സത്യവേദപുസ്തകം/സെഖൎയ്യാവു/അദ്ധ്യായം 12

സെഖൎയ്യാവു - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളിൽ നിർമ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.

2 ഞാൻ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികൾക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കൽ അതു യെഹൂദെക്കും വരും.

3 അന്നാളിൽ ഞാൻ യെരൂശലേമിനെ സകലജാതികൾക്കും ഭാരമുള്ള കല്ലാക്കി വേക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേലക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.

4 അന്നാളിൽ ഞാൻ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാൻ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.

5 അപ്പോൾ യെഹൂദാമേധാവികൾ: യെരൂശലേംനിവാസികൾ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തിൽ പറയും.

6 അന്നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമിൽ തന്നേ, വീണ്ടും നിവാസികൾ ഉണ്ടാകും.

7 ദാവീദ്ഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.

8 അന്നാളിൽ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവൻ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദ്ഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.

9 അന്നാളിൽ ഞാൻ യെരൂശലേമിന്റെ നേരെ വരുന്ന സകലജാതികളെയും നശിപ്പിപ്പാൻ നോക്കും.

10 ഞാൻ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവർ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവൻ അവനെക്കുറിച്ചു വ്യസനിക്കും.

11 അന്നാളിൽ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.

12 ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദ്ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാൻ ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;

13 ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;

14 ശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>