിപ്പിച്ചപ്പോൾ, ക്ഷമാപരമായി ആ മഹതി തല്ക്കാലസംഭവത്തെക്കുറിച്ചു സൂക്ഷ്മാവലോകനം ചെയ്തു. കേവലം ചപലനെന്നും വിടുഭാഷണക്കാരനെന്നും ഗണിക്കപ്പെട്ടിരുന്ന ആൾ വിഷവാഹിയായുള്ള ഒരു ഫണത്തെ അന്തഃപ്രദേശത്തു വഹിക്കുന്നുവെന്ന് ഈ പരിശോധനാശ്രമത്തിന്റെ ഫലമായി ഗ്രഹിച്ചു, അവർ നമ്രമുഖീത്വം അവലംബിച്ചു, സംഭാഷണത്തെ അവസാനിപ്പിക്കാൻമാത്രം യത്നിച്ചു. ആശാനോ ശ്വേതകേതുവിൽനിന്നു ശാപരൂപത്തിലുണ്ടായ പരിഷ്കാരത്തിനുമുമ്പുള്ള പാതിവ്രത്യപ്രതിഷ്ഠയുടെ ആരാധകനായിരുന്നു. എന്നു മാത്രമല്ല, കുലക്ഷയവും ഭാഗ്യവൈപരീത്യവും യാചകത്വവും അജ്ഞതയും സംയോജിക്കയാൽ അയാളുടെ ബുദ്ധിക്കു പരമപാവനത എന്നുള്ള ആദർശം ഗ്രന്ഥകാരന്മാരുടെയും ലോകകൗശലജ്ഞന്മാരുടെയും കപോലകല്പിതമായുള്ള മിഥ്യാപ്രമാണമാണെന്നു തോന്നിയിരുന്നു. രാജ്യത്തിൽ ഉപസാർവഭൗമത്വം വഹിക്കുന്ന കേശവപിള്ള, സാഹിത്യപഠനത്താൽ മൃദുശിരസ്കനായിട്ടുള്ള തന്റെ ഗുരുനാഥൻ, ബഹുധാ സ്വാതന്ത്ര്യശീലയായുള്ള ഒരു തിലോത്തമ-ഈ വർഗ്ഗത്രയത്തിന്റെ മൈത്രീസമ്മേളനത്തിൽ മഹേന്ദ്രനെ തോല്പിച്ചുള്ള ഉർവശിപുരൂരവം സംഭാവ്യമാണെന്നു തർക്കശാസ്ത്രജ്ഞനായ ഗുരുനാഥന്റെ കാറേറ്റിട്ടുള്ള നമ്മുടെ ഗ്രന്ഥവൈരി തീർച്ചയാക്കിയുമിരുന്നു. ഉദ്യോഗദാനാധികാരികളുടെ വിക്രിയാരഹസ്യങ്ങൾ തസ്കരിക്കുന്ന ചതുരന്മാർക്കു തദ്വാരാ അമൂല്യമായുള്ള ഒരു മൂലധനം കരസ്ഥമാകുമെന്നുള്ള പ്രമാണവും ആ സരസ്വതീത്യക്തന്റെ നാഗരികാധ്യയനത്തിൽ അയാളുടെ ബുദ്ധിയെ പ്രശോഭിപ്പിച്ചിരുന്നു. ഈവിധമായ പദ്ധതികളിൽ അഭ്യസ്തനായ കൊച്ചാശാൻ സ്വഗുരുനാഥന്റെ സന്നിധാനത്തിൽ പല ഗൃഹവാർത്തകളും പുരവാർത്തകളും കിംവദന്തികളും കാഴ്ചവെച്ചു. എന്നാൽ, അവിടുന്നു കേവലം അചേതനബിംബത്തിന്റെ പ്രത്യാദരം പ്രകടിപ്പിക്കാൻ മാത്രമേ പ്രസാദിച്ചുള്ളു. മീനാക്ഷിഅമ്മയുടെ മാനസസരസ്സിൽ ആ വിദഗ്ദ്ധദാസൻ ചാതുര്യത്തോടെ വലവീശീട്ടും വല്ല പങ്കശകലമെങ്കിലും കരസ്ഥമാക്കുക അയാൾക്കു ദുഷ്കരമായിരുന്നതേയുള്ളൂ. തൽക്കാലത്തെ പരാജയത്തിലും നെടുവടിയുടെ സംഘട്ടനം ഏല്ക്കുന്തോറും പല്ലിളിച്ചുകാട്ടി കുരയ്ക്കുകമാത്രം ചെയ്തു നില്ക്കുന്ന ശ്വാനനെപ്പോലെ ആശാൻ മണ്ടിക്കളയാതെ, അയാൾ സൂക്ഷ്മത്തിൽ കണ്ടതായും കാരണമറിയാത്തതായുള്ള ഒരു പരമാർത്ഥത്തെ പൊട്ടിച്ചു. "ഒന്നു വിട്ടുപോയി കുഞ്ഞമ്മേ! എഴുന്നള്ളത്തും മറ്റും അങ്ങനെ കടന്നുപോകുമ്പോൾ, ഗുരുനാഥന്റെ മുഖം കരണ്ട് കരുവാളിച്ചിരുന്നു. ദിവാന്ന്യേമാന്റെ നേർക്ക് ഒന്നു കടാക്ഷിക്കപോലും ചെയ്തില്ല. എന്തോ, എന്തോ, എന്തെങ്കിലുമാകട്ടെ. 'നായ്ക്കു പരുത്തിക്കടയിൽ കാര്യമെന്ത്?'

