ശ്രീമൂലരാജവിജയം (ചരിത്രം)
രചന:എസ്. രാമനാഥ അയ്യർ
പൊതുവകമരാമത്തു

[ 25 ] [ 26 ]


പൊതുവക മരാമത്തു.


കാൎയ്യനിൎവാഹകന്മാർ.


കാൎയ്യനിൎവാഹകന്മാർ മരാമത്തു പണികൾ നടത്തുന്ന വകക്കു രണ്ടു ഇനത്തിൽഉള്ള ഡിപ്പാൎട്ടുമെൻറുകൾ ഉണ്ടു. അവ ചീഫ്എഞ്ജിനീയരിടെ ആധ്യക്ഷത്തിൽഉള്ള എഞ്ജിനീയർ ഡിപ്പാൎട്ടുമെന്റും ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ മുതലായ പലവകപ്പണികൾ നടത്തുന്നതിനായി ചുമതലപ്പെട്ട മരാമത്തു ഡിപ്പാൎട്ടുമെന്റും ആകുന്നു. പൊതുവക മരാമത്തു പണികൾക്കു ആണ്ടുതോറും കൂടുതലായി പണം ചിലവു ചെയ്യപ്പെട്ടുവരുന്നു. പണികൾ അധികമായതോടുകൂടി സിൽബന്തികളും കൂട്ടപ്പെട്ടു. എഞ്ജിനീയർ ഡിപ്പാൎട്ടുമെൻറും നവീകരിക്കപ്പെട്ടു. സംസ്ഥാനം ൬ ഡിവിഷനായി വിഭജിക്കപ്പെട്ടു. ഉദ്യോഗസ്ഥന്മാരും വളരെ കൂടുതലായി നിയമിക്കപ്പെട്ടു. ഈ ഡിപ്പാൎട്ടുമെന്റിൽ നിന്നും നടത്തുന്ന പണികൾ, സൎക്കാർ വക കെട്ടിടങ്ങൾ, ഗതാഗതത്തിനുള്ള മാൎഗ്ഗങ്ങൾ, ശാസ്ത്രാഭ്യാസം ചെയ്തിട്ടുള്ളവരുടെ പരിശോധനത്തിന്മേൽ നടത്തിക്കപ്പെട്ട പലവക പണികൾ, കൃഷിമരാമത്തു പണികൾ ഇവയെ പണിയിക്കയും അറ്റകുറ്റം തീൎക്കയും സ്വസ്ഥിതിയിൽ വച്ചുപാലിക്കയും ചെയ്കയാകുന്നു.

കെട്ടിടങ്ങൾ


൧൦൬൦-ാമാണ്ടിനിപ്പുറം അനേകം സൎക്കാർ കെട്ടിടങ്ങൾ കെട്ടപ്പെട്ടിട്ടുണ്ടു. പറവൂരിൽ ജില്ലാകോൎട്ടും മുൻസിപ്പുകോൎട്ടും താലൂക്കു കച്ചേരിയും മറ്റു കച്ചേരിസ്ഥലങ്ങളും ചെങ്കോട്ടയിലും തൊടുപുഴയിലും മുൻസിപ്പുകോൎട്ടും താലൂക്കു കച്ചേരിയും മറ്റു കച്ചേരികളും; ആലപ്പുഴയിലും നാഗരുകോവിലിലും ജില്ലാകോൎട്ടുകളും തിരുവനന്തപുരത്തു ഹജൂർ കച്ചേരിയിൽ കൂടുതൽ കെട്ടിടങ്ങളും; കനകക്കുന്നിൽ മഹാ സത്രശാലയും ഊളമ്പാറയിൽ (ഗോൾഫ്ഗ്രൗണ്ടു) ആയുധാഭ്യാസ ശാലയും, തിരുവനന്തപുരത്തു സ്ത്രീ ചികിത്സയ്ക്കും ബാലചികിത്സയ്ക്കും ഉള്ള ആശുപത്രിയും [ 27 ] കുഷ്ഠരോഗികളുടെ ആശുപത്രിയും; കാളെജിൽ രസായന തന്ത്രശൊധനക്കു ശാലയും; സ്ത്രീകൾക്കു ഉൽകൃഷ്ടവിദ്യാശാലയും പെൺനാൎമ്മൽസ്ക്കൂളും. കരകൌശലവിദ്യാശാലയും, കൊല്ലത്തുഇംഗ്ലീഷ് ഹൈസ്ക്കൂളും, മറ്റനേകം പാഠശാലകൾ, ആശുപത്രികൾ, വൈദ്യശാലകൾ അഞ്ചൽ ആപ്പീസുകൾ, പോലീസു സ്റ്റേഷൻ മുതലായകെട്ടിടങ്ങളും ഈ കാലത്തിനിടയ്ക്കു കെട്ടപ്പെട്ടവയാകുന്നു. തിരുവനന്തപുരത്തുള്ള വിക്റ്റോറിയാ ജൂബിലിടൌൺ ഹാളിനുള്ള ചിലവിൽ ഒരുപങ്കു ജനങ്ങൾ പിരിച്ചെടുത്ത പണമാണെങ്കിലും അതു കെട്ടിയതു എഞ്ജീനീയർ ഡിപ്പാൎട്ടുമെൻറുകാർ ആകുന്നു. മഹാരാജ്ഞിയുടെ ഡയമണ്ടു ജൂബിലിയുടെ സ്മാരകമായി ഒരു പബ്‌ളിൿ ലൈബ്രരി കെട്ടീട്ടുണ്ടു.