മീനാക്ഷിഅമ്മയുടെ അന്തരാഗ്നി പ്രവൃദ്ധോഷ്മാവോടെ ഉജ്ജ്വലിച്ചു. സർവ്വ സാക്ഷിയെ സംബോധനംചെയ്തു 'ഭഗവാനെ' എന്ന് ഒന്ന് ആക്രോശിച്ചുപോയി. തന്റെ ഗുരുപത്നിയുടെ മനസ്സിന്റെ സമനില [ 21 ] ഭിന്നമാകുന്നു എന്ന് കണ്ടു, "അങ്ങനെ വരട്ടെ; എല്ലാം ഇനി ക്രമത്തിനു പുറത്തുചാടും" എന്ന് ആത്മഗതം ചെയ്തുകൊണ്ട് ആ തക്കത്തിൽത്തന്നെ ഒരു അപേക്ഷ ചെയ്‌വാൻ ആശാൻ ധൈര്യപ്പെട്ടു. "കുഞ്ഞമ്മ കനിഞ്ഞ് ഒരു വാക്കു ചിലവർത്താൽ, കൊടന്തയ്ക്കു കഞ്ഞിത്തെളി എങ്കിലും ആഹരിച്ചു ജന്മമൊടുക്കാം. ഇപ്പോൾ ദിവാന്ന്യേമാൻതന്നെയാണ് രാജ്യത്തിലെ തമ്പുരാൻ. വിചാരിച്ചാൽ എന്തു നടക്കൂല്ല? ഒരു നീട്ടു തരുവിക്കാനും ഒന്നു കണ്ണടച്ചു തുറന്നാൽ മതി. 'പാഴേ കളയുന്നത് പശുവിൻ വയറ്റിൽ പോകട്ടെ'. കാര്യങ്ങൾ അന്വേഷിക്കാൻ നിങ്ങൾക്കുതന്നെ ഒരാൾ വേണ്ടയോ?

മീനാക്ഷിഅമ്മ: "സാവിത്രീടെ അച്ഛന്റടുക്കൽ പറയൂ. താനിപ്പോൾ അവിടെ വല്യ പ്രമാണിയാണല്ലോ. ആ തമ്പുരാനെ ഇവിടെ കൊണ്ടു ചാടിച്ച്-"

കൊടന്തയാശാൻ ഹസ്തങ്ങളുയർത്തി ഉള്ളംകൈ ചലിപ്പിച്ച് മീനാക്ഷിഅമ്മയുടെ വാക്കുകളെ തടഞ്ഞു: "ഇത് എന്തു കഥ എന്റെ കുഞ്ഞമ്മേ? സാവിത്രിക്കുഞ്ഞിന്റെ കാര്യത്തിൽ നാടുകടത്തലിന് ഇവൻ സഹായിക്കുമോ? 'ആരാന്റെ അപരാധം വാരിയെന്റെ പുരപ്പുറത്ത്' എന്ന് കുഞ്ഞമ്മയും തുടങ്ങരുത്. ഹീ ഹീ! ആ തമ്പുരാൻ എന്തു ഗർവിഷ്ഠൻ? ഹതുമല്ലാണ്ട് കുട്ടിക്കപ്പിത്താൻ! ഇപ്പോൾ എന്തു കൂറ്റനായിരിക്കുന്നു എന്നോ!"

മീനാക്ഷിഅമ്മ: "എന്റെ കൊച്ചാശാനേ! ആ കഥ വിട്ടേക്കൂ. അനർത്ഥങ്ങൾ ഉണ്ടാക്കാൻ-"

കൊടന്തയാശാൻ: "അനർത്ഥങ്ങൾ ഉണ്ടാക്കാനോ? ഇവൻ അതിനൊന്നിനും ആളല്ല. ത്രിവിക്രമകുമാരപിള്ളേടെ തിമിർപ്പു കണ്ട് അല്പായുസ്സിന്റെ ലക്ഷണമോ എന്നു പലരും ശങ്കിച്ചുപോയി."

മീനാക്ഷിഅമ്മ "നാരായണ" എന്നുച്ചരിച്ചുകൊണ്ട് ചെവിപൊത്തി. തന്റെ ആഗ്രഹസിദ്ധിക്കുള്ള പ്രതിബന്ധക്കാർ രണ്ടുപേരെയും കുറിച്ചു മർമ്മസ്പൃക്കുകളായ ന്യൂനതകളുടെ കഥനം അന്യാദൃശവൈദഗ്ദ്ധ്യത്തോടെ സാധിച്ചിരിക്കുന്നുവെന്നുള്ള സ്വാത്മാഭിനന്ദനത്തോടും "ഇഷ്ടാനിഷ്ടങ്ങൾ കിടക്കട്ടെ മർക്കടമുഷ്ടി ജയിക്കട്ടെ" എന്നുള്ള വിജയപ്രദമായ മുഷ്കരശാഠ്യത്തോടും പ്രഥമത്തിലെ പ്രാർത്ഥനയെത്തന്നെ ആവർത്തിപ്പാൻ ആശാൻ ഒരുമ്പെട്ടു.

പാദാഭരണങ്ങളുടെ മധുരക്വണിതങ്ങളോടെ ബാല്യോന്മേഷത്തിന്റെ തരംഗപ്രവാഹമെന്നപോലെ കനകരത്നകമനീയതകളുടെ പ്രഭാപൂരത്തെ ചിതറുന്ന ഒരു കന്യാനർത്തകി തളത്തിൽ പ്രവേശിച്ചു, സ്നേഹപ്രസരത്തിന്റെ ഹിമകരതയാൽ പുളകിതമായ മീനാക്ഷിഅമ്മയുടെ വക്ഷസ്സിൽ ലയിച്ചു. കൊടന്തആശാൻ പുറമെ അഖണ്ഡ്യമായ ബ്രഹ്മചാരിത്വം നടിച്ചു എങ്കിലും, പീഠികയിട്ട പ്രസംഗത്തെ നിറുത്തീട്ട്, അകംകൊണ്ട് ആ രംഗം വിടാനുള്ള ഉപായം ആലോചിച്ചു. സുഖശരീരത്വത്തിന്റെയും നവയൗവനത്തിന്റെയും തിളപ്പുകൊണ്ടുള്ള നിർഭരധാടിയോടെ, ആ കന്യക [ 22 ] സ്വകുലപ്രഭാവത്തിനു ചേർന്നുള്ള ഹാസസ്വരത്തിൽ ആശാന്റെ നിഷ്ക്രമത്തെ തടഞ്ഞു: "ഹേ കൊച്ചാശാൻ! ഓടിക്കളയരുത്, എന്റെ ഹംസമല്ലയോ? അങ്ങോട്ടുമിങ്ങോട്ടും പറന്നുനടക്കുന്നതിന് വല്ല തവിടോ, പൊടിയരിയോ എങ്കിലും കൂലി വേണ്ടന്നോ?"

മീനാക്ഷിഅമ്മ ആ കന്യകയുടെ മുഖത്ത് അസംതൃപ്തിയോടെ നോക്കി. കൊടന്തആശാൻ മുഴുത്ത ഉത്തരൻ ആവാൻ തയ്യാറല്ലാതെ, "പഴകുമ്പോൾ പാലും പുളിക്കും" എന്നൊരു ബാണത്തെ തന്റെ വായ്ക്കകത്തുള്ള നെടുഞാണിൽ തൊടുത്തു പ്രയോഗിച്ചു.