ഗതാഗതമാൎഗ്ഗങ്ങൾ.


൧൦൬൦ാമാണ്ടിൽ ആകെ ൧൧൫൦ മൈൽസു ദൂരം റോഡ്കൾ ഉണ്ടായിരുന്നു ൧൦൭൦ ൽ ൩൦൨൧ മൈൽസു ദൂരം റോഡ്കൾ ഉണ്ടു. ഇതിൽ ൩൫൦ മൈൽസു നീളത്തിൽ റോഡ്കൾ വെട്ടുന്നതിനായി ചെയ്തിട്ടുള്ള ഛായകൾ ഉൾപ്പെട്ടിട്ടില്ലാ. തിരുവനന്തപുരത്തിനും തിരുനൽവേലിക്കും മധ്യേആയി വളരെ കച്ചവടസാമാനങ്ങൾ കൊണ്ടുപോകുന്നതായ പ്രധാനപ്പെട്ട തെക്കൻ റോഡ്ഡ് ഒന്നരലക്ഷം രൂപാ ചിലവുചെയ്തു എല്ലായിടത്തും കല്ലിട്ടുറപ്പിക്കപ്പെട്ടിരിക്കുന്നു. താഴ്ന്ന പ്രദേശത്തുനിന്നു കാപ്പികൃഷിയുംമറ്റും ഉള്ള അത്യുന്നതങ്ങളായ അരണ്യങ്ങളിലേക്കു പോകുന്നതിനു ൧ ലക്ഷം രൂപായോളം ചിലവുചെയ്തുഏകദേശം ദൂരത്തേക്കു ഒരു റോഡ് വെട്ടപ്പെട്ടിരിക്കുന്നു. കൊട്ടയത്തു നിന്നു മധുരജില്ലയുടെ അതിൎത്തിവരെ ചെല്ലുന്ന പീരുമെടു ഘാട്ടു റോഡ്ഡിനെ ൫൵ ലക്ഷംരൂപാ ചിലവുചെയ്തു നന്നാക്കീട്ടുണ്ടു. പരപ്പാർ, വാമനപുരം, തിരുവട്ടാർ, പഴയാർ, മുതലായ അനേകം ആറുകളിൽ പാലങ്ങൾ കെട്ടപ്പെട്ടിട്ടുണ്ടു. റോഡ്കൾ അല്ലാതെയും ഗതാഗതത്തിനു ഉപയോഗപ്പെടുന്നതായും ൨൵ മൈൽസു ദൂരം വള്ളത്തിൽ സഞ്ചരിക്കാവുന്ന തോടുകളും കായലുകളും ഉണ്ടു. ഇവയിലെ [ 28 ] അറ്റകുറ്റങ്ങളും ൟ ഡിപ്പാൎട്ടു്മെന്റിൽനിന്നു നടത്തപ്പെട്ടുവരുന്നു. കുടിപാൎപ്പില്ലാത്ത മലകളെയും അരണ്യങ്ങളെയും തള്ളിനോക്കിയാൽ ഓരോ ചതുരശ്രമൈൽ പ്രദേശത്തിനും ഓരോമൈൽ ദൂരമുള്ള റോഡോ തോടോ ഉണ്ടു.