കന്യക: "ശരി ആശാനെ! എന്നാൽ ആശാന്റെ പഴഞ്ചൊല്ലുകളിൽത്തന്നെ 'ചിലരുടെ വാക്കും പഴഞ്ചാക്കും' എന്നൊന്നുകൂടിയുണ്ട്. ആ വൻ പുലിത്തമ്പുരാന്റെ ദിവാൻജിസ്ഥാനം ആശാനു കിട്ടിയാൽ-"

മീനാക്ഷിഅമ്മ: "നില്ക്ക് സാവിത്രീ! നീ എല്ലാവരോടും ഇങ്ങനെ ശണ്ഠകൂടുന്നത് ഇനിയെങ്കിലും നിറുത്തണം. ആ തിരുമനസ്സിലെ പേരുമാറ്റി അവിടുത്തെ അപമാനിക്കുകയും ചെയ്യരുത്."

കൊടന്ത ആശാൻ: "അതിലെന്താ കുഞ്ഞമ്മേ? സ്നേഹമുള്ളേടത്തു പരുഷം എന്നാണു ചൊല്ല്. വിക്രമൻപിള്ളയുടെ അടുത്തും ഇങ്ങനെ തന്നെ ആയിരുന്നല്ലോ. കുഞ്ഞേ! ഇപ്പോൾ വരും. എഴുന്നള്ളത്തിൽ ഞാൻ കണ്ടു. എന്നെ നോക്കി, 'ഇതാ വന്നേച്ചു' എന്നു തലകുലുക്കീട്ടു പോയിരിക്കയാണ്. മുതുകിൽതന്നെ ഒരു ബീക്ക് ഇവനെ വത്സനാക്കി."

കന്യക: (പരിഭവസ്വരത്തിൽ) "ആരെങ്കിലും വരട്ടെ, പോകട്ടെ; ആശാനെന്ത്?"

കൊടന്ത ആശാൻ: "ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്നാണ് എല്ലാംകൂടി ഇവിടെ കണ്ടുവരുന്നത്. ഇവന്റെ കർമ്മത്തിന് ആരെ പഴിക്കേണ്ടു?"

കന്യക: "മുഷിയേണ്ട ആശാനെ. ആശാന്റെ കർമ്മം അച്ഛനെ സന്തോഷിപ്പിക്കുന്നു, ഞങ്ങൾക്കു ഭാഗ്യവും വരുത്തിയേക്കാം."

കൊടന്ത ആശാൻ: "എന്റെ കുഞ്ഞമ്മേ! ഞാൻ ഇവിടെ ധരിപ്പിച്ച അഭിപ്രായം ഒന്ന് അങ്ങോട്ടു പറഞ്ഞുകേൾപ്പിക്കണേ! കുഞ്ഞിന്റെ സേവയ്ക്കു പറഞ്ഞതല്ലല്ലോ. ആ തമ്പുരാൻ നമുക്കു കൊള്ളുല്ലെന്ന് ഞാൻ ഖണ്ഡിച്ച്-"

മീനാക്ഷിഅമ്മ: (ആജ്ഞാസ്വരത്തിൽ) "ഇവളെക്കൂടി ഗുരുത്വക്കേടു പഠിപ്പിക്കരുത്."

കന്യകയുടെ അതിപ്രസന്നമായിരുന്ന മുഖം നീരസത്താൽ വാടി, മാതൃഭുജത്തിൽ നമിച്ചു. തമ്മിൽ കടികൂടി ചാക്കിനടുത്തവൾ തുലയട്ടെ, പിന്നൊരു കൈ നോക്കിക്കൊള്ളാം' എന്നു കരുതിക്കൊണ്ട് കന്യകയും മാതാവും തമ്മിലുണ്ടാകാവുന്ന ശണ്ഠയെ മുടക്കാൻ നിൽക്കാതെ ആശാൻ ആ തളത്തിൽനിന്നു യാത്രയായി.

ഈ കന്യക മീനാക്ഷിഅമ്മയുടെ പ്രണയപാരിജാതത്തിൽനിന്ന് ഉല്പന്നമായുള്ള ഒരു സൗഭാഗ്യകോരകമാണെന്നു രണ്ടുപേരുടെയും [ 23 ] വർണ്ണത്തിന്റെ കനകപരാഗതതന്നെ തെളിയിക്കുന്നു. കുലീനഗാംഭീര്യവും പരസ്പരാവലംബത്തെ പ്രത്യേകിച്ചു ലക്ഷീകരിക്കുന്നതായ വാത്സല്യചേഷ്ടകളും വായനക്കാർക്ക് ഈ ഔരസബന്ധത്തെ പ്രത്യക്ഷമാക്കിയിരിക്കാം. ഇവൾ ആ വീരജനനിയുടെ അഞ്ചു പ്രസവങ്ങളിൽ ഭൂതപഞ്ചകങ്ങളുടെ ക്ഷണഭംഗുരതയെ ബുൽബുദതുല്യം അകാലമായി ദൃഷ്ടാന്തപ്പെടുത്താതെ ശേഷിക്കുന്ന ഏകസന്താനവല്ലിയാണ്. ആദ്യപുത്രിയായ ഈ കന്യകയ്ക്ക് അന്നു ജീവിച്ചിരുന്ന ദത്തുകാരണവരായ അനന്തപത്മനാഭൻ പടത്തലവൻ അവളുടെ മാതാമഹിയുടെ സ്മരണയ്ക്കായി 'സാവിത്രി' എന്നു നാമകരണം ചെയ്തു. ആ ദിവ്യനേത്രക്കാരൻ ശിശുവിന്റെ രൂപസാമ്യം കണ്ടു, പൂർവ്വരഹസ്യങ്ങൾ ഗ്രഹിച്ചിരുന്ന തന്റെ ശിഷ്യനായ കേശവപിള്ളയുമായി ആ വിഷയത്തെ സംബന്ധിച്ച് ഒരു ഗൂഢസംവാദം ചെയ്തു തന്റെ നിര്യാണാനന്തരമുള്ള അവളുടെ ജീവിതത്തിന്റെ ഭരണഭാരം അങ്ങോട്ടു കയ്യേല്പിച്ചു. എന്നുമാത്രമല്ല, ശിശുസമിതിയോടുള്ള വിഹാരസമ്മേളത്തിൽ അതിപ്രസക്തനായിത്തീർന്നിരുന്ന ആ വിക്രമസിംഹൻ ബാലികയെ സ്വശിക്ഷാസംരക്ഷണകളിൽ വളർത്തി. അനന്തരസന്താനങ്ങളുടെ അകാലമൃതി അച്ഛനമ്മമാരുടെ ഹൃദയങ്ങളെ നിരാശാവേശ്മങ്ങളാക്കി. ശിശുവിന്റെ മുഖം ഹൃദയത്തെ കിടുക്കുന്ന ഒരു ദുഃസ്വപ്നസംഭവത്തെ സ്മരിപ്പിക്കുന്നതാണെങ്കിലും അതിനു ജന്മദദ്വന്ദ്വത്തോടു വിശദസാരൂപ്യമില്ലെന്നുള്ള ആശങ്കയും തന്നിമിത്തം തന്റെ പരിഗ്രഹത്തെക്കുറിച്ചു ദുസ്സഹമായുള്ള ഒരു അവജ്ഞയും അച്ഛന്റെ മനഃസ്വൈര്യത്തെ ഭിന്നമാക്കി. ആ രഹസ്യത്തെ ഹൃദിഗഹനതയിൽ ഗോപനം ചെയ്തുകൊണ്ട് അദ്ദേഹം ദാമ്പത്യസുഖത്യാഗിയുടെ വൈരാഗ്യത്തെ അവലംബിച്ചു, ഭർത്താവിന്റെ അതിയായ പ്രണയശുഷ്കതയാൽ ഐഹികമോക്ഷം നഷ്ടമായിത്തീർന്ന ഭാര്യയെ രോഗശയ്യയിൽ പടുപ്പിക്കുകയും ചെയ്തു. കന്യക തന്റെ അവതാരത്താൽ ജന്മഹേതുക്കളുടെ പരിപാവനമായുള്ള ദാമ്പത്യബന്ധം ഖണ്ഡിക്കപ്പെട്ട രഹസ്യം ഗ്രഹിക്കാതെ, പടത്തലവന്റെ ദൗഹിത്രന്മാരോടു ചേർന്ന് അടവുകൾ ചവിട്ടാനും പടവെട്ടാനും ഹിന്ദുസ്ഥാനി സംസാരിപ്പാനും അഭ്യസിച്ചു. ചെമ്പകശ്ശേരിയിലെ കുട്ടിച്ചേട്ടന്മാരായ സഹവിഹാരികളെ പ്രഹരിച്ചും പടത്തലവനോടു സങ്കടങ്ങൾ ബോധിച്ചിച്ച് അദ്ദേഹത്തിനെക്കൊണ്ടു പ്രഹരിപ്പിച്ചും ആരെയും ഒന്നിനെയും പേടിക്കാത്ത ഹരികിശോരിയായി ആവൾ വളർന്നു അപ്രസന്നമുഖനായിത്തീർന്നിരുന്ന അച്ഛനോടു വിരസതയും തന്നെ എടുത്തു പന്താടിവന്ന കേശവപിള്ളയോടു ശൈശവമധുരിമയും അവൾ പ്രകാശിപ്പിച്ചു വന്നു. ഈ [ 24 ] ദാക്ഷിണ്യപ്രകടനം അച്ഛന്റെ മനസ്സിൽ സ്വസ്നേഹിതന്റെനേർക്ക് ഉദിച്ചിരുന്ന മിത്രദ്വേഷാശങ്കയെ സ്ഥിരീകരിച്ചു, ആ പണ്ഡിതന്റെ ജീവിതം ശൂലാഗ്രവാസം പോലെ ആക്കി. പടത്തലവൻ തന്റെ സാവകാശവേളകളിൽ പ്രവർഷിച്ച പാട്ടുകളും പഴങ്കഥകളും വീരജീവതപ്രബന്ധങ്ങളും വഹിച്ച പാഠങ്ങൾ അവൾക്കു ജീവിതപ്രമാണങ്ങളാവുകയാൽ, അവ സ്വസ്ഥിതിബന്ധങ്ങളും മറ്റും ആരായുവാൻ ക്രമേണ അവളെ ശക്തയാക്കി. രണ്ടു കൊല്ലത്തിനു മുമ്പുണ്ടായ പടത്തലവന്റെ ചരമഗതിമുതൽ സാവിത്രി നന്തിയത്തുമഠത്തിലെ പടിഞ്ഞാറെക്കെട്ടിലുള്ള രണ്ടു മുറികൾ സ്വന്തമാക്കി, തന്റെ പ്രത്യേക ഭൃത്യരോടൊന്നിച്ച് ആ ഭവനത്തിൽ പാർപ്പു തുടങ്ങി.