പലവകപണികൾ.


ഏകദേശം ൮൩൦൦ രൂപായോളം ചിലവുചെയ്തു തിരുവനന്തപുരത്തു ഏതാനും റോഡ്കളിൽ ഗാസ്‌വെളിച്ചം ഉണ്ടാക്കിയിരിക്കുന്നതും ചാലക്കടയിലും അവയ്ക്കു സമീപത്തും ആണ്ടുതോറും വെള്ളപ്പൊക്കം ഉണ്ടായികേടുവരുന്നതിനെ തടുത്തു നഗരശുചീകരണത്തെ വൎദ്ധിപ്പിക്കുന്നതിനായി പുത്തരിക്കണ്ടത്തു നിന്നു തോടുവെട്ടീട്ടുള്ളതും, ആലപ്പുഴയിലെ കടൽപ്പാലവും, തിരുവനന്തപുരം പട്ടണത്തു കുഴൽവഴി വെള്ളം കൊണ്ടുവരുന്നതിനുള്ള ഏൎപ്പാടും ൟ ഇനത്തിൽ ഉൾപ്പെടുന്നവയാകുന്നു.


കൃഷിമരാമത്തു്.


കൃഷിയുടെ സംരക്ഷണത്തിനും വൎദ്ധനത്തിനും ആയി ഉദ്ദേശിക്കപ്പെട്ട അനേകം പണികൾ വടക്കെ ഡിവിഷനിൽ നടത്തപ്പെട്ടിട്ടുണ്ടു. പറവൂരും കൈപ്പുഴയിലും കായലിൽ അണകെട്ടി കായലിനെ നിലമാക്കുന്നതിനുള്ള ഏൎപ്പാടും കൈനകരിയിലും പുത്തൻചിറയിലും മുനമ്പത്തും ഉള്ള അണകളും കല്ലടയാറ്റിന്റെ കരയെ കെട്ടി നന്നാക്കിച്ചതും ചാൎക്കരയാറ്റിൽകുറുകെ അണകെട്ടിയതും ൟ വിഷയത്തിൽ ചെയ്യപ്പെട്ട ഏതാനും പണികൾ ആകുന്നു. തെക്കെഡിവിഷനിൽ വിളവു അവിടെ സ്വല്പമായി മാത്രം ഉണ്ടാകുന്ന മഴയേയും പാണ്ഡ്യൻ അണയെന്നും പുത്തൻ അണയെന്നും വിളിക്കപ്പെടുന്ന പഴയ കൃഷിമരാമത്തു പണികൾ വകയായി അവയിൽനിന്നുള്ള കാലുകൾ വഴിയായും കൊണ്ടുവന്നു പായിക്കപ്പെടുന്ന വെള്ളത്തെയും ആശ്രയിച്ചിരിക്കുന്നു. ൟ അണകൾ അറ്റകുറ്റപ്പെട്ട ഉപയോഗമില്ലാതെ പോയിരുന്നു. ഇവ ൧൦൬൦-ാമാണ്ടു നന്നാക്കപ്പെട്ടു. ൟപഴയപണികളെ നന്നാക്കി പൂൎവസ്ഥിതിയിൽ ആക്കുന്നതിനും [ 29 ] പുത്തനായി കൂടുതൽപണികൾചെയ്തു പൂൎണ്ണോപയോഗവത്തുകളാക്കുന്നതിനും ആ കൊല്ലംമുതൽ വളരെപണം ചിലവുചെയ്തിട്ടുണ്ടു.


കോതയാർപണി.