അച്ഛനമ്മമാരുടെ കുലപ്രഭാവവും ശരീരകോമളതയും പരിഷ്കൃതഭാസ്സോടെ സാവിത്രിയെ അനുഗ്രഹിക്കുന്നു. മുഖശില്പത്തിന്റെ മാതൃക പ്രകൃതിസഹജമായുള്ള ഒരു ആവർത്തനത്തെ ദൃഷ്ടാന്തീകരിക്കുന്നു. എങ്കിലും അതിന്റെ ചേഷ്ടകളിൽ ബഹുശതവർഷങ്ങളിലെ അഭംഗുരപരമ്പരാത്വംകൊണ്ടു പ്രവൃദ്ധദാർഢ്യത്തെ പ്രാപിച്ച ആത്മശക്തി രൗദ്രവീര്യത്തോടെ നടനം ചെയ്യുന്നു. വ്യായാമപരിശീലനംകൊണ്ടു സമഗ്രസ്ഥിതിയിൽ ഭാസ്വത്താകുന്ന ആ ദേഹത്തിന്റെ ഓരോ അംഗവും അതിനു ചേർന്നുള്ള പ്രസ്ഫുടപുഷ്ടിയെയും സമുത്കൃഷ്ടസൗഷ്ഠവത്തെയും വഹിക്കുന്നു. മകുടഭൂഷണമായി സ്കന്ധങ്ങളെയും കവിഞ്ഞു കുടിലവലയങ്ങളായി പിൻഭാഗം മറച്ചുകിടക്കുന്ന കബരീഭരം സാമാന്യപൊക്കത്തിൽനിന്ന് അല്പം കുറഞ്ഞതായുള്ള ആ കനകശില്പത്തെ വലയം ചെയ്യുന്ന ഒരു കേവണമെന്നപോലെ കാണപ്പെടുന്നു. താരുണ്യദശയെ പ്രാപിച്ചിട്ടുള്ള ഈ പതിനാറാം വയസ്സിലും ആ ശരീരവൽഗുത്വത്തോടു നിയന്ത്രണത്തിനു വശ്യമല്ലാതുള്ള ഒരു വൽഗിതകൂടി സങ്കലനം ചെയ്തു, ശൈശവം തന്നെ മുന്നിട്ടു നില്ക്കുന്നു. അബലാസാരള്യത്തിന്റെ സ്പന്ദനം ആ ഹൃദയവേദിയിൽ ആരംഭിക്കാതെ, അനുസ്യൂതമന്ദസ്മേരക്കാരിയായി ആ കന്യക വർത്തിക്കുന്നെങ്കിലും അന്തർലീനമായുള്ള ജ്വാലാമുഖീത്വം തന്റെ വിഹാരങ്ങളിലെ സൂത്രധാരനായുള്ള ഒരു കാമുകസ്ഥാനാവകാശി മാത്രം ഗ്രഹിച്ചിട്ടുണ്ട്.

മാതൃസ്കന്ധത്തിൽ ലലാടപ്രണാമം ചെയ്ത കന്യക കൊച്ചാശാന്റെ നിർഗ്ഗമനത്തിൽ വീണ്ടും ഉന്മേഷപ്രഭാവതിയായി, ആ ചപലന്റെ മുമ്പിൽവച്ചു താൻ ആ ഖലഗുരുവിന്റെ ഉപദേശസംസ്കരണത്തിനു ന്യായമാകുമെന്നു മാതാവു സൂചിപ്പിച്ചാത്തിനെക്കുറിച്ചു പരിഭവിച്ചു. മാതൃഹൃദയം ആ സാമാന്യവിഷയത്തിലൊന്നും നില്ക്കാതെ ഗൃഹച്ഛിദ്രമാകുന്ന മഹാവിപത്തിന്റെ സന്നിഹിതിയെ ചിന്തിച്ചു പ്രവൃദ്ധമായ ആധിയോടെ, സ്തബ്ധജീവമായി സ്ഥിതിചെയ്തുപോയി. ലോകക്ലേശങ്ങളുടെ കവോഷ്ണമെങ്കിലും പീഡിപ്പിച്ചിട്ടില്ലാത്ത കന്യക മാതാവോട് സഹതപിക്കാതെ, അവരെ ഉന്മേഷിപ്പിക്കുന്നതിനായി, "അമ്മേ! ഇവിടെ ഈയിടക്കു വന്നോണ്ടിരുന്ന പണ്ടാരത്തെ അഞ്ചാറു ദിവസമായി കാണാനില്ലല്ലോ. അതെന്തുകൊണ്ട്?" എന്ന് ഒരു ചോദ്യം ചെയ്തു. [ 25 ]

മീനാക്ഷിഅമ്മ: (ക്ലേശത്തെ സാവധാനത്തിൽ മുക്തമാക്കിയിട്ട്) "ഏതു പണ്ടാരം? അവരുടെ അടുത്തൊക്കെ നിനക്കു കാര്യമെന്ത്? അച്ഛനിതൊന്നും രസിക്കൂല്ല. പറഞ്ഞേക്കാം."

സാവിത്രി: "ആ പടുക്കിഴവന്റെ അടുത്തു ചെല്ലുന്നതും അച്ഛനു രസിക്കൂല്ലെന്നോ? ശ്രീപരമേശ്വരനായിരിക്കാം."

മീനാക്ഷിഅമ്മ: "അതേ, നിനക്കു വരംതരാൻ. ആട്ടെ, നീ ഇന്ന് ഈ വേഷം കെട്ടിയിരിക്കുന്നതെന്തിന്? ത്രിവിക്രമനെ സത്കരിപ്പാനല്ലയോ?"

സാവിത്രി: "അതുമായിരിക്കാം. അമ്മാവനെ ഒന്നു ചെന്നു കാണണമെന്നുവച്ച് മോടിപിടിപ്പിച്ചതാണ്."

മീനാക്ഷിഅമ്മ: "അമ്മാവനോ? ഏതമ്മാവൻ? ദിവാൻജി അമ്മാവനാണെങ്കിൽ, അച്ഛന്റെ അനുവാദം കൂടാതെ അങ്ങോട്ടു പൊയ്ക്കൂടാ എന്നു ഞാൻ പറയുന്നു."

സാവിത്രി: (അമ്മയെ ചുംബനംചെയ്തുകൊണ്ട്) "ഇതിന് അമ്മയുടെ അടുത്തുവരാത്ത അച്ഛൻ എന്തച്ഛൻ?"

മീനാക്ഷിഅമ്മ: (കണ്ണിൽ ജലം പെരുകി ഗൽഗദത്തോടെ) "പോ കലിക്കുഞ്ഞേ, നീ എന്തറിഞ്ഞു? നിന്നെപ്പോലെ നാലു പൊന്നുംകുടങ്ങൾ പൊയ്പോയപ്പോൾ അച്ഛൻ എത്ര കരഞ്ഞു എന്ന് എനിക്കറിയാം. ആ ആധി എനിക്കു വ്യാധിയായി. അച്ഛനും വ്യസനംകൊണ്ടു വിരക്തി തോന്നിയിരിക്കാം."