തെക്കെ ഡിവിഷനിൽ വെള്ളമടച്ചു സൂക്ഷിക്കുന്ന വകക്കു അനേകം കുളങ്ങൾഉണ്ടു. അവയേയും ൟകാലത്തിനിടക്കു സുസ്ഥിതിയിൽ ആക്കീട്ടുണ്ടു. മേൽവിവരിച്ച കൃഷിമരാമത്തു പണികൾക്കായി തെക്കെഡിവിഷനിൽ ഉള്ള പഴയകൃഷിമരാമത്തു പണികളെ വേണ്ട അറ്റകുറ്റം എല്ലാംതീൎത്തു കൂടുതൽപണിയും ചെയ്തു സുസ്ഥിതിയിൽ ആക്കിയെന്നുവരികിലും അവിടത്തെ ആവശ്യത്തിനു അതുകൊണ്ടു മതിയായില്ലെന്നു കാണപ്പെടുകയും തന്നിമിത്തം കൂടക്കൂടെ കൃഷിദോഷം ഉണ്ടാകയും ചെയ്തുവന്നു. ഇപ്പോൾ വെള്ളംപായുന്ന സ്ഥലങ്ങളിൽ ധാരാളം വെള്ളം കിട്ടാത്തതുകൊണ്ടും വെള്ളച്ചാൽ ഇല്ലാത്തതുകൊണ്ടു കൃഷിയില്ലാതെ വളരെ വിസ്തീൎണ്ണമായ പ്രദേശം കിടക്കുന്നതുകൊണ്ടും ഇനിയും കൂടുതലായി കൃഷിമരാമത്തുപണികൾ നടത്തിക്കേണ്ടതാണെന്നുള്ള ആലോചനക്കു ഇടയായി പേച്ചിപ്പാറയിൽ കോതയാറ്റിൽ കുറുക്കെ ൫൦൫ ജാതിയടിനീളം ൭൨ ജാതിയടി പൊക്കത്തിൽ ചെങ്കൽകൊണ്ടു ഒരു അണകെട്ടി ആവെള്ളത്തെ ൧൧ മയിൽ നീളത്തിൽ പഴയാറ്റിലെക്കു പായിക്കുന്നതിനു വേണ്ടപണിചെയ്തുവരുന്നു.

റെയിൽവെ.


ഈ സംസ്ഥാനത്തിൽ ലൈറ്റ് റെയിൽവെ സൎക്കാർ ചിലവിന്മേൽ നടപ്പാക്കുന്നതിനു വളരെക്കാലം കൊണ്ടാലോചിക്കയും അതിലേക്കു വഴി സൎവെചെയ്തു അടങ്കൽ തയാറാക്കയും ചെയ്തുവന്നൂ. എന്നാൽ അപ്പഴപ്പോൾ കണ്ടചില കാരണത്തിന്മേൽ ൟ ഏൎപ്പാടിന്റെ ആലോചന നിറുത്തിവൈക്കപ്പെട്ടു. കൊല്ലംവരെ തെന്നിൻഡ്യൻ റെയിൽവെ നടപ്പാക്കുന്നവകക്കു സ്ഥലത്തെ വീണ്ടും സൎവെചെയ്യുന്നതിനു ൧൮൯൩ൽ ഇൻഡ്യാ ഗവൎമ്മേന്റു അനുവദിച്ചു, സൎവേക്കുള്ള ചിലവ് ൟ [ 30 ] ഗവൎമ്മേന്റിൽനിന്നു മുൻപേറായികൊടുക്കുമെന്നും നിശ്ചയിച്ചു. ഇതിനെക്കുറിച്ചു എഴുത്തുകുത്തുകൾ നടത്തി റെയിൽവെ പണിനടത്തിവരുന്നു. സൗത്ഇൻഡ്യൻ റെയിൽവെ കമ്പനികൾ ൟ പണിക്കുവേണ്ടപണം ഉണ്ടാക്കുന്നതുവരെ വേലനടപ്പിലെക്കായി ൧൭ ലക്ഷം രൂപാ പലിശകൂടാതെ ആകമ്പനിക്കാൎക്കു മുമ്പേറായി കൊടുക്കാമെന്നു ഗവൎമ്മേന്റിൽ നിന്നു സമ്മതിച്ചു ഇരിക്കുന്നു. റെയിൽവേക്കു വേണ്ടസ്ഥലം വിലകൊടുത്തു കുടികളിൽനിന്നു ഒഴിപ്പിച്ചു കമ്പനിക്കാരെ ഏൾപ്പിച്ചിട്ടുണ്ടു. പണി ഏകദേശം മുഴുവൻ തീന്നിരിക്കുന്നു. താമസിയാതെ റെയിൽവെ നടപ്പാകും.