സാവിത്രി: "എന്റെ ജാതകദോഷംകൊണ്ട് അനുജത്തിമാർ വാഴാത്തതാണെന്നു തോന്നീട്ടായിരിക്കാം, അച്ഛൻ എന്നെ മകളായി കണക്കുകൂട്ടാത്തത്."

മീനാക്ഷിഅമ്മ: "മകളായി വിചാരിക്കാഞ്ഞിട്ടാണോ രാമവർമ്മത്തുവക കണക്കും പെട്ടികളും നിന്നെ ഏല്പിച്ചിരിക്കുന്നത്?"

സാവിത്രി: "ന്യായം ചെയ്യുന്നത് സ്നേഹമാകുമോ? അമ്മയെ സ്നേഹിക്കുന്നെങ്കിൽ, എഴീച്ച് ഉത്സാഹമായി കാര്യങ്ങൾ ഭരിക്കണം. കുളിക്കണം, ഉണ്ണണം, പെട്ടിയും കണക്കും അങ്ങോട്ടേറ്റുകൊള്ളണം."

മീനാക്ഷിഅമ്മ: "വരട്ടെ, തമ്പുരാൻ നിന്നെ കൊണ്ടുപോകുമ്പോൾ പെട്ടിയും കണക്കും ഞാനേറ്റുകൊള്ളാം."

"തമ്പുരാനോടു പോകുന്നതു ഞാനല്ല" എന്നു മാതൃഹൃദയത്തിന്റെ ആലസ്യത്തെ ചിന്തിക്കാതെ, കന്യക സ്വനിശ്ചയത്തെ ഊർജ്ജിതസ്വരത്തിൽ ഉദ്വമിച്ചു. സ്വഭർത്താവിന്റെ അപ്രീതിയെ വർദ്ധിപ്പിക്കുമാറുള്ള ഈ നിശ്ചയത്തിൽ അന്തർഭവിച്ചിരുന്ന അനാദരത്തിനു ശിക്ഷയായി മീനാക്ഷിഅമ്മ ഒരു ആജ്ഞ കൊടുത്തു: "നോക്ക്, നീ ഇന്നു പണ്ടത്തെ കുഞ്ഞല്ല. ചെമ്പകശ്ശേരിയിലെ കുട്ടൻ വന്നാൽ, സത്കരിപ്പാനും സംസാരിപ്പാനും കേറി നില്ക്കരുത്."

സാവിത്രി: "തമ്പുരാൻ എഴുന്നള്ളിയാലോ?"

മീനാക്ഷിഅമ്മ: "മിണ്ടരുത്, മിണ്ടരുത്. അദ്ദേഹത്തെ കിട്ടുന്നതു വലിയ ശ്രേയസ്സാണ്." [ 26 ]

സാവിത്രി: "എന്ന് എന്റെ മുഖത്തു നേരേ നോക്കി പറയണമമ്മേ."

സ്നേഹപൂർണ്ണയും നിഷ്കപടമനസ്വിനിയുമായുള്ള പുത്രിയോടു പടുവഞ്ചനം പ്രയോഗിപ്പാൻ പുത്രിയൊഴികെ അനന്യാവലംബമായിരിക്കുന്ന മാതൃഹൃദയം സന്നദ്ധമല്ലാതിരുന്നതിനാൽ, ദന്തശോധനാദി ദിനാരംഭകൃത്യങ്ങൾക്ക് എന്ന നാട്യത്തോടും ഗ്രഹച്ഛിദ്രദുരാപത്തുകളുടെ പ്രതിഷ്ഠാപനം ആ സംഭാഷണത്തിൽ കഴിഞ്ഞിരിക്കുന്നു എന്നുള്ള വേദനയോടും മീനാക്ഷിഅമ്മ എഴുന്നേറ്റു മന്ദഗതിയിൽ നടന്നുകളഞ്ഞു. അമ്മയെ തോല്പിച്ചതിനെക്കുറിച്ചു പശ്ചാത്താപപ്പെട്ടുകൊണ്ടും, എന്നാൽ സംഗതികൾ തല്ക്കാലം ആ സ്ഥിതിയിൽ നില്ക്കട്ടെ എന്നു വിചാരിച്ചും സാവിത്രി അവളുടെ മുറികളോടു ചേർന്നുള്ള വരാന്തയിലേക്കു തിരിച്ചു.